
നിത്യജീവൻ

എബ്രായലേഖന പരമ്പര-13
P M Mathew
DEC 31, 2024
Perseverance Against Apostasy!
വിശ്വാസത്യാഗത്തിനെതിരെ സ്ഥിരോത്സാഹം!
Hebrews 3:12-19
ക്രിസ്ത്യാനികൾക്കിടയിലെ ഏറ്റവും വിവാദവിഷയമാണ്, "ഒരു വിശ്വാസിക്ക് തന്റെ രക്ഷ നഷ്ടപ്പെടുമോ, ഇല്ലയൊ" എന്ന വിഷയം. ഇതിൽ വൈകാരീകതയും അടങ്ങിയിരിക്കുന്നു, കാരണം ഒരു കാലത്ത് ക്രിസ്തുവിൽ വിശ്വാസമർപ്പിക്കുകയും ചില ശുശ്രൂഷകളിൽ പങ്കുകാരാകുകയും ചെയ്ത പ്രിയപ്പെട്ടവർ കർത്താവിൽ നിന്ന് വളരെ അകലെയാണെന്ന് കേൾക്കുമ്പോൾ അതവരെ വേദനിപ്പിച്ചേക്കാം. അയാൾ യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ട വൃക്തി ആയിരുന്നൊ എന്ന ചിന്ത നമ്മേ ആശ്ചര്യപ്പെടുത്തിയേക്കാം. നമ്മുടെ ഹൃദയം അദ്ദേഹം രക്ഷിക്കപ്പെട്ടതാണ് എന്ന് പറയാൻ ആഗ്രഹിക്കുന്നു, എന്നാൽ നമ്മേ സംശയത്തിലാഴ്ത്തുന്ന പല വേദഭാഗങ്ങൾ നാം ബൈബിളിൽ കാണുന്നു.
സുവിശേഷവിഹിതർക്കിടയിൽ രക്ഷയുടെ ഭദ്രതയെ സംബന്ധിച്ചിച്ച മൂന്ന് പ്രധാന ക്യാമ്പുകളാണുള്ളത്. ഒരു വ്യക്തി രക്ഷിക്കപ്പെട്ടു; എന്നാൽ അദ്ദേഹത്തിന് രക്ഷ നഷ്ടമായി എന്ന് അർമേനിയൻ വിശ്വാസം മുറുകെ പിടിക്കുന്നവർ പറയുന്നു. അവർ അങ്ങനെ പറയാനുള്ള കാരണം രക്ഷയെ പ്രാഥമികമായി മനുഷ്യന്റെ തീരുമാനമായിട്ടാണ് അവർ കാണുന്നത്. വിശ്വസിക്കാനുള്ള നിങ്ങളുടെ തീരുമാനമാണ് നിങ്ങളെ രക്ഷിക്കുന്നതെയെങ്കിൽ, വിശ്വാസം നിഷേധിക്കാനുള്ള നിങ്ങളുടെ തീരുമാനം നിങ്ങളുടെ രക്ഷയെ നഷ്ടമാക്കുന്നു. ദൈവമക്കൾക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന (റോമ. 8:1 & 29-36, യോഹ. 10 പോലുള്ള) അനേകം വേദഭാഗങ്ങളുടെ വെളിച്ചത്തിൽ ഈ വീക്ഷണം ഞാൻ തള്ളിക്കളയുന്നു.
വിശ്വാസികൾക്ക് തങ്ങളുടെ രക്ഷ നഷ്‌ടപ്പെടുത്താൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവരിൽ രണ്ട് ക്യാമ്പുകളുണ്ട്. രക്ഷ സുരക്ഷിതമായിരിപ്പാൻ perseverance അഥവാ സ്ഥിരോത്സാഹം ആവശ്യമില്ലെന്ന് അതിൽ ഒരു കൂട്ടർ വാദിക്കുന്നു. "ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ, എപ്പോഴും രക്ഷിക്കപ്പെട്ടിരിക്കും" എന്നതാണ് അവരുടെ മുദ്രാവാക്യം. രക്ഷ നേടുന്നതിന് സ്ഥിരോത്സാഹം ആവശ്യമാണെന്ന് പറഞ്ഞാൽ അത് പ്രവൃത്തികളെ ആശ്രയിക്കുന്നു എന്ന് പറയുന്നതിനു തുല്യമാണെന്ന് അവർ വാദിക്കുന്നു. അന്തിമ രക്ഷ സ്ഥിരോത്സാഹത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കിൽ, രക്ഷയുടെ ഉറപ്പ് നൽകുക അസാധ്യമാണെന്ന് അങ്ങനെയുള്ളവർ വാദിക്കുന്നു.
വിശ്വാസം മനുഷ്യന്റെ തീരുമാനമാണെന്ന അർമീനിയൻ വീക്ഷണവുമായി ഇത് ഒത്തുപോകുന്നു. പുനർജനിക്കുന്നവർക്ക് ദൈവം നൽകുന്ന ഒരു ദാനമല്ല; മറിച്ച്, വിശ്വാസം നാം വലിക്കുന്ന ഒരു ലിവർ പോലെയാണ്. ഒരിക്കൽ നാം ആ ലിവർ വലിച്ചാൽ, രക്ഷയുടെ എല്ലാ നേട്ടങ്ങളും നമ്മിലേക്ക് ഒഴുകുന്നു, നമുക്ക് ഈ പ്രക്രിയയെ/ഒഴുക്കിനെ തടയാൻ കഴിയുകയില്ല. നമുക്ക് ആ ആനുകൂല്യങ്ങൾ ആവശ്യമില്ലെന്ന് പറഞ്ഞാൽകൂടി അവ അപ്പോഴും നമ്മുടേതായിരിക്കും. വിശ്വസിച്ചതിന് ശേഷം നാം എങ്ങനെ ജീവിക്കുന്നു എന്നത് നമ്മുടെ ശാശ്വതമായ വിധിയേയൊ സുരക്ഷിതത്തേയൊ യാതൊരു നിലയിലും ബാധിക്കില്ലെന്ന് അങ്ങനെയുള്ളവർ വിശ്വസിക്കുന്നു. ഈ ആശയത്തോടും ഞാൻ വിയോജിക്കുന്നു.
ഇനി, മൂന്നാമത്തെ വീക്ഷണം, reformed view ആണ്. നവീകരിണ ദൈവശാസ്ത്ര വീക്ഷണം. ആ ആശയം ഇപ്രകാരമാണ്: രക്ഷിക്കുന്ന വിശ്വാസം ദൈവത്തിന്റെ ദാനമാണ്; എഫെ. 2:8-9; Hebrews 12 : 2; Philippians 1:29; Acts 3 : 16; 2 Peter 1:1 എന്നിത്യാദി വാക്യങ്ങൾ രക്ഷിക്കുന്ന വിശ്വാസം ദൈവത്തിന്റെ ദാനമാണ് എന്ന് പറയുന്നു.* അപ്പോസ്തലനായ പത്രൊസിനു ലഭിച്ച അതേ വിലയേറിയ വിശ്വാസം ലഭിച്ചവരാണ് വിശ്വാസികൾ എന്ന് 2 പത്രോസ് 1:1 ൽ നാം വായിക്കുന്നു.
ദൈവം നമ്മെ രക്ഷിക്കുമ്പോൾ ഈ വിശ്വാസം നമുക്കു പകർന്നു നൽകുന്നു. രക്ഷ ദൈവത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്; അത് പൂർണ്ണമായും ദൈവത്തിന്റെ ഉദ്ദേശ്യത്തെയും ശക്തിയെയും ആശ്രയിച്ചിരിക്കുന്നു. തന്റെ മഹത്തായ കൃപയുടെ പുകഴ്ചക്കായി താൻ ആരംഭിച്ചത് പൂർത്തിയാക്കുമെന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. ആയതിനാൽ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം നിത്യജീവനിലേക്ക് പ്രവേശിക്കുംവരെ വിശ്വാസത്തിൽ persevere ചെയ്യും/ഉറച്ചുനിൽക്കും എന്നതാണ് ഈ വീക്ഷണം. സത്യമെന്ന് ഞാൻ വിശ്വസിക്കുന്ന ഈ വീക്ഷണം, തെറ്റായ വിശ്വാസം എന്നൊരു സംഗതി ഉണ്ടെന്ന് കാണിക്കുന്നു. ക്രിസ്തുവിൽ വിശ്വാസം പ്രകടിപ്പിക്കുന്ന ചിലർ, those who profess faith in Christ പിന്നീട് വിശ്വാസത്തിൽ നിന്ന് അകന്നുപോകുന്നു. അങ്ങനെ അവരുടെ വിശ്വാസം യഥാർത്ഥമല്ലെന്ന് തെളിയിക്കുന്നു. എന്നാൽ രക്ഷിക്കുന്ന വിശ്വാസം അതിന്റെ സ്വഭാവത്താൽ തന്നെ persevering faith ആണ്. രക്ഷിക്കുന്ന വിശ്വാസം അതിന്റെ സ്വഭാവത്താൽ തന്നെ നിലനിൽക്കുന്ന വിശ്വാസമാണ്. നമ്മുടെ വിശ്വാസം മനുഷ്യനിൽ നിന്നല്ല, ദൈവത്തിൽ നിന്നുള്ളതാണെന്നതിന്റെ തെളിവാണ് വിശ്വാസത്തിൽ ഒരുവ്യക്തി നിലനിൽക്കുന്നു എന്നത്.
അതിനർത്ഥം നിലനിൽക്കുന്ന വിശ്വാസം പ്രയാസരഹിതമോ യാന്ത്രികമോ ആണെന്നല്ല. ഉപാധികളും ലക്ഷ്യങ്ങളും ദൈവം നിശ്ചയിക്കുന്നു. രക്ഷയിലുള്ള ദൈവത്തിന്റെ പരമാധികാരം ഒരിക്കലും മനുഷ്യന്റെ ഉത്തരവാദിത്തത്തെ നിരാകരിക്കുന്നില്ല. ദൈവം താൻ രക്ഷിക്കുന്ന എല്ലാവരെയും തിരഞ്ഞെടുക്കുന്നു, എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവർ അവരുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കാനും യേശുക്രിസ്തുവിൽ വിശ്വസിക്കാനും ബാധ്യസ്ഥരാണ്. താൻ തിരഞ്ഞെടുത്ത എല്ലാവരും ഒടുവിൽ രക്ഷിക്കപ്പെടുമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നുവെങ്കിലും, വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിന്റെ പരമാധികാരവും മാനുഷിക ഉത്തരവാദിത്തവും പരസ്പര വിരുദ്ധമല്ല!
വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള ശക്തമായ പ്രബോധനമാണ് ഇന്നത്തെ നമ്മുടെ പാഠം. യഥാർത്ഥ വിശ്വാസികൾ മുന്നറിയിപ്പ് ശ്രദ്ധിക്കുകയും പരീക്ഷണ സമയങ്ങളിൽ തങ്ങളുടെ വിശ്വാസം മുറുകെ പിടിക്കുകയും ചെയ്യും. വിശ്വാസത്യാഗത്തിനെതിരെ സ്ഥിരോത്സാഹത്തിനു ആഹ്വാനം ചെയ്യുന്ന ഇന്നത്തെ വേദഭാഗം വായിച്ച് അതിന്റെ exposition ലേക്കു നമുക്കു കടക്കാം. അതിനായി എബ്രായലേഖനം മൂന്നാം അദ്ധ്യായം 12-19 വരെ വാക്യങ്ങൾ നമുക്കു വായിക്കാം.
ഹെബ്രായർ 3: 12-19
"12 സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. 13 നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ. 14 ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ. 15 “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു”(8) എന്നു പറയുന്നതിൽ ആരാകുന്നു 16 കേട്ടിട്ടു മത്സരിച്ചവർ? മിസ്രയിമിൽനിന്നു മോശെ മുഖാന്തിരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ. 17 നാല്പതു ആണ്ടു ആരോടു ക്രൂദ്ധിച്ചു? പാപം ചെയ്തവരോടല്ലയൊ? 18അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണം കെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു? 19ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു."
ഈ വേദഭാഗത്തിന്റെ കേന്ദ്രാശയം .
അവിശ്വാസവും പാപപൂർണ്ണവുമായ ഒരു ദുഷ്ടഹൃദയത്തിനെതിരെ വിശ്വാസികൾ ജാഗ്രതപുലർത്തുന്നില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. ആകയാൽ പാപത്തിന്റെ വഞ്ചനയാൽ നിങ്ങളുടെ ഹൃദയം കഠിനപ്പെടാതെ തങ്ങളെത്തന്നെ സൂക്ഷിക്കുന്നതിനു ഇന്ന് എന്നു പറയുന്നിടത്തോളം വിശ്വാസികൾ പരസ്പരം പ്രോത്സാഹിപ്പിക്കുകയും അന്ത്യത്തോളം സുവിശേഷപ്രത്യാശയിൽ നിലനിൽക്കയും ചെയ്യുക. കാരണം നാം ക്രിസ്തുവിൽ പങ്കുകാരാകുന്നു.
Perseverance against apostasy/ വിശ്വാസത്യാഗത്തിനെതിരെ സ്ഥിരോത്സാഹം! എന്നതാണ് ഈ വേദഭാഗത്തിനു ഞാൻ നൽകുവാൻ ഉദ്ദേശിക്കുന്ന തലക്കെട്ട് എന്നത്.
വിശ്വാസികളിൽ സ്ഥിരോത്സാഹം നിലനിർത്തുന്നതിനായി യിസ്രായേലിന്റെ നെഗറ്റീവായ ദൃഷ്ടാന്തമാണ് ലേഖനകാരൻ ഉപയോഗിക്കുന്നത്.
"സഹോദരന്മാരേ" എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ പ്രബോധനം ആരംഭിക്കുന്നത്. അതിനർത്ഥം ഇതു അവിശ്വാസികൾക്കു നൽകുന്ന കൽപ്പനയല്ല, മറിച്ച്, സഹോദരി സഹോദരന്മാർക്കു നൽകുന്ന കല്പനയാണ്. അതുകൊണ്ട് സഹോദരി സഹോദരന്മാരെ ശ്രദ്ധിക്കുക.
"നോക്കുവിൻ" എന്നതാണ് 12-ാം വാക്യത്തിലെ ക്രിയാപദം. Take care (Blepete) "blepo" എന്ന ഗ്രീക്ക് വാക്കാണുപയോഗിച്ചിരിക്കുന്നത്. അതിനർത്ഥം Be careful, watch out ശ്രദ്ധിക്കുക; ജാഗ്രത പുലർത്തുക. Active voice ലും imperative mood ലുമാണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ഇത് ഒരു വർത്തമാനകാലക്രിയയും അതേസമയം ഒരു കൽപ്പനയുമാണിത്. എന്നുവെച്ചാൽ, തുടർമാനമായി നാം ശ്രദ്ധിക്കേണ്ട, ജാഗ്രത പുലർത്തേണ്ട ഒരു കാര്യമായി ഇത് ഇരിക്കുന്നു. അതുകൊണ്ട് എബ്രായലേഖനകാരൻ വിശ്വാസത്യാഗത്തിനെതിരെ ശക്തമായി അപേക്ഷിക്കുകയാണ്, ആഹ്വാനം ചെയ്യുകയാണ്. നിങ്ങളുടെ കണ്ണുകൾ കൊണ്ട് നോക്കി കാണുക. ഈ സത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ജാഗ്രതയോടെ അതിനെ പിന്തുടരുക.
ഇനി എന്താണ് ശ്രദ്ധിക്കേണ്ടത്? "ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ."
അപ്പോൾ വിശ്വാസത്യാഗത്തിനെതിരെ ജാഗ്രത പാലിക്കുന്നതിനോടുള്ള ബന്ധത്തിൽ ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം പാപകരമായ, അവിശ്വാസമുള്ള ഒരു ദുഷ്ടഹൃദയം ഉണ്ടാകാതെ സൂക്ഷിക്കുക എന്നതാണ്.
1. അവിശ്വാസമുള്ള ഒരു ദുഷ്ടഹൃദയം ഉണ്ടാകാതെ സൂക്ഷിക്കുക.
ഈയൊരു കൽപ്പന സൂചിപ്പിക്കുന്നത്, ജീവനുള്ള ദൈവത്തിൽ നിന്ന് അകന്നുപോകുന്ന പാപപൂർണവും അവിശ്വാസവുമുള്ള ഒരു ഹൃദയമുണ്ട് എന്ന കാര്യമാണ്. പാപപൂർണവും അവിശ്വാസവുമുള്ള ഒരു ഹൃദയമുണ്ട്. മത്തായി സുവിശേഷം 13:3-9 വിതക്കാരന്റെ ഉപമയിൽ വചനം വിതക്കെപ്പെടുന്ന നാലുസ്ഥലങ്ങളെക്കുറിച്ച് കർത്താവു പറയുന്നതു നമുക്കറിയാം. വഴിയരികെ വീണതു പറവകൾ തിന്നുകൾഞ്ഞു; പാറസ്ഥലത്തു വീണതു മുളച്ചുവന്നെങ്കിലും ക്ഷണത്തിൽ കരിഞ്ഞുപോയി, മുള്ളിന്നിടയിൽ വീണത് ഞെരുങ്ങിപ്പോയി. പിന്നെ നല്ല സ്ഥലത്തു വീണതാണ് മേനിയിൽ വ്യത്യാസമുണ്ടെങ്കിലും ഫലം പുറപ്പെടുവിച്ചത്. നമ്മുടെ ഹൃദയം ഇതിൽ ഏതിൽ പെടുന്നു എന്നതാണ് ചോദ്യം. ഇവിടെ സ്വയം പരിശോധന അവശ്യം. അപ്പോൾ നിങ്ങൾ ജാഗരൂകരാകണം അഥവാ ശ്രദ്ധാലുവായിരിക്കണം. അങ്ങനെയൊരു ഹൃദയം ഉണ്ടാകാനുള്ള സാദ്ധ്യത ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊരു കൽപ്പന നൽകേണ്ട ആവശ്യമില്ലായിരുന്നു.
തിരുവെഴുത്തിലെ 'ഹൃദയം' എന്ന വാക്ക് രക്തം പമ്പു ചെയ്യുന്ന അവയവത്തെ സൂചിപ്പിക്കുന്നതല്ല മറിച്ച്, ഒരു വ്യക്തിയുടെ കേന്ദ്രഭാഗത്തെ സൂചിപ്പിക്കുന്നു. അതായത്, യുക്തിയും വികാരങ്ങളും ഇച്ഛാശക്തിയും അന്യോന്യം പ്രവർത്തിക്കുന്ന ഇടം. തീരുമാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും നിർദ്ദേശം നൽകുന്നതുമായ ഇടം. ദൈവത്തെ അവിശ്വസിക്കുവാൻ തീരുമാനിക്കുന്നത് ഹൃദയത്തിൽ നിന്നാണ്. അവിശ്വാസമുള്ള ഹൃദയത്തെയാണ് ദുഷ്ടഹൃദയം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നാം മോശമെന്നു കരുതുന്ന അനേകം പാപങ്ങളുണ്ട്. ഉദാഹരണമായി, വ്യഭിചാരം, കൊലപാതകം, ലൈംഗികപീഡനം എന്നിവ. അവിശ്വാസത്തെ ഒരു പാപമായി നാം പലപ്പോഴും കാണാറില്ല. എന്നാൽ ബൈബിൾ അവിശ്വാസമുള്ള ഹൃദയത്തെ, ദൈവത്തിൽ നിന്നു അകന്നുപോകുന്ന ഹൃദയത്തെ, ദൈവത്തേയും അവന്റെ വാഗ്ദത്തങ്ങളേയും വിശ്വസിക്കാത്ത ഹൃദയത്തെ ദുഷ്ടഹൃദയമെന്നാണ് വിളിക്കുന്നത്. ദുഷ്ടഹൃദയം. എല്ലാപാപങ്ങളും ദൈവം ക്ഷമിക്കും. എന്നാൽ ദൈവം പറയുന്നതു വിശ്വസിക്കുവാൻ മനസ്സില്ലാത്ത ഹൃദയത്തോടു ദൈവം ക്ഷമിക്കയില്ല. അവിശ്വാസമാണ് ഹൃദയത്തെ പാപ പൂർണ്ണമാക്കുന്നത്. ജീവനുള്ള ദൈവത്തിൽ നിന്ന് അകന്നുപോകുന്ന 'അവിശ്വാസത്തിന്റെ ദുഷിച്ച ഹൃദയം' നിങ്ങൾണ്ടാകരുത്. ദൈവത്തിൽ നിന്ന് മനഃപൂർവം അകന്നുപോകലും ഇതിൽ ഉൾപ്പെടുന്നു. സങ്കീർത്തനം 95 ൽ നിന്നു ഉദ്ധരിച്ചുകൊണ്ട്, യിസ്രായേലിന്റെ വിശ്വാസത്യാഗത്തെ ചൂണ്ടിക്കാട്ടി എഴുത്തുകാരൻ വർത്തമാനകാല വിശ്വാസികൾക്കു മുന്നറിയിപ്പ് നൽകുകയാണ്' "അവിശ്വാസത്തിന്റെ ദുഷിച്ച ഹൃദയം' നിങ്ങൾക്കുണ്ടാകരുത്". ഇതിനു വിരുദ്ധമായി, ഒരു 'ആത്മാർത്ഥ ഹൃദയം' നമുക്കാവശ്യമാണ്. 'വിശ്വാസം നൽകുന്ന പൂർണ്ണമായ ഉറപ്പിലൂടെ' ദൈവത്തോട് അടുക്കാൻ ഒരാളെ പ്രാപ്തനാക്കുന്ന ഹൃദയമാണ് ആത്മാർത്ഥ ഹൃദയം. ഒരു 'ആത്മാർത്ഥ ഹൃദയം' നമുക്കുണ്ടാകണം.
മരുഭൂമിയിൽവെച്ച് ദൈവത്തിന്റെ കൃപയും ന്യായവിധിയും വർഷങ്ങളോളം അനുഭവിച്ചിട്ടും അവന്റെ വഴികളെ അറിയാതിരുന്ന, വിശ്വാസത്താലും അനുസരണത്താലും അതിനോടു പ്രതികരിക്കാതിരുന്ന യിസ്രായേലിന്റെ ദൃഷ്ടാന്തം മനസ്സിൽ വെച്ചുകൊണ്ടാണ് ലേഖനകാരൻ ഈ മുന്നറിയിപ്പ് നൽകുന്നത്. ഓരോ തലമുറയിലും ഉള്ള വിശ്വാസികൾക്കുമുന്നിലും ഈയൊരു വെല്ലുവിളിയുണ്ട്. കാരണം വിശ്വാസികൾ ഒരു മരുഭൂ യാത്രയിലാണ്. അവരിതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥ മനസ്സിലാക്കി ഓരൊ പുതിയ സാഹചര്യങ്ങളെയും ദൈവത്തിൽ ആശ്രയിച്ചും ദൈവത്തെ അനുസരിച്ചും നേരിടാനുള്ള ആത്മാർത്ഥമായ ആഗ്രഹം വിശ്വാസികൾ പ്രകടിപ്പിക്കണം. ഇതാണ് വിശ്വാസികൾക്കു മുന്നിലെ വെല്ലുവിളി എന്നത്.
"ജീവനുള്ള ദൈവത്തെ" ത്യജിച്ചുകളയുന്നു എന്നതാണ് ഒരു ദുഷ്ടഹൃദയം ചെയ്യുന്നത്. ദൈവത്തെ വിഗ്രഹങ്ങളുമായി തുലനപ്പെടുത്തി, ജീവനുള്ള ദൈവമെന്നും വിശ്രഹങ്ങളെ ജീവനില്ലാത്തവ എന്നും വചനത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട് (ജെറ 10:8-10). മാത്രമല്ല, ചരിത്രത്തിൽ അവൻ തന്റെ ജനത്തോടു സംസാരിക്കുകയും ഇടപെടുകയും ചെയ്ത ദൈവമാണ്. മൂകവിഗ്രഹങ്ങൾക്ക് അതിനു കഴിയുകയില്ല. അതിനെ വെക്കുന്നിടത്ത് അത് ഇരിക്കും. കെടത്തിയാൽ അതു കിടക്കും. അത് ഇങ്ങോട്ടൊന്നും ആവശ്യപ്പെടുകയില്ല. എന്നാൽ ജീവനുള്ള ദൈവം നാം എങ്ങനെ നടക്കണം എന്ന് ആഗ്രഹിക്കുന്ന ദൈവമാണ്. നാം എങ്ങനെ ജീവിക്കണം എന്ന് ആവശ്യപ്പെടുന്ന ദൈവമാണ്. അത് അനുസരിപ്പാനുള്ള ബാദ്ധ്യത ഓരൊ വിശ്വാസിക്കുമുണ്ട്. ഇനിയും, ജീവനുള്ള ദൈവം ജീവൻ പ്രദാനം ചെയ്യുന്ന ദൈവവും കൂടിയാണ്. ആ ദൈവത്തിൽ നിന്നകന്നുപോയാൽ പിന്നെ ആർക്കാണു ജീവൻ നൽകാൻ കഴിയുക.
ഹെബ്രായലേഖന പശ്ചാത്തലത്തിൽ, വിശ്വാസികളിൽ ചിലർ ക്രിസ്തുവിനോടുള്ള തങ്ങളുടെ സമർപ്പണം ഉപേക്ഷിച്ചു യെഹൂദമതത്തിന്റെ സുരക്ഷിതത്തിലേക്കു തിരിയുന്നതാണ് ജീവനുള്ള ദൈവത്തിൽ നിന്നുള്ള അകന്നുപോകലായി ലേഖനകാരൻ കാണുന്നത്. വാസ്തവത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്നു പറയുകയും അവനിൽ നിന്നു അകന്നുപോകുകയും ചെയ്യുന്നവർ ജീവനുള്ള ദൈവത്തെയും അവന്റെ കൃപാപൂർവ്വമായ രക്ഷാകര പദ്ധതിയേയും ഉപേക്ഷിച്ചു പോകുന്നവരാണ്. ക്രിസ്തുവിനെവിട്ട് ഏതു മതത്തിലേക്കു പോയാലും അതൊരു ദുരന്തമാണ്. അത് ആത്മഹത്യാപരമാണ്.
അതിനുള്ള പ്രതിവിധി എന്താണ് എന്നാണ് തുടർന്നു ലേഖനകാരൻ നമ്മോടു പറയുന്നത്. 13-ാം വാക്യം : "13 നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ." (13 But encourage one another daily, as long as it is called “Today,” so that none of you may be hardened by sin’s deceitfulness.(NIV)) പാപകരവും അവിശ്വാസവുമുള്ള ദുഷ്ടഹൃദയവും ഉണ്ടാകാതിരിക്കുവാനുള്ള പ്രതിവിധി എന്നത് ദൈവവചനം കേൾക്കുമ്പോൾ അതിനോടു മത്സരിച്ചു ഹൃദയം കഠിനപ്പെടാതിരിപ്പാൻ പരസ്പ്പരം പ്രബോധിപ്പിക്കുക എന്നതാണ്.
2. പരസ്പരം പ്രബോധിപ്പിച്ചുകൊണ്ട് ആരുടേയും ഹൃദയം കഠിനപ്പെടാതെ സൂക്ഷിക്കുക
ദൈവത്തിന്റെ വചനം എപ്പോഴൊക്കെ നിങ്ങൾ കേൾക്കുന്നുവൊ അപ്പോഴൊക്കേയും അത് അനുസരിക്കുവാൻ ശ്രദ്ധവെക്കുക. ദൈവ വചനം നിങ്ങൾ വായിക്കുമ്പോൾ അതു മനസ്സിലാക്കുവാനും ജീവിതത്തിൽ പ്രായോഗികമാക്കാനും നാം മനസ്സുവെക്കുക. ഇനി വായിക്കുമ്പോഴൊ കേൾക്കുമ്പോഴൊ മനസ്സിലാകാത്ത വല്ലതുമുണ്ടെങ്കിൽ അതു മറ്റുള്ളവരോടു ചോദിച്ചു മനസ്സിലാക്കാൻ നാം ഉത്സാഹമുള്ളവരായിരിക്കുക. ദൈവത്തിന്റെ കല്പനകളെ അവഗണിച്ചു മുന്നേറുന്നത് അപകടകരമാണ്. അത് ആവർത്തിക്കുമ്പോൾ പാപത്തോടുള്ള sensitivity നിങ്ങൾക്കു നഷ്ടമാകും. പുരോഗമനാത്മകമായി നിങ്ങളുടെ ഹൃദയം ദൈവവചനത്തോടു മത്സരിച്ചു കൊണ്ടിരുന്നാൽ, നിങ്ങളുടെ ഹൃദയം എന്നെന്നേക്കും കഠിനപ്പെട്ട നിലയിൽ ആയിത്തീരും. പാപം ഒരു ശക്തി പോലെ പ്രവർത്തിച്ച ദൈവത്തിന്റെ വചനത്തെ സംശയിക്കുന്നതിലേക്കും ദൈവഹിതത്തോട് എതിർത്ത് നിൽക്കുന്നതിലേക്കും നിങ്ങളെ നയിക്കും. അങ്ങനെയുള്ള പെരുമാറ്റത്തിൽ ഒരുവൻ തുടർന്നാൽ ദൈവത്തോട് നിസംഗത പുലർത്താനും, ജീവനുള്ള ദൈവത്തിൽ നിന്ന് അകന്നുപോകാനും, ദൈവത്തിന്റെ വാഗ്ദത്ത സ്വസ്ഥതയിൽ പ്രവേശിപ്പാതിരിപ്പാനും ഇടയായി തീരും. പാപത്തിന്റെ ഏറ്റവും വലിയ വഞ്ചന എന്നത് ദൈവത്തിന്റെ വചനത്തെ തിരസ്ക്കരിച്ചാലും ഒരു പരിണതഫലവും ഉണ്ടാവുകയില്ല എന്നതാണ്.
അതിനെതിരെ വിശ്വാസികൾക്കെന്തു ചെയ്യാനു കഴിയുമെന്നാണ് ഈ വാക്യത്തിന്റെ രണ്ടാം ഭാഗത്തു പറയുന്നത്. "“ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ."
നമ്മുടെ കൂട്ടായ്മയുടെ ഒരു പ്രധാന വശം എന്നത് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ എന്ന് സങ്കീർത്തനം 95:7ൽ പറയുമ്പോൾ അത് അർത്ഥമാക്കുന്നത്, ഓരോ സമയവും ദൈവവചനം പങ്കു വയ്ക്കുമ്പോൾ ദൈവം തന്റെ ജനത്തോട് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.
"പ്രബോധിപ്പിച്ചുകൊൾവിൻ" എന്നതിനു ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് (parakalein) ആണ്. 'അഭ്യർത്ഥിക്കുക, ഉദ്ബോധിപ്പിക്കുക, പ്രബോധിപ്പിക്കുക' എന്നൊക്കെയാണ് ഇത് അർത്ഥമാക്കുന്നത്. വിശ്വാസികളെ വിശ്വാസത്തിലും സ്നേഹത്തിലും പ്രത്യാശയിലും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ അവരെ ഉപദേശിക്കുക, ശാസിക്കുക, അവരോടു അഭ്യർത്ഥിക്കുക. ഒരാളെ വിശ്വാസത്തിൽ നിലനിർത്താൻ എന്തൊക്കെ ചെയ്യാമൊ അതൊക്കെ ചെയ്യുക. ഫോണിൽ സംസാരിക്കാം. ആ വ്യക്തിയെ ചെന്നു കാണാം. അങ്ങനെ പലതും നമുക്കു ചെയ്യാൻ കഴിയും. എന്നാൽ എപ്പോഴും എന്നെ വിളിച്ചുകൊണ്ടിരുന്നാലെ ഞാൻ സഭയിലേക്കു വരു. ആരെങ്കിലും എന്റെ പിന്നാലെ നടന്നു എന്നെ നിർബന്ധിച്ചാലെ ഞാൻ ആരാധനയിൽ സംബന്ധിക്കു എന്നൊക്കെയാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ സാരമായ എന്തെങ്കിലും തകാരാർ നിങ്ങൾക്കുണ്ട് എന്നു ഓർത്തുകൊള്ളുക. കാരണം മാറ്റാരുടേയും നിർബന്ധം കൂടാതെ ദൈവത്തെ അന്വേഷിപ്പാൻ മതിയായ കാര്യം ദൈവം നിങ്ങൾക്കു വേണ്ടി ചെയ്തിരിക്കുന്നു. അങ്ങനെയൊരു ആഗ്രഹം നിങ്ങൾക്കില്ലായെങ്കിൽ, സുവിശേഷത്തിന്റെ മഹത്വമെന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടില്ല. ദൈവത്തിന്റെ പരമാധികാരവും മനുഷ്യന്റെ ഉത്തരവാദിത്വവും പരപൂരകമായിരിക്കുന്നതുപോലെ, സാമൂഹിക ഉത്തരവാദിത്വവും വ്യക്തിഗത ഉത്തരവാദിത്വവും പരപൂരകമായിരിക്കണം.
ഓരോ വിശ്വാസിയേയും വ്യക്തിപരമായി വളർത്തിക്കൊണ്ട് വരേണ്ടതുണ്ട്. ഈ നിലയിൽ, എബ്രയലേഖനം എങ്ങനെയാണ് വിശ്വാസികൾ പരസ്പരം ശുശ്രൂഷിക്കേണ്ടത് എന്നതിനു ഇതൊരു നല്ല മാതൃകയാണ്. മാത്രവുമല്ല ചിലരുടെ അവിശ്വാസം സഭയെ മൊത്തത്തിൽ ദോഷകരമായി ബാധിക്കുമെന്നതിനാലും ഈ വിഷയത്തിൽ നാം അധിക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. )12:15-16; cf. സംഖ്യ. 14:36-38; 32:9; ഗല 5:9). ഇതിനോടുള്ള ബന്ധത്തിൽ ഒരു വാക്യം നോക്കാം: ഹെബ്രായർ 12:15-16 "15 ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചു പൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ, 16 ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ"
രണ്ടാഴ്ചമുൻപ് കേരളത്തിന്റെ വടക്കൻ ജില്ലയിൽ നിന്നും ഒരു സഹോദരൻ എന്റെ ഭവനത്തിൽ വന്നു. സംസാരത്തിനിടയിൽ തന്റെ ബന്ധത്തിൽപെട്ട ഒരുപെൺകുട്ടിയുടെ കാര്യം പങ്കുവെച്ചു. ഈ പെൺകുട്ടി സ്നാനപ്പെട്ടതും, സണ്ഡെ സ്കൂളിൽ പഠിപ്പിക്കുന്നതും സഭയിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന ഒരു പെൺകുട്ടി ആയിരുന്നു; എന്നാൽ ഒരുദിവസം ആ പെൺകുട്ടി ഒരു ഹിന്ദു പയ്യനുമായി ഒളിച്ചോടി. പിന്നെ അവർ വിവാഹം ചെയ്തുവെന്നാണ് കേൾക്കാനിടയായത്. ഇതു കേട്ടപ്പോൾ എനിക്കു വളരെ ദുഃഖം തോന്നി. കർത്താവായ യേശുക്രിസ്തുവുമായി വ്യക്തിപരമായ ബന്ധമില്ലാതെ, ഒരു ക്രിസ്ത്യാനി എന്ന പേരിൽ സഭയിൽ വരുവാനും എല്ലാ ആത്മീയപരിപാടികളിലും സംബന്ധിക്കുവാനും ഒരു വ്യക്തിക്കു സാധിക്കും.അവർ സഭയിൽവരുന്നു; എല്ലാ ആഴ്ചയും വചനം കേൾക്കുന്നു. ഒരു വിശ്വാസിക്കു അവിശ്വാസിയുമായി ഇണയില്ലാപ്പിണകൂടാൻ (വിവാഹബന്ധം) പാടില്ല എന്നതൊക്കെ അവൾ വായിച്ചിട്ടുണ്ടാകും. എന്നാൽ ഈ വചനം ഒന്നും അവരുടെ ഹൃദയത്തെ ഒട്ടും സ്വാധീനിക്കുന്നില്ല. ഇതൊക്കെ നമ്മുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. അങ്ങനെ സംഭവിക്കാതെ സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിയിലും നിക്ഷിപ്തമാണ്. നിങ്ങൾക്കു ക്രിസ്തുവുമായി വ്യക്തിപരമായ ഒരു ബന്ധമുണ്ടൊ? Do you really love Jesus? നിങ്ങൾ വാസ്തവമായും ക്രിസ്തുവിനെ സ്നേഹിക്കുന്നുണ്ടൊ?
ഇതെങ്ങനെ പ്രാവർത്തികമാക്കാം?
അതിനായി നാം ആഴ്ചയിലെ എല്ലാദിവസവും ആരാധനക്കായി കൂടേണ്ട ആവശ്യമില്ല. പ്രത്യുത, ചെറിയ ഗ്രൂപ്പുകളായി, two by two ആയി, അതല്ലെങ്കിൽ വ്യക്തിപരമായ ഇടപെടലിലൂടെ മറ്റു വിശ്വാസികളെ വിശ്വാസത്തിൽ ഉറപ്പിക്കുവാൻ നമുക്കു സാധിക്കും. ഇതുപോലെയുള്ള പ്രായോഗിക കാര്യങ്ങൾ ചർച്ച ചെയ്യുക. കുട്ടികൾ ഉയർന്ന ക്ലാസിലായി അതുകൊണ്ട് അവർക്കു പഠിക്കാനൊത്തിരിയുണ്ട് എന്നൊക്കെ പറഞ്ഞ് മക്കളെ ഇതുപോലെയുള്ള മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടായാതിരിക്കുക.
മൂന്നാമതായി, വിശ്വാസത്യാഗത്തിനെതിരെ ഇങ്ങനെയൊരു മുന്നറിയിപ്പു നൽകുവാനുള്ള കാരണമെന്താണ് എന്ന് പരിശോധിക്കാം. അതിനായി 14-ാം വാക്യം നമുക്കു വായിക്കാം.
"14ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ." മലയാള പരിഭാഷയിൽ "അതുകൊണ്ട്" എന്ന വാക്കില്ല. എന്നാൽ ഇംഗ്ലീഷ് പരിഭാഷ ആരംഭിക്കുന്നത് For എന്ന വാക്കിലാണ്: "For we have come to share in Christ, if indeed we hold our original confidence firm to the end" (esv). അത് കാണിക്കുന്നത് മുകളിൽ പറഞ്ഞ പ്രസ്താവനയുടെ കാരണമാണ് ഇനി പറയുന്നത് എന്നതാണ്.
ഇതിൽ നിന്നും മൂന്നാമതായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം, വിശ്വാസത്യാഗത്തിനെതിരെയുള്ള മുന്നറിയിപ്പിനു കാരണം നാം ക്രിസ്തുവിൽ പങ്കുകാരാകുന്നു എന്നതാണ്.
3. നാം ക്രിസ്തുവിൽ പങ്കുകാർ
3:6 ലെ വാക്യത്തിനു സമാനമായ വാക്യമാണിത്. അവിടെ നാം എന്താണ് വായിക്കുന്നത് : "പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു." 14--ാം വാക്യം പറയുന്നത്: 14ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ." ഒരേ കാര്യം വ്യത്യസ്ഥ വാക്കുകളിൽ പറഞ്ഞിരിക്കുന്നുവെന്നേയുള്ളു. രണ്ടിന്റേയും വ്യവസ്ഥ ഒന്നുതന്നെ; വിശ്വാസസത്യം അവസാനത്തോളം മുറുകെ പിടിക്കുക എന്നതും.
3:6 ഒരിക്കൽ കൂടി ശ്രദ്ധിക്കുക. 14ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ." വിശ്വാസം അവസാനംവരെ മുറുകെപിടിക്കുന്നതുകൊണ്ട് അവൻ ദൈവത്തിന്റെ ഭവനത്തിലെ അംഗമാകും എന്നല്ല അവിടെ പറഞ്ഞിരിക്കുന്നത്; നാം തന്നേ അവന്റെ ഭവനം ആകുന്നു എന്നാണ്. അതായത്, നാം ദൈവഭവനത്തിലെ അംഗം ആയിരിക്കുന്നതിനാൽ, പ്രത്യാശയുടെ ധൈര്യം അവസാനത്തോളം മുറുകെ പിടിക്കണമെന്നാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവഭവനത്തിലെ അംഗമാകാൻ വേണ്ടി പ്രത്യാശയുടെ ധൈര്യം മുറുകെ പിടിക്കുകയല്ല. ക്രിസ്തുവിന്റെ പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ ദൈവഭവനത്തിലെ അംഗമായി തീർന്നിരിക്കുന്നു. ആ കാരണത്താൽ, പ്രത്യാശയുടെ ധൈര്യവും പ്രശംസയും അവസ്സാനത്തോളം മുറുകെ പിടിക്കുക.
പ്രത്യാശയുടെ ധൈര്യവും പ്രശംസയും അവസാനത്തോളം മുറുകെപ്പിടിക്കുന്ന വ്യക്തിയാണ് ദൈവഭവനത്തിലെ അംഗം. രക്ഷിക്കപ്പെട്ട ഒരു വ്യക്തി പ്രത്യാശയുടെ ധൈര്യവും പ്രശംസയും അവസാനത്തോളം മുറുകെ പിടിക്കും. എന്നാൽ ഒരു professing Christian തങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ആവശ്യങ്ങളൊ, പ്രതികൂലങ്ങളൊ നേരിട്ടാൽ, തങ്ങളുടെ വിശ്വാസം തള്ളിക്കളഞ്ഞ് തന്റെ വഴിക്കുപോകും. തങ്ങൾ ക്രിസ്ത്യാനിയായി തീർന്നതിന്റെ ഭൗതികനേട്ടമൊന്നും ലഭിച്ചില്ലെന്നു കണ്ടാൽ അവർ ക്രിസ്ത്യാനിറ്റി വിട്ട് മറ്റെന്തിലേക്കെങ്കിലും മാറും. അവർ എന്തിനുവേണ്ടിയാണ് ക്രിസ്ത്യാനിറ്റി സ്വീകരിച്ചത്, യേശുവിനെ സ്വീകരിച്ചത് എന്നതാണ് ഇവിടുത്തെ ചോദ്യം. അവരുടെ പ്രവർത്തി അവരുടെ ഉദ്ദേശ്യലക്ഷ്യ ത്തെ വെളിവാക്കും. അതേ സമയം, രക്ഷിക്കപ്പെട്ട ക്രിസ്ത്യാനി അതിന്റെ evidence/അതിന്റെ തെളിവ് ഏതു പ്രതികൂല സാഹചര്യത്തിലും നിലനിർത്തും. ക്രിസ്തുവിലുള്ള വിശ്വാസം തള്ളിക്കളയാതെ വിശ്വാസത്തിൽ നിലനിൽക്കുന്ന വ്യക്തിയാണ് യഥാർത്ഥവിശ്വാസി. ഇതിനെയാണ് Perseverance of saints എന്നു വേദശാസ്ത്രികൾ വിശേഷിപ്പിക്കുന്നത്. Perseverance of saints. അതിനൊരു നിർവ്വചനം പറഞ്ഞാൽ : Perseverance of the saints (also called preservation of the saints) is a Christian teaching that asserts that once a person is truly "born of God" or "regenerated" by the indwelling of the Holy Spirit, they will continue doing good works and believing in God until the end of their life. ഒരു വ്യക്തി യഥാർത്ഥത്തിൽ പരിശുദ്ധാത്മാവിന്റെ അധിവാസത്താൽ "ദൈവത്തിൽ നിന്ന് ജനിച്ചാൽ" അല്ലെങ്കിൽ "വീണ്ടും ജനിച്ചാൽ", അവർ സൽപ്രവൃത്തികൾ ചെയ്യുകയും അവരുടെ ജീവിതാവസാനം വരെ ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യും. ഈ ഉപദേശത്തെ വിശുദ്ധരുടെ സ്ഥിരോത്സാഹം അഥവാ വിശുദ്ധന്മാരുടെ സംരക്ഷണം എന്ന് വിളിക്കുന്നു; മറ്റൊരു രീതിയിൽ പറഞ്ഞാൽ, അവന്റെ ജീവിതം തന്റെ വിശ്വാസത്തിന്റെ യഥാർത്ഥസ്വഭാവം പ്രകടമാക്കും.
രചയിതാവ് 3:6-ലെ ഉപാദികളോടെയുള്ള വാദം വ്യത്യസ്ത വാക്കുകളുപയോഗിച്ച് 14-ാം വാക്യത്തിൽ ആവർത്തിക്കുന്നതിന്റെ ഉദ്ദേശ്യം കാര്യത്തിന്റെ ഗൗരവത്തെ വായനക്കാരുടെ ഹൃദയത്തിലങ്ങനെ ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടിയാണ്. കാര്യത്തിന്റെ ഗൗരവത്തെ വായനക്കാരുടെ ഹൃദയത്തിൽ ഉട്ടിയുറപ്പിക്കുക.
അതുകൂടാതെ, നമ്മുടെ ആത്മവിശ്വാസത്തിലും നാം അഭിമാനിക്കുന്ന പ്രത്യാശയിലും ഉറച്ചുനിൽക്കുകയാണെങ്കിൽ' എന്ന വ്യവസ്ഥയോടുകൂടിയ പ്രസ്താവന- ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ ഇപ്പോഴത്തെ നേട്ടത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. ആ നേട്ടമെന്ന് എന്നു പറയുന്നത്, വിശ്വാസികൾ ദൈവത്തിന്റെ ഭവനത്തിലെ അംഗങ്ങളാണ് (3:6; cf. 2:11-13) എന്നതാണ്. ദൈവത്തിന്റെ ഭവനത്തിലെ അംഗങ്ങൾ. മറ്റുവല്ലതും കണ്ടുകൊണ്ടാണ് ക്രിസ്ത്യാനിറ്റി സ്വീകരിച്ചത് എങ്കിൽ ദൈവഭവനത്തിലെ അംഗം എന്നതിനു തീരെ വിലയുണ്ടാകുകയില്ല. ഇപ്പം എനിക്കു വേണ്ടത് ആ അവിശ്വാസിയുമായിട്ടുള്ള വിവാഹമാണ്. അല്ലെങ്കിൽ എന്റെ ബിസിനസ്സാണ് എനിക്കു വലുത്. ഇതിനൊക്കെയാണ് നിങ്ങളുടെ ജീവിതത്തിലെ പ്രാധാന്യമെങ്കിൽ, ഒരു കാര്യം ഓർത്തുകൊള്ളുക ഈ ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകും. അതുകൊണ്ട് മായയായതിന്റെ പിന്നാലെ പോകാതെ എന്നേക്കും നിലനിൽക്കുന്ന കാര്യങ്ങളിൽ നിങ്ങളുടെ ദൃഷ്ടി ഉറപ്പിക്കുക.
2:1-4 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സുവിശേഷത്തിന്റെ വിശ്വാസ സത്തയെ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് 3:14 ൽ ആവർത്തിക്കുന്നത്. അതുവഴി ക്രിസ്തുവിനെ മുറുകെ പിടിക്കുക. അവസാനം വരെ എന്ന വാക്ക് സൂചിപ്പിക്കുന്നത് സുവിശേഷത്തിൽ വാഗ്ദത്തം ചെയ്തിരിക്കുന്നതെല്ലാം പൂർണ്ണമായി സാക്ഷാത്കരിക്കപ്പെടുന്നതു വരെ മുറുകെ പടിക്കുക. (cf. 6:11-12; 10:23, 36-39).
ഹെബ്രായർ 10: 23 ലും ഇതാവർത്തിക്കുന്നതു കാണാം: 23 പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ." വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാണ്. അവന്റെ വിശ്വസ്തതയെ നാം ഒട്ടും സംശയിക്കേണ്ട. സുവിശേഷത്തിൽ വിശ്വസിക്കുകയും അവന്റെ വാഗ്ദാനങ്ങളിൽ വിശ്വസമർപ്പിക്കുകയും ചെയ്യുന്നവർക്കുള്ള ദൈവത്തിന്റെ ദാനമാണ് ‘നമ്മേ മഹത്വപ്പെടുത്തുന്ന പ്രത്യാശ’ (3:6).
തുടർന്നുള്ള 15-19 വരെ വാക്യങ്ങളിൽ വിശ്വാസത്യാഗത്തിന്റെ പരിണതഫലത്തെ യിസ്രായേലിന്റെ ദൃഷ്ടാന്തത്തിലൂടെ വായനക്കാരുടെ ഹൃദയത്തിൽ ആണിയടിച്ച് ഉറപ്പിക്കുകയാണ് ലേഖനകാരൻ. അതിനായി, 15-ാം വാക്യത്തിൽ 95-ാം സങ്കീർത്തനത്തിന്റെ 7b-8a-യുടെ ആവർത്തിക്കുന്നു. 16-18 വരെ വാക്യങ്ങൾ അതിലെ ആശയത്തെ മൂന്നു ചോദ്യോത്തരങ്ങളിലൂടെ 12-14 വാക്യങ്ങളിലെ മുന്നറിയിപ്പുമായി ലേഖനകാരൻ ബന്ധിപ്പിക്കുന്നു.
15-19 വരെ വാക്യങ്ങൾ നമുക്കു വായിക്കാം; "15 ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ ആരാകുന്നു" 16 കേട്ടിട്ടു മത്സരിച്ചവർ? മിസ്രയിമിൽനിന്നു മോശെ മുഖാന്തിരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ. 17 നാല്പതു ആണ്ടു ആരോടു ക്രൂദ്ധിച്ചു? പാപം ചെയ്തവരോടല്ലയൊ? 18അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണം കെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു? 19ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു."
നാം മുന്നമെ ചിന്തിച്ച സങ്കീർത്തനവേദഭാഗത്തെ ആസ്പദമാക്കി ലേഖനകാരൻ മൂന്നു ചോദ്യങ്ങൾ ചോദിക്കുകയും ആ ചോദ്യങ്ങൾക്കു താൻതന്നെ ഉത്തരം നൽകയും ചെയ്യുന്നു.
ലേഖനകാരൻ ചോദിക്കുന്ന ഒന്നാമത്തെ ചോദ്യം: "ആരാകുന്നു 16 കേട്ടിട്ടു മത്സരിച്ചവർ? അതിനുള്ള ഉത്തരമെന്താണ്: മിസ്രയിമിൽനിന്നു മോശെ മുഖാന്തിരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ.
രണ്ടാമത്തെ ചോദ്യം: 17 നാല്പതു ആണ്ടു ആരോടു ക്രൂദ്ധിച്ചു? പാപം ചെയ്തവരോടല്ലയൊ?
മൂന്നാമത്തെ ചോദ്യം: "എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണം കെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു? 18 അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി.
ഈ ചോദ്യോത്തരങ്ങളുടെ conclusion ആണ് 19-ാം വാക്യം "ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു."
ഈ വാക്യങ്ങളിൽ, യിസ്രായേൽ ചെയ്ത മൂന്നു പാപങ്ങൾ എന്നു പറയുന്നത്: മത്സരം, പാപം, അനുസരണക്കേട് എന്നിവയാണ്. മത്സരം, പാപം, അനുസരണക്കേട്. അതിന്റെ ഫലമായി ദൈവം അവരോടു കോപിച്ചു, അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. അവർ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചില്ല.
ഇക്കാരണത്താലാണ് ഹെബ്രായ വിശ്വാസികൾക്കു ലേഖനകാരൻ 12-14 വാക്യങ്ങളിൽ ഈ മുന്നറിയിപ്പ് നൽകുന്നത്. അവർക്കു സംഭവിച്ചതു നിങ്ങൾക്കു സംഭവിക്കാതിരിക്കുവാൻ ജാഗ്രത പുലർത്തുക.
എഴുത്തുകാരൻ ഈ ചോദ്യോത്തര രീതി അവലംഭിച്ചതിന്റെ ഉദ്ദേശ്യം, സങ്കീർത്തനക്കാരന്റെ സന്ദേശത്തിന്റെ പ്രാധാന്യം വായനക്കാരുടെ ഹൃദയത്തിൽ നന്നായി പതിയണം എന്നതാണ്.
മോശെ ഈജിപ്തിൽ നിന്ന് നയിച്ചവരാണ് മരുഭൂമിയിൽ വെച്ച് കേൾക്കുകയും ദൈവത്തിനെതിരെ മത്സരിക്കുകയും ചെയ്തത്. ഉണങ്ങിയ നിലത്തുകൂടി കടലിലൂടെ കടന്നുപോകുമ്പോൾ ഫറവോന്റെ സൈന്യത്തിൽ നിന്ന് ദൈവത്തിന്റെ ശക്തമായ വിടുതൽ അവർ അനുഭവിച്ചു (പുറ. 14). അവർ യാത്ര തുടരുമ്പോൾ, അവർക്കുവേണ്ടിയുള്ള അവന്റെ നിരന്തരമായ പരിചരണത്തെക്കുറിച്ച് അവർക്ക് പതിവായി ഉറപ്പുനൽകിയിരുന്നു (പുറപ്പാട്. 16-19). ദൈവം വാഗ്‌ദാനം ചെയ്‌ത ദേശത്തേക്ക് അവരെ കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കാൻ അവർക്ക് എല്ലാ കാരണവും ഉണ്ടായിരുന്നു. എന്നാൽ കാദേശ് ബർണ്ണയിൽവെച്ച് അവർ പാപം ചെയ്‌തതിനാൽ അവരുടെ ശരീരം മരുഭൂമിയിൽ നശിച്ചുപോകുവാൻ ഇടയാകും വിധം ദൈവം അവരോട് നാല്പതു വർഷത്തോളം കോപിച്ചു (സംഖ്യ. 14). തങ്ങളുടെ അനന്തരാവകാശം കൈവശപ്പെടുത്താൻ വിളിക്കപ്പെട്ടപ്പോൾ അവർ ദൈവത്തോട് അനുസരണക്കേടു കാണിച്ചു, ഇതിന്റെയൊക്കെയും ഫലമായി, തങ്ങൾ ഒരിക്കലും അവന്റെ വിശ്രമത്തിൽ പ്രവേശിക്കില്ലെന്ന് ദൈവം അവരിൽ ഭൂരിഭാഗത്തോടും സത്യം ചെയ്തു. അവരുടെ അവിശ്വാസത്തിൽ നിന്ന് ഉയർന്നുവന്ന നിരവധി വിമത പ്രവർത്തനങ്ങളുടെ പരിസമാപ്തിയായിരുന്നു ഈ ദാരുണമായ അന്ത്യം. ക്രിസ്തുവിൽ ദൈവത്തിന്റെ അടുക്കൽ വന്നവരും അവരുടെ ഇടയിൽ അവന്റെ ആത്മാവിന്റെ ശക്തമായ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞവരും (2:1-4) മരുഭൂമിയിലെ ഇസ്രായേല്യർ ചെയ്തതുപോലെ അവർക്ക് വാഗ്ദത്തം ചെയ്യപ്പെട്ട രക്ഷയിൽ നിന്ന് ഒഴുകിപ്പോകുന്നതിനെതിരെ വളരെ ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് ലേഖനകാരൻ ഇവിടെ.
David Peterson എന്ന ദൈവദാസൻ ഈ മുന്നറിയിപ്പ് ഖണ്ഡികകളെക്കുറിച്ചു പറഞ്ഞിരിക്കുന്നതിപ്രകാരമാണ്: എബ്രായലേഖനത്തിന്റെ വിശാലമായ വാദത്തിന്റെ ഭാഗമായി ഇവയെ കണക്കാക്കുന്നുവെങ്കിൽ, ദൈവത്തോടൊപ്പമുള്ള തങ്ങളുടെ നിലയുടെ സുരക്ഷിതത്വത്തെക്കുറിച്ചും അവൻ ആഗ്രഹിക്കുന്ന രീതിയിൽ സ്ഥിരോത്സാഹം കാണിക്കാനുള്ള കഴിവിനെക്കുറിച്ചും വിശ്വാസികൾ ഉത്കണ്ഠപ്പെടേണ്ടതില്ല എന്നാണ്. അപ്പോൾ യഥാർത്ഥവിശ്വാസികൾ തങ്ങളുടെ രക്ഷാഭദ്രതയെപ്രതി ആകുലചിത്തരാകേണ്ട ആവശ്യമില്ല; കാരണം അവർ ദൈവവചനത്തിലെ മുന്നറിയിപ്പുകളെ അതിന്റെ ഗൗരവത്തിൽ വീക്ഷിക്കും.
അപ്പോൾ ഞാൻ എന്റെ സന്ദേശം ഉപസംഹരിക്കുകയാണ്. ഇതുവരെ ഞാൻ പറഞ്ഞത്, വിശ്വാസം ദൈവത്തിന്റെ ദാനമാണ്, രക്ഷ ദാനമാണ്. രക്ഷയുടെ ഭദ്രത അഥവാ perseverance of saints എന്നതും ബൈബിളിന്റെ ഉപദേശമാണ്. അതേസമയം വ്യാജവിശ്വാസികൾ അഥവാ അവിശ്വാസികൾ സഭയിലുണ്ടാകാം. അതു സ്വയ പരിശോധന നടത്തി അവിശ്വാസമുള്ള ഒരു ദുഷ്ടഹൃദയമാണൊ എന്റേത് എന്ന് ഉറപ്പാക്കുക. അങ്ങനെ സംഭവിക്കാതിരിക്കാൻ, പ്രായോഗികമായി ചെയ്യേണ്ടത്, വിശ്വാസികളുമായി ബന്ധം പുലർത്തി മുന്നോട്ടുപോകുക. അവരുടെ ഉപദേശങ്ങളും ശാസനകളും തങ്ങളുടെ നന്മക്കാണെന്നു കരുതി അവയെ സ്വീകരിക്കുക. ദൈവവചനത്തോട് മത്സരിക്കാതെ തങ്ങളെത്തന്നെ സൂക്ഷിക്കുക. മൂന്നാമതായി, നാം ദൈവഭവനത്തിലെ അംഗങ്ങളായതുകൊണ്ടാണ് ഇതൊക്കെയും ശ്രദ്ധിക്കുവാനായി ലേഖനകാരൻ നമ്മോടു ആവശ്യപ്പെടുന്നത്. സുവിശേഷം വാഗ്ദാനം ചെയ്യുന്ന എല്ലാ അനുഗ്രഹങ്ങളും പൂർണ്ണമായി സാക്ഷാത്കരിക്കപ്പെടുന്നതു വരെ ക്രിസ്തുവിനെ നാം മുറുകെ പടിക്കുക. അതിനു ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മേ ഓരോരുത്തരേയും സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ.
*******