top of page
എബ്രായലേഖന പരമ്പര-12
P M Mathew
DEC 17, 2023

Do not harden your heart by unbelief !
അവിശ്വാസത്താൽ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്!

Hebrews 3:7-11

ഒരു ദൈവപൈതൽ ഇങ്ങനെ ഒരു മുന്നറിയിപ്പ് കണ്ടാൽ അവൻ എന്താണ് ചെയ്യേണ്ടത്? അവൻ പറയേണ്ടത്: “പിതാവേ, എന്നെ കാത്തുകൊള്ളേണമേ; എന്റെ കയ്യിൽ പിടിച്ചുകൊള്ളേണമേ.. എന്നാൽ ഞാൻ സുരക്ഷിതനായിരിക്കും. ഇതൊരു വിശ്വാസിയെ, ദൈവത്തെ കൂടുതൽ ആശ്രയിക്കുന്നതിലേക്കും വിശുദ്ധമായ ഭയത്തിലേക്കും ജാഗ്രതയിലേക്കും നയിക്കുന്നു... ദൈവം വെച്ചിരിക്കുന്ന അപകട സൂചനകളെ അവഗണിച്ചു മുന്നേറിയാൽ ഉണ്ടാകാവുന്ന വലിയ അപകടത്തിലേക്കു വിരൽ ചുണ്ടുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അതിനായി, ഹെബ്രായർ 3: 7-11 വരെ വാക്യങ്ങൾ നമുക്കു വായിക്കാം:

ഹെബ്രായർ 3: 7-11

"അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു. അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു; അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു."

ഈ വേദഭാഗത്തിന്റെ കേന്ദ്രാശയം.

ദൈവത്തെ അവിശ്വസിച്ചും ദൈവവചനത്തോടു മത്സരിച്ചും നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കിയാൽ ദൈവത്തിന്റെ ന്യായവിധി എന്ന ഭവിഷ്യത്തിനെ അഭിമുഖീകരിക്കുക എന്നതാണ് വിശ്വാസികളെ സംബന്ധിച്ച ഏറ്റവും വലിയ അപകടം.

Since the context is the king, let me start with the context. സന്ദർഭം പരമപ്രാധാന്യമർഹിക്കുന്നതിനാൽ, സന്ദർഭത്തിൽ നിന്ന് ഞാനിത് തുടങ്ങുവാൻ ആഗ്രഹിക്കുന്നു.

ഈ വേദഭാഗം ആരംഭിക്കുന്നത് "അതുകൊണ്ട്" എന്ന വാക്കിലാണ്. അതായത്, മുൻപുപറഞ്ഞ വാദഗതിയുടെ ഒരു പരിസമാപ്തി (conclusion/implication) എന്ന നിലയിലാണിത് അവതരിപ്പിക്കുന്നത്. മുന്നമെ പറഞ്ഞ വാദഗതി എന്തായിരുന്നു? ദൈവപുത്രൻ നൽകുന്ന ആത്മവിശ്വാസവും ധൈര്യവും അവസ്സാനത്തോളം മുറുകെ പിടിക്കുക എന്നതാണ് 3:6 ലെ warning/മുന്നറിയിപ്പ്. ദൈവപുത്രൻ നൽകുന്ന ആത്മവിശ്വാസവും ധൈര്യവും അവസ്സാനത്തോളം മുറുകെ പിടിക്കുക. ഇതിൽതന്നെ ഒരു ദു:സൂചനയുണ്ട്, Our life is not going to be a smooth sailing. നമ്മുടെ ക്രിസ്തീയജീവിതം എപ്പോഴും വളരെ സുഖകരമായി പോകും എന്നു ചിന്തിക്കരുത്. ഈയൊരു മുന്നറിയിപ്പ് ഒരു സുദീർഘമായ ദൃഷ്ടാന്തത്തിലൂടെ ശക്തിപ്പെടുത്തുകയും കൂടുതൽ ശക്തമായി പ്രായോഗികമാക്കുവാൻ പ്രബോധിപ്പിക്കുകയും ചെയ്യുന്ന ഒരു വേദഭാഗമാണിത്.

യിസ്രായേലിന്റെ നെഗറ്റീവായ ഉദാഹരണമാണ് അതിനു ലേഖനകാരൻ ഉപയോഗിക്കുന്നത്. സങ്കീർത്തനം 95:8-11 വരെയുള്ള വാക്യങ്ങളാണ് അതിനുവേണ്ടി ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. സങ്കീർത്തനത്തിൽ വിവരിച്ചിരിക്കുന്ന യിസ്രായേലിന്റെ സാഹചര്യത്തെ ഈ കത്തിന്റെ സ്വീകർത്താക്കളുടെ സാഹചര്യവുമായി ബന്ധപ്പെടുത്തി വിശ്വാസത്തിലും അനുസരണത്തിലും ഉറച്ചുനിൽക്കാനുള്ള പ്രോത്സാഹനവും ഒരു മുന്നറിയിപ്പുമായി അതിനെ അവതരിപ്പിക്കുകയാണ് (3:7-15) വരെ വാക്യങ്ങളിൽ. അതായത്, ഇത് ഒരേ സമയം ഒരു മുന്നറിയിപ്പും അതേ സമയം ഒരു പ്രോത്സാഹനവുമാണ്. മുന്നറിയിപ്പും പ്രോത്സാഹനവും.

മോശയോടൊപ്പം ഈജിപ്തിൽ നിന്ന് പുറത്തുവന്ന തലമുറയെ ദൈവം വാഗ്ദാനം ചെയ്ത ‘സ്വസ്ഥത’യിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അവരുടെ ഹൃദയകാഠിന്യം അവരെ തടഞ്ഞു എന്നതാണ് ഈ ഉദ്ധരണിയുടെ ഊന്നൽ (3:16-19; cf. സംഖ്യ. 14:1-38). സ്വസ്ഥതയിലേക്കു പ്രവേശിക്കുന്നതിൽ വിലങ്ങുതടിയായി നിന്നത് യിസ്രായേലിന്റെ ഹൃദയകാഠിന്യമാണ്. അതായത്, ദൈവവചനത്തിനെതിരെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്. തുടർന്ന് ദൈവത്തിന്റെ ‘സ്വസ്ഥത’യിലേക്ക് പ്രവേശിക്കുക എന്ന ആശയം ഇവിടെ സുവിശേഷം ലഭിച്ചവർക്ക് ബാധകമാക്കുന്നു.

അപ്പോൾ ഒന്നാമതായി, ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ ദൈവത്തിന്റെ വചനമായ ബൈബിളിനു നിങ്ങൾ ചെവികൊടുക്കണം എന്ന കാര്യമാണ്.

1. നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ ദൈവത്തിന്റെ വചനമായ ബൈബിളിനു നിങ്ങൾ ചെവികൊടുക്കുക.

പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ടാണ്, സങ്കീർത്തനം 95:8-11 വരെ വാക്യങ്ങൾ ഉദ്ധരിക്കുന്നത്. "പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു" ഇതിൽ നിന്നും രണ്ടു കാര്യങ്ങൾ പ്രധാനമായും ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

അതിൽ ഒന്നാമത്തെ കാര്യം, ബൈബിൾ ദൈവത്തിന്റെ വചനമാണ് എന്നതാണ്. ബൈബിൾ ദൈവത്തിന്റെ വചനം. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നിശ്വസിക്കപ്പെട്ട് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യരാൽ എഴുതപ്പെട്ടതാണ് ബൈബിൾ. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന സങ്കീർത്തന ഭാഗത്തിന്റെ രചയിതാവ് ‘ദാവിദ്' (4:7) ആണെങ്കിലും അതിന്റെ ആത്യന്തിക ഉറവിടം ‘ദൈവം’ തന്നെയാണ്. ഈ കാര്യം 2 ശമുവേൽ 23:1-2 ൽ വ്യക്തമാക്കിയിരിക്കുന്നതു കാണാം. ദാവീദ് തന്റെ പാട്ടുകൾ എഴുതിയപ്പോൾ ‘കർത്താവിന്റെ ആത്മാവ്’ അവനിലൂടെ സംസാരിച്ചു എന്നാണ് അവിടെ നാം വായിക്കുന്നത്. ‘കർത്താവിന്റെ ആത്മാവ്’ ദാവീദിലൂടെ സംസാരിച്ചു. 2 ശമുവേൽ 23: 2-ാം വാക്യം ഞാൻ വായിക്കുകയാണ്: "യഹോവയുടെ ആത്മാവ് എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു". അതായത്, ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ദാവീദ് എഴുതി. മറ്റൊരു രീതിയിൽ പറഞ്ഞാൽ ബൈബിൾ ദൈവശ്വാസീയമാണ്. അഥവാ ബൈബിൾ ദൈവനിശ്വാസീയമാണ്.

അതിനു പിൻബലമേകുന്ന മറ്റൊരു വാക്യമാണ് 2 തിമോത്തി 3:16. അവിടെ നാം ഇപ്രകാരം വായിക്കുന്നു: "16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു." നിങ്ങളൊക്കെ മനഃപ്പാഠമാക്കിയിരിക്കുന്ന ഒരു വാക്യമാണിത് എന്നെനിക്കറിയാം.

തിരുവെഴുത്തുകളെല്ലാം ദൈവശ്വാസീയമാണ്. അവ ഒന്നൊഴിയാതെ ദൈവശ്വാസീയമാണ്. ബൈബിൾ ലോകത്തിലെ മറ്റേതൊരു പുസ്‌തകത്തേയും പോലെയല്ല; ഇത് പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതപ്പെട്ടതാണ്. It is God breathed. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നിശ്വാസത്താൽ ഉളവായതാണ്. God is the real author. ദൈവമാണ് ഈ പുസ്തകത്തിന്റെ ഉപജ്ഞാതാവ്. മാത്രവുമല്ല, അതിന്റെ നാലു പ്രയോജനങ്ങളെക്കുറിച്ചും ഇവിടെ പറയുന്നുണ്ട്. ഉപദേശം, ശാസന, ഗുണീകരണം നീതിയിലെ അഭ്യാസം എന്നിവയാണവ.

ഈ 4 പ്രയോജനങ്ങളെക്കുറിച്ച് ഞാൻ അല്പമായി വിശദീകരിക്കാം.

1. ദൈവചനം teaching/ഉപദേശത്തിനു ഉപകരിക്കുന്നു: ആരോഗ്യം, സാമ്പത്തികം, വ്യക്തിബന്ധങ്ങൾ, ആശയവിനിമയം, ഒരു പുരുഷൻ എങ്ങനെ ആയിരിക്കണം, ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം, ധാർമ്മികമായി ശരിയും തെറ്റും എന്താണ്, എങ്ങനെ ജീവിക്കണം, എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ബൈബിൾ ഉൾക്കാഴ്ച നൽകുന്നു. കുറച്ചുകുടി സ്പെസിഫിക്കായി പറഞ്ഞാൽ, എന്തുകൊണ്ടാണ് ദൈവം നിങ്ങളെ സൃഷ്ടിച്ചത്? ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്? ഈ ചോദ്യങ്ങൾക്കു ദൈവത്തിന്റെ വചനം ഉത്തരം നൽകുന്നു.

2. ശാസന (elegcho-reproof): "ശാസന" എന്നതിന്റെ ഗ്രീക്ക് വാക്ക് അർത്ഥമാക്കുന്നത്, "കുറ്റപ്പെടുത്തുക, നിരാകരിക്കുക, കുറ്റക്കാരനായ വ്യക്തിക്ക് ലജ്ജയുളവാക്കുക" എന്നൊക്കെയാണ്. ബൈബിൾ നാം സത്യസന്ധമായും ശ്രദ്ധയോടെയും വായിക്കുകയാണെങ്കിൽ, നമ്മുടെ ചിന്തകൾക്കും സ്വഭാവത്തിനും പെരുമാറ്റത്തിനും ബൈബിൾ ഒരു അളവുകോലായി മാറുന്നു. ദൈവത്തിന്റെ നിലവാരങ്ങൾക്കും പ്രതീക്ഷകൾക്കും വിപരീതമായി നാം എത്രയൊ കുറവുള്ളവരാണ് എന്ന് അത് കാണിച്ചു തരുന്നു.

3. ഗുണീകരണം ("epanorthosis"/ “for correction”) നിങ്ങൾ കുറവുള്ളവരാണ് എന്ന് ചൂണ്ടിക്കാണിച്ചശേഷം അടുത്ത പടി എന്നത് തിരുത്തലാണ്. “നേരുള്ളതോ ശരിയായതോ ആയ അവസ്ഥയിലേക്കു പുനഃസ്ഥാപിക്കുക; നേരായമാർഗ്ഗത്തിൽ നടത്തുക". നിങ്ങളുടെ ജീവിതം ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്ന കാര്യം വചനം നമ്മേ ഓർപ്പിക്കുന്നു. അതുകൊണ്ട് ദൈവവചനം നമ്മിൽ കാണിച്ചു തരുന്ന തെറ്റുകളെ തിരുത്തി യഥാസ്ഥാനപ്പെടുക.

4. നീതിയിലെ അഭ്യാസം (“for instruction in righteousness”) ഈ പദം അർത്ഥമാക്കുന്നത് ദൈവത്തോടു ശരിയായ ബന്ധത്തിൽ ജീവിക്കുക എന്നതാണ്. അതല്ലെങ്കിൽ ദൈവത്തിന് സ്വീകാര്യമായ നിലയിൽ ജീവിക്കുക. നീതിയോടെ ജീവിക്കുന്നവർ ഈ ലോകത്തിൽ തീരെ കുറവാണ്. അതുകൊണ്ട് ഒരു നീതിമാനായ വ്യക്തി തന്റെ ശരിയായ പെരുമാറ്റത്താൽ മറ്റുള്ളവരിൽനിന്നും വേറിട്ടുനിൽക്കുന്ന വ്യക്തിയാണ്.

അപ്പോൾ ദൈവത്തിന്റെ വചനം കേൾക്കുന്നതിലൂടെ നമുക്കുണ്ടാകുന്ന നേട്ടങ്ങൾ ഇതൊക്കെയാണ്. നിങ്ങൾ എങ്ങനെ ജീവിക്കണം എന്നതിനെ സംബന്ധിച്ച ഉപദേശം നൽകുന്നു, അതിൽ വന്നുപോയിട്ടുള്ള കുറവെന്താണെന്ന് കാണിച്ചുതരുന്നു. അതെങ്ങനെ തിരുത്തി, ദൈവത്തിനു സ്വീകാര്യമായ നിലയിൽ ജീവിക്കുവാൻ സാധിക്കും എന്ന് നമ്മേ ബോദ്ധ്യപ്പെടുത്തി തരുന്നു.

ദൈവവചനത്തിന്റെ നിശ്വാസീയതയെക്കുറിച്ചു പറയുമ്പോൾ അവഗണിക്കുവാൻ പറ്റാത്ത മറ്റൊരു വാക്യമാണ് 2 പത്രോസ് 1:21. അവിടെ ഇപ്രകാരം നാം വായിക്കുന്നു: "21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ." വചനം മനുഷ്യനിൽ നിന്നുത്ഭവിച്ചതല്ല, അതു മനുഷ്യന്റെ തീരുമാനത്തിലൂടെ ഉരുത്തിരിഞ്ഞുവന്നതുമല്ല. അതു മനുഷ്യന്റെ ചിന്തകളും ആശയങ്ങളുമല്ല, മറിച്ച്, ദൈവത്തിന്റെ വാദങ്ങളും നിർദ്ദേശങ്ങളും മനുഷ്യനു നൽകുന്ന മുഖാന്തിരമാണ് ബൈബിൾ.

ബൈബിൾ ദൈവത്തിന്റെ വചനമാണ് എന്നു കേൾക്കുമ്പോൾ, മനുഷ്യൻ കേവലം യാന്ത്രികമായി ഉപയോഗിക്കപ്പെട്ടു എന്ന് ചിന്തിക്കരുത്. ബൈബിളിന്റെ മൂലഗ്രന്ഥത്തെ കുറിച്ച് പറഞ്ഞാൽ, ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ, തങ്ങളുടെ സാഹചര്യങ്ങളിൽ, തങ്ങളുടെ പദാവലിയും, വ്യക്തിത്വവും, അനുഭവങ്ങളും എല്ലാം സമന്വയിപ്പിച്ച് ഇത് എഴുതി എന്നാണ്. അവർ എഴുതിയ ഓരോ വാക്കും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ മേൽനോട്ടത്തിൽ എഴുതി. ചില ഭാഗങ്ങൾ മാത്രമല്ല, എല്ലാ തിരുവെഴുത്തും ദൈവശ്വാസിയമാണ് (2 തിമൊത്തി 3:16). അവരുടെ ബുദ്ധിയൊ, അവരുടെ വ്യക്തിഗത സാഹിത്യശൈലിയൊ, വ്യക്തിത്വമൊ ഹനിക്കപ്പെടാതെ തികഞ്ഞ കൃത്യതയോടെ തിരുവെഴുത്തുകൾ രേഖപ്പെടുത്താൻ ദൈവം അവരെ പ്രാപ്തരാക്കി. അതുകൊണ്ട് തിരുവഴുത്തുകൾ അപ്രമാദിത്വവും അബദ്ധരഹിതവുമാണ്. It is infallible and inerrant.

എന്നാൽ കത്തോലിക്കർ പോപ്പിനു അപ്രമാദിത്വം കല്പിക്കുകയും ബൈബിളിന്റെ പ്രാധാന്യത്തേക്കാൾ സഭക്ക് പ്രാധാന്യം കൽപ്പിക്കയും ചെയ്യുന്നു. അതാണ് അവരുടെ ആശയങ്ങളും ആചാരങ്ങളും ബൈബിളിനു വിരുദ്ധമായിരിക്കുന്നത്. അത് ദൈവവചനത്തോടു കാണിക്കുന്ന ഒരു വലിയ അപരാധമാണ്

മറ്റൊരു മതഗ്രന്ഥത്തിനും ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കുവാൻ കഴിയുകയില്ല. അവയൊക്കേയും മനുഷ്യന്റെ ചിന്തയിലും ഭാവനയിലും ഉരുത്തിരിഞ്ഞുവന്നതാണ്. അതിൽ അനവധി തെറ്റുകളും പരസ്പരവിരുദ്ധമായ പ്രസ്താവനകളും കണ്ടെത്താൻ കഴിയും. എന്നാൽ അതിനു വിരുദ്ധമായി, ബൈബിൾ തെറ്റാവരമുള്ള പുസ്തകമാണ്. അതിൽ യാതൊരു അബദ്ധവും കടന്നു കൂടിയിട്ടില്ല. അപ്പോൾ അപ്രമാദിത്വമുള്ള ഏകഗ്രന്ഥം ബൈബിളാണ്. അതുകൊണ്ട് ബൈബിൾ ദൈവവചനമാണ് എന്ന നിലയിൽ സ്വീകരിക്കുന്നവർ ദൈവത്താൽ അനുഗ്രഹിക്കപ്പെടുകയും അല്ലാത്തവർ ശിക്ഷിക്കപ്പെടുകയും ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയമില്ല.

തുടർന്നു ലേഖനകാരൻ ഇപ്രകാരം പറയുന്നു: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ..."

ഇതിൽ നിന്നും പറയുവാൻ ആഗ്രഹിക്കുന്ന ഒരു sub-point എന്നത്: ബൈബിളിന്റെ വർത്തമാനകാല പ്രസക്തിയാണ്. ബൈബിളിന്റെ വർത്തമാനകാല പ്രസക്തി. നൂറ്റാണ്ടുകൾക്കുമുമ്പ് എഴുതപ്പെട്ട വചനമാണെങ്കിലും വർത്തമാനകാല മനുഷ്യർക്ക്, പ്രത്യേകിച്ചും ക്രിസ്ത്യാനികൾക്ക് ഇത് തികച്ചും ബാധകമായ ഒന്നാണ്. ബൈബിളിലെ സാർവ്വത്രിക സത്യങ്ങൾ/universal truths അന്നത്തെ ആളുകൾക്ക് എന്നപോലെ ഇന്നത്തെ വിശ്വാസികൾക്കും ബാധകമാണ് (cf. 9:8; 10:15), പ്രസക്തമാണ്.

ഏകദേശം ബി സി 13-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മോശെയുടെ കാലത്ത് സംഭവിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് "ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ" എന്ന് സങ്കീർത്തനകാരൻ പറയുന്നത്. മോശെയുടെ കാലശേഷം ഏകദേശം 600 വർഷങ്ങൾക്കു ശേഷമാണ് ദാവീദ് ജീവിച്ചിരുന്നത്. ദാവീദിന്റെ കാലഘട്ടം, അഥവാ, തന്റെ വാഴ്ചയുടെ കാലഘട്ടമെന്ന് പറയുന്നത് BC 1010 മുതൽ BC 970 വരെ ആണ്. അന്ന് ദാവിദ് ഈ സങ്കീർത്തനമെഴുതിയപ്പോൾ, മോശെയുടെ കാലത്തെ ചരിത്രം ഓർത്തുകൊണ്ടാണ് തന്റെ കാലത്തെ തലമുറക്ക് ഈ മുന്നറിയിപ്പ് ആവർത്തിക്കുന്നത്. ദൈവജനം അവരുടെ ഹൃദയം ദൈവത്തിനെതിരെ കഠിനമാക്കിയാൽ, അവരുടെ പൂർവ്വികർക്കു നേരിട്ട ഭയാനകമായ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നാണ് ദാവീദ് തന്റെ തലമുറയെ ഓർപ്പിക്കുന്നത്.

അതിനു ആയിരംവർഷങ്ങൾക്കു ശേഷമാണ്, അതായത്, എ ഡി 60-62 കാലഘട്ടത്തിലാണ് ഹെബ്രായ ലേഖനം എഴുതപ്പെട്ടത്. അപ്പോൾ എബ്രായലേഖനകാരൻ ഇതേ കാര്യം ഉദ്ധരിച്ചുകൊണ്ട് തന്റെ കാലത്ത് ജീവിച്ചിരുന്ന ജനങ്ങളോടു അഥവാ നമ്മോടു പറയുന്നു: "ഇന്നു നിങ്ങൾ" അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്. ഇതിന്റെയൊക്കെ സാരം ആദവും ഹവ്വയും ദൈവത്തിന്റെ വചനത്തോടു കാണിച്ച അവിശ്വാസവും അനുസരണക്കേടും ഇന്നും ജനങ്ങളിൽ നിലനിൽക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ വചനം നിങ്ങൾ കേൾക്കുമ്പോൾ നിങ്ങൾ അതിനോടു മത്സരിക്കരുത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഈ സങ്കീർത്തനം ഇന്നു നിങ്ങൾ വായിച്ചു കേൾക്കുമ്പോൾ ദൈവം നിങ്ങളോട് സംസാരിക്കുന്നത് നിങ്ങൾക്ക് കേൾക്കാമെന്നാണ്. ഇന്നു നിങ്ങൾ വചനം വായിക്കുമ്പോൾ അതിലൂടെ ദൈവത്തിന്റെ ശബ്ദം നിങ്ങൾ കേൾക്കുന്നു. അപ്പോൾ നിങ്ങളുടെ ഹൃദയം അതിനെതിരെ മത്സരിക്കരുത്. അതായത്, തിരുവെഴുത്തുകൾ ദൈവത്തിന്റെ വാഗ്ദാനങ്ങളും മുന്നറിയിപ്പുകളുമാണ്; അവയെ ശ്രദ്ധിക്കുക (4:1-13; 12:22-27). വിശ്വസ്തതയോടെ അവയെ അനുസരിക്കുക.

ഈ വേദഭാഗത്തുനിന്നും രണ്ടാമതായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ദൈവം നിങ്ങളോടു തന്റെ വചനത്തിലൂടെ സംസാരിക്കുമ്പോൾ അവിശ്വാസത്താൽ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത് എന്ന കാര്യമാണ്.

2. അവിശ്വാസത്താൽ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്.
ഏഴാം വാക്യം ഒരിക്കൽകൂടി വായിച്ച് അതിന്റെ രണ്ടാം ഭാഗത്തിൽ നമ്മുടെ ശ്രദ്ധയെ കേന്ദ്രീകരിക്കാം: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു." ഇതു 95-ാം സങ്കീർത്തനത്തിന്റെ 8-ാം വാക്യത്തിന്റെ ഉദ്ധരണിയാണ്.

എന്നാൽ സങ്കീർത്തനം 95 ന്റെ 8-ാം വാക്യവും ഹെബ്രായലേഖനത്തിലെ ഉദ്ധരണിയും തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട്. സങ്കീർത്തനത്തിൽ നാം കാണുന്നത്: "8 ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്" എന്നാണ്.

"മെരീബ" എന്ന വാക്കും "മസ്സാ" എന്നവാക്കും ഹെബ്രായലേഖന ഉദ്ധരണിയിലില്ല. അതിനു പകരം മെരീബ, മസ്സാ എന്നീ വാക്കുകളുടെ ആശയമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 'മെരീബ' എന്ന എബ്രായവാക്കിന്റെ അർത്ഥം മറുതലിപ്പ്, വഴക്ക്, കുറ്റം കണ്ടുപിടിക്കൽ എന്നൊക്കെയാണ്. അതുപൊലെ 'മസ്സാ' എന്ന ഹെബ്രായ പദത്തിന്റെ അർത്ഥം 'പരീക്ഷിക്കുക', 'ശോധന ചെയ്യുക' എന്നൊക്കെയാണ്. ഈ അർത്ഥങ്ങളാണ് ഹെബ്രായ ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റുജിന്റ്/LXX ൽ ഉപയോഗിച്ചിരിക്കുന്നത്. എബ്രായലേഖനകാരൻ സെപ്റ്റുജിന്റിൽ നിന്നുള്ള ഉദ്ധരണിയാണിവിടെ ക്വോട്ട് ചെയ്തിരിക്കുന്നത്. മരുഭൂമിയിൽ പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്.

ഇതൊരു condition അഥവാ വ്യവസ്ഥയോടുകുടിയ കൽപ്പനയാണ്, “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ"; "നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്".

മരുഭൂമിയിൽ വെച്ചുണ്ടായ മത്സരമെന്താണ് എന്നാണ് തുടർന്ന് ലേഖനകാരൻ വിശദീകരിക്കുന്നത്. ഒമ്പതാം വാക്യം: "9 അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു." ഇപ്പോൾ ലേഖനകാരൻ സംസാരിക്കുന്ന ഹെബ്രായ വിശ്വാസികളുടെ പൂർവ്വികന്മാരുടെ കാര്യമാണ് താൻ അവരോടു പറയുന്നത്. അതായത്, മൊശെയുടെ കാലത്ത് സംഭവിച്ച കാര്യം. അതെന്താണ് എന്നു അൽപ്പമായി ഞാൻ വിശദീകരിക്കാം. യിസ്രായേൽ ജനം മിസ്രയിമിൽ കഷ്ടത നേരിട്ടപ്പോൾ അവരെ അതിൽ നിന്നും വിടുവിച്ച്, ദൈവം അബ്രാഹമിനോടു വാഗ്ദത്തം ചെയ്ത കാനാൻ ദേശം അവർക്കു കൊടുക്കാമെന്ന് ആഗ്രഹിച്ചു. അതിനായി, യാഹ്വേ മോശെയെ ഫറവോന്റെ അടുക്കലയച്ചു. എന്നാൽ ഫറവോൻ തനിക്കു അടിമകളായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ ജനത്തെ വിട്ടയക്കാൻ തയ്യാറായില്ല. അതിനാൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും തനിക്കവിടെ ചെയ്യേണ്ടതായ് വന്നു. അവസ്സാനം ഫറവോന്റേതടക്കം മിസ്രയിമിലെ സകല കടിഞ്ഞൂലുകളേയും നിഗ്രഹിച്ചതിനുശേഷമാണ് ഫറവോൻ യിസ്രായേൽ ജനത്തെ വിട്ടയക്കാൻ തയ്യാറായത്. യിസ്രായേൽജനം അവിടെ നിന്നു പോയശേഷവും ഫറവോൻ രഥങ്ങളും പടയാളികളുമായി പിഞ്ചെന്ന് അവരെ മടക്കിക്കൊണ്ടുവരുവാൻ തുനിഞ്ഞു. അപ്പോൾ ചെങ്കടലിനെ വിഭജിച്ച്, യിസ്രായേലിനെ അതിന്റെ നടുവേകുടി നടത്തി. അവസാനം അവരെ അനുഗമിച്ച ഫറവോന്റെ സൈന്യത്തെ ചെങ്കടലിൽ മുക്കിക്കൊന്നുമാണ് യിസ്രായേൽ ജനത്തെ ദൈവം രക്ഷിച്ചത്.

എന്നാൽ ഈ ജനം യാത്രയുടെ തുടക്കത്തിൽ, കുടിക്കാൻ വെള്ളമില്ലാത്തതിനെച്ചൊല്ലി മോശയുമായി വഴക്കിടുകയും പിറുപിറുക്കുകയും ചെയ്തുകൊണ്ട് ദൈവത്തെ പരീക്ഷിച്ചു (പുറപ്പാട് 17:1-7). ഇസ്രായേല്യർ കാദേശ് ബർണ്ണയിൽ എത്തിയപ്പോൾ, വാഗ്ദത്ത ദേശത്തെക്കുറിച്ചുള്ള ജോഷ്വയുടെയും കാലേബിന്റെയും റിപ്പോർട്ട് സ്വീകരിക്കാതെ, അവരോടൊപ്പം അങ്ങോട്ടു പോയ അവിശ്വാസികളുടെ വാക്ക് വിശ്വസിക്കാൻ അവർ തയ്യാറായി (സംഖ്യ13:26-33). അവർ മോശയ്‌ക്കും അഹറോനുമെതിരെ പിറുപിറുക്കുകയും ദൈവത്തെ മോശമായി ചിത്രീകരിക്കുകയും ചെയ്‌തു; തങ്ങളെ വാളാൽ വീഴാൻവേണ്ടി മാത്രമാണ് ദൈവം അവരെ ആ സ്ഥലത്തേക്ക് കൊണ്ടുവന്നതെന്ന് അവർ ആരോപിച്ചു (സംഖ്യ14:1-4). നല്ലവനായ ദൈവത്തെ സംശയിക്കുക, നമ്മുടെ ഏറ്റവും വലിയ നന്മ ആഗ്രഹിക്കുന്ന ദൈവത്തെ മോശമായി ചിത്രീകരിക്കുക; ഇതിനേക്കാൾ വലിയൊരു അപരാധം ദൈവത്തോടു ചെയ്യാൻ നമുക്കു കഴിയുകയില്ല. ദൈവത്തിന്റെ വലിയ അത്ഭുതങ്ങളും അടയാളങ്ങളും കണ്ടശേഷവും അവർ ദൈവത്തോടു മത്സരിച്ചു എന്നതാണ് ദൈവത്തെ ഏറെ വേദനിപ്പിച്ചത്. അതാണ് ദൈവത്തെ ഏറ്റവും പ്രകോപിപ്പിച്ചത്.

പ്രയോഗികത : നമ്മുടെ ജീവിതത്തിൽ ചില ചില്ലറ ബുദ്ധിമുട്ടുകൾ വരുമ്പോൾ, യിസ്രായേൽജനം പിറുപിറുത്തതുപോലെ നാമും പിറുപിറുക്കാറുണ്ടോ? ദൈവത്തിന്റെ നന്മയെ നാം ചോദ്യം ചെയ്യാറുണ്ടോ? തൊട്ടതിനും പിടിച്ചതിനുമൊക്കെ നാം പരാതിപറയുന്നവരാണോ? ഒന്നിലും ഒരു സംതൃപ്തി ഇല്ലാത്തവരോ? സ്തോത്രത്തിനും സ്തുതിക്കും പകരം ശാപവാക്കുകളാണോ നിങ്ങളുടെ അധരങ്ങളിൽ നിന്നും പൊഴിയുന്നത്? എങ്കിൽ സൂക്ഷിക്കുക അതിന്റെ അപകടം വളരെ ഭയാനകമാണ്. യിസ്രായേൽജനത്തിന്റെ വായിൽ നിന്നു വീണതുപോലെ തന്നേ അവർക്കു സംഭവിച്ചു. അവരെല്ലാം മരുഭൂമിയിൽ പട്ടുപോയി.

ഇപ്പോൾ നമ്മുടെ മനസ്സിലേക്കു വരാവുന്ന ഒരു ചോദ്യം, ദൈവം നമ്മുടെ സന്തോഷത്തിലും, മഹത്വത്തിലും അത്രയധികം പ്രതിജ്ഞാബദ്ധനാണെങ്കിൽ, എന്തുകൊണ്ടാണ് നമ്മുടെ ജീവിതം ഇത്ര കഠിനതരമായിരിക്കുന്നത്? അവൻ നമ്മെ അത്രയധികം സ്നേഹിക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് നമ്മുടെ ജീവിതം ഇത്ര ദുഷ്ക്കരമായിരിക്കുന്നത്? എബ്രായരുടെ പുസ്തകത്തിൽ നിന്നും അതിനുള്ള ഉത്തരം: ജീവിതം ഒരു ദുർഘടമായ യാത്രയാണ്: കഷ്ടതയിൽ നിന്ന് വിശ്രമത്തിലേക്കും, അന്യവൽക്കരണത്തിൽ നിന്ന് സ്വന്തത്തിലേക്കും, ഒറ്റപ്പെടലിൽ നിന്ന് ദൈവത്തിന്റെ മഹത്തായ നഗരത്തിലേക്കുമുള്ള യാത്ര. നാമെല്ലാവരും ആത്യന്തികമായ വീടിനെ സ്വപ്നം കാണുന്നു, അവിടെയെത്താനുള്ള ഏക മാർഗം യേശുവിൽ നമ്മുടെ കണ്ണുകളെ ഉറപ്പിക്കുക. അവന്റെ വചനത്തിനു ചെവികൊടുക്കുക. അവന്റെ പാത പിന്തുടരുക. അവന്റെ വചനത്തിനേതിരെ മത്സരിക്കാതിരിക്കുക. അവന്റെ വചനത്തിനെതിരെ ഹൃദയം കഠിനപ്പെടുത്താതിരിക്കുക.

നമ്മുടെ ഹൃദയം എങ്ങനെ കഠിനപ്പെടാതെ സൂക്ഷിക്കുവാൻ സാധിക്കും എന്ന കാര്യമാണ് അടുത്തതായി ഞാൻ പറയുവാൻ പോകുന്നത്.

ക്രിസ്തുവിനു ഏകദേശം 600 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന യെഹെസ്ക്കേൽ പ്രവചനത്തിൽ നിന്നും ഒരു വാക്യം ഞാൻ വായിരിക്കുകയാണ്. യെഹെസ്കേൽ 11:19 "19 അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസളമായുള്ള ഹൃദയം അവർക്കു കൊടുക്കും." (യെഹെസ്കേൽ 36:26-27 ൽ ഇത് വീണ്ടും ആവർത്തിക്കുന്നുണ്ട്.)

ഇത് പഴയനിയമത്തിലെ ഒരു പ്രവചനമാണ്. ഇതു നൽകാനുണ്ടായ
സാഹചര്യമെന്നത്, യിസ്രായേൽ തങ്ങളുടെ പാപത്തിന്റേയും വിഗ്രഹാരാധനയുടേയുമൊക്കെ ഫലമായി ബാബിലോണിന്റെ അടിമത്വത്തിലേക്കു പോകേണ്ടതായി വന്നു. ബൈബിൾ നാം പരിശോധിച്ചാൽ ഹൃദയമാണ് സകല പ്രശ്നത്തിന്റേയും കേന്ദ്രം എന്നു കാണാൻ കഴിയും. നാം എടുക്കുന്ന ഓരോ തീരുമാനവും ഹൃദയത്തിൽ നിന്നാണു വരുന്നത്. നാം ആരാകുന്നു എന്നതിന്റെ സാരാംശമാണ് ഹൃദയം. പഴയനിയമം വെളിപ്പെടുത്തുന്നത് ദൈവത്തോടുള്ള ജനത്തിന്റെ പ്രതികരണം എപ്പോഴും മത്സരത്തിന്റേതാണ് എന്നതാണ്. നാം സ്വാഭാവികമായി സ്വയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും, പാപത്തെ സ്നേഹിക്കുന്നവരും, ദൈവത്തെ സ്നേഹിക്കുവാനൊ അവനെ അനുഗമിക്കുവാനൊ താത്പ്പര്യമില്ലാത്തവരുമാണ്. അതിനെയാണ് കഠിനഹൃദയമെന്ന് വിശേഷിപ്പിക്കുന്നത്. ഈയൊരു ഹൃദയത്തെ നീക്കി ഞാൻ മാംസളമായുള്ള ഒരു ഹൃദയം നൽകുമെന്നാണ് യെഹസ്ക്കേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നത്. എന്തിനുവേണ്ടിയാണെന്നും ഈ വാക്യങ്ങളിൽ പറയുന്നുണ്ട്. അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നുവേണ്ടിയാണ് വേറൊരു ഹൃദയവും പുതിയൊരു ആത്മാവിനെയും നൽകുന്നത്. ക്രിസ്തുവിൽ നാം വീണ്ടും ജനിച്ചപ്പോൾ നമുക്കു മാംസളമായുള്ള ഒരു ഹൃദയവും ദൈവത്തിന്റെ പരിശുദ്ധാത്മാവിനേയും ദൈവം നമുക്കു തന്നു. ഇന്നു നമുക്കു ദൈവത്തിന്റെ വിധികളേയും ചട്ടങ്ങളേയും പ്രമാണിപ്പാനുള്ള ശക്തിയുണ്ട്, കഴിവുണ്ട്. കാരണം സാത്താനു നമ്മുടെമേലുള്ള പിടി അയഞ്ഞു, ദൈവത്തെ അനുസരിപ്പാനുള്ള ആത്മാവ് നമ്മുടെ ഹൃദയത്തിലുണ്ട്.

എങ്കിലും സാത്താനു നമ്മുടെ സാഹചര്യങ്ങളെ ഉപയോഗിച്ച് നമ്മേ പ്രലോഭനത്തിലേക്കും പരീക്ഷയിലേക്കുമൊക്കെ നയിക്കുവാൻ കഴിയും. നമ്മിൽ പലരും വേദനയിലൂടെയും, കഷ്ടതയിലൂടെയും, രോഗത്തിലൂടെയും നിരാശയിലൂടെയും കടന്നുപോകുന്നവരാണെന്ന് ഞാൻ അറിയുന്നു. വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യങ്ങൾ ഉപയോഗിച്ച് ശത്രു നമ്മെ നിന്ദിതരും വൃണിതഹൃദയമുള്ളവരും, ഒറ്റപ്പെട്ടവരും, വികാരങ്ങൾക്ക് അടിമപ്പെട്ടവരും, കയ്പിലും നീരസത്തിലും തളച്ചിടുന്നവരുമൊക്കെ ആക്കീത്തീർക്കുവാൻ ആഗ്രഹിക്കുന്നു. അങ്ങനെയുള്ള പ്രലോഭനങ്ങളിൽ നാം വീഴാതെ സൂക്ഷിക്കുക. യിസ്രായേല്യരെപ്പോലെ പിറുപിറുക്കുന്നവരും, ദൈവത്തിന്റെ നന്മയെ സംശയിക്കുന്നവരും ആകാതിരിക്കുക.

രണ്ടാമതായി, നാം നമ്മുടെ ഹൃദയത്തിൽ കടക്കുവാൻ അനുവദിക്കുന്ന കാര്യങ്ങളെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരിക്കണം. നമ്മൾ ശ്രദ്ധിക്കുന്ന വാർത്താ-മാധ്യമങ്ങളും, യൂടൂബുകളും, സീരിയലുകളും, സിനിമകളും യഥാർത്ഥത്തിൽ നമ്മെ സ്വാധീനിക്കുന്നു. അത് നാം ആയിത്തീരുന്ന വൃക്തിത്വങ്ങളെ രൂപപ്പെടുത്തുന്നു. അതുകൊണ്ട് അവയെ നാം നിസ്സാരമായി കാണരുത്. അവ നമ്മുടെ ഹൃദയത്തിന്റെ മാംസളത നശിപ്പിക്കുന്നു. അതിനാൽ, വാർത്തകൾ വായിച്ചുകേൾക്കുമ്പോഴോ, സീരിയലുകൾ കാണുമ്പോഴൊ, Facebook-ൽ സ്ക്രോൾ ചെയ്യുമ്പോഴോ, യൂടൂബ് ശ്രദ്ധിക്കുമ്പോഴൊ ഈ ഉള്ളടക്കം എന്റെ ഹൃദയത്തെ മൃദുവാക്കുകയാണൊ കഠിനമാക്കുകയാണൊ എന്നു നാം പരിശോധിക്കണം. അത് എന്നെ ദൈവത്തിലേക്കും അവന്റെ സ്നേഹത്തിലേക്കും അടുപ്പിക്കുകയാണോ അതോ അവനിൽ നിന്ന് അകറ്റുകയാണോ എന്നു നാം ചോദിക്കണം. അക്രമം, അശുദ്ധി, നുണകൾ, പീഡനങ്ങൾ, ഉത്കണ്ഠ, ഗോസിപ്പുകൾ എന്നിവയോട് sensitivity നഷ്ടപ്പെട്ടവരായി അഥവാ സംവേദനക്ഷമതയില്ലാത്ത വരായി മാറുന്നത് വളരെ എളുപ്പമാണ്- ഇവയെല്ലാം മാധ്യമങ്ങൾ മുതലെടുക്കുകയും ചെയ്യുന്നു. അതിനാൽ, നമ്മൾ സെൻസിറ്റീവും മൃദുലഹൃദയരും ആയിരിക്കണമെങ്കിൽ, വിനാശകരമായ ഇൻപുട്ടുകളിൽ നിന്ന് നമ്മുടെ ഹൃദയങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്.

മൂന്നാമതായി, മറ്റുള്ളവരുമായി ആഴത്തിലുള്ള ബന്ധം നാം സൂക്ഷിക്കണം. മറ്റുള്ളവരെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നമ്മുടെ ഹൃദയം തുറക്കണം. അതായത്, നമ്മുടെ പോരാട്ടങ്ങളെയും ബലഹീനതകളെയും കുറിച്ച് സഹവിശ്വാസികളോട് പങ്കുവെക്കുവാൻ നമുക്ക് കഴിയണം. അതിനർത്ഥം നമുക്ക് ആത്മീയ തലത്തിൽ സഹായം ആവശൃമുള്ളപ്പോൾ അത്‌ ചോദിക്കുവാനും ആ വൃക്തിയെ ആത്മാർഥമായി സഹായിക്കുവാനും നമുക്ക് കഴിയണം.

നാലാമതായി, നമ്മുടെ പാപം ഏറ്റുപറയുക: നമ്മുടെ ഹൃദയം കഠിനമായി തീരുന്നതിനുള്ള ഒരു കാരണം നമ്മുടെ ജീവിതത്തിലെ ഏറ്റുപറഞ്ഞുപേക്ഷിക്കാത്ത പാപമായിരിക്കാം. നമ്മുടെ പാപങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നത് നമ്മുടെ ഹൃദയങ്ങളെ മൃദുവാക്കുന്നു. നമ്മുടെ പാപങ്ങൾ കർത്താവിനോടും മറ്റുള്ളവരോടും ഏറ്റുപറയേണ്ടത് പ്രധാനമാണ്. Confession നമ്മെ കർത്താവിനോടും അവന്റെ സൗമ്യമായ തിരുത്തലിനോടും സംവേദനക്ഷമതയുള്ളവരാക്കി നിർത്തുന്നു.

അഞ്ചാമതായി, മറ്റുള്ളവരോട് ക്ഷമിക്കുക: നമ്മുടെ സ്വന്തം പാപം മാത്രമല്ല, മറ്റുള്ളവർ നമ്മോട് ചെയ്ത പാപങ്ങളും നമ്മുടെ ഹൃദയത്തെ കഠിനമാകുന്നു. മറ്റുള്ളവർ നമ്മോടു ചെയ്ത അന്യായത്തെ പ്രതി അവരോട് കൈപ്പോടെയിരിക്കുവാൻ വളരെ സാദ്ധ്യതയുണ്ട്. എന്റെ അനുഭവത്തിൽ, ക്ഷമ നമ്മുടെ ഹൃദയത്തിന് ഒരു നല്ല ശമന ഔഷധമാണ്. അത് നാം ആർജ്ജിച്ചെടുക്കുന്ന ഒന്നല്ല. മറിച്ച്, ദൈവം നമ്മോടു കാണിച്ച പാപക്ഷമ മറ്റുള്ളവരിലേക്ക് ഒഴുകാൻ അനുവദിക്കുന്നതാണ്. അതു ഒരിക്കൽ മാത്രമായി പരിമിതപ്പെടുത്താനുള്ളതല്ല, മറിച്ച്, തുടർമാനമായി നാം അനുവർത്തിക്കേണ്ട ഒന്നാണ്. പതിനായിരം താലന്ത് ഇളച്ചു കിട്ടിയവൻ 100 വെള്ളിക്കാശ് കടംപെട്ടിരിക്കുന്നവനോടു അതു ഇളച്ചുകൊടുക്കുവാൻ ബാദ്ധ്യസ്ഥനല്ലയൊ എന്ന പ്രമാണം നാം ഓർക്കുക. ഇത് നമ്മുടെ ഹൃദയങ്ങളെ ക്രമേണ സുഖപ്പെടുത്തുകയും യഥാസ്ഥാനപ്പെടുത്തുകയും ചെയ്യുന്നു.

അവസാനമായി, കരച്ചിലിനെ പുൽകുക: ഹന്ന ദൈവസന്നിധിയിൽ കരഞ്ഞതുപോലെ, ഈയോബ് ദൈവസന്നിധിയിൽ തന്റെ സങ്കടങ്ങളെ ബോധിപ്പിച്ചതുപോലെ, ഏലിയാവ് ആഹാബിന്റേയും ഇസബേലിന്റേയും ഭീഷണിയിൽ ദൈവമുൻപാകെ വിലപിച്ചതുപോലെ, ദാവീദ് തന്റെ വിഷമഘട്ടങ്ങളിൽ കണ്ണീർ ഒഴുക്കിയതുപോലെ, കർത്താവ് ലാസറിന്റെ കല്ലറയിൽ കരഞ്ഞതുപോലെ, നമ്മുടെ വേദനാവേളകളിൽ ദൈവസന്നിധിയിൽ നമ്മുടെ ഹൃദയത്തെ പകരുന്നത് നമ്മുടെ ഹൃദയത്തെ മാംസളമാക്കി തീർക്കുവാൻ സഹായിക്കും.
ഈ കാര്യങ്ങൾ നാം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണെങ്കിൽ നമ്മുടെ ഹൃദയത്തെ കഠിനപ്പെടാതെ മാംസളമായി സൂക്ഷിക്കുവാൻ നമുക്കു സാധിക്കും.

ഈ വേദഭാഗത്തുനിന്നും മൂന്നാമതായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം അവിശ്വാസത്താൽ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതിന്റെ പരിണതഫലം ദൈവത്തിന്റെ ന്യായവിധിയെ അഭിമുഖീകരിക്കുക എന്നതാണ്.
3. അവിശ്വാസത്താൽ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതിന്റെ പരിണതഫലം ദൈവത്തിന്റെ ന്യായവിധിയെ അഭിമുഖീകരിക്കുക

10-ാം വാക്യം: "10 നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു".

തങ്ങളുടെ പൂർവികരോടു ദൈവം ഒരു ശപഥത്തിലൂടെ ഉറപ്പിച്ച അവന്റെ വാഗ്ദാനം വിശ്വസിക്കാൻ വിസമ്മതിച്ച യിസ്രായേൽജനം കർത്താവിനോട് അവജ്ഞയോടെ പെരുമാറി (14:16, 23, 30). മന്ന (പുറ. 16:1-36), പാറയിൽ നിന്നുള്ള വെള്ളം (17:1-7), ശത്രുക്കളിൽ നിന്നുള്ള വിടുതൽ (17:8) എന്നിങ്ങനെയുള്ള ദൈവത്തിന്റെ കൃപയുടെ അനേകം അടയാളങ്ങൾക്ക് അവർ സാക്ഷ്യം വഹിച്ചു (14:11). –16). എന്നാൽ അവരുടെ പെരുമാറ്റം അവരുടെ ഹൃദയങ്ങൾ എപ്പോഴും തെറ്റിപ്പോകുന്നുവെന്നും തന്റെ വഴികളെ അവർ അറിഞ്ഞിട്ടില്ലെന്നുമുള്ള നിഗമനത്തിലേക്ക് ദൈവത്തെ നയിച്ചു. ദൈവത്തിന്റെ അത്ഭുതപ്രവൃത്തികൾ അവർ പതിവായി കണ്ടവരെങ്കിലും, അവർ ദൈവത്തിന്റെ വിശ്വസ്‌തതയെ അംഗീകരിക്കുകയോ തങ്ങളുടെ ജീവന്നായുള്ള അവന്റെ ഇഷ്ടം സ്വീകരിക്കുകയോ ചെയ്‌തില്ല.

"11 ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു."

ഇത് സംഖ്യാപുസ്തകം 14: 23-ന്റെ ഉദ്ധരണിയാണ്. എങ്കിലും ഇതിന്റെ സന്ദർഭം മനസ്സിലാക്കാൻ 14:21-23 വരെയുള്ള വാക്യങ്ങൾ ഞാൻ വായിക്കുകയാണ്. സംഖ്യാപുസ്തകം 14:21-23: "21 എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും 22 എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു 23 അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല" (സംഖ്യ. 14:21-23). ഈ പ്രയോഗത്തെ ഇനി പറയുന്ന നിലയിൽ വ്യാഖ്യാനിക്കുവാൻ കഴിയും. 'അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിച്ചാൽ...’ പിന്നെ ഞാൻ ദൈവമായിരിക്കയില്ല'; അത്രക്കു ഗൗരവമേറിയ ഒരു പ്രസ്താവനായാണ്. എന്നെ അവിശ്വസിക്കുകയും ധിക്കരിക്കയും ചെയ്ത ഇങ്ങനെയുള്ളവർ വാഗ്ദത്ത ദേശത്ത് പ്രവേശിച്ചാൽ പിന്നെ ഞാൻ ദൈവമെന്നു പറഞ്ഞിട്ടെന്തു കാര്യം? എത്ര ഗൗരവമായ പ്രസ്താവനയാണത്! ദൈവത്തെ അവിശ്വസിക്കയും ധിക്കരിക്കുകയും ചെയ്യുന്നത് ദൈവത്തിനൊരിക്കലും അംഗീകരിച്ചുകൊടുക്കുവാൻ കഴിയുന്ന കാര്യമല്ല.

യിസ്രായേലിനു സംഭവിച്ച ഈ പരാജയമാണ് വർത്തമാനകാല വിശ്വാസികളുടെ പ്രബോധനത്തിനായി എബ്രായലേഖനകാരൻ ചുണ്ടിക്കാട്ടുന്നത്. അവർ ദൈവത്തിന്റെ വചനം മുറുകെ പിടിക്കുന്നതിൽ പരാജയപ്പെട്ടു. അതിന്റെ ഫലമായി ദൈവത്തിന്റെ കോപം അവരുടെമേൽ ജ്വലിക്കുന്നതിനു കാരണമായി തീർന്നു. ആ കോപത്തിൽ ദൈവം ഒരു ശപഥം ചെയ്തു, അവർ ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കുകയില്ല എന്ന്. അവരുടെ അനുസരണക്കേട്, അവിശ്വാസത്തേയാണ് കാണിക്കുന്നത്. അവിശ്വാസം അവരുടെ ഹൃദയത്തെ കഠിനമാക്കി. അതവരെ ദൈവത്തിന്റെ വാഗ്ദത്തങ്ങൾ "മുറുകെ പിടിക്കുന്നതിൽ" പരാജയപ്പെടുത്തി.

ഭാഗ്യവശാൽ, പഴയനിയമത്തിലൊ, എബ്രായപുസ്തകത്തിലെ ഈ ഉദ്ധരണിയിലൊ, മത്സരത്തിലെന്നപോലെ 'നിങ്ങൾ ചെയ്തു' അഥവാ 'എബ്രായവിശ്വാസികൾ ചെയ്തു' എന്ന വാക്കൊ അങ്ങനെയൊരു ആശയമൊ ഇവിടെ കാണാൻ കഴിയുന്നില്ല. അതായത്, എബ്രായവിശ്വാസികൾ തങ്ങളുടെ പൂർവ്വികരെപോലെ പെരുമാറി; അതുകൊണ്ട് ദൈവത്തിന്റെ ന്യായവിധിയെ അഭിമുഖീകരിച്ചുകൊള്ളുക എന്നല്ല ഇവിടെ പറയുന്നത്. പൂർവ്വികരുടെ പ്രവൃത്തി നിങ്ങൾ ആവർത്തിക്കരുത് എന്ന മുന്നറിയിപ്പാണിത്. പൂർവ്വികരുടെ പ്രവൃത്തി നിങ്ങൾ ആവർത്തിക്കരുത്. അപ്പോൾ ഇത് സ്വയപരിശോധനക്കുള്ള ഒരു ആഹ്വാനമാണ്. സ്വയപരിശോധനക്കുള്ള ഒരു ആഹ്വാനം.

നിങ്ങളുടെ ഹൃദയം ദൈവവചനത്തിനെതിരെ കഠിനമാക്കി മുന്നോട്ടു പോകുന്നവരൊ? മാനസാന്തരപ്പെടാൻ മനസ്സില്ലാത്തവരൊ? ആരെങ്കിലും നിങ്ങൾക്കെതിരെ കൈചൂണ്ടുന്നതുവരെ കാത്തിരിക്കാതെ, സ്വയം പരിശോധിച്ചു തെറ്റുതിരുത്തൽ നടത്തുക. ഇനി ആരെങ്കിലും നിങ്ങൾ തിരുത്തണം എന്നു ആവശ്യപ്പെട്ടാൽ അതിനോടു മത്സരിക്കാതെ അതിനു തയ്യാറാകുക. സ്വയപരിശോധനക്കു നിങ്ങൾ തയ്യാറായാൽ നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഓപ്ഷൻ ആയിരിക്കും, കാരണം അപ്പോൾ നിങ്ങളും ദൈവവും മാത്രമെ ആ തെറ്റ് അറിഞ്ഞിട്ടുണ്ടാവുകയുള്ളു. മറ്റുള്ളവർ അറിഞ്ഞിട്ടുണ്ടാവുകയില്ല. അവർ അറിയുന്നതുവരെ കാത്തിരിക്കാതെ സ്വയം തിരുത്തുക.

ഇനി, ഇതിന്റെ വർത്തമാനകാല പ്രസക്തി എന്താണ് എന്നു നമുക്കു ഇനി പരിശോധിക്കാം. ഈ ഉദാഹരണം മുന്നിർത്തി രക്ഷ നഷ്ടപ്പെടുമൊ ഇല്ലയൊ എന്ന കാര്യമാണ് ഞാനിനി പരിശോധിക്കുവാൻ പോകുന്നത്. മരുഭൂമിയിൽ അലഞ്ഞുതിരിയുന്നവരെ മാതൃകാപരമായി ഉപയോഗിക്കുന്ന പ്രസംഗകൻ തന്റെ ശ്രോതാക്കൾക്ക് സംഭവിക്കാവുന്ന അപകടത്തെ സ്ഥിരീകരിക്കുന്നു, കാരണം യഥാർത്ഥ സമാന്തരം ഇല്ലെങ്കിൽ ഉദാഹരണം ഉപയോഗശൂന്യമാകും. അതിനർത്ഥം, എബ്രായരുടെ വായനക്കാർ അനുസരണക്കേട് ഒഴിവാക്കിയില്ലെങ്കിൽ, ദൈവം അവരെ അക്ഷരാർത്ഥത്തിൽ മരുഭൂമിയിലേക്ക് കൊണ്ടുപോയി കൊല്ലും എന്നല്ല. രക്ഷ നഷ്‌ടപ്പെടുന്നതിലൂടെ ദൈവവുമായുള്ള ബന്ധത്തിൽ നിന്ന് വിച്ഛേദിക്കപ്പെടുന്നതിനു ഈ ചിത്രം നേരിട്ട് യോജിക്കുന്നുവെന്ന് പിടിവാശി പടിക്കാനും മുതിരരുത്. എന്നാൽ ആ സാധ്യതയെ അഭിസംബോധന ചെയ്യേണ്ടതും ആവശ്യമാണ്.

മരുഭൂമിയിൽ വീണുപോയവർക്ക് വരാനിരിക്കുന്ന ജീവിതത്തിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ യഹൂദ പണ്ഡിതന്മാർക്കിടയിൽ തർക്കമുണ്ട്; ഹെബ്രായലേഖന രചയിതാവ് അതിനെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയുന്നുമില്ല. ആ സ്ഥിതിക്ക് എഴുതിയിരിക്കുന്നതിലപ്പുറം ഭാവിക്കാതിരിക്കുന്ന താണ് നല്ലത്. വീണുപോയവരുടെ ചിത്രം ന്യായവിധിയുടെ വ്യക്തമായ ചിത്രവും, കഠിനവും പാപപൂർണ്ണവുമായ ഹൃദയം കാരണം ദൈവത്തിൽ നിന്ന് അകന്നുപോകാനുള്ള ഭയാനകമായ സാധ്യതയും ഇത് നൽകുന്നു എന്നു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ വിധിയുടെ കൃത്യമായ സ്വഭാവം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും, ഇവിടെ ചിത്രീകരിച്ചിരി ക്കുന്ന അപകടം ഗുരുതരമാണ്. അവിശ്വാസത്തിലൂടെയും അനുസരണക്കേടുകളിലൂടെയും ദൈവത്തെ പ്രകോപിപ്പിക്കുന്ന ഏതൊരാളും ദൈവത്തിന്റെ ക്രോധത്തെ അഭിമുഖീകരിക്കുമെന്ന് അവരുടെ ഉദാഹരണം കാണിക്കുന്നു.

അപ്പോൾ ഇതുവരെ പറഞ്ഞത് ഞാൻ സംഗ്രഹിക്കുകയാണ്. ഒന്നാമതായി, ഞാൻ പറഞ്ഞത്, ബൈബിൾ ദൈവത്തിന്റെ വചനമാണ്. അത് നൂറ്റാണ്ടുകൾക്കുമുൻപ് എഴുതപ്പെട്ടതാണെങ്കിലും അതിന്റെ വർത്തമാനകാല പ്രാധാന്യം ഒട്ടും കുറഞ്ഞുപോയിട്ടില്ല. രണ്ടാമതായി, അവിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്. മൂന്നാമതായി, അവിശ്വാസത്താൽ ഹൃദയം കഠിനമാക്കുന്നതിന്റെ പരിണതഫലം ദൈവത്തിന്റെ ന്യായവിധിയെ അഭിമുഖീകരിക്കുക എന്നതാണ്.

ക്രിസ്തീയജീവിതം മരുഭൂമിയിലെ ഒരു യാത്രപോലെ ബുദ്ധിമുട്ടുള്ളതാണ്. നമ്മുടെ ജീവിതത്തിലെ മെച്ചപ്പെട്ടസമയങ്ങൾ വളരെ ചുരുങ്ങിയതും, ദുർഘടസമയങ്ങൾ ഒരുപക്ഷേ ദീർഘമേറിയതുമായി നമുക്ക് അനുഭവപ്പെട്ടേക്കാം. ദൈവം നമ്മുടെ വിളിപ്പുറത്തിനപ്പുറത്താണ് എന്ന് തോന്നിയേക്കാം. എന്നാൽ മനുഷ്യരുടെ എല്ലാ കഷ്ടപ്പാടുകളും നന്നായി അനുഭവിച്ച യേശു ഏറ്റവും അനുകമ്പയോടും വിവേകത്തോടെയും നമ്മേ ഉപദേശിക്കുന്നു. അവൻ നമ്മുടെ വിശ്വസ്തമഹാപുരോഹിതനും ശക്തനായ രാജാവുമാണ്. ക്രുശിൽ താൻ സ്വയം ബലിയർപ്പിച്ചപ്പോൾ അതിരുകളില്ലാത്ത സ്നേഹവും നീതിയും നമ്മോടു കാണിച്ചു. തെറ്റുകളും പാപങ്ങളും നമ്മിലുണ്ടായിരുന്നിട്ടും അവിടുന്നു നമ്മേ സ്വീകരിച്ചു. അതു നമ്മേ അവശ്യനേരത്തു കൈവിട്ടു കളയാൻ വേണ്ടിയല്ല, നമ്മുടെ പരിക്ഷകളിൽ നമ്മേ കൈപിടിച്ചു നടത്താൻ വേണ്ടിയാണ്. ആകയാൽ, പിതാവേ, എന്റെ കയ്യിൽ പിടിച്ചുകൊള്ളേണമേ.. എന്നാൽ ഞാൻ സുരക്ഷിതനായിരിക്കും എന്ന് നമുക്ക് ധൈര്യത്തൊടെ പറയാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാനെന്റെ വാക്കുകളെ ചുരുക്കുന്നു. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ. ആമേൻ

*******

© 2020 by P M Mathew, Cochin

bottom of page