
നിത്യജീവൻ

എബ്രായലേഖന പരമ്പര-14
P M Mathew
MAY 05, 2024
Believer and the Rest !
വിശ്വാസിയും സ്വസ്ഥതയും !
Hebrews 4:1-11
ഹെബ്രായർ 4:1-11
"1അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക.
2 അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല.
3 വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നത്; ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീർന്നുപോയശേഷവും: “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 4 ഏഴാം നാളിൽ ദൈവം തന്റെ സകല പ്രവൃത്തികളിൽനിന്നു നിവൃത്തനായി” എന്നു ഏഴാം നാളിനെക്കുറിച്ചു ഒരേടത്തു പറഞ്ഞിരിക്കുന്നു. 5 “എന്റെ സ്വസ്ഥതയിൽ അവർ പ്രവേശിക്കയില്ല” എന്നു ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു. 6 അതുകൊണ്ടു ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും 7 ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു. 8 യോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു; 9 ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു. 10 ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു. 11 അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക."
പ്രധാന ആശയം.
മോശയിലൂടെയുള്ള ദൈവത്തിന്റെ ശബ്ദം വിശ്വസിക്കാത്ത ഇസ്രായേലിന്റെ മത്സരികളായ തലമുറയിൽ നിന്ന് വ്യത്യസ്തമായി, പുത്രനിലൂടെ നൽകിയ ദൈവത്തിന്റെ വചനം വിശ്വസിച്ചുകൊണ്ട് അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനും ആ സ്വസ്ഥതയിൽ നിലനിൽപ്പാനും നാം ഉത്സാഹിക്ക. ഇതാണ് ഈ വേദഭാഗത്തിന്റെ കേന്ദ്രാശയം.
വളരെ ആകർഷകവും നിഗൂഡവും കർശനവാദങ്ങൾ നിറഞ്ഞതുമായ വേദഭാഗമെന്നാണ് George H Guthri എന്ന കമന്റേറ്റർ ഈ വേദഭാഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കാരണം ഒരേ സങ്കീർത്തനവാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് വ്യത്യസ്ഥ വാദഗതികളാണ് ലേഖനകാരൻ ഇവിടെ നിരത്തുന്നത്.
മൂന്നാം അദ്ധ്യായത്തിന്റെ 7 മുതൽ നാലാം അദ്ധ്യായത്തിന്റെ 11 വരെ വാക്യങ്ങളെക്കുറിച്ചു Dr D A Carson പറയുന്നത്: The Author is reading Psalm 95 first in a moralizing way, and then in a Typological way എന്നാണ്. അതായത്, മൂന്നാം അദ്ധ്യായത്തിന്റെ 7-19 വരെ വാക്യങ്ങളിൽ 95-ാം സങ്കീർത്തനത്തിന്റെ (8-11 വാക്യങ്ങളുടെ) ഒരു ധാർമ്മിക പാഠവും നാലാം അദ്ധ്യായത്തിന്റെ 1-11 വരെ വാക്യങ്ങളിൽ അതിന്റെ Typological lesson /സൂചകോപദേശവും നൽകുന്നു എന്നാണ്.
ആദ്യം ധാർമ്മികമായ പാഠം എന്നാലെന്താണ് എന്ന് ഞാൻ വ്യക്തമാക്കാം. അബ്രഹാമിന്റെ ജീവിതം, ദാവീദിന്റെ ജീവിതം, ദാനിയേലിന്റെ ജീവിതം അങ്ങനെ ചില പഴയനിയമ കഥാപാത്രങ്ങളെ അവതരിപ്പിച്ചശേഷം ആ കഥാപാത്രം അല്ലെങ്കിൽ ആ രാജാവ് ഒരു നല്ല രാജാവായിരുന്നു, അതിനാൽ നാം നന്നാവുക. അബ്രഹാം വിശ്വസ്തനായിരുന്നു, അതിനാൽ നാമും വിശ്വസ്തരാകുക. അതെല്ലങ്കിൽ അബ്രഹാം ഇവിടെ ഒരു കൂട്ടം നുണകൾ പറഞ്ഞു, അങ്ങനെ നാം ചെയ്യരുത് എന്നൊക്കെ പറയുന്നതിനെയാണ് ധാർമ്മികപാഠം എന്നു പറയുന്നത്.
ചില പ്രാസംഗികർ പഴയനിയമത്തിൽ നിന്നു പ്രസംഗിക്കുമ്പോൾ, അതിലെ ധാർമ്മിക പാഠം മാത്രം പ്രസംഗിക്കുന്നു; എന്നാൽ അതു നമ്മെ ദൈവത്തോടു അടുപ്പിക്കുന്ന രക്ഷകനിലേക്ക് എങ്ങനെ നയിക്കുന്നു എന്നു പറയുകയില്ല. അതല്ലെങ്കിൽ ഉൽപ്പത്തി മുതൽ വെളിപ്പാടുവരെയുള്ള പുസ്തകങ്ങളെ ഒരു ചുവപ്പു ചരടിൽ കോർത്തിണക്കുന്ന കർത്താവായ യേശുക്രിസ്തുവിലേക്കും, നമ്മേ രൂപാന്തരപ്പെടുത്തുന്ന സുവിശേഷത്തിലേക്കും നമ്മേ നയിക്കുകയില്ല. യേശുക്രിസ്തുവിനും അവന്റെ സുവിശേഷത്തിനുമല്ലാതെ മനുഷ്യനെ രക്ഷിക്കുവാൻ കഴിയാതിരിക്കുമ്പോൾ, ധാർമ്മികതമാത്രം പ്രസംഗിച്ചിട്ടു കാര്യമില്ല. കാരണം മതങ്ങളെല്ലാംതന്നെ ചില ധാർമ്മിക ഉപദേശങ്ങൾ നൽകി മനുഷ്യരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.
പഴയനിയമ വേദഭാഗങ്ങളിൽ ധാർമ്മികപാഠങ്ങൾ ഉണ്ട് എന്നത് ശരിയായിരിക്കുമ്പോൾ തന്നെ അതിനേക്കാൾ അധികമായത് അടങ്ങിയിരിക്കുന്നു. അതു തുറന്നു കാട്ടി നമ്മുടെ രക്ഷകനിലേക്കും അവൻ നൽകുന്ന സ്വസ്ഥതയിലേക്കും നമ്മേ നയിക്കുക എന്ന കാര്യമാണ് ഹെബ്രായ പ്രാസംഗികൻ ഇവിടെ നിവൃത്തിക്കുന്നത്.
മോശയോടൊപ്പം ഈജിപ്ത് വിട്ട അനേകർ ദൈവത്തെ അവിശ്വസിച്ചതിനാൽ കനാൻ ദേശത്ത് പ്രവേശിക്കാതെ മരുഭൂമിയിൽ പട്ടുപോയി. അവരുടെ തെറ്റായ മാതൃക വിശ്വാസികൾ പിൻപറ്റരുത്. അതേസമയം ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ തുടർമാനമായി വിശ്വസിക്കുകയും മറ്റുള്ളവരെ അത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചില നല്ല ഇസ്രായേല്യർ അവരോടൊപ്പമുണ്ടായിരുന്നു. ജോഷ്വയും കാലേബും ഒക്കെ (സംഖ്യ. 13:30-33; 14:5-9) അക്കൂട്ടത്തിൽ പെടുന്നു. അവരുടെ നല്ല മാതൃകയാണ് വിശ്വാസികൾ പിൻപറ്റേണ്ടത്. ഇതാണ് 3:7-19 വരെ വാക്യങ്ങളിലെ ധാർമ്മിക പാഠം എന്നത്.
എന്നാൽ എബ്രായപ്രാസംഗികൻ അത്രയും പറഞ്ഞ് ആ വേദഭാഗം അവസ്സാനിപ്പിക്കുകയല്ല. താനതിന്റെ Typological lesson-ലേക്കു അല്ലെങ്കിൽ സൂചകോപദേശത്തിലേക്കു കടക്കുകയാണ് നാലാം അദ്ധ്യായത്തിന്റെ 1-11 വരെ വാക്യങ്ങളിൽ.
ഇനി എന്താണ് Typology/സൂചകോപദേശം എന്ന് ഞാൻ വിശദമാക്കാം. പഴയനിയമ വേദഭാഗത്ത് പറയുന്ന കാര്യത്തിന്റെ കൂടുതൽ വലുതും പ്രാധാന്യമേറിയതുമായ ഒരു Type അഥവാ നിഴൽ കണ്ടെത്തുന്നതിനെയാണ് Typology എന്നു പറയുന്നത് (R). ദൈവത്തിന്റെ പദ്ധതിയിലെ ഉന്നതവും ശ്രേഷ്ഠവുമായ കാര്യത്തെ സൂചിപ്പിക്കുന്ന ഒരു വ്യക്തിയൊ, ഒരു സംഭവമൊ ഒരു സ്ഥാപനമൊ ആകാം ആ Type/നിഴൽ എന്നു പറയുന്നത്. അതായത്, യോനയെപ്പോലെ അതൊരു വ്യക്തിയാകാം; പുറപ്പാടുപോലെ അതൊരു സംഭവമാകാം, പെസഹാപോലെ അതൊരു institution/സ്ഥാപനമാകാം.
നാം വായിച്ച ഈ വേദഭാഗത്ത് കനാൻ ദേശവും അതുപോലെ യോശുവയും വരാനിരിക്കുന്ന സ്വസ്ഥതയുടെയും അതിലേക്കു വിശ്വാസികളെ നയിക്കുന്ന യേശുവിന്റെയും ഒരു Type ആണ്. 4:8 ൽ ആ കാര്യം നമുക്കു വ്യക്തമായി കാണുവാൻ കഴിയും. "8 യോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു;". ഇതിൽ യോശുവയും സ്വസ്ഥതയും ഭാവിയിൽ വരാനിരിക്കുന്ന രക്ഷകന്റേയും താൻ യാഥാർത്ഥ്യമാക്കുന്ന രക്ഷയുടേയും ഒരു Type അഥവാ നിഴൽ ആണ്.
നാലാം അദ്ധ്യായത്തിന്റെ ആദ്യത്തെ രണ്ടു (1 ഉം 2 ഉം) വാക്യങ്ങൾ പരിവർത്തന വാക്യങ്ങളാണ്. മരുഭൂമിയിൽ അലഞ്ഞുതിരിയുന്നവർക്കും, സ്വസ്ഥതയിൽ പ്രവേശിക്കുന്നവർക്കും ഇടയിലെ പരിവർത്തനവാക്യങ്ങൾ.
“അതുകൊണ്ടു" എന്നു പറഞ്ഞുകൊണ്ടാണ് ഒന്നാം വാക്യം ആരംഭിക്കുന്നത്. മലയാള വിവർത്തനത്തിൽ ആ വാക്ക് ഇല്ലെങ്കിലും ഗ്രീക്കിലും ഇംഗ്ലിഷിലും ആ വാക്കുണ്ട്. (epei oun/“therefore") "അതുകൊണ്ട് "1അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക" എന്നാണ് ഒന്നാം വാക്യത്തിൽ നാം വായിക്കുന്നത്.
അതായത്, സംഖ്യാപുസ്തകം 14-ൽ രേഖപ്പെടുത്തിയിരിക്കുന്ന യിസ്രായേലിന്റെ ചരിത്രസംഭവത്തെ അടിസ്ഥാനമാക്കി/ മൂന്നാം അദ്ധ്യായത്തിന്റെ 7-19 വരെ വാക്യങ്ങളിൽ നടത്തിയ ചർച്ചയുടെ വെളിച്ചത്തിൽ/ വിശ്വാസികൾ എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ പ്രയോഗം അർത്ഥമാക്കുന്നത്. മിസ്രയിമിൽ നിന്നു പുറപ്പെട്ട അനേകർ/ അവരുടെ അവിശ്വാസത്തിൽ നിന്നുളവായ അനുസരണക്കേടിനാൽ/ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചില്ല. ഈ കാര്യമാണ് 3ന്റെ അവസാന വാക്യത്തിൽ (3:19 ൽ) നാം കണ്ടത്: "19 ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു."
അതിനുള്ള കാരണം അവരുടെ അവിശ്വാസമാണ്. അവിശ്വാസം. അതിൽ നിന്നും ഒരു കാര്യം വ്യക്തം, രക്ഷയിൽ പ്രവേശിക്കുവാനുള്ള മാർഗം വിശ്വാസമാണ്. വിശ്വാസം മനുഷ്യരെ രക്ഷയിൽ/സ്വസ്ഥതയിൽ പ്രവേശിപ്പിക്കുന്നു.
ഒന്നാം വാക്യം തുടരുന്നു: "1അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ" എന്ന്. അതിലൊരു സൂചന നമുക്കു കാണാം. യിസ്രയേല്ല്യരിൽ ചിലർ വാഗ്ദത്തദേശത്ത് പ്രവേശിക്കാതിരുന്നതുകൊണ്ട് ആ സാദ്ധ്യത അവസാനിപ്പിച്ചില്ല എന്നതാണ് ആ സൂചന. അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ഇന്നും ശേഷിച്ചിരിക്കുന്നു. ചിലരുടെ അവിശ്വാസംകാരണം ദൈവത്തിന്റെ പരിപാടി അവസാനിപ്പിച്ചിട്ടില്ല. "അവന്റെ സ്വസ്ഥതയിൽ പ്രവേശിക്കാനുള്ള വാഗ്ദത്തം ഇപ്പോഴും നിലനിൽക്കുന്നു;" ആ സൂചന കൂടുതൽ വ്യക്തമാക്കുകയാണ് 95-ാം സങ്കീർത്തനത്തിലെ ഈ ഉദ്ധരണി. സങ്കീർത്തനക്കാരൻ പറയുന്നു, "ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ" നിങ്ങൾക്കും ആ സ്വസ്ഥതയിൽ പ്രവേശിക്കാം. ഇന്നു ദൈവത്തിന്റെ വചനം വിശ്വസിക്കുന്ന ആർക്കും അതിൽ പ്രവേശിക്കാം.
അപ്പോൾ ഒന്നാമതായി, ഞാൻ വേദഭാഗത്തുനിന്നും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ദൈവത്തെ വിശ്വസിച്ചുകൊണ്ട് അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാൻ നാം ഉത്സാഹിക്കണം എന്നതാണ്.
1. ദൈവത്തെ വിശ്വസിച്ചുകൊണ്ട് അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാൻ നാം ഉത്സാഹിക്ക
ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നാണല്ലൊ മൂന്നാം അദ്ധ്യായത്തിന്റെ അവസാനവാക്യത്തിൽ നാം കണ്ടത്. അതേ കാര്യം നിങ്ങൾക്കും സംഭവിക്കാതെ സൂക്ഷിക്കുക. ഹെബ്രായവിശ്വാസികളോടാണിതു പറയുന്നത് എന്നുംകൂടി നാം ഓർക്കണം. "...നിങ്ങളിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക." മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞവരുടെ മുൻപിലത്തെ നിഷേധാത്മക ഉദാഹരണമാണ് "ജാഗ്രത പാലിക്കാൻ" ആവശ്യപ്പെടുന്നതിന്റെ കാരണം.
അതായത്, ദൈവത്തിന്റെ വചനത്തെ അവിശ്വസിച്ചാൽ നിങ്ങൾക്കും ഇതു സംഭവിക്കാം. അങ്ങനെ സംഭവിക്കാതിരിക്കാൻ നാം ഭയപ്പെടുക എന്നതാണ് പ്രാസംഗികൻ നൽകുന്ന മുന്നറിയിപ്പ്. അതിനു കാരണമായി പറയുന്നത്, അവർ കേട്ടതുപോലെ നാമും ഒരു സദ്വർത്തമാനം കേട്ടിരിക്കുന്നു എന്നതാണ്. അവർ കേട്ടതുപോലെ നാമും ഒരു സദ്വർത്തമാനം കേട്ടിരിക്കുന്നു. യിസ്രായേൽജനം ആ സദ്വാർത്തകേട്ടെങ്കിലും അവരതു വിശ്വസിച്ചില്ല, അതിന്റെ ഫലമായി അവർക്കതു ഉപകാരപ്പെട്ടില്ല. അതുപോലെ നമുക്കും സംഭവിക്കരുത്.
മൂന്നാം വാക്യം ഇക്കാര്യം വീണ്ടും പോസിറ്റീവായി പറയുന്നു : "3 വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നത്; അതിൽ നിന്നും ഒരുകാര്യം വ്യക്തം, ദൈവത്തിന്റെ വചനം വിശ്വസിക്കുന്നവർക്കാണ് ദൈവത്തിന്റെ രക്ഷ അഥവ സ്വസ്ഥത ലഭിക്കുന്നത്. ദൈവത്തിന്റെ വചനം അഥവാ സുവിശേഷം വിശ്വസിക്കുക.
അപ്പോൾ വിശ്വാസമെന്നു പറഞ്ഞാൽ എന്താണ്? Wayne Grudem എന്ന വേദപണ്ഡിതൻ വിശ്വാസത്തിനു നൽകിയിരിക്കുന്ന നിർവ്വചനം എന്നത്: "പാപമോചനത്തിനും ദൈവത്തോടൊപ്പമുള്ള നിത്യജീവന്നും ജീവനുള്ള ഒരു വ്യക്തിയെന്ന നിലയിൽ യേശുക്രിസ്തുവിൽ വെക്കുന്ന ആശ്രയമാണ് വിശ്വാസം എന്നത്." "പാപമോചനത്തിനും നിത്യജീവന്നുമായി ജീവനുള്ള ഒരു വ്യക്തിയെന്ന നിലയിൽ യേശുക്രിസ്തുവിൽ വെക്കുന്ന ആശ്രയമാണ് ഒരു വ്യക്തിയെ രക്ഷിക്കുന്നത്. ഈ നിർവചനം ഊന്നിപ്പറയുന്നത് രക്ഷിക്കുന്ന വിശ്വാസത്തിനു വസ്തുതകളെക്കുറിച്ചുള്ള അറിവു മാത്രം പോര, രക്ഷിക്കുന്ന യേശുവിലുള്ള വ്യക്തിപരമായ ആശ്രയവും ആവശ്യമാണ് എന്നാണ്.
വിശ്വാസമെന്ന് പറഞ്ഞാലാന്താണ് എന്ന് ഞാനൊരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നയാഗ്ര വെള്ളച്ചാട്ടത്തിനു മുകളിൽ ഒരു കയർ/വടം കുറുകെ കെട്ടിയിരിക്കുന്നു. ആ കയറിൽകൂടി അക്കരെ കടക്കാൻ ഒരു മനുഷ്യൻ തയ്യാറായി കയ്യിൽ ഒരു നീളമുള്ള ഒരു വടിയുമായി വന്നു. അവിടെ വെള്ളച്ചാട്ടം കാണാൻ വന്ന കാണികളോട് ഞാൻ കയറിൽ കൂടി അക്കരക്ക് പോകുമെന്ന് നിങ്ങൾക്കു വിശ്വസിക്കുന്നുവൊ എന്നു ചോദിച്ചു. ചിലർ പറഞ്ഞു, അതു അങ്ങേയറ്റം അപകടകരം, നിങ്ങൾക്കത് കഴിയുകയില്ല എന്ന് പറഞ്ഞു. അവർ കാൺകെ അദ്ദേഹം ആ നീളമുള്ള വടിയുമായി വടത്തിൽ കയറുന്നു. സാവധാനം മുന്നോട്ടു നടക്കാൻ തുടങ്ങി. ജനം ശ്വാസമടക്കി അതു നോക്കി നിന്നു. അദ്ദേഹം പാതിവഴി പിന്നിട്ടപ്പോൾ കാണികൾ ആവേശത്തോടെ കൈയടിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങി. കുറച്ചു സമയങ്ങൾക്കകം അദ്ദേഹം അക്കരെയെത്തി. താഴെ ഇറങ്ങി ജനങ്ങളുടെ അടുക്കൽ എത്തി. ആളുകൾ അദ്ദേഹത്തെ വളരെ പ്രശംസിച്ചു. അപ്പോൾ അദ്ദേഹം ഞാൻ തിരികെ ഈ കയറിൽകൂടി അക്കരെക്കു പോകാൻ ആഗ്രഹിക്കുന്നു. ഇനിയും എനിക്കതു സാധിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിച്ചു. ഓ ഞങ്ങൾ വിശ്വസിക്കുന്നു, താങ്കൾക്കിനിയും ഈ വടത്തിൽ കൂടി അക്കരക്കു പോകാൻ കഴിയും. നിങ്ങൾക്കാ വിശ്വാസമുണ്ടെങ്കിൽ ഒരാൾ എന്റെ തോളിലേക്കു കയറുക. ഞാൻ നിങ്ങളെയും അക്കരെയെത്തിക്കാം. അപ്പോൾ കാണികൾ ഓരോരുത്തരായി പിന്മാറാൻ തുടങ്ങി. ആരും തന്നെ അദ്ദേഹത്തിന്റെ തോളിൽ കയറി വെള്ളച്ചാട്ടത്തിനു മുകളിലൂടെ അക്കരെ കടക്കാൻ തയ്യാറായില്ല. വിശ്വസിക്കുന്നു എന്ന് പറഞ്ഞവർപോലും അദ്ദേഹത്തെ വിശ്വസിച്ചു തങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുക്കാൻ തയ്യാറായില്ല. ഇതാണ് വിശ്വാസം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. യേശുവിനെ വിശ്വസിച്ച് തങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുക്കുന്ന തിനെയാണ് വിശ്വാസമെന്ന് പറയുന്നത്.
നവീകരണ വക്താവായ മാർട്ടിൽ ലൂഥർ പറഞ്ഞു: We are saved by faith alone, but the faith that saves is never alone. It brings about grateful, joyful trusting obedience" നാം വിശ്വാസത്താൽ മാത്രമേ രക്ഷിക്കപ്പെടുന്നുള്ളൂ, എന്നാൽ രക്ഷിക്കുന്ന ആ വിശ്വാസം ഒരിക്കലും തനിച്ചല്ല. അത് നന്ദിയും സന്തോഷവും നിറഞ്ഞ വിശ്വസ്തമായ അനുസരണം ഉളവാക്കുന്നു." "രക്ഷിക്കുന്ന വിശ്വാസം അനുസരണം ഉളവാക്കുന്ന വിശ്വാസമാണ്. എന്നാൽ ഈ പറഞ്ഞതിന്റെ അർത്ഥം രക്ഷയുടെ അടിസ്ഥാനമെന്നത് വിശ്വാസവും അനുസരണവും ആണെന്നല്ല. ഇവിടെ പറയുന്ന അനുസരണം വിശ്വാസത്തിൽ നിന്നുളവാകുന്ന അനുസരണമാണ്. വിശ്വാസത്തിൽ നിന്നുളവാകുന്ന അനുസരണം. ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിനു പൂർണ്ണമായും സന്തോഷത്തോടേയും വിധേയപ്പെടുന്നതിൽ നിന്നുളവാകുന്ന അനുസരണം.
എന്നെ ശ്രവിക്കുന്നവരിൽ ആരെങ്കിലും സുവിശേഷംകേട്ട് രക്ഷിക്കപ്പെടാത്തവരായി ഉണ്ടെങ്കിൽ ഇത് അവർക്കുള്ള ക്ഷണമാണ്. നിങ്ങളുടെ പാപങ്ങളെ ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞു യേശുക്രിസ്തുവിന്റെ പാപപരിഹാരബലിയിൽ വിശ്വസിച്ചാൽ പാപപരിഹാരവും നിത്യജീവനും ദൈവം ദാനമായി നൽകും. അതുവഴി ദൈവത്തിന്റെ സ്വസ്ഥതയിലേക്കു നിങ്ങൾക്കും പ്രവേശിക്കുവാനാകും. ഇതാണ് സുപ്രസാദകാലം ഇതാണ് രക്ഷാദിവസം.
ഇവിടെ നിന്നും പറയാൻ ആഗ്രഹിക്കുന്ന രണ്ടാമത്തെ കാര്യമെന്നത്, രക്ഷിക്കപ്പെടാൻ വേണ്ടി നാം സ്വീകരിച്ച വിശ്വാസം അന്ത്യംവരെ മുറുകെ പിടിക്കേണ്ടതുണ്ട് എന്ന കാര്യമാണ്.
2. ആദ്യവിശ്വാസം അന്ത്യംവരെ മുറുകെ പിടിക്കുക.
ദൈവം തന്റെ വിശ്രമത്തിലേക്ക് പ്രവേശിക്കാൻ നമ്മെ ക്ഷണിക്കുന്നു, പക്ഷെ ആ വിശ്രമത്തിലേക്ക് പ്രവേശിക്കാൻ നമ്മോടു ഉത്സാഹം കാണിപ്പാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ, ഈ പറയുന്നതിന്റെ അർത്ഥമെന്താണ്?
ഈ ചോദ്യത്തിന്റെ ഉത്തരം പ്രാസംഗികൻ നേരെ അങ്ങു പറയുകയല്ല. അതിനു പകരം ഇസ്രായേലിന്റെ മരുഭൂമിയിലെ അലഞ്ഞുതിരിയലിലേക്ക് തിരിഞ്ഞുനോക്കി അതിൽനിന്നും മനസ്സിലാക്കാനാണ് പറയുന്നത്. ഇസ്രായേൽ ജനം ഫറവോന്റെ അടിമകളായിരുന്നു, അവർ അതിൽ നിന്നും രക്ഷിക്കപ്പെട്ടു. ദൈവം തന്റെ ശക്തമായ കരത്താലും വീര്യപ്രവൃത്തികളാലും അവരെ അടിച്ചമർത്തലിന്റെ നാട്ടിൽ നിന്നും പുറത്തു കൊണ്ടുവന്നു. ഈജിപ്തുകാരെ കൊള്ളയടിച്ച് അവരെ സമ്പന്നരാക്കി, തന്റെ ശക്തമായ സാന്നിധ്യത്താൽ അവരെ നയിച്ചു, അവരുടെ ദൈനംദിനാവശ്യങ്ങൾ അവൻ അവർക്കു നിവൃത്തിച്ചുകൊടുത്തു. ദൈവം അവരോടു കൂടെയിരുന്നു. തീർച്ചയായും അവർ ദൈവത്തിന്റെ സ്വസ്ഥത ആസ്വദിക്കുകയായിരുന്നു. പക്ഷെ അവർ മിസ്രയിമിൽ നിന്നു പുറത്തുകടന്നുവെങ്കിലും കനാൻ ദേശത്ത് എത്തിയില്ല. മിസ്രയിമിൽ നിന്നു പുറപ്പെട്ടു എന്നാൽ കനാൻ ദേശത്ത് എത്തിയതുമില്ല. അതാണ് അവർക്കു പറ്റിയ ഏറ്റവും വലിയ ദുരന്തം എന്നത്.
മിസ്രയിമിൽ നിന്നു പുറപ്പെട്ടു, ഇനി ജീവിതത്തിൽ ഒരു പ്രശ്നവുമുണ്ടാവുകയില്ല, പ്രതികൂലങ്ങൾ ഉണ്ടാവുകയില്ല എന്നവർ ചിന്തിച്ചു. അവരുടെ മുന്നോട്ടുള്ള യാത്രയും ആ വിശ്വാസം മുറുകെ പിടിച്ചുകൊണ്ടായിരിക്കണം എന്നവർ ചിന്തിച്ചില്ല. അവർ സിനായ് പർവ്വതത്തിൽ വെച്ച് ദൈവത്തോടു വെച്ച ഉടമ്പടി അവർ പാലിച്ചില്ല. ദൈവം നല്ലവനാണെന്നും ദൈവം തങ്ങളുടെ ഏറ്റവും വലിയ നന്മ ആഗ്രഹിക്കുന്ന ദൈവമാണെന്നും അവർ വിശ്വസിച്ചില്ല. ഒരവസരത്തിൽ മരുഭൂമിയിൽവെച്ച് അവരെ കൊല്ലുവാൻ കൊണ്ടുവന്ന ദൈവമെന്നവർ അവനെതിരെ ആരോപണമുന്നയിച്ചു. ദൈവം വാഗ്ദത്തം ചെയ്തതിനേക്കാൾ നല്ലത് മിസ്രയിം ദേശമെന്നവർ ചിന്തിച്ചു. ദൈവം പറയുന്നതുകേട്ടു ദൈവത്തോടുകൂടെ നില്ക്കണോ? അതൊ മിസ്രയിമിലേക്കു മടങ്ങിപ്പോകണമൊ? എന്നതായിരുന്നു അവരുടെ ആശങ്ക.
ദൈവം നമ്മോടും വലിയ കരുണ കാണിച്ചു. പാപത്തിന്റെ അടിമത്വ ത്തിൽ നിന്നും ദൈവം നമ്മെ രക്ഷിച്ചു, കൃപയുടെ ഉത്തമവും ശാശ്വതവുമായ ഒരു ഉടമ്പടിയിലേക്ക് നമ്മെ കൊണ്ടുവന്നു, നമ്മെ അവന്റെ പുത്രന്മാരും പുത്രിമാരും ആക്കി. അവന്റെ ഭവനത്തിലെ അംഗങ്ങളാക്കി. അവന്റെ സാന്നിധ്യം ഇപ്പോൾ നമ്മോടൊപ്പമുണ്ട്. അവന്റെ ജീവനുള്ള വാഗ്ദാനങ്ങൾ നമ്മെ അനുദിനം വഴിനടത്തുന്നു. ഇതെല്ലാം അനുഭവിച്ചിട്ടും ദൈവത്തിന്റെ പക്ഷത്ത് നിൽക്കാൻ നിങ്ങൾ മടിക്കയാണോ? ലോകത്തിന്റെ വ്യർത്ഥമായ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും വിധേയപ്പെട്ട് ക്രിസ്തുവിനെവിട്ട് പോകാൻ ആഗ്രഹിക്കുന്നവരൊ? ഇത് ഓരോരുത്തരും തങ്ങളുടെ ഹൃദയങ്ങളോടു ചോദിക്കേണ്ട ചോദ്യമാണ്. ഹെബ്രായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ കഷ്ടതകളും പീഡനങ്ങളുമാണ് തങ്ങളുടെ പഴയമതത്തിന്റെ ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും തിരികെ പോകുവാൻ അവരെ പ്രേരിപ്പിച്ചത് എങ്കിൽ ക്രിസ്തുവിനെ വിട്ടുപോകുവാൻ നിങ്ങളെ എന്താണ് പ്രേരിപ്പിക്കുന്നത്? അതു പാപത്തിന്റെ തത്ക്കാല സുഖമാണോ? സാമ്പത്തികനേട്ടമാണോ? വ്യക്തികൾ തമ്മിലുള്ള സംഘർഷങ്ങളാണൊ? രക്ഷയുടെ മൂല്യത്തെ നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
Persevere എന്ന വാക്ക് Per, severe എന്നീ വാക്കുകൾ ചേർന്നുണ്ടായിട്ടുള്ളതാണ്. അതായത്, severe ആയ സാഹചര്യങ്ങളിലൂടെ കടന്നു പോവുക എന്നതാണ് ഈ വാക്ക് അർത്ഥമാക്കുന്നത്.
Perseverance/സ്ഥിരോത്സാഹം ഭൗതിക ജീവിതവിജയത്തിനു പോലും അത്യന്താപേക്ഷിതമാണ് എന്ന് ഇനി പറയുന്ന ഉദാഹരണം കാണിക്കുന്നു. ഞങ്ങളുടെ വീടിനു തൊട്ടടുത്ത വീട്ടിലെ ഒരു പെൺകുട്ടി രണ്ടു മൂന്ന് മാസങ്ങൾക്കു മുൻപ് തൂങ്ങി മരിച്ചു. അതിനു കാരണമായി ആ കുട്ടിയുടെ അമ്മ വളരെ ദുഃഖത്തോടെ പറഞ്ഞത് അവൾ പത്താം ക്ലാസ് പാസാകുമൊ എന്ന ഭയമായിരുന്നു ഈ കടുംകൈ ചെയ്വാൻ അവളെ പ്രേരിപ്പിച്ചത് എന്നാണ്. പത്താം ക്ലാസ് പരീക്ഷയിലൂടെ കടന്നുപോകാൻ അവൾ ഭയപ്പെട്ടു. ഇതൊരു നെഗറ്റീവായ ഉദാഹരണമാണെങ്കിൽ പോസിറ്റീവായ മറ്റൊരു ഉദാഹരണം നോക്കാം.
19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസൺ (ഫെബ്രുവരി 11, 1847 - ഒക്ടോബർ 18, 1931) ഇലക്‌ട്രിക് പവർ ജനറേഷൻ, ഇലക്ട്രിക് ലൈറ്റ്, മാസ് കമ്മ്യൂണിക്കേഷൻ, ശബ്‌ദ റെക്കോർഡിംഗ്, മോഷൻ പിക്ചർ ക്യാമറ തുടങ്ങി അനേകം കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ള ഒരു വ്യക്തിയായിരുന്നു. ഏതാണ്ട് 1000 ലധികം പേറ്റന്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. എന്നാൽ തന്റെ കണ്ടുപിടിത്തങ്ങളിൽ അധികവും മറ്റുള്ളവർ വലിച്ചെറിഞ്ഞതോ ഉപേക്ഷിച്ചതോ ആയ ആശയങ്ങൾ തന്റെ സ്ഥിരോത്സാഹം കൊണ്ട് വികസിപ്പിച്ചെടുത്തതാണെന്ന് അദ്ദേഹംതന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.
1914 ഡിസംബറിൽ തോമസ് ആൽവ എഡിസന്റെ ലബോറട്ടറി തീപിടുത്തത്തിൽ കത്തി നശിച്ചു. ദശലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടം തനിക്കു അതിൽ നേരിട്ടു. ഡിസംബറിലെ ആ രാത്രിയിൽ എഡിസന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അതിശയകരമായ തീജ്വാലകളിൽ കത്തിയമർന്നു.
തീയുടെ മൂർദ്ധന്യത്തിൽ, എഡിസന്റെ 24 വയസ്സുള്ള മകൻ ചാൾസ് പുകയും അവശിഷ്ടങ്ങൾക്കുമിടയിൽ പരിഭ്രാന്തനായി തന്റെ പിതാവിനെ തിരഞ്ഞു. ഒടുവിൽ അവൻ തന്റെ പിതാവിനെ കണ്ടെത്തി, താൻ നോക്കുമ്പോൾ വളരെ ശാന്തമായി രംഗം വീക്ഷിച്ചുകൊണ്ടു അദ്ദേഹം അതിനടുത്ത് നിൽക്കുന്നു. അദ്ദേഹത്തിന്റെ മുഖം തീജ്വാലയുടെ പ്രതിഫലനത്തിൽ തിളങ്ങുന്നതും, വെളുത്ത പഞ്ഞിപോലെയുള്ള മുടി കാറ്റിൽ പറക്കുന്നതും കണ്ടു. അപ്പോൾ അദ്ദേഹത്തിനു 67 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ നിൽപ്പ് കണ്ടപ്പോൾ ചാൾസിനു എന്തോന്നില്ലാത്ത ദുഃഖം തോന്നി, തന്റെ അദ്ധ്വാനമെല്ലാം കത്തി നശിച്ചിരിക്കുന്നുവല്ലൊ എന്ന് ആ മകൻ ഓർത്തു. മകനെ കണ്ടപ്പോൾ പിതാവ് നിന്റെ അമ്മ എവിടെ എന്നു ചോദിച്ചു? അതിനു അവൻ എനിക്കറിയില്ല; എന്നാൽ നീ ചെന്ന് അവളെ കണ്ടെത്തി ഇവിടെ കൊണ്ടുവരിക. അവൾ ജീവിതത്തിൽ ഇതേവരെ ഇതുപോലൊന്ന് കണ്ടിട്ടുണ്ടാവില്ല.
പിറ്റേന്ന് രാവിലെ, എഡിസൺ അവശിഷ്ടങ്ങൾ നോക്കി പ്രഖ്യാപിച്ചു, “ദുരന്തത്തിന് വലിയ മൂല്യമുണ്ട്. നമ്മുടെ എല്ലാ പരാജയങ്ങളും ഇവിടെ കത്തിക്കരിഞ്ഞിരിക്കുന്നു. ദൈവത്തിന് നന്ദി, നമുക്ക് വീണ്ടും ആരംഭിക്കാം. തീപിടുത്തത്തിന് മൂന്നാഴ്ചയ്ക്ക് ശേഷം, തോമസ് ആൽവാ എഡിസൺ ആദ്യത്തെ ക്യാമറ ലോകത്തിനു സമ്മാനിച്ചു. സ്ഥിരോത്സാഹം മനുഷ്യനെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിനു എങ്ങനെ സഹായിക്കുന്നു എന്ന് ഈ ഉദാഹരണം കാണിക്കുന്നു.
ചക്ക് സ്വിൻഡോൾ എന്ന ദൈവദാസൻ സ്ഥിരോത്സാഹത്തെക്കുറിച്ചു പറഞ്ഞതിപ്രകാരമാണ് "എന്റെ വികാരങ്ങളെ ഉണർത്തുകയും ഞാൻ തൂങ്ങിക്കിടന്നിരുന്ന കൊമ്പ് മുറിച്ച് മാറ്റുകയും ചെയ്‌ത കഠിനവും പരുഷവും ദ്രോഹകരവുമായി എനിക്ക് അനുഭവപ്പെട്ട സമയങ്ങൾക്ക് ഞാൻ ദൈവത്തിന് നന്ദി പറയുന്നു... അങ്ങനെ ദൈവമല്ലാതെ മറ്റൊന്നും അവശേഷിക്കയില്ല എന്ന് ഇപ്പോൾ എനിക്കു ബോദ്ധ്യമായി."
അപ്പോൾ ഒന്നാമതായി ഞാൻ പറഞ്ഞത്, ദൈവത്തെ വിശ്വസിച്ചുകൊണ്ട് അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാൻ നാം ഉത്സാഹിക്കണം എന്നതാണ്. രണ്ടാമതായി പറഞ്ഞത്, നിങ്ങളുടെ ആദ്യവിശ്വാസം അവസാനത്തോളം മുറുകെ പിടിക്കുവാൻ നിങ്ങൾ മനസ്സുവെക്കണം.
ഇനി, മൂന്നാമതായി ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം സ്വസ്ഥത എന്നത് വർത്തമാനവും ഭാവിയും അടങ്ങുന്ന സമഗ്രമായ സ്വസ്ഥതയാണ്.
3. സ്വസ്ഥത എന്നത് വർത്തമാനവും ഭാവിയും അടങ്ങുന്ന സമഗ്രമായ സ്വസ്ഥതയാണ്.
"3 വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നത്; ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീർന്നുപോയശേഷവും: “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 4 ഏഴാം നാളിൽ ദൈവം തന്റെ സകല പ്രവൃത്തികളിൽനിന്നു നിവൃത്തനായി” എന്നു ഏഴാം നാളിനെക്കുറിച്ചു ഒരേടത്തു പറഞ്ഞിരിക്കുന്നു. 5 “എന്റെ സ്വസ്ഥതയിൽ അവർ പ്രവേശിക്കയില്ല” എന്നു ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു. 6 അതുകൊണ്ടു ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും 7 ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു."
1-11 വരെ വാക്യങ്ങളിൽ 11 തവണ ആവർത്തിച്ചിരിക്കുന്ന ഒരു പദമാണ് സ്വസ്ഥത എന്നത്. അത് അതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. സ്വസ്ഥതക്ക് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം എന്നത് 'katapausis" എന്നതാണ്. "katapausis". ഈ സ്വസ്ഥത എപ്പോൾ എവിടെവെച്ച് ആരംഭിക്കുന്നു എന്നതിനെ സംബന്ധിച്ച് കൃത്യമായി ഈ വേദഭാഗത്ത് പറഞ്ഞിട്ടില്ല. ആയതിനാൽ വേദപണ്ഡിതർക്കിടയിൽ ഇതിനെ സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലനിൽക്കുന്നു.
അപ്പോൾ പ്രസംഗകൻ പറയുന്ന ഈ "സ്വസ്ഥത" എന്താണ്, അത് എന്തുകൊണ്ട് സഭക്ക് ആശങ്കയുളവാക്കണം? "സ്വസ്ഥത/ വിശ്രമം" എന്നത് കനാൻ ദേശമാണോ അതോ ഇന്നത്തെ ഒരു ആത്മീയ അവസ്ഥയാണോ അതോ ഒരു ഭാവി ലക്ഷ്യസ്ഥാനമാണോ; അതായത്, സ്വർഗ്ഗമാണോ?
വേദപണ്ഡിതന്മാർ ഈ ചോദ്യത്തിന് പല ഉത്തരങ്ങളാണു നൽകുന്നത്. "സ്വസ്ഥത" എന്നത് ക്രിസ്ത്യാനിയുടെ യാത്രയുടെ അവസാനത്തെ ലക്ഷ്യമാണ് അഥവാ സ്വർഗ്ഗമാണ് എന്ന് O Hofius, പി.ഇ. ഹ്യൂഗ്സ് എന്നിവർ വാദിക്കുന്നു. അതിനു പിൻബലമായി, എബ്രായലേഖനത്തിന്റെ തീർഥാടന മാതൃകയും അവസാനം വരെ സ്ഥിരോത്സാഹത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നത് അവർ ചുണ്ടിക്കാണിക്കുന്നു.
G Theissen, ഏഴാം ദിവസത്തെ ദൈവത്തിന്റെ സ്വസ്ഥതയുമായി ബന്ധപ്പെടുത്തി ഹോഫിയസ് പറഞ്ഞതിനോട് വിയോജിക്കുന്നു. ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽ, സൃഷ്ടിയുടെ ആദ്യ ആറ് ദിവസങ്ങൾക്ക് സന്ധ്യയും ഉഷസ്സും ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു; സന്ധ്യയായി ഉഷസ്സുമായി ഒന്നാം ദിവസം. സന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസം. അങ്ങനെ ആറാം ദിവസംവരെ ഇത് ആവർത്തിക്കുന്നു. എന്നാൽ ഏഴാം ദിവസത്തിനു സന്ധ്യയൊ ഉഷസ്സൊ ഇല്ല. അതൊരു തുറന്ന ദിവസമാണ്. It is an open day. It is an endless day. ആയതിനാൽ സ്വസ്ഥത ഒരു സ്ഥലത്തിലും ഒരു സമയത്തിലും പരിമിതപ്പെടുത്തരുതെന്നാണ് തീസൻ ചിന്തിക്കുന്നത്. അതുകൊണ്ട് ദൈവത്തിന്റെ "വിശ്രമത്തെ" ഒരു വർത്തമാനകാല യാഥാർത്ഥ്യമായി കാണണം. "ഇന്ന്" എന്നതിന് ഊന്നൽ നൽകുന്ന ഈ സന്ദർഭത്തിൽ, ഒരു വർത്തമാനകാല അവസരമാണെന്ന ഈ നിലപാടിനെ പിന്തുണയ്ക്കുന്നതായി തോന്നുന്നു എന്ന് അദ്ദേഹം പറയുന്നു. മാത്രവുമല്ല, സ്വസ്ഥത ഭാവിയിൽ സംഭവിക്കാനുള്ളതാണെങ്കിൽ ആ മരുഭൂമിയിൽ പട്ടുപോയവരെ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാത്തവരായി ഇപ്പോൾ എങ്ങനെ പറയാൻ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ "വിശ്രമ" ത്തിന്റെ വർത്തമാനകാല ആസ്വാദനമാണ് പ്രസംഗകന്റെ ഉത്കണ്ഠയുടെ ഒരു വശമെന്നത്.
ഇവിടുത്തെ സന്ദർമനുസരിച്ച്, കനാൻ ദേശത്ത് പ്രവേശിക്കുന്നത് സ്വസ്ഥതയിലേക്കുള്ള പ്രവേശനമായി കണക്കാക്കാം. ആത്മീകമായി പറയുകയാണെങ്കിൽ, കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ ദൈവരാജ്യത്തിലേക്കു പ്രവേശിച്ചതിനെ സസ്ഥതയായി പരിഗണിക്കാം. എന്നാൽ കനാൻ ദേശത്ത് പ്രവേശിക്കുന്നതിനേക്കാൾ അധികമായ മാനം അതിനുണ്ട് എന്നാണ് 3 മുതൽ 11 വരെ വാക്യങ്ങളിൽ നമുക്കു കാണാൻ കഴിയുന്നത്.
"ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീർന്നുപോയശേഷവും:” എന്ന phrase/വാക്യാംശം കാണിക്കുന്നത് "സ്വസ്ഥത" എന്നത് ഒരു on-going reality ആണ് എന്ന കാര്യമാണ്. on-going reality. അതുകൊണ്ട് സ്വസ്ഥത എന്നത്, ഒരു വ്യക്തി രക്ഷിക്കപ്പെടുന്നതോടെ ആരംഭിക്കുന്നതും അവരുടെ വർത്തമാനകാല അനുഭവവും അത് കർത്താവിന്റെ രണ്ടാം വരവോടെ പരിസമാപ്തിയിലേക്കു എത്തുന്നതുമാണ് എന്നു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്വസ്ഥത രക്ഷിക്കപ്പെടുമ്പോൾ ആരംഭിക്കുന്നതും വർത്തമാനകാലത്ത് അനുഭവഭേദ്യമായതും ഭാവിയിൽ അതിന്റെ പരിസമാപ്തിയിലേക്ക് എത്തുന്നതുമാണ് ഈ സ്വസ്ഥത.
നാലാം വാക്യത്തിൽ ഇതുവരെ പറഞ്ഞുവന്ന സ്വസ്ഥതയെ ദൈവത്തിന്റെ സ്വസ്ഥതയുമായി ബന്ധിപ്പിക്കുന്നു. "4 ഏഴാം നാളിൽ ദൈവം തന്റെ സകല പ്രവൃത്തികളിൽനിന്നു നിവൃത്തനായി” എന്നു ഏഴാം നാളിനെക്കുറിച്ചു ഒരേടത്തു പറഞ്ഞിരിക്കുന്നു." 1*
പഴയനിയമത്തിൽ മൂന്നു ഭാഗങ്ങളിൽ അതായത്, ഉൽപ്പത്തി 2:2, പുറപ്പാട് 20:11, പുറപ്പാട് 31:17 ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഉല്പത്തി 2:2 ലേതാണ് ഏറ്റവും ആദ്യത്തേതും നേരെയുമുള്ള ഉദ്ധരണി. അവിടെ നാം വായിക്കുന്നത്: "2 താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി" (ഉൽപ്പത്തി 2:2). ഇവിടെ ആറ് ദിവസങ്ങൾകൊണ്ട് ദൈവം പ്രപഞ്ചത്തെയും അതിലുള്ള സകലജീവജാലങ്ങളേയും സൃഷ്ടിച്ചു എന്നു കാണുന്നു. എന്നാൽ ഏഴാം ദിവസം, തന്റെ ജോലിയൊക്കേയും പൂർത്തീകരിച്ച്, ഒരു രാജാവ് വിശ്രമിക്കാനും ഭരിക്കാനും ദേവാലയത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ ലോകത്തിലേക്ക് പ്രവേശിക്കുന്നു. ദൈവം താൻ സൃഷ്ടിച്ച മനുഷ്യരെ തന്റെ പ്രതിമ എന്ന് വിളിക്കുകയും അവരെ തന്റെ ഭരണത്തിൽ പങ്കുകാരാകാനും വിശ്രമത്തിൽ പങ്കുചേരാനും ക്ഷണിക്കുന്നു.
ഏഴാം ദിവസത്തെ വിശ്രമത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ദർശനം പുരാതന ഇസ്രായേൽ വളരെ ഗൗരവമായി കണ്ടിരുന്ന ഒരു വിഷയവും അവരുടെ ഒരു വലിയ പ്രതീക്ഷയുമാണ്. വാസ്തവത്തിൽ, പത്ത് കൽപ്പനകളിൽ ഒന്ന്, ഏഴാം ദിവസം വിശ്രമിക്കണം എന്നതാണ്. ഹെബ്രായ ഭാഷയിൽ പറഞ്ഞാൽ ശബാത്ത് ആചരിക്കണം എന്നതാണ്. അതായത്, ജോലി നിർത്തി വിശ്രമിക്കുക. ദൈവത്തെ ആരാധിക്കുക.
യിസ്രായേലിനു ഏഴാം ദിവസത്തെ ശബാത്ത് ആചരണം കൂടാതെ ആചരിക്കുവനായി ഏഴ് ഉത്സവങ്ങളും ഉണ്ട്. ഈ ഉത്സവങ്ങൾ ഓരോന്നും പുരാതന ഇസ്രായേലിനെ അവർ ആരാണെന്നും കഥ എവിടേക്കാണ് പോകുന്നതെന്നും ഓർമ്മിക്കാൻ സഹായിക്കുന്ന ഏഴ് ഉത്സവങ്ങളാണ്. മാത്രവുമല്ല, ഓരോ ഉത്സവവും, ഭാവിയിൽ പ്രതീക്ഷിക്കുന്നത് വർത്തമാനകാലത്ത് പരിശീലിക്കുന്നതിനുള്ള ഒരു മാർഗ്ഗമായിരുന്നു. അതായത്, യിസ്രായേൽസമൂഹമൊന്നായിച്ചേർന്ന് ദൈവത്തിന്റെ സ്വസ്ഥത പ്രായോഗികമായി അനുഭവിക്കുക. ദൈവത്തിന്റെ നല്ല സൃഷ്ടിയിൽ ദൈവത്തോടൊപ്പമുള്ള അനന്തമായ വിശ്രമ-ഭരണത്തിന്റെ സമയമായിട്ടാണ് ദൈവം അത് ക്രമീകരിച്ചിരുന്നത്. പിന്നെ വേറെയും ഉണ്ട്. ആറു വർഷത്തെ അദ്ധ്വാനത്തിനുംശേഷം ഏഴാം വർഷം മുഴുവനും വിശ്രമത്തിനായി നീക്കിവയ്ക്കുന്നു. അതിലും അത് അവസ്സാനിച്ചിരുന്നില്ല. ഏഴേഴ് 49 വർഷം നികയുന്ന മുറക്ക് അമ്പതാംവർഷം ജൂബിലി വർഷമായി ആചരിക്കണം. ജൂബിലി വർഷത്തിന്റെ പ്രത്യേകതയെന്തെന്നാൽ, എല്ലാവരുടേയും കടങ്ങൾ അന്ന് മോചിപ്പിക്കപ്പെടുന്നു. അടിമകളെയെല്ലാം സ്വതന്ത്രരാക്കുന്നു. കൂടാതെ കൈമോശം വന്നുപോയ അവകാശഭൂമിയിലേക്ക് അതു നഷ്ടപ്പെട്ടവർ മടങ്ങിവരുന്നു. ഇതാണ് ഐഡിയൽ ആയ സ്വസ്ഥത എന്നത്. അങ്ങനെ തന്റെ ജനത്തിനു തന്നോടൊപ്പം സ്വസ്ഥത ആചരിക്കുവാനുള്ള അവസരങ്ങളാണ് ഈ പരിപാടികളെല്ലാംതന്നേ. എന്നാൽ ഈ വിശ്രമമൊന്നും യിസ്രായേൽ പ്രാവർത്തികമായ തലത്തിലേക്കു കൊണ്ടുവന്നില്ല. കാരണം സ്വാർത്ഥത തന്നേ. ഈ കൽപ്പനകൾ ഒന്നും അവർ അതിന്റെ ശരിയായ അർത്ഥത്തിൽ ആചരിച്ചിരുന്നില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇങ്ങനെയുള്ള ഒരു സ്വസ്ഥതയിലേക്ക് പ്രവേശിപ്പാൻ അവർ ഉത്സാഹിച്ചില്ല.
അതിനെ കുറിച്ചാണ് 8-11 വരെ വാക്യങ്ങളിൽ പറയുന്നത്: "8 യോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു; 9 ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു. 10 ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു. 11 അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക."
അതായത്, യോശുവയുടെ നേതൃത്വത്തിൽ കാലേബും 20 വയസ്സിൽ താഴെയുള്ളവരും കാനാനിൽ പ്രവേശിച്ചു. ചില വർഷങ്ങൾ അവർ ശത്രുക്കളിൽ നിന്നും സ്വസ്ഥത അനുഭവിക്കുകയും ചെയ്തു. അതിനെക്കുറിച്ചാണ് യോശുവ 21:44 ൽ പറയുന്നത്: "44 യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവർക്കു സ്വസ്ഥത നല്കി ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യിൽ ഏല്പിച്ചു." എന്നാൽ ഈ സ്വസ്ഥത നിലനിന്നില്ല, എന്തെന്നാൽ യിസ്രായേൽ ജനം ദൈവവുമായുള്ള ഉടമ്പടിവ്യവസ്ഥകൾ പാലിക്കാതെ തങ്ങൾക്കു ബോധിച്ചതുപോലെ ജീവിക്കുവാൻ തുടങ്ങിയപ്പോൾ അവർക്ക് തങ്ങളുടെ ചുറ്റുമുള്ള ജാതികളുമായി യുദ്ധവും അതുപോലെ പ്രവാസവും നേരിടേണ്ടി വന്നു. അതിന്റെ അർത്ഥം അവർക്ക് പൂർണ്ണമായ സ്വസ്ഥത വന്നില്ല എന്ന കാര്യമാണ്. അതുകൊണ്ടാണ് അവർക്ക് സ്വസ്ഥത വരുത്തുന്ന ഒരു പുതിയ ഒരു രക്ഷാനായകനെ ആവശ്യമായി വന്നത്.
ദൈവത്തിന്റെ വീണ്ടെടുക്കപ്പെട്ട ജനത്തെ അവരുടെ അവകാശത്തിലേക്ക് കൊണ്ടുവരുന്നതിൽ യോശുവ, ക്രിസ്തുവിന്റെ ഒരു Type/shadow/നിഴൽ ആണ്. യോശുവയുടെ ഗ്രീക്ക് നാമം Iēsous (യേശു) എന്നാണ്. യോശുവ എന്നതിന്റെ ഹീബ്രു വാക്കാണ് "Yeshua". ഈ വാക്കുകൾ തന്നെയാണ് യേശുവിനും ഉപയോഗിച്ചിരിക്കുന്നത്.
ഈ ഉത്സവങ്ങളും ആചാരങ്ങളും പ്രതിനിധാനം ചെയ്യുന്ന ആത്യന്തിക ജൂബിലിവർഷം കൊണ്ടുവരുന്ന ദൈവപുത്രനാണ് യേശു. യേശു ശബത്തിന്റെയും കർത്താവാണ് എന്നു പറഞ്ഞത് ഈയൊരു അർത്ഥത്തിലാണ്. എന്നാൽ യേശുവിന്റെ ഈ അവകാശവാദം തന്നെ കൊല്ലുവാൻ കാരണമായി തീർന്നു. എന്നാൽ യേശു ഒരു ശബത്ത് ദിവസം ശവക്കല്ലറയിൽ കിടന്നുവെന്നും ഒരു പുതിയ ആഴ്ചയുടെ ഒന്നാം ദിവസം അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവെന്നും സുവിശേഷങ്ങൾ അവകാശപ്പെടുന്നു. യേശുവിനെ മരിച്ചവരിൽ നിന്ന് തിരികെ കൊണ്ടുവന്ന ആ പുനരുത്ഥാനശക്തി ഇന്നു നമുക്ക് ഓരോരുത്തർക്കും ലഭ്യമാണ്. ദൈവത്തിന്റെ ആത്മാവ് നമ്മിൽ വസിക്കുന്നുവെന്നതാണ് നാമും ആത്യന്തിക വിശ്രമത്തിനായി കാത്തിരിക്കുന്നവരാണെന്നതിന്റെ Guaranty. ദൈവത്തിന്റെ പരിശുദ്ധാത്മശക്തിയാൽ നിറയുന്ന വ്യക്തിക്ക് കർത്താവിന്റെ സ്വസ്ഥത ഈ വർത്തമാനകാലത്ത് അനുഭവിക്കുവാൻ സാധിക്കും. അതാണ് ഒരു പുതിയ നിയമ വിശ്വാസിക്ക് വർത്തമാന കാലത്ത് സ്വസ്ഥത അനുഭവിക്കുവാൻ ദൈവം വെച്ചിരിക്കുന്ന മുഖാന്തിരം. ദൈവത്തിന്റെ പരിശുദ്ധാത്മനിറവിൽ ജീവിക്കുക.
ഞാൻ രക്ഷിക്കപ്പെട്ട കാലത്ത്, അതായത്, 1993-94 കാലഘട്ടത്തിൽ ഞാൻ വളരെ ആർത്തിയോടെയാണ് ബൈബിൾ വായിച്ചിരുന്നത്. ഒരു ദിവസം അർത്ഥരാത്രിയിൽ ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റു 51-ാം സങ്കീർത്തനം വായിച്ചു. ഉടനെ ഞാൻ മുട്ടുകുത്തിനിന്ന് എന്റെ പാപങ്ങളെ ദൈവസന്നിധിയിൽ ഏറ്റു പറഞ്ഞു. പിന്നെ ഞാൻ കിടന്നുറങ്ങി. നേരം വെളുത്ത് എഴുന്നേറ്റപ്പോൾ എനിക്ക് എന്തൊന്നില്ലാത്ത സന്തോഷം തോന്നി. സന്തോഷം എന്നിൽ നിറഞ്ഞു തുളുമ്പുന്നതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ മുഖം പ്രകാശിക്കുന്നതുപോലെ എനിക്ക് തോന്നി. പുറത്തുനിന്നുള്ള ഒരു കാര്യത്തിനും എന്റെ ഉള്ളിലെ സന്തോഷത്തെ കെടുത്തുവാനോ ദുഃഖങ്ങൾക്ക് എന്റെ ഹൃദയത്തിലേക്ക് കടക്കുവാനൊ കഴിഞ്ഞിരുന്നില്ല. ഞാൻ സ്വർഗ്ഗത്തിലാണൊ എന്നു പോലും സംശയിച്ചുപോയി. ഏതാണ്ട് ഒരാഴ്ചയോളം ആ അനുഭവം എന്നിൽ നിലനിന്നു. ആ ആഴ്ചയുടെ അവസ്സാനത്തോടെ അതു ക്രമേണ കുറഞ്ഞു കുറഞ്ഞു വരികയും ചെയ്തത് ഞാനിപ്പോൾ ഓർക്കുന്നു. സംഭവിച്ചതെന്താണെന്നൊന്നും അന്ന് എനിക്കു മനസ്സിലായിരുന്നില്ല. എന്നാൽ പിന്നിടത് ദൈവാത്മാവിന്റെ നിറവായിരുന്നു എന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു.
"അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും" എന്ന് കർത്താവു പറഞ്ഞപ്പോൾ താൻ അർത്ഥമാക്കിയത്, തന്റെ മക്കൾ ഉത്കണ്ഠപ്പെടാതെ, ആകുലപ്പെടാതെ ആത്മാവിന്റെ ആഴമേറിയതും മധുരമുള്ളതുമായ സ്വസ്ഥത അനുഭവിക്കുന്നവരായിരിക്കണമെന്നാണ്. ദൈവത്തിന്റെ ആഗ്രഹമതല്ലായിരുന്നുവെങ്കിൽ അവനതു പറയുമായിരുന്നില്ല. സ്വസ്ഥതയുടെ മറ്റൊരുവശം ഞാനൊരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
പത്തൊൻപതാം നൂറ്റാണ്ടിൽ പസഫിക്കിലെ ടാന്ന ദ്വീപിൽ മിഷനറിയായ പ്രവർത്തിച്ച ഒരു വ്യക്തിയായിരുന്നു ജോൺ പാറ്റൺ. യേശുവിന്റെ വചനം സ്വീകരിച്ചുകൊണ്ട്, അല്ലെങ്കിൽ യേശുവിന്റെ നുകം ഏറ്റുകൊണ്ട്, നരഭോജികളായ ഈ ദ്വീപിലെ ആളുകളോടു സുവിശേഷം അറിയിക്കുവാൻ താൻ അവരുടെ ഇടയിലേക്ക് പോയി. ഒരു ദിവസം നൂറുകണക്കിനു ആളുകൾ നാടൻ തോക്കുകളും കത്തികളുമായി അദ്ദേഹത്തെ കൊല്ലുവാൻ അന്വേഷിച്ചു. അദ്ദേഹത്തിനു രക്ഷപ്പെടണമെങ്കിൽ ഒരു വഞ്ചിയിൽ കയറി പുഴകടന്ന് അക്കരെ എത്തിവേണം രക്ഷപ്പെടാൻ. അവരിൽ ഒരുവൻ ദയതോന്നി, മുന്നമെ എത്തി അദ്ദേഹത്തെ ഈ വിവരം ധരിപ്പിച്ചു. എന്നിട്ടു അയാൾ പറഞ്ഞു നിങ്ങൾ വേഗത്തിൽ ഈ മരത്തിൽ കയറി ഒളിച്ചുകൊള്ളുക. ഞാൻ ഈ മരത്തിനടിയിലൂടെ ആളുകളെ നയിച്ചുകൊണ്ട് പൊയ്ക്കൊള്ളാം. അവർ പോയതിനു ശേഷം നിങ്ങൾ രക്ഷപ്പെട്ടുകൊള്ളുക എന്നു പറഞ്ഞു. ഈ മനുഷ്യനെ വിശ്വസിക്കാൻ കഴിയുമോ എന്ന് ആ മിഷനറിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. എങ്കിലും അയാൾ പറഞ്ഞതുപോലെ ആ മിഷനറി ആ മരത്തിൽ കയറി ചില്ലകൾക്കിടയിൽ മറഞ്ഞിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ വലിയൊരുകൂട്ടം ആളുകൾ ആർത്തട്ടഹസിച്ചും ഇടക്കിടെ വെടി ഉതിർത്തും ആ മരത്തിനടിയിലുടെ കടന്നുപോയി.
വർഷങ്ങൾക്ക് ശേഷം അദ്ദേഹം ആ സംഭവം തന്റെ ജീവചരിത്രത്തിൽ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ഞാൻ ആ മരത്തിൽ ചിലവഴിച്ച മണിക്കൂറുകൾ ഇന്നലെ കഴിഞ്ഞുപോയ സംഭവം പോലെ മനസ്സിൽ അങ്ങനെ മായാതെ നിൽക്കുന്നു. ആ കാട്ടാളന്മാരുടെ അട്ടഹാസങ്ങളും ഇടക്കിടെ തോക്കിൽ നിന്നും വെടിയുതിർത്തും കൊണ്ടുള്ള അവരുടെ നടപ്പ് ഞാൻ ശ്വാസമടക്കി നോക്കിക്കൊണ്ടിരുന്നു. യേശുവിന്റെ കരങ്ങളിൽ എന്നപോലെ ഞാൻ ആ മരച്ചില്ലകളിൽ സുരക്ഷിതനായി ഇരുന്നു. കർത്താവ് എന്നോടു ഏറ്റവും അടുത്തുരിന്നുകൊണ്ട് എന്റെ ആത്മാവിനെ ആശ്വസിപ്പിച്ച മറ്റൊരു സമയം എന്റെ ജീവിതത്തിൽ പിന്നെ ഉണ്ടായിട്ടില്ല. മണിക്കൂറുകൾ ആ മരത്തിൽ തനിച്ചിരുന്നു, എന്നാൽ ഞാൻ തനിച്ചായിരുന്നില്ലതാനും. എന്റെ ദൈവത്തെ മഹത്വപ്പെടുത്താൻ വേണ്ടിയാണെങ്കിൽ, അത്തരം ഒരു മരത്തിൽ ഒറ്റയ്ക്ക് എത്ര രാത്രികൾ ചെലവഴിക്കാനും എന്റെ രക്ഷകന്റെ ആത്മീയ സാന്നിധ്യം വീണ്ടും അനുഭവിക്കാനും അവന്റെ സാന്ത്വന കൂട്ടായ്മ ആസ്വദിക്കാനും ഞാൻ ഒരിക്കലും മടിക്കയില്ല.
അങ്ങനെ ഒരു യഥാർത്ഥ സ്വസ്ഥയിലേക്ക് പ്രവേശിക്കുവാനാണ് എബ്രായലേഖനകാരൻ ഓരോ വിശ്വാസിയോടും ആഹ്വാനം ചെയ്യുന്നത്.
യേശു ആത്യന്തികമായ വിശ്രമം കൊണ്ടുവന്നു, എന്നാലത് ഇനിയും അതിന്റെ പരിസമാപ്തിയിലേക്ക്/ പൂർണ്ണതയിലേക്ക് എത്തിയിട്ടില്ല. നാം ഇപ്പോഴും കലഹങ്ങളുടെയും പോരാട്ടങ്ങളുടെയും ലോകത്താണ്. പക്ഷേ അതിന്റെ മദ്ധ്യേയും ദൈവാത്മ നിറവിൽ സ്വസ്ഥത അനുഭവിക്കുവാൻ നമുക്കു കഴിയും. മാത്രവുമല്ല, അല്ലലില്ലാത്ത, കണ്ണുനീരും മുറവിളിയുമില്ലാത്ത, ദുഃഖവും മരണവുമില്ലാത്ത നിത്യമായ സ്വസ്ഥതയിലേക്ക് നാം ഒരു നാൾ കർത്താവിനോടു കൂടെ കടക്കും. ദൈവം തന്റെ സിംഹാസനത്തിൽ ഇരിക്കുന്ന ഒരു പുതിയലോകത്തിലേക്ക് അന്നു നാം പ്രവേശിക്കും. അവന്റെ ദാസന്മാർ അവന്റെ ചുറ്റും ഇരുന്ന് അവനോടുകൂടെ ഈ പുതിയ ലോകത്തെ ഭരിക്കും. യേശു അവരുടെ വഴികാട്ടിയും സൗഖ്യദായകനുമായി അവരെ അജ്ഞാതവും പുതിയതുമായ മേഖലകളിലേക്ക് കൊണ്ടുപോകും. ഇതാണ് ക്രിസ്തുവിശ്വാസിയുടെ പ്രത്യാശയെന്നത്.
അപ്പോൾ ഞാൻ എന്റെ സന്ദേശം ഉപസംഹരിക്കുകയാണ്. ഒന്നാമതായി ഞാൻ പറഞ്ഞത്, ദൈവത്തെ വിശ്വസിച്ചുകൊണ്ട് അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാൻ നാം ഉത്സാഹിക്കുക. രണ്ടാമതായി പറഞ്ഞത്, നിങ്ങളുടെ ആദ്യവിശ്വാസം അവസാനത്തോളം മുറുകെ പിടിക്കുക. മൂന്നാമതായി ഞാൻ പറഞ്ഞത്, സ്വസ്ഥത എന്നത് വർത്തമാനവും ഭാവിയും അടങ്ങുന്ന സമഗ്രമായ സ്വസ്ഥതയാണ്. ആ സ്വസ്ഥത അനുഭവപരമാക്കുവാൻ നാം ഉത്സാഹിക്കുക.
ഈ വചനങ്ങളാൽ ദൈവം നമ്മേ ഒരൊരുത്തരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാനെന്റെ വാക്കുകളെ ഉപസംഹരിക്കുന്നു. ദൈവത്തിന്റെ നാമം മഹത്വപ്പെടുമാറാകട്ടെ!
*******