top of page
എബ്രായലേഖന പരമ്പര-15
P M Mathew
JUL 28, 2024

The Living and the life-giving Word!
സജീവവും ജീവദായകവുമായ വചനം!

Hebrews 4:12-13

അതിനു ആധാരമായിരിക്കുന്ന ഒരു വേദഭാഗത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. ഹ്രെബ്രായലേഖനം 4:12-13 വാക്യങ്ങൾ.

എബ്രായർ 4:12-13

12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. 13 അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു."

പ്രധാന ആശയം

ഇതിലെ പ്രധാന ആശയമെന്നു പറയുന്നത്, സജീവവും ജീവദായകവുമായ ദൈവത്തിന്റെ വചനം നമ്മുടെ അവിശ്വാസത്തേയും ഹൃദയകാഠിന്യത്തേയും തുറന്നു കാട്ടുന്നതിനാൽ, ദൈവചനത്തോടു പോസിറ്റീവായി പ്രതികരിച്ചും, വിശ്വാസത്തിൽ സ്ഥിരതകാണിച്ചുംകൊണ്ട് അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്കുക എന്നതാണ്.

നമ്മിൽ പലരും മനഃപാഠമാക്കിയിരിക്കുന്ന ഒരു വാക്യമാണിത്. ഏകദേശം 30 വർഷങ്ങൾക്കു മുന്നമെ, ഞാൻ കരിസ്മാറ്റിക് ധ്യാനം കൂടി നടന്ന കാലത്ത് ഈ വാക്യം മനഃപ്പാഠമാക്കിയതാണ്. അന്ന് ഇതിന്റെ പശ്ചാത്തലത്തെക്കുറിച്ചൊ ഏതു സന്ദർഭത്തിലാണ് ലേഖനകാരൻ എഴുതിയിരിക്കുന്നതെന്നൊ എന്ന് എനിക്കറിയില്ലായിരുന്നു. പിന്നീടു inductive Bible study methods,* ഉപയോഗിച്ച് ദൈവവചനം പഠിക്കാൻ തുടങ്ങിയപ്പോഴാണ് ഇതിന്റെ സന്ദർഭത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒക്കെ ഞാൻ ഏറെ ബോധവാനായത്.

ഈ വാക്യങ്ങളെ പ്രാസംഗികർ പൊതുവേ അതിന്റെ സന്ദർത്തിൽ നിന്നും അടർത്തിമാറ്റി പ്രസംഗിക്കാറുണ്ട്. എന്നാൽ ഹെബ്രായർ 3:1 ൽ ആരംഭിച്ച് 4:11 വരെ ദീർഘിക്കുന്നതുമായ നിർദ്ദേശങ്ങൾക്കും വാഗ്ദത്തങ്ങൾക്കും പ്രബോധനങ്ങൾക്കും ഏറ്റവും ഉചിതവും മനോഹരവുമായ conclusion/പര്യവസാനമായിട്ടാണ് ലേഖനകാരൻ 12-13 വാക്യങ്ങളെ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. തന്നെയുമല്ല ഈ 12-ാം വാക്യം ആരംഭിക്കുന്നത് "അതുകൊണ്ട്" എന്ന വാക്കിലാണ്. മലയാള പരിഭാഷയിൽ ആ വാക്കില്ലെങ്കിലും ഗ്രീക്കിലും ഇംഗ്ലീഷിലും ആ വാക്കു കാണുവാൻ കഴിയും. "For the word of God is alive and active." ദൈവത്തിന്റെ വിശ്രമത്തിലേക്ക് പ്രവേശിക്കുവാൻ നാം എല്ലാ ഉത്സാഹവും കഴിക്കണം എന്ന പ്രബോധനത്തിനു നൽകുന്ന ഒരു അധിക കാരണമായിട്ടാണ് ഈ വേദഭാഗമിരിക്കുന്നത്. ദൈവത്തിന്റെ വചനത്തെ അവിശ്വസിച്ചു കൊണ്ട് അനുസരണക്കേടു കാണിക്കാനും അതുവഴി ദൈവത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുത്താതിരിക്കാനുമുള്ള ഒരു ശക്തമായ കാരണമായിട്ടാണിതു ലേഖനകാരൻ പറയുന്നത്.

ദൈവവചനം കേൾക്കുന്നതിലും ശ്രദ്ധിക്കുന്നതിലും ഇസ്രായേല്യർ പരാജയപ്പെട്ടതാണ് ലേഖനകാരന്റെ മനസ്സിലുള്ള “അനുസരണക്കേട്” എന്നു പറയുന്നത്. അതല്ലെങ്കിൽ അവർ ദൈവത്തിൽ നിന്നു കേട്ടത് അവരുടെ വിശ്വാസമായി പരിണമിച്ചില്ല. 4:2-ൽ അദ്ദേഹം അത് രേഖപ്പെടുത്തുന്നു, "2 അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല." മരുഭൂമിയിലെ ഇസ്രായേൽ ജനം ദൈവത്തെ വിശ്വസിക്കാൻ വിസമ്മതിച്ചു. ദൈവം ചില വാഗ്ദാനങ്ങൾ നൽകിയപ്പോൾ, അതായത്, കനാൻ ദേശം ഞാൻ നിങ്ങൾക്കു തരും, ഞാൻ നിങ്ങളോടുകൂടെ ഇരിക്കും- എന്നു പറഞ്ഞപ്പോൾ അവരതു വിശ്വസിക്കാൻ തയ്യാറായില്ല. അവർ അവരുടെ ഹൃദയം കഠിനമാക്കുകയും ദൈവത്തെ പരിഹസിക്കുകയും ചെയ്തു. ദേശത്ത് അവർക്കു വേണ്ടി കരുതുമെന്ന് ദൈവം വാഗ്ദത്തം ചെയ്തപ്പോൾ അവർ അത് അവിശ്വസിക്കുകയും ദൈവത്തിനെതിരെ പിറുപിറുക്കുകയും ചെയ്തു.

എന്നാൽ അവർക്കുള്ള "സന്തോഷവാർത്ത"യായിരുന്നു അവർ നിരസിച്ചത്. നാലിന്റെ രണ്ടാം വാക്യത്തിൽ അതു വ്യക്തമാണ്. അവർ കേട്ടതും എന്നാൽ അവിശ്വസിച്ചതും "സദ്വർത്തമാനം" അഥവാ "വചനം" ആയിരുന്നു. ഇപ്പോൾ നാലാം അദ്ധ്യായത്തിൽ നമ്മോട് പറയുന്നത്, അതേ പാപം നാമും ആവർത്തിക്കാതെ ദൈവത്തിന്റെ വചനത്തിലും വാഗ്ദാനങ്ങളിലും പ്രത്യാശവെക്കാൻ നാം വളരെ ശ്രദ്ധാലുവായിരിക്കണം എന്ന കാര്യമാണ്.

അപ്പോൾ, ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ ഞാൻ എന്തിന് പരിശ്രമിക്കണം എന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് നമ്മുടെ ഇന്നത്തെ വേദഭാഗം. അതല്ലെങ്കിൽ യിസ്രായേൽ ചെയ്ത അതേ അനുസരണക്കേടിൽ വീഴാതിരിക്കാൻ ഞാൻ എന്തിന് ശ്രദ്ധിക്കണം എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് 12-13 വാക്യങ്ങൾ; "കാരണം ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതാണ്. . .” "For the word of God is alive and active." അത് ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു." അപ്പോൾ, ദൈവത്തിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പാപമോചനവും നിത്യജീവനും സന്തോഷവും സമാധാനവും സ്വസ്ഥതയും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുക. അങ്ങനെ സംഭവിക്കണമെങ്കിൽ, നാം ദൈവത്തിൽ വിശ്വസിക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ദൈവത്തിൽ പ്രത്യാശവെക്കുകയും വേണം. കൂടാതെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യാനുള്ള നമ്മുടെ മറ്റെല്ലാ ശ്രമങ്ങളിൽ നിന്നും മാറിനിന്നുകൊണ്ട് യേശുവിന്റെ പ്രയത്നങ്ങളിലും സഫലമാക്കിയ നേട്ടങ്ങളിലും നാം ആശ്രയിക്കണം.

അപ്പോൾ പ്രാരംഭമായി, ദൈവത്തിന്റെ സ്വസ്ഥത ആസ്വദിക്കുവാൻ ഒരാൾ ചെയ്യേണ്ടത്, അവന്റെ വചനം കേൾക്കുക എന്നതാണ്. "സുവിശേഷം" (4:2) കേൾക്കുകയും, അനുതപിക്കുകയും വിശ്വസിക്കുകയും ചെയ്യുക. അങ്ങനെ സുവിശേഷം സ്വീകരിച്ച ഒരാൾ ദൈവം തന്റെ വചനത്തിലൂടെ നൽകുന്ന വാഗ്ദാനങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുക. ദൈവം വാഗ്ദാനം ചെയ്‌തതും പ്രഘോഷിച്ചതും, പ്രലോഭനത്തിലകപ്പെട്ട് അവഗണിക്കാനും ദൈവത്തിൽ നിന്ന് അകന്നുപോകാതിരിപ്പാനും ജാഗ്രത പുലർത്തുക.

എബ്രായലേഖനം ഒന്നാം അദ്ധ്യായത്തിൽ നാം കണ്ടത്, യേശുക്രിസ്തു ആരാനെന്നും, അവന്റെ ശ്രേഷ്ടത എന്താണെന്നും, അവനിലുടെ ദൈവം സംസാരിച്ച വചനം അന്തിമമാണെന്നും ഉള്ള കാര്യമാണ്. തുടർന്ന് 2-ാം അദ്ധ്യായം മുതൽ ആ വചനം ശ്രദ്ധയോടെ നാം കരുതിക്കൊള്ളണം എന്ന കാര്യമാണ് ഗ്രന്ഥകർത്താവ് നമ്മെ ഓർപ്പിച്ചത്. അതിലെ ചില വാക്യങ്ങൾ നമുക്കു നോക്കാം.

2:1 "അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു."

3:12 "12 സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ."

3:15 15 “ഇന്നു നിങ്ങൾ അവന്റെ ശബ്ദം (വചനം) കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു.”

അതായത്, നാം കേട്ടവചനം അധികം ശ്രദ്ധയോടെ കരുതിക്കൊൾക, വചനത്തെ അവിശ്വസിക്കാതിരിക്കുക, വചനത്തോടു മത്സരിച്ചുകൊണ്ട് ഹൃദയത്തെ കഠിനമാക്കാതിരിക്കുക.

ഇപ്പോൾ നാം ദൈവത്തിന്റെ "വചനത്തെ"ക്കുറിച്ച് നമ്മുടെ രചയിതാവ് എന്താണ് പറയുവാൻ പോകുന്നതെന്ന് കാണാൻ ഒരുക്കപ്പെട്ടു; ഇനി, ഈ വചനം എന്താണെന്നും അത് എന്തുചെയ്യുന്നുവെന്നും അതിന്റെ അനന്തരഫലമെന്താണെന്നുമാണ് ലേഖനകാരൻ നമ്മോടു പറയുന്നത്.

അപ്പോൾ ഒന്നാമതായി ഈ വേദഭാഗത്തു നിന്നും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ദൈവത്തിന്റെ വചനം എന്താണ് എന്ന കാര്യമാണ്.

1. ദൈവത്തിന്റെ "വചനം" എന്താണ്?

എഴുത്തുകാരൻ ഇവിടെ പരാമർശിക്കുന്ന "വചനം" എന്താണെന്ന് നാം ആദ്യം തിരിച്ചറിയേണ്ടതുണ്ട്. 'ലോഗോസ്' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതിൽ നിന്നും ചിലർ ഇത് യേശുവിനെക്കുറിക്കുന്നു എന്നു പറയുന്നു. എന്നാൽ ഒരു വാക്കിന്റെ അർത്ഥം നിർണ്ണയിക്കുന്നത് അതിന്റെ സന്ദർഭമാണ്. ഇവിടുത്തെ സന്ദർഭം അനുസരിച്ച് എഴുതപ്പെട്ടവചനത്തെയാണ് ഇത് അർത്ഥമാക്കുന്നത്. ഇസ്രായേലിന്റെ പുറപ്പാട് തലമുറ നിരസിക്കുകയും വിശ്വസിക്കാൻ വിസമ്മതിക്കുകയും ചെയ്ത, വാഗ്ദാനത്തിന്റെയും വ്യവസ്ഥയുടെയും വചനമാണത്. 4:2-ൽ അതിനെ "സദ്വർത്തമാനം" എന്ന് ലേഖനകാരൻ വിശേഷിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ സഭ ദൈവത്തിൽ നിന്ന് കേട്ട “വചനമാണത്”. യേശു പഠിപ്പിച്ചതും ശിഷ്യന്മാർ ആവർത്തിച്ചതുമായ വചനമാണത്. നമ്മെ സംബന്ധിച്ചിടത്തോളം ഇത് ദൈവത്തിന്റെ ലിഖിത “വചനം” അഥവാ ബൈബിളാണ്. അത് ദൈവത്തിന്റെ വെളിപാടുകളും നിർദ്ദേശങ്ങളും വാഗ്ദാനങ്ങളും ഉൾക്കൊള്ളുന്നതാണ്.

അപ്പോൾ ദൈവവചനത്തെ ഇപ്രകാരം സംഗ്രഹിക്കാം: വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രതികരണം ആവശ്യപ്പെടുന്ന ദൈവത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന ആശയവിനിമയത്തിന്റെയോ വെളിപാടിന്റെയോ രൂപമാണ് "ദൈവത്തിന്റെ വചനം".

രണ്ടാമതായി, ദൈവത്തിന്റെ വചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ശക്തിയെക്കുറിച്ചുമാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്.

2. വചനത്തിന്റെ പ്രാധാന്യവും ശക്തിയും.
അപ്പോൾ ഈ "വചനത്തിനു" എന്താണ് ഇത്ര വലിയ പ്രാധാന്യം? അത് എന്ത് ചെയ്യുന്നു അല്ലെങ്കിൽ എന്ത് നിവൃത്തിക്കുന്നു? എന്തുകൊണ്ടാണ് നാം അത് കേൾക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യേണ്ടത്? ഈ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് 12-ാം വാക്യം. ആ വാക്യം ഞാൻ വായിക്കുകയാണ്: ” 12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു."

ദൈവവചനത്തിന്റെ അഞ്ച് സവിശേഷതകളെക്കുറിച്ചാണ് ലേഖനകാരൻ ഇവിടെ പരാമർശിക്കുന്നത്. വചനത്തിന്റെ ഈ സവിശേഷതകളിലേക്കു കടക്കുന്നതിനു മുന്നമെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് മനുഷ്യന്റെ വചനമല്ല, പ്രത്യുത ദൈവത്തിന്റെ വചനമാണ് എന്നതാണ്. ബൈബിളിൽ കൂടി ദൈവം സംസാരിക്കുന്നു. ഇതരമതഗ്രന്ഥങ്ങൾ ഈ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും ഏതൊരു സാമാന്യ വായനക്കാരനും ഇങ്ങനെ അവകാശപ്പെടുന്ന ഗ്രന്ഥങ്ങളിൽ അനേകം തെറ്റുകളും അബദ്ധജഡിലങ്ങളായ പ്രസ്താവനകളും കാണുവാൻ കഴിയും. എന്നാൽ ബൈബിൾ അതുപോലൊരു പുസ്തകമല്ല. അത് അപ്രമാദിത്വവും അബദ്ധരഹിതവും ദൈവനിശ്വാസീയവുമാണ്. It is infallible, inerrant and God-breathed. അത് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നതാണ്; അത് മനുഷ്യരുടെ ആലോചനയല്ല, മനുഷ്യരുടെ സിദ്ധാന്തമല്ല, മനുഷ്യരുടെ ഊഹാപോഹങ്ങളല്ല. മനുഷ്യന്റെ ചിന്തകൾക്കും അജണ്ടകൾക്കും ജ്ഞാനങ്ങൾക്കും നമ്മെത്തന്നെ വിട്ടുകൊടുത്താൽ ഉണ്ടാകുന്ന ദുരന്തമെന്താണെന്ന് ജൂലൈ 02-ാം തീയതി ഉത്തർപ്രദേശിലെ ഹാഥ്റസിൽ ഉണ്ടായ (ഭോലെ ബാബ, ജൂലൈ 02, 2024) ആൾദൈവസംഭവം ചൂണ്ടിക്കാണിക്കുന്നു. ഭോലെ ബാബയുടെ വചനം കേൾക്കാൻ പോയ 121 പേരാണ് അന്ന് അവിടെ മരിച്ചു വീണത്. ചതഞ്ഞരഞ്ഞവരും സകലവും നഷ്ടപ്പെവരും അനവധിയായിരുന്നു. എത്ര മർമ്മഭേദകമായ കാഴ്ചയാണ് മാദ്ധ്യമങ്ങളിളുടെ നാം കണ്ടത്. എന്നാൽ യേശുക്രിസ്തുവിന്റെ വചനം ശ്രവിക്കാൻ തടിച്ചുകൂടിയ ജനമാരും മരിച്ചു വീണതായി ആരും പറഞ്ഞിട്ടില്ല. നേരെ മറിച്ച് വിശന്നിരിക്കുന്നവർക്ക് ആഹരവും രോഗികൾക്കു സൗഖ്യവും, സാത്താന്യബന്ധനത്തിലകപ്പെട്ടവർക്കു വിടുതലും, പാപികൾക്ക് പാപമോചനവും നിത്യജീവനും നൽകിയാണ് യേശു ജനങ്ങളെ സേവിച്ചത് ദൈവവചനത്തിൽ നാം വായിക്കുന്നത്. അതു ദൈവത്തിന്റെ വചനം ഇന്ത്യയുടെ വിവിധഗ്രാമങ്ങളിൽ ഇനിയുമെത്തുന്നില്ലയെങ്കിൽ ഇതുപോലെയുള്ള ദുരന്തവാർത്തകൾ നാം ഇനിയും കേൾക്കേണ്ടതായ് വരും.

ദൈവവചനമെന്നപോലെ, സാമൂഹ്യശാസ്ത്രവും, സൈക്കോളജിയും, തത്വചിന്തകളും ഒക്കെ സഭകളിൽ പ്രസംഗിക്കുന്നവരുണ്ട്. എന്നാൽ അവയൊക്കേയും ചില വർഷങ്ങൾ കഴിയുമ്പോൾ കാലഹരണപ്പെട്ടതായി മനുഷ്യൻ കണക്കാക്കുകയും അതിന്റെ സ്ഥാനത്ത് പുതിയ ചിന്തകൾ പ്രതിഷ്ഠിക്കയും ചെയ്യുന്നു. എന്നാൽ ഒരുവന്റെ ജീവിതത്തിൽ സ്ഥായിയായ മാറ്റം അഥവാ രൂപാന്തരം വരുത്തുവാൻ എന്നേക്കും മാറ്റമില്ലാത്ത ദൈവവചനത്തിനു മാത്രമെ സാധിക്കു.

"എന്റെ" അല്ലെങ്കിൽ മറ്റേതെങ്കിലും അധ്യാപകന്റെയോ പ്രസംഗകന്റെയോ പണ്ഡിതന്റെയോ വാക്ക്, ഞാനൊ അവരൊ സംസാരിക്കുന്നത് ദൈവം ഈ പുസ്തകത്തിൽകുടി അരുളിച്ചെയ്ത കാര്യമല്ലെങ്കിൽ മിക്കവാറും ഉപയോഗശൂന്യമാണ്. ദൈവം ഈ പുസ്തകത്തിൽകുടി അരുളിച്ചെയ്ത കാര്യമല്ല ഞാനൊ മറ്റുള്ളവരൊ പ്രസംഗിക്കുന്നതെങ്കിൽ അതിനു വലിയ വിലകല്പിക്കേണ്ട ആവശ്യമില്ല. എന്റെ വാക്കുകൾ ദൈവവചനത്തെ കൃത്യമായി പ്രതിനിധീകരിക്കുകയും വിശദീകരിക്കുകയും, നിങ്ങളത് ദൈവത്തിന്റെ വചനമായി സ്വീകരിച്ച്, നിങ്ങൾക്കു ബാധകമാക്കുകയും ചെയ്യുമ്പോഴാണ് അത് നിങ്ങൾക്കു മൂല്ല്യമുള്ളതായി തീരുന്നത്. അപ്പോഴാണ് നിങ്ങളുടെ ജീവിതത്തിൽ ശാശ്വതമായ മാറ്റമുണ്ടാക്കാൻ കഴിയുന്നത്. അപ്പോഴാണ് നിങ്ങളുടെ ജീവിതം യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെടുന്നത്.

തിരുവെഴുത്തുകൾ പറയുന്നത് ദൈവം പറയുന്നതിനു സമാനമാണ്. ദൈവം പറയുന്നതാണെങ്കിൽ അതിനെ തെല്ലും ശങ്കിക്കേണ്ട ആവശ്യമില്ല. പൗലോസ് തെസ്സലൊനിക്യരെ അഭിനന്ദിച്ചു, പറയുന്നത് ശ്രദ്ധിക്കുക:. "13 ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു;” (1 തെസ്സലൊനീക്യർ 2:13). പൗലോസ് തെസലോനിക്യരോടു പ്രസംഗിച്ച കാര്യങ്ങൾ, അന്ന് പ്രബലമായിരുന്ന യവനചിന്തയൊ, ഈ ലോകത്തിന്റെ ജ്ഞാനമൊ ആയിരുന്നില്ല, മറിച്ച് സാക്ഷാൽ ദൈവത്തിന്റെ വചനമായിരുന്നു. അതു മാത്രമല്ല, തെസലോനിക്യർ അതിനെ ദൈവത്തിന്റെ വചനമായി സ്വീകരിക്കുകയും ചെയ്തു. അതാണ് തെസ്സലോനിക്യരെപ്രതി ദൈവത്തെ സ്തുതിക്കാൻ പൗലോസിനെ പ്രേരിപ്പിച്ചത്.

പ്രായോഗികത

ബൈബിൾ ദൈവത്തിന്റെ വചനമായതുകൊണ്ടാണ് ഞാൻ ഇതിനെ അതീവ സൂക്ഷ്മതയോടും ഭയത്തോടും വിറയലോടും കൂടെ കൈകാര്യം ചെയ്യുന്നത്.

ബൈബിൾ ദൈവത്തിന്റെ വചനമായതുകൊണ്ടാണ് ഞാൻ അതിനെ എന്റെ വ്യക്തി പരമായ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനായി ഉപയോഗിക്കാത്തത്. പലരും അതിനെ സ്വാർത്ഥലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനായി ഉപയോഗിക്കുന്നതു എന്നതു എത്രയൊ സങ്കടകരമായ കാര്യമാണ്.

ബൈബിൾ ദൈവത്തിന്റെ വചനമായതുകൊണ്ടാണ് അതിലെ Markers അതായത്, To, for, since, so that, therefore, but, that, if എന്നിത്യാദി ചെറിയ വാക്കുകൾ ഞാൻ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നത്. ഇങ്ങനെയുള്ള ചെറിയ വാക്കുകളെ പലരും അവഗണിക്കുന്നു. എന്നാൽ ഈ വാക്കുകളാണ് യഥാർത്ഥത്തിൽ ഒരു വേദഭാഗത്തിന്റെ അർത്ഥം നിർണ്ണയിക്കുന്നത് എന്ന കാര്യം അവർ അറിയുന്നില്ല. ഇതിനോടുള്ള ബന്ധത്തിൽ Ramesh Richard എഴുതിയ Scripture Sculpture എന്ന പുസ്തകം ഞാൻ നിങ്ങൾക്കു recommend ചെയ്യുന്നു. ഒരു വേദഭാഗത്തെ നന്നായി മനസ്സിലാക്കാനും അതിലെ ആശയം ഗ്രഹിക്കാനും അതെങ്ങനെ പ്രായോഗികതലത്തിൽ കൊണ്ടുവരുവാനും സഹായിക്കുന്ന ഒരു പുസ്തകമാണിത്. ഇനിയും വളരെ ഗൗരവമായി ദൈവവചനം പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് The Gospel Coalition നടത്തുന്ന Bible Arcing method ഉപയോഗിച്ച് ദൈവവചനം പഠിക്കാവുന്നതാണ്.

ഇനി നമുക്ക് ദൈവവചനത്തിന്റെ ഓരോ സവിശേഷതകളിലേക്കു കടക്കാം. അഞ്ചു സവിശേഷതകളാണ് ഈ വേദഭാഗത്ത് ലേഖനകാരൻ ചൂണ്ടിക്കാണിക്കുന്നത്. അതോരോന്നായി ഞാൻ വിശദീകരിക്കുവാൻ പോവുകയാണ്.

ഒന്നാമത്തെ സവിശേഷത ദൈവത്തിന്റെ വചനം ജീവനുള്ളതാണ് എന്നതാണ്.

(1) ദൈവത്തിന്റെ വചനം ജീവനുള്ളതാണ്! The word of God is LIVING!

“ദൈവവചനം” എന്ന പദപ്രയോഗം പ്രാഥമികമായി ബൈബിളിനെ കുറിക്കുകയാണെങ്കിൽ, ഈ പുസ്തകം ജീവനുള്ളതാണെന്ന് (Zon-Living) നമുക്ക് എങ്ങനെ പറയാൻ കഴിയും? വാസ്തവത്തിൽ ഇത് കടലാസും മഷിയും കൊണ്ട് അച്ചടിച്ചു, ബൈന്റുചെയ്തുണ്ടാക്കിയ ഒരു നീർജ്ജീവ വസ്തുവല്ലേ? അതിനു സ്വയമായി ചലിക്കുവാൻ കഴിയുന്നില്ല. ഞാൻ വെക്കുന്നിടത്ത് അത് ഇരിക്കുന്നു. ഞാൻ കയ്യിൽ കൊണ്ടു നടക്കുമ്പോൾ അതു ചലിക്കുന്നു എന്നതല്ലാതെ അതിനു ചലനശേഷി ഇല്ലല്ലൊ? അത് ചിന്തിക്കുകയോ അനുഭവിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുന്നില്ലല്ലൊ? പിന്നെ എങ്ങനെയാണ് ഈ ബൈബിളിനെ ജീവനുള്ളതായി നമുക്ക് പറയാൻ കഴിയുക? രണ്ടു കാരണങ്ങൾ ഇതിനോടുള്ള ബന്ധത്തിൽ ഞാൻ ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു.

ഒന്ന്, ബൈബിൾ ആരുടെ വചനമാണോ ആ വ്യക്തി ജീവിക്കുന്നു അതുകൊണ്ടാണ് അത് ജീവനുള്ളതാണ് എന്ന് പറയുന്നത്. ബൈബിൾ ആരുടെ വചനമാണോ ആ വ്യക്തി ജീവിക്കുന്നു. 'ദൈവവചനം' ദൈവത്തിന്റെ സ്വന്തം പ്രത്യേകതകൾ സ്വീകരിക്കുന്നു. ബൈബിൾ നിർജീവ അക്ഷരങ്ങളല്ല. അതു വർത്തമാനപ്പത്രം പോലെ, ഇന്നു വായിക്കുകയും നാളെ കാലഹരണപ്പെട്ടതായി കണക്കാക്കുകയും ചെയ്യുന്ന ഒന്നല്ല. ദൈവത്തിന്റെ വചനം തന്റെ വിശുദ്ധിയെ വെളിപ്പെടുത്തുന്നതും അതിനു നിരക്കാത്ത പ്രവൃത്തി ആരുതന്നെ ചെയ്താലും, മുഖം നോക്കാതെ, തെറ്റിനെ തെറ്റ് എന്ന് ചൂണ്ടിക്കാണിക്കുന്നതും എഴുതപ്പെട്ട തലമുറക്കെന്നപ്പോലെ എല്ലാക്കാലത്തുമുള്ള തലമുറക്കും ബാധകമായ വചനമാണ്.

ദൈവത്തിന്റെ വചനം ജീവനുള്ളതാണ് എന്ന് പറയാനുള്ള രണ്ടാമത്തെ കാരണം മനുഷ്യർക്കു ജീവൻ പകരാൻ ദൈവം ഉപയോഗിക്കുന്ന മുഖാന്തിരമാണത്. മനുഷ്യർക്കു ജീവൻ പകരാൻ ദൈവം ഉപയോഗിക്കുന്ന മുഖാന്തിരം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, "ബൈബിൾ എന്തുചെയ്യുന്നു" എന്നത് അതിന്റെ ജീവനെ കാണിക്കുന്നു. ഇതിനോടുള്ള ബന്ധത്തിൽ 1 പത്രോസ് 1:23 മുതൽ 25 വരെ വാക്യങ്ങൾ ഞാൻ വായിക്കുന്നു: “23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. 24 “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി; 25 കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം." ഇവിടെ വചനത്തെ ജീവൻ ഉല്പാദിക്കുവാൻ കഴിയുന്ന ബീജത്തോടാണ് അഥവാ വിത്തിനോടാണ് ഉപമിച്ചിരിക്കുന്നത്. sporas എന്ന ഗ്രീക്ക് വാക്കാണ് ബീജം അഥവാ വിത്ത് എന്നതിനുപയോഗിച്ചിരിക്കുന്നത്. പുതിയ നിയമത്തിൽ ഈയൊരിടത്തുമാത്രമെ ഈ വാക്കുപയോഗിച്ചിട്ടുള്ളു. ആക്ഷരീകമായി, procreation അഥവാ ജന്മം നൽകുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു മനുഷ്യന്റെ ബീജമൊ സസ്യത്തിന്റെ വിത്തൊ നശിച്ചുപോകുന്നതാണ്. അത് ജീവൻ ഉല്പാദിപ്പിക്കുമെങ്കിലും കെടുന്നതാണ് അല്ലെങ്കിൽ corruptible ആണ്. എന്നാൽ ദൈവത്തിന്റെ വചനം നശിക്കാത്തതും എന്നേക്കും നിലനിൽക്കുന്നതുമാണ്. It is incorruptible. ഇവിടെ വചനം ദൈവത്തിന്റെ ആത്മാവിനാൽ വീണ്ടും ജനിപ്പിക്കുന്നു. അതിനു മരിച്ച മനുഷ്യനെ ജീവിപ്പിക്കുവാനുള്ള ശക്തിയുണ്ട്. അതു വിശ്വസിക്കുന്ന ആർക്കും ജീവൻ പകർന്നു നൽകാൻ മതിയായതാണ്. ആ ജീവൻ എന്നേക്കും നിലനിൽക്കുന്നു. അതായത്, ഒരുവൻ സുവിശേഷം വിശ്വസിച്ചു രക്ഷിക്കപ്പെട്ടാൽ അവൻ എന്നേക്കും ജീവിക്കുന്നത് അതുകൊണ്ടാണ്. ഈ വചനമാണ് നിങ്ങളോടു പ്രസംഗിച്ച സുവിശേഷമെന്ന് പത്രോസ് അതിനോടു കൂട്ടിച്ചേർക്കുന്നു. യാക്കോബ് അപ്പൊസ്തലനും പത്രോസിന്റെ സമാന വികാരം പ്രതിധ്വനിപ്പിക്കുന്നു: യാക്കൊബ് 1:18: "അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു" (യാക്കൊബ് 1:18). നമ്മുടെ സ്വന്തം ഇഷ്ടത്താലല്ല, അവന്റെ ദൈവികവും പരമാധികാരവുമായ ഹിതത്താലാണ് നാം വീണ്ടും ജനിച്ചത്. അത് സത്യത്തിന്റെ വചനമാണ്.

അത് ജീവനുള്ളതിനാൽ, അത് എല്ലാ സംസ്കാരത്തിലും എല്ലാ രാജ്യങ്ങളിലും ഉള്ള ഓരോ വ്യക്തിയോടും സംസാരിക്കുന്നു, അവർ എവിടെയാണെന്ന് അഭിസംബോധന ചെയ്യുകയും അവർ കേൾക്കേണ്ട കാര്യങ്ങൾ കൃത്യമായി പറയുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തിന് ബൈബിളിനെക്കാൾ പ്രസക്തമായ മറ്റൊരു പുസ്തകമില്ല!

നവീകരണ വക്താവായ മാർട്ടിൻ ലുഥർ പറഞ്ഞു: "The Bible is alive, it speaks to me; it has feet, it runs after me; it has hands, it lays hold on me." "ബൈബിൾ ജീവനുള്ളതാണ്, അത് എന്നോട് സംസാരിക്കുന്നു; അതിന് കാലുകളുണ്ട്, അത് എന്റെ പിന്നാലെ വരുന്നു, അതിന് കൈകളുണ്ട്, അത് എന്നെ പിടിക്കുന്നു."

ഞാൻ രക്ഷിക്കപ്പെട്ട സമയത്ത്, അതായത് ഏകദേശം 31 വർഷങ്ങൾക്കു മുന്നമെ, ബൈബിളാണ് എന്റെ വിശ്വാസത്തിനു ആധാരമായിരിക്കേണ്ടത്, എന്റെ പാരമ്പര്യമല്ല എന്ന ബോധം ദൈവം എന്നിൽ തന്നു. അതുവരെ കൈകൊണ്ടു തൊടാതിരുന്ന ബൈബിൾ ഞാൻ ആർത്തിയോടെ വായിക്കുവാൻ തുടങ്ങി. ബൈബിൾ വായിക്കുന്നത് എനിക്കൊരു ആവേശമായിരുന്നു. ഇതിലെ വാക്കുകൾക്ക് വായനക്കാരന്റെ ആത്മാവിന് ഊർജം പകരാനും സമ്മർദ്ദം ചെലുത്താനുമുള്ള സുപ്രധാന ശക്തിയുണ്ട് എന്നു ഞാൻ മനസ്സിലാക്കി. വചനം നിർജീവമോ, അനക്കമില്ലാത്തതൊ, ശക്തിയില്ലാത്തതോ അല്ല, മറിച്ച് ജീവന്റെ ശക്തിയുണ്ട്, ഒരു effect/പ്രഭാവം ഉണ്ടാക്കാൻ മതിയായതാണ്. മദ്യപാനം, പുകവലി എന്നിത്യാദി ദുശ്ശീലങ്ങൾ എന്നിൽ നിന്നും നീക്കുവാൻ സഹായിച്ചത് ഈ പുസ്തകമാണ്. ഇവിടെ ഇരിക്കുന്ന നിങ്ങൾക്കോരോരുത്തർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ വേണ്ടുവോളമുണ്ടാകുമെന്ന് ഞാൻ അറിയുന്നു. ഞാൻ ഈ മൈക്ക് നിങ്ങളുടെ അടുക്കലേക്ക് എത്തിച്ചാൽ നിങ്ങൾ ഓരോത്തരും അതിനെക്കുറിച്ച് വാചാലരാകുമെന്ന് എനിക്കറിയാം.

പ്രായോഗികത

1. It will not fail you. ദൈവവചനം നിങ്ങളെ പരാജയപ്പെടുത്തുകയില്ല. അതുകൊണ്ടാണ് ഞാൻ ദൈവവചനത്തിനു ഇത്രയധികം ഊന്നൽ നൽകുന്നത്.

2. ദൈവവചനത്തിനു മാത്രമെ നിങ്ങളിൽ സ്ഥായിയായ രൂപാന്തരം വരുത്തുവാൻ സാധിക്കയുള്ളു. അതുകൊണ്ടാണ് ഞാൻ ദൈവവചനത്തിന് ഇത്രയധികം ഊന്നൽ നൽകുന്നതും, തിരുവെഴുത്തുകളെ പരാമർശിക്കാതെ നിങ്ങളോടു പ്രസംഗിക്കാത്തതും.

3. ഇതു ദൈവവചനമായതുകൊണ്ടാണ് വചനത്തിൽ നിലനിന്നുകൊണ്ട് പ്രസംഗിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത്.

ഹെബ്രായലേഖനകാരനും, പത്രൊസും, പൗലോസും മറ്റു പുതിയനിയമ എഴുത്തുകാരും ബൈബിളിനെ ദൈവവചനമായി അവതരിപ്പിക്കുന്നു എന്നു മാത്രമല്ല, ഈ "വചനം" യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നതെന്നും അവർ പറയുന്നു? 12-ാം വാക്യം അതിനുള്ള ഉത്തരം നൽകുന്നു.

(2) ദൈവവചനം ചൈതന്യമുള്ളതാണ്! The word of God is ACTIVE and ENERGETIC!

ദൈവത്തിന്റെ വചനം യഥാർത്ഥത്തിൽ കാര്യങ്ങളെ ചെയ്യുന്നു. അത് കാര്യങ്ങൾ നിറവേറ്റുന്നു. അത് വാഗ്ദത്തം ചെയ്യുന്നത് യാഥാർത്ഥ്യമാക്കുന്നു. തീർച്ചയായും, ആത്മാവ് സജീവമായിരിക്കുമ്പോൾ മാത്രമേ അത് സാദ്ധ്യമാവുകയുള്ളു കാരണം ദൈവവചനം പ്രവൃത്തിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനോടു ചേർന്നാണ്. അത് ചെയ്യുന്നതെന്താണെന്ന് മനസ്സിലാക്കാനും പ്രതികരിക്കാനും ദൈവത്തിന്റെ ആത്മാവ് നമ്മെ പ്രാപ്തരാക്കുന്നു.

സങ്കീർത്തനം 119:18 സങ്കീർത്തനക്കാരൻ പറയുന്നത് ശ്രദ്ധിക്കുക: “നിന്റെ ന്യായപ്രമാണത്തിലെ [അല്ലെങ്കിൽ നിന്റെ വചനത്തിലെ] അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ." പ്രകൃതിയാൽ, ദൈവം നമ്മോട് പറയുന്ന കാര്യങ്ങൾക്ക് നമ്മുടെ കണ്ണ് തുറന്നിരിക്കുന്നില്ല. നമ്മുടെ കണ്ണുകളെ പ്രകാശിപ്പിക്കുന്നതിനും നമ്മുടെ മനസ്സുകളെ ഉണർത്തുന്നതിനും ദൈവാത്മാവിന്റെ ശക്തി ആവശ്യമാണ്. ദൈവം വെളിപ്പെടുത്തിയതിൽ സന്തോഷിക്കുന്നതിനും സ്വീകരിക്കുന്നതിനും നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനും ദൈവാത്മാവിന്റെ കൃപയുള്ള പ്രവൃത്തി ആവശ്യമാണ്. ആത്മാവ് വചനത്തെ അഭിഷേകം ചെയ്യുകയും അതിന്റെ സന്ദേശം ഗ്രഹിക്കാൻ നമ്മുടെ മനസ്സിനെ പ്രാപ്തമാക്കുകയും ചെയ്യുന്നില്ലെങ്കിൽ, അതിൽ "അത്ഭുതകരവും" "മനോഹരവുമായ" ഒന്നും നാം കണ്ടെത്തുകയില്ല. ആത്മാവിനെക്കൂടാതെ, വചനം നമുക്ക് നിഗൂഢവും ആശയക്കുഴപ്പമുണ്ടാക്കുന്നതും നിരാശാജനകവുമാണ്. അതുകൊണ്ടാണ് കുബുദ്ധികൾ വചനത്തെ കോട്ടിക്കളയുന്നത്.

എന്നാൽ ദൈവവചനം നമ്മുടെ ആത്മാവിന്റെ നങ്കൂരമാകട്ടെ. അത് നമ്മൾ നിൽക്കുന്ന പാറയായിരിക്കട്ടെ. പരീക്ഷാഘട്ടങ്ങളിലും ദുരന്ത സമയങ്ങളിലും നമ്മേ നയിക്കുന്ന കോമ്പസായിരിക്കട്ടെ. അത് നമ്മുടെ തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കട്ടെ. അതു നമ്മുടെ ഹൃദയത്തെ പുതുക്കട്ടെ. അതു നമ്മുടെ സന്തോഷം പുനഃസ്ഥാപിക്കുകയും, നമ്മുടെ പ്രത്യാശ നിലനിറുത്തുകയും ചെയ്യട്ടെ. നിങ്ങളുടെ ജീവിതം ദൈവവചനത്തിന്റെ ധാർമ്മിക തത്വങ്ങളിൽ കെട്ടിപ്പടുക്കുക. അതിന്റെ ധാർമ്മികവും നീതിപൂർവ്വവുമായ മാനദണ്ഡങ്ങൾ സ്വീകരിക്കുക. ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ച് അതിൽ പറയുന്നത് വിശ്വസിക്കുക. അതോടൊപ്പം മനുഷ്യരാശിയുടെ സ്വഭാവത്തെക്കുറിച്ചും അതിൽ പറയുന്നത് വിശ്വസിക്കുക.

മനുഷ്യജീവിതത്തെ മാറ്റിമറിക്കാനും സഭയുടെ അനുഭവത്തെ രൂപാന്തരപ്പെടുത്താനും സാമൂഹ്യജീവിതത്തെ മെച്ചപ്പെടുത്താനും ഉള്ള ശക്തി ദൈവത്തിന്റെ വചനത്തിനുണ്ട്. അതുകൊണ്ടാണ് നരഭോജികളായ ആളുകൾ സുവിശേഷം സ്വീകരിക്കുമ്പോൾ മനുഷ്യസ്നേഹികളായി മാറുന്നത്. അതുകൊണ്ടാണ് വചനം കടന്നു ചെല്ലുന്ന സ്ഥലങ്ങളിൽ സമൂഹത്തിൽ മാറ്റങ്ങളും പുരോഗതിയും ഉണ്ടാകുന്നത്. സ്കൂളും കോളേജുകളും ഹോസ്പിറ്റലുകളും ഉണ്ടാകുന്നത്. ആളുകൾ ശുചിത്വബോധമുള്ളവരും പരസ്പ്പരം കരുതുന്നവരും സ്നേഹമുള്ളവരുമായി മാറുന്നത്. ചുരുക്കി പറഞ്ഞാൽ: ദൈവചനം സജീവവും ജീവദായകവുമാണ്.

ദൈവവചനത്തിന്റെ മൂന്നാമത്തെ സവിശേഷത എന്നത്:

(3) ദൈവവചനം ഏത് ഇരുവായ്ത്തലയുള്ള വാളിനെക്കാളും മൂർച്ചയുള്ളതാണ്, അത് പ്രാണനേയും ആത്മാവിനേയും സന്ധി മജ്ജകളേയും വേറുവിടുവിക്കുംവരെ തുളച്ചുചെല്ലുന്നു.

പ്രാണൻ, ആത്മാവ്, സന്ധി, മജ്ജ എന്നിവയെക്കുറിച്ച് ലേഖനകാരൻ ഇവിടെ സംസാരിക്കുമ്പോൾ, മനുഷ്യ വ്യക്തിത്വത്തെക്കുറിച്ചോ നമ്മുടെ ശരീരഘടനയെക്കുറിച്ചോ മനഃശാസ്ത്രപരമായി വിശകലനം ചെയ്യുവാൻ ഉദ്ദേശിച്ചൊ പറയുന്നതല്ല. അത് ദൈവവചനത്തിന്റെ കൃത്യമായ, തുളച്ചുകയറുന്ന ശക്തിയുടെ വാഗ്മയ ചിത്രം നമ്മുടെ മുൻപിൽ വരച്ചു കാണിക്കുകയാണ്. അതു നമ്മുടെ ബാഹ്യമനുഷ്യന്റേയും (outer man) ആന്തരീകമനുഷ്യന്റേയും (inner man) ഉള്ളിലേക്ക് തുളച്ചു കയറാൻ ശക്തിയുള്ള വചനത്തിന്റെ കഴിവിനെയാണ് കാണിക്കുന്നത്. ദൈവത്തിന്റെ വചനം നമ്മുടെ ആത്മീയ അസ്തിത്വത്തിന്റെ അന്തർഭാഗങ്ങളെ അന്വേഷിക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നു, ഉപബോധമനസ്സിനെയും വെളിപ്പെടുത്താത്ത ഉദ്ദേശ്യങ്ങളെയും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അത് ഹൃദയത്തിന്റെയും മനസ്സിന്റെയും അല്ലെങ്കിൽ വികാരങ്ങളുടെയും ഇച്ഛയുടെയും ഉദ്ദേശ്യത്തിലേക്ക് തുളച്ചുകയറി അത് എന്താണെന്ന് വിവേചിക്കുന്നു.

ദൈവവചനം "ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയുള്ളതാണ്" എന്ന് പറയുന്നതിനെ ആളുകൾ വ്യത്യസ്ഥനിലയിലാണ് മനസ്സിലാക്കുന്നത്. ചിലർ ഈ വാളിന്റെ "രണ്ട് അരികുകൾ" പഴയനിയമവും പുതിയനിയമവുമാണെന്ന് പറയുന്നു. വചനം താത്കാലികവും ശാശ്വതവുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നുവെന്ന് മറ്റു ചിലർ പറയുന്നു. മൂന്നാമതൊരു കൂട്ടർ, വചനം അന്തരേന്ദ്രിയങ്ങളെ വിവേചിക്കുന്നതിൽ പരാജയപ്പെടുന്നില്ല കാരണം അതിന് അത്രക്കു മൂർച്ചയുണ്ട് എന്ന് പറയുന്നു. നാലാമതായി, വചനം രണ്ട് തരത്തിലുള്ള ഫലം പുറപ്പെടുവിക്കുന്നു: അത് ഒന്നുകിൽ രക്ഷിക്കുന്നു അല്ലെങ്കിൽ ന്യായം വിധിക്കുന്നു. ഇനിയും ദൈവചനത്തിന്റെ ഫലപ്രാപ്തിയെ വിവരിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമായിരിക്കാം ഈ പ്രയോഗമെന്നത്. യെശയ്യാവ് 55:10ഉം 11ഉം വാക്യങ്ങൾ ഇതിനെ പിന്താങ്ങുന്നു:

യെശയ്യാവ് 55:10-11.

"10 മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ ആയിരിക്കും 11 എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും." ആകാശത്തു നിന്നു പെയ്യുന്ന മഴയും മഞ്ഞും ഭൂമിയിൽ സസ്യവും ആഹാരവും വിളയിക്കുന്നതുപോലെ ദൈവത്തിന്റെ വായിൽ നിന്നു പുറപ്പെടുന്ന വചനം അതു ഉദ്ദേശിച്ച കാര്യം നിവൃത്തിക്കുമെന്നാണ് അത് അർത്ഥമാക്കുന്നത്.

ഈ വേദഭാഗം എന്റെ ഓർമ്മയിലേക്കു കൊണ്ടുവരുന്നത്, ചാൾസ് സ്പർജന്റെ ജീവിതത്തിലും ശുശ്രൂഷയിലുമുള്ള ഒരു സംഭവമാണ്. ലണ്ടനിൽ മരണക്കിടക്കയിൽ കിടന്നിരുന്ന ഒരു വൃദ്ധ താൻ എങ്ങനെ മാനസാന്തരപ്പെട്ടു എന്ന കാര്യം വിവരിച്ചത്, ഒരു പത്രത്തിന്റെ കീറിയ ഒരു കഷണം പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു. അതിൽ സ്പർജന്റെ ഒരു പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗം ഉണ്ടായിരുന്നു. ആ കഷണം പേപ്പർ എവിടുന്ന് കിട്ടി എന്ന് ചോദിച്ചപ്പോൾ ഓസ്‌ട്രേലിയയിലുള്ള ഒരു ബന്ധു തനിക്ക് അയച്ച സമ്മാനം പൊതിയാൻ ഉപയോഗിച്ചതാണെന്ന് അവൾ പറഞ്ഞു!

ആ സംഭവം ഇങ്ങനെയാണ്. സ്പർജൻ ലണ്ടനിൽ പ്രസംഗിച്ച ഒരു പ്രസംഗം. ആ പ്രസംഗം പകർത്തി, അച്ചടിച്ച്, ന്യൂയോർക്കിലേക്ക് ഒരു കപ്പലിൽ കയറ്റി അയച്ചു. അങ്ങനെ അമേരിക്കയിലെത്തിയ ഈ പ്രസംഗം ഒരു പത്രത്തിൽ വീണ്ടും അച്ചടിച്ചു, അത് അമേരിക്കയിലുടനീളം വിതരണം ചെയ്യപ്പെട്ടു. അങ്ങനെ അത് സാൻ ഫ്രാൻസിസ്കോയിലെത്തി. അവിടെ നിന്ന് കപ്പലിൽ അത് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയി; അവിടെ ഒരു ഓസ്‌ട്രേലിയൻ പത്രത്തിൽ വീണ്ടും അച്ചടിച്ചു. അവിടെയുണ്ടായിരുന്ന ഈ വൃദ്ധയുടെ ബന്ധു ഉപയോഗശൂന്യമായി കിടന്ന ഈ പേപ്പർ ഒരു സമ്മാനം പൊതിയാൻ ഉപയോഗിച്ചു, ആ സമ്മാനം കപ്പലിൽ തിരികെ ലണ്ടനിലെത്തി. അവിടെ ഈ പ്രായമായ സ്ത്രീ, കീറിയ പത്ര ഭാഗത്തിലേക്ക് തന്റെ കണ്ണോടിച്ചു. അങ്ങനെ യാദൃശ്ചികമായി അവളുടെ ദൃഷ്ടി സ്പർജൻ വളരെക്കാലം മുമ്പ് പ്രസംഗിച്ച ദൈവവചനത്തിൽ പതിഞ്ഞു. അവളുടെ ഹൃദയത്തെ അതു പുനരുജ്ജീവിപ്പിക്കുകയും അവൾ നിത്യജീവൻ പ്രാപിക്കുവാൻ തക്കവിധം ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആ വചനത്തിലൂടെ പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെയാണ് ആ പ്രിയ അമ്മച്ചി രക്ഷിക്കപ്പെടുവാൻ ഇടയായി തീർന്നത്. വചനത്തിന്റെ പുനരുജ്ജീവനശക്തിക്ക് ഇത് നല്ല ഒരു ഉദാഹരണമാണ് എന്ന് ഞാൻ കരുതുന്നു.

ദൈവവചനത്തിന്റെ നാലാമത്തെ സവിശേഷത എന്നത്,

(4) ദൈവവചനം ഹൃദയത്തിന്റെ ചിന്തകളും ഉദ്ദേശ്യങ്ങളും മനസ്സിലാക്കുന്നു എന്നതാണ്. (The word of God DISCERNS the thoughts and intentions of the heart.)

ഇത് വായിക്കുമ്പോൾ, 139-ാം സങ്കീർത്തനത്തിൽ ദാവീദ് പറഞ്ഞ കാര്യമാണ് എന്റെ മനസ്സിലേക്കു വരുന്നത്. സങ്കീ. 139: 1-4 വാക്യങ്ങൾ.

“1യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; 2 ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. 3 എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു. 4 യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.” (സങ്കീ. 139: 1-4).

നമുക്ക് നമ്മുടെ അയൽക്കാരിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും, സഹോദരി-സഹോദരന്മാരിൽ നിന്നും, നമ്മുടെ ഇണയിൽ നിന്നുപോലും ഒത്തിരി കാര്യങ്ങൾ മറച്ചുവെക്കാൻ സാധിക്കും. പക്ഷേ ദൈവത്തിൽ നിന്ന് ഒന്നും മറച്ചുവെക്കാൻ നമുക്കു കഴിയുകയില്ല. കാപട്യംകൊണ്ടോ സാമർത്ഥ്യംകൊണ്ടോ ദൈവത്തെ കബളിപ്പിക്കാനാവില്ല. നിങ്ങൾ ഇപ്പോൾ എന്താണ് ചിന്തിക്കുന്നതെന്നും ഇന്ന് മുതൽ പത്ത് വർഷത്തിന് ശേഷം നിങ്ങൾ എന്ത് ചിന്തിക്കുമെന്നും അനുഭവിക്കുമെന്നും ദൈവത്തിനു നന്നായി അറിയാം.

വചനം നമ്മുടെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വിലയിരുത്തുകയും അവയെ തൂക്കിനോക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. ദൈവവചനം നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും രഹസ്യമായ ആഴങ്ങളിലേക്ക് തുളച്ചുകയറുകയും അവിടെയുള്ളതിനെക്കുറിച്ചുള്ള അവബോധം വരുത്തുകയും ചെയ്യുന്നു: അത് നല്ലതോ ചീത്തയോ, ആത്മാർത്ഥമോ കപടമോ, മാന്യമോ അഴിമതിയോ എന്ന് വചനം പറയുന്നു.

ഇനി, പാപത്തിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ ദൈവം തന്റെ വചനത്തിലൂടെ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. എബ്രായർ 3:12-ൽ അവൻ പാപത്തിന്റെ "വഞ്ചന"യെക്കുറിച്ച് പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടാകും. "12 സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ." പാപം നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി, ദൈവവചനത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടാൻ നമ്മേ പ്രേരിപ്പിക്കുന്നു. അത് അന്യായ മാർഗ്ഗങ്ങളിലൂടെയുള്ള ധന സമ്പാദനമാകാം. അതല്ലെങ്കിൽ വിവാഹമോചനം നേടുന്നതിലൂടെ കൂടുതൽ മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കാൻ സാധിക്കുമെന്ന ചിന്തയാകാം. അതുമല്ലെങ്കിൽ, നമ്മുടെ വഴിക്ക് തടസ്സം നിൽക്കുന്ന ഒരാളെ കുറിച്ച് അപവാദം പ്രചരിപ്പിച്ചുകൊണ്ട് അയാളെ ഒതുക്കാൻ ശ്രമിക്കുന്നതാകാം.

അങ്ങനെയുള്ള വഞ്ചനയുടെ മൂടൽമഞ്ഞിലൂടെ തുളച്ചുകയറാനും നമ്മുടെ ചിന്തകളിലേക്കും ഉദ്ദേശ്യങ്ങളിലേക്കും വെളിച്ചം വീശാനും നാം വിശ്വസിക്കാൻ എളുപ്പമുള്ള നുണകൾ വെളിപ്പെടുത്താനും ദൈവവചനത്തിനു കഴിയും. ദൈവചനത്തിനു മാത്രമെ പാപത്തിന്റെ വഞ്ചനയിൽ നിന്നു നമ്മേ രക്ഷിക്കുവാൻ കഴിയു.

ദൈവവചനത്തിന്റെ അഞ്ചാമത്തെ സവിശേഷത എന്നത്,

(5) ദൈവവചനം നമ്മുടെ ആത്മാക്കളുടെ രഹസ്യങ്ങൾ തുറന്നുകാട്ടുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു. (The word of God UNCOVERS and EXPOSES the SECRETS of our souls.)

ദീർഘകാലമായി മണ്ണിൽ അലക്ഷ്യമായി കിടന്നിരുന്ന ഒരു പ്ലൈവുഡ് കഷണം നിങ്ങൾ മറിച്ചിട്ടു നോക്കിയിട്ടുണ്ടോ? നിങ്ങൾ അത് ചെയ്യുമ്പോൾ, ചിലന്തികളുടെയും ഉറുമ്പുകളുടെയും ഒരു വലിയ നഗരം നിങ്ങൾക്കവിടെ കാണാം. ആരും കാണാത്ത ഇരുണ്ടതും വെളിച്ചമില്ലാത്ത ഈർപ്പമുള്ള സ്ഥലത്ത് വസിക്കുന്ന ജീവികളാണവ. അവ എപ്പോഴും മറഞ്ഞിരിക്കുവാൻ ഇഷ്ടപ്പെടുന്നു. പകലിന്റെ വെളിച്ചം അവയുടെ മേൽ വീഴുമ്പോൾ അതു മറയ്ക്കാൻ ബദ്ധപ്പെട്ട് ഓടുന്നു.

ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന പലരും ഇങ്ങനെയുള്ള ജീവികളെപോലെയാണ്. രഹസ്യങ്ങൾ ഇരുട്ടിൽ മൂടിവെക്കുവാൻ അവർ ശ്രമിക്കുന്നു. ആരെങ്കിലും എന്നെങ്കിലും പ്ലൈവുഡ് പൊക്കി തങ്ങളുടെ ജീവിതത്തിന്റെ രഹസ്യാത്മകത പുറത്താകുമൊ എന്ന് ഭയപ്പെടുന്നു. ഒരുപക്ഷെ മറ്റുള്ളവരുടെ കണ്ണുകളെ നിങ്ങൾക്കു വെട്ടിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ദൈവത്തിന്റെ വചനം നിങ്ങളുടെ ജീവിതരഹസ്യങ്ങളെല്ലാം കാണുന്നു. അത് നമ്മുടെ ആത്മാക്കളെ മൂടുന്ന തിരശ്ശീല ഉയർത്തുന്നു. അത് നമ്മുടെ ചിന്തകൾക്കും ഉദ്ദേശ്യങ്ങൾക്കും മേലെയുള്ള മൂടുപടം നീക്കുന്നു. അത് നമ്മുടെ ഹൃദയത്തിന്റെ ഇരുട്ടിലേക്ക് വെളിച്ചം വീശുകയും ഉള്ളിൽ ആഴത്തിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങളെ വെളിച്ചത്തിലേക്കു കൊണ്ടുവരികയും ചെയ്യുന്നു. അങ്ങനെ സത്യസന്ധമായി അവയെ കൈകാര്യം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതിനു നാം അനുവദിക്കുക മാത്രം ചെയ്താൽ മതി.

ദൈവവചനത്തിന്റെ ഈ അഞ്ചു സവിശേഷതകൾ ദൈവവചനം എന്തു ചെയ്യുന്നു, എന്തു നിവൃത്തിക്കുന്നു എന്ന കാര്യമാണ് നമ്മേ ഓർപ്പിച്ചത്. മൂന്നാമത്തെ പോയിന്റായി ഈ വേദഭാഗത്തുനിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ദൈവത്തിന്റെ മുമ്പാകെ നാമെല്ലാം കണക്കു കൊടുക്കേണ്ടവരാണ് എന്നതാണ്.
3. ദൈവത്തിന്റെ മുമ്പാകെ നാം കണക്കു കൊടുക്കേണ്ടവരാണ്.

13-ാം വാക്യം : "13 അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു."

ദൈവവചനത്തിൽ നിന്നും നേരിട്ട് ദൈവത്തിലേക്ക് ലേഖനകാരൻ തന്റെ ശ്രദ്ധ തിരിക്കുന്നു. ദൈവവചനത്തിന്റെ ഈ അന്വേഷണഫലം നമ്മെ വ്യക്തിപരമായി ദൈവത്തോടു കണക്കുബോധിപ്പിക്കുവാൻ ബാദ്ധ്യസ്ഥനാക്കുന്നു. ദൈവത്തിനു നമ്മെക്കുറിച്ച് എല്ലാം അറിയാം, കാരണം അക്ഷരാർത്ഥത്തിൽ 'ഒരു സൃഷ്ടിയും അവന്റെ മുമ്പിൽ മറഞ്ഞിരിക്കുന്നില്ല' (സങ്കീ. 139:1-12). 'എല്ലാം' തുറന്നുകാട്ടാൻ അവൻ തന്റെ വചനം ഉപയോഗിക്കുന്നു, നമ്മേ മൂടുപടമില്ലാത്തവരോ 'നഗ്നരോ' (ജിംന) എന്ന പോലെ അവന്റെ മുമ്പാകെ 'നിസ്സഹായരോ' (ടെട്രാച്ചിലിസ്മെന) 'പ്രതിരോധമില്ലാത്തവരൊ' ആയി നിർത്തും. എന്നാൽ അന്ന് ലജ്ജിതരായി തീരാതിരിക്കുവാൻ ഇപ്പോൾ വചനത്തോടു നാം പോസിറ്റീവായി പ്രതികരിക്കുക. ദൈവത്തിന്റെ വചനം നമ്മുടെ എല്ലാ അന്തരംഗങ്ങളേയും ദൈവമുൻപാകെ തുറന്നു കാട്ടുന്നതിനാൽ, ദൈവവചനത്തോടു സത്യസന്ധത പുലർത്തി നമുക്കു ജീവിക്കാം.

ഉപസംഹാരം


അപ്പോൾ ഞാൻ എന്റെ സന്ദേശം ഉപസംഹരിക്കുകയാണ്. സജീവവും ജീവദായകവുമായ ദൈവത്തിന്റെ വചനം നമ്മുടെ അവിശ്വാസത്തേയും ഹൃദയകാഠിന്യത്തേയും തുറന്നു കാട്ടുന്നതിനാൽ, വചനത്തോടു പോസിറ്റീവായി പ്രതികരിച്ചും വിശ്വാസത്തിൽ സ്ഥിരതയാർജിച്ചുംകൊണ്ട് ദൈവത്തിന്റെ സ്വസ്ഥതയിലേക്കു പ്രവേശിക്കുക. അതിനുള്ള ഒരു അധികകാരണമാണ് നാം ഇതുവരെ ചിന്തിച്ചത്. ബൈബിൾ മനുഷ്യന്റെ വചനമല്ല, മറിച്ച് ദൈവത്തിന്റെ വചനമാണെന്നും അത് എന്തു നിവൃത്തിക്കുന്നു എന്നും നാം കണ്ടു. അതിന്റെ അഞ്ചു സവിശേഷതകൾ 1. ദൈവത്തിന്റെ വചനം ജീവനുള്ളതാണ്, 2. അത് ചൈതന്യമുള്ളതാണ്, 3. അത് ഇരുവായ്ത്തലയുള്ള വാളിനെക്കാളും മൂർച്ചയുള്ളതാണ്, 4. അത് ഹൃദയത്തിന്റെ ചിന്തകളും ഉദ്ദേശ്യങ്ങളും മനസ്സിലാക്കുന്നു. 5. അത് ആത്മാക്കളുടെ രഹസ്യങ്ങൾ തുറന്നുകാട്ടുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു.

നാം കണക്ക് കൊടുക്കേണ്ട ആളാണ് ദൈവമെന്ന പരാമർശം, മനുഷ്യരാശിയെക്കുറിച്ചുള്ള അവന്റെ ആത്യന്തികമായ ന്യായവിധിയിലേക്ക് വിരൽ ചൂണ്ടുന്നു (cf. 9:27; 10:26-31). എന്നാൽ ആ ഭയങ്കരമായ ദിവസത്തിന് മുമ്പായി, എല്ലാത്തരം വഞ്ചനയുടെയും പാപത്തിന്റെയും മേൽ വെളിച്ചം നമുക്കു പകർന്നു തരാൻ അവന്റെ വചനത്തിനു കഴിയും. കരുണ ലഭിക്കുന്നതിനും കൃപ കണ്ടെത്തുന്നതിനുമായി അവന്റെ പുത്രനായ യേശുവിന്റെ മഹാപുരോഹിത ശുശ്രൂഷയിലൂടെ ഇപ്പോൾ ദൈവത്തെ സമീപിക്കാൻ സാധിച്ചാൽ അത്തരം വെളിപ്പെടുത്തൽ ഒരു അനുഗ്രഹമായി നമുക്കു ഭവിക്കും (4:14-16).

നമ്മുടെ പരാജയങ്ങളിൽ നമ്മേ സഹായിക്കുവാൻ യേശുക്രിസ്തു എന്ന മഹാപുരോഹിതൻ ദൈവത്തിന്റെ വലതു ഭാഗത്തുണ്ട്. ആയതിനാൽ, വചനം തുറന്നു കാട്ടുന്ന മലിനകളെ നീക്കുവാൻ കർത്താവിന്റെ മദ്ധ്യസ്ഥം നമുക്കു തേടാം. അങ്ങനെ ദൈവവചനത്തിന്റെ പ്രവർത്തനം കർത്താവിന്റെ വരവിങ്കൾ നമുക്ക് അനുഗ്രഹത്തിനു കാരണമായി തീരേണ്ടതിനു ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മേ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ.

Notes

inductive Bible study methods,* Inductive Bible study is an approach to God’s Word focusing on three basic steps that move from a focus on specific details to a more general, universal principle. Through these three steps, we apply inductive reasoning, which is defined as the attempt to use information about a specific situation to draw a conclusion. The steps are observation (what does it say?), interpretation (what does it mean?), and application (what does it mean for my life?). Inductive Bible study is a valuable tool in understanding and applying the principles of God’s Word.)

(ഇൻഡക്റ്റീവ് ബൈബിൾ പഠനം എന്നത് ദൈവവചനത്തോടുള്ള ഒരു സമീപനമാണ്. മൂന്നു അടിസ്ഥാന ചുവടുള്ളിലൂടെ ഒരു നിഗമനത്തിലെത്താനുള്ള മാർഗ്ഗമാണിത്. ഒരു പ്രത്യേക വേദഭാഗത്തെ കുറിച്ചുള്ള നിരീക്ഷണം (അത് എന്താണ് പറയുന്നത്?), വ്യാഖ്യാനം (അത് എന്താണ് അർത്ഥമാക്കുന്നത്?) പ്രായോഗികത (എന്റെ ജീവിതത്തിനു ഇത് എങ്ങനെ ബാധകമാകുന്നു) എന്ന ചിന്തയോടെ ദൈവവചനത്തിലെ സത്യങ്ങൾ കണ്ടെത്തുന്നതാണിത്.

*******

© 2020 by P M Mathew, Cochin

bottom of page