top of page
എബ്രായലേഖന പരമ്പര-18
P M Mathew
JUN 29, 2025

Spiritual sluggishness leading to apostasy!
വിശ്വാസത്യാഗത്തിലേക്കു നയിക്കുന്ന ആത്മീയ മന്ദത !

Hebrews 5:11-6:1-3

അതിനായി, ഹെബ്രായലേഖനം 5:11-6:3 വരെ വാക്യങ്ങൾ വായിക്കാം:

ഹെബ്രായർ 5:11- 6:3

"11 ഇതിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായി തീർന്നതുകൊണ്ടു തെളിയിച്ചുതരുവാൻ വിഷമം. 12 കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു.
13 പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. 14 കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു. അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, 2 നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. 3 ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും."

വ്യാഖ്യാനിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വേദഭാഗമായി പല വേദപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുള്ള വേദഭാഗമാണിത്. അനേകം എഴുത്തുകാരും വളരെ വ്യത്യസ്ഥമായ നിലയിൽ ഈ വേദഭാഗത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ എഴുത്തുകാരന്റെ ചിന്താധാരയോട് ഏറ്റവും ചേർന്നു പോകുന്ന ഒരു വ്യാഖ്യാനമാണ് ഇന്നു ഞാൻ നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്.

പ്രധാന ആശയം

ഒരു വിശ്വാസി ആത്മീയമന്ദത വെടിഞ്ഞ് പക്വതയിലേക്ക് വളർന്ന് നീതിയുടെ വചനത്തിൽ പരിജ്ഞാനമുള്ളവനായി തീരുന്നില്ലെങ്കിൽ അവൻ വിശ്വാസത്യാഗത്തിലേക്ക് വിഴാൻ വലിയ സാദ്ധ്യതയുണ്ട്. ആകയാൽ ദൈവവചനത്തെ നന്നായി പഠിക്കുന്നവരും അതു പ്രാവർത്തികമാക്കുന്നവരും ആയിത്തീരുക.

പശ്ചാത്തലം

ശ്രേഷ്ഠനായ ഒരു മഹാപുരോഹിതനെന്ന നിലയിൽ യേശുക്രിസ്തുവിന്റെ നിയമനത്തെക്കുറിച്ചുള്ള പ്രഭാഷണമാണ് ലേഖനകാരൻ നടത്തിക്കൊണ്ടിരുന്നത്. യേശുവിനെ നമ്മുടെ ശ്രേഷ്ഠമഹാപുരോഹിതനായി നിയമിച്ചിരിക്കുന്നു. ഈ കാര്യമാണ് എബ്രായർ 5:10 ൽ നാം കണ്ടത്. എന്നാൽ ആ വിഷയത്തിൽ നിന്ന് പെട്ടെന്ന് വ്യതിചലിച്ച് തന്റെ സഭാ-വിശ്വാസികളുടെ ആത്മീയ മന്ദതയിലേക്കു തിരിയുകയാണ് ലേഖനകാരൻ. വിശ്വാസികളുടെ ആത്മീയമന്ദതയെ താൻ കൈകാര്യം ചെയ്യുന്നു.

ആത്മീയവളർച്ചയില്ലായ്മ ഏതൊരു സഭയെ സംബന്ധിച്ചും അഥവാ ഏതൊരു വിശ്വാസിയെ സംബന്ധിച്ചും ഒട്ടും ഭൂഷണമായ സംഗതിയല്ല. അതിനാൽ ഒരു സ്നേഹപൂർവ്വമായ ഏറ്റുമുട്ടൽ ഒരു loving confrontation നടത്തുകയാണ് ലേഖനകാരൻ ഈ വേദഭാഗത്ത്. വിശ്വാസികളുടെ കുറവ് ചൂണ്ടിക്കാണിച്ച് അതിനെ തിരുത്തുക എന്നത് ഒരു സഭാശുശ്രൂഷകനെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ ജോലിയാണ്. ആ ശ്രമം വിജയിച്ചില്ലെങ്കിൽ പരിണതഫലം വളരെ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. ഇനി അത് കൈകാര്യം ചെയ്തില്ലെങ്കിൽ അത് അതിനേക്കാൾ വലിയ ആപത്തായി തീരുകയും ചെയ്യും. അതായത്, ഹെബ്രായ വിശ്വാസികളുടെ ആത്മീയ മന്ദത തുടർന്നാൽ അവർ ക്രിസ്തുവിൽ നിന്ന് അകന്നുപോകും. അതവരെ വിശ്വാസത്യാഗം അഥവാ apostasy യിലേക്കു നയിക്കും. അതിനേക്കാൾ വലിയ ഒരു ദുരന്തം ഒരു വിശ്വാസിക്കുണ്ടാകാനില്ല. ഇത് ഹെബ്രായവിശ്വാസികളുടെ മാത്രം പ്രശ്നമല്ല, ഏതുകാലത്തുമുള്ള സഭയെ സംബന്ധിച്ചും ഇതു യാഥാർത്ഥ്യമായ സംഗതിയാണ്. വിശ്വാസികൾ ആത്മീയമന്ദതയുള്ളവരായി തീർന്നാൽ അതവരെ വിശ്വാസത്യാഗത്തിലേക്കു നയിക്കും. അതുകൊണ്ട് നമ്മേ സംബന്ധിച്ചും ഈ ശാസന തികച്ചും ബാധകമാണ്.

അങ്ങനെ സംഭവിക്കുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വേദഭാഗത്തിനുശേഷം വരുന്ന 6:4-8 വരെ വാക്യങ്ങളിൽ കാണുന്നത്. വിശ്വാസികളാണെന്ന ഒരു തോന്നൽ നൽകുകയും അതേസമയം യഥാർത്ഥവിശ്വാസമില്ലാതെ professing Christians ആയി തുടരുകയും ചെയ്യുന്നവർക്കെതിരെയുള്ള മുന്നറിയിപ്പാണിത്. Professing Christians do not persevere in the faith. Professing Christians do not abide in the faith. പേരിൽമാത്രം ക്രിസ്ത്യാനികൾ ആയിരിക്കുന്നവർ വിശ്വാസത്തിൽ നിലനിൽക്കയില്ല.

ശാസനയ്ക്കും മുന്നറിയിപ്പിനും ശേഷം, 6:9-12 വാക്യങ്ങളിൽ വിശ്വാസികൾക്കു പ്രോത്സാഹനവും ശ്രോതാക്കളുടെ പ്രതിബദ്ധതയിലുള്ള ആത്മവിശ്വാസവും ലേഖനകാരൻ പ്രകടിപ്പിക്കുന്നു. അതല്ലെങ്കിൽ ഹ്രബ്രായ വിശ്വാസികൾക്ക് അങ്ങനെ സംഭവിക്കയില്ല; അവർ ആത്മീയ മന്ദത വെടിഞ്ഞ് ആത്മീയ പക്വതയിലേക്കു വളരും എന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ട് ലേഖനകാരൻ മുന്നോട്ടു പോകുന്നു.

ഈ വേദഭാഗത്തെ നമുക്ക് മൂന്നായി തരം തിരിക്കാം.

ഒന്ന്, 5:11-12 വാക്യങ്ങളിൽ ലേഖനകാരൻ തന്റെ ശ്രോതാക്കളുടെ നിലവിലെ ആത്മീയ അവസ്ഥയെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ നടത്തുന്നു. വിശ്വാസികളുടെ ആത്മീയ നിലവാരത്തെക്കുറിച്ചുള്ള വിലയിരുത്തൽ. മറ്റുള്ളവരെ ഉപദേശിക്കാൻ തക്കവണ്ണം ഉപദേശകരായി തീരേണ്ടവർ, വിശ്വാസികളായി വളരെ കാലങ്ങൾ പിന്നിട്ടിട്ടും, ദൈവവചനത്തിന്റെ ബാലപാഠങ്ങളെ പഠിപ്പിക്കേണ്ടവർ എന്ന നിലയിൽ അവർ മന്ദബുദ്ധി പ്രകടിപ്പിക്കുന്നു. പ്രസംഗകൻ അവരെ അമ്മയുടെ നെഞ്ചിൽ കിടന്നു മുലകുടിക്കുന്ന ശിശുക്കളോടാണ് ഉപമിച്ചിരിക്കുന്നത്, അവർക്ക് കൂടുതൽ കാര്യമാത്രപ്രസക്തമായ വിഷയം കൈകാര്യം ചെയ്യുവാൻ കഴിയുന്നില്ല.

രണ്ട്, 5:13-14 വാക്യങ്ങളിൽ, ആത്മീയശിശുക്കളും ആത്മീയമായി വളർന്നവരും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന് ചൂണ്ടിക്കാണിക്കുന്നു. അതല്ലെങ്കിൽ പക്വതയില്ലാത്തവരും പക്വതവന്നവരും തമ്മിലുള്ള അന്തരമെന്താണെന്ന് പറയുന്നു. ആത്മീയമായി പക്വതപ്രാപിച്ചവർ, ദൈവവചനത്തിൽ നീതിയെക്കുറിച്ചു പറഞ്ഞിരിക്കുന്നത് നന്നായി മനസ്സിലാക്കി നല്ലതു മുറുകെ പിടിക്കുന്നവരും നന്മയെ തിന്മയിൽ നിന്ന് വിവേചിച്ചറിഞ്ഞ് പ്രയോഗത്തിൽ വരുത്തുന്നവരുമാണ് (R).

മൂന്ന്, 6:1-3-ൽ പഴയനിയമത്തിൽ യേശുക്രിസ്തുവിന്റെ നിഴലുകളായി പ്രസ്താവിച്ചിട്ടുള്ള അനുഷ്ഠാനങ്ങളെ ശരിയായ നിലയിൽ ഗ്രഹിക്കാതിരുന്നതുകൊണ്ട് നിർജ്ജീവപ്രവൃത്തികളെ ക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, 2 നിത്യശിക്ഷാവിധി എന്നീ കാര്യങ്ങളെ വീണ്ടും പഠിപ്പിക്കേണ്ട അവസ്ഥയിലാണ് തന്റെ വായനക്കാർ. എന്നാൽ ഈ അടിസ്ഥാനം വീണ്ടും ഇടാതെ സുവിശേഷത്തിന്റെ ഗഹനമായ സത്യങ്ങളിലേക്ക് മുന്നേറാൻ വിശ്വാസികളെ ഉത്സാഹിപ്പിക്കയും പ്രബോധിപ്പിക്കയും കർത്താവ് അത് യാഥാർത്ഥ്യമാക്കും എന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് ലേഖനകാരൻ മുന്നോട്ടു പോകുകയും ചെയ്യുന്നു.

അപ്പോൾ, ഇവിടെ നിന്നും ഒന്നാമതായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം വിശ്വാസികൾ ആത്മീയമന്ദത വെടിയണം എന്ന കാര്യമാണ്.

1. വിശ്വാസികൾ തങ്ങളുടെ ആത്മീയ മന്ദത വെടിയണം (5:11-12).

"11 ഇതിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായി തീർന്നതുകൊണ്ടു തെളിയിച്ചുതരുവാൻ വിഷമം. 12 കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ (oracles of God) ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു" (5:11-12).

ഹെബ്രായലേഖനത്തിന്റെ ഇതുവരെയുള്ള അദ്ധ്യായങ്ങളിൽ ഹെബ്രായവിശ്വാസികൾ യിസ്രായേല്യരുടെ മരുഭൂമിയിലെ അവിശ്വാസം ആവർത്തിക്കുമൊയെന്നും അതിനാൽ അവർക്കു വാഗ്ദാനം ചെയ്ത ആത്മീയസ്വസ്ഥതയിൽ പ്രവേശിപ്പാൻ അവർ പരാജയപ്പെടുമൊയെന്നും ലേഖനകാരൻ ഭയപ്പെടുന്നു. അങ്ങനെ സംഭവിക്കാതിരിക്കുന്നതിനെതിരെ രണ്ടു തവണ താൻ warning/ മുന്നറിയിപ്പ് നൽകി. ആദ്യത്തെ മുന്നറിയിപ്പ് 2:1ലാണ്. "അതുകൊണ്ട് നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിനു കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊൾവിൻ" അവർ കേട്ട വചനം അധികം ശ്രദ്ധയോടെ, അതല്ലെങ്കിൽ അവർ പുത്രനിലൂടെ കേട്ട സുവിശേഷം മുറുക പിടിക്കുക. അവിശ്വാസികളായി തീരാതിരിക്കുക.

രണ്ടാമത്തെ warning/മുന്നറിയിപ്പ് 3:8 ലാണ്. "ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽ പരിക്ഷാദിവസത്തിലെ മത്സരത്തിൽ എന്ന പോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്". ദൈവത്തിന്റെ വചനത്തോടു മത്സരിച്ച യിസ്രായേൽ മക്കൾ ദൈവം വാഗ്ദത്തംചെയ്ത സ്വസ്ഥതയിൽ പ്രവേശിക്കാതിരുന്നതുപോലെ ദൈവവചന ത്തോടു മത്സരിച്ചാൽ നിങ്ങൾക്കും അങ്ങനെ സംഭവിക്കാമെന്ന മുന്നറിയിപ്പ് ആണിത്.

ഈ രണ്ടു മുന്നറിപ്പും ഒരേ കാര്യം തന്നെയാണ് ആവർത്തിക്കുന്നത്. ദൈവത്തിന്റെ വചനത്തെ നാം മുറുകെ പിടിക്കുക. ദൈവവചനത്തെ അവഗണിക്കാതിരിക്കുക. ദൈവത്തിന്റെ വചനത്തെ നിരസിച്ചുകൊണ്ട് അവിശ്വാസികളായി തീരാതിരിക്കുക. അതല്ലെങ്കിൽ ക്രിസ്ത്യാനികളാണെന്ന തോന്നൽ മറ്റുള്ളവർക്കു നൽകിയാൽ പോരാ, ദൈവവചനം അനുസരിക്കുന്ന യഥാർത്ഥ വിശ്വാസികൾ ആയിരിക്കുക.

എന്നാൽ ഇപ്പോഴും തന്റെ വായനക്കാരിൽ ചിലരുടെ ആത്മീയ അവസ്ഥയെക്കുറിച്ച് ലേഖകാരനു ആശങ്കയുണ്ട്. അവർ ദൈവത്തിന്റെ വചനം കേൾക്കാൻ, പഠിക്കാൻ മന്ദഗതിയിലാണെന്ന് താൻ പ്രസ്താവിക്കുന്നു. പലരുംതന്നെ ക്രിസ്തീയ ഉപദേശത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ പോലും നന്നായി മനസ്സിലാക്കിയിട്ടില്ല. അവരിപ്പോഴും വ്യാജ ഉപദേഷ്ടാക്കന്മാരുടെ ചതിയാലും വഞ്ചനയാലും "ഉപദേശത്തിന്റെ ഓരൊ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കളെപോലെയാണ്" (എഫെ 4:14). അവർ അടിസ്ഥാന ഉപദേശത്തിൽ ഉറക്കാത്തതിനാൽ ദൈവവചനത്തിന്റെ ആഴമേറിയ സത്യങ്ങൾ പഠിപ്പിക്കാൻ കഴിയാതെ പോകുന്നു. അതല്ലെങ്കിൽ, യേശുക്രിസ്തുവിന്റെ മഹാപുരോഹിത ശുശ്രൂഷയുടെ പ്രാധാന്യം, അതിന്റെ സ്വഭാവം അതിന്റെ പ്രായോഗികത എന്നിവയെക്കുറിച്ച് പഠിപ്പിക്കുവാൻ ലേഖനകാരനു കഴിയാതെ പോകുന്നു.

അതാണ് 11-ാം വാക്യത്തിലെ "ഇതിനെക്കുറിച്ച് ഞങ്ങൾക്ക് വളരെയധികം പറയാനുണ്ട്" എന്ന പ്രസ്താവന സൂചിപ്പിക്കുന്നത്. അവർ വളരേണ്ട രീതിയിൽ വളർന്നിരുന്നുവെങ്കിൽ അവർക്കിപ്പോൾ കൂടുതൽ കാര്യങ്ങൾ സ്വായത്തമാക്കാൻ കഴിയുമായിരുന്നു. എന്നാൽ വ്യാജ ഉപദേശത്തിന്റെ ഒരു കാറ്റ് അങ്ങോട്ട് അടിച്ചാൽ അവർ അങ്ങോട്ട് പോകും, ഇങ്ങോട്ട് അടിച്ചാൽ അവർ ഇങ്ങോട്ടു പോകും. അവർ വളരേണ്ട രീതിയിൽ വളർന്നിരുന്നുവെങ്കിൽ അവർക്ക് ഇപ്പോൾ വിശ്വാസത്തിന്റെ മഹത്തായ സത്യങ്ങൾ മറ്റുള്ളവർക്കു കൈമാറാൻ കഴിയുമായിരുന്നു. ദൈവവചനത്തിന്റെ പ്രാഥമിക സത്യങ്ങൾ സ്വയം പഠിക്കാൻ തയ്യാറായിരുന്നെങ്കിൽ അവരിപ്പോൾ പിന്നാലെ വരുന്നവരെ പഠിപ്പിക്കുവാൻ പ്രാപ്തരാകുമായിരുന്നു. എന്നാൽ അവർ ഇപ്പോഴും അതിനു പ്രാപ്തരായിട്ടില്ല.

ഇവിടെ വിശ്വാസികളെല്ലാവരും ഉപദേഷ്ടാക്കന്മാർ ആകണമെന്നൊ ഇടയന്മാരാകണമെന്നൊ അല്ല പറയുന്നത്. കാരണം അങ്ങനെയുള്ള പ്രത്യേകവരങ്ങളെക്കുറിച്ച് റോമർ 12:7; 1 കൊരിന്ത്യർ 12:28-29; എഫെ 4:11, 1 പത്രൊസ് 4:11 എന്നിവിടങ്ങളിൽ പറയുന്നുണ്ട്. അതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. വിശ്വാസത്തിൽ സ്ഥിരത ആർജ്ജിക്കുന്നതിനെ ക്കുറിച്ചാണ് ഇവിടെ പറയുന്നത്; വിശ്വാസികൾ അന്യോന്യം പ്രബോധിപ്പിക്കുന്നതിനെ ക്കുറിച്ചാണ് പറയുന്നത്. ആരെങ്കിലും പാപത്തിൽ വീഴുന്നുവെന്നു കണ്ടാൽ അവരെ ഉപദേശിക്കുവാനുള്ള ഉത്തരവാദിത്തത്തെ കുറിച്ചാണിതു പറയുന്നത്.

രണ്ടാമതായി ഇതുകൊണ്ടുദ്ദേശിക്കുന്നത്, അവിശ്വാസികളുടെ മുമ്പാകെ ക്രിസ്തുവിനെ സാക്ഷിക്കുക എന്നതാണ്. അല്ലെങ്കിൽ മറ്റുള്ളവരോടു ധൈര്യത്തോടെ സുവിശേഷം പങ്കുവെക്കുക (10:35;13:15; cf 1 പത്രൊസ് 3:15-16). ആത്മവിശ്വാസത്തോടെ സുവിശേഷം പങ്കുവെക്കണമെങ്കിൽ ദൈവവചനത്തെക്കുറിച്ചുള്ള പരിജ്ഞാനം നമുക്കാവശ്യമാണ്. അതുണ്ടാകണമെങ്കിൽ ദൈവത്തിന്റെ വചനം നാം സ്വയം പഠിക്കുവാൻ തയ്യാറാകണം. അവിശ്വാസിയായ മനുഷ്യൻ എന്തെങ്കിലും സംശയമൊ മറുചോദ്യമൊ ചോദിച്ചാൽ അതിനു സൗമ്യതയൊടെ മറുപടി പറയാൻ കഴിയണമെങ്കിൽ വചനത്തിലുള്ള പരിജ്ഞാനം നമുക്ക് ആവശ്യമാണ്.

പ്രായോഗികത

നിങ്ങൾ ആത്മീയമായി വളരുന്നുണ്ടോ? ദൈവത്തിന്റെ വചനം സ്വയം പഠിക്കുവാൻ നിങ്ങൾ മനസ്സു വെച്ചിട്ടുണ്ടോ?വ്യാജ ഉപദേശത്തെ തിരിച്ചറിയാനുള്ള പരിജ്ഞാനം നിങ്ങൾക്കുണ്ടോ? പാപത്തിൽ വീഴുന്നവരെ കണ്ടാൽ അവരെ ഉപദേശിക്കുവാൻ നിങ്ങൾക്ക് കഴിയാറുണ്ടോ? ദൈവവചനത്തിന്റെ മഹത്തായ സത്യങ്ങൾ നിങ്ങൾക്കു പിന്നാലെ വരുന്നവർക്കു പറഞ്ഞുകൊടുക്കുവാൻ പ്രാപ്തിയുള്ളവരാണോ? മറ്റുള്ളവരോടു സുവിശേഷം പങ്കുവെക്കുവാൻ നിങ്ങൾ ധൈര്യപ്പെടാറുണ്ടോ?

വിശ്വാസികൾ ആത്മീയസത്യങ്ങൾ പടിപടിയായി പഠിച്ചു വളർന്ന് വരേണ്ട ആവശ്യമുണ്ട്. അവർക്കു 10 വർഷം മുൻപുണ്ടായിരുന്ന അറിവല്ല ഇന്നും ആവശ്യമായിരിക്കുന്നത്. ദൈവവചനത്തിന്റെ കൂടുതൽ സത്യങ്ങൾ പഠിക്കുവാൻ അവർക്കു കഴിയണം. ഹെബ്രായലേഖനകാരനെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ മഹാപൗരോഹിത്യ ശുശ്രൂഷയുടെ നേട്ടങ്ങളെക്കുറിച്ചു ഹെബ്രായവിശ്വാസികളെ പഠിപ്പിക്കേണ്ട ആവശ്യമുണ്ട്. എന്നാൽ ഇക്കാര്യം അവരോടു "വിശദീകരിക്കാൻ പ്രയാസമാണ്." എന്തുകൊണ്ടാണിത് വിശദീകരിക്കാൻ പ്രയാസമായിരിക്കുന്നത്? അത് ഈ വിഷയത്തിന്റെ സങ്കീർണ്ണതമാത്രമല്ല, കേൾവിക്കാരുടെ ആത്മീയ മന്ദതയാണ് അതിനുള്ള മുഖ്യ കാരണം. വിശ്വാസികളുടെ ആത്മീയ മന്ദത. അവർ ആത്മീയമായി മന്ദത ബാധിച്ചവരാകയാൽ ഈ വിഷയം അവർക്കു മനസ്സിലാക്കിക്കൊടുക്കുവാൻ തനിക്കു കഴിയുന്നില്ല. ഇതാണ് രചയിതാവ് അഭിമുഖീകരിക്കുന്ന പ്രശ്നം.

"കേൾപ്പാൻ മാന്ദ്യമുള്ളവർ" എന്നതാണ് തന്റെ ശ്രോതാക്കളുടെ മുഖ്യപ്രശ്നം. തങ്ങളുടെ ആത്മീയ മന്ദതയെ വ്യക്തമാക്കുവാൻ രചയിതാവ് ഉപയോഗിച്ചിരിക്കുന്ന വാക്ക് "nothros" എന്നതാണ്. "nothros". ഈ വാക്കിന്റെ അർത്ഥം lazy in hearing "കേൾപ്പാൻ മടി" കാണിക്കുക എന്നാണ്. അതല്ലെങ്കിൽ "കേൾപ്പാൻ അലസത" കാണിക്കുക.

ഈ വാക്കിന്റെ സമകാലീന സാഹിത്യത്തിലെ ചില പ്രയോഗങ്ങൾ പരിശോധിച്ചാൽ അതിന്റെ അർത്ഥം എന്താണെന്ന് നമുക്ക് കൂടുതൽ വ്യക്തമാകും. അലസതയാൽ ചെവി "അടച്ചുകളഞ്ഞ" ഒരു അടിമയോടുള്ള ബന്ധത്തിൽ ഈ വാക്ക് ബൈബിളിനു വെളിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഒരു അടിമ പണി ചെയ്യാൻ അലസതയുള്ളവനാണെങ്കിൽ അവന്റെ യജമാനൻ വിളിക്കുമ്പോൾ അവൻ കേട്ടതായി നടിക്കയില്ല. താൻ കേട്ടാലല്ലേ, അനുസരണം കാണിക്കേണ്ടതുള്ളു. അതായത്, "കേൾക്കുവാൻ വിസമ്മതിക്കുകയും അനുസരിക്കാതിരിക്കുകയും" ചെയ്യുന്നതിനെയാണ് ഇവിടെ "മാന്ദ്യത" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

അതിന്റെ രണ്ടാമത്തെ പ്രയോഗം അത്‌ലറ്റിക്‌സ് മേഖലയിലാണ്. ആകൃതിയില്ലാത്ത അലസനും മടിയനുമായ ഒരു അത്ലെറ്റിനെ കുറിക്കുവാൻ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. തന്റെ ശരീരത്തെ നിരന്തരമായ വ്യായാമത്തിലൂടേയും ഭക്ഷണക്രമീകരണത്തി ലൂടേയും വഴക്കമുള്ളതായി സൂക്ഷിക്കാത്ത വ്യക്തി അത്ലെറ്റിക്സിൽ പരാജയപ്പെടുന്നത് സ്വാഭാവികമാണ്. ഉദാഹരണമായി, പൊരിച്ചാക്കുപോലെ ഇരിക്കുന്ന വ്യക്തിക്ക് ഒളിമ്പിക്സിലെ 100 മീറ്റർ ഓട്ടത്തിൽ വിജയിക്കുവാൻ സാധിക്കുകയില്ലെന്നു നമുക്കറിയാം. ശരിയായ ആഹാരനിയന്ത്രണവും നിരന്തരമായ വ്യായാമവും ഉണ്ടെങ്കിലെ അത്ലെറ്റിക്സിൽ വിജയം നേടാനാകു. അതായത്, ദൈവവചനം വായിക്കാനും അത് അർത്ഥമാക്കുന്നത് എന്തെന്നു മനസ്സിലാക്കാനും അതനുസരിപ്പാനും മടികാണിക്കുന്നതിനെ യാണ് "മന്ദത" എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. ദൈവവചനം വായിക്കാനും അത് അർത്ഥമാക്കുന്നത് എന്തെന്നു മനസ്സിലാക്കാനും അതനുസരിപ്പാനും ജീവിതത്തിൽ ഒരു Dicipline ഇല്ലാതിരിക്കുക.

എബ്രായവിശ്വാസികളിൽ ചിലരുടെ പ്രശ്നം അവർ ദൈവത്തിന്റെ വചനത്തെ ശ്രദ്ധിക്കുന്നില്ല. അവർ ദൈവത്തിന്റെ വചനത്തെ ഗണ്യമാക്കുന്നില്ല. അവർ "കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊള്ളുന്നില്ല" " ശ്രദ്ധയോടെ കേൾക്കുകയൊ കേട്ട കാര്യങ്ങൾ അനുസരിക്കുകയൊ ചെയ്യുന്നില്ല.

ഇത് ദൈവത്തിന്റെ അരുളപ്പാടുകളുടെ (oracles of God) ന്റെ പ്രാധാന്യത്തേയാണ് ചൂണ്ടിക്കാണിക്കുന്നത്? ഇത് ദൈവവചനത്തിന്റെ പ്രാധാന്യത്തേയാണ് അടിവരയിട്ടു പറയുന്നത്.

ഒന്നാം സങ്കീർത്തനത്തിൽ നാമെന്താണ് വായിക്കുന്നത്? "2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. 3 അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും." ദൈവത്തിന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്ന മനുഷ്യനാണ് യഥാർത്ഥഭാഗ്യവാൻ. സാമ്പത്തികമായി ഉന്നതനിലയിലൊ, അധികാരത്തിന്റെ ഉത്തുംഗ ശൃംഗത്തൊ, ഉന്നതജോലിയിൽ ഇരിക്കുന്നവരൊ ആണ് ഭാഗ്യവാന്മാരെന്നല്ല ഇവിടെ പറയുന്നത്. വിശ്വാസികൾ ഈ നിലകളിൽ അനുഗ്രഹിക്കപ്പെടരുത് എന്നല്ല ഞാൻ അർത്ഥമാക്കിയത്. ദൈവവചനത്തെ രാപ്പകൽ ധ്യാനിച്ച് നീതിയിൽ നടക്കുന്നവരാണ് ഭാഗ്യവാന്മാർ. ദൈവത്തിന്റെ ന്യായപ്രമാണംകൂടാതെ തന്നിഷ്ടപ്രകാരം നടക്കുന്നവർ ദുഷ്ടന്മാരും പരിഹാസികളുമാണ്. അവരുടെ അന്ത്യം നാശമാണ്.

മറ്റൊരു വേദഭാഗം കൂടി പരിശോധിക്കാം. ഇതു മോശെ ഭാവിയിലേക്കുനോക്കി യിസ്രായേലിനു ഒരു രാജാവുണ്ടാകുമ്പോൾ, അവൻ പ്രമാണിക്കേണ്ട പരമപ്രധാനകാര്യം എന്ന നിലയിലാണിതു പറഞ്ഞിരിക്കുന്നത്.

ആവർത്തനം 17:18–20: "18 അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്നു ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പു ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം. 19 ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു അതു അവന്റെ കൈവശം ഇരിക്കുകയും 20 അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കൽപനവിട്ടു ഇടത്തോട്ടൊ വലത്തോട്ടൊ തിരിയാതെയും ഇരിക്കേണ്ടതിന്നും അവനും അവന്റെ പുത്രന്മാരും യിസ്രായേലിന്റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിന്നുമായി അവൻ തന്റെ ആയുഷ്ക്കാലം ഒക്കെയും അതു വായിക്കയും വേണം."

യിസ്രായേലിൽ ഒരു രാജാവ് അധികാരം ഏൽക്കുമ്പോൾ അവൻ ചയ്യേണ്ട പരമപ്രധാനകാര്യം എന്താണ്? ഒരു പുതിയെ സെക്ക്രട്ടറിയെ തനിക്കായി നിയമിക്കണമെന്നൊ, തന്റെ മുൻഗ്ഗാമിയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നൊ, ഒരു ക്യാബിനറ്റ് മീറ്റിംഗ് വിളിച്ചുകൂട്ടണമെന്നൊ ഒന്നുമല്ല, പിന്നെ താൻ എന്താണ് ചെയ്യേണ്ടത്? പുരോഹിതന്മാരുടെ പക്കൽ നിന്നും ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു കൊപ്പി എഴുതിയെടുക്കണം. Internet ൽ നിന്നും download ചെയ്ത് computer ൽ സൂക്ഷിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. കാരണം ഒരുവന്റെ ഹൃദയത്തെ സ്പർശിക്കാതെ ഇതു ചെയ്യാൻ ഒരുവനു സാധിക്കും. ഇനി പേടിപ്പെടുത്തുന്ന സ്വപ്നം ഒന്നും കാണാതെ സ്വസ്ഥമായി കിടന്നുറങ്ങാൻ വേണ്ടി (ബൈബിൾ) തലയണക്കു കീഴെ വെച്ച് ഉറങ്ങാൻ വേണ്ടിയാണോ? അതുമല്ല. പിന്നെ എന്തിനുവേണ്ടിയാണ് രാജാവ് ഇത് എഴുതിയെടുക്കേണ്ടത്? അതു ദിനംതോറും വായിച്ച് ധ്യാനിച്ച് അതിൻപ്രകാരം ജീവിക്കേണ്ടതിനുവേണ്ടിയാണ്. ദൈവത്തിന്റെ കൽപ്പന വിട്ട് ഇടത്തോട്ടൊ വലത്തോട്ടൊ മാറാതെ നടക്കേണ്ട തിനുവേണ്ടിയാണ്. ദൈവജനത്തിനു ന്യായം പാലിച്ചുകൊടുക്കേണ്ടതിനു വേണ്ടിയാണ്. ഇനി, എത്ര ദിവസം അവൻ ഇതു ചെയ്യണം? ആദ്യത്തെ ഒരാഴ്ച മതിയൊ? ഒരു മാസം? ഒരു വർഷം? പോരാ. തന്റെ ആയുഷ്ക്കാലം ഒക്കേയും അവൻ ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും അതിൻപ്രകാരം ജീവിക്കയും ചെയ്യണം.

ഇനി ഇതിലെ ചില പ്രായോഗികതകൾ ഞാൻ ചൂണ്ടിക്കാണിക്കാം; ദൈവത്തിന്റെ വചനം കേൾക്കാൻ നാം ചെവി അടച്ചു കളയാറുണ്ടോ? അലസനായ അടിമയെപ്പോലെ ദൈവവചനം കേട്ടെങ്കിലല്ലേ അനുസരിക്കേണ്ട ആവശ്യമുള്ളു എന്നു എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സിൽ തോന്നിയിട്ടുണ്ടോ? ദൈവവചനം വായിക്കുന്നതിനും ഹൃദിസ്ഥമാക്കുന്നതിനും അലസതയുള്ളവരായി തീർന്നിട്ടുണ്ടോ? തിരുവെഴുത്തുകളിൽ മുഴുകുകയും ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കയും ചെയ്യാറുണ്ടോ? സഭയായി എന്തെങ്കിലും മീറ്റിംഗ് ക്രമീകരിച്ചാൽ അതിൽ സംബന്ധിക്കുവാൻ വൈമുഖ്യം തോന്നാറുണ്ടോ? അടിസ്ഥാനക്രിസ്തീയ ഉപദേശങ്ങളിൽ സ്ഥിരത കൈവരിച്ചിട്ടുണ്ടോ? രക്ഷിക്കപ്പെട്ടപ്പോൾ നിങ്ങൾ വചനം വായിക്കുന്നതിനും പഠിക്കുന്നതിനും കാണിച്ച ഉത്സാഹം ഇപ്പോൾ കുറഞ്ഞു പോയിട്ടുണ്ടോ? ദൈവവചനത്തിന്റെ വെളിച്ചത്തിൽ ഒരു കാര്യം നന്മയാണോ തിന്മയാണൊ എന്ന് വിവേചിക്കുവാനുള്ള പരിജ്ഞാനം നിങ്ങൾക്കുണ്ടോ? ദൈവവചനത്തിന്റെ സ്ഥിരമായ പരിശീലനത്തിലൂടെ ആത്മീകവിവേചനം വികസിപ്പച്ചെടുത്തിട്ടുണ്ടൊ?

ആത്മീയ മന്ദതയുടെ ചില ലക്ഷണങ്ങൾ കൂടി നോക്കാം. ബൈബിൾ വായിക്കുന്നതിനേക്കാൾ മറ്റേതെങ്കിലും കാര്യത്തിൽ, അതു പുസ്തകവായനയിലായാലും, what's app നോക്കുന്നതിനാണെങ്കിലും U Tube ശ്രദ്ധിക്കുന്നതിനാണെങ്കിലും അധികം സമയം നിങ്ങൾ നീക്കി വെയ്ക്കാറുണ്ടോ? എങ്കിൽ നിങ്ങൾ അപകടത്തിന്റെ വക്കിലാണ്. ദൈവത്തോടുള്ള പ്രാർത്ഥനയിൽ നിങ്ങൾക്കുത്സാഹം കുറഞ്ഞുപോയിട്ടുണ്ടോ? എങ്കിൽ നിങ്ങൾ പിന്നോക്കം ചുവടുവെക്കുകയാണ്. കർത്താവിന്റെ മേശയെ അവഗണിച്ചുകൊണ്ട് കല്യാണ വിരുന്നിനൊ ബിസിനസ് ആവശ്യങ്ങൾക്കൊ പോകുന്നവരാണോ? എങ്കിൽ നിങ്ങളുടെ priority തുലോം മാറിപ്പോയിരിക്കുന്നു. ഇതെല്ലാം ആത്മീയമന്ദതയുടെ ചില ലക്ഷണങ്ങൾ ആണ്.

സഭയിലെ അവരുമായുള്ള ദീർഘകാല ഇടപെടലിന്റെ വെളിച്ചത്തിൽ, കേൾവിക്കാരുടെ അവസ്ഥ മോശമാണെന്ന് എഴുത്തുകാരൻ വിലയിരുത്തുന്നു. അവർ ഇപ്പോൾ അധ്യാപകരായിരിക്കേണ്ടവരാണ്. ആത്മീയമായി താണ നിലയിൽ നിന്ന് ആത്മീയമായി ഉന്നത നിലയിലേക്കു വളരേണ്ടവരാണ്. എന്നാൽ അങ്ങനെയൊരു വളർച്ച അവരിൽ താൻ കാണുന്നില്ല.

ഇത് ബുദ്ധികുറവൊ, IQ ഇല്ലാത്തത്തുകൊണ്ടൊ സംഭവിച്ചതല്ല. ദൈവവചനം സ്വയം പഠിക്കുവാൻ അവർ മനസ്സുവെക്കുന്നില്ല. ദൈവവചനം പഠിക്കുവാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല. അതുകൊണ്ട് വിശ്വാസികളായി അവർ വർഷങ്ങൾ പിന്നിട്ടിട്ടും അവർ ഇപ്പോഴും ആത്മീയ ശിശുക്കളെപോലെയാണ്. അവർക്കിപ്പോഴും പാലാണ് ആവശ്യമായിരിക്കുന്നത്. കട്ടിയായുള്ള ഭക്ഷണം അവർക്ക് ദഹിക്കുന്നില്ല

രണ്ടാമതായി, അതിന്റെ outcome അഥവാ അതിന്റെ പരിണതഫലമെന്താണ് എന്നു നോക്കാം. അതിനായി 13-14 വാക്യങ്ങൾ നമുക്കു വായിക്കാം.

"13 പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. 14 കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു" (5:13-14).

ഇവിടെ നിന്നും രണ്ടാമത്തെ പോയിന്റായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം, വിശ്വാസികൾ നന്മ തിന്മകളെ തിരിച്ചറിയുന്നവരും നീതിയുടെ വചനത്തിൽ പരിജ്ഞാനമുള്ളവരുമായി തീരണം എന്നതാണ്.

2. വിശ്വാസികൾ നന്മ തിന്മകളെ തിരിച്ചറിയുന്നവരും നീതിയുടെ വചനത്തിൽ പരിജ്ഞാനമുള്ളവരുമായി തീരണം (5:13-14).
പാലും കട്ടിയായുള്ള ഭക്ഷണവും തമ്മിലുള്ള വ്യത്യാസം കൂടുതൽ വികസിപ്പിക്കുകയാണ് 13-14 വാക്യങ്ങളിൽ. കട്ടിയായ ഭക്ഷണമല്ല, പാലിന്റെ ആവശ്യകത, മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ നിന്നും, നന്മതിന്മകളെ വേർതിരിച്ചറിയാൻ അവരുടെ ഇന്ദ്രിയങ്ങളെ പരിശീലിപ്പിക്കുന്നതിൽ നിന്നും, അവരെ തടയുന്നു.

"പാൽ" എന്ന വാക്കു പുതിയ നിയമത്തിൽ ഇവിടെ മാത്രമല്ല, മറ്റ് രണ്ടിടങ്ങളിൽ കൂടി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ വ്യത്യസ്ഥ അർത്ഥങ്ങളിലാണെന്നു മാത്രം. കേൾവിയിൽ ശ്രദ്ധാലുക്കൾ ആയില്ലെങ്കിൽ ഈ വ്യത്യാസം തിരിച്ചറിവാൻ നിങ്ങൾക്കു കഴിയുകയില്ല.

1 പത്രോസ് 2:2-ൽ പത്രോസ് എഴുതുന്നു, “2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ.” രക്ഷയിൽ വളരണമെങ്കിൽ വചനമെന്ന കലർപ്പില്ലാത്ത പാൽ എല്ലാവരും കുടിക്കണം. ഇവിടെ "പാൽ" എന്ന രൂപകം ഉപയോഗിച്ചിരിക്കുന്നത് ദൈവവചനത്തിനായുള്ള ഒരു വാഞ്ച നിങ്ങളിൽ ഉണ്ടായിരിക്കണം എന്ന അർത്ഥത്തിലാണ്. ഒരു കുഞ്ഞ് അമ്മയുടെ മുലപ്പാലിനായി എങ്ങനെ വാഞ്ചിക്കുന്നുവൊ അതുപോലെ വിശ്വാസികൾ ദൈവത്തിന്റെ വചനത്തിനായി ആഗ്രഹിക്കണം. ഇവിടെ നാം മുന്നമെ പറഞ്ഞതുപോലെ, മൃദുവായ ഭക്ഷണവും കട്ടിയായുള്ള ഭക്ഷണവും തമ്മിലുള്ള വ്യത്യാസം കാണിക്കാനല്ല, മറിച്ച്, ദൈവവചനത്തോടു ഒരുവനുണ്ടായിരിക്കേണ്ട ആഗ്രഹത്തേയാണ് അത് സൂചിപ്പിക്കുന്നത്. ദൈവവചനത്തിനായി നാം ഒരു കുഞ്ഞിനെപോലെ വിശക്കുന്നവരായിരിക്കണം.

അടുത്ത വാക്യം നമുക്കു നോക്കാം. 1 കൊരിന്ത്യർ 3:1–2-വാക്യങ്ങൾ. അവിടെ പൗലൊസ് കൊരിന്ത്യരെ ശാസിക്കുന്നതു നോക്കുക: "എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു. 2 ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ."

ഇവിടെ പറയുന്നത് നിങ്ങൾ ജഡികന്മാരായതിനാൽ ഞാൻ നിങ്ങൾക്ക് കട്ടിയുള്ള ആഹാരമല്ല, പാലത്രെ നൽകുന്നത് എന്നാണ്. വാസ്തവത്തിൽ പൗലോസ് കൊരിന്ത്യരെ ശാസിക്കുകയാണ്. കാരണം കൊരിന്ത്യാസഭ ആരംഭിച്ചശേഷം അഞ്ചുവർഷം കഴിഞ്ഞാണ് പൗലോസ് ഈ ലേഖനമെഴുതുന്നത്. അവർക്ക് കൂടുതൽ ഉപദേശങ്ങൾ വേഗത്തിൽ സ്വീകരിക്കാൻ കഴിയുന്നില്ല. അവർക്കു അങ്ങനെയൊരു വളർച്ച ഈ കാലയളവുകൊണ്ട് ഉണ്ടായിട്ടില്ല. അവർക്കു അങ്ങനെയൊരു ആത്മീയ വളർച്ച ഉണ്ടായിരുന്നെങ്കിൽ, അവരുടെ ഇടയിൽ ഇപ്പോഴും ഈർഷ്യ പിണക്കം എന്നിത്യാദി ജഡികസ്വഭാവങ്ങൾ നിലനിൽക്കുകയില്ലായിരുന്നു. ഈ സ്വഭാവങ്ങൾ പണ്ടെ അവരിൽ നിന്നു നീക്കിക്കളയുമായിരുന്നു. വിശ്വാസികൾ പരസ്പരം അസൂയയിലും പകയിലും കഴിയുന്നു. ചിലർ ചിലരുടെ നേരെ നോക്കാൻപോലും മടിക്കുന്നു. അവർ ആത്മിയമായി അപക്വരാണ്. കേട്ട കാര്യങ്ങൾ അവർ ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. അവർ വചനത്തോടു ശരിയായ നിലയിൽ പ്രതികരിച്ചിട്ടില്ല. വചനത്തോടു പ്രതിബദ്ധത കാണിക്കുന്നില്ല. അതുകൊണ്ട് കൂടുതൽ ആത്മീയ സത്യങ്ങൾ അവരോടു പങ്കുവെക്കുവാൻ പൗലോസ് മടിക്കുന്നു. "നിങ്ങൾക്ക് പാൽ അത്രെ ആവശ്യമായിരിക്കുന്നു; കട്ടിയുള്ള ഭക്ഷണമല്ല."

ഈ രണ്ടു പ്രയോഗങ്ങളും കാണിക്കുന്നത്, വിശ്വാസികൾ ദൈവവചനത്തിനായി എങ്ങനെ വാഞ്ചിക്കണമെന്നും, അവർ കേൾക്കുന്ന വചനം പ്രാവർത്തികമാക്കിക്കൊണ്ട് ജഡികത തങ്ങളുടെ ജീവിതത്തിൽ നിന്നും നീക്കിക്കളയണം എന്നുമാണ്. ചുരുക്കിപ്പറഞ്ഞാൽ ദൈവവചനം കേൾക്കുക, അതു പ്രവർത്തികമാക്കുക.

ഇവയിൽ നിന്നും വ്യത്യസ്ഥമായ ആശയമാണ് ലേഖനകാരൻ ഇവിടെ അർത്ഥമാക്കുന്നത്. പാൽ കുടിച്ചു ജീവിക്കുന്ന ഏതൊരാളും ഇപ്പോഴും ഒരു ശിശുവാണ്, അതിന്റെ തെളിവ് അവർ നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനാണ് എന്നതാണ്. "പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ." ഇതും മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു പദപ്രയോഗമാണ് എന്ന് പല വേദപണ്ഡിതരും അഭിപ്രായപ്പെടുന്നു.

"നീതിയുടെ വചനം" എന്ന പ്രസ്താവന വളരെയധികം വ്യാഖ്യാനങ്ങൾക്ക് വിധേയമായിട്ടുള്ള ഒരു പ്രയോഗമാണ്. നീതിയുടെ വചനത്തെ "ശരിയായ സംസാരം", "ധാർമ്മിക ഉപദേശങ്ങൾ", മുതിർന്നവരുടെ സംസാരം, "ക്രിസ്ത്യാനിത്വത്തിന്റെ പൊതു പഠിപ്പിക്കലുകൾ" വചനത്തിന്റെ നിരന്തര ഉപയോഗത്താൽ തെറ്റും ശരിയും തിരിച്ചറിയുക" എന്നിങ്ങനെ വിവിധങ്ങളായിട്ടുള്ള വ്യഖ്യാനങ്ങൾ പലരും മുൻപോട്ടു വെച്ചിട്ടുണ്ട്. വിവിധ ഇംഗ്ലീഷ് പരിഭാഷകളെ അടിസ്ഥാനമാക്കിയാണ് പലരും ഈ വ്യാഖ്യാനങ്ങൾ മുന്നോട്ടു വെച്ചിട്ടുള്ളതും. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും കടക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. Dr D A Carson മുന്നോട്ടു വെച്ചിരിക്കുന്ന വ്യാഖ്യാനമാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്.

അദ്ദേഹം നീതിയുടെ വചനത്തെ വ്യാഖ്യാനിച്ചിരിക്കുന്നത് ഇപ്രകാരമാണ്. പഴയനിയമം ശരിയായി മനസ്സിലാക്കി പഠിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ക്രിസ്തുവിലാണ് ഒരുവനു നീതീകരിക്കപ്പെടുവാൻ കഴിയുക. ആ "ക്രിസ്തുവിനെ നമ്മുടെ നീതിയായി കണക്കാക്കി" ആ നീതിയെക്കുറിച്ചു പഠിക്കുക എന്നാണ് ഇത് അർത്ഥമാക്കുന്നത്. ഈ ആശയമാണ് എനിക്കും സ്വീകാര്യമായി തോന്നിയത്. കാരണം എബ്രായലേഖനം യേശുക്രിസ്തുവിൽ നമുക്കു ലഭിച്ചിരിക്കുന്ന നീതിയെക്കുറിച്ചാണ് യഥാർത്ഥത്തിൽ പ്രതിപാദിക്കുന്നത്. ക്രിസ്തുവിനെ നമ്മുടെ നീതിയായി കണക്കാക്കുന്നതാണ് ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനമെന്നത്. പഴയനിയമം ശരിയായി മനസ്സിലാക്കി പഠിക്കുന്നവർക്കു ഇതു മനസ്സിലാക്കാൻ വിഷമമുണ്ടാവുകയില്ല.

തങ്ങളുടെ പക്വതയില്ലായ്മ കൊണ്ട്, പഴയനിയമ ആചാരങ്ങളിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഒരുകൂട്ടം വിശ്വാസികൾക്കാണല്ലൊ ഇതെഴുതുന്നത്. ആത്മീയരായി ഇവിടെ അപക്വരായി കരുതപ്പെടുന്നവർ, പഴയനിയമ യാഗങ്ങളിലേക്കും ആചാരങ്ങളിലേക്കും മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവരാണ്. അതിനു കാരണം ഈ വേദഭാഗങ്ങളിലെല്ലാം പറഞ്ഞിരിക്കുന്ന യഥാർത്ഥ നീതി ക്രിസ്തുവിലാണ് യാഥാർത്ഥ്യമാകുന്നത് എന്ന് അവർ മനസ്സിലാക്കുന്നില്ല. രക്ഷകനെന്ന നിലയിൽ ക്രിസ്തുവിന്റെ പൂർണ്ണ പര്യാപ്തതയെ തിരിച്ചറിയാനും പ്രയോജനപ്പെടുത്താനും അവർ പരാജയപ്പെട്ടിരിക്കുന്നു.

പഴയനിയമ നിഴലുകളെല്ലാംതന്നെ ക്രിസ്തുവിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതായത്, ക്രിസ്തു നമുക്കായി നേടേണ്ടത് നേടുകയും ദൈവമുമ്പാകെ നമ്മെ നീതിമാന്മാരായി അവതരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തു നമുക്കായി നേടേണ്ടത് നേടുകയും ദൈവമുമ്പാകെ നമ്മെ നീതിമാന്മാരായി അവതരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിലുള്ള നീതിയാണ് നാം അന്വേഷിക്കേണ്ടത്.

ക്രിസ്തുവിന്റെ നീതി കണക്കിട്ടവർ നീതിയിൽ നടക്കുവാൻ ബാദ്ധ്യസ്ഥരാണ്. അതിനെക്കുറിച്ചാണ് 14-ാം വാക്യത്തിന്റെ അവസാനത്തിൽ നമ്മൾ വായിക്കുന്നു, "[തിരുവെഴുത്തുകളുടെ] നിരന്തരമായ ഉപയോഗത്തിലൂടെ നന്മയും തിന്മയും വേർതിരിച്ചറിയുന്നവരാണ് സ്വയം പരിശീലനം സിദ്ധിച്ച പക്വതയുള്ളവർ" എന്ന് അവിടെ പറയുന്നു. നന്മ തിന്മകളെ വേർതിരിച്ചറിയാൻ കഴിയുംവിധം ദൈവവചനംകൊണ്ട് തങ്ങളുടെ ഇന്ദ്രിയങ്ങളെ പരിശീലിപ്പിക്കണം. ദൈവവചനവുമായി നിരന്തരമായ ബന്ധം പുലർത്തുന്നവർക്കേ ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയുള്ളു. നല്ലതുമാത്രം കാണുക, നല്ലതുമാത്രം കേൾക്കുക, നല്ലതുമാത്രം സംസാരിക്കുക, നല്ലതുമാത്രം രുചിച്ചറിയുക. ഈ നിലയിൽ ദൈവവചനംകൊണ്ട് നിങ്ങളുടെ ഇന്ദ്രിയങ്ങളെ പരിശീലിപ്പിച്ചെടുക്കണം.

അപ്പോൾ ഒരുവനെ വിശ്വാസത്യാഗത്തിലേക്കു നയിക്കുന്നതെന്താണ്? അതിനുള്ള ഉത്തരം, ഒരു തരത്തിൽ, ദൈവവചനത്തിന്റെ അവഗണനയാണ്. ദൈവവചനത്തെ ഉപേക്ഷിക്കുന്നതാണ്. ദൈവചനം വായിക്കുന്നതും പഠിക്കുന്നതും അത് അനുസരിക്കുവാൻ മനസ്സുവെക്കാത്തതുമാണ്. അതാണ് ഒരുവനെ വിശ്വാസത്യാഗത്തിലേക്കു നയിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, യേശുവിനെ നമ്മുടെ നീതിയായി കണ്ട് അവനെ മുറുകെ പിടിക്കാതിരിക്കുന്നതാണ്.

ഇതു നമ്മുടെ മൂന്നാമത്തെ പോയിന്റിലേക്കു നമ്മേ നയിക്കുന്നു. അതുകൊണ്ട് വിശ്വാസത്യാഗത്തിലേക്കു പോകാതിരിക്കാനുള്ള പ്രതിവിധിയെന്താണ്?
3. വിശ്വാസത്യാഗത്തിലേക്കു പോകാതിരിക്കാനുള്ള പ്രതിവിധി ദൈവവചനത്തിൽ പരിജ്ഞാനപൂർത്തി പ്രാപിക്കുക (6:1-3 വരെ വാക്യങ്ങൾ).

6:1–3. "1അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെ ക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, 2 നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. 3 ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും."

ഇതും മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള വാക്യങ്ങളാണ്. ഇതിന്റെ വ്യാഖ്യാനത്തിലും വേദപണ്ഡിതരുടെ ഇടയിൽ സമവായമില്ല.

യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രാഥമിക പഠിപ്പിക്കലുകളിൽ ഉൾപ്പെടുന്നതായി ആറ് കാര്യങ്ങൾ രചയിതാവ് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു. ആ 6 കാര്യങ്ങൾ- 1. നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, 2. ദൈവത്തിങ്കലെ വിശ്വാസം, 3.സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, 4. കൈവെപ്പു, 5. മരിച്ചവരുടെ പുനരുത്ഥാനം, 6. നിത്യശിക്ഷാവിധി എന്നിവയാണ്.

ഈ വിഷയങ്ങളെക്കുറിച്ച് സുദീർഘമായി വരും അദ്ധ്യായങ്ങളിൽ (9-10) ലേഖനകാരൻ വിവരിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ അലസതവെടിഞ്ഞു ഈ കാര്യങ്ങൾ പഠിക്കുവാൻ മനസ്സുവെച്ചാൽ ദൈവം നിങ്ങളെ പരിജ്ഞാനപൂർത്തിയിൽ എത്തിക്കും എന്ന പ്രതീക്ഷയാണ് ലേഖനകാരൻ ഈ വാക്യങ്ങളിൽ പങ്കുവെക്കുന്നത്.

സമയപരിധിമൂലം ഇവയെക്കുറിച്ച് വളരെ ചുരുക്കമായി മാത്രമെ ഞാനിപ്പോൾ പറയുന്നുള്ളു. വരും അദ്ധ്യായങ്ങൾ പഠിക്കുമ്പോൾ അവയെക്കുറിച്ചു വിശദമായി പഠിക്കാമെന്ന് ഞാൻ ചിന്തിക്കുന്നു. അതിൽ ആദ്യത്തെ രണ്ടു കാര്യങ്ങൾ നമുക്കു നോക്കാം. ഒന്ന്, നിർജ്ജീവ പ്രവൃത്തികളിൽ നിന്ന് മാനസാന്തരപ്പെടുക, രണ്ട്, ദൈവത്തിലേക്കു വിശ്വാസത്താൽ തിരിയുക.

ഇത് നമുക്കു 9-ാം അദ്ധ്യായത്തിന്റെ 13-14 വാക്യങ്ങളുമായി താരതമ്യം ചെയ്തു നോക്കാം. “13 ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും 14 ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? അതായത്, പഴയനിയമ യാഗരക്തം ജഡികശൂദ്ധി വരുത്തുന്നുവെങ്കിൽ, ക്രിസ്തുവിന്റെ രക്തം നമ്മുടെ മനസ്സാക്ഷിയെ എത്രയധികം ശുദ്ധീകരിക്കും എന്നാണ് ലേഖനകാരൻ ഇവിടെ പറയുന്നത്.

ഇവിടെ നിർജ്ജീവപ്രവൃത്തികൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ആടുകളുടേയും കാളകളുടേയും രക്തവും പശുഭസ്മം ഉപയോഗിച്ചുള്ള ശുദ്ധീകരണമാണ്. അതുകൊണ്ടു കേവലം ജഡികശുദ്ധി മാത്രമെ സാദ്ധ്യമാകുമായിരുന്നുള്ളു. മരണത്തിൽ നിന്നു രക്ഷിപ്പാൻ അവക്കു കഴിയുകയില്ല. പഴയനിയമ യാഗങ്ങളിലേക്കു തിരിയുവാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ നിർജ്ജീവ പ്രവൃത്തികളായ ആടുകളുടേയും കാളകളുടേയും രക്തവും പശുഭസ്മം ഉപയോഗിച്ചുള്ള ശുദ്ധീകരണമാണ് അന്വേഷിക്കുന്നത്. അതു കേവലം ജഡികശുദ്ധി മാത്രമെ വരുത്തുകയുള്ളു. അതു കേവലം ബാഹ്യമായ ചില ആചാരങ്ങളും നിയന്ത്രണങ്ങളും മാത്രമാണ്. അവക്കു മനുഷ്യന്റെ മനസ്സാക്ഷിയെ ശുദ്ധീകരിക്കുവാൻ കഴിയുകയില്ല. എന്നാൽ ക്രിസ്തുവിന്റെ രക്തം ആന്തരീക ശുദ്ധിക്ക് എത്രയൊ മതിയായതാണ്. ആകയാൽ നിർജ്ജീവപ്രവൃത്തികളെ വിട്ട് ക്രിസ്തുവിലേക്കു തിരിയുക.

അടുത്തതായി പറയുന്ന കാര്യം "സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം" ആണ്. ഇത് എബ്രായലേഖനം 9:9-10, വാക്യങ്ങളിലും 9:19 ലും 10:22 ലും കൂടുതലായി പ്രദിപാദിക്കുന്നുണ്ട്.

9:9-10 "9 ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അർപ്പിച്ചു പോരുന്നു. 10 അവ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ, വിവിധ സ്നാനങ്ങൾ എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ."
ഭക്ഷണ പാനീയ വഴിപാടുകളും വിവിധ സ്നാനങ്ങൾ/കഴുകലുകളും താൽക്കാലിക സ്വഭാവമുള്ളതും യേശുക്രിസ്തുവിന്റെ ആത്യന്തികയാഗത്തെ മുൻ നിഴലാക്കിയുള്ള ആചാരങ്ങളുമായിരുന്നു. അവ യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ പാപക്ഷമയുടേയും ശുദ്ധീകരണത്തിന്റേയും പ്രതീകാത്മക നിഴലുകൾ മാത്രമാണ്. ഗുണീകരണകാലം എന്നാൽ എല്ലാം നേരെയാക്കുന്ന കാലമാണ്. അതു കർത്താവിന്റെ ബലിമരണത്തിനുശേഷമുള്ള കാലമാണ്. സഭാകാലഘട്ടമാണ്. അതാണ് യഥാർത്ഥസമാധാനം കൊണ്ടുവരുന്നത്.

9:19 "19 മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു:" അതായത്, മോശെ മുഴുവൻ ന്യായപ്രമാണവും ജനത്തെ വായിച്ചുകേൾപ്പിച്ചശേഷം കാളകളുടേയും ആടുകളുടേയും രക്തം, വെള്ളത്തിൽ കലക്കി, ചുവന്ന കമ്പിളിയും ഈസോപ്പും മുക്കി പുസ്തകത്തിലും ജനങ്ങളിലും തളിച്ചു. ഈ പ്രവൃത്തി ജനങ്ങളുടെ ശുദ്ധീകരണത്തേയും വിശുദ്ധീകരണത്തേയും ദൈവത്തിനും യിസ്രായേലിനും ഇടയിലുള്ള ഉടമ്പടിയേയും പ്രതീകപ്പെടുത്തി.

10:22 "22 ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല."

പഴയനിയമ വ്യവസ്ഥയിൽ രക്തത്തിന്റെ പ്രാധാന്യത്തെ ഈ വാക്യം ഊന്നി പറയുകയും ക്രിസ്തുവിന്റെ ആത്യന്തികയാഗത്തെ മുൻ നിഴലാക്കുകയും ചെയ്യുന്നു. രക്തം ചൊരിയാതെ പാപക്ഷമയൊ, വിടുതലൊ ഇല്ല. പഴയനിയമത്തിൽ ബലിയർപ്പിക്കപ്പെട്ട മൃഗങ്ങളുടെ രക്തം ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ നിഴലായിരുന്നു. ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തമാണ് ആത്യന്തിക പാപക്ഷമയും വിടുതലും നൽകുന്നത്. വിശ്വാസികൾ ഇന്ന് പുതിയ ഉടമ്പടിയിൽ കീഴിലാണ്. യേശുവിന്റെ രക്തത്താൽ സ്ഥാപിതമായ പുതിയ ഉടമ്പടി. അതു പഴയ ഉടമ്പടിയിൻ കീഴിലേക്കു പോകുന്നതിന്റെ ഭോഷത്വത്തെ ചൂണ്ടിക്കാണിക്കുന്നു.
ഇനി കൈവെയ്പ്പിനെക്കുറിച്ചുള്ള ഉപദേശം എന്താണ് എന്നു നോക്കാം. പഴയനിയമത്തിൽ പുരോഹിതന്മാരെ ഔപചാരികമായി നിയമിക്കുമ്പോഴാണ് അവരുടെമേൽ കൈവെച്ചിരുന്നത്. എന്നാൽ പുതിയനിയമ പുരോഹിതൻ സർവ്വശക്തനായ ദൈവത്തിന്റെ സത്യപ്രതിജ്ഞയിലൂടെ അധികാരത്തിൽ വരുന്നു. പഴയനിയമത്തിൽ കൈവെച്ച് പുരോഹിതന്മാരെ ആക്കുന്ന രീതി പുതിയനിയമത്തിൽ ഇല്ല. അവർ ദൈവത്തിന്റെ സത്യപ്രതിജ്ഞയിലൂടെ പുരോഹിതന്മാരായി തീരുന്നു. അവരുടെമേൽ കൈവെക്കേണ്ട ആവശ്യമില്ല.

പിന്നെയുള്ളത് മരിച്ചവരുടെ പുനരുത്ഥാനവും ന്യായവിധിയുമാണ്.
മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് 11:35; 13:20 ലും പരാമർശിക്കുന്നുണ്ട്. അതുപോലെ, ന്യായവിധിയെക്കുറിച്ച് 9:27; 10:26-27 ലും പറയുന്നു.

ക്രിസ്തുവിൽ വിശ്വസിച്ചവരുടെ ന്യായവിധിയും അതിനെ തുടർന്നുള്ള മരണവും നീങ്ങിപ്പോയിരിക്കുന്നു. അവരെ കാത്തിരിക്കുന്നത് ക്രിസ്തുവിലൂടെയുള്ള പുനരുത്ഥാനമാണ്. ഒരു മനുഷ്യന്റെ ആത്യന്തിക ശത്രു പിശാചും അവൻ കൊണ്ടുവന്ന മരണവുമാണ്. അതു എന്നന്നേക്കുമായി നീങ്ങിപ്പോയിരിക്കുന്നു. യേശുക്രിസ്തുവിന്റെ മഹാപൗരോഹിത ശുശ്രൂഷയാൽ ഈ നേട്ടങ്ങളൊക്കേയും ഒരു വിശ്വാസിക്കു കൈവന്നിരിക്കുന്നു. ഇനിയും പഴയനിയമ യാഗങ്ങളിലേക്കും ആചാരങ്ങളിലേക്കും തിരിയുന്നതിന്റെ ഔചിത്യമെന്ത് എന്നാണ് ലേഖനകാരൻ ചോദിക്കുന്നത്.

തുടർന്നുള്ള രണ്ടും മൂന്നും വാക്യങ്ങളിൽ ലേഖനകാരൻ ഇപ്രകാരം പറയുന്നു: “നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. 3 ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും.” let us be borne along by God to maturity. It’s a divine passive. അതായത്, ക്രിസ്തുവിനെക്കുറിച്ചുള്ള പ്രാഥമിക പഠിപ്പിക്കലുകളിലേക്കു വീണ്ടും തിരിയാതെ, ദൈവത്താൽ വഹിക്കപ്പെട്ടവരായി പക്വതയിലേക്ക് മുന്നേറാം എന്നാണ് ലേഖനകാരൻ ഇവിടെ പറയുന്നത്. അതിനർത്ഥം നാം നിഷ്ക്രീയരായി ഇരുന്നാൽ മതി; ദൈവം നമ്മെ പക്വതയിലേക്ക് കൊണ്ടുപോകും എന്നല്ല. നമ്മെ നയിക്കുവാൻ ദൈവത്തെ അനുവദിച്ചാൽ “നാം അങ്ങനെ ചെയ്യും.” നാം ആത്മീയ മന്ദതവെടിഞ്ഞു ദൈവവചനം പഠിക്കുവാൻ മനസ്സുവെച്ചാൽ ദൈവം നമ്മേ പരിജ്ഞാന പൂർത്തിയിലേക്കു നയിക്കും. ഈ പ്രത്യാശയോടെയാണ് ലേഖനകാരൻ ഈ വേദഭാഗം അവസ്സാനിപ്പിക്കുന്നത്.

അപ്പോൾ ഞാനെന്റെ സന്ദേശം സംഗ്രഹിക്കുകയാണ്. 1. വിശ്വാസികൾ തങ്ങളുടെ ആത്മീയ മന്ദത വെടിയണം 2 വിശ്വാസികൾ നന്മ തിന്മകളെ തിരിച്ചറിയുന്നവരും നീതിയുടെ വചനത്തിൽ പരിജ്ഞാനമുള്ളവരായി തീരണം. 3.വിശ്വാസത്യാഗത്തിലേക്കു പോകാതിരിക്കാനുള്ള പ്രതിവിധി ദൈവവചനത്തിൽ പരിജ്ഞാനപൂർത്തി പ്രാപിക്കുക. ക്രിസ്തുവിനെ നമ്മുടെ നീതിയായി കണ്ട് അവനെ മുറുക പിടിക്കുക. ഈ വചനങ്ങളാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page