
നിത്യജീവൻ

എബ്രായലേഖന പരമ്പര-17
P M Mathew
FEB 11, 2025
The High Priest who learned obedience through suffering!
കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായ മഹാപുരോഹിതൻ!
Hebrews 5:1-10
എബ്രായർ 5:1-10
"മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാര്യത്തിൽ മനുഷ്യർക്കു വേണ്ടി നിയമിക്കപ്പെടുന്നു. 2 താനും ബലഹീനത പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നവനും 3 ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു. 4 എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല. 5 അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ. 6 അങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നു. 7 ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു. 8 പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി 9 തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു. 10 മൽക്കീസേദെക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതൻ എന്നുള്ള നാമം ദൈവത്താൽ ലഭിച്ചുമിരിക്കുന്നു."
പ്രധാനസന്ദേശം
കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായ കർത്താവ് സഹതാപം കാണിപ്പാൻ കഴിയുന്നവനും തന്നിൽ വിശ്വസിക്കുന്നവർക്കു നിത്യരക്ഷ നൽകുവാൻ നിയമിക്കപ്പെട്ടവനുമായ മഹാപുരോഹിതനാണ്.
ഈ വേദഭാഗത്തെ രണ്ടായി തിരിക്കാം.
1-4 വരെ വാക്യങ്ങൾ, പഴയ ഉടമ്പടി പ്രകാരം രൂപകല്പന ചെയ്തിരി ക്കുന്ന മഹാപുരോഹിതന്റെ ഔദ്യോഗിക പദവിയും അതിലേക്കുള്ള അവരുടെ നിയമനവും ശുശ്രൂഷയും വിവരിക്കുന്നു .
5-10 വരെ വാക്യങ്ങൾ: നമ്മോടു സഹതാപം കാണിപ്പാൻ കഴിയുന്ന മഹാപുരോഹിതനായി ക്രിസ്തുവിനെ നിയമിക്കുന്നതിനെക്കുറിച്ചും അവൻ ഉറപ്പാക്കുന്ന നിത്യരക്ഷയെക്കുറിച്ചും പ്രതിപാദിക്കുന്നു.
പശ്ചാത്തലം.
ഒന്നു മുതൽ നാലുവരെ അദ്ധ്യായങ്ങളിൽ മൂന്നു തവണ യേശുവിനെ മഹാപുരോഹിതനായി ലേഖനകാരൻ പരാമർശിച്ചു (2:17; 3:1; 4:14). ഇപ്പോൾ താൻ മോശൈക ന്യായപ്രമാണ പ്രകാരമുള്ള മഹാപുരോഹിത ശുശ്രൂഷയും യേശുവിന്റെ മഹാപുരോഹിത ശുശ്രൂഷയും തമ്മിലുള്ള ഒരു comparison അഥവാ താരതമ്യം നടത്തുകയാണ് 5:1-10 വരെ വാക്യങ്ങളിൽ. അങ്ങനെ ഈ വേദഭാഗം വരാനിരിക്കുന്ന വേദഭാഗത്തിനു ഒരു അടിത്തറയായി (6:13-10:18) വർത്തിക്കുന്നു.
ഒന്നാം വാക്യം ആരംഭിക്കുന്നത് 'For' എന്ന വാക്കിലാണ്. (For every high priest taken from among men / is appointed on behalf of men / in things pertaining to God, in order to offer both gifts and scarifies for sins:) അത് ഈ വേദഭാഗത്തെ 2:10-18 indirect/പരോക്ഷമായും 4:14-16 direct/നേരിട്ടും ബന്ധിപ്പിക്കുന്നു. 2:10-18 വാക്യങ്ങളിൽ, യേശു 'ജഡരക്തങ്ങളോടു കൂടിയവനായി വന്നുവെന്നും' അവൻ വന്നത് അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുവാൻ വേണ്ടിയാണ് എന്നും പറയുന്നു. അതവന്റെ ജനങ്ങളുമായുള്ള identity, solidarity, ശുശ്രൂഷ എന്നിവയെ കാണിക്കുന്നു. യേശുക്രിസ്തുവിനു ജനങ്ങളോടുള്ള താദാത്മ്യം, ഐക്യദാർഡ്യം, ശുശ്രൂഷ എന്നിവയെ കുറിക്കുന്നു. 4:14-16-ൽ, പരീക്ഷിക്കപ്പെടുന്നവരോടു ക്രിസ്തു സഹാനുഭൂതിയുള്ളവനാണ് എന്ന് പറയുന്നു. അത് തന്റെ identity യേയും ഏകതാഭാവത്തേയും തത്വത്തിൽ അംഗീകരിക്കുന്നു.
അപ്പോൾ ഒന്നാമതായി, ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം പഴയനിയമ മഹാപുരോഹിതനിയമനത്തെ ക്കുറിച്ചും അദ്ദേഹത്തിന്റെ ശുശ്രൂഷയെക്കുറിച്ചുമാണ്.
1. പഴയനിയമ മഹാപുരോഹിത നിയമനവും ശുശ്രൂഷയും (1-4 വരെ വാക്യങ്ങൾ).
"മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാര്യത്തിൽ മനുഷ്യർക്കു വേണ്ടി നിയമിക്കപ്പെടുന്നു. 2 താനും ബലഹീനത പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നവനും 3 ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു. 4 എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല."
ഈ വേദഭാഗം നാം ശ്രദ്ധിച്ചാൽ, പഴയനിയമ മഹാപുരോഹിതനിയമനത്തെ സംബന്ധിച്ചും തന്റെ ശുശ്രൂഷയെ സംബന്ധിച്ചും ഉള്ള ചില പൊതുവായ പ്രമാണങ്ങൾ വിവരിച്ചിരിക്കുന്നതു കാണാം. പ്രധാനമായും നാലു പ്രമാണങ്ങൾ ഇവിടെ നിന്നും ഞാൻ ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു.
1. മഹാപുരോഹിതൻ ജനങ്ങളുടെ ഇടയിൽ നിന്ന് നിന്നുള്ളവനായിരിക്കണം (വാക്യം 1)
2. ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജനങ്ങളെ പ്രതിനിധീകരിക്കുക, അവരുടെ പാപങ്ങൾക്കുവേണ്ടി ദൈവ സന്നിധിയിൽ വഴിപാടുകളും യാഗങ്ങളും അർപ്പിക്കുക (വാ. 1-2), അങ്ങനെ ജനങ്ങളെ ദൈവവുമായുള്ള ബന്ധത്തിൽ സൂക്ഷിക്കുക. ഇതാണ് മഹാപുരോഹിതന്റെ ജോലി അഥവാ ശുശ്രൂഷ എന്നത്.
3. മഹാപുരോഹിതൻ ബലഹീനനാകയാൽ ആദ്യം തനിക്കുവേണ്ടിയും പിന്നെ ജനങ്ങൾക്കു വേണ്ടിയും യാഗമർപ്പിക്കണം. ഇത് ജനങ്ങളോട് സൗമ്യമായി ഇടപഴകാൻ അവനെ പ്രാപ്തനാക്കുന്നു.
4. നിയമനം/Appointment: ദൈവമാണ് നിയമനം വഴി മഹാപുരോഹിത പദവി നൽകുന്നത് (വാ. 1, 4). ആ പദവിയിലേക്ക് തങ്ങളെത്തന്നെ അവരോധിക്കുവാൻ ആർക്കും കഴിയുകയില്ല.
ഈ കാര്യങ്ങളെക്കുറിച്ച് അല്പമായി വിശദീകരിക്കുന്നത് പുതിയനിയമ മഹാപുരോഹിതനായ യേശുക്രിസ്തുവിന്റെ യോഗ്യതയെ മനസ്സിലാക്കുവാൻ സഹായിക്കുമെന്ന് ഞാൻ കരുതുന്നു.
ഒന്ന്, മഹാപുരോഹിതൻ ജനങ്ങളുടെ ഇടയിൽ നിന്നുള്ളവനാകണം.
"മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും" എന്ന പ്രസ്താവന മോശൈക നിയമപ്രകാരം ദൈവത്താൽ നിയമിതമായ മഹാപൗരോഹിത്യത്തെ കുറിക്കുന്നു. ഇവർ ദൈവവുമായുള്ള ബന്ധത്തിൽ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നവരും നിയമിക്കപ്പെട്ട പുരോഹിത വർഗ്ഗത്തിന്റെ നേതാക്കന്മാരുമായിരുന്നു.
മഹാപുരോഹിതൻ ജനങ്ങളുടെ ഇടയിൽ നിന്നുള്ളവനാകണം. ഇതു പറയാനുള്ള കാരണം അവന് ജനങ്ങളോട് solidarity/ഐക്യദാർഢ്യം ഉണ്ടായിരിക്കണം. ജനങ്ങളുമായി ഏകീഭാവമുള്ളവനായിരിക്കണം. അവനു ജനത്തോടു identify/താദാത്മ്യം പ്രാപിക്കാൻ കഴിയണം ജനങ്ങളെ പ്രതിനിധാനം ചെയ്വാൻ അവനു കഴിയണം. അവൻ ജനങ്ങളുടെ പൊതുവായ താൽപ്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്നവ നായിരിക്കണം.
2. രണ്ടാമത്തെ പ്രമാണം മഹാപുരോഹിതന്റെ ശുശ്രൂഷയോടുള്ള ബന്ധത്തിലാണ്. മഹാപുരോഹിതന്റെ ശുശ്രൂഷ. ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജനങ്ങളെ പ്രതിനിധീകരിക്കുക, അവരുടെ പാപങ്ങൾക്കുവേണ്ടി ദൈവ സന്നിധിയിൽ വഴിപാടുകളും യാഗങ്ങളും അർപ്പിക്കുക (വാ. 1-2), അങ്ങനെ ജനങ്ങളെ ദൈവവുമായുള്ള ബന്ധത്തിൽ സൂക്ഷിക്കുക. ഇതാണ് മഹാപുരോഹിതന്റെ ജോലി/ ശുശ്രൂഷ എന്നത്.
'വഴിപാടും യാഗവും' എന്നത് സൂചിപ്പിക്കുന്നത് ദൈവജനം തങ്ങളുടെ പാപങ്ങൾക്കു വേണ്ടി 'ദിവസം തോറും' പിന്നെ വർഷത്തിലൊരിക്കൽ മഹാപാപ പരിഹാരദിനത്തിലും അർപ്പിച്ചിരുന്ന യാഗങ്ങളെയാണ്. ജനങ്ങളുടെ 'പാപങ്ങൾക്കു' പ്രായശ്ചിത്തമായിട്ടാണ് മഹാപുരോഹിതൻ ഈ ശുശ്രൂഷ നിവൃത്തിച്ചിരുന്നത്. 10:1-4 വരെ വാക്യങ്ങൾ നാം പരിശോധിച്ചാൽ, ഈ യാഗാർപ്പണങ്ങൾ മൂലം പാപികളായ യിസ്രായേൽ ജനത്തിനു ഭൗമികകൂടാരത്തിലെ ദൈവിക സാന്നിദ്ധ്യത്തിലേക്ക് അടുത്തുവരുവാൻ കഴിഞ്ഞിരുന്നുവെന്ന് കാണാം.
ഇതിനോടുള്ള ബന്ധത്തിൽ ഞാൻ ഒന്നു-രണ്ടു പ്രായോഗികതകൾ ചുണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു.
പ്രായോഗികത1: ഒരു പൗരോഹിത്യത്തിന്റേയും യാഗവ്യവസ്ഥയു ടെയും അസ്തിത്വംതന്നെ മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. Man is estranged from God. മനുഷ്യൻ ദൈവത്തിൽ നിന്നു തെറ്റിപ്പോയിരിക്കുന്നു. ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള കൃപയുടെ ഒരു പ്രവൃത്തിയാണ് മുഴുവൻ യാഗ വ്യവസ്ഥയുടേയും അടിസ്ഥാനം എന്നത്. ഇന്ന്, യേശുക്രിസ്തുവിന്റെ ശുശ്രൂഷയിൽ ആ സംവിധാനം നിവൃത്തിയാക്കപ്പെടുന്നു. അവൻ നമ്മുടെ യാഗവസ്തുവും മഹാപുരോഹിതനുമാണ്, അവന്റെ കുരിശിലെ ഏകയാഗത്തിന്റെ അടിസ്ഥാനത്തിൽ ദൈവജനത്തെ വിശുദ്ധീകരിക്കയും താൻ അവരെ ശുശ്രൂഷിക്കയും ചെയ്യുന്നു.
രണ്ടാഴ്ച മുൻപ് ഞാൻ ട്രാക്റ്റ് വിതരണം ചെയ്തുകൊണ്ടിരുന്ന സമയത്ത് ഒരു മുസ്ലീം സഹോദരൻ ഞാൻ കൊടുത്ത ഒരു ട്രാക്റ്റ് വായിച്ച ശേഷം എന്നോടു ചോദിച്ചു, യേശുവിനു എങ്ങനെയാണ് എനിക്കും നിങ്ങൾക്കും വേണ്ടി മരിക്കുവാൻ കഴിയുക എന്ന്. ഞാൻ അതിനു നൽകിയ മറുപടി, യേശു മനുഷ്യനെ പ്രതിനിധാനം ചെയ്തുകൊണ്ട് അവന്റെ പാപങ്ങൾക്കുവേണ്ടി മരിക്കുവാൻ വന്ന ദൈവപുത്രനാണ്. അതുകൊണ്ട് തനിക്ക് മനുഷ്യവർഗ്ഗത്തെ പ്രതിനിധാനം കഴിയും. മാത്രവുമല്ല, വാക്കിലും പ്രവൃത്തിയിലും ദൈവപുത്രനെന്ന് തെളിയിച്ചുകൊണ്ട് ഒരു പാപവും ചെയ്യാതെ ഈ ഭൂമിയിൽ ജീവിച്ച വ്യക്തിയാണ്. തന്റെ മരണം പാപത്തിനു പ്രായശ്ചിത്തമായുള്ള ഒരു ബലിമരണമായിരുന്നു. ആ യാഗം ദൈവം സ്വീകരിച്ചു എന്നതിന്റെ തെളിവായി ദൈവം അവനെ മരിച്ചവരിൽ നിന്നുയർത്തെഴുന്നേൽപ്പിച്ചു. മാത്രവുമല്ല മരിച്ചവരിൽ ഉയർത്തെഴുന്നേറ്റ ഏകവ്യക്തി കർത്താവായ യേശുക്രിസ്തു മാത്രമാണ്. അതുകൊണ്ടാണ് യേശുവിനു എനിക്കും താങ്കൾക്കും വേണ്ടി മരിക്കുവാൻ കഴിയുന്നത്. യേശുക്രിസ്തുവിനും മുൻപും യേശുക്രിസ്തുവിനു ശേഷവും അങ്ങനെയൊരു വ്യക്തിത്വം മനുഷ്യ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. എന്റെ വിശദീകരണം അദ്ദേഹം ഏറെക്കുറെ സ്വീകരിച്ചു എന്നാണ് ഞാൻ കരുതുന്നത്. കാരണം എന്റെ കൈവശം ഉണ്ടായിരുന്ന മുന്നു നാലു ട്രാക്റ്റുകളും ഒരു പുതിയ നിയമവും ഞാൻ അദ്ദേഹത്തിനു നൽകി. അദ്ദേഹം ട്രാക്റ്റുകൾ സ്വീകരിക്കുകയും പുതിയനിയമം എന്റെകൈവശം ഉണ്ടെന്ന് പറഞ്ഞു വളരെ വിനയത്തോടെ മടക്കി തരികയും ചെയ്തു. വളരെ സൗഹൃദമായി അദ്ദേഹത്തോടു സംസാരിക്കുവാൻ കഴിഞ്ഞുവെന്നത് എനിക്കും വളരെ സന്തോഷം നൽകി.
രണ്ടാമത്തെ പ്രായോഗികതയായി, ദൈവം പാപത്തെ എത്ര ഗൗരവമായി വീക്ഷിക്കുന്നുവെന്ന കാര്യമാണിതു നമ്മേ ഓർപ്പിക്കുന്നത്. ദൈവം പാപത്തെ ഗൗരവമായി വീക്ഷിക്കുന്നു. എന്നാൽ ആളുകൾ പലപ്പോഴും പാപത്തെ ഗൗരവമായി കാണാറില്ല. പഴയനിയമം വായിക്കുന്ന ഏതൊരു മനുഷ്യനും പാപപരിഹാരം വലിയ ചെലവുള്ള സംഗതിയാണ് എന്ന് അംഗീകരിക്കും.
മൂന്നാമത്തെ പ്രമാണം, ജനങ്ങൾക്കുവേണ്ടി യാഗമർപ്പിക്കുന്നതിന് മുമ്പ് മഹാപുരോഹിതൻ തനിക്കും തന്റെ കുടുംബത്തിനും വേണ്ടിയും പ്രത്യേക യാഗം അർപ്പിക്കണം.
ലേവ്യാപുസ്തകം 16:11 ൽ നാം വായിക്കുന്നത്: "11 പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം." (ലേവ്യ. 16:11). അതു കാണിക്കുന്നത് മഹാപുരോഹിതന്റെ "ബലഹീനത"യാണ് (എബ്രാ. 5:2). മഹാപുരോഹിതനും പാപം ചെയ്യുന്നവനാകയാൽ സ്വന്തം പാപങ്ങൾക്കുവേണ്ടി ബലിയർപ്പിക്കാൻ അവൻ ബാധ്യസ്ഥനാകുന്നു.
എന്നാൽ, ഈ ബലഹീനതക്ക് ഒരു വീണ്ടെടുപ്പ് മൂല്യമുണ്ട്. This weakness have a redemptive value. വീണ്ടെടുപ്പ് മൂല്യം. എന്താണാ വീണ്ടെടുപ്പ് മൂല്യം? "അജ്ഞരും വഴിതെറ്റുന്നവരുമായി സൌമ്യമായി ഇടപെടാൻ" അതവനെ പ്രാപ്തനാക്കുന്നു (വാക്യം 2). തനിക്കും തെറ്റു പറ്റുന്നവനാണ് എന്ന കാര്യം അതവനെ ഓർമ്മിപ്പിക്കുന്നു.
പാപികളുമായി ഇടപഴകുന്ന പുരോഹിതന്മാർക്ക് നിരവധി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട്. ജനങ്ങളുടെ പാപത്തെ കൈകാര്യം ചെയ്തുകൊണ്ട് പാളയത്തെ വിശുദ്ധമായി സൂക്ഷിക്കണം. പാപം ചെയ്യുന്ന വ്യക്തിക്കെതിരെ disciplinary action എടുക്കണം. ഇനിയും disciplinary action എടുക്കുന്നതിനോടുള്ള ബന്ധത്തിൽ രണ്ടു കാര്യങ്ങൾ സംഭവിക്കാം. മഹാപുരോഹിതനുമായി അടുപ്പമുള്ളവരോടു, അതല്ലെങ്കിൽ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയൊ സമൂഹത്തിലെ സ്ഥാനമൊ പരിഗണിച്ചുകൊണ്ട്, പാപത്തിന്റെ ഗൗരവത്തെ കുറച്ചുകൊണ്ട് മൃദുവായ സമീപനം സ്വീകരിക്കാം. അതല്ലെങ്കിൽ പാപം ചെയ്യുന്ന വ്യക്തിയോട് വളരെ കോപത്തോടെ ഇടപെടാം. ഇതു രണ്ടും പാടില്ല എന്ന സൂചനയാണ് ഈ വാക്യം നമുക്കു നൽകുന്നത്.
ഈ വിഷയത്തിൽ ഒരു ബാലൻസ് സൂക്ഷിക്കേണ്ടതാവശ്യമാണ്. പാപത്തെ ഗൗരവത്തോടുതന്നെ കാണുകയും അതേസമയം പാപിയെ സൗമ്യതയോടെ കൈകാര്യം ചെയ്യുകയും വേണം. ഇതിനു വളരെ സഹിഷ്ണുത ആവശ്യമാണ്. സഹിഷ്ണുതയുണ്ടെങ്കിലെ പാപത്തെ ഗൗരവത്തോടെയും പാപിയെ ക്ഷമയോടെയും കൈകാര്യം ചെയ്യുവാൻ സാധിക്കയുള്ളു.
ഈയൊരു സവിശേഷതയാണ് യേശുക്രിസ്തുവിനെ നിസ്തുല്യനാക്കുന്നത്. തന്റെ അടുക്കൽ വരുന്ന പാപികളോടു വളരെ അനുകമ്പയോടെയാണ് താൻ ഇടപെട്ടത് എന്ന് സുവിശേഷങ്ങളിൽ നാം കാണുന്നു. എന്നാൽ സ്വയം നീതിമാന്മാരെന്ന് അഭിമാനിക്കുന്ന പരീശന്മാരെ കഠിനമായി ശാസിക്കാനും യേശു മടിച്ചിരുന്നില്ല. യേശുക്രിസ്തുവിനു ആദിത്യമരുളിയ ശീമോനെ താൻ ശാസിക്കുകയും പാപിനിയായ സ്ത്രീയെ താൻ ആശ്വാസവാക്കോടെ പറഞ്ഞയക്കുകയും ചെയ്യുന്നതായി ലൂക്കൊസിന്റെ സുവിശേഷം 7:36-50 ൽ നാം വായിക്കുന്നു.
ഈ നിലയിൽ മഹാപുരോഹിതൻ ആളുകളോടു ഇടപെടുന്നതിന്റെ മറ്റൊരുനേട്ടം ജനങ്ങളുടെ ഭാഗത്തുനിന്നും തുറന്ന മനസ്സോടെ മഹാപുരോഹിതനോടു ഇടപെടുവാൻ പ്രോത്സാഹിപ്പിക്കും എന്നതാണ്.
ഇന്ന് നമുക്കു ലഭിച്ചിരിക്കുന്ന പൗരോഹിത്യം ദൈവത്തിൽ നിന്നും ദാനമായി ലഭിച്ചിട്ടുള്ളതും അതിനു നാം ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവരുമാണ് (R). ഇന്ന് നമുക്കു ലഭിച്ചിരിക്കുന്ന പൗരോഹിത്യം ദൈവത്തിൽ നിന്നും ദാനമായി ലഭിച്ചിട്ടുള്ളതും അതിനു നാം ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവരുമാണ്.
ഇതിനോടുള്ള ബന്ധത്തിൽ പുതിയനിയമ സഭയെ സംബന്ധിച്ചും Elders നെ സംബന്ധിച്ചും, വിശ്വാസികളെ സംബന്ധിച്ചും ചില പ്രായോഗികതകൾ ഞാൻ ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു.
പ്രായോഗികത 1: വിശ്വാസികളുടെ പാപത്തെ കൈകാര്യം ചെയ്തുകൊണ്ട് സഭയെ വിശുദ്ധമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം സഭക്കുണ്ട്/എൽഡേഴ്സിനുണ്ട്. പാപത്തെ ഗൗരവത്തോടേയും പാപിയെ ക്ഷമയോടെയും കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. ഇതിന്റെ ബാലൻസ് നഷ്ടപ്പെട്ടാൽ അതു സഭയെ വളരെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, അതുളവാക്കുന്ന ദോഷഫലങ്ങൾക്ക് ദൈവസന്നിധിയിൽ കണക്കുകൊടുക്കേണ്ടി വരികയും ചെയ്യും. പക്ഷെ ഇന്ന് പല സഭകളിലും ഈ നിലയിലല്ല കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത് എന്ന കാര്യം വളരെ ദുഃഖത്തോടെ ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇവിടെ ഞാൻ എന്നോടു തന്നേയും നേതൃത്വത്തിലിരിക്കുന്ന മറ്റുള്ളവരേയും ഒരു ആത്മശോധനക്കായി ആഹ്വാനം ചെയ്യുന്നു. വിശ്വാസികളുടെ തെറ്റിനെ ഞാൻ ചൂണ്ടിക്കാണിക്കുമ്പോൾ, ഞാനും തെറ്റുകൾക്ക് അധീനനാണ് എന്ന ബോദ്ധ്യത്തോടെ, വളരെ സൗമ്യതയോടെയാണൊ അത് കൈകാര്യം ചെയ്യുന്നത്? തെറ്റുചെയ്തവർ അതു അംഗീകരിക്കുവാനും തിരുത്തുവാനും കഴിയണമെന്ന ലക്ഷ്യമാണോ അതിനു പിന്നിൽ. അതോ അവരെ എങ്ങനേയും contemn ചെയ്യണം എന്ന ഉദ്ദേശ്യമാണോ നമുക്കുള്ളത്?
ഇനി വിശ്വാസികളെ സംബന്ധിച്ച് ഞാൻ ഓർപ്പിക്കുവാൻ ആഗ്രഹിക്കുന്ന കാര്യം മൂപ്പന്മാർ ദൈവമുമ്പാകെ പാപത്തോടുള്ള ബന്ധത്തിൽ കർശന നടപടി സ്വീകരിക്കുവാൻ ബാദ്ധ്യസ്ഥരാണ്, അവരുടെ ഉത്തരവാദിത്തം ഏറ്റവും ഗൗരവത്തോടെ നിവൃത്തിക്കുവാൻ അവരെ അനുവദിക്കുക എന്നതാണ്. തങ്ങളുടെ തെറ്റുകളെ ന്യായികരിക്കുവാനും സഹവിശ്വാസികളോടു കൂട്ടുചേർന്ന് അതിനു പ്രതിരോധം തീർക്കാനും വിശ്വാസികൾ ഒരിക്കലും തുനിയരുത്. ഇന്ന് പല സഭകളിലും അതാണ് കണ്ടുവരുന്നത്. പാപത്തെ പാപമായി കണ്ട് അതിനെ പരിഹരിക്കാൻ ശ്രമിക്കാതെ പക്ഷംചേർന്ന് വിഭാഗീയത സൃഷ്ടിക്കുന്നു. അതു സഭയിൽ ഭിന്നതക്കും വഴക്കുകൾക്കും ശിഥിലീകരണത്തിനും കാരണമായി തീരുന്നു. ദൈവവചനത്തെ മനസ്സിലാക്കാത്തതുകൊണ്ടും ദൈവത്തെ ഭയപ്പെടാത്തതുകൊണ്ടുമാണങ്ങനെ ഇതു സംഭവിക്കുന്നത്. ദൈവം പാപത്തെ വളരെ ഗൗരവമായി കാണുന്നു എന്ന ബോദ്ധ്യത്തിൽ ദൈവമക്കൾ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.
പ്രായൊഗികത 2. പുതിയനിയമ വിശ്വാസികൾക്കും തുറന്ന മനസ്സോടെ മൂപ്പന്മാരോടു ഇടപെടുവാൻ കഴിയണം. ഇത് വിശ്വാസികൾക്ക് തങ്ങളുടെ തെറ്റുകൾ എൽഡേഴ്സിനോടു തുറന്നു പറവാനും മാനസാന്തരപ്പെടുവാനും അവസരം ഒരുക്കുന്നു.
"അജ്ഞരും വഴിതെറ്റുന്നവരും" എന്ന പ്രയോഗം അർത്ഥമാക്കുന്നത് "അജ്ഞതയിലൂടെ വഴിതെറ്റുന്നവർ" എന്നാണ്. അറിവില്ലായ്മയാൽ വഴിതെറ്റിപ്പോകുന്നവർ അതല്ലെങ്കിൽ മനപ്പൂർവ്വമല്ലാതെ പാപംചെയ്യുന്നവർ. പഴയ നിയമ യാഗങ്ങൾ ദൈവം രൂപകൽപ്പന ചെയ്തിരുന്നത് അബദ്ധവശാൽ പാപം ചെയ്യുന്നവർക്കു വേണ്ടിയായിരുന്നു. മനഃപ്പൂർവ്വം പാപം ചെയ്യുന്നവരോടു യാഗമർപ്പിക്കുവാൻ പഴയനിയമം ആഹ്വാനം ചെയ്യുന്നില്ല (സംഖ്യ. 15:29-30). എനന്തെന്നാൽ അവർ ദൈവത്തോടു ധിക്കാരം കാണിക്കുന്നു. മനഃപ്പൂർവ്വം പാപം ചെയ്യുന്നവർ ദൈവത്തെ അതിലൂടെ നിന്ദിക്കുന്നു. അതിനാൽ അവർക്കു യാതൊരു യാഗവും പഴയനിയമം നിഷ്ക്കർഷിക്കുന്നില്ല. പുതിയനിയമവും ഇക്കാര്യം അടിവരയിടുന്നു. (ഹെബ്ര 10:26-29). ഹെബ്രായർ 10:26-29 "26 സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ 27 ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു." അതുകൊണ്ട് മനഃപ്പൂർവ്വം ആരും പാപം ചെയ്യുവാൻ തുനിയരുത് എന്ന അപേക്ഷയാണ് എനിക്കു നിങ്ങളുടെ മുൻപിൽ വെക്കുവാനുള്ളത്.
ഇനി ഈ പറഞ്ഞ പ്രമാണങ്ങളെല്ലാംതന്നെ മഹാപുരോഹിതനായ യേശുക്രിസ്തുവിൽ എങ്ങനെ യാഥാർത്ഥ്യമായിരിക്കുന്നുവെന്നു നോക്കാം. യേശു ദൈവമാണ്. അതേസമയം മനുഷ്യനെ പ്രതിനിധാനം ചെയ്വാൻ മനുഷ്യനായി ജഡമെടുത്ത വ്യക്തിയാണ്. മനുഷ്യൻ കടന്നുപോയിട്ടുള്ള എല്ലാ പ്രതിസന്ധികളേയും പരീക്ഷകളേയും നേരിട്ടനുഭവിച്ചിട്ടുള്ള വ്യക്തിയാണ് യേശു. അതുകൊണ്ട് തനിക്ക് മനുഷ്യന്റെ വേദന നന്നായി അറിയാം. താൻ ഈ പ്രതിസന്ധികളിലൂടെ ഒക്കേയും കടന്നു പോയവനെങ്കിലും ഒരു പാപവും ചെയ്യാതെ ജീവിച്ച വ്യക്തിയാണ്. അതുകൊണ്ടു ബലഹീനരായ മനുഷ്യരോടു സഹതാപം കാണിപ്പാൻ കഴിവുള്ള മഹാപുരോഹിതനാണ്. അതിനെക്കുറിച്ചാണ് 4:14-16 വരെ വാക്യങ്ങളിൽ നാം ഇതിനു മുന്നമെ പഠിച്ചത്. അവിടെ നാം ഇപ്രകാരം വായിക്കുന്നു: "നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക." "അവൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കഴിയുന്ന മഹാപുരോഹിതനാണ്." He is a compassionate high priest. അവൻ മനസ്സലിവുള്ള മഹാപുരോഹിതനാണ്. ഇതാണ് വിശ്വാസികളെ സ്ഥിരോത്സാഹമുള്ളവരായി നിലനിർത്തുവാൻ സഹായിക്കുന്നത്. അതു നമ്മുടെ അടുത്ത പോയിന്റിലേക്കു നമ്മേ നയിക്കുന്നു.
രണ്ടാമത്തെ പോയിന്റായി ഈ വേദഭാഗത്ത് നിന്നു ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം: നമ്മോടു സഹതാപം കാണിപ്പാൻ കഴിയുന്ന മൽക്കിസെദേക്കിയൻ ക്രമപ്രകാരമുള്ള മഹാപുരോഹിതനാണ് ക്രിസ്തു.
2. നമ്മോടു സഹതാപം കാണിപ്പാൻ കഴിയുന്ന മൽക്കിസെദേക്കിയൻ ക്രമപ്രകാരമുള്ള മഹാപുരോഹിതനാണ് ക്രിസ്തു. (5-10 വരെ വാക്യങ്ങൾ)
പഴയ ഉടമ്പടിപ്രകാരമുള്ള മഹാപൗരോഹിത്യവുമായി ബന്ധപ്പെട്ട സാർവ്വത്രിക തത്വങ്ങളിൽ നിന്ന് ലേഖനകാരൻ ക്രിസ്തുവിലുള്ള മഹാപുരോഹിതന്റെ പ്രത്യേക വെളിപ്പെടലിലേക്ക് തിരിയുന്നു. പുതിയനിയമ മഹാപുരോഹിതനായി ക്രിസ്തു വെളിപ്പെടുന്നു. എന്നാൽ ഇവിടെ അഹറോന്യ പിന്തുടർച്ചയായിട്ടല്ല ക്രിസ്തുവിന്റെ മഹാപൗരൊഹിത്യം വരുന്നത്. കാരണം യേശു ലേവി ഗോത്രക്കാരനായിരുന്നില്ല. പഴയനിയമത്തിൽ അഹരോന്റെ സന്തതികൾക്കാണ് മഹാപൗരോഹിത്യം നൽകിയിരുന്നത്. ഒരു യെഹൂദനെ സംബന്ധിച്ചിടത്തോളം ഇത് ഉൾക്കൊള്ളാൻ കഴിയുകയില്ല എന്ന് ലേഖനകാരനു നന്നായി അറിയാം. അതുകൊണ്ടാണ് യേശുവിനെ മൽക്കിസെദേക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതൻ എന്ന് ലേഖനകാരൻ വ്യക്തമായി പറയുന്നത്. ക്രിസ്തുവിന്റെ മഹാപരോഹിത്യം മൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള മഹാപൗരോഹിത്യമാണ്. അതു അഹറോന്യ പൗരോഹിത്യത്തിനു മുന്നമെയുള്ള പൗരോഹിത്യമാണ്. അഹറോനെ തെരഞ്ഞെടുക്കുന്നതിനു വളരെ മുന്നമെ ദൈവം മെൽക്കിസെദേക്കിനെ തെരഞ്ഞെടുത്തു. മൽക്കിസെദേക്കിന്റെ മഹാപൗരോഹിത്യത്തിനു ആരംഭമൊ അവസ്സാനമൊ ഇല്ല. അതുകൊണ്ട് യേശുവിന്റെ പൗരോഹിത്യം അഹരോന്യ പൗരോഹിത്യത്തേക്കാൾ ശ്രേഷ്ടവും എന്നേക്കും നിലനിൽക്കുന്നതുമായ പൗരൊഹിത്യവുമാണ്.
ആ ക്രമപ്രകാരമുള്ള യേശുവിന്റെ മഹാപുരോഹിത നിയമനത്തെക്കുറിച്ചാണ് 5-6 വാക്യങ്ങൾ പറയുന്നത്. അടുത്ത സബ് പോയിന്റായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത് യേശുക്രിസ്തുവിന്റെ മഹാപുരോഹിത നിയമനത്തെക്കുറിച്ചാണ്.
2a) യേശുക്രിസ്തുവിന്റെ മഹാപുരോഹിത നിയമനം (5-6 വാക്യങ്ങൾ)
5 അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ. 6 അങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നു."
ക്രിസ്തു മഹാപുരോഹിതനാകുവാനുള്ള മഹത്വം സ്വയം ഏറ്റെടുക്കുകയായിരുന്നില്ല; മറിച്ച്, താൻ ആ സ്ഥാനത്തേക്ക് നിയമിക്കപ്പെടുകയായിരുന്നു. ക്രിസ്തു തന്നെത്തന്നെ മഹാപുരോഹിതന്റെ മാന്യമായ സ്ഥാനത്തേക്കു പ്രതിഷ്ഠിക്കുകയായിരുന്നില്ല. യേശു സ്വയം മഹാപുരോഹിതനായി തന്നെത്തന്നെ പുകഴ്ത്തുകയോ ബഹുമാനം ചോദിച്ചു വാങ്ങുകയൊ ചെയ്തില്ല. ക്രിസ്തുവിന് മഹത്വം വരുന്നത് പിതാവിൻ നിന്നാണ്. യേശുവിനു മഹത്വം വരുന്നത് മറ്റു വ്യക്തികളിൽ നിന്നാണ്. അവൻ ഒരിക്കലും സ്വന്ത മഹത്വം അന്വേഷിച്ചില്ല. പുത്രൻ തീവ്രമായ ഏകാഗ്രതയോടെ തന്നെ അയച്ച പിതാവിന്റെ മഹത്വമന്വേഷിക്കുകയായിരുന്നു.
പ്രായോഗികത: ഇന്ന് സ്വയമഹത്വമാണ് പലരുടേയും ലക്ഷ്യം. അതിനെന്തെല്ലാം ചെയ്യാമൊ അതെല്ലാം അവർ ചെയ്തുകൂട്ടുന്നു. ദൈവത്തിന്റെ മഹത്വമന്വേഷിക്കുന്നവർ ഇന്ന് വിരളമാണ്. അതിന്റെ പരിണതഫലമനുഭവിക്കുന്നത് സാധാരണജനവും.
അഹറോനെ ദൈവം വിളിച്ചതുപോലെ (എബ്രാ. 5:4), ക്രിസ്തുവിനേയും ആ സ്ഥാനത്തേക്കു വിളിക്കയായിരുന്നു, ക്രിസ്തുവിനെ ദൈവം നിയമിക്കയായിരുന്നു. രണ്ടു സങ്കീർത്തന ഉദ്ധരണികളാണ് ലേഖനകാരൻ അതിനാധാരമായി മുന്നോട്ടു വെക്കുന്നത്. സങ്കീർത്തനം 110:4 ഉം, സങ്കീർത്തനം 2:7 ഉം. സങ്കീർത്തനം 110:4-ൽ നാം ഇപ്രകാരം വായിക്കുന്നു: "4 നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല."
സങ്കീർത്തനം 2:7 "നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു"(2:7). ഇതു രണ്ടും യേശുവിനോടുള്ള ദൈവത്തിന്റെ ഒരു പ്രഖ്യാപനമാണ് (R). യേശുവിനോടുള്ള ദൈവത്തിന്റെ ഒരു പ്രഖ്യാപനം. ഒന്ന്, യേശു മഹാപുരോഹിതൻ എന്ന പ്രഖ്യാപനം, രണ്ട്, യേശു ദൈവപുത്രൻ എന്ന പ്രഖ്യാപനം.
ഇനിയും, യേശു ദൈവപുത്രനാണ്, അതുപോലെ യേശു മഹാപുരോഹിതനാണ്; ഈ രണ്ടു കാര്യങ്ങൾ നാം മനസ്സിലാക്കുക എന്ന ലക്ഷ്യം മാത്രമല്ല ലേഖനകാരന്റെ ഈ ഒരേസമയത്തുള്ള രണ്ടു ഉദ്ധരണികളുടേയും ലക്ഷ്യം. യേശുവിന്റെ അധികാരത്തെയാണ് നാം അതിനു പിന്നിൽ കാണേണ്ടത് . യേശുവിന്റെ അധികാരം. എന്തുകൊണ്ട് ഞാൻ യേശുവിനെ അംഗീകരിക്കണം എന്നൊരുവൻ ചോദിച്ചാൽ, യേശുവിന്റെ അധികാരം ദൈവത്തിൽ നിന്നു വന്നതാണ്; അതുകൊണ്ട് നാം യേശുവിനെ അനുസരിക്കണം. മാത്രവുമല്ല, വിശ്വാസികളെ perseverance-ലേക്ക്/സ്ഥിരോത്സാഹത്തിലേക്ക് പ്രചോദിപ്പിക്കുവാൻ ദൈവത്തിന്റെതന്നെ അധികാരത്തിനെ സാധിക്കയുള്ളു എന്നും ലേഖനകാരൻ അറിയുന്നു .
ഇനി ഹെബ്രായലേഖന പശ്ചാത്തലത്തിൽ നാമിതു ചിന്തിച്ചാൽ അഹരോന്യ പൗരോഹിത്യത്തേക്കാൾ യേശുക്രിസ്തുവിന്റെ പൗരോഹിത്യം ശ്രേഷ്ടവും, തന്റെ യാഗം പഴയനിയമയാഗങ്ങളെക്കാൾ ഉന്നതവുമാണ് എന്നാണ് എഴുത്തുകാരന്റെ ഈ പുസ്തകത്തിലെ വാദഗതി. യേശുക്രിസ്തുവിലൂടെ മാത്രമെ മനുഷ്യനു ദൈവത്തോട് ശരിയായബന്ധം സാദ്ധ്യമാവുകയുള്ളു. യേശുവിന്റെ ഉന്നതമായ സ്ഥാനവും പദവിയും മനുഷ്യനു ദൈവത്തോട് സത്യസന്ധമായ ബന്ധം സാദ്ധ്യമാക്കുന്നു. അതുകൊണ്ട് ഹ്രബായ വിശ്വാസികൾ പഴയനിയമ യാഗങ്ങളിലേക്കു മടങ്ങിപ്പോകുന്നത് തികച്ചും ഭോഷത്വമാണ് എന്നുകൂടി താനവരെ ഓർപ്പിക്കുന്നു.
അടുത്തതായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം എങ്ങനെയാണ് യേശു നമ്മുടെ സഹതാപമുള്ള മഹാപുരോഹിതനായി തീർന്നത് എന്ന കാര്യമാണ്.
2b) യേശു എങ്ങനെയാണ് നമ്മുടെ സഹതാപമുള്ള മഹാപുരോഹിതനായി തീർന്നത് (7-8 വാക്യങ്ങൾ).
"7 ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു. 8 പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി"
ദൈവവുമായി യേശുവിനുള്ള ബന്ധത്തിന്റെ വെളിച്ചത്തിൽ യേശുവിന്റെ മഹാപൗരോഹിത്യ നിയമനം നൽകുക ആയിരുന്നില്ല. മറിച്ച്, കഷ്ടപ്പാടുകളുടെയും അനുസരണത്തിന്റെയും സഹിഷ്ണുതയുടെയും പാതയിലുടെയാണ് യേശു മഹാപുരോഹിത പദവിയിലെത്തിയത്. അതായത്, യേശുവിന്റെ മഹാപുരോഹിത നിയമനത്തിലേക്കുള്ള പാത എങ്ങനെയുള്ള പാതയായിരുന്നു എന്ന കാര്യമാണ് ഈ വേദഭാഗത്ത് നാം കാണുന്നത്.
യേശുവിന്റെ ജനനത്തോടെ ഈ പാത ആരംഭിക്കുന്നു. ദൈവമായിരുന്ന വ്യക്തിയാണ് ജഡാവതാരം സ്വീകരിച്ചത്. "ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു" എന്ന പ്രയോഗം പൊതുവെ യേശുവിന്റെ ഈലോകജീവിതത്തിലെ അനുഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. യേശുവിന്റെ ഇഹലോകജീവിതത്തെ സൂചിപ്പിക്കുന്നു. എന്നാൽ 7-8 വാക്യങ്ങളുടെ ബാക്കിഭാഗം "തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും" എന്ന പ്രസ്താവന പരോക്ഷമായി സങ്കീർത്തനക്കാർ (സങ്കീ. 6: 4-5; 13:3-4; 18:4-6; സങ്കീ 22:19-21) നടത്തിയ വേദനാജനകമായ പ്രാർത്ഥനകളിലേക്കും, യേശുവിന്റെ ഗത്ശമനാതോട്ടത്തിലെ പ്രാർത്ഥനയിലേക്കു നേരിട്ടും വിരൽ ചൂണ്ടുന്നു. യേശുവിന്റെ ഗത്സമേനാ തോട്ടത്തിലെ പ്രാർത്ഥന തന്റെ പ്രാർത്ഥനാജീവിതത്തിന്റെ പാരമ്യത്തെ കാണിക്കുന്നു. ഇതിൽനിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന ഒരു പ്രമാണം യേശുവിന്റെ പ്രാർത്ഥനാജീവിതം വിശ്വാസികൾക്ക് ഒരു മാതൃക ആയിരിക്കണം എന്നതാണ്.
ഇനി, വേദനാജനകമായ അനുഭവത്തിലൂടെ കടന്നാണെങ്കിലും പിതാവിന്റെ ഹിതത്തിന് തന്നെത്തന്നെ വിധേയപ്പെടുത്തുക" (മത്താ. 26:36-46; മർക്കോസ് 14:32-42; ലൂക്കോസ് 22:40-46) എന്നതായിരുന്നു യേശുവിന്റെ പാത. ആ പാതയിലൂടെ കടന്നുപോയതിനു ശേഷമാണ് യേശു മഹാപുരോഹിതനായി നിയമിക്കപ്പെട്ടത്. യേശുവിന്റെ ഗെത്സെമനയിലെ പ്രാർത്ഥന തന്നെ കുരിശുമരണത്തിൽ നിന്ന് ഒഴിവാക്കുക എന്ന അർത്ഥത്തിൽ ദൈവം ആ പ്രാർത്ഥന "കേട്ടില്ല" എന്ന് അതിന്റെ ഫലം സൂചിപ്പിക്കാം; എന്നാൽ, പുത്രന്റെ പുനരുത്ഥാനത്തിലൂടെ ദൈവം യേശുവിന്റെ ഭക്തിനിർഭരമായ പ്രാർത്ഥനക്കു ഉത്തരം നൽകി എന്ന് നമുക്കതിനെ മനസ്സിലാക്കാം.
യേശുവിനെപ്പോലെ, എന്തു വിലകൊടുത്തും നാം ദൈവത്തിനും അവന്റെ ഇഷ്ടത്തിനും സമർപ്പിതരായിരിക്കണം എന്ന കാര്യമാണിത് നമ്മേ ഓർമ്മിപ്പിക്കുന്നത്. ചില പ്രായോഗികതകൾ ഞാൻ ചുണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു.
പ്രായോഗികത 1: മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും വിടുതൽ നേടാനുള്ള ക്രിസ്തുവിന്റെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകിയതുപോലെ, ചിലപ്പോൾ നമ്മുടെ പ്രാർത്ഥനകൾക്ക് വിരുദ്ധമായി തോന്നുന്ന നിലയിൽ ദൈവം പ്രവർത്തിച്ചേക്കാം. എന്നാൽ സർവ്വജ്ഞാനിയായ ദൈവം നമ്മുടെ ഏറ്റവും വലിയ നന്മ ആഗ്രഹിക്കുന്ന ദൈവവും കൂടിയാണ്. അങ്ങനെ നമ്മുടെ പ്രാർത്ഥനക്ക് വിരുദ്ധമായ ഉത്തരമാണ് ലഭിച്ചത് എന്നു നമുക്കു തോന്നിയാൽ കൂടി ദൈവത്തിനു നന്ദി പറയുക, ദൈവത്തെ സ്തുതിക്കുക എന്നതാണ് നമുക്ക് ആവശ്യമായിരിക്കുന്നത്.
പ്രായോഗികത 2: പ്രാർത്ഥനയും അനുസരണയുള്ള വിശ്വാസവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കുരിശിൽ പിതാവിനെ അനുസരിക്കാൻ യേശു ഗത്ശമെന തോട്ടത്തിൽ പ്രാർത്ഥിച്ചു. "പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർത്ഥിക്കുവിൻ" (ലൂക്കോസ് 22:40) എന്ന് കർത്താവു പറഞ്ഞു. പിതാവിനോടുള്ള അനുസരണത്തിൽ യേശുവിനെ അനുഗമിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, അവന്റെ പ്രാർത്ഥനാ ജീവിതത്തിലും നാം യേശുവിനെ അനുഗമിക്കണം.
പ്രായോഗികത 3 ദൈവത്തിന്റെ നമ്മോടുള്ള സ്നേഹം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നതിൽ നിന്ന് നമ്മേ തടയുന്നില്ല. പിതാവ് പുത്രനെ സ്നേഹിച്ചു, എന്നിട്ടും കുരിശായിരുന്നു അവനു ലഭിച്ചത്. അവൻ നമ്മെയും സ്നേഹിക്കുന്നു, എന്നാൽ കഷ്ടതകളിലൂടെ ദൈവം നമ്മെ മഹത്വത്തിലേക്ക് നയിക്കുന്നു എന്ന കാര്യം നാം വിസ്മരിക്കരുത്.
പ്രായോഗികത 4. പരീക്ഷണഘട്ടങ്ങളിൽ ആഴത്തിലുള്ള വികാരങ്ങൾ അനുഭവപ്പെടുന്നത് തെറ്റല്ല, നഷ്ടസമയത്ത് ദുഃഖം സ്വീകാര്യമായ വികാരമാണ്. അതിനു ദൈവത്തെ കുറ്റപ്പെടുത്തുന്നതും ദൈവത്തോട് കയ്പുള്ളവരായിരിക്കുന്നതുമാണ് പാപകരമായിരിക്കുന്നത്. അതുകൊണ്ട് ആ വികാരങ്ങളെ നാം ദൈവഹിതത്തിന് സമർപ്പിക്കണം. ഇയ്യോബിനെപ്പോലെ, നമ്മുടെ കണ്ണുനീരിലൂടെ നാം ദൈവത്തോട് പറയണം, "കർത്താവ് തന്നു, കർത്താവ് എടുത്തു. കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ" (ഇയ്യോബ് 1:21).
പ്രായോഗികത 5. യേശു പ്രാർത്ഥിച്ചു, "പിതാവേ, നിനക്ക് മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് നീക്കേണമേ; "എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ" (ലൂക്കോസ് 22:42) എന്ന്. ക്രൂശിലൂടെ മരണത്തിലേക്കും പുനരുത്ഥാനത്തിലൂടെ സ്വർഗ്ഗാരോഹണത്തിലേക്കും നയിക്കുവാൻ യേശുവിന്റെ സ്ഥിരോത്സാഹത്തിലൂന്നിയുള്ള പ്രാർത്ഥനക്കു കഴിഞ്ഞു. ഒരുപക്ഷേ നാം പ്രാർത്ഥിക്കുന്നതുപോലെ അവൻ നമ്മുടെ അപേക്ഷകൾക്ക് കൃത്യമായി ഉത്തരം നൽകിയില്ല എന്നു വന്നേക്കാം. എന്നാൽ നാം പ്രാർത്ഥിക്കേണ്ടതുപോലെ പ്രാർത്ഥിച്ചാൽ പ്രാർത്ഥനക്ക് ഉത്തരമുണ്ട്. ആകയാൽ പ്രാർത്ഥനക്ക് സുബോധമുള്ളവരും നിർമ്മദരുമായി നമ്മേത്തന്നെ സൂക്ഷിക്കാം (1 പത്രൊസ് 4:7).
"പുത്രൻ എങ്കിലും" എന്ന പ്രയോഗം പിതാവുമായുള്ള പുത്രബന്ധം മഹാപുരോഹിതനിയമനത്തിനുള്ള പാത എളുപ്പമാക്കിയില്ല എന്ന കാര്യമാണ് ലേഖനകാരൻ ഇനി പറയുന്നത്. ഈ പുത്രബന്ധം മഹാപൗരോഹിത്യ സ്ഥാനത്തേക്കുള്ള നിയമനം സുഗമമാക്കിയില്ല. അതായത്, താൻ ദൈവപുത്രനായിരുന്നതുകൊണ്ട് മഹാപുരോഹിതപദവിയിലേക്ക് പെട്ടെന്ന് നിയമിതനാവുകയായിരുന്നില്ല. ഒരു രാജാവ് തന്റെ കിരീടം എടുത്ത് മകന്റെ തലയിൽ വെച്ചുകൊണ്ട് മകനെ അടുത്ത രാജാവായി നിയമിക്കുന്നതുപോലെ, പരമ്പര്യത്താൽ ആ സ്ഥാനം യേശുവിനു നൽകുകയായിരുന്നില്ല, ഈ ദൈവപുത്രൻ കഷ്ടപ്പാടുകളിലൂടെയുള്ള അനുസരണത്തിന്റെ പാത പൂർത്തീകരിച്ചതിനുശേഷം താൻ മഹാപുരോഹിതനായി നിയമിക്കപ്പെടുകയായിരുന്നു. കഷ്ടതയിലൂടെ തേജസ്സിലേക്ക് പ്രവേശിക്കുകയായിരുന്നു. ആദ്യം കഷ്ടത പിന്നെ കിരീടം.
"...താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി" തീരുകയാണുണ്ടായത്. ക്രിസ്തു "അനുസരണം പഠിച്ചു" എന്നും "തികഞ്ഞവനായിത്തീർന്നു" എന്നുമുള്ള പ്രയോഗങ്ങൾ പല തെറ്റായ വ്യാഖ്യാനങ്ങൾക്കും വഴിവെച്ചിട്ടുള്ള പ്രയോഗങ്ങളാണ്. എന്നാൽ രചയിതാവ് ഈ പദപ്രയോഗങ്ങളിലൂടെ "righteous sufferer" "നീതിമാനായ പീഡിതൻ" അഥവാ "നീതിമാനായ എന്റെ ദാസൻ" എന്ന ബൈബിളിന്റെ ഒരു പൊതുവായ ആശയമാണ് മുന്നോട്ടു വെക്കുന്നത്. യെശയ്യ 53:10-11 വരെ വാക്യങ്ങൾ ഇത് വ്യക്തമാക്കുന്നു.
"10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും" (യെശയ്യ 53:10-11).
"അനുസരണം പഠിച്ചു തികഞ്ഞവനായി" എന്നത് പുത്രൻ അനുസരണക്കേട് കാണിച്ചുവെന്നൊ, ന്യൂനതകൾ ഉള്ളവനുമായിരുന്നുവെന്നോ അല്ല അർത്ഥമാക്കുന്നത് (cf. 4:15). മറിച്ച്, പിതാവ് അവനെ നിയമിച്ച ഒരു പാതയുടെ അവസാനം വരെ അനുസരണയോടെ നടന്നു എന്നതാണ്. അതാണ് യേശുവിന്റെ വിളിയിൽ ഉൾപ്പെട്ടിരുന്നത്. പുത്രൻ കഷ്ടപ്പാടുകളുടെ വിദ്യാലയത്തിലൂടെ കടന്നുപോയി "അനുഭവത്തിന്റെ ഒരു പുതിയ ഘട്ടത്തിൽ" എത്തി. പുത്രൻ കഷ്ടതയുടെ സ്കൂളിൽ നിന്ന് തന്റെ ദൗത്യം നിറവേറ്റി "ബിരുദം നേടി". അതാണ് തികഞ്ഞവനായി/ പൂർണ്ണനായി/ teleiothesis എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. തികഞ്ഞവനാക്കുന്ന പാതയുടെ അവസാനഘട്ടമായിരുന്നു ക്രിസ്തുവിന്റെ ക്രൂശീകരണം. നമ്മുടെ പാപങ്ങൾ പരിഹരിക്കപ്പെടുന്ന ഒരു യാഗവുമായി സിംഹാസനത്തിന്റെ മുൻപാകെ വരുവാൻ അവൻ തികഞ്ഞവനായി.
അടുത്ത സബ് പോയിന്റായി ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം യേശു എങ്ങനെയാണ് നിത്യരക്ഷ യുടെ ഉറവിടം ആയി തീർന്നത് എന്ന കാര്യമാണ്.
2c) എങ്ങനെയാണ് യേശു നിത്യരക്ഷ നൽകുന്നത് (9-10 വാക്യങ്ങൾ)
"9 തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു. 10 മൽക്കീസേദെക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതൻ എന്നുള്ള നാമം ദൈവത്താൽ ലഭിച്ചുമിരിക്കുന്നു."
പുത്രൻ പൂർണതയിൽ എത്തിയതിന്റെ സന്തോഷകരമായ ഫലത്തെക്കുറിച്ചാണ് 9-10 വാക്യങ്ങൾ പറയുന്നത്: അവൻ “നിത്യരക്ഷയുടെ ഉറവിടം” ആയിത്തീർന്നു. പാപയാഗമായി സ്വയം സമർപ്പിച്ച തന്റെ ക്രൂശുമായി ബന്ധപ്പെട്ടാണ് പുരോഹിതന്റെ പൂർണ്ണത പ്രക്രിയ അവസാനിക്കുന്നത്. ഹെബ്രായ രചയിതാവിനെ സംബന്ധിച്ചിടത്തോളം, ക്രിസ്തുവിന്റെ മരണത്തിൽ ചൊരിയപ്പെട്ട രക്തമാണ് രക്ഷയിലേക്കുള്ള വാതിൽ തുറന്നത് (R). ക്രിസ്തുവിന്റെ മരണത്തിൽ ചൊരിയപ്പെട്ട രക്തമാണ് രക്ഷയിലേക്കുള്ള വാതിൽ തുറന്നത്.
ഇതിൽ നിന്നും നമുക്കു മനസ്സിലാക്കാൻ കഴിയുന്ന ഒരു വസ്തുത, ക്രിസ്തുവിനെ “അനുസരിക്കുന്ന”വർക്കാണ് രക്ഷ വരുന്നത് എന്ന കാര്യമാണ്. (പ്രവൃത്തികൾ 12:13-ൽ അതിന്റെ ഉപയോഗം ഒഴികെ,) Those who obey ("Hypakouo") Him the source of eternal salavation. obey എന്നതിനു "Hypakouo" എന്ന വാക്കാണതിനു ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ക്രിയാപഥം എപ്പോഴും "അനുസരിക്കുക" എന്നാണ് അർത്ഥമാക്കുന്നത്, ഒരാളുടെ ഇഷ്ടം മനസ്സിലാക്കുക, ആ ഇഷ്ടത്തിന് തങ്ങളെത്തന്നെ വിധേയപ്പെടുക അഥവാ സമർപ്പിക്കുക. യേശു "അനുസരണം പഠിച്ചത്" പോലെ രക്ഷ ആഗ്രഹിക്കുന്നവരും കർത്താവിനു തങ്ങളെത്തന്നെ വിധേയപ്പെടുത്തേണ്ടതാണ്. യേശുവിന്റെ ഭൗമിക കഷ്ടപ്പാടുകൾ, തന്റെ ഇഷ്ടത്തിന് വിധേയമായി പ്രതികരിക്കാൻ ആളുകൾക്കുള്ള ക്ഷണമാണ്. കഠിനമായ കഷ്ടപ്പാടുകൾക്കിടയിലും യേശു സഹിഷ്ണുതയോടെ തന്റെ ഇഷ്ടം പിതാവിന്റേതിലേക്ക് വിധേയപ്പെടുത്തുന്നത് പോലെ, ക്രിസ്ത്യാനികൾ ദൈവഹിതത്തിലേക്കുള്ള പൂർണ്ണമായ പരിത്യാഗത്തിന് വിളിക്കപ്പെട്ടിരിക്കുന്നു; പീഡനത്തിനിരയായിരുന്നാലും ഈ വിളി മാറുന്നില്ല.
പ്രായോഗികത 1. അനുസരണയുള്ള വിശ്വാസം മാത്രമാണ് രക്ഷിക്കുന്ന വിശ്വാസം. ഇത് വിശ്വാസത്താൽ മാത്രമാണ് രക്ഷ എന്ന പ്രമാണത്തെ എതിർക്കുകയല്ല, മറിച്ച്, വിശ്വാസവും പ്രവൃത്തിയും പരപൂരകമായിട്ടുള്ള കാര്യമാണ് എന്ന് ഓർമ്മിപ്പിക്കുകയാണ്. രക്ഷിക്കുന്ന വിശ്വാസം അനുസരണം ഉളവാക്കുന്ന വിശ്വാസമാണ്. രക്ഷിക്കുന്ന വിശ്വാസം അനിവാര്യമായും സൽപ്രവൃത്തികളിൽ കലാശിക്കുന്നു എന്നകാര്യവും എഫെ. 2:8-10 വാക്യങ്ങളിൽ നാം വായിക്കുന്നു. വിശ്വാസമുണ്ടെന്നും എന്നാൽ പ്രവൃത്തികളില്ലെന്നും പറയുന്നവൻ തന്നെത്തന്നെ വഞ്ചിക്കുകയാണെന്ന് (യാക്കോബ് 2:14-26) യാക്കോബ് അപ്പൊസ്തലനും നമ്മോടു പറയുന്നു.
പുത്രന്റെ കഷ്ടപ്പാടിന്റെ ഫലമായി, "മൽക്കീസേദെക്കിന്റെ ക്രമം" അനുസരിച്ച് മഹാപുരോഹിതന്റെ സ്ഥാനം നികത്താൻ ദൈവം അവനെ നിയമിച്ചിരിക്കുന്നുവെന്ന് പ്രസംഗകൻ ആവർത്തിച്ചുപറഞ്ഞുകൊണ്ട് ലേഖനകാരൻ ഈ വേദഭാഗം ഉപസംഹരിക്കുന്നു. അങ്ങനെ ഈ വേദഭാഗം ഇനി പറയുവാൻ പോകുന്ന മഹാപൗരോഹിതശുശ്രൂഷക്കുള്ള ഒരു അടിസ്ഥാനമിടുന്നു.
അപ്പോൾ ഇതുവരെ പറഞ്ഞ കാര്യങ്ങൾ ചുരുക്കമായി പറഞ്ഞുകൊണ്ട് എന്റെ സന്ദേശം ഞാൻ ഉപസംഹരിക്കുകയാണ്. ഒന്നാമതായി ഞാൻ പറഞ്ഞത്, പഴയനിയമ മഹാപുരോഹിത നിയമനത്തെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചുമാണ്. ആ സ്ഥാനത്തേക്കു യേശു പിതാവിനാൽ നിയമിക്കപ്പെട്ടതെങ്ങനെ എന്ന കാര്യമാണ് തുടർന്ന് നാം ചിന്തിച്ചത്. രണ്ടാമതായി പറഞ്ഞത്, നമ്മോടു സഹതാപം കാണിപ്പാൻ കഴിയുന്ന മൽക്കിസെദേക്കിയൻ ക്രമപ്രകാരമുള്ള മഹാപുരോഹിതനാണ് ക്രിസ്തു. തുടർന്ന് എങ്ങനെയാണ് യേശു നമ്മുടെ സഹതാപമുള്ള മഹാപുരോഹിതനായി തീർന്നത് എന്ന കാര്യമാണ്.
2c) എങ്ങനെയാണ് യേശു നിത്യരക്ഷ നൽകുന്നത് എന്ന കാര്യമാണ്.
ഒരുപക്ഷെ വലിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറുന്ന നേതാക്കൾക്ക് തങ്ങൾ നൽകിയ വാഗ്ദാനങ്ങളിൽ നിന്നു പിന്തിരിയുകയൊ തനിക്കതു നിവൃത്തിക്കുവാൻ കഴിയാത പൊകയൊ ചെയ്തേക്കാം. എന്നാൽ സ്വന്തം ജീവനെ നൽകി നമ്മേ സ്നേഹിച്ച കർത്താവ് നമ്മേ കൈവെടിയുകയിമില്ല. ഉപേക്ഷിക്കുകയുമില്ല. അവൻ നമ്മോടു സഹാതപം കാണിക്കുന്നവനും തക്കസമയത്ത് നമ്മേ സഹായിക്കുവാനായി ദൈവത്തിന്റെ വലതു ഭാഗത്ത് നിലകൊള്ളുന്നവനാണ്. സകല അധികാരവും നൽകപ്പെട്ടവനും എല്ലാ നാളും ഞാൻ നിങ്ങളോടു കൂടെയിരിക്കും എന്ന് അവകാശപ്പെട്ടവനുമാണ്. അവൻ പറഞ്ഞതൊന്നും ഇതുവരെ നിവൃത്തിക്കപ്പെടാതെ ഇരുന്നിട്ടില്ല. നമ്മുടെ രക്ഷയുടെ ഉറവിടമായിരിക്കുന്ന അവനെ നമുക്കു പൂർണ്ണമായി വിശ്വസിക്കാം. വിശ്വാസത്തിൽ സ്ഥിരത ആർജ്ജിക്കാം. അതിനുദൈവം നമ്മേ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു.
*******