top of page
എബ്രായലേഖന പരമ്പര-19
P M Mathew
Jan 11, 2026

Are you a real Christian?
നിങ്ങൾ ഒരു യഥാർത്ഥ വിശ്വാസിയൊ?

Hebrews 6:4-12

അതിനായി എബ്രായർ 6:4-12 വാക്യങ്ങൾ നമുക്കു വായിക്കാം.

എബ്രായർ 6:4-12

“ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും 5 ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ:6 തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ
പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.7 പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ
ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു. 8 മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ
അവസാനം. 9 എന്നാൽ പ്രിയമുള്ളവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു. 10 ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. 11
എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 12 അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും”.

ആമുഖം

വ്യാഖ്യാനിക്കുവാൻ വളരെ വിഷമമുള്ള ഒരു വേദഭാഗമാണിത്. വേദപന്ധിതർ അനേകം മഷി ചെലവാക്കിയിട്ടുള്ള ഒരു വേദഭാഗവും കൂടിയാണിത്. വിശ്വാസത്യാഗത്തിനെതിരെയുള്ള
ശക്തമായ ഒരു warning അഥവാ മുന്നറിയിപ്പ് വേദഭാഗമാണിത്. എന്നാൽ ലേഖനകാരൻ വിശുദ്ധന്മാരുടെ സ്ഥിരോത്സാഹത്തെ ചോദ്യം ചെയ്യുകയല്ല. The author is not questioning the
perseverance of the saints. മറിച്ച് persevere ചെയ്യുന്നവരാണ് അഥവാ സ്ഥിരോത്സാഹം കാണിക്കുന്നവരാണ് യഥാർത്ഥവിശ്വാസികൾ എന്നു പറയുകയാണ്. ഈ വേദഭാഗത്തിന്റെ കേന്ദ്രാശയം പറഞ്ഞ് ഞാൻ മുന്നോട്ടു പോകാം.

പ്രധാന ആശയം 

ഒരിക്കൽ പ്രകാശിപ്പിക്കപ്പെടുകയും, സ്വർഗ്ഗീയ ദാനം ആസ്വദിക്കുകയും, പരിശുദ്ധാത്മാവിനെ പ്രാപിക്കയും, വരുവാനുള്ളലോകത്തിന്റെ നന്മകൾ അനുഭവിക്കയും ചെയ്തവർ അതപ്പാടെ പരിത്യജിച്ചാൽ അവരെ വീണ്ടും മാനസാന്തരത്തിലേക്ക് പുതുക്കുക അസാധ്യമാണെന്നും അവരെ കാത്തിരിക്കുന്നത് ന്യായവിധിയാണെന്നും മുള്ളും പറക്കാരയും മാത്രം വളരുന്ന ഒരു ദേശത്തിന്റെ രൂപകത്തിലൂടെ ലേഖനകാരൻ വ്യക്തമാക്കുന്നു. ആത്മിയമന്ദതക്കു വിരുദ്ധമായി, വിശ്വസ്തമായ സ്ഥിരോത്സാഹത്തോടെ ദൈവത്തിന്റെ വാഗ്ദാനങ്ങൾ
അവകാശമാക്കുന്നവരുടെ ഭാഗമായിതീരാൻ ലേഖനകാരൻ വിശ്വാസികളെ പ്രബോധിപ്പിക്കുന്നു.

പശ്ചാത്തലം

എബ്രായലേഖനത്തിന്റെ 5 മുന്നറിയിപ്പു വേദഭാഗങ്ങളിൽ മൂന്നാമത്തെ മുന്നറിയിപ്പ് വേദഭാഗമാണിത്. രണ്ടാം അദ്ധ്യായത്തിലും നാലാം അദ്ധ്യായത്തിലും പറഞ്ഞ
മുന്നറിയിപ്പുകൾ ഈ വേദഭാഗത്ത് കൂടുതൽ വികസിപ്പിക്കുകയാണ് ലേഖനകാരൻ. ആദ്യത്തെ മുന്നറിയിപ്പ് 2:1-4 വാക്യങ്ങളിലായിരുന്നു. അവിടുത്തെ മുന്നറിയിപ്പ് സുവിശേഷത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കുക എന്നതായിരുന്നു. സുവിശേഷത്തിൽ നിന്ന്
വ്യതിചലിക്കാതിരിക്കുക. രണ്ടാമത്തെ മുന്നറിയിപ്പ്, 4:1-11 വരെ വാക്യങ്ങളിലാണ്. അവിടെ
അവിശ്വാസത്തിലും അനുസരണക്കേടിലും ജീവനുള്ള ദൈവത്തിൽ നിന്ന് അകന്നുപോകാതിരിക്കുക എന്നതായിരുന്നു. അവിശ്വാസത്തിലും അനുസരണക്കേടിലും ജീവനുള്ള ദൈവത്തിൽ നിന്ന് അകന്നുപോകാതിരിക്കുക. ഈ warnings അഥവാ മുന്നറിയിപ്പുകളെ കൂടുതൽ വികസിപ്പിക്കുകയാണ്, അതല്ലെങ്കിൽ കുറെക്കൂടി ശക്തമായി അവതരിപ്പിക്കയാണ് നാം ഇപ്പോൾ വായിച്ച ഈ വേദഭാഗത്ത്. അതിന്റെ ഉദ്ദേശ്യം തന്റെ വായനക്കാർ ആരും നശിച്ചുപോകരുത് എന്ന എഴുത്തുകാരന്റെ ആത്മാർത്ഥമായ ആഗ്രഹമാണ്. തന്റെ ആടുകളെക്കുറിച്ചു വളരെ കരുതലുള്ള ഒരു ഇടയഹൃദയത്തിൽ നിന്നും വരുന്ന സ്നേഹപൂർവ്വമായ മുന്നറിയിപ്പായിട്ടാണ് നാമിതിനെ കാണേണ്ടത്. അതായത്, ഒരു യഥാർത്ഥവിശ്വാസിയെ ഭയപ്പെടുത്താനൊ, സംശയനിഴലിൽ നിർത്തുവാനൊ അല്ല,
പ്രത്യുത നിങ്ങൾ ഒരു യഥാർത്ഥവിശ്വാസിയാണോ എന്നു സ്വയം പരിശോധിക്കുക എന്നതാണ് ലേഖനകാരന്റെ ലക്ഷ്യം.

"അതുകൊണ്ട്" എന്ന വാക്കിലാണ് ഈ വേദഭാഗം ആരംഭിക്കുന്നത്. മലയാളപരിഭാഷയിൽ ആ വാക്ക് കാണുന്നില്ലെങ്കിലും ഗ്രീക്കിലും ഇംഗ്ലീഷിലും അതിനു തത്തുല്യമായ പദമുണ്ട്. ഈ വാക്ക് ഇതിനു മുന്നമെയുള്ള വേദഭാഗത്തോടെ ഈ വേദഭാഗത്തെ ബന്ധിപ്പിക്കുന്നു. ഇതിനു
മുന്നമെയുള്ള വേദഭാഗത്ത് പറയുന്നത് വിശ്വാസികൾ ആത്മീയമന്ദത വെടിഞ്ഞ് പക്വതയിലേക്കു വളരണം എന്നാണ്. let us press on to maturity. പക്വതയിലേക്കു വളരുക. "ദൈവം അനുവദിക്കുന്ന പക്ഷം നാമതു ചെയ്യും" എന്ന പ്രതീക്ഷയും താൻ മൂന്നാം വാക്യത്തിൽ പ്രകടിപ്പിക്കുന്നു. ആത്മിയ വളർച്ചക്ക് വിലങ്ങ് തടിയായി നിൽക്കുന്നത് ദൈവത്തിനെതിരെ അതല്ലെങ്കിൽ ദൈവവചനത്തിനെതിരെ ഹൃദയം കഠിനമാക്കുന്നതാണ് എന്ന കാര്യം 4:7 ൽ പറഞ്ഞു. അതിനുശേഷം ഇപ്പോൾ ആറാം അദ്ധ്യായത്തിന്റെ 1-3 വരെ വാക്യങ്ങളിൽ ആത്മീയ പക്വതയിലേക്ക് വളരാൻ താൻ ആഹ്വാനം ചെയ്യുന്നു. ദൈവം പറയുന്നതിനെ ഗൗരവമായി എടുക്കാതെ അവഗണിച്ചു മുന്നോട്ടു പോകുന്നതാണ് അപകടകാരണം. അത്തരം ആളുകൾ ദൈവത്തിൽ നിന്ന് അകന്നുപോകാനോ
ദൈവത്തിനെതിരെ പൂർണ്ണമായും മത്സരിക്കാനോ ഇടയാക്കും. എന്നാൽ ഒരു യഥാർത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത് പ്രോത്സാഹനത്തിന്റെ വാക്കുകളാണ്. യഥാർത്ഥ
വിശ്വാസികൾ വിശ്വാസത്തിലും സ്ഥിരോത്സാഹത്തിലും ദൈവത്തിന്റെ വാഗ്ദാനം അവകാശമാക്കും എന്ന കാര്യമാണ് ലേഖനകാരൻ ഇവിടെ വ്യക്തമാക്കുന്നത്. വാസ്തവത്തിൽ ഒരു വിശ്വാസിയാണെന്ന് നടിച്ചു നടക്കുന്നവരെ, യഥാർത്ഥവിശ്വാസിയായി മാറുവാൻ പ്രേരിപ്പിക്കുക എന്നതാണ് ഈ വേദഭാഗത്തിന്റെ ലക്ഷ്യം. വ്യാജക്രിസ്ത്യാനിയെ
യഥാർത്ഥക്രിസ്ത്യാനിയാകുവാൻ പേരിപ്പിക്കുക.

പാസ്റ്റർ അഭിസംബോധന ചെയ്ത ചില വ്യക്തികൾ ആത്മീയ പിന്മാറ്റത്തിന്റെ ചില ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട് എന്ന് 5:12 വാക്യത്തിൽ പറയുന്നു. പിന്മാറ്റത്തിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത്: 12  കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു."

അതായത്, വിശ്വാസികൾ ദൈവകൃപയിലും അറിവിലും യേശുക്രിസ്തുവിനോടുള്ള ബന്ധത്തിലും വളരണം. അവരുടെ വിശ്വാസം മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ കഴിയണം. സാധിക്കുമെങ്കിൽ തിരുവെഴുത്ത് മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയുന്ന ഒരു തലത്തിലേക്ക് അവർ ഉയരണം. ഏറ്റവും ചുരുങ്ങിയത്, തങ്ങളുടെ വിശ്വാസം തെറ്റാണ് എന്നു പറയുന്നവരോട് മറുപടി പറയുവാനുള്ള പരിജ്ഞാനമെങ്കിലും ഉള്ളവരായിരിക്കണം. കഴിഞ്ഞദിവസം ഞാൻ Tract കൊടുത്തുകൊണ്ടു നിന്നപ്പോൾ ഒരു മുസ്ലിം ചെറുപ്പക്കാരൻ Tract വാങ്ങിയിട്ട് ഞാനൊരു നിരീശ്വരനാണ് എന്ന മുഖവുരയോടെ അല്പസമയം എന്നോടു സംസാരിക്കുവാൻ തുടങ്ങി. അദ്ദേഹം ഒരു Atheist ആണെങ്കിലും തന്റെ ഭാര്യ മോസ്ക്കിൽ പോകുന്നതിനു താൻ എതിരല്ല എന്നും പറഞ്ഞു. പരിണാമസിദ്ധാന്തത്തിൽ തനിക്കു വിശ്വാസമില്ലെങ്കിലും ദൈവം ഇല്ലായെന്ന നിലപാടാണ് തനിക്കുള്ളത് എന്നു താൻ പറയുകയുണ്ടായി. ഖുറാൻ വായിച്ചതിന്റെ ഫലമായി താൻ അങ്ങനെയൊരു നിഗമനത്തിയിലെത്തിയതാകാമെന്ന് ഞാൻ കരുതുന്നു; കാരണം ഖുറാൻ തെറ്റുകളും വൈരുദ്ധ്യങ്ങളും നിറഞ്ഞ പുസ്തകമാണല്ലൊ. ആരെങ്കിലും സുബോധത്തോടെ ഖുറാൻ വായിച്ചാൽ ഉള്ള ദൈവവിശ്വാസവും കൂടി പോയിക്കിട്ടും. ആ വ്യക്തിയോടു, ജ്ഞാനിയായ ഒരു സൃഷ്ടാവില്ലാതെ ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയില്ലെന്നും, അതിനു പിന്നിൽ പ്രവൃത്തിച്ചത് ദൈവപുത്രനായ യേശുക്രിസ്തുവാണെന്നും ആ യേശുക്രിസ്തു മരിച്ചിട്ട് ഉയർത്തെഴുന്നേറ്റ വ്യക്തിയാണെന്നും ഞാൻ വളരെ ചുരുക്കമായി പറഞ്ഞു. പിന്നെ മരിച്ചവരിൽ നിന്നും ഉയർത്തെഴുന്നേറ്റ ഏകവ്യക്തി യേശുക്രിസ്തുവാണെന്ന കാര്യവും ഞാൻ
അദ്ദേഹത്തെ ധരിപ്പിക്കുകയുണ്ടായി. അക്കാര്യം അദ്ദേഹം നിഷേധിച്ചില്ല എന്നത് എനിക്ക് വളരെ ആശ്വാസമായി.

ഞാൻ പറഞ്ഞുവന്നത്, വിശ്വാസികൾ മറ്റുള്ളവരുമായി ഇടപെടുമ്പോൾ നമ്മുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാനുള്ള പരിജ്ഞാനമെങ്കിലും ഉള്ളവരായിരിക്കണം. കാരണം
ഇങ്ങനെയുള്ള ആളുകളെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടുമുട്ടും. മുൻപ് ഇവിടെ നമ്മോടൊപ്പം ദൈവത്തെ ആരാധിച്ചുപോന്ന ഒരു ചെറുപ്പക്കാരനെ എനിക്കറിയാം. ചില പുസ്തകങ്ങളൊ
വ്യക്തികളൊ അവനെ സ്വാധീനിച്ചിരിക്കാം. ഏതായാലും അവനിപ്പോൾ വിശ്വാസത്തിൽ നിന്നു പിന്മാറിപോയിരിക്കുന്നു. ചിലർ രക്ഷിക്കപ്പെടുവാനുള്ള പ്രാർത്ഥന കാണാതെ പറഞ്ഞ്
സ്നാനം സ്വീകരിക്കുന്നു. എന്നാൽ അവർ ശിഷ്യത്വത്തിന്റെ പാതയിൽ വളരുകയില്ല. ദൈവവചനം പഠിക്കാൻ മനസ്സുവെക്കുകയില്ല. അങ്ങനെയുള്ളവരെക്കുറിച്ച് ലേഖനകാരൻ പറയുന്നു: ചിലർക്ക് ആത്മീയ വളർച്ചയില്ല. അവർ ആത്മീയ പക്വതയിലേക്കു വളരുന്നില്ല. ആരെങ്കിലും എന്തെങ്കിലും ഒരുപദേശവുമായി അവരെ സമീപിച്ചാൽ അത് ശരിയാണെന്ന് അവർ വിശ്വസിക്കുന്നു. "ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കളെ" പോലെയാണവർ. നിരീശ്വരവാദികളുടെ വാദം കേട്ടാൽ അവർ പറയുന്നതാണ് ശരിയെന്ന് അങ്ങനെയുള്ളവർക്കു തോന്നും. അതല്ലെങ്കിൽ യഹോവാ സാക്ഷികളുടെ വാദം കേട്ടാൽ അതാണ് ശരിയെന്നവർ ചിന്തിക്കും. മറ്റു ചിലർക്ക് നന്മ തിന്മകളെ തിരിച്ചറിയുവാനുള്ള വചനപരിജ്ഞാനം പോലും ഇല്ല. ഇതൊക്കയും ആത്മീയമായ പക്വതയില്ലായ്മയാണ് കാണിക്കുന്നത്. ഇത് പിന്മാറ്റത്തിലേക്കു പോകുന്ന വിശ്വാസിയുടെ ഒരു ലക്ഷണമാണ്.

പിന്മാറ്റത്തിലേക്കു പോകുന്നവരുടെ മറ്റൊരു ലക്ഷണം, ആത്മീയ കാര്യങ്ങൾക്കു തീരെ പ്രാധാന്യം കൽപ്പിക്കാതിരിക്കുക എന്നതാണ്. ആത്മീയ കാര്യങ്ങൾക്കു തീരെ പ്രാധാന്യം
കൽപ്പിക്കാതിരിക്കുക. ഹെബ്രായലേഖനം 10:25 ൽ ചിലർ ആരാധന/കൂട്ടായ്മ ഉപേക്ഷിച്ചതായി ലേഖനകാരൻ പറയുന്നു. അവർക്ക് ആരാധനയുമില്ല, വിശ്വാസികളുമായി കൂട്ടായ്മയുമില്ല.
ഇതൊക്കെ പാസ്റ്ററിൽ വലിയ ആശങ്കയുളവാക്കുന്നു; കാരണം, അവർ പിന്മാറ്റത്തിന്റെ പാതയിലാണ്. ഈ നില അവർ തുടർന്നാൽ അവർ തങ്ങളുടെ വിശ്വാസം ത്യജിക്കും. അവരുടെ
വിശ്വാസക്കപ്പൽ തകരും. അവർ പിന്മാറ്റത്തിലേക്കു പോകും. പിന്നെ അവരെ "മാനസാന്തരത്തിലേക്ക് തിരികെ കൊണ്ടുവരുക അസാദ്ധ്യമാണ്. "അസാധ്യമാണ്" എന്ന പ്രയോഗം വളരെ ശക്തമാണ്. അത് തന്റെ മുന്നറിയിപ്പിന്റെ കാഠിന്യത്തെയാണ്
വെളിവാക്കുന്നത്. ആത്മീയ വളർച്ച എപ്പോഴും മുന്നോട്ട് അഥവാ ലക്ഷ്യത്തിലേക്കുള്ള പാതയിലായിരിക്കണം. നില്ക്കുവാനൊ പിന്നോക്കം പോകുവാനൊ അനുവാദമില്ല. മുന്നേറുന്നതിനും വീഴുന്നതിനും ഇടയിൽ ഒരു neutral zone ഇല്ല.

അതുകൊണ്ടാണ് അപ്പൊ. പൗലോസ് ക്രിസ്തീയജീവിതത്തെ ഓട്ടക്കളത്തിൽ ഓടുന്നതിനോടും യുദ്ധക്കളത്തിൽ യുദ്ധം ചെയ്യുന്നതിനോടുമൊക്കെ ഉപമിച്ചിരിക്കുന്നത്. അവിടെ
നിസംഗതക്കൊ അലസതക്കൊ യാതൊരു സ്ഥാനവുമില്ല. പാസ്റ്റർ വളരെ ആത്മാർത്ഥമായി തന്റെ വായനക്കാരെ മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നു.

അപ്പോൾ ഈ വേദഭാഗത്തു നിന്നും ഒന്നാമതായി പറയുവാൻ ആഗ്രഹിക്കുന്ന കാര്യം വിശ്വാസിയാണെന്ന് നടിച്ച് വിശ്വാസികളോടു ചേർന്ന് നടക്കുന്നവരുടെ ഭാവി
അപകടത്തിലാണ് എന്ന കാര്യമാണ്.

1. കപടവിശ്വാസികളുടെ ഭാവി അപകടത്തിലാണ് (6:4-6).

“ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും 5 ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ:6 തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല" (4-6).

പിന്മാറ്റത്തിലേക്കു പോകുന്നവരെ തിരിച്ചറിയാൻ എബ്രായലേഖനകാരൻ അഞ്ച് ഗ്രീക്ക് participles ഉപയോഗിക്കുന്നു. ഒരിക്കൽ ചെയ്തതൊ ചെയ്തുകൊണ്ടിരിക്കുന്നതൊ ആയ കാര്യങ്ങളെ സൂചിപ്പിക്കുവാനാണ് participles ഉപയോഗിക്കുന്നത്. ഇവിടെ അവർ ഒരിക്കൽ അനുഭവിച്ചതൊ അനുഭവിച്ചുകൊണ്ടിരിക്കു ന്നതൊ ആയ കാര്യങ്ങളെ സൂചിപ്പിക്കുന്നു. അതിൽ ആദ്യത്തെ നാലെണ്ണം ആളുകൾ സുവിശേഷത്തിൽ വിശ്വസിക്കുമ്പോൾ എന്ത് സംഭവിക്കുന്നുവെന്ന് വിവരിക്കുന്നു.

1. "ഒരിക്കൽ പ്രകാശനം ലഭിച്ചവർ" 2. "സ്വർഗ്ഗീയദാനം ആസ്വദിച്ചവർ" 3. പരിശുദ്ധാന്മാവിനെ പ്രാപിച്ചവർ 4. ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിച്ചവർ. ഈ നാലുകാര്യങ്ങൾ ഒരു വ്യക്തി സുവിശേഷം വിശ്വസിക്കുമ്പോഴുണ്ടാകുന്ന മാറ്റത്തെ 'വ്യത്യസ്ത വശങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും' നോക്കിക്കാണുന്നതാണ്. ഒരു വ്യക്തി സുവിശേഷം വിശ്വസിക്കുമ്പോഴുണ്ടാകുന്ന മാറ്റത്തെ 'വ്യത്യസ്ത വശങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും' നോക്കിക്കാണുന്നതാണ്.

ഈ പറഞ്ഞ നാലുകാര്യങ്ങളെ ഞാൻ അല്പമായി വിശദീകരിക്കാം.

1. "ഒരിക്കൽ പ്രകാശനം ലഭിച്ചവർ" (genomenois : have once been enlightened). അതായത്, സുവിശേഷ സന്ദേശം ശ്രവിച്ചപ്പോൾ, അത് വ്യക്തമായി മനസ്സിലാക്കാൻ പരിശുദ്ധാത്മാവ് അവരുടെ മനസ്സുകളെയും ഹൃദയങ്ങളെയും പ്രകാശിപ്പിച്ചു. അങ്ങനെ "ദൈവത്തിന്റെ വീണ്ടെടുപ്പു പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബുദ്ധിപരമായ അറിവു പ്രാപിച്ചു. എന്നാലിത് രക്ഷാകരമായ വിശ്വാസത്തിലേക്ക് ആ വ്യക്തിയെ നയിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. ഉദാഹരണമായി, പഴയനിയമത്തിലെ ബിലയാം പ്രവാചകൻ. ബിലെയാമിന് യഹോവയായ ദൈവത്തെക്കുറിച്ച് ധാരാളം അറിവുണ്ടായിരുന്നു. അവൻ ഒരു പ്രവാചകനായിരുന്നു, മിശിഹായുടെ വരവിനെക്കുറിച്ചും അവന്റെ വ്യക്തിത്വത്തെ ക്കുറിച്ചും തന്റെ രാജ്യത്തിന്റെ സവിശേഷതകളെ ക്കുറിച്ചുമൊക്കെ വലിയ പ്രവചനം നടത്തിയ വ്യക്തിയാണ്. എന്നാൽ താൻ രക്ഷിക്കപ്പെട്ട വ്യക്തിയായിരുന്നില്ല. ഈ കാര്യം വെളിപ്പാടുപുസ്തകം (2:14) രണ്ടാം അദ്ധ്യായത്തിൽ നിന്നും നമുക്കു വ്യക്തമാകും. ദൈവത്തെക്കുറിച്ചുള്ള അറിവ് വിശ്വാസത്തിന് ആവശ്യമാണ്. അറിവുകൂടാതെ വിശ്വസിക്കുവാൻ കഴിയുകയില്ല. എന്നാൽ ഈ അറിവു വിശ്വാസമായി പരിണമിക്കണം. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ അതു രക്ഷാകരമായ വിശ്വാസമാണെന്ന് പറയാൻ കഴിയുകയില്ല. Dr S Louis Johnson ന്റെ അഭിപ്രായത്തിൽ, ഒരാൾക്ക് വളരെയധികം വെളിച്ചം ലഭിച്ചേക്കാം, എന്നിരുന്നാലും ക്രിസ്തുവിൽ യഥാർത്ഥ വിശ്വാസിയാകണമെന്ന് യാതൊരു നിർബന്ധവുമില്ല.

രണ്ടാമതായി, "സ്വർഗ്ഗീയദാനം ആസ്വദിച്ചവർ" (geusantas : "having tasted," the heavenly gift). അവർ വെളിച്ചത്തിലേക്കു വന്നതിന്റെ ഫലമായി, ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞവർ എന്നോ കർത്താവിന്റെ രണ്ടാം വരവിൽ പൂർത്തിയാകുന്ന രക്ഷാവാഗ്ദാനം advance ആയി സ്വീകരിച്ചവർ എന്നോ ഇതിനെ മനസ്സിലാക്കാം (1:14,28; cf 1 Peter 1:3-9). നമ്മുടെ ഇപ്പോഴത്തെ അവസ്ഥ എന്നു വേണമെങ്കിൽ പറയാം. നാം യേശുവിന്റെ രക്ഷാവാഗ്ദാനം അഡ്വാൻസായി സ്വീകരിച്ചവരാണ്. നാം പ്രത്യാശാനിവൃത്തിയെ കാത്തിരിക്കുന്നവരാണ് (ഗലാ 5:5). യഥാർത്ഥത്തിൽ നമ്മുടെ രക്ഷ പരിസമാപ്തിയിലെത്തുന്നത് കർത്താവിന്റെ രണ്ടാം വരവിലാണ്. അതുകൊണ്ട് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവർ തങ്ങളുടെ വിശ്വാസം അവസാനം വരെ മുറുകെപിടിക്കുവാൻ ബാദ്ധ്യസ്ഥരാണ് എന്ന കാര്യം നാം ഓർക്കണം.

ഒരു ഉദാഹരണം പറഞ്ഞാൽ, വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ യിസ്രായേൽ മക്കൾക്ക് ദൈവം സ്വർഗ്ഗത്തിൽ നിന്ന് മന്ന ദാനമായി നൽകി. അവരത് നന്നായി ആസ്വദിക്കുകയും ചെയ്തു (പുറ. 16:4-8). അതിനു സമാനമായി, വിശ്വാസികൾ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന ജീവന്റെ അപ്പമായ ക്രിസ്തുവിനെ പങ്കുവെക്കുന്നു. ക്രിസ്തീയ കൂട്ടായ്മയുടെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു. ജീവിതത്തിൽ പുതിയ ലക്ഷ്യമുണ്ടാകുന്നു. ഇതൊക്കെ ഈ സ്വർഗ്ഗീയദാനത്തിൽ പെടാം. എന്നാൽ അവർ പരീക്ഷണങ്ങളിലൊ, പ്രലോഭനങ്ങളിലൊ അകപ്പെട്ട് വിശ്വാസം തള്ളിക്കളയാതെ സൂക്ഷിക്കണം. വിശ്വാസത്തിൽ നിലനിൽക്കുക എന്നത് യാഥാർത്ഥ ക്രിസ്ത്യാനിത്വത്തിന്റെ പരീക്ഷണമാണ്. ഒരു യഥാർത്ഥ വിശ്വാസിയാണെന്നതിന്റെ തെളിവ് അവൻ സ്ഥിരോത്സാഹം ഉള്ളവനാണ് എന്നതാണ്.

മൂന്നാമതായി, പരിശുദ്ധാത്മാവിനെ പ്രാപിച്ചവർ. (metechontas : have shared in the Holy Spirit,). ഈ ആളുകൾ പരിശുദ്ധാത്മാവിൽ പങ്കുചേർന്നിട്ടുണ്ട് അല്ലെങ്കിൽ 'പരിശുദ്ധാത്മാവിന്റെ പങ്കാളികളാകുന്നു'. എബ്രായലേഖനത്തിന്റെ സ്വീകർത്താക്കൾ ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ, ദൈവം 'തന്റെ ഇഷ്ടപ്രകാരം വിതരണം ചെയ്ത പരിശുദ്ധാത്മാവിന്റെ ദാനങ്ങളിലൂടെ' സുവിശേഷ സത്യത്തിന് സാക്ഷ്യം വഹിച്ചവരാണ് എന്ന് 2:4 ൽ പറയുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ വ്യക്തിപരമായ അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പരിശുദ്ധാത്മാവിനെ പ്രാപിച്ച ഒരു വ്യക്തിക്ക് വിശ്വാസത്യാഗം ചെയ്യാൻ കഴിയുമോ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ "കൃപയുടെ ആത്മാവിനെ പ്രകോപിപ്പിക്കാൻ/നിന്ദിക്കാൻ" കഴിയുമെന്നതിനാൽ നമ്മുടെ രചയിതാവിനെ സംബന്ധിച്ചിടത്തോളം വിശ്വാസത്യാഗം സംബന്ധിച്ചു യാതൊരു സംശയമില്ല (10:29). "ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ" (ഹെബ്രായർ 10:29).

അപ്പോൾ ഈ പദപ്രയോഗങ്ങൾ, "ഒരിക്കൽ പ്രകാശനം ലഭിച്ചവർ", "സ്വർഗ്ഗീയദാനം ആസ്വദിച്ചവർ" "പരിശുദ്ധാത്മാവിനെ പ്രാപിച്ചവർ" ഇതെല്ലാം ക്രിസ്തുവിൽ വിശ്വസിക്കുകയും സ്നാനമേൽക്കുകയും ക്രിസ്തീയ സമൂഹത്തോടു ചേർന്നു നടക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളെയാണ് സൂചിപ്പിക്കുന്നത്. അപ്പോൾ, ഇക്കാര്യങ്ങളൊക്കെ അനുഭവിച്ച ക്രിസ്തീയ സമൂഹത്തോടാണ് വീണുപോകാനുള്ള സാധ്യതയെ ക്കുറിച്ചുള്ള മുന്നറിയിപ്പു ലേഖനകാരൻ നൽകുന്നത്.

ഇത് എബ്രായലേഖനകാരന്റെ മാത്രം ചിന്തയാണെന്ന് ധരിക്കരുത്. അപ്പോസ്തലനായ പൗലോസും വിശ്വാസികൾക്ക് രക്ഷയുടെ ഉറപ്പുനൽകുന്നതോടൊപ്പം വിശ്വാസികളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതു നമുക്കു കാണാം. ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടിരിക്കുന്നു. ഇനി എങ്ങനെ വേണമെങ്കിലും ജീവിക്കാം എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാലത് തികച്ചും ഭോഷത്വകരമായ ചിന്തയാണ്. വല്ലപ്പോഴും സഭയിൽ വന്ന് തല കാണിക്കുകയൊ, ബൈബിളിൽ നിന്നുള്ള വാക്യങ്ങളൊക്കെ whatsapp group ൽ ഷെയർ ചെയ്യുകയൊ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. ആരും വഞ്ചിക്കപ്പെടരുത്. ആത്മാവുള്ളവർ 'ജഡത്തിന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തരുത് എന്നും 'ആത്മാവിന്റെ ഫലം' പുറപ്പെടുവിക്കണമെന്നും 'ആത്മാവിനോടൊപ്പം ചുവടുവെക്കണ മെന്നും' ഗലാത്യാലേഖനത്തിൽ പൗലൊസ് പറയുന്നു (5:16-25). അതുകൊണ്ട് ആത്മീയ മന്ദത വെടിഞ്ഞ് ആത്മീയപക്വതയിലേക്കു വളരാതിരിക്കുന്നത് അപകടമാണ്.

നാലാമത്തെ കാര്യം "ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തികളും അനുഭവിച്ചവർ" എന്നതാണ്. കനാന്ദേശം ഉറ്റുനോക്കാൻ പോയ യിസ്രായേൽ ചാരന്മാർ ആ ദേശത്തിലെ വിശിഷ്ടമായ മുന്തിരിയും, മാതളപ്പഴവും അത്തിപ്പഴയും കൊണ്ടുവന്നു യിസ്രായേൽ മക്കളെ കാണിച്ചു. എന്നാൽ ആ ചാരന്മാരിൽ യോശുവയും കാലേബും പിന്നെ 20 വയസ്സിൽ താഴെയുള്ളവരുമൊഴികെ ബാക്കിയെല്ലാവരും മരുഭൂമിയിൽ പട്ടുപോയി. എബ്രായർ 5:1-2 വാക്യങ്ങളിൽ അക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത് നാം മുന്നമെ ചിന്തിച്ചതാണ്. അവരുടെ അവിശ്വാസം കനാന്ദേശത്ത് പ്രവേശിപ്പാൻ അവരെ അനുവദിച്ചില്ല എന്നതാണ് വാസ്തവം. യൂദാസ് അതിനൊരു ഉദാഹരണമാൺ`. അപ്പൊ. പ്രവൃത്തി 8 ൽ പറയുന്ന ശീമോൻ എന്ന മഹതി മറ്റൊരു ഉദാഹരണമാണ്. ദൈവവചനത്തിന്റെ നന്മയും വരുവാനുള്ള യുഗത്തിന്റെ ശക്തിയും അനുഭവിച്ചവരാണവർ.

ദൈവവചനത്തിന്റെ (2:2-3; 4:2 ലെ) അഥവാ സുവിശേഷത്തിന്റെ നന്മയെ നാം അനുഭവിച്ചറിഞ്ഞവരാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് വരാനിരിക്കുന്ന യുഗത്തിന്റെ ശക്തികളെ (2:4) മുൻകൂട്ടി വെളിപ്പെടുത്തുകയും സുവിശേഷത്തിൽ വിശ്വസിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്തു. കൂടാതെ, ഈ ദുഷ്ടലോകത്ത് നാം ജീവിക്കുമ്പോൾ വരാനിരിക്കുന്ന ലോകത്തിന്റെ മുൻ രുചി അനുഭവിക്കുവാൻ നമുക്ക് കഴിയുന്നു.

വിശ്വാസം ഉണർത്താനും നിലനിർത്താനും ദൈവത്തിന്റെ വചനവും ദൈവത്തിന്റെ ആത്മാവും പര്യാപ്തമാണ്; എന്നാൽ ഹൃദയകാഠിന്യത്തിൽ നിന്നും വിശ്വാസത്യാഗത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ വിശ്വാസം ക്ഷമയോടെ പ്രായോഗികമാക്കുകയും അനുസരണത്തിൽ നാമത് പ്രകടിപ്പിക്കുകയും വേണം അതിനെക്കുറിച്ചാണ് 6:9-12 വാക്യങ്ങളിൽ പറയുന്നത്. നമ്മുടെ ഹൃദയത്തെ കഠിനപ്പെടുത്താതെ വിശ്വാസം ക്ഷമയോടെ പ്രായോഗികമാക്കേണ്ടതും അനുസരണത്തിൽ അത് പ്രകടിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. ചുരുക്കി പറഞ്ഞാൽ, ദൈവത്തിന്റെ പരമാധികാരവും മനുഷ്യന്റെ ഉത്തരവാദിത്വവും പരപൂരകമായി പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.

ഈ ശ്രേണിയിലെ അഞ്ചാമത്തെ participle, "പിന്മാറിപ്പോയാൽ" എന്നതാണ്. മുന്നമെ പറഞ്ഞ നാലുകാര്യങ്ങൾക്കും നേരെവിപരീതമായ നിലപാടിനെയാണ് ഇത് കാണിക്കുന്നത് യഥാർത്ഥ വിശ്വാസികളായി മുമ്പ് തിരിച്ചറിഞ്ഞിരുന്നവർ വീണുപോകാനുള്ള സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത് (parapesontas-fallen away). "പാരപെസോണ്ടാസ്" എന്ന ഗ്രീക്ക് വാക്കാണ് പിന്മാറിപോയാൽ എന്നതിനുപയോഗിച്ചിരിക്കുന്നത്. ഒരു മത്സരത്തിന്റെയോ പരിത്യാഗത്തിന്റെയോ പ്രവൃത്തിയെ ഇത് സൂചിപ്പിക്കുന്നു (cf. 3:18-19; 4:11). 'ഒരിക്കൽ നൽകിയ ദാനത്തിൽ പങ്കുചേരാതിരിക്കാനുള്ള മനഃപൂർവമായ തിരഞ്ഞെടുപ്പ്' ഇതിൽ അടങ്ങിയിരിക്കുന്നു (ജോൺസൺ, പേജ് 161). അതായത്, "പിന്മാറ്റം" ഒരുവൻ മനപ്പൂർവ്വം തെരഞ്ഞെടുക്കുന്നതാണ്. ഈ അനുഭവങ്ങളെല്ലാം തിരസ്ക്കരിച്ചുകൊണ്ട്, (വേണ്ടെന്ന് വെച്ചുകൊണ്ട്) തന്റെ വഴിക്കു പോകുക. മുൻപറഞ്ഞ അനുഭവങ്ങൾക്ക് തന്റെ ജീവിതത്തിൽ യാതൊരു പ്രാധാന്യവും കല്പിക്കാതിരിക്കുക. ഈ ലോകക്കാരിൽ നിന്നു വ്യത്യസ്ഥമായി, ഒരു വിശ്വാസിയുടെ നേട്ടങ്ങൾ എന്താണെന്ന് തിരുച്ചറിയാതിരിക്കുക. ഈ ലോകത്തോടു ഇഴുകിച്ചേർന്ന് ജീവിക്കുക. ഇതിനേക്കാൾ മെച്ചമായതു ഈ ലോകത്തിനു തരാൻ കഴിയുമെന്ന് ചിന്തിക്കുക. ഈയൊരു മനോഭാവം ഒരുവനെ അപകടത്തിലേക്ക് നയിക്കുന്നു. അതവനെ വിശ്വാസത്യാഗത്തിലേക്കു നയിക്കുന്നു. അപ്പോൾ മത്സരത്തിലൂടേയും മനഃപ്പൂർവ്വമായ തെരഞ്ഞെടുപ്പിലൂടേയും പിന്മാറിപ്പോയാൽ, പിന്നെ അവരെ മാനസാന്തരത്തിലേക്കു മടക്കിക്കൊണ്ടു വരുന്നത് അസാദ്ധ്യമാണ്.

അതിനെക്കുറിച്ചാണ് ലേഖനകാരൻ ആറാം വാക്യത്തിൽ വിവരിക്കുന്നത്. അവരുടെ നാശത്തിനായി അവർ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ മത്സര സ്വഭാവത്തെയാണ് ആറാം വാക്യം വിവരിക്കുന്നത്: അത്തരം ആളുകൾ ദൈവപുത്രനെ അവന്റെ ആരാച്ചാർ ചെയ്തതുപോലെ മനഃപൂർവ്വം നിരസിക്കുകയും അവനെ പരിഹസിച്ച അവന്റെ ശത്രുക്കളുടെ സ്ഥാനത്ത് തങ്ങളെത്തന്നെ പരസ്യമായി നിർത്തുകയും ചെയ്യുന്നു. ഇത് ദൈവപുത്രനെ പരസ്യമായി നിരാകരിക്കുന്നതിനെയും കുരിശിൽ അവൻ നേടിയ രക്ഷയുടെ ആവശ്യകതയെ തുടർമാനമായി നിഷേധിക്കുന്നതിനെയും സൂചിപ്പിക്കുന്നു.

ഈ വിശ്വാസത്യാഗികൾ ഒരുകാലത്ത് ലോകത്തിനെതിരെ നിന്നവരാണ്; എന്നാൽ ഇപ്പോൾ അവർ side മാറുകയും സുവിശേഷത്തിന്റെ അവകാശവാദങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നു. ഈ ആളുകൾ ആ അവസ്ഥയിൽ തുടരുന്നുവെന്നും മാനസാന്തരം തേടുന്നില്ല എന്നുമാണ് ഇവിടെ കൊടുത്തിരിക്കുന്ന വർത്തമാനകാലപ്രയോഗം സൂചിപ്പിക്കുന്നത്. യേശുവിനെ അവർ തുടർച്ചയായി നിരസിക്കുന്നത് അവരെ മാനസാന്തരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് അസാധ്യമാക്കുന്നു. അവർ ഹൃദയങ്ങളെ കഠിനമാക്കുകയും ക്രിസ്തീയ സമൂഹവുമായുള്ള ബന്ധം വിഛേദിക്കയും ചെയ്യുന്നു.

അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല. കാരണം അവർക്ക് ഓഫർ ചെയ്യുവാനുള്ള ഒരേയൊരു കാര്യം : അവർ നിരസിച്ച പുത്രന്റെയും അവന്റെ ആത്മാവിന്റെയും മഹത്തായ പ്രവൃത്തിയല്ലാതെ മറ്റൊരു രക്ഷാമാർഗ്ഗം ദൈവത്തിന് അവർക്ക് നൽകാൻ കഴിയില്ല എന്നതു തന്നെ.

അപ്പോൾ സുവിശേഷം നിരസിക്കുന്ന ആരേയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിയുന്നതല്ല. പിന്നെ അവരെ കാത്തിരിക്കുന്നത് ദൈവത്തിന്റെ ന്യായവിധിയാണ്. ദൈവത്തിനു സകലവും സാദ്ധ്യം എന്ന കാര്യം വിസ്മരിച്ചുകൊണ്ടല്ല ഞാനിതു പറയുന്നത്. ദൈവകൃപക്കു സാധിക്കാത്ത ഒരു കാര്യമല്ല, എന്നാൽ മാനുഷികമായി പറഞ്ഞാൽ, സഭയുടെ പ്രായോഗികചരിത്രം പരിശോധിച്ചാൽ ഇങ്ങനെയുള്ളവരെ മാനസാന്തരത്തിലേക്ക് നടത്തുക അസാദ്ധ്യമാണ്. കളമശ്ശേരി സഭയിൽ നിന്നുതന്നെ പിന്മാറിപ്പോയ മൂന്നു വ്യക്തികളെ എനിക്കറിയാം. വർഷങ്ങൾ സഭയിൽ വരികയും പ്രബോധിപ്പിക്കയും open air meetingകളിൽ പ്രസംഗിക്കയും ചെയ്ത ഒരു വ്യക്തി പിന്നീട് മുസ്ലീം വിശ്വാസത്തിലേക്കു ചേക്കേറി. മറ്റൊരു വ്യക്തി സഭയിൽ പ്രബോധനങ്ങൾ നൽകുകയും, കൂടെ പഠിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കളോടു സുവിശേഷം പങ്കുവെക്കുകയും അങ്ങനെ ഒരു ഹിന്ദുവിനെ വിശ്വാസത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ആ convert വലിയ എതിർപ്പുകളെ നേരിട്ടുകൊണ്ട് സ്നാനപ്പെടുകയും ഇന്ന് വടക്കെ ഇന്ത്യയിൽ കർത്താവിന്റെ വേല നിവൃത്തിക്കയും ചെയ്തുകൊണ്ടിരിക്കുന്നു. സങ്കടകരമെന്ന് പറയട്ടെ, അദ്ദേഹത്തെ വിശ്വാസത്തിലേക്ക് കൊണ്ടുവന്ന ആ ചെറുപ്പക്കാരൻ ഇന്ന് വിശ്വാസത്തിലില്ല. ഈ പിന്മാറിപ്പോയെ വ്യക്തിയെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ വടക്കെയിന്തിയിൽ വേലചെയ്യുന്ന വ്യക്തി പലവട്ടം ശ്രമിച്ചിട്ടും ഇതുവരെ സാധിച്ചിട്ടില്ല. ഇതെത്രയൊ സങ്കടകരമാണ്. മൂന്നാമൊതൊരു വ്യക്തി ഒരു മുഴുവൻ സമയപ്രവർത്തകന്റെ മകനാണ്. വിശ്വാസകുടുംബത്തിൽ ജനിച്ചു വളർന്നു. രക്ഷയുടെ പ്രാർത്ഥന കാണാതെ പറഞ്ഞ് സ്നാനപ്പെട്ടു. പക്ഷേ ഇപ്പോൾ പിന്മാറ്റത്തിൽ കഴിയുന്നു. ഇവരെ മടക്കിക്കൊണ്ടുവരുവാൻ സുവിശേഷമല്ലാതെ മറ്റെന്താണ് അവർക്കു offer ചെയ്യുവാൻ നമുക്കുള്ളത്. അവർ തിരസ്ക്കരിച്ച കർത്താവിനെ അല്ലാതെ മറ്റെന്താണ് അവരുടെ മുന്നിൽ വെക്കുവാനുള്ളത്.

രണ്ടാമത്തെ പോയിന്റായി ഇവിടെ നിന്നും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം വിശ്വാസത്യാഗി ന്യായവിധിയെ നേരിടും എന്നതാണ്.

2) വിശ്വാസത്യാഗി ന്യായവിധിയെ നേരിടേണ്ടിവരും (7-8).
"പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു. 8 മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം' (7-8).

ഈ വാക്യങ്ങൾ യഥാർത്ഥ വിശ്വാസിയും വിശ്വാസത്യാഗിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവർക്കുള്ള വിധിയെക്കുറിച്ചും ദൃഷ്ടാന്തീകരിക്കുന്നു.

ഈ ദൃഷ്ടാന്തത്തിനു ബൈബിളിൽ മൂന്നു സമാനതകൾ കാണുവാൻ കഴിയും. ഒന്നാമത്തെ സമാനത, യെശയ്യാവ് 5:1-7 വേദഭാഗവുമായിട്ടാണ്. അവിടെ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി അതിൽ നല്ല മുന്തിരി നട്ടു, ഫലം കായ്പ്പാൻ ആവശ്യമായ എല്ലാ ശുശ്രൂഷകളും ചെയ്തു. പക്ഷെ അത് ഉൽപ്പാദിപ്പിച്ചത് കാട്ടുമുന്തിരിങ്ങയാണ്. രണ്ടാമത്തെ സമാനത ആവർത്തന പുസ്തകം 11:26-28 വേദഭാഗവുമായിട്ടാണ്. അവിടെ ദൈവത്തോടും അവന്റെ ഉടമ്പടിയോടും വിശ്വസ്തരായിരിക്കാനും അവന്റെ ശാപത്തിനുപകരം അവന്റെ അനുഗ്രഹം ആസ്വദിക്കാനുമുള്ള ആഹ്വാനമാണ് നൽകുന്നത്. അതായത്, ദൈവവുമായി ഉടമ്പടി ചെയ്തു ഒരു ബന്ധത്തിലേക്കു വന്നവർ ഉടമ്പടി വിശ്വസ്ഥത പാലിക്കുവാൻ ബാദ്ധ്യസ്ഥരാണ്. മൂന്നാമത്തെ സമാനത, മത്തായി 13:3-9 വാക്യങ്ങളിൽ നൽകിയിരിക്കുന്ന വിതക്കാരന്റെ ഉപമയോടെയാണ്. അവിടെ യേശു നാലുതരം മണ്ണിനെക്കുറിച്ചു പരാമർശിക്കുന്നുവെങ്കിലും എബ്രായലേഖനകാരൻ അതിൽ രണ്ടെണ്ണം മാത്രമെ തെരഞ്ഞെടുക്കുന്നുള്ളു എന്നു കരുതാം. ഒന്ന് നല്ലഫലം പുറപ്പെടുവിക്കുന്നു. മറ്റേത് യാതൊരു ഫലവും പുറപ്പെടുവിക്കുന്നില്ല..

പലപ്പോഴും പെയ്യുന്ന മഴവെള്ളം കുടിക്കുന്ന ഭൂമി, ദൈവവചനം കേൾക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും സ്ഥിരതയുള്ളവരെയാണ് പ്രതിനിധീകരിക്കുന്നത്. ദൈവത്തിന്റെ പ്രാപ്തിയാൽ, അവർ ആത്മീയമായി ഫലഭൂയിഷ്ഠരാകുന്നു, അത് കൃഷി ചെയ്യുന്നവർക്ക് ഉപയോഗപ്രദമായ ഒരു വിളവ് ഉത്പാദിപ്പിക്കുന്നു. അവർ വർത്തമാനകാലത്ത്, ക്രിസ്തീയ ബന്ധങ്ങളിലും ജീവിതശൈലി വെല്ലുവിളികളിലും ദൈവകൃപ അനുഭവിക്കുന്നു (3:13; 6:10; 10:24-25, 32-34; 13:1-8). അങ്ങനെയുള്ളവർക്ക് 'വരാനിരിക്കുന്ന ലോകത്തിൽ' ദൈവത്തിന്റെ ആത്യന്തിക അനുഗ്രഹം ലഭിക്കുന്നു (2:5). അതായത്, ഈ അനുഗ്രഹങ്ങൾ ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്നുവെങ്കിൽ വരാനുള്ള ലോകത്തും ഇവ പൂർണ്ണമായി അനുഭവിക്കും എന്നു പ്രതീക്ഷിക്കാം.

മുള്ളും പറക്കാരയും മുളപ്പിക്കുന്ന ഭൂമി വിലയില്ലാത്തതും ശപിക്കപ്പെടാൻ സാധ്യതയുള്ളതുമാണ്. ഈ ദേശത്തും മഴ പെയ്തിരുന്നു, പക്ഷേ പ്രതീക്ഷിച്ച വിളവ് അത് നൽകിയില്ല; പകരം, മുള്ളും പറക്കാരയുമാണ് ഉളവാക്കിയത് (cf. യെശയ്യാവ് 5:2, 5). ഇവിടെ ചിത്രീകരിച്ചിരിക്കുന്ന വ്യക്തികൾ ദൈവകൃപയുടെ അനുഭവങ്ങൾ ഉണ്ടായിരുന്നിട്ടും, അവിശ്വാസത്തിലും അനുസരണക്കേടിലും അവരുടെ ഹൃദയങ്ങളെ കഠിനമാക്കുന്നു. പ്രതിഫല നഷ്ടം മാത്രമല്ല, നിത്യശിക്ഷ അർഹിക്കുന്നു എന്ന അർത്ഥത്തിലാണ് അവർ ശപിക്കപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ പദപ്രയോഗങ്ങൾ "കൊള്ളരുതാത്തത്" "ശാപത്തിന്നു അടുത്തത്" "ചുട്ടുകളക" എന്നിവ നിത്യശിക്ഷാവിധിയെയാണ് കാണിക്കുന്നത്. ദൈവത്തിൽ നിന്നുള്ള പരിവർത്തനത്തിനും രക്ഷയ്ക്കും യാതൊരു പ്രതീക്ഷയും നൽകുന്നില്ല, "ശിക്ഷ അവരെ കാത്തിരിക്കുന്നു". അവസാനം അവരെ ചുട്ടുകളയും എന്നതാണ് ഇവിടുത്തെ പ്രസ്താവന. ഇത് നിത്യശിക്ഷാവിധിയെയാണ് സൂചിപ്പിക്കുന്നത്.

ഇവിടെ നാം ഓർക്കേണ്ട ഒരു കാര്യം, എല്ലാവരും വിശ്വാസത്യാഗത്തിലേക്ക് വഴുതിവീഴുന്നു എന്നനിലയില്ല പാസ്റ്റർ തന്റെ ശ്രോതാക്കളെ അഭിസംബോധന ചെയ്യുന്നത്. മറിച്ച്, അവർ മന്ദത തുടരുകയും പക്വതയിലേക്ക് മുന്നോട്ട് കൊണ്ടുപോകപ്പെടുന്നതിനെ ചെറുക്കുകയും ചെയ്താൽ, അവരിൽ ചിലർ ദൈവപുത്രനെയും അവൻ നേടിയ രക്ഷയെയും നിരാകരിക്കുമെന്ന മുന്നറിയിപ്പാണ് താൻ നൽകുന്നത്.

അതുകൊണ്ട് ഈ ഭാഗം ആത്മവിശ്വാസത്തോടെ ക്രിസ്ത്യാനിയാണെന്ന് തിരിച്ചറിയുന്ന ഏതൊരാളോടും സംസാരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ചില ആളുകൾ മാനസാന്തരത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു, പക്ഷേ അവർക്ക് ഒരു ക്ഷണികമായ വിശ്വാസമേയുള്ളു. അവർ യഥാർത്ഥത്തിൽ പുനർജനിക്കപ്പെടാതെ ഒരു ക്രിസ്തീയ ഗ്രൂപ്പിന്റെ ഭാഗമായി, അതിന്റെ ചില ആത്മീയ അനുഭവത്തിൽ മുന്നോട്ടു പോകുന്നു; പക്ഷെ അവരുടെ വിശ്വാസം വേരില്ലാത്തതാകയാൽ കുറച്ചു കഴിയുമ്പോൾ ക്രിസ്തുവിൽ നിന്ന് അകന്നുപോകുന്നു (cf. 1 തിമോ. 1:18-20; 2 പത്രോ. 2:1-22; 1 യോഹന്നാൻ 2:19). വിശ്വാസത്തിൽ നിലനിൽക്കുന്നതിനു പരീക്ഷണങ്ങളെ നേരിടേണ്ടിവരാം. എന്നാൽ സ്ഥിരോത്സാഹം കാണിക്കുന്നവരാണ് യഥാർത്ഥ വിശുദ്ധന്മാർ.

വിശ്വാസികളുടെ രക്ഷ നഷ്ടമാകുമൊ എന്ന വിഷയത്തെ അധികരിച്ച് വേദപണ്ഡിതരുടെ ഇടയിലെ രണ്ട് പ്രമുഖമായ ആശയങ്ങൾ ഇതിനോടുള്ള ബന്ധത്തിൽ വ്യക്തമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒന്നാമത്തെ ആശയം രക്ഷ നഷ്ടമാകും എന്ന് അവകാശപ്പെടുന്ന അർമേനിയൻ ആശയമാണ്. അർമേനിയൻ ആശയം മുറുകെപിടിക്കുന്നവർ രക്ഷ നഷ്ടമാകും എന്നു വാദിക്കുന്നു. ഒരാൾ രക്ഷിക്കപ്പെടുന്നു. പിന്നെ അയാളുടെ രക്ഷ നഷ്ടമാകുന്നു. അതല്ലെങ്കിൽ ദൈവം സ്നേഹിക്കുന്നു. ഇപ്പോൾ ദൈവം അവനെ സ്നേഹിക്കുന്നില്ല എന്നു അവർ പറയുന്നു. എന്നാൽ രക്ഷ ഭദ്രമാണ് എന്ന് വ്യക്തമാക്കുന്ന അനേകം വേദഭാഗങ്ങൾ ഉണ്ട് എന്നതിന്റെ വെളിച്ചത്തിൽ ഞാനവയെ തള്ളിക്കളയുന്നു.

രണ്ടാമതായി, രക്ഷ നഷ്ടപ്പെടില്ല എന്നു വിശ്വസിക്കുന്ന കാല്വിനിസ്റ്റിക് ചിന്താഗതിയാണ്. ആ ആശയമാണ് നാം പിടിക്കുന്നത് എന്നതിനാൽ അതല്പമായി വിശദീകരിക്കാൻ ഞാൻ ശ്രമിക്കാം.

രക്ഷയെക്കുറിച്ച് ജോൺ കാല്വിനും മാർട്ടിൻ ലൂഥറും പറഞ്ഞിരിക്കുന്ന ആശയമാണ് ഞാൻ പറയുവാൻ പോകുന്നത്. അവർ തമ്മിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും സമാനതകൾ ഏറെയാണ്. ലൂഥറിന്റെ വീക്ഷണത്തിൽ, രക്ഷ ദൈവത്തിൽ നിന്നുള്ള ദാനമാണ്, അത് ദൈവത്തിന്റെ കൃപയാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ഒരു വ്യക്തിക്ക് ദാനമായി ലഭിക്കുന്നു. His doctrine of salvation is by grace alone through faith alone in Christ alone എന്നതാണ്. എന്നാൽ ആ വിശ്വാസം തനിയെ നിൽക്കുന്ന വിശ്വാസമല്ല. ഒരാൾക്ക് രക്ഷയെക്കുറിച്ചുള്ള ഉറപ്പില്ലെങ്കിൽ ക്രിസ്തുവിനേയും സുവിശേഷത്തേയും വീണ്ടും വീണ്ടും അവതരിപ്പിക്കുക, അങ്ങനെ ആ വ്യക്തിയുടെ വിശ്വാസത്തെ ബലപ്പെടുത്തുക. സുവിശേഷത്തിന്റെ തങ്ങളുടെ ജീവിതത്തിലെ implication അഥവാ പ്രായോഗികത നന്നായി മനസ്സിലാക്കുന്നതുവരെ സുവിശേഷം അവർക്കു വ്യക്തമാക്കി കൊടുക്കുക. സുവിശേഷം അന്ത്യത്തോളം മുറുകെപിടിക്കേണ്ടതിന്റെ ആവശ്യകതയെ അവർക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക.
കാൽവിന്റെ എഴുത്തുകളും institute of Christian religion ഉം സമഗ്രമായി പഠിച്ചതിനുശേഷം Dr D A Carson അതിനെ സംക്ഷിപ്തമായി അവതരിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്. രക്ഷയുടെ ഉറപ്പ് മൂന്നു കാലുകളുള്ള ഒരു സ്റ്റൂൾ പോലെയാണ്. മൂന്നു കാലുകളുള്ള ഒരു സ്റ്റൂൾ/കസേര. ഒന്നാമത്തെ കാൽ, ക്രിസ്തുവിന്റെ പൂർത്തീകരിക്കപ്പെട്ട പ്രവൃത്തിയിലുള്ള വിശ്വാസമാണ്. ക്രിസ്തുവിന്റെ പൂർത്തീകരിക്കപ്പെട്ട പ്രവൃത്തിയിലുള്ള വിശ്വാസം. രണ്ടാമത്തെ കാൽ എന്നത്, ദൈവാത്മാവിന്റെ ആത്മനിഷ്ഠമായ സ്വീരീകരണ ശബ്ദമാണ്. അതായത്, ദൈവത്തിന്റെ പരിശുദ്ധാത്മാവ് നൽകുന്ന നിങ്ങൾ ദൈവത്തിന്റെ മക്കളാണ് എന്ന ഉറപ്പ്. : റോമർ 8:16 പറയുന്നു: "നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു" അതായത്, ഒരു യഥാർത്ഥ വിശ്വാസിക്ക് താൻ ദൈവത്തിന്റെ മകനാണ് അഥവാ മകളാണ് എന്ന ഉറപ്പ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് നൽകുന്നു.
മൂന്നാമത്തെ കാൽ ജീവിതത്തിന്റെ പരിവർത്തനമാണ്. ജീവിതത്തിന്റെ പരിവർത്തനം. അതല്ലെങ്കിൽ ഫലം പുറപ്പെടുവിക്കുന്ന ജീവിതം. 1 യോഹന്നാനിൽ നാം വായിക്കുന്നതുപോലെ, നിങ്ങൾ യഥാർത്ഥത്തിൽ ഒരു ക്രിസ്ത്യാനിയാണെങ്കിൽ, നിങ്ങൾ സഹോദരീസഹോദരന്മാരെ സ്നേഹിക്കുകയും ക്രിസ്തുവിനെ അനുസരിക്കുകയും ചെയ്യും. നിങ്ങൾ സഹോദരീസഹോദരന്മാരെ സ്നേഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ ക്രിസ്തുവിനെ അനുസരിക്കുന്നില്ല. ആയതിനാൽ നിങ്ങളെ ഒരു ക്രിസ്ത്യാനിയാണെന്ന് കരുതാൻ കഴിയുകയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നല്ല ഫലങ്ങളുടെ സ്ഥിരീകരണ അടയാളമുണ്ട്. അവരുടെ ഫലത്താൽ നിങ്ങൾ അവരെ അറിയുമെന്നല്ലേ യേശു മത്തായി 7:16 ൽ പറയുന്നത്. (അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?) അങ്ങനെ, ക്രിസ്തീയ ഉറപ്പിനെ support ചെയ്യുന്ന മൂന്ന് കാലുകളുണ്ട്. ഒന്നാമത്, ക്രിസ്തുവിന്റെ പൂർത്തിയായ പ്രവൃത്തിയിലുള്ള വിശ്വാസം; രണ്ടാമത്തെ കാൽ, ആത്മാവിന്റെ സ്ഥിരീകരണ പ്രവൃത്തി; മൂന്നാമത്തെ കാൽ രൂപാന്തരപ്പെട്ട ജീവിതം. എന്നാൽ ഈ മൂന്നു കാലുകളും തുല്യനീളമുള്ളവയല്ല, അതുകൊണ്ട് ഒരു സ്റ്റൂളാണെന്ന് അങ്ങനെ തറപ്പിച്ചു പറയാൻ കഴിയില്ല. എങ്കിലും നിങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കാൻ ഒരുകാലിനു നീളം കൂടുതലുള്ള ഒരു സ്റ്റൂളായി പരിഗണിക്കുക. ആ കാൽ ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്. ഈ വിശ്വാസം രക്ഷിക്കപ്പെട്ട നാൾ മുതൽ ജീവിതാവസാനംവരെ നിങ്ങൾ മുറുകെ പിടിക്കുന്നുവെന്നതാണ് ഈ നീളത്തിനു കാരണം. ഈ മുന്നുകാലുകളും ഉള്ള സ്റ്റൂളിലാണ് നിങ്ങളുടെ രക്ഷ ഉറപ്പിച്ചിരിക്കുന്നത് എങ്കിൽ നിങ്ങൾ ഒരു യഥാർത്ഥവിശ്വാസിയാണ്. ഇതാണ് ഒരു യഥാർത്ഥവിശ്വാസിയുടെ അടയാളം.

ഇതുപോലെയുള്ള ഒരു ഭയാനകമായ മുന്നറിയിപ്പ്, വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും അവരെ നിലനിർത്താൻ ദൈവാത്മാവ് ഉപയോഗിക്കും എന്നതാണ് ലേഖനകാരന്റെ പ്രതീക്ഷ.

എന്നാൽ ഈ വേദഭാഗം ദുഃഖ പര്യാവസായിയായി അവസ്സാനിപ്പിക്കുകയല്ല പാസ്റ്റർ. ശുഭാപ്തി വിശ്വാസത്തിന്റെ വാക്കുകളാണ് തുടർന്ന് താൻ നൽകുന്നത്. അതാണ് നമ്മുടെ മൂന്നാമത്തെ പോയിന്റ്. വിശ്വസ്തമായ സ്ഥിരോത്സാഹം ഉള്ളവരായിരിക്കുക.
3. വിശ്വസ്തമായ സ്ഥിരോത്സാഹം ഉള്ളവരായിരിക്കുക (6:9-12).

"9 എന്നാൽ പ്രിയമുള്ളവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു. 10 ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. 11 എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 12 അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും” (9-12).

6:4-8 ലെ മുന്നറിയിപ്പിനു ശേഷം 9-12 വാക്യങ്ങളിൽ പ്രത്യാശ നൽകുന്ന സന്ദേശം വന്നിരിക്കുന്നു. എന്നാൽ ഇത് മുന്നറിയിപ്പിന്റെ ശക്തി നിഷേധിക്കുക എന്നതല്ല, മറിച്ച്, തന്റെ ശ്രോതാക്കളെ ഇവിടെ പറയുന്ന രൂപാന്തരത്തിനായി പ്രേരിപ്പിക്കുക എന്നതാണ്. രൂപാന്തരത്തിനായി പ്രേരിപ്പിക്കുക. തീർച്ചയായും, ഇവിടെ വിവരിച്ചിരിക്കുന്ന പെരുമാറ്റം 6:4-8 ൽ വിവരിച്ചിരിക്കുന്ന അപകടങ്ങളിൽ നിന്ന് അകറ്റി അവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് അകാശമാക്കുവാൻ അവരെ സഹായിക്കും.

മുന്നറിയിപ്പ് വളരെ ശക്തവും ഞെട്ടിക്കുന്നതുമാണ്. ഇത് അംഗീകരിച്ചുകൊണ്ടുതന്നെ അതല്ലെങ്കിൽ "ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നുണ്ടെങ്കിലും", പാസ്റ്റർ തന്റെ ശ്രോതാക്കളെ "പ്രിയമുള്ളവരെ" എന്ന് സ്നേഹത്തോടെ അഭിസംബോധന ചെയ്യുകയും അവരിലുള്ള തന്റെ വിശ്വാസം 'കൂട്ടായി' പ്രകടിപ്പിക്കുകയും ചെയ്യുന്നു. പ്രിയമുള്ളവരെ, ഞങ്ങൾ നിങ്ങളെക്കുറിച്ച് "ശുഭമേറിയതും രക്ഷെക്കുതകുന്നതും" വിശ്വസിക്കുന്നു. അവരെക്കുറിച്ചുള്ള കരുതലാണ് പ്രിയമുള്ളവരെ എന്ന വിളിയിൽ പ്രകടമാകുന്നത്. 'ദൈവത്തിന്റെ അനുഗ്രഹം സ്വീകരിച്ചു നല്ല ഫലം പുറപ്പെടുവിക്കുന്ന' ഭൂമിയുമായി അവരെ താൻ താരതമ്യം ചെയ്യുന്നു. പാസ്റ്റർ സ്നേഹത്തിൽ സത്യം സംസാരിക്കുന്നു.

ലേഖനകാരൻ അവരെക്കുറിച്ചു പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം ദൈവത്തിന്റെ വിശ്വസ്തതയെ അടിസ്ഥാനമാക്കിയാണ്. ദൈവം വിശ്വസ്തനാണ് എന്നതാണ് ലേഖനകാരന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. തുടർന്ന് 13-20 വരെ വാക്യങ്ങൾ ദൈവത്തിന്റെ വിശ്വസ്തതയെ അബ്രാഹവുമായുള്ള ബന്ധത്തിൽ വിവരിക്കുന്നു. അബ്രഹാമുമായുള്ള ദൈവത്തിന്റെ ഉടമ്പടി വാഗ്ദാനമായ യേശുവിൽ ആശ്രയിക്കുന്നവർക്കു അവന്റെ നിത്യമായ കരുതലും അവന്റെ രക്ഷാപ്രവർത്തനവും ഉണ്ട് എന്നാണ് താൻ പറയുന്നത്. ദൈവം വിശ്വസ്തനാകയാൽ നിങ്ങളെ കൈവിട്ടു കളയുകയില്ല. ദൈവം അവരുടെ പ്രവൃത്തിയും അവർ ദൈവജനത്തെ ശുശ്രൂഷിച്ചതും ദൈവം മറക്കുകയില്ല എന്ന് താൻ അവരെ ഓർമ്മിപ്പിക്കുന്നു. ദൈവത്തോടുള്ള സ്നേഹത്തെ പ്രതിയാണ് സഹോദരന്മാർ ഈ നിലയിൽ മറ്റു സഹോദരങ്ങളെ സേവിച്ചത്. അവരുടെ സ്നേഹം 'അവന്റെ നാമത്തോടുള്ളതാണ്', 'വിശുദ്ധന്മാരെ സേവിച്ചും ശുശ്രൂഷിച്ചും' അവർ അത് കാണിച്ചിട്ടുണ്ട്. താനവരെ "വിശുദ്ധന്മാരായി" കാണുന്നതിനും മടിക്കുന്നില്ല. സുവിശേഷത്താൽ ആളുകൾ പ്രകാശിപ്പിക്കപ്പെടുകയും, 'സ്വർഗ്ഗീയ ദാനം' ആസ്വദിക്കുകയും, പരിശുദ്ധാത്മാവിൽ പങ്കുചേരുകയും, 'ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തികളും' അനുഭവിക്കുകയും ചെയ്യുമ്പോൾ (6:4-5) മറ്റ് വിശ്വാസികളോടുള്ള സ്നേഹനിർഭരമായ സേവനം സാധ്യമാകുന്നു. ദൈവം പ്രാപ്തമാക്കിയതിലൂടെ, അവനുമായുള്ള ഒരു യഥാർത്ഥ ബന്ധത്തിന്റെ ഫലം അവർ കാണിച്ചിരിക്കുന്നു. ഫലത്തിൽ, 'നിങ്ങളിൽ ഒരു നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ ക്രിസ്തുയേശുവിന്റെ നാളോളം അതിനെ തികക്കും" എന്ന പ്രത്യാശ പാസ്റ്റർ സ്ഥിരീകരിക്കുന്നു (ഫിലി. 1:6).

അതുകൊണ്ട് സഭയിലെ ഓരോ അംഗവും വിശ്വസ്തമായ സ്ഥിരോത്സാഹം കാണിക്കണം എന്നതാണ് അദ്ദേഹം നൽകുന്ന പ്രബോധനം. എങ്കിലും ചിലർ തങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കുകയും അകന്നുപോകുകയും ചെയ്യാനുള്ള സാധ്യതയെ ഒഴിവാക്കുന്നില്ല (2:1; 3:12-14; 4:1-3, 11; 10:25). കാരണം സഭകളിൽ വ്യാജവിശ്വാസികളും ഉണ്ടാകും. ആ ചിലരിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നു ശോധന ചെയ്യുക. യഥാർത്ഥവിശ്വാസികൾ ക്രിസ്തുവിലുള്ള വിശ്വാസം അന്ത്യംവരെ മുറുകെ പിടിക്കും. അങ്ങനെയുള്ളവരെ സഹായിക്കുവാൻ മഹാപുരോഹിതനായ യേശു ദൈവത്തിന്റെ വലതു ഭാഗത്തുണ്ട്.

താൻ ഈ പറഞ്ഞതിന്റെ ഉദ്ദേശ്യം 'നിങ്ങൾ മന്ദതയുള്ളവരാകാതിരിക്കാൻ' വേണ്ടിയാണ്. ആരെങ്കിലും ആത്മീയ ആലസ്യം അഥവാ നിസ്സംഗത വെച്ചു പുലർത്തുന്നുവെങ്കിൽ അത് വെടിയുക. മാനസാന്തരപ്പെടുന്ന ഏതൊരു വ്യക്തിയേയും ഏതു സമയത്തും സ്വീകരിക്കാൻ സ്വർഗ്ഗം തയ്യാറാണ്. താൻ നൽകുന്ന പ്രോത്സാഹനങ്ങളും മുന്നറിയിപ്പുകളും ശ്രദ്ധിച്ചുകൊണ്ട് അലസത ഒഴിവാക്കുക 'പക്വതയിലേക്ക് മുന്നേറുക' വിശ്വാസത്തിലൂടെയും ക്ഷമയിലൂടെയും വാഗ്ദാനം ചെയ്യപ്പെട്ടത് അവകാശമാക്കുന്നവരെ അനുകരിക്കുക. "വിശ്വാസത്താലും ദീർഘക്ഷമയാലും" എന്ന പ്രയോഗം 'വിശ്വസ്തമായ സ്ഥിരോത്സാഹത്തെ അതല്ലെങ്കിൽ 'സ്ഥിരമായ വിശ്വാസത്തെ' അർത്ഥമാക്കുന്നു. ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടുന്നതിനായി അബ്രഹാമിന്റെ ക്ഷമയോടെ കാത്തിരിക്കുക.

അപ്പോൾ ഞാൻ എന്റെ സന്ദേശം ഉപസംഹരിക്കുകയാണ്; ഒന്നാമതായി ഞാൻ പറഞ്ഞത്, വിശ്വാസിയാണെന്ന് നടിച്ച് വിശ്വാസികളോടു ചേർന്ന് നടക്കുന്നവരുടെ ഭാവി അപകടത്തിലാണ് എന്ന കാര്യമാണ് (6:4-8). രണ്ട്, വിശ്വാസത്യാഗി ന്യായവിധിയെ നേരിടേണ്ടിവരും (7-8). മുന്ന്, വിശ്വസ്തമായ സ്ഥിരോത്സാഹം ഉറപ്പാക്കുക.

*******

© 2020 by P M Mathew, Cochin

bottom of page