top of page
എബ്രായലേഖന പരമ്പര-20
P M Mathew
APR 26, 2026

God's faithfulness is the anchor of our hope.

ദൈവത്തിന്റെ വിശ്വസ്തതയാണ് നമ്മുടെ പ്രത്യാശയുടെ നങ്കൂരം.

Hebrews 6:13-20

ഹെബ്രായലേഖനം 6:13-20 "13 ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്വാമൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു: 14 “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു. 15 അങ്ങനെ അവൻ ദീർഘക്ഷമയൊടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു. 16 തങ്ങളെക്കാൾ വലിയവനെ ക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നതു; ആണ അവർക്കു ഉറപ്പിന്നായി സകലവാദത്തിന്റെയും തീർച്ചയാകുന്നു. 17 അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു. 18 അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു. 19 ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു. 20 അവിടേക്കു യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു."

പ്രധാനസന്ദേശം

വിശ്വാസികളുടെ perseverance അഥവാ സ്ഥിരോത്സാഹത്തിന്റെ ഉറപ്പ് മാറ്റമില്ലാത്ത ദൈവത്തിന്റെ വാഗ്ദാനങ്ങളാണ്. അബ്രാഹം വിശ്വാസികൾക്ക് മാതൃകയും യേശുക്രിസ്തു നമുക്ക് മുന്നോടിയായും മഹാപുരോഹിതനായും ദൈവത്തിന്റെ സന്നിധിയിലേക്ക് പ്രവേശിച്ചിരിക്കുന്നതിനാൽ നമ്മുടെ പ്രത്യാശ ഉറപ്പുള്ളതാണ്.

പശ്ചാത്തലം

ഹെബ്രായർ 1-ഉം 2-ഉം അദ്ധ്യായങ്ങളിൽ പുത്രനായ ദൈവത്തിന്റെ പര്യാപ്തതയുടെ (sufficiency യുടെ) ശക്തമായ ഒരു പ്രദർശനം രചയിതാവ് അവതരിപ്പിച്ചു. തുടർന്ന് 3-ഉം 4-ഉം അദ്ധ്യായങ്ങളിൽ മനുഷ്യരുടെ അപര്യാപ്തയിലേക്ക് (insufficiency) (കഴിവില്ലായ്മയിലേക്കു) നമ്മുടെ ശ്രദ്ധയെ ക്ഷണിച്ചു. ഈജിപ്ത് വിട്ടുപോന്ന ഇസ്രായേല്യരുടെ ആദ്യ തലമുറയുടെ ഉദാഹരണം താൻ അതിനു ചൂണ്ടിക്കാട്ടി. തുടർന്ന്, 95-ാം സങ്കീർത്തനത്തിന്റെ രചയിതാവ് അവരുടെ പരാജയങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളിലൂടെ ലേഖനകാരൻ അത് തെളിയിച്ചു തന്നു. അതായത്, വിശ്വാസികൾക്ക് പരാജയങ്ങൾ ഉണ്ടെങ്കിലും യേശുക്രിസ്തുവിന്റെ പര്യാപ്തയാലും മഹാപൗരോഹിത്യ ശുശ്രൂഷയാലും ഭാവിപ്രത്യാശയിൽ ഉറപ്പുള്ളവരായിരിക്കാം. ഈ കാര്യമാണ് ലേഖനകാരൻ അഞ്ചാം അദ്ധ്യായത്തിന്റെ 10-ാ൦ വാക്യം വരെ നമ്മേ പ്രബോധിപ്പിച്ചത്.

5-ാ൦ അദ്ധ്യായത്തിന്റെ 11-ാ൦ വാക്യത്തിൽ ലേഖനകാരൻ യേശുവിന്റെ മഹാപൗരോഹിത്യശുശ്രൂഷയിൽ നിന്ന് വ്യതിചലിച്ച്, വിശ്വാസികളുടെ ആത്മീയ മന്ദതയിലേക്ക് തിരിയുന്നു. ആ വ്യതിചലനത്തിന്റെ ഉപസംഹാരമാണ് ഇന്നത്തെ നമ്മുടെ വേദഭാഗം. ഈ ലേഖനത്തിന്റെ ആദ്യവായനക്കാരുടെ ആത്മീയ അവസ്ഥ കണക്കിലെടുക്കുമ്പോൾ ഇങ്ങനെയൊരു വ്യതിചലനം ആവശ്യമായിരുന്നു, കാരണം അവരുടെ ആത്മീയ പ്രായത്തിനു തക്ക ആത്മീയ വളർച്ച അവർ കൈവരിച്ചിരുന്നില്ല. അതുകൊണ്ട് ലേഖനകാരന് അവരെ വിശ്വാസത്തിന്റെ ബാലപാഠങ്ങൾ തന്നെ പഠിപ്പിക്കേണ്ട സ്ഥിതിയിലായിരുന്നു അവരിപ്പോഴും. മെൽക്കീസേദെക്കിന്റെ മഹാപൗരോഹിത്യത്തെക്കുറിച്ച് പഠിപ്പിക്കുവാൻ ലേഖനകാരനു കഴിയുന്നില്ല. കാരണം അതവർക്ക് ദഹനക്കേടുണ്ടാക്കുന്ന ഭക്ഷണം പോലെയാണ്. അതു ഗ്രഹിക്കുവാനുള്ള ആത്മീയ പക്വത അവർ കൈവരിച്ചിട്ടില്ല. എങ്കിലും ബാലപാഠങ്ങളിലേക്ക് തിരിയാതെ, പക്വതയിലേക്ക് നയിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുക എന്ന സമീപനമാണ് ലേഖനകാരൻ സ്വീകരിച്ചത് എന്ന് 6:1-3 വരെ വാക്യങ്ങളിൽ നാം കാണുന്നു. തുടർന്ന് 6:4-8 വരെ വാക്യങ്ങളിൽ വളരെ ശക്തമായ ഒരു മുന്നറിയിപ്പ് നൽകി. അത് വിശ്വാസത്യാഗത്തെ സംബന്ധിച്ച മുന്നറിയിപ്പാണ്. ക്രിസ്തുവിനെ ത്യജിച്ച് പഴയനിയമ ആചാരങ്ങളിലേക്കൊ അനുഷ്ഠാനങ്ങളിലേക്കൊ മറ്റെന്തെങ്കിലും വിശ്വാസങ്ങളിലേക്കൊ, തത്വചിന്തയിലേക്കൊ പിന്മാറിപ്പോയാൽ, അവരെ മടക്കിക്കൊണ്ടുവരുക എന്നത് അസാദ്ധ്യമാണ്. അവരെ കാത്തിരിക്കുന്നത് ദൈവത്തിന്റെ ഭയാനകമായ ന്യായവിധിയാണ്. ഇങ്ങനെ ന്യായവിധിയിൽ പെടുന്നവർ ആരാണ്? അവർ യഥാർത്ഥവിശ്വാസികളാണോ? അവരെക്കുറിച്ച് പല വേദപണ്ഡിതരും അഭിപ്രായപ്പെടുന്നത്, വിശ്വാസത്തോട് അടുത്തെത്തിയവരും, സുവിശേഷവുമായും ക്രിസ്തീയ സമൂഹവുമായി ഇടപഴകി ജീവിച്ചതിന്റെ ചില നന്മകൾ ആസ്വദിച്ചവരും, എന്നാൽ ഒരിക്കലും യഥാർത്ഥ വിശ്വാസത്തിലേക്ക് വന്നിട്ടില്ലാത്തവരാണ് ഇക്കൂട്ടർ എന്നാണ്. രക്ഷിക്കപ്പെടാതെ വിശ്വാസസമൂഹത്തോടു ചേർന്ന് നടക്കുകയും ചില ക്രിസ്തീയനന്മകൾ അനുഭവിക്കുകയും ചെയ്യുന്ന പേരിൽമാത്രം വിശ്വാസികളായി ഇരിക്കുന്നവരാണ് ഇവർ. ഇങ്ങനെയുള്ളവർ ക്രമേണ സുവിശേഷത്തെ നിരസിക്കുകയൊ, എതിർക്കുകയൊ സഭവിട്ടുപോകുകയൊ ചെയ്യും. ദൈവത്തിനു മാത്രം അറിയാവുന്ന കാരണങ്ങളാൽ, മാനസാന്തരത്തിനു അവസരം ലഭിക്കാതെ, അവർ ന്യായവിധിക്കു വിധേയരാകുന്നു. അവസാനംവരെ വിശ്വാസത്തിൽ നിലനിൽക്കുന്നവരാണ് യഥാർത്ഥവിശ്വാസികൾ. Persevering Christian is the real Christian.

അതുകൊണ്ട് വിശ്വാസത്തിൽ നിലനിൽക്കാൻ വിശ്വാസികളെ ഉത്സാഹിപ്പിക്കയാണ് 6:9 മുതലുള്ള വാക്യങ്ങളിൽ. അവർക്കു ഉത്സാഹം പകരുവാൻ അവരുടെ കഴിഞ്ഞകാല ജീവിതത്തിൽ ലേഖനകാരൻ ദർശിച്ച ചില നന്മകൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ അവരുടെ ജീവിതം വിശുദ്ധന്മാർക്കുള്ള സേവനത്തെ പ്രകടമാക്കിയിട്ടുണ്ട്. അവരുടെ സ്നേഹപ്രയത്നങ്ങൾ ഇന്നുവരെ തുടരുന്നുവെന്നും, അത് ഇനിയും തുടരുമെന്നും രചയിതാവ് പ്രതീക്ഷിക്കുന്നു. അങ്ങനെ, അവരുടെ പ്രത്യാശയുടെ പൂർണ്ണമായ ഉറപ്പ് ലഭിക്കേണ്ടതിന്, അവസാനം വരെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ ലേഖനകാരൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് ആറാം അദ്ധ്യായത്തിന്റെ 11-ാ൦ വാക്യത്തിൽ. അവസാനം വരെ ക്ഷമയോടെ വിശ്വാസത്തിൽ നിലനിൽക്കുക. അങ്ങനെ നിങ്ങൾ ദൈവത്തിന്റെ വാഗ്ദാനങ്ങൾ അവകാശമാക്കുമ്പോൾ "വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങൾ" അവകാശമാക്കുന്നവരുടെ അനുകാരികളായി തീരും എന്നാണ് 6:12 ൽ പറഞ്ഞത്. അവരുടെ ആത്മീയ മന്ദതക്കുള്ള പ്രതിവിധിയും ഇതുതന്നെയാണ്. 12-ാ൦ വാക്യം അത് വ്യക്തമാക്കുന്നു: "അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും". വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരണം എന്നതാണ് ഹെബ്രായ വിശ്വാസികളെക്കുറിച്ചുള്ള ലേഖനകാരന്റെ ആഗ്രഹവും പ്രതീക്ഷയും. ആ പ്രതീക്ഷ സഫലമാക്കുന്നതിനുള്ള പ്രോത്സാഹനമാണ് ഇന്നത്തെ നമ്മുടെ വേദഭാഗം (6:13-20). വിശ്വാസികളെ persevere ചെയ്യുവാൻ അഥവാ വിശ്വാസത്തിൽ നിലനിൽക്കുവാൻ പ്രോത്സാഹിപ്പിക്കുക. അതല്ലെങ്കിൽ വിശ്വാസികളെ സ്ഥിരോത്സാഹത്തിനായി ഉത്സാഹിപ്പിക്കുക എന്നതാണ് ഇന്നത്തെ എന്റെ പ്രസംഗത്തിന്റെ ലക്ഷ്യം.

ഇന്നത്തെ വേദഭാഗം രണ്ടു കാരണങ്ങളാൽ പ്രധാനമാണ്.

ഒന്നാമതായി, perseverance അഥവാ സ്ഥിരോത്സാഹം എന്ന വിഷയത്തെ അതിന്റെ ശരിയായ വീക്ഷണകോണിൽ (perspective) ൽ കാണാൻ ഈ വേദഭാഗം സഹായിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഏറ്റുപറച്ചിലിൽ, പ്രത്യാശയുടെ ഉറപ്പും അവരുടെ ആത്മവിശ്വാസവും അരക്കിട്ടുറപ്പിക്കുക എന്നതാണ് രചയിതാവിന്റെ ലക്ഷ്യം (R). ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഏറ്റുപറച്ചിലിൽ, നമ്മുടെ പ്രത്യാശയുടെ ഉറപ്പും ആത്മവിശ്വാസവും അരക്കിട്ടുറപ്പിക്കുക.
നാലാം അദ്ധ്യായം വിശ്വാസികളുടെ ഉത്തരവാദിത്വത്തിനാണ് ഏറെ ഊന്നൽ നൽകിയത്. ആ ഉത്തരവാദിത്വങ്ങളിൽ ചിലത് ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന്, “സ്വസ്ഥതയിൽ പ്രവേശിക്കാൻ ഉത്സാഹമുള്ളവരായിരിക്കുക” (4:11), രണ്ട്, “നിങ്ങളുടെ സ്വീകാര്യം അഥവാ ഏറ്റുപറച്ചിൽ മുറുകെ പിടിക്കുക” (4:14), മൂന്ന്, “ആവശ്യസമയത്ത് കരുണയും കൃപയും ലഭിപ്പാൻ യേശുവിനോട് അടുത്തു ചെല്ലുക” (4:16). ഇതൊക്കെ വിശ്വാസികളുടെ ഉത്തരവാദിത്വത്തിനു ഊന്നൽ നൽകുന്നു.

ആറാം അദ്ധ്യായം 9 മുതലുള്ള വാക്യങ്ങൾ നാം വായിക്കുമ്പോൾ, വിശ്വാസിയുടെ perseverance അഥവാ സ്ഥിരോത്സാഹം പൂർണ്ണമായും നമ്മുടെ സ്വന്തം പ്രവൃത്തിയാണെന്ന് തെറ്റിദ്ധരിക്കുവാൻ സാദ്ധ്യതയുണ്ട്. എന്നാൽ അങ്ങനെയല്ല; കാരണം, അത് കൃപയിൽ നിന്ന് പ്രവൃത്തികളിലേക്കുള്ള മാറ്റമായിരിക്കും. രചയിതാവ് അതിനെ ശക്തമായി എതിർക്കുന്നു. നമ്മുടെ ഇന്നത്തെ വേദഭാഗത്തിന്റെ അവസാന വാക്യങ്ങൾ, നമ്മുടെ സുരക്ഷിതത്വവും നമ്മുടെ സഹിഷ്ണുതയും ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദാനങ്ങളിൽ വേരൂന്നിയിരിക്കുന്നു എന്ന കാര്യമാണ് പറയുന്നത്. Our security and perseverance are rooted in the unchanging promises of God. നമ്മുടെ സുരക്ഷിതത്വവും നമ്മുട സ്ഥിരോത്സാഹവും ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദാനങ്ങളിൽ വേരൂന്നിയിരിക്കുന്നു. നമ്മുടെ മഹാനായ മഹാപുരോഹിതൻ എന്ന നിലയിൽ യേശുവിന്റെ വ്യക്തിത്വവും പ്രവൃത്തിയും ഈ വാഗ്ദാനങ്ങൾ നിറവേറ്റുന്നു.

രണ്ടാമതായി, നമ്മുടെ വേദഭാഗം മെൽക്കീസേദെക്കിന്റെ വിഷയത്തിലേക്കും നമ്മുടെ കർത്താവിന്റെ ശ്രേഷ്ഠമായ മഹാപുരോഹിത ശുശ്രൂഷയിലേക്കും തിരികെ പ്രവേശിക്കുന്നതിനുള്ള "ഒരു ചവിട്ടുപടിയാണ്". നമ്മുടെ കർത്താവും മെൽക്കീസേദെക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള രചയിതാവിന്റെ പഠിപ്പിക്കലാണ് 5:11—6:20 വാക്യങ്ങളുടെ വ്യതിചലനം അനിവാര്യമാക്കിയത്. എന്നാൽ ഈ സങ്കീർണ്ണമായ വിഷയം കൈകാര്യം ചെയ്യാൻ രചയിതാവ് ദൃഢനിശ്ചയം ചെയ്തിരിക്കന്നുവെന്ന കാര്യമാണ് (6:1-3) ൽ നാം കണ്ടത്. വ്യതിചലനത്തിന്റെ ഈ അവസാന വാക്യങ്ങൾ 5:10-ൽ അദ്ദേഹം നിർത്തിയ സ്ഥലത്തേക്ക്, അതായത്, യേശുക്രിസ്തുവിന്റെ മഹാപുരോഹിത ശുശ്രൂഷയിലേക്ക്, ലേഖനകാരൻ തിരികെ പോകുന്നു.

നമ്മുടെ വേദഭാഗത്തെ മനസ്സിലാക്കാനുള്ള താക്കോൽ വാക്യങ്ങൾ, അഥവാ Immediate context എന്നു പറയുന്നത് 11 ഉം12 ഉം വാക്യങ്ങളാണ്.

എബ്രായർ 6:11-12

"11 എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 12 അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും."

തന്റെ വായനക്കാർ അവരുടെ പ്രത്യാശ പിന്തുടരുന്നതിൽ കാണിച്ച അതേ ഉത്സാഹവും താത്പ്പര്യവും അവസാനം വരെ മുറുകെപിടിക്കണമെന്ന് രചയിതാവ് പറയുന്നത് (6:10 കാണുക). അങ്ങനെ ചെയ്യുമ്പോൾ, അവർ 13-ാം വാക്യത്തിൽ പരാമർശിക്കുന്ന അബ്രഹാമിനെയും 11-ാം അധ്യായത്തിൽ പരാമർശിക്കപ്പെടുന്ന വിശ്വാസവീരന്മാരെയും അനുകരിക്കും. വിശ്വാസവും ദീർഘക്ഷമയും പ്രകടിപ്പിച്ചവരാണ് വാഗ്ദാനങ്ങൾ അവകാശമാക്കിയവർ. ഈ അർത്ഥത്തിൽ, പ്രത്യാശ സ്ഥിരോത്സാഹത്തിന്റെ പ്രതിഫലമാണ് (R). ഈ അർത്ഥത്തിൽ, പ്രത്യാശ വിശ്വാസത്തിൽ നിലനിന്നതിന്റെ പ്രതിഫലമാണ്. ആദ്യകാലങ്ങളിൽ വിശ്വാസകാര്യങ്ങളിൽ ഉണ്ടായിരുന്ന ഉത്സാഹവും താത്പര്യം നമുക്കു നഷ്ടമായിട്ടുണ്ടോ? എങ്കിൽ എന്റെ ഇന്നത്തെ സന്ദേശം നിങ്ങൾക്കുള്ളതാണ്.
ഇനി നമുക്ക് ഇന്നത്തെ വേദഭാഗത്തിലേക്ക് പ്രവേശിക്കാം. ഈ വേദഭാഗത്ത് മൂന്നു പ്രാവശ്യം ആവർത്തിച്ചിരിക്കുന്ന ഒരു പദമാണ് വാഗ്ദാനം എന്നത്. നമ്മുടെ പ്രത്യാശയ്ക്കും സ്ഥിരോത്സാഹത്തിനും അടിസ്ഥാനമായി ദൈവത്തിന്റെ വാഗ്ദാനങ്ങളെ അവതരിപ്പിക്കുന്നു. ഈ വാഗ്ദാനങ്ങൾ കേവലം ചില വാഗ്ദാനങ്ങളലല്ല, ഒരു ശപഥത്താൽ മുദ്രയിട്ടിരിക്കുന്ന (seal ചെയ്തിരിക്കുന്ന) വാഗ്ദാനങ്ങളാണ്. ദൈവം തന്നെക്കൊണ്ടുതന്നെ ആണയിട്ട് പറഞ്ഞിട്ടുള്ള വാഗ്ദാനമാണ്. മാനുഷീകമായി പറഞ്ഞാൽ, 100% ഗ്യാരന്റി നൽകുന്ന വാഗ്ദാനങ്ങൾ. ജീവിതത്തിലെ പരീക്ഷണങ്ങളിലും കഷ്ടതകളിലും വിശ്വസ്തതയോടെ സഹിച്ചുനിന്നതിന്റെ ഫലമായി പ്രത്യാശയുടെ ഒരു വലിയ ഉറപ്പ് ഇത് നൽകുന്നു.

അപ്പോൾ ഈ വേദഭാഗത്തുനിന്നും ഒന്നാമതായി പറയുവാൻ ഞാൻ ആഗ്രഹിക്കുന്ന കാര്യം വിശ്വാസത്താലും ദീർഘക്ഷമയാലും സ്ഥിരോത്സാഹം കാണിപ്പാൻ, അഥവാ വിശ്വാസത്തിൽ നിലനില്ക്കുവാൻ, അബ്രാഹം നമുക്ക് മാതൃകയായിരിക്കുന്നു എന്ന കാര്യമാണ്.

1. വിശ്വാസത്താലും ദീർഘക്ഷമയാലും വിശ്വാസത്തിൽ നിലനിൽക്കുന്നതിനു അബ്രാഹം നമുക്ക് മാതൃകയായിരിക്കുന്നു (6:13-15).

13-15 വരെ വാക്യങ്ങളാണ് ഈ പോയിന്റിനു ആധാരം. അതുകൊണ്ട് ആ വാക്യങ്ങൾ ഒരിക്കൽ കൂടി നമുക്ക് വായിക്കാം.

"13 ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്വാ്ൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു: 14 “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു. 15 അങ്ങനെ അവൻ ദീർഘക്ഷമയൊടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു."

അബ്രഹാമിന്റെ വിശ്വാസവും ദീർഘക്ഷമയും നമുക്ക് എങ്ങനെ മാതൃക ആയിരിക്കുന്നു എന്നതാണ് ഈ വാക്യങ്ങളുടെ ഊന്നൽ. ഇത് മനസ്സിലാക്കുവാൻ അബ്രാഹമിന്റെ ചരിത്രം അല്പമായി പരിശോധിക്കേണ്ടതുണ്ട്. ഉൽപ്പത്തി പുസ്തകം 22:15-18 വരെ വാക്യങ്ങളാണ് ഈ വേദഭാഗത്തിനു ആധാരമായി എബ്രായലേഖനകാരൻ എടുത്തിരിക്കുന്നത്. അതുകൊണ്ട് ഉൽപ്പത്തി 22:15-18 നമുക്കൊന്നു നോക്കാം.

"15 യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്ന് അബ്രാഹാമിനോടു വിളിച്ച് അരുളിച്ചെയ്തത്: 16 നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ട് 17 ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. 18 നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു."

ഇവിടെ ദൈവം അബ്രാഹമിനു ഒരു ദേശവും സന്തതിയും വാഗ്ദാനം ചെയ്തു. അവർ ഒരു വലിയ ജനതയായി, ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടതും, ഭൂമിയിലെ എല്ലാ ജനതകൾക്കും അനുഗ്രഹത്തിന്റെ ഉറവിടമായിത്തീരും എന്നതായിരുന്നു ആ വാഗ്ദാനം. അബ്രാഹത്തിനു വലിയ വാഗ്ദാനം ലഭിച്ചെങ്കിലും തന്റെ ജീവിതം യാതൊരു പരിശോധനക്കും വിധേയമാകാത്ത ഒന്നായിരുന്നില്ല. താൻ വലിയ പരിശോധനയെ നേരിടേണ്ടിവന്ന വ്യക്തിയാണ്. ഒരു "മകൻ" എന്ന വാഗ്ദാനം നിവൃത്തിക്കുവാൻ തന്നെ ഏകദേശം 25 വർഷം അബ്രാഹമിനു കാത്തിരിക്കേണ്ടതായി വന്നു. ഈ മകനാണ് അബ്രഹാമിന്റെ ഏക അവകാശി. ദൈവത്തിന്റെ ഉടമ്പടി അനുഗ്രഹങ്ങൾ നിറവേറ്റപ്പെടേണ്ടത് ഈ മകൻ, യിസഹാക്കിലൂടെയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ദൈവം ഈ മകനെ ഒരു യാഗമായി അർപ്പിക്കാൻ അബ്രഹാമിനോട് കൽപ്പിക്കുന്നത്. ചുരുങ്ങിയത്, 15 വയസ്സെങ്കിലും ആയിക്കാണുമെന്ന് കരുതാം; കാരണം യിസഹാക്ക് തന്നെയാണല്ലൊ യാഗത്തിനുള്ള വിറക്ക് ചുമക്കുന്നത്. പക്ഷെ ഇവിടെ അബ്രാഹം വിശ്വാസത്തിൽ പരാജയപ്പെട്ടില്ല. അബ്രാഹം യിസഹാക്കിനെ യാഗമർപ്പിക്കുവാൻ തന്നെ തയ്യാറായി. അബ്രഹാം അങ്ങനെ യിസഹാക്കിനെ യാഗമർപ്പിച്ചാൽ, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് താനിതു ചെയ്തു. എബ്രായർ 11:19-ൽ അതാണു നമ്മോടു പറയുന്നത്. ഒരു വിധത്തിൽ പറഞ്ഞാൽ, അബ്രാഹത്തിനു ലഭിച്ചത്, യിസഹാക്കിന്റെ ജീവിതത്തിലേക്കുള്ള മടങ്ങി വരവാണ്. ഇത് ദൈവം തന്റെ സന്തതികളെ വർദ്ധിപ്പിക്കയും മറ്റു വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യുമെന്ന് അബ്രാഹമിനു ഉറപ്പു നൽകി. അബ്രാഹത്തിന്റെ മരണത്തിനു മുൻപ്, തന്റെ ഭാര്യ സാറായ്ക്ക് വേണ്ടി, കനാനിൽ ഒരു സ്മശാന സ്ഥലം മാത്രമെ അബ്രാഹാം സ്വന്തമാക്കിയിരുന്നുള്ളു (ഉല്പ 23:1-20). എന്നാൽ "9 വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തു;" (എബ്ര 11:9). അതേ, വാഗ്ദാനത്തിന്റെ അവകാശികളായ യിസഹാക്കും, യാക്കൊബും താമസിച്ചതുപോലെ അവൻ കൂടാരങ്ങളിൽ പാർത്തു. നാമും അവരെപ്പോലെ സ്വർഗ്ഗത്തിൽ പ്രവേശിപ്പാൻ കാത്തിരിക്കുകയാണ്. ഈ കാര്യത്തിൽ, സ്വർഗ്ഗീയ അവകാശത്തിൽ പ്രവേശിപ്പാൻ കാത്തിരിക്കുന്ന വിശ്വാസികൾക്ക് അബ്രാഹം ഒരു മാതൃകയാണ്.

പ്രായോഗികത 1. പീഡനത്തിനിടയിലൊ, പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാൻ വൈകി എന്നു തോന്നുമ്പോഴൊ, ദൈവം വിശ്വസ്തനാണെന്ന് അറിഞ്ഞുകൊണ്ട്, വിശ്വാസികൾ അവരുടെ പ്രത്യാശ മുറുകെ പിടിക്കണം.

2. സാഹചര്യങ്ങൾ ചിലപ്പോൾ അനുകൂലവും മറ്റുചിലപ്പോൾ പ്രതികൂലവും ആയിരിക്കാം; എന്നാൽ നമ്മുടെ സ്ഥിരോത്സാഹത്തിനായി ദൈവത്തിന്റെ മാറ്റമില്ലാത്ത സ്വഭാവത്തിലേക്കാണ് നാം എപ്പോഴും നോക്കേണ്ടത്.

രണ്ടാമതായി, ഈ വേദഭാഗത്തുനിന്നും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ദൈവത്തിന്റെ വിശ്വസ്തതയാണ് നമ്മുടെ സ്ഥരോത്സാഹത്തിന്റെ (Perseverance) അടിസ്ഥാനം എന്നതാണ്.

2. ദൈവത്തിന്റെ വിശ്വസ്തതയാണ് നമ്മുടെ സ്ഥിരോത്സാഹത്തിന്റെ അടിസ്ഥാനം (16-17).
"16 തങ്ങളെക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നതു; ആണ അവർക്കു ഉറപ്പിന്നായി സകല വാദത്തിന്റെയും തീർച്ചയാകുന്നു. 17 അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു."

ഉല്പത്തി 22-ൽ ദൈവം അബ്രാഹമിനു നൽകിയ വാഗ്ദാനം പുതിയ വാഗ്ദാനമായിരുന്നില്ല. പഴയവാഗ്ദാനത്തിന്റെ ആവർത്തനം മാത്രമായിരുന്നു. എന്നാൽ കൂടുതൽ ബലം ആ വാഗ്ദാനത്തിനുണ്ടായിരുന്നു. കാരണം ദൈവം ഒരു ആണയൊടെ, അഥവാ സത്യപ്രതിജ്ഞയോടെ ഉറപ്പ് നൽകിയ വാഗ്ദാനമായിരുന്നു അത്. യിസ്ഹാക്കിന്റെ ജനനത്തിന് മുമ്പും ശേഷവുമുള്ള വർഷങ്ങളിൽ വിവിധ സമയങ്ങളിലും അവസരങ്ങളിലും ഈ വാഗ്ദാനം അബ്രാഹമിനു നൽകിയിരുന്നു.

ഈ വാഗ്ദാനം ആദ്യമായി നൽകുന്നത് ഉല്പത്തി 12:1-3 ലാണ്. "യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. 2 ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. 3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും." ദൈവം അബ്രാഹമിനോട് തന്റെ വീടും കുടുംബവും ഒക്കെ ഉപേക്ഷിച്ച് വാഗ്ദത്ത ദേശത്തേക്കു പോകാൻ കൽപ്പിക്കുന്നു. അതിനു മുന്നോടിയായി ഈ വാഗ്ദാനം നൽകുന്നു. പിന്നീട് ഈ വാഗ്ദാനം ആവർത്തിക്കുന്നത് 13-ാ൦ അദ്ധ്യായത്തിലാണ്. അവിടെ അബ്രഹാമും ലോത്തും വേർപിരിഞ്ഞതിനുശേഷം ദൈവം ഈ വാഗ്ദാനം ആവർത്തിക്കുന്നു (13:14-17). 15-ാം അധ്യായത്തിൽ എത്തുമ്പോൾ, തന്റെ അവകാശി തന്റെ ദാസനായ എല്യേസർ ആയിരിക്കയില്ല, മറിച്ച് സ്വന്തം സന്തതിയാകുമെന്ന് ദൈവം അബ്രഹാമിന് ഉറപ്പുനൽകി. അപ്പോൾ, അബ്രഹാം ദൈവത്തെ വിശ്വസിച്ചുവെന്നും അത് അവന് നീതിയായി കണക്കാക്കപ്പെട്ടുവെന്നും 15:6 ൽ നാം വായിക്കുന്നു. തുടർന്ന്, അബ്രഹാമിന്റെ വിശ്വാസത്തിന് മറുപടിയായി, ദൈവം ഈ വാഗ്ദാനത്തെ അവനുമായി ഒരു ഉടമ്പടിയിൽ പ്രവേശിച്ചുകൊണ്ട് മുദ്രവച്ചു (15:7-21). [9 അവൻ അവനോട്: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു. 10 ഇവയെ യൊക്കെയും അവൻ കൊണ്ടുവന്ന് ഒത്ത നടുവേ പിളർന്നു ഭാഗങ്ങളെ നേർക്കുനേരേ വച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല.... 12 സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെമേൽ വീണു.....17 സൂര്യൻ അസ്തമിച്ച് ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവേ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി."

ദൈവം ഏകപക്ഷീയമായി അബ്രാഹവുമായിട്ടുള്ള ഉടമ്പടി സീൽ ചെയ്യുന്നു അഥവാ മുദ്രവെക്കുന്നു. അതൊരു unconditional covenant അഥവാ വ്യവസ്ഥയില്ലാത്ത ഉടമ്പടിയായിരുന്നു. കാരണം ദൈവം മാത്രമെ യാഗവസ്തുക്കളുടെ ഇടയിലൂടെ കടന്നു പോയുള്ളു. അബാഹം ഈ സമയം ഗാഡമായ നിദ്രയിലാരുന്നു. ഉടമ്പടിയുടെ സ്വഭാവമനുസരച്ച്, ഇരുവരും യാഗവസ്തുക്കൾക്കിടയിലൂടെ കടന്നുപോകണം. ഉടമ്പടി വ്യവസ്ഥകൾ ലംഘിക്കുന്നവർ ഈ യാഗവസ്തുക്കളെപോലെ വിഭജിക്കപ്പെടണം; അഥവാ മരിക്കണം. എന്നാൽ ദൈവം മാത്രമെ ഇവക്കിടയിലൂടെ കടന്നു പോയുള്ളു. അതു കാണിക്കുന്നത് ഇത് ഒരു ഏകപക്ഷീയമായ ഉടമ്പടിയായിരുന്നു എന്നാണ്.

ബൈബിൾ നാം പരിശോധിച്ചാൽ വ്യവസ്ഥയോടുകൂടിയ പല വാഗ്ദാനങ്ങളും ബൈബിളിൽ കാണാൻ കഴിയും. ഉദാ. യോന പ്രവാചകനിലൂടെ നിനവെ 40 ദിവസത്തിനുള്ളിൽ നശിപ്പിക്കപ്പെടുമെന്നു പറഞ്ഞു. എന്നാൽ യോനായുടെ പ്രസംഗം കേട്ട് നിനവെയിലെ ജനങ്ങൾ മാനസാന്തരപ്പെട്ടതുകൊണ്ട് ദൈവം ന്യായവിധിയിൽ നിന്നും പിന്മാറി.

എന്നാലിത് യാതൊരു വ്യവസ്ഥയുമില്ലാത്ത, ദൈവത്തിന്റെ വിശ്വസ്തതയാൽ നിവൃത്തിക്കുന്ന ഒരു ഉടമ്പടിയായിട്ടാണ് ദൈവം ഇത് വെക്കുന്നത്. 17-ാം അധ്യായത്തിൽ, ദൈവം അബ്രാഹവുമായുള്ള തന്റെ ഉടമ്പടി സ്ഥിരീകരിക്കുകയും പരിച്ഛേദനയുടെ അടയാളം നൽകുകയും ചെയ്തു. വാഗ്ദത്ത പുത്രൻ അബ്രാമിലൂടെ മാത്രമല്ല, ആ മകന്റെ അമ്മ സാറായി ആയിരിക്കുമെന്നും തന്റെ മകനിടേണ്ട പേര് യിസ്ഹാക്ക് എന്നായിരിക്കണം എന്നു വെളിപ്പെടുത്തിക്കൊടുക്കുന്നു.

അതായത്, വർഷങ്ങൾ മുന്നോട്ടു പോകുന്ന മുറക്ക്, ദൈവം അബ്രാഹവുമായുള്ള തന്റെ ഉടമ്പടി ആവർത്തിച്ചുകൊണ്ട്, കൂടുതൽ കൂടുതൽ വ്യക്തമായ ഉറപ്പുകൾ നൽകിക്കൊണ്ടിരുന്നു. എന്നാൽ ഈ ഉറപ്പ് അബ്രാഹത്തിന്റെ സംപൂർണ്ണമായ പ്രകടനത്തെ അഥവാ performance നെ അടിസ്ഥാനമാക്കിയായിരുന്നില്ല, മറിച്ച് ദൈവത്തിന്റെ സ്വഭാവത്തെയും അവന്റെ ഉടമ്പടിയെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് മോശ വ്യക്തമാക്കുന്നു.

പന്ത്രണ്ടാം അദ്ധ്യായത്തിലെ പ്രാരംഭ വാഗ്ദാനത്തിനും ഇരുപത്തിരണ്ടാം അദ്ധ്യായത്തിലെ യിസ്ഹാക്കിന്റെ യാഗത്തിനും ഇടയിലുള്ള കാലയളവിൽ, അബ്രാഹത്തിന്റെ വിശ്വാസത്തിലെ നിരവധി വീഴ്ചകൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അബ്രാഹാമിന്റെ ഉടമ്പടിയുടെ ആദ്യ പരാമർശനത്തിനു തൊട്ടുപിന്നാലെ (12:1-3) ഉല്പത്തി 12-ൽ, ക്ഷാമം മൂലം അബ്രാഹാം വാഗ്ദത്ത ദേശം വിട്ട് ഈജിപ്തിൽ പോയി താമസിക്കുന്നു. സ്വയരക്ഷക്കായി, അബ്രാം സാറായിയെ തന്റെ സഹോദരിയായി അവതരിപ്പിക്കുന്നു. അതിന്റെ ഫലമായി കുറച്ചുനാളത്തേക്ക് ഫറവോൻ അവളെ തന്റെ അന്തഃപുരത്തിലേക്ക് ചേർക്കുന്നു. അവിടെ അബ്രാമിന്റെ ജീവനും സാറായിയുടെ പരിശുദ്ധിയും കാത്തു സൂക്ഷിച്ചത് ദൈവത്തിന്റെ ഇടപെടൽ ഒന്നു മാത്രമാണ് (12:10-20).

16-ാ൦ അദ്ധ്യായത്തിലേക്കു വരുമ്പോൾ, അബ്രാം തന്റെ ഭാര്യ സാറായിയുടെ നിർദ്ദേശപ്രകാരം ഹാഗാറിനെ (സാറായിയുടെ ദാസി) വെപ്പാട്ടിയായി സ്വീകരിക്കുകയും അവളിലൂടെ യിശ്മായേലിനെ ജനിപ്പിക്കയും ചെയ്യുന്നു. വീണ്ടും 20-ാ൦ അദ്ധ്യായത്തിൽ, അബ്രാം തന്റെ ഭാര്യ സാറായിയെ സഹോദരിയെന്ന് പറഞ്ഞുകൊണ്ട് 12-ാ൦ അദ്ധ്യായത്തിൽ കാണിച്ച അതേ വഞ്ചന ആവർത്തിക്കുന്നതായി കാണാം. അതിന്റെ ഫലമായി സാറായി താൽക്കാലികമായി അബിമേലെക്കിന്റെ അന്തഃപുരത്തിൽ ചേർക്കപ്പെടുന്നു.

വിശ്വാസികളുടെ പിതാവായ അബ്രാഹമിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയല്ല ഈ കാര്യങ്ങൾ ഞാൻ ചൂണ്ടിക്കാണിച്ചത്. അബ്രഹാമിനോടുള്ള തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ ദൈവം വിശ്വസ്തനായിരുന്നുവെന്ന് കാണിക്കുന്നതിനുവേണ്ടിയാണ് (R). അബ്രഹാമിനോടുള്ള തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ ദൈവം വിശ്വസ്തനായിരുന്നു. ദൈവത്തിന്റെ വിശ്വസ്തതയാണ് തന്റെ പ്രത്യാശയുടെ അടിസ്ഥാനം. നമുക്ക് സ്വർഗ്ഗം ലഭിക്കുന്നത് നമ്മുടെ പെർഫോർമൻസിന്റെ വെളിച്ചത്തിലല്ല, മറിച്ച് ദൈവത്തിന്റെ വിശ്വസ്തതയുടെ അടിസ്ഥാനത്തിലാണ്. അബ്രാഹമിന്റെ ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടായിരുന്നിട്ടും ദൈവം തന്റെ വാഗ്ദാനത്തിൽ നിന്നും വ്യതിചലിച്ചില്ല. തന്റെ വാഗ്ദാനം നിവൃത്തിച്ചുകൊണ്ട് ദൈവം വിശ്വസ്തനെന്ന് തെളിയിച്ചു.

ദൈവത്തിന്റെ സ്വഭാവത്തേയും ഉദ്ദേശ്യങ്ങളെയും കുറിച്ച് വിശ്വാസികൾക്കു ഉറപ്പുനൽകുന്നതിനായി ദൈവം മാനുഷിക രീതിയിൽ സത്യം അഥവാ ആണ ഇടുന്നതായി നാം ഇവിടെ കാണുന്നു. അതേസമയം "ഒന്നിനെചൊല്ലിയും സത്യം ചെയ്യരുതെന്ന് മത്തായി 5:33-37 യേശു നമ്മോട് കൽപ്പിച്ചിരിക്കുന്നു. വാസ്തവത്തിൽ ദൈവത്തിനു സത്യം ചെയ്യേണ്ട ആവശ്യമില്ല; കാരണം താൻ ഒരിക്കലും നുണ പറയുകയില്ല, നുണ പറയാൻ തനിക്കു കഴിയുകയുമില്ല. എന്നാൽ ഗീക്കൊ റോമൻ പശ്ചാത്തലത്തിലും ഇന്ന് കോടതികളിലും സത്യം ചെയ്ത് കാര്യങ്ങളെ ഉറപ്പാക്കുന്ന രീതി നാം കാണുന്നു. അതെ മാനുഷീക അവലംഭിച്ചുകൊണ്ട് ദൈവം ഇവിടെ, തന്നെചൊല്ലി സത്യം ചെയ്ത് തന്റെ വാഗ്ദത്തത്തെ സ്ഥിരീകരിക്കുന്നു. അതിനു കാരണം, അവന്റെ അവകാശികൾക്ക് തന്റെ ഉദ്ദേശ്യത്തിന്റെ മാറ്റമില്ലാത്ത സ്വഭാവം വളരെ വ്യക്തമായി നൽകുവാൻ അവിടുന്നു ഇച്ഛിച്ചു എന്നതാണ്. അബ്രാഹമിനും അവന്റെ സന്തതികൾക്കും വേണ്ടി വെളിപ്പെടുത്തിയ തന്റെ ഇഷ്ടമൊ ഉദ്ദേശ്യമൊ നിറവേറ്റുന്നതിൽ താൻ വിശ്വസ്തനായിക്കുമെന്ന് ഉറപ്പു നൽകാൻ വേണ്ടിയായിരുന്നു ഇത്.

അതുകൊണ്ട് രണ്ടാമത്തെ പോയിന്റായി പറഞ്ഞത്, നമ്മുടെ സ്ഥിരോത്സാഹത്തിന്റെ അടിസ്ഥാനം നമ്മുടെ performance അല്ല, മറിച്ച് ദൈവത്തിന്റെ വിശ്വസ്തതയാണ്.
മൂന്നാമതായി, ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം, പ്രത്യാശയാണ് നമ്മുടെ സ്ഥിരോത്സാഹത്തിന്റെ മറ്റൊരു അടിസ്ഥാനം എന്നതാണ്.

മൂന്നാമതായി, ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം, പ്രത്യാശയാണ് നമ്മുടെ സ്ഥിരോത്സാഹത്തിന്റെ മറ്റൊരു അടിസ്ഥാനം എന്നതാണ്.
3. പ്രത്യാശയാണ് സ്ഥിരോത്സാഹത്തിന്റെ മറ്റൊരു അടിസ്ഥാനം (18-20).

"18 അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു. 19 ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു. 20 അവിടേക്കു യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു."

പ്രത്യാശയാണ് വിശ്വാസത്തിൽ നിലനിൽക്കുവാൻ നമ്മേ പ്രചോദിപ്പിക്കുന്നത് എന്നാണ് ഈ വാക്യങ്ങൾ നമ്മോടു പറയുന്നത്. നമ്മുടെ പ്രത്യാശ സഫലീകരിക്കുവാൻ വേണ്ടിയാണ് യേശുവിനെ നാം ശരണം പ്രാപിച്ചിരിക്കുന്നത്. ഇവിടെ പഴയനിയമത്തിലെ സങ്കേതനഗരങ്ങളുടെ ഒരു imagery എബ്രായലേഖനകാരൻ ഉപയോഗിക്കുന്നു. ആരെങ്കിലും അബദ്ധവശാൽ ഒരാളെ അടിച്ചുകൊന്നാൽ, കൊല്ലപ്പെട്ടവന്റെ പ്രതികാരകൻ അവനെ കൊല്ലാതെ, അവന്റെ ന്യായവിസ്താരം കഴിയുംവരെ സങ്കേതനഗരങ്ങളിൽ അഭയം കണ്ടെത്താൻ, യിസ്രായേലിൽ സങ്കേത നഗരങ്ങൾ ഉണ്ടായിരുന്നു. അബദ്ധവശാൽ ഒരാൾ കൊലപാതകം ചെയ്താൽ അയാൾക്ക് രക്ഷപ്പെടാനുള്ള ഇടമായിരുന്നു ഈ സങ്കേതനഗരങ്ങൾ. അപ്പോഴത്തെ മഹാപുരോഹിതൻ ജീവിച്ചിരിക്കുന്ന നാൾവരെ അയാൽക്ക് അതിൽ സുരക്ഷിതമായി പാർക്കാമായിരുന്നു. ആ സങ്കേതനഗരമാണ് ക്രിസ്തു. നാമിപ്പോൾ ശരണത്തിനായി ഓടിവന്നത് ക്രിസ്തുവെന്ന ഈ സങ്കേതനഗരത്തിലേക്കാണ്. മഹാനായ മഹാപുരോഹിതൻ എന്ന നിലയിൽ ക്രിസ്തു മാത്രം നൽകുന്ന സുരക്ഷയേയും സുരക്ഷിതത്വത്തേയുമാണ് ഇത് കാണിക്കുന്നത്. യേശുക്രിസ്തു നിത്യ മഹാപുരോഹിതനാകയാൽ നമ്മുടെ പ്രത്യാശ അഥവാ രക്ഷ ഭദ്രമാണ് എന്ന കാര്യമാണ് ഇത് നമ്മേ ഓർമ്മിപ്പിക്കുന്നത്.

അങ്ങനെ ക്രിസ്തുവിൽ അഭയം കണ്ടെത്തിയെ വിശ്വാസികൾക്ക് ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദാനത്തിലും ശപഥത്തിലും പ്രത്യാശ അർപ്പിക്കാം. ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദാനത്തിലും ശപഥത്തിലും അടിസ്ഥാനമിട്ട പ്രത്യാശയാണ് ഒരു വിശ്വാസിക്കുള്ളത്. ഈ തകർക്കാനാവാത്തതും സുരക്ഷിതവുമായ പ്രത്യാശയാണ് വിശ്വാസിയുടെ നങ്കൂരം. കൊടുങ്കാറ്റിൽ കപ്പലുകളെ ഉറച്ചുനിൽക്കുന്നതിനുവേണ്ടിയാണ് സാധാരണ നങ്കൂരം ഉപയോഗിക്കുന്നത്. കൊടുങ്കാറ്റിൽ നങ്കൂരമിട്ട ഒരു കപ്പൽ പോലെ ഒരു വിശ്വാസി ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ പിടിച്ചു നിൽക്കപ്പെടുന്നു. അതുകൊണ്ട് ഒരു വിശ്വാസിയുടെ പ്രത്യാശ ഒരിക്കലും തകരാത്തതാണ്. ദൈവത്തിന് നുണ പറയാൻ കഴിയാത്തതിനാൽ, ഈ പ്രത്യാശക്ക് നീക്കം വരികയില്ല.

ഇവിടെ ദൈവത്തിനു നുണപറയാൻ കഴിയാത്ത രണ്ടു കാര്യങ്ങളാൽ നമ്മുടെ പ്രത്യാശ ഉറപ്പുവരുത്തിയിരിക്കുന്നു എന്ന് ലേഖനകാരൻ കൂട്ടിച്ചേർക്കുന്നു.

ഈ രണ്ടു കാര്യങ്ങൾ ഏതൊക്കെയാണെന്ന് വേദശാസ്ത്രികളുടെ ഇടയിൽ ഏകാഭിപ്രായമില്ല, ചിലർ ഇത് ദൈവത്തിന്റെ വാഗ്ദാനവും ആണയുമാണെന്ന് പറയുന്നു.

മറ്റു ചിലർ, ആറാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന അബ്രഹാമിക ഉടമ്പടിയും (അദ്ധ്യായം 6), ഏഴാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്ന മെൽക്കീസേദെക്കിന്റെ ക്രമപ്രകാരം കർത്താവായ യേശുവിനെ എന്നേക്കും ഒരു പുരോഹിതനായി നിയമിച്ച അവന്റെ സത്യവും ആണെന്ന് പറയുന്നു. (R) അബ്രാഹമിക ഉടമ്പടിയും, യേശുവിനെ എന്നേക്കും ഒരു മഹാപുരോഹിതനായി നിയമിച്ചിരിക്കുന്ന സത്യവും.

മൂന്നാമത്തെ ആശയം തിരുവെഴുത്തും യേശുക്രിസ്തുവിന്റെ മഹാപുരോഹിത ശുശ്രൂഷയുമാണ്. ഈ മൂന്നാമത്തെ ആശയമാണ് ഞാൻ സ്വീകരിച്ചിരിക്കുന്നത്.

തിരുവെഴുത്താണ് എന്നു പറയുവാൻ കാരണം "പ്രോത്സാഹനം" എന്നതിനു "പാരാക്ലേസിസ്" എന്ന വാക്കാണു ഉപയോഗിച്ചിരിക്കു ന്നത്. അത് 12:5 ൽ പഴയനിയമതിരുവെഴുത്തുകളെ പരാമർശിക്കാനും, ഹെബ്രായർ 13:22 ൽ പുതിയ നിയമതിരുവെഴുത്തുകളെ കുറിക്കാനും ഉപയോഗിച്ചിരിക്കുന്നു. അതുകൊണ്ട് ദൈവത്തിനു നുണ പറയാൻ കഴിയാത്ത ഒന്നാമത്തെ കാര്യം ദൈവത്തിന്റെ വചനം അഥവാ തിരുവെഴുത്തുകളാണ്. ദൈവത്തിന്റെ വചനം തെറ്റില്ലാത്തതും തെറ്റുപറ്റാൻ കഴിയാത്തതുമാണ് എന്നതാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം എന്നത്. As God’s infallible Word, the Bible is inerrant, authoritative, reliable, and sufficient to meet our needs. ദൈവത്തിന്റെ തെറ്റില്ലാത്ത വചനമെന്ന നിലയിൽ, ബൈബിൾ അപ്രമാദിത്വമുള്ളതും, ആധികാരികവും, വിശ്വസനീയവും, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ പര്യാപ്തവുമാണ്.

രണ്ടാമത്തെ കാര്യം യേശുക്രിസ്തുവിലൂടെയുള്ള മഹാപുരോഹിത ശുശ്രൂഷയാണ്. അങ്ങനെ പറയാനുള്ള കാരണം ഹെബ്രായർ 7:20-28 വാക്യങ്ങളിൽ പറയുന്നു: പഴയനിയമ പുരോഹിതന്മാർ "ആണ" കൂടാതെ പുരോഹിതന്മാരായി തീർന്നവരാണ്. എന്നാൽ ദൈവത്തിന്റെ ആണയോടെ പുരോഹിതനായ ഏകവ്യക്തി കർത്താവായ യേശുക്രിസ്തുവാണ്. സങ്കീർത്തനം 110:4 ൽ "4 നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല." എന്ന് വായിക്കുന്നു. ഹെബ്രായലേഖന കാരൻ സങ്കീർത്തനം 110:4 ഉദ്ധരിച്ചുകൊണ്ട് പറയുന്നു: ക്രിസ്തുവിനോട് സത്യം ചെയ്തുകൊണ്ട് ദൈവം നൽകിയ വാഗ്ദാനം അവനുവേണ്ടി നിറവേറ്റപ്പെട്ടു. അങ്ങനെ ദൈവത്തിന്റെ വാഗ്ദാനവും ദൈവത്തിന്റെ ആണയും യേശുവിന്റെ 'മെൽക്കീസേദെക്കിയൻ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ' എന്ന നിയമനത്തെയും തന്റെ പ്രവർത്തനത്തെയും പരാമർശിക്കുന്നു. മഹാപുരോഹിതനും രാജാവുമായ യേശുവിന്റെ ഉടമ്പടി, വിളിക്കപ്പെട്ടവർക്കു വാഗ്ദത്തം ചെയ്യപ്പെട്ട നിത്യ അവകാശം (9:15) ലഭിക്കാൻ മതിയായതാണ്. യേശുക്രിസ്തു നമുക്കു മുന്നോടിയായി ദൈവസന്നിധിയിൽ പ്രവേശിച്ചുകൊണ്ട് തന്റെ മഹാപുരോഹിത ശുശ്രൂഷ തുടരുന്നു. ഇത് ദൈവം നമുക്ക് നൽകിയ വാഗ്ദാനങ്ങളുടെ നിവൃത്തി ഉറപ്പുനൽകുന്നു.

6:16-18 ൽ രചയിതാവ് ഈ വാദം മുങ്കൂട്ടി കാണുന്നു. കാരണം അവൻ നമുക്കു വേണ്ടി മുന്നോടിയായും (forerunner) മഹാപുരോഹിതനായും സ്വർഗ്ഗത്തിൽ പ്രവേശിച്ചിരിക്കുന്നു 6:19-20 ൽ പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിന്റെ വാഗ്ദാനവും ദൈവത്തിന്റെ ആണയും അബ്രാഹവുമായുള്ള അടിസ്ഥാന ഉടമ്പടിയുടെ സ്ഥാപനമായും ദൈവവചനത്തിന്റെ സ്ഥാപനമായും ബന്ധപ്പെട്ടിരിക്കുന്നു. ചുരുക്കിറഞ്ഞാൽ, ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ മഹാപുരോഹിത ശുശ്രൂഷയുമാണ്, നമ്മുടെ പ്രത്യാശയുടെ ഉറച്ച നങ്കൂരം. ഈ രണ്ട് ഉടമ്പടി വാഗ്ദാനങ്ങളാണ് നമ്മുടെ രക്ഷ, വിശുദ്ധീകരണം, നിത്യസുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നത്. അതുകൊണ്ട് ഒരു യഥാർത്ഥ വിശ്വാസിയുടെ രക്ഷ എന്നേക്കും ഭദ്രമായിരിക്കും. ഈ ഉറപ്പണ് ഈ വേദഭാഗം നമുക്കു നൽകുന്നത്.

അപ്പോൾ, നമ്മുടെ ബുദ്ധിമുട്ടുകളിലും പ്രതികൂലങ്ങളിലും വിശ്വാസത്തിൽ നിലനിൽക്കാൻ പ്രചോദനം നൽകുന്നത് പ്രത്യാശയാണ്. പ്രത്യാശയില്ലാതെ പ്രതികൂല സാഹചര്യങ്ങളിൽ സ്ഥിരോത്സാഹം പുലർത്തുക അസാധ്യമാണ്. പ്രത്യാശ മുന്നോട്ട് പോകുന്നതിനുള്ള ഒരു നങ്കൂരമായി പ്രവർത്തിക്കുന്നു.

ഒരു illustration ലൂടെ ഇക്കര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ ശ്രമിക്കാം. ജോൺ ബനിയന്റെ പ്രസിദ്ധമായ പരദേശി മോക്ഷയാത്ര എന്ന പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ഒരു കഥയാണിത്. ഈ പുസ്തകത്തിന്റെ ഒരു കേന്ദ്രകഥാപാത്രത്തിന്റെ പേരാണ് "ക്രിസ്ത്യാനി" എന്നത്. അദ്ദേഹം "വ്യഖ്യാതാവ്" എന്ന "സഹായിയെ" കണ്ടുമുട്ടുന്നു. വിശ്വാസത്തിന്റെ യാത്രയ്ക്ക് ആവശ്യമായ ക്രിസ്തീയ സത്യങ്ങൾ പഠിപ്പിക്കുക എന്നതാണ് "വ്യാഖ്യാതാവിന്റെ" ജോലി. ഈ വ്യാഖ്യാതാവ്, ഒരു മതിലിനോട് ചേർന്ന് കത്തുന്ന തീയും, തീയുടെ അരികിൽ ഒരാൾ നിരന്തരം തീ കെടുത്താൻ ശ്രമിക്കുന്നതായും "ക്രിസ്ത്യാനിയെ" കാണിക്കുന്നു. അയാൾ എത്ര ശ്രമിച്ചിട്ടും തീ അണയുന്നില്ല. അത് അണഞ്ഞില്ല എന്നു മാത്രമല്ല, വർദ്ധിച്ച ചൂടോടെ കത്തുകയും ചെയ്തുകൊണ്ടിരുന്നു.

അതിനാൽ ക്രിസ്ത്യാനി വ്യാഖ്യാതാവിനോട് ഇതിന്റെ അർത്ഥമെന്താണ് എന്ന് ചോദിക്കുന്നു.
ദൈവം നമ്മുടെ ഹൃദയങ്ങളിൽ ഉളവാക്കുന്ന കൃപയുടെ പ്രവൃത്തിയാണ് തീ എന്ന് വ്യാഖ്യാതാവ് വിശദീകരിച്ചു. എന്നാൽ പിശാച് നിരന്തരം പ്രലോഭനങ്ങളുടെയും ആശങ്കകളുടെയും പരീക്ഷണങ്ങളുടെയും വെള്ളം അതിൽ ഒഴിച്ച് ഈ തീയെ കെടുത്താൻ ശ്രമിക്കുന്നു.

തീ കത്തികൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്, ക്രിസ്ത്യാനി ചോദിച്ചു.

തീ എങ്ങനെ കത്തിക്കൊണ്ടിരിക്കുന്നുവെന്നു മാത്രമല്ല, കൂടുതൽ കൂടുതൽ ചൂടാകുകയും ചെയ്യുന്നതെങ്ങനെ എന്ന് ക്രിസ്ത്യാനിയെ കാണിക്കാൻ വ്യാഖ്യാതാവ് ക്രിസ്ത്യാനിയെ മതിലിന്റെ പിൻവശത്തേക്ക് കൊണ്ടുപോയി, അവിടെ ഒരു മനുഷ്യൻ കയ്യിൽ ഒരു പാത്രത്തിൽ എണ്ണയുമായി നിൽക്കുന്നതും തീയിലേക്ക് നിരന്തരം എണ്ണ ഒഴിച്ചു കൊണ്ടിരിക്കുന്നതും കണ്ടു.
അപ്പോൾ ക്രിസ്ത്യാനി വീണ്ടും ചോദിച്ചു - ഇതിന്റെ അർത്ഥമെന്താണ്?

വ്യാഖ്യാതാവ് ഉത്തരം പറഞ്ഞു - എണ്ണയുമായി നിൽക്കുന്ന വ്യക്തി ക്രിസ്തുവാണ്, തന്റെ കൃപയുടെ എണ്ണ ഉപയോഗിച്ച് വിശ്വാസിയുടെ ഹൃദയത്തിൽ ആരംഭിച്ച പ്രവൃത്തിയെ നിരന്തരം നിലനിർത്തുന്നു; പിശാചിന് പലതും ചെയ്യാൻ കഴിയുമെങ്കിലും, ദൈവത്തിന്റെ ജനത്തെ നശിപ്പിക്കാൻ അവനു കഴിയുകയില്ല. ദൈവത്തിനു തന്റെ ജനത്തോടുള്ള കൃപയാണ് അതിനു കാരണം.

അതിൽ തീ നിലനിർത്താൻ ആ മനുഷ്യൻ മതിലിന് പിന്നിൽ നിൽക്കുന്നതായി നിങ്ങൾ കണ്ടു; കൃപയുടെ ഈ പ്രവൃത്തി ആത്മാവിൽ തുടർമാനമായി നിലനിർത്തപ്പെടുന്നുവെന്ന് പരീക്ഷിക്കപ്പെടുന്നവർക്ക് കാണാൻ പ്രയാസമാണെന്ന് ഇത് നിങ്ങളെ പഠിപ്പിക്കുന്നു.

അതായത്, നമ്മുടെ വിശ്വാസത്തിന്റെ ജ്വാലയും അത് കെടുത്താൻ പിശാച് ഒഴിക്കുന്ന വെള്ളവും മാത്രമാണ് നമ്മൾ കാണുന്നതെങ്കിൽ, നമുക്ക് എളുപ്പത്തിൽ നിരാശപ്പെടാനും വിശ്വാസം ഉപേക്ഷിക്കാനും കഴിയും.

അതുകൊണ്ടാണ് യേശു എന്താണ് ചെയ്യുന്നതെന്ന് കാണേണ്ടത് നിർണായകമായിരിക്കുന്നത്. ഇപ്പോഴും നിങ്ങളുടെ ജീവിതകാലം മുഴുവനും നിങ്ങളുടെ ജ്വാലയിലേക്ക് നിങ്ങൾക്ക് ആവശ്യമായ എല്ലാ എണ്ണയും അവൻ ഒഴിച്ചുകൊണ്ടേയിരിക്കുന്നു - നിങ്ങളുടെ വിശ്വാസം തുടരുന്നതിന് മാത്രമല്ല, അത് കൂടുതൽ ചൂടോടെ കത്തുന്നതിനും ഈ കൃപ സഹായിക്കുന്നു.
അപ്പോൾ യേശു എന്താണ് നിങ്ങളുടെ ജീവിതത്തിൽ ചെയ്തുകൊണ്ടിരുക്കുന്നതെന്ന് നിങ്ങൾ കാണണം. അവൻ ചെയ്യുന്നതിനെ വിശ്വസിക്കുക. അവൻ നിങ്ങളുടെ ജ്വാല അണയാൻ അനുവദിക്കില്ല. ഇതാണ് നമ്മുടെ പ്രത്യാശയുടെ നങ്കൂരം.

​

​

ഉപസംഹാരം

ഞാൻ എന്റെ സന്ദേശം ഉപസംഹരിക്കയാണ്. ഞാൻ പങ്കുവെച്ച മുന്നു പോയിന്റുകൾ, ഒന്ന്, നമ്മുടെ സ്ഥിരോത്സാഹത്തിനു, അഥാവാ വിശ്വാസത്തിൽ നിലനിൽക്കുന്നതിനു അബ്രാഹം നമുക്കു മാതൃകയായിരിക്കുന്നു. അബ്രാഹാം വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്ത നിവൃത്തിക്കായി കാത്തിരുന്നു. നമുക്കും വിശ്വാസത്താലും ദീർഘക്ഷമയാലും അവകാശങ്ങളെ പ്രാപിക്കുന്നവരുടെ അനുകാരികളായി തീരാം.

രണ്ടാമതായി പറഞ്ഞത്, ദൈവത്തിന്റെ വിശ്വസ്തതയാണ് നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം. അബ്രാഹത്തിന്റെ ജീവിതത്തിൽ പല പാളിച്ചകൾ ഉണ്ടായിരുന്നിട്ടും ദൈവത്തിന്റെ വിശ്വസ്തതയിൽ താൻ പ്രത്യാശവെച്ചു. നമുക്കും കർത്താവിന്റെ വിശ്വസ്തതയിൽ നമ്മുടെ പ്രത്യാശ വെക്കാം.

മൂന്നാമതായി, ദൈവത്തിന്റെ വചനവും കർത്താവായ യേശുക്രിസ്തുവിന്റെ മഹാപുരോഹിത ശുശ്രുഷയും നമ്മുടെ നിത്യരക്ഷ ഉറപ്പാക്കുന്നു. അതിനാൽ നമ്മുടെ പ്രത്യാശ ഏറ്റവും ഉറപ്പുള്ളതും മാറ്റമില്ലാത്തതുമാണ്. ആകയാൽ, നമ്മുടെ ഓട്ടം ഏറ്റവും സ്ഥിരതയോടെ ഓടാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page