
നിത്യജീവൻ

എബ്രായലേഖന പരമ്പര-21
P M Mathew
JUN 28, 2026
The need to know about Melchizedek!
മൽക്കിസേദെക്കിനെക്കുറിച്ച് അറിയേണ്ടതിന്റെ ആവശ്യകത.
Hebrews 7:1-10
എബ്രായർ 7:1-10
"1ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെൿ രാജാക്കന്മാരെ ജയിച്ചു 2 മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അർത്ഥം. 3 അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. 4 ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ. 5 ലേവിപുത്രന്മാരിൽ പൌരോഹിത്യം ലഭിക്കുന്നവർക്കു ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ടു; അതു അബ്രാഹാമിന്റെ കടിപ്രദേശത്തിൽനിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു. 6 എന്നാൽ അവരുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ അബ്രാഹാമിനോടു തന്നേ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു. 7 ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു തർക്കം ഏതുമില്ലല്ലോ. 8 ഇവിടെ മരിക്കുന്ന മനുഷ്യർ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻ തന്നേ. 9 ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം. 10 അവന്റെ പിതാവിനെ മൽക്കീസേദെൿ എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ."
ഈ വേദഭാഗം മുഖ്യമായും മെൽക്കിസെദേക്കിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് ആ വാക്കിന്റെ ആവർത്തനത്തിൽ നിന്ന് വ്യക്തമാണ്.
ഈ വേദഭാഗം മനസ്സിലാക്കാൻ എബ്രായലേഖനം എഴുതിയതിന്റെ പശ്ചാത്തലം നാം മനസ്സിലാക്കേണ്ടതുണ്ട്. ക്രിസ്തീയ വിശ്വാസം മൂലം പീഡന ഭീഷണിയിൽ യഹൂദമതത്തിലേക്ക് മടങ്ങാൻ പ്രലോഭിപ്പിക്കപ്പെട്ട ഒരു കൂട്ടം വിശ്വാസികൾക്കാണിത് എഴുതുന്നത്. അവരിൽ ചിലർക്ക് തങ്ങളുടെ സ്വത്തുവകകൾ നഷ്ടപ്പെട്ടു, അവരുടെ വിശ്വാസം നിമിത്തം പൊതുജന നിന്ദയെ നേരിടേണ്ടിവന്നു. (10:32-34). അവരിപ്പോൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്, തങ്ങൾ യെഹൂദാമതത്തിൽ ആയിരുന്നപ്പോൾ ഇങ്ങനെയുള്ള പീഡനമൊ അപമാനമൊ ഒന്നും ഉണ്ടായിരുന്നില്ല. തന്നെയുമല്ല, യെഹൂദാമതം ഒരു നല്ല സമ്പ്രദായമായിരുന്നു. അവർ എങ്ങനെ ജീവിക്കണമെന്ന് അത് വിശദീകരിച്ചു. ഇന്നതു ചെയ്യണം ഇന്നതു ചെയ്യരുത് എന്നൊക്കെ അത് വിശദമായി പറയുന്നു. മാത്രമല്ല പഴയ ആചാരങ്ങൾ വളരെ പരിചിതവും തൃപ്തികരവുമായിരുന്നു. എന്തെങ്കിലും ചെയ്തു എന്ന സംതൃപ്തി അതു നൽകുമായിരുന്നു. നൂറ്റാണ്ടുകളായി അവരുടെ പൂർവ്വികരുടെ വിശ്വാസമായിരുന്നു അത്. അതൊക്കേയും വിട്ടു ക്രിസ്ത്യാനിറ്റിയിലേക്കു വന്നപ്പോൾ പീഡനവും, അപമാനവും, സാമ്പത്തിക നഷ്ടവും, കഷ്ടവും ഒക്കെ അനുഭവിക്കേണ്ടി വന്നിരിക്കുന്നു. അതുകൊണ്ട് തങ്ങളുടെ പഴയ മതത്തിലേക്ക് തിരിച്ചു പോയാലൊ എന്നു ചിന്തിക്കുന്ന ഒരുകൂട്ടം വിശ്വാസികളോടാണ് എബ്രായലേഖനകാരൻ നിങ്ങളുടെ പഴയ ആചാരങ്ങളെക്കാളും ലേവ്യാപൗരോഹിത്യത്തെക്കാളും എത്രയൊ ശ്രേഷ്ടവും ഉന്നതവുമായ പൗരോഹിത്യമാണ് യേശുക്രിസ്തുവിന്റെ പൗരൊഹിത്യം എന്ന്. യേശുക്രിസ്തുവിന്റെ പൗരോഹിത്യം കേവലമൊരു പൗരോഹിത്യമല്ല, ദൈവവുമായുള്ള നമ്മുടെ നിത്യമായ ബന്ധം ഉറപ്പു നൽകുന്ന തികഞ്ഞ നിത്യ രാജകീയ പൗരോഹിത്യമാണ് . ഈ യാഥാർത്ഥ്യം വ്യക്തമാക്കുവാൻ എബ്രായ ലേഖനകാരൻ ക്രിസ്തുവിനെ മൽക്കിസെദേക്കുമായി ബന്ധിപ്പിക്കുന്നു.
മതപരമായ പാരമ്പര്യങ്ങൾ ഇന്നും വളരെ ശക്തമായി മനുഷ്യഹൃദയങ്ങളിൽ വേരൂന്നിയിരിക്കുന്നു. എവിടെയൊക്കെ സുവിശേഷം പങ്കുവെക്കുന്നൊ അവിടെയൊക്കെ എതിർപ്പുകളും പൊന്തിവരുന്നു. നൂറ്റാണ്ടുകളായി തലമുറകൾ മതപരമായ പാരമ്പര്യങ്ങളെ ചോദ്യം ചെയ്യാതെ- ജീവിക്കുകയും മരിക്കുകയും- ചെയ്തിട്ടുണ്ട്. ഈ തെറ്റായ മത വീക്ഷണങ്ങൾ അവരുടെ മുഴുവൻ ജീവിതരീതിയിലും ആധിപത്യം പുലർത്തുന്നു. സുവിശേഷവുമായി ഏതെങ്കിലും ഭവനങ്ങളിലേക്ക് ചെന്നാൽ അവരെ സ്വീകരിക്കാൻ വീട്ടുകാർ വിസമ്മതിക്കുകയൊ എതിർക്കുകയൊ ചെയ്യുന്നു. സുവിശേഷവുമായി മറ്റു സംസ്കാരങ്ങളിലേക്ക് നുഴഞ്ഞുകയറാൻ മിഷനറിമാർ ശ്രമിക്കുമ്പോൾ, അവർക്ക് ശക്തമായ പ്രതിരോധം നേരിടേണ്ടിവരുന്നു, കാരണം സുവിശേഷം സ്വീകരിക്കുക എന്നതിനർത്ഥം നൂറ്റാണ്ടുകളുടെ മതപാരമ്പര്യം ഉപേക്ഷിക്കുക എന്നാണ്.
1,400 വർഷത്തിലേറെയായി നിലനിന്നിരുന്ന യാഗങ്ങളുടെയും ആചാരങ്ങളുടെയും നിയമങ്ങളുടെയും ഒരു മതവ്യവസ്ഥ ഇപ്പോൾ അതിനേക്കാൾ മെച്ചമായ ഒന്നിനാൽ മാറ്റിസ്ഥാപിക്കപ്പെട്ടി രിക്കുന്നുവെന്ന് എബ്രായലേഖനകാരൻ ആളുകളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണിവിടെ. മോശയും യഹൂദ പ്രവാചകന്മാരും എഴുതിയ എല്ലാത്തിന്റെയും പൂർത്തീകരണമായ യേശുക്രിസ്തുവിന്റെ പരമാധികാരത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എബ്രായലേഖനത്തിൽ മാത്രം പരിഗണിക്കപ്പെടുന്ന ഒരു വിഷയമാണ് യേശുക്രിസ്തു നമ്മുടെ നിത്യമഹാപുരോഹിതൻ എന്ന വിഷയം.
അതിന്റെ പ്രാധാന്യം മനസ്സിലാക്കണമെങ്കിൽ ദൈവം എങ്ങനെയുള്ളവൻ എന്ന് നാം ആദ്യം മനസ്സിലാക്കണം . ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചും നമ്മുടെ മലിനതയെക്കുറിച്ചും ബോദ്ധ്യമുണ്ടെങ്കിലെ ഒരു മഹാപുരോഹിതന്റെ ആവശ്യകത നമുക്ക് ബോദ്ധ്യപ്പെടുകയുള്ളു.
ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നവനും സെറാഫുകൾ സദാസമയം "പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു" എന്ന് ആർത്ത് ഘോഷിക്കുകയും ചെയ്യുന്ന കർത്താവിന്റെ ഒരു ദർശനം തനിക്കുണ്ടായപ്പോൾ യെശയ്യാവ് പറഞ്ഞു (യെശ. 6:1-5). "എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ." ദൈവത്തിന്റെ അത്ഭുതകരമായ വിശുദ്ധിയിൽ നിന്ന് വ്യത്യസ്തമായി, താൻ തീർത്തും പാപിയാണെന്ന കാര്യം ദൈവത്തിന്റെ ഒരു വലിയ പ്രവാചകനായിരുന്ന യെശയ്യാവ് മനസ്സിലാക്കുന്നു. ദൈവത്തെക്കുറിച്ച് ഈയൊരു കാഴ്ചപ്പാട് നമുക്കുണ്ടോ? ദൈവത്തെ നേരിട്ട് അഭിമുഖീകരിക്കുവാൻ എനിക്ക് യോഗ്യതയുണ്ട് എന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ? നമ്മേക്കാൾ അല്പം മാത്രം വലിയ ഒരു ദൈവസങ്കൽപ്പമാണൊ നമുക്കുള്ളത്?
പുറപ്പാട് പുസ്തകത്തിൽ, മരുഭൂമിയിൽ വെച്ച് ഇസ്രായേല്യർ മോശെ മേഘത്തിലേക്ക് കയറിപ്പോകുന്നത് കണ്ടു, മിന്നലും ഇടിമുഴക്കവും വലിയ കാഹളനാദവും ഉണ്ടായിരുന്നു, അവർ ഭയന്നുവിറച്ചു. ജനം പർവതത്തെ തൊട്ടാൽ അവർ മരണശിക്ഷ അനുഭവിക്കേണം എന്ന കർശന നിർദ്ദേശമാണ് അപ്പോൾ ദൈവം ജനത്തിനു നൽകിയത് (പുറപ്പാട് 19:10-25). ദൈവത്തെ ദർശിക്കാനൊ ദൈവവുമായി സംസാരിക്കാനൊ ജനങ്ങൾക്ക് അന്ന് സാധിച്ചില്ല. മാത്രവുമല്ല, ദൈവം പ്രത്യക്ഷമായ പർവ്വതത്തെ സ്പർശിക്കാൻ പോലുമൊ ജനങ്ങൾക്ക് സാധിക്കയില്ലെന്ന് യഹൂദന്മാർക്ക് നന്നായി അറിയാമായിരുന്നു!
ദൈവത്തെ സന്ധിക്കുവാനും ദൈവവുമായി സമ്പർക്കം പുലർത്തുവാനും അതിവിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കുവാനും മഹാപുരോഹിതന് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. അതും വർഷത്തിലൊരിക്കൽ ആടുകളുടെയും കാളകളുകളുടെയും രക്തവുമായി മാത്രം. അപ്പോൾ ജനത്തിനു ദൈവത്തെ സമീപിക്കണമെങ്കിൽ, അവരുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ അർപ്പിക്കണമെങ്കിൽ ഒരു മഹാപുരോഹിതനെ എത്ര അത്യാവശ്യമാണെന്ന് യഹൂദ ജനതയ്ക്ക് നന്നായി അറിയാമായിരുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ് എബ്രായലേഖനകാരൻ യേശു നമ്മുടെ മഹാപുരോഹിതനാണെന്ന് ചൂണ്ടിക്കാണിക്കുന്നത്. ഈ യേശു ലേവ്യ പൗരോഹിത്യത്തിന്റെ പൂർത്തീകരണം മാത്രമല്ല. അവൻ അതിനേക്കാളുപരിയായ എന്തൊ ഒന്നാണ്. അവൻ മൽക്കിസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു മഹാപുരോഹിതനാണ്. ലേവ്യ പുരോഹിതന്മാരുമായി തുല്യനായി യേശുവിനെ കാണുന്നത് ആത്മീയമായ ഒരു അപരാദമാണ്. ആ പഴയ വ്യവസ്ഥിതി മുഴുവൻ യേശുക്രിസ്തുവിനെ ചൂണ്ടിക്കാണിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, യേശു അത് സംപൂർണ്ണമായി നിറവേറ്റി. ഇനി പഴയ ആചാരങ്ങളിലേക്ക് മടങ്ങുക എന്നത് ദൈവത്തിന്റെ വിശുദ്ധ സാന്നിധ്യത്തിലേക്കു പ്രവേശിക്കുന്നതിനുള്ള ഏക മാർഗ്ഗം ഉപേക്ഷിക്കുക എന്നതാണ്. നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ കഴിയുന്ന ഏകനിൽ നിന്ന് പിന്തിരിഞ്ഞ് ഒരു താഴ്ന്ന വ്യവസ്ഥയിലേക്ക് മടങ്ങുക എന്നതാണ്. ഇന്നത്തെ ഏതു മതവ്യവസ്ഥയും ഇതുപോലെയാണ്. അതിനാൽ ഇവിടെ രചയിതാവ് പറയുന്നു, നിങ്ങൾ മൽക്കിസേദെക്കിനെക്കുറിച്ച് അറിയണം, നിങ്ങൾ മൽക്കിസേദെക്കിനെ പരിഗണിക്കണം, കാരണം അദ്ദേഹം കർത്താവായ യേശുക്രിസ്തുവിന്റെ ഒരു Type ആണ്. prophetic shadow ആണ്. കർത്താവായ യേശുക്രിസ്തുവിന്റെ നിഴലാണ്. അതുകൊണ്ട് മൽക്കിസേദെക്കിനെക്കുറിച്ച് നിങ്ങൾ അറിയണം. അതുവഴി കർത്താവായ യേശുക്രിസ്തുവിന്റെ നിസ്തുല്യതയെ നിങ്ങൾ മനസ്സിലാക്കണം.
ഹെബ്രായർ 5:11-6:20 വരെയുള്ള തന്റെ പ്രബോധനത്തിന് മുമ്പ്, 5:10-ൽ ഹെബ്രായലേഖനകാരൻ നിർത്തിയിടത്ത് നിന്ന് ഇപ്പോൾ വീണ്ടും ആരംഭിക്കുകയാണ്. മൽക്കിസേദെക്കിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു, പക്ഷേ തന്റെ വായനക്കാർ കേൾക്കാൻ മന്ദബുദ്ധികളായിത്തീർന്നതിനാൽ അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുന്നില്ല. യേശുക്രിസ്തുവിനെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കുന്നതിന് അവർ മൽക്കിസേദെക്കിനെ മനസ്സിലാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ആത്മീയമായി മടിയന്മാരോ നിസ്സംഗരോ ആയവർക്ക് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തുന്നില്ല.
ഇന്ന് ഏതു കാരണവും ചൊല്ലി ആരാധനക്ക് വരാതിരിക്കുവാൻ സാധിക്കുമൊ എന്ന് ചിന്തിക്കുന്നവർ നമ്മുടെ സഭയിലുണ്ട്. അത് എത്ര സങ്കടകരമായ കാര്യമാണ്. നാം ആത്മീയമായി മന്ദതയുള്ളവരായി മാറിയാൽ ക്രിസ്തു, തന്നെക്കുറിച്ചു തന്നെ വെളിപ്പെടുത്തി തരുന്നതിൽ വിമുഖത കാണിക്കും എന്നു നാം മറന്നു പോകരുത്.
മറുരൂപമലയിൽ യേശു രൂപാന്തരപ്പെട്ടപ്പോൾ അത് ജനക്കൂട്ടത്തിന്റെ മുന്നിൽ വെച്ചാകാതിരുന്നതിന്റെ കാരണം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വാസ്തവത്തിൽ, പന്ത്രണ്ടുപേരുടെ മുന്നിൽ പോലും യേശു രൂപാന്തരീകരണം നടത്തിയില്ല. ഈ അത്ഭുതകരമായ രംഗം കാണാൻ അവൻ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും മാത്രമേ കൂടെ കൊണ്ടുപോയുള്ളൂ! യേശുവിനെ മനസ്സിലാക്കാൻ മനസ്സുവെക്കുന്നവർക്കു മാത്രമെ അവൻ തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കയുള്ളു.
യേശുവിനെ മനസ്സിലാക്കാൻ കൂട്ടാക്കാതിരുന്ന ജനക്കൂട്ടത്തിനു, യേശു തന്റെ മഹത്വം മറച്ചുവെക്കുകയും ഉപമകളിലൂടെ അവരോടു സംസാരിക്കുകയും ചെയ്തു, കാരണം അവർ ആത്മീയമായി മങ്ങിയവരായിരുന്നു (മത്തായി 13:12-15 കാണുക). തന്നെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് അവൻ തന്റെ മഹത്വം അധികമധികമായി വെളിപ്പെടുത്തിയത്, തന്റെ മുമ്പാകെ ഹൃദയം താഴ്ത്തപ്പെട്ടവർക്കാണ് അവൻ തന്നെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തി നൽകിയത്. അപ്പോൾ നാം ഓർക്കേണ്ട ഒരു കാര്യം ദൈവവചനത്തിനു മുൻപാകെ തങ്ങളുടെ ഹൃദയങ്ങളെ താഴ്ത്തി അത് അനുസരിക്കുവാൻ തയ്യാറാകുന്നവർക്കാണ് ദൈവം തന്നെ കൂടുതലായി വെളിപ്പെടുത്തി നൽകുകയുള്ളു.
അതിനാൽ, ക്രിസ്തുവിന്റെ ഒരു Type അഥവാ നിഴലായ മൽക്കിസേദെക്കിനെക്കുറിച്ചുള്ള ഈ സത്യങ്ങളെ സമീപിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങൾ ദൈവമുമ്പാകെ ശരിയാണെന്ന് നിങ്ങൾ ഉറപ്പാക്കണം. കൂടാതെ, അവനെ അറിയാൻ കുറച്ച് ശ്രമവും ശ്രദ്ധയും നിങ്ങൾ കാണിക്കണം. അതുകൊണ്ടാണ് ഹെബ്രായലേഖനകാരൻ ഈ വേദഭാഗത്തിലെ ഒരേയൊരു കൽപ്പന, ഇവിടെ നൽകിയിരിക്കുന്നത്. "ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ" (7:4). "നോക്കുവിൻ" എന്നതിന്റെ ഗ്രീക്ക് വാക്ക് theoreo എന്നതാണ്. see, consider, observe എന്നീ വാക്കുകൾ ഉപയോഗിച്ചാണ് ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത്. അതായത്, സൂക്ഷ്മമായി നിരീക്ഷിക്കുക അല്ലെങ്കിൽ വിവേചിക്കുക എന്നാണ്. മൽക്കിസേദെക്ക് യേശുക്രിസ്തുവിന്റെ ഒരു Type/നിഴലായതിനാൽ യേശുവിനെ നാം പരിഗണിക്കണം അറിയണം. യേശുവിനെ നന്നായി മനസ്സിലാക്കണം.
കൊലൊസ്യർ 2:3 ൽ നാം യേശുവിനെക്കുറിച്ചു വായിക്കുന്നത്: "3 അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു" എന്നാണ്. (കൊലോ. 2:3). യേശുവിൽ ജ്ഞാനത്തിന്റെയും അറിവിന്റെയും എല്ലാ നിധികളും മറഞ്ഞിരിക്കുന്നു. യേശുവിനെ അവൻ ആയിരിക്കുന്നതുപോലെ കാണുക എന്നത് ഒരു മറുരൂപമല അനുഭവമാണ്. ദൈവത്തിന്റെ മഹത്തായ ദർശനം ലഭിച്ച യെശയ്യാ പ്രവാചകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: "അടയിൻ ഇതാ അടിയനെ അയക്കേണമേ" ദൈവത്തിന്റെ ഹിതത്തിനു തന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുന്ന യെശയ്യാവിനെ നാമവിടെ കാണുന്നു. ഡമസ്കോസിന്റെ പടിവാതിൽക്കൽവെച്ച് യേശുക്രിസ്തുവിന്റെ മഹത്തായ ദർശനം കണ്ട പൗലോസിന്റെ പിന്നീടുള്ള ജീവിതം എത്ര വലിയ മാറ്റത്തിനാണ് വഴിവെച്ചത്.. അതുകൊണ്ട് ക്രിസ്തുവിനെ അറിയാനുള്ള അവസരം നാം പാഴാക്കരുത്. അതിനേക്കാൾ പ്രാധാന്യമുള്ള കാര്യം നിങ്ങൾക്കുണ്ടാകരുത്.
നിങ്ങളുടെ വർത്തമാന കാല ജീവിതത്തിൽ പ്രശ്നങ്ങളുണ്ടൊ? നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികളുണ്ടൊ? ഉണ്ടെങ്കിൽ, നിങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം യേശുക്രിസ്തുവിനെ കൂടുതൽ കൃത്യമായും അടുത്തും അറിയുക എന്നതാണ്. നിങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം യേശുക്രിസ്തുവിനെ കൂടുതൽ നന്നായും അടുത്തും അറിയുക. ഞാൻ Tract കൊടുക്കാൻ നിൽക്കുമ്പോൾ പലരും വന്ന് അവരുടെ ആവലാതികളും ബുദ്ധിമുട്ടുകളും പങ്കുവെക്കുകയും സഹായം ചോദിക്കുകയും ചെയ്യാറുണ്ട്. ചിലർ പ്രാർത്ഥിക്കുവാനും ആവശ്യപ്പെടാറുണ്ട്. അവരുടെ പ്രശ്നങ്ങൾ മാറണം, ദൈവത്തിൽ നിന്ന് അനുഗ്രഹം അവർക്കു വേണം. പക്ഷെ തങ്ങളുടെ ജീവിതം യേശുക്രിസ്തുവിനു നൽകുവാനൊ യേശുവിനെ അനുഗമിക്കുവാനൊ അവർ തയ്യാറല്ല. അപ്പോൾ അവരുടെ മതബോധം ഉണർന്നു വരും. ആളുകൾക്കു യേശുവിനെ വേണ്ട. അനുഗ്രഹം മതി. എന്തൊരു വിരോധാഭാസമാണിത്.
അപ്പോൾ ദൈവം അതീവ പരിശുദ്ധനും നാം ദൈവത്തോടു അടുത്തുകൂടാൻ കഴിയാത്ത നിലയിൽ പാപികളുമാണ് എന്ന കാര്യം നാം കണ്ടു. അതുകൊണ്ട് ദൈവത്തൊട് ഏതെങ്കിലും നിലയിൽ ബന്ധപ്പെടാൻ നമുക്കൊരു മദ്ധ്യസ്ഥൻ ആവശ്യമാണ്. പഴയനിയമത്തിൽ ജനങ്ങൾക്ക് ദൈവത്തോടു ബന്ധപ്പെടാനും അവരുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ അർപ്പിക്കാനും മഹാപുരോഹിതനുണ്ടായിരുന്നു. എന്നാലിപ്പോൾ ആ സിസ്റ്റം മാറി ഒരു പുതിയക്രമീകരണം നിലവിൽ വന്നിരിക്കുന്നു. ഈ പുതിയ ക്രമീകരണത്തിന്റെ ശ്രേഷ്ഠതകൾ എന്തൊക്കെയാണ്. ഈ മഹാപുരോഹിതൻ നമ്മുടെ ആവശ്യങ്ങൾ നിവൃത്തിക്കുവാൻ മതിയായവനാണൊ എന്നതാണ് അടുത്തതായി നാം പരിശോധിക്കാൻ പോകുന്നത്.
അപ്പോൾ ഒന്നാമതായി ഈ വേദഭാഗത്തുനിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം മൽക്കിസെദേക്ക് സ്ഥാനപ്പേരിലും തന്റെ പ്രകൃതിയിലും ക്രിസ്തുവിന്റെ ഒരു Type അഥവാ നിഴലാണ് എന്നതാണ്. Melchizedek is a type of Christ in his Title and nature.
1. മൽക്കിസേദെക്ക് തന്റെ സ്ഥാനപ്പേരിലും സ്വഭാവത്തിലും ക്രിസ്തുവിന്റെ ഒരു Type അഥവാ നിഴലാണ് (1-3).
"1ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെൿ രാജാക്കന്മാരെ ജയിച്ചു 2 മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അർത്ഥം. 3 അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു."
വംശാവലിയോ, ആരംഭമോ-അവസാനമോ ഇല്ലാതെ, ഹെബ്രായരചയിതാവ് മൽക്കിസേദെക്കിനെ രാജാവും പുരോഹിതനുമായി തിരിച്ചറിയുന്നു. ഈ വിധത്തിൽ, മൽക്കിസെദെക്ക് "ദൈവപുത്രനെപ്പോലെയാക്കപ്പെട്ടു", അവൻ എന്നേക്കും ഒരു പുരോഹിതനായി തുടരുന്നു. ദൈവപുത്രനെ മൽക്കിസെദേക്കിനെപ്പോലെ ആക്കുകയായിരുന്നില്ല; മറിച്ച്, മൽക്കിസെദേക്കിനെ ദൈവപുത്രനെപ്പോലെ ആക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതായത്, ദൈവപുത്രനെക്കുറി ച്ചുള്ള സത്യത്തിലേക്ക് വിരൽ ചൂണ്ടുന്ന വിധത്തിൽ മൽക്കിസെദെക്കിനെ തിരുവെഴുത്തുകളിൽ അവതരിപ്പിച്ചിരിക്കുന്നു.
മെൽക്കീസെദെക്കിനെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം നാം കാണുന്നത് ഉല്പത്തി 14:17-20 വാക്യങ്ങളിലാണ്. അവിടെ ചരിത്രപരമായ ഒരു പരാമർശമാണ് നാം കാണുന്നത്. അദ്ദേഹം ഒരു ചരിത്രപുരുഷനായിരുന്നു. പിന്നീട് നാം മൽക്കിസെദേക്കിനെ കുറിച്ചു വായിക്കുന്നത് സങ്കീർത്തനം 110:4 ലാണ്. അവിടെ അത് പ്രവചനപരമായ നിലയിലാണ് ദാവിദ് ഉദ്ധരിച്ചിരിക്കുന്നത്. മൂന്നാമത്തെ പരാമർശം നാം കാണുന്നത് എബ്രായലേഖനത്തിലാണ്. മൂന്നാമത്തേത് വേദശാസ്ത്ര പരമായ പരാമർശമാണ്. ഒന്നാമത്തെ പരാമർശം ചരിത്രപരം, രണ്ടാമത്തേത് പ്രവചനപരം, മൂന്നാമത്തേത് വേദശാസ്ത്രപരം.
ഉല്പത്തിയിൽ മൽക്കിസേദെക്കിനെ, ശാലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായി നാം കാണുന്നു. ലോത്ത് താമസിച്ചിരുന്ന സോദോം ആക്രമിക്കപ്പെട്ട പ്പോൾ തന്റെ അനന്തരവനായ ലോത്തിനെയും കുടുംബത്തെയും ബന്ദികളാക്കിയ നാല് രാജാക്കന്മാരുടെ പിന്നാലെ അബ്രഹാം പുറപ്പെട്ട് ആക്രമിച്ച് അവരെ പരാജയപ്പെടുത്തി, നഷ്ടപ്പെട്ടുപോയ എല്ലാ വസ്തുവകകളും വീണ്ടെടുത്തു, ലോത്തിനെയും കുടുംബത്തെയും തിരികെ കൊണ്ടുവന്നു. ഈ യുദ്ധത്തിൽ നിന്ന് അബ്രഹാം മടങ്ങിവരുമ്പോൾ, മൽക്കിസേദെക്ക് അവനെ സ്വീകരിക്കാൻ പുറപ്പെട്ടു. മൽക്കിസേദെക്ക് അബ്രഹാമിനെ അനുഗ്രഹിച്ചു, അബ്രഹാം തന്റെ കൊള്ളയുടെ പത്തിലൊന്ന് മൽക്കിസേദെക്കിന് നൽകി.
ആ ഹ്രസ്വ വിവരണത്തിൽ പറയുകയും പറയാതിരിക്കുകയും ചെയ്ത കാര്യങ്ങളിൽ നിന്ന്, എബ്രായലേഖനകാരൻ മൽക്കിസേദെക്കിനും ക്രിസ്തുവിനും ഇടയിൽ ചില അത്ഭുതകരമായ സമാനതകൾ വരയ്ക്കുന്നു. വ്യക്തമായ ഒരു സമാന്തരമായി തോന്നുന്ന കാര്യം മൽക്കിസേദെക്ക് അപ്പവും വീഞ്ഞും നൽകി അബ്രഹാമിനെ എതിരേൽക്കുന്നതാണ്! എബ്രായലേഖനകാരൻ അക്കാര്യം പറയാതെ ഒരുപക്ഷെ നാം ഗണ്യമാക്കാതെ പോകാൻ സാദ്ധ്യതയുള്ള മറ്റുചില കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. യുദ്ധത്തിൽ ക്ഷീണിച്ചു മടങ്ങിവന്ന അബ്രാഹത്തിനും കൂട്ടാളികൾക്കും അപ്പവും വീഞ്ഞും നൽകി ആശ്വസിപ്പിച്ചത് വാസ്തവത്തിൽ കർത്താവായ യേശുക്രിസ്തുവിനെയല്ലാതെ മറ്റാരെയാണ് ഓർപ്പിക്കുന്നത്. കർത്താവായ യേശുക്രിസ്തു അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യന്മാർക്കു നൽകുന്നത് നാം സുവിശേഷങ്ങളിൽ വായിക്കുന്നുവല്ലൊ. അത് മൽക്കിസെദേക്കും യേശുക്രിസ്തുവും തമ്മിലുള്ള വളരെ പ്രത്യക്ഷമായ ഒരു സമാനതയാണ്.
മൽക്കിസെദേക്കും യേശുക്രിസ്തുവും തമ്മിലുള്ള സമാനതകളിൽ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം, മൽക്കിസേദെക്ക് ഒരേ വ്യക്തിയിൽ രാജാവും പുരോഹിതനുമായിരുന്നു എന്നതാണ് (7:1). എന്നാൽ ഇസ്രായേലിൽ ഇത് അനുവദനീയമല്ലായിരുന്നു. ഒരു വ്യക്തിക്ക് ഒരു രാജാവാകാം അല്ലെങ്കിൽ ഒരു പുരോഹിതനാകാം. എന്നാൽ ഒരേസമയം രാജാവും പുരോഹിതനും ആകാൻ കഴിയുമായിരുന്നില്ല. ശൗൽ രാജാവ് പുരോഹിതന്റെ ജോലി ചെയ്യാൻ ശ്രമിച്ചപ്പോൾ ശൗലിനെ രാജസ്ഥാനത്തു നിന്നു നീക്കിയതായി നാം വായിക്കുന്നു. എന്നാൽ മൽക്കിസെദേക്ക് ഒരേ സമയം രാജാവും പുരോഹിതനുമായിരുന്നു. മൽക്കിസേദെക്കിനെപ്പോലെ യേശു ഒരെ വ്യക്തിയിൽ രാജാവും പുരോഹിതനുമാണ്.
ഇനി മൽക്കിസേദെക്ക് എന്ന പേരിന്റെ അർത്ഥം നോക്കാം. മൽക്കിസെദെക് നീതിയുടെ രാജാവും പിന്നീട് സമാധാനത്തിന്റെ രാജാവുമായ ശാലേമിന്റെ രാജാവുമായിരുന്നു”(7:2). എബ്രായ ഭാഷയിൽ, മെൽക്കി എന്നാൽ “എന്റെ രാജാവ്” എന്നാണ് അർത്ഥമാക്കുന്നത്, സെദെക് എന്നാൽ “നീതി” എന്നാണ് അർത്ഥമാക്കുന്നത്. ശാലേം എന്നത് സമാധാനവും. ഇവിടെ ക്രമം പ്രധാനമാണ്: നീതി സമാധാനത്തിന് മുമ്പാണ്. ഒരു രാജാവും അവന്റെ രാജ്യവും നീതിമാന്മാരല്ലെങ്കിൽ അവന്റെ രാജ്യത്ത് യഥാർത്ഥ സമാധാനം ഉണ്ടാകില്ല. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ ഇത് ശരിവെക്കുന്നു. യാതൊരു നീതിയൊ നേരൊ ഇല്ലാത്ത ഭരണകർത്താക്കളാണ് നമ്മേ ഭരിക്കുന്നത്. അതുകൊണ്ടു തന്നെ ദേശത്ത് സമാധാനമൊ സംതൃപ്തിയൊ ഇല്ല. പാപം ഭിന്നതയും കലഹവും കൊണ്ടുവരുന്നു. നീതിയാണ് സമാധാനത്തിന്റെ അടിസ്ഥാനം. നീതി നടപ്പാക്കിയില്ലെങ്കിൽ ദേശത്ത് സമാധാനം ഉണ്ടാവുകയില്ല.
നീതിയുടെയും സമാധാനത്തിന്റേയും കാര്യത്തിൽ യേശു മൽക്കിസെദേക്കുമായി എങ്ങനെ സമാനത പുലർത്തുന്നുവെന്നു നോക്കാം. യേശുവിനെ "നീതിമാനായ യേശുക്രിസ്തു" എന്ന് യോഹന്നാൻ വിളിക്കുന്നു (1 യോഹന്നാൻ 2:1). യേശു മറ്റുള്ളവരുടെ തെറ്റു ചൂണ്ടിക്കാണിക്കുകയും അവരിൽ നീതി സ്ഥാപിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. യേശു തന്റെ സത്തയിൽ തന്നെ നീതിമാനാണ്. അവൻ നിർദ്ദോഷനും കളങ്കമില്ലാത്തവനുമായ ദൈവത്തിന്റെ കുഞ്ഞാടാണ് (1 പത്രോ. 1:19). അവൻ "ഒരു അതിക്രമവും ചെയ്തില്ല, അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നതുമില്ല" (യെശ. 53:9). "നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും” (യെശ. 11: 5). അവൻ വീണ്ടും “നീതിയോടെ” വാഴാൻ വരുമ്പോൾ ദുഷ്ടന്മാർക്കെതിരെ യുദ്ധം ചെയ്യും (വെളി. 19:11). അതേ, യേശുക്രിസ്തു തികഞ്ഞ ഒരു നീതിമാനാണ്.
യേശു സമാധാനത്തിന്റെ രാജാവുമാണ് (എഫെ. 2:14-18). അവൻ പാപികൾക്കും ദൈവത്തിനും ഇടയിൽ സമാധാനവും അവന്റെ കർത്തൃത്വത്തിൻ കീഴിൽ ജീവിക്കുന്ന എല്ലാവർക്കും ഇടയിൽ സമാധാനവും കൊണ്ടുവരുന്നു. പൗലോസ് എഴുതി, “അതുകൊണ്ട്, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടതിനാൽ [“നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ട”] നമുക്ക് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തോടു സമാധാനമുണ്ട്” (റോമ. 5:1). പാപികളുമായി സമാധാനം സ്ഥാപിക്കാൻ ദൈവം തന്റെ നീതി മാറ്റിവെച്ചില്ല. മറിച്ച്, അവൻ നമ്മുടെ ശിക്ഷ തന്റെ നീതിമാനായ പകരക്കാരന്റെ മേൽ ചുമത്തി, “അവൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആയി” (റോമ. 3:26).
നീതിയുടെയും സമാധാനത്തിന്റെയും രാജാവായി യേശുക്രിസ്തുവിനെ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങൾ നീതിയുള്ള പെരുമാറ്റത്തിൽ വളരുകയും മറ്റുള്ളവരുമായി സമാധാനം പിന്തുടരുകയും ചെയ്യും (റോമ. 14:17, 19). സമധാനത്തിന്റെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ വാഴുന്നുവെങ്കിൽ മറ്റുള്ളവരോടു സമാധാനം പുലർത്തും കാരണം, നാം ക്രിസ്താനുരൂപരായി വളരാൻ വിളിക്കപ്പെട്ടവരാണ്. പൂർണ്ണത സാദ്ധ്യമല്ലെങ്കിൽ കുടി ആ ദിശയിൽ മുന്നോട്ടു പോകാൻ നമുക്കു കഴിയണം. നിങ്ങൾ യേശുവിനെ നിങ്ങളുടെ രക്ഷിതാവും കർത്താവുമായി അംഗീകരിക്കുന്നുവെങ്കിൽ ആ രാജാവിനോടുള്ള അനുരൂപതയിൽ നിങ്ങൾ വളരണം.
മെൽക്കിസെദെക്കും യേശുക്രിസ്തുവും തമ്മിലുള്ള രണ്ടാമത്തെ സമാനത, മൽക്കിസേദെക്ക് തന്റെ പൗരോഹിത്യത്തിന്റെ ഉത്ഭവത്തിലും കാലദൈർഘ്യത്തിലും ക്രിസ്തുവിന്റെ ഒരു നിഴലാണ്.
2. മൽക്കിസേദെക്ക് തന്റെ പൗരോഹിത്യത്തിന്റെ ഉത്ഭവത്തിലും കാലദൈർഘ്യത്തിലും ക്രിസ്തുവിന്റെ ഒരു നിഴലാണ്.
ഇസ്രായേലിൽ ഒരു പുരോഹിതനാകുന്നത് പൂർണ്ണമായും അവരുടെ കുടുംബ വംശാവലിയെ ആശ്രയിച്ചിരിക്കുന്നു. എല്ലാ പുരോഹിതന്മാരും ലേവി ഗോത്രത്തിൽ നിന്നുള്ളവരാണ്. മറ്റാർക്കും ആ പദവി ലഭിക്കുമായിരുന്നില്ല. ഒരാൾക്ക് അയാളുടെ കുടുംബപൈതൃകം സ്ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾ പൗരോഹിത്യത്തിൽ നിന്ന് ഒഴിവാക്കപ്പെടും (നെഹെ. 7:61-64). എന്നാൽ മൽക്കിസേദെക്കിനു “പിതാവില്ല, മാതാവില്ല, വംശാവലിയും ഇല്ല” (എബ്രാ. 7:3). എന്നിട്ടും അവൻ “അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതൻ” ആയിരുന്നു (7:1).
മൽക്കിസേദെക്കിന്റെ വംശാവലിയുടെ അഭാവവും അവന്റെ “ജീവിതത്തിനു ആരംഭമോ അവസാനമോ ഇല്ല” എന്ന പ്രയോഗവും, ചിലർ അവനെ അമാനുഷികനൊ, ഒരു ദുതനൊ, യേശുക്രിസ്തുവിന്റെ അവതാരപൂർവ്വ രൂപമോ ആണെന്നും വ്യാഖ്യാനിക്കുന്നു. എന്നാൽ ബഹുഭൂരിപക്ഷം വ്യാഖ്യാതാക്കളും ആ വ്യാഖ്യാനത്തെ നിരാകരിക്കുകയും മൽക്കിസേദെക്ക് അബ്രഹാമിന്റെ അതേ സമയത്ത് ജീവിച്ചിരുന്ന ഒരു മഹാനായ മനുഷ്യനാണെന്നും സമ്മതിക്കുന്നു.
എബ്രായരുടെ രചയിതാവ് ഉല്പത്തിയുടെ വിചിത്രമായ നിശബ്ദതയിൽ നിന്ന് ഒരു വാദം കെട്ടിപ്പടുക്കുകയാണ്. വാസ്തവത്തിൽ ഉല്പത്തി പുസ്തകം വംശാവലിയും ഗോത്രപിതാക്കന്മാർ ജീവിച്ചിരുന്ന വർഷങ്ങളുടെ എണ്ണവും ഊന്നിപ്പറയുന്ന പുസ്തകമാണ്. ഈ ഊന്നലിന്റെ ഇടയിൽ, എവിടെ നിന്നോ എന്നതുപോലെ, ഈ മനുഷ്യൻ മൽക്കിസേദെക്ക് വരുന്നു. അദ്ദേഹത്തിന്റെ കുടുംബ വംശാവലിയെ പരാമർശിച്ചിട്ടില്ല എന്നു മാത്രമല്ല, അദ്ദേഹം എത്രകാലം ജീവിച്ചുവെന്നൊ എപ്പോൾ ജനിച്ചുവെന്നൊ മരിച്ചുവെന്നൊ ഒന്നും ഉല്പത്തി പറയുന്നില്ല. മൽക്കിസേദെക്കിനെ യേശുക്രിസ്തുവിന്റെ ഉചിതമായ ഒരു മാതൃകയാക്കാൻ പരിശുദ്ധാത്മാവ് (ഈ വസ്തുതകൾക്ക് പ്രാധാന്യം നൽകുന്ന ഒരു പുസ്തകത്തിൽ നിന്ന്) അവ മനഃപൂർവ്വം ഒഴിവാക്കിയതായി രചയിതാവ് പറയുന്നു. അതുകൊണ്ടാണ് മൽക്കിസേദെക്ക് “ദൈവപുത്രനെപ്പോലെയായി” എന്ന് അദ്ദേഹം പറയുന്നത് (7:3). മൽക്കിസേദെക്ക് ഒരിക്കലും മരിച്ചിട്ടില്ല എന്നല്ല ഇവിടെ പറയുന്നത്, മറിച്ച് ഉല്പത്തിയിൽ തന്റെ ജനനവും മരണവും ഒഴിവാക്കിയത്, അവൻ “എന്നേക്കും ഒരു പുരോഹിതനായി തുടരുന്നു” എന്ന് കാണിക്കാൻ വേണ്ടിയാണ്. ആ നിലയിൽ മൽക്കിസെദെക്ക് യേശുവിനെ പോലെയായി.
യേശുവിന്റെ മനുഷ്യവംശം തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്നു, പക്ഷേ അവൻ ലേവിയുടെ പുരോഹിത ഗോത്രത്തിൽ നിന്നല്ല, മറിച്ച് യഹൂദയിൽ നിന്നാണ് വന്നത് (7:14). എന്നേക്കും നമ്മുടെ മഹാപുരോഹിതനാകാൻ, യേശു വ്യത്യസ്തമായ ഒരു പുരോഹിത ക്രമത്തിൽ, അതായത് മൽക്കിസേദെക്കിന്റെ ക്രമത്തിൽ അവൻ വന്നു. ദൈവപുത്രൻ എന്ന നിലയിൽ യേശുവിന് മനുഷ്യവംശം ഇല്ല, അതിനാൽ ഉല്പത്തിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതുപോലെ മൽക്കിസേദെക്കിന്റെ Type ആണ് യേശുക്രിസ്തു. കൂടാതെ, ലേവ്യ പുരോഹിതന്മാർ മരിച്ചു, പകരം പുതിയ ആളുകൾ ആ സ്ഥാനത്തേക്കു വന്നുകൊണ്ടേയിരുന്നു. എന്നാൽ യേശു തന്റെ മഹാപുരോഹിത്യത്തിൽ എന്നും ജീവിക്കുന്നു (7:23-24). അതിനാൽ ഉത്ഭവത്തിലും പൗരോഹിത്യത്തിന്റെ കാലദൈർഘ്യത്തിലും, മൽക്കിസേദെക്ക് യേശുക്രിസ്തുവിന്റെ ഒരു മാതൃകയാണ്.
മൽക്കിസെദെക്കും യേശുക്രിസ്തുവും തമ്മിലുള്ള മൂന്നാമത്തെ സമാനത, മെൽക്കിസെദെക്ക് തന്റെ പൗരൊഹിത്യമാനത്തിൽ ക്രിസ്തുവിന്റെ മാതൃകയാണ്.
3. മൽക്കിസേദെക്ക് തന്റെ പൗരോഹിത്യത്തിന്റെ മാനത്തിൽ ക്രിസ്തുവിന്റെ ഒരു മാതൃകയാണ്. (Melchizedek is a type of Christ in the dimension of his priesthood.)
മൽക്കിസദെക്ക് ഈ രണ്ട് മഹാന്മാരിൽ നിന്നും, അതായത് അബ്രഹമിൽ അതുവഴി ലേവ്യരിൽ നിന്നും, ദശാംശം സ്വീകരിച്ചു. അതിൽ നിന്നും ഒരുകാര്യം വ്യക്തം മൽക്കിസേദെക്ക് അബ്രഹാമിനെയും ലേവിയെയുംകാൾ വലിയവനായിരുന്നു. മൽക്കിസെദെക്ക് അത്യുന്നതനായ ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അബ്രഹവും സ്വയമേവ തിരിച്ചറിഞ്ഞു. അതിനാൽ നാല് രാജാക്കന്മാരുടെ മേൽ വിജയം നൽകിയതിന്, ദൈവത്തോടുള്ള ആരാധനയുടെയും നന്ദിയുടെയും ഒരു പ്രവൃത്തിയായി, അബ്രാഹം തന്റെ ഏറ്റവും മികച്ച കൊള്ളയുടെ പത്തിലൊന്ന് മൽക്കിസെദേക്കിന് നൽകി. അബ്രഹാമിന്റെ കൊച്ചുമകനായ ലേവി, അബ്രഹാമിന്റെ ദശാംശങ്ങളിലൂടെ മൽക്കിസേദെക്കിന് ദശാംശം നൽകി, കാരണം ഇത് സംഭവിച്ചപ്പോൾ ലേവി അബ്രഹാമിന്റെ നാഭിയിലുണ്ടായിരുന്നു. എബ്രായ ചിന്തയിൽ, ഒരു പൂർവ്വികൻ അവന്റെ എല്ലാ പിൻഗാമികളെയും അവനിൽ ഉൾക്കൊള്ളുന്നു. അതുകൊണ്ടാണ് ആദാം പാപം ചെയ്തപ്പോൾ, മുഴുവൻ മനുഷ്യവർഗവും പാപം ചെയ്തുവെന്ന് പൗലോസ് പറയുന്നത് (റോമ. 5:12). അതിനാൽ ഇവിടെ രചയിതാവ് പറയുന്നു, "9 ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു."
അബ്രഹാമിൽ നിന്നും ലേവിയിൽ നിന്നും ദശാംശം സ്വീകരിച്ച മൽക്കിസേദെക്ക് ഈ മഹാന്മാരേക്കാൾ വലിയവനായതിനാൽ, യേശു എപ്പോഴും വലിയവനാണ്. നമ്മുടെ മഹാപുരോഹിതൻ എന്ന നിലയിൽ, തന്റെ രക്തത്താൽ അവൻ നമ്മെ വിലയ്ക്കു വാങ്ങിയതിനാൽ, അവൻ ദശാംശത്തിന് മാത്രമല്ല, നാം ആയിരിക്കുന്നതിലും നമുക്കുള്ളതിലും എല്ലാം സ്വീകരിപ്പാൻ യോഗ്യനാണ്. നമ്മേത്തന്നെ ദൈവത്തിനു നൽകുവാൻ നാം കടപ്പെട്ടവരാണ്. നാം നമുക്കുള്ളതിന്റെ ഏതെങ്കിലും ഒരു അംശം മാത്രം നൽകുന്നവരാണോ? നാം നൽകുന്ന ഒരു ദാനവും അവന്റെ അതുല്യമായ മൂല്യവുമായി താരതമ്യപ്പെടുത്താനാവില്ല!
അങ്ങനെ മൽക്കിസേദെക്ക് തന്റെ വ്യക്തിത്വത്തിന്റെ മാന്യതയിലും; തന്റെ പൗരോഹിത്യത്തിന്റെ ഉത്ഭവത്തിലും കാലാവധിയിലും; തന്റെ പൗരോഹിത്യത്തിന്റെ മാനത്തിലും ക്രിസ്തുവിന്റെ ഒരു നിഴലാണ്. അവസാനമായി, മൽക്കിസേദെക്ക് തന്റെ പൗരോഹിത്യ അനുഗ്രഹങ്ങൾ വിതരണം ചെയ്യുന്നതിൽ ക്രിസ്തുവിന്റെ ഒരു നിഴലാണ്.
4. മൽക്കിസേദെക്ക് തന്റെ പൗരോഹിത്യ അനുഗ്രഹങ്ങൾ വിതരണം ചെയ്യുന്നതിൽ ക്രിസ്തുവിന്റെ ഒരു നിഴലാണ്.
അബ്രഹാം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യനാണ് എന്ന് നമുക്കറിയാം. അതുപോലെ ദൈവം അവനിലൂടെ ജനതകളെ അനുഗ്രഹിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നിട്ടും മൽക്കിസേദെക്ക് “വാഗ്ദാനങ്ങൾ ലഭിച്ചവനെ അനുഗ്രഹിച്ചു". "വലിയവൻ ചെറിയവനെ അനുഗ്രഹിക്കുന്നു” (7:6-7) എന്നത് തർക്കമില്ലാത്ത കാര്യമാണ്. അതായത്, അബ്രാഹത്തെ അനുഗ്രഹിച്ചുവെന്ന കാരണത്താൽ മൽക്കിസെദെക്ക് അബ്രാഹമിനേക്കാൾ വലിയവനാണ്. ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്ന അബ്രാഹമിനെയാണ് മൽക്കിസെദേക്ക് അനുഗ്രഹിച്ചത്. അതു കാണിക്കുന്നത്, മെൽക്കിസെദേക്ക് അബ്രാഹമിനേക്കാൾ വലിയവനാണ് എന്നതാണ്!
എന്നാൽ ഈ മൽക്കിസേദെക്കിനേക്കാൾ എത്രയൊ വലിയവനാണ് യേശുക്രിസ്തു എന്ന കാര്യമാണ് ലേഖനകാരൻ ഇതിലൂടെ അർത്ഥമാക്കുന്നത്. അബ്രഹാമിനും എല്ലാ ലേവ്യ പുരോഹിതന്മാർക്കും അടയാളവും നിഴലുമായിരുന്ന മൽക്കിസേദെക്ക് വലിയവനാണെങ്കിൽ, സത്യവും സത്തയുമായ ക്രിസ്തു എത്രയധികം! വാഗ്ദാനങ്ങൾ ഉള്ളവനേക്കാൾ മെൽക്കിസെദേക്ക് വലിയവനാണെങ്കിൽ, അവന്റെ ഒരു Type ആയ ക്രിസ്തു എത്രയധികം! ഇതാണ് രചയിതാവ് അതിലൂടെ അർത്ഥമാക്കിയത്.
ഇതിൽ നിന്നും നമുക്കുള്ള പാഠം, മൽക്കിസേദെക്കിന് അബ്രഹാമിനെ അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ, ദൈവപുത്രന് അവനിലൂടെ ദൈവത്തോട് അടുക്കുന്നവരെ എത്രയധികം അനുഗ്രഹിക്കാൻ കഴിയും!. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ക്രിസ്തുവിലൂടെയാണ് ദൈവം വിശ്വാസികൾക്കു നൽകുന്നത്. നമുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ വേണമെങ്കിൽ, നാം അവ ക്രിസ്തുവിൽ അന്വേഷിക്കണം, കാരണം "20 ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ;" (2 കൊരി. 1:20). ദൈവത്തിൽ നിന്ന് നിങ്ങൾക്ക് നിത്യജീവൻ വേണോ? പുത്രനിൽ നിങ്ങൾക്കു നിത്യജീവനുണ്ട്. പാപമോചനം വേണൊ? അതെ! ക്രിസ്തുവിൽ പാപമോചനം ദൈവം നൽകുന്നു. ആന്തരിക സമാധാനം വേണോ? ക്രിസ്തുവിൽ നിങ്ങൾക്ക് സമാധാനം ലഭിക്കും. പ്രത്യാശ വേണോ? ക്രിസ്തുവിൽ നിങ്ങൾക്ക് പ്രത്യാശയുണ്ട് പരീക്ഷണങ്ങളുടെ നടുവിൽ സന്തോഷം വേണോ? ക്രിസ്തുവിൽ സന്തോഷം ലഭ്യമാണ്. പാപത്തിന്റെ മേൽ വിജയം വേണൊ? അതെ, ക്രിസ്തുവിൽ അതു ലഭ്യം. മുൻകാലങ്ങളിൽ മാതാപിതാക്കളിൽ നിന്നൊ, സഹോദരിസഹോദരന്മാരിൽ നിന്നോ, മറ്റുള്ളവരിൽ നിന്നൊ നിങ്ങളുടെ ഹൃദയത്തിനു മുറിവേറ്റിട്ടുണ്ടെങ്കിൽ അതിനു നിങ്ങൾ സൗഖ്യം ആഗ്രഹിക്കുന്നുണ്ടോ? അതെ! ക്രിസ്തുവിൽ നിങ്ങൾക്കു സൗഖ്യമുണ്ട്. ദൈവത്തിന്റെ അനുഗ്രഹങ്ങൾ, വിതരണം ചെയ്യുന്ന പൂർണതയുള്ള മഹാപുരോഹിതനാണ് യേശു . നാം വാഗ്ദാനം പ്രാപിച്ചവരായതിനാൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ മഹാപുരോഹിതനായ ക്രിസ്തു നമുക്കു വിതരണം ചെയ്യുന്നു. അതേ ദൈവത്തിന്റെ അനുഗ്രഹങ്ങൾ വിതരണം ചെയ്യുന്ന പൂർണ്ണതയുള്ള മഹാപുരോഹിതനാണ് ക്രിസ്തു. ദൈവം തന്റെ എല്ലാ അനുഗ്രഹങ്ങളും വാഗ്ദാനങ്ങളും ഏൽപ്പിച്ചിരിക്കുന്നത് ക്രിസ്തുവിനെയാണ്. അവൻ നിങ്ങളെ അനുഗ്രഹിക്കുവാൻ മനസ്സുള്ളവനാണ്. അവന്റെ അടുത്തേക്ക് വരൂ! നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ക്രിസ്തുവിലുണ്ട്.
ഒന്നു രണ്ട് പ്രായോഗികതകൾകൂടി ചൂണ്ടിക്കാട്ടി ഞാൻ എന്റെ സന്ദേശം ഉപസംഹരിക്കാൻ ആഗ്രഹിക്കുന്നു.
ഒന്നാമതായി, യേശുക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ വിശ്വസിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ വലിയ വ്യത്യാസമുണ്ടാക്കുന്നു! മൽക്കിസേദെക്ക് എത്ര വലിയവനാണെന്ന് എബ്രായർ മനസ്സിലാക്കാത്തതിനാൽ അവർ വിശ്വാസത്തിൽ നിന്ന് വീണുപോകാനുള്ള അപകടത്തിലായിരുന്നു, അതിനാൽ മൽക്കിസേദെക്കിനെ മുൻനിഴലാക്കിയ യേശു എത്ര വലിയവനാണെന്ന് നാം മനസ്സിലാക്കണം. യേശുവിനെ നാം വിട്ടു മറ്റെവിടെപ്പോയാലും രക്ഷയുണ്ടാവുകയില്ല.
ഇന്നും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം യേശു 2000 വർഷങ്ങൽക്കുമുൻപ് ശിഷ്യന്മാരോടു ചോദിച്ച അതേ ചോദ്യം തന്നെയാണ് (മർക്കോസ് 8:27 ലും ലൂക്കോസ് 9:20-ലും) “നിങ്ങൾ എന്നെ ആരെന്ന് പറയുന്നു?” ഈയൊരു ചോദ്യം ഏതൊരു വ്യക്തിയെ സംബന്ധിച്ചും നിർണ്ണായകമായ ചോദ്യമാണ്. നിങ്ങളുടെ നിത്യമായ ഭാവി ആ ചോദ്യത്തോടുള്ള നിങ്ങളുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കുന്നു. “യേശുക്രിസ്തു എന്റെ പാപങ്ങൾക്കുവേണ്ടി ഏകയാഗമായി ക്രൂശിൽ തന്നെത്തന്നെ സമർപ്പിച്ച ദൈവപുത്രനാണ്” എന്ന് നിങ്ങൾ ഹൃദയത്തിൽ വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്താൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട്! “അവൻ ഒരു വലിയ ധാർമ്മിക ഗുരുവോ ഉപദേഷ്ടാവൊ മാതൃകയോ ആണ്” എന്നതുപോലുള്ള ഒരു ചെറിയ സ്ഥാനത്തേക്ക് നിങ്ങൾ യേശുവിനെ താഴ്ത്തിയാൽ, ന്യായവിധിക്കായി ദൈവമുമ്പാകെ നിൽക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമായ മഹാപുരോഹിതൻ നിങ്ങൾക്കുണ്ടാവുകയില്ല. യേശുക്രിസ്തുവിന്റെ ആധിപത്യത്തെ/വാഴ്ചയെ കുറച്ചു കാണിക്കുന്ന ഏതൊരു പഠിപ്പിക്കലും തെറ്റായ പഠിപ്പിക്കലാണ്!
രണ്ടാമതായി, യേശുക്രിസ്തുവിന്റെ സൗന്ദര്യത്തെയും മഹത്വത്തെയും കുറിച്ച് കൂടുതൽ അറിവ് നേടേണ്ടതിന് ദൈവത്തെ നിരന്തരം, തീക്ഷ്ണതയോടെ അവന്റെ വചനത്തിൽ അന്വേഷിക്കേണ്ട ആവശ്യമുണ്ട്. ഒരു വിശ്വാസി എന്ന നിലയിൽ പൗലോസിന്റെ ആജീവനാന്ത അന്വേഷണം, "എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചു അറിയുക എന്നതായിരുന്നു. യേശുവിന്റെ പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം താൻ സകലതും ചേതം എന്നു എണ്ണി" (ഫിലി. 3:8). കർത്താവായ യേശുക്രിസ്തുവിനെ അറിയുന്നതിനേക്കാൾ ശേഷ്ഠമായതൊന്നും പൗലോസിന്റെ ജീവിതത്തിൽ ഇല്ലായിരുന്നു.
പഴയനിയമത്തിന്റെ നിഴലുകളുമായും, ഭൗമിക പൗരോഹിത്യവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളുമായും, ക്രിസ്തുവിന്റെ മഹത്വം താരതമ്യം ചെയത് അതിന്റെ ശ്രേഷ്ടത ഹെബ്രായവിശ്വാസികൾ നന്നായി ഗ്രഹിച്ചിരുന്നുവെങ്കിൽ, അവരുടെ വസ്തുവകകളുടെ നഷ്ടം മാത്രമല്ല, മുമ്പ് അവർ വളരെ പ്രിയപ്പെട്ടതായി കരുതിയിരുന്ന അവരുടെ എല്ലാ ഭൗമിക പ്രത്യാശകളുടെ എല്ലാ നാശനഷ്ടങ്ങളും അവർ സന്തോഷത്തോടെ സഹിക്കുമായിരുന്നു. ഒരിക്കൽ ക്രിസ്തുവിനെ സ്വന്തമാക്കിയാൽ, നമ്മുടെ നിത്യമഹാപുരോഹിതൻ എന്ന നിലയിലുള്ള അവന്റെ സ്വഭാവത്തിന്റെ ഭംഗിയും അവൻ നമ്മെ പരിചയപ്പെടുത്തിയ സ്വർഗ്ഗത്തിന്റെ അനുഗ്രഹവും നാം നന്നായി അറിഞ്ഞാൽ, നമ്മെ മുറുകെ പിടിക്കുന്ന ഭൂമിയിലെ കാര്യങ്ങൾ, ഈ ഭൂമിയിലെ മതം എന്നിവയെല്ലാം തന്നെ ചവർ എന്ന് എണ്ണും.
അപ്പോൾ നിങ്ങൾ മൽക്കിസേദെക്കിനെക്കുറിച്ച് അറിയേണ്ടത് എന്തുകൊണ്ടാണെന്നു ഇപ്പോൾ ബോദ്ധ്യമായൊ? ക്രിസ്തുവിനെക്കുറിച്ച് നിങ്ങളോട് പറയാൻ ദൈവം നൽകിയ ഒരു കവാടമാണ് മൽക്കിസേദെക്ക്. കഷ്ടപ്പാടുകളും പീഡനങ്ങളും സഹിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ കുടുംബത്തിലും നിങ്ങളുടെ വ്യക്തിജീവിതത്തിലും ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്നുവെങ്കിൽ, പ്രലോഭനങ്ങളെ ചെറുത്ത് നീതിനിഷ്ഠമായ ജീവിതം നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ക്രിസ്തുവിന്റെ മഹത്വത്തിന്റെ വ്യക്തമായ ദർശനത്തിനായി അന്വേഷിക്കുക. നാം അവനിൽ ആകൃഷ്ടരാകുമ്പോൾ, "ഭൂമിയിലെ കാര്യങ്ങൾ അവന്റെ മഹത്വത്തിന്റെയും കൃപയുടെയും വെളിച്ചത്തിൽ തീരെ മങ്ങിയതായി കാണപ്പെടും."
*******