
നിത്യജീവൻ

എബ്രായലേഖന പരമ്പര-22
P M Mathew
OCT 04, 2026
A Better Hope!
ഒരു മികച്ച പ്രത്യാശ !
Hebrews 7:11-19
എബ്രായലേഖനം 7:11–19
"11 ലേവ്യപൌരോഹിത്യത്താൽ സമ്പൂർണ്ണത വന്നെങ്കിൽ — അതിൻ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം? 12 പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നുംകൂടെ മാറ്റം വരുവാൻ ആവശ്യം. 13 എന്നാൽ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല. 14 യെഹൂദയിൽനിന്നു നമ്മുടെ കർത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല. 15 ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറെ ഒരു പുരോഹിതൻ 16 മൽക്കീസേദെക്കിന്നു സദൃശനായി ഉദിക്കുന്നു എങ്കിൽ അതു ഏറ്റവും അധികം തെളിയുന്നു.
17 നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു. 18 മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം 19 നീക്കവും — ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു."
കേന്ദ്രാശയം
ദൈവസന്നിധിയോടു നമ്മേ അടുപ്പിക്കുന്നതിനു ഫലപ്രദമല്ലാതിരുന്ന പഴയനിയമ ഉടമ്പടിയെ മാറ്റി യേശുക്രിസ്തുവിലൂടെ ഒരു പുതിയ ഉടമ്പടിയെ എങ്ങനെ സ്ഥാപിച്ചിരിക്കുന്നു എന്നതാണ് .
മതപാരമ്പര്യങ്ങൾ മാറ്റുക എന്നത് തികച്ചും ബുദ്ധിമുട്ടേറിയ സംഗതിയാണ്; കാരണം അവയെ ദൈവം നിയമിച്ചുവെന്ന് ആളുകൾ നിർബന്ധം പിടിക്കുന്നു. ക്രിസ്തുവിന്റെ കാലത്തിന് ഏകദേശം 15 നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവം മോശൈക ന്യായപ്രമാണത്തിന്റെ പാരമ്പര്യങ്ങളും ആചാരങ്ങളും നിയമിച്ചുവെന്ന് യഹൂദന്മാർ ശരിയായി വിശ്വസിച്ചു. യഹൂദ സംസ്കാരത്തിന്റെ കേന്ദ്രം ന്യായപ്രമാണമായിരുന്നു. ശബ്ബത്ത് ആരാധനയെയും വാർഷിക ഉത്സവങ്ങളെയും ചുറ്റിപ്പറ്റിയായിരുന്നു അവരുടെ ജീവിതം. ദേവാലയത്തിലെ ആരാധനയ്ക്ക് മേൽനോട്ടം വഹിച്ചത് പുരോഹിതന്മാരും ലേവ്യരും ആയിരുന്നു. ആചാരപരമായ ശുദ്ധീകരണത്തിനായുള്ള യാഗങ്ങളും നിയമങ്ങളും എല്ലാം ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിരുന്നു. ഈ നിയമങ്ങളും പാരമ്പര്യങ്ങളും ആഴത്തിൽ വേരൂന്നിയതായിരുന്നു!
ഈ ആചാരങ്ങളുടെ സാധുതയെ വെല്ലുവിളിക്കുന്നത് നിങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്നതിന് തുല്യമായിരുന്നു! ആദ്യത്തെ ക്രിസ്ത്യൻ രക്തസാക്ഷിയായ സ്തേഫാനോസിനെതിരെ ആളുകൾ ആരോപിച്ചു, “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു; 14 ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവൻ പറയുന്നതു ഞങ്ങൾ കേട്ടു ” (പ്രവൃത്തികൾ 6:13-14). അപ്പൊ. പൗലോസിന്റെ എതിരാളികളുടെ ആക്രോശം ഇപ്രകാരമായിരുന്നു: “ഇവൻ ആകുന്നു (നമ്മുടെ) ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ;” (പ്രവൃത്തികൾ 21:28). ക്രിസ്തുവിൽ വിശ്വാസം പ്രകടിപ്പിച്ച നിരവധി യഹൂദന്മാർ പോലും ഇപ്പോഴും “ന്യായപ്രമാണത്തിനുവേണ്ടി തീക്ഷ്ണതയുള്ളവരായിരുന്നു” (പ്രവൃത്തികൾ 21:20). അപ്പൊസ്തലപ്രവൃത്തികളുടെ പുസ്തകത്തിൽ നിന്നാണല്ലൊ നാം കുറച്ചു നാളുകളായി ബാബുച്ചായനിൽ നിന്നും കേട്ടുകൊണ്ടിരുന്നത്. അതിൽ അപ്പോസ്തലന്മാർ യെഹൂദന്മാരിൽ നിന്നു നേരിട്ട ഉപദ്രവങ്ങളെക്കുറിച്ചും പീഡനത്തെക്കുറിച്ചും നാം ധാരാളം കേട്ടു. ഇനിയും കൂടുതൽ കേൾക്കാനിരിക്കുന്നു. അപ്പോൾ പഴയതിൽ നിന്നും പുതിയതിലേക്കുള്ള മാറ്റത്തിലെ പ്രതിസന്ധികൾ എന്താണെന്ന് ഇത് വ്യക്തമാക്കുന്നു.
യെഹൂദന്മാരുമായി അഭേദ്യമായി ബന്ധപ്പെട്ടിരുന്ന ന്യായപ്രമാണവും-ലേവ്യ പൗരോഹിത്യവും ഇപ്പോൾ കാലഹരണപ്പെട്ടിരിക്കുന്നു. അവക്കു പകരം യേശുവിന്റെ വളരെ മികച്ച പുതിയ ഉടമ്പടിയും പൗരോഹിത്യവും നിലവിൽ വന്നിരിക്കുന്നു. ഇക്കാര്യം തന്റെ യെഹൂദ ക്രിസ്തീയ വായനക്കാരെ ബോദ്ധ്യപ്പെടുത്തുക എന്ന അത്യന്തം ദുഷ്ക്കരമായ ദൗത്യമാണ് എബ്രായലേഖനകാരൻ തന്റെ ലേഖനത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട്, ന്യായപ്രമാണത്തെക്കുറിച്ച് അദ്ദേഹം ചില സമൂലമായ പ്രസ്താവനകൾ നടത്തുന്നു: അത് ദുർബലവും ഉപയോഗശൂന്യവുമാണ്; അത് യാതൊന്നിനെയും പൂർണ്ണതയുള്ളതാക്കിയില്ല (7:18, 19). ഈ പ്രശ്നങ്ങൾ കാരണം, ന്യായപ്രമാണം മാറ്റിവെച്ചിരിക്കുന്നു (7:12, "പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നുംകൂടെ മാറ്റം വരുവാൻ ആവശ്യം"). യഹൂദമതത്തിനും ക്രിസ്തുമതത്തിനും ഇടയിൽ അദ്ദേഹം ഒരു വ്യക്തമായ വിഭജന രേഖ വരയ്ക്കുന്നു. അതിനു കാരണം, പീഡനം മൂലം ഹെബ്രായ വിശ്വാസികളിൽ ചിലർ, പഴയ യെഹൂദാ മതത്തിലേക്ക്, അത് മതിയെന്ന മട്ടിൽ, തിരികെ പോകാൻ തയ്യാറെടുക്കുന്നു. എന്നാൽ എബ്രായലേഖനകാരൻ അവർ തിരികെ പോകാൻ ഒട്ടും ആഗ്രഹിച്ചില്ല. വിശ്വാസത്തിനു വേണ്ടി അവർ പീഡനം ഏൽക്കേണ്ടി വന്നാലും, അവർ വിശ്വാസത്തിൽ നിലനിൽക്കണം. യേശു ഉള്ള ബോട്ടിൽതന്നെ അവർ യാത്ര തുടരണം, കാരണം "ദൈവത്തോട് അടുക്കുന്നതിനുള്ള ഒരു നല്ല പ്രത്യാശ" യേശു നൽകിയിരിക്കുന്നു (7:19).
ഇപ്പോൾ എനിക്കു ചോദിക്കുവാനുള്ള ഒരു ചോദ്യം, നിങ്ങളുടെ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുന്നതിനു എത്രത്തോളം പ്രലോഭനം അഥവാ പീഡനം മതിയാകും? ചില്ലറ സാമ്പത്തികനേട്ടത്തിനുവേണ്ടി, അതല്ലെങ്കിൽ ഒരു പ്രേമ സാഫല്യത്തിനുവേണ്ടി ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം ത്യജിക്കുമൊ?
എബ്രായലേകഖനകാരന്റെ ഇവിടുത്തെ പ്രസ്താവന വിപ്ലവകരമായ പ്രസ്താവന ആയിരുന്നു. ദൈവവുമായി സന്ധിക്കുവാൻ, തങ്ങൾക്ക് അതിവിശുദ്ധ സ്ഥലത്തേക്ക് കടക്കാൻ കഴിയില്ലെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാമായിരുന്നു! ദൈവം അവരെ നശിപ്പിക്കാതിരിക്കാൻ, ദൈവത്തിൽ നിന്ന് ആരാധകരെ അകറ്റി നിർത്തുന്നതിനാണ് ലേവ്യ സമ്പ്രദായം രൂപകൽപ്പന ചെയ്തിരുന്നത്. മഹാപുരോഹിതന് മാത്രമേ അതിവിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയൂ, അതും വർഷത്തിൽ ഒരിക്കൽ, മഹാപാപപരിഹാര ദിനത്തിൽ മാത്രം. അതിനാൽ, യേശുവിലൂടെ നാം ദൈവത്തോട് അടുക്കണമെന്ന് രചയിതാവ് ആവർത്തിച്ചു പറയുന്നു (4:14-16; 6:19-20; 7:19; 10:19-22). യഹൂദ പശ്ചാത്തലത്തിൽ നിന്നുള്ളവർക്ക് ഇത് ഞെട്ടിപ്പിക്കുന്ന ഒരു ആശയമായിരുന്നു. നമ്മുടെ ഈ വേദഭാഗത്ത് എബ്രായലേഖനകാരൻ ഇപ്രകാരം വാദിക്കുന്നു. യേശുവിന്റെ പുതിയ ഉടമ്പടിയും പൗരോഹിത്യവും ന്യായപ്രമാണത്തെക്കാളും ലേവ്യ പൗരോഹിത്യത്തെക്കാളും ശ്രേഷ്ഠമാണ്, കാരണം അവ നമുക്ക് ദൈവത്തോട് അടുക്കാനുള്ള വഴി തുറന്നു തരുന്നു.
ഇതൊരു സമൂലമാറ്റത്തിനു വഴിവെക്കുന്നതാകയാൽ, രചയിതാവ് ഇവിടെ ഒരു കർശനമായ വാദം അവതരിപ്പിക്കുകയാണ്. അതിനാൽ ഈ വേദഭാഗം സൂക്ഷ്മമായി പിന്തുടരേണ്ട ആവശ്യമുണ്ട്. ഈ വേദഭാഗത്തെ ഞാൻ രണ്ട് ഭാഗങ്ങളായി തിരിക്കുന്നു; 11-14 വരേയും ഒന്നാം ഭാഗം, 15-19 വരെ രണ്ടാം ഭാഗം.
ഒന്നാമത്തെ ഭാഗത്ത്, (11-14 വരെ) ന്യായപ്രമാണത്തിന്റെയും ലേവ്യ പൗരോഹിത്യത്തിന്റെയും താഴ്ന്ന നിലവാരത്തെക്കുറിച്ച് അദ്ദേഹം വാദിക്കുന്നു, അതിന്നു ആരെയും പൂർണ്ണരാക്കാൻ കഴിയുകയില്ല.
രണ്ടാമത്തെ ഭാഗത്ത്, അതായത്, 7:15-19-ൽ, ദൈവത്തോട് അടുക്കാൻ നമ്മെ പ്രാപ്തരാക്കുന്ന മെൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള പുതിയ ഉടമ്പടിയുടെയും യേശുവിന്റെ പൗരോഹിത്യത്തിന്റെയും ശ്രേഷ്ഠതയെക്കുറിച്ച് അദ്ദേഹം വാദിക്കുന്നു. പുതിയ ഉടമ്പടി മൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ളതും ശ്രേഷ്ടവും ദൈവത്തോട് അടുപ്പിക്കുവാൻ മതിയായതുമാണ്.
1. ആരെയും പൂർണ്ണരാക്കുവാൻ കഴിയാത്തതിനാൽ ന്യായപ്രമാണവും ലേവ്യ പൗരോഹിത്യവും താഴ്ന്ന നിലവരം പുലർത്തുന്നു (7:11-14).
ഇതൊരു comparative statement ആണ്. മനുഷ്യനെ നീതീകരിക്കുന്ന വിഷയത്തോടുള്ള ബന്ധത്തിൽ, പുതിയ നിയമവുമായി തുലനം ചെയ്യുമ്പോൾ പഴയനിയമം താഴ്ന്ന നിലവാരം പുലർത്തുന്നു.
എബ്രായലേഖനത്തിലുടനീളം perfection/പൂർണ്ണത എന്ന ആശയം രചയിതാവ് ഊന്നിപ്പറയുന്നു. പൂർണ്ണത എന്നാൽ, ഒരു ന്യൂനതയോ ബലഹിനതയോ ഇല്ലാതിരിക്കുക എന്നല്ല അർത്ഥം. "മനുഷ്യനെ ദൈവത്തിന് സ്വീകാര്യരാക്കിത്തീർക്കുന്ന അവസ്ഥയെ" ആണ് ഇത് സൂചിപ്പിക്കുന്നത്. (ലിയോൺ മോറിസ്). "ആരെയെങ്കിലും ദൈവമുമ്പാകെ വരാനോ നിൽക്കാനോ കഴിയുന്ന സ്ഥാനത്ത് നിർത്തുക" (ഗെർഹാർഡ് ഡെല്ലിംഗ്). ഇതാണ് പൂർണ്ണത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നമ്മളാരും ഒരു കുറവും ഇല്ലാത്തതുകൊണ്ടല്ല, പ്രത്യുത ക്രിസ്തുവിൽ പൂർണ്ണരായതുകൊണ്ടാണ് ദൈവസന്നിധിയോട് അടുക്കുവാൻ നമുക്കു കഴിയുന്നത്. ന്യായപ്രമാണം വെച്ചു നമ്മേത്തന്നെ പരിശോധിച്ചാൽ, യെശയ്യാപ്രവാചകൻ പറയുന്നതുപോലെ, "മുറിവും ചതവും പഴുത്തവ്രണവും മാത്രമേ " കാണാൻ കഴിയു (1:6). ന്യായപ്രമാണത്തിന് നമ്മേ പൂർണ്ണരാക്കാൻ കഴിഞ്ഞില്ല എന്ന് രചയിതാവ് (7:11, 19; 9:9; 10:1) എന്നിവിടങ്ങളിൽ ആവർത്തിച്ച് പറയുന്നു. എന്നാൽ ന്യായപ്രമാണത്തിന് ചെയ്യാൻ കഴിയാത്തത് ക്രിസ്തു ചെയ്തു: "ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു" (10:14). യേശു തന്റെ ഏകയാഗത്താൽ വിശുദ്ധീകരിക്കപ്പെടുന്നവരെ എന്നെന്നേക്കുമായി സൽഗുണപൂർണ്ണരാക്കിയിരിക്കുന്നു".
ന്യായപ്രമാണത്തിന്റെയും ലേവ്യ പൗരോഹിത്യത്തിന്റെയും താഴ്ന്ന നിലവാരത്തെ തുറന്നു കാണിക്കുവാൻ ലേഖനകാരൻ മൂന്ന് വാദഗതികളാണ് ഉന്നയിക്കുന്നത്. ഒന്നാമത്തെ പോയിന്റിന്റെ മൂന്ന് സബ്പോയിന്റുകളായി ഞാനിത് വ്യക്തമാക്കാം.
A. ലേവ്യ പൗരോഹിത്യ ശുശ്രൂഷാക്രമം സമ്പൂർണ്ണമായി രുന്നെങ്കിൽ, മെൽക്കിസെദെക്കിന്റെ ക്രമപ്രകാരമുള്ള മറ്റൊരു പുരോഹിത ശുശ്രൂഷാക്രമത്തെക്കുറിച്ച് ദൈവം പ്രവചിക്കുമായിരുന്നില്ല (7:11 വായിക്കാം).
"ലേവ്യപൌരോഹിത്യത്താൽ സമ്പൂർണ്ണത വന്നെങ്കിൽ — അതിൻ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം?"
(7:11).
ഒരു ചോദ്യരൂപത്തിലാണ് താൻ ഇക്കാര്യം ഉന്നയിക്കുന്നത്.മോശയുടെ ന്യായപ്രമാണത്തെയും അതിൽ അനുശാസിച്ചിരുന്ന ബലിയർപ്പണ വ്യവസ്ഥയെയും യഹൂദന്മാർ അതിവിശുദ്ധവും മാറ്റം വരുത്താൻ പാടില്ലാത്തതുമായ ഒന്നായാണ് കരുതിയിരുന്നത്. ന്യായപ്രമാണത്തിന്റെ ഹൃദയഭാഗമായ ബലിയർപ്പണ വ്യവസ്ഥയ്ക്ക് പുരോഹിതന്മാരില്ലാതെ പ്രവർത്തിക്കാൻ കഴിയുമായിരുന്നില്ല. ന്യായപ്രമാണത്തിന്റെ അടിസ്ഥാനം തന്നെ പുരോഹിത ശുശ്രൂഷയായിരുന്നു. ഈ പൗരോഹിത്യശുശ്രൂഷ ആരംഭിക്കുന്നതിനു വളരെ മുൻപാണ് അബ്രാഹവും മെൽക്കിസെദേക്കുമായുള്ള കൂടിക്കാഴ്ച നടന്നത്. അതുകൊണ്ട് ഇതു പറയുമ്പോൾ ഒരു യെഹൂദന്റെ മനസ്സിൽ ഉണ്ടാകാവുന്ന ന്യായമായ ചോദ്യം: "മെൽക്കിസെദെക്ക് അബ്രഹാമിനെ കണ്ടുമുട്ടി ഏകദേശം 500 വർഷങ്ങൾക്ക് ശേഷമാണ് മോശയുടെ ന്യായപ്രമാണവും ലേവ്യ പുരോഹിത ശുശ്രൂഷയും നിലവിൽ വന്നത്. അബ്രഹാമുമായുള്ള മെൽക്കിസെദെക്കിന്റെ ശുശ്രൂഷ ഒരു പ്രത്യേക സന്ദർഭത്തിൽ മാത്രം നടന്ന ഒന്നായിരുന്നെങ്കിൽ, ലേവ്യ പുരോഹിത ശുശ്രൂഷ നൂറ്റാണ്ടുകളോളം നിലനിന്ന ഒന്നാണ്. അങ്ങനെയെങ്കിൽ, ലേവ്യ പുരോഹിത ശുശ്രൂഷയേക്കാൾ ശ്രേഷ്ഠമാണ് മെൽക്കിസെദെക്കിന്റെ പുരോഹിത ശുശ്രൂഷ എന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും?" ഈയൊരു സംശയം നമ്മുടെ മനസ്സിലും വരാം. കാരണം ഉൽപ്പത്തി 14-ൽ കേവലം മൂന്നു വാക്യങ്ങളിൽ വിവരിച്ചിരിക്കുന്ന ഒരു സംഭവമാണ് അബ്രാഹവും മൽക്കിസെദേക്കുമായുള്ള കൂടിക്കാഴ്ച (14:18-20). എന്നാൽ ലേവ്യാപൗരോഹിത്യത്തെക്കുറിച്ചും യാഗങ്ങളെക്കുറിച്ചു മൊക്കെ വളരെ ദീർഘമായി പ്രതിപാദിക്കയും വർഷങ്ങളായി ആചരിച്ചു പോരുകയും ചെയ്തിരുന്നതാണ്. അതുകൊണ്ട് ലേവ്യ പുരോഹിത ശുശ്രൂഷയേക്കാൾ ശ്രേഷ്ഠമാണ് മെൽക്കിസെദെക്കിന്റെ പുരോഹിത ശുശ്രൂഷ എന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും?"
ഈ എതിർപ്പിനെ എബ്രായലേഖനകാരൻ പ്രതിരോധിക്കുന്നത് ഇപ്രകാരമാണ്; ലേവ്യ പുരോഹിത ശുശ്രൂഷ അതിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ദാവീദ് 110-ാം സങ്കീർത്തനം എഴുതിയത്. ആ സങ്കീർത്തനത്തിലെ ചില വാക്യങ്ങളാണ് തന്റെ വാദത്തെ ന്യായികരിക്കുന്നതിനായി ലേഖനകാരൻ ഉദ്ധരിക്കുന്നത്. അത് മശിഹായെക്കുറിച്ചുള്ള പ്രവചനമാണെന്ന് യെഹൂദന്മാർ വിശ്വസിച്ചിരുന്നു. സങ്കീർത്തനം 110 ന്റെ 1 ഉം 4 ഉം വാക്യങ്ങൾ നമുക്കു നോക്കാം: "1യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക... 4 നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല." ഈ സങ്കീർത്തനത്തിൽ, ദൈവത്തിന്റെ വലതുഭാഗത്ത് രാജാവായി ഇരിക്കുന്ന വ്യക്തി മെൽക്കിസെദെക്കിന്റെ ക്രമപ്രകാരമുള്ള ഒരു പുരോഹിതൻ കൂടിയായിരിക്കുമെന്ന് ദാവീദ് പ്രവചിക്കുന്നു. അതായത്, ഒരേസമയം രാജാവും പുരോഹിതനുമായ വ്യക്തി ആയിരിക്കും മശിഹ എന്നത്. അതിനാൽ ലേഖകന്റെ വാദം ഇതാണ്: ലേവ്യ പുരോഹിത ശുശ്രൂഷയും ന്യായപ്രമാണവും മതിയായതായിരുന്നുവെങ്കിൽ, മെൽക്കിസെദെക്കിന്റെ ക്രമപ്രകാരമുള്ള ഈ പുതിയ പുരോഹിതനെക്കുറിച്ച് ദൈവം എന്തിന് പ്രവചിക്കണം?
ലേഖനകാരന്റെ രണ്ടാമത്തെ വാദഗതി, ന്യായപ്രമാണവും പൗരോഹിത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ പൗരോഹിത്യം മാറുമ്പോൾ ന്യായപ്രമാണവും മാറണം എന്നതാണ്.
B. ന്യായപ്രമാണവും പൗരോഹിത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ പൗരോഹിത്യം മാറുമ്പോൾ ന്യായപ്രമാണവും മാറണം (7:12 വായിക്കാം).
"12 പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നുംകൂടെ മാറ്റം വരുവാൻ ആവശ്യം."
11-ാം വാക്യത്തിൽ, പൗരോഹിത്യത്തിന്റെ മാറ്റത്തെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ, ഇവിടെ ന്യായപ്രമാണത്തിന്റെ മാറ്റത്തെക്കുറിച്ചാണ് പറയുന്നത്. അതായത്, പൗരോഹിത്യം മാറിയാൽ ന്യായപ്രമാണവും മാറണം. ഇതും മനസ്സാക്ഷിയുള്ള ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. കാരണം, മോശയുടെ ന്യായപ്രമാണം യഹൂദ മതത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനശിലയായിരുന്നു. അപ്പോൾ ന്യായപ്രമാണം മാറ്റുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ സംസാരിക്കാൻ കഴിയും? എന്നാൽ ന്യായപ്രമാണവും ലേവ്യ പൗരോഹിത്യവും വളരെ അടുത്ത ബന്ധമുള്ളതിനാൽ ന്യായപ്രമാണം മാറ്റാതെ പൗരോഹിത്യത്തെ മാറ്റാൻ കഴിയില്ലെന്ന് രചയിതാവ് വാദിക്കുന്നു.
ഇത് തിരുവെഴുത്തിലെ ഏറ്റവും വിഷമകരമായ ദൈവശാസ്ത്രപരമായ വിവാദങ്ങളിൽ ഒന്നിലേക്ക് നമ്മെ തള്ളിവിടുന്നു, പഴയനിയമത്തിലെ കൽപ്പനകളും ചട്ടങ്ങളും നാം അനുസരിക്കേണ്ടതുണ്ടോ? പുതിയനിയമ വിശ്വാസികൾക്ക് പഴയനിയമം എങ്ങനെയാണ് ബാധകമായിരിക്കുക?
അനേകം പണ്ഡിതന്മാർ വളരെ മഷി ചെലവാക്കിയിട്ടുള്ള ഒരു വിഷയമാണിത്. അവരിൽ ചിലരുടെ പേരുകൾ മാത്രം പറയാൻ ആഗ്രഹിക്കുന്നു: John Calvin, Francis Turretin, Douglas Moo, Wayne Strickland, F F Bruce, John Piper, D A Carson തുടങ്ങി പല പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്. ഇവരിൽ Dispensationalist കളുണ്ട്, Reformed Luthern കാരുണ്ട്.
ഇന്നത്തെ വിശ്വാസികൾക്ക് ന്യായപ്രമാണം വളരെയധികം ബാധകമാണെന്ന ദൈവശാസ്ത്ര വീക്ഷണം അവരിൽ ചിലർ വെച്ചു പുലർത്തുന്നു. മറ്റുചിലർ പുതിയനിയമ വിശ്വാസികൾ പഴയ നിയമത്തിന് കീഴിലല്ല, കൃപക്കു കീഴിലാണ് എന്ന വീക്ഷണം മുറുകെ പിടിക്കുന്നു.
റിഫോംഡ് സർക്കിളിൽ തന്നെയുള്ള ചിലർ മോശയുടെ ന്യായപ്രമാണത്തെ പൊതുവെ മൂന്നായി തരം തിരിച്ചിരിക്കുന്നു: സിവിൽ നിയമം (ദൈവഭരണത്തിൻ കീഴിലുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ ഇസ്രായേലിനുള്ള നിയമം), ആരാധനാപരമായ ചട്ടങ്ങൾ (ceremonial law), ധാർമ്മിക നിയമം (Moral law) എന്നിങ്ങനെയാണ് ആ തരം തിരിവ്. ആദ്യത്തെ രണ്ട് വിഭാഗങ്ങൾ, അതായത്, സിവിൾ നിയമത്തിനും, ആരാധനാപരമായ ചട്ടങ്ങൾക്കും (ceremonial law), ഇന്ന് നാം വിധേയരല്ലെന്നും, എന്നാൽ ദൈവത്തിന്റെ ധാർമ്മിക നിയമം (Moral law) അവിടുത്തെ വിശുദ്ധ സ്വഭാവത്തിൽ നിന്ന് ഉത്ഭവിക്കുന്നതിനാൽ അത് എപ്പോഴും നിലനിൽക്കുന്നതാണെന്നും അവർ പഠിപ്പിക്കുന്നു. പത്തു കല്പനകളെ ധാർമ്മിക നിയമത്തിന്റെ സംഗ്രഹമായാണ് അവർ കാണുന്നത്; "ദൈവത്തെ സ്നേഹിക്കുക" (1-4 കല്പനകൾ), "അയൽക്കാരനെ സ്നേഹിക്കുക" (5-10 കല്പനകൾ). ഈ രണ്ട് വലിയ കല്പനകളുടെ പ്രായോഗിക തലങ്ങളാണ് ബാക്കി ഭാഗങ്ങളിൽ വിവരിച്ചിരിക്കുന്നത്.
എന്നാൽ എഫ്. എഫ്. ബ്രൂസ്, John Piper, D A Carson എന്നിവർ ന്യായപ്രമാണത്തിലെ ഈ തരംതിരിവിനെ നിഷേധിക്കുന്നു. സിവിൽ നിയമം, ആചാരപരമായ ചട്ടങ്ങൾ, ധാർമ്മിക നിയമം എന്നീ വശങ്ങൾ ബൈബിൾപരമായ വ്യത്യാസങ്ങളല്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. യഹൂദന്മാർ ന്യായപ്രമാണത്തെ ഒരു unit ആയി കണ്ടു. നിങ്ങൾക്ക് അതിനെ വിവിധ വിഭാഗങ്ങളായി വേർതിരിക്കാൻ കഴിയില്ല. ക്രിസ്ത്യാനികൾ പഴയനിയമം അക്ഷരാർത്ഥത്തിൽ ഒരു നിയമസംഹിതയായോ രക്ഷ നേടാനുള്ള ഒരു മാർഗമായോ അനുസരിക്കേണ്ടതില്ല, (R) കാരണം യേശുക്രിസ്തു നിയമം നിറവേറ്റുകയും ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുകയും ചെയ്തു.
ഡി.എ. കാർസൺ പഴയനിയമത്തെ ഏകീകൃതവും ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു കഥാഗതിയായി കാണുന്നു. മാത്രവുമല്ല, അതിനെ വിഭജിക്കുവാൻ കഴിയില്ലെന്നും ദൈവാത്മ പ്രേരിതവുമായ ഒരു പുസ്തകമാണെന്നും വാദിക്കുന്നു. അത് ആത്യന്തികമായി യേശുക്രിസ്തുവിൽ അതിന്റെ പൂർത്തീകരണവും പാരമ്യവും കണ്ടെത്തുന്നു.
പഴയനിയമത്തിലെ ബലികൾ, ദേവാലയം, പുരോഹിത ശുശ്രൂഷ, പെസഹ തുടങ്ങിയ സ്ഥാപനങ്ങളും വ്യക്തികളും സംഭവങ്ങളും ക്രിസ്തുവിലേക്ക് വിരൽചൂണ്ടുന്ന അടയാളങ്ങളോ മുൻനിഴലുകളോ (typological foreshadowing) ആണ്.
പുതിയനിയമ എഴുത്തുകാർ പഴയനിയമത്തെ കാലഘട്ടത്തിനു അനുയോജ്യവും അന്ത്യകാല വീക്ഷണവും (eschatological perspective) ഉൾക്കൊള്ളുന്ന ഒരു കാഴ്ചപ്പാടിലൂടെയാണ് സമീപിച്ചതെന്ന് അദ്ദേഹം വാദിക്കുന്നു. മാറ്റമില്ലാത്തതോ കാലഘട്ടത്തിന് അനുയോജ്യമല്ലാത്തതോ ആയ ഒരു ചട്ടക്കൂട് അതിൽ അടിച്ചേൽപ്പിക്കുന്നതിന് പകരം, യേശുവിലൂടെ സാക്ഷാത്കരിക്കപ്പെടുന്ന ഭാവിയിലെ പൂർണ്ണതയെയും പുതിയ ഉടമ്പടിയെയും പഴയനിയമം മുൻകൂട്ടി കാണുന്നു.
രക്ഷചരിത്രത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്, രക്ഷാകര പദ്ധതിയുടെ പൂർണ്ണരൂപം, പൂർണ്ണമായ വെളിപ്പാടുകളുടെ അഭാവം മൂലം, പഴയനിമയവിശ്വാസികൾക്കു ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽകൂടി, ദൈവത്തിന്റെ വാഗ്ദാനങ്ങളിലും കരുണയിലും ആശ്രയിച്ചുകൊണ്ട് വിശ്വാസത്താലും കൃപയാലുമാണ് പഴയനിയമ കാലഘട്ടത്തിലെ വിശ്വാസികൾ രക്ഷ പ്രാപിച്ചത്.
പഴയനിയമം ദൈവത്തിന്റെ സത്യവും തെറ്റുകളില്ലാത്തതുമായ വചനമാണെന്ന് കാർസൺ വിശ്വസിക്കുന്നു; കാരണം എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാണ്. പുതിയനിയമവുമായി പഴയനിയമത്തിനുള്ള ബന്ധം തിരിച്ചറിഞ്ഞുകൊണ്ട്, പഴയനിയമത്തിലെ വചനങ്ങളെ അവയുടെ യഥാർത്ഥ ചരിത്രപരമായ പശ്ചാത്തലത്തിൽ ശ്രദ്ധാപൂർവ്വം മനസ്സിലാക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം വാദിക്കുന്നു. ഈ ആശയത്തോടു ഞാനും യോജിക്കുന്നു.
ഈ വിഷയത്തിൽ കൂടുതൽ പഠിക്കാനാഗ്രഹിക്കുന്നവർ Dr Jason S. DeRouchie എഴുതിയ How to understand and Apply the Old Testament എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും. അദ്ദേഹം Southern Baptist Theological Seminary യിൽ നിന്നും Doctorate എടുത്തിട്ടുള്ള വ്യക്തിയും Bethlehem College of Seminary യിൽ Old Testament & Biblical Theology Professor ഉം ആണ്. 1439 പേജുള്ള ഒരു പുസ്തകമാണിത്. പഴയനിയമപുസ്തകങ്ങളെല്ലാം തന്നെ അതിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ കുറച്ചു ഭാഗം വായിക്കുവാൻ എനിക്കു കഴിഞ്ഞു.
അതിൽ പഴയനിയമവും പുതിയനിയമവും തമ്മിലുള്ള ബന്ധത്തെ കാണിക്കുവാൻ കൊടുത്തിരിക്കുന്ന ഒരു illustration ഇപ്രകാരമാണ്. ഒരു നദിയുടെ ഇരുകരകളെ സങ്കൽപ്പിക്കുക. ഈ നദിയുടെ അപ്പുറത്തും ഇപ്പുറത്തുമായുള്ള കരകളെ പഴയനിയമവും പുതിയനിയമവുമായി പരിഗണിക്കുക. ഈ നദിയുടെ ഒരു കരയിൽ നിന്നും മറ്റെ കരയിലെത്തുന്നത് യേശു എന്ന പാലത്തിലൂടെയാണ്. എന്നാൽ ഈ നദിക്ക് പലസ്ഥലത്തും പല വീതിയാണുള്ളത്. ചിലയിടത്ത് വീതി കുറവായിരിക്കും, ചില സ്ഥലത്ത് വീതി കൂടുതലായിരിക്കും. നിയമത്തിന്റെ സ്വഭാവമനുസരിച്ച് പാലത്തിന്റെ നീളവും, മോശെയുടെ പ്രത്യേക നിയമത്തിൽ നിന്നുള്ള അകലവും മാറിക്കൊണ്ടിരിക്കും. എങ്കിലും യേശു എന്ന പാലമില്ലാതെ ആർക്കും കുറുകെ കടക്കാൻ കഴിയുകയില്ല. എന്നാൽ നദിയുടെ ചില ഭാഗങ്ങൾ ഒരേ വീതിയിൽ ഒഴുകുന്നതിനാൽ കരകൾ സമാന്തരമാണ് (അകലം ത്യല്യമാണ്). ഉദാഹരണം പത്തുകൽപ്പനകൾ. അതായത്, കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവ, ദൈവിക സ്വഭാവത്തിൽ നിന്നുളവാകുന്ന കൽപ്പനകളാകയാൽ അവ അതേപടി പുതിയനിയമത്തിൽ ആവർത്തിച്ചിരിക്കുന്നതു കാണാം. പിന്നെ സ്ത്രീ-പുരുഷ വ്യത്യാസം, അതും പഴയനിയമത്തിലും പുതിയനിയമത്തിലും ഒരുപോലെയാണ്. ഇന്ന് ലോകം കൊട്ടിഘോഷിക്കുന്ന LGBTQ എന്നീ വിഭാഗങ്ങളൊന്നും പുതിയനിയമത്തിലൊ പുതിയനിയമത്തിലൊ ഉള്ളതല്ല. അതിൽ ആണും പെണ്ണും എന്ന വ്യത്യാസം മാത്രമെയുള്ളു. എന്നാൽ 10 കൽപ്പനകൾ യേശുവിൽ കൂടിയല്ലാതെ അവയെ നിവൃത്തിച്ചതായി കാണാൻ നമുക്കു കഴിയുകയില്ല. വളരെ കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. അതൊന്നും വിശദീകരിക്കാനുള്ള സമയമില്ലാത്തതുകൊണ്ട് ഞാൻ അതിലേക്കു കടക്കുന്നില്ല. ഇനി നമുക്കു ഒന്നാമത്തെ പോയിന്റിന്റെ മൂന്നാമത്തെ വാദഗതി എന്താണെന്നു നോക്കാം.
1c. മെൽക്കീസേദെക്കും യേശുവും വ്യക്തമായും ലേവി ഗോത്രത്തിൽ നിന്നുള്ളവരല്ല, അതിനാൽ ഒരു പുതിയ പൗരോഹിത്യക്രമത്തെ അവർ പ്രതിനിധീകരിക്കുന്നു (7:13-14).
"13 എന്നാൽ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല. 14 യെഹൂദയിൽനിന്നു നമ്മുടെ കർത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല."
എല്ലാവർക്കും അറിയാവുന്ന കാര്യം രചയിതാവ് ഇവിടെ പറയുന്നു, യേശു ലേവി ഗോത്രത്തിൽ നിന്നല്ല, മറിച്ച് യഹൂദ ഗോത്രത്തിൽ നിന്നാണ് വന്നതെന്ന്. കൂടാതെ അദ്ദേഹം യേശുവിനെ "നമ്മുടെ കർത്താവ്" എന്ന് വിളിക്കുന്നു. അതായത്, യേശു വെറുമൊരു മനുഷ്യ പുരോഹിതനല്ല, മറിച്ച് അവൻ "നമ്മുടെ കർത്താവ് ആണ്, അല്ലെങ്കിൽ മനുഷ്യശരീരത്തിലുള്ള ദൈവമാണ്. യേശുവിനെ സംബന്ധിച്ചുള്ള ഈ തിരിച്ചറിവ് പ്രധാനമാണ്. അതായത്, യേശു ജഡത്തിൽ പ്രത്യക്ഷപ്പെട്ട ദൈവമാണ്.
ലേവ്യാപൗരോഹിത്യകമത്തിലല്ലാത്ത മറ്റൊരു ക്രമത്തിൽ, അതായത് മെൽക്കീസേദെക്കിന്റെ ക്രമത്തിൽ, ഉദിച്ച വ്യക്തിയാണ് യേശുക്രിസ്തു. "ഉദിക്കുക" എന്ന പ്രയോഗം ഒരു മശീഹൈക പ്രയോഗമാണ്. മെൽക്കീസേദെക്കിന്റെ ക്രമപ്രകാരം യേശു നമ്മുടെ രാജാവും പുരോഹിതനുമാണ്. പഴയ ലേവ്യ ക്രമം മാറ്റിവച്ചിരിക്കുന്നു.
അപ്പോൾ 7:11-14 വരെയുള്ള വേദഭാഗത്തിന്റെ മൊത്തത്തിലുള്ള പോയിന്റ്, ന്യായപ്രമാണവും ലേവ്യ പൗരോഹിത്യവും ആരെയും പൂർണ്ണരാക്കാൻ കഴിയാത്തതിനാൽ അവ താഴ്ന്ന നിലവാരം പുലർത്തുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ വായനക്കാർ ക്രിസ്ത്യാനിറ്റി വിട്ട് യഹൂദമതത്തിലേക്ക് മടങ്ങരുത്!
2. പുതിയ ഉടമ്പടിയും യേശുവിന്റെ പൗരോഹിത്യവും നമുക്ക് ദൈവത്തോട് അടുക്കുവാനുള്ള വഴി ഒരുക്കുന്നതിനാൽ അവ ശ്രേഷ്ഠമാണ്. (7:15-19).
തന്റെ രണ്ടാമത്തെ പോയിന്റിനും ആദ്യത്തേതിലെ പോലെ മൂന്ന് വാദഗതികൾ താൻ മുന്നോട്ട് വെക്കുന്നു.
A. യേശുവിന്റെ പുരോഹിത ശുശ്രൂഷ ശ്രേഷ്ഠമാണ്; കാരണം, അത് നശിക്കാത്ത ജീവന്റെ ശക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ് (15 - 17 വാക്യങ്ങൾ വായിക്കാം.)
"15 ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറെ ഒരു പുരോഹിതൻ 16 മൽക്കീസേദെക്കിന്നു സദൃശനായി ഉദിക്കുന്നു എങ്കിൽ അതു ഏറ്റവും അധികം തെളിയുന്നു. "17 നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു."
ലേവ്യ പുരോഹിതനാകാനുള്ള യോഗ്യതകൾ എല്ലാം തന്നെ ബാഹ്യമായവയായിരുന്നു. ശാരീരികമായ കുറവുകൾ ഇല്ലാതിരിക്കുക, അഹറോന്റെ വംശാവലിയിൽ ഉൾപ്പെട്ട വ്യക്തിയായിരിക്കുക. കൂടാതെ, അവരെ പുരോഹിതന്മാരായി നിയമിക്കുന്നതിനുള്ള ചടങ്ങുകളും ബാഹ്യമായവയായിരുന്നു; പുരോഹിത വസ്ത്രങ്ങൾ ധരിപ്പിക്കുക, വെള്ളം കൊണ്ടും കഴുകുക; ബലികൾ കൊണ്ടു ശുദ്ധീകരിക്കുക തുടങ്ങിയവ. ഇതെല്ലാംതന്നെ ബാഹ്യമായ കാര്യങ്ങളായിരുന്നു.
എന്നാൽ യേശു മെൽക്കിസെദേക്കിനെപ്പോലെ, ആന്തരികമായ ഒന്നിനെ—അതായത് "നശിക്കാത്ത ജീവന്റെ ശക്തിയെ"—ആശ്രയിച്ചാണ് പുരോഹിതനായിത്തീർന്നത് (7:16). യേശുവിന്റെ യോഗ്യത ബാഹ്യമായ കാര്യങ്ങളാലല്ലായിരുന്നു, മറിച്ച് ആന്തരീകമായിരുന്നു. താൻ "നശിപ്പിക്കാൻ കഴിയാത്ത ജീവന്റെ ഉടമയായിരുന്നു". തനിക്കു മെൽക്കിസെദേക്കിനെപോലെ, ആരംഭമൊ അവസാനമൊ ഇല്ല. ഉല്പത്തി പുസ്തകത്തിലെ രേഖപ്പെടുത്തലുകളിലെ നിഗൂഢമായ മൗനം മെൽക്കിസെദേക്കിന് "ആരംഭമോ ജീവന്റെ അവസാനമോ ഇല്ല" എന്നാണ് സൂചിപ്പിക്കുന്നത്. യഥാർത്ഥത്തിൽ നിത്യനായ യേശുവിന്റെ ഒരു മുൻമാതൃക മാത്രമായിരുന്നു അദ്ദേഹം. യേശുവിനെക്കുറിച്ചു അപ്പൊ. യോഹന്നാൻ (1:4) പറയുന്നു: "അവനിൽ ജീവൻ ഉണ്ടായിരുന്നു." നമ്മുടെ പാപങ്ങൾക്കുവേണ്ടി അവിടുന്ന് മരിച്ചുവെങ്കിലും, മരണത്തിന് യേശുവിനെ തടഞ്ഞുവെക്കാൻ കഴിഞ്ഞില്ല. അവിടുന്ന് ഉയിർത്തെഴുന്നേറ്റ് നമ്മുടെ പുരോഹിതനായി എന്നേക്കും ജീവിക്കുന്നു! ആ സ്ഥാനത്തുനിന്ന് അവനെ നീക്കം ചെയ്യാൻ ഒന്നിനും കഴിയില്ല. സ്വർഗ്ഗത്തിൽ നമുക്കുവേണ്ടി അവിടുന്ന് ഉള്ളിടത്തോളം കാലം (അതായത് എന്നേക്കും), യേശു മുഖാന്തരം നമുക്ക് ദൈവത്തോട് അടുക്കാൻ കഴിയും!
B. പഴയ ഉടമ്പടിയും ലേവ്യ പുരോഹിത ശുശ്രൂഷയും ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു; കാരണം അവ ബലഹീനവും പ്രയോജനരഹിതവുമായിരുന്നു (7:18-19a).
”18 മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം 19 നീക്കവും- വന്നിരിക്കുന്നു."
"നീക്കം ചെയ്യുക" എന്നത് റദ്ദാക്കുക എന്നർത്ഥം വരുന്ന ഒരു നിയമപരമായ പദമാണ്. അഹരോന്റെ കുടുംബത്തിന് പൗരോഹിത്യം നൽകുന്ന നിയമം റദ്ദാക്കപ്പെട്ടു. മനുഷ്യ പുരോഹിതന്മാർ പാപികളും മർത്യരും പാപങ്ങൾ പൂർണ്ണമായും കഴുകിക്കളയാൻ കഴിയാത്തവരുമായതിനാൽ അത് "ദുർബലവും ഉപയോഗശൂന്യവുമായിരുന്നു". ന്യായപ്രമാണം ഒന്നും പൂർണ്ണതയിലെത്തിച്ചില്ല: പഴയനിയമത്തിലെ നിയമങ്ങളും മൃഗബലികളും ആളുകളെ നയിക്കും, പക്ഷേ അവർക്ക് ആത്യന്തിക ആത്മീയ പൂർണ്ണതയോ സ്ഥിരമായ പാപമോചനമോ നൽകാൻ കഴിഞ്ഞില്ല.
എന്നാൽ ന്യായപ്രമാണത്തിന്റെ ബലഹീനതയും പ്രയോജനരഹിതമായ അവസ്ഥയും ന്യായപ്രമാണത്തിൽ തന്നെ അന്തർലീനമായിരുന്നില്ല. പൗലോസ് വിശദീകരിക്കുന്നതുപോലെ (റോമ. 7:12), "ന്യായപ്രമാണം വിശുദ്ധമാണ്; കല്പനയും വിശുദ്ധവും നീതിയുള്ളതും നല്ലതുമാണ്." മറിച്ച്, ന്യായപ്രമാണം പാലിക്കാൻ കഴിയാതിരുന്ന പാപപൂർണ്ണമായ ജഡത്തിന്റെ ബലഹീനതയിലായിരുന്നു പ്രശ്നം (റോമ. 7:13-14; 8:3). മനുഷ്യനെ പൂർണ്ണതയുള്ളവരാക്കാൻ ന്യായപ്രമാണത്തിനു കഴിയാത്തതിന്റെ മുഖ്യകാരണം മനുഷ്യന്റെ പാപപൂർണ്ണമായ ജഡത്തിന്റെ ബലഹീനതയാണ്. നുണ പറയരുത് എന്ന് ന്യായപ്രമാണം പറയുന്നു, എത്രപേർക്ക് അതു സാധിക്കുന്നു, മോഹിക്കരുത് എന്ന് ന്യായപ്രമാണം പറയുന്നു, എത്രപേർക്കതിനു കഴിയുന്നു. ഇന്ന് രാജ്യത്ത് നിയമമില്ലത്തതുകൊണ്ടാണോ ആളുകൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്? എന്നാൽ കോടതികൾക്ക് കൈകാര്യം ചെയ്യുവാൻ കഴിയാത്തതിലധികം കുറ്റകൃത്യങ്ങളാണ് ഒരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പ്രശ്നം ആന്തരികമാണ്. നമ്മുടെ ഹൃദയങ്ങളുടെ കടുത്ത പാപസ്വഭാവം നമുക്ക് കാണിച്ചുതരിക എന്നതായിരുന്നു ദൈവം ന്യായപ്രമാണം ഏർപ്പെടുത്തിയതിന്റെ ഒരു കാരണം (റോമ. 5:20; 7:13). അതിനാൽ, പാപികളെ ദൈവത്തോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല അത് രൂപകൽപ്പന ചെയ്തത്. "ന്യായപ്രമാണം ഒന്നിനെയും പൂർണ്ണതയുള്ളതാക്കിയില്ല" എന്ന് ലേഖനകർത്താവ് പറയുന്നതിലൂടെ അർത്ഥമാക്കുന്നത് ഇതാണ് (7:19a). പാപികൾക്ക് അതിവിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന് വിലക്കുണ്ടായിരുന്നു. നിയമപ്രകാരം അനുഷ്ഠിക്കേണ്ടിയിരുന്ന ബലികൾക്ക് പാപിയുടെ മനസ്സാക്ഷിയെ പൂർണ്ണമായി ശുദ്ധീകരിക്കാനോ അവന്റെ പാപങ്ങൾ നീക്കിക്കളയാനോ ഒരിക്കലും കഴിഞ്ഞിരുന്നില്ല(10:1-4).
അങ്ങനെയെങ്കിൽ, "ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവനുമായ" വ്യക്തിയുടെ അനുഗ്രഹങ്ങളെക്കുറിച്ച് ദാവീദിന് എങ്ങനെയാണ് ഇത്രയും മഹത്വത്തോടെ പറയാൻ കഴിഞ്ഞത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം (സങ്കീർത്തനം 32:1)? വീണ്ടും സങ്കീർത്തനം 73:28 ൽ "എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു;" എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. ഇതെങ്ങനെയാണ് സാധിക്കുക? എഫ്. എഫ്. ബ്രൂസ് അതിനെ വിശദീകരിക്കുന്നതു ഇപ്രകാരമാണ്. വിശ്വാസമുള്ള മനുഷ്യന് ഈ അനുഗ്രഹങ്ങൾ എക്കാലവും ലഭ്യമായിരുന്നു (R). "എന്നാൽ ഈ അനുഭവങ്ങൾക്ക് ലേവ്യരുടെ ആചാരങ്ങളുമായോ അഹരോന്റെ പൗരോഹിത്യവുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. ആ ആചാരങ്ങളുമായും പൗരോഹിത്യവുമായും ബന്ധപ്പെട്ട ആരാധനാക്രമങ്ങൾ മനുഷ്യരെ ദൈവത്തോട് അടുപ്പിക്കുന്നതിനേക്കാൾ ഉപരിയായി, അവരെ ദൈവത്തിൽ നിന്ന് അകറ്റിനിർത്താനാണ് ഉതകിയത്." ഇത് ലേഖകൻ അവതരിപ്പിക്കുന്ന വാദഗതിയുടെ മൂന്നാം ഘട്ടത്തിലേക്ക് നയിക്കുന്നു:
C. പുതിയ ഉടമ്പടിയും യേശുവിന്റെ പൗരോഹിത്യവും ദൈവത്തോട് അടുക്കാൻ നമ്മെ സഹായിക്കുന്ന ഒരു മെച്ചപ്പെട്ട പ്രത്യാശ പ്രദാനം ചെയ്യുന്നു (7:19b).
"ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു."
"മെച്ചപ്പെട്ട പ്രത്യാശ" എന്നത് യേശുവിനെയാണ് സൂചിപ്പിക്കുന്നത്; അവിടുന്ന് "മെച്ചപ്പെട്ടൊരു ഉടമ്പടിയുടെ" (7:22) - അതായത് പുതിയ ഉടമ്പടിയുടെ (8:6-13) - ഉറപ്പാണ്. ദൈവത്തോട് അടുക്കുന്നതിനെക്കുറിച്ചുള്ള ഈ വിഷയം 10:19-22-ൽ അദ്ദേഹം കൂടുതൽ വിശദീകരിക്കുന്നുണ്ട്. അവിടെ അദ്ദേഹം പറയുന്നു: "യേശുവിന്റെ രക്തത്താൽ വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കാൻ നമുക്ക് ധൈര്യമുള്ളതുകൊണ്ടും - അവിടുന്ന് നമുക്കായി തിരശ്ശീലയിലൂടെ, അതായത് തന്റെ ശരീരത്തിലൂടെ, ഒരു പുതിയതും ജീവനുള്ളതുമായ വഴി തുറന്നുതന്നതുകൊണ്ടും - ദൈവഭവനത്തിന്മേൽ നമുക്ക് ഒരു മഹാപുരോഹിതൻ ഉള്ളതുകൊണ്ടും, നമുക്ക് അടുത്ത് ചെല്ലാം..."
എബ്രായലേഖനകാരന് "മെച്ചപ്പെട്ട" (better) എന്ന വാക്ക് വളരെ പ്രിയപ്പെട്ടതാണ്. പുതിയ നിയമത്തിൽ ആകെ 18 തവണ ഈ വാക്ക് ഉപയോഗിച്ചിട്ടുള്ളതിൽ 12 തവണയും എബ്രായലഖനത്തിൽ അദ്ദേഹം ഉപയോഗിക്കുന്നു. യേശു ദൂതന്മാരേക്കാൾ ശ്രേഷ്ഠനാണ് (1:4). എബ്രായ ക്രിസ്ത്യാനികളെക്കുറിച്ച് മെച്ചപ്പെട്ട കാര്യങ്ങൾ സംഭവിക്കുമെന്ന് ലേഖകന് ഉറപ്പുണ്ട് (6:9). പുതിയ ഉടമ്പടി മെച്ചപ്പെട്ട വാഗ്ദാനങ്ങളുള്ള മെച്ചപ്പെട്ടൊരു ഉടമ്പടിയാണ് (7:22; 8:6). യേശു മെച്ചപ്പെട്ട ബലിയാണ്; യേശുവിന്റെ രക്തം ഹാബേലിന്റെ രക്തത്തേക്കാൾ മെച്ചപ്പെട്ട കാര്യമാണ് സംസാരിക്കുന്നത് (9:23; 12:24). ക്രിസ്ത്യാനികൾക്ക് സ്വർഗ്ഗത്തിൽ മെച്ചപ്പെട്ടൊരു സമ്പത്തുണ്ട് (10:34). അങ്ങനെ, വിശ്വാസമുള്ളവർ ഒരു മെച്ചപ്പെട്ട രാജ്യത്തെ, അതായത് സ്വർഗ്ഗീയമായ ഒന്നിനെ, അന്വേഷിച്ചു (11:16). നമുക്ക് മെച്ചപ്പെട്ടൊരു പുനരുത്ഥാനം ഉണ്ട് (11:35). പഴയനിയമത്തിലെ വിശുദ്ധർക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട ഒന്ന് ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നു (11:40). കൂടാതെ, ഇവിടെ (7:19) നമുക്ക് മെച്ചപ്പെട്ടൊരു പ്രത്യാശയുണ്ട്; അതിലൂടെ നാം ദൈവത്തോട് അടുക്കുന്നു.
രചയിതാവ് പറയുന്നത്, നിങ്ങൾക്ക് മെച്ചപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കിൽ, എന്തിനാണ് മോശമായ ഒന്നിലേക്ക് മടങ്ങുന്നത്? ഒരുപക്ഷേ അവർ "പഴയ നല്ല നാളുകളെക്കുറിച്ച്" ഗൃഹാതുരത്വത്തോടെ ചിന്തിച്ചിരിക്കാം, പക്ഷേ അവർക്ക് ഇപ്പോൾ ക്രിസ്തുവിൽ ഉണ്ടായിരുന്നത് യഹൂദമതത്തിന് കീഴിൽ അവർക്കുണ്ടായിരുന്ന എന്തിനേക്കാളും വളരെ മികച്ചതാണെന്ന വസ്തുത അവർ മറക്കുന്നു. പഴയനിയമ വിശുദ്ധന്മാർ പ്രതീക്ഷിച്ചത്, നമുക്ക് ലഭിച്ചു! ക്രിസ്തുവിന്റെ മികച്ച യാഗത്തിലൂടെ നമുക്ക് പൂർണ്ണമായ പാപമോചനമുണ്ട്. ഒരു പുരോഹിതൻ വിശുദ്ധസ്ഥലത്ത് നമ്മെ പ്രതിനിധീകരിക്കുമ്പോൾ, നാം പ്രാകാരങ്ങളിൽ വേറിട്ടു നിൽക്കേണ്ടതില്ല. തിരശ്ശീലയ്ക്കുള്ളിൽ നമുക്ക് ഒരു മഹാപുരോഹിതനുണ്ട്, നമ്മുടെ ആവശ്യസമയത്ത് സഹായിക്കാൻ കൃപ സ്വീകരിക്കുന്നതിന്, കൃപയുടെ സിംഹാസനമായ ദൈവത്തിന്റെ സിംഹാസനത്തിലേക്ക് അടുക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു!
ഉപസംഹാരം
ഇപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം, “യഹൂദമതത്തിലേക്ക് മടങ്ങാൻ പ്രലോഭിപ്പിക്കപ്പെട്ട യെഹൂദവിശ്വാസികൾക്ക് ഇത് ഒരു മികച്ച കാര്യമാണ്. പക്ഷേ ഞാൻ ഒരിക്കലും അത്തരമൊരു കാര്യം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. പിന്നെ എനിക്കിത് എങ്ങനെയാണ് ബാധകമാകുക?
1. യേശുക്രിസ്തുവിന്റെ സ്ഥിരവും ശ്രേഷ്ഠവുമായ പൗരോഹിത്യത്തിലൂടെ വിശ്വാസികൾക്ക് ദൈവത്തിലേക്ക് നേരിട്ടും ആത്മവിശ്വാസത്തോടെയും അടുത്തുവരാമെന്നതിനാൽ സന്തോഷത്തോടെ, ധൈര്യത്തോടെ കൃപാസനത്തോടു അടുത്തുചെല്ലുവാൻ സാധിക്കും എന്നതാണ് നമ്മേ സംബന്ധിച്ചുള്ള ഒന്നാമത്തെ പ്രായൊഗികത.
2. നശിപ്പിക്കാനാവാത്ത ജീവനുമായി യേശു എന്നേക്കും ജീവിക്കുന്നതിനാൽ, ദൈവത്തെ സമീപിക്കാൻ നിങ്ങൾക്ക് ഒരു മനുഷ്യ മധ്യസ്ഥനോ ആചാരപരമായ യാഗമോ ആവശ്യമില്ല; നിങ്ങൾക്ക് ദൈവ സന്നിധിയിൽ നേരിട്ട് പ്രവേശിക്കാൻ കഴിയും.
3. സ്വയപരിശ്രമവും നിയമവാദം അഥവാ ലീഗലിസവും ഉപേക്ഷിക്കുക: ബിബ്ലിക്കൽ ക്രിസ്ത്യാനിറ്റി ഒഴികെയുള്ള ലോകത്തിലെ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ദൈവമുമ്പാകെ സ്വീകാര്യത നേടുന്നതിന് നിങ്ങൾ എന്തെങ്കിലും ചെയ്യണമെന്നാണ്. എന്തെങ്കിലും ചെയ്ത് ദൈവപ്രീതി സമ്പാദിക്കുക. നിങ്ങൾ ചെയ്ത കാര്യങ്ങളിലൂടെയല്ല, മറിച്ച് യേശു ചെയ്ത കാര്യങ്ങളിലൂടെയാണ് നിങ്ങൾ പൂർണ്ണമായും ദൈവത്തിന് സ്വീകാര്യരായിത്തീരുന്നത് എന്ന സത്യം മനസ്സിലാക്കുകയും അതിൽ ആനന്ദിക്കുകയും ചെയ്യുക.
4. ഒരു മികച്ച പ്രത്യാശയിൽ വിശ്രമിക്കുക: ഭൗമിക വ്യവസ്ഥകൾ പരാജയപ്പെടുന്നു, മാറുന്നു, അല്ലെങ്കിൽ അവസാനിക്കുന്നു, എന്നാൽ യേശു ഒരു നിത്യ ഉടമ്പടിയുടെ വക്താവാണ്. യേശു നൽകുന്ന മാറ്റമില്ലാത്ത പ്രത്യാശയിൽ നിങ്ങളുടെ ആത്മാവിന്റെ നങ്കൂരം ഉറപ്പിക്കുക.
5. നിങ്ങളുടെ ആരാധനയെ പുനർനിർവചിക്കുക: ആരാധന എന്നാൽ ഇനി ഒരു ദേവാലയത്തിലെ വിശുദ്ധമന്ദിരത്തിൽ നിന്ന് അകലം പാലിക്കുക എന്നതല്ല; ക്രിസ്തു /വിശുദ്ധസ്ഥലത്തേയും അതിവിശുദ്ധസ്ഥലത്തേയും വേർതിരിക്കുന്ന തിരശ്ശീല കീറിയതിലൂടെ യാഥാർത്ഥ്യമായ/ ദൈവസാന്നിധ്യത്തിന്റെ ദൈനംദിന ആസ്വാദനം നമുക്കോരോരുത്തർക്കും സാദ്ധ്യമാണ്.
6. യേശുക്രിസ്തുവിന്റെ രക്തത്തിലൂടെ ദൈവത്തോട് അടുക്കാനുള്ള മഹത്തായ പദവി നിങ്ങൾ ഉപയോഗിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. യേശു നിങ്ങൾക്കായി ചെയ്ത കാര്യങ്ങൾ നിമിത്തം നിങ്ങൾക്ക് കാലാകാലങ്ങളിലും നിത്യതയിലും ദൈവത്തോട് "ഒരു മികച്ച പ്രത്യാശ" ഉണ്ട്. ദൈവത്തിൽ നിങ്ങൾക്ക് സമൃദ്ധമായ പ്രത്യാശയുണ്ട് (റോമ. 15:13).
7. നിങ്ങൾ നേരിടുന്ന ദൈനംദിന പ്രശ്നങ്ങൾ, നിസ്സാരമോ വലുതോ ആകട്ടെ, യേശുവിന്റെ രക്തത്തിലൂടെ നിങ്ങൾക്ക് ദൈവസാന്നിധ്യത്തിലേക്ക് പ്രവേശനമുണ്ട്. അടുത്തുവരൂ എന്നതാണ് കർത്താവിന്റെ ആഹ്വാനം! ഈ വചനങ്ങളാൽ ദൈവം നിങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ.
*******