top of page
വെളിപ്പാടു ലേഖന പരമ്പര -01
P M Mathew
MAY 10, 2023

Are you living glorifying Jesus Christ?
നിങ്ങള്‍ യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തി ജീവിക്കുന്നവരൊ?

Revelation 1:6

ഈ യേശുവിനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുവാൻ, ഈ നേതാവിന്റെ കാൽചുവടു പിന്തുടരുവാൻ, ഈ ദൈവത്തെ മഹത്വപ്പെടുത്തി ജീവിപ്പാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരു വേദഭാഗത്തേയ്ക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അതിനായി വെളിപ്പാടു പുസ്തകം ഒന്നാം അദ്ധ്യായം ആറാം വാക്യം വായിക്കാം:

വെളിപ്പാടു 1:6

"നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ." ["To him who loves us and has freed us from our sins by his blood 6 and made us a kingdom, priests to his God and Father, to him be glory and dominion forever and ever. Amen." (Rev. 5 b-6, ESV)].

പ്രധാന ആശയം

ദൈവം നമ്മെ സ്നേഹിക്കുന്നതിനാലും അവൻ നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നതിനാലും അവൻ നമ്മേ ഒരു രാജ്യവും പുരോഹിതന്മാരുമാക്കിയിരിക്കുന്നതിനാലും നാം ദൈവത്തെ മഹത്വപ്പെടുത്തുവാൻ കടപ്പെട്ടവരാണ്.

1. ദൈവം നമ്മെ സ്നേഹിക്കുന്നു (He loves us).

"നമ്മേ സ്നേഹിക്കുന്നവൻ" എന്നാണ് പിതാവായ ദൈവത്തെ ഈ വേദഭാഗത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. He loves us. വർത്തമാനകാലത്തിലുള്ള ഈ പ്രയോഗം ദൈവത്തിന്റെ തുടർമാനമായ സ്നേഹത്തെയാണ് കാണിക്കുന്നത്. നമ്മോടുള്ള ദൈവത്തിന്റെ സ്‌നേഹം പല വിധത്തിൽ വെളിപ്പെടുന്നു. അവൻ നമുക്കുവേണ്ടി തന്റെ പുത്രനെ നൽകിയതാണ് അതിൽ ഏറ്റവും പ്രകടവും വ്യക്തമായതും. 1 യോഹ. 4:9-10 വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു: “ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു”.

പിതാവായ ദൈവത്തിന്റെ സ്നേഹം താൻ വെളിപ്പെടുത്തിയത്, തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്കു അയച്ചുകൊണ്ടാണ്. എന്തിനുവേണ്ടിയാണ് താൻ പുത്രനെ ലോകത്തിലേക്കു അയച്ചത്? നാം അവനാൽ ജീവിക്കേണ്ടതിനു വേണ്ടിയാണ്. അപ്പോൾ നാം ചോദിച്ചേക്കാം ഞാൻ മരിച്ചിട്ടില്ലല്ലോ? പിന്നെ എന്തിനാണ് "അവനാൽ ജീവിക്കേണം" എന്നു പറയുന്നത്? അതെ, ഇതു ന്യായമായ ചോദ്യമാണ്. നിങ്ങൾ മരിച്ചിട്ടില്ല, നിങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും നടക്കുകയും പല ജോലികൾ ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഈ ജീവൻ താത്ക്കാലികമായ ജീവനാണ്. ചില വർഷങ്ങൾ നിങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നു; അതിനുശേഷം നിങ്ങൾ മരിക്കുന്നു. ആ മരണത്തിനു കാരണം ആത്മീകമായി നിങ്ങൾ മരിച്ചവരാണ് എന്നതാണ്. ഈ ആത്മീകമരണം ആദ്യമായി സംഭവിച്ചത്, നമ്മുടെ പൂർവ്വപിതാവായ ആദാം പാപം ചെയ്തപ്പോഴാണ്. "പാപത്തിന്റെ ശമ്പളം മരണമത്രെ" (റോമർ 6:23) എന്ന് ബൈബിൾ വ്യക്തമായി പറയുന്നു. ആദാമിൽ നാമെല്ലാം ആത്മീയമായി മരിച്ചിരിക്കുന്നു. അതിന്റെ പരിണതഫലമായി നാം ശാരീരികമായി മരിക്കുന്നു. ഈ മരണശേഷം നമ്മേ സൃഷ്ടിച്ച ദൈവത്തിന്മുൻപാകെ നമ്മുടെ ജീവിതത്തിന്റെ ഒരു കണക്കു കൊടുക്കേണ്ട ആവശ്യമുണ്ട്. അതിനേയാണ് ദൈവത്തിന്റെ ന്യായവിധി എന്നു പറയുന്നത്. അപ്പോൾ ദൈവത്തിൻ മുമ്പാകെ നാം ചെയ്ത എല്ലാ തിന്മകൾക്കും നാം കണക്കുകൊടുക്കേണ്ടതായി വരും. നാം ചെയ്ത എല്ലാ പാപങ്ങൾക്കും ദൈവം വെച്ചിരിക്കുന്നത് നരകശിക്ഷയാണ്. അതായത്, ജീവന്റെ ഉറവയായ ദൈവത്തിൽ നിന്ന് അകന്ന് നിത്യമായ യാതനാസ്ഥലത്തു കഴിയുക. അതിനെയാണ് നിത്യനരകം എന്ന് ബൈബിൾ വിശേഷിപ്പിക്കുന്നത്. അങ്ങനെയൊരു ശിക്ഷാവിധിയിൽ നിന്നും മോചനം പ്രാപിക്കണമെങ്കിൽ നാം നമ്മുടെ പാപങ്ങൾക്കു തക്ക പരിഹാരം വരുത്തേണ്ടത് ആവശ്യമാണ്. ഈയൊരു പാപപരിഹാരത്തിനു വേണ്ടിയാണ് ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്കു അയച്ചത്. നമ്മുടെ പാപത്തിനു വേണ്ടിയാണ് ദൈവപുത്രനായ യേശുക്രിസ്തു കാല്വരി ക്രൂശിൽ മരിച്ചത്. ഈ യേശുക്രിസ്തുവിൽ നമ്മുടെ പാപത്തിന്റെ പരിഹാരത്തിനായി വിശ്വസിക്കുമ്പോഴാണ് ഒരുവനു പാപപ്പരിഹാരം ഉണ്ടാകുന്നത്. അപ്പോൾ മാത്രമാണ് പാപത്തിന്റെ ശമ്പളമായ മരണത്തിൽ നിന്നും മോചനം ലഭിക്കുന്നത്. അതുകൊണ്ടാണ് "അവനാൽ (യേശുവിനാൽ) ജീവിക്കേണ്ടതിന്നു" എന്ന് നാം വായിച്ച വേദഭാഗത്ത് പറഞ്ഞിരിക്കുന്നത്. നിങ്ങൾ യേശുക്രിസ്തുവിൽ നിങ്ങളുടെ പാപത്തിന്റെ പരിഹാരത്തിനായി വിശ്വസിച്ച വ്യക്തിയാണോ? ഇല്ലെങ്കിൽ നിങ്ങൾ ഇന്നു തന്നെ യേശുവിനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുക!

പിതാവ് പുത്രനെ നൽകുന്നതിൽ മാത്രമായി തന്റെ സ്നേഹം പരിമിതപ്പെടുന്നില്ല, മറിച്ച് പുത്രൻ സ്വയം നൽകുന്നതും അതിൽ ഉൾപ്പെടുന്നു (എഫേ. 5:2). ക്രിസ്തു നമ്മേ സ്നേഹിച്ചതിനാൽ തന്നെത്തന്നെ ദൈവത്തിനു വഴിപാടും യാഗവുമായി സമർപ്പിച്ചു. അതിന്റെ ഫലമായാണ് താൻ ക്രൂശിൽ മരിച്ചത്. ദൈവത്തോടുള്ള നമ്മുടെ സ്നേഹം സ്വാഭാവികമായി നമ്മിൽ ഉളവായതല്ല, മറിച്ച് അവൻ നമ്മെ ആദ്യമായി സ്നേഹിച്ചതിനോടുള്ള നമ്മുടെ പ്രതികരണമാണ് (1 യോഹ. 4:19). ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്റെ അളവ് അഗാധമാണ്. കാരണം നാം ദൈവത്തിന്റെ ശത്രുക്കൾ ആയിരുന്നപ്പോഴാണ് ദൈവം നമ്മെ സ്നേഹിച്ചത് (റോമ. 5:6-10).

ഇതൊക്കെയായിട്ടും ദൈവത്തെ നാം വേണ്ടുംവണ്ണം സ്നേഹിക്കുകയൊ ആരാധിക്കുകയൊ ചെയ്യുന്നില്ലെങ്കിൽ അതിനുകാരണം ഇതൊന്നും കാണുവാൻ നാം മനസ്സുവെക്കുന്നില്ല എന്നതാണ്. അതായത്, ദൈവവചനത്തെക്കുറിച്ചുള്ള നമ്മുടെ അജ്ഞതയാണ് ദൈവത്തെ ആരാധിക്കുന്നതിൽ നിന്നു നമ്മെ പിന്നോക്കം വലിക്കുന്നത്. ഈ സത്യം വേണ്ടുംവിധം മനസ്സിലാക്കിയാൽ ദൈവത്തെ ആരാധിക്കുന്നതിൽ നാം ഏറ്റവും ഉത്സാഹവും താൽപ്പര്യവുമുള്ളവരായിരിക്കും.

2. അവൻ നമ്മുടെ പാപങ്ങളിൽ നിന്നും നമ്മേ മോചിപ്പിക്കുന്നു.
രണ്ടാമതായി, അവൻ നമ്മുടെ പാപങ്ങളിൽ നിന്നും നമ്മേ മോചിപ്പിക്കുന്നു. ദൈവത്തിനു നമ്മോടുള്ള സ്നേഹം കേവലം വൈകാരികമായ ഒന്നായിരുന്നില്ല. നമ്മുടെ പാപങ്ങളെ ക്ഷമിച്ചുകൊണ്ട് തന്നോടു നമ്മേ അടുപ്പിക്കുവാൻ തക്കവിധം പ്രായോഗികമായ സ്നേഹമായിരുന്നു. താൻ വളരെ ചെലവുചെയ്താണ് അതിനു തുനിഞ്ഞത്. തന്റെ പുത്രനെ ബലി നൽകിയാണ് നമ്മേ സ്നേഹിച്ചത്; പുത്രന്റെ രക്തത്താലാണ് നമ്മുടെ പാപങ്ങളെ കഴുകി ശുദ്ധീകരിച്ചത്. മറ്റേതെങ്കിലും വിധത്തിൽ നമ്മുടെ പാപങ്ങളെപോക്കുവാൻ കഴിയുകയില്ലായിരുന്നതുകൊണ്ടാണ് പുത്രനു തന്റെ രക്തം ചിന്തേണ്ടിവന്നത്. അത് ദൈവത്തിന്റെ വിശുദ്ധിക്കും നീതിക്കും ഒത്തവിധമായിക്കണം എന്ന് അവിടുന്നു ആഗ്രഹിച്ചു. അതുകൊണ്ട് നമ്മുടെ കൂറ് കേവലം മനുഷ്യരോടല്ല, മറിച്ച് കർത്താവായ യേശുക്രിസ്തുവിനോടായിരിക്കണം. ഈ ദൈവത്തെ നാം എത്രമാത്രം സ്നേഹിക്കേണ്ടിയിരിക്കുന്നു.
3. അവൻ നമ്മേ തന്റെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തിരിക്കുന്നു.

പുറപ്പാട് 19:6-ൽ ദൈവം മോശയോട് പറഞ്ഞു "നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവുമായിരിക്കും." അന്ന് ദൈവം ഇസ്രായേലിന് വാഗ്ദാനം ചെയ്തത്, ഇന്ന് യേശുവിന്റെ വരവോടെ നമ്മുടേയും ഭാഗ്യ പദവിയായി. വെളിപാട് 5:10-ൽ നാം വായിക്കുന്നത്: "നീ അവരെ ഞങ്ങളുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിതന്മാരും ആക്കി" എന്നാണ്.

വീണ്ടും വെളിപ്പാട് 20:6 ൽ നാം ഇപ്രകാരം വായിക്കുന്നു: "ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും." ഒരു വ്യക്തി കർത്താവായ യേശുക്രിസ്തുവിന്റെ കാല്വരി മരണത്തിൽ വിശ്വസിക്കുമ്പോൾ ആ വ്യക്തി കർത്താവായ യേശുക്രിസ്തുവിൽ പാപത്തിനു മരിക്കയും അവന്റെ പുനരുത്ഥാനത്തിൽ പങ്കുകാരായി തീരുകയും ചെയ്യുന്നു. ഇതിനെയാണ് ഒന്നാമത്തെ പുനരുത്ഥാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അവരുടെ മേൽ രണ്ടാം മരണം അഥവാ നിത്യനരകത്തിനു അധികാരമുണ്ടായിരിക്കുകയില്ല എന്നാണ്.

1 പത്രൊസ് 2:9 ൽ പറയുന്നതു നോക്കുക: "9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു." അവിശ്വാസികൾ അന്ധകാരത്തിൽ കഴിയുന്നവരാണ്. അവരുടെ കണ്ണുകൾ ദൈവവചനസത്യങ്ങൾ മനസ്സിലാക്കാൻ തക്കവണ്ണം വെളിച്ചമുള്ളവരായിരിക്കയില്ല. എന്നാൽ ദൈവം നിങ്ങളെ ക്രിസ്തുവിലേക്കു ആകർഷിക്കുമ്പോഴാണ് നിങ്ങളുടെ കണ്ണുകൾ പ്രകാശിക്കുകയും ദൈവവചന സത്യങ്ങളെ മനസ്സിലാക്കി ക്രിസ്തുവിൽ തന്റെ പാപപരിഹാരത്തിനായി വിശ്വസിക്കുകയും ചെയ്യുന്നത്. അങ്ങനെ രക്ഷ പ്രാപിച്ചവർ ദൈവത്തിന്റെ സത്ഗുണങ്ങളെ ഘോഷിപ്പാൻ കടപ്പെട്ട ദൈവത്തിന്റെ പുരോഹിതവർഗ്ഗമായി തീരുന്നു. അവർ വിശുദ്ധരാണെന്നു മാത്രമല്ല, ദൈവത്തിന്റെ ജനവുമാണ്. ദൈവത്തിന്റെ സംരക്ഷണവും കരുതലും ഉള്ള ജനം. അവർക്കു യേശുക്രിസ്തുവിലൂടെ അതീവ വിശുദ്ധനായ ദൈവത്തിന്റെ സന്നിധിയിലേക്ക് പ്രവേശനം സാദ്ധ്യമാകുന്നു. പഴയനിയമ കാലത്ത് ദൈവസാന്നിദ്ധ്യം തീവ്രമായിരുന്ന അതി വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുവാൻ മഹാപുരോഹിതനുമാത്രമെ അനുവാദമുണ്ടായിരുന്നുള്ളു. അതും ആണ്ടിൽ ഒരിക്കൽ മാത്രം, അതും പോരാഞ്ഞിട്ട്, അവർ തങ്ങളുടെ പാപത്തിനു പരിഹാരം വരുത്തിയ യാഗമൃഗത്തിന്റെ രക്തവുമായി മാത്രമെ വിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കുവാൻ പാടുള്ളായിരുന്നു. ഈ വ്യവസ്ഥകൾ പാലിക്കാതെ ആരെങ്കിലും വിശുദ്ധസ്ഥലത്തേക്കു പ്രവേശിച്ചാൽ അവർ മരിച്ചു വീഴുമായിരുന്നു. എന്നാൽ യേശുക്രിസ്തു കാല്വരിയിൽ ചിന്തിയ രക്തം മൂലം ഒരു വിശ്വാസിക്കു ദൈവസന്നിധിയിലേക്ക് ധൈര്യസമേതം പ്രവേശിപ്പാൻ അനുവാദമുണ്ട് എന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. എഫേസ്യർ 3:12 ൽ നാം ഇപ്രകാരം വായിക്കുന്നു:

"അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു." ("In him and through faith in him we may approach God with freedom and confidence") Eph 3:12 NIV.

മറ്റൊരു വേദഭാഗമായ എബ്രായർ 4:16 ൽ നാം കാണുന്നത്: " 16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക."

നമുക്ക് ഇന്ന് ദൈവസന്നിധിയിലേക്കു പ്രവേശിക്കുവാനുള്ള ധൈര്യവും പ്രാഗത്ഭ്യവും ഉണ്ട്.

I തിമൊഥെയൊസ് 2:5-6 പറയുന്നു, “5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: 6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ."

ഇവിടെ ദൈവം ഒരുവനാണെന്നും ദൈവത്തിന്റെ മദ്ധ്യസ്ഥനും ഒരുവൻ മാതമാണെന്നും അതു കർത്താവായ യേശുക്രിസ്തുവാണെന്നും വളരെ വ്യക്തമായി പറയുന്നു. വളരെ സങ്കടകരമെന്ന് പറയട്ടെ ഇന്നു കത്തോലിക്കരും യാക്കോബായരും യേശുവിനെ ഏക മദ്ധ്യസ്ഥനായി കാണുന്നില്ല. അനേകം മദ്ധ്യസ്ഥന്മാരിൽ ഒരുവനായി മാത്രമെ യേശുവിനെ കാണുന്നുള്ളു. അതു വചനവിരുദ്ധമായ കാഴ്ചപ്പാടാണ്. യേശു മാത്രമാണ് യാതൊരു പാപവും ചെയ്യാതെ ഈ ഭൂമിയിൽ ജീവിച്ചതും ദൈവത്തിനു പ്രസാദകരമായ യാഗമർപ്പിച്ചതും. ആ യാഗത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു ക്രിസ്തു വിശ്വാസിക്കു ദൈവസന്നിധിയിലേക്കു പ്രവേശനം സാദ്ധ്യമായത്. ഓരോ ക്രിസ്ത്യാനിക്കും യേശുക്രിസ്തുവിലൂടെ ദൈവത്തിലേക്ക് നേരിട്ട് പ്രവേശനമുണ്ട്. നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കാൻ ഒരു മനുഷ്യ പുരോഹിതനെ ആവശ്യമില്ല. നിങ്ങൾക്ക് വേറൊരു പുരോഹിതന്റെ ആവശ്യമില്ല; നിങ്ങൾ ഒരു പുരോഹിതനാണ്! ആകയാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ, നിങ്ങൾ യേശുക്രിസ്തുവിലൂടെ ഒരു ദൈവമകനാണ് അഥവാ ദൈവമകളാണ്. ഒരു മകന്റെ അഥവാ മകളുടെ സ്വാതന്ത്ര്യത്തോടെ ദൈവസന്നിധിയിലേക്കു പ്രവേശിക്കാം.

യേശുക്രിസ്തുവിന്റെ പുരോഹിതനാകുക എന്നത് ഒരു പ്രത്യേക പദവിയും ഉത്തരവാദിത്തവുമാണ്.

ഇത് ഒരു പദവിയാണ്, കാരണം നിങ്ങൾക്ക് ധൈര്യവും ദൈവത്തിന്റെ സാന്നിധ്യത്തിലേക്കുള്ള പ്രവേശനവും ഉണ്ട്. ഈയൊരു പ്രത്യേകപദവി, ദൈവത്തിനു വിശുദ്ധരായി ജീവിക്കുന്നതിനും, പുരോഹിതന്മാരുടെ ദൗത്യം നിർവ്വഹിക്കുന്നതിനും നമ്മേ ബാദ്ധ്യസ്ഥരാക്കുന്നു. ആകയാൽ, നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിക്കുക. അതുകൂടാതെ, യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തോത്രയാഗം എന്ന അധരഫലം ദൈവമുൻപാകെ അർപ്പിക്കുക. പഴയനിയമത്തിൽ പുരോഹിതന്മാർ ചെയ്തതുപോലെ ദൈവമുമ്പാകെ "ധൂപം കാട്ടുന്നതിന്" പകരം, പുതിയ നിയമപുരോഹിതന്മാർ പ്രാർത്ഥന എന്ന "ധൂപം" അർപ്പിക്കുന്നവരാണ്. ദൈവത്തിന്റെ പുരോഹിതൻമാരായി എല്ലാ ദിവസവും നമ്മുടെ "പ്രാർത്ഥനയുടെ ധൂപം" ദൈവത്തിനു അർപ്പിക്കുക. ഇതു വ്യക്തിപരമായും സഭയായും നാം നിവൃത്തിക്കേണ്ടത് നമ്മുടെ കടമയാണ്. അത് കോർപ്പോറേറ്റ് ആയി, സഭയായി ചെയ്യുവാനുള്ള അവസരമാണ് ഞായറാഴ്ച ദിവസങ്ങളിൽ നമുക്കു ലഭിക്കുന്നത്.

അപ്പോസ്തലനായ യോഹന്നാൻ ഇതിനെക്കുറിച്ചു പറയുമ്പോൾ തനിക്കു ആരാധിപ്പാതിരിപ്പാൻ തനിക്കു കഴിയുന്നില്ല. അതുകൊണ്ട് താൻ ആരാധനയിലേക്കു വഴുതി വീഴുന്നതാണ് ഈ വാക്യത്തിന്റെ അവസാനഭാഗം : 6b “അവന്നു എന്നെന്നേക്കും മഹത്വവും ആധിപത്യവും ഉണ്ടാകട്ടെ. ആമേൻ.” അതുകൊണ്ട് നാലാമതായി ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം സകല മഹത്വവും ദൈവത്തിനു മാത്രം നൽകുക എന്നതാണ്.
അധികാരമുണ്ടായിരിക്കുകയില്ല എന്നാണ്.

4. ദൈവത്തിനു മഹത്വം നൽകുക.

എല്ലാ സൃഷ്ടികളോടുമൊപ്പം, ദൈവത്തിന്റെ പുരോഹിതൻമാരായി നാം നമ്മുടെ രാജാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

ഇവിടെ "അവന്നു" എന്ന് പറയുമ്പോൾ അത് യേശുവിനെയാണോ അതോ പിതാവിനെയാണോ സൂചിപ്പിക്കുന്നത് എന്ന ചോദ്യം ഉണ്ടായേക്കാം. ഇംഗ്ലീഷിൽ, അത് എങ്ങനെയും വായിക്കാം. എന്നാൽ ഗ്രീക്ക് ബൈബിൾ പണ്ഡിതന്മാർ നമ്മോട് പറയുന്നത്, വ്യാകരണപരമായി ഇവിടെ യഥാർത്ഥ ഗ്രീക്ക് ബൈബിൾ യേശുവിനെ പരാമർശിക്കുന്നു എന്നാണ്. അതിനു കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് തുടർന്നു വരുന്ന ഏഴാം വാക്യമാണ്.

അവിടെ നാം ഇപ്രകാരം വായിക്കുന്നു: "7 ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ." അവനെ കുത്തിത്തുളെച്ചവരും അവനെ കാണും എന്നു പറഞ്ഞിരിക്കുന്നതിൽ ആ വ്യക്തി യേശുക്രിസ്തുവാണെന്ന് മനസ്സിലാക്കാം. ദാനിയേൽ 7:13-14 വാക്യങ്ങൾ ഈയൊരു ചിന്തക്കു പിന്തുണ നൽകുന്നു: 13 രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. 14 സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു."

ദൈവപുത്രനായ യേശുവിനെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. മനുഷ്യപുത്രനു മഹത്വവും ആധിപത്യവും അധികാരവും എന്നേക്കും നൽകിയിരിക്കുന്നു. എന്നാൽ ഓർക്കുക, ത്രിയേകനാകയാൽ, പിതാവായ ദൈവത്തെ ആരാധിക്കാത്തതുപോലെ ഇതിനെ കാണേണ്ട കാര്യമില്ല.

"ആധിപത്യ"ത്തിനു "“kratos” എന്ന ഗ്രീക്ക് വാക്കാണു ഉപയോഗിച്ചിരിക്കുന്ന്ത്. ആ വാക്കിന്റെ അർത്ഥം "ബലം, ശക്തി, ഇഛാശക്തി " എന്നൊക്കെയാണ്. എല്ലാ സൃഷ്ടികളുടെയും മേൽ അവനുള്ള ശക്തിക്കും വാഴ്ചക്കും ഇഛാശക്തിക്കുമായി നാം യേശുവിനെ സ്തുതിക്കണം.

എന്താണ് "മഹത്വം"? മഹത്വം (doxa) എന്നാൽ "പ്രകാശം", അവന്റെ സാന്നിധ്യത്തിന്റെ വെളിച്ചം, തേജസ് എന്നൊക്കെയാണ്. ദൈവത്തിന്റെ മഹത്വം സൂര്യനെപ്പോലെ പ്രകാശിക്കുന്നു; എന്റെ മഹത്വം കാണുന്നത് നിനക്ക് സഹിക്കാൻ കഴിയില്ലെന്ന് ദൈവം മോശയോട് പറഞ്ഞു. അത് കേവല സൗന്ദര്യമാണ്, അത് പാപികളായ മനുഷ്യരെന്ന നിലയിൽ മനുഷ്യർക്ക് ദർശിക്കുവാൻ കഴിയുന്നതിലും അപ്പുറമാണ്. എന്നാൽ സ്വർഗ്ഗത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം, നാം അവിടെ പൂർണ്ണരാകുകയും, അവന്റെ പൂർണ്ണസൗന്ദര്യവും മഹത്വവും എന്നെന്നേക്കുമായി ഉറ്റുനോക്കാൻ കഴിയുകയും ചെയ്യും എന്നതാണ്! സങ്കീർത്തനം 16:11 പറയുന്നതുപോലെ, “നിന്റെ സാന്നിധ്യത്തിൽ സന്തോഷത്തിന്റെ പൂർണ്ണതയുണ്ട്; നിന്റെ വലങ്കയ്യിൽ എന്നേക്കും സന്തോഷമുണ്ട്. അതാണ് അവന്റെ മഹത്വം; അതിനാണ് ഞങ്ങൾ സൃഷ്ടിക്കപ്പെട്ടത്; സ്വർഗത്തിൽ നാം എന്നേക്കും ആസ്വദിക്കുന്നതും.

എന്നാൽ "മഹത്വം" എന്നതിനു "സ്തുതി" എന്ന അർത്ഥവും ഉണ്ട്. എല്ലാ "സ്തുതിയും" പ്രശസ്തിയും ശ്രദ്ധയും യേശുവിനുള്ളതാണ്, അവൻ ആരാണെന്നും അവൻ എന്തു ചെയ്തു എന്നതും അവനെ സ്തുതിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനും മതിയായ കാരണങ്ങളാണ്.

വെളിപ്പാട് 5:11 ൽ പറയുന്നു: "സിംഹാസനത്തിനും ജീവജാലങ്ങൾക്കും മൂപ്പന്മാർക്കും ചുറ്റുമുള്ള അനേകം മാലാഖമാരുടെ ശബ്ദം, അവരുടെ എണ്ണം ദശലക്ഷക്കണക്കിന്, ആയിരക്കണക്കിന് ആയിരങ്ങൾ, ഉച്ചത്തിൽ പറഞ്ഞു: "അറുക്കപ്പെട്ട കുഞ്ഞാട് യോഗ്യൻ ശക്തിയും സമ്പത്തും ജ്ഞാനവും ശക്തിയും ബഹുമാനവും മഹത്വവും അനുഗ്രഹവും ലഭിക്കാൻ”!

സഭയിൽ നമുക്ക് മഹത്വപ്പെടുത്താൻ ഒരേയൊരു വ്യക്തി മാത്രമേയുള്ളൂ, അതാണ് യേശുക്രിസ്തു. ഞങ്ങൾ പാസ്റ്ററിൽ പ്രശംസിക്കുന്നില്ല; ഞങ്ങൾ സംഗീതജ്ഞരിൽ പ്രശംസിക്കുന്നില്ല; ചില പ്രമുഖ അംഗങ്ങളെ ഞങ്ങൾ മഹത്വപ്പെടുത്തുന്നില്ല; സെലിബ്രിറ്റികളെ മഹത്വപ്പെടുത്തുന്നില്ല. യേശുക്രിസ്തുവിനെ മാത്രം മഹത്വപ്പെടുന്നു. "യേശുവല്ലാതെ മറ്റൊരു സെലിബ്രിറ്റിയും ഇല്ല"! മഹത്വവും ആധിപത്യവും എന്നേക്കും അവനാണ്! രാജാവായ യേശുവിനു മഹത്വം.

നിങ്ങൾ ക്രിസ്തുവിനും ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകി, ക്രിസ്തുവിനു മഹത്വപ്പെടുത്തി ജീവിക്കുന്നവരാണെങ്കിൽ ജീവിതത്തിൽ വിജയിക്കുവാൻ നിങ്ങൾക്കു സാധിക്കും. പാപത്തിനുമേൽ വിജയം നേടുവാൻ സാധിക്കും. പാപത്തിനുമേൽ വിജയം നേടുന്ന വ്യക്തിക്കാണ് ജീവിതത്തിൽ വിജയം നേടുവാനായി സാധിക്കുക. കാരണം പാപമാണ് ജീവിതത്തിലുണ്ടാകുന്ന നിരവധി പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും കാരണം. പാപത്തിനുമേൽ വിജയം നേടുന്നതിലൂടെ ഈ വക പ്രതിസന്ധികളിൽ നിന്നും നിങ്ങൾ സ്വാഭാവികമായി വിജയം നേടുന്നു. അവർക്ക് ആത്യന്തികമായ ശത്രുവായ മരണത്തെ ഭയപ്പെട്ട് ജീവിക്കേണ്ട ആവശ്യമില്ല. കാരണം തങ്ങളുടെ രക്ഷാനായകൻ മരണത്തെ പരാജയപ്പെടുത്തി ഉയർത്തെഴുന്നേറ്റ വ്യക്തിയാണ്. യേശുവിനെ മഹത്വപ്പെടുത്തി ജീവിക്കുന്നവർക്ക് ആത്യന്തികമായ മരണത്തിന്മേലും വിജയമുണ്ട് എന്ന് ഓർക്കുക. ആകയാൽ വിജയിയായി ജീവിക്കുവാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ.


*******

© 2020 by P M Mathew, Cochin

bottom of page