
നിത്യജീവൻ

റോമാലേഖന പരമ്പര -01
P M Mathew
OCT 25, 2015
Life through Jesus !!!
യേശുക്രിസ്തുവിലൂടെ ജീവൻ !!!
Romans 5:12-21
റോമാലേഖനത്തിന്റെ അഞ്ചാം അദ്ധ്യായം 1-11 വരെ വാക്യങ്ങളിൽ യേശുക്രിസ്തുവിലൂടെ നീതീകരിക്കപ്പെട്ടതിന്റെ നേട്ടങ്ങളെ കുറിച്ചാണ് അപ്പൊ. പൗലോസ് പറയുന്നത്. കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ നീതീകരിക്കപ്പെട്ട നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കും എന്ന അത്ഭുതകരമായ അവകാശവാദമാണ് അവിടെ നാം കണ്ടത്. ഈ ലോകത്ത് പാപത്തിന്റെ മരണത്തിന്റേയും ശക്തിയുടെ വിളയാട്ടം കാണുമ്പോൾ തനിക്കെങ്ങനെയാണ് ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കുവാൻ കഴിയുക? അതല്ലെങ്കിൽ ഒരു വ്യക്തി എത്ര തന്നെ ശ്രേഷ്ടനെന്നു പറഞ്ഞാൽ കൂടി, ആ വ്യക്തിയുടെ പ്രായശ്ചിത്തമരണം മൂലം ഇത്ര അവിശ്വസനീയമായ നേട്ടങ്ങൾ എങ്ങനെയാണ് ലഭിക്കുക? ഇനിയും കുറച്ചുകൂടി വ്യക്തിപരമായി പറഞ്ഞാൽ, ഒരു വ്യക്തിയുടെ ഏകപ്രവൃത്തിയാൽ, എങ്ങനെയാണ് എന്റെ ഇപ്പോഴത്തെ അവസ്ഥയും നിത്യമായ ഭാവിയും വ്യത്യാസപ്പെടുത്താൻ കഴിയുക? ഈ ചോദ്യത്തിനു മറുപടി നൽകുന്ന ഒരു വേദഭാഗമാണ് ഇന്നു നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. അതിനായി റൊമർ 5:12-21 വരെ വാക്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധയെ തിരിക്കാം.
റൊമർ 5:12-21
“അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു. 13 പാപമൊ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല. 14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു. 15 എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. 16 ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. 17 ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും. 18 അങ്ങനെ ഏകലംഘനത്താൽ സകല മനുഷ്യർക്കും ശിക്ഷാവിധി വന്നതുപോലെ ഏകനീതിയാൽ സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. 19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. 20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു.; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. 21 പാപം മരണത്താൽ വാണതുപോലെ കൃപയും നമുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ."
മനുഷ്യവർഗ്ഗത്തിൽ പാപം വരുത്തിയ ആഘാതം ഒരുവനു ചിന്തിക്കുവാൻ കഴിയുന്നതിലും അപ്പുറമാണ് എന്ന് 12-ാം വാക്യം നമ്മോടു പറയുന്നു. എന്നാൽ ആശ്വാസകരമെന്ന് പറയട്ടെ, പാപത്തിന്റെ വിനാശകരമായ നാശത്തെ ഓരോതലത്തിലും, കൈകാര്യം ചെയ്യുവാൻ ക്രിസ്തുവേശുവിലൂടെയുള്ള നമ്മുടെ നിരപ്പ് മതിയായതെന്ന് പൗലോസ് സമർത്ഥിക്കുന്നു.
1. ആദാമിലുടെ പാപവും മരണവും ലോകത്തിൽ കടന്നു എങ്കിൽ ക്രിസ്തുവിലൂടെ നീതികരണത്തിലേക്കും ജീവനിലേക്കും കടക്കുന്നു.
12-ാം വാക്യത്തിൽ നാം കാണുന്നത്: “അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.” ഇത് യേശുക്രിസ്തുവിന്റെ വരവുവരെയുള്ള മനുഷ്യചരിത്രത്തിലെ മൂന്നു കാലഘട്ടങ്ങളിലെ പാപത്തിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു.
ഒന്ന്, ആദാം എന്ന ഏകമനുഷ്യനിലൂടെ പാപം ആദ്യം ലോകത്തിലേക്ക്
പ്രവേശിക്കുന്നു.
രണ്ട്, പാപത്തിന്റെ പിഴ/ശിക്ഷ എന്നവണ്ണം മരണം, പാപം മൂലം ലോകത്തിലേക്ക്
കടക്കുന്നു.
മൂന്ന്, മരണം എല്ലാവരിലേക്കും വ്യാപിക്കുന്നു, കാരണം എല്ലാവരും പാപം ചെയ്തു.
“എല്ലാവരും പാപം ചെയ്കയാൽ’ എന്ന പ്രയോഗം ഒരു മനുഷ്യൻ ചെയ്ത ഏകപ്രവൃത്തിയുടെ അടിസ്ഥാനത്തിൽ എല്ലാമനുഷ്യരും പാപം ചെയ്തിരിക്കുന്നു എന്നു കണക്കാക്കുന്നതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആദം പാപം ചെയ്തപ്പോൾ, ആദം ചെയ്തതുപോലെ നാം എല്ലാവരും പാപം ചെയ്തിരിക്കുന്നു. അങ്ങനെ പറയാനുള്ള കാരണം നമെല്ലാം In Adam/ആദാമിലൂള്ളവരാണ് എന്നതാണ്.
എന്നാൽ വിശ്വാസികളെ കുറിച്ച് പറയാൻ കഴിയുന്ന വലിയ സന്തോഷവാർത്ത അവരെല്ലാം ഇപ്പോൾ in Christ/ക്രിസ്തുവിലാണ് എന്ന കാര്യമാണ്. In Christ എന്ന പ്രയോഗം പുതിയനിയമത്തിൽ ഏകദേശം 75 തവണ ആവർത്തിച്ചുപയോഗിച്ചിട്ടുള്ളതായി കണ്ടെത്തുവാൻ കഴിയും. അത് അതിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നു.
2. ആദാമ്യ പാപം മുതൽ മരണം സകലരിലും വാണിരുന്നു.
ആദാം മുതൽ മോശ വരെയുള്ള കാലഘട്ടത്തിൽ ന്യായപ്രമാണം ഔദ്യോഗികമായ നിലയിൽ നൽകപ്പെട്ടിരുന്നില്ല. അന്നു പാപമില്ലാതിരുന്നതുകൊണ്ടല്ല, മറിച്ച്, ഔദ്യോഗികമായ നിലയിൽ ന്യായപ്രമാണം നൽകാതിരുന്നതുമൂലമാണ് ആ കാലഘട്ടത്തിൽ പാപത്തെ കണക്കിടാതിരുന്നത്. റോമാലേഖനം രണ്ടാം അദ്ധ്യായത്തിൽ, ന്യായപ്രമാണം നൽകാതിരുന്ന കാലത്തും തെറ്റുചെയ്തതിന്റെ കുറ്റബോധം എല്ലാവരിലും ഉണ്ടായിരുന്നു എന്ന് നാം വായിക്കുന്നു. അതുകൊണ്ട് മോശൈക ന്യായപ്രമാണം വരുന്നതിനു മുന്നമെ ജീവിക്കയും മരിക്കയും ചെയ്ത ആളുകൾ തങ്ങളുടെ പാപം കൊണ്ടല്ല എന്ന ശുദ്ധമനസ്സാക്ഷിയോടെ ആയിരുന്നില്ല മരിച്ചിരുന്നത്. കാരണം, അവരുടെ ഹൃദയങ്ങളിൽ ന്യായപ്രമാണം അതിന്റെ പൂർണ്ണരൂപത്തിലല്ലെ ങ്കിലും എഴുതപ്പെട്ടിരുന്നതിനാൽ പാപത്തെ സംബന്ധിച്ച കുറ്റബോധം അവരിൽ നിലനിന്നിരുന്നു എന്ന് റൊമർ 2:12-15 വാക്യങ്ങളിൽ നാം കാണുന്നു.
അതിലൂടെ പൗലോസ് അർത്ഥമാക്കുന്നതെന്തെന്നാൽ, കുറ്റബോധവും-ഉത്തരവാദിത്വവും, അതിനെ കുറിച്ചുള്ള അറിവ് വർദ്ധിക്കുന്നത് അനുസരിച്ച്, വർദ്ധിക്കുന്നു എന്നകാര്യമാണ്. മോശെക്കു മുന്നമെ ജീവിച്ചിരുന്ന ആളുകൾ സ്പഷ്ടമായി ന്യായപ്രമാണം ലംഘിച്ചിരുന്നില്ല. അവർ പാപം ചെയ്തിരുന്നു എങ്കിലും നിയമത്തിന്റെ അഭാവത്താൽ, ന്യായപ്രമാണലംഘി ആയിരുന്നില്ല. എന്നാൽ ന്യായപ്രമാണം വന്നതിനുശേഷമുള്ള ആളുകളുടെ പാപത്തിനു കുറ്റബോധം കൂടുതൽ ആയിരുന്നു. എന്നിരുന്നാലും മരണം എല്ലാവരിലും ഒരുപോലെ വാണിരുന്നു. കുറ്റബോധം കുറവായ ആളുകൾ മരിച്ചതുപോലെ കുറ്റബോധം കൂടിയ ആളുകളും മരിച്ചു. അവർക്കും മരണത്തെക്കാൾ കുറഞ്ഞതായ ഒരു കാര്യമല്ല സംഭവിച്ചത്. മരണം തന്നെ അവർക്കും വന്നു. അതിനെ ന്യായയുക്തമായി പറഞ്ഞാൽ, രോഗവും മരണവും, നല്ല ആളുകളിൽ എന്നപോലെ ദുഷ്ടന്മാരായ ആളുകളിലും ഒരു പോലെ വാണിരുന്നു. അജ്ഞരിൽ എന്നപോലെ ജ്ഞാനികളിലും, ശിശുക്കളിൽ എന്നപോലെ മുതിർന്ന ആളുകളിലും അതു വാണിരുന്നു.
പൗലോസ് ഇവിടെ ചോദിക്കുന്നത്, പാപത്തിന്റെ കുറ്റത്തിനാണ് മരണമെങ്കിൽ, വ്യക്തിപരമായ പാപത്തെ പരിഗണിക്കാതെ, മരണം സാർവ്വത്രികമായി വാഴേണ്ടാതിന്റെ ആവശ്യമെന്താണ്? അതിനു പൗലോസിനു നൽകാനുള്ള ഉത്തരം As did Adam/ആദാം ചെയ്തതുപോലെ, അവർക്കും പാപം കണിക്കിട്ടു എന്നാണ്. പൗലോസ് പറയുന്നതെന്തെന്നാൽ, അവർ ഒരുപക്ഷെ കൽപ്പന ലംഘിച്ചിട്ടില്ലായി രിക്കാം, എന്നാൽ ആദാം ലംഘിച്ചു, അവനിൽ എല്ലാവരും കുറ്റക്കാർ, അതല്ലെങ്കിൽ ആദാം ചെയ്തതിനു നാമും കുറ്റക്കാർ.
ഈയൊരു ഉപദേശം വിചിത്രമായി, വാസ്തവത്തിൽ അരോചകമായി നമുക്കു തോന്നിയേക്കാം, കാരണം നാമെല്ലാം വ്യക്തിമാഹാത്മ്യ വാദികളാണ്. നാമെല്ലാം ഒരു ദ്വീപുപോലെ ഒറ്റപ്പെട്ടവരായി, ഓരൊരുത്തരുടേയും തീരുമാനങ്ങളും കഴിവുകളും കൊണ്ട് ഉയരുകയൊ താഴുകയൊ ചെയ്യുന്നവരാണ്. അതല്ലെങ്കിൽ വിജയിക്കുകയൊ പരാജയപ്പെടുകയൊ ചെയ്യുന്നവരാണ് എന്ന് ചിന്തിക്കുന്നു. മനുഷ്യവർഗ്ഗത്തെ സ്വയംഭരണാധികാരമുള്ള, അനേകം ഏകവ്യക്തികളുടെ കൂട്ടമായിട്ടാണ് നാം പലപ്പോഴും കാണുന്നത്. അങ്ങനെയുള്ള ഒരു സമൂഹത്തിനു വാസ്തവത്തിൽ ഈ ഉപദേശം വിചിത്രവും അരോചകവുമാണ്.
3. മനുഷ്യവർഗ്ഗത്തിന്റെ ഐക്യദാർഡ്യത
എന്നാൽ ബൈബിൾ, മനുഷ്യവർഗ്ഗത്തെ ഐക്യദാർഡ്യമുള്ള, Solidarity-യുള്ള ഒരു സമൂഹമായിട്ടാണ് കാണുന്നത്. അതായത്, ഒരു വ്യക്തി, ഒരു വലിയ കുടുംബത്തിന്റെ, കുലത്തിന്റെ ഭാഗമാണ്. അവിടെ ആരും ഒറ്റപ്പെട്ട ഒരു ദ്വീപുപോലെ നിൽക്കുന്നില്ല. ഈ ഐക്യദാർഡ്യം എന്ന ആശയം നൽകുന്നതെന്തെന്നാൽ, നാം നിയമാനുസൃതമായി ഒരു സമൂഹമായി തീർന്നിരിക്കുന്നു. ഒരു വ്യക്തിയുടെ വിജയവും പരാജയവും ഒരു സമൂഹത്തിന്റെ വിജയവും പരാജയവുമാണ്. ഒരു വ്യക്തിയുടെ നേട്ടങ്ങളും കോട്ടങ്ങളും ഒരു സമൂഹത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളുമാണ്. ഈ നിലയിലുള്ള ഒരു പ്രാതിനിധ്യം എല്ലാത്തിലും അടങ്ങിയിരിക്കുന്നു. ഒരുവൻ ചെയ്യുന്നതിന്റെ ഗുണവും ദോഷവും ഒരു സമൂഹത്തിന്റെ ഗുണത്തിനും ദോഷത്തിനുമായി തീരുന്നു. ഇതിനെ തത്വശാസ്ത്രത്തിലും വേദശാസ്ത്രത്തിലും federalheadship എന്നു വിളിക്കുന്നു. അതായത്, ഒരു ഉടമ്പടി ബന്ധത്തിലൂടെ മറ്റൊരാളെയൊ സമൂഹത്തേയൊ പ്രതിനിധീകരിക്കുക.
ഒരുദാഹരണം പറഞ്ഞാൽ, ഇന്ന് മിക്കവാറും എല്ലാ തൊഴിൽ മേഖലകളിലും തൊഴിലാളി സംഘടനകളെ കാണാം. ആ സംഘടനയിലെ നേതാക്കൾ സംഘടനക്കു വേണ്ടി എടുക്കുന്ന തീരുമാനങ്ങൾ സംഘടയിലെ അംഗങ്ങൾക്കെല്ലാം ഒരുപോലെ ബാധകമായിരിക്കും. സംഘടന ഒരു സമരത്തിനു തീരുമാനമെടുത്താൽ, അതിലെ അംഗങ്ങളെല്ലാം സമരത്തിൽ പങ്കാളികളായിട്ടാണ് മാനെജ്മെന്റ് കണക്കാക്കുക. ഇനി ആ സമരം ഒരു ഒത്തുതീർപ്പിലെത്തിയാൽ, അതിലെ നിബന്ധനകളൂം ആനുകൂല്യങ്ങളും, ആ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും ഒരുപോലെ ബാധകമായിരിക്കും. ആ സമരം നേട്ടമായാലും കോട്ടമായാലും, ആ സംഘടനയുടെ പ്രതിനിധികൾ ഒപ്പുവെക്കുന്ന ഒത്തുതീർപ്പു വ്യവസ്ഥകൾ, ആ സംഘടനയിലെ എല്ലാ വ്യക്തികളും അനുസരിച്ചേ മതിയാകയുള്ളു. അതു രാജ്യത്തിന്റെ തലത്തിലായാലും, കോടതി തലത്തിലായാലും, ആ പ്രാതിനിത്യ സഭാവം നമുക്കു കാണാം. ഒരു പ്രതിനിധി, ആരെ പ്രതിനിധാനം ചെയ്യുന്നുവൊ, അവർക്കെല്ലാവർക്കും താനെടുക്കുന്ന തീരുമാനത്തിന്റെ നേട്ടങ്ങളാണെങ്കിലും കൊട്ടങ്ങളാണെങ്കിലും ഒരുപോലെ ബാധകമായ് വരും. ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധത്തിനുപോയാൽ, ജനങ്ങളെല്ലാം തന്നെ അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായ് വരും.
Charls Hodge എന്ന വേദശാസ്ത്രജ്ഞൻ അതിനെക്കുറിച്ചു പറയുന്നത്, ക്രിസ്തുവിന്റെ നമുക്കു വേണ്ടിയുള്ള പ്രവൃത്തി ഒരു federalhead എന്ന നിലയിലുള്ളതാണ്.
ഒരുപക്ഷെ, മറ്റൊരാൾ ചെയ്ത കുറ്റത്തിനു, അഥവാ ആദം ചെയ്ത കുറ്റത്തിനു ഞാൻ ഉത്തരവാദിയാകുക എന്നു പറയുമ്പോൾ നമുക്കത് ഒട്ടും നീതിയല്ല എന്നു തോന്നിയേക്കാം. ഞാൻ തന്നെ ഏദൻ തോട്ടത്തിൽ ആയിരുന്നെങ്കിലെ, എന്നെ അതിന്റെ കുറ്റക്കാരനാക്കാൻ കഴിയുകയുള്ളു എന്നു വാദിച്ചേക്കാം.
ഇനി അടുത്തതായി, നാം അങ്ങനെ ആദത്തിനു ഒരു federalheadship ന്യായയുക്തമായി നൽകി; പക്ഷെ, ആദം ചെയ്ത തെറ്റ് ഞാനായിരുന്നെ ങ്കിൽ ചെയ്യുകയില്ലായിരുന്നു എന്നു ചിന്തിച്ചേക്കാം. ആദം തെറ്റായ തിരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് ആദത്തെ ഞാൻ തെരഞ്ഞെടുത്ത തല്ലല്ലൊ എന്നും മനസ്സിൽ ചിന്തിച്ചേക്കാം. ഇനി ഞാൻ ആരെയെങ്കിലും എന്റെ പ്രതിനിധി ആക്കുവാൻ ഇച്ഛിച്ചാൽ, എന്റെ കാഴ്ചപ്പാടുള്ള, എന്നേക്കാൾ ഉയർന്ന കഴിവും പ്രാപ്തിയുമുള്ള, ഒരു വ്യക്തിയെ മാത്രമെ ഞാൻ തെരഞ്ഞെടുക്കയുള്ളു എന്നും നാം പറഞ്ഞേക്കാം.
എന്നാൽ പൗലോസിനു പറവാനുള്ളത്, ദൈവത്തിനല്ലാതെ ആർക്കും ഒരു റപ്രസന്റേറ്റീവിനെ നിങ്ങൾക്കു വേണ്ടി തെരഞ്ഞെടുക്കുവാൻ സാധിക്കയില്ല. ദൈവത്തേക്കാൾ മെച്ചമായ/ ബുദ്ധിപൂർവ്വമായ തെരഞ്ഞെടുപ്പ് നടത്താൻ നിങ്ങൾക്കു കഴിയുമെന്ന് ചിന്തിക്കുന്നത് എത്ര ഭോഷത്വമാണ്. ദൈവം വെറുതെ ആദത്തെ നമ്മുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുകയായിരുന്നില്ല. ആ നിലയിൽ താൻ ആദത്തെ സൃഷ്ടിക്കുകയായിരുന്നു. ആദം പെർഫെക്ടായി സൃഷ്ടിക്കപ്പെട്ടവനും, നിങ്ങൾ ചെയ്യുന്നതു അതേപോലെ ചെയ്യുവാൻ തക്കവിധം രൂപകൽപ്പന ചെയ്യപ്പെട്ട വ്യക്തിയുമായിരുന്നു. നിങ്ങൾ ആദത്തിന്റെ സ്ഥാനത്തായിരുന്നു എങ്കിൽ, നിങ്ങളും അതേ സാഹചര്യത്തിൽ അതുപോലെ തന്നെ ചെയ്യുമായിരുന്നു. ഞാൻ അതിനെക്കാൾ നല്ല ഒരു തെരഞ്ഞെടുപ്പ് നടത്തുമായിരുന്നു എന്നു നിങ്ങൾക്ക് പറവാൻ കഴിയുകയില്ല. കാരണം, ദൈവം സൃഷ്ടിച്ച മെച്ചപ്പെട്ട പ്രതിനിധിയേക്കാൾ, നിങ്ങൾ ഒരു മെച്ചപ്പെട്ട വ്യക്തിയാണ് എന്ന് അവകാശപ്പെടുകയാണ് അതിലൂടെ ചെയ്യുന്നത്. എന്നാൽ നിങ്ങൾക്കു തെറ്റി. ദൈവം നിങ്ങൾക്കു ഒരു ശരിയായ ഫെഡറൽ ഹെഡിനെ തന്നെയാണ് ആദത്തിലൂടെ നൽകിയത്.
4. മനുഷ്യവർഗ്ഗത്തിന്റെ ഐക്യദാർഡ്യതയുടെ നേട്ടങ്ങൾ
ഈ ഫെഡറൽഹെഡ് എന്ന ആശയം ഒരു വലിയ സന്തോഷവാർത്തയാണ്. ദൈവമൊരു പ്രതിനിധിയിലൂടെ നമ്മോട് ഇടപെട്ടു എന്നത് വളരെ സന്തൊഷകരവും ആശ്വാസകരുവമായ കാര്യമാണ്. നാം ഓരോരുത്തരും നമ്മേത്തന്നെ സിംഹാസനത്തിൽ മുമ്പാകെ പ്രതിനിധീകരിക്കുവാൻ തയ്യാറായിരുന്നു എങ്കിൽ, നമ്മെത്തന്നെ പ്രതിരോധിക്കുവാൻ നമ്മുടെ കൈവശം ഒന്നുമുണ്ടാകുമായിരുന്നില്ല. കാരണം റോമർ 3:20 ൽ നാം വായിക്കുന്നു; “അതുകൊണ്ട് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ, ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല” എന്ന്. നമ്മുടെ പാപം നമ്മുടെ മരണത്തിലേക്കു നമ്മേ നയിക്കുമായിരുന്നു. എന്നാൽ അതിനുപകരം ആദാം നമ്മേ പ്രതിനിധീകരിച്ചു-നാം ആദാമിൽ പാപം ചെയ്തു. അങ്ങനെ മനുഷ്യവർഗ്ഗം മുഴുവനും പാപം ചെയ്തതിനാൽ മരണം നമ്മുടെമേൽ വാണൂ.
ഇനി ഇതെങ്ങനെയാണ് സന്തോഷവാർത്തയാവുക എന്നു നോക്കാം. ആദത്തിന്റെ അനുസരണക്കേട് നമ്മുടെ അനുസരണക്കേടാകുകയും, ഒരു അനുസരണയുള്ള, പെർഫെക്ടായ രണ്ടാം ആദം അതായത്, യേശുക്രിസ്തു നമ്മുടെ federalhead ആകുവാൻ ഇടയായി തീരുകയും ചെയ്തു. ഈ രണ്ടാം ആദം നമുക്ക് വേണ്ടി സിംഹാസനത്തിൻ മുൻപാകെ ഹാജരായി. അങ്ങനെ രണ്ടാം ആദമായ ക്രിസ്തുവിന്റെ ജീവൻ നമ്മുടെ ജീവനായി തീരുകയും ചെയ്തു. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കിൽ നമുക്കൊരിക്കലും ജീവൻ ആസ്വദിക്കുവാൻ സാധിക്കയില്ലായിരുന്നു. അതുകൊണ്ട് ഒരു federalhead ലൂടെ ദൈവം നമ്മോട് ഇടപെടുവാൻ തീരുമാനിച്ചു എന്നത് ദൈവത്തിന്റെ അത്ഭുതകരമായ നന്മയാണ്. ആദാം വരുവാനുള്ളവന്റെ ഒരു പ്രതിരൂപമായിരുന്നതുകൊണ്ടാണ് അതു സാദ്ധ്യമായത്. ആ വലിയ നന്മയെയാണ് കാല്വരിയിലെ ക്രൂശ് നമ്മേ ഓർപ്പിക്കുന്നത്.
ആകയാൽ, ഏറ്റവും നന്ദിയുള്ളവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ സ്തുതിക്കുന്നവരായി നമുക്കു തീരാം.
നിങ്ങളുടെ പാപത്തിന്റെ ശിക്ഷ ഏറ്റെടുത്തുകൊണ്ട് നിങ്ങൾക്കു പകരക്കാരനായി മരിച്ച കർത്താവായ യേശുക്രിസ്തുവിൽ നിങ്ങൾ വിശ്വസിച്ച് നിത്യജീവൻ പ്രാപിച്ചവരൊ? ഇല്ലെങ്കിൽ ഇന്നു തന്നെ നിങ്ങളുടെ പാപങ്ങളെ ദൈവസന്നിധിയിൽ ഏറ്റു പറഞ്ഞ് കർത്താവായ യേശുവിനെ നിങ്ങളുടെ രക്ഷകനും കർത്താവുമായി സ്വീകരിക്കുക. അപ്പോൾ നിങ്ങൾക്കു പറയാൻ സാധിക്കും എനിക്കും യേശുക്രിസ്തുവിലൂടെ നിത്യജീവൻ ഉണ്ട് എന്ന്.
*******