
നിത്യജീവൻ

തിത്തൊസ് ലേഖന പരമ്പര -01
P M Mathew
SEP 19, 2021
Live like children of light
വെളിച്ചത്തിന്റെ മക്കളെപോലെ ജീവിക്കുക
Titus 3:3-5
തിത്തോസ് 3:3-5
"മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ. 4 എന്നാൽ നമ്മ ുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ 5 അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു."
മുൻപേയുള്ള നമ്മുടെ അവസ്ഥയിൽ ദൈവം എന്തു ചെയ്തു എന്ന കാര്യമാണ് ഈ വാക്യങ്ങളിൽ നാം കാണുന്നത്. സ്പർജ്ജൻ പറഞ്ഞതുപോലെ നാം എത്ര മോശക്കാരായിരുന്നു എന്ന കാര്യം നാം അറിയുന്നില്ല എന്നതാണ് വാസ്തവം. നമ്മുടെ അവസ്ഥയെ കാണിക്കുന്ന അഞ്ചു കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞ് കർത്താവു ഈ അവസ്ഥയിൽ എന്തു ചെയ്തു എന്നു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
മരിച്ച അവ സ്ഥ (Dead condition)
ക്രിസ്തു നമ്മുടെ ജീവിതത്തിലേക്കു വരുന്നതിനു മുന്നമെ നാം ബുദ്ധികെട്ടവരായിരുന്നു. നമ്മുടെ ബുദ്ധീ മന്ദീഭവിച്ചവരായിരുന്നു. അപ്പൊ. പൗലോസ് എഫേസ്യാലേഖനം 4:17 ൽ പറയുന്നതുപോലെ "ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നടന്നവരായിരുന്നു." ദൈവജനത്തോട് ബന്ധമില്ലാതിരുന്നു എന്നു മാത്രമല്ല, വ്യർത്ഥബുദ്ധി അനുസരിച്ചു നടന്നവരായിരുന്നു. എല്ലാം അറിയാം എന്നു ചിന്തിച്ചവരെങ്കിലും ഒന്നുമറിയാത്തവരായിരുന്നു, തിന്മയെ സ്നേഹിച്ചവരായിരുന്നു.
രണ്ടാമതായി, വീണ്ടും ജനിക്കുന്നതിനുമുന്നമെ നാം അനുസരണമില്ലാത്തവരായിരുന്നു. ഹൃദയം കഠിനപ്പെട്ടവരും അനുസരണക്കേടിലൂടെ അതു വെളിപ്പെടുത്തിയവരുമായിരുന്നു.
മൂന്നാമതായി, നാം നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരായി നടന്നവരായിരുന്നു. അതായത്, സത്യം അറിയുന്നതിനു മുന്നമെ വഴിതെറ്റി നടന്നവരായിരുന്നു. വഞ്ചനയാൽ നയിക്കപ്പെടുന്നവരായിരുന്നു. ജഡികമനസ്സിന്റെ ഇഛകൾക്ക് അനുസരിച്ച്, അതിന്റെ താത്പ്പര്യങ്ങൾക്കനുസരിച്ച് ജീവിച്ചവരായിരുന്നു.
നാലാമതായി, ഈർഷ്യയിലും അസൂയയിലും കാലം കഴിച്ചവരായിരുന്നു. ക്രിസ്തുവിൽ നാം സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുന്നമെ എന്തുകിട്ടിയാലും സംതൃപ്തിയില്ലാതെ ഈർഷ്യയിലും പിണക്കത്തിലും കാലം കഴിച്ചുകൂട്ടിയവരായിരുന്നു. ഈർഷയും അസൂയയും സമാനകാര്യമാണെങ്കിലും അതിന്റെ വെളിപ്പെടൽ രണ്ടു വ്യത്യസ്ഥനിലയിലാണ്. ഈർഷ്യ എന്നത് നമുക്കുള്ളത് നഷ്ടപ്പെടുമൊ എന്ന ഭയമാണെങ്കിൽ അസൂയ എന്നത് മറ്റുള്ളവർക്കുള്ളത് തനിക്കില്ലല്ലൊ എന്ന സങ്കടമാണ്. ചുരുക്കി പറഞ്ഞാൽ മറ്റുള്ളവരുടെ നന്മയിൽ, ഉയർച്ചയിൽ സന്തോഷിക്കുവാൻ കഴിയാത്ത അവസ്ഥ.
അഞ്ചാമതായി, നാം ദ്വേഷിതരും അന്യോന്യം പകക്കുന്നവരുമായിരുന്നു. ക്രിസ്തുവിന്റെ സ്നേഹം നമ്മിൽ പകരുന്നതിനു മുന്നമെ, നാം പരസ്പരം ദ്വേഷിച്ചിരുന്നു. അസൂയയുടെ സ്വാഭാവിക പ്രകടനമാണ് വെറുപ്പ്. ഈയൊരു വെറുപ്പ് അവരുടെ ജീവിതത്തിൽ എപ്പോഴുമുണ്ടായിരിക്കും. അങ്ങനെ മറ്റുള്ളവരോടു വെറുപ്പുള്ളവരായി തുടരുന്നു.
2. ദൈവം നമ്മേ ജീവിപ്പിച്ചു (God made us alive)
നമ്മുടെ ഈ ദയനീയമായ, ശോചനീയമായ അവസ്ഥയിൽ കർത്താവ് എന്തു ചെയ്തു എന്നാണ് 4 ഉം 5 ഉം വാക്യങ്ങൾ നമ്മോടു പറയുന്നത്. "4 എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ 5 അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു."
സുവിശേഷത്തിന്റെ ഒരു സമ്മറി അഥവാ സംഗ്രഹം ഈ വാക്യങ്ങളിൽ നമുക്കു ദർശിക്കുവാൻ കഴിയും. സുവിശേഷത്തിന്റെ വെളിപ്പെടൽ, സുവിശേഷത്തിന്റെ അടിസ്ഥാനം, അതിന്റെ മുഖാന്തിരം എന്നിവ ഇവിടെ നാം കാണുന്നു. കൂടാതെ രക്ഷയിൽ ദൈവത്തിനുള്ള പരമാധികാരവും നമുക്കിതിൽ കാണാം.
അന്ധകാരത്തിൽ വെളിച്ചം ശോഭിക്കുന്നതുപോലെ, ദൈവത്തിന്റെ ദയ വെളിപ്പെട്ടു. മനുഷ്യന്റെ നരകത്തിലേക്കുള്ള പോക്കിനെ തടഞ്ഞുകൊണ്ട്, അവന്റെ ആ വഴിക്കു വിരാമമിട്ടുകൊണ്ട്, ദൈവത്തിന്റെ കൃപ വെളിപ്പെട്ടു.
മനുഷ്യനു തന്നെത്തന്നെ രക്ഷിക്കുവാൻ കഴിയാത്ത അവന്റെ നിസ്സഹായ അവസ്ഥയിൽ, ക്രിസ്തു രക്ഷകനായി അവതരിക്കുന്നു.
ദൈവത്തിന്റെ ദയ (God's mercy)
ക്രിസ്തുവിനെ ഈ നിലയിൽ അയക്കുവാനുള്ള കാരണം നമ്മിലെ ഏതെങ്കിലും നന്മ പ്രവൃത്തി ആയിരുന്നില്ല. മനുഷ്യന്റെ സങ്കടകരമായ അവസ്ഥയിൽ അവനെ സഹായിക്കുവാൻ, അവനു ഗുണകരമായി ഭവിക്കുവാൻ, യേശുവിനെ അയക്കുന്നു. യേശുവിന്റെ മരണത്തിലൂടെ പാപക്ഷമയും അനുഗ്രഹവും നൽകുവാൻ ദൈവം പ്രസാദിക്കുന്നു. എന്നാൽ അതിനു ദൈവത്തെ പ്രേരിപ്പിച്ച ഏകഘടകം ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയുമാണ്. വർഗ്ഗത്തോടുള്ള ദൈവത്തിന്റെ സ്നേഹമാണ്. ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ എന്നാണ് അതിനെക്കുറിച്ച് അപ്പൊസ്തലൻ വിശദീകരിക്കുന്നത്. പാഴും ശൂന്ന്യവുമായ അവസ്ഥയിൽ, ഇരുളിനുമേൽ അന്ധകാരം വ്യാപിച്ചിരുന്ന അവസ്ഥയിൽ, ദൈവത്തിന്റെ ആത്മാവ് പരിവർത്തിച്ചതുപോലെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിച്ചു. നമ്മിലെ അന്ധകാരത്തെ നമ്മിൽ നിന്നു നീക്കി. നമുക്കൊരു പേര് അവിടുന്നു നൽകി. ഇന്നു നാം അന്ധകാരത്തിന്റെ മക്കളല്ല, വെളിച്ചത്തിന്റെ മക്കളാണ്. നമ്മുടെ സ്ഥാനവും പദവിയും മാറിയിരിക്കുന്നു. ഇന്നു നാം ദൈവത്തിന്റെ തേജസ്സിനെ പ്രതിബിംബിക്കുന്നവരാണ്.
ഇതെത്രയൊ ഭാഗ്യകരമായ അവസ്ഥയാണ്. അതിനു മുഖാന്തിരമായി തീർന്നത് കർത്താവായ യേശുക്രിസ്തുവിന്റെ മരണമാണ്. തന്റെ പുണ്യാഹ രക്തം ചിന്തിയുള്ള മരണം. തന്റെ രക്തത്താൽ നമ്മേ പുതിയ ഉടമ്പടി ജനമാക്കി അവിടുന്നു തീർത്തു. നാം ദൈവത്തിന്റെ ജനമാണ്. തിരഞ്ഞെടുക്കപ്പെട്ട ജാതിയാണ്. രാജകീയ പുരോഹിത വർഗ്ഗമാണ്. വിശുദ്ധ വംശമാണ്. ഇനിയും പഴയനിലയിൽ ജീവിക്കുവാനുള്ള അനുവാദം നമുക്കില്ല. ഇതു നാം എപ്പോഴും നമ്മേത്തന്നെ ഓർമ്മിപ്പിക്കേണ്ട ആവശ്യമുണ്ട്. പഴയ അവസ്ഥയിലേക്കു പോകാതിരിപ്പാൻ ഈ ചിന്ത നമ്മേ സഹായിക്കും. ഈ മേശ ആചരിക്കുന്നവേളയിൽ ഈ യാഥാർത്ഥ്യം നമുക്ക് ഓർക്കാം. ഇതിൽ നാം ദൈവത്തോടു നന്ദിയുള്ളവരാണോ എന്നു പരിശോധിക്കാം? ദൈവത്തെ നമുക്കു സ്നേഹിക്കാം? ദൈവം നമ്മേ അനുഗ്രഹിക്കട്ടെ.
*******