
നിത്യജീവൻ

Family Series-Chapter _1
Creation of woman and the first Marriage.
സ്ത്രീയുടെ സൃഷ്ടിയും ആദ്യവിവാഹവും.
ആമുഖം
ഏകാന്തത എന്നു പറയുന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായ ഒരു അനുഭവമാണ്. സാമൂഹികമായി ഒറ്റപ്പെട്ടു കഴിയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ് എന്ന് ഈ കോവിഡ് കാലത്ത് ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു. മനുഷ്യൻ ഒരു സാമൂഹികജിവിയാണ്, അവനു സ്നേഹിക്കുവാൻ ആരെങ്കിലുമുണ്ടാകണം; കരുതുവാൻ ആരെങ്കിലും ഉണ്ടാകണം; കൂട്ടായ്മ പങ്കിടുവാൻ ആരെങ്കിലുമൊക്കെ വേണം. അതില്ലെങ്കിൽ അവനെ വിഷാദത്തിലേക്കും ചിലപ്പോൾ ആത്മഹത്യയിലേക്കും നയിച്ചു എന്നു വന്നേക്കാം.
ഇതെല്ലാം നന്നായി അറിയുന്ന ദൈവം എങ്ങനെയാണ് വിവാഹത്തെ രൂപകല്പന ചെയ്തിരിക്കുന്നത് എന്നും അതിന്റെ മഹത്വകരമായ ലക്ഷ്യത്തെക്കുറിച്ചും പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ദൈവവചനത്തിൽ നിന്നുള്ള ഒരു വേദഭാഗം നമുക്കു വായിക്കാം:
ഉൽപ്പത്തി 2:18-20
“അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു: യഹോവയായ ദൈവം ഭൂമിയിലെ സകലമൃഗങ്ങളേയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്ന് കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവക്കു പേരായി; മനുഷ്യൻ എല്ലാ കന്നുകാലികൽക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടു കിട്ടിയില്ല.”
ദൈവാത്മാവിന്റെ നടത്തിപ്പിനായി ഒരു നിമിഷം പ്രാർത്ഥിക്കാം…..
ബൈബിൾ വായിക്കുമ്പോൾ നമുക്കു കാണുവാൻ കഴിയുന്ന കാര്യം ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതായിരുന്നു എന്ന കാര്യമാണ്. ദൈവം ആറു ദിവസം കൊണ്ടു ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു. താൻ സൃഷ്ടിച്ച ഓരോ കാര്യത്തേയും നോക്കി ‘നല്ലത്’ എന്നു പറഞ്ഞു. മനുഷ്യനെ പൊടിയിൽ നിന്നു മെനഞ്ഞു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി അവനെ ജീവനുള്ള ദേഹിയാക്കി. അവനെ നോക്കിയും ദൈവം പറഞ്ഞു: ‘വളരെ നല്ലത്’ എന്ന്. എന്നാൽ മുന്നമെ വായിച്ച വേദഭാഗത്തു നാം എത്തുമ്പോൾ യഹോവയായ ദൈവം നല്ലതല്ലാത്ത ഒരു കാര്യം കാണുന്നു. ആ കാര്യം, “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല;” എന്നതാണ്. അതായത്, ദൈവത്തിന്റെ ദൃഷ്ടിയിൽ നല്ലതായി തോന്നാതിരുന്ന ഏകകാര്യം “മനുഷ്യൻ ഏകനായിരിക്കുന്നതാണ്.” ആ ഒരു കുറവു പരിഹരിക്കുവാനാണ് ദൈവം ഒരു സ്ത്രീയെ സൃഷ്ടിച്ചത്.
1. ദൈവം സ്ത്രീയെ സൃഷ്ടിച്ചത് പുരുഷനു പൂർണ്ണത വരുത്തി അവന്റെ ഏകാന്തത അകറ്റുവാനാണ്.
നാം വായിച്ച ഈ വേദഭാഗത്തിനു മുൻപുള്ള ചില വാക്യങ്ങൾ പരിശോധിക്കുമ്പോൾ സ്ത്രീയുടെ സൃഷ്ടിക്കു മുന്നമെ ആദാം, ദൈവം സൃഷ്ടിച്ച ജീവജന്തുക്കൾക്കു പേരിടുന്നതാണ് നാം കാണുന്നത്. സ്ത്രീയെ സൃഷ്ടിക്കുന്നതിനും ജിവജന്തക്കൾക്കു പേരിടുന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോഎന്നു ചോദിച്ചേക്കാം. എന്നാൽ ഇതു തമ്മിൽ ഒരു ബന്ധമുണ്ട്. വിവാഹത്തിനു തയ്യാറാകുന്നതിനു മുൻപ് ദൈവം ചില ഒരുക്കങ്ങൾ നടത്തുകയാണ്. ചില കാര്യങ്ങൾ ദൈവം ആദത്തെ പഠിപ്പിക്കുവാൻ തുടങ്ങുകയാണ്. അതിന്റെ മുന്നോടിയായിട്ടാണ് മൃഗങ്ങളെ പഠിക്കാനുള്ള അവസരം ദൈവം ആദാമിനു നൽകുന്നത്. ഓരോ മൃഗത്തിന്റെയും സ്വഭാവം അറിയാതെ മൃഗങ്ങൾക്ക് പേരുകൾ നൽകാൻ കഴിയുകയില്ലല്ലോ; കാരണം ഒരു പേര് എല്ലായ്പ്പോഴും സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് ദൈവവചനത്തിലെ പേരുകളുടെ പഠനത്തിൽ നാം കാണുന്നു.
മറ്റുജീവജാലങ്ങളെയെല്ലാം ദൈവം ആണും പെണ്ണുമായാണ് സൃഷ്ടിച്ചത്. എന്നിട്ട് അവയെ ഒക്കേയും ആദത്തിന്റെ മുൻപിൽ നിർത്തി അവക്കു പേരിടുവാൻ ദൈവം ആദാമിനോട് ആവശ്യപ്പെടുന്നു. ആദാം ആ കാര്യം വളരെ നന്നായി നിവൃത്തിക്കുകയും ചെയ്തു. എന്നാൽ അവന്റെ മുഖത്തു ഒരു മ്ലാനത പടർന്നിട്ടുണ്ടാകാം എന്നു ഞാൻ കരുതുന്നു; കാരണം അവയിൽ ഒന്നിലും തന്നെപോലെ ഒരു വ്യക്തിയെ കണ്ടെത്തുവാൻ തനിക്കു കഴിഞ്ഞില്ല. തന്റെ ഇനത്തിൽ പെട്ട ഒന്നും അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം; തനിക്കു തുണയായി നൽകുവാൻ പോകുന്ന സ്ത്രീ മൃഗങ്ങളെക്കാൾ തികച്ചും വ്യത്യസ്തനായിരിക്കണ മെന്ന് അവൻ അറിയണം. മൃഗങ്ങളെ കൊണ്ട് മനുഷ്യനു വളരെ ഉപകാരമുണ്ട് എന്നതു ശരിയാണ്. എന്നാൽ ജീവന്റെ കൃപക്കു കൂട്ടവകാശികൾ ആകുവാൻ മൃഗങ്ങൾക്കു കഴിയുകയില്ല. ഒരു വ്യക്തിക്കു മാത്രമെ അതിനു കഴിയു. ഒരു വ്യക്തിക്കു മാത്രമെ ദൈവകൃപ സ്വീകരിക്കുവാനും, വിലമതിക്കാനും, ആസ്വദിക്കുവാനും കഴിയു. ഒരു വ്യക്തിക്കു മാത്രമെ ദൈവത്തിന്റെ സ്നേഹം സ്വീകരിക്കുവാനും, പങ്കുവെക്കുവാനും, പരസ്പരം കൂട്ടായ്മ ആചരിക്കുവാനും കഴിയു. അതിനു മനുഷ്യനു ആവശ്യമായിരിക്കുന്നത് മറ്റൊരു വ്യക്തിയെ ആണ്.
എന്നാൽ ദൈവം അവനു തുണയായി ആദത്തെ പോലെ മറ്റൊരു പുരുഷനെയല്ല, മറിച്ച്, ഒരു സ്ത്രീയെയാണ് നൽകിയത്. അവൾ ഒരു വ്യക്തിയായിരുന്നു എങ്കിലും ആകാരത്തിൽ പുരുഷനേക്കാൾ അല്പസ്വല്പ വ്യത്യാസങ്ങൾ അവളിൽ ഉണ്ടായിരുന്നു. എന്നാൽ ആ വ്യത്യാസം ദൈവം അവളിൽ വെച്ചത് അവർ ഇരുവരും പറ്റിച്ചേർന്ന് ഏകദേഹമായി തീരണം. അവർ തമ്മിൽ ശാരീരികമായും മാനസീകമായും പെർഫെക്ടായി ഒന്നായി തീരണം. അവർ തമ്മിൽ ആഴമായ ഒരു ബന്ധത്തിൽ ആയിത്തീരണം. ഈയൊരു ലക്ഷ്യമായിരുന്നു സ്ത്രീയുടെ സൃഷ്ടിക്കു പിന്നിൽ. അങ്ങനെ ദൈവം ഭൂമിയിൽ വിവാഹമെന്ന സ്ഥാപനത്തെ സ്ഥാപിക്കുകയും ആ വിവാഹത്തിനു കാർമ്മികത്വം വഹിക്കുകയും ചെയ്തു.
2. സ്ത്രീയും പുരുഷനും തങ്ങളെത്തന്നെ നൽകി പരസ്പരം സ്നേഹിക്കുവാനും കരുതുവാനും കൂട്ടായ്മ പങ്കിടുവാനും വേണ്ടിയാണ് ദൈവം വിവാഹം സ്ഥാപിച്ചത്.
ചില പുരുഷന്മാർ സ്ത്രീയെ വെറും ഭാരം ചുമക്കുന്ന മൃഗമാണെന്നു കരുതുന്നന്നു. മറ്റിചിലർ അവളെ വെറും കച്ചവടച്ചരക്കായി കാണുന്നു. വേറെ ചിലർ അടിമയായി കാണുന്നു. ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന ഒരു ഉപഭോഗവസ്തുവായി കാണുന്നവരും വിരളമല്ല. ഇതൊക്കേയും സ്ത്രീത്വപരമായ വ്യക്തിത്വത്തിന് ഏറ്റവും വിനാശകരമായ ഒരു കാഴ്ചപ്പാടാണിത്. ഇത് ഒരു സ്ത്രീയുടെ മനഃശാസ്ത്രപരമായ മേക്കപ്പിന് വിനാശകരമാണ്. അതിന്റെ ഫലമാണ് വിവാഹം കഴിഞ്ഞു ചില ആഴ്ചകളോ മാസങ്ങളെ കഴിയുമ്പോൾ അവരുടെ ഇടയിൽ പൊട്ടലും ചീറ്റലും തുടങ്ങുന്നത്.
ഇനി സ്ത്രീയെ ദൈവം സൃഷ്ടിച്ചതെങ്ങനെയെന്നു നമുക്കു നോക്കാം: ഉല്പത്തി 2: 21-22 “ആകയാൽ, യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു; യഹോവയായ യഹോവ പുരുഷനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ അവന്റെ അടുക്കൽ കൊണ്ടുവന്നു.”
പുരുഷന്റെ ഒരു വാരിയെല്ല് എടുത്ത് അതിൽ മാംസം പിടിപ്പിച്ചാണ് ദൈവം സ്ത്രീയെ സൃഷ്ടിക്കുന്നത്. വാരിയെല്ലുകൾ ഹൃദയത്തോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്നതും, ഹൃദയത്തെ പൊതിഞ്ഞുസൂക്ഷിക്കുന്നതുമായ അസ്ഥികളാണ്. ഹൃദയത്തെ തിരുവെഴുത്തുകളിലുടനീളം വൈകാരികതയുടെ കേന്ദ്രമായിട്ടാണ് കാണുന്നത്. അടിസ്ഥാനപരമായി, ഇതു സ്ത്രീയുടെ വൈകാരിക സ്വഭാവത്തിന് പ്രാധാന്യം നൽകുന്നു. മനഃശാസ്ത്രവും സ്ത്രീയുടെ വൈകാരിക സ്വഭാവത്തിനു ഹൃദയം അടിസ്ഥാനമെന്ന് സ്ഥിരീകരിക്കുന്നു. വൈകാരിക സ്വഭാവമാണ് ജീവിതത്തിന് നിറവും ഊഷ്മളതയും നൽകുന്നത്. അതില്ലാത്ത ജീവിതം വളരെ മങ്ങിയതായിരിക്കും. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കണ്ണുനീരും ഭയവും ആഹ്ലാദവും വളരെ എളുപ്പത്തിൽ വരുന്നു. പുരുഷനു കുറവുള്ളതു പൂർത്തിവരുത്തുന്നതിനാണ് ഈ നിലയിലുള്ള സ്ത്രീയുടെ രൂപകൽപ്പന. അവൾ പുരുഷനു സഹായിയായി അവനെ പൂർത്തീകരിക്കുന്നു.
നെഞ്ചിലെ സുപ്രധാന അവയവങ്ങളെയും പ്രത്യേകിച്ച് ഹൃദയത്തെയും സംരക്ഷിക്കുന്നത് വാരിയെല്ലാണ് എന്നു നാം കണ്ടു. അതായത്, സ്ത്രീ സംരക്ഷണം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അതു തന്റെ പുരുഷൻ അവൾക്കു നൽകണം. അത് അവനിൽ നിന്ന് അവൾ എപ്പോഴും പ്രതീക്ഷിക്കുന്നു. ഭാര്യ ഒരു കൂട്ടുകാരിയും സഹായിയുമായിരിക്കുമ്പോൾ, ഭർത്താവ് അവൾക്കു വേണ്ട സംരക്ഷണവും കരുതലും നൽകുന്നു. ഈ നിലയിലാണ് ദൈവം പുരുഷനെയും സ്ത്രീയേയും സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനു പല implications അഥവാ പ്രായോഗികതകൾ വിവാഹജിവിതത്തിൽ ഉണ്ട്. അവയെ ഒരോന്നായി ഞാൻ വിശദീകരിക്കാം.
ഒന്നാമതായി നാം മനസ്സിലാക്കേണ്ട കാര്യം, വിവാഹത്തിൽ ഒന്നിക്കേണ്ടത് ഒരു സ്ത്രീയും പുരുഷനുമാണ്. ഒരു പുരുഷനും പുരുഷനും (homosexuality) തമ്മിലൊ, അതല്ലെങ്കിൽ ഒരു സ്ത്രീയും സ്ത്രീയും തമ്മിലൊ അല്ല വിവാഹത്തിൽ ഒന്നിക്കേണ്ടത്. മറിച്ച് ഒരു പുരുഷനേയും സ്ത്രിയേയും സൃഷ്ടിച്ച് അവർ വിവാഹം കഴിച്ച്, heterosexuality ആചരിക്കണം. അതിനുവേണ്ടിയാണ് ദൈവം ഈ നിലയിൽ ആണും പെണ്ണുമായി മനുഷ്യനെ സൃഷ്ടിച്ചത്.
എന്നാൽ ഇന്ന് ലോകത്തിൽ, വിവാഹത്തിന്റെ പേരിൽ നടക്കുന്ന വൈകൃതങ്ങൾ അനവധിയാണ്. പുരുഷനും പുരുഷനും തമ്മിലും, സ്ത്രീയും സ്ത്രീയും തമ്മിലും വിവാഹത്തിലുടെയൊ അല്ലാതെയൊ ദമ്പതികളെ പോലെ ജീവിക്കുന്നു. വ്യക്തിസ്വാതന്ത്ര്യ ത്തിന്റെ പേരിൽ അതിനുള്ള നിയമസാധുതയും ഇന്നു പലരാജ്യങ്ങളിലും നിലനിൽക്കുന്നു. എന്നാൽ സൃഷ്ടാവായ ദൈവത്തിന്റെ സന്നിധിയിൽ ശിക്ഷായോഗ്യമായ ഒരു പാപമാണ് എന്നു പലരും ചിന്തിക്കാറില്ല. ബൈബിളിൽ സോദോം ഗോമോറയുടെ നാശത്തെക്കുറിച്ച് പറയുമ്പോൾ അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്ന പ്രധാനപാപം സ്വർഗ്ഗസംഭോഗമാണ്. ദൈവം അതിനുമേൽ ന്യായവിധി നടത്തിയതിന്റെ തെളിവാണ് യിസ്രായേലിലെ ചാവുകടൽ അഥവാ Dead Sea. മനുഷ്യന്റെ ധാർമ്മിക അധഃപ്പതനം അതിന്റെ മൂർദ്ധന്യത്തിത്തിയപ്പോൾ ദൈവം ആ ജനതയുടെ മേൽ ന്യായവിധി നടത്തിയതിന്റെ അടയാളമായി ചാവുകടൽ ഇന്നും നിലകൊള്ളുന്നു. എന്നാൽ ഇതൊക്കേയും ദൈവവ്യവസ്ഥക്ക് വിരുദ്ധമായ ലൈംഗിക വൈകൃതങ്ങളും വിവാഹത്തെ സ്ഥാപിച്ച സൃഷ്ടാവിന്റെ ഹിതത്തിനു നിരക്കാത്ത സംഗതിയുമാണ്.
രണ്ടാമതായി നാം മനസ്സിലാക്കേണ്ട സംഗതി, ദൈവമാണ് ഭൂമിയിൽ ഒരു പുരുഷനേയും സ്ത്രീയേയും വിവാഹത്തിൽ പരസ്പരം ഒന്നിപ്പിച്ചത്. ഒരുപക്ഷെ, മനുഷ്യർ പല ആലോചനകളും അന്വേഷണങ്ങളും നടത്തിയായിരിക്കും ഒരു വിവാഹബന്ധത്തിലേക്കു പ്രവേശിക്കുന്നത്. എന്നാൽ ആത്യന്തികമായി ദൈവമാണ് ഒരു പുരുഷനേയും സ്ത്രീയേയും തമ്മിൽ പരസ്പരം വിവാഹത്തിൽ ബന്ധിപ്പിക്കുന്നത്. ആയതിനാൽ അവർ ദൈവത്തിന്റെ നിയമങ്ങൾക്കും അനുശാസനങ്ങൾക്കും അനുസരിച്ചായിരിക്കണം ആ ബന്ധം മുന്നോട്ടുകൊണ്ടു പോകേണ്ടത്. മാത്രവുമല്ല, ജീവിതാന്ത്യം വരെ തുടരേണ്ട ഒരു ബന്ധമായിട്ടാണ് ദൈവം ഇതിനെ വെച്ചിരിക്കുന്നത്. അതുകൊണ്ട് ദൈവം പറയുന്നു : “ദൈവം യോചിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.” ആകയാൽ, വിവാഹം ബന്ധം വിഛേദിക്കുവാൻ മനുഷ്യനു അനുവാദമില്ല.
3. ദൈവം പുരുഷനു സ്ത്രീയെ സൃഷ്ടിച്ചു നൽകിയത് വലിയ സന്തോഷത്തിനു കാരണമായിത്തീർന്നു.
ദൈവം നൽകിയ ഈ വലിയ ദാനം മനുഷ്യന്റെ വലിയ സന്തോഷത്തിനു കാരണമായി എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല. മാത്രമല്ല, ആ ഇണയിൽ ആദം അങ്ങേയറ്റം സന്തുഷ്ടനാകയും ചെയ്തു. തന്റെ സന്തോഷം തുടർന്നുള്ള ആദത്തിന്റെ പ്രതികരണത്തിൽ വ്യക്തമാണ്.
ഉൽപ്പത്തി 3:23-25 “അപ്പോൾ മനുഷ്യൻ: ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽ നിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചെരും; അവർ ഏകദേഹമായി തീരും. മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.”
പുരുഷന്മാർ തന്റെ ഭാര്യയെ നന്നായി മനസ്സിലാക്കണം. തന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയാണവൾ. തന്റെപോലെ തന്നെ വിചാരവും, വികാരവും, തീരുമാനശേഷിയുമുള്ള ഒരു വ്യക്തിയാണ് തന്റെ ഇണ. ഭാര്യയുടെ സ്വഭാവം അവൻ നന്നായി അറിയണം. അതുപോലെ ഭാര്യയും തന്റെ ഭർത്താവിനെ നന്നായി മനസ്സിലാക്കണം. പലരും ഈ നിലയിൽ തന്റെ ഇണയെ മനസ്സിലാക്കുകയൊ അറിയുകയൊ ചെയ്യാറില്ല. എന്നാൽ വിവാഹജീവിതത്തിന്റെ വിജയത്തിനു ഈയൊരു തിരിച്ചറിവ് അത്യന്താപേക്ഷിതമാണ്.
23-25 വരെയുള്ള വേദഭാഗം ഒരു കവിത/പാട്ടായിട്ടാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, അവിടെ മനുഷ്യൻ പാടുവാനും ആടുവാനും സന്തോഷിപ്പാനും ആരംഭിച്ചു. സന്തോഷത്തെ പ്രകടിപ്പിക്കുവാൻ കഴിയുന്ന ഏറ്റവും നല്ലമുഖാന്തിരമാണ് കവിത എന്നു പറയുന്നത്. എന്നാൽ ഇതൊക്കെ സിനിമയിലേക്കു മാത്രമായി പരിമിതപ്പെടുത്തിയൊ എന്നു എനിക്കു തോന്നിയിട്ടുണ്ട്. അവിടെ കാമുകനും കാമുകിയും തമ്മിൽ ആടിപ്പാടി രസിക്കുന്നത് നാം കാണാറുണ്ട്. എന്നാൽ ഇത് വാസ്തവത്തിൽ ഒരുവന്റെ വിവാഹജീവിതത്തിലാണ് യാഥാർത്ഥ്യമായി തീരേണ്ടത്. അങ്ങനെ ഭാര്യാ-ഭർത്താക്കന്മാർ സന്തോഷിക്കണം, ആനന്ദിക്കണം എന്നതാണ് ദൈവത്തിന്റെ ആഗ്രഹം. ഏതായാലും ആദം തന്റെ സന്തോഷം പങ്കുവെക്കുന്നതിപ്രകാരമാണ്: at-last! ആത്യന്തികമായി ! ഇവൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും മാംസത്തിൽ നിന്നു മാംസവുമല്ലോ.
വിവാഹത്തെ എതിർക്കുന്നവർ അഥവാ വെറുക്കുന്നവർ ഈ യാഥാർത്ഥ്യം കണ്ടില്ലെന്നു നടിക്കരുത്. ഇത് വിവാഹബന്ധത്തിന്റെ ആഴമായ ആവശ്യകതയെ കാണിക്കുന്നു എന്നു മാത്രമല്ല, വിവരിക്കുവാൻ കഴിയാത്ത ഒരു നിധി കണ്ടെത്തിയതിന്റെ പ്രതിധ്വനിയിരുന്നു ആ പ്രസ്താവനക്കു പിന്നിൽ. നിങ്ങൾക്കു ലഭിച്ച തുണയിൽ നിങ്ങൾ സന്തുഷ്ടരാണോ?
ഇനി ഈ സന്തോഷം ഭാഗീഗികമാകാതെ, പൂർണ്ണമാകണം എന്ന് ദൈവം മനുഷ്യനെ കുറിച്ചു ആഗ്രഹിച്ചു. അതുകൊണ്ടാണ് 24-നാം വാക്യത്തിൽ, “അതുകൊണ്ടു പുരുഷൻ അപ്പനേയും അമ്മയേയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏകദേഹമായി തീരും” എന്ന വ്യവസ്ഥ വെച്ചത് (“Therefore a man leaves his father and his mother and cleaves to his wife, and they become one flesh”).
ദൈവം മനുഷ്യന്റെ സന്തോഷത്തിൽ എത്ര ശ്രദ്ധാലുവാണ് എന്നു നോക്കുക. ആകയാൽ, ഈയൊരു ബന്ധത്തിലേക്ക് സ്വന്തം അപ്പനും അമ്മക്കും പോലും കടന്നുവരാൻ അനുവാദമില്ല. എന്നാൽ ഇന്ന് പല മാതാപിതാക്കളും മക്കളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുകയും അവരുടെ കുടുംബജീവിതത്തിൽ അനാവശ്യമായി ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അവർ ഇരുവരും തെറ്റിലേക്ക്, അപകടത്തിലേക്ക് നീങ്ങുന്നതു കണ്ടാൽ അവരെ ഗുണദോഷിക്കരുത് എന്നല്ല അതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ അവരെ ഗുണദോഷിച്ച്, ഗുണദോഷിച്ച്, വിവാഹമോചനത്തിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിക്കരുത്. അതു ദൈവവചനത്തിനു വിരുദ്ധമായ സംഗതിയാണ്. കാരണം, ദൈവം യോചിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ദൈവം കൽപ്പിച്ചിരിക്കുന്നു.
ഇനി ഒരു വ്യക്തിയുടെ സ്വന്ത അപ്പനുമമ്മക്കും ഒരുവന്റെ വിവാഹബന്ധത്തിലേക്ക് കടന്നുവരാൻ അനുവാദമില്ലെങ്കിൽ പിന്നെ മറ്റു സ്ത്രീ-പുരുഷന്മാർക്ക് അതിലേക്ക് കടന്നു വരാൻ പറ്റുമൊ? അതിനു ആർക്കും ഒരിക്കലും അനുവാദമില്ല. ഈ വിഷയത്തിൽ വിവാഹിതരാകുന്ന ദമ്പദികളാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ഭാര്യയും ഭർത്താവും മാത്രമുള്ള വളരെ ആഴമായ ബന്ധത്തിലേക്ക് കടന്നുവരുവാൻ മറ്റാരേയും അനുവദിക്കരുത്.
അടുത്തതായി, പുരുഷന്റെ അസ്ഥിയിൽ നിന്നും മാംസത്തിൽ നിന്നുമായി ഒരു സ്ത്രീയെ സൃഷ്ടിച്ചിട്ട്, അവളെ ദൈവം പുരുഷന്റെ മുൻപിൽകൊണ്ടുപോയി നിർത്തിയത്, അവർ ഇരുവരും പറ്റിച്ചേർന്ന് ഏകശരീരമായി തീരുന്നതിനുവേണ്ടിയാണ്. അതായത്, അവരുടെ ഇടയിൽ മറ്റൊരു സ്തീക്കൊ പുരുഷനോ സ്ഥാനമില്ല. ഒരു പുരുഷനു രണ്ടു സ്ത്രീകളോടൊ, ഒരു സ്ത്രീക്കു രണ്ടു പുരുഷന്മാരോടൊ ബന്ധപ്പെടാൻ അനുവാദമില്ല. അങ്ങനെ ചെയ്താൽ അവർ ഇരുവരും ഏകദേഹമായി തീരും എന്നു പറയാൻ നമുക്കു കഴിയുകയില്ല. ആകയാൽ വിവാഹം വളരെ വിശുദ്ധമായ സ്ഥാപനമാണ്. വിവാഹിതനായ പുരുഷന്റേയൊ സ്ത്രീയുടേയൊ മനസ്സിലേക്ക് അന്യപുരുഷന്റേയൊ അന്യസ്ത്രീയുടേയൊ ചിന്തപോലും കടന്നുവരുന്നത് കുടുംബമെന്ന സ്ഥാപനത്തിന്റെ വിശുദ്ധിക്കും അതിന്റെ സുസ്ഥിരതക്കും തുരങ്കം വെക്കുന്ന കാര്യങ്ങളാണ്.
ക്രിസ്തീയ ആനന്ദത്തിന്റെ ഉറവിടം
അതുകൊണ്ട് ഭർത്താവും ഭാര്യയും ഏക ശരീരമായി, അനുസൂതമായ ലൈംഗികബന്ധത്തിനു ഹാനിതട്ടാതെ സജീവകൂട്ടായ്മ പങ്കിടുന്നതിനു വേണ്ടിയാണ് ദൈവം ഭൂമിയിൽ വിവാഹത്തെ സ്ഥാപിച്ചത്. ഇതാണ് ക്രിസ്തീയ സന്തോഷത്തിന്റെ, ക്രിസ്തീയ ആനന്ദത്തിന്റെ ഉറവ എന്നു പറയുന്നത്. അങ്ങനെ ദൈവത്തിൽ നിന്നുള്ള വലിയ നന്മയെപ്രാപിച്ച്, അവയെ പങ്കുവെച്ചും ആസ്വദിച്ചുംകൊണ്ട് സൃഷ്ടികർമ്മത്തിൽ പങ്കാളിയാകാനുള്ള ഒരു ശ്രേഷ്ഠ പദവിയും അനുഗ്രഹവുമാണ്, ദൈവം അതിലുടെ മനുഷ്യനു നൽകിയിരിക്കുന്നത്. നിങ്ങളുടെ കുടുംബജിവിതം ഈ നിലയിൽ അനുഗ്രഹിക്കപ്പെട്ടതാകട്ടെ എന്ന് ആശംസിക്കയും പ്രാർത്ഥിക്കയും ചെയ്യുന്നു.
*****