
നിത്യജീവൻ

Family Series-Chapter _4
Gospel Centered Child Rearing.
സുവിശേഷ കേന്ദ്രീകൃത മക്കളെ വളർത്തൽ.
ഇതിന്റെ പശ്ചാത്തലം അല്പമായി പരിശോധിച്ച് വിഷയത്തിലേക്ക് കടക്കാം. കുടുംബ സംബന്ധിയായ ബന്ധങ്ങളിൽ ക്രിസ്ത്യാനിയായി ജീവിക്കേണ്ടത് എങ്ങനെ എന്ന വിഷയമാണ് ഈ എഫേസ്യാലേഖനം 5:21-6:9 വരെ വാക്യങ്ങളിൽ വിശദീകരിക്കുന്നത്. കുടുംബസംബന്ധി യായ ബന്ധങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഭാര്യാ-ഭർത്താക്കന്മാർ, മക്കൾ-മാതാപിതാക്കൾ, യജമാനന്മാർ- ദാസന്മാർ എന്നിവർ തമ്മിലുള്ള ബന്ധത്തെയാണ്. അതിൽ ഭാര്യാ-ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 5:21-33 നെ ആസ്പദമാക്കി ഞാൻ മുന്നമെ എഴുതിയിരുന്നു. തുടർന്ന് 6:1-4 വരെ വാക്യങ്ങളിൽ മക്കളും-മാതാപിതാക്കളും, തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കണം എന്നു പൗലോസ് പറയുന്നു.
ഈ വേദഭാഗം എഫേ. 5:15 ൽ പറയുന്ന “ജ്ഞാനത്തോടെ നടക്കുക” എന്ന കല്പനയോടു പരോക്ഷമായും 5 :18, 21 വാക്യങ്ങളിൽ പറയുന്ന “ആത്മനിറവിനോടും” അതിന്റെ ഫലമായി ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പ്പെട്ടിരിപ്പിൻ” എന്ന കൽപ്പനയോട് നേരിട്ടൂം ബന്ധപ്പെട്ടിരിക്കുന്നു. പൗലോസ് ഇത് എഴുതുന്ന സമയത്ത് ഒരു കുടുംബം എന്നു പറയുന്നത്, ഭർത്താവും-ഭാര്യയും, മക്കൾ, ദാസി-ദാസന്മാർ എന്നിവർ ഉൾപ്പെടുന്നതായിരുന്നു. അതുകൊണ്ടാണ് ആദ്യം-ഭാര്യ-ഭർത്താക്കന്മാരോടും, പിന്നെ മാതാപിതാക്കളും-മക്കളും, അതിനെതുടർന്ന് യജമാനന്മാർ-ദാസന്മാർ എന്നീ ക്രമത്തിൽ താൻ ഈ പ്രബോധനം നൽകുന്നത്.
അതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യം മക്കളും ദാസന്മാരും ഒക്കെ ക്രിസ്തീയ സമൂഹത്തിൽ പ്രാധാന്യമർഹിക്കുന്നവരും ഉത്തരവാദപ്പെട്ടവരും ബഹുമാനിക്ക പ്പെടുന്നവരും ആണ് എന്ന കാര്യമാണ്. സമൂഹം അവർക്കു അത്ര പ്രാധാന്യമൊ ബഹുമാനമൊ കൽപ്പിക്കാതിരുന്ന ഒരു സംസ്കാരത്തിലാണ് പൗലോസ് അവർക്ക് ഇത്ര പ്രാധാന്യം നൽകി പറയുന്നത് എന്നു കൂടി നാം ഓർക്കണം."
എഫെസ്യർ 6:1-4
“മക്കളെ നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അത് ന്യായമല്ലോ. “നിനക്ക് നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നത് വാഗ്ദത്തോടുകൂടിയ ആദ്യ കല്പന ആകുന്നു. പിതാക്കന്മാരെ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.”
ദൈവാത്മാവിന്റെ നടത്തിപ്പിനായി ഒരു നിമിഷം പ്രാർത്ഥിക്കാം…..
വിശ്വാസികൾ എന്ന നിലയിൽ അഥവാ കർത്താവിനെ അറിഞ്ഞവരും കർത്താവിന്റെ ഹിതം നിവൃത്തിക്കുവാൻ ആഗ്രഹിക്കുന്നവരും എന്ന നിലയിൽ മക്കൾ മാതാപിതാക്കളെ അനുസരിക്കുകയും മാതാപിതാക്കൾ മക്കളെ പ്രകോപ്പിക്കാതിരിക്കുകയും വേണം.
1. മക്കൾ അമ്മയപ്പന്മാരെ അനുസരിക്കുക
ആദ്യത്തെ ഒന്നും രണ്ടും വാക്യങ്ങളിൽ അപ്പസ്തോലനായ പൗലോസ് മക്കളോട് നൽകുന്ന കല്പന, അവർ തങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിക്കണം എന്നാണ്. മക്കൾ തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുന്നത്, ദൈവത്തോടുള്ള അവരുടെ കടപ്പാടാണ്. അതിലൂടെ അവർ തങ്ങളെ രക്ഷിച്ച ദൈവത്തെ അനുസരിക്കുകയാണ് ചെയ്യുന്നത്. കുട്ടികളെ നിങ്ങൾ രക്ഷിക്കപ്പെട്ടപ്പോൾ അല്ലെങ്കിൽ യേശുവിനെ നിങ്ങളുടെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചപ്പോൾ നിങ്ങൾ യേശുക്രിസ്തുവിന്റെ കർതൃത്ത്വത്തിനു നിങ്ങളെ വിധേയ പ്പെടുത്തിക്കൊള്ളാം എന്നാണ് അതിലൂടെ സമ്മതിച്ചത്. അതിന്റെ ഭാഗമായിട്ടാണ് മക്കളെ നിങ്ങൾ മാതാപിതാക്കളെ അനുസരിക്കുന്നത്. ഇവിടെ “മക്കൾ” എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് മാതാപിതാക്കളോടൊപ്പം താമസിക്കുകയും മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനും തക്ക പ്രായമുള്ളവരെ ഉദ്ദേശിച്ചാണ്. അവരാണല്ലോ അനുസരിക്കുകയൊ അനുസരിക്കാതിരിക്കുകയൊ ചെയ്യുന്നത്. മാത്രവുമല്ല, അവരെ ആണല്ലോ മാതാ-പിതാക്കൾ നിർദ്ദേശങ്ങളും ശിക്ഷണങ്ങളും നൽകി വളർത്തുന്നത്. മറ്റുള്ള മക്കൾ തീരെ ശിശുക്കളോ വിവാഹം ചെയ്തു പോയവരോ ആയിരിക്കും (5: 31). പൗലോസ് ഈ കൽപ്പന കുട്ടികൾക്ക് നേരിട്ട് നൽകുന്നതാണ്. കാരണം അവർ ആരാധനയ്ക്കായി വരുമ്പോൾ ദൈവവചനം കേൾക്കുകയും ഉപദേശം കൊള്ളുകയും ചെയ്യുന്നുവല്ലോ.
ഇവിടെ ‘അനുസരിക്കുക’ എന്നത് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് ‘hypakoute’ ആണ്. ആ വാക്കിന്റെ അർത്ഥം “മാതാപിതാക്കളെ ചോദ്യം ചെയ്യാതെ അനുസരിക്കുക” എന്നാണ്. പഴയനിയമം വായിച്ചാൽ പ്രത്യേകിച്ചും ആവർത്തനം 21:11 വായിച്ചാൽ അതിന്റെ ഗൗരവം നിങ്ങൾക്ക് മനസ്സിലാകും. ദൈവത്തിന്റെ വചനം മക്കളുടെ അനുസരണത്തെ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
അതേസമയം മക്കൾക്ക് പരിധികൾ നിശ്ചയിക്കേണ്ടതും അവർ അവയെ അനുസരിക്കാൻ പ്രതീക്ഷിക്കുന്നതും മാതാപിതാക്കൾക്ക് ദൈവം നൽകിയിരിക്കുന്ന ഉത്തരവാദിത്വമാണ്. മക്കൾ അനുസരിക്കുന്നതിൽ പരാജയപ്പെടുന്നു എങ്കിൽ അത് ദൈവത്തിൽ നിന്നുള്ള അപ്രിതിക്കു കാരണമാവുകയും, ദൈവത്തോടു മത്സരിക്കുന്നവർ എന്ന നിലയിലേക്ക് മക്കളെ നയിക്കയും ചെയ്യുന്നു.
ദൈവം ശമുവേൽ പ്രവാചകൻ മുഖാന്തരം ഏലി പുരോഹിതനോട് പറയുന്നത് ശ്രദ്ധിക്കുക: “അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ട് ഞാൻ അവന്റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും എന്ന് ഞാൻ അവനോട് കൽപിച്ചിരിക്കുന്നു”(1ശമുവേൽ 3:13).
“കർത്താവിൽ അനുസരിക്കുക” എന്ന പ്രയോഗത്തിൽ നമുക്ക് ചില കാര്യങ്ങൾ മനസ്സിലാക്കുവാനുണ്ട്. ഇത് കേവലം ‘മാതാപിതാക്കൾ’ എന്നതിനേക്കാൾ അധികം ക്രിസ്തീയ മാതാപിതാക്കളോടുള്ള’ ബന്ധത്തിലാണ് പറഞ്ഞിരിക്കുന്നത്. കാരണം വിശ്വാസികൾ അല്ലാത്ത മാതാപിതാക്കളെ സംബന്ധിച്ച് അവർ ദൈവത്തെയോ ദൈവത്തിന്റെ പ്രമാണങ്ങളെയൊ അറിയുന്നില്ല. അതുകൊണ്ട് അവർ പറയുന്നത് ദൈവവചനത്തിന് നിരക്കുന്നതല്ലെങ്കിൽ അനുസരിക്കുവാൻ ഉദ്ദേശിക്കുന്നില്ല.
ക്രിസ്തീയ മാതാപിതാക്കളും അവരുടെ മക്കളും എന്നതിൽ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.
• ഒന്ന്, ക്രിസ്തീയ മാതാപിതാക്കൾ മക്കളോട് പറയുന്നു എന്ന കാരണത്താൽ മക്കൾ മാതാപിതാക്കളെ അനുസരിക്കണം. എന്നാൽ അതിനേക്കാൾ ഉപരി പൗലോസ് കർത്താവിന്റെ അധികാരത്തോടെ പറയുന്നു എന്ന കാരണത്താൽ മക്കൾ അനുസരിക്കണം.
• രണ്ട്, മക്കളുടെ അനുസരണത്തിനുള്ള പ്രചോദനം, അവരുടെ കർത്താവ് അവർക്ക് നൽകിയ കല്പനയെ ബഹുമാനിക്കുന്നു എന്നതാണ്. പൗലോസ് ഇതു പറയുമ്പോൾ ഇതു കേവലം തങ്ങളുടെ ശക്തിയാൽ സാധിക്കുമെന്ന കാര്യമായതുകൊണ്ടല്ല; കർത്താവ് അതിനുള്ള പ്രാപ്തി നിങ്ങൾക്ക് നൽകുമെന്ന് തുടർന്ന് 6:10 ൽ താൻ പറയുന്നുണ്ട്. “ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ”
• മൂന്ന്, “In Christ” അഥവാ “കർത്താവിൽ” എന്ന പ്രയോഗം ക്രിസ്തീയാനുഭവത്തിന്റെ തലത്തെയാണ് കാണിക്കുന്നത്. ക്രിസ്തുവിനോട് ഒരു ബന്ധം നിങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ഈയൊരു ബന്ധത്തിലാണ് നിങ്ങളിൽ അനുസരണം മൊട്ടിടുന്നത്. അതായത്, ക്രിസ്തുവിനെ നിങ്ങൾ രക്ഷിതാവായ സ്വീകരിച്ചു, നിങ്ങൾ രക്ഷിക്കപ്പെട്ടു എന്നൊക്കെ പറയുമ്പോൾ കർത്താവിനോട് ഒരു ബന്ധം പിതൃ-പുത്രബന്ധം നിങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ആ ഒരു അടിസ്ഥാനത്തിലാണ് നിങ്ങൾ അപ്പനന്മമാരെ അനുസരിക്കുന്നത്. ബൈബിളിന്റെ മറ്റൊരു പരിഭാഷയായ ന്യൂ ലിവിങ് ട്രാൻസ്ലേഷനിൽ ഇത് പരിഭാഷ ചെയ്തിരിക്കുന്നത് ഇപ്രകാര മാണ്; “Obey your parents because you belong to the Lord.” നിങ്ങൾ കർത്താവിന്റെ വകയായിരിക്കുന്നതുകൊണ്ട് നിങ്ങൾ മാതാപിതാക്കളെ അനുസരിക്കണം. അങ്ങനെയെങ്കിൽ നിങ്ങൾ അനുസരിക്കാതെ ഇരിക്കുന്നത് നിങ്ങൾ ആരുടെ വക(പിശാചിന്റെ)യായതു കൊണ്ടാണ് എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
2. മക്കൾ മാതാപിതാക്കളെ അനുസരിക്കാൻ പറയുന്നതിന്റെ കാരണങ്ങൾ
ഇനി, അനുസരിക്കാൻ പറയുന്ന ഒന്നാമത്തെ കാരണമായി പൗലോസ് ഇവിടെ പറയുന്നത് “അതു ന്യായമല്ലൊ” എന്നതാണ്. അത് ശരിയായ ഒരു കാര്യമാണ്. സമൂഹത്തിലെ ധാർമിക നിയമങ്ങൾക്കനുസരിച്ച് നോക്കിയാലും അതു ഉചിതമായ സംഗതിയാണ്. സമൂഹം അങ്ങനെ ഒരു കാര്യം മക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. അതായത് സമൂഹത്തിലെ ധാർമിക ഉപദേഷ്ടാക്കന്മാരും അങ്ങനെ ഉപദേശിക്കുന്നു. എന്നാൽ അതിനേക്കാൾ ഉപരി, അതു കർത്താവ് അവരിൽ നിന്നു പ്രതീക്ഷിക്കുന്നു എന്നതിനാലാണ് പൗലോസ് അത് ഉചിതമായ സംഗതിയാണ് എന്ന് പറയുന്നത്. സമാന വേദഭാഗമായ കൊലോസ്യർ 3:20 ൽ ഇതു കർത്താവിനു പ്രസാദകരമായ കാര്യമായിട്ടാണ് പറഞ്ഞിരിക്കുന്നത്: “മക്കളെ നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിക്കുവിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാധകരമല്ലോ.” ഇവിടെ “സകലത്തിലും” എന്ന വാക്ക് കൂടി പൗലോസ് കൂട്ടിച്ചേർക്കുന്നു. “സകലത്തിലും” എന്ന പ്രയോഗം കുട്ടികളെ, നിങ്ങളുടെ ജീവിതത്തിലെ ഒരു മേഖലയേയും ഒഴിവാക്കിയിട്ടില്ല എന്നാണ് അർത്ഥമാക്കുന്നത്. മൊബൈൽ ഉപയോഗവും ഇൻറർനെറ്റുമൊക്കെ അതിൽ വരും. അവയുടെ ഉപയോഗത്തെ സംബന്ധിച്ച് എന്തെങ്കിലും നിർദ്ദേശങ്ങൾ മാതാപിതാക്കൾ വച്ചാൽ അതു അനുസരിപ്പാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്. ഇതിനെക്കുറിച്ചൊക്കെ വലിയ അറിവില്ലാത്ത മാതാപിതാക്കൾ ഒരു പക്ഷേ ഇങ്ങനെയൊരു നിർദേശം നിങ്ങളുടെ മുൻപിൽ വെച്ചിട്ടില്ലെങ്കിൽകൂടി ദൈവഹിതമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നു നിങ്ങൾ വിട്ട് നിൽക്കണം. മാതാപിതാക്കൾ കാണാതെ ഇന്ന് പലതും നിങ്ങൾക്ക് ചെയ്യുവാൻ കഴിയും. എന്നാൽ നിങ്ങളുടെ യഥാർത്ഥ-പിതാവ് അഥവാ ദൈവം ഇതു കാണുന്നു എന്ന് എപ്പോഴും ഓർക്കുന്നത് നിങ്ങൾക്ക് അതിന്റെ സ്വാധീനത്തിൽനിന്നും, അതിന്റെ പ്രലോഭനത്തിൽ നിന്നും ഒക്കെ വിടുവിക്കുവാൻ നിങ്ങളെ സഹായിക്കും.
തുടർന്ന് 6:2 ൽ പൗലോസ് അതിനുള്ള രണ്ടാമത്തെ പ്രചോദനത്തെക്കുറിച്ച് പറയുന്നു: “നിനക്ക് നന്മ ഉണ്ടാകാനും നീ ഭൂമിയിൽ ദീർഘായുസ്സോടെ ഇരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നത് വാഗ്ദത്തത്തോട് കൂടിയ ആദ്യ കല്പന ആകുന്നു.”
രണ്ടാമതായി, പൗലോസിനു മക്കളോട് പറയുവാനുള്ളത്, അവർ തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കണം എന്നാണ്. പത്തു കല്പ്പനയിലെ അഞ്ചാമത്തെ കൽപ്പനയാണിത്. ഇതിന്റെ ഒരു പ്രത്യേകത എന്തെന്നാൽ ഇതൊരു വാഗ്ദത്തത്തോട് കൂടെയാണ് നൽകിയിരിക്കുന്നത്. മറ്റൊരു കൽപ്പനയ്ക്കും ഇങ്ങനെ പ്രത്യേകമായൊരു വാഗ്ദാനം നല്കിയിട്ടില്ല. പുറപ്പാട് 20:12 ആണ് അപ്പസ്തോലൻ ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്ക് ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” ഇവിടെ മാതാപിതാക്കളെ ബഹുമാനിക്കുക എന്ന് പറയുമ്പോൾ അത് മാതാപിതാക്കളിൽ നിന്ന് വിവാഹം മൂലമോ ജോലി സംബന്ധമായൊ അകന്നു താമസിക്കുന്ന മുതിർന്ന മക്കൾക്കും ബാധകം എന്ന നിലയിലാണ് ഇത് പറയുന്നത്. മത്തായി 15:4 ൽ പാരമ്പര്യത്തിന്റെ പേരും പറഞ്ഞ് ദൈവകൽപനയെ തള്ളിക്കളയന്നതിനെതിരെ പരീശന്മാരേയും ശാസ്ത്രിമാരേയും ശാസിക്കുന്നതിനോടുള്ള ബന്ധത്തിൽ കർത്താവു ഇപ്രകാരം പറഞ്ഞു: “അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയൊ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കൽപ്പിച്ചുവല്ലോ. നിങ്ങളൊ ഓരുത്തൻ അപ്പനോട് എങ്കിലും അമ്മയോട് എങ്കിലും: നിനക്ക് എന്നാൽ ഉപകാരമായി വരേണ്ടതു ‘വഴിപാടു’ എന്ന് പറഞ്ഞാൽ അവൻ അപ്പനെ ബഹുമാനിക്കേണ്ട എന്ന് പറയുന്നു.” മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് പകരം നിനക്ക് എന്നാൽ ഉപകാരമായി വരേണ്ടതു ‘വഴിപാടു’/‘കുർബേൻ’ എന്നുപറഞ്ഞാൽ, മകൻ തന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴുവുള്ളവനായി തീരും എന്നാണ് അവർ വിചാരിച്ചിരുന്നത്. മാത്രവുമല്ല, അവൻ തന്റെ വഴിപാട് ദൈവവേലക്കൊ, ദേവാലയ ശുശ്രൂഷകൾക്കൊ നൽകേണ്ട ആവശ്യവുമില്ല. ചുരുക്കിപ്പറഞ്ഞാൽ, ‘കുർബേൻ’ എന്ന് പറഞ്ഞാൽ മകന്റെ മാതാപിതാക്കളോടുള്ള എല്ലാ ഉത്തരവാദിത്വവും കഴിഞ്ഞു എന്നാണ് അവർ ചിന്തിച്ചിരുന്നത്. എന്നാൽ അത് ശരിയല്ല എന്ന് കർത്താവ് അവരെ ഉപദേശിക്കുന്നു. മക്കൾക്ക് മാതാപിതാക്കളെ അനുസരിക്കുന്നതിനു ലഭിക്കുന്ന പ്രതിഫലം അഭിവൃദ്ധിയും ദീർഘായുസ്സും ആണ്. ഈ വാഗ്ദത്തങ്ങൾ എത്ര പ്രശംസാർഹമാണ് എന്ന് നോക്കുക.
3. മക്കളെ വളർത്തുന്നതിൽ മാതാപിതാക്കളുടെ ഉത്തരവാദിത്വം
നാലാം വാക്യം: “പിതാക്കന്മാരെ നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.”
ഇവിടെ പൗലോസ് മാതാപിതാക്കളെ പ്രബോധിപ്പിക്കുന്നതു അവർ തങ്ങളുടെ മക്കളെ കോപിക്കരുത് എന്നാണ്. അവരെ മുഷിപ്പിക്കരുത്. അവരെ കൈപ്പുള്ളവരാക്കി തീർക്കരുത്. ഇവിടെ പിതാക്കന്മാർക്ക് ആണ് പൗലോസ് കല്പന നല്കിയിരിക്കുന്നത്. കാരണം യെഹൂദാ പശ്ചാത്തലത്തിലും റോമൻ സംസ്കാരത്തിലും പിതാക്കന്മാർക്കാണ് മക്കളുടെ പഠനകാര്യത്തിലും ശിക്ഷണത്തിലും നേതൃത്വം ഉണ്ടായിരുന്നത്. എന്നാൽ അന്നത്തെ സംസ്കാരത്തിൽ മക്കൾ തങ്ങളുടെ അനുസരണക്കേടിനാലൊ മത്സരത്താലൊ പിതാവിനെ കോപിക്കരുത് എന്ന ചിന്തയാണ് നിലനിന്നിരുന്നത്. എന്നാൽ പൗലോസ് അതിന് നേരെ വിപരീതമായിട്ടാണ് പിതാക്കന്മാർ മക്കളെ പ്രകോപിപ്പിക്കരുത് എന്നു പറയുന്നത്. അതിൽ നിന്നും നാം മനസ്സിലാക്കേണ്ട വസ്തുത പിതാക്കന്മാർ സംവേദനക്ഷമതയോടും, സമചിത്തതയോടും, കരുതലോടും കൂടെ തങ്ങളുടെ മക്കളോട് ഇടപെടണമെന്നാണ്. പ്രത്യേകിച്ചും അവരെ ശിക്ഷിക്കുമ്പോൾ ഈ കാര്യം അവർ പ്രത്യേകം ഓർക്കണം. പിതാക്കന്മാർ തങ്ങളുടെ വാക്കുകളും പ്രവർത്തികളും അവരുടെ മക്കളിൽ ചെലുത്തുന്ന ഇംപാക്ട് എന്തായിരിക്കും എന്ന് ചിന്തിച്ചുകൊണ്ട് വേണം അവരെ ശിക്ഷിക്കാൻ. പലപ്പോഴും തങ്ങളുടെ കലി തീർക്കാൻ വേണ്ടി മക്കളെ ശിക്ഷിക്കുന്നവരുണ്ട്. അങ്ങനെ നിങ്ങളുടെ കോപം തീർക്കുവാനുള്ള ഒരു ഉപകരണമല്ല, മക്കൾ. പെട്ടെന്നുള്ള കോപം ജ്വലിക്കൽ, മോശമായ വാക്കുകളുടെ ഉപയോഗം, ശാപവാക്കുകൾ, ചീത്ത പറച്ചിൽ, ശകാരം, നിന്ദ, കുത്തുവാക്ക്, അധിക്ഷേപിക്കൽ, തരം താഴ്ത്തുന്ന കമന്റ് പാസാക്കൽ, അനുചിതമായ വേദനിപ്പിക്കൽ, യുക്തിസഹമല്ലാത്ത ഡിമാന്റ് വെക്കൽ എന്നിങ്ങനെ മക്കളെ പ്രകോപിപ്പിക്കുന്ന വാക്കുകളോ പ്രവർത്തികളോ മാതാപിതാക്കളിൽ നിന്നും മക്കൾക്കുണ്ടാകരുത്. പലപ്പോഴും കുട്ടികൾ ആത്മഹത്യചെയ്യുന്നതും, അന്യരുടെ കൂടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതും, മക്കളും മാതാപിതാക്കളും തമ്മിൽ ഒരു ഉറ്റസ്നേഹബന്ധം ഇല്ലാത്തതുകൊണ്ടാണ്. കൊലോസ്യർ 3: 21 ൽ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നത്; “പിതാക്കന്മാരെ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിക്കരുത്”
രണ്ടാമതായി, പൗലോസ് പിതാക്കന്മാരെ ഓർമ്മിപ്പിക്കുന്നത്: “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റിവളർത്തുവിൻ” എന്നാണ്. അതായത്, തങ്ങളുടെ മക്കളെ ക്രിസ്തീയ വിശ്വാസത്തിന്റെ ഉപദേശത്തിലും, അതവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത് എങ്ങനെയെന്നും അവരെ പരിശീലിപ്പിക്കണം. പിതാക്കന്മാർ മക്കളെ പഠിപ്പിക്കുമ്പോൾ ആ ഉപദേശവും പ്രബോധനവും വരേണ്ടത് കർത്താവിൽ നിന്നുതന്നെ/ദൈവവചനത്തിൽ നിന്നു തന്നെ ആയിരിക്കണം.
അടുത്തതായി, ‘ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും’ എന്നത് എന്താണ് എന്ന് നോക്കാം. ബാലശിക്ഷക്ക് ഗ്രീക്കിൽ paideia എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അർത്ഥം discipline അഥവാ പരിശീലിപ്പിക്കുക എന്നാണ്. അതിൽ ‘നിർദേശം സ്വീകരിക്കുക’ എന്ന അർത്ഥവും ചുരുക്കം ചില അവസരങ്ങളിൽ ‘ശിക്ഷയ്ക്കു വിധേയരാകുക’ എന്ന അർത്ഥവും അടങ്ങിയിരിക്കുന്നു. ഇവിടെ ഇത് കുട്ടിയുടെ സമഗ്രമായ പഠനത്തെ ആണ് ഉദ്ദേശിക്കുന്നത്. ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയായ Septuagint ൽ സദൃശ്യവാക്യങ്ങളിലാണ് ഈ വാക്ക് പ്രധാനമായും ഉപയോഗിച്ചു കാണുന്നത്. സാദൃശ്യവാക്യങ്ങൾ 15: 5 “ഭോഷൻ അപ്പന്റെ പ്രബോധനം(paideia) നിരസിക്കുന്നു. ശാസനയെ കൂട്ടാക്കുന്നവനൊ വിവേകിയായി തീരും.” സാദൃശ്യവാക്യങ്ങൾ 19:20 “പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ടു പ്രബോധനം (paideia) കൈക്കൊള്ളുക” അതുകൊണ്ട് ബാലശിക്ഷ എന്ന് കേൾക്കുമ്പോൾ കേവലം ശിക്ഷയിൽ മാത്രം ഒതുങ്ങി നിൽക്കുന്നു എന്ന് ചിന്തിക്കരുത്. ഉപദേശം സ്വീകരിക്കുന്നതിലൂടെയാണ് ഒരുവൻ വിവേകിയായി തീരുന്നത്. ആലോചനകളെ കേൾക്കുമ്പോഴാണ് ഒരുവൻ ജ്ഞാനിയായി തീരുന്നത്.
ബാലശിക്ഷ എന്ന വാക്ക് നൽകുന്നതിനേക്കാൾ കുറച്ചുകൂടി ഇടുങ്ങിയ ഊന്നലാണ് “പത്ഥ്യോപദേശം” എന്ന വാക്ക് നൽകുന്നത്. പ്രധാനമായും വാക്കിലൂടെയുള്ള ഉപദേശമാണത്. അതിൽ നന്നായി പെരുമാറാനുള്ള പ്രബോധനം ഉണ്ട്, warning/മുന്നറിയിപ്പുണ്ട്, ശാസനയും അതിലടങ്ങിയിരിക്കുന്നു.
ഇവ രണ്ടും അതായത് ബാലശിക്ഷയും പത്ഥ്യോപദേശവും ‘മനസ്സിനെ സ്വാധീനിക്കും’ വിധം ചെയ്യണം. കാരണം, ദൈവത്തിന്റെ വഴികളോട് മനസ്സിനു എതിർപ്പുണ്ട്. ആ എതിർപ്പിനെ അതിജീവിച്ച് അവർ അനുസരിക്കും വിധം ഇതു നൽകണം. അതിന് തയ്യാറാവുന്നില്ലെങ്കിൽ സ്വീകരിക്കാൻ ഉതകുംവിധം ശിക്ഷിക്കുക എന്ന വേണമെങ്കിൽ പറയുവാൻ സാധിക്കും. ഇതാണ് ബാലശിക്ഷ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.
ദൈവവചനത്തിന്റെ വ്യവസ്ഥ ഇതൊക്കെയാണെന്നിരിക്കിലും അനേകം മാതാപിതാക്കൾക്കുമുള്ള പരാതി തങ്ങളുടെ കുട്ടികൾ തങ്ങളെ അനുസരിക്കുന്നില്ല എന്നതാണ്. മനുഷ്യചരിത്രം പരിശോധിച്ചാലും, സഭകളിലെ കുട്ടികളുടെ, യൗവനക്കാരുടെ രീതി നോക്കിയാലും ഇത് ഒരു യാഥാർത്ഥ്യമാണ് എന്ന് നാം അംഗീകരിക്കണം. അതല്ലേ പല സഭകളിലും യൗവനക്കാർ തങ്ങൾക്കു തോന്നിയ ചെറുപ്പക്കാരുടെയോ പെണ്ണുങ്ങളുടെയൊ പുറകെ ഇറങ്ങിപ്പുറപ്പെടുന്നത്. ആയതിനാൽ ശരിയായ പ്രതിവിധി എന്താണ് എന്ന് നമുക്ക് പരിശോധിക്കാം.
4. സുവിശേഷം മക്കളുടെ മുമ്പിൽ ജീവിച്ചു കാണിക്കുക
ഒരിക്കൽ അമേരിക്കയിലെ മസാച്ചുസെറ്റ്സ് സംസ്ഥാനത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിസ് (പ്രിൻസ്റ്റൻ) ഓഫീസിൽ നിന്നും വീട്ടിലേക്ക് യാത്ര തിരിച്ച, മഹാനായ ആൽബർട്ട് ഐൻസ്റ്റൈൻ കുറച്ച് സമയത്തിന് ശേഷം തന്റെ ഓഫീസിലെ Dean ആയ Eisenhart നെ ഫോണിൽ വിളിച്ചു. എന്നാൽ അദ്ദേഹം വെളിയിൽ പോയിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആണ് ഫോൺ അറ്റൻഡ് ചെയ്തത്. Eisenhart ഇവിടെ ഇല്ലല്ലോ എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ മറുവശത്തുനിന്നും എവിടെയാണ് ഐൻസ്റ്റൈൻ താമസിക്കുന്നത് എന്ന് പറഞ്ഞു തരാമോ എന്ന് ചോദിച്ചു. അതിന് അവർ ഐൻസ്റ്റൈന്റെ ‘പ്രൈവറ്റ് കാര്യങ്ങൾ’ പുറത്താക്കരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. ആയതിനാൽ അദ്ദേഹത്തിന്റെ ഈ വക കാര്യങ്ങൾ പങ്കു വെയ്ക്കുവാൻ കഴിയില്ല എന്ന് അവർ മറുപടി പറഞ്ഞു. തുടർന്ന് വളരെ ശബ്ദം താഴ്ത്തി മറുവശത്തുനിന്ന് ഇപ്രകാരം പറഞ്ഞു: “ദയവായി ഇത് ആരോടും പറയരുത്, ഞാൻ ഐൻസ്റ്റൈൻ തന്നെയാണ്; ഞാൻ വീട്ടിലേക്കുള്ള വഴി മറന്നു പോയി.
ഇത് പോലെയാണ് ഇന്ന് പല ക്രിസ്ത്യാനികളും. അവർ സുവിശേഷം വിശ്വസിച്ചാണ് രക്ഷിക്കപ്പെട്ടത്. ആ സുവിശേഷം രക്ഷയുടെ ആദ്യപടിയാണ്, പിന്നെ തങ്ങളുടെ ക്രിസ്തീയ ജീവിതത്തിൽ സുവിശേഷത്തിന്റെ ആവശ്യമില്ല എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ അതു ശരിയല്ല, സുവിശേഷത്താൽ ആരംഭിച്ച ക്രിസ്തീയജീവിതം സുവിശേഷത്തിലൂടെ തന്നെ മുന്നോട്ടു പോകേണ്ടത് ആവശ്യമാണ്. അതു നാം മറന്നുപോകരുത്.
കർത്താവ് സ്വർഗത്തിലേക്ക് കരേറി പോകുന്നതിനു മുന്നമെ തന്റെ ശിഷ്യന്മാരെ ഒരു ദൗത്യം ഏൽപ്പിച്ചു. “ആകയാൽ നിങ്ങൾ പുറപ്പെട്ട് പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാ വിന്റേയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ച തൊക്കെയും പ്രമാണിപ്പാൻ ഉപദേശിച്ചും കൊണ്ട് സകലജാതികളെയും ശിക്ഷ്യാരാക്കി കൊൾവിൻ…” (മത്തായി 28:19-20). അതല്ലെങ്കിൽ മർക്കോസ് 16:15 ൽ നാം ഇപ്രകാരം വായിക്കുന്നു: “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിപ്പിൻ” അങ്ങനെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് സകലജാതികളെയും ശിഷ്യരാക്കി കൊൾവിൻ എന്നു കർത്താവ് കല്പിച്ചപ്പോൾ അതിൽ നമ്മുടെ മക്കളും ഉൾക്കൊള്ളുന്നു എന്ന് നാമോർക്കണം. അതായത്, ശിഷ്യത്വം ആദ്യം നമ്മുടെ ഭവനത്തിലാണ് ആരംഭിക്കേണ്ടത്. അവരാണ് നമ്മുടെ ഏറ്റവും അടുത്ത ശിഷ്യഗണം. അതിന്റെ അർത്ഥം ശിഷ്യത്വം ഭവനത്തിൽ മാത്രം ഒതുങ്ങി നിൽക്കണം എന്നല്ല. മറിച്ച്, നമ്മുടെ കുടുംബാംഗങ്ങളാണ് ഏറ്റവും സ്വാഭാവികവും ആധികാരികവുമായ ശിഷ്യന്മാർ.
വാസ്തവത്തിൽ നാം എങ്ങനെയാണ് നമ്മുടെ മക്കളെ ശിഷ്യപ്പെടുത്തുക? പലപ്പോഴും നാം child-centered ശിഷ്യത്വം അതായത് കുട്ടി-കേന്ദ്രീകൃതമായ ശിഷ്യത്വമാണ് അനുവർത്തിച്ചു പോരുന്നത്. ഒന്നാമത്തെ കാരണം അവർ നല്ല ക്രിസ്ത്യാനികൾ ആയിത്തീരണമെന്നുള്ളതാണ്. അതൊരു നല്ല ആഗ്രഹം ആണ്. എന്നാൽ അവർ സുവിശേഷം ദിനം തോറുമെന്നവണ്ണം തങ്ങളുടെ ജീവിതത്തിൽ യാഥാർഥ്യമാക്കണം എന്ന് പലരും ആഗ്രഹിക്കാറില്ല. നമുക്കെല്ലാവർക്കും വേണ്ടത് കർത്താവായ യേശുക്രിസ്തുവാണ്. അതുതന്നെയാണ് കുട്ടികൾക്കും വേണ്ടത്. അവർക്ക് വേണ്ടത് മറ്റെന്തെങ്കിലുമല്ല.
ഇതിനു നാം child-centered ശിഷ്യത്വവും gospel-centered ശിഷ്യത്വവും തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. child-centered ശിഷ്യത്വത്തിന്റെ പ്രചോദനം അഥവാ മോട്ടിവേഷൻ അവർ നല്ലവരായിരിക്കണം. അവർ (കരുതലോടെ) ഏതുവിധേനയും പാപത്തിൽനിന്നും ഒഴിഞ്ഞിരിക്കണം. ബൈബിളിലെ നിർദ്ദേശങ്ങൾ പിൻപറ്റണം. ഈ ജീവിതത്തിൽ പാപത്തിന്റെ പരിണത ഫലങ്ങൾ ഒഴിവാക്കണം എന്നിവയാണ്.
എന്നാൽ സുവിശേഷ- കേന്ദ്രീകൃത ശിഷ്യത്വത്തിന്റെ പ്രചോദനം ക്രിസ്തുവിന്റെ മഹത്വമാണ്, ഒരു പരിധിവരെ നമ്മുടെയും. അതായത്, എന്റെ കുട്ടികൾ ദൈവത്തെ അറിയണം, ക്രിസ്തുവെന്ന വ്യക്തിയിലും അവന്റെ പ്രവർത്തിയിലും അവർ സ്വസ്ഥത കണ്ടെത്തണം, അവരുടെ അനവധിയായ പാപങ്ങൾ കുഞ്ഞാടിന്റെ തിരുരക്തത്താൽ കഴുകപ്പെടണം, അവർ നിത്യമായി ദൈവത്തെ മഹത്വപ്പെടുത്തണം.
എന്റെ മക്കൾ നല്ലവരായി തീരണമെന്ന ആഗ്രഹം നല്ലതായിരിക്കുമ്പോൾതന്നെ, അതിൽ നമ്മുടെ സ്വാർത്ഥപരമായ താൽപര്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. അവരുടെ പാപംമൂലം ദൈവത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാകുമെന്നോ, പാപം ദൈവത്തിന് എതിരെയുള്ള മത്സരവും ക്രിസ്തുവിനോടുള്ള അധിക്ഷേപവും ആണ് എന്നതോ അല്ല, അവർ തങ്ങളുടെ കുട്ടികളെപ്രതി ആശങ്കപ്പെടാനുള്ള കാരണം. മറിച്ച്, പാപത്തിന്റെ ഭൂമിയിലെ പരിണത ഫലങ്ങൾ കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകുമല്ലോ എന്നതാണ് അവരുടെ ഭയം. ഉദാഹരണത്തിനു, പലരും കുട്ടികൾക്ക് ഹോം-സ്കൂളിംഗ് മതി എന്ന് തീരുമാനിക്കുന്നതിനുള്ള ഒരു പ്രധാന കാരണം മക്കളെ ദൈവമക്കളായി വളർത്തണമെങ്കിൽ ഹോം-സ്കൂളിംഗ് നടത്തിയാലേ കഴിയുഎന്ന് ചിന്തിക്കുന്നതു കൊണ്ടാണ്.
കുട്ടീ-കേന്ദ്രീകൃതമായ ശിഷ്യത്വ ചിന്തയിൽ കേന്ദ്രമായിരിക്കുന്ന ആശയം മാതാപിതാക്കൾ എന്ന നിലയിൽ തങ്ങൾ ആയിരിക്കണം തങ്ങളുടെ മക്കളെ ലോകത്തിൽനിന്നും പാപത്തിൽനിന്നും സംരക്ഷിക്കേണ്ടത് എന്ന ചിന്തയാണ്. അവിടെ കർത്താവ് എന്ന നിലയിൽ ക്രിസ്തു അല്ല അവരെ ലോകത്തിൽനിന്നും പാപത്തിൽനിന്നും സംരക്ഷിക്കേണ്ട വ്യക്തി. ഇത് ഒരു പ്രധാനപ്പെട്ട സംഗതിയാണ്. നിങ്ങൾ ആണോ അതോ കർത്താവാണോ നിങ്ങളുടെ മക്കളെ ലോകത്തിൽ നിന്നും പാപത്തിൽ നിന്നും രക്ഷിക്കേണ്ടത്?
രണ്ടാമതായി, അവർ യേശുക്രിസ്തുവിനു നൽകുന്ന മൂല്യത്തെക്കാൾ അവരുടെ കുട്ടികളുടെ നന്മയ്ക്ക് മൂല്യം കല്പിക്കുന്നു. യേശുക്രിസ്തു എന്ന വ്യക്തിയേക്കാൾ തന്റെ കുട്ടികളുടെ സുഖവും സുരക്ഷിതത്വവും (ആത്മീയ സുരക്ഷിതം ഉൾപ്പെടെ) ആണ് അതിലൂടെ അവർ വിലമതിക്കുന്നത്. ക്രിസ്തുവിന്റെ മഹത്വത്തേക്കാൾ അവരുടെ ഭക്തിക്കാണ് ഊന്നൽ. അതിലൂടെ പരിശുദ്ധാത്മാവിനു പകരം തങ്ങളുടെ അദ്ധ്വാനത്തിലൂടെ കുട്ടികളെ രക്ഷിക്കാനും വിശുദ്ധീകരിക്കുവാനും അവർ ശ്രമിക്കുന്നു. ഇതാണ് കുട്ടി കേന്ദ്രീകൃതമായ ശിഷ്യത്വത്തിലെ സങ്കടകരമായ സത്യം എന്നത്. അതിന്റെ കാതലായിരിക്കുന്നത് സ്വയ-കേന്ദ്രീകൃതമായ ലീഗലിസവും മത്സരവും തന്നെയാണ്. മക്കളുടെ മാതാപിതാക്കളും, അവരുടെ ഭൗമിക അധികാരികളും ആയിരിക്കുന്നതിനാൽ അവരുടെ രക്ഷയും വിശൂദ്ധീകരണവും തങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന mind-set ലേക്ക് അവർ വഴുതിവീഴുന്നു.
അത് കുട്ടീ-കേന്ദ്രീകൃതമായ പരിശീലനത്തിലേക്കും mentoring ലേക്കും നയിക്കും. എന്നാൽ, ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്, പാപത്തെക്കുറിച്ചു ബോദ്ധ്യം നൽകുന്നതും ആളുകളെ രക്ഷയിലേക്ക് നയിക്കുന്നതും. അതിൽ നമ്മുടെ വീട്ടിലെ കുട്ടികളും ഉൾപ്പെടും. കുട്ടികളെ അഭ്യസിക്കുന്നതിനും ക്രിസ്തീയ ജീവിതം നയിക്കുന്നതിനും നാംതന്നെ പരിശുദ്ധാത്മാവിന്റെ സഹായം തേടിയാൽ, പരിശുദ്ധാത്മാവിനെക്കുറിച്ച് സംസാരിച്ചാൽ, പരിശുദ്ധാത്മാവിനെ കുട്ടികളുടെ മുൻപിൽ ഉയർത്തി കാണിച്ചാൽ, നാം ആത്മാവിനെ ആശ്രയിച്ച് ജീവിക്കുന്നതിനു അവരുടെ മുൻപിൽ ഒരു നല്ല മാതൃകയായി തീരുകയാണ് ചെയ്യുന്നത്. ഇത് കുട്ടികൾക്കും ആത്മാവിനൊപ്പം ചുവടുവെക്കുവാനുള്ള ഒരു പരിശീലനം ആയിത്തീരും.
കുട്ടികളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ, അവരുടെ ലക്ഷ്യങ്ങൾ, അതല്ലെങ്കിൽ നമ്മുടെ ലക്ഷ്യങ്ങൾ, കർത്താവിന്റെ മഹത്വത്തെക്കാൾ മുന്നിൽ നാം വെച്ചാൽ, നാം ക്രിസ്തുവിനെ ആശ്രയിക്കാതെ അവരുടെ ആവശ്യങ്ങൾ നമ്മിൽകൂടി നിവർത്തിക്കുമെന്ന നിലയിൽ അവരെ നയിക്കുകയാണ് ചെയ്യുന്നത്. അതുവഴി തെറ്റായ അധ്യാപകരും മോശപ്പെട്ട ശിഷ്യഗണത്തെ പണിയുന്നവരും ആയിത്തീരുന്നു. കുഞ്ഞുങ്ങളെ ചുറ്റിപ്പറ്റി ആയിരിക്കരുത്, മറിച്ച് യേശുക്രിസ്തുവിനെ ചുറ്റിപ്പറ്റി ആയിരിക്കണം കുട്ടികളുടെ ഭാവിയുൾപ്പടെ എല്ലാ കാര്യങ്ങളും.
ഇതു മാതാപിതാക്കളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതാണ് അല്ലെങ്കിൽ അവർ ശ്രദ്ധിക്കാത്ത കാര്യമാണ്. തങ്ങളുടെ അനുസരണംകെട്ട ഹൃദയം കുഞ്ഞുങ്ങളുടെ ആത്മീയഭാവി എല്ലാറ്റിനേക്കാളും ഉപരി സുരക്ഷിതമാക്കുവാൻ തങ്ങളുടെ അദ്ധ്വാനത്തെ മുന്നിൽ വയ്ക്കുന്നു. ഇതു പറയുമ്പോൾ ആരും തെറ്റിദ്ധരിക്കരുത് തങ്ങളുടെ അദ്ധ്വാനം വളരെ പ്രധാനപ്പെട്ടതു തന്നെയാണ്, എന്നാൽ തങ്ങളുടെ അദ്ധ്വാനത്തിന് തങ്ങളുടെ മക്കളെ രക്ഷിക്കുവാനൊ അവരെ രൂപാന്തരപ്പെടുത്തുവാനൊ ഉള്ള ശക്തി ഇല്ല എന്നാണ് ഞാൻ അർത്ഥമാക്കിയത്. യേശുക്രിസ്തുവിന്റെ ശക്തിയേക്കാളും കൃപയേക്കാളൂം പ്രാപ്തി മറ്റൊന്നിനും ഉണ്ടാവുകയില്ല.
ആകയാൽ, കുട്ടികൾ തങ്ങളെ അനുകരിക്കുവാൻ കഴിയുംവിധം കുഞ്ഞുങ്ങളുടെ മുമ്പാകെ എങ്ങനെയാണ് ഒരു നല്ല ശിഷ്യന്റെ മാതൃക തങ്ങൾക്കു വെക്കുവാനായി സാധിക്കുക? അതുകൊണ്ട് യേശുക്രിസ്തുവിനു നമ്മുടെ മുഖ്യ മുൻഗണന ആക്കുക മാത്രമല്ല നമ്മുടെ ഐഡൻറിറ്റി കർത്താവിലാണ് എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കുക. അങ്ങനെ നമ്മുടെ ക്രിസ്തുവിലുള്ള ഐഡൻറിറ്റിയിൽ നിന്നും മാതാപിതാക്കൾ എന്ന ഐഡൻറിറ്റിയിലേക്ക് അവർ സ്വാഭാവികമായും നമ്മെ മനസ്സിലാക്കും. അതിനോടൊപ്പം പരിശുദ്ധാത്മാവിലുള്ള നമ്മുടെ ആശ്രയം അവരുടെ മുന്നിൽ കാഴ്ച വയ്ക്കണം. നമ്മുടെ കുട്ടികൾ നാം ഇവ്വണ്ണം പറയുന്നത് കേൾക്കുവാൻ ഇടയാകുണം: “നിങ്ങൾ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ഇന്ന് നിറയപ്പെടുവാൻ ഇടയാകട്ടെ.” “നിങ്ങൾ നിങ്ങളുടെ അദ്ധ്യാപകരുമായി സന്ധിക്കുമ്പോൾ ദൈവത്തിന്റെ ആത്മാവ് ജ്ഞാനം നൽകട്ടെ.”പരിശുദ്ധാത്മാവ് പലപ്പോഴും നമ്മെ അതിശയിപ്പിക്കും വിധമായിരിക്കും പ്രയാസകരമായ കാര്യങ്ങളെ ചെയ്യുന്നത്. നമ്മുടെ ആവേശവും അഭിനിവേശവും ആണ് പലപ്പോഴും നമ്മുടെ കുട്ടികൾ ഏറ്റെടുക്കുന്നത്. കുട്ടികളോടും അധ്യാപകരോടും ഉള്ള ബന്ധത്തിൽ D A Carson പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധേയമാണ്.
“നിങ്ങൾ കുട്ടികളെ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും അവർ പഠിക്കുന്നില്ല. ഞാനവരെ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ മക്കൾ പഠിക്കുന്നില്ല എന്ന് എനിക്ക് ഉറപ്പാണ്. അവർ എന്താണ് പഠിക്കുന്നത് ? ഞാൻ എന്റെ ജീവിതത്തിൽ എന്തിനെക്കുറിച്ചാണ് ആവേശം കൊള്ളുന്നത് അത് അവർ പഠിക്കുന്നു. ഞാൻ എന്തിലെക്കാണോ എപ്പോഴും തിരിയുന്നത്; അവർ അതു പഠിക്കും. അതുകൊണ്ടു ഞാൻ സന്തോഷത്തോടെ സുവിശേഷത്തിൽ വിശ്വസിക്കുന്നു എന്നു പറയുകയും ഞാനതു എന്റെ ജീവിതത്തിൽ പ്രായോഗികമാക്കാ തിരിക്കുകയും ചെയ്യുന്നു എങ്കിൽ ഞാനതിൽ തീരെ ആവേശം കൊള്ളുന്നില്ല എന്ന് കുഞ്ഞുങ്ങൾ ഗ്രഹിക്കും. ഞാൻ സഭാവിജ്ഞാനീയത്തിലൊ ബൈബിൾ പുസ്തക വിമർശനത്തിലൊ തുടർമാനമായി ആവേശം കാണിച്ചാൽ, എന്റെ പ്രധാനപ്പെട്ട വിഷയം സഭാ വിജ്ഞാനീയമൊ ബൈബിൾ പുസ്തക വിമർശമൊ ആയിരിക്കുമെന്ന് കുട്ടികൾ നിരൂപിക്കും. അതുവഴി ഞാൻ സുവിശേഷത്തെ ബോധപൂർവ്വമോ അല്ലാതെയോ ഒരു വശത്തേക്ക് മാറ്റി നിർത്തും” അതുപോലെ ഞാൻ ആവേശം കൊള്ളാത്ത കാര്യത്തിൽ എന്റെ മക്കളും ആവേശം കൊള്ളുകയില്ല.
നാം മനപ്പൂർവ്വം സുവിശേഷത്തിലേക്കു നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെങ്കിൽ, കുഞ്ഞുങ്ങളും അങ്ങനെ തന്നെ അവയെ സൈഡിലേക്ക് മാറ്റി വയ്ക്കും. സുവിശേഷത്തിനു ഊന്നൽ നൽകാതിരിക്കുന്നതു വഴി സംഭവിക്കുന്ന, അതിനേക്കാൾ മോശമായ കാര്യം എന്തെന്നാൽ, കുഞ്ഞുങ്ങൾ ചെറിയ കാര്യങ്ങളിൽ പോലും വിമർശകരും പരിഹാസികളും ആയിത്തീരുന്നു. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ, അവർ തങ്ങളുടെ മാതാപിതാക്കളെ മറ്റുള്ളവരുമായി തുലനം ചെയ്തു നോക്കി അവർ വിധിയെഴുതാൻ തുടങ്ങും. കാരണം തങ്ങൾ സുവിശേഷത്തെ കുഞ്ഞുങ്ങളുടെ മുൻപിൽ വച്ച് ഒരു സൈഡിലേക്ക് മാറ്റിക്കളയുന്നു. നാം സഭയുടെ ഉയർന്ന ആരാധനക്രമത്തെ കുറിച്ച് ആവേശം കൊള്ളാം; അല്ലെങ്കിൽ കൂട്ടായ്മയെക്കുറിച്ച് അതല്ലെങ്കിൽ കുടുംബ ആരാധനയെക്കുറിച്ച് അതുമല്ലെങ്കിൽ മറ്റു വല്ലതിനെക്കുറിച്ച് ഒക്കെയും ആവേശം കൊള്ളാം. ഇതൊക്കെയും ആത്മീയ പക്വതയുടെ അടയാളം ആണെന്നും നാം വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിലെ ഏക പ്രശ്നമെന്തെന്നാൽ, നാം തള്ളിക്കളഞ്ഞതും എന്നാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടതുമായ ഏകകാര്യം കൃപയുടെ സുവിശേഷം ആണ്. നമ്മുടെയും അവരുടെയും ശക്തിയും ബലവും ആയിരിക്കുന്നതും യഥാർത്ഥ ആത്മീയ പക്വതയും ഈ സുവിശേഷം തന്നെയാണ്. അതു നാം കുഞ്ഞുങ്ങളുടെ മുൻപിൽ ജീവിച്ചു കാണിക്കുന്നില്ലെങ്കിൽ കുഞ്ഞുങ്ങൾ ദൈവം ആഗ്രഹിക്കുന്ന നിലയിൽ വളർന്നു വരികയില്ല. ആകയാൽ, നമുക്ക് ആവേശമായിരിക്കേണ്ടത് സുവിശേഷമാണ്; അത് തന്നെയാണ് കുഞ്ഞുങ്ങൾക്കും വേണ്ടത്. അതുകൊണ്ട് സുവിശേഷത്തിൽ അധിഷ്ഠിതമായ ഒരു ജീവിതം നമുക്കുണ്ടായാൽ നമ്മുടെ കുട്ടികളും ആ നല്ല മാതൃക പിൻപറ്റും. അങ്ങനെ ക്രിസ്തുവിനു തങ്ങളുടെ ജീവിതംകൊണ്ടു മഹത്വംവരുത്തുന്നവരും സമൂഹത്തിനുകൊള്ളാവുന്നവരുമായി അവർ വളർന്നുവരും.
*****