
നിത്യജീവൻ

Family Series-Chapter _3
How to enjoy married life?
വിവാഹജീവിതം എങ്ങനെ ആനന്ദകരമാക്കാം?
വിവാഹജീവിതത്തിൽ ഭാര്യാ-ഭർത്താക്കന്മാരുടെ ഉത്തരവാദിത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും ശ്രദ്ധേയവും ദീർഘവുമായ വേദഭാഗമാണ് എഫേസ്യാലേഖനം അഞ്ചാം അദ്ധ്യായം അതിന്റെ 21-32 വരെ വാക്യങ്ങൾ. ഈ വിഷയത്തെ അധികരിച്ച് നാലു കാര്യങ്ങൾ ഞാൻ നിങ്ങളുമായി മുന്നമേ പങ്കുവെച്ചതാണ്.
* ദൈവമാണ് പുരുഷനേയും സ്ത്രീയേയും വിവാഹബന്ധത്തിൽ ഒന്നിപ്പിച്ചത്.
* വിവാഹത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നത്, നാം ദൈവത്തിൽ നിന്ന് പ്രാപിച്ച കൃപകൾ പങ്കുവയ്ക്കുകയും ആസ്വദിക്കുകയും ചെയ്യുക. അതിന്റെ ആത്യന്തിക ലക്ഷ്യമെന്നത് ക്രിസ്തുവിനെയും സഭയെയും ലോകത്ത് പ്രദർശിപ്പിക്കുക.
* ക്രിസ്തീയവിവാഹം ഒരു മർമ്മമാണ്. സുവിശേഷത്തിന്റെ ഏറ്റവും വലിയ പ്രദർശനം വെളിപ്പെടേണ്ടത് വിവാഹജീവിതത്തിലാണ്.
* ഭാര്യ, ഭർത്താവിനു പൂർണ്ണമായും വിധേയപ്പെട്ടിരിക്കുക.
ഇന്ന് ഒരു ഭർത്താവിന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചാണ് പ്രധാനമായും ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്. അതിനായി എഫെസ്യ ലേഖനം 5:25-32 വരെ വാക്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കാം:
എഫേസ്യർ 5:25-32
“ ഭർത്താക്കന്മാരെ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്ക്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾവേണ്ടി ഏൽപ്പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ. ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു. നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ. അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. ഈ മർമ്മം വലിയതു: ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെതന്നേ സ്നേഹിക്കേണം. ഭാര്യയൊ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.”
ദൈവാത്മാവിന്റെ നടത്തിപ്പിനായി ഒരു നിമിഷം പ്രാർത്ഥിക്കാം…..
അപ്പൊസ്തലനായ പൗലോസ് ഭാര്യയുടെ തല ആയിട്ടാണ് ഭർത്താവിനെ കാണുന്നത്. അതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നു നമുക്കു നോക്കാം. ക്രിസ്തുവും സഭയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് പൗലോസ് ഇതു പറയുന്നത്. സഭ കർത്താവിന്റെ മണവാട്ടിയാണ് എന്ന് നമുക്കറിയാം. ആ ഒരു ബന്ധം പൗലോസ് ഭാര്യാ-ഭർത്തൃ ബന്ധത്തിലും കാണുകയാണ്.
• ഒന്ന്, ക്രിസ്തുവാണ് സഭയുടെ രക്ഷകനും പരിപാലകനും
• രണ്ട്, ക്രിസ്തുവാണ് സഭയുടെ നേതാവും അധികാരിയും.
ഈ രണ്ട് അർത്ഥങ്ങൾ വരുന്നത് എഫെ.4:15-16 വാക്യങ്ങളിൽ നിന്നും 1: 20-23 വാക്യങ്ങളിൽ നിന്നുമാണ്.
ആകയാൽ, ഭർത്താവ് ഭാര്യയുടെ രക്ഷകനും, പരിപാലകനും, നേതാവും, അധികാരിയും ആണ്. അതുകൊണ്ട് ഭർത്താവിന്റെ ഉത്തരവാദിത്തങ്ങൾ ഭാര്യയുടെ ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റുക, സംരക്ഷണം നൽകുക, ഭാര്യയെ വേണ്ടുംവണ്ണം കരുതുക, അതുകൂടാതെ, ഭവനത്തെ സംബന്ധിച്ച കൂടുതൽ ഉത്തരവാദിത്തങ്ങൾ അതായത്, അധികാരവും നേതൃത്വവും ഏറ്റെടുക്കുക എന്നിവയാണ്. ഇതൊക്കെയും ചെയ്യേണ്ടത്, കർത്താവ് സഭയ്ക്ക് എങ്ങനെ ചെയ്യുന്നു എന്ന നിലയിലാണ്. ആ നിലയ്ക്ക് വളരെ വലിയ ഉത്തരവാദിത്വമാണ് ഭർത്താവിനുള്ളത്.
1. ഭർത്താവ് തന്റെ ഭാര്യയെ സ്നേഹിക്കണം (Husband should love his wife)
Mike Mason എന്ന ദൈവദാസൻ തന്റെ “The Mystery of Marriage” എന്ന പുസ്തകത്തിൽ വിവാഹബന്ധത്തിലുള്ള സ്നേഹത്തെ മരണത്തോടാണ് ഉപമിച്ചിരിക്കുന്നത്. അദ്ദേഹം പറയുന്നു “marital love is like death-it wants all of us.” വിവാഹ ബന്ധത്തിലെ സ്നേഹം മരണത്തിനു സമാനമാണ്; അത് നമ്മെ മുഴുവനായി കൊടുക്കുവാൻ ആവശ്യപ്പെടുന്നു. ഇതു നിങ്ങൾ മനസ്സിലാക്കുന്നില്ലെങ്കിൽ വൈവാഹികസ്നേഹം എന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടില്ല. അത് നമ്മെ മുഴുവനായി കൊടുക്കുവാൻ ആവശ്യപ്പെടുന്ന സ്നേഹമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ തന്റെ ജീവനെ കൊടുക്കുക.
ഭർത്താവിനെ സംബന്ധിച്ചിടത്തോളം കർത്താവ് സഭയുടെ “തല” ആയിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യക്ക് തലയാണ് (23). തല എന്നതുകൊണ്ട് രണ്ടു കാര്യങ്ങൾ അർത്ഥമാക്കുന്നു.
ഭർത്താവിനു ഭാര്യയോടുള്ള സ്നേഹം: ത്യാഗപരം ആയിരിക്കണം, വ്യവസ്ഥ കൂടാതെ ഉള്ളതായിരിക്കണം, ഫലവത്തായ സ്നേഹമായിരിക്കണം.
ക്രിസ്തു സഭയെ എങ്ങനെ സ്നേഹിച്ചു എന്ന് അറിയുന്ന ഒരു ഭർത്താവിന് ഒരിക്കലും ഞാൻ എന്റെ ഭാര്യയെ നന്നായി സ്നേഹിക്കുന്നു എന്നു പറയുവാൻ സാധിക്കുകയില്ല. ആ ലെവലോളം ഒരിക്കലും താൻ എത്തിയിട്ടില്ല; ആ നിലവാരത്തിൽ വളരെ താഴെയാണ് താൻ നിൽക്കുന്നത്.
തന്റെ ഭാര്യക്കുവേണ്ടി സ്നേഹപൂർവ്വം മരിക്കാൻ തയ്യാറാകുന്ന ഭർത്താവ് ഏറ്റവും സന്തോഷം അനുഭവിക്കുന്ന ഭർത്താവാണ്. തനിക്കാണ് ഏറ്റവും സംതൃപ്തി നൽകുന്ന ബന്ധമുള്ളത്. തനിക്കാണ് ഏറ്റവും വലിയ സ്നേഹം അനുഭവപരമായിതീരുന്നത്. ഇവിടെ മരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് തന്റെ അവകാശങ്ങൾക്ക്, തന്റെ സമയം, സ്വയസന്തോഷം എന്നിവയ്ക്ക് മരണം സംഭവിച്ചിരിക്കുന്നു. ഭർത്താവും ഭാര്യയും ഇതരവ്യക്തിയുടെ സന്തോഷത്തിലാണ് സ്വന്തം സന്തോഷം കണ്ടെത്തേണ്ടത്.
സ്വാർത്ഥത വെടിയുക
വിവാഹജീവിതത്തിൽ അനേകം സംഘർഷങ്ങളും, വേദനകളും, ദുരിതങ്ങളും ഉണ്ടാകുന്നതിന് കാരണം ഭാര്യയും ഭർത്താവും സ്വന്തം സന്തോഷം മാത്രം അന്വേഷിക്കുന്നു എന്നതു മൂലമാണ്. എന്നാൽ ഇതരവ്യക്തിയുടെ സന്തോഷത്തിൽ മാത്രം ശ്രദ്ധവെച്ചാൽ ഈ ദുരിതങ്ങൾക്കൊരറുതി വരുത്തുവാൻ കഴിയും. ക്രിസ്തു അങ്ങനെ ചെയ്യുന്നതു കൊണ്ട് നിങ്ങളും അങ്ങനെ ചെയ്യുക എന്നുള്ളതാണ് ഈ വേദഭാഗത്തെ കല്പന.
ക്രിസ്തു നമുക്കു വേണ്ടി മരിച്ചത്, അവളെ ശുദ്ധയും നിഷ്കളങ്കയുമായ ഒരു വധുവായി തന്റെ മുമ്പാകെ നിർത്തുന്നതിനു വേണ്ടിയാണ്. ഇനി സഭയുടെ ആത്യന്തിക സന്തോഷമെന്താണ്? പരമാധികാരിയായ ക്രിസ്തുവിന്റെ മണവാട്ടിയായി തന്നെത്തന്നെ സമർപ്പിക്കുക. അതുകൊണ്ട് ക്രിസ്തു സഭയുടെ സന്തോഷത്തിൽ തന്റെ സന്തോഷം കണ്ടെത്തി. ക്രിസ്തുവിന്റെ മാതൃക പ്രകാരം ഭർത്താക്കന്മാർ ഭാര്യയുടെ സന്തോഷത്തിൽ തന്റെ സന്തോഷം കണ്ടെത്തണം.
ഈ കാര്യം കുറച്ചുകൂടി വിശദീകരിക്കുകയാണ് 28-29 വാക്യങ്ങളിൽ: “അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ. ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു.” ആകയാൽ, തന്റെ ഇണയുടെ സന്തോഷം നോക്കാതെ, സ്വന്തം സുഖം നിങ്ങൾ അന്വേഷിച്ചാൽ നിങ്ങൾ നിങ്ങൾക്കെതിരെ നിൽക്കുകയും നിങ്ങളുടെ ഏറ്റവും വലിയ സന്തോഷം നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ, നിങ്ങളുടെ ഇണയുടെ വിശുദ്ധ സന്തോഷത്തിനായി നിങ്ങൾ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചാൽ, നിങ്ങൾ നിങ്ങളുടെ സന്തോഷത്തിനായാണ് ജീവിക്കുന്നത്. അതുവഴി ക്രിസ്തുവും സഭയുമായുള്ള ബന്ധത്തെയാണ് നിങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
2. വിവാഹജീവിതം പരാജയപ്പെടുവാനുള്ള ചില ലക്ഷണങ്ങളും മൂല കാരണവും (Some symptoms and root cause of marital failure)
വിവാഹജീവിതം പരാജയപ്പെടുന്നതിന് മുന്നോടിയായി കാണുന്ന 7 ലക്ഷണങ്ങൾ ഓരോന്നായി നമുക്കു നോക്കാം.
1. അവിശ്വസ്തത.
അതായത്, വിവാഹത്തിന് വെളിയിലുള്ള ലൈംഗിക ബന്ധം. ഇണയോടുള്ള വെറുപ്പ്, കോപം, ലൈംഗിക അസംതൃപ്തി, വൈകാരികമായ അടുപ്പമില്ലായ്മ എന്നിവയാകാം ഇണയെ വഞ്ചിച്ചുകൊണ്ട് അവിഹിതബന്ധത്തിലേക്ക് തിരിയുവാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത്. വഞ്ചിക്കുന്ന വ്യക്തി കുഴപ്പമില്ല എന്നു തോന്നിക്കുന്ന ഒരു വൈകാരിക അടുപ്പം മറ്റ് ഏതെങ്കിലും വ്യക്തിയുമായി സ്ഥാപിക്കും. ഈ വൈകാരിക അടുപ്പം പിന്നീട് ശാരീരികബന്ധത്തിലേക്കു തിരിയുന്നു. അങ്ങനെ താൻ തന്റെ ഇണയോട് അവിശ്വസ്തത കാണിക്കുന്നു.
2. ആശയവിനിമയത്തിന്റെ അഭാവം.
വിവാഹിതരാകുന്ന ഇണകൾ തമ്മിൽ നല്ല ആശയ വിനിമയം വിവാഹ ജീവിതത്തിലെ ഒരു അടിസ്ഥാനഘടകമാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഫലവത്തായി സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ അത് നീരസത്തിലേക്ക് നിരാശയിലേക്കും ഒരു വ്യക്തിയെ നയിക്കും. ഇണയുടെ നേരെയുള്ള ആക്രോശം, ഇണയെക്കുറിച്ചു മോശമായി കമൻറ് പാസാക്കൽ, എന്നിവ വളരെ അപകടകരമാണ്. ഒരു ദിവസം ഭാര്യാ-ഭർത്താക്കന്മാർ തമ്മിൽ ആവശ്യത്തിനു സംസാരിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ആ ബന്ധത്തിൽ എന്തോ പ്രശ്നമുണ്ട് എന്നാണ് കാണിക്കുന്നത്. അതുപോലെ ഭാര്യാ-ഭർത്താക്കന്മാർ തമ്മിൽ സംസാരിക്കുന്നതിനേക്കാൾ അധികമായി ഒരു ഭർത്താവിനൊ ഭാര്യയ്ക്കൊ മറ്റു വ്യക്തികളുമായി പ്രത്യേകിച്ച് Opposite-sex മായി സംസാരിക്കുന്നുണ്ടെങ്കിൽ അതിലും എന്തോ പന്തികേട് കാണേണ്ടിയിരിക്കുന്നു.
3. നിരന്തരമായ വാദങ്ങൾ.
ചെറിയ ചെറിയ വീട്ടുജോലികളെ സംബന്ധിച്ച കലഹം, കുട്ടികളെ ശ്രദ്ധിക്കുന്നതിനെ സംബന്ധിച്ച കാര്യങ്ങളിലുള്ള തർക്കങ്ങൾ എന്നിവ ആവർത്തിക്കുന്നത് വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതിനു കാരണമായിത്തീരും.
4. സാമ്പത്തികപ്രശ്നങ്ങൾ.
കുടുംബത്തിലെ ഏതെങ്കിലും ഒരു വ്യക്തിയുടെ, പണം ചിലവ് ചെയ്യുന്ന കാര്യത്തിലെ അച്ചടക്കമില്ലായ്മ, ഇതരവ്യക്തി ഉദ്ദേശിക്കുന്ന സാമ്പത്തിക ലക്ഷ്യത്തിലെത്താൻ തടസ്സം സൃഷ്ടിക്കുന്നു. ഇത് അധികാരതലത്തിലുള്ള സംഘർഷങ്ങളിലേക്ക് നയിക്കുന്നു. പണം എല്ലാ കാര്യങ്ങളേയും സ്പർശിക്കുന്ന ഒരു ഘടകമാണ് എന്ന് നാമോർക്കണം. പണവും മാനസിക സംഘർഷവും അനേകം ദമ്പതികൾക്ക് ഒന്നിച്ചു പോകുന്ന ഒന്നാണ്.
5. അവാസ്തവമായ പ്രതീക്ഷ വെച്ചുപുലർത്തൽ.
ഉന്നതമായ ചില പ്രതീക്ഷകൾ വെച്ചു പുലർത്തിക്കൊണ്ട് വിവാഹബന്ധത്തിലേക്ക് പ്രവേശിക്കുക. തന്റെ ഭാവനയിലുള്ള, അല്ലെങ്കിൽ അവാസ്തവമായ പ്രതീക്ഷകൾ തന്റെ ഇണയിൽ കണ്ടെത്താൻ ശ്രമിക്കുന്നത്, ഇതരവ്യക്തിയിൽ വളരെ strain/തിങ്ങൽ ഉളവാക്കുന്നു. അതു തന്നെ തരംതാഴ്ത്തി കാണുന്നു എന്ന് ചിന്തിക്കാൻ ഇതര വ്യക്തിയെ ഇടയാക്കുന്നു.
6. ആഴമായ അടുപ്പമില്ലാതിരിക്കുക.
തന്റെ ഇണക്ക് തന്നോടു ശരിയായ അടുപ്പമില്ല എന്ന തോന്നൽ ഏതെങ്കിലും ഇടയിൽ ഉണ്ടാവുക. അത് താൻ ഒരു അപരിചിതനോടു കൂടി ഒരു മുറിയിൽ കഴിയുന്നു എന്ന അനുഭവം ജനിപ്പിക്കുന്നു. തന്റെ ഇണ എന്നതിനേക്കാൾ തന്റെകൂടെ താമസിക്കുന്നത് കേവലം ഒരു room-mate ആണ് എന്ന ചിന്ത അത് ഉളവാക്കുന്നു. ഇത് വിവാഹബന്ധം തണുത്തു പോകുന്നതിനും കാലക്രമേണ ബന്ധത്തെ തകർച്ചയിലേക്ക് നയിക്കുന്നതിനും കാരണമായിത്തീരുന്നു.
7. തുല്യതയുടെ അഭാവം.
ഏതെങ്കിലും ഒരു വ്യക്തി അധികഭാരം വഹിക്കുന്നു എന്ന ചിന്തയാണിത്. ഈ ചിന്ത ഇതര വ്യക്തിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ വ്യതിയാനമുണ്ടാക്കുകയും അതു നീരസത്തിലേക്ക് ആ വ്യക്തിയെ നയിക്കുകയും ചെയ്യുന്നു.
ഈ പറഞ്ഞതൊക്കെയും വിവാഹബന്ധം തകർച്ചയിലേയ്ക്ക് നയിക്കുന്ന ചില ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾക്കു പിന്നിൽ വിവാഹജീവിതത്തിൽ, ഇണയെ ശുശ്രൂഷിക്കുവാനുള്ള മനസ്സില്ലായ്മയാണ് കാണുന്നത്. ഈ മനസ്സില്ലായ്മയുടെ മൂലകാരണം മനുഷ്യഹൃദയത്തിന് മൗലികവും പാപകരമായ സ്വാർത്ഥതയാണ്. എല്ലാ കാലത്തുമുള്ള വിവാഹബന്ധത്തിന്റെ പരാജയത്തിനുള്ള മുഖ്യശത്രു എന്നു പറയുന്നത് സ്വാർത്ഥതയാണ്. വിവാഹജീവിതത്തിനു തുടക്കം കുറിക്കുമ്പോൾ ഈ സ്വാർത്ഥത അതിന്റെ കേന്ദ്രത്തിൽ ക്യാൻസർ വ്യാധി പോലെ ഉണ്ടായിരിക്കും. അതിനെ ശരിയാംവണ്ണം കൈകാര്യം ചെയ്തില്ലെങ്കിൽ അതു നാശത്തിൽ കലാശിക്കും.
3. സ്വാർത്ഥതക്കുള്ള പ്രതിവിധി ആത്മാർത്ഥമായ സ്നേഹം (The cure for selfishness is sincere love)
സ്വാർത്ഥം അന്വേഷിക്കുന്നതിനു നേരെ വിപരീതമായ കാര്യം സ്നേഹമാണ്. 1 കൊരിന്ത്യർ 13 ലെ സ്നേഹത്തെ കുറിച്ചുള്ള മനോഹരമായ വിവരണത്തിൽ അപ്പസ്തോലനായ പൗലോസ് നമ്മോട് പറയുന്നു: “സ്നേഹം ദീർഘമായി ക്ഷമിക്കയും, ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല” (4-5).
പൗലോസ് ഈ വേദഭാഗത്തു ആവർത്തിച്ചാവർത്തിച്ചു പറയുന്നത്, സ്വാർത്ഥം അന്വേഷിക്കുന്നിതിനു നേരെ വിപരീതമാണ് സ്നേഹം എന്നാണ്. അതായത്, മറ്റുള്ളവരുടെ താല്പര്യങ്ങളെക്കാൾ സ്വന്തം താല്പര്യം അന്വേഷിക്കുക, ക്ഷമയില്ലായ്മ, രോഷം പ്രകടിപ്പിക്കൽ, ദയയില്ലായ്മ, ദേഷ്യപ്പെടൽ, അസൂയപ്പെടുൽ, പഴയകാല മുറിവുകൾ ഉണങ്ങാതെ സൂക്ഷിക്കൽ ഇവയൊക്കെ ഒരുവൻ കാണിക്കുന്നത് അവന്റെ സ്വാർത്ഥത മൂലമാണ്.
വിവാഹമോചനം നേടിയ അനേക ദമ്പതികളെ Interview ചെയ്ത Dana Adam Shapiro വിവാഹത്തകർച്ചക്ക് കാരണമായി കണ്ടെത്തിയ ഒരു പ്രധാന പ്രശ്നവും സ്വാർത്ഥതയാണ്. സ്വാർത്ഥത എപ്പോഴും പ്രബലമായി, മുൻപന്തിയിൽ നിൽക്കും. അതിന്റെ പ്രതികരണ മെന്നോണം മറ്റേഇണ കൂടുതൽ അക്ഷമനാകുകയൊ, വേഗം കോപിക്കുകയൊ, കഠിനമായി പെരുമാറുകയൊ അല്ലെങ്കിൽ നിർവികാരതയോടെ പെരുമാറുകയൊ ചെയ്യും. വേറൊരു രീതിയിൽ പറഞ്ഞാൽ, ഒരാളുടെ സ്വാർത്ഥതയോടു പ്രതികരിക്കുന്നത് ഇതര വ്യക്തിയുടെ സ്വാർത്ഥതയ്ക്ക് അനുസരണമായിരിക്കും. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ സ്വാർത്ഥത, അതിന്റെ സ്വഭാവം കൊണ്ടുതന്നെ നിങ്ങളെ അന്ധരാക്കുകയും ഇതര വ്യക്തിയുടെ സ്വാർത്ഥതയോടു പെട്ടെന്ന് വൈകാരികമായി പ്രതികരിക്കുകയൊ വൃണിതഹൃദയനായി തീരുകയൊ, കോപിക്കുകയൊ ചെയ്യും. അതിന്റെ ഫലമെന്നത്, സ്വയാനുകമ്പയിലേക്കുള്ള കൂപ്പുകുത്തൽ, കോപം, നിരാശ എന്നിവയാൽ ബന്ധങ്ങൾ ഒന്നുമല്ലാത്ത നിലയിലേക്ക് തകരുന്നതാണ്. മനുഷ്യന്റെ ഈ അടിസ്ഥാന പ്രകൃതിയെ മറികടന്നെങ്കിലെ ഇതരവ്യക്തിയെ സ്നേഹിക്കുവാനും സേവിക്കാനും നമുക്കു സാധിക്കു.
അതുകൊണ്ടാണ് അപ്പോസ്തലനായ പൗലോസ് 2:കൊരിന്ത്യർ 5-15 ൽ ഇപ്രകാരം പറയുന്നത്: “ജീവിക്കുന്നവൻ ഇനി തങ്ങൾക്കായിട്ടല്ല, തങ്ങൾക്കു വേണ്ടി മരിച്ചു ഉയർത്താനായിട്ടുതന്നെ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്ന് ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.”
കർത്താവിനുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ജീവിക്കുന്നതിനു പകരം തനിക്കു വേണ്ടി തന്നെ ജീവിക്കുക എന്നതാണ് പാപത്തിന്റെ സത്ത. പൊതുവേ എല്ലാ ആളുകളോടും വളരെ സൗമ്യതയോടും ബഹുമാനത്തോടും കൂടി ഇടപെടേണ്ടതതുണ്ട്. ഭാര്യാ-ഭർത്താക്കന്മാർ തമ്മിൽ പ്രത്യേകിച്ചും വളരെ ശ്രദ്ധയോടെ ഇടപെട്ടില്ലെങ്കിൽ വിവാഹജീവിതത്തിൽ വിള്ളൽ ഉണ്ടാകും. കാരണം അവർ തമ്മിലാണ് വളരെ ആഴമായ ബന്ധം ഉണ്ടായിരിക്കേണ്ടത്.
ഇനി, വിവാഹ ജീവിതത്തിൽ സംഭവിക്കുന്ന ഒരു യാഥാർഥ്യത്തെ കുറിച്ചു പറയാം. ഒരുവൻ ഒരു സ്ത്രീയെ കണ്ടുമുട്ടുന്നു. അവളെ അവൻ ഇഷ്ടപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ വർഷങ്ങൾ കഴിയുമ്പോഴൊ, അതല്ലെങ്കിൽ ചില മാസങ്ങൾ കഴിയുന്നതോടെയൊ മൂന്ന് കാര്യങ്ങൾ സംഭവിക്കുന്നു.
ഒന്ന്, നിങ്ങൾ കണ്ടെത്തിയ ആ സുന്ദരിയായ ഭാര്യ എത്ര സ്വാർത്ഥതയാണ് എന്ന്.
രണ്ട്, അതേ അനുഭവത്തിലൂടെ കടന്നു പോയ ഭാര്യ പറയും തന്റെ ഭർത്താവ് എത്ര സ്വാർത്ഥനാണ് എന്ന്.
മൂന്ന്, നിങ്ങൾ ഭാഗികമായി സ്വന്തം സ്വാർഥതയെ അംഗീകരിക്കുമെങ്കിലും, തന്റേതിനേക്കാൾ തന്റെ ഇണയുടെ സ്വാർത്ഥതയാണ് ഏറെ പ്രശ്നം സൃഷ്ടിക്കുന്നത് എന്ന് നിങ്ങൾ കണ്ടെത്തും. അതായത്, എനിക്ക് സ്വാർത്ഥത ഉണ്ട്; എന്നാൽ അവളുടെ സ്വാർത്ഥതയാണ് പ്രശ്നത്തിന് മുഖ്യകാരണം. പിന്നെ അവർ തെരഞ്ഞെടുക്കുന്ന പാത എന്നത്, എന്റെ പ്രശ്നത്തെ കണക്കിടാതെ എന്തുകൊണ്ട് എന്റെ ഭാര്യയ്ക്കു എന്നെ സ്നേഹിച്ചു കൂടാ. ഇതുതന്നെ ആയിരിക്കും തന്റെ ഭാര്യക്കു ഭർത്താവിനെ കുറിച്ചുള്ള ചിന്തയും. അതിന്റെ ഫലമായി ഇരുവരും തമ്മിൽ ഒരു വൈകാരിക അകൽച്ച രൂപപ്പെടുന്നു. പിന്നെ പ്രശ്നങ്ങൾ അധികരിക്കാതിരിക്കുവാൻ അവർ തമ്മിലുള്ള സംസാരം കുറക്കുന്നു. പ്രശ്നങ്ങളുണ്ടാക്കുന്ന വിഷയത്തെ സംബന്ധിച്ച ഒരു താൽക്കാലിക വെടിനിർത്തൽ അറിഞ്ഞോ അറിയാതെയോ അവർക്കിടയിൽ യാഥാർത്ഥ്യമായി തീരുന്നു. പിന്നെയുള്ള അവരുടെ ജീവിതം കേവലം ഒരു ഷോ മാത്രമായിരിക്കും. പുറത്തിറങ്ങുമ്പോൾ അവർ വളരെ സ്നേഹമുള്ള ദമ്പതികളായി അഭിനയിക്കും. എന്നാൽ, വൈകാരികമായി വളരെ അകൽച്ചയുള്ളവരായി ഒരു കൂരയ്ക്കുകീഴെ കഴിഞ്ഞുകൂടുകയും ചെയ്യും. ഇതല്ലേ പല ഭവനങ്ങളിലും നടക്കുന്നത്.
എന്നാൽ ഇതിനു വിരുദ്ധമായി നിങ്ങളുടെ സ്വാർത്ഥതയെ ഒരു കാതലായ പ്രശ്നമായി കണ്ടു അതിനെ treat ചെയ്യാൻ മനസ്സുവെച്ചാൽ കാര്യങ്ങൾക്കു വലിയ മാറ്റമുണ്ടാകും. ആദ്യം മറ്റേയാൾ സ്വാർത്ഥത വെടിയട്ടെ, എന്നിട്ട് ഞാൻ എന്റെ സ്വാർത്ഥതയെ നേരെ ആക്കാം എന്നാണ് ചിന്തിക്കുന്നത് എങ്കിൽ ഈ വിഷയത്തിൽ യാതൊരു പുരോഗതിയും കൈവരിക്കുവാൻ നിങ്ങൾക്കു സാധിക്കുകയില്ല. നിങ്ങൾ നിങ്ങളിലേക്ക് നോക്കി നിങ്ങളുടെ സ്വാർത്ഥതയെ ട്രീറ്റ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം നിങ്ങളുടെ സ്വാർത്ഥതയുടെമേൽ നിങ്ങൾക്കാണ് പൂർണസ്വാതന്ത്ര്യം സമ്പൂർണ്ണ ഉത്തരവാദിത്വം ഉള്ളതും. ഇത് ഇരുവരും സ്വയം പ്രാവർത്തികമാക്കാൻ തയ്യാറായാൽ പ്രശ്നപരിഹാരം വേഗത്തിൽ സംഭവിക്കും. ഇനി ആരെങ്കിലും ഒരാൾ അതിന് തയ്യാറായാൽ കാര്യങ്ങൾ കുറെ താമസമുണ്ടെങ്കിലും പുരോഗതി കൈവരിക്കുവാൻ കഴിയും. എന്നാൽ രണ്ടുപേരും അതിന് തയ്യാറായാൽ നിങ്ങളുടെ വിവാഹജീവിതം വളരെ മഹത്വകരമായി തീരും.
കർത്താവു മത്തായി 19;39 പറഞ്ഞു: “തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവൻ കളഞ്ഞവൻ അതിനെ കണ്ടെത്തും.”
നിന്റെ ജീവനെ കളഞ്ഞും നിന്റെ ഇണയെ നിനക്ക് സ്നേഹിക്കാൻ കഴിഞ്ഞാൽ മാത്രമേ നിനക്ക് നിന്റെ ജീവനെ നേടുവാൻ സാധിക്കുകയുള്ളു. എന്നാൽ ഈ ജോലി നിങ്ങൾക്കു തന്നെ ചെയ്യുവാൻ കഴിയുകയില്ല. ഇനി, ഏതെങ്കിലും തരത്തിൽ ഇതു നിങ്ങൾ ചെയ്യാൻ ശ്രമിച്ചാൽ മർമ്മഭേദവും കാഠിന്യമേറിയതും ആയിരിക്കും ആ ജോലി. എന്നാൽ നിങ്ങളെ രക്ഷിക്കാൻ സുവിശേഷത്തിന് കഴിയും. സുവിശേഷത്തിന് ഈ വിഷമവൃത്തത്തിൽ നിന്നു നിങ്ങളെ രക്ഷിക്കുവാൻ കഴിയും.
ഒരു ചെറിയ സംഭവ കഥ പറഞ്ഞ് ഞാനിതു അവസാനിപ്പിക്കാം. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. അതായത് 1939-1945 കാലഘട്ടം. 1943 ലെ ഒരു പ്രത്യേക ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അമേരിക്കക്കാരനായ Louis Silvie Zamperini. സാമ്പറിനിയുടെ യുദ്ധവിമാനം പസഫിക് സമുദ്രത്തിനു മുകളിൽ വച്ച് തകർന്നുവീണു. അതിലുണ്ടായിരുന്ന അനേകരും മരിച്ചു. 47 ദിവസങ്ങൾക്ക് ശേഷം ഷാർക്കുകൾ ധാരാളമുള്ള കടലിൽ പൊങ്ങി കിടന്ന ഒരു തടിക്കഷണത്തിൽ പിടിച്ചു കിടന്ന സാമ്പറിനിയേയും സുഹൃത്തിനെയും ശത്രുസേന കണ്ടെത്തി. അവർ അവരെ പിടിച്ചുകൊണ്ടുപോയി. രണ്ടരവർഷത്തേക്കു ജയിലിലടച്ചു. തടവറയിൽ അവർക്ക് അതികഠിനവും നിരന്തരവുമായ പീഡനങ്ങളും അപമാനങ്ങളും ഏൽക്കേണ്ടി വന്നു. യുദ്ധത്തിനുശേഷം തടവറയിൽ നിന്ന് മോചിതനായ സാമ്പറിനിക്ക് Post traumatic stress disorder എന്ന അസുഖം ബാധിച്ചു. മരണകരമായ അനുഭവത്തിന്റേയും അതിനെത്തുടർന്നുണ്ടായ ഭയാനകമായ പീഡനത്തിന്റെയും ഫലമായി ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണീത്. എതു നിമിഷവും അപകടം സംഭവിക്കാമെന്ന ചിന്തയും അതിനെ ഒഴിവാക്കുവാനുള്ള മനസ്സിന്റെ പെട്ടെന്നുള്ള ഒരു പ്രതികരണമാണിത്. അതുതന്നെ ഒരു മദ്യപാനി ആക്കി. തന്റെ ഭാര്യ സിന്ത്യയെ അതു ഏറെ അസ്വസ്ഥയാക്കി. അവളുടെ വിവാഹ ജീവിതത്തിൽ ശേഷിച്ചിരുന്ന പ്രതീക്ഷയും അത് ഇല്ലാതാക്കി. സാമ്പറിനി തന്റെ ജീവിതത്തിൽ മിക്കവാറും സമയങ്ങളിൽ, തന്നെ ജയിലിൽ ക്രൂരമായി പീഡിപ്പിച്ച ആ പട്ടാളക്കാരനെ ജപ്പാനിൽ പോയി പ്രതികാരം ചെയ്യണം എന്ന് സ്വപ്നം കണ്ടും പദ്ധതിയിട്ടും കഴിഞ്ഞു കൂടുകയായിരുന്നു. ഒരു ദിവസം രാത്രിയിൽ തന്നെ പേടിപ്പിച്ച ആ പട്ടാളക്കാരൻ തന്റെ മുന്നിൽ നിൽക്കുന്നത് താൻ സ്വപ്നം കണ്ടു. അയാളിൽ നിന്നു തന്നെ രക്ഷിക്കുവാൻ കൈനീട്ടി അവന്റെ കൊങ്ങായ്ക്കു താൻ പിടിച്ചു. പെട്ടെന്ന് ഒരു കരച്ചിൽ കേട്ട് താൻ ഞെട്ടിയുണർന്നു. കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ച ഇതായിരുന്നു. തന്റെ കൈ ഗർഭിണിയായ ഭാര്യയുടെ കഴുത്തിൽ തന്റെ കൈ അങ്ങനെ ബലമായി അമർത്തി പിടിച്ചിരിക്കുന്നു. പാവം ഭാര്യ പേടിച്ചരണ്ട്, കരഞ്ഞ് നിലവിളിക്കുന്നു. അധികം താമസിയാതെ സിന്ത്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനുള്ള തന്റെ തീരുമാനം ഭർത്താവിനെ അറിയിച്ചു. അതിൽ സാമ്പറിനി വളരെ അസ്വസ്ഥനായി. തന്റെ ഭാര്യയും കുഞ്ഞും നഷ്ടപ്പെടാൻ പോകുന്നു എന്നത് തനിക്ക് സഹിക്കുവാൻ കഴിയുന്നതായിരുന്നില്ല. എന്നിട്ടും തനിക്ക് മദ്യപാനം നിർത്തുവാനൊ സ്വയം നശിപ്പിക്കുന്ന പെരുമാറ്റത്തിൽ നിന്ന് മോചിതനാകുവാനൊ കഴിഞ്ഞില്ല. തന്റെ കഴിഞ്ഞകാല പീഡനങ്ങളുടെ ഓർമ്മയും കൈപ്പും തന്നെ കൂടുതലായി പീഡിപ്പിച്ചതല്ലാതെ അത് തന്നെ കുടുംബത്തിന്റെ രക്ഷയ്ക്കുവേണ്ടി ഏതെങ്കിലും നിലയിലുള്ള വ്യത്യാസം വരുത്തിയില്ല.
1949 സെപ്റ്റംബർ മാസത്തിൽ ഒരു സുഹൃത്ത് സാമ്പറിനിയുടെ ഭാര്യ സിന്ധ്യയോടു അടുത്ത ഒരു സ്ഥലത്ത് ഒരു സുവിശേഷ മീറ്റിംഗ് നടക്കുന്നുണ്ട്; അതിൽ ബില്ലിഗ്രഹാം എന്ന് പേരുള്ള ഒരു യൗവനകാരൻ പ്രസംഗിക്കുന്നുണ്ട് എന്ന് അറിയിച്ചു. അവൾ ആ മീറ്റിങ്ങിന് കടന്നുപോയി. പിന്നെ അവൻ നേരെ തന്റെ ഭർത്താവിന്റെ അടുക്കൽ മടങ്ങിച്ചെന്ന്, ഞാൻ അങ്ങയുമായുള്ള വിവാഹമോചനത്തിന് ആഗ്രഹിക്കുന്നില്ല എന്നും എനിക്ക് ആത്മീയമായ പുതുജീവൻ കൈവന്നിരിക്കുന്നു എന്നും പറഞ്ഞു. അടുത്തദിവസം തന്നോടൊപ്പം അങ്ങയും വന്ന് അദ്ദേഹ ത്തിന്റെ പ്രസംഗം കേൾക്കണം എന്ന് അവൾ നിർബന്ധം പിടിച്ചു. ചില ദിവസങ്ങ ളിലെ എതിർപ്പുകൾക്കുശേഷം അദ്ദേഹവും അവളോടുകൂടെ പോകുവാൻ തയ്യാറായി. ആ രാത്രിയിലെ ബില്ലിഗ്രഹാമിന്റെ പ്രസംഗം മനുഷ്യന്റെ പാപം എന്ന വിഷയത്തെ അധികരിച്ചാ യിരുന്നു. സാമ്പറിനി വളരെ കുപിതനായി കാണപ്പെട്ടു. കാരണം താൻ ഒരു നല്ല മനുഷ്യനാണ് എന്നാണ് താൻ തന്നെക്കുറിച്ച് ചിന്തിച്ചിരുന്നത്. എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ പാപത്തെ ക്കുറിച്ച് താൻ കേട്ടപ്പോൾ തന്റെ ചിന്തയിൽ അടങ്ങിയിരുന്ന വഞ്ചന തനിക്ക് ബോദ്ധ്യപ്പെട്ടു. പിന്നീടു പല മീറ്റിങ്ങുകളിൽ താൻ സംബന്ധിച്ച് ദൈവത്തിന്റെ വചനം ശ്രദ്ധിക്കുകയും യേശുക്രിസ്തുവിനെ തന്റെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു.
അതോടെ താൻ തന്റെ മദ്യപാനം നിർത്തി. അതിനേക്കാൾ നിർണ്ണായകമായി തീർന്നത്, ദൈവത്തിന്റെ സ്നേഹം സാമ്പറിനിയുടെ ഹൃദയത്തിൽ ഒരു പ്രളയജലം പോലെ നിറഞ്ഞു കവിഞ്ഞു. അതോടെ തന്റെ മനസ്സിൽ അടിഞ്ഞുകൂടിയിരുന്ന ക്രോധം, കോപം, കൈപ്പ് എന്നീ മാലിന്യങ്ങൾ തന്നിൽ നിന്ന് പുറത്തുപോയി. തല്ഫലമായി തന്നെ പീഡിപ്പിച്ചവരോടും നിന്ദിച്ചവരോടും തനിക്ക് ക്ഷമിക്കുവാൻ കഴിഞ്ഞു. ശക്തിയില്ലായ്മ മൂലമുണ്ടായിരുന്ന ലജ്ജ തന്നിൽ നിന്നും നീങ്ങിപ്പോയി. തന്റെ ഭാര്യ സിന്ത്യയോടുള്ള തന്റെ ബന്ധം പുതുക്കുവാനും അതിന്റെ ആഴം വർധിക്കുവാനും അത് ഇടയാക്കി. അങ്ങനെ അവരുടെ ദാമ്പത്യജീവിതം അനുഗ്രഹപൂർണ്ണമായി തീർന്നു.
1950 ഒക്ടോബറിൽ സാമ്പറിനി ജപ്പാനിലേക്ക് യാത്രതിരിച്ചു. അവിടെ താൻ കിടന്നിരുന്ന ജയിൽ സന്ദർശിച്ചു. അപ്പോഴേക്കും തന്നെ പീഡിപ്പിച്ച ജയിൽ വാർഡൻമാർ അവിടെ ജയിലിൽ അടക്കപ്പെട്ടു കഴിഞ്ഞിരുന്നു. താനൊരു ദ്വിഭാഷി മുഖേന അവിടെ ഉണ്ടായിരുന്ന തടവുകാരോട് പാപക്ഷമ നൽകാൻ കഴിയുന്ന യേശുക്രിസ്തുവിന്റെ കൃപയുടെ ശക്തിയെ കുറിച്ച് സംസാരിച്ചു. തുടർന്ന് അവരെ അതിശയിപ്പിക്കുംവിധം താൻ അവരെ ഒരു പുഞ്ചിരിയോടെ വാരിപ്പുണർന്നു.
സുവിശേഷത്തിലൂടെ ദൈവത്തിന്റെ സ്നേഹവും അംഗീകാരവും പ്രാപിക്കുന്ന ഒരു വ്യക്തിയുടെ ജീവിതം എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതിന്റെ ചിത്രമാണ് നാം ഇവിടെ കണ്ടത്. പുത്രനിലൂടെ ഉള്ള ദൈവത്തിന്റെ ഈ സ്നേഹവും അംഗീകാരവും കൊണ്ട് ആദ്യം നിങ്ങൾ നിറയപ്പെടണം. ആ നിറവിൽ നിന്ന് നിങ്ങളുടെ സ്നേഹം ഇണയിലേക്ക് ഒഴുകണം.
വിവാഹം സുവിശേഷത്തിന്റെ പ്രതിഫലനം (Marriage is a reflection of the gospel)
വിവാഹം ഒരേസമയം വേദനാജനകവും അതേ സമയം അതിശയകരവും ആനന്ദകരവുമാണ് എന്ന് പറയാനുള്ള കാരണം അത് സുവിശേഷത്തെ പ്രതിഫലിപ്പിക്കുന്നു എന്നുതാണ്. സുവിശേഷം എന്നാൽ നാം വിശ്വസിക്കുവാൻ ഭയപ്പെടുന്നതിനെക്കാൾ അധികം പാപം നിറഞ്ഞവരും കുറവുള്ളവരും ആയിരിക്കുമ്പോൾതന്നെ, നാം പ്രതീക്ഷിക്കുവാൻ ഭയപ്പെടുന്നതിനെക്കാൾ അധികം സ്ഥിരീകരിക്കപ്പെട്ടവരും അംഗീകരിക്കപ്പെട്ടവരുമാണ്. ഈയൊരു യാഥാർഥ്യത്തിനു മാത്രമേ വാസ്തവത്തിൽ നമ്മേ രൂപാന്തരപ്പെടുത്താൻ സാധിക്കുകയുള്ളു.
ദൈവത്തിന്റെ ക്രിസ്തുവിലൂടെയുള്ള രക്ഷാകരസ്നേഹം, യാതൊരു വ്യവസ്ഥയുമില്ലാതെ നമ്മോടു സമർപ്പണം പുലർത്തുന്നതാകയാൽ, സമൂലമായ രൂപാന്തരത്തിന് വഴിയൊരുക്കുന്നു. ലൂയി സാമ്പറിനിക്കു സംഭവിച്ചതും അതുതന്നെയായിരുന്നു. തന്റെ സ്വാർത്ഥതയെ അതിന്റെ എല്ലാ മ്ലേച്ചതയോടുംകുടെ താൻ കണ്ടു. ദൈവസ്നേഹം ആ മ്ലേച്ചതയെ ഹൃദയത്തിൽ നിന്ന് നിഷ്കാസനം ചെയ്തു. അതവന്റെ ജീവിതത്തിനു രക്ഷയായി തീർന്നു.
സുവിശേഷത്തിന്റെ ശക്തിയാൽ, നമ്മുടെ ഇണയോടുള്ള സത്യസന്ധവും സമർപ്പണത്തോടെയും ഉള്ള സ്നേഹം അവൻ അഥവാ അവൾ അനുഭവിക്കാൻ ഇടയാകുമ്പോൾ, അത് ഇണയെ അതേതരത്തിലുള്ള രൂപാന്തരപ്പെടുത്തുന്ന സ്നേഹം കാണിക്കാൻ അങ്ങനെയുള്ള അവസരം വരുമ്പോൾ അവരെ പ്രാപ്തിപ്പെടുത്തും. അങ്ങനെ നിങ്ങളുടെ വിവാഹ ജീവിതം അനുഗ്രഹീതമായിത്തീരും. അതിനു ദൈവം നിങ്ങളെ സഹായിക്കട്ടെ.
*****