
നിത്യജീവൻ

Family Series-Chapter _2
The Gospel Centered Relationship of Husband and Wife.
സുവിശേഷ കേന്ദ്രീകൃത ഭാര്യാ-ഭർത്തൃ ബന്ധം.
ആമുഖം
വിവാഹജീവിതം വിജയകരമായി മുന്നോട്ടു പോകണമെങ്കിൽ അതിനെ രൂപകൽപ്പന ചെയ്ത സൃഷ്ടാവായ ദൈവത്തിന്റെ നിർദ്ദേശങ്ങൾ നാം ശ്രദ്ധിക്കേണ്ടത് വളരെ ആവശ്യമാണ്. വിവാഹജീവിതത്തെ കുറിച്ചു പ്രതിപാദിക്കുന്ന ബൈബിളിലെ ഏറ്റവും ദൈർഘ്യമേറിയ വേദഭാഗമാണ് എഫേസ്യലേഖനം അതിന്റെ അഞ്ചാം അദ്ധ്യായം 21-32 വരെയുള്ള വാക്യങ്ങൾ.
ആ വേദഭാഗത്തിലേക്കു പ്രവേശിക്കുന്നതിനുമുന്നമെ ആ വേദഭാഗത്തിന്റെ പശ്ചാത്തലം അൽപ്പമായി വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അപ്പോ പൗലോസ് എഫെ. 4-ആം അദ്ധ്യായത്തിന്റെ ഒന്നാം വാക്യത്തിൽ ആരംഭിച്ച നിങ്ങളുടെ “വിളിക്കു യോഗ്യമാം വണ്ണം നടക്കണം” അഥവാ സുവിശേഷത്തിനു യോഗ്യമാം വണ്ണം നടക്കണം എന്നതിനോടും, 5:2 ൽ പറഞ്ഞിരിക്കുന്ന, “ക്രിസ്തു നിങ്ങളെ സ്നേഹിച്ചതുപോലെ അന്യേന്യം സ്നേഹിപ്പിൻ” എന്നതിനോടു indirect/പരോക്ഷമായും, 5:18 ൽ പറഞ്ഞിരിക്കുന്ന “ആത്മാവിൽ നിറഞ്ഞവരായിരിപ്പിൻ” എന്ന കല്പനയോടു നേരിട്ടും ബന്ധപ്പെട്ടിരിക്കുന്ന ഒരു വേദഭാഗമാണിത്.
അതിൽ, 5:18 ൽ പറഞ്ഞിരിക്കുന്ന ആത്മനിറവിന്റെ ആദ്യത്തെ ഫലമാണ് സന്തോഷകരമായ ആരാധന എങ്കിൽ അതിന്റെ രണ്ടാമത്തെ ഫലമാണ് (5: 21) ൽ പറഞ്ഞിരിക്കുന്ന “ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പ്പെട്ടിരിക്കുക” എന്നത്. ആത്മാവിനാൽ നിറയപ്പെട്ട ഒരു വ്യക്തിയിൽ നിന്നു വരുന്നതാണ് യഥാർത്ഥത്തിൽ അധികാരങ്ങളോടുള്ള വിധേയത്വം. ഈ കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് നമുക്കു നമ്മുടെ വേദഭാഗത്തിലേക്കു കടക്കാം:
എഫേസ്യർ 5:21-32
“ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പ്പെട്ടിരിപ്പിൻ. ഭാര്യമാരെ, കർത്താവിന്നു എന്നപോലെ സ്വന്തഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു. എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. ഭർത്താക്കന്മാരെ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്ക്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾവേണ്ടി ഏൽപ്പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ. ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു. നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ. അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. ഈ മർമ്മം വലിയതു: ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെതന്നേ സ്നേഹിക്കേണം. ഭാര്യയൊ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.”
ദൈവാത്മാവിന്റെ നടത്തിപ്പിനായി ഒരു നിമിഷം പ്രാർത്ഥിക്കാം…..
“ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പ്പെട്ടിരിപ്പിൻ” എന്ന പ്രബോധനത്തോടെയാണ് ഈ വേദഭാഗം ആരംഭിക്കുന്നത് (5: 21). അധികാരങ്ങൾക്ക് വിധേയപ്പെടാനുള്ള പൊതുവായ ഒരു പ്രബോധനമാണിത്. അതിന്റെ specific അഥവാ പ്രത്യേകമായ application ആണ്, 5:22-32 വരെ വാക്യങ്ങളിൽ പറയുന്ന വിവാഹബന്ധത്തിൽ ഭാര്യ-ഭർത്താവിനും, 6 :1-4 വരെ വാക്യങ്ങളിൽ മക്കൾ-മാതാപിതാക്കൾക്കും, 6:5-9 വരെ വാക്യങ്ങളിൽ ദാസന്മാർ-യജമാനന്മാർക്കും വിധേയപ്പെട്ടിരിക്കുക എന്നിങ്ങനെ തുടർന്നങ്ങോട്ടുള്ള വേദഭാഗങ്ങൾ.
“ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പ്പെട്ടിരിപ്പിൻ” എന്നത് ക്രിസ്തീയ ജിവിതത്തിലെ ഒരു പൊതുപ്രമാണമാണ്. സുവിശേഷം വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടേയും ജീവിതത്തിൽ മറ്റുള്ളവരോട് ബന്ധപ്പെടുന്ന കാര്യത്തിൽ ഒരു സമൂലമായ മാറ്റം ആവശ്യമാണ്. ഫിലി 2: 3 വാക്യങ്ങളിൽ പൗലോസ് പറയുന്നു, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നേക്കാൾ ശ്രേഷ്ടൻ എന്നു എണ്ണിക്കൊൾവിൻ.” ഈ മാറ്റം അനിവാര്യമായ, ഒഴിവാക്കാൻ കഴിയാത്ത സംഗതിയാണ്. പൗലോസ് അതിലൂടെ അർത്ഥമാക്കുന്നതെന്തെന്നാൽ, യാഥാർത്ഥ്യമാക്കുവാൻ കഴിയാത്ത ഒരുകാര്യം നിങ്ങൾ അങ്ങനെ വിശ്വസിക്കണമെന്നല്ല, അങ്ങനെ തന്നെ എണ്ണിക്കൊള്ളാൻ, പരിഗണിക്കാൻ, ആവശ്യപ്പെട്ടിരിക്കുകയാണ്. മറ്റുള്ളവരുടെ താത്പ്പര്യങ്ങൾ നമ്മുടെ താത്പ്പര്യങ്ങളേക്കാൾ പ്രധാനം എന്ന് പരിഗണിക്കുവാൻ നമ്മോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മറ്റൊരിടത്ത് പൗലോസ് പറയുന്നു നാം നമ്മേ പ്രസാദിപ്പിക്കുവാൻ നോക്കാതെ മറ്റുള്ളവരെ പ്രസാദിപ്പിക്കുവാൻ നോക്കണം എന്ന്.
ഗലാത്യർ 5:13 ൽ ഒരു വിശ്വാസി bond-servant ന്റെ മനോഭാവത്തോടെ ജിവിക്കുവാനാണ് പറയുന്നത്. ഒരു അടിമക്ക് തന്റേതായ അവകാശങ്ങൾ ഒന്നുമില്ല. തന്റെ യജമാനനെ പ്രസാദിപ്പിക്കുക എന്നതാണ് ഒരു അടിമയുടെ ജിവിതലക്ഷ്യം. അതിനുള്ള കാരണം അടുത്ത വാക്യത്തിൽ പൗലോസ് നൽകുന്നുണ്ട്. റോമർ 15:3 “…ക്രിസ്തുവും തന്നിൽത്തന്നെ പ്രസാദിച്ചില്ല.” ക്രിസ്തു തന്നെത്തന്നെ താഴ്ത്തി ദാസരൂപം സ്വീകരിച്ചതിനാലാണ് നന്മേ രക്ഷിക്കുവാനായത്. അതുകൊണ്ട് നാം കർത്താവിന്റെ ദാസന്മാരാണ്, മറ്റുള്ളവർക്കു ദാസന്മാരായി നാം നമ്മേത്തന്നെ കാണേണ്ടിയിരിക്കുന്നു. ഈയൊരു പ്രമാണം വിവാഹജീവിതത്തിലേക്ക് ബാധകമാക്കുകയാണ് പൗലോസ് ഇവിടെ ചെയ്തിരിക്കുന്നത്.
1. വിവാഹജീവിതത്തിലെ വെല്ലുവിളികൾ നേരിടുവാൻ ദൈവാത്മാവിന്റെ പ്രവർത്തനം അനിവാര്യം. (The work of the Spirit of God is essential to meet the challenges of the married life.)
പൊതുവേ പറഞ്ഞാൽ, ദൈവാത്മാവിന്റെ പ്രവർത്തനം നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രമെ വിവാഹത്തിലെ വെല്ലുവിളികൾ നേരിടുവാൻ നിങ്ങൾ സജ്ജരാകുകയുള്ളു. പ്രത്യേകമായി പറഞ്ഞാൽ, ദൈവാത്മാവിന്റെ നിറവിൽ മാത്രമെ നിങ്ങളുടെ ഇണയെ ശുശ്രൂഷിക്കുവാൻ നിങ്ങൾക്കു സാധിക്കുകയുള്ളു. പിന്നീട് എഫെ 5:22-24 വാക്യങ്ങളിൽ പൗലോസ് പറയുന്നു ഭാര്യ ഭർത്താവിനു വിധേയപ്പെടണമെന്ന്. ഉടനെ തന്നെ 25-27 വാക്യങ്ങളിൽ ഭർത്താക്കന്മാരോടു പറയുന്നു കർത്താവു സഭയെ സ്നേഹിച്ചതുപോലെ, തന്നെത്തന്നെ നൽകിക്കൊണ്ട്, ഭാര്യയെ സ്നേഹിക്കണമെന്ന്. ഇത് ഭാര്യമാർക്കു നൽകിയ കൽപ്പനയേക്കാൾ കൂടിയ കല്പനയാണ്, കാരണം സ്വന്തതാത്പ്പര്യം ഉപേക്ഷിച്ചു വേണം ഈയൊരു കൽപ്പന നിവൃത്തിക്കുവാൻ. ഈ രണ്ടു പ്രബോധനങ്ങളും വ്യത്യസ്ഥ നിലയിലുള്ളവയാണ്; അവ സമാനമായ ധർമ്മങ്ങളല്ല. എന്നാൽ വളരെ ദൂരവ്യാപകമായ നിലയിൽ, ഓരൊ പങ്കാളിയും ഇതരവ്യക്തിക്കുവേണ്ടി തങ്ങളെതന്നെ ത്യാഗമായി നൽകേണ്ടിവരും. നിങ്ങൾ ഒരു ഭാര്യയൊ, ഭർത്താവൊ ആയിക്കൊള്ളട്ടെ, നിങ്ങൾ ജീവിക്കേണ്ടത് നിങ്ങൾക്കായിട്ടല്ല ഇതരവ്യക്തിക്കുവേണ്ടി ആയിരിക്കണം. ഇതാണ് വിവാഹജീവിതത്തിലെ, ഏറ്റവും കഠിനമായ എന്നാൽ ഏറ്റവും പ്രധാനമായ ഉത്തരവാദിത്വമെന്ന് പറയുന്നത്. അതുകൊണ്ടാണ് പൗലോസ് ആത്മനിറവിനെ കുറിച്ചു പറഞ്ഞതിനുശേഷം വിവാഹത്തെക്കുറിച്ചു പറയുന്നത്.
അപ്പോ. പൗലോസിനു വിവാഹബന്ധത്തിൽ കാണാൻ കഴിഞ്ഞ കാര്യം ദൈവവചനമായ യേശുക്രിസ്തുവിനെയാണ്. പൗലോസ്, യേശുക്രിസ്തുവിനെ ആഴമായി അറിയുകയും മനസ്സിലാക്കുകയും ചെയ്ത വ്യക്തിയാണ്. താൻ യേശുക്രിസ്തുവിൽ നിന്നും മനസ്സിലാക്കിയ ഒരു സംഗതി എന്തെന്നാൽ, യേശുക്രിസ്തു സഭ എന്ന ശരീരത്തിന്റെ തലയാണ് (Ephesians 1:23). ഒരു വ്യക്തി വിശ്വാസത്താൽ -യേശുക്രിസ്തുവിനോടും മറ്റു വിശ്വാസികളോടും- ചേരുന്നു. അങ്ങനെ അവരെല്ലാം ക്രിസ്തുവിൽ ഒന്നായി തീരുന്നു (Galatians 3:28). അങ്ങനെ ക്രിസ്തുവിൽ വിശ്വസിക്കുന്നവർ, ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായി തീരുന്നു. ആ ശരീരത്തിൽ, ക്രിസ്തുവിന്റെ ആത്മാവ് വസിക്കയും ക്രിസ്തുവിന്റെ ജീവൻ വെളിപ്പെടുകയും ചെയ്യുന്നു. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം അറിയുന്ന പൗലോസ് അതിനു സമാന്തരമായ ബന്ധം വിവാഹത്തിലും ദർശിക്കുന്നു. ക്രിസ്തുവും സഭയും ഒന്നായി തീർന്നിരിക്കുന്നതുപോലെ ഭർത്താവും ഭാര്യയും ഏകശരീരമായി, ഒന്നായി തീരുന്നതിനുവേണ്ടിയാണ് ദൈവം വിവാഹത്തെ സ്ഥാപിച്ചത്. അവർ പിന്നെ ഇരുഹൃദയങ്ങൾ അല്ല, ഏകഹൃദയമാണ്. അവർ പിന്നെ രണ്ട് സാമ്രാജ്യങ്ങളല്ല, ഏകസാമ്രാജ്യമാണ്.
2 കൊരി 11:2 ൽ പൗലോസ് പറയുന്നു: “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏൽപ്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.”
ഇവിടെ പൗലോസ് ക്രിസ്തുവിനെ ഭർത്താവായും, വിശ്വാസികളെ യേശുവിന്റെ മണവാട്ടിയായും ചിത്രീകരിക്കുന്നു. ഒരു വ്യക്തിയുടെ മാനസാന്തരത്തെ വിവാഹ നിശ്ചയമായും അതിലൂടെ തന്റെ മണവാട്ടിയാക്കുകയും ചെയ്യുന്നു. മണവാട്ടിയെ തന്റെ ഭർത്താവിനു സമർപ്പിക്കുന്നത് കർത്താവിന്റെ രണ്ടാംവരവിങ്കലാണ്. അതാണ് പൗലോസ് Ephesians 5:27 ൽ വിശദീകരിക്കുന്നത് : “കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്ക്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കുവേണ്ടി ഏൽപ്പിച്ചു കൊടുത്തു.”
ഇവിടെ കർത്താവിന്റെ ഉദ്ദേശ്യവും ഭർത്താവിന്റെ ഉദ്ദേശ്യവും സമന്വയിച്ചിരിക്കുന്നു. അതായത്, കർത്താവിന്റേതിനു സമാനമായ ഒരു ഉത്തരവാദിത്വമാണ് വിവാഹബന്ധത്തിൽ ഒരു ഭർത്താവിനുള്ളത്.
2. വിവാഹത്തിലെ സുവിശേഷ മർമ്മം (The mystery of the gospel in marriage)
തുടർന്ന് 5:32 ൽ വിവാഹമെന്നത് ഒരു മർമ്മമാണ് എന്ന് പൗലോസ് പറയുന്നു. “ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.” ‘മർമ്മം’ അഥവാ mystery എന്ന വാക്കിനു ഗ്രിക്കിൽ mysterion (verse 32) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. mysterion means an extraordinarily great, wonderful and profound truth that can be understood only with the help of God’s Spirit. ദൈവത്തിന്റെ ആത്മാവിനാൽ മാത്രം ഗ്രഹിക്കുവാൻ കഴിയുന്ന വലുതും അത്ഭുതകരവും ആഴമേറിയതുമായ സത്യം എന്നാണ് ആ വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.
ഇനി, വിവാഹത്തിലെ ഈ മർമ്മം എന്താണ് എന്ന് നമുക്കു നോക്കാം. ഈ മർമ്മം വലിയത് എന്ന് പറഞ്ഞിട്ട് പൗലോസ് അതിനോട് കൂട്ടിച്ചേർക്കുന്നു “ഞാൻ ക്രിസ്തുവിനേയും സഭയേയും ഉദ്ദേശിച്ചത്രേ പറയുന്നത്” (32). അതായത്, 25-27 വാക്യങ്ങളിൽ പറഞ്ഞതിന്റെ സുചനയാണ് താൻ അതിലുടെ നൽകുന്നത്. “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്ക്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കുവേണ്ടി ഏൽപ്പിച്ചു കൊടുത്തു.”
വിവാഹം അതിൽതന്നെ ഒരു മർമ്മമാണ്. അതുകൂടാതെ, കർത്താവ് തന്നെത്തന്നെ ഏൽപ്പിച്ചു കൊടുത്തുകൊണ്ട് സഭയെ സ്നേഹിച്ചതുപോലെ ഭർത്താവ് ഭാര്യയെ സ്നേഹിക്കാനാണ് പറയുന്നത്. യേശുക്രിസ്തു നമ്മോടു ചേരുവാൻ തന്നെത്തന്നെ കൊടുത്തതുപോലെ ഭർത്താവ് തന്നെത്തന്നെ കൊടുത്തുകൊണ്ട് ഭാര്യയെ സ്നേഹിക്കണം, ഇതാണ് Secret/മർമ്മം എന്നു പറയുന്നത്.
യേശു എന്താണ് ചെയ്തത്? പിതാവിനോടു സമനായിരുന്ന യേശു, തന്റെ എല്ലാ തുല്യതയും മഹത്വവും വെടിഞ്ഞ്, ദാസരൂപം എടുത്ത്, തന്നെത്താൻ ഒഴിച്ച്, വേഷത്തിൽ മനുഷ്യനായി ക്രുശിൽ മരിച്ചുകൊണ്ട്, നമ്മുടെ പാപങ്ങളും, കുറ്റങ്ങളും ഒക്കെ കഴുകി ശുദ്ധിയാക്കി, തനിക്കായി നമ്മേ എടുത്തു. തന്റെ എല്ലാ താത്പ്പര്യങ്ങളും മാറ്റിവെച്ചുകൊണ്ട് നമ്മുടെ താത്പ്പര്യങ്ങളും ആവശ്യങ്ങളും താൻ അന്വേഷിച്ചു. തന്റെ ത്യാഗപരമായ പ്രവൃത്തിയിലൂടെ നാമുമായി ഒരു ആഴമായ ബന്ധത്തിലേക്ക് വന്നു. വിവാഹത്തെ മനസ്സിലാക്കാനും അതു ജീവിതത്തിൽ പ്രാവർത്തികമാക്കാനും ഉള്ള താക്കോൽ എന്നു പറയുന്നത് ഇതാണ്.
അതുകൊണ്ടാണ് ഉൽപ്പത്തി 2:24 ലെ പ്രസ്താവനയെ, യേശുക്രിസ്തുവിനോടും സഭയോടും തമ്മിൽ ബന്ധിപ്പിക്കുവാൻ പൗലോസിനെ പ്രേരിപ്പിച്ചത്. ഒരു കമന്റേറ്റർ അതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതിപ്രകാരമാണ്: ദൈവം ആദ്യവിവാഹത്തെ രൂപകൽപ്പന ചെയ്തപ്പോൾ തന്റെ മനസ്സിൽ ക്രിസ്തുവിന്റെയും സഭയുടേയും ചിത്രമുണ്ടായിരുന്നു. ക്രിസ്തുവും തന്റെ വീണ്ടെടുക്കപ്പെട്ട ജനവുമായുള്ള എന്നന്നേക്കുമുള്ള ബന്ധം, അതാണ് വിവാഹത്തെ സംബന്ധിച്ച ദൈവത്തിന്റെ ഉന്നതമായ ഉദ്ദേശ്യം.
ദൈവം വിവാഹത്തെ സ്ഥാപിച്ചപ്പോൾ യേശുക്രിസ്തുവിലൂടെയുള്ള രക്ഷാകരസുവിശേഷം താൻ മുന്നിൽ കണ്ടു എങ്കിൽ, വിവാഹം ശരിയായ നിലയിൽ മുന്നോട്ടു പോകണമെങ്കിൽ, തന്നെത്തന്നെ ത്യജിച്ചുകൊണ്ട്, ക്രിസ്തുവിലൂടെ നമ്മോടു കാണിച്ച ദൈവസ്നേഹത്തിന്റെ അതേ പാറ്റേണിൽ വിവാഹവും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ദൈവം ക്രിസ്തുവിൽ നിങ്ങൾക്കു എന്തുചെയ്തു തന്നിരിക്കുന്നുവൊ അത് തന്റെ ഇണക്കുവേണ്ടി നിങ്ങൾ ചെയ്യുക. അങ്ങനെ നിങ്ങൾ ചെയ്താൽ ബാക്കി കാര്യങ്ങൾ അതിന്റെ ക്രമത്തിൽ ആയിക്കൊള്ളും. ഇവിടെയാണ് പൗലോസ് വിവാഹത്തിൽ ഭാര്യ-ഭർത്താക്കന്മാരുടെ ധർമ്മത്തെ അഥവാ ഉത്തരവാദിത്വത്തെ സംബന്ധിച്ച ചിന്തകൾക്ക് തുടക്കം കുറിക്കുന്നത്.
വിവാഹത്തിലെ മർമ്മത്തിന്റെ സന്ദേശമെന്നു പറയുന്നത്. യേശുക്രിസ്തുവിന്റെ സുവിശേഷവും - വിവാഹവും ഒന്ന് മറ്റൊന്നിനെ വിശദീകരിക്കുന്നു. ദൈവം വിവാഹത്തെ രുപകൽപ്പന ചെയ്തപ്പോൾ യേശുക്രിസ്തുവിന്റെ രക്ഷാകരദൗത്യം തന്റെ മനസ്സിൽ ഉണ്ടായിരുന്നു. ആകയാൽ, വിവാഹത്തിനു മുന്നോടിയായി നിങ്ങൾ ഒരു ശരിയായ തെരഞ്ഞെടുപ്പു നടത്തേണ്ട ആവശ്യമുണ്ട്. ആ തെരഞ്ഞെടുപ്പ് എന്നുള്ളത് “നിങ്ങളുടെ കുടുംബത്തിനുവേണ്ടി, നിങ്ങളുടെ സ്വന്തം താത്പ്പര്യം ത്യജിക്കുമൊ അതൊ നിങ്ങളുടെ സ്വന്തതാത്പ്പര്യത്തിനു മുന്തൂക്കം നൽകി, നിങ്ങളുടെ സ്വന്തതാത്പ്പര്യ സംരക്ഷണ നിവൃത്തിക്കായിട്ടാണോ വിവാഹത്തിനു തുനിയുന്നത്? നിങ്ങളുടെ സ്വന്തതാത്പ്പര്യത്തിനാണ് നിങ്ങൾ ഊന്നൽ നൽകുന്നത് എങ്കിൽ ഞാൻ മുന്നമെ പറഞ്ഞതുപോലെ “ഈ മർമ്മം വലിയത്” എന്നു പറഞ്ഞുകൊണ്ട് തിരിഞ്ഞുകിടക്കേണ്ടതായ് വരും. ഈ ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ, വിവാഹബന്ധത്തിന്റെ തകർച്ചയായിരിക്കും ഫലം. അതുകൊണ്ട് സ്വന്തതാത്പ്പര്യവും സ്വന്തസംതൃപതിയും മാറ്റിവെച്ച്, കുടുംബത്തിന്റെ സന്തോഷത്തിനായി നിങ്ങളുടെ സ്വന്തതാത്പ്പര്യം ത്യജിക്കുക. പരസ്പരം തൃജിച്ചുകൊണ്ട് പരസ്പര സംതൃപ്തിക്കായി യത്നിക്കാനുള്ള തീരുമാനം എടുത്തുകൊണ്ടു വേണം വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുവാൻ.
ആകയാൽ, വിവാഹത്തിൽ നാം പുറമെ കാണുന്നതിനേക്കാൾ വലിയ അർത്ഥവും വ്യാപ്തിയുമുണ്ട്. പുരുഷനേയും സ്ത്രീയേയും വിവാഹത്തിൽ ദൈവം യോജിപ്പിച്ചത്, ദൈവത്തിന്റെ പുത്രനും സഭയും തമ്മിലുള്ള ബന്ധത്തിന്റെ ഒരുപ്രതിഫലനമായിട്ടാണ്. അതല്ലെങ്കിൽ ക്രിസ്തുവിനോട് ചേർന്നുള്ള ഇരുവരുടെയും രൂപാന്തരത്തിനുവേണ്ടിയാണ്. രണ്ടിന്റേയും purpose ഒന്നുതന്നെയാണ്. “കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്ക്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ…” നിറുത്തേണ്ടതിനു വേണ്ടിയാണ്.” ഇതാണ് വിവാഹത്തിൽ ദൈവത്തിന്റെ ആത്യന്തിക ലക്ഷ്യമായി ഇരിക്കുന്നത്. ഈ അതിശയകരവും അജ്ഞേയവുമായ (അതല്ലെങ്കിൽ ഗ്രഹിക്കുവാൻ കഴിയാത്ത), ദൈവിക സാദൃശ്യത്തെയും ദൈവീകയാഥാർത്ഥ്യങ്ങളേയും പ്രദർശിപ്പിക്കുന്ന ഒരുവിശിഷ്ട സ്ഥാപനമാണ് വിവാഹം. വിവാഹം കഴിഞ്ഞവർ ഈ കാര്യം, തങ്ങളെത്തന്നെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കേണ്ടത് ആവശ്യമാണ്.
വിവാഹജീവിതത്തിൽ ക്രിസ്തുവിനെയും സഭയെയും പ്രദർശിപ്പിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു.
ഭാര്യ ലോകത്ത് സഭയെ ചിത്രീകരിക്കുന്നു. ഭർത്താവ് ലോകത്ത് ക്രിസ്തുവിനെ പ്രദർശിപ്പിക്കുന്നു. അതിൽ ഭാര്യയുടെ മനസ്സോടെയുള്ള വിധേയത്വവും ഭർത്താവിന്റെ നിരുപാദിക സ്നേഹവും അടങ്ങിയിരിക്കുന്നു.
3. വിവാഹജീവിതത്തിൽ ഭാര്യ ഭർത്താവിനു വിധേയപ്പെട്ടിരിക്കണം (The wife must be submissive to her husband in marriage)
വാക്യം 24: “എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.”
പലപ്പോഴും സ്ത്രീ പുരുഷനു കീഴടങ്ങിയിരിക്കണം (hypotassomenoi) (to obey, be under obedience) എന്നു കേൾക്കുമ്പോൾ ഒരു സ്ത്രീയുടെ മനസ്സിലേക്ക് വരുന്ന ചിന്ത, ങേ, ഞാൻ ഭർത്താവിനു കീഴടങ്ങണമെന്നോ? ചില സ്ത്രീകൾ ആ വാക്കു പറയാൻ പോലും മടിക്കും. അങ്ങനെ പറയുന്നവരെ, നിങ്ങൾ ഈ നവീന യുഗത്തിലാണോ ജീവിക്കുന്നത് എന്ന് ചോദിക്കാനും ഒരു പക്ഷെ, അവർ മടിച്ചില്ല എന്നു വന്നേക്കാം. ചിലർ ഭർത്താവിനു ‘‘കീഴടങ്ങുക’’ എന്നത് ഒരു താഴ്ന്ന റോളായിട്ടാണ് കാണുന്നത്. മറ്റുചിലർ അതിനു ചില ഉപാദികൾ വെക്കും. ഈ വിഷയത്തിൽ ദൈവത്തിന്റെ വചനം എന്താണ് പറയുന്നത് എന്നു നോക്കാം: “എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം” എന്നാണ്. ഇവിടെ “പോലെ” എന്ന വാക്കും “സകലത്തിലും” എന്ന വാക്കും നിങ്ങളുടെ ശ്രദ്ധയർഹിക്കുന്നു.
ആദ്യം, ‘വിധേയപ്പെടൽ’ ഒരു താഴ്ന്ന റോളാണോ എന്നു നോക്കാം. ‘വിധേയപ്പെടലിന്റെ’ ഏറ്റവും മനോഹരമായ ചിത്രം ത്രിത്വത്തിൽ നമുക്ക് ദർശിക്കുവാൻ കഴിയും. ത്രിത്വത്തിൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും തുല്യരാണ്. എങ്കിലും, പുത്രൻ- ‘പിതാവിനും’, പരിശുദ്ധാത്മാവ്- ‘പിതാവിനും പുത്രനും’ വിധേയപ്പെട്ടുകൊണ്ടാണ് ദൈവിക പദ്ധതി നിവൃത്തിക്കുന്നത്. അവർ തമ്മിൽ പെർഫെക്റ്റായ സ്നേഹവും സ്വരച്ചേർച്ചയും ആണ് ഉള്ളത്. അവർ തമ്മിൽ മത്സരമൊ, സ്പർദ്ധയൊ ഇല്ല. ആകയാൽ ‘വിധേയപ്പെടുക’ എന്നത് ഒരു താഴ്ന്ന പദവിയല്ല.
ദൈവിക സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു പുരുഷനും സ്ത്രീയും വിവാഹത്തിൽ ഒന്നായി തീരുമ്പോൾ, ദൈവമുമ്പാകെ വ്യക്തികൾ എന്ന നിലയിൽ തുല്യരും, ജീവന്റെ കൃപക്ക് കൂട്ടവകാശികളും ആണെങ്കിൽ കൂടി, അധികാരത്തിന്റേയും വിധേയപ്പെടലിന്റേയും കാര്യത്തിൽ, ത്രിത്വത്തിലെ പോലെ ഒരു ക്രമം അതിലുണ്ട്. ആ ക്രമമനുസരിച്ച് ഭാര്യ ഭർത്താവിനു വിധേയപ്പെട്ടിരിക്കണം.
അതുപോലെതന്നെ പുത്രൻ പിതാവിനെ ‘സകലത്തിലും’ അനുസരിക്കുന്നതു നമുക്കു കാണാം, അതു തനിക്കു കഷ്ടതയും മരണവുമാണ് നൽകുന്നതെങ്കിൽ കൂടി താനതിനു തന്നെത്തന്നെ വിധേയപ്പെടുത്തുന്നു. ആകയാൽ, ഭാര്യ ‘സകലത്തിലും’ ഭർത്താവിനു കീഴടങ്ങിയിരിക്കേണ്ടത് ആവശ്യമാണ്.
“കീഴടങ്ങിയിരിക്കുക” എന്നു പറയുന്നതിന്റെ അടിസ്ഥാന അർത്ഥം, സംരക്ഷണവും കരുതലും നൽകുക എന്ന ഭർത്താവിന്റെ വലിയ ഉത്തരവാദിത്വത്തെ തിരിച്ചറിഞ്ഞും മാനിച്ചും കൊണ്ടു, ഭർത്താവിനു, ക്രിസ്തുവിലുള്ള അധികാരത്തിനും നേതൃത്വത്തിനും തങ്ങളെ തന്നെ വിധേയപ്പെടുത്തുക എന്നാണ്. ഭർത്താവിന്റെ അധികാരത്തിനു വിധേയപ്പെടാനും നേതൃത്വത്തെ പിൻപറ്റാനും പറഞ്ഞതിന്റെ കാരണം ഇവിടെ കൊടുത്തിരിക്കുന്ന “കർത്താവിനു എന്നപോലെ” എന്ന ചെറിയ വാക്യാംശമാണ്. എന്നാൽ ഈ വിധേയപ്പെടൽ കർത്താവിനോടുള്ള വിധേയപ്പെടലിനുള്ളിൽ നിൽക്കുന്നതാണ്. ഒരു ഭാര്യയും കർത്താവിനോടു കാണിക്കേണ്ട അനുസരണത്തിനു വിരുദ്ധമായി അതല്ലെങ്കിൽ ദൈവവചനത്തിനു വിരുദ്ധമായി, ഭർത്താവിനെ അനുസരിക്കണമെന്നല്ല. അതായത്, പാപത്തിലെക്ക് നയിക്കുന്ന ഒരു കാര്യത്തിനും ഭർത്താവിനെ അനുസരിക്കേണ്ട ആവശ്യം ഭാര്യക്കില്ല. എന്നാൽ ഈ ചെറുത്തുനിൽപ്പ് പാപത്തോടുള്ള ചെറുത്തുനിൽപ്പായിരിക്കണം. മാത്രവുമല്ല, അത് താഴ്മയുടെ ആത്മാവിലായിരിക്കണം. അതായത്, അവൾ തന്റെ മനോഭാവത്താലും പ്രവൃത്തികളാലും, ഭർത്താവിന്റെ ഹിതത്തിനെതിരെ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, ഭർത്താവ് പാപവഴി ഉപേക്ഷിക്കുന്നതിനും, നീതിയുടെ പാതയിൽ തന്നെ നയിക്കുന്നതിനും, ഭർത്താവിനെ കുടുംബത്തിന്റെ തലയായി കണ്ട് ബഹുമാനിക്കു ന്നതിനുമാണ് താനങ്ങനെ ചെയ്യുന്നത് എന്ന് ഭർത്താവിനും മനസ്സിലാകും വിധം ആയിരിക്കണം താൻ കാര്യങ്ങളെ ചെയ്യേണ്ടത്. അങ്ങനെയൊരു മനോഭാവത്തോടെ ഭാര്യ കാര്യങ്ങളെ ചെയ്താൽ, അത് സ്വരച്ചേർച്ചയിൽ മുന്നോട്ടു പോകുന്നതിനും, ഭർത്താവിനെ നേടുന്നതിനും സഹായിക്കും എന്നതിൽ സംശയമില്ല.
മാത്രവുമല്ല, ഭാര്യയുടെ സന്തോഷത്തോടെയുള്ള വിധേയത്വം അവളിലെ സുവിശേഷത്തിന്റെ അടയാളമാണ്. തന്റെ അനുസരണം മനസ്സോടെയുള്ള അനുസരണം ആയിരിക്കണം, ബഹുമാനത്തോടെയുള്ള അനുസരണം ആയിരിക്കണം. സമഗ്രമായ അനുസരണം ആയിരിക്കണം.
ഉപസംഹാരം
വിവാഹജീവിതത്തിലെ വെല്ലുവിളികൾ ദൈവാത്മാവിന്റെ സഹായത്തോടെ ദമ്പദികൾ നേരിടേണ്ടതാണ്. വിവാഹജീവിതം സുവിശേഷത്തിന്റെ ഏറ്റവും വലിയ പ്രദർശനമാണ്. സ്ത്രീ പുർഷനു വിധേയപ്പെടണം എന്നു പറയുന്നത് ഒരു മോശമായ റോളല്ല, അതു ത്രിയേകദൈവത്തിൽ പുത്രനും പരിശുദ്ധാത്മാവും പിതാവിനു കീഴടങ്ങിയിരിക്കുന്നതു പോലെയുള്ള ഒരു ക്രമീകരണമാണ്. ആകയാൽ ഭാര്യ ഭർത്താവിനെ മനസ്സോടെയും ബഹുമാനത്തോടും കുടെ അനുസരിക്കണം. അതേസമയം കർത്താവു സഭയെ സ്നേഹിച്ചതുപോലെ ഭർത്താവ് ഭാര്യയെ സ്വശരീരമെന്നവണ്ണം സ്നേഹിക്കണം.
*****