
നിത്യജീവൻ

P M Mathew
23-09-2018
The resurrection of Lazarus is the forerunner of our resurrection
ലാസറിന്റെ പുനരുത്ഥാനം നമ്മുടെ പുനരുത്ഥാനത്തിന്റെ മുന്നോടിയാണ്.
ആമുഖം.
നമുക്ക് ഏറെ സുപരിചിതമായ, ലാസറിന്റെ മരണത്തിൽ നിന്നുള്ള ഉയർത്തെഴുനേൽപ്പിനെ കുറിച്ചാണ്, ഇന്നു നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. ലാസറിന്റെ ഉയർത്തെഴുനേൽപ്പിലൂടെ ദൈവത്തിനു മനുഷ്യവർഗ്ഗത്തോടൂള്ള അദമ്യമായ സ്നേഹത്തേയും ആ സ്നേഹം എങ്ങനെയാണ് യേശുക്രിസ്തുവിനും ദൈവത്തിനും മഹത്വം ഉണ്ടാക്കുന്നത് എന്നും അതുവഴി എങ്ങനെയാണ് യേശുവിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും ജീവനിലേക്കു പ്രവേശിക്കുവാനും സാധിക്കുന്നത് എന്നും ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
അതിനായി, യോഹന്നാന്റെ സുവിശേഷം 11: 1-53 വാക്യങ്ങളാണ് ഇന്നത്തെ ചിന്തക്ക് വിഷയി ഭവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ വേദഭാഗം മുഴുവനും ഒരുമിച്ചു വായിക്കുന്നില്ല. കുറേശ്ശെ വായിച്ച് പറഞ്ഞു പോകാമെന്ന് ഞാൻ വിചാരിക്കുന്നു. പ്രാരംഭമായി 1-4 വരെ വാക്യങ്ങൾ വായിക്കാം:
യോഹന്നാൻ 11:1–4
“മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായി കിടന്നു: ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടി കൊണ്ടു അവന്റെ കാൽ തുടച്ചതു. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദിനമായി കിടന്നതു. ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു കർത്താവേ നിനക്കു പ്രിയനായവൻ ദീനമായി കിടക്കുന്നു എന്നു പറയിച്ചു. യേശു കേട്ടിട്ട് ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിനായിട്ടത്രേ എന്നു പറഞ്ഞു.”
യേശുക്രിസ്തുവിന്റെ ഇഹലോക ജീവിതത്തിലെ വളരെ അതിശയകരമായ ഒരു അത്ഭുത മായിരുന്നു ലാസറിന്റെ ഉയർത്തെഴുനേൽപ്പ്. അതുവരെ കണ്ടതിൽ വെച്ച്, ദൈവത്തിന്റെ മഹത്വത്തിന്റെ ഏറ്റവും വലിയ ഒരു പ്രകടനവുമായിരുന്നു ഈ ഒരു അത്ഭുതം. വാസ്തവ ത്തിൽ ഈ അത്ഭുതത്തിലൂടെ തന്നെ അനുകൂലിക്കുന്ന വർക്കാകട്ടെ, തന്നെ പ്രതികൂലിക്കുന്ന വർക്കാകട്ടെ, അവരിലൂടെ യേശുക്രിസ്തുവിനും ദൈവത്തിനും മഹത്വമുണ്ടാ കണം എന്നാണ് അതിലുടെ ദൈവം ആഗ്രഹിച്ചത്. അതിന്റെ അർത്ഥമെന്തെന്നാൽ, ആളുകൾ യേശുവിനെ സാക്ഷാൽ ക്രിസ്തുവായി, മശിഹയായി, ദൈവമായി തിരിച്ചറിഞ്ഞ് അവനെ മഹത്വപ്പെടു ത്തണം.
യോഹന്നാന്റെ ലേഖനത്തിലെ ഏഴാമത്തെ അത്ഭുതമായിട്ടാണ് ഇവിടെ ഇത് രേഖപ്പെടുത്തി യിരിക്കുന്നത്. ആദ്യത്തെ ആറു അത്ഭുതങ്ങൾ ഇവയോക്കെയാണ്.
1. കാനയിലെ കല്യാണത്തിൽ വെള്ളം വീഞ്ഞാക്കിയത് ആണ്. 2:1-10. യേശുക്രിസ്തുവിന്റെ
മഹത്വം വെളിപ്പെടുത്തുന്ന ഒന്നായിട്ടാണ് യോഹന്നാൻ ഇത് രേഖപ്പെടുത്തിയിരിക്കുന്നത്
(2:11).
2. രാജഭൃത്യന്റെ മരിപ്പാറായ മകനു സൗഖ്യം നൽകുന്നു. 4:50 വളരെ ദൂരത്തു നിന്നും
യേശുവിനു മരണത്തിൽ നിന്നും വിടുതൽ നൽകാൻ കഴിയും എന്ന് തെളിയിക്കുന്ന
അത്ഭുതം.
3. 38 വർഷം തളർവാതം പിടിച്ചു കിടപ്പിലായിരുന്ന രോഗിയെ സൗഖ്യമാക്കുന്നു (5:8).
യേശുവിന്റെ കരുണയെയും, സർവ്വജ്ഞാനത്തേയും അമാനുഷിക ശക്തിയേയും
കാണിക്കുന്ന അത്ഭുതം.
4. അഞ്ച് അപ്പവും 2 മീനും കൊണ്ട് യേശു 5000 പേരെ തീറ്റിപ്പോറ്റുന്നു. 6:11. താൻ സാക്ഷാൽ
ജീവന്റെ അപ്പമാകുന്നു.
5. യേശു കടലിന്മേൽ നടക്കുന്നു 6;20
6. അന്ധനു കാഴ്ച നൽകുന്നു 9:7ഞാൻ ലോകത്തിന്റെ വെളിച്ചം.
7. ലാസറിന്റെ പുനരുത്ഥാനം: ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു.
യേശുക്രിസ്തുവിന്റെ ജീവിതത്തിലും ശുശ്രൂഷയിലും നടന്ന ഈ ഏഴാമത്തെ അത്ഭുതം, തന്റെ അതിശയകരമായ ശക്തിയേയും വാസ്തവത്തിൽ താൻ ആരാണ് എന്നതും വെളിപ്പെടുത്തു ന്നതായ ഒരു അത്ഭുതമാണ്. അതായത്, താനാണ് വരാനിരിക്കുന്ന സാക്ഷാൽ മശിഹ. അതു മനസ്സിലാക്കി ആളുകൾ തന്നിൽ വിശ്വസിക്കണം. ഇത് അത്ഭുതങ്ങളുടെ ഒരു ക്ലൈമാക്സ് എന്ന് ഇതിനെ വിശേഷിപ്പിക്കുവാൻ സാധിക്കും. കാരണം, മാർക്കോസിന്റെ സുവിശേഷത്തിൽ യായിറൂസിന്റെ മകളെ ഉയർത്തെഴുനേൽപ്പിക്കുന്നതും ലൂക്കോസിന്റെ സുവിശേഷത്തിൽ നയീൻ പട്ടണത്തിലെ വിധവയുടെ മകനെ ഉയർത്തെഴുനേൽപ്പിക്കുന്നതും മരണത്തിൽ നിന്നു പെട്ടെന്നുള്ള ഉയർത്തെഴുനേല്പിക്കലായിരുന്നു എങ്കിൽ, ലാസറിന്റേതു അഴുകിനാറി, നാറ്റം വെച്ചു തുടങ്ങിയതിനുശേഷമുള്ള ഉയർപ്പിക്കലായിരുന്നു. ഏതു മിറക്കിളും പോലെ ഈ മിറക്കിളിന്റെയും ഉദ്ദേശ്യം യേശുക്രിസ്തുവിനും ദൈവത്തിനും മഹത്വം ഉണ്ടാകുക എന്നതായിരുന്നു.
ഈ വേദഭാഗത്തിന്റെ പശ്ചാത്തലം
ഈ അദ്ധ്യായം ആരംഭിക്കുന്നതിനു തൊട്ടുമുൻപുള്ള 10:31 ൽ നാം വാക്യത്തിൽ നാം വായിക്കു ന്നത് യെരൂശലേമിലെ ജനക്കൂട്ടം യേശുവിനെ എറിയുവാൻ കല്ലുകൾ ഏടുത്തു എന്നതാണ്. വീണ്ടും 39-ാം വാക്യത്തിലേക്കു വരുമ്പോൾ അവർ അവനെ പിടിക്കുവാൻ നോക്കി എന്നും നാം വായിക്കുന്നു. തന്റെ ജനം, യേശുവിനെ തള്ളിക്കളഞ്ഞെങ്കിലും ദൈവം തന്റെ പരിപാടി ഉപേക്ഷിച്ചില്ല. തന്നേയും യേശുവിനെയും ഒരിക്കൽ കൂടി മഹത്വപ്പെടുത്താൻ തീരുമാനിച്ചു.
പിന്നെ നാം യേശുവിനെ കാണുന്നത് 10:40 ൽ “യോർദ്ദാനക്കരെ ബേഥാന്യായിൽ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന” സ്ഥലത്താണ്. ഈ സ്ഥലമെന്ന് പറയുന്നത് യോർദ്ദാനു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്. ഇതിന്റെയും പേർ ബഥാന്യ എന്നു തന്നെയാണ്. 11-ാം അദ്ധ്യായത്തിലേക്ക് വരുമ്പോൾ, മാർത്തയും മറിയയും താമസിച്ചി രുന്ന മറ്റൊരു ബേഥാന്യ എന്ന ഗ്രാമത്തെക്കുറിച്ചു നാം വായിക്കുന്നു. ഇത്, യെരുശലേമിനു രണ്ടര മിലോമിറ്ററിനുള്ളിലായി, ഒലിവുമലയുടെ തെക്കു കിഴക്കെ ചരിവിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്. അതും യോഹന്നാൻ സ്നാനം കഴിപ്പിച്ചിരുന്ന ഗ്രാമവും തമ്മിൽ ഏകദേശം 20 കിലോമീറ്റർ ദൂരമുണ്ട്.
മറിയയുടേയും മാർത്തയുടേയും ഗ്രാമം എന്നാണ് ഈ ഗ്രാമം എന്നാണ് യോഹന്നാൻ അതിനെ വിശേഷിപ്പിച്ചിരുന്നത്. വളരെ അപ്രസക്തമായ ഒരു ഗ്രാമമായിരുന്നു അത്. ഈ സ്ഥലത്തിന്റെ ഏക പ്രശസ്തി എന്നു പറയുന്നത് “മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമം" എന്നതാണ്. ആര് യേശുവിനോട് ബന്ധപ്പെട്ടു നിൽക്കുന്നവൊ അത് ആ ഗ്രാമത്തിനു തന്നെ അനുഗ്രഹമായി തീരുന്നു എന്നാണ് ഈ ആദ്യ വാക്യം കാണിക്കുന്നത്.
ഇന്ന് ആ ഗ്രാമം ലോകത്തിന്റെ തന്നെ ഒരു ശ്രദ്ധാകേന്ദ്രമാണ്. അതിന്റെ ഒന്നു രണ്ടു ചിത്രങ്ങൾ ഞാൻ കാണിക്കുവാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ മഹാകാരുണ്യം കൊണ്ട് ഈ സ്ഥലം പോയി ഒന്നു കാണുവാൻ ഇടയായി തീരുന്നു എന്നത് ഞാൻ നന്ദിയോടെ ഓർക്കുന്നു.
I. യേശു നമ്മേ സ്നേഹിക്കുന്നു
ഒന്നാമതായി ഞാൻ ഈ വേദഭാഗത്തുനിന്നും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം യേശൂ നമ്മേ സ്നേഹിക്കുന്നു എന്ന കാര്യമാണ്. യേശുക്രിസ്തുവിന്റെ സ്നെഹത്തിന്റെ ആഴം നാം മനസ്സിലാക്കണം. യേശുവിന്റെ സ്നേഹം നാം ഫീൽ ചെയ്യണം, നാം അത് അനുഭവപരമാക്കണം.
“മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായി കിടന്നു:” ഇവിടെ രോഗത്തിനാണ് ഊന്നൽ. കാരണം, ഈ രോഗവും മരണവും മൂലമാണ് ഇവിടെ ദൈവത്തിനും യേശുവിനും മഹത്വമുണ്ടാകുന്നത്. അതു കൊണ്ട് ഇതു ലാസറിന്റെ കഥയല്ല, യേശുവിന്റെയും തന്റെ പുനരുത്ഥാനത്തിനുള്ള ശക്തിയുടേയും കഥയാണ്.
“ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടി കൊണ്ടു അവന്റെ കാൽ തുടച്ചതു.” വാസ്തവത്തിൽ 12-ാം അദ്ധ്യായത്തിലാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് യേശുവിനെ മറിയ തൈലം പൂശുന്നതിനെക്കുറിച്ച് വിശദമായി രേഖപ്പെടു ത്തുന്നത്. എന്നാൽ അവൾ ചെയ്തത്, യോഹന്നാൻ ഈ സുവിശേഷമെഴുതുന്ന സമയത്ത് ആളുകൾക്കൊക്കെ ഈ മറിയയെ നന്നായി അറിയാമായിരുന്നു.
“അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദിനമായി കിടന്നതു. ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു കർത്താവേ നിനക്കു പ്രിയനായവൻ ദീനമായി കിടക്കുന്നു എന്നു പറയിച്ചു.” സഹോദരനായ ലാസറിനു ദീനമായി എന്നു കണ്ടപ്പോൾ ഈ സഹോദരി മാരുടെ മനസ്സിലേക്ക് ആദ്യം വന്ന വ്യക്തി കർത്താവായ യേശുക്രിസ്തുവാണ്. അവർക്ക് ഒരു കാര്യം ഉറപ്പുണ്ടായിരുന്നു ഈ സമയത്ത് യേശു അവരുടെ സമീപത്ത് ഉണ്ടായിരുന്നു എങ്കിൽ തങ്ങളുടെ സഹോദരൻ മരിക്കയില്ലായിരുന്നു എന്ന്. അവർ രണ്ടുപേരും ഈ കാര്യം ആവർത്തിക്കുന്നത് കാണാം (21, 32).
അവർ എങ്ങനെയൊ യേശു ക്രിസ്തു യോർദ്ദാനക്കരെയുള്ള ബേഥാന്യയിലൂണ്ടെന്ന് മനസ്സിലാക്കി, ഒരു ദൂതൻ മുഖാന്തിരം ഈ വാർത്ത അവർ യേശുവിനെ അറിയിക്കുന്നു. “കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായിക്കിടക്കുന്നു എന്നു പറയിച്ചു.” ഇതു മാത്രമേ അവർ ചെയ്തുള്ളു. യേശു എന്തു ചെയ്യണമെന്നൊ, എങ്ങനെ കാര്യങ്ങളെ ചെയ്യണമെന്നൊ എന്നൊന്നും അവർ നിർദ്ദേശിച്ചിരുന്നില്ല. യേശുവിനു അങ്ങനെയൊരു നിർദ്ദേശം നാം കൊടുക്കേണ്ട ആവശ്യമില്ല. നമുക്കിങ്ങനെയൊരു ആവശ്യം ഉണ്ട് അത് അറിയിക്കുക. ബാക്കി കാര്യങ്ങൾ കർത്താവിനു വിട്ടുകൊടുക്കുക.
“നിനക്കു പ്രിയനായവൻ” എന്നുള്ള പ്രസ്താവനയും ശ്രദ്ധേയമാണ്. കർത്താവേ നിന്നെ വളരെയധികം സ്നേഹിച്ച, നിനക്കു വേണ്ടി വളരെ അദ്ധ്വാനിച്ച, ലാസർ ദീനമായി കിടക്കുന്നു എന്നല്ല അവർ അറിയിച്ചത്. കർത്താവേ നീ സ്നേഹിക്കുന്നവൻ ദീനമായി കിടക്കുന്നു. സഹോദരിമാർ യേശുവിനെ എന്തെങ്കിലും കൈക്കൂലി കൊടുത്ത് സ്വാധീനിച്ച്, എന്തെങ്കിലും നേടുവാനുള്ള ശ്രമമല്ല നാമിവിടെ കാണുന്നത്. കർത്താവ് മനുഷ്യർക്ക് എന്തെങ്കിലും ചെയ്യുന്നത് തന്റെ സ്നേഹത്തിന്റെ വെളിച്ചത്തിലാണ്. നമ്മുടെ കർത്താവിനോടുള്ള സ്നേഹത്തിന്റെ വെളിച്ചത്തിൽ ആയിരുന്നു എങ്കിൽ പല കാര്യങ്ങളൂം നമുക്ക് ലഭിക്കാതെ പോകുമായിരുന്നു. കാരണം നമ്മുടെ കർത്താവിനോടുള്ള സ്നേഹം സ്ഥിരതയില്ലാത്തതാണ്. അത് ഭൗമികമാണ്, അത് സ്വാർത്ഥകേന്ദ്രീകൃതമാണ്. ഉദാഹരണമായി, ഭാര്യ-ഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം പോലും എത്ര സ്വാർത്ഥകേന്ദ്രീകൃതമാണ് എന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ? അതുകൊണ്ട് ഞാൻ കർത്താവിനെ സ്നേഹിക്കുന്നു എന്നതിന്റെ വെളിച്ചത്തിലാണ് നാം കർത്താവിനോട് എന്തെങ്കിലും ചെയ്തു തരണമെന്ന് അപേക്ഷിച്ചാൽ അത് ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്.
ആദ്യത്തെ മൂന്നു വാക്യങ്ങൾ നാം നിരീക്ഷിച്ചാൽ മുന്നു തവണ കർത്താവിനു അവരോടുള്ള സ്നേഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുവാൻ സാധിക്കും. 3-മത്തെ വാക്യത്തിൽ: “കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായിക്കിടക്കുന്നു” എന്നു പറയുന്നു. 5-മത്തെ വാക്യത്തിൽ: “യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.” 6-മത്തെ വാക്യത്തിൽ: “എന്നിട്ടും (കർത്താവ് അവരെ സ്നേഹിച്ചതുകൊണ്ട്) അവൻ ദീനമായിക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു.” അതു കുടാതെ 11-ാം വാക്യത്തിലും 33-ാം വാക്യത്തിലും 36-ാം വാക്യത്തിലും ഒക്കെ യേശുവിന്റെ സ്നേഹത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് കാണുവാൻ കഴിയും.
അതേ, കർത്താവ് നമ്മെ വളരെയധികം സ്നേഹിക്കുന്നു. കർത്താവിനു നമ്മോടുള്ള സ്നേഹത്തിന്റെ ആഴം നാം ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ? ദൈവത്തിന്റെ പരിശുദ്ധാത്മാവ് കർത്താവിന്റെ സ്നേഹത്തിന്റെ ആഴത്തെ നമ്മുക്ക് കാണിച്ചു തരുന്നില്ല എങ്കിൽ അതിന്റെ ആഴം എത്രയെന്ന് നമുക്ക് ഗ്രഹിക്കുവാൻ കഴിയുകയില്ല. അത് നാം ഗ്രഹിച്ഛിരുന്നു എങ്കിൽ മറിയപ്പോലെ എത്ര വിലയേറിയ ജഡമാംസി തൈലമാണെങ്കിൽ പോലും അത് കർത്താവിനു വേണ്ടി ചിലവിടുവാൻ നമുക്കു കഴിയുമായിരുന്നു. എന്നാൽ നാമത് ശരിക്കും മനസ്സിലാക്കിയിട്ടില്ല. കർത്താവിന്റെ സ്നേഹത്തെ നാം തിരിച്ചറിയണം. അത് നാം തിരിച്ചറിഞ്ഞാൽ സകലവും തല കീഴ്മേൽ മറിയും.
കർത്താവ് മറിയയേയും മാർത്തയേയും ലാസരിനേയും സ്നേഹിച്ചതുകൊണ്ട് എന്താണു ണ്ടായതെന്നാണ് അടുത്തവാക്യം പറയുന്നത്. “എന്നിട്ടും അവൻ ദീനമായി- ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു.” “Now Jesus loved Martha and her sister and Lazarus. So [therefore], when he heard that Lazarus was ill, he stayed two days longer in the place where he was.” യേശു അവരെ സ്നേഹിച്ചു, സ്നേഹിച്ചു എന്നൊക്കെ പറഞ്ഞിട്ട്, തന്റെ പിന്നീടൂള്ള പ്രവർത്തി ആരേയും അതിശയിപ്പിക്കുന്നതാണ് നാം എന്താണ് പ്രതീക്ഷിക്കുന്നത്, യേശൂ തന്റെ വചനമയച്ച് ദൂരെ ഇരിക്കുന്ന (പെരിയ –ബെഥനി 20 മൈൽ) ലാസറിനെ സുഖപ്പെടുത്തും. 4-ാം അദ്ധ്യായത്തിൽ രാജഭൃത്ത്യന്റെ മകനെ കർത്താവ് ആ നിലയിലാണ് സൗഖ്യമാക്കിയത്. അതല്ലെങ്കിൽ, എത്രയും പെട്ടെന്ന് ബെഥനിയിൽ ചെന്നെത്തുവാനെങ്കിലും യേശു ശ്രമിക്കും. എന്നാൽ അതല്ല അവിടെ സംഭവിച്ചത്. So [therefore) യേശൂ അവരെ സ്നേഹിച്ചതുകൊണ്ട്, മനഃപ്പൂർവ്വം രണ്ടു ദിവസം കൂടി തന്റെ യാത്ര വൈകിപ്പിക്കുകയാണ് ചെയ്തത്. ഇതെന്തൊരു സ്നേഹം. കൂട്ടുകാരൻ മരിക്കാൻ കിടക്കുന്നു. യേശു തന്റെ അങ്ങോട്ടൂള്ള യാത്ര രണ്ടു ദിവസം കൂടി വൈകിപ്പിക്കുന്നു.
അതിനു മറ്റെന്തിങ്കിലും കാരണമുണ്ടോ? “ബെഥാന്യ യെരുശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.” (18); അതായത്, കേവലം 2-2.5 കിമി ദൂരമാണ് ബേഥാന്യയും യെരൂശലേമും തമ്മിലുള്ളത്. അതിന്റേതായ ഒരു സംഘർഷം ഈ വാക്യങ്ങളിൽ കാണാം. യേശുവിനെ കൊല്ലാൻ ശ്രമിച്ചതായ ആളുകൾ ഉള്ള സ്ഥലവും സമയമവുമായിരുന്നു (യോഹ 5:59; 10:39). അതുകൊണ്ട് ശിഷ്യന്മാർക്ക് അങ്ങോട്ടു പോകുവാൻ ഒരു ഭയമുണ്ടായിരുന്നു (8). അതുകൊണ്ടായിരുന്നുവൊ യേശു തന്റെ യാത്ര വൈകിപ്പിച്ചത്. ആ സഘർഷമാണ് 8-നാം വാക്യത്തിലും 16-നാം വാക്യത്തിലും നാം കാണുന്നത്.
(8) നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു (യേശു) പറഞ്ഞു. ശിഷ്യന്മാർ അവനോടു: റബ്ബി, യെഹൂദന്മാർ ഇപ്പോൾ നിന്നെ കൊല്ലുവാൻ ഭാവിച്ചുവല്ലൊ; നീ പിന്നെയും അവിടെ പോകുന്നുവൊ എന്നു ചോദിച്ചു.” “ദീദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോടു: അവനോടുകുടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.”(16). യേശു ബേഥാന്യയിലേക്കു പോകുക എന്നു പറഞ്ഞപ്പൊൾ ശിഷ്യന്മാരുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
ഇപ്പോൾ ഇവിടെ മുന്നു വിഭാഗത്തിലുള്ള ആൾക്കാരെ നമുക്കു കാണുവാൻ കഴിയും. ദീനം പിടിച്ചുകിടക്കുന്ന മനുഷ്യൻ, വേദനിക്കുന്ന സഹോദരിമാർ, ആശങ്കപ്പെടുന്ന ശിഷ്യന്മാർ. എന്നാൽ അവരുടെ എല്ലാം നടുക്ക്, ധൈര്യത്തോടെ നിൽക്കുന്ന യേശുക്രിസ്തു. സകലവും തന്റെ നിയന്ത്രണത്തിൽ തന്നെയാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ആരും ബേജാറാകേണ്ട ആവശ്യമില്ല. പിന്നെ എന്തുകൊണ്ടാണ് യേശു അവിടെ പോകുവാൻ വൈകിപ്പിച്ചത്. അതു നമ്മുടെ രണ്ടാമത്തെ പോയിന്റിലേക്കു നമ്മെ നയിക്കുന്നു.
2. യേശു നമ്മേ സ്നേഹിച്ചതിനാൽ യേശുവിൽ നമ്മുടെ വിശ്വാസം ഉറപ്പിക്കുവാൻ ആഗ്രഹിക്കുന്നു
ലാസറിന്റെ മരണത്തിലൂടെ ദൈവത്തിന്റെ നാമം മഹത്വപ്പെടണം എന്നതായിരുന്നു തന്റെ പരമോന്നതമായ ലക്ഷ്യം എന്നിരിക്കിലും അതിലൂടെ ചില കാര്യങ്ങൾ ശിഷ്യന്മാരെ പഠിപ്പിക്കണം എന്നും യേശു ആഗ്രഹിച്ചു. രണ്ടു മൂന്നു കാര്യങ്ങൾ ഞാൻ ചൂണ്ടീക്കാട്ടുവാൻ ആഗ്രഹിക്കുന്നു.
9-10 വാക്യങ്ങൾ: “അതിന്നു യേശു : പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയൊ? പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടരുന്നില്ല. രാത്രിയിൽ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.” ബഥനിയിലേക്ക് പോകാൻ ഭയപ്പെടേണ്ട എന്ന് യേശു അവരെ indirect ആയി ഓർമ്മിപ്പിക്കുക യാണ് ചെയ്യുന്നത്. ദൈവത്തിന്റെ ഹിതത്തിൽ ജീവിക്കുന്ന ഒരു വ്യക്തി ഭയപ്പെടേണ്ട ആവശ്യമില്ല. യേശു ലോകത്തിന്റെ വെളിച്ചമാണ് (John 8:12; 9:5). യേശുവിനെ അനുഗമിക്കുന്ന വർ വെളിച്ചത്തിൽ നടക്കുന്നു. അവരെ സംബന്ധിച്ച് ആത്മീയമായി യാതൊന്നും ഭയപ്പെടേണ്ട ആവശ്യമില്ല. അതല്ല, അന്ധകാരത്തിലാണ് അതല്ലെങ്കിൽ മരണത്തിന്റെ തലത്തിലാണ് ഒരുവൻ ജീവിക്കുന്നത് എങ്കിൽ അവൻ ഭയപ്പെടണം. ഭൗതികമായി ചിന്തിച്ചാൽ, ദൈവത്തിന്റെ പദ്ധതിപ്രകാരമാണ് ഒരുവൻ പൊയ്ക്കൊണ്ടിരിക്കുന്നത് എങ്കിൽ അവനും ഭയപ്പെടേണ്ട ആവശ്യമില്ല. ദൈവഹിതത്തിനു വിരുദ്ധമായി ഒന്നും സംഭവിക്കയില്ല. അവൻ സകലത്തി ന്മേലും നിയന്ത്രണമുള്ളവനാണ്. കർത്താവ് അറിയാതെ ഒരു നുള്ള് മണ്ണു പോലും നമ്മുടെ മേൽ വീഴുകയില്ല.
ആളുകൾ യേശുവിനെ പോലെ, വേലയിൽ രക്തസാക്ഷികൾ ആയി തീർന്നിട്ടുണ്ടെങ്കിൽ, അത് ദൈവത്തിന്റെ പദ്ധതിയായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ദൈവത്തിനു നമ്മേ ക്കൊണ്ടെന്തിങ്കിലും ജോലി ചെയ്യിക്കാനുണ്ടെങ്കിൽ, അതിൽ നാം മുഴുകിയിരിക്കുകയും ചെയ്യുന്നു എങ്കിൽ, ശത്രുവിനു നമ്മേ ഒന്നും ചയ്വാൻ കഴികയില്ല.
11-15 വരെ വാക്യങ്ങൾ. “ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു. ശിഷ്യന്മാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളൂന്നു എങ്കിൽ അവന്നു സൗഖ്യം വരും എന്നു പറഞ്ഞു. യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി; അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാത്തതു കൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ:”
രണ്ടാമതായി, ഈയൊരു അത്ഭുതത്തിലൂടെ, ശിഷ്യന്മാരെ, വിശ്വാസത്തിൽ ഉറപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം. മാത്രവുമല്ല, ഇതുവരെ തന്നിൽ, വിശ്വസിക്കാതിരുന്നവർ ഇതു കണ്ട് താൻ വാസ്തവത്തിൽ ആരാണെന്ന് മനസ്സിലാക്കി അവനിൽ വിശ്വസിക്കണം.
അതുകൊണ്ട് ലാസറിന്റെ മരണം ഉറപ്പാക്കട്ടെ എന്ന് കർത്താവ് തീരുമാനിക്കുകയാണ് ചെയ്തത്. ലാസാറിന്റെ മരണം ഒരു റിയൽ മരണം തന്നെ ആയിരുന്നു. മരണത്തിനു തൊട്ടു മുന്നമെ അവിടെ എത്തണം എന്നല്ല യേശു തീരുമാനിച്ചത്, മരിച്ചു എന്ന് തീർത്തും ഉറപ്പായ ശേഷം അവിടെ എത്തുക. യേശു അവിടെ എത്തിയപ്പോൾ താൻ ഉദ്ദേശിച്ചതു പോലെ മരിച്ചിട്ട് നാലു ദിവസം പിന്നിട്ടു കഴിഞ്ഞിരുന്നു.
എന്നാൽ അപ്പോൾ ബേഥാന്യയിൽ എന്തായിരിക്കും നടന്നിരുന്നത്? യേശു വന്നില്ല എന്നതു ദീനമായി കിടന്ന ലാസറും മനസ്സിലാക്കി, അവൻ മരിക്കുന്നു. സഹോദരിമാർ ലാസർ മരിക്കുന്നത് കണ്ടുകൊണ്ടിരുന്നു. അവർ അവനെ അടക്കം ചെയ്തു. എന്നിട്ടും അവരെ സ്നെഹിക്കുന്നു എന്നു പറഞ്ഞ യേശു മാത്രം തക്ക സമയത്ത് അവിടെ എത്തിയില്ല.
മൂന്നാമതായി: യോഹന്നാൻ ഈ സംഭവം പറഞ്ഞുവരുന്നത് ഇപ്രകാരമാണ്: ലാസറിന്റെ പുനരുത്ഥാനത്തിലൂടെ നാം നമ്മുടെ പുനരുത്ഥാനത്തെ കാണണം. ലാസറിന്റെ പുനരുത്ഥാനം നമ്മുടെ പുനരുത്ഥാനത്തിന്റെ ഒരു നിഴലാണ്. യേശുവിൽ വിശ്വസിക്കുന്നവർ ഈ നിലയിൽ പുനരുത്ഥാനം പ്രാപിക്കും. 23-26 വാക്യങ്ങളിൽ യേശു എന്താണ് പറയുന്നത് “യേശു അവളൊടു: നിന്റെ സഹോദരൻ ഉയർത്തെഴുനേൽക്കും എന്നു പറഞ്ഞു. മാർത്ത അവനോടു: ഒടുക്കത്തെ നാളീലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുനേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവ്അളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു: എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.”
അതു വഴി യേശു അവരോട് പറയുന്നത് എന്തെന്നാൽ “നിങ്ങളുടെ സഹോദരൻ ഉയർത്തെഴുനേൽക്കുന്നതു പോലെ എന്നിൽ വിശ്വസിക്കുന്നവരും ഉയർത്തെഴുനേൽക്കും” അതു തന്റെ ശിഷ്യന്മാർ വിശ്വസിക്കണം. താനാണ് പുനരുത്ഥാനവും ജീവനും എന്ന് അവിടെയുള്ള വർ മനസ്സിലാക്കണം, അവർ യേശുവിൽ തങ്ങളുടെ വിശ്വാസമർപ്പിക്കണം.
യേശുവിനു ലാസറിനോടുണ്ടായിരുന്ന സ്നേഹം അവനെ മരിക്കുവാൻ അനുവദിച്ചു. ഈയൊരു പോയിന്റാണ് വാസ്തവത്തിൽ നാം ഇവിടെ നിന്നും മനസ്സിലാക്കുവാൻ ഉദ്ദേശിക്കുന്നത്. യേശുവിനു ലാസറിന്റെ കുടുംബത്തോടും, ശിഷ്യന്മാരോടും അതുവഴു നമ്മോടുമുള്ള സ്നേഹമാണ് ലാസറിനെ മരിപ്പിക്കുവാൻ ഇടയാക്കിയത്.
5 ഉം 6 ഉം വാക്യങ്ങൾ തമ്മിലുള്ള ബന്ധം ഈയൊരു പോയ്ന്റ്റിലേക്കാണ് നമ്മേ നയിക്കുന്നത്. “Now Jesus loved Martha and her sister and Lazarus. Therefore [because of this love], when he heard that Lazarus was ill, he stayed two days longer in the place where he was.” താൻ ലാസാരിന്റെ ഭവനത്തിലേക്കു പോകുവാൻ തിടുക്കം കാണിക്കാതിരുന്നത് ഈയൊരു സ്നേഹം ഒന്നുകൊണ്ടൂ മാത്രമാണ്. അങ്ങനെയെങ്കിൽ ഈ സ്നേഹമെന്താണ്? ഇതു നമ്മുടെ മൂന്നാമത്തെ പോയിന്റിലേക്കു നയിക്കുന്നു.
3. യേശു ലാസറിനെ മരിക്കുവാൻ അനുവദിച്ചത്, അതിലൂടെ ദൈവത്തിന്റേയും തന്റേയും നാമം മഹത്വപ്പെടണം
യേശു അവരെ സ്നേഹിച്ചു, യേശു അവരെ സ്നേഹിച്ചു, പറഞ്ഞിട്ട് ഒടുക്കാം ഇതാ ലാസർ മരിച്ചു. യേശു ലാസറിനെ സുഖപ്പെടുത്തിയതുമില്ല. പിന്നെ എന്താണ് യേശു സ്നേഹിക്കുന്നു എന്നു പറയുന്നതിന്റെ അർത്ഥം. അതിന്റെ ഉത്തരമാണ് 4-ാം വാക്യത്തിലും indirect 15-ാംവാക്യത്തിലും നാം കാണുന്നത്. “ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ട തിന്നു ദൈവത്തിന്റ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.” ഈ ദീനം അല്ലെങ്കിൽ മരണം ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനാണ്. ദൈവത്തിന്റെ മഹത്വം അതിലൂടെ വെളിപ്പേടേണ്ട തിനാണ്. യേശുക്രിസ്തു അത്ഭുതവാൻ/അതിശയവാൻ ആയിത്തീരേണ്ടതിനാണ് ഈ ദീനം/മരണം.
അതുകൊണ്ട് യേശുവിന്റെ സ്നേഹം ലാസറിനെ മരിക്കുവാൻ ഇടയാക്കി. ദൈവത്തിന്റെ മഹത്വത്തെ വിവിധ നിലകളിൽ അവർ ദർശിക്കേണ്ടതിനുവേണ്ടിയാണ് ലാസറിനെ മരിക്കു വാൻ കർത്താവ് അനുവദിച്ചത്. അവർ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത വഴികളിലൂടെ ദൈവത്തിന്റെ മഹത്വത്തെ കാണേണ്ടതിനാണ് ലാസറിനെ മരിക്കുവാൻ കർത്താവ് അനുവദിച്ചത്.
അങ്ങനെയെങ്കിൽ സ്നേഹം എന്താണ്? യേശുവിനാൽ സ്നേഹിക്കപ്പെടുന്നു എന്നു പറഞ്ഞാൽ എന്താണ് അതുകൊണ്ട് അർത്ഥമാക്കുന്നത്? സ്നേഹമെന്നു പറഞ്ഞാൽ നമുക്ക് ഏറ്റവും ആവശ്യമായിരിക്കുന്നതു നൽകുക എന്നതാണ്. നമുക്ക് ഏറ്റവും ആവശ്യമായിരിക്കുന്നതു സൗഖ്യമല്ല, ദൈവത്തിന്റെ മഹത്വം അതിന്റെ പൂർണ്ണതോതിൽ, അവസാനമില്ലാതെ അനുഭവിച്ചറിയുക എന്നതാണ്. സ്നേഹമെന്നാൽ, പൂർണ്ണമായതും എന്നും നിലനിൽക്കുന്നതു മായ സന്തൊഷം നമുക്ക് നൽകുക എന്നതാണ്. അതെന്താണ് അർത്ഥമാക്കുന്നത്? നമുക്ക് എന്താണ് പൂണ്ണവും നിത്യമായ സന്തോഷം നൽകുന്നത്? ഈ വേദഭാഗത്തുനിന്നും നമുക്ക് അതിനു ലഭിക്കുന്ന ഉത്തരം : ദൈവത്തിന്റെ മഹത്വം നമ്മുടെ ആത്മാവിനു വെളിപ്പെടുത്തി- ത്തരിക എന്നതാണ്. ദൈവത്തിന്റെ മഹത്വം കാണാനും, അതിൽ അതിശയിക്കാനും അതിനെ പ്രശംസിപ്പാനും അതിനെ യേശുക്രിസ്തുവിലൂടെ ആസ്വദിക്കാനും കഴിയുക.
14-15 വാക്യങ്ങളിൽ യേശു എന്താണ് പറയുന്നത്? “അപ്പോൾ യേശു സ്പഷ്ടമായി അവരൊടു: ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാത്തതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലൊ;” യേശു തന്റെ യാത്ര വൈകിച്ചതിനു പിന്നിലെ ഉദ്ദേശ്യം മറനീക്കി പുറത്തുവരുന്നതു നോക്കുക. തന്റെ ശിഷ്യന്മാരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുക. ഇതുവരെ യേശുക്രിസ്തുവിൽ വിശ്വസിക്കാതിരിക്കുന്നവർ യേശുക്രിസ്തു വിൽ വിശ്വസിക്കുക. അവനാണ് സാക്ഷാൽ. മശിഹ, അവനാണ് സാക്ഷാൽ ദൈവപുത്രൻ. അവനിൽ വിശ്വസിച്ചാൽ അവൻ മരിച്ചാലും ജീവിക്കും. യേശു ക്രിസ്തുവിൽ വിശ്വസിച്ച് കഴിഞ്ഞവർ അവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുക. ഈ ദീനം മരണത്തിനല്ല, ദൈവപുത്രന്റെ മഹത്വത്തിനും ദൈവത്തിന്റെ മഹത്വത്തിനുമാണ്. അതുകൊണ്ട് വിശ്വാസത്തിൽ ബലപ്പെടുക.
ദൈവത്തിന്റെ മഹത്വത്തെ കുറിച്ചു പറയുമ്പോൾ അതു വിശ്വസിക്കുക എന്നുള്ളതാണ് മനുഷ്യന്റെ ഭാഗത്തു നിന്നുമാവിശ്യമായിരിക്കുന്നത്. വിശ്വസിക്കുക എന്നു പറഞ്ഞാൽ യേശു ക്രിസ്തുവിൽ കൂടി ദൈവം തന്നെത്തന്നെ നൽകുന്നതിൽ നാം സംതൃപ്തി കണ്ടെത്തുക. യോഹന്നാൻ 1:14 ൽ നാം വായിക്കുന്നതുപോലെ “വചനം ജഡമായി തീർന്നു , കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.”
ദൈവത്തിന്റെ മഹത്വവും നമ്മുടെ സന്തോഷവും ഒരുമിച്ചു പോകുന്നതാണ്. ലാസർ മരിച്ച് അടക്കപ്പെട്ടു. നാറ്റം വെച്ചു തുടങ്ങി. അപ്പോഴാണ് യേശു അവിടെ എത്തിച്ചേരുന്നത്. ആ സഹോദരിമാരുടെ ദുഃഖം കണ്ടപ്പോൾ താനും അവരെ പോലെ വേദനിച്ചു, ദുഃഖിച്ചു. കാരണം താൻ അത്ര അധികം അവരെ സ്നെഹിച്ചിരുന്നു. അവർ പതിയെ കല്ലറയുടെ സമീപത്തേക്കു നീങ്ങി. കല്ലറയുടെ അടുത്തെത്തിയ യേശുവിനു തന്റെ സ്നേഹം മറച്ചു വെക്കാൻ കഴിഞ്ഞില്ല. തന്റെ സ്നേഹം കണ്ണുനീരായി പുറത്തുവന്നു. 11:35 “യേശു കണ്ണുനീർ വാർത്തു. ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോടു എത്ര പ്രിയം ഉൺറ്റായിരുന്നു എന്നു പറഞ്ഞു.” 11:38-44 “യേശു പിന്നെയും ഉള്ളം നൊന്തു കല്ലെറെക്കൽ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു. കല്ലു നീക്കുവൈൻ എന്നു യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാർത്ത:കർത്താവേ, നാറ്റം വെച്ചു തുടങ്ങി; നാലുദിവസമായല്ലൊ എന്നു പറഞ്ഞു. യേശു അവളോടു വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയൊ എന്നു പറഞ്ഞു, അവർ കല്ലു നീക്കി. യേശു മേലോട്ടൂ നോക്ക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നി എന്നെ അയച്ചു എന്നു ചൂറ്റും നിൽക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവൻ; ലാസരേ പുറത്തു വരിക്ക എന്നു ഉറക്കെ വിളിച്ചു. മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടൂ കെട്ടിയും മുഖം രൂമാൽ കൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ട് അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു”
”ലാസരെ പൂറത്തു വരിക" എന്ന് യേശു പറഞ്ഞത് ഭാഗ്യം. പുറത്തുവരിക എന്നാണ് പറഞ്ഞിരുന്നത് എങ്കിൽ അവിടെ ഉണ്ടായിരുന്ന മൃതന്മാർ എല്ലാവരും പുറത്തുവരുമായി രുന്നു. ലാസർ പുറത്തുവന്ന ഉടനെ യേശു അവന്റെ കെട്ട് അഴിപ്പാൻ ആവശ്യപ്പെടുന്നു. “അവന്റെ കെട്ട് അഴിപ്പിൻ അവൻ പോകട്ടെ.” നമ്മുടെ ബന്ധനങ്ങളെ അഴിച്ച് നമ്മേ വിടുവിക്കുവാൻ വന്നവനാണ് യേശൂ. ലാസർ അല്ല മരിക്കേണ്ടത്, അവന്റെ സ്ഥാനത്ത് ഞാനാണ് മരിക്കേണ്ടത്. അവന്റെ പാപത്തിനു പകരമായി മരിക്കേണ്ടത് ഞാനാണ്. അവൻ ഇപ്പോൾ സ്വതന്ത്രമായി പൊയ്ക്കൊള്ളട്ടെ. ലാസരിന്റെ മരണം അവൻ തന്റെ ചുമലിൽ ഏറ്റുകൊണ്ട് അവനു പകരക്കാരനായി മരിക്കുന്ന ചിത്രമാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ നമ്മുക്ക് കാണുവാൻ കഴിയുന്നത്. ലാസറിനെ ഉയർപ്പിക്കുവാൻ വേണ്ടി മാത്രമായിരുന്നില്ല യേശു മരിച്ചത് നാം ഓരോരുത്തരും മരണത്തെ അതിജീവിക്കുന്നതിനു വേണ്ടിയാണ് യേശു മരിച്ചത്. ഇന്ന് ജീവിച്ചിരുന്ന് യേശുവിൽ വിശ്വസിക്കുന്നവരുടെ മരണം യേശുവിന്റെ മരണമായി കണക്കിട്ട്, ദൈവം വിശ്വസിക്കുന്നവനെ മരണത്തിൽ നിന്ന്, നിത്യനരകത്തിൽ നിന്നു വിടുവിക്കുന്നു.
11:25-26 “യേശു അവളോടൂ: ഞാൻ ത്ന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.”; യേശു ഈ ചോദ്യം ഇന്നും ചോദിച്ചുകൊണ്ടിരിക്കുന്നു “ നീ വിശ്വസിക്കുന്നുവൊ?
ഇനി യേശുക്രിസ്തുവിന്റെ ഈ പ്രഖ്യാപനം എങ്ങനെയാണ് ആക്ഷരീകമായി നിറവേറിയത് എന്നു കൂടു പറഞ്ഞിട്ട് ഞാനിത് അവസാനിപ്പിക്കാം. ഇപ്പോൾ യേശു ദൈവപുത്രൻ. അഥവാ ക്രിസ്തു എന്ന് വളരെ അസഗ്നിദ്ധമായി, യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം വെളിപ്പെട്ടു കിട്ടി. അനേകർ അതു കണ്ട് യേശുവിൽ വിശ്വസിച്ചു. 11:45 “മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ടു അവനിൽ വിശ്വസിച്ചു.”എന്നാൽ ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും വിശ്വസിക്കാത്തവർ ചിലർ അവിടെ ഉണ്ടായിരുന്നു. അവർ എന്താണ് ചെയ്തത് എന്നു നോക്കാം. 11:46-51 “എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു. മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂറ്റീ: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തു കളയും എന്നു പറഞ്ഞു. അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യാഫാവു തന്നേ, അവരോടൂ: നിങ്ങൾ ഒന്നും അറിയുന്നില്ല; ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കുവേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിനുവേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ”…. അന്നുമുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.”
അതിന്റെ പര്യവസാനമെന്തായിരുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം. യേശു അവിശ്വാസികളുടെ കൈകളാൽ കാൽവരി ക്രൂശിൽ മരിച്ചു. യേശു തന്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ തന്റെ മരണത്തെക്കുറിച് എന്താണ് പറയുന്നത് എന്നു കൂടി നോക്കാം. 17:1 “ഇതു സംസാരിച്ചിട്ടു യേശു സ്വർഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവെ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമെ. നീ അവന്നു നല്കീട്ടുല്ലവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽകിയിരിക്കുന്നുവല്ലൊ. ഏക സത്യ ദൈവമായ നിന്നേയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനേയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്വാൻ തന്നെ പ്രവൃത്തി തികെച്ചിരിക്കുന്നു. ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകും മുമ്പേ എനിക്കു നിന്റെ അടുക്കൾ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമെ.”
യേശുക്രിസ്തുവിന്റെ മഹത്വവും നമ്മുടെ പുനരുത്ഥാനവും
ആ മഹത്വമാണ് യേശുവിന്റെ പുനരുത്ഥാനത്തിലൂടെ ഇന്ന് ഈസ്റ്ററായി ലോകമങ്ങൂം ആഘോഷിക്കുന്നത്. വിശ്വസിക്കുന്നവർ പോസിറ്റീവായി പ്രതികരിച്ചുകൊണ്ട് അതിൽ ആനന്ദവും സന്തോഷവും കണ്ടെത്തുന്നു. നെഗറ്റീവായി പ്രതികരിക്കുന്നവർ ദൈവത്തിന്റെ മഹത്വത്തിനായി യേശുക്രിസ്തുവിനെ ക്രുശിച്ചു കൊണ്ട് നിത്യനാശത്തിലേക്കു പോകുന്നു. അതേ യേശുവിന്റെ സ്നേഹം നിസ്തുല്യമായ സ്നേഹം ആണ്. ആ സ്നേഹം നമ്മേ അവനിൽ വിശ്വസിക്കുവാൻ നിർബന്ധിക്കുന്നു. അവനിൽ വിശ്വസിക്കുന്നവർ അവനിലുടെ ദൈവത്തിന്റെ മഹത്വം എന്നേക്കും കണ്ട് ആനന്ദിക്കുന്നവരായി തീരാൻ ഇടയാക്കി തീർക്കുന്നു. ദൈവത്തിന്റെ മഹത്വവും നമ്മുടെ ആനന്ദവും ഒരുമിച്ചു പോകുന്നതാണ്. യേശുവിൽ ഉള്ള നന്മുടെ ആനന്ദമാണ് ദൈവത്തിനു ഏറ്റവും മഹത്വം നൽകുന്നത്. “ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിനായിട്ടത്രേ.” ആമേൻ.
*******
Gospel & Acts Sermon Series_02