
നിത്യജീവൻ

P M Mathew
29-03-2024
Glorify God !
ദൈവത്തെ മഹത്വപ്പെടുത്തുക !
യോഹന്നാൻ 17-മത്തെ അദ്ധ്യായത്തെ രണ്ടു നിലയിലാണ് വേദപണ്ഡിതർ കാണുന്നത്. ചിലർ അതിനെ മഹാപൗരോഹിത്യ പ്രാർത്ഥന എന്നു വിളിക്കുന്നു. മറ്റു ചിലർ അതിനെ കർത്താവിന്റെ പ്രാർത്ഥന എന്നു വിളിക്കുന്നു. ഞാൻ അതിനെ കർത്താവിന്റെ പ്രാർത്ഥന (The Lord's Prayer) എന്ന് വിളിക്കുവാനാണ് ആഗ്രഹിക്കുന്നത്. കാരണം യേശു തനിക്കുവേണ്ടിയും തന്റെ ശിഷ്യന്മാർക്കു വേണ്ടിയും പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണിത്. ആദ്യത്തെ അഞ്ചു വാക്യങ്ങൾ യേശുക്രിസ്തുവിന്റെ ജീവിതലക്ഷ്യം വെളിപ്പെടുത്തുന്നു. തന്റെ ജീവിതത്തിലൂടെ താൻ പിതാവിനെ മഹത്വപ്പെടുത്തി; ഇപ്പോൾ തന്റെ ക്രൂശീകരണത്തിന്റെ സമയമടുത്തിരിക്കുന്നു. വളരെ വേദനാജനകവും അതീവ നിന്ദാജനകവുമായ ഒരു മരണമാണ് താൻ നേരിടാൻ പോകുന്നത് എങ്കിലും ആ മരണത്തിലൂടേയും പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുക, അതിലൂടെ തന്റെ ജീവിതവും മഹത്വപ്പെടുത്തുക എന്നതായിരുന്നു തന്റെ പ്രാർത്ഥന. ആ പ്രാർത്ഥനയുടെ ആഴങ്ങളിലേക്ക് നമുക്ക് മുങ്ങാം.
യോഹന്നാൻ 17:1-5
"1ഇതു സംസാരിച്ചിട്ടു യേശു സ്വർഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ. 2 നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽക്കിയിരിക്കുന്നുവല്ലോ. 3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
4 ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്വാകൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു. 5 ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ."
ദൈവത്തെ ആരാധിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സഹായകരമായ പല കാര്യങ്ങൾ ഈ അദ്ധ്യായത്തിൽ നമുക്കു കാണുവാൻ കഴിയും.
ഒന്നാം വാക്യത്തിൽ തന്നെ ഇതിന്റെ പശ്ചാത്തലത്തെക്കുറിച്ചുള്ള സൂചന കാണാം: "ഇതു സംസാരിച്ചിട്ടു" യേശു സ്വർഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു;"
14-16 വരെ അദ്ധ്യായങ്ങളിൽ വിവരിച്ചിരിക്കുന്ന "upper room discourse" മാളികമുറി പ്രഭാഷണത്തെയാണ് "ഇതു സംസാരിച്ചിട്ട്: എന്നതു സൂചിപ്പിക്കുന്നത്. മാളികമുറി പ്രഭാഷണത്തിന്റെ രത്നച്ചുരുക്കം ഇതാണ്:
യേശു ഈ ലോകത്തിൽനിന്നും പോകാനൊരുങ്ങുകയാണ്; എന്നാൽ തന്റെ ശിഷ്യന്മാരുടെ ഹൃദയം കലങ്ങിപ്പോകരുത്. തന്റെ പിതാവിന്റെ ഭവനത്തിൽ അവർക്കായി ഒരു സ്ഥലം ഒരുക്കുവാൻ താൻ പോകുന്നു. അവർ അവനോടൊപ്പം ഇരിക്കേണ്ടതിന് അവർക്കായി വീണ്ടും മടങ്ങിവരും. താനുമായുള്ള അവരുടെ ബന്ധം മൂലം അവർ പിതാവിനെ അറിഞ്ഞിരിക്കുന്നു. അവരുടെ പ്രാർത്ഥനക്കു താൻ ഉത്തരം നൽകും. താൻ പോകുന്നത് അവർക്കു പ്രയോജനകരമാണ്, കാരണം കാര്യസ്ഥൻ അവരുടെമേൽ വരും. കൂടാതെ അവർ അവനിൽ വസിക്കുകയും അവരുടെ അനുസരണത്താൽ അവനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്താൽ അവർക്ക് അവന്റെ സമാധാനവും സന്തോഷവും ഉണ്ടാകും. ഈ ലോകത്തിൽ അവർക്ക് കഷ്ടതയുണ്ട്. എന്നാൽ യേശു ലോകത്തെ ജയിച്ചതിനാൽ അവർ ഭയപ്പെടേണ്ടതില്ല.
പിന്നെ യേശു അവരുമായി പെസഹാ ആചരിക്കുന്നു. പിറ്റെ ദിവസം താൻ ക്രൂശിക്കപ്പെടും. ഈ പശ്ചാത്തലത്തിലാണ് യേശു ഈ പ്രാർത്ഥന കഴിക്കുന്നത്. അത് അതിന്റെ പ്രാധാന്യത്തെ ഏറ്റവും വർദ്ധിപ്പിക്കുന്നു.
യേശു സ്വർഗ്ഗത്തിലേക്കു നോക്കി പിതാവിനോടാണ് പ്രാർത്ഥിക്കുന്നത്. തന്റെ പ്രാർത്ഥന എന്താണ്? "നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിനു പുത്രനെ മഹത്വപ്പെടുത്തേണമെ"
1. പിതാവിനെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം.
ഒന്നാമതായി, ഞാൻ ഈ വേദഭാഗത്തുനിന്നും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം പിതാവിനെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം. യേശുവിന്റെ ജീവിതലക്ഷ്യമെന്നത് പിതാവിനെ മഹത്വപ്പെടുത്തുക എന്നതായിരുന്നു.
നാളെ നിങ്ങൾ മരിക്കുമെന്ന് നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾ എന്തിന് വേണ്ടിയായിരിക്കും പ്രാർത്ഥിക്കുക? ദീർഘായുസ്സിനു വേണ്ടിയൊ? നിങ്ങൾ ഇഷ്ടപ്പെടുന്നവരുമായി സമയം ചെലവിടാൻ വേണ്ടിയൊ? അതൊ മറ്റു വല്ല ആവശ്യങ്ങൾക്കും വേണ്ടിയായിരിക്കുമൊ?
യേശു ഈ പ്രാർത്ഥന പ്രാർത്ഥിച്ചപ്പോൾ, നിശ്ചയമായും താൻ നാളെ മരിക്കുമെന്ന് അറിയാമായിരുന്നു. തന്റെ പീഡാനുഭവത്തിന്റെ സമയം വന്നിരിക്കുന്നു, തന്റെ വിചാരണ, താൻ ഏൽക്കേണ്ടുന്ന ചമ്മട്ടി അടി, തിരസ്കരണം, അപമാനം, ക്രൂശീകരണം എന്നിവയുടെ സമയം വന്നിരിക്കുന്നു.
ഇതിന്റെ വേദനയൊന്നുമറിയാതെ, ഒരു മയക്കത്തിൽ ഇതിലെല്ലാത്തിലും കൂടെ കടന്നുപോയിരുന്നുവെങ്കിൽ എന്ന് യേശുവിനു പ്രാർത്ഥിക്കാമായിരുന്നു. അല്ല്ലെങ്കിൽ “പിതാവേ, എന്നെ രക്ഷിക്കു. ഇതിന്റെ വേദന കുറച്ചു തരു. ഇത്രയധികം നിന്ദക്ക് എന്നെ വിധേയനാക്കരുതെ, എത്രയുമ്പെട്ടെന്ന് ഇതൊന്നവസാനിക്കേണമെ എന്നു തനിക്കു പ്രാർത്ഥിക്കാമായിരുന്നു. എന്നാൽ താൻ പ്രാർത്ഥിച്ചത് ... “നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ."
ക്രിസ്തുവിന്റെ ജീവിതലക്ഷ്യമാണ് ഈ വാക്യങ്ങളിൽ പ്രതിധ്വനിക്കുന്നത്. ഇതുതന്നെ ആയിരിക്കണം നമ്മുടെയും ജീവിതലക്ഷ്യവുമായിരിക്കേണ്ടത്. നമ്മുടെ ജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുക. ദൈവത്താൽ നയിക്കപ്പെടുന്ന ജീവിതത്തിന്റെ മഹത്വമാണ് ഇന്നും എന്നും നമ്മുടെ ജീവിതത്തെ ഭരിക്കേണ്ടത്. നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ എപ്പോഴും ദൈവത്തിന്റെ മഹത്വം അന്വേഷിക്കുക എന്നതാണ്.
വെസ്റ്റ്മിൻസ്റ്റർ ഷോർട്ടർ കാറ്റിക്കിസത്തിലെ ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ ഇഷ്ടപ്പെടുന്നു. What is the chief end of man? ചോദ്യം: മനുഷ്യന്റെ പരമപ്രധാന ലക്ഷ്യമെന്താണ്?
To glorify God, and to enjoy him forever.” ഉത്തരം: ദൈവത്തെ മഹത്വപ്പെടുത്തുകയും അവനെ എന്നേക്കും ആസ്വദിക്കുകയും ചെയ്യുക. ഇതായിരിക്കണം മനുഷ്യന്റെ പരമപ്രധാന ലക്ഷ്യം.
നമ്മുടെ ജീവിതത്തിന്റെ പരമപ്രധാന ലക്ഷ്യമെന്താണ്?
1 Corinthians 10:31 പൗലോസ് ഇപ്രകാരം പറയുന്നു: "31 ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിടൻ." സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമല്ല, എന്തു ചെയ്താലും അതെല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യണം. നിങ്ങളുടെ ജോലി, ആളുകളുമായുള്ള നിങ്ങളുടെ ഇടപെടൽ, ഭാര്യയോടും, ഭർത്താവിനോടും മക്കളോടും മാതാപിതാക്കളോടും ഉള്ള നിങ്ങളുടെ സംസാരം, എങ്ങനെ നിങ്ങളുടെ സമയം ചെലവഴിക്കുന്നു, ഇതെല്ലാം ദൈവത്തിന്റെ മഹത്വത്തിനായി നാം ചെയ്യേണം.
2. തനിക്കു പിതാവു നൽകിയവർക്കെല്ലാം നിത്യജീവനെ നൽകിക്കൊണ്ട് യേശു ഭൂമിയിൽ പിതാവിനെ മഹത്വപ്പെടുത്തി.
2-4 വരെ വാക്യങ്ങൾ വായിക്കാം: "2 നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽക്കിയിരിക്കുന്നുവല്ലോ. 3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. 4 ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്വാേൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു."
പിതാവ് തനിക്കു നൽകീട്ടുള്ള എല്ലാവർക്കും നിത്യജീവനെ നൽകിക്കൊണ്ടാണ് യേശു പിതാവിനെ മഹത്വപ്പെടുതിയത്. യേശുക്രിസ്തു നിത്യജീവനു നൽകിയിരിക്കുന്ന വളരെ ലളിതമായ ഒരു നിർവ്വചനവും ഈ വാക്യങ്ങളിൽ കാണാം. "3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." മൂന്നാം വാക്യം.
പിതാവായ ദൈവത്തെയും ആ ദൈവം ഈ ഭൂമിയിലേക്ക് അയച്ച യേശുവിനെയും അറിയുന്നതാണ് നിത്യജീവൻ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, യെഹൂദന്മാർ വിശ്വസിക്കുന്ന ഏകസത്യദൈവത്തെയും ആ ദൈവം ഈ ഭൂമിയിലേക്ക് അയച്ച ജീവദാതാവും സൃഷ്ടാവും മശിഹയുമായ യേശുവിനെയും അറിയുന്നതാണ് നിത്യജീവൻ. യഥാർത്ഥത്തിൽ നിത്യജീവന്റെ പ്രകൃതി അഥവാ സ്വഭാവത്തെയാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. നിത്യജീവൻ പിതാവിനോടും പുത്രനോടും ഉള്ള ബന്ധത്തേയാണു കാണിക്കുന്നത്. "അറിയുക" എന്നതിനു ഗ്രീക്കിൽ "ginosko" എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്. ഉൽപ്പത്തി പുസ്തകത്തിൽ ആദാം ഹവ്വയെ "അറിഞ്ഞു" എന്നു നാം വായിക്കുന്നു. അതുകൊണ്ട് ഈ വാക്ക് അർത്ഥമാക്കുന്നത് ആഴമായ ബന്ധമാണ്. ഇത് കേവലം ബൗദ്ധികമായ അറിവല്ല, അനുഭവപരമായ അറിവാണ്.
ഹെബ്രായ ഭാഷയിലെ chayei olam എന്ന വാക്യാംശമാണ് യേശു നിത്യജീവൻ എന്ന ആശയം വിശദീകരിക്കുവാനായി സ്വീകരിച്ചിരിക്കുന്നത്. ഉൽപ്പത്തി 21:33 ൽ ദൈവത്തെ "El Olam" എന്ന വാക്കുപയോഗിച്ചാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിൽ olam എന്ന വാക്ക് Eternal God (ESV) അഥവാ "Everlasting God" (NIV) എന്നും മലയാളത്തിൽ "നിത്യദൈവം" എന്നുമാണ് പരിഭാഷചെയ്തിരിക്കുന്നത്. 400 ൽ അധികം തവണ ഈ വാക്ക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നു. ഈ വാക്കിന്റെ ആക്ഷരീകാർത്ഥം “life unto the age.” യുഗാന്ത്യംവരെയുള്ള ജീവൻ. “life unto the age.” ഈ വാക്ക് ഒരു നിശ്ചിതസമയത്തെ കാണിക്കാനൊ നിശ്ചിതമല്ലാത്ത സമയത്തെ കാണിക്കാനൊ ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്; ചില അവസരങ്ങളിൽ ഭൂതകാലത്തേയും (ആവർത്തനം 32:7) മറ്റുചില അവസരങ്ങളിൽ അത് ഭാവികാലത്തേയും (1 ശമുവേൽ 1:22) കാണിക്കുവാൻ ഉപയോഗിച്ചിരിക്കുന്നു. ഈ പ്രയോഗങ്ങളിൽ നിന്നെല്ലാം നമുക്കു മനസ്സിലാക്കാൻ കഴിയുന്ന ഒരു വസ്തുത, സ്ഥിരമായി നിൽക്കുന്ന ഒരു പൊതുസ്വഭാവത്തെ ഇതു പ്രതിനിധാനം ചെയ്യുന്നു എന്നതാണ്. സ്ഥിരമായി നിൽക്കുന്ന ഒരു പൊതുസ്വഭാവത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട്, ഊന്നൽ നൽകുന്ന സ്വഭാവത്തെ ആസ്പദമാക്കി ഏതു കാലദൗർഘ്യത്തേയും കുറിക്കാം.
ഉല്പത്തി പുസ്തകത്തിലേക്ക് വരുമ്പോൾ അവിടെ മനുഷ്യനെ മണ്ണിൽ നിന്നു സൃഷ്ടിച്ചു എന്നു നാം വായിക്കുന്നു. സൃഷ്ടികളുടെ ഒരു പൊതുസ്വഭാവമാണ് മർത്യത എന്നത്. അതായത്, അവർ മണ്ണിലേക്ക് തിരികെ ചേരുന്ന ഒരു കാലംവരെ ജീവിക്കുന്നു. എന്നാൽ ദൈവം അവരെ ഏദെന്തോട്ടത്തിലാക്കി ജീവന്റെ വൃക്ഷഫലം ഭക്ഷിച്ച്, ഒരു പുതിയതും ആഴമേറിയതുമായ ജീവൻ അനുഭവപരമായി തീരുവാൻ അവരെ ക്ഷണിക്കുന്നു (Genesis 2:7-9). ജീവന്റെ വ്യക്ഷഫലം ഭക്ഷിച്ച്, അല്ലെങ്കിൽ ദൈവത്തിന്റെ തന്നെ ജീവനുമായി ബന്ധപ്പെട്ട് എന്നേക്കും ജീവിക്കുക. എന്നാൽ അവർ ദൈവത്തോടു ബന്ധപ്പെട്ട് അല്ലെങ്കിൽ ദൈവത്തെ അനുസരിച്ചു എന്നേക്കും ജീവിക്കുന്നതിനുള്ള ഓഫർ നിരസിച്ചുകൊണ്ട് നന്മതിന്മകളുടെ അറിവിന്റെ വൃക്ഷഫലം തിന്നുന്നു. അങ്ങനെ ദൈവത്തിന്റെ ജീവനെ മാറ്റിനിർത്തി, സ്വയമായി ജീവൻ പിടിച്ചെടുക്കുന്നതു തെരഞ്ഞെടുക്കുന്നു. അതിന്റെ ഫലമായി ദൈവം അവരെ യുഗാന്ത്യം വരെയുള്ള ജീവനിൽ നിന്നു മരണം വരെയുള്ള ജീവനിലേക്കു പുറന്തള്ളുന്നു. അതോടെ മനുഷ്യർ പരസ്പരം അവിശ്വസിക്കുന്നു. പരസ്പരം കൊല്ലുന്നു, തങ്ങളുടെ ദൃഷ്ടിയിൽ നല്ലത് എന്നു തോന്നിയ കാര്യങ്ങൾ ചെയ്യുന്നു. അങ്ങനെ അരാജകത്വത്തിന്റെ പടുകുഴിയിലേക്ക് അവർ നിപതിക്കുന്നു.
മനുഷ്യർ ദൈവത്തിന്റെ ജീവനെ തള്ളിക്കളഞ്ഞെങ്കിലും തിരികെ ദൈവത്തിന്റെ ജീവനിലേക്കു മടങ്ങിവരവിനുള്ള വാഗ്ദാനം ദൈവം അവർക്കു നൽകുന്നു. ദൈവത്തിന്റെ ജീവൻ മനുഷജഡം സ്വീകരിച്ചുകൊണ്ട് ലോകത്തിലേക്കു വന്നു. അവൻ മനുഷ്യനു നിത്യജീവനെ വാഗ്ദാനം ചെയ്യുന്നു. ഇതാണ് യേശുക്രിസ്തു യോഹന്നാൻ 17 ന്റെ മൂന്നിൽ പറയുന്നത്: "3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു."
മനുഷ്യവർഗ്ഗം ഏദനിൽ ദൈവത്തിന്റെ ജീവനെ തിരസ്ക്കരിച്ചതുപോലെ, അവർ യേശുവിനെ തിരസ്ക്കരിച്ചു എന്നു മാത്രമല്ല, അവനെ കുരിശിൽ തറെച്ചു കൊല്ലുകയും ചെയ്തു. എന്നാൽ മരണത്തിനു തന്റെ ജീവനെ പിടിച്ചുവെക്കുവാൻ കഴിഞ്ഞില്ല; അവൻ മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു. അതുകൊണ്ട് അവനു തന്റെ ജീവനെ മറ്റുള്ളവർക്കു നൽകുവാൻ കഴിയും. 16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും ദൈവം നിത്യജീവനെ നൽകുന്നു. ഇതാണ് “life unto the age.” പലരും കരുതുന്നതുപോലെ മരണശേഷം ആരംഭിക്കുന്ന ജീവനല്ല ഈ ജീവൻ, കർത്താവായ യേശുവിൽ വിശ്വസിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നതും ഭാവിയിൽ തുടരുന്നതുമായ ജിവനാണ്. ഇത് കർത്താവായ യേശുവിൽ വിശ്വസിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നതും ഭാവിയിൽ തുടരുന്നതുമായ ജിവനാണ്. നാം മരണത്തിന്റെ യുഗത്തിൽ ജീവിക്കുന്നതിനാൽ മരിക്കുന്നു, എന്നാൽ യേശുവിനെ മരണത്തിനു പിടിച്ചുവെക്കാൻ കഴിയാത്തതുപോലെ, നാം മരിച്ചാലും ഉയർത്തെഴുന്നേറ്റു ജീവിക്കും. അതിനെയാണ് "ക്രിസ്തുവിനോടുകൂടെ" ജീവിക്കും (Romans 6:8 ൽ) with Christ,” എന്നു പറയുന്നത്.
ഇനി ആരാണ് ഈ രക്ഷയിലേക്കു, ഈ ജീവനിലേക്കു വരുന്നത് എന്നു നോക്കാം. "നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു..." പിതാവ് പുത്രനു നൽകിയവർക്കു മാത്രമെ പുത്രൻ നിത്യജീവനെ കൊടുക്കുന്നുള്ളു. ഒരു divine election ഉണ്ടെന്ന് ഇതു കാണിക്കുന്നു. Dr S Louis Johnson ഇതിനെക്കുറിച്ചു പറയുന്നതിപ്രകാരമാണ്: ultimately what our Lord is talking about is the mystery of divine election. ആത്യന്തികമായി നമ്മുടെ കർത്താവ് സംസാരിക്കുന്നത് ദൈവിക തിരഞ്ഞെടുപ്പിന്റെ രഹസ്യത്തെക്കുറിച്ചാണ്. There is a sovereign choice of God. ദൈവത്തിന്റെ ഒരു പരമാധികാര തിരഞ്ഞെടുപ്പുണ്ട്. മാത്രവുമല്ല, നല്കീട്ടുള്ളവർക്കെല്ലാവർക്കും താനതു കൊടുക്കുകയും ചെയ്യുന്നു. അതായത്, രക്ഷയുടെ ഭദ്രത അഥവാ perseverance of the saints നെക്കുറിച്ചും ബൈബിൾ പഠിപ്പിക്കുന്നു. യഥാർത്ഥ രക്ഷാ വിശ്വാസം നിലനിൽക്കുന്ന വിശ്വാസമാണ്. സ്ഥിരോത്സാഹമുള്ള വിശ്വാസത്തിന്റെ അഭാവം ക്രിസ്തുവിലേക്കു പരിവർത്തനം ചെയ്തിട്ടില്ല എന്ന വസ്തുതയാണ് കാണിക്കുന്നത്. യോഹന്നാൻ 6:37 ൽ ഇപ്രകാരം നാം വായിക്കുന്നു: "പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല." എന്നാൽ ഇതിനൊരു മറുവശവും കൂടിയുണ്ട്. അതു യോഹന്നാൻ John 6:64 ൽ കാണാം. "64 എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ടു”. വിശ്വാസസമൂഹത്തോടു ചേർന്നു നടക്കുന്നു എന്നതുകൊണ്ട് ഒരുവൻ രക്ഷിക്കപ്പെട്ടു എന്ന് അർത്ഥമാക്കുന്നില്ല. വാക്യം ഇപ്രകാരം തുടരുന്നു:— വിശ്വസിക്കാത്തവർ ഇന്നവർ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു—65 ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു” എന്നും അവൻ പറഞ്ഞു. “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല." ദൈവത്തിനു സ്തോത്രം.
അങ്ങനെ പാപികളായ മനുഷ്യർക്ക് നിത്യജീവനെ നൽകിക്കൊണ്ട് പുത്രൻ പിതാവിനെ മഹത്വപ്പെടുത്തി.
ഈ നിത്യജീവനെ നൽകപ്പെട്ടവർ പിതാവിന്റെയും പുത്രന്റെയും മഹത്വത്തിന്റെ പുകഴ്ചക്കായി നിലകൊള്ളും. പിതാവും പുത്രനും തമ്മിലുള്ള ശാശ്വതമായ വാഗ്ദാനങ്ങൾ വീണ്ടെടുക്കപ്പെട്ടവരിൽ നിറവേറും. സത്യക്രിസ്ത്യാനികൾ തങ്ങളുടെ നിത്യമായ ഉദ്ദേശ്യം ദൈവത്തിന്റെ മഹത്വത്തിൽ കണ്ടെത്തുകയും അതിൽ എന്നേക്കും തുടരുകയും ചെയ്യും. എന്നാൽ, ദൈവം എന്തിനാണ് ഇതെല്ലാം ചെയ്യാൻ തീരുമാനിച്ചത്? അല്ലെങ്കിൽ ദൈവം സ്വയം പര്യാപ്തനായിരിക്കുമ്പോൾ, നമ്മുടെ ഏതെങ്കിലും നിലയിലുള്ള സഹായം ദൈവത്തിനു ആവശ്യമില്ലാതിരിക്കുമ്പോൾ, അവനെ നാം മഹത്വപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? അതു മനസ്സിലാക്കാൻ നമുക്ക് കഴിയില്ലെങ്കിലും, പാപത്തിൽ മരിച്ചവരായിരുന്ന നമ്മോടു കരുണ കാണിച്ചു നമ്മേ ജീവനുള്ളവരാക്കിയതു കൊണ്ട് നമുക്ക് ഏറ്റവും നന്ദിയുള്ളവരായിരിക്കാം.
ഇനി അവശേഷിക്കുന്നത് യേശുവിന്റെ കാല്വരി മരണവും മഹത്വത്തിലേക്കുള്ള യഥാസ്ഥാപനവുമാണ്. അതാണ് തനിക്കുവേണ്ടിയുള്ള പ്രാർത്ഥനയുടെ അവസാനഭാഗം.
അഞ്ചാം വാക്യം "5 ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ."
3. നമ്മുടെ ജീവിതംകൊണ്ടും മരണംകൊണ്ടും ദൈവത്തെ മഹത്വപ്പെടുത്തുക.
അപ്പോൾ മുന്നാമതായി, ഈ വേദഭാഗത്തുനിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം: യേശു തന്റെ മരണത്തിലൂടേയും സ്വർഗ്ഗാരോഹണത്തിലൂടേയും പിതാവിനെ മഹത്വപ്പെടുത്തി.
യേശുവിന്റെ മരണത്തിലേക്കുള്ള അനുസരണവും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനവും ഭൂമിയിൽ പിതാവിനെ മഹത്വപ്പെടുത്തുന്നതിന്റെ 'ക്ലൈമാക്സ്' ആണ്. കാരണം അത് അവനെ ഉയിർപ്പിക്കാനുള്ള പിതാവിന്റെ ശക്തി മാത്രമല്ല, പിതാവിന്റെ നീതിയുടെയും ന്യായത്തിന്റേയും പ്രകടനവുമാണ്. റോമർ 3:25-26-ൽ പറഞ്ഞിരിക്കുന്നതുപോലെ മനുഷ്യവർഗ്ഗത്തിന്റെ പാപത്തിനായുള്ള യേശുവിന്റെ യാഗമായിരുന്നു അത്.
യേശുവിന്റെ താഴ്മ തന്റെ പ്രാർത്ഥനയിൽ പോലും വളരെ പ്രകടമാണ്; കാരണം തനിക്കു മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള പ്രാർത്ഥനയിലും പിതാവിന്റെ മഹത്വം താൻ ആഗ്രഹിക്കുന്നു. യേശു ഒരിക്കലും സ്വയകേന്ദ്രീകൃതനായിരുന്നില്ല, സ്വന്ത മഹത്വമന്വേഷിച്ചിരുന്നില്ല.
റോമർ 8:29-ൽ പൗലോസ് പറയുന്നു: ദൈവം തന്റെ പുത്രന്റെ പ്രതിച്ഛായയിലേക്ക് വിശ്വാസികളെ അനുരൂപപ്പെടുത്തുന്നു. ഇത് എത്രയൊ അത്ഭുതകരമായ കാര്യമാണ്! കർത്താവുമായുള്ള നമ്മുടെ നടപ്പിൽ നാം പക്വത പ്രാപിക്കുമ്പോൾ, നാമും സ്വാർത്ഥത കുറഞ്ഞ് അവനിൽ കൂടുതൽ കേന്ദ്രീകരിക്കുകയും അവന്റെ ഇഷ്ടം ചെയ്യുകയും ചെയ്യുന്നു. ദൈവത്തെ സ്തുതിക്കുവാൻ ഇതെത്തെത്രയൊ മതിയായ കാര്യമാണ്!
ദൈവത്തിന്റെ മഹത്വത്തിന്റെ പൂർണ്ണത ഗ്രഹിക്കാൻ കഴിയാത്തതിനാൽ ലോകം ആരംഭിക്കുന്നതിന് മുമ്പ് യേശുവിന് പിതാവിനോടൊപ്പമുള്ള പൂർണ്ണ മഹത്വം നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. പുറപ്പാട് 34:29 ൽ ദൈവത്തിന്റെ മഹത്വം ഭാഗീഗികമായി വെളിപ്പെടുത്തിയപ്പോൾ മോശയുടെ മുഖം പ്രകാശിച്ചു എന്ന് നാം വായിക്കുന്നു. ദൈവത്തിന്റെ പൂർണ്ണമഹത്വം മോശയ്ക്കല്ല ആർക്കുംതന്നെ ദർശിപ്പാൻ കഴിയില്ല. ദൈവത്തിന്റെ മഹത്വം സമാഗമനകൂടാരത്തിൽ നിറഞ്ഞപ്പോൾ മോശെക്കവിടെ നിൽക്കാൻ കഴിഞ്ഞില്ല (പുറ. 40:35).
യെശയ്യാവ് 6-ലും വെളിപാട് 4-ലും നൽകിയിരിക്കുന്ന ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള വിവരണം നമുക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്. സാറാഫുകൾ രണ്ടു ചിറകുകൾ കൊണ്ടു മുഖം മറച്ചും, രണ്ടുകൊണ്ട് പാദം മറെച്ചും, രണ്ടുകൊണ്ട് പറന്ന് "സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു ഘോഷിക്കുന്നതു നമുക്കു മനസ്സിലാക്കാൻ കഴിയുമൊ? വെളിപാട് 4 ൽ "കാഴ്ചയിൽ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശ്യൻ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു; 4 സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം; 5 സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു; 6 സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു." ദൈവത്തിന്റെ മഹത്വം എത്രയൊ അതിശയകരമാണെന്നല്ലേ ഈ വിവരണം സൂചിപ്പിക്കുന്നത്. ഇതൊക്കേയും കാണുമ്പോൾ ഞങ്ങളുടെ കർത്താവായ ദൈവമേ, നീ യോഗ്യൻ. മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കുക; എന്തെന്നാൽ, നീയാണ് സകലവും സൃഷ്ടിച്ചത്, നിന്റെ ഇഷ്ടം നിമിത്തമാണ് അവ നിലനിൽക്കുന്നതും സൃഷ്ടിക്കപ്പെട്ടതും" (വെളിപാട് 4:11) എന്നു പറഞ്ഞ് വീണു നമസ്ക്കരിക്കുക എന്നതല്ലാതെ മറ്റെന്താണ് നമുക്കു ചെയ്യുവാൻ കഴിയുക.
ഇതായിരുന്നു ലോകം ആരംഭിക്കുന്നതിന് മുമ്പ് യേശുവിന് പിതാവിനോടൊപ്പം ഉണ്ടായിരുന്ന മഹത്വമെങ്കിൽ, ആ മഹത്വം മാറ്റിവെച്ച് ഒരു മനുഷ്യനാകാനും നമ്മുടെ ഇടയിൽ വസിക്കാനും പിന്നീട് നമ്മുടെ പാപങ്ങൾക്കുവേണ്ടി മനസ്സോടെ മരിക്കാനും തയ്യാറായതിന്റെ കാരണം എന്തായിരുന്നുവെന്ന് നമുക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയുമോ?
യേശുവിന്റെ ഈ പ്രാർത്ഥനയുടെ ആത്യന്തിക ഫലത്തെക്കുറിച്ചാണ് ഫിലിപ്പിയർ 2:9-11 വാക്യങ്ങളിൽ പറയുന്നത്. "9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; 10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും 11 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും."
പിതാവായ ദൈവം പുത്രനായ ദൈവത്തെ മഹത്വപ്പെടുത്തി, പുത്രനായ ദൈവം പിതാവായ ദൈവത്തെ മഹത്വപ്പെടുത്തി. ഈ പ്രക്രിയയിൽ, പുത്രൻ മനുഷ്യന്റെ പാപത്തിന്റെ വീണ്ടെടുപ്പ് വില നൽകി, അത് യേശുവിന്റെ പുനരുത്ഥാനത്താൽ തെളിയിക്കപ്പെട്ടതും പര്യാപ്തമാണെന്നും അംഗീകരിക്കപ്പെട്ടു. അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവന്റെ പ്രത്യാശ നൽകുന്ന നീതിമാനും നീതീകരിക്കുന്നവനുമായ ദൈവമാണു നമ്മുടെ ദൈവം. ഈ ദൈവത്തെ പൂർണ്ണഹൃദയത്തോടെ നമുക്കു ആരാധിക്കാം, ഈ ദൈവത്തെ പൂർണ്ണാത്മാവോടെ സ്തുതിക്കാം. ഈ ദൈവത്തെ പൂർണ്ണശക്തിയോടെ മഹത്വപ്പെടുത്താം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ.
*******
Gospel & Acts Sermon Series_15