
നിത്യജീവൻ

P M Mathew
20-05-2022
Repentance and the Gospel.
മാനസാന്തരവും സുവിശേഷവും.
ഇതുപോലെയുള്ള ഒന്നു രണ്ടു സംഭവങ്ങളെ ചൂണ്ടിക്കാട്ടി അതിനു പിന്നിലെ വേദശാസ്ത്രപരമായ കാരണത്തെ ക്കുറിച്ച് ആരാഞ്ഞ ഒരു കൂട്ടം ജനങ്ങളോടു കർത്താവായ യേശുക്രിസ്തു പറഞ്ഞ മറുപടിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. അതിനായി ലൂക്കോസിന്റെ സുവിശേഷം 13-ാം അദ്ധ്യായം 1-5 വരെ വാക്യങ ്ങൾ നമുക്കിപ്പോൾ വായിക്കാം:
ലുക്കൊസ് 13:1-5
"ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലർ പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയ വർത്തമാനം അവനോടു അറിയിച്ചു. 2 അതിന്നു അവൻ ഉത്തരം പറഞ്ഞതു: “ആ ഗലീലക്കാർ ഇതു അനുഭവിക്കായാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ? 3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു. 4 അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? 5 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു."
നിരവധി ആളുകളുടെ മരണത്തിൽ കലാശിച്ച രണ്ട് ദുരന്തങ്ങളാണ് ഈ വേദഭാഗങ്ങളിൽ പരാമർശിക്കുന്നത്. റോമൻ ഭരണാധികാരിയായ പന്തിയോസ് പീലാത്തോസ് നടത്തിയ നിരവധി ഗലീലിയക്കാരുടെ കൊലപാതകമാണ് ഈ ദുരന്തങ്ങളിൽ ആദ്യത്തേത്. ജറുസലേമിലെ പതിനെട്ട് പേരുടെ മേൽ ശീലോഹാ ഗോപുരം തകർന്നു വീണു 18 പേർ മരിച്ചതാണ് രണ്ടാമത്തെ ദുരന്തം. ഈ രണ്ടു വിപത്തുക്കളെ ചൂണ്ടിക്കാട്ടി അവർ മരിക്കാനിടയായതിന്റെ ആത്യന്തിക കാരണത്തെ ക്കുറിച്ചു യേശുക്രിസ്തുവിനോടു ജനക്കൂട്ടം ചോദിച്ച ചോദ്യത്തിനുള്ള മറുപടി ഏവരേയും തങ്ങളുടെ ജീവിതത്തെക്കുറിച്ചു ചിന്തിപ്പാൻ മതിയായതാണ്. അതിനു കർത്താവു നൽകിയ മറുപടി ഇപ്രകാരമായിരുന്നു: "നിങ്ങൾ മാനസാന്തരപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ എല്ലാവരും അതുപോലെ തന്നെ നശിച്ചുപോകും" എന്ന്.
1. മരണം പതിയിരിക്കുന്നു.
a) ആദ്യത്തെ ദുരന്തം
അദ്ധ്യായം 13-ാം ഒന്നാം വാക്യത്തിൽ വിവരിച്ചിരിക്കുന്ന ആദ്യത്തെ ദുരന്തം ഒരു ആൾക്കൂട്ട കൊലപാതകമാണ്. ഗലീലിയിൽ നിന്നുള്ള ചില ആളുകൾ യഹോവയ്‌ക്ക് ബലിയർപ്പിക്കാൻ യെരൂശലേമിലെ ദേവാലയത്തിൽ വന്നപ്പോൾ അന്നത്തെ റോമൻ ഭരണാധികാരിയായ പന്തിയോസ് പീലാത്തോസ് ഈ ഗലീലിയക്കാരെ കൊന്നു. അവരുടെ രക്തം ക്ഷേത്രത്തിൽ ബലിയർപ്പിക്കപ്പെട്ട മൃഗങ്ങളുടെ രക്തത്തിൽ കലർന്നു. ഈ ഇടകലരൽ ആക്ഷരീകമായിരിക്കാം, അതായത്, മനുഷ്യരുടെ യഥാർത്ഥ രക്തം മൃഗങ്ങളുടെ യഥാർത്ഥ രക്തവുമായി കലർന്നതാകാം. അതല്ലെങ്കിൽ യാഗമൃഗങ്ങളെ കൊന്ന സമയത്തും സ്ഥലത്തും വച്ചു ഈ മനുഷ്യരുടെ മരണം സംഭവിച്ചതാകാം. ഏതായാലും ഒരു കാര്യം വ്യക്തം. ഗലീലയിലെ ചില ആളുകൾ നന്മ ചെയ്യാൻ ശ്രമിച്ചപ്പോൾ പീലാത്തോസ് അവരുടെമേൽ തിന്മ വരുത്തി.
യേശുവിനോടുകൂടെയുണ്ടായിരുന്നവർ ഈ കൊലപാതകത്തെക്കുറിച്ച് യേശുവിനോട് ചോദിച്ചപ്പോൾ, യേശുവിന്റെ മറുപടി ഇപ്രകാരമായിരുന്നു: “ഈ ഗലീലക്കാർ ഈ വിധത്തിൽ മരിച്ചതിനാൽ മറ്റെല്ലാ ഗലീലക്കാരെക്കാളും മോശമായ പാപികളായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”
കർത്താവായ ദൈവത്തെ എന്തെങ്കിലും അസാധാരണമായ രീതിയിൽ അസ്വസ്ഥമാക്കിയ ആളുകൾക്ക് മാത്രമേ ഭയാനകമായ കാര്യങ്ങൾ സംഭവിക്കു എന്ന തെറ്റായ അനുമാനമായിരുന്നു അവരുടെ ചോദ്യത്തിനു പിന്നിൽ. അക്കാലത്ത് ഒരാൾ കൊലചെയ്യപ്പെടുകയൊ ഏതെങ്കിലും ദുരന്തത്തിൽ പെട്ട് മരിക്കുകയൊ ചെയ്താൽ, അത് അവൻ ചെയ്ത ഭയങ്കര പാപത്തിന്റെ പരിണതഫലമാണ് എന്ന ചിന്ത നിലനിന്നിരുന്നു. അതിന്റെ മറുവശമെന്നത്, ഒരു വ്യക്തി അങ്ങനെയുള്ള ദുരന്തങ്ങളിൽ ഒന്നും അകപ്പെടാതിരിക്കയും സാമ്പത്തികമായി ഉന്നത നിലയിൽ ആയിരിക്കുകയും ചെയ്താൽ ആ വ്യക്തി ദൈവത്തെ പ്രസാദിപ്പിച്ചു ജീവിച്ചതുകൊണ്ടാണ് താൻ ഈ നിലയിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്.
എന്നാൽ യേശു ഈ ആശയത്തോടു വിയോജിച്ചു എന്നു മാത്രമല്ല, തന്റെ സ്വന്തം ചോദ്യത്തിന് “അല്ല!” എന്ന് ഉത്തരം നൽകുകയും ചെയ്യുന്നു. ഈ ഗലീലക്കാർ മറ്റുള്ളവരേക്കാൾ മോശമായ പാപികളായതുകൊണ്ടല്ല അവർ ഈ നിലയിൽ മരണപ്പെട്ടത്. യോഹന്നാൻ ഒൻപതാം അദ്ധ്യായത്തിൽ പിറവിയിലെ കുരുടനായൊരു മനുഷ്യനെ കണ്ടപ്പോൾ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: "റബ്ബി, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനൊ ഇവന്റെ അമ്മയപ്പന്മാരൊ?" അതിനു യേശു നൽകിയ മറുപടി "അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ" (യോഹ. 9:3). ഇവിടെ "ചെയ്തിട്ടല്ല" എന്ന പ്രയോഗം ശ്രദ്ധേയമാണ്. കർത്താവ് ഇവിടെ അർത്ഥമാക്കുന്നത്, അവനൊ അവന്റെ മാതാപിതാക്കളൊ ഒരിക്കലും ഒരു പാപവും ചെയ്തിട്ടില്ല എന്നല്ല, അവരുടെ ഏതെങ്കിലും പ്രത്യേക പാപത്തിന്റെ ഫലമല്ല ഈ മനുഷ്യനുണ്ടായ അന്ധത എന്നാണ്. മറ്റുള്ളവരെക്കാൾ കൂടുതൽ പാപം ചെയ്തതിനാൽ ഒരാൾക്ക് ഒരു ദുരന്തം നേരിട്ടു എന്നു നാം ഒരിക്കലും കരുതരുത്.
റോമർ 3:23 നമ്മോട് പറയുന്നത് "ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു." ഇത് അർത്ഥമാക്കുന്നതെന്തെന്നാൽ, മനുഷ്യർ എല്ലാവരും പാപികളാണ്. ഒരു പാപവും ചെയ്യാതെ നീതിമാനായി ജീവിക്കുന്നവൻ ആരുമില്ല. പാപത്തിന്റെ ശമ്പളം മരണമാകയാൽ എല്ലാവരും മരണശിക്ഷക്ക് അർഹരാണ്.
യേശു തന്റെ പ്രേക്ഷകരുടെ മനസ്സിനെ മരിച്ച ആളുകളിൽ നിന്ന് അകറ്റി, തങ്ങളെക്കുറിച്ചും തങ്ങളുടെ അവസ്ഥയെക്കുറിച്ചും ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. “3അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു." എന്തെന്നാൽ, ദൈവത്തിന്റെ കോപം എല്ലാ പാപികളുടെയും മേൽ വരുന്നു. കൂടാതെ, എല്ലാവരും പാപികളാണ്, വരാനിരിക്കുന്ന ക്രോധത്തിൽ നിന്ന് രക്ഷ പ്രാപിപ്പാൻ എല്ലാവർക്കും ദൈവകൃപ ആവശ്യമാണ്.
b) രണ്ടാമത്തെ ദുരന്തം
ഇനി രണ്ടാമത്തെ ദുരന്തം എന്താണെന്ന് നോക്കാം. അവിടേയും മരണമാണ് പ്രമേയം; എന്നാൽ മരണം വന്ന വഴിയിൽ വ്യത്യാസമുണ്ട്. ശീലോഹാമിലെ ഗോപുരം ഇടിഞ്ഞുവീണാണ് അവർക്ക് മരണം സംഭവിച്ചത്. ഇവിടെ മരിച്ചവരുടെ എണ്ണം, ഞാൻ മുന്നമെ സൂചിപ്പിച്ച പ്ലെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം പോലെ, 18 എന്ന് കൃത്യമായി പറയുന്നുണ്ട്. ഈ മനുഷ്യരെ കൊന്നത് മറ്റ് മനുഷ്യരല്ല, മറിച്ച് (accidental death) അപകടമരണമാണ്. പ്ലെയിൻ ആക്സിഡന്റു പോലേയൊ അതല്ലെങ്കിൽ വെള്ളപ്പൊക്കമൊ മണ്ണിടിച്ചിലോ പോലെയുള്ള മറ്റൊരു ദുരന്തം. ഗലീലിയക്കാരെപ്പോലെ വൈദേശിക രക്തം കലർന്ന ആളുകൾക്കും, യെരൂശലേമിൽ വസിക്കുന്ന പൂർണ്ണ രക്തമുള്ള യഹൂദന്മാർക്കും ഇതുപോലെ ഭയങ്കരമായ മരണങ്ങൾ സംഭവിക്കുന്നുവെന്ന് ഇതു കാണിക്കുന്നു. ഗലീലിയക്കാരെയും മറ്റു വിജാതീയരെയും പോലെ യഹൂദന്മാരും പാപികളായതിനാൽ പാപത്തിന്റെ ശമ്പളമായ മരണം ഏവരേയും നേരിടുന്നു.
എന്നാൽ യെരൂശലേമിൽ താമസിച്ചിരുന്ന മറ്റെല്ലാവരേക്കാളും മോശക്കാരായിരുന്നു അവർ എന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് യേശു ചോദിക്കുന്നു. തുടർന്ന് "അല്ല!" എന്ന് താൻതന്നെ അതിനു മറുപടി നൽകുന്നു. ഇതിലെ സാരമെന്തെന്നാൽ, മറ്റുള്ളവരെക്കാൾ കൂടുതൽ പാപം ചെയ്‌തതിനാൽ പ്രകൃതിദത്തമായ ഒരു ദുരന്തം ഒരാളുടെ മേൽ വന്നിരിക്കുന്നുവെന്ന് നാം ഒരിക്കലും കരുതരുത്.
പിന്നെ, യേശു തന്റെ പ്രേക്ഷകരുടെ മനസ്സിനെ മരിച്ചവരിൽ നിന്ന് അകറ്റി, തങ്ങളെക്കുറിച്ചും തങ്ങളുടെ അവസ്ഥയെക്കുറിച്ചും ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കുന്നു.
“അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു." ഇതു നമ്മുടെ രണ്ടാമത്തെ പോയിന്റിലേക്കു നമ്മേ നയിക്കുന്നു.
2. മാനസാന്തരപ്പെടുക അല്ലെങ്കിൽ നശിക്കുക
രണ്ടേ-രണ്ട് ഓപ്‌ഷനുകൾ മാത്രമെ യേശുക്രിസ്തു നമ്മുടെ മുൻപിൽ വെക്കുന്നുള്ളു: "മാനസാതരപ്പെടുക" അല്ലെങ്കിൽ "നശിക്കുക." നാമെല്ലാവരും, തികച്ചും അനിവാര്യമായും അനുതപിക്കണം. നാമെല്ലാവരും, അനിവാര്യമായും മാനസാന്തരപ്പെടണം., അതല്ലെങ്കിൽ നമ്മേ കാത്തിരിക്കുന്നതു മരണമാണ്. മാൻസാന്തരപ്പെടുന്നില്ലെങ്കിൽ നമ്മേ കാത്തിരിക്കുന്നത് നിത്യനാശമാണ്. സമയത്തിന്റെ ചില നീക്കുപോക്കുകൾ മാത്രമെ അവശേഷിക്കുന്നുള്ളു. ചില ആളുകൾക്ക് കുറെക്കൂടി നാളുകൾ ജീവിക്കാൻ അവസരം ലഭിച്ചേക്കാം. എന്നാൽ അവരേയും കാത്തിരിക്കുന്നത് നിത്യനാശമാണ്.
ഒരു സ്ഥലത്ത് ഒരു സുവിശേഷ മീറ്റിംഗ് നടക്കുകയായിരുന്നു. അവിടെ ഒരു മനുഷ്യനോട് തന്റെ ആത്മാവിനെക്കുറിച്ച് സംസാരിച്ച ഒരു ക്രിസ്ത്യൻ വിദ്യാർത്ഥിയുടെ കഥ ഞാൻ ഓർക്കുന്നു. ക്രിസ്തീയ യുവാവ് ആ മനുഷ്യനോടു നിങ്ങൾ നിങ്ങളുടെ പാപങ്ങളെ ഓർത്ത് മാനസാന്തരപ്പെടണം, എങ്കിൽ മാത്രമെ നിത്യജീവൻ അവകാശമാക്കുവാൻ സാധിക്കയുള്ളു എന്നു പറഞ്ഞു. അതിനു ആ മനുഷ്യൻ: “ഞാൻ ബൈബിൾ വിശ്വസിക്കുന്നില്ല. ഞാൻ ഒരു നിരീശ്വരവാദിയാണ് എന്നു പറഞ്ഞു. എങ്കിലും ആ വിദ്യാർത്ഥി ലൂക്കോസ് 13:1-5 വാക്യങ്ങൾ ആ മനുഷ്യനെ വായിച്ചുകേൾപ്പിച്ചു. ആ മനുഷ്യൻ പറഞ്ഞു, "ഞാൻ നിങ്ങളോട് പറഞ്ഞു, ഞാൻ വിശ്വസിക്കുന്നില്ല" എന്ന്. അപ്പോൾ ആ വിദ്യാർത്ഥി വീണ്ടും അഞ്ചാം വാക്യം ആവർത്തിച്ചു: "നിങ്ങൾ അനുതപിക്കുന്നില്ലെങ്കിൽ നിങ്ങളും അതുപോലെ നശിച്ചുപോകും." അപ്പോഴേക്കും കോപാകുലനായ ആ മനുഷ്യൻ വിദ്യാർത്ഥിയുടെ മുഖത്തടിച്ചു. അവൻ വീണ്ടും വളരെ ദയയോടെ പറഞ്ഞു: മാനസാന്തരപ്പെട്ടില്ലെങ്കിൽ നിങ്ങളും അങ്ങനെതന്നെ നശിച്ചുപോകും.
അടുത്ത ദിവസം രാത്രിയിൽ അതേ മനുഷ്യൻ സുവിശേഷ മീറ്റിംഗ് നടക്കുന്ന സ്ഥലത്ത് തിരിച്ചെത്തി. ആ മീറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം അവിടെയുള്ളവരോട് പറഞ്ഞു, “ഇന്നലെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എവിടെ നോക്കിയാലും ഈ വാചകം ഞാൻ കാണുന്നു. എന്റെ തലയിണയിൽ. എന്റെ തലയ്ക്ക് മുകളിലെ മേൽത്തട്ടിൽ. എന്റെ മുറിയിലെ ഭിത്തിയിൽ. ബ്രേക്ക്ഫാസ്റ്റ് ടേബിളിലേക്ക് വന്നപ്പോൾ അവിടേയും ആ വാക്യം ആലേഖനം ചെയ്തിരിക്കുന്നതായ് ഞാൻ കണ്ടു. തുടർന്നു താൻ ആത്മാർത്ഥമായ അനുതാപത്തോടെ ദൈവമുമ്പാകെ മുട്ടുകുത്താനും പാപങ്ങളെ ഏറ്റു പറയാനും ദൈവത്തിന്റെ കൃപക്കായി യാചിക്കാനും അയാൾ തയ്യാറായി. മാനസാന്തരത്തിന്റെ പരമമായ അനിവാര്യത അയാൾ കണ്ടെത്തി.
a) മാനസാന്തരം
ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഉയർന്നേക്കാവുന്ന ഒരു ചോദ്യം, എന്താണ് മാനസാന്തരം? മാനസാന്തരം എന്ന വാക്കിന്റെ പര്യായ പദങ്ങളാണ് പശ്ചാത്താപം, അനുതാപം എന്നിവ. അപ്പോൾ എന്താണ് അനുതാപം? ഒരുവൻ തന്റെ പാപത്തെ വിട്ടുതിരിയുന്നതാണ് മാനസാന്തരം (repentance) എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. അല്പം കൂടി വിശദമായി പറഞ്ഞാൽ, പാപത്തെയും അതിന്റെമേലുള്ള ദൈവത്തിന്റെ ശിക്ഷാവിധിയേയും അംഗീകരിച്ചുകൊണ്ട് പാപത്തെ വെറുത്തുപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുന്നതാണ് മാനസാന്തരം. പാപം ദൈവത്തെ പ്രകോപിക്കുന്നു. ദൈവം പാപത്തെ എങ്ങനെ വെറുക്കുന്നു എന്ന് മനസ്സിലാക്കിക്കൊണ്ട് ദൈവസ്നേഹത്തിൽ നിന്നും ഉളവാകുന്നതാണ് ശരിയായ മാനസാന്തരം.
“മാനസാന്തരം” എന്ന പദത്തിനു ഗ്രീക്കിൽ μετάνοια (metanoia-മെറ്റാനോയിയ) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്ക് ഊന്നൽ നൽകുന്നത് ദൈവത്തിലേക്ക് തിരിയുക എന്ന വശത്തിനാണ്. എന്നാൽ ഇതിന്റെ ലാറ്റിൻ പരിഭാഷയായ penitentia എന്ന വാക്ക് പാപത്തിന്റെ ശിക്ഷാവിധിക്കുള്ള പ്രായശ്ചിത്ത പ്രവൃത്തികൾക്ക് ഊന്നൽ നൽകുന്നു. ഭാഷകളിലെ വ്യത്യാസങ്ങൾക്കനുസരണമായി, ലത്തീൻ പഠിപ്പിക്കൽ പ്രായശ്ചിത്ത പ്രവർത്തികൾക്ക് ഊന്നൽ നൽകി ക്കൊണ്ടുള്ള ഉപദേശമാണ് നൽകുന്നത്. ഈ ഉപദേശമാണ് കത്തോലിക്കർ സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണമായി, നിങ്ങൾ പാപം ഏറ്റു പറഞ്ഞ് കുമ്പസാരിക്കുമ്പോൾ വൈദികൻ ഇന്നയിന്ന പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യാൻ നിങ്ങളോടു നിർദ്ദേശിക്കും. നിങ്ങൾ ആ പ്രായശ്ചിത്തപ്രവൃത്തികൾ ചെയ്യുന്നതോടെ ദൈവത്തിന്റെ ശിക്ഷ നീങ്ങിപ്പോകും എന്നവർ ചിന്തിക്കുന്നു. അതിന്റെ ഫലമായി പാപം ചെയ്യുക, കുമ്പസാരിക്കുക; അതിനു തക്ക പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യുക. വീണ്ടും പാപം ചെയ്യുക, കുമ്പസാരിക്കുക; അങ്ങനെ ഈ cycle ആവർത്തിക്കുന്നു.
എന്നാൽ, മാനസാന്തരം ആക്ഷരീകമായി “മനസ്സിന്റെ വ്യതിയാനമാണ്, ”change of mind” അഥവാ മനസ്സിന്റെ രൂപാന്തരമാണ്. മനസ്സിന്റെ രൂപാന്തരം എന്നു പറഞ്ഞാൽ, ഒറ്റപ്പെട്ട ചില പദ്ധതികളൊ, ആചാരങ്ങളൊ അനുഷ്ഠാനങ്ങളൊ നടത്തുന്നതല്ല. മറിച്ച്, ഒരുവന്റെ മുഴുവൻ വ്യക്തിത്വവും പാപകരമായ പ്രവൃത്തികളുടെ പാതവിട്ട്, ദൈവത്തിലേക്ക് തിരിയുന്നതാണ്. മുഴുവൻ വ്യക്തിത്വം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ബുദ്ധിയും ഹൃദയവും (മനസ്സും) അടങ്ങുന്ന സമ്പൂർണ്ണ വ്യക്തിത്വത്തിനാണ്. ഇങ്ങനെയുള്ള മാറ്റത്തെ evangelical repentance അഥവാ "സുവിശേഷാധിഷ്ഠിത മാനസാന്തരം" എന്ന് പറയുന്നു.
ഇതിനെ ഞാൻ അല്പമായി വിശദീകരിക്കാം. ഇത് പരിശുദ്ധാത്മാവിന്റെ പരസ്പ്പര ബന്ധിയായ പ്രവൃത്തനത്തിന്റെ ഫലമായി പാപികളോട് “ദൈവകൃപ” പ്രസ്താവിക്കുന്നതും, പുതുജനനത്താൽ ഹൃദയത്തിനു വരുന്ന മാറ്റമാണ് (യോഹ 3:5-8). പരസ്പരബന്ധിയായ പ്രവർത്തനം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത്, സുവിശേഷ ഘോഷണവും വീണ്ടും ജനനവും പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. സുവിശേഷ ഘോഷണത്തിലൂടെ ഒരു വ്യക്തിയോടു ദൈവകൃപയെക്കുറിച്ചു പറയുമ്പോൾ ആ വ്യക്തിയുടെ ഹൃദയത്തിനു അതു രൂപാന്തരം വരുത്തുന്നു. അത് അവനിൽ പാപത്തോടു വെറുപ്പും തന്നെ ഇപ്പോഴും സ്നേഹിക്കുന്ന ദൈവത്തോടു പ്രീയവും ജനിപ്പിക്കുന്നു. അങ്ങനെ പാപത്തോടുള്ള ചായ്വിൽ നിന്ന് തന്റെ ഹൃദയം ദൈവത്തോടു ചായുന്നു. അങ്ങനെ വരുന്ന മാറ്റമാണ്, മാനസാന്തരം. മറ്റൊരു രീതിയിൽ പറഞ്ഞാൽ സുവിശേഷത്തോടുള്ള പ്രതികരണമായി ദൈവാത്മാവ് വരുത്തുന്ന രൂപാന്തരമാണ്. ഈ മാറ്റം ക്രിസ്തുവിന്റെ മരണത്തിന്റേയും ഉയർത്തെഴുനേൽപ്പിന്റേയും പിതാവിന്റെ വലത്ത് ഭാഗത്ത് ഉപവിഷ്ഠനായി താൻ കർത്താവും രക്ഷിതാവും ആയി തീർന്നതിന്റേയും ഫലമായി നൽകപ്പെട്ട ഒരു ഗിഫ്റ്റ് അഥവാ ദാനമാണ്. അപ്പൊസ്തല പ്രവൃത്തികൾ 5:31ൽ നാം ഇപ്രകാരം വായിക്കുന്നു: "യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു."
ഇവിടെ നാം മനസ്സിലാക്കേണ്ട വസ്തുത ഇത് ഒരിക്കലായി മാത്രം സംഭവിക്കേണ്ട ഒരു കാര്യമല്ല. ഒരുവൻ രക്ഷിക്കപ്പെട്ടശേഷവും ഈ മാനസാന്തരം അവനിൽ തുടർമാനമായി നടക്കേണ്ട ഒരു സംഗതിയാണ്. അതിനായി, അവൻ സുവിശേഷം കൂടെക്കൂടെ തന്നോടുതന്നെ പറയണം. അങ്ങനെ സുവിശേഷത്താൽ തന്റെ ഹൃദയത്തിനു തുടർമാനമായി മാറ്റം സംഭവിച്ചുകൊണ്ടിരിക്കണം. ശരിയായ രക്ഷ, രക്ഷാകരമായ മാനസാന്തരത്തിന്റെ ഫലമാണ്. അത് രക്ഷയുടെ ഒരു അടയാളമായി അവനിൽ തുടരുന്നു. ക്രിസ്തുവിലൂടെയുള്ള രക്ഷിക്കുന്ന വിശ്വാസത്തെ അനുഗമിക്കുന്ന മാനസാന്തരം ഇങ്ങനെയുള്ള മാനസാന്തരമാണ്. Acts 20:21 "ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ."
തന്റെ പാപാവസ്ഥയെക്കുറിച്ച് മനസ്സിലാക്കാതെയും പാപത്തെ വിട്ടു തിരിയാതെയും യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചവർക്കു ഇതു ഒരുപക്ഷെ മനസ്സിലാക്കാൻ കഴിഞ്ഞു എന്നു വരികയില്ല. എന്നാൽ രക്ഷിക്കുന്ന വിശ്വാസത്തിൽ മാനസാന്തരം വളരെ നിർണ്ണായകമായ പങ്കുവഹിക്കുന്നു.
ലൂക്കോസ് 15:7 കർത്താവ് പറയുന്നതിൽ നിന്ന് അതു നമുക്ക് വ്യക്തമാകും “അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
ജാതികളുടെ മാനസാന്തരത്തെക്കുറിച്ച് Acts 11:18 ൽ നാം വായിക്കുന്നത് “…ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി." God granting them “repentance unto life” എന്തിനുവേണ്ടിയാണ് മാനസാന്തരം നൽകിയത്? ജീവപ്രാപ്തിക്കായിട്ടാണ്. സുവിശേഷാധിഷ്ടിത മാനസാന്തരവും ക്രിസ്തുവിലുള്ള വിശ്വാസവും വാസ്തവത്തിൽ വേർപിരിക്കുവാൻ കഴിയാത്തവിധം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒരു കാര്യമാണ്. ഒരു വിശ്വാസി ചിലപ്പോൾ അതിലെ ഒരു വശത്തെക്കുറിച്ച് കൂടുതൽ അറിവും മറ്റെ വശത്തെക്കുറിച്ച് കുറഞ്ഞ അറിവും ഉള്ളവൻ ആയിരിക്കാം.
ഇങ്ങനെയുള്ള മാനസാന്തരം, ഒറ്റപ്പെട്ടു നിൽക്കുന്ന സംഗതിയല്ല, മറിച്ച്, ഒരുവനെ പെരുമാറ്റത്തിലേക്ക് നയിക്കുന്ന, അതിനു ഉത്തേജനം നൽകുന്ന, മനസ്സിന്റെ ഒരു ചായ്വാണ്, (a disposition of the mind). അതായത്, മനസ്സിനാണ് ആദ്യം വെത്യാസം വരുന്നത്. അത് behavior-പെരുമാറ്റത്തിലേക്ക് അവനെ നയിക്കുന്നു. ഹൃദയത്തിൽ വ്യത്യാസമില്ലാതെയും ചില നല്ലകാര്യങ്ങൾ ഒരുവനു ചെയ്യാൻ സാധിക്കും. എന്നാൽ അതല്ല ഇവിടെ ഉദ്ദേശിച്ചത് എന്ന് സാരം.
സക്കായിയുടെ മാനസാന്തരത്തിൽ ഈയൊരു വ്യത്യാസം വളരെ പ്രകടമായി നമുക്കു കാണാം. Lk 19:8 ൽ സക്കായി പറയുന്നതു നോക്കുക: “കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.” ആദ്യകേൾവിയിൽ ഇത് ഒരു moralistic-ധാർമ്മികമായ ഒരു ഉപദേശമായി തോന്നിയേക്കാം. എന്നാൽ മനുഷീക തലങ്ങളിലെ പരാജയങ്ങളിൽ, ക്രിസ്തുവിന്റെ നീതി വിശ്യ്വാസത്താൽ പുതിയതായി അഭ്യസിക്കുവാനുള്ള അവസരമാണ് അതിലൂടെ ലഭിക്കുന്നത്. ദൈവത്തിന്റെ പ്രസ്താവിക്കപ്പെട്ട ഹിതത്തിന് അനുസാരമായുള്ളതുമാണിത്.
നമ്മുടെ ദൈനംദിനമുള്ള പാപത്തെയും പോരായ്മകളേയും തിരിച്ചറിയുന്നത് മാനസാന്തരത്തിനും ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം പൂതുതായി അർപ്പിക്കുന്നതിനും ഉള്ള പുതിയ അവസരങ്ങൾ നമുക്കു നൽകുന്നു. ദാവീദിന്റെ ബേത്ഷേബയുമായുള്ള പാപത്തിനു ശേഷം സംഭവിക്കുന്നത് ഇതാണ് എന്ന് സങ്കീ 51 ൽ നമുക്കു കാണുവാൻ സാധിക്കും. വെളിപ്പാടു പുസ്തകം. 2:5 ൽ സഭയോടു പറയുന്നത് മറ്റൊരു ഉദാഹരണമാണ് “നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും."
സുവിശേഷാധിഷ്ഠിതമല്ലാത്ത മാനസാന്തരങ്ങളെക്കുറിച്ച് ദൈവവചനത്തിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചാൽ ഇതു തമ്മിലുള്ള വ്യത്യാസം മനസ്സില്ലാക്കാൻ നമുക്കു കഴിയും. ഉദാഹരണമായി മിസ്രയിമിലെ ഫറവോന്റെ അനുതാപത്തെക്കുറിച്ച് പുറപ്പാട് 9:27 പറഞ്ഞിരിക്കുന്നതു നോക്കുക: "അപ്പോൾ ഫറവോൻ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാൻ പാപംചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ" (Ex 9:27). മിസ്രയിമിനുമേൽ ഇടിയും കന്മഴയും അയച്ചപ്പോൾ ഫറവോൻ താനും നശിച്ചുപോകുമൊ എന്ന് ഭയന്ന് ഇപ്രകാരം പറഞ്ഞു. എന്നാൽ ഇടിയും കന്മഴയും അവസാനിച്ചപ്പോൾ താൻ ദൈവത്തിനെതിരെ തന്റെ ഹൃദയം കഠുപ്പിക്കുന്നു. തന്റെ അനുതാപം താത്ക്കാലികമായിരുന്നു. 1 ശമുവേൽ 24:16–18 ൽ പറയുന്ന ശൗലിന്റെ അനുതാപവും ഈ നിലയിലുള്ളതായിരുന്നു. അത് താത്ക്കാലികവും തന്റെ ഹൃദയത്തെ ഒരു നിലയിലും സാധീനിക്കാത്തതുമായിരുന്നു. മറ്റൊരു ഉദാഹരണം യൂദാസ് യിസ്ക്കരിയോത്ത യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിൽ പിന്നെ ദുഃഖിച്ചു എന്നു കാണുന്നു. അതിനു ശേഷം താൻ കെട്ടുത്തൂങ്ങി മരിക്കുന്നു (Mt 27:3). തന്റെ ദുഃഖം യഥാർത്ഥമാനസാന്തരമായിരുന്നില്ല. ഇവയെക്കുറിച്ചു പൊതുവായി പറഞ്ഞാൽ ദൈവത്തിന്റെ പാപികളോടുള്ള കരുണയെക്കുറിച്ചുള്ള അറിവിൽ നിന്ന് ഉളവായ മാനസാന്തരങ്ങൾ ആയിരുന്നില്ല. മറിച്ച്, ഹിതകരമല്ലാത്ത പരിണതഫലങ്ങളെ ഒഴിവാക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു. അങ്ങനെയുള്ള മാനസാന്തരത്തിനു പിന്നിൽ ഹൃദയത്തിനു രൂപാന്തരമൊ, സ്വഭാവത്തിനൊ കാഴ്ചപ്പടിനൊ യാതൊരു വ്യത്യാസവും സംഭവിക്കുന്നില്ല.
യോഹന്നാൻ സ്നാപകനും (Mt 3:2; Mk 1:4) കർത്താവായ യേശുക്രിസ്തുവും (Mk 1:15) മാനസാന്തരപ്പെടുവാനുള്ള ആഹ്വാനവുമായിട്ടാണ് വന്നത്. യേശു പറഞ്ഞു: "ഞാൻ നീതിമാന്മാരെ തേടിയല്ല, പാപികളെ തേടിയാണ് വന്നത്" എന്ന്. കർത്താവിന്റെ മഹാനിയോഗമനുസരിച്ച് (Lk 24:44–49) അപ്പൊസ്തലർ ഈ നിലയിലുള്ള പ്രസംഗങ്ങൾ നടത്തുന്നതും നമുക്കു കാണാം. അപ്പൊ. 2 ൽ പത്രോസിന്റെ പ്രസംഗത്തോടെയാണ് അവ ആരംഭിക്കുന്നത്. ഏകദേശം മൂവായിരം പേരാണ് ആ ഒറ്റ പ്രസംഗത്തിൽ മാനസാന്തരപ്പെട്ടത്. അതിന്റെ ഫലം എത്ര അതിശയകരമായിരുന്നു, അത്ഭുതാവഹമായിരുന്നു. അതുകൊണ്ട് നമ്മുടെ സുവിശേഷ ഘോഷണവും ഈ നിലയിൽ മാറ്റത്തിനു വിധേയമാകേണ്ട ആവശ്യമുണ്ട്.
മാനസാന്തരം വചനത്തിന്റെ കേൾവിയാൽ വരുന്നതാണ്, അതു ഹൃദയത്തിലാണ് ആരംഭിക്കുന്നത്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലാണ് ഇത് യാഥാർത്ഥ്യമായി തീരുന്നത്. അതു വരുന്നത് സുവിശേഷത്തിലൂടെയാണ്. അല്ലെങ്കിൽ കർത്താവായ യേശുക്രിസ്തുവിന്റെ കാല്വരിയിലെ മരണവും അടക്കവും പുനരുത്ഥാനവുമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. ഹൃദയത്തിന്റെ രൂപാന്തരം കൂടാതെ, മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നത്തിനു ഒരു പരിഹാരമാർഗ്ഗവും ദൈവം വെച്ചിട്ടില്ല. അത് Moralism ആകട്ടെ, ലീഗലിസം ആകട്ടെ, pietism ആകട്ടെ ഒന്നും മനുഷ്യന്റെ പ്രശ്നത്തിനു പരിഹാരമല്ല. അതുകൊണ്ട് കർത്താവിന്റെ കാൽവരി മരണത്തിലേക്കും അതു നൽകുന്ന സുവിശേഷത്തിലേക്കും ഒരു മടങ്ങിവരവ് ക്രിസ്തീയതക്ക് അനിർവാര്യമാണ്.
b) മാനസാന്തരപ്പെടുന്നില്ലെങ്കിൽ നശിക്കുക.
മാനസാന്തരപ്പെടുക എന്നതാണ് ഒന്നാമത്തെ ഓപ്ഷൻ എങ്കിൽ രണ്ടാമത്തെ ഓപ്ഷൻ "നശിക്കുക" എന്നതാണ്. പശ്ചാത്തപിക്കാൻ മനസ്സില്ലാത്തവർക്ക് അവശേഷിക്കുന്ന ഒരേയൊരു ഓപ്ഷൻ നശിക്കുക എന്നതാണ്.
ഒരു ബൈബിൾ വ്യാഖ്യാതാവ് വിശദീകരിക്കുന്നതിപ്രകാരമാണ്: “നശിക്കുക എന്നാൽ ദൈവത്തിൽ നിന്ന് എന്നെന്നേക്കുമായി ബഹിഷ്‌കരിക്കപ്പെടുകയും പിശാചുക്കളാലും നശിച്ച ആത്മാക്കളാലും ബന്ധിതനായി തീരുകയും ചെയ്യുക. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സ്വർഗത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും നരകത്തിൽ ഒതുങ്ങുകയും ചെയ്യുക. അങ്ങനെയുള്ളവർ ദൈവത്തിന്റെ ആനന്ദ നദിയിൽ നിന്ന് കുടിക്കുവാൻ അനുവദിക്കാതെ, അഗ്നി തടാകത്തിലേക്ക് എറിയപ്പെടുന്നു. അന്ധകാരത്തിലേക്കും ശാശ്വതമായ കഷ്ടതയിലേക്കും തള്ളപ്പെടുക എന്നതാണ് നശിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇനി മാനസാന്തരം നമ്മിൽ യാഥാർത്ഥ്യമാക്കി തീർക്കുന്നത് സുവിശേഷത്തിലുടെയാണ്. അപ്പൊസ്തലനായ പത്രോസിന്റെ സുവിശേഷപ്രസംഗമാണ് മുവായിരം പേരുടെ രക്ഷക്കു കാരണമായി തീർന്നത് എന്ന് അപ്പോസ്തല പ്രവൃത്തികളുടെ പുസ്തകം രണ്ടാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. അങ്ങനെയെങ്കിൽ എന്താണ് സുവിശേഷം? അതു നമ്മുടെ മൂന്നാമത്തെ പോയിന്റിലേക്കു നമ്മേ നയിക്കുന്നു.
3. സുവിശേഷം വിശ്വസിക്കുക
മനുഷ്യർക്കു പെട്ടെന്ന് നാശം വന്നു ഭവിക്കുന്നതു നാം കണ്ടു. അത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഒരുവൻ എപ്പോഴാണ് മരിക്കുന്നത് എന്ന് ആർക്കും പറയാൻ സാധിക്കയില്ല. എന്നാൽ ഈ നാശത്തിൽ നീന്നും രക്ഷ പ്രാപിപ്പാൻ നമുക്കു സാധിക്കും. അതിനു ബൈബിൾ വെച്ചിരിക്കുന്ന ഏക മാർഗ്ഗം സുവിശേഷം വിശ്വസിക്കുക എന്നതാണ്. സുവിശേഷം വിശ്വസിക്കുക.
അപ്പോൾ എന്താണ് സുവിശേഷം? സുവിശേഷത്തെക്കുറിച്ചു വളരെ വ്യക്തമായി പറയുന്ന ഒരു വേദഭാഗം നമുക്കു നോക്കാം.
1 കൊരിന്ത്യർ 15:1-5 "1എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നിൽക്കുന്നതും 2 നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു ഞാൻ നിങ്ങളെ ഓർപ്പിക്കുന്നു. 3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു 4 തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയർത്തെഴുനേറ്റു കേഫാവിന്നും 5 പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നെ നിങ്ങൾക്കു ആദ്യമായി ഏൽപ്പിച്ചുതന്നുവല്ലോ."
സുവിശേഷം എന്ന വാക്ക് അർത്ഥമാക്കുന്നത് "നല്ല വാർത്ത" എന്നാണ്. ഇതു മനുഷ്യനെ തന്റെ പാപത്തിന്റെ ശിക്ഷയിൽ നിന്നു വിടുവിക്കുന്ന ദൈവ ശക്തിയാണ്. Walter Elwell, എന്ന വേദപണ്ഡിതൻ ഈ നല്ല വാർത്ത എന്തിനെക്കുറിച്ചാണെന്ന് വ്യക്തമാക്കുന്നുണ്ട്: "പാപത്താൽ അടിമപ്പെട്ട മനുഷ്യനുവേണ്ടി ക്രിസ്തുയേശുവിൽ ദൈവം നടത്തിയ വീണ്ടെടുപ്പു പ്രവർത്തനത്തിന്റെ സന്തോഷകരമായ പ്രഖ്യാപനമാണ് സുവിശേഷം."
സുവിശേഷത്തിന്റെ പ്രാധാന്യം നിസ്തുല്യമാണ്. വാസ്‌തവത്തിൽ, മുഴുവൻ ബൈബിളിന്റെയും കേന്ദ്രീയ ആശയവും ബൈബിൾ എഴുത്തുകാർ ലോകത്തോട് പ്രഖ്യാപിച്ചതുമായ സന്ദേശമാണിത്. യേശുവിന്റെ മരണപുനരുത്ഥാനത്തിനുശേഷം അപ്പോസ്തലന്മാർ പ്രസംഗിച്ച സുവിശേഷമാണ് അപ്പോസ്തലനായ പൗലോസ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു ക്രിസ്തു കേന്ദ്രീകൃതവും യേശുവിന്റെ മരണപുനരുത്ഥാനത്തിൽ അടിസ്ഥാനപ്പെട്ടതുമാണ്. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി കാല്വരി ക്രൂശിൽ മരിച്ചു അടക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുനേറ്റു എന്നതാണ് അതിന്റെ കാതൽ. മനുഷ്യന്റെ പാപത്തിനെതിരേയുള്ള ദൈവകോപത്തെ ശമിപ്പിപ്പാൻ വേണ്ടിയാണ് ക്രിസ്തു ഈ നിലയിൽ മരിച്ചത്. ആകയാൽ ഇതൊരു ചരിത്ര സംഭവവും ദൈവകോപ ശമനത്തിനുള്ള ഒരു യാഗവുമാണ്. ഈ സുവിശേഷം വിശ്വസിക്കുന്നവർ ദൈവത്തിന്റെ ശിക്ഷാവിധിയിൽ നിന്നു രക്ഷ പ്രാപിക്കുന്നു. ദൈവസ്നേഹത്തിന്റെ എറ്റവും വലിയ നിദർശനമാണിത്. കാരണം, ദൈവം മനുഷ്യവർഗ്ഗത്തെ സ്നേഹിച്ചതിനാൽ മനുഷ്യൻ അനുഭവിക്കേണ്ട മരണശിക്ഷ സ്വന്തം പുത്രൻ ഏറ്റുവാങ്ങി തന്നിൽ വിശ്വാസമർപ്പിക്കുന്നവരെ നരകത്തിൽ നിന്നു രക്ഷിക്കുന്നു.
സുവിശേഷത്തിനു ഒരു വേദശാത്രി നൽകിയിരിക്കുന്ന ഒരു നിർവ്വചനം ഇപ്രകാരമാണ്: "The gospel is the perfect life, atoning death, and resurrection of Jesus- which is the power of God unto salvation for everyone who believes." "കർത്താവായ യേശുവിന്റെ പരിപൂർണ്ണമായ ജീവിതത്തേയും, പ്രായശ്ചിത്ത മരണത്തേയും പുനരുത്ഥാനത്തേയും കുറിച്ചുള്ള വാർത്ത വിശ്വസിക്കുന്ന ഏതൊരു വ്യക്തിയേയും രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ് സുവിശേഷം."
യേശുവിന്റെ പെർഫെക്ടായ ജീവിതവും പാപ പരിഹാരമരണവും ഉയർത്തെഴുന്നേൽപ്പുമാണ് സുവിശേഷത്തിന്റെ കാതൽ. അതിനെക്കുറിച്ചുള്ള പ്രഘോഷണമാണ്, പ്രഖ്യാപനമാണ് സുവിശേഷം. ഈ സുവിശേഷം വിശ്വസിക്കുന്ന ഏവരേയും ദൈവം തന്റെ കരുണയിൽ പാപത്തിന്റെ ശിക്ഷയിൽ നിന്നു വിടുവിക്കുന്നു. സുവിശേഷം ശ്രവിക്കുന്നവർ തങ്ങളുടെ പാപത്തെ ഓർത്ത് മാനസാന്തരപ്പെടുകയും കർത്താവായ യേശുക്രിസ്തുവിൽ തങ്ങളുടെ ആശ്രയം വക്കുകയും ചെയ്യുന്നു. സുവിശേഷത്തിലുള്ള ഈ വിശ്വാസം ആ വക്തിയുടെ രക്ഷക്ക് മുഖാന്തിരമായ ദൈവശക്തിയായി പ്രവർത്തിക്കുന്നു.
മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെലവും ഈ കാര്യത്തിൽ ഇല്ലെങ്കിലും ദൈവത്തിനു ഈ വിഷയത്തിൽ വലിയ ഒരു ചിലവ് ചെയ്യേണ്ടി വന്നു. ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് അയച്ചു. അവൻ മനുഷ്യനായി ഈ ഭൂമിയിൽ ജഡമെടുത്തു. യാതൊരു പാപവും ചെയ്യാതെ ഈ ഭൂമിയിൽ ജീവിച്ചു. തന്റെ ജീവിതം പെർഫെക്ടും മരണം പ്രായശ്ചിത്തയാഗമായതുകൊണ്ടാണ് ദൈവസന്നിധിയിൽ യേശുവിന്റെ യാഗം സ്വീകാര്യമായി തീർന്നത്. അതിന്റെ തെളിവാണ് യേശുവിന്റെ മരണത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പ്. ഈ സുവിശേഷം സ്വീകരിക്കുന്നവർ മരിച്ചാലും കർത്താവിന്റെ വരവിങ്കൽ ഒരു തേജസ്ക്കരിക്കപ്പെട്ട ശരീരത്തോടെ ഉയർത്തെഴുന്നേൽക്കും. ഇതാണ് രക്ഷ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു വിശ്വാസി മരിക്കുകയല്ല, കേവലം നിദ്ര പ്രാപിക്കയാണ് ചെയ്യുന്നത്. കർത്താവായ യേശുക്രിസ്തുര ഉയർത്തെഴുനേറ്റു സ്വർഗ്ഗത്തിലേക്കു കരേറി പോയതുപോലെ അവൻ തന്നിൽ വിശ്വസിക്കുന്നവരെ തന്നോടു ചേർക്കുവാൻ വീണ്ടും വരും. അന്ന് കർത്താവിൽ നിദ്രകൊണ്ടവർ തേജസ്ക്കരിക്കപ്പെട്ട ശരീരത്തോടെ ഉയർത്തെഴുന്നേൽക്കും. ഇതാണ് ഈ ഭൂമിയിലെ നാശത്തിൽ രക്ഷപ്രാപിപ്പാനുള്ള ഏക മാർഗ്ഗം. ഇതാണ് കർത്താവ് പറഞ്ഞത് മാനസാന്തരപ്പെടുന്നില്ല എങ്കിൽ നിങ്ങളും ഇങ്ങനെ നശിച്ചുപോകും എന്നു പറഞ്ഞത്. ഇത് എത്രയൊ പ്രത്യാശ നൽകുന്ന കാര്യമാണ്. മാത്രവുമല്ല. ഈ ജീവിതത്തിലെ ഏതൊരു കഷ്ടതയും സന്തോഷത്തോടെ നേരിടാൻ ഈ പ്രത്യാശ ഒരുവനെ പ്രാപ്തിപ്പെടുത്തുന്നു.
അതുകൊണ്ട് ഇങ്ങനെയുള്ള ദുരന്തങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ മരിച്ചാൽ, നിങ്ങൾ എവിടെ ആയിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടോ? നിങ്ങൾ മാനസാന്തരപ്പെട്ടു കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടോ? നിങ്ങൾ മാനസാന്തരപ്പെടുന്നില്ലെങ്കിൽ നിങ്ങൾ എല്ലാവരും അതുപോലെ നശിച്ചുപോകും.
ഉപസംഹാരം
ഒരു തിരഞ്ഞെടുപ്പ് നടത്താൻ കർത്താവ് നിങ്ങളെ നിർബന്ധിക്കുന്നു. പശ്ചാത്തപിക്കുക അല്ലെങ്കിൽ നശിക്കുക.
കാലതാമസം പാടില്ല. മാനസാന്തരം നീട്ടിവെക്കാൻ നിങ്ങൾ ധൈര്യപ്പെടരുത്. റോമൻ വാളുകളാൽ കൊല്ലപ്പെട്ട ഗലീലിയക്കാരും ശീലോഹാ ഗോപുരം വീണു മരിച്ചവരും തങ്ങൾ എപ്പോൾ മരിക്കുമെന്ന് അറിഞ്ഞിരുന്നില്ല. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് അവരുടെ ജീവിതത്തിൽ ഇതു വന്നു ഭവിച്ചത്. അതുപോലെ കൊറോണ മഹാമാരിയിൽ നിന്നു രക്ഷനേടാൻ രക്ഷാദൗത്യത്തിൽ കോഴിക്കോടു വിമാനത്താവളത്തിൽ വന്നിറങ്ങിയവർ ഒരിക്കലും ചിന്തിച്ചിരിക്കുന്നില്ല, അവിടെ തങ്ങളെ കാത്തിരിക്കുന്നത് മരണമാണ് എന്ന്. അതല്ലെങ്കിൽ നിർഭയമായി ജീവിച്ചിരുന്ന ഒരുകൂട്ടം യുക്രേനിയൻ ജനങ്ങൾ ഒരു സുപ്രഭാതത്തിൽ റഷ്യയുടെ അതി ഭീകരമായ ആക്രമണമുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യുക്രേനിയൻ പട്ടാളക്കാർ മാത്രമല്ല, അവിടെയുള്ള കുഞ്ഞുങ്ങൾ ഉൾപ്പടെ അനേകം സാധാരണ ജനങ്ങൾ മരിച്ചു. മരിച്ചവരുടെ കൂട്ടത്തിൽ റഷ്യയുടെ നല്ല ഒരു ശതമാനം പട്ടാളക്കാരും ഉൾപ്പെടുന്നു. ആക്രമിക്കുന്നവനായാലും ആക്രമിക്കപ്പെടുന്നവരായാലും മരണം ഒരു പോലെ ഏവരേയും കാത്തിരിക്കുന്നു. ചിലരെ മരണം പെട്ടെന്ന് പിടിക്കുന്നു. മറ്റു ചിലർക്ക് താമസിച്ചും ഉണ്ടാകുന്നു. കേവലം ചില സമയത്തിന്റെ വ്യത്യാസം മാത്രം എന്ന വ്യത്യാസമേയുള്ളു.
അതുകൊണ്ട് മാനസാന്തരം നിങ്ങൾ ഒരു കാരണവശാലും നീട്ടി വെക്കരുത്. അതു നിങ്ങളുടെ നിത്യനാശത്തിൽ കലാശിക്കും എന്നോർക്കുക. ആകയാൽ കർത്താവായ യേശുവിന്റെ അടുക്കലേക്കു വരിക. നിങ്ങളുടെ പാപങ്ങൾ കർത്താവിനോടു ഏറ്റു പറയുക. സുവിശേഷം വിശ്വസിക്കുക. കർത്താവിലേക്ക് തിരിയുക. യഹോവ കൃപയും കരുണയും ഉള്ളവനും ദീർഘക്ഷമയുള്ളവനും അചഞ്ചലമായ സ്‌നേഹത്താൽ നിറഞ്ഞവനുമാകുന്നു. അവൻ നിങ്ങളുടെ പാപങ്ങളെ ക്ഷമിച്ച് നിത്യജീവൻ ദാനമായി നൽകും. അങ്ങനെ നിത്യനാശത്തിൽ നിന്നു നിങ്ങളെത്തന്നെ രക്ഷിക്കുക. അതിനു സർവ്വശക്തനായ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ എന്റെ വാക്കുകളെ ഞാൻ ചുരുക്കുന്നു.
*******
Gospel & Acts Sermon Series_11