
നിത്യജീവൻ

P M Mathew
29-07-2018
The story of Zacchaeus becoming the real Zacchaeus
സക്കായി യഥാർത്ഥ സക്കായിയായിത്തീർന്ന കഥ.
ആമുഖം
ബൈബിളിലെ സക്കായിയുടെ കഥ പലർക്കുംതന്നെ സുപരിചിതമായ കഥയാണ്. യിസ്രായേൽ ജനം വളരെ അറപ്പോടും വെറുപ്പോടും കൂടെ കണ്ടിരുന്ന ഒരു ഗണം ആൾക്കാരായിരുന്നു. റോമാ ഗവണ്മെന്റിനുവേണ്ടി ചുങ്കം പിരിവു നടത്തിയിരുന്ന ഈ കൂട്ടർ. അവരെ സമൂഹം വളരെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്. അവർക്കു ദേവാലയത്തിൽ വരാനൊ ദൈവത്തെ ആരാധിക്കാനൊ അനുവാദമില്ലായിരുന്നു. അവരുമായി സംസംർഗ്ഗം പുലർത്തുന്നവരെ പ്പോലും യിസ്രായേൽ നേതൃത്വം പാപികളായി കണ്ടിരുന്നു. അങ്ങനെയുള്ള ഒരു പാപിയെ തേടി യേശു യെരീഹോയിലെത്തുന്നതും അവൻ യേശുവിനെ തങ്ങളുടെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതുമായ കഥയാണ് ലൂക്കോസിന്റെ സുവിശേഷം 19-ആം അദ്ധ്യായം അതിന്റെ 1-10 വരെ വാക്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്. അതിലേക്കു നിങ്ങളുടെ ഏവരുടേയും ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നു.
ലൂക്കൊസ് 19:1-10
"അവൻ യെരീഹോയിലെത്തി കടന്നുപോകുമ്പോൾ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളൊരു പുരുഷൻ, യേശു എങ്ങനെയുള്ളവൻ എന്ന് കാണ്മാൻ ശ്രമിച്ചു. വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല. എന്നാറെ അവൻ മുൻപോട്ടോടി അവനെ കാണേണ്ടതിനു ഒരു കാട്ടത്തിമേൽ മേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു. അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: "സക്കായിയെ വേഗം ഇറങ്ങി വാ; ഞാൻ ഇന്ന് നിന്റെ വീട്ടിൽ പോകേണ്ടതാകുന്നു എന്നു അവനോട് പറഞ്ഞു. അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു. കണ്ടവർ എല്ലാം: അവന് പാപിയായോരു മനുഷൃനോടുകൂടെ പാർപ്പാൻപോയി എന്നു പറഞ്ഞു പിറുപിറുത്തു. സക്കായി നിന്ന് കർത്താവിനോട്: കർത്താവേ, എന്റെ വസ്തു വകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ട്; വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കിൽ നാല് മടങ്ങി മടക്കി കൊടുക്കുന്നു എന്ന് പറഞ്ഞു. യേശു അവനോട്: "ഇവനും അബ്രഹാമിന്റെ മകൻ ആകയാൽ ഈ വീട്ടിനു രക്ഷ വന്നു. കാണാതെ പോയതിനെ തിരഞ്ഞ് രക്ഷിപ്പാൻ അല്ലോ മനുഷ്യ പുത്രൻ വന്നതു" എന്ന് പറഞ്ഞു."
ചരിത്രപശ്ചാത്തലം
യെരീഹൊ പട്ടണം വളരെ തന്ത്രപ്രധാനമായ സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. വടക്കുള്ള ദമാസ്ക്കസ്സിനേയും തെക്കുള്ള ഈജീപ്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ബിസിനസ് സംബന്ധമായി വളരെ പ്രാധാന്യമുള്ള ഒന്നായിരുന്നു. ധാരാളം ചരക്കുകൾ ഈ വഴിയിലൂടെ കടന്നു പോയിരുന്നതിനാൽ ടാക്സ് പിരിവും വളരെ നന്നായി നടന്നിരുന്നു. അങ്ങനെ സമ്പന്നമായ ഈ പട്ടണത്തിൽ ജനിച്ച സക്കായിക്കും ഒരു ധനികനായി തീരണം എന്ന് ആഗ്രഹിച്ചതു സ്വഭാവികം മാത്രം. ഏതായാലും താൻ അതിനു കണ്ടുപിടിച്ച വഴി, റോമാ ഗവണ്മെന്റിന്റെ ടാക്സ് പിരിക്കുന്ന ജോലി ലേലത്തിൽ പിടിക്കുക എന്നതായിരുന്നു. അങ്ങനെ നല്ല ഒരു തുകക്ക് ആ തൊഴിൽ ലേലത്തിൽ പടിച്ചു. അങ്ങനെ യെഹൂദന്മാർ വെറുക്കുന്ന, റോമാ ഗവണ്മെന്റിന്റെ ഒരു ടാക്സ് പിരിവുകാരനായി സക്കായി തീർന്നു. പരീശന്മാരെയും ശാസ്ത്രിമാരേയും സംബന്ധിച്ചിടത്തൊളം ഈ തൊഴിൽ വളരെ നികൃഷ്ടമായ തൊഴിലാണ്. എങ്കിൽ കൂടി സക്കായി അതൊന്നും ഗൗനിക്കാതെ ആ തൊഴിലിൽ ഏർപ്പെട്ടു. അതുകൊണ്ട് അവനെ പുറജാതിക്കാരനും, സാമൂഹിക ജീവിതത്തിൽ നിന്ന് ഒറ്റപ്പെട്ടവനും, ദേവാലയത്തിൽ ചെല്ലുമ്പോൾ ജാതികളായ ആൾക്കാർക്കുള്ള പ്രാകാരങ്ങളിൽ നിൽക്കേണ്ടവനായും വന്നു. ഇതൊക്കെയാണെങ്കിലും താൻ വളരെ അദ്ധ്വാനിച്ച് കരം പിരിക്കുന്നവരുടെ ഒരു പ്രമാണിയായി തീർന്നു. ഇന്നത്തെ നിലയിൽ ഒരു ഇങ്കം ടാക്സ് കമ്മീഷണർ. ചുങ്കക്കാരിൽ പ്രമാണി എന്ന് സക്കായിയെ കുറിച്ചു മാത്രമെ ബൈബിളിൽ പരാമർശമുള്ളു.
1. യഥാർത്ഥ സന്തോഷം വിശുദ്ധിയിൽ നിന്നാണ് വരുന്നത്
ഒരു ധനവാനായി തീരണം എന്ന തന്റെ അഭിലാഷം സക്കായി പുർത്തീകരിച്ചു. ആളുകൾ അപ്പോഴും, തന്റെ പ്രകൃതിക്കു വിരുദ്ധമായി, തന്നെ സക്കേവൂസ്-നിഷ്ക്കളങ്കൻ എന്നു വിളിച്ചുകൊണ്ടിരുന്നു. ധനവാനായിരുന്നിട്ടും താൻ തന്റെ പേരുപോലെ ഒരു നിർദ്ദോഷനൊ, നിഷക്കളങ്കനൊ, നീതിമാനൊ ആയിരുന്നില്ല. അതു കൊണ്ട് യഥാർത്ഥ സന്തോഷം അനുഭവിക്കാനും സാധിച്ചില്ല. കാരണം യഥാർത്ഥ സന്തോഷം വിശുദ്ധിയിൽ നിന്നാണ് വരുന്നത്. വിശുദ്ധിയില്ലാത്തവർക്കു സന്തോഷിക്കുവാൻ സാധിക്കയില്ല. പലരും ചിന്തിക്കുന്നത് കുറച്ചു പണമുണ്ടായാൽ സമാധാനമുണ്ടാകും സന്തോഷമുണ്ടാകും എന്നൊക്കെയാണ്. എന്നാൽ പണം സക്കായിയെ കൂടുതൽ ദുരിതപൂർണ്ണനാക്കി തീർക്കുകയാണ് ചെയ്തത്. തനിക്കു സമാധാനമില്ലായിരുന്നു, കാരണം താൻ റോമാഗവണ്മെന്റ് നിശ്ചയിച്ചതിനേക്കാൾ അധികം തുക തന്റെ സ്വജാതിക്കാരിൽ നിന്നും പിരിച്ചെടുക്കുകയും അധിക തുക താൻ പോക്കറ്റിലാക്കുകയും ചെയ്തിരുന്നതിനാൽ തന്റെ മനസ്സാക്ഷി തന്നെ എപ്പോഴും കുറ്റപ്പെടുത്തി കൊണ്ടിരുന്നു. മനസ്സാക്ഷിക്കുത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്ക് സന്തോഷിക്കുവാൻ കഴിയുകയില്ല.
അങ്ങനെ അസന്തുഷ്ടിയുള്ള ജീവിതം നയിച്ചു കൊണ്ടിരുന്നപ്പോഴാണ് താൻ ഒരു നല്ല വാർത്ത കേട്ടത്. നസ്രെത്തിലെ യേശു ആ വഴിക്കു വരുന്നു. ഈ റബ്ബി മറ്റുള്ളവരിൽ നിന്നൊക്കെ വ്യത്യസ്ഥനാണെന്ന് താൻ കേട്ടിരുന്നു. താൻ ചുങ്കക്കാരുടേയും പാപികളുടേയും സുഹൃത്താണെന്നുമൊക്കെ തനിക്കറിയാമായിരുന്നു. അതുമല്ല, യേശുവിന്റെ ശിഷ്യന്മാരിൽ തന്നെപ്പോലെ ചുങ്കം പിരിക്കുന്ന ഒരു ചുങ്കക്കാരൻ മത്തായിയും ഉണ്ടല്ലൊ. ഏതായാലും യേശു ഈ വഴി വരുന്നു. ഒന്നു കണ്ടു കളയാം എന്ന് സക്കായി നിരൂപിച്ചു. എന്നാൽ ഒരു പ്രശ്നം. വലിയ ജനക്കൂട്ടം. മാത്രവുമല്ല താനോ കുറിയവൻ, 5 അടിയിൽ താഴെ പൊക്കം. എങ്കിലും സക്കായിൽ എന്തോ സംഭവിച്ചുകൊണ്ടിരുന്നു. എങ്ങനേയും യേശുവിനെ ഒരു നോക്കുകാണണം. ദൈവത്തിന്റെ പരിശുദ്ധാത്മാവിൽ നിന്നുളവായ ഒരു ആഗ്രഹം. ആ ആഗ്രഹം സഫലമാകുവാനുള്ള വഴിയും താൻ കണ്ടെത്തി. “പിതാവ് ആകർഷിച്ചിട്ടല്ലാതെ ആരും പുത്രന്റെ അടുക്കൽ എത്തുന്നില്ല."
സക്കായി ജനക്കൂട്ടത്തിനു മുന്നമെ ഓടി ഒരു കാട്ടത്തി മരത്തിന്മേൽ കയറി അവിടെ ഇരുപ്പുറപ്പിച്ചു. താൻ കൊച്ചുകുട്ടിയൊന്നുമല്ല, ധനവാനാണ്, നല്ല ഭക്ഷണമൊക്കെ കഴിച്ച് നല്ല തടിയൊക്കെയുള്ള വ്യക്തി ആയിരിക്കാം. പിന്നെ വസ്ത്രവും മോശമായിരിക്കാൻ സാദ്ധ്യത കുറവാണ്, ഒരു ധനവാനു ചേർന്ന മാർദ്ദവമായ വസ്ത്രമൊക്കെ ആയിരിക്കാം താൻ ധരിച്ചിരുന്നത്. അന്നത്തെ കാലത്ത് ധനവാന്മാരും വിശിഷ്ടവസ്ത്രം ധരിച്ചവരും അങ്ങനെ ഒടുന്ന ഒരു രീതി ഇല്ലായിരുന്നു. എന്നാൽ ഈ അന്തസ്സ് ഒന്നുംതന്നെ ഇതിൽ നിന്നു പിന്തിരിപ്പിച്ചില്ല. ഒരു ബാലനെ പോലെ താനും ഓടി ഒരു കാട്ടത്തി മരത്തിൽ കയറി അതിന്റെ കൊമ്പിൽ ഇരുപ്പുറപ്പിച്ചു. ആളുകൾക്ക് ഇതൊരു നല്ല തമാശയായി തോന്നിയിരിക്കാം. പക്ഷെ സക്കേവൂസ് അതൊന്നും ഗൗനിച്ചില്ല, എങ്ങനേയും യേശുവിനെ കാണണം ആ ഒരൊറ്റ ചിന്തയെ തനിക്കുണ്ടായിരുന്നുള്ളു. പാപികളുടെ സ്നേഹിതനായ ഈ യേശുവിനെ ഒരു നോക്കു കാണണം.
യേശു സക്കായിയെ അന്വേഷിക്കുന്നു.
യേശു ഒരുപക്ഷെ സക്കായിയെ തേടിയായിരിക്കണം ഈ വഴി വന്നത്. പിതാവ് തനിക്കു ദാനമായി തന്നെ ഈ പാപിയെ രക്ഷിക്കുക എന്നതായിരുന്നിരിക്കണം തന്റെ ഈ വരവിന്റെ ലക്ഷ്യം. യോഹ 17:2, 6 “നീ അവന്നു നൽകീട്ടുള്ളവർക്കെല്ലാവർക്കുമവൻ നിത്യജീവനെ കൊടുക്കെണ്ടതിന്നു നീ സകല ജഡത്തിന്മേലു അവന്നു അധികാരം നൽകിയിരിക്കുന്നുവല്ലോ;” “നീ ലോകത്തിൽ നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവൻ നിനക്കുള്ളവൻ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.”
അതുകൊണ്ട് യേശു അതുവഴി വന്നത് സക്കായിയെ തേടിയാണ്, സക്കായി ഒരു വിശുദ്ധനായതുകൊണ്ടായിരുന്നില്ല, അവനെ പിതാവ് പുത്രന്റെ കയ്യിൽ രക്ഷിക്കുവാൻ ദാനമായി നൽകിയിരുന്നതു കൊണ്ടാണ്. ലോകസ്ഥാപനത്തിനു മുന്നമെ ദൈവം സക്കായിയെ സ്നേഹിച്ചു, അവന്റെ പേര് ജീവന്റെ പുസ്തകത്തിൽ എഴുതി. ഇപ്പോൾ യേശു അവനെ അന്വേഷിച്ചു വന്നിരിക്കുന്നു. നമ്മിലേക്ക് തിരിഞ്ഞു നോക്കുമ്പോഴും ഇതല്ലെ നമുക്കും പറയുവാൻ സാധിക്കു. അതു ദൈവത്തൊടുള്ള നന്ദിയിലേക്കും ദൈവത്തെ സ്നെഹിക്കുന്ന തിലേക്കു മല്ലേ നമ്മേ നയിക്കേണ്ടത്.
സക്കേവൂസിനറിയാമായിരുന്നു താൻ ശുദ്ധിയുള്ളവനൊ നീതിമാനൊ അല്ല എന്ന്. യെരീഹൊ പട്ടണത്തിലെ ഏറ്റവും വലിയ പാപി എന്ന് തനിക്കു തോന്നിയിരിക്കാം. ബൈബിൾ പറയുന്നു “പാപം പെരുകിയ സ്ഥാനത്ത് കൃപയും അത്യന്തം പെരുകി.” യേശുവിന്റെ ദൗത്യം ആത്മാവിൽ ദരിദ്രരെ രക്ഷിക്കുക എന്നതാണ്. യേശുവിനെ കൂടാതെ തന്നെത്തന്നെ രക്ഷിക്കുവാൻ സാധിക്കും എന്നു ചിന്തിക്കുന്നവർക്കു യേശുവിന്റെ സഹായം ഉണ്ടാവുകയില്ല. സക്കേവൂസ് ജന്മാനാ പാപിയായിരുന്നു. പ്രകൃതിയാൽ പാപിയായിരുന്നു. തന്റെ പ്രവൃത്തിയാലും അങ്ങനെ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ രക്ഷിക്കുവാൻ തനിക്കു തന്നെ സാധിക്കയില്ല എന്ന് അവൻ മനസ്സിലാക്കി. അതുകൊണ്ട് ദൈവം യേശു എന്ന രക്ഷകനെ അവന്റെ അടുക്കൽ അയച്ചു. “കാണാതെപോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു.” മാനസാന്തരപ്പെടുന്ന പാപിയെ പ്രതി സ്വർഗ്ഗത്തിൽ ഏറെ സന്തോഷം ഉണ്ടാകും. സക്കേവൂസിനും ആ സന്തോഷം ഉണ്ടായി.
2. യേശു നിങ്ങളെ വിളിക്കുന്നു
യേശു സക്കായി ഇരുന്ന മരത്തിനടിയിൽ എത്തിയപ്പോൾ മുകളിലേക്ക് നോക്കി. യേശു ആദ്യ നീക്കം നടത്തുന്നു. പിതാവ് സ്നേഹിച്ച, പിതാവ് ദാനമായി നൽകിയ സക്കേവൂസിനെ യേശു കാണുന്നു. ഇറങ്ങിവരാൻ ആവസ്യപ്പെടുന്നു. യേശു നിത്യനായ ദൈവത്തിന്റെ നിത്യനായ പുത്രനാണ്. അതുകൊണ്ട് താൻ കൽപ്പന പുറപ്പെടുവിക്കുന്നു. താൻ തന്നെത്തന്നെ സക്കായിയുടെ ഒരു ഗ്സ്റ്റ് ആയി ഒരു ഓഫറും മുന്നോട്ടു വെക്കുന്നു. സക്കായിയൊടു കുടെ വസിക്കുവാൻ താൻ തായ്യാറാകുന്നു. യോഹന്നാൻ 4 ൽ കിണറ്റിൻ കരയിൽ വെച്ച് ശമര്യ സ്ത്രീയ്ക്കു സംഭവിച്ചതും ഇതു തന്നെയായിരുന്നു. യേശുവിനെ വേണ്ടവർക്ക് യേശു എപ്പോഴും സമീപസ്തനാണ്. അവൻ അങ്ങനെയുള്ള വരെ കാണുകയും വിളിക്കുകയും തന്റെ സാന്നിദ്ധ്യം ദാനമായി നൽകുകയും ചെയ്യുന്നു. നാം യേശുവിനെ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതാണ് ചോദ്യം?
എങ്ങനെയാണ് യേശു സക്കായിയുടെ പേര് അറിഞ്ഞത്? യേശു സക്കായിയെയും സൃഷ്ടച്ച ദൈവമാണ്. നക്ഷത്രങ്ങളെ പേരു ചൊല്ലി വിളിക്കുന്ന ദൈവം (സങ്കീ 147:4) യോഹ 10:3 ൽ “തന്റെ ആടുകളെ അവൻ പെർ ചൊല്ലി വിളിച്ചു പുറത്തുകൊണ്ടു പോകുന്നു.” “നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു; ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു. നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പോസ് നിന്നെ വിളിക്കും മുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു യേശൂ ഉത്തരം പറഞ്ഞു” (യോഹ 1:47-48). യേശു എല്ലാം അറിയുന്നു : നിങ്ങളുടെ പേര്, നിങ്ങൾ ഒളിച്ചിരിക്കുന്ന സ്ഥലം, നിങ്ങളുടെ പ്രശ്നങ്ങൾ, നിങ്ങളുടെ ഹൃദയവിചാരങ്ങൾ.
യേശൂ സക്കേവൂസിനെ രക്ഷിക്കുന്നു.
“അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: "സക്കായിയെ വേഗം ഇറങ്ങി വാ; ഞാൻ ഇന്ന് നിന്റെ വീട്ടിൽ പോകേണ്ടതാകുന്നു എന്നു അവനോട് പറഞ്ഞു.” സക്കേവൂസ് തിടുക്കത്തിൽ ഇറങ്ങിവരുന്നു, യേശുവിനെ ഭവനത്തിൽ കൈക്കൊള്ളുന്നു. യേശു അവനോട് സുവിശേഷം പങ്കുവെക്കുന്നു. അത് ഇവിടെ പറയുന്നില്ലെങ്കിലും അതാണ് ഒരു രീതി. അതു മനസ്സിലാകണമെങ്കിൽ ലുക്കോസ് 10 ;5 ൽ ശിഷ്യന്മാരെ പരിശീലിപ്പിക്കുന്നത് ഏതു നിലയിലാണ് എന്നു നോക്കിയാൽ മതി. “അനന്തരം കർത്താവ് വേറെ എഴുപതുപേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരൊ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കുമുമ്പായി ഈരണ്ടായി അയച്ചു. ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ. അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ട് ആ വീട്ടിൽ തന്നെ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു. അതിലെ രോഗികളെ ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചു വന്നിരിക്കുന്നു എന്നു അവരോടു പറവിൻ.” ഇതായിരുന്നു യേശുവിന്റെ രീതി.
യേശു ഇവിടേയും അതു തന്നെ ചെയ്തുകാണുമെന്ന് അനുമാനിക്കാം. സക്കേവൂസിനോടു കൂടെ ഭക്ഷണം കഴിച്ച, സക്കേവൂസിനെ സ്നേഹിച്ച, യേശുവിന്റെ കൃപാപൂർവ്വമായ വാക്കുകൾ സക്കായി ശ്രദ്ധയോടെ ശ്രവിച്ചു. യേശു സുവിശേഷത്തോടുള്ള അവന്റെ പ്രതികരണത്തെ കുറിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഇന്നു ഈ വീട്ടിനു രക്ഷ വന്നു;” “ഇന്ന്” എന്നത് വളരെ പ്രാധാന്യ മർഹിക്കുന്ന ഒരു വാക്കാണ്. യേശു ക്രൂശിലെ കള്ളനോടു പറഞ്ഞു നീ ഇന്ന് എന്നോടുകുടെ പറുദീസയിൽ ഇരിക്കും. ഹെബ്രാ 3: 8 “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽ വെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.” സക്കായിയുടെ ഇന്ന് എന്ന ദിവസമായിരുന്നു അത്. കർത്താവിന്റെ വചനത്തിനു നിങ്ങൾ ഇന്ന് ചെവി ചായ്ക്കുമൊ?
സക്കായിയുടെ യേശുവിനോടുള്ള പ്രതികരണം ഈ നിലയിൽ ആയിരുന്നു എങ്കിൽ തങ്ങളെ തന്നെ നീതിമാന്മാരെന്നും, വിശുദ്ധരെന്നും തങ്ങൾക്ക് യേശുവിനെക്കൊണ്ട് ആവശ്യമില്ല എന്നു കരുതിയ പരീശന്മാരുടേയും ശാസ്ത്രിമാരുടേയും പ്രതികരണം എങ്ങനെ ആയിരുന്നു എന്നു നോക്കുക ;” കണ്ടവർ എല്ലാം: അവന് പാപിയായോരു മനുഷൃനോടുകൂടെ പാർപ്പാൻപോയി എന്നു പറഞ്ഞു പിറുപിറുത്തു.” എന്നാൽ യേശുവിന്റെ വചനം സക്കായിയുടെ ഹൃദയത്തെ മാർദ്ദവമുള്ളതാക്കി. ഇറങ്ങിവരാനുള്ള യേശുവിന്റെ ആഹ്വാനത്തിനു താൻ ചെവികൊടുത്തു. ഒരു വലിയ വ്യത്യാസം അവനിൽ സംഭവിക്കുന്നു. യേശു അന്ധന്റെ അന്ധതമാറ്റിയതുപോലെ (18:42) സക്കായിയുടെ ഹൃദയവും തുറന്നു. പാപികളിൽ പാപിയായ, യേശുവിനെ ആവശ്യമാണ് എന്ന് ബോദ്ധ്യപ്പെട്ട, നഷ്ടപ്പെട്ട മനുഷ്യനെ യേശു രക്ഷിക്കുന്നു. യേശു ഇന്ന് എന്നോടൂം നിങ്ങളോടുംകൂടെ ഉള്ള കൂട്ടായ്മ ഇഷ്ടപ്പെടുന്നു. സ്വയ- നീതിമാന്മാരായ പരിശന്മാരെ പോലെ നാം ഹൃദയം കഠിനമാക്കുന്നുവെങ്കിൽ, നമ്മുടെ ഹൃദയം എന്നു ഇരുളടഞ്ഞു തന്നെ ഇരിക്കും. സക്കായിയുടെ വിളി മുകളിൽ നിന്നു വന്നതും നിത്യജീവൻ നൽകുന്നതുമായ വിളി ആയിരുന്നു. പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു.
3. യേശു തന്റെ സന്നിധിയിലേക്കും തന്റെ ശുശ്രൂഷയിലേക്കും നിങ്ങളെ വിളിക്കുന്നു
ഇനി യേശുവിന്റെ വിളിയുടെ ചില പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നമുക്കു നോക്കാം. ഫലവത്തായ വിളി എന്നത് ദൈവവചനത്തിൽ കാണുന്ന ഒരു യാഥാർത്ഥ്യമാണ്. മഹാനായ സ്പർജ്ജൻ ഫലവത്തായ വിളിയുടെ 7 സവിശേഷതകളെ ക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഞാൻ നിങ്ങളുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു. യേശുവിന്റെ വിളി:
1. വ്യക്തിപരമായ വിളി ആയിരുന്നു. ഒരു പക്ഷെ ആ മരത്തിൽ മറ്റു പലരും സ്ഥാനം പിടിച്ചിട്ടുണ്ടാകാം. അതിൽ നിന്നു സക്കായിയെ മാത്രമാണീ കർത്താവ് വിളിക്കുന്നത്.
2. യേശു സക്കായിയെ പേർ ചൊല്ലി വിളിക്കുന്നു. ഇറങ്ങിവരുവാൻ ആവശ്യപ്പെടുന്നു. നിരസിക്കുവാൻ കഴിയാത്ത വിളിയാണത്.
3. തന്റെ ഹൃദയത്തെ സോഫ്റ്റ് ആക്കുന്ന വിളിയായിരുന്നു. ഹൃദയകാഠിന്യത്താൽ അജ്ഞതയും അന്ധതയും ബാധിച്ചവർ ജീവനിൽ നിന്ന് അകന്നവരാണ് (എഫെ 4:17-18). അതൊക്കേയും നീക്കി ഹൃദയത്തെ വളരെ മാർദ്ദവമുള്ളതാക്കി തീർക്കുന്ന ഒരു വിളിയാണ് യേശുവിന്റെ വിളി.
4. തിടുക്കത്തിൽ പ്രതികരിക്കുവാനുള്ള വിളിയായിരുന്നു. സക്കായി മരത്തിൽ നിന്നു തിടുക്കത്തിൽ ഇറങ്ങിവരുന്നു.
5. താഴ്മ ധരിക്കാനുള്ള വിളിയായിരുന്നു. പരീശന്മാരെപ്പോലെ തങ്ങൾക്ക് യേശുവിനെക്കൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമില്ല എന്ന് സക്കായി ചിന്തിച്ചില്ല. താൻ തന്നെത്തന്നെ താഴ്ത്തി.
6. സ്നേഹത്തോടെയുള്ള വിളിയായിരുന്നു. ഇന്നു ഞാൻ നിന്നോടുകൂടെ പാർക്കേണ്ടതാകുന്നു.
7. കൂടെ വസിക്കുവാനുള്ള വിളിയായിരുന്നു. യേശു അവനോടും അവൻ യേശുവിനോടും കൂടെ വസിക്കുവാനുള്ള ഒരു വിളി ആയിരുന്നു.
8. തന്റെ വിളി ഫലം പുറപ്പെടുവിക്കുന്ന വിളിയായിരുന്നു. സ്ക്കായിയിൽ വന്ന രുപാന്തരം 180 ഡിഗ്രി ടേണിംഗായിരുന്നു. താൻ തന്റെ വീടു തുറന്നുകൊടുത്തു, തന്റെ മേശ യേശുവിനായി ഒരുക്കി, തന്റെ കൈ കഴുകുന്നു, ഒത്തൊരുമിച്ചു ഭക്ഷണം കഴിക്കുന്നു, തന്റെ ഹൃദയം തുറക്കപ്പെടുന്നു. തന്റെ ഹൃദയം വിശാലമാക്കപ്പെടുന്നു. തന്റെ മനസ്സാക്ഷി ശുദ്ധമാക്കപ്പെടുന്നു. എല്ലാത്തിലും ഉപരി ഹൃദയത്തിൽ സന്തോഷം. തന്റെ മനസ്സാക്ഷിക്കുത്ത് എന്നേക്കുമായി നീങ്ങി. കർത്താവിന്റെ നീതി അവന്മേൽ കണക്കിട്ടപ്പോൾ തന്റെ അശുദ്ധി നീങ്ങി. തന്റെ ഹൃദയം സ്പടിക തുല്യം നിർമ്മലമായി തീർന്നു, അതിന്റെ സന്തോഷം അവന്റെ മുഖത്ത് ദൃശ്യമായി. “കർത്താവേ, എന്റെ വസ്തു വകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ട്; വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കിൽ നാല് മടങ്ങി മടക്കി കൊടുക്കുന്നു എന്ന് പറഞ്ഞു.” സക്കായിയുടെ മാനസാന്തരം ശരിയായ മാനസാന്തരമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവും കൂടിയാണ് 8-നാം വാക്യം.
നാം യേശുവിനോടുകൂടെ വസിക്കുമ്പോൾ നമ്മിലും പല മാറ്റങ്ങൾ സംഭവിക്കുന്നു. യേശുക്രിസ്തുവിനോടൂ കുടെ സമയം ചിലവഴിച്ചിട്ട് ഒരുമാറ്റവും സംഭവിക്കാതിരിക്കുന്നത് അസംഭവ്യമായ സംഗതിയാണ്.
എന്നാൽ ഇങ്ങനെയൊരു വിളി ഇല്ലാതിരുന്ന ധനവാനായ യുവപ്രമാണിയോട് കർത്താവ് 18:22 ൽ പറഞ്ഞു “യേശു: ഇനി ഒരുകുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.” എന്നാൽ അവന്റെ പ്രതികരണം എപ്രകാരമായിരുന്നു നോക്കുക. അവ തമ്മിലുള്ള അന്തരം നോക്കുക യുവപ്രമാണിയൊട് യേശു ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാത്ത കാര്യം, സക്കായി കർത്താവ് ആവശ്യപ്പെടാതെ ഇതെല്ലാം ചെയ്യുന്നു. ഇതാണ് ദൈവകൃപയാൽ ഉണ്ടാകുന്ന മാനസാന്തരം.
സക്കായി രക്ഷിക്കപ്പെട്ടു എന്നത് അവന്റെ വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും വ്യക്തമാണ്. “കർത്താവേ, എന്റെ വസ്തു വകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ട്; വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കിൽ നാല് മടങ്ങി മടക്കി കൊടുക്കുന്നു എന്ന് പറഞ്ഞു.” ദൈവത്തിന്റെ പരിശുദ്ധാത്മാവിൽ അല്ലാതെ യേശുവിനെ ഒരുവനു കർത്താവേ എന്നു വിളിക്കുവാൻ കഴിയുകയില്ല. ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തെ കാണിക്കുന്ന ഒരു വിളിയാണ്. തന്നെ വിളിച്ച യേശുവിനെ തന്റെ കർത്താവായി അംഗീകരിക്കുന്ന വിളിയാണ് സക്കായിയുടെ വിളി.
രണ്ടാമതായി, താൻ ദൈവമായി ആരാധിച്ച പണത്തെ, തനിക്കു വിഗ്രഹമായിരുന്ന പണത്തെ ത്യജിച്ച് ആ സ്ഥാനത്ത് യേശുവിനെ താൻ പ്രതിഷ്ഠിക്കുന്നു. സക്കായി ഒരു പരസ്യമായ ഏറ്റു പറച്ചിൽ നടത്തുന്നു. ഞാൻ അന്യായമായി പിടിച്ചു പറിച്ചത് നാലു മടങ്ങായി തിരികെ കൊടുക്കും. ന്യായപ്രമാണം 1/5 കൂട്ടിക്കൊടുക്കാനെ പറയുന്നുള്ളു. എന്നാൽ സക്കായി നാലു മടങ്ങ് കൊടുക്കുവാൻ തയ്യാറാകുന്നു. ഞാൻ ദരിദ്രനെ പരിഗണിക്കും. തനിക്ക് ഇതിനു മുൻപ് അങ്ങനെയൊരു പരിഗണന ഇല്ലായിരുന്നു. കാരണം ജനങ്ങൾ അവനെ പാപികളുടെ ഗണത്തിൽ ആയിരുന്നു കണ്ടിരുന്നത്.
താൻ അതിലൂടെ ഒരു ഭോഷത്വപരമായ പ്രവർത്തിയാണൊ ചെയ്തത്? തനിക്കൊരു കുടുംബമുണ്ടായിരുന്നെങ്കിൽ താൻ അവരെക്കുറിച്ച് ചിന്തിക്കാതെ ഭോഷത്വപരമായി പ്രവർത്തിച്ചൊ? ഇല്ല. സക്കായി ഇപ്പോഴാണ് മറഞ്ഞിരുന്ന നിധി, വിലയേറിയ മുത്ത് അതായത് യേശുക്രിസ്തുവിനെ കണ്ടെത്തിയത്. ആകാശത്തിലെ പറവയേയും, വയലിലെ തമരയെയും പുലർത്തുന്ന ദൈവം തന്നെ പുലർത്തുവാൻ മതിയായവൻ എന്ന് തനിക്കു ബോദ്ധ്യം വന്നതിൽ നിന്നുളവായതാണത്. യുവപ്രമാണിക്കു ബോദ്ധ്യം വരാതിരുന്ന കാര്യവും ഇതുതന്നെ ആയിരുന്നു. യേശുക്രിസ്തുവിൽ നിന്നും അങ്ങനെ വിറ്റു ദരിദ്രർക്കു കൊടുക്കണമെന്നൊ നാലു മടങ്ങ് മടക്കിക്കൊടുക്കണമെന്നൊ ഒരാവശ്യം ഉണ്ടായിരുന്നില്ല. യേശുവിൽ താൻ തന്റെ സമ്പത്ത് കണ്ടെത്തിയതു കൊണ്ടാണ് താനങ്ങനെ ചെയ്തത്. യേശുക്രിസ്തുവുമായി സന്ധിക്കുമ്പോൾ എത്ര മനോഹരമായ വ്യതിയാനമാണ് ഒരുവനിൽ വന്നു ഭവിക്കുന്നത്.
a) യേശു സക്കായിയുടെ രക്ഷ ഉറപ്പു വരുത്തുന്നു.
“"ഇവനും അബ്രഹാമിന്റെ മകൻ ആകയാൽ ഈ വീട്ടിനു രക്ഷ വന്നു. കാണാതെ പോയതിനെ തിരഞ്ഞ് രക്ഷിപ്പാൻ അല്ലോ മനുഷ്യ പുത്രൻ വന്നതു" എന്ന് പറഞ്ഞു." (19:9). ഇതാണ് വലിയ രക്ഷ എന്നു പറയുന്നത്. പലരും പണം, ആരോഗ്യം, അധികാരം, പദവി എന്നിവയുടെ വെളിച്ചത്തിലാണ് രക്ഷയെ കാണുന്നത്. സമ്പത്ത്, ആരോഗ്യം ജോലി, വിവാഹം, പ്രാർത്ഥനക്കു ഉത്തരം കിട്ടി എന്നൊക്കെ പറഞ്ഞുകൊണ്ട് അനേകരും തങ്ങൾ സ്വർഗ്ഗത്തിൽ പോകും എന്ന് ചിന്തിച്ചു കഴിയുന്നവരുണ്ട്. നമുക്കു ചുറ്റുപാടും യേശുവിനെ കൂടാതെ ജീവിക്കുന്ന ആളുകളിലേക്ക് നാം നോക്കിയാലും ഈ കാര്യങ്ങൾ അവരിലും ശരിയാണ് എന്ന് കാണുവാൻ കഴിയും. ദൈവമില്ല എന്നു പറഞ്ഞു നടക്കുന്നവർക്കുപോലും ലോകത്തിന്റെ പണവും പ്രശസ്തിയും അധികാരവും അംഗീകാരവും ഒക്കെ ലഭിക്കുന്നുണ്ട്. അതു ആത്മരക്ഷയുമായി കൂട്ടിക്കുഴക്കരുത്. രക്ഷ എന്നത് ആത്മാവിന്റെയും ശരീരത്തിന്റേയും രക്ഷയാണ്. ഒരുവൻ സർവ്വലോകവും നേടീട്ട് തന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ അവനു എന്തു ഗുണം? അവന്റെ ആത്മാവിനു പകരമായി എന്തു മറുവില കൊടുക്കും? രക്ഷ എന്നു പറയുന്നത് നിത്യ നരകത്തിൽ നിന്നു ആത്മാവും ശരീരവും വിടുതൽ പ്രാപിക്കുന്നതാണ്. നിങ്ങൾ രക്ഷ പ്രാപിച്ച വ്യക്തി ആണെങ്കിൽ നിങ്ങൾ ദൈവസന്നിധിയിലേക്കാണ് കടന്നു പോകുന്നത്. അവിടെ ദൈവത്താൽ ആശ്വസിപ്പിക്കപ്പെട്ടവരായി തീരും. പരിശുദ്ധാത്മാവിനാൽ എന്നും നീതിയിലും സ്മാധാനത്തിലും സന്തോഷത്തിലും അവനോടു കൂടെ ജീവിക്കും. ഈ രക്ഷയാണ് സക്കായി പ്രാപിച്ചതും യേശു ഉറപ്പു നൽകിയതും.
സ്വയ-നീതി വിട്ട് യേശുക്രിസ്തുവിൽ കൂടിയുള്ള നീതിയെ ആശ്രയിക്കുക.
ഈ വേദഭാഗത്തിന്റെ അവസാനത്തെ വാക്യം ഗൗരവവും പ്രാധാന്യമർഹിക്കുന്നതാണ്. യേശുവിന്റെ കൂടെയുണ്ടായിരുന്ന ജനക്കൂട്ടം, സ്വയനീതിക്കാരും, സൗഖ്യമുള്ളവരും, സുരക്ഷിതർ എന്നു തങ്ങളെക്കുറിച്ചു തന്നെ ചിന്തിച്ചവരായിരുന്നു. അതുകൊണ്ടാണ് അവർ ഇതിനെതിരെ പിറുപിറുത്തത്. അവരും യെരുശലേമിലേക്ക് പോകുന്നവരായിരുന്നു, എന്നാൽ അവർക്ക് ദൈവത്തെകൊണ്ട് ആവശ്യമില്ല എന്ന് അവർ ചിന്തിച്ചു. അവർ യേശുക്രിസ്തുവിനോട് കൂടെ നടന്നു, എന്നാൽ അവർക്ക് യേശുക്രിസ്തുവിനെ ആവശ്യമില്ലായിരുന്നു.
അതുകൊണ്ട് യേശു അവരെ പരസ്യമായി ശാസിക്കുന്നു : “കാണാതെപോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു”;” മനുഷ്യപുത്രനും അതെ സമയം ദൈവപുത്രനും ആയ യേശു തന്നെത്തന്നെ താഴ്ത്തി, സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് വന്നിരിക്കുന്നു. അവൻ ജഡം സ്വീകരിച്ചു, നമ്മോടുകുടെ പാർത്തു. അവൻ നമ്മുടെ അടുത്ത വീണ്ടെടുപ്പുകാരനായി, ദൈവത്തിന്റെ വിശുദ്ധന്യായപ്രമാണം പെർഫെക്ടായി അനുസരിച്ചു. ക്രൂശീൽ നമ്മുടെ പാപത്തിന്റെ എല്ലാ പിഴയും കൊടുത്തുവീട്ടി, അവനിൽ ജീവിക്കേണ്ടതിനായി നാമും അവനിൽ മരിച്ചു. എന്നാൽ ഈ ആളുകൾക്ക് ആ യേശുവിനെ ആവശ്യമില്ല. ദൈവത്തിന്റെ വലിയ രക്ഷയെ ഗണ്യമാക്കാതെ തങ്ങളുടെ തന്നെ നീതിയിൽ ആശ്രയിക്കുക എത്ര വലിയ ട്രാജടിയാണ് എന്നു നോക്കുക. നിങ്ങൾ ഇനിയും ഈ യേശുവിനെ കൈക്കൊണ്ടിട്ടില്ലെങ്കിൽ, അവനെ സ്വീകരിച്ചു ദൈവപൈതലാകുക. നിങ്ങളൊരു ദൈവപൈതലെങ്കിൽ, യേശുവിനോടു കൂടെ സമയം ചെലവിടുവാനും യേശുവിനോടു ചേർന്നു വസിക്കുവാനും സമയം കണ്ടെത്തുക. ദൈവം നിങ്ങളെ രക്ഷ ആവശ്യമായവരുടെ അടുക്കലേക്ക് അയക്കും. അവർ നിങ്ങളുടെ വചനം യേശുവിന്റെ വചനം എന്നപോലെ ചെവിക്കൊള്ളും. അവർ സക്കായിയെ പോലെ 180 ഡിഗ്രി തിരിഞ്ഞുകൊണ്ട് മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കും. അതുവഴി നിങ്ങൾക്കു കർത്താവിന്റെ വേലയിൽ ചുമൽ കൊടുക്കുവാൻ ഇടയായി തീരും. എന്നാൽ അതിനു പ്രാധമികമായി ആവശ്യമായത്. കർത്താവിൽ വസിക്കുക എന്നതാണ്. അതിനു ദൈവം നിങ്ങളെ ഓരോരുത്തരേയും സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു.
*******
Gospel & Acts Sermon Series_03