
നിത്യജീവൻ

P M Mathew
29-04-2018
Gospel: God's Glory and our Peace
സുവിശേഷം ദൈവത്തിന്റെ മഹത്വവും നമ്മുടെ സമാധാനവും
ഇപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം, ഇതു വല്ലകെട്ടുകഥയൊ, ഐതിഹ്യമൊ ആയിരിക്കുമെന്ന്. എന്നാൽ ഇത് ഒരു കെട്ടുകഥയൊ ഐതിഹ്യമൊ അല്ല, മറിച്ച്, ഇതൊരു ചരിത്രസംഭവമാണ്. ഇത് സംഭവിച്ചത് ഒരു പ്രത്യേക സമയത്തും സ്ഥലത്തുമാണ്. ആ ദിവസവും സ്ഥലവുമൊക്കെ, ദൈവം തന്റെ നിത്യതയിൽ, ലോകം ഉണ്ടാകുന്നതിനു മുന്നമെ, തന്നെ തീരുമാനിച്ചുറച്ചതും തന്റെ പ്രവാചകന്മാരാൽ അറിയിച്ചിരുന്നതുമായ കാര്യമായിരുന്നു. ആ സംഭവം നടക്കുന്നത് ഓഗസ്തോസ് കൈസർ റോമാ സാമ്രാജ്യം വാഴുകയും കുറേന്യാസ് ഗവർണ്ണർ ആയി, സുറിയാ നാട് വാഴുകയും ചെയ്ത കാലഘട്ടത്തിലെ ഒരു ദിവസമായിരുന്നു. സ്ഥലം എന്നു പറയുന്നത്, കൊച്ചി/കൊരട്ടി എന്നൊക്കെ പറയുന്നതുപോലെ, ബേത്ലേഹം എന്നു പെരുള്ള ഒരു ചെറിയ പട്ടണത്തിലായിരുന്നു. യേരുശലേമിൽ നിന്ന് കേവലം 6 മൈൽ അകലെമാത്രം സ്ഥിതി ചെയ്യുന്ന ബേത്ലേഹം എന്ന ചെറിയ പട്ടണം. (1010-970) B.C ആയിരത്തിൽ യെരുശലേം വാണിരുന്ന, സാക്ഷാൽ ദാവിദ് രാജാവിന്റെ ജന്മസ്ഥലമായ ബേത്ലഹേം പട്ടണത്തിൽ. നുറ്റാണ്ടുകൾക്ക് മുന്നമെ, രക്ഷകന്റെ വരവിനെ കുറിച്ച് തന്റെ ദാസന്മാരിലൂടെ പ്രവചിപ്പിക്കപ്പെട്ട പട്ടണം. അതിനെക്കുറിച്ച് (8th Centuray BC യിൽ ജീവിച്ചിരുന്ന മീഖാ പ്രവാചകൻ പ്രവചിച്ചത് ഇപ്രകാരമാണ് : “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ”( മീഖാ 5 :2). അതുകൊണ്ടിത് ഒരു ചരിത്രസംഭവമാണ്. ഇംഗ്ലീഷിൽ അതിനെ History എന്നു പറയും. എന്നാൽ നമുക്ക് അതിനെ His-story എന്നു വിളിക്കാം. ഇനി നമുക്ക് ആ വാർത്ത എന്തായിരുന്നു എന്നു നോക്കാം.
ലൂക്കൊസ് 2:10-14
“10 ദൂതൻ അവരേ: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. 11 കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.12 നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.13 പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.14 “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു."
ചരിത്രത്തിലേക്ക് ഒരു പുതിയ രാജാവ് പ്രവേശിച്ചിരിക്കുന്നു. തത്വത്തിന്റെ മുദ്രയും തേജസ്സിന്റെ പ്രഭയേയുമായി ദൈവത്തിന്റെ മഹത്വത്തെ, വെളിപ്പെടുത്തുന്ന ഒരു രാജാവ് ജനിച്ചിരിക്കുന്നു. ആ രാജാവിന്റെ വരവൊടെ ഇതാ ഒരു പുതിയ യുഗത്തിനു ആരംഭം കുറിക്കുന്നു. ദൈവത്തിന്റെ മഹത്വം ഈ ഭൂമിയിൽ. അവന്റെ രാജ്യം ഇതാ സ്ഥാപിതമാകുവാൻ പോകുന്നു. സന്തോഷത്തിന്റെ സമാധാനത്തിന്റെയും യുഗം. ദൈവത്തിന്റെ വാസം മനുഷ്യരൊടു കൂടെ. ദൈവത്തിനു മഹത്വവും മനുഷ്യർക്കും സമാധാനവും നൽകുന്ന രക്ഷകൻ വന്നെത്തിയിരിക്കുന്നു. ഇതായിരുന്നു ആ സുവാർത്ത അഥവാ സുവിശേഷം.
ആ വാർത്തയുടെ ഉറവിടം ദൈവമായിരുന്നു. ദൈവത്തിന്റെ ദൂതനാണ് ആ വാർത്തയുമായി വന്നത്. ആ രക്ഷകനെ സംബന്ധിച്ചുള്ള വാർത്തയുടെ മൂന്നാമത്തെ അറിയിപ്പ് എന്ന നിലയിലാണ് ലൂക്കോസ് ഇത് രേഖപ്പെടുത്തുന്നത്. ഈ വാർത്ത നൽകപ്പെട്ടത് ഒരു പറ്റം ആട്ടിടയന്മാർക്കായിരുന്നു. പലസ്തീനിന്റെ വെളിമ്പ്രദേശങ്ങളിൽ ആടുകളെ മേയിച്ച് നടന്നിരുന്ന ഒരു കൂട്ടം ആട്ടിടയന്മാർ. ആട്ടിടയന്മാർ എന്നു കേൾക്കുമ്പോൾ പലരുടേയും മനസ്സിലേക്കു വരുന്നത് ചവുട്ടി മെതിക്കപ്പെട്ടവരൊ അവജ്ഞാപാത്രങ്ങളൊ ആയവരുടെ പ്രതിനിധികൾ എന്നായിരിക്കും. എന്നാൽ അങ്ങനെയൊരു സൂചന വേദപുസ്തകത്തിൽ കാണുവാൻ കഴിയുന്നില്ല. പുതിയ നിയമത്തിൽ ആട്ടിടന്മാരെ പോസിറ്റീവ് കഥാപാത്രങ്ങളെന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തന്നെയുമല്ല, പഴയനിയമത്തിൽ അബ്രാഹമും, മോശെയും ദാവീദുമൊക്കെ ഒരു കാലത്ത് ആട്ടിടയന്മാർ ആയിരുന്നു. അതുകൊണ്ട് ഇവിടുത്തെ ആട്ടിടയന്മാർ എന്ന പ്രയൊഗം സാമാന്യജനത്തിന്റെ പ്രതിനിധികൾ എന്ന നിലയിലെടുത്താൽ മതിയാകും. സ്വർഗ്ഗത്തിന്റെ സാമാന്യജനത്തോടുള്ള സാക്ഷ്യമായിരുന്നു ആ വാർത്ത. കാരണം അതിനൊരു സാർവ്വത്രിക മാനമുണ്ടായിരുന്നു. സർവ്വജനത്തിനുമുണ്ടാകുവാൻ പോകുന്ന സന്തോഷത്തെകുറിച്ചുള്ള വാർത്തയായിരുന്നുവല്ലൊ അത്.
1. ആ വാർത്ത ഭയപ്പെടേണ്ട വാർത്തയല്ല, സന്തോഷിക്കുവാനുള്ള വാർത്തയാണ്
ആ വാർത്തയുടെ അഥവാ രാജാവിന്റെ വരവിനെ അറിയിച്ച ദൂതൻ “ഭയപ്പെടേണ്ട” എന്ന ആമുഖത്തോടെയാണ് ആ ദൂത് അവരെ അറിയിച്ചത്.
ആ രാജാവിന്റെ വരവിനെ കുറിച്ച് ആദ്യമായി ആട്ടിടയന്മാരോടല്ല അറിയിച്ചത്, അതിനു മുൻപ്, യേശുവിന്റെ അമ്മയായ മറിയയോടും (1:30) യേശുവിന്റെ വളർത്തുപിതാവായ യോസേഫിനോടും (മത്തായി 1:20) ഈ സുവാർത്ത അറിയിച്ചിരുന്നതാണ്. ആ വേദഭാഗങ്ങൾ വേണമെങ്കിൽ ഒന്നുവായിക്കാം.
ലൂക്ക് 1:30 “ദൂതൻ അവളോടു: മറിയയെ , ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.”
മത്തായി 1:20 “ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” “But when he had considered this, behold, an angel of the Lord appeared to him in a dream, saying, “ Joseph, son of David, do not be afraid to take Mary as your wife; for the Child who has been conceived in her is of the Holy Spirit.”
അതുകൂടാതെ, ദേവാലയത്തിൽ വെച്ച്, സഖരിയ പുരോഹിതനോടും ദൂതൻ സംസാരിച്ചപ്പോഴും ഭയപ്പെടേണ്ട എന്ന് പറഞ്ഞ് അദ്ദേഹത്തെ ധൈര്യപ്പെടുത്തുന്നതു കാണാം (1:13). പത്രോസിനോടു യേശുക്രിസ്തു (5:10) സംസാരിക്കുമ്പോഴും ഭയപ്പെടേണ്ട എന്ന് പറയുന്നതു കാണാം. മറുരൂപമലയിൽ വെച്ച് ക്രിസ്തു പത്രോസിന്റേയും യോഹന്നാന്റെയും യാക്കോബിന്റെയും മുമ്പാകെ രൂപാന്തരപ്പെട്ടപ്പോൾ അവർ ഭയചകിതരായി തീർന്നു എന്നു നാം കാണുന്നു (9:34). ഇതിൽ നിന്നെല്ലാം നമുക്കു മനസ്സിലാക്കുവാൻ കഴിയുന്ന കാര്യം ദൈവത്തിന്റേയൊ ദുതന്മാരുടേയൊ പ്രത്യക്ഷത മനുഷ്യരിൽ ഭയം ജനിപ്പിക്കുന്നു എന്ന കാര്യമാണ്. എന്നാൽ ദൈവത്തിന്റെ വലിയ കൃപ ഈ ഭയത്തെ പെട്ടെന്ന് നീക്കിക്കളഞ്ഞ് ദൈവവുമായി ഇടപെടാൻ സഹായിക്കുന്നു. മാത്രവുമല്ല, ദൈവം തന്റെ വിശുദ്ധിയിൽ, തന്റെ സൃഷ്ടികളോട് ഇടപെടാൻ ആഗ്രഹിക്കുന്നു. അതിനവൻ വഴിയൊരുക്കുന്നു.
മനുഷ്യന്റെ ഭയം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. അവന്റെ ഭയത്തിനു ആരംഭം കുറിച്ചത് ഏദൻ തോട്ടത്തിലാണ്. മനുഷ്യന്റെ വീഴ്ചയോടെ ആരംഭിച്ചതാണീഭയം. ഉല്പത്തി 3: 10 “തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു." നാം വായിക്കുന്നു; അതിനെതുടർന്നാണ് മറ്റെല്ലാ ഭയങ്ങളും മനുഷ്യനെ ബാധിച്ചത്.
മനുഷ്യൻ ഭയത്തിന്ന് അടിമകളാണ്. നിരവധി മേഖലകളിൽ ഭയം അവനെ ബാധിച്ചിരിക്കുന്നു. പാമ്പിനെ ഭയപ്പെടുന്നവരുണ്ട്, പാറ്റയെ ഭയപ്പെടുന്നവരുണ്ട്, രോഗം, മരണഭയം, സാമ്പത്തിക പരാധീനത, നിരാശ, നാളത്തെ ആഹാരം, ജോലി, പ്രമോഷൻ, വിവാഹം, തിരസ്ക്കരണം, ഒറ്റപ്പെടൽ, ഗവണ്മെന്റിന്റെ നയത്തെ കുറിച്ചുള്ള ഭയം. അങ്ങനെ ഭയത്തിന്റെ മേഖല നോക്കിയാൽ അനവധിയാണ് എന്നു കാണുവാൻ കഴിയും.
“പാപികൾ” ദൈവം എന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ ഭയപ്പെടുന്നതു സാഭാവികം. പാപമില്ലാത്ത അവസ്ഥയിൽ മാത്രമെ ഭയപ്പെടാതിരിക്കാൻ ഒരുവനു കഴിയുകയുള്ളു. കൂറ്റബോധം കൂടുന്നതനുസരിച്ച് ഭയവും വർദ്ധിക്കും. വിശുദ്ധനായ ദൈവത്തെ അഭികുഖീകരിക്കുവാനുള്ള ഭയം. മരണത്തേയും അതിനെ തുടർന്നുള്ള ന്യായവിധിയേയും നേരിടുവാനുള്ള ഭയം. പാപികൾ ദൈവത്തെ ഭയപ്പെടണം കാരണം ദൈവം അതീവവിശുദ്ധനും നീതിമാനും ആയ ദൈവമാണ്. ദൈവത്തെ ഭയപ്പെടുന്നത് ജ്ഞാനത്തിന്റെ ആരംഭമാണ്. “യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” (സദൃ 9:10). ജോൺ ഹെന്റേഴ്സന്റെ ഭാഷയിൽ പറഞ്ഞാൽ നാം ഭയപ്പെടുന്നതിനെയാണ് ആരാധിക്കുന്നത്. അങ്ങനെയെങ്കിൽ, ദൈവമല്ലാത്തവയെ ഭയപ്പെടുന്നത് വിഗ്രഹാരാധനയാണ്.
ഭയപ്പാടിന്റെ കാരണവും ഭയപ്പെടേണ്ട വ്യക്തിയേയും തിരിച്ചറിഞ്ഞ്, ആ വ്യക്തിയിലേക്ക് നാം തിരിഞ്ഞാൽ, മറ്റുള്ള യാതൊന്നിനേയും ഭയപ്പെടേണ്ടി വരികയില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. കർത്താവ് മത്തായി 10:28 ൽ പറഞ്ഞല്ലൊ “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ;”
ദൈവത്തിന്റെ വെളിപ്പെടൽ/ പ്രത്യക്ഷത, അവന്റെ അടുക്കലേക്ക് ചെല്ലുവാനുള്ള ഒരു ക്ഷണമാണ്. അതിനോട് മനുഷ്യൻ വിശ്വാസത്താൽ പ്രതികരിക്കുകയും അവന്റെ അടുക്കലെക്ക് ചെല്ലുകയും ചെയ്യുക എന്നുള്ളതാണ് ഭയത്തെ നമ്മിൽ നിന്നു നീക്കുവാനുള്ള മാർഗ്ഗം.
ദൂതൻ ആട്ടിടയന്മാർക്ക് ശിശുവിന്റെ അടുക്കലേക്ക് ചെല്ലുവാനുള്ള നിർദ്ദേശങ്ങളും ഇവിടെ നൽകുന്നു. മഹത്വത്തിന്റെ രാജാവിനെ ദർശിക്കുവാൻ ആ ഇടയന്മാർക്കു ലഭിച്ച കൃപ, എത്ര വലിയത് എന്ന് നോക്കുക. ഈ ഭാഗ്യം കർത്താവ് ഏവർക്കും നൽകുന്നുണ്ട്. അതിനോട് വിശ്വാസത്തോടെ പ്രതികരിക്കുക മാത്രമാണ് ആവശ്യമായിരിക്കുന്നത്. ഇതുവരെ ആ ഭാഗ്യം സ്വികരിക്കാത്തവരായുണ്ടെങ്കിൽ കർത്താവിന്റെ ക്ഷണം നിങ്ങൾ സ്വീകരിക്കണം എന്നാണ് എനിക്കു പറയുവാനുള്ളത്.
മനുഷ്യന്റെ സാർവ്വത്രികമായ പ്രശ്നമെന്നത് പാപമാണ്. അതുകൊണ്ട് ആ പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്. അതിനുവേണ്ടിയാണ് സാർവ്വത്രിക സന്തോഷം വരുത്തുന്ന വാർത്തയുടെ അകമ്പടിയോടെ ഒരു ശിശുവിനെ ദൈവം ഈ ഭൂമിയിലേക്ക് അയച്ചത്. ആ ശിശുവിന്റെ പേരാണ് യേശു. യേശു എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് മത്തായി 1: 21 “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” യേശു എന്നാൽ രക്ഷകൻ. ഒരു ശിശുവിനെ ലൂക്കോസ് പരിചയപ്പെടുത്തുന്നത് വളരെ ശ്രദ്ദേയമാണ്. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു”. ക്രിസ്തിയ വേദശാസ്ത്രത്തിന്റെ-Chistology അടിസ്ഥാനപ്രമാണങ്ങൾ ellaam അതിൽ അടങ്ങിയിരിക്കുന്നു. ലൂക്കൊസ് മുന്നു Titles- സ്ഥാനപ്പേര്/അഥവാ പധവി നൽകിയാണ് ആ ശിശുവിനെ അവതരിപ്പിച്ചിരിക്കുന്നത്.
Savior-രക്ഷകൻ, Christ-ക്രിസ്തു അഥവാ മശിഹ, Lord-കർത്താവ്.
രക്ഷകൻ എന്നാൽ രക്ഷിക്കുന്നവൻ, അഥവാ വിടുവിക്കുന്നവൻ. ക്രിസ്തു എന്നാൽ ദൈവത്തിന്റെ വാഗ്ദത്ത മശിഹ അഥവാ അഭിഷിക്തൻ. കർത്താവ് എന്നാൽ പരമാധികാരി അഥവാ കർത്തൃത്വം നടത്തുന്നവൻ. യേശുവിന്റെ ജനനം റോമാസാമ്രാജ്യത്തിന്റെ മദ്ധ്യകാലഘട്ടത്തിലാണ്. അന്ന് റോമാ സാമ്രാജ്യം ഭരിച്ചിരുന്നത് അഗസ്തസ് കൈസർ ആയിരുന്നു എങ്കിലും ചരിത്രത്തിലെ മുഖ്യ വ്യക്തി കൈസറായിരുന്നില്ല മറിച്ച്, ഈ ബലഹീനതയിൽ ജനിച്ച ഈ ശിശുവാണ് എന്ന നിലയിലാണ് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്. അതു സത്യവുമായിരിക്കുന്നു. അതുകൊണ്ടാണ് വാർത്തയുമായി വന്ന ദൂതന്മാർ ഭയപ്പെടേണ്ട എന്ന് അരുളിച്ചെയ്തത്.
Great Scottish preacher ആയിരുന്ന John McNeill തന്റെ ബാല്യകാലത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു. തനിക്ക് തന്റെ ഭവനത്തിലേക്ക് പോകുവാൻ വളരെ വിജനമായ കാടിനുള്ളിലൂടെ വളരെ ദുരം സഞ്ചരിക്കണമായിരുന്നു. വന്യമൃഗങ്ങളെ കൂടാതെ കൊള്ളക്കാരേയും പേടിക്കേണ്ടതുണ്ടായിരുന്നു. താൻ അതിലൂടെ കടന്നുപോകുമ്പോഴെല്ലാം ഭീതി തന്റെ മനസ്സിൽ നിറഞ്ഞിരുന്നു. ഒരു ദിവസം താൻ സന്ധ്യക്ക് ആ കാട്ടിലൂടെ തന്റെ ഭവനത്തിലേക്ക് പോകുകയായിരുന്നു. സാമാന്യം നല്ല ഇരുട്ടും അന്ന് ഉണ്ടായിരുന്നു. എന്തോ ഒരു രൂപം തന്റെ മുന്നിൽ ചലിക്കുന്നതായി തോന്നി. ആ രൂപം തന്റെ നേരെ അടുത്തു വരുകയും ചെയ്തുകൊണ്ടിരുന്നു. അതൊരു കൊള്ളക്കാരനെന്ന് McNeill വിചാരിച്ചു. തന്റെ എല്ലാം ശക്തിയും തന്നിൽ നിന്നു ചോർന്നു പോയതുപോലെ. തന്റെ കഥ കഴിഞ്ഞു എന്നു താൻ ചിന്തിച്ചു. താൻ ഏറ്റവും ഭയപ്പെട്ടു. അപ്പോഴാണ് ആ സ്വരം കേട്ടത്: മോനെ, ജോണി, നീ ഭയപ്പെടേണ്ട, ഇതു ഞാൻ തന്നെ എന്ന തന്റെ പിതാവിന്റെ ശബ്ദം. പിതാവിനു തന്റെ മകന്റെ ഭയത്തെക്കുറിച്ചു അറിയാമായിരുന്നതുകൊണ്ട് താൻ തക്കസമയത്ത് അവിടെ എത്തിയതായിരുന്നു. ആ രാത്രിയിൽ, തന്റെ പിതാവിന്റെ ശബ്ദം ജോണിന്റെ ഭയം നിറഞ്ഞിരുന്ന ഹൃദയത്തിനാശ്വാസമായി ഭവിച്ചു.
നമ്മുടെ പ്ലാനും പദ്ധതിയുമൊക്കെ പ്രകാരം ജിവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ പ്രശ്നമൊന്നുമില്ല. എന്നാൽ അപ്രതീക്ഷിത കൊടുങ്കാറ്റ് അടിക്കുമ്പോൾ നാമും ഭയചകിതരായി തീരും. അപ്പോൾ നമുക്കു വേണ്ടത് ഈ മൃദുലമായ പിതാവിന്റെ സ്വരമാണ് ഭയപ്പെടേണ്ട. ഞാൻ നിന്നോടുകുടെയുണ്ട്.
ആളുകൾ ഭയം വരുമ്പോൾ ഭയത്തെ അകറ്റുവാൻ മറ്റു പല മാർഗ്ഗങ്ങളുമാണ് അവലംഭിക്കാറ്. ഞാൻ ചില ഭവനങ്ങളിൽ സുവിശേഷം പക്കുവെക്കാൻ ചെന്നപ്പോൾ കണ്ടത് നിങ്ങളോടു പറയാം. ഞാൻ ഒരു വീട്ടിൽ ചെന്നപ്പോൾ അവിടുത്തെ വീട്ടുകാരൻ രോഗിയായിട്ടു കിടക്കുന്നു. താൻ കിടക്കുന്ന കട്ടിലിന്റെ നാലു കോണിലും കൊന്ത അങ്ങനെ ചുറ്റിയിട്ടിരിക്കുന്നു. രോഗി ഭയപ്പെടാതിരിക്കുവാനാണ് അവർ അങ്ങനെ ചെയ്യുന്നത്. ഇത് കത്തോലിക്കരുടെ കഥ. വിശ്വാസികൾ എന്താണ് ചെയ്യുന്നത്. ബൈബിൾ എടുത്ത് തലക്കൽ വെച്ചുകൊണ്ടു കിടക്കുന്നു. രണ്ടും ഫലത്തിൽ ഒന്നുതന്നെ.
ഭയപ്പാടിൽ കഴിയുന്ന ഏതൊരു വ്യക്തിക്കും ആവശ്യമായിരിക്കുന്നതും പിതാവിൽ നിന്നുള്ള ഭയപ്പെടേണ്ട എന്ന ഉറപ്പാണ്. നമ്മുടെ ഭയത്തെ നമ്മിൽ നിന്നും എടുത്തു നീക്കാൻ, ആശങ്കകളെ നീക്കുവാൻ, പിതാവിന്റെ വാക്കിനെ കഴിയു. അവന്റെ വാഗ്ദത്തത്തിനെ കഴിയു. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര വേണമെങ്കിലും വചനത്തിൽ കാണുവാൻ നമുക്കു കഴിയും. ആ വചനത്തിൽ വിശ്വാസമർപ്പിക്കുവാൻ ദൈവം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നു.
അത് ഭയത്തിൽ കഴിയുന്നവർക്ക്, വിശ്വാസത്തോടെ ദൈവത്തിന്റെ വാഗ്ദത്തിലേക്ക് തിരിഞ്ഞ് ആശ്വാസം പ്രാപിപ്പാൻ വേണ്ടിയുള്ളതാണ്. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എല്ലാവർക്കുമുള്ളതാണ്. അതു പുത്രന്റെ രക്തത്താൽ വിലക്കു വാങ്ങി നമുക്ക് നൽകപ്പെട്ടവയാണ്. ആ വാഗ്ദത്തങ്ങളെ മനസ്സിൽ ധ്യാനിച്ച് അങ്ങനെയുള്ളവർ പ്രാർത്ഥിക്കട്ടെ. ദൈവം തന്റെ ഹിതം പോലെ അവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകട്ടെ. അതിലൂടെ ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ.
ദൈവത്തിന്റെ വചനം ഭയത്തെ പുറത്താക്കുന്നു
ഭയത്തെ ദൈവത്തിന്റെ വചനം എങ്ങനെയാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് നോക്കാം ആദ്യമായി, ഏറ്റവും ഭയാനകമായ മരണഭയത്തെ കുറിച്ച് തന്നെ നോക്കാം. അതിനുശേഷം മറ്റുഭയത്തെ കുറിച്ചു ചിന്തിച്ചാൽ മതിയല്ലൊ. ദൈവം തന്റെ പുത്രനിലൂടെ നമ്മോടു പറയുന്നത് എന്താണെന്ന് നോക്കാം.
Hebrews 2:14-15 “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ 15 തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” ജീവപര്യന്തം മരണഭീതിയിൽ ആയിരുന്നവരെ വിടുവിക്കാൻ ദൈവം എന്താണ് ചെയ്തത്. “ജീവപര്യന്തം മരണഭീതിയിൽ” കഴിയുന്നവൻ എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തുവിന്റെ മരണത്താൽ നമ്മുടെ ഏറ്റവും ഭയാനകമായ മരണഭയത്തെ ദൈവം എടുത്തു നീക്കിയിരിക്കുന്നു. ഈ യാഥാർത്ഥ്യം നാം വിശ്വസിക്കുന്നുണ്ടൊ എന്നതാണ് ചോദ്യം? ഏറ്റവും മോശമായ മരണഭയത്തെ ദൈവത്തിനു നീക്കാൻ കഴിയുമെങ്കിൽ അതിനേക്കാൾ നിസ്സാരങ്ങളായ ഭയത്തെ എത്ര അധികം. ജോലി, പണം, ആഹാരം, വസ്ത്രം, ഏകാന്തത, തിരസ്കരണം, നിരാശ ഇവയൊക്കേയും നിങ്ങളിൽ നിന്നു വിടുവിക്കുവാൻ ദൈവം എത്ര മതിയായവൻ. ആകയാൽ ക്രിസ്മസ് വാരത്തിൽ/ദിനത്തിൽ എനിക്കു നിങ്ങളെ ഓർപ്പിക്കുവാനുള്ളത്, ഭയപ്പെടേണ്ട എന്നുള്ള ദൈവത്തിന്റെ വാഗ്ദത്തമാണ്. ദൈവം ലോകത്തെ തന്റെ മക്കളുടെ നന്മക്കായി ഭരിച്ചുകൊണ്ടിരിക്കുന്നു. അവനാണ് കർത്താവ്. അവൻ നല്ലവൻ. അവൻ നമ്മെ പുലർത്തും. അവന്റെ വാഗ്ദത്തങ്ങൾ നാം വിശ്വസിക്കുക. അവയിൽ ചിലതു മാത്രം ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
യശെ 41:10. “നീ ഭയപ്പെടേണ്ട; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.”
മത്തായി 6:31 "ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു."
1 പത്രൊസ് 5:7 “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.”
സങ്കീ. 27: 1 “യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
നാം അവസാനം വായിച്ചത് സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകളാണ്. പ്രതികൂലങ്ങളുടെ നടുവിൽ, ശത്രുക്കൾ തന്റെ ജീവനു ഭീഷണിയായി ഉയർന്നപ്പോൾ, തന്റെ ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകളാണിവ. ദൈവം തന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല എന്ന തന്റെ ഉറപ്പ്. വിശ്വാസത്താലുള്ള വിശുദ്ധ ധൈര്യമാണ് തന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.
നമ്മുടെ ആത്മരക്ഷക്കായി നാം എന്താണ് ചെയ്തത്? തന്റെ പുത്രനായ യേശുക്രിസ്തുവിൽ നാം വിശ്വസിച്ചു. ആ വിശ്വാസത്തിനു നമുക്ക് ആത്മരക്ഷ നൽകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. എന്നാൽ അതുപോലെയുള്ള ദൈവത്തിന്റെ മറ്റു വാഗ്ദത്തങ്ങൾ പ്രാപിക്കുവാൻ നാം എന്താണ് ചെയ്യേണ്ടത്, വിശ്വാസത്താൽ ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ആശ്രയിക്കയല്ലയൊ വേണ്ടത്, വിശ്വാസജീവിതത്തിൽ മുന്നേറുവാൻ എന്താണ് വേണ്ടത്. വിശ്വാസവീരന്മാരുടെ പട്ടികയിലെ വിശ്വാസത്തിന്റെ സ്ഥാനമെന്ത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടൊ? വിശ്വാസി എന്നാൽ വിശ്വാസത്താൽ ജീവിക്കുന്നവൻ. അവൻ ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ആണ് തന്റെ വിശ്വാസമർപ്പിക്കുന്നത്. അഗ്നി സർപ്പത്തെ നോക്കുന്നവൻ മരണത്തിൽ നിന്നു വിടുവിക്കപ്പെടുമെന്ന് യിസ്രായേലിനോട് മോശെ മുഖാന്തിരം അരുളിച്ചെയ്തു. അതു വിശ്വസിച്ചവൻ മരണത്തെ അതിജീവിച്ചു. ഇന്ന് രക്ഷ പ്രാപിപ്പാൻ യേശുക്രിസ്തുവിലേക്ക് നോക്കുവാൻ പറയുന്നു. ക്രിസ്തീയ ജിവിതം നയിക്കുന്നതിനും നാം നോക്കേണ്ടത് ക്രിസ്തുവിലേക്കാണ്. ദൈവത്തിന്റെ വാഗ്ദത്തങ്ങളിലുള്ള വിശ്വാസമാണ് നമുക്കും ആവശ്യമായിരിക്കുന്നത്. ആകയാൽ ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് നമുക്ക് നമ്മുടെ ഭയപ്പാടിനെ നീക്കി കളയാം. ഈ ക്രിസ്മസ് നമ്മുടെ വിശ്വാസജീവിതത്തിനു ഒരു പുതിയ തുടക്കം കുറിക്കട്ടെ.
അടുത്തതായി ദൂതൻ അറിയിച്ച സുവിശേഷത്തിൽ നമുക്ക് കാണുവാൻ കഴിയുന്നത് സന്തോഷിക്കുവാനുള്ള കാരണമാണ്. അല്ലെങ്കിൽ എന്തുകൊണ്ട് നാം സന്തോഷിക്കണം? കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നതിനാൽ നിങ്ങൾ സന്തോഷിക്കണം എന്നാണ്.
അതായത്, ഭയത്തിന്റെ സ്ഥാനത്ത് അവൻ സന്തോഷംകൊണ്ട് നിറക്കുന്നു. ലൂക്കോസിന്റെ സുവിശേഷത്തിൽ സന്തോഷം എന്ന വാക്ക് രക്ഷ എന്ന വാക്കിനോട് ബന്ധപ്പെട്ടാണിരിക്കുന്നത്. രക്ഷയുള്ളവർക്ക് സന്തോഷമുണ്ട്.
സന്തോഷമില്ലാത്ത വിശ്വാസം പരസ്പര വിരുദ്ധമായ സംഗതിയാണ്. പൗലോസ് തന്റെ മുഴുവൻ ശുശ്രൂഷയുടേയും ലക്ഷ്യമായി പറയുന്നത് നിങ്ങളുടെ വിശ്വാസത്തിന്റെ സന്തോഷത്തിനായി താനിതു ചെയ്യുന്നു എന്ന നിലയിലാണ്. ഗ്രീക്ക് ബൈബിളിലെ എറ്റവും ചെറിയ വാക്യമെന്നു പറയുന്നതു “1 Thess. 5:16 ൽ Rejoice always” എന്ന വാക്യമാണ്. The shortest verse in the English New Testament is, “Jesus wept” (John 11:35). ഫിലിപ്യ വിശ്വാസികളോടും തെസലോനിക്യ വിശ്വാസികളൊടും തനിക്കു പറയുവാനുള്ളത് “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ" എന്നാണ് (ഫിലി 4:4). താനിത് എഴുതുന്നത് ജയിലിൽ കിടന്നുകൊണ്ടാണ് എന്നതുകൂടി മനസ്സിൽ വെച്ചുകൊണ്ടു വേണം ഈ വാക്യത്തെ നാം കാണുവാൻ. കണ്ണുനീരൊ വേദനയൊ ഇല്ലാത്ത നേരത്ത് സന്തോഷിപ്പിൻ എന്നല്ല, അതിന്റെയെല്ലാം, നടുവിലും സന്തോഷിപ്പാനാണ് പൗലോസ് പറയുന്നത്. പിന്നെ പൗലോസ് ഇവിടെ പറയുന്നത് കർത്താവിൽ സന്തോഷിപ്പാനാണ്. അത് സൂപ്പർ നാച്യുറൽ ആയ സന്തോഷമാണ്. അതു വരുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ്. പരിശുദ്ധാത്മാവിന്റെ ഫലത്തിൽ ഒന്നാമതായി പറയുന്നത് സന്തോഷമാണ്. പരിശുദ്ധാത്മ ഫലമായ സന്തോഷമാണ് നമ്മേ ഭരിക്കേണ്ടത്. അതിനുമാത്രമെ സ്ഥായിയായി, ഏതവസ്ഥയിലും നിലനിൽക്കുവാൻ കഴിയു.
ജോൺഹെന്റേഴ്സൺ എന്ന ദൈവദാസന്റെ വാക്കുകളിൽ പറഞ്ഞാൽ What rules our heart rules our life." നമ്മുടെ ഹൃദയത്തെ വാഴുന്ന്തെന്താണോ, അതു നമ്മുടെ ജീവിതത്തെയും ഭരിക്കുന്നു. നമ്മുടെ ഹൃദയത്തെ അഹങ്കാരം (ഹെബ്രാ 13:5-6) വാണാൽ അതു ഭയത്തിലേക്കൊ (1 ശമുവേൽ 18:7-9; 2 ശമുവേൽ 11:5-6; യോഹന്നാൻ 12:42-43) മോഹത്തിലേക്കൊ (2 ശമുവേൽ 11:2-3; ലൂക്കോസ് 20:46-47; യാക്കോബ് 4:1-2) നമ്മേ നയിക്കും. അതു സകലവും തന്റെ നിയ്രന്ത്രണത്തിലേക്കു കൊണ്ടുവരുവാനുള്ള ശ്രമത്തിലേക്ക് (2 ശമുവേൽ 11: 6-13) അവനെ നയിക്കും. ആ ശ്രമം വിജയിച്ചാൽ അതു കൂടുതൽ അഹന്തയിലേക്ക് നയിക്കും. ആ ശ്രമം പരാജയപ്പെട്ടാൽ അതു കോപത്തിലേക്കും അവസ്സാനം Depression ലേക്കും നയിക്കും. ആ ശ്രമം വിജയിച്ചാൽ കൂടുതൽ അഹന്തയിലേക്കും ശൂന്ന്യതിയിലേക്കും നയിക്കും ഇവിടെ തങ്ങളുടെ ശ്രമങ്ങളിലുള്ള വിജയവും പരാജയവും ഒരു പോലെ നാശകരമാണ്. അതിന്റെ അടിസ്ഥാനവാക്യമെന്ന് പറയുന്നത് ഹെബ്രായർ 13:5-6 വാക്യങ്ങളാണ്. "നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 6 ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം."
എന്നാൽ ഒരുവന്റെ ഹൃദയം ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വാഴുവാൻ അനുവദിച്ചാൽ അവിടെ സന്തോഷവും പ്രത്യാമ്യും നിറയും. ആകയാൽ നമ്മുടെ ഹൃദയത്തെ എന്താണ് വാസ്തവത്തിൽ വാഴുന്നത് എന്നു നമുക്കു പരിശോധിക്കാം. അഹന്തയാണ് ഭരിക്കുന്നത് എങ്കിൽ ആ സ്ഥാനത്ത് അതിനെ നീക്കി ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അവരോധിക്കാം. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തെ വാഴുമ്പോൾ നമുക്കു സമാധാനവും ദൈവത്തിനു മഹത്വവുമാണ് ഉണ്ടാവുക.
3. ദൈവത്തിന്നു മഹത്വവും നമുക്കു സമാധാനവും.
മൂന്നാമതായി ഈ വാർത്തയുടെ രണ്ടു വലിയ ഉദ്ദേശ്യങ്ങൾ എന്തൊക്കയാണ് എന്ന് നോക്കാം.
ഈ വാർത്തയുടെ രണ്ടു വലിയ ഉദ്ദേശ്യങ്ങൾ ദൈവത്തിന്നു മഹത്വവും നമ്മുടെ സമാധാനവുമാണ്.
ദൂതൻ ഈ വാർത്ത ആട്ടിടയന്മാരെ അറിയിക്കുകയും അവരെ ആ പുൽത്തൊഴുത്തിലേക്ക് ഡയറക്ട് ചെയ്യുകയും ചെയ്തപ്പൊൾ, പെട്ടെന്ന് ഒരു പറ്റം ദൂതന്മാർ ആകാശത്തിൽ പ്രത്യക്ഷപ്പെട്ടു. ഒരു ദൂതനു വാർത്ത അറിയിക്കുവാൻ കഴിഞ്ഞു എന്നാൽ ആ സദ്വാർത്തയോടു പ്രതികരിക്കാൻ ഒരു ദൂതൻ മാത്രം മതിയായിരുന്നില്ല, അനേകം ദൂതന്മാർ അതിനോട് പ്രതികരിച്ചു. വാർത്തയുടെ ആത്യന്തിക ഫലം പ്രഖ്യാപിക്കാൻ അനേകം ദൂതന്മാർ വേണ്ടിവന്നു. അവർ ഏക സ്വരത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് പാടി : : “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം”
ഈ ശിശുവിന്റെ വരവ് ദൈവമഹത്വത്തിന്റെ ഏറ്റവും ഉന്നതമായ വെളിപ്പാടാണ് എന്ന് മാത്രമല്ല, ദൈവജനത്തിനു അതു സമാധാനം നൽകുകയും ചെയ്യും. അവൻ ഒരുനാൾ ഭൂമിയെ നീതികൊണ്ടും സമാധാനം കൊണ്ടും നിറക്കും. “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല”(യെശയ്യ 9:7)
ആദ്യമായും പ്രധാനമായും ഈ ശിശുവിന്റെ ജനനം മൂലം ദൈവം മഹത്വപ്പെടും എന്നുള്ളതാണ്. രണ്ടാമതായി, ഈ ശിശുവിനെ കൈക്കൊള്ളുന്നവർക്കെല്ലാം സമാധാനം ഉണ്ടാകും.
ഇതാണ് യേശുവിന്റെ വരവിന്റെ രണ്ടു വലിയ ഉദ്ദേശ്യങ്ങൾ. സമാധാനം ദൈവത്തിൽ നിന്ന് ഇറങ്ങി മനുഷ്യനിലേക്ക് വരും. അവന്റെ പേരിൽ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് പാടും. അവന്റെ നാമത്തിങ്കൽ സമാധാനം ആളുകളുടെ മേൽ വസിക്കും.
ദൈവം ലോകത്തെ സൃഷ്ടിച്ചതിന്റെയും, അതിനെ യേശുക്രിസ്തുവിലൂടെ വീണ്ടെടുത്ത തിന്റേയും ഉദ്ദേശ്യത്തെ ഈ നിലയിൽ സംഗ്രഹിക്കുവാൻ സാധിക്കും- ദൈവത്തിനു മഹത്വം, മനുഷ്യർക്കു സമാധാനം. അവന്റെ മഹത്വം, നമ്മുടെ സന്തോഷം, അവന്റെ സൗന്ദര്യം നമ്മുടെ ഉല്ലാസം. സൃഷ്ടിയുടേയും വീണ്ടെടുപ്പിന്റേയും ഉദ്ദേശ്യം അവന്റെ നാമം മഹത്വപ്പെടണം, അവന്റെ നാമം എല്ലായിടത്തും അറിയപ്പെടണം. അതുവഴി, സമാധാനമുള്ള പുതിയ മനുഷ്യവർഗ്ഗം ഉടലെടുക്കണം, അവർ അവന്റെ നാമത്തെ പുകഴ്ത്തണം.
ദൈവത്തിന്റെ സമാധാനത്തിന്റെ വാഗ്ദത്തം എല്ലാവർക്കുമുള്ളതാണെങ്കിലും, അവന്റെ തെരെഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമെ ആ സമാധാനം ആസ്വദിക്കുവാൻ കഴിയുകയുള്ളു. ക്രിസ്തുവിനെ രക്ഷകനായി, മശിഹയായി, കർത്താവായി സ്വീകരിക്കുന്നവർക്കു മാത്രമെ ആ സമാധാനം അനുഭവപരമായി തീരുകയുള്ളു.
ലൂക്കോസ് 10:5-6 വാക്യങ്ങളിൽ നാം എന്താണ് കാണുന്നത്: ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ6 അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.” ദൈവത്തിന്റെ സമാധാനം ക്രിസ്തുവിലൂടെ ലോകത്തിനു നൽകി. എന്നാൽ സമാധാനത്തിന്റെ പുത്രൻ ആ വ്യക്തിയിന്മേൽ ഉണ്ടെങ്കിലെ ഒരുവനു സമാധാനം ലഭിക്കുകയുള്ളു. അല്ലെങ്കിൽ കർത്താവിനെ സ്വീകരിക്കന്നവർക്കു മാത്രമെ, ആ സമാധാനം പ്രാപിപ്പാൻ കഴിയു.
സമാധാനത്തിന്റെ മൂന്നു ബന്ധങ്ങൾ.
ഈ ക്രിസ്മസ് ദിനത്തിൽ നിങ്ങൾ ഈ സമാധാനം ആസ്വദിക്കുന്നവരായി തീരണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ സമാധാനത്തിനു ഒരു സാർവ്വത്രിക മാനമുണ്ട്. അതിനെ കുറിച്ചാണ് ഹബക്കൂക് പ്രവാചകൻ 2:14 ൽ പറയുന്നത്: “വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും.” യെശയ്യ 9:7 ൽ നാം കാണുന്നത് : “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല;"
എന്നാൽ യേശു വന്നത് ദൈവമക്കളുടെ ഇടയിലെ സമാധാനം ഉത്ഘാടനം ചെയ്യാനാണ്. ഈ സമാധാനം പിൻപറ്റുവാൻ, അതിനെ ആസ്വദിക്കുവാൻ മുന്നു ബന്ധങ്ങൾ ഉണ്ട്.
ഒന്ന്, ദൈവവുമായുള്ള സമാധാനം.
രണ്ട്, നമ്മുടെ ആത്മാവിനോട് സമാധാനം.
മൂന്ന്, നിങ്ങളെ ആശ്രയിച്ചിരിക്കുന്നിടത്തൊളം, മറ്റുള്ളവരോടുള്ള സമാധാനം.
സമാധാനം എന്നതു കൊണ്ട് ഞാൻ അർത്ഥമാക്കുന്നത് ശത്രുതയൊ സംഘർഷമൊ ഇല്ലാതിരിക്കുക എന്നു മാത്രമല്ല, സന്തോഷകരമായ മനഃസ്വച്ഛതയും, സാദ്ധ്യമാകുന്നിടത്തോളം ആശയവിനിമയവും ഉണ്ടായിരിക്കണം എന്നതാണ്. ദൂതന്മാർ ദൈവത്തെ സ്തുതിച്ചു പാടിയതിൽ ഈ മൂന്നു കാര്യങ്ങളും അടങ്ങിയിരിക്കുന്നു. “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ മനുഷ്യർക്കു സമാധാനം.”
ദൈവം നിങ്ങളുടെ ജിവിതത്തിലെ ഏറ്റവും മഹത്വവാനായ വ്യക്തി ആയിത്തീരുന്നതിലൂടെയാണ് ദൈവം നിങ്ങൾക്ക് സമാധാനം നൽകുന്നത്. പുതിയ നിയമത്തിൽ ദൈവത്തെ ‘സമാധാനത്തിന്റെ ദൈവം’ എന്ന് വിളിച്ചിട്ടുണ്ട്. യോഹന്നാൻ 14:27 ൽ “എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു;”. എഫെ 2:14 ൽ പൗലോസ് പറയുന്നു “യേശുതന്നെ നമ്മുടെ സമാധാനം” എന്ന്. അതുകൂടാതെ മറ്റു ചില വാക്യങ്ങൾ കൂടി നമുക്ക് നോക്കാം.
Romans 15:13; “എന്നു യെശയ്യാവു പറയുന്നു. എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ;” Romans 16 :20; “ സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും”
Philippians 4:9; “എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.”
Hebrews 13:20 “നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം"
എഫെ 2:14 “അവൻ നമ്മുടെ സമാധാനം” ഈ വാക്യങ്ങളെല്ലാം അർത്ഥമാക്കുന്ന തെന്തെന്നാൽ സമാധാനത്തിന്റെ ദൈവം അഥവാ ക്രിസ്തുവിന്റെ സമാധാനം. ദൈവത്തിൽ നിന്നൊ ക്രിസ്തുവിൽ നിന്നൊ സമാധാനത്തെ വേർതിരിക്കുവാൻ കഴിയുകയില്ല. സമാധാനം നമ്മുടെ ജീവിതത്തെ ഭരിക്കണമെങ്കിൽ ദൈവം നമ്മുടെ ജിവിതത്തെ ഭരിക്കണം. ദൈവത്തിൽ നിന്ന് നിങ്ങൾ അകന്നു നിന്നുകൊണ്ട് സമാധാനം അനുഭവിക്കണം എന്നല്ല ദൈവം ഉദ്ദേശിക്കുന്നത്. ദൈവത്തിന്റെ ഉദ്ദേശ്യം ദൈവത്തെ നിങ്ങളുടെ ഏറ്റവും മഹത്വകരമായ വ്യക്തിയായി കാണുമ്പൊൾ നിങ്ങൾക്ക് സമാധാനം ഉണ്ടാകണം എന്നാണ്. ദൂതന്മാർ അതുകൊണ്ടാണ് ഇതുരണ്ടും കൂടി ഒരുമിച്ചു ചേർത്ത് പറഞ്ഞിരിക്കുന്നത്. അതിനെ നാം വേർപെടുത്തി സമാധാനം ഇല്ലാതാക്കരുത്. Glory to God, and peace to man. ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്താനുള്ള ഒരു ഹൃദയമുള്ളവർ ദൈവത്തിന്റെ സമാധാനം എന്താണെന്ന് അറിയും.
ദൈവത്തിന്റെ മഹത്വവും നമ്മുടെ സമാധാനവും ഒന്നിച്ചുപോകുന്നതാണ്. അവയെ വേർപെറ്റുത്തി സമധാനം ആസ്വദിക്കുവാൻ കഴിയുകയില്ല. അവയെ പരസ്പരം ഒന്നിച്ചുകൊണ്ടൂ പോകുവാനുള്ള മാർഗ്ഗമാണ് നാം തേടെണ്ടത്. ക്രിസ്തുവിനാൽ നേടിയെടുത്ത ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വാസമർപ്പിക്കുക അല്ലെങ്കിൽ അതിൽ ആശ്രയിക്കുക എന്നതാണ് നമുക്കു ചെയ്യുവാനുള്ളത്. നാം നേരത്തെ വായിച്ച റോമർ 15:13 വിശ്വാസത്തിന്റെ നിർണ്ണായകമായ പങ്കിലേക്കു വിരൽ ചൂണ്ടൂന്ന ഒരു അടിസ്ഥാന വേദഭാഗമാണ്. “എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ” (“May the God of hope fill you with all joy and peace in believing.” peace in believing "വിശ്വസിക്കുന്നതിലുള്ള സമാധാനം. മറ്റൊരു രിതിയിൽ പറഞ്ഞാൽ ദൈവത്തിന്റെ വാഗ്ദത്തം നമുക്കു വാസ്തവമായി തീരുകയും അതു നമ്മിൽ സമാധാനം ഉളവാക്കുകയും ചെയ്യുന്നത് വിശ്വസിക്കുന്നതിലൂടെയാണ്. അവയെ നാം വിശ്വസിക്കണം. ദൈവത്തോടുള്ള സമാധാനമായാലും നമ്മൾ തമ്മിൽ തമ്മിലുള്ള സമാധാനമായാലും, മറ്റുള്ളവർ തമ്മിലുള്ള സമാധാനമായാലും ഇതു വിശ്വസിക്കുക എന്നതാണ് നാം ചെയ്യേണ്ട കാര്യം.
ദൈവത്തോടുള്ള സമാധാനം
ഏറ്റവും അടിസ്ഥാനമായി നമുക്കുണ്ടായിരിക്കേണ്ടത് ദൈവത്തോടുള്ള സമാധാനമാണ്. സമാധാനത്തിനായുള്ള പ്രയാണത്തിൽ ഇതു അടിസ്ഥാനപരമാണ്. ഇവിടെ നാം ആരംഭിച്ചില്ലെങ്കിൽ, പിന്നെയുള്ള സമാധാനത്തിന്റെ അനുഭവമെന്നു പറയുന്നത് കേവലം താത്ക്കാലികവും ഉപരിതലത്തിൽമാത്രം ഒതുങ്ങി നിൽക്കുന്നതുമായിരിക്കും. അതിന്റെ താക്കോൽ വാക്യമാണ് റോമർ 5:1 “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.” “നീതികരിക്കുക” എന്ന വാക്ക് അർത്ഥമാക്കുന്നത് ദൈവം യേശുക്രിസ്തുവിന്റെ നീതി വിശ്വസിക്കുന്നവരുടെ മേൽ കണക്കിട്ടുകൊണ്ട് തന്റെ സന്നിധിയിൽ നീതിമാനായി പ്രഖ്യാപിക്കുന്നതാണ്. ദൈവം അങ്ങനെ ചെയ്യുന്നതു നമ്മുടെ വിശ്വാസത്തെ മാത്രം നോക്കിയാണ്. “Since we have been justified by faith.” Not by works. Not by tradition. Not by baptism. Not by church membership. Not by piety. Not by parentage. But by faith alone. ദൈവം നമ്മെ നീതികരിക്കുന്നത് നമ്മുടെ വിശ്വാസത്താലാണ്, അതു പ്രവൃത്തിയാലല്ല, പാരമ്പര്യാത്താലല്ല, സ്നാനത്താൽ അല്ല, സഭാ മെമ്പർഷിപ്പിനാലല്ല, നമ്മുടെ ഭക്ഷികൊണ്ടല്ല, നല്ല കുടുംബപശ്ചാത്തലമുൾളതുകൊണ്ടല്ല, വിശ്വാസത്താൽ മാത്രമാണ്. യേശുവിനെ നമ്മുടെ രക്ഷിതാവും കർത്താവും തങ്ങളുടെ ഏറ്റവും ഉന്നതമായ സമ്പത്തുമായി യേശുവിൽ വിശ്വസിക്കുമ്പോൾ, യേശുവുമായി നാം ഒന്നിക്കുകയും യേശുവിന്റെ നീതി ദൈവം നമ്മുടെ നീതിയായി കണക്കിടുകയും ചെയ്യുന്നു. അങ്ങനെയാണ് നാം വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നത്.
അതിന്റെ ഫലം എന്നു പറയുന്നതു ദൈവത്തോടുള്ള നമ്മുടെ സമാധാനമാണ്. നമ്മുടെ പാപത്തോടുള്ള ദൈവത്തിന്റെ കോപം ദൈവം ഉപേക്ഷിച്ചു. ദൈവത്തോടുള്ള നമ്മുടെ മത്സരത്തെ അതിജീവിച്ചു. ദൈവം നമ്മേ തന്റെ ഭവനത്തിലേക്കു ചേർത്തു. ആ നിമിഷം മുതൽ ദൈവത്തിന്റെ നമ്മോടുള്ള ഇടപാടുകളെല്ലാം നമ്മുടെ നന്മയെ ലക്ഷ്യമാക്കിയുള്ളതാണ്. അവൻ ഒരിക്കലും നമുക്കു പ്രതികൂലമല്ല. അവൻ നമ്മുടെ പിതാവാണ്, നമ്മുടെ സുഹൃത്താണ്, നമുക്കു തമ്മിൽ സമാധാനബന്ധവും ഉടലെടുത്തിരിക്കുന്നു. നാം പിന്നെ ഭയപ്പെടേണ്ട ആവശ്യമില്ല. ഇത് എല്ലാവർക്കും അടിസ്ഥാനപരമാണ്.
നമ്മോടുതന്നെ സമാധാനം
വിശ്വാസത്താൽ ദൈവത്തോടു നിരപ്പു പ്രാപിച്ചതിനാൽ നമുക്കു നമ്മോടുതന്നെയുള്ള സമാധാനം ആസ്വദിക്കുന്നതിൽ വളരുവാൻ കഴിയും. എന്നാൽ അതിലും പ്രത്യാശ ഇല്ലാതാക്കുന്ന കുറ്റബോധവും ഉത്ക്കണ്ടകളും വന്നുഭവിക്കാം. എന്നാൽ അവിടേയും ദൈവത്തിന്റെ വാഗ്ദത്തത്തിൽ വിശ്വസിച്ചുകൊണ്ട് ദൈവത്തിനു മഹത്വം കരേറ്റുക എന്നുള്ളതാണ് അതിനുള്ള പ്രതിവിധി.
അതിനെക്കുറിച്ചു പറയുന്ന മുഖ്യവേദഭാഗം Philippians 4:6–7 ആണ്. “ ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.7 എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.”
നമ്മുടെ ഹൃദയവും മനസ്സും കുറ്റബോധം, അസ്വസ്ഥത, ആശയക്കുഴപ്പം, അനിശ്ചിതത്വം എന്നിവയാൽ കലുഷിതമാകുമ്പൊൾ, അവ നമ്മുടെ സമാധാനത്തെ ഇല്ലായ്മ ചെയ്യും. പൗലോസ് പറയുന്നത് ദൈവത്തോട് നമ്മുടെ ഹൃദയത്തെ, തന്റെ സമാധാനത്താൽ, സംരക്ഷിക്കുവാൻ നാം ആവശ്യപ്പെടണം എന്നാണ്. മനുഷ്യനു ചിന്തിക്കുവാൻ കഴിയുന്നതിനേക്കാൾ അപ്പുറമായി ദൈവം ഇതു നിവൃത്തിച്ചു തരും എന്നതാണ് ദൈവത്തിന്റെ വാഗ്ദത്തം. വിശദീകരിക്കുവാൻ കഴിയാത്ത സമാധാനം അവിടുന്നു നൽകും. 1 Peter 5:7 “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.” നമ്മുടെ ആകുല ചിന്തകളെ അവന്റെമേൽ ഇട്ടുകൊൾക. അവൻ നമ്മേ കരുതിക്കൊള്ളും.
നാമിത് ചെയ്യുമ്പോൾ, അല്ലെങ്കിൽ നാം ദൈവത്തിങ്കലേക്ക് തിരിയുമ്പോൾ, നമ്മുക്ക് ദൈവത്തോട് സമാധാനമുണ്ട് എന്നു നാം ഓർക്കുക. അവനിൽ വിശ്വസിച്ചുകൊണ്ട് സർവ്വശക്തനായ, സ്നെഹമയിയായ പിതാവ്, നമ്മുടെ സഹായത്തിനായുള്ള അപേക്ഷ കേൾക്കുമ്പോൾ അവന്റെ സമാധാനം നമ്മുടെ മേൽ വരും. നമ്മേ നേരെ നിർത്തും. ഭയം, ആകുലത, കുറ്റബോധം ഇവ നമ്മിൽ നിന്നു നീങ്ങിപ്പോകും. നാം അവനിൽ ആശ്രയിക്കുമ്പോൾ അവന്റെ നാമം മഹത്വപ്പെടുകയും അവൻ നമ്മേ മുന്നോട്ടു നയിക്കയും ചെയ്യും.
മറ്റുള്ളവരോടുള്ള സമാധാനം.
മൂന്നാമതായി, മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിലെ സമാധാനം ആണ്. ഇത് നമ്മുടെ നിയന്ത്രണ പരിധിയിൽ നിൽക്കുന്ന കാര്യമല്ല. Romans 12:18 “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” വേദനാജനകമായ ബന്ധങ്ങൾ പലർക്കും ഒരു പ്രശ്നമാണ്. പഴയതും പുതിയതുമായ അനേകപ്രശ്നങ്ങൾ പരസ്പരബന്ധങ്ങളിൽ വിടവുകൾ സൃഷ്ടിച്ചിട്ടുണ്ടാകാം. ചില കാര്യങ്ങളിൽ നിങ്ങൾക്കെന്താണ് ചെയ്യേണ്ടത് എന്നറിയാം. മറ്റു ചില കേസുകളിൽ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയും ഉണ്ടാകാം.
ഈ രണ്ടു വിഷയങ്ങളിലും നമുക്കു ചെയ്യുവാൻ കഴിയുന്ന കാര്യം ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുകയും, ദൈവം എന്നോട് എങ്ങനെ ക്ഷമിച്ചു എന്നു ഹൃദയപൂർവ്വം ചിന്തിക്കുകയും ചെയ്യുക എന്നുള്ളതാണ്. ഇതിനു ഏറ്റവും ഉത്തമമായ വാക്യം ഏഫേസ്യർ 4:31-32 വാക്യമാണ്; “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
32 നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.”
തുടർമാനമായി, ദൈവം എന്നോട് ക്രിസ്തുവിൽ എങ്ങനെ ക്ഷമിച്ചു എന്നു മനസ്സിൽ ചിന്തിച്ചുകൊണ്ടിരിക്കുക എന്നുള്ളതാണ് അതിനുള്ള പ്രതിവിധി. ദൈവത്തോട് നിങ്ങൾക്കുള്ള സമാധാനത്തിൽ നിങ്ങൾ അതിശയിക്കുക. പാപിയായ എന്നോട് ദൈവം കരുണചെയ്തു എന്നതു നിങ്ങളുടെ കഠിനഹൃദയത്തെ മാർദ്ദവമുള്ളതാക്കട്ടെ. അതു നിങ്ങളിൽ പാപക്ഷമയും ദയയും ഉളവാക്കട്ടെ. ഇത് നിങ്ങൾ ഏഴു എഴുപതുവട്ടമായി മറ്റുള്ളവരോട് ദയ കാണിക്കുക.
ചിലപ്പോൾ സമാധാനത്തിനായുള്ള നിങ്ങളുടെ ശ്രമം നിങ്ങളുടെ മുഖത്ത് ചെളിവാരിയെറിഞ്ഞേക്കാം. ക്രിസ്തുവിന്റെ മുഖത്തും അങ്ങനെ സംഭവിച്ചു, ക്രുശിൽ അതു നാം കാണുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ അങ്ങനെയുള്ള ചെളി നിങ്ങളെ കുടുതൽ കൈപ്പും വെറുപ്പും ഉള്ളവരാക്കി തീർക്കാം. എന്നാൽ അതിനനുവദിക്കരുത്. ദൈവം നിങ്ങളുടെ തെറ്റുകൾ, അനവധിയായ തെറ്റുകൾ ക്ഷമിച്ചു എന്നതിൽ നാം അധികമധികമായി അതിശയിക്കുക. നിങ്ങൾക്കു ദൈവത്തോടു സമാധാനമുണ്ട് എന്നതിൽ അതിശയിക്കുക. നിങ്ങളുടെ കുറ്റം നിങ്ങളിൽ നിന്നു എടുത്തു നീക്കിയതുകൊണ്ട് നിങ്ങൾക്ക് നിങ്ങളോടു തന്നേയും സമാധാനമുണ്ടെന്ന് നിങ്ങൾ ഓർക്കുക.
ദൈവത്തിൽ ആശ്രയിച്ചുകൊണ്ടിരിക്കുക. അവൻ ചെയ്തുകൊണ്ടിരിക്കുന്നത് അവൻ അറിയുന്നു. നിങ്ങളുടെ വിജയമല്ല, അവന്റെ മഹത്വം ലക്ഷ്യമിടുക. അതല്ലെങ്കിൽ നിങ്ങളുടെ സമാധാനമുണ്ടാക്കുന്നതിൽ നിങ്ങളുടെ ഫലപ്രാപ്തിയല്ല, മുഖ്യമായിരിക്കേണ്ടത്, മറിച്ച്, ദൈവത്തിന്റെ മഹത്വമാണ് നിങ്ങളുടെ ഹൃദയത്തിന്റെ നിധിയായി ഇരിക്കേണ്ടത്.
അപ്പൊൾ നിങ്ങൾക്ക് ദൂതന്മാർ പാടിയതുപോലെ “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ ദൈവപ്രാസാദമുള്ളവർക്കു സമാധാനം” എന്ന് പറയാൻ സാധിക്കും. ആകയാൽ, ഈ ക്രിസ്മസ്സും അതിനെ തുടർന്നുള്ള പുതിയ വർഷവും എല്ലാ ഭയവും നീങ്ങി നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷപൂരിതമായിരിക്കട്ടെ, ബന്ധങ്ങളിൽ സമാധാനം വർദ്ധിക്കട്ടെ അതുവഴി ദൈവത്തിന്റെ വലിയ ഉദ്ദേശ്യങ്ങൾ ഫലമണിയട്ടെ.
*******
Gospel & Acts Sermon Series_09