
നിത്യജീവൻ

P M Mathew
26-08-2018
Jesus Christ is the Messiah.
യേശുക്രിസ്തുവാണ് മശിഹ.
ഇനി നമുക്കു യേശുവിന്റെ ശിഷ്യന്മാരിലേക്കു വരാം. യേശുവിന്റെ കുടെ മൂന്നു മൂന്നരവർഷക്കാലം നടന്ന് അവൻ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും കണ്ടവരും അവനിൽ നിന്നു അനേക അനുഗ്രഹങ്ങൾ പ്രാപിച്ചവരുമാണ് അവർ. എന്നാൽ വാസ്തവത്തിൽ യേശു ആരാണ് എന്നും അവന്റെ ദൗത്യമെന്ത് എന്നും യേശുവിന്റെ പുനരുത്ഥാനത്തിനു മുൻപുവരെ വ്യക്തമായി മനസ്സിലാക്കിയിരുന്നില്ല. യേശുവിനെ പ്രവാചകന്മാരിൽ ഒരുത്തനായി കണ്ടവരുണ്ട്. യോഹന്നാൻസ്നാപകനെന്നു കണ്ടവരുണ്ട്, ഏലിയാവായി കണ്ടവരുണ്ട്. പത്രോസ് ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഏറ്റു പറയുന്നുണ്ടെങ്കിലും തന്റെ ദൗത്യം എങ്ങനെയുള്ളത് എന്ന് വ്യക്തമായി ഗ്രഹിച്ചിരുന്നില്ല. അങ്ങനെ നോക്കിയാൽ, യേശുവിനെ ദൈവത്തിന്റെ മശിഹയായി, രാജാവായി ദൈവപുത്രനായി കണ്ടവരും തന്റെ ദൗത്യമെങ്ങനെയുള്ളത് എന്ന് അറഞ്ഞിരുന്നവരും വളരെ വിരളമായിരുന്നു. യേശു ഉയർത്തെഴുനേറ്റ് താൻ അവരുമായി ഭക്ഷണത്തിനിരുന്നപ്പോഴാണ് വാസ്തവത്തിൽ അവന്റെ ശിഷ്യന്മാർക്കുപോലും യേശു വാസ്തവത്തിൽ ആരാണ് തന്റെ ദൗത്യം എന്ത്, എങ്ങനെയുള്ളത് എന്നു തിരിച്ചറിയുവാനായത്. ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
ലുക്കൊസ് 24:13-31
“അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽ നിന്നു ഏഴു നാഴിക ദൂരമുള്ള എമ്മാവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കേയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു. സംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്ന് അവരോടു ചേർന്നു നടന്നു. അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു. അവൻ അവരോടു: നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു: അവർ വാടിയ മുഖത്തോടെ നിന്നു. ക്ലെയൊപ്പാവു എന്ന പേരുള്ളവൻ: യെരുശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു. ‘ഏതു’ എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു ദൈവത്തിനൂം സകലജനത്തിന്നും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസ്രായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ. നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു. ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലെറക്കൽ പോയി. അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ല താനും. അവൻ അവരോടു: അയ്യോ ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളെ, ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടൂ തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു. മോശെ തുടങ്ങി സകലപ്രവാചകരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. അവരോ: ഞങ്ങളോടു കൂടെ പാക്കുക; നേരം വൈകി അസ്തമിപ്പാറായല്ലൊ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു. അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി.”
1. യേശു ക്രിസ്തു വാസ്തവത്തിൽ ആരാണ്, അവന്റെ ഈ ഭൂമിയിലെ ദൗത്യം എന്തായിരുന്നു എന്നു തിരിച്ചറിഞ്ഞ് അവനിൽ വിശ്വസിക്കുക. (Recognize who Jesus Christ really is and what his earthly mission was and believe in Him.)
യേശുവിന്റെ എമ്മവോസ് റോഡിലെ പ്രത്യക്ഷത വളരെ ഉജ്വലവും നാടകീയവുമായ നിലയിലാണ് ലൂക്കോസ് അവതരിപ്പിച്ചിരിക്കുന്നത്. യേശുവിന്റെ പുരുത്ഥാനത്തിന്റെ മൂന്നാമത്തെ തെളിവാണ് യേശുവിന്റെ ഈ പ്രത്യക്ഷപ്പെടൽ. ആദ്യത്തേത് ശൂന്ന്യമായ കല്ലറയായിരുന്നു എങ്കിൽ രണ്ടാമത്തേത്, ദൂതന്മാരുടെ സ്ത്രീകളോടുള്ള പ്രഖ്യാപനമായിരുന്നു. ലൂക്കോസിന്റെ വായനക്കാർക്ക് ഉണ്ടായിരുന്ന അറിവ് ഈ സമയത്ത് ആ രണ്ടു ശിഷ്യന്മാർക്ക് ഉണ്ടായിരുന്നില്ല. ആകയാൽ ഇവർക്ക്, യെരൂശലേമിൽ സംഭവിച്ച കാര്യങ്ങളുടെ പൊരുൾ എന്താണ് എന്നു പിടി കിട്ടിയിരുന്നില്ല. അതുകൊണ്ട് അവർ ആ വിഷയത്തെപ്രതി തർക്കിച്ചും വാദിച്ചുംകൊണ്ട് യെരൂശലേമിൽ നിന്നു തങ്ങളുടെ ഗ്രാമമായ എമ്മാവൂസിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് അപരിചിതനായ ഒരാൾ അവരോട് ചേർന്ന് നടന്ന് അവരുടെ സംസാരത്തിൽ പങ്കുചേർന്നത്. തങ്ങളെപോലെ യെരൂശലേമിൽ ആരാധിക്കുവാൻ വന്ന ആരൊ ഒരാൾ എന്ന നിലയിലാണ് അവർ അദ്ദേഹത്തെ കണ്ടത്. അതുകൊണ്ട് അവർ തങ്ങൾക്കു യേശുവിനെക്കുറിച്ചുണ്ടായിരുന്ന ധാരണ പങ്കുവെക്കുന്നു. യേശു ഒരു പ്രവാചകനായിരുന്നു എന്നും ദൈവത്തിന്റെയും മനുഷ്യരുടേയും മുൻപാകെ പ്രവൃത്തിയിലും വാക്കിലും ശക്തനായിരുന്നു എന്നും അവൻ യിസ്രായേൽ ജനത്തെ വീണ്ടെടുക്കുവാൻ വന്നവനെന്നും അവർ വിചാരിച്ചിരുന്നു. അതായത്, ദൈവം യേശു എന്ന ഈ വ്യക്തിയിലൂടെ തങ്ങളുടെ ദേശത്തെ റോമൻ അധീനതയിൽ നിന്നു വിടുവിച്ചു തങ്ങൾക്കു സ്വാതന്ത്ര്യം വരുത്തുന്ന മശിഹൈക രാജാവെന്ന് അവർ ധരിച്ചു. എന്നാലിപ്പോൾ ഇതാ അവൻ ക്രൂശിക്കപ്പെടുകയും ദൈവത്തിന്റെ വീണ്ടെടുപ്പു പദ്ധതി പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. അവൻ മരിച്ചിട്ട് ഇപ്പോൾ മൂന്നു ദിവസം ആയിരിക്കുന്നു. അവരുടെ നിരാശ വലിയതായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് വലിയ ഭംഗം സംഭവിച്ചിരിക്കുന്നു. തന്നെയുമല്ല, ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾ അവനെ അടക്കിയ കല്ലറയിൽ ചെന്നു നോക്കി. എന്നാൽ അവിടെ അവർ അവനെ കണ്ടില്ല. അതു മാത്രമല്ല, അവർ ദൂതന്മാരുടെ ഒരു ദർശനം കണ്ടു എന്നും യേശു ജീവിച്ചിരിക്കുന്നു എന്നും അവരോട് പറഞ്ഞു. അതു അവരെ കൂടുതൽ ഭ്രമിപ്പിച്ചു. മറ്റു ചില ശിഷ്യന്മാരും ആ കല്ലറ സന്ദർശിച്ചു. അവരും യേശുവിന്റെ ശരീരം അവിടെ കണ്ടില്ല.
ഇതൊക്കെ ആയിരുന്നിട്ടും യേശു ഉയർത്തെഴുനേറ്റു എന്നും തങ്ങളോടുകൂടെ നടക്കുന്നത് യേശുവാണെന്നും അവർ തിരിച്ചറിഞ്ഞില്ല. “മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നാം നാൾ ഉയിർത്തെഴുനേൽക്കയും വേണം” (ലൂക്ക് 9:22) എന്ന് പലവട്ടം യേശു പറഞ്ഞിരുന്നതുമാണ്. എങ്കിലും യേശു ഉയർത്തെഴുനേറ്റു എന്നു വിശ്വസിക്കുവാൻ ഈ രണ്ടു ശിഷ്യന്മാർക്കൊ മറ്റു 11 ശിഷ്യന്മാർക്കൊ കഴിഞ്ഞില്ല. അതിനുള്ള കാരണം ലൂക്കോസ് അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. "അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു." Passive voice ലുള്ള പ്രയോഗം ദൈവം അവരുടെ കണ്ണു കുരുടാക്കി എന്നതു കാണിക്കുന്നു. അതിനു ദൈവത്തിനൊരു ഉദ്ദേശ്യമുണ്ടായിരുന്നു. അവർ യേശുവിനെ അറിയേണ്ടതുപോലെ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർ യേശുവിനെ അറിയേണ്ടതുപൊലെ അറിയണം എന്ന് ദൈവം ആഗ്രഹിച്ചു. അതുകൊണ്ടാണ് അവർക്കു യേശുവിനെ തിരിച്ചറിയാൻ കഴിയാതെ പോയത്.
a) യേശുവിനെ തിരിച്ചറിയാതിരിക്കുന്നതു ബുദ്ധിശുന്ന്യതയാണ് (It is foolish not to recognize Jesus)
അതിനോടുള്ള യേശുവിന്റെ പ്രതികരണം നോക്കുക: “അയ്യോ ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളെ, ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടൂ തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു.” പ്രവാചക പുസ്തകങ്ങളിൽ യേശുവിനെ കുറിച്ചു എഴുതിയിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാത്ത അവരെ യേശു ബുദ്ധിഹീനർ (Idiots) അഥവാ മന്ദബുദ്ധികൾ എന്നാണ് വിളിച്ചത്. അതിൽ നിരാശയും ശാസനയും അടങ്ങിയിരുന്നു. യേശു അവരെ ശാസിക്കാനുള്ള കാരണം അവർ പ്രവാചകന്മാർ പറഞ്ഞിരുന്നത് വിശ്വസിച്ചിരുന്നില്ല എന്നതാണ്. പ്രവാചകന്മാർ എഴുതിയ പുസ്തകങ്ങളിൽ എല്ലാം തന്നെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് എന്ന് അവർ ഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് അവർക്ക് യെരൂശലേമിൽ സംഭവിച്ച കാര്യങ്ങളുടെ പൊരുൾ മനസ്സിലാകാതെ പോയത്. പിന്നീടു യേശു ബൈബിളിലെ ആദ്യ പുസ്തകങ്ങളായ മോശയുടെ തോറ (ഉൽപ്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം) യിൽ തുടങ്ങി പ്രവാചകപുസ്തകങ്ങളിൽ അവരുടെ വീണ്ടെടുപ്പുകാരനായ മശിഹയെക്കുറിച്ചും അവൻ തന്റെ കാൽവരി മരണത്തിലൂടെയാണ് മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കുന്നത് എന്നും അവർക്കു വിവരിച്ചുകൊടുക്കുന്നു. ഉൽപ്പത്തി മുന്നാം അദ്ധ്യായത്തിൽ മനുഷ്യന്റെ വീഴ്ചയെതുടർന്ന്, ദൈവം അവർക്കു സ്ത്രിയുടെ സന്തതിയായി ഒരു രക്ഷകനെ വാഗ്ദത്തം ചെയ്തതുമുതൽ താൻ ആരംഭിച്ചുകാണുമെന്ന് നമുക്കു പ്രതീക്ഷിക്കാം. പഴയനിയമം നാം പരിശോധിച്ചാൽ യേശുവിലേക്കു വിരൽ ചൂണ്ടുന്ന അനേകം വാക്കുകളും, സാദൃശ്യങ്ങളും(Images), മാതൃകകളും (types) ഉപയോഗിച്ചിരിക്കുന്നതു കാണുവാൻ കഴിയും. പിന്നെ യിസ്രായേലിന്റെ അടിമത്വത്തിൽ നിന്നുള്ള മോചനവും അവരുടെ ദേവാലയവും യാഗങ്ങളും ഒക്കെ യേശുവിന്റെ വീണ്ടെടുപ്പിന്റെ പ്രതീകങ്ങളാണ്. അതുകൂടാതെ മോശെയുടെ അന്ത്യവാക്കുകൾ ശ്രദ്ധിച്ചാലും അവരുടെ രക്ഷകനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കാണാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു തരും; അവന്റെ വചനം നിങ്ങൾ കേൾക്കണം” (ആവർത്തനം 18:15). അതുകൂടാതെ മശിഹായുടെ വരവിനെക്കുറിച്ചും അവനു നേരിടേണ്ടിവരുന്ന കഷ്ടങ്ങളെക്കുറിച്ചും ഒക്കെയുള്ള നിരവധി പ്രവചനങ്ങളും നമുക്ക് കാണുവാൻ കഴിയും (യെശ 8:14; യെശ 53, സഖ 9:9; സങ്കീ 22). അവയെ ഒക്കേയും ശ്രദ്ധിച്ചു മനസ്സിലാക്കുന്നവർക്ക് യേശുവിന്റെ മരണത്തെക്കുറിച്ചും, അതുവഴിയായുള്ള വീണ്ടെടുപ്പിനെക്കുറിച്ചുമൊക്കെ മനസ്സിലാക്കാൻ വിഷമമില്ല. അതുകൊണ്ട് ദൈവത്തിന്റെ വീണ്ടെടുപ്പു പദ്ധതി നസ്രായനായ യേശുവിന്റെ മരണത്തോടെ പരാജയപ്പെടുകയല്ല, വിജയിക്കുകയാണ് ചെയ്തത് എന്ന് യേശു അവർക്കു മനസ്സിലാക്കി കൊടുക്കുന്നു. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം പഴയനിയമ പ്രവാചകന്മാരിലുടെ ദൈവം വാഗ്ദത്തം ചെയ്ത മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായ, വീണ്ടെടുപ്പുകാരനായ മശിഹയാണ് യേശു എന്ന് മനസ്സിലാക്കണം.
2. ബൈബിൾ എന്ന എകപുസ്തകത്തിന്റെ കഥാനായകൻ ക്രിസ്തു (Christ is the protagonist of the single book The Bible)
രണ്ടാമതായി, നാം മനസ്സിലാക്കേണ്ട കാര്യം എബ്രായബൈബിൾ- തോറ, പ്രവാചകന്മാരുടെ പുസ്തകം, എഴുത്തുകൾ എന്നിവയടങ്ങുന്ന ‘ഒരുപുസ്തക’മെന്ന നിലയിൽ നാം അതിനെ കാണണമെന്നും അതിലെ കേന്ദ്രപ്രമേയം യേശുക്രിസ്തുവാണെന്നും നാം മനസ്സിലാക്കണം. ഒരുപക്ഷെ ഈ പഴയനിയമ പുസ്തകങ്ങൾ നാം പരിശോധിക്കുമ്പോൾ, സൃഷ്ടിവിവരണവും, മനുഷ്യന്റെ വീഴ്ചയും, അതിൽ നിന്നു മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ അബ്രാഹം എന്ന ഒരു മനുഷ്യനെ തിരഞ്ഞെടുക്കുന്നതും അബ്രാഹമിന്റെ സന്തതയിലുടെ ദൈവം ലോകത്തെ അനുഗ്രഹിക്കാമെന്ന വാഗ്ദത്തം നൽകുന്നതും, അബ്രാഹമിന്റെ സന്തതി പരമ്പരകൾക്ക് ഒരു രാജ്യവും, ദൈവസാന്നിദ്ധ്യമുറപ്പാക്കുന്ന ഒരു ദേവാലയവും, അതിലെ യാഗങ്ങളും, പിന്നീടു വരുന്ന അവരുടെ രാജാക്കന്മാരെക്കുറിച്ചും അവരുടെ വിജയപരാജയങ്ങളെക്കുറിച്ചു മൊക്കെയാണ്. അവരുടെ രാജാക്കന്മാർ അവരുടെ ദൈവത്തെ പിൻപറ്റുവാൻ പരാജയപ്പെട്ടപ്പോൾ യിസ്രായേൽ എന്ന രാജ്യം ജാതികൾ കയ്യടക്കുകയും യെരുശലേം ദേവാലയം നശിപ്പിക്കപ്പെടുകയും അനേകം യെഹൂദന്മാർ പ്രവാസത്തിലേക്ക് പോകയും ചെയ്തു. എന്നാൽ ദൈവം തന്റെ കരുണയിൽ അവരെ തങ്ങളുടെ ദേശത്തേക്കു മടക്കി വരുത്തുകയും വീണ്ടും തങ്ങളുടെ ഐഡന്റിറ്റി വീണ്ടെടുത്ത് മറ്റൊരു ദേവാലയം പുനർനിർമ്മിക്കുകയും ചെയ്തു. എന്നാൽ അവർ പ്രതിക്ഷിച്ചിരുന്ന യഥാർത്ഥ രക്ഷകൻ അതുവരെ വന്നിരുന്നില്ല. അങ്ങനെ പഴയനിയമം പൂർത്തിയാകാത്ത ഒരു പുസ്തകം പോലെ അവസാനിക്കുന്നു.
a) ക്രിസ്തു എന്ന രക്ഷകന്റെ വരവ് (The coming of Christ the Savior)
പിന്നിട് പുതിയ നിയമ പുസ്തകത്തിലാണ് ആ രക്ഷകൻ വരുന്നത്. അങ്ങനെ പ്രവാചകപുസ്തകങ്ങളിൽ അവസാനത്തെ പുസ്തകമായ മലാക്കി പുസ്തകത്തിനു 400 വർഷങ്ങൾക്കു ശേഷം അവർ പ്രതീക്ഷിച്ചിരുന്ന രക്ഷകൻ അഥവാ മശിഹൈക രാജാവ് വരുന്നു. ആ രാജാവാണ് സാക്ഷാൽ നസ്രായനായ യേശു. സാധാരണ രാജാക്കന്മാർ ചെയ്യുന്നതുപോലെ രക്തച്ചൊരിച്ചിലിലൂടെ ഒരു രാജ്യം സ്ഥാപിക്കുന്ന രാജാവായിരുന്നില്ല യേശു. താൻ തന്റെ രാജ്യം സ്ഥാപിക്കുന്നതു വീണുപോയ മനുഷ്യവർഗ്ഗത്തെ തന്റെ രക്തം ചൊരിഞ്ഞ് വീണ്ടെടുത്ത് രക്ഷിച്ച്, അവരെ തന്റെ ജനമാക്കി, അവരോടൊപ്പം വസിക്കുവാൻ ആഗ്രഹിക്കുന്നതിലൂടെയാണ് അവൻ രാജാവായി തീരുന്നത്. എന്നാൽ ഈയൊരു വീക്ഷണമായിരുന്നില്ല യേശുവിന്റെ ശിഷ്യന്മാർക്കു ഉണ്ടായിരുന്നത്. അതുകൊണ്ടാണ് തന്റെ ഈ ശിഷ്യന്മാർക്ക് യേശുവിനെ തിരിച്ചറിയാൻ കഴിയാതെ പോയത്. ആ രക്ഷകനാണ്, അല്ലെങ്കിൽ മശിഹൈക രാജാവാണ് യേശുക്രിസ്തു എന്ന് അറിയണം.
പലപ്പോഴും യേശുക്രിസ്തു എന്ന പേരിന്റെ അർത്ഥം പോലും ആളുകൾ മനസ്സിലാക്കുന്നില്ല എന്നതാണ് സങ്കടകരം. ‘യേശു’ എന്നാൽ രക്ഷകൻ എന്നാണ് അർത്ഥം. ‘യേശു’ എന്ന പേരു അവനു ഇടുവാൻ കാരണം അവൻ “മനുഷ്യരെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനിക്കുന്നതുകൊണ്ടാണ്” എന്ന് മത്തായി (1:21) സുവിശേഷത്തിൽ നാം വായിക്കുന്നു. ഇനി ‘ക്രിസ്തു’ എന്നു പറയുന്നത് പ്രവാചകപുസ്തകത്തിൽ മഹാപുരോഹിതനേയൊ, രാജാവിനേയൊ, അഭിഷിക്തനേയൊ കുറിക്കുന്ന പദമാണ്. ഈ അഭിഷിക്തൻ മരണം ഏറ്റുവാങ്ങിയാണ് മനുഷ്യനെ അവരുടെ പാപത്തിന്റെ ശിക്ഷയിൽ നിന്നു വീണ്ടെടുത്തു മനുഷ്യരെ രക്ഷിക്കുന്നത്. അതിനു ക്രിസ്തുവിന്റെ മരണം അനിവാര്യമായ സംഗതിയാണ്. അതിലൂടെയാണ് അവൻ മഹത്വത്തിലേക്ക് പ്രവേശിക്കുന്നത്.
ഈ കാര്യങ്ങളായിരിക്കണം യേശു അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും അവർ തങ്ങളുടെ ഗ്രാമത്തിൽ എത്താറായിരുന്നു. അപ്പോഴും തങ്ങളുടെ കുടെ നടക്കുന്നതു ഉയർത്തെഴുനേറ്റ യേശുവാണെന്ന് അവർ വ്യക്തമായി ഗ്രഹിച്ചില്ല. യേശു ഉടനെ അവരെ വിട്ടുപോകുന്ന ഭാവത്തിൽ മുന്നോട്ടു നടക്കുന്നു. അപ്പോൾ അവർ യേശുവിനോടു തങ്ങളോടുകുടെ പാർക്കാൻ അപേക്ഷിക്കുന്നു. യേശു ആരുടേയും വീട്ടിലേക്ക് ഇടിച്ചു കയറി ചെല്ലുന്ന വ്യക്തിയല്ല, തങ്ങളുടെ ഹൃദയത്തിലേക്കു ക്ഷണിച്ചെങ്കിലെ യേശു നമ്മിലേക്കു വരികയുള്ളു. അവർ അവനോടുകുടെ ഭക്ഷണത്തിനു ഇരിക്കുന്നു. യേശു അന്ത്യ അത്താഴ വേളയിൽ ചെയ്യുന്നതുപോലെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു നൽകുന്നു. അപ്പോഴാണ് അവരുടെ കണ്ണു തുറക്കുകയും തങ്ങളോടുകൂടെ നടക്കുകയും സംസാരിക്കുകയും ചെയ്ത ഈ അപരിചിതൻ യേശുവാണെന്ന് ഗ്രഹിക്കുകയും ചെയ്തത്. അവനെ അവർ തിരിച്ചറിഞ്ഞു എന്നു ബോദ്ധ്യപ്പെട്ടതോടെ യേശു അവരെ വിട്ടു അപ്രത്യമാകയും ചെയ്തു.
3. യേശുക്രിസ്തു മശിഹൈക രാജാവെന്ന് തിരിച്ചറിയുവാൻ ആദ്യം ശിഷ്യന്മാർക്കും കശിഞ്ഞില്ല (At first the disciples did not hesitate to recognize that Jesus Christ was the Messianic King)
യേശു ഉയർത്തെഴുനേറ്റു എന്നും താൻ വാസ്തവത്തിൽ വരാനിരിക്കുന്ന മശിഹൈക രാജാവാണെന്ന് മനസ്സിലാക്കാൻ തന്റെ 11 ശിഷ്യന്മാർക്കും കഴിഞ്ഞിരുന്നില്ല എന്ന കാര്യമാണ് തുടർന്നുള്ള വാക്യങ്ങളിൽ ലൂക്കൊസ് വിവരിക്കുന്നത്. ലൂക്കോസിന്റെ തുടർന്നുള്ള വേദഭാഗങ്ങൾ നമുക്കു ഒന്നു വായിക്കാം
ലൂക്കൊസ് 24:32-53 “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയൊ എന്നു തമ്മിൽ പറഞ്ഞു. ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. കർത്താവു വാസ്തവമായി ഉയിർത്തെഴുനേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു. വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ് വന്നതും അവർ വിവരിച്ചു പറഞ്ഞു. ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു). അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി. അവൻ അവരോടു: നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു? ഞാൻ തന്നേ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടു നോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാസവും അസ്ഥിയും ഇല്ലല്ലൊ എന്നു പറഞ്ഞു. (ഇങ്ങനെ പറഞ്ഞിട്ടു അവർ കയ്യും കാലും അവരെ കാണിച്ചു). അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നിൽക്കുമ്പോൾ അവരോട്: തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു. അവർ ഒരു ഖണ്ഢം വറുത്തമീനും (തേൻ കട്ടയും) അവന്നു കൊടുത്തു. അതു അവൻ വാങ്ങി അവർ കാൺങ്കെ തിന്നു. പിന്നെ അവൻ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കേയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു. തിരുവഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നും ഉയർത്തെഴുനേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു. എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയർത്തിൽ നിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു. അനന്തരം അവൻ അവരെ ബെഥാന്യയോളം കൂട്ടികൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു. അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു (സ്വർഗ്ഗാരോഹണം ചെയ്തു). അവർ (അവനെ നമസ്ക്കരിച്ചു) മഹാസന്തോഷത്തോടെ യെരുശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.”
യേശു തന്റെ പതിനൊന്നു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നതും അവർക്കും താൻ മോശെയുടെ പുസ്തകം, പ്രവാചകപുസ്തകം, സങ്കീർത്തനപുസ്തകം എന്നിവയിൽ നിന്നു തന്നെ ആരാണെന്ന് മനസ്സിലാക്കിക്കൊടുക്കുന്നതുമായ കാര്യമാണ് ഇവിടേയും നാം വായിക്കുന്നത്. പിന്നീട് താൻ അവരോടും ഒന്നിച്ച് ഭക്ഷണത്തിനിരിക്കയും ഭക്ഷണം വാഴ്ത്തി അവർക്കു നൽകുമ്പോൾ അവരുടെ കണ്ണു തുറക്കുന്നതും അവർ യേശുവിനെ തിരിച്ചറിയുന്നതുമാണ് നാം കാണുന്നത്. യേശുവിനെ അവർ തിരിച്ചറിഞ്ഞു എന്നു കണ്ടപ്പോൾ തന്നെക്കുറിച്ച് മറ്റുള്ളവരോട് സാക്ഷിക്കുവാനുള്ള കലപ്പന നൽകി താൻ അവരുടെ മുമ്പാകെ സ്വർഗ്ഗാരോഹണം ചെയ്യുന്നു.
യേശുക്രിസ്തുവിനെ ദൈവവും കർത്താവുമായി സ്വീകരിക്കുക (Accept Jesus Christ as God and Lord)
അതായത്, യേശുവിനെ മനസ്സിലാക്കുന്നവർ അവനെ തങ്ങളുടെ ദൈവവും കർത്താവുമായി സ്വീകരിക്കണം. അവർ എന്നും അവന്റെ മരണപുനരുത്ഥാനത്തെ ഓർത്ത് ദൈവത്തിനു നന്ദി പറയുന്നവരും അവനെ ആരാധിക്കുന്നവരുമായി തീരണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അങ്ങനെ രക്ഷിക്കപ്പെടുന്നവർ ഈ യേശുവിനെ മറ്റുള്ളവരുടെ മുൻപാകെ സാക്ഷിക്കണം. അങ്ങനെ മറ്റുള്ളവരും യേശുവിന്റെ മരണത്തിന്റേയും പുനരുത്ഥാനത്തിന്റേയും ഫലമായ രക്ഷ അനുഭവിക്കണം. അവരും നിത്യജീവൻ ഉള്ളവരായി തീരണം. ഈ വചനങ്ങളാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
*******
Gospel & Acts Sermon Series_04