
നിത്യജീവൻ

P M Mathew
20-06-2022
The rest that Jesus Christ gives !
യേശുക്രിസ്തു നൽകുന്ന സ്വസ്ഥത !
ആ ഒരു ദൗത്യത്തിലേക്കു വിരൽ ചൂണ്ടുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
ലൂക്കൊസ് 4:18-19
18 “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും 19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു”.
പശ്ചാത്തലം
യേശുക്രിസ്തു തന്റെ സ്നാനത്തിനും അതിനേതുടർന്നുണ്ടായ പിശാചിന്റെ പരീക്ഷക്കും ശേഷം പരിശുദ്ധാത്മ ശക്തിയോടെ ഗലീലയിൽ തന്റെ ശുശ്രൂഷക്ക് തുടക്കം കുറിക്കുന്നു. ഒരു ഭക്തിയുള്ള യെഹൂദനാകയാൽ സിനഗോഗിൽ പോകുന്നതും അവിടെയുള്ള ശുശ്രൂഷകളിൽ സംബന്ധിക്കുന്നതും യേശുവിന്റെ ഒരു പതിവായിരുന്നു. യെഹൂദമത നേതൃത്വം ആക്ഷേപിച്ചിരുന്നതുപോലെ താൻ ഒരു ദൈവനിഷേധിയൊ ന്യായപ്രമാണലംഘിയൊ ആയിരുന്നില്ല. മറിച്ച്, ഭക്തിയെ സംബന്ധിച്ച മതനേതൃത്വത്തിന്റെ കാഴ്ചപ്പാടും യേശുക്രിസ്തുവിന്റെ കാഴ്ചപ്പാടും വ്യത്യസ്ഥമായിരുന്നു എന്നതാണ് യേശുവും യിസ്രായേൽ മതനേതൃത്വവും തമ്മിലുള്ള സംഘർഷത്തിന്റെ ഒരു കാരണം.
യേശുവിന്റെ അത്ഭുതങ്ങളും ഉപദേശങ്ങളും ഇതിനോടകം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആകയാൽ, താൻ നസ്രേത്തിലെ സിനഗോഗിൽ എത്തിയപ്പോൾ തനിക്കു യെശയ്യാ പ്രവചനത്തിന്റെ ചുരുൾ വായിക്കുവാൻ നൽകി. താൻ അതിൽ നിന്നും നമ്മുടെ ബൈബിളിലെ കാണുന്ന 61-ാം അദ്ധ്യായത്തിന്റെ ഒന്നാം വാക്യവും രണ്ടാം വാക്യത്തിന്റെ പകുതിയും വായിക്കുന്നു. രണ്ടാം വാക്യം ഇപ്രകാരമാണ്: "യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും". യേശുക്രിസ്തു "യഹോവയുടെ പ്രസാദവർഷം" വരെ വായിച്ചതിനുശേഷം നിർത്തുകയും "ദൈവത്തിന്റെ പ്രതികാരദിവസം" എന്നഭാഗം ഒഴിവാക്കുകയും ചെയ്തു. അതിനുശേഷം താൻ ചുരുൾ മടക്കി നൽകി, ഇപ്പോൾ ഈ പ്രവചനം തന്നിൽ നിവൃത്തിയായി എന്ന് പറഞ്ഞ് തന്റെ പ്രഭാഷണം ആരംഭിക്കുന്നു. ലൂക്കോസ് ഈ വേദഭാഗം (cut and paste) അതേപടി ഉദ്ധരിക്കുകയല്ല, യെശയ്യ 61:1-2 ഉം യെശയ്യാ 58:6 ഉം അല്പം ഭേദഗതികളോടെ സമന്വയിപ്പിച്ച് ഉദ്ധരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഈ വേദഭാഗത്ത് പ്രധാനമായും ദൈവത്തിന്റെ പദ്ധതിയും അതിൽ തന്റെ റോളിനെക്കുറിച്ചുമാണ് യേശുക്രിസ്തു പറയുന്നത്. പഴനനിയമപ്രവചനത്തിന്റെ നിവൃത്തിയായിട്ടാണ് താൻ വന്നിരിക്കുന്നത്, ഇതാണ് രക്ഷയുടെ സമയം. ഇതാണ് ദൈവം പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലിവർഷവും. ഈ നല്ല വാർത്ത അറിയിക്കുവാനും താൻ കൊണ്ടുവരുന്ന ജൂബിലിവർഷത്തിലേക്കു ക്ഷണിക്കുവാനുമാണ് യേശു വന്നത്. അതിനായി, ദൈവത്തിന്റെ ആത്മാവ് തന്റെ മേൽ ആവസിക്കുന്നു. ഈയൊരു പ്രത്യേക ദൗത്യനിർവ്വഹണത്തിനായി അഭിഷേകം ചെയ്യപ്പെട്ട, ദൈവത്തിന്റെ അഭിഷിക്തനാണ് താൻ. ദരിദ്രർക്കും ബദ്ധന്മാർക്കും അന്ധർക്കും വിടുതലും വെളിച്ചവും പ്രസംഗിക്കുക എന്നതാണ് തന്റെ ദൗത്യം.
ദരിദ്രരോടു സുവിശേഷം അറിയിക്കുക (To proclaim good news to the poor).
തന്റെ അടിസ്ഥാനപരമായ ദൗത്യം ദരിദ്രരോടു സുവിശേഷം അറിയിക്കുക എന്നതാണ്. സുവിശേഷം എന്നത് നല്ലവാർത്തയുടെ പ്രഖ്യാപനവും അതിലേക്കുള്ള ക്ഷണവും ഉൾക്കൊള്ളുന്നതുമാണ്. അത് സ്വീകരിക്കുന്നവരെയാണ് ദരിദ്രർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതല്ലെങ്കിൽ കർത്താവ് മലയിലെ പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ആത്മാവിൽ ദരിദ്രരായിരിക്കുന്നവരാണ് യഥാർത്ഥ ദരിദ്രർ. സാമ്പത്തിക ദാരിദ്ര്യത്തേക്കാൾ ഉപരി സുവിശേഷത്തോടു പ്രതികരിക്കുന്നവരെയാണ് ദരിദ്രർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതിൽ സാമ്പത്തികമായി സമ്പന്നരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ഉൾപ്പെടുന്നു. എന്നാൽ സാമ്പത്തിക പിന്നോക്കം നിൽക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരും (marginalized people), അവർക്കു ആശ്രയിക്കുവാൻ മറ്റു സാദ്ധ്യതകൾ കുറവായതുകൊണ്ട് സുവിശേഷത്തോട് കൂടുതൽ പ്രതികരിക്കുന്നു എന്നതിനാൽ അവർ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. എന്നാൽ തന്നെക്കൊണ്ട് ആവശ്യമില്ലാത്ത, അല്ലെങ്കിൽ തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ സംതൃപ്തരായിരിക്കുന്ന അന്നത്തെ മതനേതൃത്വത്തെ (rich and highly religious people) സൗഖ്യമാക്കുകയല്ല തന്റെ ലക്ഷ്യം. ദൈവത്തിന്റെ വിളിയെ തുറന്ന മനസ്സോടെ കാണുന്നവരെ, ജീവിതത്തിന്റെ എല്ലാതലത്തിലും യേശുവിന്റെ സഹായം അന്വേഷിക്കുന്നവരെ സഹായിക്കുക, അവരെ രക്ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യം. തന്റെ അടുക്കൽ വരുന്നവർ അതു ധനവാനായിക്കൊള്ളട്ടെ ദരിദ്രനായിക്കൊള്ളട്ടെ, താൻ വെച്ചു നീട്ടുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുന്നു.
ഇതിന്റെ outcome എന്നത് ആത്മീകവും സാമൂഹികവുമായ ഒരു പുതിയ സമൂഹത്തിന്റെ ആവിർഭാവമാണ്. അതിനെയാണ് യെശയ്യാ പ്രവാചകൻ കർത്താവിന്റെ പ്രസാദവർഷം എന്നു വിളിച്ചത്. യേശുക്രിസ്തുവിനു മുന്നോടിയായി വന്ന യോഹന്നാനും യേശുക്രിസ്തു തന്നേയും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് ഉത്ഘോഷിച്ചപ്പോൾ അർത്ഥമാക്കിയതും ഇതുതന്നെയാണ്. ഈ ദൈവരാജ്യത്തിനു ആത്മീകവും ആക്ഷരീകവുമായ വശങ്ങളുണ്ട്. കർത്താവിന്റെ ആദ്യത്തെ വരവിൽ അതിന്റെ ആത്മീകമായ വശം യാഥാർത്ഥ്യമായി. ദൈവരാജ്യത്തിന്റെ ആക്ഷരീകമായവശം യെശയ്യാ പ്രവചനത്തിൽ യേശുക്രിസ്തു വായിക്കാതിരുന്ന "നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും" നിവൃത്തിയാകും. പഴയനിയമ പ്രവാചകന്മാർ ഈ രണ്ട് പ്രവൃത്തികളെയും ഒന്നായികണ്ടു. അതായത്, രക്ഷയും ന്യായവിധിയും ഒരേ സമയം സംഭവിക്കുന്നു. സുവിശേഷം വിശ്വസിക്കുമ്പോൾ രക്ഷയും സുവിശേഷം തിരസ്ക്കരിക്കുമ്പോൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ ന്യായവിധിയും നടക്കുന്നു. എന്നാൽ ന്യായവിധി ആക്ഷരീകമായി നടപ്പാകുന്നത് കർത്താവിന്റെ രണ്ടാം വരവിലാണ് എന്ന ഒരു വ്യത്യാസം മാത്രം. കർത്താവിന്റെ രണ്ടാം വരവ് ഒരു ദൈവികരഹസ്യമാകയാലാണ് യേശുക്രിസ്തു യെശയ്യാ പ്രവചനത്തിലെ "നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസം" എന്ന ഭാഗം വായിക്കാതെ വിട്ടുകളഞ്ഞത്.
മഹത്തായ കൃപയുടെയും ദീർഘക്ഷമയുടെയും ദിനത്തിലാണ് നാം ജീവിക്കുന്നത്. ദൈവം തന്റെ പ്രസാദവർഷം പ്രഘോഷിക്കുന്ന നാളുകളാണിത്. സുവിശേഷം സ്വീകരിക്കുന്നവരുടെ മത്സരത്തേയും പാപങ്ങളെയും അതിക്രമങ്ങളെയും ദൈവം പൂർണ്ണമായി ക്ഷമിച്ചുതരുന്നു. എന്നാൽ രക്ഷയുടെ ദിവസം അവസാനിക്കുകയും പിതാവ് നിശ്ചയിച്ച സമയം വരുകയും ചെയ്യുമ്പോൾ, പ്രതികാരത്തിന്റെ ദിവസം സംജാതമാകും. അന്ന് യെശയ്യാവ് 61:2-ലെ ശേഷിക്കുന്ന പ്രവചനം പൂർത്തിയാകും. ഈ സുപ്രസാദകാലത്തിന്റെ അവസാനത്തിൽ, 2 തെസ്സലൊനീക്യർ 1:7-10 വാക്യങ്ങളിൽ പൗലോസ് പറയുന്നതുപോലെ, 7"ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ8 നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ.9 ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും10 വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും."
1. യേശുവിന്റെ ദൗത്യം സഭയുടെ ദൗത്യമാണ് (The mission of Jesus is the mission of the church)
യേശുക്രിസ്തു കൊണ്ടുവരുന്ന സുവാർത്ത എന്താണെന്ന് നോക്കുന്നതിന് മുമ്പ്, ലൂക്കോസ് 4:18-19 ൽ പറയുന്ന യേശുവിന്റെ ദൗത്യം, സഭയുടെയും ദൗത്യമാണ് എന്ന് ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനുള്ള രണ്ട് കാരണങ്ങൾ നമുക്കു പരിശോധിക്കാം.
i. പിതാവ് യേശുവിനെ അയച്ചതുപോലെ, യേശു സഭയെ അയയ്ക്കുന്നു.
ഉയർത്തെഴുനേൽപ്പിനുശേഷം സ്വർഗത്തിലേക്ക് മടങ്ങുന്നതിനുമുമ്പ് യേശു തന്റെ ശിഷ്യന്മാരോടു ഇപ്രകാരം പറഞ്ഞു: "നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു ..." (യോഹന്നാൻ 20:21). യേശുവിന്റെ ദൗത്യം പിന്തുടരുവാൻ ബാദ്ധ്യസ്ഥരാണ് യേശുവിന്റെ ശിഷ്യന്മാർ. യേശുവിനെക്കുറിച്ചുള്ള സുവിശേഷം മറ്റുള്ളവരെ അറിയിക്കുവാൻ തന്റെ ഓരോ ശിഷ്യനും വിളിക്കപ്പെട്ടിരിക്കുന്നു. അതിനു വേണ്ടി ചില കഷ്ടപ്പാടുകളിൽ നാം സഹിക്കേണ്ടതുണ്ട്. അതു യേശുവിന്റെ പ്രവൃത്തിയോടു എന്തെങ്കിലും കൂട്ടിച്ചേർക്കാൻ വേണ്ടിയല്ല. അവന്റെ മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള രക്ഷാകര കർമ്മം പരിപൂർണ്ണമാണ്. അവന്റെ പ്രവൃത്തിയുടെ ഫലം മറ്റുള്ളവരും അനുഭവിക്കുവാൻവേണ്ടിയാണ് നാം കഷ്ടത സഹിക്കേണ്ടത്. അവൻ ലോകത്തിന്റെ വെളിച്ചമാണ്, അതുകൊണ്ട് നാമും അന്ധകാരത്തിൽ തുടരുന്നവർക്കു വെളിച്ചമായി അവരെ അന്ധകാരത്തിൽ നിന്നും മോചിപ്പിക്കണം (യോഹന്നാൻ 12:36; മത്തായി 5:14-16).
ii. സഭ ക്രിസ്തുവിന്റെ ശരീരമാണ് (The church is the body of Christ).
യേശുവിന്റെ ദൗത്യം സഭയുടെയും ദൗത്യമാണ് എന്നു പറയുവാനുള്ള രണ്ടാമത്തെ കാരണം, സഭയെ ക്രിസ്തുവിന്റെ ശരീരം എന്നാണ് ബൈബിളിൽ വിളിച്ചിരിക്കുന്നത് (എഫേസ്യർ 1:22-23; 4:15-16). ആളുകൾ നമ്മെ കാണുന്നതു നമുക്കൊരു ഭൗതിക ശരീരം ഉള്ളതുകൊണ്ടാണ്. ക്രിസ്തു മരിച്ചുയർത്തെഴുനേറ്റ് സ്വർഗ്ഗത്തിലേക്കു പോയതിനാൽ, ആളുകൾ ക്രിസ്തുവിനെ കാണുന്നത് സഭ എന്ന ശരീരത്തിലൂടെയാണ്. അതുകൊണ്ട് ക്രിസ്തുവിന്റെ ദൗത്യം ഇന്ന് സഭയാണ് ഭൂമിയിൽ നിവർത്തിക്കേണ്ടത്. നമ്മുടെ ശരീരം നമ്മുടെ ഇച്ഛയെ ദൃശ്യമായ പ്രവർത്തനത്തിലേക്ക് നയിക്കുന്നതുപോലെ, ക്രിസ്തു തന്റെ ഇഷ്ടത്തെ സഭയിലൂടെ ദൃശ്യമായ പ്രവർത്തനത്തിലേക്ക് നയിക്കുന്നു. ആകയാൽ യേശുക്രിസ്തുവിന്റെ ഹിതം നിവൃത്തിക്കുക എന്നതാണ് സഭയുടെ പ്രധാന ഉത്തരവാദിത്വം.
യേശു പറഞ്ഞതും ചെയ്തതും എല്ലാം അവനിൽ വിശ്വസിക്കാനും അവനെ അനുകരിക്കാനും വേണ്ടിയായിരുന്നു. അവൻ ചെയ്തതെല്ലാം വിശ്വാസത്തിന്റെ അടിത്തറയും പ്രവർത്തനത്തിനുള്ള ആഹ്വാനവുമാണ്. 1 പത്രോസ് 2:21 പറയുന്നു, "അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു." നമുക്ക് നമ്മുടെയൊ മറ്റുള്ളവരുടേയൊ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ കഴിയില്ലെങ്കിലും, നമുക്ക് നമ്മുടെ കുരിശ് ഏറ്റെടുത്ത്, ബുദ്ധിമുട്ടുകൾ സഹിച്ച് ആളുകളെ ക്രിസ്തുവിലേക്കു നയിക്കുവാൻ കഴിയും. എന്നാൽ ഈ ദൗത്യത്തിൽ നിന്നു നമ്മേ പിന്തിരിപ്പാൻ ഈ ലോകവും, ജഡവും, പിശാചും ശക്തമായി ശ്രമിക്കും. അതിനെ അതി ജീവിപ്പാൻ നമുക്കു പരിശുദ്ധാത്മാവിന്റെ ശക്തി ആവശ്യമാണ്.
ആകയാല്‍ യേശുക്രിസ്തു സുവിശേഷം അറിയിക്കുവാനും തന്നിലേക്ക് ആകർഷിക്കുവാനും പിതാവിനാൽ അയക്കപ്പെട്ട വ്യക്തി ആയിരിക്കുന്നതുപോലെ സഭ സുവിശേഷം അറിയിക്കുവാനും യേശുക്രിസ്തുവിനാല്‍ അയക്കപ്പെട്ടവരാണ്.
2. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് ക്രിസ്തുവിന്റെ ദൗത്യം നിവർത്തിക്കുക (Carry out the mission of Christ led by the Holy Spirit)
രണ്ടാമതായി, കർത്താവ് തന്റെ ദൌത്യനിര്‍വ്വഹണത്തിനത്തിനായി ആത്മാവിനാൽ യേശുവിനെ അഭിഷേകം ചെയ്തിരിക്കുന്നു എന്ന കാര്യമാണ്. ഇവിടെ അഭിഷേകത്തെക്കുറിച്ചു പറയുമ്പോൾ, യേശുവിന്റെ ജനനം, സ്നാനം, ശുശ്രൂഷ എന്നിവയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. യേശുക്രിസ്തുവിന്റെ ജനനം സാധാരണ സ്ത്രീപുരുഷ-ബന്ധത്തിലുടെയുള്ള ജനനമായിരുന്നില്ല. മറിച്ച്, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ, കന്യകയിൽ ജാതനായ വ്യക്തിയാണ്. തന്റെ സ്നാനസമയത്ത്, ദൈവത്തിന്റെ പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരികയും തന്നിൽ ആവസിച്ചതായും അതിനുശേഷം ആത്മാവിനാൽ നയിക്കപ്പെട്ട് സാത്താനാൽ പരീക്ഷിക്കപ്പെടേണ്ടതിനു മരുഭൂമിയിലേക്ക് നടത്തപ്പെട്ടു എന്നും ലുക്കൊസ് 3-4 അദ്ധ്യായങ്ങളിൽ നാം വായിക്കുന്നു.
അതുപോലെയുള്ള ഒരു ആത്മാവിന്റെ നിയന്ത്രണം നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം എന്ന് യേശു ആഗ്രഹിച്ചു. അതിനാലാണ് സ്വർഗ്ഗത്തിലേക്ക് കരേറി പോയതിനുശേഷം ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അല്ലെങ്കിൽ മറ്റൊരു കാര്യസ്ഥനെ അവിടുന്നു ഈ ഭൂമിയിലേക്ക് അയച്ചത്. പരിശുദ്ധാത്മാ ശക്തിയിലെ കർത്താവിന്റെ ഈ ദൗത്യം ശരിയായ നിലയിൽ നിവൃത്തിക്കുവാൻ നമുക്കു സാധിക്കു. അപ്പോൾ കർത്താവ് സഭയെ അഥവാ സഭയിലെ ഓരോ വ്യക്തിയേയും ഏൽപ്പിച്ചിരിക്കുന്ന ദൗത്യമാണ് സുവിശേഷ ഘോഷണം. ആ ദൗത്യം ദൈവത്തിന്റെ പരിശുദ്ധാന്മാവിനാൽ നിർവ്വഹിക്കേണ്ട ഒന്നാണ്.
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതം (A life led by the Holy Spirit.)
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതം എങ്ങനെ സാദ്ധ്യമാകുമെന്ന് നമുക്കു നോക്കാം. ഇതിനോടുള്ള ബന്ധത്തിൽ മൂന്നു കാര്യങ്ങൾ ചുരുക്കമായി പറയാം.
ഒന്ന്, പരിശുദ്ധാത്മാവ് ഈ ഭൂമിയിലേക്കു വന്നതിന്റെ ഉദ്ദേശ്യം കർത്താവായ യേശുക്രിസ്തുവിനു സാക്ഷ്യം പറയുവാൻ വേണ്ടിയാണ് (യോഹന്നാൻ 16:13-14). അതുകൊണ്ട് ആത്മാവ് നിറഞ്ഞ ഒരു വിശ്വാസി തന്റെ ജീവിതത്താലും വാക്കിനാലും യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തേണ്ടതാണ്.
രണ്ട്, ആ വിശ്വാസിയുടെ ജീവിതത്തിൽ ആത്മാവിന്റെ ഫലം ദൃശമായിരിക്കും (ഗലാ. 5:22-23). ആത്മാവിന്റെ ഫലമെന്നതൊ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവയാണ്. അവർ ജഡത്തിന്റെ പ്രവർത്തികളായ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, 20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, 21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ പാപങ്ങളെ തങ്ങളുടെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തും. അവർ തങ്ങളുടെ ജഡത്തിന്ന് അടിമപ്പെടാതെ തങ്ങളെ സൂക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കൾ ആയിരിക്കും. വിജയകരമായ ജീവിതം നയിക്കുന്നതിനാവശ്യമായ ശക്തി പ്രദാനം ചെയ്യുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് (ഗലാ. 5:16).
മൂന്ന്, മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള അമാനുഷിക ശക്തി പരിശുദ്ധാത്മശക്തിയാലെ സാധിക്കു (പ്രവൃത്തികൾ 1:8).
അടുത്തതായി, യേശുവിന്റെ സുവിശേഷ ദൗത്യത്തിൽ പ്രധാനമായും മൂന്നു കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. അതിൽ ഒന്നാമത്തെ കാര്യം ബദ്ധന്മാർക്കു വിടുതൽ പ്രഖ്യാപിക്കുക. രണ്ട്, കുരുടന്മാർക്കു കാഴ്ച നൽകുക. മുന്ന്, ബദ്ധന്മാരെ വിടുവിക്കുക. ഇവയോരാന്നായി വിശദീകരിക്കാം.
i. ബദ്ധന്മാർക്കു വിടുതൽ (liberty to the captives)
യെശയ്യാപ്രവചനഭാഗത്ത് ബദ്ധന്മാർക്കു വിടുതൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് 'പ്രവാസം' അഥവാ 'അടിമത്വത്തിൽ' നിന്നുള്ള വിടുതലാണ്. എന്നാൽ അതിനൊരു ആത്മീയ അർത്ഥമുണ്ട്, കാരണം അടിമത്വത്തിന്റെ പ്രധാനകാരണം പാപമാണ്. യിസ്രായേൽ ദൈവത്തിനെതിരെ മത്സരിച്ച്, വിഗ്രഹാരാധനയിലും മറ്റു പാപങ്ങളിലും ഏർപ്പെടുമ്പോൾ പല അവസരങ്ങളിലും അവർ മറ്റു രാജാക്കന്മാർക്ക് അടിമകളായി തീർന്നിരുന്നു. പിന്നീട് അവർ ദൈവത്തിലേക്കു തിരിയുമ്പോൾ ദൈവം അവരെ അടിമത്വത്തിൽ നിന്നു മോചിപ്പിക്കയും ചെയ്തിരുന്നു. അതുകൊണ്ട് ബദ്ധന്മാർക്കു വിടുതൽ എന്നതുകൊണ്ട് ലൂക്കൊസ് ഇവിടെ അർത്ഥമാക്കുന്നത് പാപത്തിൽ നിന്നും പാപത്തിന്റെ അടിമത്വത്തിൽ നിന്നുമുള്ള വിടുതലാണ്. യേശുക്രിസ്തുവിന്റെ ആഹ്വാനം ദൈവത്തിന്റെ അടുക്കലേക്ക് തിരിഞ്ഞ് യേശുക്രിസ്തുവിലൂടെ പാപക്ഷമ പ്രാപിക്കുന്നവർ ബന്ധനത്തിൽ നിന്നും വിടുതൽ പ്രാപിക്കുന്നു എന്നതാണ്. എല്ലാവരും പാപികൾ ആകയാൽ യേശുക്രിസ്തു നൽകുന്ന വിടുതൽ എല്ലാവർക്കും ആവശ്യമാണ്.
പ്രായോഗികത: ദാരിദ്രം അനുഭവിക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകൾ ഇന്ന് അനേകർ നമ്മുടെ സമൂഹത്തിലുണ്ട്. അവർക്ക് മറ്റു സാദ്ധ്യതകൾ കുറവായതിനാൽ, പ്രത്യാശയുടെ സുവിശേഷം അവർ സ്വീകരിക്കുവാൻ മനസ്സുവെക്കാറുണ്ട്. അവരെ കണ്ടെത്തി സുവിശേഷം അറിയിക്കുവാനും അവരോട് സഹതാപം കാണിപ്പാനും മനസ്സുവെച്ചാൽ ചിലരെയെങ്കിലും നാശത്തിൽ നിന്നു രക്ഷിക്കാൻ നമുക്കു കഴിയും. അതുപോലെ, മദ്യപാനം, മയക്കു മരുന്നു, പോർണ്ണോഗ്രഫി എന്നിവയുടെ അടിമകളായി ജീവിക്കുന്നവർ അനേകരുണ്ട്. അവരും ക്രിസ്തുവിൽ സ്വാതന്ത്ര്യം അനുഭവിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു.
ii. കുരുടന്മാർക്കു കാഴ്ച (Sight to the blind)
ബദ്ധന്മാർക്കു വിടുതൽ എന്നതിനോടു ചേർന്ന് നടത്തുന്ന മറ്റൊരു പ്രഖ്യാപനമാണ് കുരുടന്മാർക്കു കാഴ്ച എന്നത്. യേശു അനേകം അന്ധന്മാരെ അത്ഭുത രോഗശാന്തിയിലൂടെ തന്റെ ശുശ്രൂഷയിലൂടനീളം സൗഖ്യമാക്കുന്നുമുണ്ട്. അതിനാൽ ഭൗതിക സൗഖ്യത്തിനു പ്രത്യേക ഊന്നൽ ഇവിടെയുണ്ട്. എന്നാൽ ആത്മീയ അന്ധകാരം നീക്കി ദൈവവചനത്തോടു പ്രതികരിക്കുവാൻ ആളുകളെ സജ്ജമാക്കുക എന്നതാണ് ഇതിന്റെ ആത്മീകാർത്ഥം. കർത്താവിന്റെ ശുശ്രൂഷയിൽ ഇതു രണ്ടും ഉൾപ്പെട്ടിരുന്നു.
iii. പീഡിതരെ വിടുവിക്കുക (liberty to the oppressed)
പീഡിതരെ വിടുവിക്കുക എന്നതാണ് കർത്താവിന്റെ ദൗത്യത്തിലെ മൂന്നാമത്തെ വിഭാഗം. പീഡിതരെ വിടുവിക്കുക എന്നത് യെശയ്യാ 58:6 ൽ നിന്നും എടുത്തിട്ടുള്ളതാണ്. ഒരു പ്രവാചകൻ അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്യത്തിന്റെ സന്ദേശം പ്രഖ്യാപിക്കുമ്പോൾ, ആ സ്വാതന്ത്ര്യം യാഥാർത്ഥ്യമാക്കിത്തീർക്കുവാൻ ഒരു രക്ഷകൻ ആവശ്യമാണ്. ന്യായാധിപന്മാരുടെ പുസ്തകത്തിലും രാജാക്കന്മാരുടെ പുസ്തകത്തിലുമൊക്കെ അനേക ഉദാഹരണങ്ങൾ നമുക്കു കാണാം. ആദ്യം ദൈവം പ്രവാചകനെ അടിച്ചമർത്തപ്പെട്ടവരുടെ അടുക്കൽ അയക്കുന്നു. അതിനെ തുടർന്ന് അവരെ അതിൽ നിന്നും വിടുവിക്കേണ്ടതിനു ന്യായാധിപനേയൊ, രാജാവിനേയൊ എഴുന്നേൽപ്പിക്കുന്നു. മർക്കോസ് 3 :27 ൽ "ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നു കളവാൻ ആർക്കും കഴിയുകയില്ല" എന്നു പറഞ്ഞതുപോലെ പീഡിതരെ വിടുവിക്കുവാൻ ഒരു അഭിഷിക്തൻ ആവശ്യമാണ്. യേശുക്രിസ്തു ആത്മാവിനാൽ അഭിഷേകം പ്രാപിച്ച മശിഹയാണ്. തന്റെ രോഗസൗഖ്യങ്ങളും വിടുതലും തന്റെ അധികാരത്തിന്റെ അടയാളവും അതേസമയം ഒരു പ്രവാചകന്റെ അധികാരത്തേക്കാൾ അധികമായതുമാണ്.
3. ദൈവത്തിന്റെ പ്രസാദവർഷം യേശു കൊണ്ടുവരുന്നു (Jesus brings the year of Jubilee).
തുടർന്നു നാം കാണുന്നത് ദൈവത്തിന്റെ പ്രസാദവർഷം പ്രസംഗിക്കുവാൻ അയക്കപ്പെട്ട വ്യക്തിയാണ് താൻ എന്ന കാര്യമാണ്. ഇത് ഉൽപ്പത്തി രണ്ടാം അദ്ധ്യായത്തിലെ ശാബത്തിനോടും ലേവ്യാപുസ്തകം 25-ാം അദ്ധ്യായത്തിലെ ജൂബിലി വർഷം അഥവാ യോബേൽ സംവത്സരത്തോടും നമ്മേ ബന്ധിപ്പിക്കുന്നു. ഉല്പത്തിയിൽ ഏഴാം ദിവസം ദൈവത്തിന്റെ ശബ്ബാത്താണ്. ബൈബിളിൽ ഏഴ് എന്നത് വളരെ പ്രധാന്യമർഹിക്കുന്നു. ഹീബ്രുവിൽ, "ഏഴ്" എന്ന വാക്ക് നിറവ് അല്ലെങ്കിൽ പൂർണ്ണത എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിറവ് അല്ലെങ്കിൽ പൂർണ്ണത നാമെല്ലാവരും കൊതിക്കുന്നതും എന്നാൽ പലപ്പോഴും അനുഭവിക്കാത്തതുമായ കാര്യമാണ്. ദൈവം അത് നമ്മേക്കുറിച്ച് ആഗ്രഹിക്കുന്നുവെങ്കിലും നാമെല്ലാവരും യാതൊരു വിശ്രമവുമില്ലാതെ അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്നു, യഥാർത്ഥ സ്വസ്ഥത അനുഭവിക്കുന്നുമില്ല.
ആറുദിവസത്തെ ദൈവത്തിന്റെ സൃഷ്ടി പ്രവർത്തനം കൊണ്ട് അന്ധകാരവും ക്രമമില്ലായ്മയും മൂടിയിരുന്ന ഇടത്ത് ജീവിതം തഴച്ചുവളരുവാൻ അനുയോജ്യവുമായ ഒരു ക്രമീകരണം ദൈവം തന്റെ വാക്കിലൂടെ കൊണ്ടു വരുന്നു. ആറു ദിവസത്തിനുള്ളിൽ ഇതു സംഭവിച്ചു. ഈ ആറു ദിവസത്തെ നാം ശ്രദ്ധിച്ചാൽ ഓരോ ദിവസത്തോടും ചേർന്ന് സന്ധ്യയായി ഉഷസ്സുമായി ഒന്നാം ദിവസം, സന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസം എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. എന്നാൽ ഏഴാം ദിവസത്തെക്കുറിച്ചു പരാമർശിക്കുമ്പോൾ മാത്രം സന്ധ്യയായി ഉഷസ്സുമായി എന്നു പറയുന്നില്ല. ഏഴാം ദിവസം അവസാനമില്ലാത്ത ഒരു ദിവസം പോലെയാണ്. ഏഴാം ദിവസം ദൈവം തന്റെ പ്രവൃത്തി പൂർത്തീകരിക്കയും വിശ്രമിക്കയും ചെയ്യുന്നു. ഏഴാം ദിവസം, ദൈവത്തിന്റെ സാന്നിധ്യം അവന്റെ സൃഷ്ടിയിൽ നിറയുന്നു. ദൈവത്തോടു ചേർന്ന് എന്നേക്കും ലോകത്തെ ഭരിപ്പാൻ നിയുക്തരായ മനുഷ്യർ ഉൾപ്പെടെയുള്ള ദൈവത്തിന്റെ എല്ലാ സൃഷ്ടികൾക്കും ഭൂമി നൽകുന്നു.
എന്നാൽ മനുഷ്യർ ഒരു അന്ധകാര ശക്തിയാൽ വഞ്ചിക്കപ്പെടുകയും അവർക്ക് നൽകപ്പെട്ട വിശ്രാമം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അവർ വിശ്രമത്തിന്റേതായ ഏദനിൽ നിന്ന് പുറത്താക്കപ്പെടുന്നു. മരുഭൂമി പോലയുള്ള അവിടെ അവർ അടിമകളായി നിലത്ത് അദ്ധ്യാനിച്ച് ജീവിക്കേണ്ടതായ് വന്നു. അവർ മരിച്ച് അവർ വന്ന പൊടിയിലേക്കുതന്നെ മടങ്ങുന്നത് വരെ ഈ അദ്ധ്വാനം തുടരേണം.
എന്നാൽ മനുഷ്യരാശിയെ ആ ഏഴാം ദിവസത്തെ വിശ്രമത്തിലേക്ക് തിരികെ കൊണ്ടുവരാൻ ദൈവം ആഗ്രഹിച്ചു. അതിനാൽ അവൻ ആത്യന്തികമായ വിശ്രമത്തിന്റെ അനുഭവം നൽകാൻ ഇസ്രായേൽ എന്ന കുടുംബത്തെ തിരഞ്ഞെടുക്കുന്നു. അവർക്ക് ആ വിശ്രമം മറ്റുള്ളവരുമായി പങ്കുവെക്കാം.
പക്ഷേ അവർ അടിച്ചമർത്തുന്ന ഈജിപ്ഷ്യൻ സാമ്രാജ്യത്തിന്റെ അടിമകളാക്കപ്പെടുന്നു. അവിടെ അവർ എല്ലുമുറിയെ പണിയെടുത്തെങ്കിലെ ജീവിക്കാൻ കഴിയു. അവരുടെ ജീവിതം കഠിനമായി തീർന്നപ്പോൾ ദൈവം ഈജിപ്തിനെ നേരിടുന്നു. അങ്ങനെ ഇസ്രായേല്യർ അടിമത്വത്തിൽ നിന്നും മോചിപ്പിക്കപ്പെടുന്നു. സിനായ് പർവ്വതത്തിൽ വെച്ച് ദൈവം അവരുമായി ഉടമ്പടി വെച്ച് അവരോടു കൂടെ വസിപ്പാൻ തയ്യാറായി. അവർ മരുഭൂമിയിലൂടെ വാഗ്ദത്ത നാട്ടിലേക്ക് യാത്ര തിരിക്കുന്നു. മരുഭൂമിയിൽ വിശ്രമം എപ്പോഴും നഷ്ടപ്പെടാൻ എളുപ്പമാണ്;
ഓരോ ഏഴാം ദിവസവും അവർ അവരുടെ ജോലി നിർത്തണമെന്ന് ദൈവം അവരോട് പറയുന്നു, അതിനെ എബ്രായ ഭാഷയിൽ, ശബ്ബാത്ത് എന്ന് പറയും. അതുവഴി അവർക്ക് വിശ്രമിക്കാനും ദൈവത്തിന്റെ നല്ല ലോകം ആസ്വദിക്കാനും കഴിയും.
അപ്പോൾ ആ ആത്യന്തിക വിശ്രമം ഇതിനകം വന്നതുപോലെ ഒരു ദിവസം മുഴുവൻ ജീവിക്കാൻ എടുക്കണമെന്നാണ് അത് അർത്ഥമാക്കുന്നത്. എന്നാൽ അതിൽ അവസാനിക്കുന്നില്ല. ഇസ്രായേൽ ഒരു വർഷം ആഘോഷിക്കുന്ന ഏഴ് ആഘോഷങ്ങളിൽ ഒന്ന് മാത്രമാണ് ശബ്ബാത്ത്. ഇവ ഓരോന്നും ഏഴാം ദിവസത്തെ വിശ്രമം പ്രതീക്ഷിച്ചുകൊണ്ടാണ് ആഘോഷിക്കുന്നത്.
ഓരോ ഏഴു വർഷവും കൂടുമ്പോഴും ഇസ്രായേല്യർ തങ്ങളുടെ അടിമകളെ സ്വതന്ത്രരാക്കണം, കടങ്ങൾ ഇളവുചെയ്തുകൊടുക്കണം; ഭൂമി ഒരു വർഷം മുഴുവനും കൃഷിയിറക്കാതെ വെറുതെ ഇട്ടുകൊണ്ട് ശബ്ബാത്ത് അഥവാ സ്വസ്ഥത അനുഭവിക്കണം. ഇതാണ് ജൂബിലി വർഷം. ഒരുവന്റെ ഭൂമി കടം മൂലം അന്യാധീനപ്പെട്ടുപോയാൽ ആ ഭൂമി ജൂബിലി വർഷത്തിൽ അവനു തിരികെ കൊടുക്കണം. അങ്ങനെ എല്ലാക്കാര്യങ്ങളും യഥാസ്ഥാനത്താകണം.
അതുകൊണ്ട് ശബ്ബാത്തും, ഉത്സവങ്ങളും, ജൂബിലി വർഷവും എല്ലാം ഭാവി സ്വസ്ഥതയിലേക്കു വിരൽ ചൂണ്ടുകയും അതിൽ പ്രത്യാശ അർപ്പിക്കയും ചെയ്യുന്നു. എന്നാൽ യിസ്രായേൽമക്കൾ കനാൻദേശത്തു എത്തിയപ്പോൾ അവർ തങ്ങളുടെ ദൈവത്തെ മറന്നു. അങ്ങനെ അവർ വാഗ്ദത്ത ദേശത്ത് സ്വസ്ഥത അനുഭവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. തന്മൂലം ഒരു അടിച്ചമർത്തൽ രാഷ്ട്രത്താൽ അവർ നാടുകടത്തപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്യുന്നു, വീണ്ടും ഒരു അരാജകത്വത്തിന്റെയും ക്രമക്കേടിന്റെയും ലോകത്തിലേക്ക് അവർ വീണു.
എന്നാൽ തങ്ങളുടെ പ്രവാസം ഒരു ദിവസം അവസാനിക്കുമെന്നും സ്വാതന്ത്ര്യത്തിന്റെയും വിശ്രമത്തിന്റെയും ആത്യന്തിക ജൂബിലി സമാഗതമാകും എന്ന് ഇസ്രായേലിന്റെ പ്രവാചകന്മാർ പറഞ്ഞു. അങ്ങനെ തലമുറകൾ പലതു കടന്നുപോയി, അവർ അപ്പോഴും അതിനായി കാത്തിരിക്കുന്നു.
കഥയിലെ ഈ ഇരുണ്ട ഘട്ടത്തിലാണ് യേശു പ്രത്യക്ഷപ്പെടുന്നത്, അവൻ യെശയ്യാപ്രവാചകന്റെ ഈ പ്രവചനത്തെ ഉദ്ധരിച്ചുകൊണ്ട് ആ പ്രസാദവർഷം തന്നിൽ നിവൃത്തിയായി എന്നു പറയുന്ന വേദഭാഗമാണ് പ്രാരംഭവേദഭാഗത്ത് നാം വായിച്ചത്.
അങ്ങനെ യേശു തന്റെ പൊതു ദൗത്യം ഒരു ശബ്ബത്ത് ദിവസം ആരംഭിക്കുന്നു. തുടർന്നു താൻ തന്റെ പരസ്യശുശ്രൂഷയിലേക്കു കടന്നുകൊണ്ട് സുവിശേഷമറിയിക്കാനും, ബദ്ധന്മാരെ വിടുവിക്കുവാനും കുരുടന്മാർക്കു കാഴ്ച നൽകാനും പീഡിതരെ മോചിപ്പിക്കുവാനുമുള്ള ശ്രമം തുടരുന്നു. ഇത് ആ വർഷമാണ്; ജൂബിലി വർഷം. ഇത് കർത്താവിന്റെ പ്രസാദവർഷമാണ്. അതിനാൽ ഏഴാം ദിവസത്തെ വിശ്രമം തന്നിലൂടെ വരുമെന്ന് യേശു അവകാശപ്പെട്ടു. അവൻ ശബ്ബത്തിന്റെയും കർത്താവായി പല രോഗികൾക്കും വിടുതൽ നൽകുന്നു. അന്ധകാരവും ക്രമമില്ലായ്മയും നീക്കുവാൻ അവൻ വന്നു. അതിന്റെ പ്രതിരൂപങ്ങളാണ് രോഗം, ദാരിദ്ര്യം, ബന്ധനം എന്നിവ.
അതിനായി തന്റെ ജീവിതം ഒഴിഞ്ഞുവെച്ചു എങ്കിലും യേശു കൊല്ലപ്പെടുന്നു. അതും ആഴ്ചയുടെ അവസാനദിവസം. ഏഴാം ദിവസമായ ശബ്ബത്തിൽ യേശുവിന്റെ ശരീരം കല്ലറയിൽ വിശ്രമിക്കുന്നു. ആഴ്ചയുടെ ഒന്നാം ദിവസം യേശു മരിച്ചവരിൽ നിന്നും പുനരുത്ഥാനം ചെയ്യുന്നു. അത് ഒരു പുതിയ സൃഷ്ടിയുടെ ആരംഭം പോലെയാണ്. അവിടെ യേശുവിന്റെ ജീവനും വെളിച്ചവും മനുഷ്യന്റെ അന്ധകാരം നിറഞ്ഞ ജീവിതത്തിലേക്ക് ഇറങ്ങിവന്നു.
യേശുവിന്റെ പുനരുത്ഥാനം ഭാവിയിലെ വിശ്രമത്തിലേക്കുള്ള പ്രത്യാശ നമുക്കു നൽകുന്നു. അവിടെ ഇതുവരെ നാം എത്തിച്ചേർന്നിട്ടില്ല. ഇപ്പോൾ വേദനയും കഷ്ടതയും നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിലും യഥാർത്ഥ വിശ്രമത്തിന്റെ രുചി നുകർന്നുകൊണ്ട് യാത്ര തുടരുവാനുള്ള ഭാഗ്യമാണ് യേശു ഓരോ വിശ്വാസിക്കും നൽകുന്നത്. ആ വിശ്രാമത്തിനു പിന്നെ രാതിയും പകലും ഉണ്ടാവുകയില്ല. അത് അനന്തമായി നീളുന്ന വിശ്രമനാളുകളാണ്. ഈ യാത്രയിൽ പങ്കുചേരുവാൻ കർത്താവ് ഇന്ന് ഓരോരുത്തരേയും വിളിക്കുന്നു: "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോവേ നിങ്ങൾ എന്റെ അടുക്കൾ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം." ആ സ്വസ്ഥത അനുഭവിക്കുന്നരെന്ന നിലയിൽ യേശുക്രിസ്തുവിന്റെ ഈ ക്ഷണം സ്വീകരിക്കാൻ നിങ്ങളേയും ക്ഷണിക്കുന്നു.
*******
Gospel & Acts Sermon Series_12