top of page
P M Mathew

24-06-2018

The only one worth following is Jesus, the Son of God.
അനുഗമിക്കുവാൻ കൊള്ളാവുന്ന ഏക വ്യക്തി ദൈവപുത്രനായ യേശുക്രിസ്തു മാത്രമാണ് !!!

മർക്കൊസ് 1:1-8

"1.ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം:2 " ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. 3 കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു" എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യോഹന്നാൻ വന്നു 4 യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.5 അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.6 യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു. 7 എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല.8 ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചു പറഞ്ഞു".

ആമുഖം

സുവിശേഷങ്ങളിൽ ആദ്യം എഴുതപ്പെട്ടതും ഏറ്റവും ദൈർഘ്യം കുറഞ്ഞതുമായ ഒരു സുവിശേഷമാണ് മർക്കോസിന്റെ സുവിശേഷം. മത്തായിയും ലൂക്കൊസും യേശുവിന്റെ ജനനത്തെക്കുറിച്ച് പറഞ്ഞ് യേശുക്രിസ്തുവിന്റെ സുവിശേഷം ആരംഭിക്കുമ്പോൾ മർക്കോസ് ക്രിസ്തുവിന്റെ ജീവിതത്തിലേക്കും ശുശ്രൂഷയിലേക്കുമാണ് ആദ്യം കടക്കുന്നത്. യേശുവിന്റെ ജീവിതത്തിലേക്കും ഉപദേശത്തിലേക്കും ഒരു വിഹഗവീക്ഷണം നടത്തി ഒരു കഥയിൽ നിന്നു മറ്റൊരു കഥയിലേക്ക് താൻ വളരെ വേഗം കടന്നു പോകുകയാണ്.

I. ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ ആരംഭം (The beginning of the gospel of Jesus, the Son of God)

“ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.” (മർക്കോസ് 1: 1) എന്നു പറഞ്ഞാണ് മർക്കോസ് സുവിശേഷത്തിനു ആരംഭം കുറിക്കുന്നത്. 'സുവിശേഷം' എന്ന വാക്കിന്റെ അർത്ഥം “സുവാർത്ത” എന്നാണ്. പാപിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന ഒരു വാർത്തയേയുള്ളു; അതു കർത്താവായ യേശുവിനെക്കുറിച്ചുള്ള വാർത്തയാണ്. മത്തായിക്കും മർക്കോസിനും, ലൂക്കോസിനും യോഹന്നാനുമൊക്കെ പറയാനുള്ളത് ഈ യേശുവിനെക്കുറിച്ചുള്ള സുവിശേഷമാണ്. അവരൊക്കെ കേവലം എഴുത്തുകാരാണ്, സദ്വാർത്ത യേശുക്രിസ്തുവിനെക്കുറിച്ചുള്ളതാണ്.

“ദൈവപുത്രനായ യേശുക്രിസ്തു" എന്നാണ് മർക്കോസ് യേശുവിനെ പരിചയപ്പെടുത്തുന്നത്. യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനാണ്. ദൈവപുത്രൻ എന്നു പറയുമ്പോൾ പിതാവു പുത്രനു ജന്മം നൽകി എന്ന മാനുഷികമായ നിലയിലല്ല, പിതാവായ ദൈവവുമായുള്ള അഭേദ്യമായ ബന്ധത്തെയാണ് ഇതു കാണിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്- എന്ന ത്രീയേക ദൈവത്തിൽ പുത്രനായ ദൈവമാണ് യേശുക്രിസ്തു. യേശു പിതാവിനെപോലെ നിത്യനായ ദൈവമാണ്, പിതാവിനോട് എല്ലാനിലയിലും സമനായ വ്യക്തി. യോഹന്നാൻ സുവിശേഷകൻ യേശുക്രിസ്തുവിന്റെ ദൈവത്വത്തെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: "ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.2 അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. 3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല" (യോഹന്നാൻ 1:1-3). ആദിയിൽ ഉണ്ടായിരുന്നവനും സൃഷ്ടി നടത്തിയവനും ദൈവവുമായ വ്യക്തിയാണ് യേശു. "ഞാനും പിതാവും ഒന്നാകുന്നു” (യോഹ.10:30) "എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു" (യോഹ 14:9) എന്നിത്യാദി യോഹന്നാന്റെ പ്രയോഗങ്ങൾ യേശുക്രിസ്തുവിന്റെ ദൈവത്വത്തിനുള്ള അനേക തെളിവുകളിൽ ചിലതു മാത്രം.

യേശു ദൈവപുത്രനാണ് എന്ന യഥാർത്ഥ്യം യേശുവിന്റെ സ്നാനത്തിലും മറുരൂപമലയിലെ രൂപാന്തര വേളയിലും സ്വർഗ്ഗം സാക്ഷ്യപ്പെടുത്തുന്നതായി മർക്കോസ് 1:11 ലും 9: 7 ലും നാം വായിക്കുന്നു. ഈ വാക്യങ്ങൾ നമുക്കൊന്നു പരിശോധിക്കാം: "നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി" (മർക്കോസ് 1:11). "പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയ പുത്രൻ; ഇവന്നു ചെവികൊടുപ്പിൻ എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി" (മർക്കോസ് 9: 7). സ്വർഗ്ഗത്തിന്റെ ഈ പ്രഖ്യാപനം യേശുവിന്റെ വാക്കുകൾ ദൈവത്തിന്റെ വചനമായി സ്വീകരിക്കുവാനുള്ള ആഹ്വാനമാണ് നൽകുന്നത്. നാം എങ്ങനെയാണ് യേശുവിന്റെ വാക്കുകളെ കാണുന്നത്? ദൈവം നമ്മോടു തന്റെ വചനത്തിലൂടെ സംസാരിക്കുന്നു എന്ന നിലയിലാണോ?

ഭൂതങ്ങളുമായുള്ള വിവിധ ഏറ്റുമുട്ടലുകളിൽ അവ, യേശു ദൈവപുത്രൻ എന്ന് വിളിച്ചു കൊണ്ട് അവനെ ഭയപ്പെട്ട് അവന്റെ മുമ്പിൽ വീണു അപേക്ഷിക്കുന്നതായി മർക്കോസ് 1: 24, 34; 3:11; 5: 7 എന്നീ വാക്യങ്ങളിൽ നാം വായിക്കുന്നു. യേശുവിന്റെ അധികാരത്തോടെയുള്ള പഠിപ്പിക്കലിൽ ഇതു ദൃശ്യമാണ് (മർക്കോസ് 12: 6; 11:32). യേശു കാറ്റിനേയും കടലിനേയും ശാസിച്ചമർത്തുമ്പോൾ (മർക്കൊസ് 4:39) തനിക്കു പ്രകൃതിശക്തികളുടെ മേലുള്ള ദൈവികഅധികാരം വ്യക്തമാകുന്നുണ്ട്. യേശുവിന്റെ വിചാരണ വേളയിലും മരണത്തിലും നാം അത് വെളിപ്പെടുന്നു (മർക്കോസ് 14: 61-62; 15:39). അതുകൊണ്ട് ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചാണ് മർക്കോസ് സുവിശേഷകനു പറയുവാനുള്ളത്.

II. ശിഷ്യത്വത്തിൽ ജീവിതത്തിന്റെ സമൂലമായ മാറ്റം ഉൾപ്പെടുന്നു (It takes a radical change of life to follow Jesus Christ) (2-5).

യോഹന്നാൻ സ്നാപകൻ മശിഹയുടെ വരവിനു വഴി ഒരുക്കുവാൻ വന്ന വ്യക്തിയാണ്. പഴയനിയമത്തിൽ ദൈവം, ക്രിസ്തുവിന്റെ വരവിനു മുന്നോടിയായി വഴി ഒരുക്കുവാൻ വരുന്ന ഒരു സന്ദേശവാഹകനെ കുറിച്ച് പ്രവചിച്ചിരുന്നു. ഇതു സദ്വാർത്തയുടെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. ആ കാര്യമാണ് മർക്കൊസ് 2-3 വാക്യങ്ങളിൽ പറയുന്നത്.

"ഞാൻ (പിതാവാം ദൈവം) നിനക്കു (പുത്രനാം ദൈവം) മുമ്പായി എന്റെ ദൂതനെ (യോഹന്നാൻ സ്നാപകൻ) അയക്കുന്നു; അവൻ നിന്റെ (യേശുക്രിസ്തുവിന്റെ) വഴി ഒരുക്കും. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ (യോഹന്നാൻ സ്നാപകൻ) വാക്കു" എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യോഹന്നാൻ വന്നു" (മർക്കൊസ് 2:2-3).

പഴയനിയമത്തിലെ മൂന്ന് തിരുവെഴുത്തുകളുടെ സംയോജനമാണ് ഈ വാക്യം. പുറപ്പാട് 23:20; മലാഖി 3: 1; യെശയ്യാവു 40: 3 എന്നിവയാണ് ഈ മൂന്നു വാക്യങ്ങൾ. ഈ വാക്യത്തിലെ പ്രധാന പ്രവചനം യെശയ്യാവിന്റെ പുസ്തകത്തിൽ നിന്നാകയാൽ യെശയ്യ പ്രവാചകന്റെ പേരു മാത്രമേ മർക്കൊസ് ഇവിടെ പരാമർശിക്കുന്നുള്ളു. പുറപ്പാട് ഉദ്ധരണി, ഈജിപ്തിൽ നിന്ന് യിസ്രായേൽ മക്കളെ ദൈവം രക്ഷിച്ചത് ഓർമ്മിപ്പിക്കുമ്പോൾ, മലാഖി ഉദ്ധരണി, മിശിഹാ വരുന്നതിനുമുമ്പ്, അവനു മുന്നോടിയായി മടങ്ങിവരുന്ന മഹാനായ പ്രവാചകൻ ഏലിയാവിനെ ഓർമ്മിപ്പിക്കുന്നു. അതായത് യോഹന്നാൻ സ്നാപകൻ ഏലിയാവിന്റെ ആത്മാവോടെ വന്ന വ്യക്തിയാണ്. അവൻ "കർത്താവിന്റെ" വഴി ഒരുക്കുവാൻ വന്ന ദൂതനാണ് അഥവാ സന്ദേശവാഹകനാണ്. ഈ മൂന്നു ഉദ്ധരണികളും ഒരുമിച്ച് നോക്കിയാൽ, ദൈവത്തിന്റെ നിത്യമായ പദ്ധതിയുടെ ഭാഗമായാണ് രക്ഷകനായ, മശിഹയായ യേശുക്രിസ്തുവിന്റെ വരവ് എന്നത്.

ഈ വചനങ്ങളിലെ ശ്രദ്ധ തീർച്ചയായും യേശുവിനു മുന്നോടിയായി വരുന്ന യോഹന്നാൻ സ്നാപകനിലേക്കല്ല, മറിച്ച് തന്റെ പിന്നാലെ വരുന്ന മശിഹായിലേക്കാണ്. "വഴി ഒരുക്കുക" എന്നതാണ് യോഹന്നാൻ സ്നാപകന്റെ പങ്ക്. യെശയ്യ പ്രവാചകൻ യോഹന്നാനെക്കുറിച്ച് "മരുഭൂമിയിൽ വിളിച്ചു പറയുന്നവൻ" എന്നാണ് വിശേഷിപ്പിച്ചത്; യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ പ്രസംഗിച്ചും സ്നാനം കഴിപ്പിച്ചും വന്നു എന്ന് മർക്കോസ് പറയുന്നു. യെശയ്യാ പ്രവചിച്ചു പറഞ്ഞു; "അവൻ കർത്താവിന്റെ വഴി ഒരുക്കുമെന്ന്"; യോഹന്നാൻ സ്നാപകൻ മശിഹയ്ക്ക് വഴി ഒരുക്കുവാൻ വന്ന "ബുൾഡോസർ" ആണ്. മലകളും കുന്നുകളും ഇടിച്ചു നിരത്തി പാത ഒരുക്കുവാൻ ഉപയോഗിക്കുന്ന ബുൾഡോസർ ആണ് യോഹന്നാൻ.

റോഡുകൾ എങ്ങനെയാണ് നിർമ്മിക്കുന്നതെന്ന് നമുക്കറിയാം - യെശയ്യാവു 40:4 ൽ പറയുന്നതുപോലെയാണത്; "എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം". മാനസാന്തരം അതാണ് ചെയ്യുന്നത്. അഹങ്കാരത്തിന്റെ ഉയർന്ന കൊടുമുടികളെല്ലാം ഇടിച്ചു നിരത്തുന്നു. തങ്ങളുടെ പാപങ്ങൾ ഏറ്റു പറയുമ്പോൾ അതാണ് സംഭവിക്കുന്നത്. അതുപോലെ തങ്ങളുടെ പാപത്തെപ്രതി വിഷാദിച്ചും സ്വയം പീഡിപ്പിച്ചും യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാതെ, താഴ്വര പോലെ താണിരിക്കുന്ന വ്യക്തികൾ പാപമോചനം ലഭിക്കുമ്പോൾ അവർ ഉയർത്തപ്പെടുന്നു. കള്ളം പറഞ്ഞും വഞ്ചിച്ചും- വളഞ്ഞു പുളഞ്ഞു പോകുന്നതായ ഒരു റോഡുപോലെ- ജീവിതം നയിച്ചിരുന്നവർ അവയെ ഉപേക്ഷിച്ച് നേരായ പാതയിലേക്കു തിരിയുന്നു. അങ്ങനെ ഒരു നിരപ്പായ പാത ഒരുവന്റെ ജീവിതത്തിൽ മാനസാന്തരം സാദ്ധ്യമാക്കി തീർക്കുന്നു.

യോഹന്നാൻ തന്റെ പാത നിരപ്പാക്കുന്ന ദൗത്യം എങ്ങനെയാണ് നിർവ്വഹിച്ചത് എന്നാണ് 4-‍ാ‍ം വാക്യം പറയുന്നത്: “യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.” (മർക്കൊസ് 1:4).
യോഹന്നാൻ വേദശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള വ്യക്തിയാണ്, തന്റെ ജനനത്തെക്കുറിച്ചു ലൂക്കോസ് പറയുന്നത്, താൻ യേശുക്രിസ്തുവിനെപോലെ, ദൈവിക ഇടപെടലോടും ദൂതന്റെ പ്രഘോഷണത്തോടും കൂടെ വന്ന വ്യക്തിയാണ് (ലൂക്കൊസ് 1: 5-25, 57-80). യോഹന്നാന്റെ ജീവിതലക്ഷ്യം മാനസാന്തരസ്നാനം പ്രസംഗിക്കുക എന്നതായിരുന്നു. താൻ വളരെ ലളിതമായ ഒരു ജീവിതശൈലിയാണ് സ്വീകരിച്ചിരുന്നത് (മർക്കോസ് 1:6) ദൈവത്തിന്റെ രക്ഷാകര ചരിത്രത്തിൽ യോഹന്നാൻ വളരെ നിർണ്ണായക സ്ഥാനം വഹിക്കുന്നു. എങ്കിൽകൂടി യേശുക്രിസ്തുവിന്റെ നിസ്തുല്യതക്കു മുന്നിൽ താൻ നിഷ്പ്രഭനാണ്. യേശു യോഹന്നാനെക്കാൾ വലിയവനാണ്, യേശൂവിന്റെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും താൻ യോഗ്യനല്ല എന്ന യോഹന്നാന്റെ പ്രസ്താവന ഇത്തരുണത്തിൽ സ്മരണീയമാണ്. അതാണ് ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മഹത്വം. ആ ദൈവപുത്രനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ ആരംഭമാണിത്. സന്തോഷ വാർത്ത ഇവിടെ ആരംഭിക്കുന്നു!

a). യോഹന്നാന്റെ സ്നാനവും ക്രിസ്തീയ സ്നാനവും

യോഹന്നാൻ മാനസാന്തരസ്നാനം പ്രസംഗിച്ചും സ്നാനം കഴിപ്പിച്ചും വന്നു. ഇപ്പോൾ സ്നാനത്തെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നാണ്. ആ കാലത്ത് യെഹൂദന്മാരുടെ ഇടയിൽ പല തരത്തിലുള്ള സ്നാനങ്ങൾ നിലനിന്നിരുന്നു. ഉദാഹരണത്തിനു മോശെ ചങ്കടലിനെ വിഭജിച്ച് ഉണങ്ങിയ നിലത്തുകൂടെ മറുകര കടന്നതിനെ (1 കൊരി 10:2) സ്നാനമായി ദൈവവചനം കണക്കാക്കുന്നു. നോഹ ജലപ്രളയത്തിൽ പെട്ടകത്തിലൂടെ രക്ഷ പ്രാപിച്ചതിനെ മറ്റൊരു സ്നാനമായി കാണുന്നു (1 പത്രൊസ് 3:20-21). യെഹൂദനല്ലാത്ത ഒരു വ്യക്തി (ജാതീയൻ) യെഹൂദവിശ്വാസം സ്വീകരിക്കണമെങ്കിൽ സ്നാനമേൽക്കണമായിരുന്നു. അതിനെ യെഹുദമതവിശ്വാസിയായി തീരുവാനുള്ള സ്നാനം (proselyte baptism) എന്നു പറയുന്നു. ഈ സ്നാനം മൂന്നു കാര്യങ്ങളാൽ സ്ഥിരീകരിക്കപ്പെട്ടിരുന്നു. (1). പരിച്ഛേദന ഏൽക്കൽ, (2). ഒരു യാഗമർപ്പിക്കൽ (3). മൂന്നു സാക്ഷികൾക്കു മുൻപാകെ സ്നാനം സ്വീകരിക്കൽ. സ്നാനം സ്വീകരിക്കുന്നതിനു മുന്നോടിയായി സ്നാനാർത്ഥി തന്റെ പാപങ്ങളെ ഏറ്റു പറയുകയും യിസ്രായേലിന്റെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നു.

യോഹന്നാൻ പ്രസംഗിച്ചത് മാനസാന്തരസ്നാനമാണ്. മാനസാന്തരസ്നാനം എന്നു പറഞ്ഞാൽ മാനസാന്തരം ഉളവാക്കുന്ന സ്നാനമെന്നല്ല, മറിച്ച്, മാനസാന്തരപ്പെടുന്നവരെ സ്നാനപ്പെടുത്തുന്നതാണ്. അബ്രാഹമിന്റെ സന്തതികൾ ആണെങ്കിലും യിസ്രായേൽ മക്കൾക്ക് മാനസാന്തരം അത്യാന്താപേക്ഷിതമായിരുന്നു. മാനസാന്തരം മനസ്സിനു വരുന്ന അന്തരമാണ്. ഹൃദയത്തിനും, കാഴ്ചപ്പാടുകൾക്കും അതുവഴി ജീവിതത്തിനും അടിസ്ഥാനപരമായ മാറ്റം അഥവാ വ്യത്യാസം ആവശ്യമായിരുന്നു. പാരമ്പര്യം എത്രതന്നെ പഴയതാണെന്നു പറഞ്ഞാലും ഒരുവനു അടിസ്ഥാനപരമായ മാറ്റം വരേണ്ടതാവശ്യമാണ്. മാനസാന്തരം എന്നു പറയുന്നത് തങ്ങളുടെ പാപത്തെ ഓർത്തു ദുഃഖിക്കുന്നതിനേക്കാൾ അധികമായ സംഗതിയാണ്. അത് മനസ്സിന്റെ ആഴമായ മാറ്റവും, പാപത്തെ വെറുക്കലും, അതിന്റെ ഫലമായി ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിക്കുന്നതുമാണ്. അങ്ങനെയൊരു മാറ്റത്തിനു തയ്യാറാകാതിരുന്ന യെഹൂദമതനേതൃത്വത്തെ യോഹന്നാൻ ശാസിക്കുന്നതായി (മത്തായി 3:7-8) കാണുന്നു.

യോഹന്നാന്റെ സ്നാനം അതിൽതന്നെ ഒരുവനു പാപമോചനം നൽകുകയില്ല. യെഹൂദന്മാരെ സ്നാനപ്പെടുത്തുന്നതിനോടൊപ്പം യോഹന്നാൻ അവരോട് തുടർമാനമായി പറഞ്ഞു നിങ്ങൾ യേശുക്രിസ്തുവിൽ വിശ്വസിക്കണം എന്ന്. അപ്പോസ്തല പ്രവർത്തികൾ എന്ന പുസ്തകത്തിൽ പൗലോസ് പറയുന്നത് ശ്രദ്ധിക്കുക "... യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചത്, തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു" (അപ്പ. പ്രവൃത്തി 19:4-5). ഇതാണ് ക്രിസ്തീയ സ്നാനം.

ക്രിസ്തീയസ്നാനം യോഹന്നാന്റെ സ്നാനത്തിൽ നിന്നും ഒരുപടി കൂടി മുന്നോട്ടുപോയി. ക്രിസ്തീയ സ്നാനം മാനസാന്തരത്തെയും (repentance) ശുദ്ധീകരണത്തെയും (cleansing) പ്രതിബദ്ധതയെയും (commitment) പ്രതീകപ്പെടുത്തുന്നു. ഒരുവൻ തന്റെ പാപത്തെവിട്ടു യേശുവിലേക്ക് തിരിഞ്ഞു, യേശുക്രിസ്തുവിന്റെ കാല്വരിയിലെ പാപപ്പരിഹാരബലിയിൽ വിശ്വസിച്ച് പാപമോചനവും നിത്യജീവനും പ്രാപിച്ച ഒരു മനുഷ്യന്റെ പൂർണ്ണമായ ശുദ്ധീകരണത്തിന്റെയും സമർപ്പണത്തിന്റേയും സ്വഭാവിക പ്രതികരണമാണ് തന്റെ സ്നാനം. യേശു ക്രിസ്തുവിന്റെ മരണം, അടക്കം, പുനരുത്ഥാനം എന്നിവയുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു എന്ന കാര്യമാണ് ജലത്തിലെ മുഴുകൽ സ്നാനത്തിലൂടെ താൻ പ്രതീകപ്പെടുത്തുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം തന്റെ പാപങ്ങളെ പൂർണ്ണമായും കഴുകിക്കളയുകയും പരിശുദ്ധാത്മാവിനാൽ ശക്തിപ്പെട്ട പുതിയ ജീവിതത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 5: 17–21; റോമർ 6: 1–11).

യേശുക്രിസ്തുവിനു മാത്രമെ നിങ്ങൾക്കു പാപമോചനം നൽകുവാൻ കഴിയുകയുള്ളു. അവന്റെ കാല്വരിയിലെ മരണവും അടക്കവും പുനരുത്ഥാനവുമാണ് ദൈവം പാപമോചനത്തിനായി സ്വീകരിച്ചിരിക്കുന്ന ഏകമാനദണ്ഡം. അവിടെയാണ് ദൈവം പാപത്തെ ശിക്ഷിക്കുന്നതും തന്റെ നീതി നടപ്പാക്കുന്നതും. പാപിയെ ശിക്ഷിക്കുക എന്നത് ദൈവത്തിന്റെ നീതിയാണ്. യേശു മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങളെ ഏറ്റെടുത്തതിനാൽ ദൈവം യേശുക്രിസ്തുവിനു മനുഷ്യവർഗ്ഗത്തിന്റെ പാപത്തിന്മേലുള്ള ശിക്ഷ നൽകി. അതായത്, യേശു നമുക്കു വേണ്ടി പകരക്കാരനായി പാപശിക്ഷ ഏറ്റുവാങ്ങിയതുമൂലമാണ് നാം നരകശിക്ഷയിൽ നിന്നു ഒഴിവുള്ളവർ ആയിരിക്കുന്നത്. അതുകൊണ്ടാണ് "ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല" (റോമർ 8:1, യോഹ 3:18) എന്ന് പറഞ്ഞിരിക്കുന്നത്. ഈ വിശ്വാസം സ്വീകരിച്ച് രക്ഷിക്കപ്പെട്ടവരാണ് ജലത്തിൽ മുഴുകൽ സ്നാനം സ്വീകരിക്കുന്നത്.

യോഹന്നാന്റെ ശുശ്രൂഷക്കു വലിയ ഫലമുണ്ടായി എന്നാണ് അഞ്ചാം വാക്യം പറയുന്നത്: "അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു" (മർക്കോസ് 1:5). യഹൂദ ഗ്രാമപ്രദേശങ്ങളിലോ യെരൂശലേമിലോ ഉള്ള എല്ലാ വ്യക്തികളും യോഹന്നാന്റെ അടുക്കൽ വന്നു സ്നാനമേറ്റു എന്നല്ല ഇതിനർത്ഥം; “നഗരം മുഴുവൻ ഇതൊരു സംഭവമാക്കി മാറ്റി” നിരവധി ആളുകൾ യോഹന്നാന്റെ അടുക്കൽ വരുകയും സ്നാനമേൽക്കുകയും ചെയ്തു. പാപബോധമുള്ളവരും രക്ഷ പ്രാപിക്കണം എന്ന് ആഗ്രഹിക്കുന്നവരുമെ വരികയുള്ളു; അല്ലാത്തവർ വരികയില്ല. അങ്ങനെ വലിയ ഒരു ജനക്കൂട്ടം മരുഭൂമിയിൽ യോഹന്നാന്റെ അടുക്കൽ വന്നു, അവരുടെ പാപങ്ങൾ ഏറ്റുപറയുകയും യോർദ്ദാൻ നദിയിൽ സ്നാനം സ്വീകരിക്കുകയും ചെയ്തു. അങ്ങനെ പഴയനിയമപ്രവചനത്തിന്റെ പൂർത്തീകരണമായി യോഹന്നാൻ സ്നാപകൻ കർത്താവിന്റെ വഴി ഒരുക്കി.

b). ലളിതമായ ജീവിതരീതിയും ത്യാഗവും ശിഷ്യത്വത്തിന്റെ ഭാഗമാണ്.

ആറാം വാക്യം യോഹന്നാന്റെ ലളിതമായ ജീവിതശൈലിയെ ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുന്നു: "6 യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു." ഞാൻ യോഗ്യനല്ല" (മർക്കോസ് 1:7).

2 രാജാക്കന്മർ 1:8 ൽ പറയുന്ന ഏലിയാവിനു സമാനമായ വസ്ത്രധാരണമാണ് യോഹന്നാന്റേതും. യോഹന്നാൻ പഴയനിയമ പ്രവാചകന്മാരിൽ ശേഷ്ടനായിരുന്നെങ്കിൽ താൻ താഴ്മയുടെ കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. അതിനെക്കുറിച്ചാണ് ഏഴാം വാക്യം പറയുന്നത്. "7 എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല."

ഏലിയാവ് മരണം കാണാതെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട (2 രാജാ. 2:9-12) വ്യക്തിയാണ്. അവൻ മശിഹായുടെ വരവിനു മുന്നോടിയായി വരുമെന്ന് പ്രവചിക്കപ്പെട്ട വ്യക്തിയാണ്. തന്റെ ത്യാഗപരമായ ജീവിതവും കഷ്ടതയും ശിഷ്യത്വത്തിന്റെ അവിഭാജ്യമായ ഘടകമാണ്.
ഇന്നത്തെ മതനേതാക്കളെ പോലെ യോഹന്നാൻ ഒരിക്കലും എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കു ആകർഷിക്കുവാൻ, എല്ലാവരുടേയും പുകഴ്ചയും ബഹുമാനവും പിടിച്ചെടുക്കാൻ ശ്രമിച്ചില്ല. താൻ എല്ലായ്പ്പോഴും വീണ്ടെടുപ്പുകളുടെ മഹത്തായ നാടകത്തിൽ പ്രഥമസ്ഥാനീയനായ യേശുക്രിസ്തുവിലേക്കാണ് ആളുകളെ നയിച്ചത്. ഹെൻറി മോറിസ് എന്ന ദൈവദാസൻ എഴുതുന്നു, "യോഹന്നാന്റെ ശുശ്രൂഷയുടെ തുടക്കം മുതൽ അവൻ ക്രിസ്തുവിനെ പ്രസംഗിക്കുകയായിരുന്നു. അതിനാൽ, തീർച്ചയായും അവൻ ആദ്യത്തെ ക്രിസ്ത്യൻ പ്രസംഗകനും ആദ്യത്തെ ക്രിസ്ത്യൻ പ്രവാചകനുമായിരുന്നു." കർത്താവായ യേശുവിനെ തന്റെ ജനത്തിന്റെ മുമ്പാകെ പൂർണമായി പ്രതിഷ്ഠിക്കുക, അവന്റെ പൂർണതയും രക്ഷിക്കാനുള്ള ശക്തിയും അവർക്ക് കാണിച്ചുകൊടുക്കുക എന്നതാണ് സുവിശേഷത്തിലെ ഓരോ വിശ്വസ്ത ശുശ്രൂഷകന്റെയും പ്രധാന ജോലി.

3. അനുഗമിക്കുവാൻ കൊള്ളാവുന്ന ഏക വ്യക്തി ദൈവപുത്രനായ യേശുക്രിസ്തു മാത്രമാണ് (The only person worth following is Jesus Christ, the Son of God) (8).

യോഹന്നാൻ തന്റെ മുൻ ഗാമിയായ ഏലിയാവിനെ പോലെ ആത്മാവിന്റെ അഭിഷേകമുള്ള വ്യക്തിയായിരുന്നു. യേശുക്രിസ്തുവിനെ അനുഗമിക്കുന്നതിനു ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായം ആവശ്യമാണ്. ആ സഹായം യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർക്കും ലഭ്യമാകും. അതു ലഭ്യമാക്കുവാനുള്ള യേശുക്രിസ്തുവിന്റെ കഴിവിനെ കുറിച്ചാണ് എട്ടാം വാക്യം നമ്മോടു പറയുന്നത്.

"ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചു പറഞ്ഞു".
യേശുക്രിസ്തുവിനെ അനുഗമിക്കണമെങ്കിൽ അമാനുഷിമകായ ശക്തി, ദൈവീകമായ ശക്തി ആവശ്യമാണ്. പരിശുദ്ധാന്മാവിനു മാത്രമെ നിങ്ങളെ ആന്തരികമായി വ്യത്യാസപ്പെടുത്താൻ കഴിയു. പരിശുദ്ധാത്മാവിനു മാത്രമെ നിങ്ങളിൽ ഫലം ഉളവാക്കാൻ കഴിയുകയുള്ളു. എന്നാൽ ഈ സഹായം ദൈവം നിങ്ങൾക്കു ലഭ്യമാക്കും; ആ വാഗ്ദത്തമാണ് ഈ വാക്യം നമുക്കു നൽകുന്നത്. യേശു നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും.

പര്യവസാനം
ആകയാൽ ഇതുവരെ നാം പഠിച്ച കാര്യങ്ങൾ ഇപ്പോൾ സംഗ്രഹിക്കാം. യേശു ദൈവപുത്രനായ ക്രിസ്തുവാണ്. അനുഗമിക്കുവാൻ കൊള്ളാവുന്ന ഏക വ്യക്തി ദൈവപുത്രനായ യേശുക്രിസ്തുമാത്രമാണ്. യേശുക്രിസ്തുവിനെ അനുഗമിക്കുവാൻ നിങ്ങളുടെ ജിവിതത്തിനു സമൂലമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ മാറ്റത്തിനു അമാനുഷികമായ ശക്തി ആവശ്യമാണ്. പരിശുദ്ധാത്മാവാണ് ആ ശക്തി നമുക്കു പകർന്നു നൽകുന്നത്. ആ പരിശുദ്ധാത്മാവിനെ യേശുക്രിസ്തു നമുക്കു നൽകും.

*******

Gospel & Acts Sermon Series_05

© 2020 by P M Mathew, Cochin

bottom of page