top of page
P M Mathew

14-07-2023

How to overcome obstacles and move forward?
പ്രതിബന്ധങ്ങളെ അതിജിവിച്ച് എങ്ങനെ മുന്നേറാം?

ഇതുപോലെയുള്ള ഒരു സാഹചര്യത്തിൽ അകപ്പെടുമ്പോൾ എന്തുകൊണ്ട് ഇങ്ങനെ വന്നുഭവിച്ചു എന്നും, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ പ്രതികരണം എന്തായിരിക്കണമെന്നും ഞാൻ ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. അതിനായി മർക്കോസ് 4: 35 മുതൽ 43 വരെ വാക്യങ്ങൾ വായിക്കാം:

മർക്കൊസ് 4:35-41

35 അന്നു സന്ധ്യയായപ്പോൾ: “നാം അക്കരെക്കു പോക” എന്നു അവൻ അവരോടു പറഞ്ഞു 36 അവർ പുരുഷാരത്തെ വിട്ടു, താൻ പടകിൽഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; 37 അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. 38 അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. 39 അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി. 40 പിന്നെ അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ” എന്നു പറഞ്ഞു. 41 അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു."

ഈ വേദഭാഗത്തിന്റെ പശ്ചാത്തലം നമുക്കൊന്ന് പരിശോധിക്കാം. മർക്കോസ് 3: 13 ലാണ് യേശു തന്റെ ശിഷ്യന്മാരെ തെരഞ്ഞെടുക്കുന്നത്. ഈ 12 പേരാണ് ഇപ്പോൾ തന്നോടുകൂടെ ഈ വഞ്ചിയിൽ ഉള്ളത്. മർക്കോസ് 3:13-19 ൽ അവരെ പേർ ചൊല്ലി വേർതിരിക്കുന്നതും അവരെക്കൊണ്ട് താൻ നിവൃത്തിയാക്കുവാൻ ഉദ്ദേശിക്കുന്ന വേല ഇന്നതെന്നും വ്യക്തമാക്കുന്നതു കാണാം. 3:13-19 ൽ അവരെ രണ്ടു കാര്യങ്ങൾക്ക് ആയിട്ടാണ് കർത്താവ് അയക്കുന്നത്. ഒന്ന്, രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുക. രണ്ട്, സുവിശേഷത്തിന്റെ പ്രഘോഷണത്തെ അഥവാ വ്യാപനത്തെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും നിലയിലുള്ള സാത്താന്യ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുക. 3:20-30 വരെ വാക്യങ്ങളിൽ, യേശുവും മതനേതൃത്വം തമ്മിലുള്ള വാക്സമരത്തെ ഈ 12 പേർ കാണുന്നതും ശ്രവിക്കുന്നതുമാണ്. അവിടെ സാത്താന്റെ ശക്തികൊണ്ടാണ് യേശു ഭൂതങ്ങളെ പുറത്താക്കുന്നതു എന്ന് മതനേതാക്കൾ തന്റെ അത്ഭുത പ്രവർത്തനങ്ങളെ വിശദീകരിക്കുവാൻ ശ്രമിക്കുമ്പോൾ, യേശു അവരുടെ വാദഗതിയുടെ പൊള്ളത്തരം വെളിപ്പെടുത്തി താൻ സാത്താനേക്കാൾ ശക്തനും അവനെ പിടിച്ചു കെട്ടി അവനെ ശക്തി ഇല്ലാത്തവൻ ആക്കിയതിനുശേഷമാണ് അവന്റെ കസ്റ്റഡിയിലായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയും വിടുവിക്കുന്നത് എന്ന് അവൻ അവരോട് പറയുന്നു. മതനേതൃത്വത്തിന്റെ വിശദീകരണം ഭോഷത്വവും അതേസമയം യേശുവിനോടുള്ള അവരുടെ ആഴമായ വിരോധവും അവനെ ഇസ്രയേലിന്റെ മശിഹയായി സ്വീകരിക്കാതിരിക്കുവാനുള്ള അവരുടെ തീരുമാനവും വെളിപ്പെടുത്തുന്നു. അവർ തങ്ങളുടെ ഹൃദയത്തെ കഠിനമാക്കി യേശുവിൽ നിന്നും തങ്ങൾക്ക് കൂടുതലായി ഒന്നും ലഭിക്കുവാൻ ഇല്ലെന്ന നിലപാടിൽ എത്തുകയും ചെയ്യുന്നു.

അങ്ങനെ സ്വന്തജനം തന്നെ തിരസ്ക്കരിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊണ്ട്, ദൈവരാജ്യം ഇനി യഹൂദന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുകയില്ല. ദൈവഹിതം നിവൃത്തിക്കുന്ന ആർക്കും അവകാശം ആകും എന്ന് യേശു 3:33-35 വരെ വാക്യങ്ങളിൽ പ്രഖ്യാപിക്കുന്നു. നാലാം അധ്യായത്തിന്റെ ആരംഭത്തിൽ വിതക്കാരന്റെ ഉപമയെകുറിച്ച് യേശു പറയുന്നു. നാലാം അധ്യായത്തിലെ ഈ ഉപമ "മിഷൻ" അഥവാ "വിശാലമായ വേലയെ", അതായത് ജാതികളോടു സുവിശേഷം അറിയിക്കുന്നതിനെ കുറിക്കുന്നു. ഇതിനെ സാത്താൻ തകർക്കാൻ ശ്രമിക്കുമെങ്കിലും അതിന്റെ ലോകവ്യാപകമായ വളർച്ചയെ തടയുവാൻ കഴിയുകയില്ല എന്ന് 4: 1-34 വരെ വാക്യങ്ങളിൽ യേശു പറയുന്നു.

ഇതൊക്കെയായിട്ടും ഈ 12 ശിഷ്യന്മാർക്ക് കർത്താവിന്റെ അനേക ഉപമകളിൽ ആദ്യത്തേത് പോലും -വിതക്കാരൻ ഉപമ- വ്യക്തമായി മനസ്സിലായിരുന്നില്ല. അടിസ്ഥാനപരമായ ഈ ഉപമ, മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും തന്റെ ശിഷ്യന്മാർ അത് മനസ്സിലാക്കേണ്ടതായിരുന്നു. അത് അവർക്ക് വേണ്ടിയുള്ളതായിരുന്നു. കാരണം, അവരാണ് പ്രസംഗിക്കുവാൻ പോകുന്നത്. അവർക്കാണ് സാത്താനിൽ നിന്നും പ്രതികൂലങ്ങൾ ഉണ്ടാകാൻ പോകുന്നത് (4:10-15). ഈ എതിർപ്പുകൾ ഉണ്ടെങ്കിൽ കൂടി അവർക്ക് വലിയ വിജയം പ്രതീക്ഷിക്കാം (4:20, 26-27). വളർന്നു പന്തലിക്കുന്ന ഈ ദൈവരാജ്യത്തിൽ ജാതികളും സ്വസ്ഥത കണ്ടെത്തും (30-32), കടുകുമണിയുടെ ഉപമയിലൂടെ യേശു പറയുന്നു.

പശ്ചാത്തല പഠനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്ന വസ്തുത:

1. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാൻ നിയോഗിക്കപ്പെട്ട യേശുവിന്റെ വഞ്ചിയിലെ ഈ 12 പേർ സുവിശേഷത്തിന്റെ സ്വീകരണത്തെ എതിർക്കുന്ന സാത്താന്യ എതിർപ്പിനെ അതിജീവിക്കേണ്ടിയിരിക്കുന്നു.

2. സാത്താനേക്കാൾ അധികമായ ശക്തി അവർക്ക് നൽകപ്പെട്ടതിനാൽ ലോകത്തെവിടെയുമുള്ള ജാതികളുടെ ഇടയിലെ സുവിശേഷഘോഷണത്തെ ഒന്നിനും തടസ്സപ്പെടുത്താൻ കഴിയുകയില്ല.

ഇനി നമുക്ക് വായിച്ച വേദഭാഗത്തേക്ക് മടങ്ങിവരാം: "അന്നു സന്ധ്യയായപ്പോൾ നാം അക്കരയ്ക്കു പോകാം എന്ന് അവൻ അവരോട് പറഞ്ഞു." നാം വായിച്ച വേദഭാഗത്തിന്റെ പശ്ചാത്തലം, ഗലീല കടലിനു-യഥാർത്ഥത്തിൽ അതൊരു കടലല്ല- മറിച്ച് ഒരു തടാകമാണ്, അതിനു അക്കരെയുള്ള ജാതികളോടു സുവിശേഷം അറിയിക്കുന്നതിന് അതു കടക്കുവാനുള്ള കല്പനയോടെയാണ് ആരംഭിക്കുന്നത്. അവർ കടന്നു ചെല്ലുവാൻ പോകുന്ന ദേശം ഗദരദേശമാണ് എന്ന് 5:1ൽ നാം വായിക്കുന്നു. 'ഗദരദേശം' എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത് അവിടുത്തെ പന്നികളാണ്. എന്നാൽ അവിടെ പ്രധാനമായും ജാതികൾ ആണ് വസിച്ചിരുന്നത്. അഞ്ചാം അധ്യായം വായിക്കുമ്പോൾ അവിടെയും യേശു സാത്താനെക്കാൾ ശക്തനെന്ന് ഒരു ഭൂതബാധിതനായ മനുഷ്യനെ സൗഖ്യമാക്കിക്കൊണ്ട് തന്റെ ശക്തി തെളിയിക്കുന്നത് കാണാം. ഒരു ലെഗിയോനോളം ഭൂതങ്ങൾ ബാധിച്ചിരുന്ന ഒരു മനുഷ്യനെയാണ് താൻ അവിടെ സൗഖ്യമാക്കുന്നത് (മർക്കോസ് 5: 1-20). ഈ മനുഷ്യൻ സുഖം പ്രാപിച്ചശേഷം യേശുവിനോടുകൂടെ യെഹൂദാദേശത്തേക്കു പോരുവാൻ ആഗ്രഹിച്ചുവെങ്കിലും യേശു അവനെ അനുവദിച്ചില്ല. യേശു അവനെ അവന്റെതന്നെ കുടുംബത്തിലേക്കും അവരുടെ ചുറ്റുപാടുമുള്ള ജനങ്ങളുടെ അടുക്കലേക്കും അയക്കുന്നു. ആ മനുഷ്യൻ ദെക്കപ്പോലീസ് അതായത് 10 പട്ടണങ്ങൾ കടന്ന് ജാതികളിൽ സുവിശേഷം എത്തിക്കുന്നു, ഇത് സാത്താൻ സുവിശേഷത്തിന്റെ വ്യാപനത്തെ തടയിടാൻ ശക്തനല്ല എന്ന് തെളിയിക്കുന്നു.

1. അനുസരണത്തിന്റെ ഫലമായി, ശിഷ്യന്മാർ ജീവൻ അപകടത്തിലാകാവുന്ന ചുഴലിക്കാറ്റിൽ പെടുകയും അവർ നിരാശിതരായി തീരുകയും ചെയ്യുന്നു (36-38a).

"അവർ പുരുഷാരത്തെ വിട്ടു, താൻ പടകിൽ ഇരുന്നപാടെ അവനെ കൊണ്ടുപോയി. മറ്റു പടകുകളും കൂടെ ഉണ്ടായിരുന്നു. അപ്പോൾ വലിയ ചുഴലിക്കാറ്റുണ്ടായി. പടകിൽ തിര തള്ളിക്കയറിയതുകൊണ്ട് അതു മുങ്ങുമാറായി. അവൻ അമരത്ത് തലയണ വെച്ചു ഉറങ്ങുകയായിരുന്നു."

കർത്താവിന്റെ കല്പന ശിരസാവഹിച്ച ശിഷ്യന്മാർ, ജനങ്ങളെ വിട്ട്, വഞ്ചി അക്കരക്കു വിടുന്നു. പകലത്തെ അധ്വാനത്താൽ ക്ഷീണിതനായിരുന്ന യേശു ഗലീല കടൽ ക്രോസ് ചെയ്യുന്നതിന് എടുക്കുന്ന രണ്ടു മണിക്കൂർ സമയം വിശ്രമിക്കാമല്ലോ എന്നു കരുതി വഞ്ചിയുടെ അമരത്ത് ഒരു തലയണവെച്ച് കിടന്നു. നിമിഷങ്ങൾക്കുള്ളിൽ താൻ ആഴമായ ഉറക്കത്തിലായി. "മറ്റു പടകുകളും കൂടെ ഉണ്ടായിരുന്നു" എന്നത് അസാധാരണമായി തോന്നിയേക്കാം. കാരണം ഈ ബോട്ടുകളെ കുറിച്ച് പിന്നീട് ഒന്നും പറഞ്ഞു കാണുന്നില്ല. അത് മാർക്കോസിന്റെ രേഖയിൽ നിന്ന് അപ്രത്യക്ഷമാകുന്നു. അതിൽ ആരായിരുന്നു? അവർക്ക് എന്ത് സംഭവിച്ചു? അവർ ചുഴലിക്കാറ്റിൽ മുങ്ങിപ്പോയൊ? എന്നിത്യാദി കാര്യങ്ങളെ കുറിച്ചു പിന്നീട് ഒന്നും പറയുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഈ കാര്യം അവിടെ രേഖപ്പെടുത്തിയത്? അതിന്റെ ഉദ്ദേശ്യം എന്താണ് എന്ന് ഞാൻ പിന്നീട് പറയാം.

അപ്പോഴാണ് വലിയ കൊടുങ്കാറ്റ് ഉണ്ടായതും തിര വഞ്ചിയിൽ തള്ളി കയറിയതും. അവർ വെള്ളം കോരി വറ്റിക്കാൻ ശ്രമിക്കുന്നതിലും അധികമായി വെള്ളം വഞ്ചിയിലേക്ക് കയറിക്കൊണ്ടിരുന്നു. ശിഷ്യന്മാർ ഭയചകിതരായി. അൽപ്പംകൂടി കഴിഞ്ഞാൽ വള്ളം മുങ്ങും എന്ന നിലയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ആഴമായ ഉറക്കത്തിന്റെ ആദ്യ സൈക്കിൾ ആകയാൽ ചുഴലിക്കാറ്റിന്റെ പ്രശ്നങ്ങളൊന്നും യേശു അറിഞ്ഞതേയില്ല.

അതെ അനുസരണത്തിന്റെ ഫലമായി ശിഷ്യന്മാർ ജീവൻ അപകടത്തിലാകാവുന്ന കൊടുങ്കാറ്റിൽ പെടുകയും അവർ നിരാശരായി തീരുകയും ചെയ്യുന്നു.

ചിലരെ സംബന്ധിച്ചിടത്തോളം വിശ്വാസം സ്വീകരിക്കുന്ന ഉടനെ പ്രശ്നങ്ങളുടെ ഘോഷയാത്രയാണ്. 18 വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ വിശ്വാസികൾക്ക് വന്നപ്പോൾ ഇതുപോലെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നത് ഞാനോർക്കുന്നു. ഒരുവശത്ത് വീട്ടുകാർ ഞങ്ങളെ എതിർക്കുമ്പോൾ മറുവശത്ത് പള്ളീലച്ചനും കന്യാസ്ത്രീകളും എതിർക്കുന്നു. അതുകൂടാതെ വീട്ടിലെ ഓരോരുത്തർക്കും ചിക്കൻപോക്സ് പിടിച്ച്, എന്റെ വാർദ്ധക്യത്തിലായ പിതാവ് മരിക്കാറായ നിലയിലായിത്തീരുന്നു. അതുംകൊണ്ടുവന്നത് എന്റെ മകനും. ഏകദേശം രണ്ടു മാസം അങ്ങനെ കടന്നുപോയി. അതുകൂടാതെ ജോലിസ്ഥലത്തെ സഹപ്രവർത്തകരുമായി കൂടെക്കൂടെ പാർട്ടിക്കു കൂടിയിരുന്നതു നിർത്തിയതു കാരണം അവരുടെ കളിയാക്കലും കുത്തുവാക്കുകളും മറ്റൊരുവശത്ത്. കർത്താവിനെ അനുസരിക്കാൻ തുടങ്ങിയപ്പോൾ അതുവരെ കാണാത്ത പ്രശ്നങ്ങളായിരുന്നു ഞങ്ങളെ അന്നു നേരിട്ടത്.

ഇവിടെത്തെന്നെയുള്ള ചിലരെ സംബന്ധിച്ചിടത്തോളം ജീവനു ഭീഷണി തന്നെ നേരിടേണ്ടി വന്നു എന്നു മാത്രമല്ല, യാതൊരു സുവിശേഷവളർച്ചയും ലഭിക്കാൻ സാദ്ധ്യതയില്ലാത്ത ഗുജറാത്തിലേക്കു തന്നെ മാതാപിതാക്കൾ നിർബന്ധിച്ചയക്കുന്നു. മറ്റൊരു വ്യക്തി നല്ല ഒരു ജോലിയുണ്ടായിരുന്നതു രാജിവെച്ച് വേലക്കായി ഇറങ്ങിയതുമൂലം വളരെ പ്രതികൂലമായ സാഹചര്യങ്ങളിലൂടെയും അതുമൂലം കലശലായ അസുഖത്തിലൂടേയും കടന്നു പോകേണ്ടിവന്നു. ഞാൻ ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ, അമ്മയപ്പന്മാരെ ബഹുമാനിക്കണമെന്ന ദൈവത്തിന്റെ കല്പനയനുസരിച്ച് വിധവയായ മാതാവിനെ വീട്ടിൽ കൊണ്ടുവന്നു താമസിച്ച് അധികം താമസിയാതെ ആ കുടുംബത്തിലെ സമാധാനം നഷ്ടപ്പെടുന്നു. ഇതൊക്കെ കാണുമ്പോൾ നാം ചോദിച്ചു പോകുന്നത് ചോദ്യങ്ങളാണ്: എന്തുകൊണ്ട്? എന്തുകൊണ്ട് എനിക്ക്? ഞാൻ കർത്താവിനെപ്രതി ഇറങ്ങിപ്പുറപ്പെട്ടതല്ലേ, പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വന്നു ഭവിച്ചത്? ഇത് അനേകരേയും ഭാരപ്പെടുത്തിയ, ഭാരപ്പെടുത്തുന്ന, ഭാരപ്പെടുത്താനിടയുള്ള സംഗതിയായി ഇരിക്കുന്നു. ഇതിനോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കണമെന്നാണ് അടുത്തതായി ഞാൻ പറയാൻ ആഗ്രഹിക്കുന്നത്.

2. ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുന്നത്, ഒരുപക്ഷേ ദൈവത്തിന്റെ ഹിതം അഥവാ ലക്ഷ്യം നിവൃത്തിക്കുന്നതിൽ നിന്ന് സാത്താൻ നിങ്ങളെ പിന്തിരിപ്പിക്കുന്നതാകാം (4:38b-39).


"അവനെ അവനെ ഉണർത്തി: ഗുരോ ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരമില്ലയോ എന്നു പറഞ്ഞു; അവൻ എഴുന്നേറ്റ് കാറ്റിനെ ശാസിച്ചു. കാറ്റ് അമർന്നു; വലിയ ശാന്തത ഉണ്ടായി."

യേശു ആഴമായ ഉറക്കത്തിലായിരുന്നെങ്കിലും ശിഷ്യൻമാർ തന്നെ വിളിച്ച ഉടനെ യേശു ഉണർന്ന്. പലപ്പോഴും നാം പ്രാർത്ഥിക്കുമ്പോൾ ദൈവം ഉറങ്ങുകയാണോ എന്ന് തോന്നിയിട്ടില്ലേ? യേശു വിളിച്ചാൽ ഉടനെ ഉണരുന്ന വ്യക്തിയാണ്. യേശു ഉണർന്നു എന്ന് മാത്രമല്ല ഉടനെ കാറ്റിനെ ശാസിക്കുകയും തിരമാലകളുടെ ശാന്തമാകാൻ കൽപ്പിക്കുകയും ചെയ്തു. ഈ ഭൗതിക ശക്തികൾ അവനെ കേൾക്കുകയും പെട്ടെന്ന് അനുസരിക്കുകയും ചെയ്യുന്നു.

ഇവിടെ കാറ്റിനെ 'ശാസിച്ചു' എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ ശാസന എന്ന വാക്ക് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റേണ്ടതാണ്. ഇവിടെ ഈയൊരു സന്ദർഭത്തിൽ ആ പ്രയോഗം അല്പം വിചിത്രമായി തോന്നുന്നില്ലേ? നാം ജീവനില്ലാത്ത വസ്തുക്കളെ ശാസിക്കാറുണ്ടോ? ഉദാഹരണത്തിനു, നാം അങ്ങനെ നടന്നു പോകുമ്പോൾ നമ്മുടെ കാൽ മേശയുടെ കാലിൽ തട്ടി വേദനിച്ചാൽ നാം മേശയെ ശാസിക്കാറുണ്ടോ? ഇല്ല. ആളുകളെയാണ് നാം ശാസിക്കാറ്. ജീവനില്ലാത്ത വസ്തുക്കളെ നാമാരും ശാശിക്കാറില്ല. ശാസനക്കുള്ള ഗ്രീക്ക് വാക്ക് 'epitimayo' എന്നാണ്. മർക്കോസ് 1: 21-25; 3:11-12 എന്നിവിടങ്ങളിൽ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത് കാണാം. രണ്ടും ഭൂതത്തെ ശാസിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 1:25, 3:12, 4:39; 8:302, 32-33; 9:25 എന്നിവിടങ്ങളിൽ ഈ വാക്ക് സാത്താന്യ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നു എന്ന് കാണുവാൻ കഴിയും. ആകയാൽ ഇപ്പോഴത്തെ ചുഴലിക്കാറ്റ് യേശുവിനെയും ശിഷ്യന്മാരെയും ഗലീലാ കടലിനക്കരെ എത്തി സുവിശേഷം ജാതികളിൽ എത്തിക്കാതിതിരിക്കാനുള്ള സാത്താന്റെ ഒരു ശ്രമമെന്ന് യേശു തിരിച്ചറിഞ്ഞതുകൊണ്ടാണ് യേശു അവയെ ശാസിക്കുന്നത്. അതായത്, അവിടെ അപ്പോൾ ഉണ്ടായ ചുഴലിക്കാറ്റ് സ്വാഭാവിക കാറ്റായിരുന്നില്ല. മറിച്ച്, സാത്താനാൽ പ്രേരിതമായി ഉളവായ ഒന്നായിരുന്നു. (അതുകൊണ്ട് എല്ലാ കൊടുങ്കാറ്റും സാത്താന്റെ വകയാണ് എന്ന് ചിന്തിച്ചു കളയരുത്)

"മറ്റു പടകുകളും കൂടെ ഉണ്ടായിരുന്നു" എന്ന പ്രയോഗം അസ്വാഭാവികമായ ഒന്നല്ല. സാത്താന്യ പ്രേരിതമായ ഒന്നാണ് എന്ന് പറയുന്ന ഒരു clue വാണ്. ഒരുപക്ഷേ മർക്കോസ് ഇവയെ നോട്ടു ചെയ്ത ശേഷം അവയെ വിട്ടുകളഞ്ഞത്, പരിചിതരായ മറ്റു യാത്രക്കാർ ആകാശത്തെയൊക്കെ നോക്കി നിരീക്ഷിച്ചിട്ട് നല്ല കാലാവസ്ഥ എന്നു കണ്ടതിനാലാകണം യാത്ര തുടർന്നത്. അന്നത്തെ കാലത്ത് കാലാവസ്ഥയെ മനസ്സിലാക്കി യാത്രാസുരക്ഷിതത്വം ഉറപ്പാക്കുക സാധാരണമായിരുന്നു. കാരണം കടൽ യാത്രക്കാരുടെ ജീവൻ ഈയൊരു കഴിവിനെ ആശ്രയിച്ചായിരുന്നു ഇരുന്നിരുന്നത്. യേശു കടലിനോട് ശാന്തമാകുക (be still) എന്ന കല്പന മാർക്കോസ് 1 ൽ ഭൂതങ്ങളോടു യേശു കൽപ്പിച്ച കൽപ്പന തന്നെയാണ്.

നമ്മുടെ പ്രതിബന്ധങ്ങൾ, നമ്മളിൽ കൂടി ദൈവം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തടയാനുള്ള സാത്താന്റെ തന്ത്രങ്ങൾ ആകാം എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

വില്യംകേരി ഇന്ത്യയിലേക്ക് തിരിക്കുമ്പോൾ ഭാര്യ ഗർഭിണിയും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. തന്റെ കൂടെ വന്ന ജോൺ തോമസ് കഷ്ടത മൂലം ഇടയ്ക്കുവെച്ച് തന്നെ വിട്ടുപോയി. അപരിചിതമായ നാട്, കുടുംബം പുലർത്താനുള്ള വരുമാനക്കുറവ്, ജീവൻ നിലനിർത്തുന്നതിന് ജോലിക്കായി വിവിധയിടങ്ങളിൽ മാറി താമസിക്കേണ്ട ഗതികേട്, രോഗങ്ങൾ, മറ്റു ക്രിസ്തീയ സുഹൃത്തുക്കൾ ആരും ഇല്ല; തന്റെ പ്രയാസങ്ങൾ ആരോടും പറയാനൊ പങ്കു വെക്കാനൊ കഴിയാത്ത ഏകാന്തത. കേരി ഇപ്രകാരം എഴുതി: I am in a strange land," he wrote, "no Christian friend, .a large family, and nothing to supply their wants." But he also retained hope: "Well, I have God, and His word is sure."

താൻ പിന്നീട് ഒരു പണ്ഡിറ്റിന്റെ കീഴിൽ ബംഗാളി പഠിക്കുന്നു. ഏറെ താമസിയാതെ ബൈബിൾ ബംഗാളി ഭാഷയിലേക്ക് വിവർത്തനമാരംഭിക്കുകയും അതിനിടയ്ക്ക് ചെറിയ കൂട്ടങ്ങളോടു സുവിശേഷം അറിയിക്കുകയും ചെയ്തുപോന്നു. ഈ സമയത്ത് തനിക്ക് മലേറിയ പിടി പെടുന്നു. തന്റെ അഞ്ച് വയസ്സുള്ള മകൻ പീറ്റർ ഡിസന്ററി ബാധിച്ച് മരിക്കുന്നു. ഇത്രത്തോളം ആയപ്പോൾ തന്റെ ഭാര്യ ഡൊറോത്തിക്കതു സഹിക്കാവുന്നതിലും അപ്പുറമായി. അവരുടെ മാനസികനില അവതാളത്തിലായി. അവൾ കേരിയിൽ വ്യഭിചാരക്കുറ്റം ആരോപിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. അവസാനം തന്റെ ഭാര്യയെ ഒരു മുറിയിലിട്ട് അടയ്ക്കേണ്ടതായ് വന്നു.

3. സാത്താന്റെ ശ്രമങ്ങളെ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ച് നേരിടുക (40-41)


"പിന്നെ അവൻ അവരോട്: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു. അവർ വളരെ ഭയപ്പെട്ടു; കാറ്റും കടലും കൂടെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്ന് തമ്മിൽ പറഞ്ഞു" (4:40-41)

ബോട്ടിലുണ്ടായിരുന്ന ഈ പന്ത്രണ്ടു പേരും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരും ഏതെങ്കിലും നിലയിലുള്ള സാത്താന്യ എതിർപ്പിനെ അതിജീവിക്കാൻ അധികാരം ലഭിച്ചവരുമാണ് (3:14- 15). ശക്തനെ പിടിച്ചുകെട്ടി അവനെ ശക്തിഹീനനാക്കുവാനുള്ള കഴിവ് യേശു അവർക്കു നൽകിയിട്ടുണ്ട്. സുവിശേഷം പ്രസംഗിക്കാൻ, പ്രത്യേകം ജാതികളോടു പ്രസംഗിക്കുന്നത് തടയാൻ ശ്രമിച്ചാലും, ലോകത്താകമാനമുള്ള ദൈവരാജ്യത്തിന്റെ വളർച്ച അവസാനിപ്പിക്കുവാൻ സാത്താനു കഴിയുകയില്ല. കടുകുമരത്തിന്റെ ഉപമയിലൂടെ കർത്താവതാണ് അവരെ പഠിപ്പിച്ചത്.

യേശു അവരോട് ജാതികളോടു സുവിശേഷം അറിയിക്കുക്കുവാൻ ഗലീല കടൽ കടക്കാൻ കൽപ്പിച്ചു. എന്നാൽ പെട്ടെന്ന് എവിടെ നിന്നോ എന്നപോലെ ഒരു കൊടുംകാറ്റു വരികയും അവരെയും അവരുടെ ദൗത്യത്തേയും നശിപ്പിക്കാനുള്ള ഭീഷണി ഉയർത്തുകയും ചെയ്തു. ഭയത്തോടും ഭീതിയോടുംകൂടെ അവർ അതിനോട് പ്രതികരിച്ചു. നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ സംഗതി എന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയൊ? യേശു അവരോടു ചോദിക്കുന്നു.

ഈ ഒരു ചോദ്യം ഈ വേദഭാഗത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നതിനാൽ കർത്താവിന്റെ ശിഷ്യന്മാർക്ക് ഇല്ലാത്തത് നമുക്കുണ്ടാകണം എന്നത് ഈ വേദഭാഗത്തിന്റെ പ്രസംഗവിഷയം ആകാൻ സാധ്യതയുണ്ട്. എന്താണ് ഈ ശിഷ്യന്മാർക്ക് ഇല്ലാതെപോയത്? വിശ്വാസം? ഈ വിശ്വാസത്തിന്റെ ഉള്ളടക്കം എന്താണ്? കർത്താവ് നിങ്ങളുടെ ബോട്ടിലുള്ളപ്പോൾ നിങ്ങൾക്ക് യാതൊരു അനർത്ഥവും ഭവിക്കുകയില്ല.. അതുകൊണ്ട് വിശ്വാസികളായ നമ്മുടെ ജീവിതനൗകയിൽ കർത്താവുള്ളതുകൊണ്ട് നമുക്ക് മോശമായതൊന്നും ഭവിക്കയില്ല എന്ന് പ്രസംഗിക്കുന്നവരുണ്ട്. എന്നാൽ പ്രായോഗിക ജീവിതത്തിൽ ഇതെല്ല സംഭവിക്കുന്നത് എന്ന് നമുക്കറിയാം. നമ്മളെല്ലാം കർത്താവായ യേശുവിനെ സ്വീകരിച്ചവരാണ്. എന്നാൽ പലരുംതന്നെ നിരവധി കഷ്ടപ്പാടിനാൽ ബുദ്ധിമുട്ടുന്നു. ചിലർ അപകടത്തിൽപ്പെടുന്നു. ചിലർക്ക് ജോലി നഷ്ടപ്പെടുന്നു. ചിലർക്ക് വിവാഹം നടക്കുന്നില്ല. ചിലർക്ക് ജോലി ലഭിക്കുന്നില്ല. ചിലർ മരിക്കുന്നു. അങ്ങനെ പലതും. ക്രിസ്തീയ ജീവിതത്തിൽ ഇതൊക്കെ യാഥാർഥ്യമാണ്. അതുകൊണ്ട് ഈ വേദഭാഗത്തെ പ്രസംഗവിഷയം എന്നുപറയുന്നത് അതല്ല.

യേശുക്രിസ്തു തങ്ങളുടെ ജീവിത നൗകയിൽ ഉള്ളപ്പോൾ യാതൊരു അനർത്ഥവും സംഭവിക്കുകയില്ല എന്നല്ല. യഥാർത്ഥത്തിൽ യേശു ചില ദിവസങ്ങളായി അവരെ പഠിപ്പിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ച് പ്രായോഗികതലത്തിൽ ഒരു ടെസ്റ്റ് നടത്തുകയായിരുന്നു. നമ്മൾ പല കാര്യങ്ങളും ബുദ്ധിതലത്തിൽ പഠിക്കുന്നവരാണ്. എന്നാൽ പ്രായോഗികതലത്തിൽ വരുമ്പോൾ നാം പലപ്പോഴും പരാജയപ്പെടുന്നു. ശിഷ്യന്മാർക്കു സംഭവിച്ചതും ഇതുതന്നെയായിരുന്നു. അവരെ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് ഒരു ടെസ്റ്റ് നടത്തിയപ്പോൾ ആർ പരാജയപ്പെടുക തന്നെ ചെയ്തു.

അതായത് ഞാൻ നിങ്ങളെ പഠിപ്പിച്ചു കൊണ്ടിരുന്നത് നിങ്ങൾ ഇപ്പോഴും ഗ്രഹിക്കുന്നില്ലയൊ? സാത്താനെ അതിജീവിക്കാനുള്ള ശക്തി ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു എന്ന് പറഞ്ഞത് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നില്ലയൊ? (മർക്കോസ് 3:13). ഈ ഒരു ആക്രമണം എന്തിനുവേണ്ടിയാണ് എന്നും ആരാണ് ഇതിന് പിന്നിലെന്ന് നിങ്ങളുടെ തിരിച്ചറിയേണ്ടതായിരുന്നു. ഇത് സംഭവിക്കുമെന്ന് ഞാൻ നിങ്ങളോട് മുന്നമെ പറഞ്ഞിരുന്നില്ലയോ? നിങ്ങൾക്ക് അതിനെ കൈകാര്യം ചെയ്യുവാൻ ഉള്ള കഴിവുണ്ട് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നതല്ലയൊ? പിന്നെ എന്തുകൊണ്ടാണു നിങ്ങൾ ഭയപ്പെട്ടത്? ഭീരുക്കളായിപ്പോയത് എന്തുകൊണ്ട്? ഞാൻ നിങ്ങൾക്ക് നൽകിയിരിക്കുന്ന ശക്തിയെ നിങ്ങൾ തിരിച്ചറിയാ തിരുന്നതെന്തുകൊണ്ട്? എന്തുകൊണ്ട് നിങ്ങൾ എന്നെ ഉണർത്തി? നിങ്ങൾക്കതു സ്വയം കൈകാര്യം ചെയ്യുവാൻ കഴിയുമായിരുന്നില്ലേ? കർത്താവിന്റെ ചോദ്യത്തിന്റെ പൊരുൾ ഇതൊക്കെയായിരുന്നു.

ജീവൽ-ഭീഷണിയുയർത്തുന്ന കൊടുങ്കാറ്റ് മൂലം നിരാശപ്പെടുന്നതിനുപകരം ദൈവത്തിന്റെ നല്ല ഉദ്ദേശത്തെ നിവൃർത്തിക്കുന്നതു തടസ്സപ്പെടുത്തുന്നത് സാത്തന്റെ ശ്രമത്തെ അവർ തിരിച്ച് അറിയേണ്ടതായിരുന്നു. ഈയൊരാക്രമണത്തെ അവർ ചെറുത്തുതോൽപ്പിക്കാനുള്ള വിശ്വാസം അവർക്കുണ്ടാകേണ്ടതായിരുന്നു.

യേശുക്രിസ്തു നൽകിയ കല്പന- കടന്ന് അക്കരെയെത്തി ജാതികളെ ദൈവരാജ്യത്തെക്കുറിച്ച് അറിയിക്കുക. അതു നിവൃത്തിപ്പാനുള്ള ദൈവത്തിന്റെ ശക്തിയിൽ അവർ ആശ്രയിക്കുക. അതായിരുന്നു വേണ്ടിയിരുന്നത്.

നമുക്ക് വില്യം കേരിയിലേക്ക് മടങ്ങി വരാം. 1799 ആയതോടുകൂടി കാര്യങ്ങൾക്ക് മാറ്റമുണ്ടായി. താൻ കൽക്കട്ടക്ക് അടുത്തുള്ള സെറാമ്പൂർ ഡാനിഷ് സെറ്റിൽമെന്റിലേക്ക് താമസത്തിന് ക്ഷണിക്കപ്പെട്ടു. അവിടെ ഡെയിംസിന്റെ സംരക്ഷണയിൽ ബ്രിട്ടീഷ് നിയന്ത്രണമുള്ള പ്രദേശങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിനു നിയമപരമായ അനുവാദം ലഭിച്ചു. അതുവരെയുള്ള കേരിയുടെ സുവിശേഷവേലകൾ നിയമസാധുതയില്ലാത്തതായിരുന്നു. ഈ സമയത്ത് പ്രിൻറിംഗിൽ പ്രാവീണ്യമുള്ള വില്യംവാർഡ്, അദ്ധ്യാപകരായ ജോഷ്വാ, ഹന്നാമാർഷ്മാൻ എന്നിവരോടു ബന്ധം സ്ഥാപിക്കാൻ കേരിക്ക് സാധിച്ചു. വില്യം വാർഡിന് ഗവൺമെൻറ് പ്രിന്റിംഗ് ഓർഡറുകൾ വർദ്ധിച്ചതോടെ സാമ്പത്തികം മെച്ചപ്പെടുവാൻ തുടങ്ങി. മാർഷ്മാൻ കുട്ടികൾക്കായി ഒരു സ്കൂൾ സ്ഥാപിച്ചു. കേരി ഫോർട്ട് വില്യം കോളേജിൽ പഠിപ്പിക്കുവാൻ തുടങ്ങി.

1800 അതായത്, മിഷനറിവേല ആരംഭിച്ച് ഏഴ് വർഷങ്ങൾക്കു ശേഷം കൃഷ്ണപാൽ എന്ന തന്റെ ആദ്യത്തെ കൺവേർട്ടിനെ സ്നാനപ്പെടുത്തി. പിന്നെ താൻ ബംഗാളി ഭാഷയിൽ പുതിയ നിയമം പബ്ലിഷ് ചെയ്തു. കേരി ദൈവത്തിൽ നിന്നും വലിയ കാര്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് തന്റെ വേല 28 വർഷം തുടർന്നു. താനും തന്റെ പണ്ഡിറ്റും ചേർന്ന് ഇന്ത്യയിലെ പ്രധാന ഭാഷകളായ ബംഗാളി, ഒറിയ, മറാത്തി, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിലേക്ക് സമ്പൂർണ്ണ ബൈബിൾ പരിഭാഷ ചെയ്തു. അതുകൂടാതെ 209 ഭാഷകളിലേക്കും ഉപഭാഷകളിലേക്കും ബൈബിൾ ഭാഗങ്ങൾ വിവർത്തനം നടത്തി. അതുംകൂടാതെ സാമുഹ്യ പരിഷ്കാരം എന്ന നിലയിൽ ശിശുഹത്യ, സതി തുടങ്ങിയ സാമൂഹ്യ തിന്മകൾ നിർത്തലാക്കുന്നതിനു താൻ മുൻകൈയെടുത്തു. തുടർന്ന് 1818 താനും മാർഷുമാനും ചേർന്ന് സെറാമ്പൂർ ബൈബിൾ കോളേജ് സ്ഥാപിച്ച. 41 വർഷത്തെ വേലക്കു ശേഷം 1854 ൽ താൻ മരിക്കുമ്പോൾ ഏകദേശം 700 ഓളം വിശ്വസികളെ ഉണ്ടായിരുന്നുള്ളുവെങ്കിലും ബൈബിൾ ട്രാൻസ്ലേഷനും വിദ്യാഭ്യാസത്തിനും സാമൂഹ്യ പരിഷ്കരണത്തിനും ഒരു നല്ല അടിത്തറ പാകുവാൻ തനിക്ക് കഴിഞ്ഞു. തന്റെ ഈ പൈതൃകം പത്തൊമ്പതാം നൂറ്റാണ്ടിന്റെ വൻപിച്ച ലോക സുവിശേഷീകരണ നീക്കത്തിന് അടിസ്ഥാനമാകുകയും ചെയ്തു. അഡോണിറാം ജഡ്സൺ, ഹഡ്സൺ ടെയിലർ, ഡേവിഡ് ലിവിങ്സ്റ്റൺ തുടങ്ങി അനേകായിരങ്ങൾ കേരിയുടെ ജീവിതത്താൽ പ്രചോദിതരായി മുന്നോട്ടു വന്നവരാണ് എന്ന് നാം അറിയുമ്പോൾ ദൈവം തന്നിലൂടെ നടത്തിയ വൻകാര്യങ്ങളിൽ നാം അത്ഭുതപരതന്ത്രരായി തീരുമെന്നതിൽ ഒട്ടും സംശയമില്ല.

കർത്താവിനോടുള്ള അനുസ്മരണത്തിന്റെ ഫലമായി ജീവൻ അപകടത്തിലാകുന്ന ചുഴലിക്കാറ്റിൽ നാം അകപ്പെട്ടേക്കാം. നിങ്ങൾ രക്ഷിക്കപ്പെടുമ്പോഴൊ സ്നാനപ്പെടുമ്പോഴൊ ഉണ്ടാകുന്ന പ്രതികൂലങ്ങൾ ആകാം, വിവാഹജീവിതത്തിലെ പ്രതികൂലങ്ങളാകാം; വേലക്ക് ഇറങ്ങിയതിനുശേഷമുള്ള പ്രതിസന്ധികളാകാം ഇവയൊക്കേയും ദൈവം നിങ്ങളെ കുറിച്ച് ആഗ്രഹിക്കുന്ന നല്ല പദ്ധതിയെ തകർക്കാൻ സാത്താൻ കൊണ്ടു വരുന്ന പ്രതികൂലങ്ങളാണ്. അതിൽ നാം നിരാശിതരാകുകയൊ ഭ്രമിച്ചു പോവുകയൊ ചെയ്യേണ്ട ആവശ്യമില്ല. സാത്താൻ ദൈവരാജ്യത്തിനെതിരെ, ദൈവത്തിന്റെ നല്ല ഉദ്ദേശങ്ങൾക്കെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനാൽ അതു തികച്ചും സ്വാഭാവികമായ കാര്യമാണ്. ആകയാൽ കർത്താവിൽ ആശ്രയിച്ചും അവന്റെ വാക്കു വിശ്വസിച്ചുംകൊണ്ട് മുന്നോട്ടുപോയാൽ വിജയം സുനിശ്ചിതം. കേരിയെ പോലെ നമുക്കും പറയാം : Well, I have God, and His Word is Sure."

*******

Gospel & Acts Sermon Series_13

© 2020 by P M Mathew, Cochin

bottom of page