
നിത്യജീവൻ

P M Mathew
27-05-2018
How do you see Jesus?
നിങ്ങൾ യേശുവിനെ എങ്ങനെയാണ് കാണുന്നത്?
യേശുക്രിസ്തുവിന്റെ പരസൃശുശ്രൂഷയില്‍ പുരോഗമനാത്മക സൗഖ്യത്തെ കാണിക്കുന്ന ഏക സംഭവമാണ് മർക്കോസിന്റെ സുവിശേഷത്തിലെ ഈ അന്ധനായ മനുഷ്യന്റെ സൗഖ്യം.
ലണ്ടൻ നഗരത്തിൽ ജീവിച്ചിരുന്ന 19-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ പ്രാസംഗികനായിരുന്ന C H Spurgeon കര്ത്താവായ യേശുക്രിസ്തുവിന്റെ ശുശ്രൂഷാജീവിതത്തിൽ നടന്ന ഈ അത്ഭുതത്തെ വളരെ താല്പ്പര്യത്തോടെ വീക്ഷിച്ച ഒരു വ്യക്തിയായിരുന്നു. അദ്ദേഹം 1866 ജൂലൈ 22 നും പിന്നീട് 10 വര്ഷങ്ങള്‍ക്കുശേഷം 1876 ജൂൺ 18 നും വീണ്ടും മൂന്നു വർഷങ്ങൾക്കു ശേഷം 1879 സെപ്റ്റംബർ 21 നും ഈ വേദഭാഗത്തെ ആസ്പദമാക്കി മൂന്നു വൃത്യസ്ത പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പ്രസംഗങ്ങള്‍ ഇന്റെർനെറ്റിൽ ലഭ്യമാണ്. ലോകമെമ്പായിടവുമുള്ള അനേകം ആളുകൾക്കു അതു വായിക്കുവാനും യേശു എങ്ങനെ ആളുകളോട് ഇടപെടുന്നു എന്ന് അറിഞ്ഞ് അതിൽ ഉത്സാഹം പ്രാപിപ്പാനും ഇടയായി തീര്ന്നിുട്ടുണ്ട്. അതുപോലെ തന്നെ 20-ാം നൂറ്റാണ്ടിലെ മറ്റൊരു ലണ്ടന്‍ പ്രാസംഗികനായ മാര്ട്ടി ൻ ലോയിഡ് ജോൺസും ഈ ഒരു അത്ഭുതത്തില്‍ ആകൃഷ്ടനായി, താനതിനെ കുറിച്ചു പ്രസംഗിച്ചിട്ടുണ്ട്. തന്റെ Spiritual Depression എന്ന പ്രസംഗ പരമ്പരയില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. അതും വളരെ പ്രശസ്തമായ ഒരു സന്ദേശമാണ്. അതു പുസ്തകരൂപത്തില്‍ ഇന്ന് ലഭ്യമാണ്.
മർക്കൊസ് 8:22-26
“അവര്‍ ബത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു. അവന്‍ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തു കൊണ്ടുപോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈവെച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു. അവന്‍ മേൽപ്പോട്ടുനോക്കി: ഞാന്‍ മനുഷ്യരെ കാണുന്നു; അവര്‍ നടക്കുന്നതു മരങ്ങൾ പോലെയത്രേ കാണുന്നതു എന്നു പറഞ്ഞു. പിന്നെയും അവന്റെ കണ്ണിന്മേല്‍ കൈവെച്ചാറെ അവന്‍ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സൃഷ്ടമായി കണ്ടു. നീ ഊരില്‍ കടക്കപോലും അരുതു എന്നു അവന്‍ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.”
യേശുക്രിസ്തു വളരെ വൃത്യസ്തങ്ങളായ നിലകളില്‍ ആളുകളെ സഹായിച്ചിട്ടുണ്ട് എന്ന് നമുക്കും അറിയാം. സ്പര്ജ്ജന്‍ ചൂണ്ടിക്കാണിച്ചതുപോലെ, “കര്ത്താവ് ഒരേ രീതിയിൽ തന്നെ തന്റെ എല്ലാ അത്ഭുതങ്ങളും നിവൃത്തിച്ചിരുന്നു എങ്കില്‍, ആളുകള്‍ താൻ പ്രവൃത്തിച്ച ആ രീതിക്ക് അമിത പ്രാധാന്യം നല്കി, യേശു ഇത് ദൈവികശക്തിയാൽ നിവൃത്തിച്ചു എന്നു ചിന്തിക്കാതെ, അന്ധവിശ്വാസത്തോടെ ആ രീതികള്‍ക്കു പ്രാധാന്യം കല്പ്പിക്കുമായിരുന്നു.” യേശുവിന്റെ എല്ലാ അത്ഭുതങ്ങളിലും എപ്പോഴും ഒരേ നന്മ ദൃശ്യമായിരുന്നു, ഒരേ ജ്ഞാനം ദൃശ്യമായിരുന്നു, ഒരേ ശക്തി ദൃശ്യമായിരുന്നു. എങ്കിലും അവ ഓരോന്നും വൃത്യസ്തങ്ങളായ അത്ഭുതങ്ങളായിരുന്നു. ഒരേ രീതി തന്നെ അവലംഭിക്കണം എന്ന് യേശുവിനു യാതൊരു നിർബ്ബന്ധവുമുണ്ടായിരുന്നില്ല. യേശു സ്പർശ്ശിച്ച് സൗഖ്യമാക്കിയിട്ടുണ്ട്, തന്റെ വചനത്തെ അയച്ച് സൗഖ്യമാക്കിയിട്ടുണ്ട്. വചനമയക്കാതെ തന്റെ ഹിതത്താല്‍ സൗഖ്യമാക്കിയിട്ടുണ്ട്. യേശുവിന്റെ ഒരു നോട്ടം തന്റെ സ്പർശനം പോലെ ഫലവത്തായതായിരുന്നു. തന്റെ സാന്നിധ്യമില്ലാതെയും താന്‍ രോഗികളെ സൗഖ്യമാക്കിയിട്ടുണ്ട്. എതെങ്കിലും ഒരുരിതി ആവര്ത്തിക്കുവാൻ തക്കവണ്ണം പരിമിതികള്‍ ഉള്ള വ്യക്തി ആയിരുന്നില്ല കര്ത്താവായ യേശുക്രിസ്തു.
ഈ അത്ഭുതത്തിനും ചില നിസ്തുല്യമായ സവിശേഷതകള്‍ ഉണ്ടായിരുന്നു. ഒന്നാമതായി, അതു പെട്ടെന്നുള്ള ഒരു സൗഖ്യമായിരുന്നില്ല, മറിച്ച് പുരോഗമനാത്മകമായ ഒരു സൗഖ്യമായിരുന്നു. ആ അന്ധനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു recovery ആയിരുന്നിരിക്കണം ആവശ്യമായിരുന്നത്. മാത്രവുമല്ല, ചില വ്യവസ്ഥകള്‍ നിവൃത്തിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. ഒരു സ്ത്രീയില്‍ നിന്നും ഭൂതത്തെ പുറത്താക്കിയാല്‍, ആ ഭൂതം തിരികെ അവളിൽ പ്രവേശിപ്പാതിരിപ്പാൻ തക്കവണ്ണം അവളിലേക്കുള്ള വാതില്‍ അടക്കേണ്ടതിന്റെ ആവശ്യമുണ്ട്. ഒരു കുഷ്ടരോഗി സൗഖ്യമായാല്‍, അവന്റെ വടുക്കളും മാറിയില്ലെങ്കിൽ പിന്നേയും അവനെ കുഷ്ഠരോഗി എന്ന് ആളുകൾ ഗണിക്കും. അതുപോലെ ഈ മനുഷ്യനിലും കര്ത്താവിനു എന്തെങ്കിലും നിവൃത്തിക്കാന്‍ ഉണ്ടായിരുന്നിരിക്കണം
രണ്ടാമതായി, യേശു ഈ വ്യക്തിയോടു ഇടപെട്ട രീതി ചില പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. 22-ാം വാക്യത്തിൽ നാം കാണുന്നത് ഇപ്രകാരമാണ് “അവര്‍ ബെത്ത്സയിദയിൽ എത്തിയപ്പോള്‍ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.” ഈ അന്ധനെ ആളുകള്‍ കൊണ്ടുവന്നപ്പോൾ അവനെ യേശു തൊടേണം എന്ന് അവർ ആവശ്യപ്പെട്ടു. ഇത് ക്രിസ്ത്യാനികളായ നമുക്കേവർക്കും പരിചിതമായ സംഗതിയാണ്. യേശുവിന്റെ അടുക്കൽ നമ്മുടെ ബന്ധുക്കളേയൊ സുഹൃത്തുക്കളേയൊ പ്രാർത്ഥനയിൽ നാം വഹിക്കുമ്പോൾ യേശുവേ അവിടുന്നു അവരെ സ്പർശിക്കേണമേ എന്ന് നാം പ്രാർത്ഥിക്കാറുണ്ട്. കര്ത്താവെ അവിടുന്നു അവരുടെ ഹൃദയത്തെ സ്പർശിക്കണം. അവരെ കര്ത്താവിനുവേണ്ടി ജീവിക്കുന്നവരാക്കണം. സത്യത്തിനു വേണ്ടി ജീവിക്കുന്നവരായി അവർ തീരണം. ഈ അന്ധനേയും കര്ത്താവിന്റെ അടുക്കൽ കൊണ്ടുവന്നവര്‍ ഈ നിലയിൽ അവന്റെ മേൽ കൈവെക്കണം എന്ന് ആവശ്യപ്പെട്ടു. മറ്റാരെ സൗഖ്യമാക്കുന്നതിനേക്കാള്‍ അധികമായി, യേശു ഈ അന്ധനെ സപർശിച്ചു. 23, 25 വാക്യങ്ങള്‍ അതിനുള്ള തെളിവാണ്. യേശു അവന്റെ കൈക്ക് പിടിച്ചു (23a) ഊരിനു വെളിയിലേക്ക് നടത്തി. അവന്റെ മേല്‍ കൈവെച്ചു (23c). പിന്നേയും അവന്റെ കണ്ണിന്മേല്‍ കൈവെച്ചു (25). അവരുടെ ആഗ്രഹം പോലെ, അവനു വേണ്ടുവോളം സ്പർശ്ശനം കര്ത്താവ് നല്കി .
മൂന്നാമതായി, ആളുകൾക്കു അവന്‍ ഒരു കാഴ്ച വസ്തുവാകാൻ കര്ത്താവ് ആഗ്രഹിച്ചില്ല. ആളുകളുടെ ദൃഷ്ടിയില്‍ നിന്നും അവനെ കൈപിടിച്ച്, ഊരിനു പുറത്തുകൊണ്ടുപോകുന്നു. കര്ത്താവ് അവനോടു വ്യക്തിഗതമായി ഇടപെടുന്നു.
നാലാമതായി, കര്ത്താവ് അതൊരു പരസ്യമാക്കാൻ ഇഷ്ടപ്പെടാതെ ദൈവത്തിന്റെ മഹത്വത്തെ ലക്ഷ്യമാക്കി താനതു നിവൃത്തിക്കുന്നു. ഇന്നത്തെ വ്യാജരോഗ ശാന്തിക്കാരിൽ നിന്നോക്കേയും എത്ര വിഭിന്നമായിട്ടാണ് കര്ത്താവ് അതു നിവൃത്തിച്ചത്. അതുവരെ ആളുകളുടെ മുഖം കണ്ടിട്ടില്ലാത്ത ഈ മനുഷ്യന്‍ ആളുകളെ നോക്കി, തനിക്കു ലഭിച്ച സൗഖ്യത്തെ കുറിച്ച് വിവരിക്കുമ്പോൾ യേശുക്രിസ്തുവിനു വലിയ ഒരു പബ്ലിസിറ്റി ഉണ്ടാകുമായിരുന്നു. എന്നാല്‍ കര്ത്താവ് അങ്ങനെയൊരു പബ്ലിസിറ്റി ആഗ്രഹിച്ചില്ല. അതു മാത്രവുമല്ല, ആളുകള്‍ തന്നെ കേവലം അത്ഭുതം പ്രവൃത്തിക്കുന്ന വ്യക്തിയായി മാത്രം കാണാതെ, തനിക്കു ഇനി വരാന്‍ പോകുന്ന കഷ്ടതയും അതിനെ തുടർന്ന് ജനങ്ങൾക്കു ണ്ടാകുന്ന രക്ഷയെകുറിച്ചും ജനങ്ങൾ അറിയണം എന്ന് അവിടുന്നു ആഗ്രഹിച്ചു. താന്‍ അവരുടെ രക്ഷകനാണ് എന്ന് അവര്‍ മനസ്സിലാക്കുന്നില്ല എങ്കില്‍ ആ അത്ഭുതം കേവലം ഭാതിക തലത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതായി തീരും. ആകയാല്‍, കര്ത്താവ് ആ മനുഷ്യനോട് ഗ്രാമത്തിൽ കടക്കരുത് എന്ന് വിലക്കി. അവനെ നേരെ വീട്ടിലേക്ക് പറഞ്ഞയക്കുന്നു.
ഇനി, അന്ധനെ സഖ്യമാക്കിയ രീതി നോക്കിയാലും, ചില പ്രത്യേകതകള്‍ കാണുവാൻ കഴിയും. കുരുടന്റെ കണ്ണില്‍ യേശു തുപ്പി. താന്‍ തന്റെ തുപ്പൽ കൊണ്ട് അവന്റെ കണ്ണ് അഭിഷേകം ചെയ്തു. വളരെ അടുത്ത, ആഴമായ, വൃക്തിഗതമായ ഒരു അടുപ്പം താൻ അവനോടു കാണിക്കുന്നു. ആളുകള്‍ അവഗണിക്കുകയൊ സഹതാപം കാണിക്കുകയൊ മാത്രം പരിചയമുള്ള ഒരു വ്യക്തിയായിരുന്നു അവന്‍ ഇതുവരെ. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ഒരു പക്ഷെ ഒരു യാചകനെ പോലെ ജീവിച്ച ഈ വൃക്തിക്ക്, ഇതുപോലെ ഒരു വൈകാരികമായ സ്പർശനം എത്ര ഹൃദ്യമായി അനുഭവട്ടിരിക്കും.
ഒരുപക്ഷെ ചില സമൂഹങ്ങള്‍ തുപ്പലിനെ ഒരു അപമാനമായി കണ്ടേക്കാം. എന്നാല്‍ ദൈവപുത്രന്‍, വളരെ സ്‌നേഹത്തോടെ സ്പർശിക്കയും തന്റെ തുപ്പൽ വിരലില്‍ മുക്കി അവന്റെ അന്ധകാരം നിറഞ്ഞ കണ്ണുകളില്‍ ലേപമായി പുരട്ടിയത് അവനെ സംബന്ധിച്ച് എത്ര ആശ്വാസവും ബഹുമാനവും ആണ് നല്കിയത്. അവനെ സമൂഹത്തിന്റെ ഒരു ഭാഗമാക്കുവാന്‍ ഇതാ മശിഹ അവനു സ്പർശനത്തിലൂടെയും വളരെ അടുത്ത ഇടപെടലിലൂടേയും അവസരം ഒരുക്കുന്നു.
ഇന്ന് ഇങ്ങനെ സമൂഹത്തിൽ നിന്ന് അകന്നും ഒറ്റപ്പെട്ടും ആളുകൾ ശ്രദ്ധിക്കാതേയും ഇരിക്കുന്ന അനേകം ആളുകള്‍ ഉണ്ട്. അവര്‍ക്കിങ്ങനെയൊരു സ്പർശനം നല്കാൻ നമുക്കാവുമൊ? കഴിഞ്ഞ ആഴ്ച നമ്മോടൂ സംസാരിച്ച ടി. എം. മാത്യു സഹോദരൻ ഡല്ഹിയിലെ ചേരിപ്രദേശങ്ങളില്‍ ഇങ്ങനെയൊരു ഇടപെടൽ ആണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. നേപ്പാളിലെ ബെന്നി സഹോദരനും ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നത് ഇങ്ങനെയുള്ള പ്രവര്ത്തനങ്ങള്‍ക്ക് നല്ല മാതൃകകളാണ്.
ഈ അത്ഭുതത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍, ഇത് പെട്ടെന്നുള്ള ഒരു റിക്കവറി ആയിരുന്നില്ല. ആദ്യം തന്നെ അതു 100% സൗഖ്യം വന്നിരുന്നില്ല. ആദൃതവണ യേശു ആ മനുഷ്യന്റെ കണ്ണില്‍ തുപ്പി തന്റെ കൈ അദ്ദേഹത്തിന്റെ ശരീരത്ത് വെച്ചപ്പോൾ ഭാഗീഗികമായ സൗഖ്യമെ ഉണ്ടായുള്ളു. പൂര്ണ്ണ അന്ധകാരം നീങ്ങി, അല്പ വെളിച്ചം തനിക്ക് ഫീല്‍ ചെയ്യാൻ സാധിച്ചു. അദ്ദേഹത്തിന് ആളുകളുടെ രൂപത്തെക്കുറിച്ച് അത്ര വ്യക്തമല്ലെങ്കിലും വികലമായ ഒരു ധാരണ ലഭിച്ചു. ആളുകള്‍ മരത്തെ പോലെ തോന്നിക്കുന്നു. മനുഷ്യന്റെ കണ്ണൊ, കയ്യൊ, കാലൊ, മൂക്കൊ ഒന്നും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല, എന്തൊ ഒരു വലിയ രൂപം ചലിക്കുന്നതായി താന്‍ കാണുന്നു. ഒന്നും കാണാന്‍ കഴിയാതിരുന്നതിനേക്കാളും അൽപ്പംകൂടി മെച്ചപ്പെട്ട ഒരു അവസ്ഥ. എന്നാല്‍ നല്ല അഥവാ ശരിയായ കാഴ്ചയില്‍ നിന്നും അതു വളരെ വിതൂരമായ കാഴ്ച ആയിരുന്നു തനിക്കു ലഭിച്ചത്.
യേശു എന്തുകൊണ്ടാണ് അവനു ആദ്യം പൂർണ്ണസൗഖ്യം നൽകാതിരുന്നത്? ആദ്യം തന്നെ 100% നൽകാൻ യേശുവിനു കഴിയുമായിരുന്നില്ലേ? എന്തുകൊണ്ടാണ് യേശു അവനോട് നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചത്? യേശുവിനു അവന്റെ കാഴ്ച ശക്തിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചില്ലേ? തന്റെ ശക്തിയെക്കുറിച്ചു യേശുവിനു തന്നെ സംശയം തോന്നിയൊ? ആദ്യം അന്ധന്‍ ഭാഗീഗികമായി കണ്ടു, എന്നാല്‍ അതിനു തീരെ വ്യക്തത ഇല്ലായിരുന്നു പിന്നെ എല്ലാം വ്യക്തമായി കണ്ടു. അന്ധനു ശരിയായ വിശ്വാസമില്ലാതിരുന്നതു കൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിച്ചത്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഏതു വായനക്കാരുടെയും ഉള്ളിൽ നിന്നു പൊന്തിവരാന്‍ സാദ്ധ്യതയുള്ള ഒരു വേദഭാഗമാണിത്.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ആദ്യമായി ഈ വേദഭാഗത്തു നിന്നും ഞാൻ കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നത്. ഇങ്ങനെയുള്ള സംശയങ്ങള്‍ വരുമ്പോൾ നാം പലപ്പോഴും ചില ഊഹാപോഹങ്ങള്‍ നടത്തി വിട്ടു കളയുകയാണ് പതിവ്. എന്നാല്‍ അതിനുള്ള ഉത്തരം എഴുത്തുകാരന്‍ തന്നെ നൽകുന്നുണ്ട്. അതു മനസ്സിലാക്കിയാല്‍ ഈയൊരു പ്രശ്‌നത്തിനു പരിഹാരമാകും. എഴുത്തുകാരന്‍ ഇതെങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് ആദ്യമായി നമുക്കു നോക്കാം.
നാം തിരഞ്ഞെടുത്ത വേദഭാഗം 8:22-26 വരെയുള്ള വേദഭാഗമാണ്. ഈ വേദഭാഗത്തിനു തൊട്ടു മുൻപുള്ള വേദഭാഗം അതായത് 8:1-13 വരെ വേദഭാഗങ്ങൾ, ഏഴ് അപ്പവും കുറച്ചുമീനും കൊണ്ട് 4000 തീറ്റിപ്പോറ്റുന്നതും 7 കൊട്ട അപ്പം മിച്ചം നൽകുന്നതുമായ സംഭവമാണ്. അതിനു ശേഷം 8:14-21 വരെയുള്ള വേദഭാഗമാണ്. അതൊന്നു നിങ്ങൾ വായിച്ചു നോക്കുക.
ഇനി 8:22-26 നു ശേഷം വരുന്ന ഒരു വേദഭാഗമുണ്ട് 8:27-30 വരെയുള്ള വേദഭാഗങ്ങൾ അതും വായിക്കുക.
ഈ മൂന്നു എപ്പിസോഡുകളും തമ്മില്‍ ചില സമാനതകൾ ദർശിക്കാൻ കഴിയും. ഇവ തമ്മിലൊരു കണക്ഷന്‍ ഉണ്ട്. ആ കണക്ഷന്‍/സമാനതകള്‍ നമുക്കൊന്നു നോക്കാം.
ഈ മൂന്നു എപ്പിസോഡുകളും അടിസ്ഥാനപരമായി സംഭാഷണങ്ങളാണ്.
ഈ മൂന്നു എപ്പിസോഡുകളും യേശു ചോദിക്കുന്ന ഓരോ ചോദ്യമുണ്ട്.
ആദ്യത്തേതും മൂന്നാമത്തേയും എപ്പിസോഡുകള്‍ യേശുവും ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണമാണ്. നടുക്കത്തെ സംഭാഷണം യേശുവും അന്ധനും തമ്മിലുള്ളതാണ്. ഈ എപ്പിസോഡിനെ, മറ്റു രണ്ട് എപ്പിസോഡുകൾ കൊണ്ട് ഒരു ബ്രാക്കറ്റിൽ എന്ന പോലെയാണ് എഴുത്തുകാരൻ ഇതിനെ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനെ inclusio എന്നാണ് കമന്റേറ്റേറ്റേഴ്‌സ് വിശേഷിപ്പിക്കുന്നത്.
ഈ മൂന്നു എപ്പിസോഡുകളും തമ്മില്‍ പല സമാനതകളും ചില കോണ്ട്രാസ്‌റ്റുകളും ദർശിക്കുവാൻ സാധിക്കും. നടുക്കത്തേതില്‍ ഊര് എന്ന് വാക്ക് രണ്ടു തവണ ഉപയോഗിച്ചിരിക്കുന്നു. മൂന്നാമത്തെ എപ്പിസോഡില്‍ ഊരുകൾ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്.
നടുക്കത്തേതില്‍ അന്ധനെ ഊരിൽ കടക്കരുത് എന്നു പറഞ്ഞ് യേശു വിലക്കുന്നു. മൂന്നാമത്തേതില്‍ ശിഷ്യന്മാരെ ഇതാരോടും പറയരുതെന്നു പറഞ്ഞ് വിലക്കുന്നു.
നടുക്കത്തെ എപ്പിസോഡില്‍ കാഴചയെ സംബന്ധിച്ച 11 പരാമർശനങ്ങൾ കാണുവാന്‍ കഴിയും.
ഒന്നാമത്തെ എപ്പിസോഡില്‍ യേശു ശിഷ്യന്മാരോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അത് ഇതാണ് : 17-ാം വാകൃത്തിലാണത് “ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയൊ? ഗ്രഹിക്കുന്നില്ലയൊ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവൊ? 21-ാം വാക്യത്തിൽ ഈ ചോദ്യം ആവര്ത്തിക്കുന്നുണ്ട് : “ഇപ്പോഴും നിങ്ങള്‍ ഗ്രഹിക്കുന്നില്ലയൊ?” ഈ രണ്ടു ചോദ്യങ്ങളും അവരുടെ തിരിച്ചറിവിനെ സംബന്ധിച്ച ചോദ്യമാണ്.
രണ്ടാമത്തെ എപ്പിസോഡില്‍ യേശു അന്ധനോട് ചോദുക്കുന്നു: “നീ വല്ലതും കാണുന്നുണ്ടോ” (23-ാം വാക്യം)
മൂന്നാമത്തെ എപ്പിസോഡിലെ ചോദ്യം ഇതാണ് “ജനങ്ങള്‍ എന്നെ ആര്‍ എന്നു പറയുന്നു” (27). വീണ്ടും യേശു ഈ ചോദ്യം ആവര്ത്തിക്കുന്നുണ്ട് . അത് 29-ാം വാക്യത്തിലാണ് “എന്നാല്‍ നിങ്ങൾ എന്നെ ആര്‍ എന്നു പറയുന്നു?”
ഈ മുന്ന് എപ്പിസോഡുകളേയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നത് "കാണുന്നതിനെ സംബന്ധിച്ച്" അല്ലെങ്കിൽ "ഗ്രഹിക്കുന്നതിനെ സംബന്ധിച്ചുള്ള" പരാർശനങ്ങളാണ്. ഈ അദ്ധ്യായത്തിനു തൊട്ടുമുൻപുള്ള 7-ാം അദ്ധ്യായത്തിന്റെ 31-37 വരെ വാക്യങ്ങളിൽ വിക്കനും ചെകിടനുമായ മനുഷ്യനെ യേശു പുരുഷാരത്തില്‍ നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി, അവന്റെ ചെവിയില്‍ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തോട്ട്, തുറന്നു വരിക എന്ന് അർത്ഥമുള്ള "എഫഥാ" എന്നു പറഞ്ഞപ്പോൾ അവന്റെ ചെവി തുറന്നു. “കേൾക്കുക” “കാണുക” എന്നീ വിഷയങ്ങളെ അധികരിച്ചുള്ള അത്ഭുതങ്ങളെ എഴുത്തുകാരന്‍ ഉപയോഗിച്ചുകൊണ്ട് ശിഷ്യന്മാർ യേശുവിനെ "എങ്ങനെ കേൾക്കുന്നു", "എങ്ങനെ കാണുന്നു" എന്നതിന്റെ ഒരു ചിത്രമാണ് മർക്കോസ് അത്ഭുതങ്ങളുടെ വിവരണത്തിലുടെ ഇവിടെ നല്കുന്നത്.
യേശുവിനെ കുറിച്ച് ആളുകൾ പല നിലകളിലാണ് മനസ്സിലാക്കിയിരുന്നത്. അവന്‍ പല അത്ഭുതങ്ങളും ചെയ്യുന്നു. ചിലര്‍ അവനെ യോഹാന്നാൻ സ്‌നാപകൻ എന്നു വിചാരിച്ചു, ചിലര്‍ ഏലിയാവ് എന്ന് കരുതി, മറ്റു ചിലര്‍ പ്രവാചകന്മാരിലൊരുത്തൻ എന്നു ചിന്തിച്ചു. അങ്ങനെ യേശുവിന്റെ ഐഡന്റിയെ സംബന്ധിച്ച് പല തിയറികളും ഇതിനോടകം അവരുടെ ഇടയില്‍ രൂപപ്പെട്ടിരുന്നു. വാസ്തവത്തില്‍ പലര്ക്കും പ്രസ്തുത കഥയിലെ കഥാപാത്രമായ അന്ധനു തോന്നിയതുപോലെ യേശുവിനെ മരംപോലെ ഒരു gigantic figure ആണെന്നു മാത്രമെ ഗ്രഹിക്കുവാന്‍ കഴിഞ്ഞുള്ളൂ. ആ അവസ്ഥ മാറി യേശു വാസ്തവത്തില്‍ ആരാണ് എന്ന് ആളുകൾ ഗ്രഹിക്കണം. അതാണ് എഴുത്തുകാരന്‍ ഈ അത്ഭുതങ്ങള്‍ ഒരോന്നും അതാതിന്റെ സ്ഥലത്ത് രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ഉദ്ദേശ്യം.
മൂന്നാമത്തെ എപ്പിസോഡിലെ ചോദ്യത്തിനു പത്രൊസ് നല്കുോന്ന മറുപടി 8:29 ൽ കാണാം. “നീ ക്രിസ്തു ആകുന്നു” എന്നുള്ളതാണ് അത് . അതായത്, നീ സാക്ഷാല്‍ മശിഹ ആകുന്നു. നീ സാക്ഷാല്‍ രക്ഷകൻ ആകുന്നു. ഈ തിരിച്ചറിവ്, മറ്റുള്ളവര്‍ യേശുവിനെ മനസ്സിലാക്കിയില്ലെങ്കിലും പത്രോസെങ്കിലും ഗ്രഹിച്ചു എന്നാണ് കാണിക്കുന്നത്. അതായത്, യേശു ആരാണെന്ന് കാണിക്കുന്ന ഒരു അത്ഭുതമാണ് വാസ്തവത്തിൽ മർക്കോസ് ഈ വേദഭാഗത്ത് വരച്ചു കാണിക്കുന്നത്. അന്ധന്റെ കണ്ണ് പുരോഗമനാത്മകമായി സഖ്യം വരുത്തിയപ്പോള്‍, യേശു പത്രോസിന്റേയും യോഹന്നാന്റേയും അന്ത്രയോസിന്റേയും ഒക്കെ മുന്പി ൽ ഒരു കണ്ണാടി പിടിച്ചു കൊടുക്കുകയാണ്. ഈ അന്ധന്‍ സഖ്യം വന്നതുപോലെയാണ് നിങ്ങൾ യേശു ആരാണെന്ന് മനസ്സിലാക്കുന്നത് എന്ന കാര്യമാണ് മർക്കോസ് ഈ ചെറിയ ഒരു എപ്പിസോഡിലൂടെ നൽകുന്നത്. അവര്‍ ആദ്യം അവ്യക്തമായി മനസ്സിലാക്കി, ഇപ്പോള്‍ ഇതാ വളരെ വ്യക്തമായി, വാസ്തവത്തില്‍ യേശു സാക്ഷാല്‍ ക്രിസ്തു എന്ന് മനസ്സിലാക്കുന്നു.
അല്ലാതെ, ഞാന്‍ ആദ്യം സൂചിപ്പിച്ചതുപോലെ, അന്ധന്‍ 100% വിശ്വാസമില്ലാതിരുന്നതു കൊണ്ടല്ല തന്റെ സൗഖ്യം വൈകിയത്, യേശുക്രിസ്തുവിന്റെ അത്ഭുതം ചെയ്യാനുള്ള ശേഷിക്കുറവൊ, അവന്റെ കാഴ്ച ശക്തിയെക്കുറിച്ചുള്ള അജ്ഞതയൊ ആയിരുന്നില്ല, മറിച്ച്, ശിഷ്യന്മാര്‍ ഏതു നിലയിലാണ് യേശുവിനെ മനസ്സിലാക്കിയത് എന്നതിന്റെ ഒരു ചിത്രമാണ് ഈ അത്ഭുതത്തിലൂടെ മർക്കോസ് വരച്ചു കാണിക്കുന്നത്.
ഈ അത്ഭുതം നമ്മോടും ചോദിക്കുന്ന ചോദ്യം ഇതാണ്.
1. നാം എങ്ങനെയാണ് മറ്റുള്ള ആളുകളെ വിലയിരുത്തുന്നത്?
ശിഷ്യത്വത്തിന്റെ പാതയില്‍ മുന്നേറുന്നതിനു യേശു ആരാണ് എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടത് ഒരു അത്യാവശ്യ സംഗതിയാണ്. 8:1-4, 14-16 വാക്യങ്ങളില്‍ യേശു തന്നോടുകൂടെയുള്ള ജനത്തിന്റെ ആവശ്യമെന്ത് എന്ന് അറിഞ്ഞ് അവര്ക്ക് ആഹാരം നല്കുന്നതാണ് നാം കാണുന്നത്. ജനത്തിന്റെ ആവശ്യം യേശു നിവൃത്തിക്കുന്നു എന്നു മാത്രമല്ല, തന്നോട് കൂടെയുള്ള ശിഷ്യന്മാര്ക്കും അവിടുന്നു വേണ്ടതിലധികം നൽകുന്നു. ആഹാരത്തിലൂടെ നമ്മുടെ ദൈനം ദിനാവാശ്യങ്ങള്‍ നിവൃത്തിക്കുവാൻ യേശൂ മതിയായവനാണ് എന്ന് താൻ അവര്ക്കു കാണിച്ചുകൊടുക്കുകയാണ് അതിലുടെ ചെയ്തത് യേശുവിനല്ലാതെ മറ്റൊരു വ്യക്തിക്കൊ ആശയങ്ങള്‍ക്കൊ, തത്വശാസ്ത്രങ്ങള്‍ക്കൊ മനുഷ്യന്റെ ആവശ്യങ്ങള്‍ നിവൃത്തിക്കാൻ സാധിക്കയില്ല എന്ന തിരിച്ചറിവ് ഓരോ ശിഷ്യനും ഉണ്ടായിരിക്കണം. ആ ഒരു ഉറച്ച ബോദ്ധ്യം ഒരു ശിഷ്യനില്ലെങ്കില്‍ മറ്റൊരു വ്യക്തിയെ യേശുവിലേക്കു നയിക്കുവാന്‍ അവനു സാധിക്കയില്ല. തനിക്കിതുവരെ ഇല്ലാത്ത ബോദ്ധ്യം നാം എങ്ങനെയാണ് മറ്റുള്ളവര്ക്ക് പകര്ന്നു നല്കുന്നത്. അതുകൊണ്ട് യേശുവിന്റെ ശിഷ്യനായിരിക്കുന്ന ഒരു വ്യക്തി യേശു വാസ്തവത്തില്‍ ആരാണ് എന്ന് മനസ്സിലാക്കുകയാണ് അവശ്യമായിരിക്കുന്നത്.
2. നാം എങ്ങനെയാണ് മറ്റുള്ള ആളുകളെ വിലയിരുത്തുന്നത്?
ഇന്ന് സഭയിൽ ഈ ശിഷ്യന്മാരെ പോലെ, കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് ഇല്ലാത്ത ആളുകള്‍ ഉണ്ട്. അവര്ക്ക് ആത്മീയ വിഷയങ്ങളിൽ താത്പ്പര്യമില്ലാത്തതുകൊണ്ടല്ല.
അവര്ക്ക് വ്യക്തമായ കാഴച്ചപ്പാടൊ ക്രിസ്തു ആരാണെന്ന തിരിച്ചറിവൊ ഇല്ലാത്തതാണ് അവരുടെ പ്രശ്നം. ഒരുപക്ഷെ അവര്‍ സഭയിലേക്ക് ആകർഷിക്കപ്പെട്ടത്, വാസ്തവത്തില്‍ യേശു ആരാണെന്ന് മനസ്സിലാക്കിയതു കൊണ്ടായിരിക്കയില്ല. യേശു പല കാര്യങ്ങളും ചെയ്യുമെന്ന് അവർ കേട്ടിരിക്കാം. പല ആവശ്യങ്ങളും നടത്തിത്തരും എന്നും അവര്‍ ചിന്തിച്ചിരിക്കാം. എന്നാല്‍ പത്രോസ് പറഞ്ഞതു പോലെ "ജീവന്റെ വചനം നിന്റെ പക്കൽ ഉണ്ട്. നിന്നെ വിട്ട് ഞങ്ങൾ എവിടെപ്പോകും" എന്ന ബോദ്ധ്യം അങ്ങനെയുള്ളവര്ക്കുണ്ടാകണമെന്നില്ല. അങ്ങനെയുള്ളവരെ യേശു സ്പർശിക്കേണ്ടതിനായി, യേശു യഥാര്ത്ഥത്തിൽ ആരാണ് എന്ന് മനസ്സിലാക്കേണ്ടതിനായി അവര്ക്കു വേണ്ടി പ്രാര്ത്ഥിക്കേണ്ടതുണ്ട്. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട് അങ്ങനെയുള്ളവർ ആദ്യമായി മനസ്സിലാക്കേണ്ടത് യേശൂ ആരാണ് എന്ന കാര്യമാണ്. ആത്മാക്കളുടെ വലിയ ഫിസിഷ്യന്‍ ആയിരുന്ന മാര്ട്ടിന്‍ ലോയിഡ് ജോൺസ് വിശ്വാസികൾക്കിടയിൽ ഉള്ള (ഏറ്റവും ചുരുങ്ങിയ) അഞ്ചു ആശയക്കുഴപ്പങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത് നമുക്ക് ശ്രദ്ധിക്കാം.
1. വിശ്വാസികൾക്കു പ്രധാന ഉപദേശങ്ങളെ കുറിച്ച് വേണ്ടത്ര വ്യക്തതയില്ല എന്ന കാര്യമാണ് ഒന്നാമതായി താൻ ചുണ്ടിക്കാണിക്കുന്നത്.
യേശു രക്ഷകനാണെന്ന് ഒരുപക്ഷെ അവര്‍ പറഞ്ഞേക്കാം. രോഗസൗഖ്യം വരുത്തുമെന്നൊ, തങ്ങളുടെ കടങ്ങള്‍ വീട്ടുമെന്നൊ എന്നൊക്കെയായിരിക്കും അവര്‍ അതുകൊണ്ട് അര്ത്ഥമാക്കുന്നത്. എന്നാല്‍ യേശുക്രിസ്തു മരിച്ചത് എന്തിനാണെന്നും, ഒരുവന്‍ വീണ്ടും ജനിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും മനസ്സിലാക്കുന്നില്ല എങ്കില്‍, അവർ കാര്യങ്ങളെ വ്യക്തമായി കാണാത്തവരാണ്. അവര്‍ യേശുവിനെ കേവലം ഒരു മരത്തെ കാണുന്നതുപോലെ കാണുന്നവരാണ്. അവര്‍ ശരിയായി യേശുവിനെ മനസ്സിലാക്കുന്നതുവരെ അസന്തുഷ്ടരായിരിക്കും. അവരുടെ ജീവിതം ദുഃഖപൂര്ണ്ണമായിരിക്കും.
2. അവര്‍ യേശുവിനെ നന്നായി മനസ്സിലാക്കാത്തതുകൊണ്ട് അവരുടെ ഹൃദയം ചഞ്ചലപ്പെട്ടു കൊണ്ടിരിക്കും.
അവര്ക്കു പല കാര്യങ്ങൾ കാണാൻ കഴിഞ്ഞു എന്നിരിക്കും. എന്നാല്‍ താനൊരു ക്രിസ്ത്യാനിയായിരിക്കുന്നതില്‍ സന്തോഷമുണ്ടാവുകയില്ല. ഏതെങ്കിലും കാരണത്താല്‍ അവര്ക്കു യഥാര്ത്ഥ ആനന്ദം അനുഭവിപ്പാൻ കഴിയാതെ പോകുന്നു. കർത്താവിൽ തങ്ങളുടെ ഹൃദയം ഏകാഗ്രമല്ലാത്തതിനാല്‍, ബാഹ്യ കാരണങ്ങൾ തങ്ങളുടെ സന്തോഷത്തെ കെടുത്തിക്കളയുന്നു. ദൈവം തങ്ങളെ ക്രിസ്തുവേശുവില്‍ അംഗീകരിച്ചിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു എന്നു തിരിച്ചറിയാത്തതിനാല്‍ അങ്ങനെയുള്ളവര്‍ എപ്പോഴും അസസന്തുഷ്ടരായിരിക്കും. ആളുകള്‍ തങ്ങളെ എങ്ങനെ കാണുന്നു എന്നതാണ് തങ്ങളുടെ ആത്മീയതയുടെ അളവുകോൽ. അവര്ക്ക് എപ്പോഴും പരാതി മറ്റുള്ളവരെ കുറിച്ചാണ്. പലപ്പോഴും അവര്‍ പരാതികളുള്ള വ്യക്തിയായി സഭയിൽ അസന്തുഷ്ടരായി തുടരും.
3. അവരുടെ ഹിതം വിഭജിക്കപ്പെട്ടതായിരിക്കും.
അവരുടെ ഹൃദയം കര്ത്താവിൽ ഏകാഗ്രമായിരിക്കയില്ല. കാരണം കര്ത്താവിനെ അവർ വ്യക്തമായി മനസ്സിലാക്കിയിട്ടില്ല. അവര്‍ മത്സരികൾ ആയിരിക്കും. ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ തങ്ങളുടെ ജീവിതത്തിൽ പകര്ത്തുവാന്‍ അങ്ങനെയുള്ളവർ തയ്യാറാവുകയില്ല. കര്ത്താവ് പറഞ്ഞ കാര്യങ്ങൾ മുഖവിലക്കെടുത്ത് ജിവിക്കുവാൻ ഇങ്ങനെയുള്ളവര്‍ മുതിരുകയില്ല. അവര്ക്ക് പല കാര്യങ്ങളെക്കുറിച്ചും ആശയക്കുഴപ്പമുള്ളവരായിരിക്കും. അവർ പല കാര്യങ്ങളെ കുറിച്ചും തര്ക്കിക്കും. ഇന്ന കാര്യം തങ്ങളുടെ ജീവിതത്തില്‍ പ്രാവര്ത്തികം ആക്കേണ്ടതുണ്ടോ എന്ന് അവര്‍ തന്നോടു തന്നെ ചോദിച്ചുകൊണ്ടിരിക്കും. തങ്ങൾക്കു സ്വീകാര്യമായ കാര്യങ്ങൾ എടുക്കുകയും ബാക്കി കാര്യങ്ങള്‍ നിരസിക്കയും ചെയ്യും. ദൈവഹിതത്തിനു തങ്ങളെത്തന്നെ ഏല്പ്പിച്ചുകൊടുക്കുവാൻ അവർ തയ്യാറാവുകയില്ല. അവര്ക്ക് ആവശ്യം യേശു വാസ്തവത്തില്‍ ആരാണ് എന്നുള്ള തിരിച്ചറിവാണ്.
4. ആളുകൾക്കു ക്ലിയർകട്ടായിട്ടുള്ള നിര്വ്വചനങ്ങൾ ഉണ്ടായിരിക്കയില്ല. അവര്‍ അവ്യക്തത ഇഷ്ടപ്പെടുന്നു, വ്യക്തതയെ വെറുക്കുന്നു.
ആളുകള്‍ വ്യക്തമായ നിർവ്വചനങ്ങളൊ ഉപദേശങ്ങളൊ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം അങ്ങനെ കാര്യങ്ങള്‍ കൂടുതൽ വ്യക്തമായാൽ, അത് ആവശ്യപ്പെടുന്ന demands നിവൃത്തിക്കുന്നതിനുള്ള മനസ്സില്ലായ്മയാണ്. റോമന്‍ കാത്തലിക്കാ മതവിഭാഗങ്ങള്‍, പെന്തക്കോസ്ത് മത വിഭാഗങ്ങൾ എന്നിവ വളരെ ആളുകളെ ആകര്ഷിക്കാനുള്ള കാരണം അവരുടെ ഉപദേശങ്ങളിലെ അവ്യക്തതയാണ്. ചില അനുഷ്ഠാനങ്ങളും ചില രീതികളും ചില ശബ്ദകോലാഹലങ്ങളുംകൊണ്ട് അവരുടെ കൂട്ടായ്മകള്‍ നിറയെപ്പെട്ടിരിക്കും. അവ്യക്തമായ, ജീവിതത്തിനു രൂപാന്തരം ആവശ്യമില്ലാത്ത ഇത്തരം കൂട്ടായ്മകള്‍ അവര്ക്ക് സുഖകരമാണ്. ഇടക്കിടെ ഈ കാര്യങ്ങളില്‍ പങ്കെടുത്താൽ, യാതൊരു കുറ്റബോധവും കൂടാതെ തങ്ങളുടെ വ്യക്തിജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ സാധിക്കും.
ഈ അടുത്ത കാലത്ത് ഞാനൊരു ബന്ധുവീട്ടിൽ ചെന്നപ്പോൾകേട്ടത് ഇപ്രകാരമാണ്. തൊട്ടടുത്ത് താമസിക്കുന്ന ഒരു പെന്തക്കോസ്തുകാരൻ ഒരു കടയും വീടും എല്ലാം ഉൾപ്പെടുന്ന ഒരു മൂന്നു നില വിടു പണിതു. എന്നാല്‍ അതിനു കിണർ പണിതപ്പോൾ അതിന്റെ കുറെ ഭാഗം റോഡിലോട്ട് ഇറക്കിയാണ് പണിതത്. ഇപ്പോള്‍ അത് കേസിൽ കുടുങ്ങി പണി മുടങ്ങി കിടക്കുന്നു. തങ്ങളുടെ ക്രിസ്തിയ വിശ്വാസം ഒരു വിധത്തിലും തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നില്ല. തങ്ങളുടെ വസ്തുവിന്റെ അതിരു മാറ്റാനൊ മറിക്കാനൊ യാതൊരു ചളിപ്പും അവർ കാണിക്കാറില്ല. ഇങ്ങനെയുള്ളവര്‍ ഉപദേശ ശുദ്ധിയുള്ള സഭകളെ, ഇടുങ്ങിയ ചിന്താഗതിക്കാരെന്നൊ ആത്മാവില്ലാത്തരെന്നൊ മുദ്രകുത്താനും മടിക്കാറില്ല. അവര്‍ ക്രിസ്തുവിനെ ഭാഗീഗികമായി മാത്രം കാണുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ക്രിസ്തുവിനെ കേവലം മരത്തെ പോലെ കാണുന്നു.
5. അവര്‍ ദൈവവചനത്തിന്റെ ആധികാരികതയൊ അതിലെ ഉപദേശങ്ങളെ പൂര്ണ്ണ്മായി അംഗീകരിക്കയൊ ചെയ്യുന്നില്ല.
ഇതാണ് എല്ലാ പ്രശ്‌നങ്ങള്ക്കും മൂലകാരണമെന്ന് ഒരുപക്ഷെ പറയാൻ സാധിക്കും. ബൈബിളിനെ ദൈവവചനമായി കണ്ട് അതിന്റെ ആധികാരികത അംഗീകരിക്കയൊ സ്വീകരിക്കയൊ ചെയ്യാത്തവര്ക്ക് എങ്ങനെയാണ് അതിലെ ഉപദേശങ്ങൾ അനുസരിക്കുവാന്‍ സാധിക്കുക? ദൈവവചനത്തെ ഒരു ശിശുവിനെ പോലെ കൈക്കൊണ്ട് അതിനു വിധേയപ്പെടാൻ അവർ തയ്യാറാവുകയില്ല. ഒന്നുകില്‍ ദൈവവചനത്തോട് തങ്ങളുടെ ആശയങ്ങളും ലോകപരമായ ചിന്തകളും കൂട്ടിക്കലര്ത്തി , അതിനെ പഴയമനുഷ്യന്റെ രീതികള്ക്ക് അനുയോജ്യമാക്കി തീര്ക്കുന്നു. എല്ലാ നിലകളിലുമുള്ള ദൈവവചനത്തിന്റെ ആധികാരികത നിഷേധിച്ചുകൊണ്ട്, ലോകത്തിന്റെ കാഴ്ചപ്പാടുകൾക്കനുസരണമായി പ്രസംഗിക്കയും ജീവിക്കയും ചെയ്യുന്നു.
3. ഈ അവസ്ഥയെ വൃതിയാനപ്പെടുത്താന്‍ എങ്ങനെ സാധിക്കും? ഇതിനുള്ള പരിഹാരമാര്ഗ്ഗമെന്താണ്?
ഒന്നാമതായി, അന്ധനായ മനുഷ്യന്‍ ചെയ്തതുപോലെ തന്റെ കാഴ്ച ഭാഗീഗികമാണ് എന്ന് സമ്മതിക്കുക. കര്ത്താവെ ഞാനിപ്പോൾ ഭാഗീഗികമായെ കാര്യങ്ങളെ കാണുന്നുള്ളു. എനിക്കു വ്യക്തമായ കാഴ്ച നല്കണമെന്ന് പ്രാർത്ഥിക്കുക. യേശുക്രിസ്തു വാസ്തവത്തില്‍ ആരാണ്? താന്‍ എന്തിനാണ് ഈ ഭൂമിയിലേക്കു വന്നത്? എന്തു ലക്ഷ്യ നിവൃത്തിക്കു വേണ്ടിയാണ് താൻ വന്നത്? താന്‍ കേവലം ചില അത്ഭുതങ്ങള്‍ ചെയ്യാൻ വേണ്ടിയാണൊ ഈ ഭൂമിയിലേക്ക് വന്നത്? താന്‍ കാല്വരിയിൽ എന്താണ് നിവൃത്തിച്ചത്? അതുകൊണ്ടുള്ള പ്രയോജനം എന്താണ്? യേശുവിനെക്കുറിച്ചുള്ള സദ്വർത്തമാനം എന്താണ്? അവന്റെ രാജ്യത്തെക്കുറിച്ചുള്ള വാഗ്ദാനമാണോ നിങ്ങളെ ക്രിസ്തുവിനോടു അടുപ്പിച്ചത്? ദൈവരാജ്യത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടിനായി ആഗ്രഹിക്കുക. പ്രാര്ത്ഥിക്കുക വചനം പഠിക്കുക.
രണ്ടാമതായി, താന്‍ ക്രിസ്തുവിന്റെ രാജ്യത്തിലെ ഒരു പ്രജയാണ് എന്ന ബോദ്ധ്യം തനിക്കുണ്ടാകണം. ആ രാജ്യത്തിന്റെ നിലവാരമെന്തെന്ന് താൻ മനസ്സിലാക്കണം. തങ്ങള്‍ ആയിരുന്ന രാജ്യത്തില്‍ നിന്ന്, അതായത്, സാത്താന്റെ അധീനതയില്‍ നിന്ന് മോചനം പ്രാപിച്ചിരിക്കുന്നു എന്ന കാര്യം അവർ മനസ്സിലാക്കണം. കര്ത്താവിന്റെ പെർഫെക്ടായ രാജ്യത്ത്, തന്റെ പെർഫെക്ടായ ഭരണത്തിന്‍ കീഴിൽ ആയിരിക്കുന്ന, തന്റെ യജമാനനോട് കൂറുള്ള വ്യക്തിയായി അവൻ തീരണം. മാര്ട്ടിന്‍ ലൂഥർ ഇപ്രകാരം പറഞ്ഞു : രക്ഷ വിശ്വാസത്താലാണ്, എന്നാല്‍ രക്ഷിക്കുന്ന വിശ്വാസം തനിയെ നില്ക്കു ന്ന ഒന്നല്ല. വിശ്വാസം അതിന്റെ ഫലമായ അനുസരണത്തിലേക്ക് നമ്മേ നയിക്കുന്നു. അനുസരണമില്ലാത്ത വിശ്വാസം യഥാര്ത്ഥവിശ്വാസമല്ല. അതു ചത്തവിശ്വാസമാണ്.
ആകയാല്‍, യേശുക്രിസ്തുവിനെ, എന്തൊ വലിയ കാര്യങ്ങള്‍ ചെയ്യുന്ന, മരത്തെപോലെ, ഒരു gigantic figure ആയി കാണാതെ അവനാണ് സാക്ഷാൽ മശിഹ, അവനാണ് രക്ഷകന്‍, അവന്റെ രാജ്യത്തിലേക്കുള്ള ക്ഷണമാണ് സുവിശേഷം. ആ ക്ഷണം സ്വികരിച്ച് അവന്റെ രാജ്യത്തെ ഒരു നല്ല പ്രജയായി നമുക്ക് ജീവിക്കാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ.
*******
Gospel & Acts Sermon Series_07