top of page

How do you see Jesus?
നിങ്ങൾ യേശുവിനെ എങ്ങനെയാണ് കാണുന്നത്?

Gospel & Acts Sermon Series_07
P M Mathew
27-05-2018

How do you see Jesus?
നിങ്ങൾ യേശുവിനെ എങ്ങനെയാണ് കാണുന്നത്?

Mark 8:22-26

ആ വേദഭാഗം നമുക്ക് നോക്കാം

മർക്കൊസ് 8:22-26 “അവര്‍ ബത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു. അവന്‍ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തു കൊണ്ടുപോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈവെച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു. അവന്‍ മേൽപ്പോട്ടുനോക്കി: ഞാന്‍ മനുഷ്യരെ കാണുന്നു; അവര്‍ നടക്കുന്നതു മരങ്ങൾ പോലെയത്രേ കാണുന്നതു എന്നു പറഞ്ഞു. പിന്നെയും അവന്റെ കണ്ണിന്മേല്‍ കൈവെച്ചാറെ അവന്‍ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സൃഷ്ടമായി കണ്ടു. നീ ഊരില്‍ കടക്കപോലും അരുതു എന്നു അവന്‍ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു”.

യേശുക്രിസ്തുവിന്റെ പരസൃശുശ്രൂഷയില്‍ പുരോഗമനാത്മക സൗഖ്യത്തെ കാണിക്കുന്ന ഏക സംഭവമാണ്‌ മർക്കോസിന്റെ സുവിശേഷത്തിലെ ഈ അന്ധനായ മനുഷ്യന്റെ സൗഖ്യം.

ലണ്ടൻ നഗരത്തിൽ ജീവിച്ചിരുന്ന 19-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ പ്രാസംഗികനായിരുന്ന C H Spurgeon കര്ത്താവായ യേശുക്രിസ്തുവിന്റെ ശുശ്രൂഷാജീവിതത്തിൽ നടന്ന ഈ അത്ഭുതത്തെ വളരെ താല്പ്പര്യത്തോടെ വീക്ഷിച്ച ഒരു വ്യക്തിയായിരുന്നു. അദ്ദേഹം 1866 ജൂലൈ 22 നും പിന്നീട്‌ 10 വര്ഷങ്ങള്‍ക്കുശേഷം 1876 ജൂൺ 18 നും വീണ്ടും മൂന്നു വർഷങ്ങൾക്കു ശേഷം 1879 സെപ്റ്റംബർ 21 നും ഈ വേദഭാഗത്തെ ആസ്പദമാക്കി മൂന്നു വൃത്യസ്ത പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഈ പ്രസംഗങ്ങള്‍ ഇന്റെർനെറ്റിൽ ലഭ്യമാണ്‌. ലോകമെമ്പായിടവുമുള്ള അനേകം ആളുകൾക്കു അതു വായിക്കുവാനും യേശു എങ്ങനെ ആളുകളോട്‌ ഇടപെടുന്നു എന്ന്‌ അറിഞ്ഞ്‌ അതിൽ ഉത്സാഹം പ്രാപിപ്പാനും ഇടയായി തീര്ന്നിുട്ടുണ്ട്‌. അതുപോലെ തന്നെ 20-ാം നൂറ്റാണ്ടിലെ മറ്റൊരു ലണ്ടന്‍ പ്രാസംഗികനായ മാര്ട്ടി ൻ ലോയിഡ്‌ ജോൺസും ഈ ഒരു അത്ഭുതത്തില്‍ ആകൃഷ്ടനായി, താനതിനെ കുറിച്ചു പ്രസംഗിച്ചിട്ടുണ്ട്‌. തന്റെ Spiritual Depression എന്ന പ്രസംഗ പരമ്പരയില്‍ ഇത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതും വളരെ പ്രശസ്തമായ ഒരു സന്ദേശമാണ്‌. അതു പുസ്തകരൂപത്തില്‍ ഇന്ന്‌ ലഭ്യമാണ്‌.

ഈ അത്ഭുതം നടക്കുന്നത് ബേത്സയിദായിലാണ്. ഏറ്റവും താഴെയായി കൊടുത്തിരിക്കുന്ന യിസ്രായേലിന്റെ ഭൂപടം പരിശോധിക്കുന്നത് സ്ഥലത്തെ സംബന്ധിച്ച ഒരു ധാരണ ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കും.

ഈ വേദഭാഗം പരിശോധിച്ചാൽ അതിനൊരു chiastic structure ഉം നമുക്ക് കാണാൻ കഴിയും:

A യേശു ബേത്സയിദയിലേക്കു വരുന്നു (8:22)
..........B ഗ്രാമത്തിൽ നിന്നും അന്ധൻ വരുന്നു (8:23)
.................C കണ്ണിൽ ഉമിനീർ പുരട്ടുന്നു, കൈവെക്കുന്നു (8:23b)
........................D നീ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ചോദിക്കുന്നു (8:23c)
........................ D' ഞാൻ കാണുന്നുവെന്ന് മറുപടി പറയുന്നു (βλέπω) (8:24)
..................C' കൈകൾ കുരുടന്റെമേൽ മേൽ വെക്കുന്നു
...........B' സുഖം പ്രാപിച്ച മനുഷ്യനെ വീട്ടിലേക്ക് അയക്കുന്നു ഗ്രാമത്തിൽ കടക്കരുത് എന്ന് പറയുന്നു (8:26)
A' യേശു കൈസര്യ ഫിലിപ്പിയിലേക്ക് പോകുന്നു (8:27a).

ഈ അത്ഭുതത്തിനും ചില നിസ്തുല്യമായ സവിശേഷതകൾ ഉണ്ടായിരുന്നു.

ഒന്നാമത്തെ സവിശേഷത, യേശു ഈ വ്യക്തിയെ സ്പർശിച്ചാണ് സൗഖ്യമാക്കുന്നത്. 22-ാം വാക്യത്തിൽ നാം കാണുന്നത്‌ ഇപ്രകാരമാണ്‌ “അവർ ബെത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.” ഈ അന്ധനെ ആളുകൾ കൊണ്ടുവന്നപ്പോൾ അവനെ യേശു തൊടേണം എന്ന്‌ അവർ ആവശ്യപ്പെട്ടു. ഇത്‌ ക്രിസ്ത്യാനികളായ നമുക്കേവർക്കും പരിചിതമായ സംഗതിയാണ്‌. യേശുവിന്റെ അടുക്കൽ നമ്മുടെ ബന്ധുക്കളേയൊ സുഹൃത്തുക്കളേയൊ പ്രാർത്ഥനയിൽ നാം വഹിക്കുമ്പോൾ യേശുവേ അവിടുന്നു അവരെ തൊടേണമേ എന്ന്‌ നാം പ്രാർത്ഥിക്കാറുണ്ട്‌. കർത്താവെ അവിടുന്നു അവരുടെ ഹൃദയത്തെ സ്പർശിക്കണം. അവരെ കർത്താവിനുവേണ്ടി ജീവിക്കുന്നവരാക്കണം. സത്യത്തിനു വേണ്ടി ജീവിക്കുന്നവരായി അവർ തീരണം. ഈ അന്ധനേയും കർത്താവിന്റെ അടുക്കൽ കൊണ്ടുവന്നവർ ഈ നിലയിൽ അവന്റെ മേൽ കൈവെക്കണം എന്ന്‌ ആവശ്യപ്പെട്ടു. മറ്റാരെ സൗഖ്യമാക്കുന്നതിനേക്കാൾ അധികമായി, യേശു ഈ അന്ധനെ സപർശിച്ചു. 23, 25 വാക്യങ്ങൾ അതിനുള്ള തെളിവാണ്‌. യേശു അവന്റെ കൈക്ക്‌ പിടിച്ചു (23a) ഊരിനു വെളിയിലേക്ക്‌ നടത്തി. അവന്റെ മേൽ കൈവെച്ചു (23c). പിന്നേയും അവന്റെ കണ്ണിന്മേൽ കൈവെച്ചു (25). അവരുടെ ആഗ്രഹം പോലെ, അവനു വേണ്ടുവോളം സ്പർശനം കർത്താവ്‌ നല്കി. കർത്താവ് ഒട്ടും പിശുക്കു കാണിക്കാതെ lavish ആയി നൽകുന്ന ദൈവമാണ്.

യേശുക്രിസ്തു വളരെ വൃത്യസ്തങ്ങളായ നിലകളിൽ ആളുകളെ സഹായിച്ചിട്ടുണ്ട്‌. കർത്താവ്‌ ഒരേ രീതിയിൽ തന്നെ ആയിരുന്നില്ല തന്റെ എല്ലാ അത്ഭുതങ്ങളും ചെയ്തിരുന്നത്. യേശു ഒരേ രീതിയിൽ അത്ഭുതങ്ങളെ ചെയ്തിരുന്നെങ്കിൽ, ആളുകൾ ആ ഒരു രീതിക്ക് അമിത പ്രാധാന്യം നല്കി, യേശു ഇത്‌ ദൈവികശക്തിയാൽ നിവൃത്തിച്ചു എന്നു ചിന്തിക്കാതെ, അന്ധവിശ്വാസത്തോടെ ആ രീതികള്ക്കുു പ്രാധാന്യം കല്പ്പിക്കുമായിരുന്നു.

യേശുവിന്റെ എല്ലാ അത്ഭുതങ്ങളിലും എപ്പോഴും ഒരേ നന്മ ദൃശ്യമായിരുന്നു, ഒരേ ജ്ഞാനം ദൃശ്യമായിരുന്നു, ഒരേ ശക്തി ദൃശ്യമായിരുന്നു. എങ്കിലും അവ ഓരോന്നും വൃത്യസ്തങ്ങളായ രീതികളിലാണ് താൻ ചെയ്തിരുന്നത്. ഒരേ രീതി തന്നെ അവലംഭിക്കണം എന്ന്‌ യേശുവിനു യാതൊരു നിർബ്ബന്ധവുമുണ്ടായിരുന്നില്ല. യേശു സ്പർശ്ശിച്ച് സൗഖ്യമാക്കിയിട്ടുണ്ട്‌, തന്റെ വചനത്തെ അയച്ച്‌ സൗഖ്യമാക്കിയിട്ടുണ്ട്‌. വചനമയക്കാതെ തന്റെ ഹിതത്താൽ സൗഖ്യമാക്കിയിട്ടുണ്ട്‌. യേശുവിന്റെ ഒരു നോട്ടം തന്റെ സ്പർശനം പോലെ ഫലവത്തായതായിരുന്നു. തന്റെ സാന്നിധ്യമില്ലാതെയും താൻ രോഗികളെ സൗഖ്യമാക്കിയിട്ടുണ്ട്‌. എതെങ്കിലും ഒരുരിതി ആവർത്തിക്കുവാൻ തക്കവണ്ണം പരിമിതികളുള്ള ഒരു വ്യക്തി ആയിരുന്നില്ല കർത്താവായ യേശുക്രിസ്തു.

രണ്ടാമതായി, ആളുകൾക്കു മുന്നിൽ അവൻ ഒരു കാഴ്ച വസ്തുവാകാൻ കർത്താവ് ആഗ്രഹിച്ചില്ല. ആളുകളുടെ ദൃഷ്ടിയിൽ നിന്നും അവനെ കൈപിടിച്ച്‌, ഊരിനു പുറത്തുകൊണ്ടുപോകുന്നു. കർത്താവ് അവനോടു വ്യക്തിപരമായി ഇടപെടുന്നു.

മൂന്നാമതായി, കർത്താവ്‌ അതൊരു പരസ്യമാക്കാൻ ഇഷ്ടപ്പെടാതെ ദൈവത്തിന്റെ മഹത്വത്തെ ലക്ഷ്യമാക്കി താനതു നിവൃത്തിക്കുന്നു. കർത്താവിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ Publicity ക്ക് അവസരമുണ്ടായിരുന്നു. ഇന്നത്തെ വ്യാജരോഗ ശാന്തിക്കാരിൽ നിന്നോക്കേയും എത്ര വിഭിന്നമായിട്ടാണ്‌ കർത്താവ്‌ അതു നിവൃത്തിച്ചത്‌. അതുവരെ ആളുകളുടെ മുഖം കണ്ടിട്ടില്ലാത്ത ഈ മനുഷ്യൻ ആളുകളെ നോക്കി, തനിക്കു ലഭിച്ച സൗഖ്യത്തെ കുറിച്ച്‌ വിവരിക്കുമ്പോൾ യേശുക്രിസ്തുവിനു വലിയ ഒരു പബ്ലിസിറ്റി ലഭിക്കുമായിരുന്നു. എന്നാൽ കർത്താവ് അങ്ങനെയൊരു പബ്ലിസിറ്റി ആഗ്രഹിച്ചില്ല.

നാലാമതായി, ഈ അത്ഭുതത്തെക്കുറിച്ച് സാക്ഷ്യം പറയരുത് എന്ന് വിലക്കി. കാരണം ആളുകൾ തന്നെ കേവലം അത്ഭുതം പ്രവൃത്തിക്കുന്ന വ്യക്തിയായി മാത്രം കാണാൻ കർത്താവ് ആഗ്രഹിച്ചില്ല. യേശുവിനെ മുൻപരിചയമില്ലാത്ത ഈ വ്യക്തി തന്നെ ഒരു അഭുതപ്രവർത്തകനാക്കി മാത്രമെ ചിത്രീകരിക്കയുള്ളു. യേശു ഇതുവരെ തനിക്കു ഇനി വരാൻ പോകുന്ന കഷ്ടതയും അതിനെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന രക്ഷയെക്കുറിച്ചും ശിഷ്യന്മാരോടൊ ജനങ്ങളോടൊ പറഞ്ഞിരുന്നില്ല. താൻ അവരുടെ രക്ഷകനാണ്, മശിഹയാണ് എന്ന് പറയാതെ മറ്റെന്തു കാര്യം യേശുവിനെക്കുറിച്ചു പറഞ്ഞിട്ടും പ്രയോജനമില്ല. താൻ അവരുടെ രക്ഷകനാണ്‌ എന്ന്‌ അവർ മനസ്സിലാക്കുന്നില്ല എങ്കിൽ ആ അത്ഭുതം കേവലം ഭാതിക തലത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നായി അതു തീരും. ആകയാൽ, കർത്താവ്‌ ആ മനുഷ്യനോട്‌ ഗ്രാമത്തിൽ കടക്കരുത്‌ എന്ന്‌ വിലക്കി. അവനെ നേരെ വീട്ടിലേക്ക്‌ പറഞ്ഞയക്കുന്നു.

ഇനി അഞ്ചാമത്തെതും പ്രധാനപ്പെട്ടതുമായ മറ്റൊരു സവിശേഷത, അതു പെട്ടെന്നുള്ള ഒരു സൗഖ്യമായിരുന്നില്ല, മറിച്ച്‌ പുരോഗമനാത്മകമായ അഥവാ പടിപടിയായ ഒരു സൗഖ്യമായിരുന്നു. ആ അന്ധനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു recovery ആയിരുന്നിരിക്കണം ആവശ്യമായിരുന്നത്‌. മാത്രവുമല്ല, ചില വ്യവസ്ഥകൾ നിവൃത്തിക്കേണ്ടത്‌ ആവശ്യമായിരുന്നിരിക്കാം. ഒരു സ്ത്രീയിൽ നിന്നും ഭൂതത്തെ പുറത്താക്കിയാൽ, ആ ഭൂതം തിരികെ അവളിൽ പ്രവേശിപ്പാതിരിപ്പാൻ തക്കവണ്ണം അവളിലേക്കുള്ള വാതിൽ അടക്കേണ്ടതിന്റെ ആവശ്യമുണ്ട്‌. ഒരു കുഷ്ടരോഗി സൗഖ്യമായാൽ, അവന്റെ വടുക്കളും മാറിയില്ലെങ്കിൽ പിന്നേയും അവനെ കുഷ്ഠരോഗി എന്ന്‌ ആളുകൾ ഗണിക്കും. അതുപോലെ ഈ മനുഷ്യന്റെ സൗഖ്യത്തിലൂടേയും കർത്താവിനു എന്തെങ്കിലും നിവൃത്തിക്കാൻ ഉണ്ടായിരുന്നിരിക്കണം. ഒരുപക്ഷെ സമൂഹത്തിൽ നിന്ന് അകന്ന് ഒരു യാചകനെ പോലെ ജീവിച്ചിരുന്ന ഒരു വ്യക്തിക്ക് കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യത്താലും സ്പർശനത്താലും ലഭിച്ച അംഗീകാരമായിരിക്കാം അതിനു പിന്നിൽ എന്നു ഞാൻ ചിന്തിക്കുന്നു.

ഇനി, അന്ധനെ സഖ്യമാക്കിയ രീതി നോക്കിയാലും, ചില പ്രത്യേകതകൾ കാണുവാൻ കഴിയും. കുരുടന്റെ കണ്ണിൽ യേശു തുപ്പി. അവിടുന്നു തന്റെ തുപ്പൽ കൊണ്ട്‌ അവന്റെ കണ്ണ്‌ അഭിഷേകം ചെയ്തു. വളരെ അടുത്ത, ആഴമായ, വൃക്തിപരമായ ഒരു അടുപ്പം താൻ അവനോടു കാണിക്കുന്നു. ആളുകൾ അവഗണിക്കുകയൊ സഹതാപം കാണിക്കുകയൊ മാത്രംചെയ്തു കണ്ട് പരിചയമുള്ള ഒരു വ്യക്തിയായിരുന്നു അവൻ ഇതുവരെ. സമൂഹത്തിൽ നിന്ന്‌ ഒറ്റപ്പെട്ട്‌ ഒരു പക്ഷെ ഒരു യാചകനെ പോലെ ജീവിച്ച ഈ വൃക്തിക്ക്‌, ഇതുപോലെ ഒരു വൈകാരികമായ സ്പർശനം എത്ര ഹൃദ്യമായി അനുഭവപ്പെട്ടിരിക്കും.

ഒരുപക്ഷെ ചില സമൂഹങ്ങൾ തുപ്പലിനെ ഒരു അപമാനമായി കണ്ടേക്കാം. എന്നാൽ ദൈവപുത്രന്‍, വളരെ സ്‌നേഹത്തോടെ സ്പർശിക്കയും തന്റെ തുപ്പൽ വിരലിൽ മുക്കി അവന്റെ അന്ധകാരം നിറഞ്ഞ കണ്ണുകളിൽ ലേപമായി പുരട്ടിയത്‌ അവനെ സംബന്ധിച്ച്‌ എത്ര ആശ്വാസവും ബഹുമാനവും ആണ്‌ നല്കിയത്‌. അവനെ സമൂഹത്തിന്റെ ഒരു ഭാഗമാക്കുവാൻ കർത്താവ് അവനു സ്പർശനത്തിലൂടെയും വളരെ അടുത്ത ബന്ധത്തിലൂടെയും അവസരം ഒരുക്കുന്നു.

ഇന്ന്‌ ഇങ്ങനെ സമൂഹത്തിൽ നിന്ന്‌ അകന്നും ഒറ്റപ്പെട്ടും ആളുകൾ ശ്രദ്ധിക്കാതേയും ഇരിക്കുന്ന അനേകം ആളുകൾ ഉണ്ട്‌. അവര്ക്കിങ്ങനെയൊരു സ്പർശനം നല്കാൻ നമുക്കാവുമൊ? നേപ്പാളിലെ ബെന്നി സഹോദരനും ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നത്‌ ഇങ്ങനെയുള്ള പ്രവർത്തനങ്ങള്ക്ക്ക നല്ല മാതൃകകളാണ്.

ഇത് മറ്റെതൊരു സൗഖ്യത്തേയുമ്പോലെ പെട്ടെന്നുള്ള ഒരു സൗഖ്യമായിരുന്നില്ല. ആദ്യം തന്നെ 100% സൗഖ്യം വന്നിരുന്നില്ല. ആദൃതവണ യേശു ആ മനുഷ്യന്റെ കണ്ണിൽ തുപ്പി തന്റെ കൈ അദ്ദേഹത്തിന്റെ ശരീരത്ത്‌ വെച്ചപ്പോൾ ഭാഗീഗികമായ സൗഖ്യമെ ഉണ്ടായുള്ളു. പൂർണ്ണ അന്ധകാരം നീങ്ങി, അല്പ വെളിച്ചം തനിക്ക്‌ ഫീൽ ചെയ്യാൻ സാധിച്ചു. അദ്ദേഹത്തിന്‌ ആളുകളുടെ രൂപത്തെക്കുറിച്ച്‌ അത്ര വ്യക്തമല്ലെങ്കിലും വികലമായ ഒരു ധാരണ ലഭിച്ചു. ആളുകൾ മരത്തെ പോലെ തോന്നിക്കുന്നു. മനുഷ്യന്റെ കണ്ണോ, കയ്യൊ, കാലൊ, മൂക്കൊ ഒന്നും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല, എന്തൊ ഒരു വലിയ രൂപം ചലിക്കുന്നതായി താൻ കാണുന്നു. ഒന്നും കാണാൻ കഴിയാതിരുന്നതിനേക്കാളും അൽപ്പംകൂടി മെച്ചപ്പെട്ട ഒരു അവസ്ഥ. എന്നാൽ ശരിയായ കാഴ്ച ആയിരുന്നില്ലതാനും.

യേശു എന്തുകൊണ്ടാണ്‌ അവനു ആദ്യം പൂർണ്ണസൗഖ്യം നൽകാതിരുന്നത്? ആദ്യം തന്നെ 100% നൽകാൻ യേശുവിനു കഴിയുമായിരുന്നില്ലേ? എന്തുകൊണ്ടാണ്‌ യേശു അവനോട്‌ നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചത്‌? യേശുവിനു അവന്റെ കാഴ്ച ശക്തിയെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചില്ലേ? തന്റെ ശക്തിയെക്കുറിച്ചു യേശുവിനു തന്നെ സംശയം തോന്നിയൊ? ആദ്യം അന്ധന്‍ ഭാഗീഗികമായി കണ്ടു, എന്നാൽ അതിനു തീരെ വ്യക്തത ഇല്ലായിരുന്നു പിന്നെ എല്ലാം വ്യക്തമായി കണ്ടു. അന്ധനു ശരിയായ വിശ്വാസമില്ലാതിരുന്നതു കൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിച്ചത്‌?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്‌ ഇനി നാം കണ്ടെത്തേണ്ടത്. ഇങ്ങനെയുള്ള സംശയങ്ങൾ വരുമ്പോൾ നാം പലപ്പോഴും ചില ഊഹാപോഹങ്ങൾ നടത്തി വിട്ടു കളയുകയാണ്‌ പതിവ്‌. അതിനുള്ള ഉത്തരം എഴുത്തുകാരൻ തന്നെ നൽകുന്നുണ്ട്. അതു കണ്ടെത്തുന്നതിനു എഴുത്തുകാരൻ ഈ അത്ഭുതത്തെ അവതരിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ നിന്ന് നാം ഇത് കണ്ടെത്തണം.

നാം തിരഞ്ഞെടുത്ത വേദഭാഗം 8:22-26 വരെയുള്ള വേദഭാഗമാണ്‌. ഈ വേദഭാഗത്തിനു തൊട്ടു മുൻപുള്ള വേദഭാഗം അതായത് 8:1-13 വരെ വേദഭാഗങ്ങൾ, ഏഴ്‌ അപ്പവും കുറച്ചുമീനും കൊണ്ട്‌ 4000 തീറ്റിപ്പോറ്റുന്നതും 7 കൊട്ട അപ്പം മിച്ചം നൽകുന്നതുമായ സംഭവമാണ്‌. അതിനു ശേഷം 8:14-21 വരെയുള്ള വേദഭാഗമാണ്‌. അതൊന്നു വായിച്ചു നോക്കാം.

"14 അവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. 15 അവൻ അവരോടു: “നോക്കുവിൻ, പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊൾവിൻ” എന്നു കല്പിച്ചു. 16 നമുക്കു അപ്പം ഇല്ലായ്കയാൽ എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു. 17 അതു യേശു അറിഞ്ഞു അവരോടു പറഞ്ഞതു: “അപ്പം ഇല്ലായ്കയാൽ നിങ്ങൾ തമ്മിൽ പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ? 18 കണ്ണു ഉണ്ടായിട്ടും കണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ? 19 അയ്യായിരംപേർക്കു ഞാൻ അഞ്ചു അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചടുത്തു?” പന്ത്രണ്ടു എന്നു അവർ അവനോടു പറഞ്ഞു. 20 “നാലായിരം പേർക്കു ഏഴു നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു?” ഏഴു എന്നു അവർ അവനോടു പറഞ്ഞു. 21 പിന്നെ അവൻ അവരോടു: “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ” എന്നു പറഞ്ഞു" (8:14-21).

ഇനി 8:22-26 നു ശേഷം വരുന്ന ഒരു വേദഭാഗമുണ്ട്‌. 8:27-30 വരെയുള്ള വേദഭാഗങ്ങൾ അതും വായിക്കുക.

"27 അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യക്കു അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോടു: “ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു”എന്നു ചോദിച്ചു. 28 യോഹന്നാൻ സ്നാപകനെന്നു ചിലർ, ഏലീയാവെന്നു ചിലർ, പ്രവാചകന്മാരിൽ ഒരുത്തൻ എന്നു മറ്റു ചിലർ എന്നു അവർ ഉത്തരം പറഞ്ഞു. 29 അവൻ അവരോടു: “എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു. 30 പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവൻ അവരോടു ഖണ്ഡിതമായി പറഞ്ഞു" (8:27-30),

ഈ മൂന്നു എപ്പിസോഡുകളും തമ്മിൽ ചില സമാനതകൾ ദർശിക്കാൻ കഴിയും. ഇവ തമ്മിലൊരു കണക്ഷൻ ഉണ്ട്‌. ആ കണക്ഷൻ/സമാനതകൾ നമുക്കൊന്നു നോക്കാം.

1) ഈ മൂന്നു എപ്പിസോഡുകളും അടിസ്ഥാനപരമായി സംഭാഷണങ്ങളാണ്‌.
2) ഈ മൂന്നു എപ്പിസോഡുകളും യേശു ചോദിക്കുന്ന ഓരോ ചോദ്യമുണ്ട്‌.

ആദ്യത്തേതും മൂന്നാമത്തേയും എപ്പിസോഡുകൾ യേശുവും ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണമാണ്‌. നടുക്കത്തെ സംഭാഷണം യേശുവും അന്ധനും തമ്മിലുള്ളതാണ്‌.

ഈ മൂന്നു എപ്പിസോഡുകളും തമ്മിൽ പല സമാനതകളും ചില വ്യത്യാസങ്ങളും ദർശിക്കുവാൻ സാധിക്കും. നടുക്കത്തേതിൽ ഊര്‌ എന്ന്‌ വാക്ക്‌ രണ്ടു തവണ ഉപയോഗിച്ചിരിക്കുന്നു. മൂന്നാമത്തെ എപ്പിസോഡിൽ ഊരുകൾ എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുണ്ട്‌.

നടുക്കത്തേതിൽ അന്ധനെ ഊരിൽ കടക്കരുത്‌ എന്നു പറഞ്ഞ്‌ യേശു വിലക്കുന്നു. മൂന്നാമത്തേതിൽ ശിഷ്യന്മാരെ ഇതാരോടും പറയരുതെന്നു പറഞ്ഞ്‌ വിലക്കുന്നു.

ഈ വേദഭാഗത്ത് പലതവണ ആവർത്തിച്ചിരിക്കുന്ന പദം എന്നത്‌ കാഴ്ചയെ സംബന്ധിച്ച വാക്കാണ്‌. 10-11 തവണ ഈ വാക്ക് ആവർത്തിച്ചിരിക്കുന്നതു കാണാം. അതിൽ നിന്നും നമുക്കു മനസ്സിലാക്കാൻ കഴിയുന്ന വസ്തുത ഇത് കാഴ്ചയെ സംബന്ധിച്ച ഒരു വേദഭാഗമാണെന്നാണ്.

ഒന്നാമത്തെ എപ്പിസോഡിൽ യേശു ശിഷ്യന്മാരോട്‌ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌, അത്‌ ഇതാണ്‌ : 17-ാം വാകൃത്തിലാണത്‌ “ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയൊ? ഗ്രഹിക്കുന്നില്ലയൊ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവൊ? 21-ാം വാക്യത്തിൽ ഈ ചോദ്യം ആവർത്തിക്കുന്നുണ്ട്‌ : “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയൊ?” ഈ രണ്ടു ചോദ്യങ്ങളും അവരുടെ തിരിച്ചറിവിനെ സംബന്ധിച്ച ചോദ്യമാണ്‌.

രണ്ടാമത്തെ എപ്പിസോഡിൽ യേശു അന്ധനോട്‌ ചോദുക്കുന്നു: “നീ വല്ലതും കാണുന്നുണ്ടോ” (23-ാം വാക്യം).

മൂന്നാമത്തെ എപ്പിസോഡിലെ ചോദ്യം ഇതാണ്‌ “ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു” (27). വീണ്ടും യേശു ഈ ചോദ്യം ആവർത്തിക്കുന്നുണ്ട്‌ . അത്‌ 29-ാം വാക്യത്തിലാണ്‌ “എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു?”

ഈ മുന്ന്‌ എപ്പിസോഡുകളേയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നത്‌ "കാണുന്നതിനെ സംബന്ധിച്ച്‌" അല്ലെങ്കിൽ "ഗ്രഹിക്കുന്നതിനെ സംബന്ധിച്ചുള്ള" പരാർശനങ്ങളാണ്. ഈ അദ്ധ്യായത്തിനു തൊട്ടുമുൻപുള്ള 7-ാം അദ്ധ്യായത്തിന്റെ 31-37 വരെ വാക്യങ്ങളിൽ വിക്കനും ചെകിടനുമായ മനുഷ്യനെ യേശു പുരുഷാരത്തിൽ നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി, അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു, സ്വർഗ്ഗത്തിലേക്കു നോക്കി നെടുവീർപ്പിട്ട് അവനോട് തുറന്നു വരിക എന്ന്‌ അർത്ഥമുള്ള "എഫഥാ" എന്നു (7:32) പറഞ്ഞപ്പോൾ അവന്റെ ചെവി തുറന്നു. "എഫഥാ" എന്നു പറഞ്ഞാൽ ബധിരനായ വ്യക്തി കേൾക്കുമോ? ഇല്ല; എന്നാൽ ചുറ്റും നിൽക്കുന്ന ശിഷ്യന്മാർക്ക് കേൾക്കാനും കർത്താവ് നെടുവീർപ്പിടുന്നത് കാണാനും കഴിയും. “കേൾക്കുക” “കാണുക” എന്നീ വിഷയങ്ങളെ അധികരിച്ചുള്ള അത്ഭുതങ്ങളെ എഴുത്തുകാരൻ ഉപയോഗിച്ചുകൊണ്ട്‌ ശിഷ്യന്മാർ യേശുവിനെ "എങ്ങനെ കേൾക്കുന്നു", "എങ്ങനെ കാണുന്നു" എന്നതിന്റെ ഒരു ചിത്രമാണ്‌ മർക്കോസ് അത്ഭുതങ്ങളുടെ വിവരണത്തിലുടെ ഇവിടെ നല്കുന്നത്‌.

യേശുവിനെ കുറിച്ച്‌ ആളുകൾ പല നിലകളിലാണ്‌ മനസ്സിലാക്കിയിരുന്നത്‌. അവൻ പല അത്ഭുതങ്ങളും ചെയ്യുന്നു. ചിലർ അവനെ യോഹന്നാൻ സ്‌നാപകൻ എന്നു വിചാരിച്ചു, ചിലർ ഏലിയാവ്‌ എന്ന്‌ കരുതി, മറ്റു ചിലർ പ്രവാചകന്മാരിലൊരുത്തൻ എന്നു ചിന്തിച്ചു. അങ്ങനെ യേശുവിന്റെ ഐഡന്റിയെ സംബന്ധിച്ച്‌ പല തിയറികളും ഇതിനോടകം അവരുടെ ഇടയിൽ രൂപപ്പെട്ടിരുന്നു (6:15). വാസ്തവത്തിൽ പലര്ക്കും പ്രസ്തുത കഥയിലെ കഥാപാത്രമായ അന്ധനു തോന്നിയതുപോലെ യേശുവിനെ മരംപോലെ ഒരു gigantic figure ആണെന്നു മാത്രമെ ഗ്രഹിക്കുവാൻ കഴിഞ്ഞുള്ളൂ. ആ അവസ്ഥ മാറി യേശു വാസ്തവത്തിൽ ആരാണ്‌ എന്ന്‌ ആളുകൾ ഗ്രഹിക്കണം. അതാണ്‌ എഴുത്തുകാരൻ ഈ അത്ഭുതങ്ങൾ ഒരോന്നും അതാതിന്റെ സ്ഥലത്ത്‌ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ഉദ്ദേശ്യം.

മൂന്നാമത്തെ എപ്പിസോഡിലെ ചോദ്യത്തിനു പത്രൊസ്‌ നൽകുന്ന മറുപടി 8:29 ൽ കാണാം. “നീ ക്രിസ്തു ആകുന്നു” എന്നുള്ളതാണ്‌ അത്‌. അതായത്‌, നീ സാക്ഷാൽ മശിഹ ആകുന്നു. നീ സാക്ഷാൽ രക്ഷകൻ ആകുന്നു. ഈ തിരിച്ചറിവ്‌, മറ്റുള്ളവർ യേശുവിനെ മനസ്സിലാക്കിയില്ലെങ്കിലും പത്രോസെങ്കിലും ഗ്രഹിച്ചു എന്നാണ്‌ കാണിക്കുന്നത്‌. അതായത്‌, യേശു ആരാണെന്ന്‌ കാണിക്കുന്ന ഒരു അത്ഭുതമാണ്‌ വാസ്തവത്തിൽ മർക്കോസ് ഈ വേദഭാഗത്ത്‌ വരച്ചു കാണിക്കുന്നത്‌. അന്ധന്റെ കണ്ണ്‌ പുരോഗമനാത്മകമായി സഖ്യം വരുത്തിയപ്പോൾ, യേശു പത്രോസിന്റേയും യോഹന്നാന്റേയും അന്ത്രയോസിന്റേയും ഒക്കെ മുൻപിൽ ഒരു കണ്ണാടി പിടിച്ചു കൊടുക്കുകയാണ്‌. ഈ അന്ധന്‍ സഖ്യം വന്നതുപോലെയാണ്‌ നിങ്ങൾ യേശു ആരാണെന്ന്‌ മനസ്സിലാക്കുന്നത്‌ എന്ന കാര്യമാണ്‌ മർക്കോസ് ഈ ചെറിയ ഒരു എപ്പിസോഡിലൂടെ നൽകുന്നത്. അവർ ആദ്യം അവ്യക്തമായി മനസ്സിലാക്കി, ഇപ്പോൾ ഇതാ കൂടുതൽ വ്യക്തമായി, വാസ്തവത്തിൽ യേശു സാക്ഷാൽ ക്രിസ്തു എന്ന്‌ മനസ്സിലാക്കുന്നു.

മർക്കോസിന്റെ സുവിശേഷത്തെ മൂന്നായി തിരിക്കാം:

Act I യേശു ആരാണെന്ന് തന്റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും വെളിപ്പെടുത്തുന്നു (1:1-8:26). തന്റെ വ്യക്തിത്വത്തെ വിവേചിക്കുക എന്നതാണ് ഇതിലെ സുവിശേഷകന്റെ ലക്ഷ്യം.

Act 11 യേശുക്രിസ്തുവിന്റെ യെരുശലേമിലേക്കുള്ള യാത്ര- യേശുവിന്റെ ദൗത്യത്തെ അംഗീകരിക്കുക (8:27-10:52) രണ്ടാം ഭാഗത്ത് വിവരിക്കുന്നത്..

Act III യേശുവിന്റെ യെരുശലേമിലെ ദൗത്യത്തിന്റെ പൂർത്തീകരണം- യേശുവിനെ വിശ്വസ്തതയോടെ അനുഗമിക്കുക (11:1-16:8).

ഒന്നാം അദ്ധ്യായം മുതൽ 8:26 വരെയുള്ള വേദഭാഗം മർക്കോസിന്റെ സുവിശേഷത്തിന്റെ ഒന്നാം ഭാഗമാണ്. രണ്ടാം ഭാഗം ആരംഭിക്കുന്നത് 8:27 മുതൽ 10:52 വരെയുള്ള വേദഭാഗമാണ്. അത് യേശുവിന്റെ യെരുശലേമിലേക്കുള്ള യാത്രയെ വിവരിക്കുന്നു. ആത്മീയമായി പറഞ്ഞാൽ യേശുവിന്റെ ദൗത്യത്തെ മനസ്സിലാക്കുക അംഗീകരിക്കുക എന്ന കാര്യമാണ് വിവരിക്കുന്നത്.

10:46-52 വരെ വാക്യങ്ങളിൽ മറ്റൊരു അന്ധനെ യേശു സൗഖ്യമാക്കുന്ന കാര്യം മർക്കൊസ് രേഖപ്പെടുത്തുന്നുണ്ട്. അത് ബർത്തിമായി എന്ന അന്ധനെയാണ്. യെരീഹൊയിൽ വെച്ചാണ്, അത് സംഭവിക്കുന്നത്. അപ്പോൾ യേശു യെരുശലേമിനെ സമീപിക്കുകയായിരുന്നു. അവിടെ ബർത്തിമായിയെ സൗഖ്യമാക്കുവാൻ ചെയ്തത് എന്താണെന്ന് നോക്കാം: "പോകുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു. അതായത്, ഈ വേദാഭാഗത്ത് നാം കാണുന്നതുപോലെ ബർത്തിമായിയെ സൗഖ്യമാക്കുവാൻ താൻ തുപ്പുകയൊ, കണ്ണിൽ സ്പർശിക്കുകയൊ ചെയ്യുന്നില്ല. കേവലം ഒരു വാചകം ഉച്ഛരിക്കുക മാത്രമെ ചെയ്യുന്നുള്ളു.

ആദ്യഭാഗത്ത് യേശുക്രിസ്തു തന്റെ വാക്കുകളിലൂടേയും അത്ഭുതങ്ങളിലൂടെയും താൻ ആരാണെന്ന കാര്യം അവരെ വെളിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു (1:1-8:26). രണ്ടാം ഭാഗത്ത് മൂന്നു തവണ തന്റെ മിഷൻ അഥവാ മരണ-പുനരുത്ഥാനത്തിലൂടെ അവർക്കു രക്ഷ കൊണ്ടുവരുന്നതിനെക്കുറിച്ചു അവരോടു പറയുന്നു. അതിന്റെ അവസാനം മറ്റൊരു അന്ധനെ പെട്ടെന്ന് സൗഖ്യം നൽകിക്കൊണ്ട് അവർ അവന്റെ മിഷനെക്കുറിച്ചു കൂടുതൽ വ്യക്തത നൽകുന്നു. മൂന്നാം ഭാഗത്ത് അവരോട് യേശുവിനോടു വിശ്വസ്തത പുലർത്താൻ ആഹ്വാനം ചെയ്യുന്നു.

ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ, അന്ധന്‍ 100% വിശ്വാസമില്ലാതിരുന്നതു കൊണ്ടല്ല തന്റെ സൗഖ്യം വൈകിയത്‌, യേശുക്രിസ്തുവിന്റെ അത്ഭുതം ചെയ്യാനുള്ള ശേഷിക്കുറവൊ, അവന്റെ കാഴ്ച ശക്തിയെക്കുറിച്ചുള്ള അജ്ഞതയൊ ആയിരുന്നില്ല, മറിച്ച്‌, ശിഷ്യന്മാർ ഏതു നിലയിലാണ്‌ യേശുവിനെ മനസ്സിലാക്കിയത്‌ എന്നതിന്റെ ഒരു ചിത്രമാണ്‌ ഈ അത്ഭുതത്തിലൂടെ മർക്കോസ് വരച്ചു കാണിക്കുന്നത്‌.

ഈ അത്ഭുതം നമ്മോടും ചോദിക്കുന്ന ചോദ്യം ഇതാണ്‌.

1. നാം എങ്ങനെയാണ്‌ മറ്റുള്ള ആളുകളെ വിലയിരുത്തുന്നത്‌?

ശിഷ്യത്വത്തിന്റെ പാതയിൽ മുന്നേറുന്നതിനു യേശു ആരാണ്‌ എന്ന്‌ വ്യക്തമായി മനസ്സിലാക്കേണ്ടത്‌ ഒരു അത്യാവശ്യ സംഗതിയാണ്‌. 8:1-4, 14-16 വാക്യങ്ങളിൽ യേശു തന്നോടുകൂടെയുള്ള ജനത്തിന്റെ ആവശ്യമെന്ത്‌ എന്ന്‌ അറിഞ്ഞ്‌ അവർക്ക് ‌ ആഹാരം നല്കുന്നതാണ്‌ നാം കാണുന്നത്‌. ജനത്തിന്റെ ആവശ്യം യേശു നിവൃത്തിക്കുന്നു എന്നു മാത്രമല്ല, തന്നോട്‌ കൂടെയുള്ള ശിഷ്യന്മാർക്കും അവിടുന്നു വേണ്ടതിലധികം നൽകുന്നു. ആഹാരത്തിലൂടെ നമ്മുടെ ദൈനം ദിനാവാശ്യങ്ങൾ നിവൃത്തിക്കുവാൻ യേശു മതിയായവനാണ്‌ എന്ന്‌ താൻ അവർക്കു കാണിച്ചുകൊടുക്കുകയാണ്‌ അതിലുടെ ചെയ്തത്‌. യേശുവിനല്ലാതെ മറ്റൊരു വ്യക്തിക്കൊ ആശയങ്ങള്ക്കൊ , തത്വശാസ്ത്രങ്ങള്ക്കൊ മനുഷ്യന്റെ ആവശ്യങ്ങൾ നിവൃത്തിക്കാൻ സാധിക്കയില്ല എന്ന തിരിച്ചറിവ്‌ ഓരോ ശിഷ്യനും ഉണ്ടായിരിക്കണം. ആ ഒരു ഉറച്ച ബോദ്ധ്യം ഒരു ശിഷ്യനില്ലെങ്കിൽ മറ്റൊരു വ്യക്തിയെ യേശുവിലേക്കു നയിക്കുവാൻ അവനു സാധിക്കയില്ല. തനിക്കിതുവരെ ഇല്ലാത്ത ബോദ്ധ്യം നാം എങ്ങനെയാണ്‌ മറ്റുള്ളവർക്ക് പകർന്ന് നല്കുന്നത്‌. അതുകൊണ്ട്‌ യേശുവിന്റെ ശിഷ്യനായിരിക്കുന്ന ഒരു വ്യക്തി യേശു വാസ്തവത്തിൽ ആരാണ്‌ എന്ന്‌ മനസ്സിലാക്കുകയാണ്‌ അവശ്യമായിരിക്കുന്നത്‌.

2. നാം എങ്ങനെയാണ്‌ മറ്റുള്ള ആളുകളെ വിലയിരുത്തുന്നത്‌?
ഇന്ന്‌ സഭയിൽ ഈ ശിഷ്യന്മാരെ പോലെ, കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായ അറിവ്‌ ഇല്ലാത്ത ആളുകൾ ഉണ്ട്‌. അവർക്ക് ‌ ആത്മീയ വിഷയങ്ങളിൽ താത്പ്പര്യമില്ലാത്തതുകൊണ്ടല്ല. അവർക്ക് ‌ വ്യക്തമായ കാഴ്ച്ചപ്പാടൊ ക്രിസ്തു ആരാണെന്ന തിരിച്ചറിവൊ ഇല്ലാത്തതാണ്‌ അവരുടെ പ്രശ്നം. ഒരുപക്ഷെ അവർ സഭയിലേക്ക്‌ ആകർഷിക്കപ്പെട്ടത്, വാസ്തവത്തിൽ യേശു ആരാണെന്ന്‌ മനസ്സിലാക്കിയതു കൊണ്ടായിരിക്കയില്ല. യേശു പല കാര്യങ്ങളും ചെയ്യുമെന്ന്‌ അവർ കേട്ടിരിക്കാം. പല ആവശ്യങ്ങളും നടത്തിത്തരും എന്നും അവർ ചിന്തിച്ചിരിക്കാം. എന്നാൽ പത്രോസ്‌ പറഞ്ഞതു പോലെ "ജീവന്റെ വചനം നിന്റെ പക്കൽ ഉണ്ട്‌. നിന്നെ വിട്ട്‌ ഞങ്ങൾ എവിടെപ്പോകും" എന്ന ബോദ്ധ്യം അങ്ങനെയുള്ളവർക്കുണ്ടാകണമെന്നില്ല. അങ്ങനെയുള്ളവരെ യേശു സ്പർശിക്കേണ്ടതിനായി, യേശു യഥാര്ത്ഥത്തിൽ ആരാണ്‌ എന്ന്‌ മനസ്സിലാക്കേണ്ടതിനായി അവർക്കു വേണ്ടി പ്രാർത്ഥിക്കേണ്ടതുണ്ട്‌. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്‌ അങ്ങനെയുള്ളവർ ആദ്യമായി മനസ്സിലാക്കേണ്ടത്‌ യേശു ആരാണ്‌ എന്ന കാര്യമാണ്‌. ആത്മാക്കളുടെ വലിയ ഫിസിഷ്യന്‍ ആയിരുന്ന മാര്ട്ടിന്‍ ലോയിഡ്‌ ജോൺസ് വിശ്വാസികൾക്കിടയിൽ ഉള്ള (ഏറ്റവും ചുരുങ്ങിയ) അഞ്ചു ആശയക്കുഴപ്പങ്ങളെ കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌ നമുക്ക്‌ ശ്രദ്ധിക്കാം.

1. വിശ്വാസികൾക്കു പ്രധാന ഉപദേശങ്ങളെ കുറിച്ച്‌ വേണ്ടത്ര വ്യക്തതയില്ല എന്ന കാര്യമാണ്‌ ഒന്നാമതായി താൻ ചുണ്ടിക്കാണിക്കുന്നത്‌.

യേശു രക്ഷകനാണെന്ന്‌ ഒരുപക്ഷെ അവർ പറഞ്ഞേക്കാം. രോഗസൗഖ്യം വരുത്തുമെന്നൊ, തങ്ങളുടെ കടങ്ങൾ വീട്ടുമെന്നൊ എന്നൊക്കെയായിരിക്കും അവർ അതുകൊണ്ട്‌ അര്ത്ഥമാക്കുന്നത്‌. എന്നാൽ യേശുക്രിസ്തു മരിച്ചത്‌ എന്തിനാണെന്നും, ഒരുവന്‍ വീണ്ടും ജനിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും മനസ്സിലാക്കുന്നില്ല എങ്കിൽ, അവർ കാര്യങ്ങളെ വ്യക്തമായി കാണാത്തവരാണ്‌. അവർ യേശുവിനെ കേവലം ഒരു മരത്തെ കാണുന്നതുപോലെ കാണുന്നവരാണ്‌. അവർ ശരിയായി യേശുവിനെ മനസ്സിലാക്കുന്നതുവരെ അസന്തുഷ്ടരായിരിക്കും. അവരുടെ ജീവിതം ദുഃഖപൂർണ്ണമായിരിക്കും.

2. അവര്‍ യേശുവിനെ നന്നായി മനസ്സിലാക്കാത്തതുകൊണ്ട്‌ അവരുടെ ഹൃദയം ചഞ്ചലപ്പെട്ടു കൊണ്ടിരിക്കും.

അവർക്ക് പല കാര്യങ്ങൾ കാണാൻ കഴിഞ്ഞു എന്നിരിക്കും. എന്നാൽ താനൊരു ക്രിസ്ത്യാനിയായിരിക്കുന്നതിൽ സന്തോഷമുണ്ടാവുകയില്ല. ഏതെങ്കിലും കാരണത്താൽ അവര്ക്കു യഥാർത്ഥ ആനന്ദം അനുഭവിപ്പാൻ കഴിയാതെ പോകുന്നു. കർത്താവിൽ തങ്ങളുടെ ഹൃദയം ഏകാഗ്രമല്ലാത്തതിനാൽ, ബാഹ്യ കാരണങ്ങൾ തങ്ങളുടെ സന്തോഷത്തെ കെടുത്തിക്കളയുന്നു. ദൈവം തങ്ങളെ ക്രിസ്തുവേശുവിൽ അംഗീകരിച്ചിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു എന്നു തിരിച്ചറിയാത്തതിനാൽ അങ്ങനെയുള്ളവർ എപ്പോഴും അസസന്തുഷ്ടരായിരിക്കും. ആളുകൾ തങ്ങളെ എങ്ങനെ കാണുന്നു എന്നതാണ്‌ തങ്ങളുടെ ആത്മീയതയുടെ അളവുകോൽ. അവർക്ക് ‌ എപ്പോഴും പരാതി മറ്റുള്ളവരെ കുറിച്ചാണ്‌. പലപ്പോഴും അവർ പരാതികളുള്ള വ്യക്തിയായി സഭയിൽ അസന്തുഷ്ടരായി തുടരും.

3. അവരുടെ ഹിതം വിഭജിക്കപ്പെട്ടതായിരിക്കും.

അവരുടെ ഹൃദയം കർത്താവിൽ ഏകാഗ്രമായിരിക്കയില്ല. കാരണം കർത്താവിനെ അവർ വ്യക്തമായി മനസ്സിലാക്കിയിട്ടില്ല. അവർ മത്സരികൾ ആയിരിക്കും. ക്രിസ്തുവിന്റെ ഉപദേശങ്ങൾ തങ്ങളുടെ ജീവിതത്തിൽ പകര്ത്തുവാൻ അങ്ങനെയുള്ളവർ തയ്യാറാവുകയില്ല. കർത്താവ്‌ പറഞ്ഞ കാര്യങ്ങൾ മുഖവിലക്കെടുത്ത്‌ ജിവിക്കുവാൻ ഇങ്ങനെയുള്ളവർ മുതിരുകയില്ല. അവര്ക്ക് ‌ പല കാര്യങ്ങളെക്കുറിച്ചും ആശയക്കുഴപ്പമുള്ളവരായിരിക്കും. അവർ പല കാര്യങ്ങളെ കുറിച്ചും തർക്കിക്കും. ഇന്ന കാര്യം തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികം ആക്കേണ്ടതുണ്ടോ എന്ന്‌ അവർ തന്നോടു തന്നെ ചോദിച്ചുകൊണ്ടിരിക്കും. തങ്ങൾക്കു സ്വീകാര്യമായ കാര്യങ്ങൾ എടുക്കുകയും ബാക്കി കാര്യങ്ങൾ നിരസിക്കയും ചെയ്യും. ദൈവഹിതത്തിനു തങ്ങളെത്തന്നെ ഏല്പ്പിച്ചുകൊടുക്കുവാൻ അവർ തയ്യാറാവുകയില്ല. അവർക്ക് ‌ ആവശ്യം യേശു വാസ്തവത്തിൽ ആരാണ്‌ എന്നുള്ള തിരിച്ചറിവാണ്‌.

4. ആളുകൾക്കു ക്ലിയർകട്ടായിട്ടുള്ള നിർവ്വചനങ്ങൾ ഉണ്ടായിരിക്കയില്ല. അവർ അവ്യക്തത ഇഷ്ടപ്പെടുന്നു, വ്യക്തതയെ വെറുക്കുന്നു.

ആളുകൾ വ്യക്തമായ നിർവ്വചനങ്ങളൊ ഉപദേശങ്ങളൊ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം അങ്ങനെ കാര്യങ്ങൾ കൂടുതൽ വ്യക്തമായാൽ, അത്‌ ആവശ്യപ്പെടുന്ന demands നിവൃത്തിക്കുന്നതിനുള്ള മനസ്സില്ലായ്മയാണ്‌. റോമവൻ കാത്തലിക്കാ മതവിഭാഗങ്ങൾ, പെന്തക്കോസ്ത്‌ മത വിഭാഗങ്ങൾ എന്നിവ വളരെ ആളുകളെ ആകർഷിക്കാനുള്ള കാരണം അവരുടെ ഉപദേശങ്ങളിലെ അവ്യക്തതയാണ്‌. ചില അനുഷ്ഠാനങ്ങളും ചില രീതികളും ചില ശബ്ദകോലാഹലങ്ങളുംകൊണ്ട്‌ അവരുടെ കൂട്ടായ്മകൾ നിറയെപ്പെട്ടിരിക്കും. അവ്യക്തമായ, ജീവിതത്തിനു രൂപാന്തരം ആവശ്യമില്ലാത്ത ഇത്തരം കൂട്ടായ്മകൾ അവർക്ക്‌ സുഖകരമാണ്‌. ഇടക്കിടെ ഈ കാര്യങ്ങളിൽ പങ്കെടുത്താൽ, യാതൊരു കുറ്റബോധവും കൂടാതെ തങ്ങളുടെ വ്യക്തിജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ സാധിക്കും.

ഈ അടുത്ത കാലത്ത്‌ ഞാനൊരു ബന്ധുവീട്ടിൽ ചെന്നപ്പോൾ കേട്ടത്‌ ഇപ്രകാരമാണ്‌. തൊട്ടടുത്ത്‌ താമസിക്കുന്ന ഒരു പെന്തക്കോസ്തുകാരൻ ഒരു കടയും വീടും എല്ലാം ഉൾപ്പെടുന്ന ഒരു മൂന്നു നില വിടു പണിതു. എന്നാൽ അതിനു കിണർ പണിതപ്പോൾ അതിന്റെ കുറെ ഭാഗം റോഡിലോട്ട് ഇറക്കിയാണ്‌ പണിതത്‌. ഇപ്പോൾ അത്‌ കേസിൽ കുടുങ്ങി പണി മുടങ്ങി കിടക്കുന്നു. തങ്ങളുടെ ക്രിസ്തിയ വിശ്വാസം ഒരു വിധത്തിലും തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നില്ല. തങ്ങളുടെ വസ്തുവിന്റെ അതിരു മാറ്റാനൊ മറിക്കാനൊ യാതൊരു ചളിപ്പും അവർ കാണിക്കാറില്ല. ഇങ്ങനെയുള്ളവർ ഉപദേശ ശുദ്ധിയുള്ള സഭകളെ, ഇടുങ്ങിയ ചിന്താഗതിക്കാരെന്നൊ ആത്മാവില്ലാത്തരെന്നൊ മുദ്രകുത്താനും മടിക്കാറില്ല. അവർ ക്രിസ്തുവിനെ ഭാഗീഗികമായി മാത്രം കാണുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ക്രിസ്തുവിനെ കേവലം മരത്തെ പോലെ കാണുന്നു.

5. അവർ ദൈവവചനത്തിന്റെ ആധികാരികതയൊ അതിലെ ഉപദേശങ്ങളെ പൂർണ്ണമായി അംഗീകരിക്കയൊ ചെയ്യുന്നില്ല.

ഇതാണ്‌ എല്ലാ പ്രശ്‌നങ്ങൾക്കും മൂലകാരണമെന്ന്‌ ഒരുപക്ഷെ പറയാൻ സാധിക്കും. ബൈബിളിനെ ദൈവവചനമായി കണ്ട്‌ അതിന്റെ ആധികാരികത അംഗീകരിക്കയൊ സ്വീകരിക്കയൊ ചെയ്യാത്തവർക്ക് ‌ എങ്ങനെയാണ്‌ അതിലെ ഉപദേശങ്ങൾ അനുസരിക്കുവാൻ സാധിക്കുക? ദൈവവചനത്തെ ഒരു ശിശുവിനെ പോലെ കൈക്കൊണ്ട്‌ അതിനു വിധേയപ്പെടാൻ അവർ തയ്യാറാവുകയില്ല. ഒന്നുകിൽ ദൈവവചനത്തോട്‌ തങ്ങളുടെ ആശയങ്ങളും ലോകപരമായ ചിന്തകളും കൂട്ടിക്കലർത്തി, അതിനെ പഴയമനുഷ്യന്റെ രീതികൾക്ക്‌ അനുയോജ്യമാക്കി തീർക്കുന്നു. എല്ലാ നിലകളിലുമുള്ള ദൈവവചനത്തിന്റെ ആധികാരികത നിഷേധിച്ചുകൊണ്ട്‌, ലോകത്തിന്റെ കാഴ്ചപ്പാടുകൾക്കനുസരണമായി പ്രസംഗിക്കയും ജീവിക്കയും ചെയ്യുന്നു.
3. ഈ അവസ്ഥയെ വൃതിയാനപ്പെടുത്താന്‍ എങ്ങനെ സാധിക്കും? ഇതിനുള്ള പരിഹാരമാർഗ്ഗമെന്താണ്‌?

ഒന്നാമതായി, അന്ധനായ മനുഷ്യന്‍ ചെയ്തതുപോലെ തന്റെ കാഴ്ച ഭാഗീഗികമാണ്‌ എന്ന്‌ സമ്മതിക്കുക. കര്ത്താവെ ഞാനിപ്പോൾ ഭാഗീഗികമായെ കാര്യങ്ങളെ കാണുന്നുള്ളു. എനിക്കു വ്യക്തമായ കാഴ്ച നല്കണമെന്ന്‌ പ്രാർത്ഥിക്കുക. യേശുക്രിസ്തു വാസ്തവത്തില്‍ ആരാണ്‌? താന്‍ എന്തിനാണ്‌ ഈ ഭൂമിയിലേക്കു വന്നത്‌? എന്തു ലക്ഷ്യ നിവൃത്തിക്കു വേണ്ടിയാണ്‌ താൻ വന്നത്‌? താന്‍ കേവലം ചില അത്ഭുതങ്ങള്‍ ചെയ്യാൻ വേണ്ടിയാണൊ ഈ ഭൂമിയിലേക്ക്‌ വന്നത്‌? താന്‍ കാല്വരിയിൽ എന്താണ്‌ നിവൃത്തിച്ചത്‌? അതുകൊണ്ടുള്ള പ്രയോജനം എന്താണ്‌? യേശുവിനെക്കുറിച്ചുള്ള സദ്വർത്തമാനം എന്താണ്‌? അവന്റെ രാജ്യത്തെക്കുറിച്ചുള്ള വാഗ്ദാനമാണോ നിങ്ങളെ ക്രിസ്തുവിനോടു അടുപ്പിച്ചത്‌? ദൈവരാജ്യത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടിനായി ആഗ്രഹിക്കുക. പ്രാര്ത്ഥിക്കുക വചനം പഠിക്കുക.

രണ്ടാമതായി, താന്‍ ക്രിസ്തുവിന്റെ രാജ്യത്തിലെ ഒരു പ്രജയാണ്‌ എന്ന ബോദ്ധ്യം തനിക്കുണ്ടാകണം. ആ രാജ്യത്തിന്റെ നിലവാരമെന്തെന്ന്‌ താൻ മനസ്സിലാക്കണം. തങ്ങള്‍ ആയിരുന്ന രാജ്യത്തില്‍ നിന്ന്‌, അതായത്‌, സാത്താന്റെ അധീനതയില്‍ നിന്ന്‌ മോചനം പ്രാപിച്ചിരിക്കുന്നു എന്ന കാര്യം അവർ മനസ്സിലാക്കണം. കര്ത്താവിന്റെ പെർഫെക്ടായ രാജ്യത്ത്‌, തന്റെ പെർഫെക്ടായ ഭരണത്തിന്‍ കീഴിൽ ആയിരിക്കുന്ന, തന്റെ യജമാനനോട്‌ കൂറുള്ള വ്യക്തിയായി അവൻ തീരണം. മാര്ട്ടിന്‍ ലൂഥർ ഇപ്രകാരം പറഞ്ഞു : രക്ഷ വിശ്വാസത്താലാണ്‌, എന്നാല്‍ രക്ഷിക്കുന്ന വിശ്വാസം തനിയെ നില്ക്കു ന്ന ഒന്നല്ല. വിശ്വാസം അതിന്റെ ഫലമായ അനുസരണത്തിലേക്ക്‌ നമ്മേ നയിക്കുന്നു. അനുസരണമില്ലാത്ത വിശ്വാസം യഥാര്ത്ഥവിശ്വാസമല്ല. അതു ചത്തവിശ്വാസമാണ്‌.

ആകയാല്‍, യേശുക്രിസ്തുവിനെ, എന്തൊ വലിയ കാര്യങ്ങള്‍ ചെയ്യുന്ന, മരത്തെപോലെ, ഒരു gigantic figure ആയി കാണാതെ അവനാണ്‌ സാക്ഷാൽ മശിഹ, അവനാണ്‌ രക്ഷകന്‍, അവന്റെ രാജ്യത്തിലേക്കുള്ള ക്ഷണമാണ്‌ സുവിശേഷം. ആ ക്ഷണം സ്വികരിച്ച്‌ അവന്റെ രാജ്യത്തെ ഒരു നല്ല പ്രജയായി നമുക്ക്‌ ജീവിക്കാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page