
നിത്യജീവൻ

P M Mathew
28-10-2018
Are you ready for the wedding feast?
രാജാവിന്റെ കല്യാണവിരുന്നിനു നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ?
ആമുഖം
യേശുക്രിസ്തു പറഞ്ഞ ഉപമകളിൽ ഏറ്റവും നാടകീയവും ശക്തവുമായ ഉപമയാണ് മത്തായി സുവിശേഷത്തിലെ 22-ാo അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന രാജാവിന്റെ മകന്റെ കല്യാണവിരുന്നു. ഈ കല്യാണവിരുന്നിനോട് ഒരുവൻ എങ്ങനെ പ്രതികരിക്കുന്നുവെന്നതും, അതിനെ ആസ്പദമാക്കിയുള്ള ന്യായവിധിയുമാണ് ഇതിലെ മുഖ്യപ്രമേയം. ഇത് അതിന്റെ ചരിത്ര പശ്ചാത്തലത്തോട് നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതും എന്നാൽ ദൂരവ്യാപകമായ ഫലം ഉളവാക്കുന്നതുമായ ഒരു ഉപമയാണ്. അതിനായി മത്തായി സുവിശേഷം 22:1-14 വരെ വാക്യങ്ങൾ നമുക്കു വായിക്കാം:
മത്തായി 22:1-14
“യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: സ്വർഗ്ഗരാജ്യം തന്റെ പുത്രന്നുവേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സാദൃശ്യം. അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു. അവർക്കോ വരുവാൻ മനസ്സിലായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച് മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു. കല്യാണത്തിന്നു വരുവിൻ എന്ന് ക്ഷണിച്ചവരോടു പറയിച്ചു. അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു. ശേഷമുള്ളവർ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു. രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കൊലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു. പിന്നെ അവൻ ദാസന്മാരോടു: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. ആകയാൽ വഴിത്തലയ്ക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന് വിളിപ്പിൻ എന്നു പറഞ്ഞു. ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വന്നു; കല്യാണശാല വിരുന്നുകാരെ കൊണ്ട് നിറഞ്ഞു. വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തു വന്നപ്പോൾ കല്യാണ വസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ നീ കല്യാണ വസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. രാജാവ് ശുശ്രൂഷകാരോടു കയ്യും കാലുംകെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. വിളിക്കപ്പെട്ടവർ അനേകർ തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം;”
ഈ ഉപമയുടെ ചരിത്ര പശ്ചാത്തലം
കർത്താവിന്റെ ഈ ഭൂമിയിലെ ജീവിതത്തിന്റേയും ശൂശ്രൂഷയുടേയും അവസാന ആഴ്ചവട്ടത്തിലാണ് താനിത് അവരോടു പറയുന്നത്. അതായത്, തന്റെ പീഡാനുഭവ വാരത്തിലെ ബുധനാഴ്ച. കുറച്ചുകൂടി സ്പെസിഫിക്കായി പറഞ്ഞാൽ, താൻ ക്രൂശിക്കപ്പെടുന്നതായ വെള്ളിയാഴ്ചക്ക് തൊട്ടുമുൻപുള്ള ബുധനാഴ്ച. ഈ ഉപമ പറഞ്ഞതിന്റെ പിറ്റേതിന്റെ പിറ്റേന്ന് താൻ ക്രൂശിക്കപ്പെടുന്നു. ഞായറാഴ്ച ഉയർത്തെഴുനേൽക്കുന്നു.
യേശുക്രിസ്തു ഈ മൂന്നു വർഷക്കാലവും യിസ്രായേൽ ജനത്തോട് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്ത വിഷയം താൻ കൊണ്ടു വരാൻ പോകുന്ന ദൈവരാജ്യത്തെ കുറിച്ചായിരുന്നു. താനാണ് വരാനിരിക്കുന്ന മശിഹ, താനാണ് ദൈവപുത്രൻ, താനാണ് വരാനിരിക്കുന്ന ലോകരക്ഷകൻ. അതുകൊണ്ട് മാനസാന്തരപ്പെട്ട് തന്നിൽ വിശ്വസിക്കുക. ഇപ്പോൾ 3 വർഷം കഴിഞ്ഞിരിക്കുന്നു. എന്നാൽ ഈ ജനം യേശുവിനെ തള്ളിക്കളഞ്ഞിരിക്കുന്നു. യിസ്രായേൽ മൂപ്പന്മാരും പരീശന്മാരും അടങ്ങുന്ന മത തേതൃത്വം അവനെ തിരസ്ക്കരിച്ചു എന്നു മാത്രമല്ല, തന്നോട് കഠിനമായ ശത്രുതയിലുമായിത്തീർന്നു. അവർ വെള്ളിയാഴ്ച അവനെ ക്രൂശിക്കുവാനായി റോമാക്കാർക്ക് കൈമാറും.
അതിന്റെ തൊട്ടു തലേ ശനിയാഴ്ചയാണ്, താൻ പെസഹാ പെരുനാൾ ആചരിക്കുവാൻ യെരുശലേമിൽ എത്തിയത്. താൻ അന്നു വൈകുന്നേരം ബെഥനിയിൽ, മാർത്തയുടേയും മറിയയുടേയും ലാസറിന്റേയും ഭവനത്തിൽ തങ്ങി. ഞായറാഴ്ച, പെസഹാ പെരുന്നാളിനു വന്ന വലിയ പുരുഷാരത്തോട് താൻ സംസാരിച്ചു. തിങ്കളാഴ്ച കഴുതക്കുട്ടിയുടെ പുറത്ത്, കിഴക്കെ ഗേറ്റിലൂടെ, യേരുശലേം നഗരത്തിലേക്ക് പ്രവേശിച്ചു. ജനങ്ങൾ തന്നെ ഹോശന്ന പാടി എതിരേറ്റു. എന്നാൽ അവർ, തങ്ങളെ റോമാ ഗവണ്മെന്റിന്റെ അധീനതയിൽനിന്നു വിടുവിക്കുന്ന രാഷ്ട്രീയ മശിഹയായിട്ടാണ് യേശുവിനെ കണ്ടത്. റോമാ ഗവണ്മെന്റിന്റെ അധികാരത്തെ, അവരുടെ അടിച്ചമർത്തലിനെ നീക്കി, അവൻ അവർക്കു സ്വാതന്ത്ര്യം വരുത്തുമെന്ന് അവർ വിചാരിച്ചു. അന്നു രാത്രി അവൻ വീണ്ടും ബെഥനിയിലേക്ക്, ലാസറിന്റെ ഭവനത്തിലേക്ക് മടങ്ങി. വീണ്ടും ചൊവ്വാഴ്ച ദേവാലയത്തിലെത്തി. എന്നാൽ അവർ പ്രതീക്ഷിച്ചതിനു വിരുദ്ധമായി, അവൻ റോമാ ഗവണ്മെന്റിനു നേരേയല്ല തിരിഞ്ഞത്, മറിച്ച്, യിസ്രായേലിന്റെ മതപരമായ പ്രസ്ഥാനത്തിനുനേരെയാണ്. അവൻ അന്നു ദേവാലയം ശുദ്ധീകരിച്ചു. അവിടെയുണ്ടായിരുന്ന കച്ചവടക്കാരേയും, പണം ക്രയവിക്രയം ചെയ്യുന്നവരേയും ചാട്ടവാറുകൊണ്ട് അടിച്ചു പുറത്താക്കി. അവരുടെ മേശകളെ മറിച്ചിട്ടു. കാരണം സകലജാതികൾക്കും ആരാധനാലയം ആയിരിക്കേണ്ട ആ വിശുദ്ധസ്ഥലം അവർ കള്ളന്മാരുടെ ഗുഹയാക്കി മാറ്റിക്കളഞ്ഞതിൽ മനഃനൊന്താണ് താനങ്ങനെ ചെയ്തത്.
വീണ്ടും ബുധനാഴ്ച താൻ ശുദ്ധീകരിച്ച ദേവാലയത്തിലെത്തി, അവരെ പഠിപ്പിക്കുവാൻ ഇരിക്കുകയാണ്. ദൈവരാജ്യത്തെക്കുറിച്ച്, അവിടെ കൂടിയിരിക്കുന്ന ജനത്തോട് ഉപമകളാൽ പ്രസ്താവിപ്പാൻ തുടങ്ങി. അപ്പോഴേക്കും യേശുക്രിസ്തു എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. താൻ മതനേതാക്കന്മാർ പഠിപ്പിക്കുന്ന ബാഹ്യമായ നീതിയെക്കുറിച്ചല്ല, മറിച്ച് ആന്തരീകമായ നീതിയെക്കുറിച്ചാണ് അവരെ പഠിപ്പിച്ചത്. അവർ മാനസാന്തരപ്പെട്ട ജീവിതത്തിനു ഉടമകൾ ആയിത്തീരണം. അതായത്, വൃക്ഷം നന്നായി നല്ലഫലം പുറപ്പെടുവിക്കുന്നവരായി തീരണം. പല ചീത്ത ആളുകൾക്കും ചില നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും. അതല്ല താൻ അർത്ഥമാക്കിയത്. ഇത് മതനേതാക്കന്മാർ പഠിപ്പിച്ചിരുന്ന ബാഹ്യനീതിക്കു വിരുദ്ധമായിരുന്നു. ബാഹ്യമായ സ്വയ-നീതിയിൽ ആശ്രയിച്ചിരുന്ന അവർക്ക് ശരിയായ രക്ഷയെക്കുറിച്ച് പരിജ്ഞാനമില്ലായിരുന്നു. അതുകൊണ്ട് മതപരമായ അവരുടെ സംവിധാനത്തിനു യേശു ഒരു ഭീഷണിയായി അവർക്കു തോന്നി.
താൻ മതനേതൃത്വത്തോട് ഇതിനുമുൻപും ഏറ്റുമുട്ടിയിരുന്നു. 21-ാo അദ്ധ്യായത്തിന്റെ 23-ാo വാക്യത്തിൽ അവർ യേശുക്രിസ്തുവിനെതിരെ തിരിയുന്നതു നമുക്കു കാണാം: “ അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൾ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.” അതായത്, നിനക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ ആരാണ് അധികാരം നൽകിയത്? നിനക്ക് റബ്ബിമാരുടെ തൊഴിൽ ചെയ്യാനുള്ള അധികാരപത്രമുണ്ടോ? ഈ സ്ഥലത്തെ കച്ചവടക്കാരെയും, പണമിടപാടുകാരേയും നീക്കം ചെയ്യാൻ ആരാണ് നിനക്ക് അധികാരം തന്നത്. പാരമ്പര്യപ്രകാരം പഠിപ്പിച്ചു വരുന്ന ഉപദേശത്തിനേതിരെ പഠിപ്പിക്കുവാൻ ആർ നിനക്ക് അധികാരം തന്നതു ആർ? റബ്ബിമാർക്ക് പഠിപ്പിക്കുവാൻ അധികാരം ഉള്ള തുപോലെ നിനക്ക് പഠിപ്പിക്കുവാൻ എന്താണ് അധികാരം? നിന്റെ ക്രഡൻഷ്യൽ/ സാക്ഷ്യപത്രം ഞങ്ങൾക്കു മുൻപാകെ കാണിക്കുക.
അവർ കൈപ്പ് നിറഞ്ഞവരായി. അവർ ശത്രുക്കളായിത്തീർന്നു. അവർ കോപാക്രാന്തരായി മാറി. അവനെ ഒടുക്കിക്കളയുവാൻ അവർ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. അപ്പോൾ അവർക്കുള്ള മറുപടി എന്നവണ്ണം മൂന്നു ഉപമകൾ യേശു അവരോട് പറയുന്നു. അതിൽ മൂന്നാമത്തെ ഉപമയാണ് നാം വായിച്ചത്. അതിൽ ഒന്നാമത്തെ ഉപമ 21:28-32 വരെ വാക്യങ്ങളിലാണ്. അത് ഒരു മനുഷ്യൻ തന്റെ രണ്ടു പുത്രന്മാരോടു മുന്തിരിതോട്ടത്തിലേക്ക് പോകുവാൻ പറഞ്ഞു, ഒന്നാമത്തവൻ പോകാൻ മനസ്സില്ല എന്ന് ആദ്യം പറഞ്ഞു. പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി. രണ്ടാമത്തവൻ പോകാമെന്ന് പറഞ്ഞങ്കിലും അവൻ പോയില്ല. ഇവരില്‍ ആരാണ് അപ്പന്റെ ഇഷ്ടം നിവൃത്തിച്ചത്?
രണ്ടാമത്തെ ഉപമ 21:33-46 വരെ വാക്യങ്ങളിലെ മുന്തിരിത്തോട്ടത്തിന്റേയും കുടിയാന്മാരുടേയും ഉപമയാണ്. “മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായൊരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. അതിന്നു വേലികെട്ടി. അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിനു ഏല്പിച്ചിട്ടു പരദേശത്തുപോയി. ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൾ അയച്ചു. കുടിയന്മാരൊ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെതന്നെ ചെയ്തു. ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞുൽ മകനെ അവരുടെ അടുക്കൽ അയച്ചു. മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു. അവനെ പിടിച്ചു തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നു കളഞ്ഞു. ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോടു എന്തു ചെയ്യും” അവൻ ആ വല്ലാത്തവരെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്നു അവർ അവനോടു പറഞ്ഞു.” യിസ്രായേലിനു മാത്രമായി അവകാശമായിരുന്ന ദൈവരാജ്യം ജാതികള്‍ക്കും അവകാശമായി തിരുവാന്‍ പോകുന്നു എന്ന കാര്യമാണ് ഇത് അർത്ഥമാമാക്കുന്നത്.
പിന്നെയാണ് യേശു ഈ മൂന്നാമത്തെ ഉപമ പറയുന്നത്. ഇവ മൂന്നും ഒരുപോലെയുള്ളതാണ്, മൂന്നിന്റേയും സന്ദേശം ഒന്നുതന്നെ, ന്യായവിധിയാണ് സന്ദേശം.
ഈ ഉപമകളെല്ലാം തന്നെ നൽകുന്ന ആശയം ഇതാണ്. പഴയനിയമപ്രവാചകന്മാർ എല്ലാം തന്നെ എന്നെക്കുറിച്ചാണ് പറഞ്ഞത്. എന്റെ വാക്കുകൾ മാത്രമല്ല, പ്രവൃത്തികളും ഞാൻ ദൈവപുത്രനാണ്, മശിഹയാണ്, രക്ഷകനാണ് എന്നതിനു സാക്ഷ്യം വഹിക്കുന്നു. എന്നാൽ നിങ്ങൾ എന്നെ തള്ളിക്കളയുന്നു. മുന്നു വർഷമായി നിങ്ങൾ തുടർമാനമായി എന്നെ ത്യജിച്ചിരിക്കുന്നു. ഇപ്പോൾ ദൈവം നിങ്ങളെ തള്ളിക്കളയും. അതായിരുന്നു തന്റെ ഉപമകളുടെയെല്ലാം സാരാംശം. അതുകൊണ്ട് ന്യായവിധിയാണ് അതിലെ പ്രമേയം. ഈ ഉപമയുടേയും ക്ലൈമാക്സ് എന്നു പറയുന്നതും ന്യായവിധിയാണ്.
1. മഹാരാജാവിന്റെ ക്ഷണം നിരസിക്കൽ (Rejection of the King's invitation)
ഈ ഉപമയെ നാലു സീനുകളായി തിരിച്ച് ഞാൻ വിശദീകരിക്കാം. ഒന്നാമത്തെ സീൻ എന്നു പറയുന്നത്, യേശു തന്നിലേക്കു അവരെ ക്ഷണിക്കുന്നത് അവർ നിരസിക്കുന്നു. (1-3) “യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: സ്വർഗ്ഗരാജ്യം തന്റെ പുത്രന്നുവേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സാദൃശ്യം. അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു. അവർക്കോ വരുവാൻ മനസ്സിലായില്ല.” താൻ കഥാ രൂപത്തിൽ അവരോട് ഒരു ആത്മീയ സത്യം പറയുകയാണ്. ദൈവരാജ്യം എന്ന വിഷയമാണ് താൻ ഉപമയിലൂടെ അവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്. അവർ മറ്റുപലതും കേൾക്കുവാൻ ആഗ്രഹിച്ചിരുന്ന നേരത്താണ് താൻ ദൈവരാജ്യത്തെ കുറിച്ച് അവരോട് പറയുന്നത്. എന്നാൽ കർത്താവിനു പറയാനുള്ളതു എപ്പോഴും ഈ ദൈവരാജ്യത്തെ ക്കുറിച്ചുള്ള സുവിശേഷമായിരുന്നു. അവർക്ക് ആവശ്യമായിരുന്നത് റോമാ ഗവന്മേന്റിൽ നിന്നുള്ള വിടുതലായിരുന്നു എങ്കിൽ തനിക്കു പറയുവാനുണ്ടായിരുന്നത് സ്വർഗ്ഗരാജ്യത്തെക്കുറിച്ചായിരുന്നു.
a). ദൈവരാജ്യം
Kingdom of heaven അഥവാ ദൈവരാജ്യം എന്നു പറയുന്നത് ദൈവത്തിന്റെ വാഴ്ചയുടെ തലത്തെയാണ് കുറിക്കുന്നത്. A sphere of God’s rule. ദൈവത്തിന്റെ വാഴ്ച നടക്കുന്ന ഒരു തലം. ദൈവത്തിനു പരമാധികാരുള്ള സ്ഥലം. ദൈവം രാജാവായിരിക്കുന്ന തലം. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ വീണ്ടെടുപ്പിന്റെ ആതിപത്യമുള്ള ഇടം. ദൈവത്തിന്റെ കൃപാപൂർവ്വമായ രക്ഷയുടെ സ്ഥലം. ആകയാൽ, സ്വർഗ്ഗരാജ്യമെന്നാൽ, ദൈവത്തിന്റെ ജനം ജീവിക്കുന്നതും ദൈവം വാഴുന്നതുമായ തലം. ഇതൊരു ആത്മീയ രാജ്യമാണ്. ഇത് വീണ്ടെടുക്കപ്പെട്ടവരുടെ സമൂഹം വസിക്കുന്ന ഇടമാണ്. അവിടെ രക്ഷിക്കപ്പെട്ട ജനം ദൈവത്താൽ നയിക്കപ്പെടുകയും, നിയന്ത്രിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്ന ഇടമാണ്. ദൈവരാജ്യമെന്ന് കേൾക്കുമ്പോൾ ഈയൊരു ചിന്തയാണ് നമ്മുടെ മനസ്സിലേക്ക് വരേണ്ടത്.
യേശു ദൈവരാജ്യത്തെ ഉപമിച്ചത് തന്റെ പുത്രനുവേണ്ടി ഒരു രാജാവു കഴിച്ച കല്യാണസദ്യയോടാണ്. കല്യാണസദ്യ, വിവാഹത്തിന്റെ ഒഴിവാക്കാൻ കഴിയാത്ത ഘടകമാണ്. അന്നത്തെ കാലഘട്ടത്തിൽ അത് ഒരാഴ്ച നീളുന്ന ആഘോഷമാണ്. വിവാഹത്തിനായി ക്ഷണിക്കപ്പെട്ടവർ വീടുകളിലേക്ക് വരുന്നു. പിന്നെ അവരുടെ ഒരാഴ്ചത്തെ ഭക്ഷണവും മറ്റുകാര്യങ്ങളും ക്രമികരിക്കുന്നത് ആഥിധേയന്റെ ചുമതലയാണ്. എന്നാൽ ഈ കല്യാണം വല്ല രാജാവിന്റേതുമാണെങ്കിൽ അത് വളരെ വിശേഷപ്പെട്ടതും മഹത്വകരവുമായ ആഘോഷമായിരിക്കും. അവസ്സാനം വധുവിന്റെ കൈപിടിച്ച് വരനെ ഏൽപ്പിക്കും. അവരങ്ങനെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കും.
കർത്താവ് ഈ ഉപമയിലൂടെ അർത്ഥമാക്കുന്നത്, ജനങ്ങൾക്ക് സങ്കൽപ്പിക്കുവാൻ കഴിയുന്ന ഏറ്റവും വലിയ ആഘോഷം. എന്നാൽ ഇവിടെ വധുവിനെ കുറിച്ചൊ, യഥാർത്ഥ വിവാഹത്തെക്കുറിച്ചൊ ഒന്നും പറയുന്നില്ല. ആകയാൽ, അവർ ഗ്രഹിക്കുവാൻ ഉദ്ദേശിക്കുന്ന കാര്യം അവരുടെ സംസ്ക്കാരത്തിലെ ഏറ്റവും ഉന്നതമായ, ഏറ്റവും ഗംഭീരമായ ഒരു ആഘോഷം എന്ന കാര്യമാണ്. അതിലുടെ കർത്താവ് അർത്ഥമാക്കുന്നതെന്തെന്നാൽ, സ്വർഗ്ഗരാജ്യം എന്നു പറയുന്നത് ആഘോഷങ്ങളുടെ പരമമായ അവസ്ഥ എന്നതാണ്. ഒരു ജീവിതത്തിൽ ലഭിക്കുവാൻ കഴിയുന്ന ഏറ്റവും മെച്ചമായ അവസ്ഥ.
b) ക്ഷണിതാക്കളുടെ നിസംഗത
അങ്ങനെയുള്ള വിവാഹവിരുന്നിലേക്കാണ് രാജാവ് തന്റെ ജനത്തെ ദാസന്മാരെ അയച്ച് ക്ഷണിച്ചത്. ക്ഷണിക്കേണ്ടവർ ആരൊക്കെ ആയിരിക്കണമെന്ന് രാജാവ് നേരത്തെ നിശ്ചയിച്ചിരുന്നതും അവരെ അക്കാര്യം അറിയിച്ചിരുന്നതുമാണ്. ഇപ്പോൾ വിവാഹവിരുന്നിന്റെ സമയം ആയിരിക്കുന്നു. ക്ഷണിക്കപ്പെട്ടവരെ ആ കാര്യം ഓർമ്മിപ്പിക്കുക എന്ന ദൗത്യമാണ് വാസ്തവത്തിൽ ദാസന്മാർ ചെയ്യുന്നത്. വലിയ ഒരു ഏർപ്പാടായതിനാൽ അതിനു വളരെ അദ്ധാനവും ഒരുക്കവുമൊക്കെ ആധിധേയന്റെ ഭാഗത്തു നിന്നാവശ്യമാണ്. താനിപ്പോൾ ആ ഒരുക്കങ്ങളല്ലാംപൂർത്തിയാക്കി, നിശ്ചയിക്കപ്പെട്ടവരെ വിവാഹവിരുന്നിലേക്ക് വരുവാൻ സമയമായിരിക്കുന്നു എന്നു അറിയിക്കുന്നു. ഈ ക്ഷണിതാക്കൾ നേരത്തെ രാജാവിന്റെ ക്ഷണം സ്വീകരിച്ചവരും വരാമെന്ന് ഏറ്റിരുന്നവരുമാണ്. പക്ഷെ സമയായപ്പോഴുള്ള അവരുടെ പ്രതികരണം നിരാശാജനകമായിരുന്നു. മൂന്നാം വാക്യത്തിൽ നാം കാണുന്നത് “അവർക്കൊ വരുവാൻ മനസ്സായില്ല.” അവരുടെ പ്രതികരണം തികച്ചും അപ്രതീക്ഷിത പ്രതികരണമെന്നല്ലേ പറയാൻ കഴിയു! ഒന്നോ രണ്ടോ ആഴ്ചകൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടി. ക്ഷണിക്കുന്ന വ്യക്തി രാജ്യത്തെ ഏറ്റവും ഉന്നതനും സമ്പന്നനുമായ വ്യക്തി. രാജ്യത്തെ വിശിഷ്ടവസ്തുക്കളെ അണിനിരത്തിയുള്ള സദ്യ. ആർക്കും അതിൽ സംബന്ധിക്കുവാനുള്ള ആവേശമാണ് നാം പ്രതീക്ഷിക്കുന്നത്. ക്ഷണിതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ബഹുമാനമാണ് ആ ക്ഷണം. എന്നാൽ പ്രതീക്ഷക്കു വിരുദ്ധമായി, ക്ഷണിതാക്കൾ വിരുന്നിനു വരുവാൻ തയ്യാറായില്ല. രാജാവു നൽകുന്ന ബഹുമാനം സ്വീകരിക്കുവാൻ മനസ്സില്ലാതിരിക്കുക എന്നതു രാജ്യദ്രോഹമാണ്. രാജാവിനോടുള്ള യുദ്ധപ്രഖ്യാഖ്യാപനമാണ്. ആ രാജാവിനെ അപമാനിക്കുന്നതന്നു തുല്യമാണ്. രാജാവിനു അപമാനം വരുത്തിയാലുണ്ടാകുന്ന പരിണതഫലം ഒന്നു ചിന്തിച്ചു നോക്കുക. പിന്നെ കഴുത്തിൽ തല കാണാതിരിക്കാൻ അതിൽ കൂടുതൽ ഒന്നും ചെയ്യേണ്ട കാര്യമില്ല. എന്നാൽ രാജാവ് ഇവിടെ എന്താണ് ചെയ്തത് എന്നു നോക്കുക.
c) രാജാവ് തന്റെ കരുണയിൽ ക്ഷണം ആവർത്തിക്കുന്നു (The king repeats the invitation at his mercy)
അതു നമ്മുടെ രണ്ടാമത്തെ സീനിലേക്കു നമ്മേ നയിക്കുന്നു. 22:4 “പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച് മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു. കല്യാണത്തിന്നു വരുവിൻ എന്ന് ക്ഷണിച്ച വരോടു പറയിച്ചു.” താൻ രണ്ടാമതും തന്റെ ദാസന്മാരെ അവരുടെ അടുക്കലേക്കുതന്നെ അയക്കുകയാണ്. മാത്രവുമല്ല സദ്യയുടെ വിഭവങ്ങളെ സംബന്ധിച്ച ഒരു ലഘുവിവരണവും താൻ നൽകുന്നു. ഒരിക്കൽ ക്ഷണം തിരസ്കരിച്ച ആളുകളെ ഒരു രാജാവ് രണ്ടാമത് ക്ഷണിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എന്നാൽ രാജാവ് അതാണ് ചെയ്തത്. താൻ വീണ്ടും ദാസന്മാരെ അയച്ച് അവരെ ഒരിക്കൽ കൂടി ക്ഷണിക്കുന്നു. രാജാവ് എത്ര നല്ലവനെന്ന് തന്റെ പെരുമാറ്റം കാണിക്കുന്നു. താൻ അവരോട് ദയകാണിക്കുന്നു. ദീർഘക്ഷമയോടെ വീണ്ടും തന്റെ ദാസന്മാരെ അവരുടെ അടുക്കലേക്ക് തന്നെ അയക്കുന്നു.
എന്നാൽ ക്ഷണിതാക്കൾ അതിനെയും നിസ്സാരമായി കാണുകയാണ് ചെയ്തത്. അവർ അതിനെ കൂട്ടാക്കിയില്ല. (വാക്യം 5). അവർ നിസ്സംഗതയോടെ പ്രതികരിക്കുകയാണ് ചെയ്തത്. അവർ തങ്ങളുടെ വഴിക്കു തിരിഞ്ഞു എന്നാണ് നാം വായിക്കുന്നത്.
പ്രായോഗികത, ദൈവത്തിന്റെ വചനം കേൾക്കാനൊ, ബൈബിൾ ക്ലാസ് അറ്റൻഡ് ചെയ്യാനൊ ഒക്കെ അവസരം വരുമ്പോൾ നാം എന്താണ് ചെയ്യുന്നത്? ഭക്ഷണം ഒക്കെ ഉണ്ടാക്കി, ക്ഷണിച്ച അധിഥികളെ കാത്തിരിക്കും. പക്ഷെ പലരും വരാറില്ല. നമുക്ക് അപ്പോൾ പല ആവശ്യങ്ങൾ ഉണ്ടാകും. നാം ആ വഴിക്കു പോകും.
“ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു;” എത്ര ഭോഷത്വകരമായ, അപമാനകരമായ പ്രവർത്തിയാണ് അവർ ചെയ്തത് എന്നു നോക്കുക. അവരുടെ നിസ്സംഗത അത്ര വലുതായിരുന്നു. അവർ തങ്ങളുടെ സ്വാർത്ഥപരമായ, ഈ ലോക സംബന്ധിയായ, കാര്യങ്ങളിലേക്ക് അവർ തിരിയുകയാണ് അവർ ചെയ്തത്. സന്തോഷത്തിന്റേതായ, ആനന്ദത്തിന്റേതായ, ബഹുമാനത്തിന്റേതായ, മഹത്വത്തിന്റേതായ, തേജസ്സിന്റേതായ അവസ്ഥയെ വെടിഞ്ഞ്, രാജാവ് നൽകുന്ന ബഹുമാനത്തെ അവഗണിച്ചുകൊണ്ട്, രാജാവിനെ അപമാനിച്ചു കൊണ്ട് അവർ തങ്ങളുടേതായ വഴിക്കു തിരിയുന്നു.
c). ക്ഷണിതാക്കൾ അതിനേയും അവഗണിച്ചു എന്നു മാത്രമല്ല രാജാവിന്റെ ദാസന്മാരെ ഉപദ്രവിക്കയും ചിലരെ കൊല്ലുകയും ചെയ്യുന്നു.
അതു തികെച്ചും മോശമായ സംഗതിയാണെങ്കിൽ, പിന്നെ എന്താണ് സംഭവിച്ചത് എന്നു നോക്കുക; 22:6 “ശേഷമുള്ളവർ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു;” ആദ്യം നാം നിസ്സംഗതയാണ് കണ്ടതെങ്കിൽ അതിനോട് ക്രൂരത കൂട്ടിച്ചേർത്തിരിക്കുന്നു. രാജാവിനെതിരെ ആളുകൾ തിരിഞ്ഞിരിക്കുന്നു, മത്സരിച്ചിരിക്കുന്നു, ക്രൂദ്ധിച്ചിരിക്കുന്നു.
ഇത് എന്താണ് അർത്ഥമാക്കുന്നത്? കഥ വളരെ വ്യക്തമാണ്. സ്വർഗ്ഗരാജ്യം ദൈവത്തിന്റെ വാഴ്ചയെകാണിക്കുന്ന തലമാണ് എന്നു നാം കണ്ടു. രക്ഷയാൽ ആ വാഴ്ചയിലേക്ക് പ്രവേശിക്കുന്നു. അതു വീണ്ടെടുക്കപ്പെട്ടവരുടെ സമൂഹമാണ്. അത് ദൈവാനുഗ്രഹത്തിന്റെ സ്ഥലമാണ്. കൃപയാലാണ് രക്ഷ. ഇവിടെ രാജാവ് എന്നു പറയുന്നത് ദൈവമാണ്. രാജാവിന്റെ പുത്രനെന്ന് പറയുന്നത് യേശുക്രിസ്തുവാണ്.
ഈ വലിയ വിവാഹവിരുന്ന് എന്നത് യെഹൂദന്റെ വലിയ പ്രതീക്ഷയാണ്. മശിഹ വരുമ്പോൾ ദൈവം അവർക്കായി ഒരു വലിയ വിരുന്നൊരുക്കും, അവരെല്ലാവരും അവനോടുകൂടെ മേശയിൽ ഇരിക്കും. യെഹൂദ ചിന്തയിൽ തന്നെയുള്ള കാര്യത്തിൽ നിന്നാണ് യേശു സംസാരിക്കുന്നത്. ഇപ്പോൾ ദൈവം തന്റെ രാജ്യത്തിലേക്കും ബഹുമാനത്തിലേക്കും അവരെ ക്ഷണിച്ചിരിക്കുന്നു. 3 വാക്യത്തിലും 4 വാക്യത്തിലും ക്ഷണിക്കപ്പെട്ടവർ ആരാണെന്ന് പറയുന്നുണ്ട്. അവർ മുന്നമെ തന്നെ ക്ഷണിക്കപ്പെട്ട അബ്രാഹമിന്റെ സന്തതികളാണ്. ഉല്പത്തി 12 അബ്രാഹത്തിന്റെ സന്തതി അനുഗ്രഹിക്കപ്പെടുമെന്ന് നാം വായിക്കുന്നു. അവർ ആകാശത്തിലെ നക്ഷത്രങ്ങളെ പോലേയും കടൽക്കരയിലെ മണൽത്തരി പോലെയും ആകുമെന്ന് താൻ പറയുന്നു. അവരെ രാജ്യമായി ദൈവം തെരഞ്ഞെടുത്തവരാണ്. അവർ വിളിക്കപ്പെട്ടവരാണ്. അവരെക്കുറിച്ചാണ് ഹോശേയ 11 ലും ആമോസ് 3 ലും ഹെസക്കിയേൽ 16 ലും പറഞ്ഞിരിക്കുന്നത്.. അവരാണ് ദൈവത്തിന്റെ ജനം. അവരിലുടെയാണ് ദൈവത്തിന്റെ വാഴ്ച ജാതികളിലേക്ക് വരേണ്ടത്. അവരാണ് ദൈവത്തിന്റെ രക്ഷാകര പ്രവൃത്തിയുടെ ചാനലായി വർത്തിക്കേണ്ടത്. ആകയാൽ അവർ മുന്നമെ വിളിക്കപ്പെട്ടവരാണ്. അവരെ ഇപ്പോൾ ആ ക്ഷണം ഓർപ്പിക്കുക മാത്രമാണ് ചെയ്തത്.
ഇവരെ വിളിക്കുവാൻ അയച്ച ദാസന്മാർ ആരാണ്? ഒന്നാമത് അയച്ചത് ഒരുപക്ഷെ പഴയനിയമ പ്രവാചകന്മാർ ആയിരിക്കാം രണ്ടാമതായി അയക്കപ്പെട്ടവർ യോഹന്നാൻ സ്നാപകൻ, യേശൂക്രിസ്തു, അപ്പോസ്തലന്മാർ, യേശുക്രിസ്തു ഈരണ്ട് പേരായി അയച്ച 70 ആളുകൾ ഇവരൊക്കെയാകാം. ദൈവരാജ്യം യെഹൂദന്മാർക്ക് വാഗ്ദത്തം നൽകിയതാണ്. ആ രാജാവ് ഇപ്പോൾ പറയുന്നു: “ഇതാ എന്റെ പുത്രൻ. ഇതാ എന്റെ രാജ്യം, വരുക വന്ന് എന്റെ പുത്രനെ ആദരിക്കുക.” എന്നാൽ ദൈവം അയച്ച തന്റെ ദാസന്മാരോട് അവർ എന്താണ് ചെയ്തത്? ചിലർ നിസ്സംഗത പുലർത്തി. ചിലർ അതിനോടു ക്രൂരത കൂട്ടി അവരിൽ ചിലരെ കൊന്നുകളഞ്ഞു. യോഹന്നാൻ സ്നാപകനെ അവർ കൊന്നു. അവർ യേശുക്രിസ്തുവിനെ കൊന്നു. അപ്പോസ്തലന്മാരിൽ യാക്കോബിനെ വാൾകൊണ്ട് കൊന്നു.
രാജാവിന്റെ ക്ഷണത്തോട് നിസ്സംഗത പുലർത്തിയവർ വയലിലേക്കും ബിസിനസ്സിലേക്കുമൊക്കെ തിരിഞ്ഞവർ ആണ്. ഇന്ന് അനേകരും ഈ നിലയിൽ സുവിശേഷത്തോട് നിസ്സംഗത പുലർത്തുന്നു. സുവിശേഷം പറയാൻ ചെന്നാൽ തങ്ങൾക്കിതിൽ തീരെ താല്പര്യമില്ല എന്ന ഭാവത്തോടെ സുവിശേഷത്തിനു നേരെ തലതിരിക്കുന്നു. അവരെ സെക്യുലർ/മതേതരത്വക്കാർ എന്നു വിശേഷിപ്പിക്കാം. അവർക്ക് ഭൗമികമായ കാര്യങ്ങളാണ് വലുത്. സ്വർഗ്ഗീയമായ കാര്യങ്ങളോട് അവർ നിസ്സംഗത പുലർത്തുന്നു.
എതിർക്കുന്നവർ തെറ്റായ മതവിശ്വാസം പുലർത്തുന്നവരാണ്. അവർ ലോകത്ത് എല്ലായിടത്തുമുണ്ട്. യിസ്രായേലിൽ ചെന്നാലും ഈ രണ്ടു വിഭാഗക്കാരേയും കാണാം. യേശുക്രിസ്തുവിനെ കുറിച്ചു സംസാരിച്ചാൽ തീരെ താത്പ്പര്യം കാണിക്കാത്തവർ. അതല്ലെങ്കിൽ യേശുക്രിസ്തുവിനെ ശക്തമായി എതിർക്കുന്ന മതഭക്തരായ യെഹൂദർ.
വെളിപ്പാട് 17 ൽ ഈ മതങ്ങളെല്ലാം ഒന്നിച്ചുചേർന്ന് ക്രിസ്ത്യാനിറ്റിയെ എതിർക്കും. രക്തസാക്ഷികളുടെ രക്തം കുടിക്കുന്നവരും സത്യത്തോട് എതിർത്തു നിൽക്കുന്നവരും ഇവർ ആയിരിക്കും.
യേശു ഈ ഉപമകളൊക്കേയും അവരോട് പറഞ്ഞപ്പോൾ അവർക്കതു മനസ്സിലായൊ? മനസ്സിലായി എന്നാണ് 21:45 കാണിക്കുന്നത്; “അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയുന്നു എന്നു അറിഞ്ഞു,…” അവർക്കതു മനസ്സിലായി, അവർക്കതിൽ നിന്നും ഒഴിഞ്ഞുമാറുവാൻ കഴിയുകയില്ല.
d). രാജാവിന്റെ കോപം ജ്വലിക്കൽ (The king's anger blazed)
7-ാo വാക്യത്തിൽ രാജാവിന്റെ ക്ഷണത്തെ നിരസിച്ചവരെ കൊല്ലുകയും അവരുടെ പട്ടണം തീയിട്ടു ചുട്ടുകളയുന്നതുമാണ് നാം കാണുന്നത്. “രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കൊലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.” രാജാവ് വളരെ ദയാലുവായിരുന്നു. അതുകൊണ്ടാണ് രണ്ടാമതും താന്റെ ദാസന്മാരെ നിരസിച്ചവരുടെ അടുക്കലേക്ക് വീണ്ടും അയച്ചത്. ഈ അയക്കപ്പെട്ട ദാസന്മാർ പഴയനിയമ പ്രവാചകരൊ, പുതിയ നിയമപ്രവാചകരൊ ആരുതന്നെ ആയിക്കൊള്ളട്ടെ, അവർ ആരായിരുന്നു എന്നതിനല്ല ഇവിടെ ഊന്നൽ, മറിച്ച്, ദൈവത്തിന്റെ കരുണ, പാപക്ഷമ, മഹാമനസ്കത, കൃപ എന്നിവയെയാണ് അത് കാണിക്കുന്നത്. ദൈവം എത്ര കരുണയോടെ അവരോട് ഇടപെട്ടു. താൻ വീണ്ടും വീണ്ടും വിളിച്ചു, യോഹന്നാൻ സ്നാപകനിലൂടെ, യേശുവിലൂടെ, തന്റെ ശിഷ്യന്മാരിലൂടെ ഒക്കെ അവരെ വിളിച്ചു. ഒന്നിനു പുറകെ ഒന്നായി ദിനം തോറും, മാസങ്ങൾ, വർഷങ്ങൾ, അങ്ങനെ തന്റെ മിനിസ്ട്രിയിലുടനീളം താൻ അവരെ വിളിച്ചു. എന്നാൽ അവർക്കതു സ്വീകരിപ്പാൻ മനസ്സായില്ല. ഇന്നും പലരും യേശുവിന്റെ വിളിക്കു ചെവികൊടുക്കുന്നില്ല.
എന്തിനും ഒരു അതിരുണ്ടല്ലൊ. ദൈവത്തിന്റെ ക്ഷമക്ക് അതിരുണ്ടായിരുന്നു. അവർ തന്റെ ദാസന്മാരെ കൊന്നപ്പോൾ തനിക്ക് അവരോട് കോപം തോന്നി. താൻ അവരെ കൊന്നുമുടിച്ചു, പട്ടണത്തിനു തീയിട്ടു ചുട്ടുകളഞ്ഞു. തന്റെ കോപം നീതികരിക്കപ്പെട്ടതായിരുന്നു, കാരണം അനീതിയാണ് സത്യത്തെ കൊന്നത്.
ചരിത്രപരമായും ഇതു യാഥാർത്ഥ്യമായിരുന്നു എന്നു കാണുവാൻ കഴിയും. 70 എ ഡി യിൽ ഇതു സംബന്ധിച്ചു. Roman General ആയിരുന്ന Titus Vespeasian യെരൂശലേമിലെത്തുകയും പട്ടണം പിടിച്ചടക്കുകയും 10 ലക്ഷം പെരെ കൊന്നുമുടിക്കയും യെരുശലെം ദേവാലയം ചുട്ടെരിക്കയും ചെയ്തു. അവരുടെ ശരീരങ്ങൾ പട്ടണത്തിനു വെളിയിലേക്ക് വലിച്ചെറിയപ്പെട്ടു. ചരിത്രകാരനായിരുന്ന ജോസിഫസ് ഇതിനൊരു ദൃക്സാക്ഷിയും താൻ ഇതു രേഖപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ്. പട്ടണം ചുട്ടെരിച്ചപ്പോൾ, പ്രായമുള്ളവനെന്നൊ, ചെറുപ്പക്കാരെനെന്നൊ നോക്കിയില്ല. ഏതു സ്ഥാനത്തുള്ളവനെന്നൊ, പദവിയിലുള്ളവ നെന്നൊ നോക്കിയില്ല. സാധാരണക്കാരനും പുരോഹിതനുമൊക്കെ കൊലചെയ്യപ്പെട്ടു. അന്നു നശിപ്പിക്കാതെ അവശേഷിച്ചത്, പടിഞ്ഞാറെ ഭാഗത്തുള്ള ഒരു മതിലിന്റെ ഒരു ഭാഗം മാത്രമാണ്. അതിന്നും അവിടെ ചെന്നാൽ നമുക്കും കാണാം. വിലാപമതിൽ എന്ന പേരിൽ അത് അറിയപ്പെടുന്നു. ബാക്കി സകലവും തകർന്നു തരിപ്പണമായി. യാതൊരു ദയാദാക്ഷീണ്യവും ജനത്തോട് കാണിക്കുകയുണ്ടായില്ല. യേശു പറഞ്ഞതു പോലെ രാജാവ് പട്ടണത്തെ കൊന്നു മുടിച്ചു. ഒരു പ്രവചന നിവൃത്തിപോലെ എ ഡി 70 ൽ അതു യാഥാർത്ഥ്യമായിത്തീർന്നു. യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞവരും എതിർത്തവരും അങ്ങനെ ദൈവത്തിന്റെ ന്യായവിധിയിലൂടെ കടന്നു പോയി.
2. സുവിശേഷം ജാതികളിലേക്ക് (Gospel to the Gentiles).
ഇനി നമുക്ക് മൂന്നാമത്തെ സീനിലെക്ക് കടക്കാം. 8-ാo വാക്യത്തിൽ നാം എന്താണ് കാണുന്നത്? “പിന്നെ അവൻ ദാസന്മാരോടു: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. ആകയാൽ വഴിത്തലയ്ക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന് വിളിപ്പിൻ എന്നു പറഞ്ഞു.” ക്ഷണം നിരസിച്ചവരെ ശിക്ഷിച്ചുകൊണ്ട് പുതിയ അഥിതികളെ പകരം ക്ഷണിക്കുന്നു. ഇന്നവർ എന്നില്ല, വഴിത്തലക്കലും കവലകളിലും പോയി കണ്ടവരെ ഒക്കേയും വിരുന്നിനായി ക്ഷണിക്കുവാൻ രാജാവ് ദാസന്മാരെ അയക്കുന്നു.
അവരെ കൊന്നു അവരുടെ പട്ടണം മുടിച്ചുകളയാനുള്ള കാരണം “ക്ഷണിക്കപ്പെട്ടവരൊ യോഗ്യരായില്ല” എന്നതാണ്. അതിന്റെ അർത്ഥം ധാർമ്മികമായി നല്ല ആളുകൾ അല്ലാത്തത് ആയിരുന്നോ? അവർ നല്ല പ്രവർത്തികൾ ഒന്നും ചെയ്യാത്തവരായിരുന്നതു കൊണ്ടാണോ? എന്തായിരുന്നു അവരെ കൊന്നുമുടിക്കുവാനുള്ള കാരണം. അവരുടെ ധാർമ്മിക നന്മയൊ, അവരിലെ നന്മ പ്രവത്തിയുടെ കുറവൊ ഒന്നുമായിരുന്നില്ല, മറിച്ച്, അവർ രാജാവിന്റെ “ക്ഷണം സ്വീകരിച്ചില്ല” എന്നുള്ളതാണ്. യോഗ്യത ധാർമ്മിക നന്മയെ ആശ്രയിച്ചല്ല ഇരിക്കുന്നത്. അവർ ക്ഷണം സ്വീകരിച്ചിരുന്നു എങ്കിൽ അവർ യോഗ്യരായി തീരുമായിരുന്നു. എന്നാൽ അവർ ക്ഷണം നിരസിച്ചതിനാലാണ് അയോഗ്യരായി തീർന്നത്. ഇതു വളരെ പ്രധാനപ്പെട്ട ഒരു പോയിന്റാണ്. ഇത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു പോയിന്റാണ്. അതിനുള്ള കാരണം 10-ാo വാക്യത്തിൽ നമുക്കു കാണാം. താൻ പിന്നേയും മറ്റൊരു ഗ്രൂപ്പ് ആളൂകളെ വിളിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ, എങ്ങനെയുള്ളവരെയാണ് വിളിച്ചുകൊണ്ടുവന്നത് ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വന്നു;” ദാസന്മാർ പോയി രാജാവിനു കൊള്ളാവുന്ന, നീതിമാന്മാരെന്നു തോന്നിയ ചില ആളുകളെ വിളിച്ചുകൊണ്ട് വരികയായിരുന്നില്ല, മറിച്ച്, കണ്ട ദുഷ്ടന്മാരേയും നല്ലവരേയും എല്ലാം കൂട്ടിക്കൊണ്ടു വന്നു. അതായത്, യോഗ്യത എന്നു പറയുന്നത് രാജാവിന്റെ ക്ഷണത്തോട് “yes” എന്നു പ്രതികരിച്ചവരാണ്. അതായത്, രാജാവിന്റെ വിളി സ്വീകരിക്കുക എന്നുള്ളതാണ് ഇവിടെ യോഗ്യത എന്നു പറയുന്നത്. അതിൽ നിന്നും നാം മനസ്സിലാക്കേണ്ട ഒരു വലിയ യാഥാർത്ഥ്യം എന്തെന്നാൽ, ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുന്നതും പുത്രനോടൊപ്പം വിരുന്നിനിരിക്കുന്നതും ആ വലിയ ആഘോഷത്തിൽ പങ്കുകാരാകുന്നതും, തങ്ങളുടെ ധാർമ്മിക വിശുദ്ധിയൊ, സ്വയ-നീതിയൊ ഒന്നുമല്ല, രാജാവിന്റെ ക്ഷണത്തോട് പോസിറ്റീവായി പ്രതികരിക്കുന്നതാണ്. അതാണ് യഥാർത്ഥ യോഗ്യത എന്നു പറയുന്നത്. വരാതിരുന്നവർ പുത്രനിലുടെയുള്ള രക്ഷ നിരസിച്ചവരാണ്, അവരാണ് വാസ്തവത്തിൽ അയോഗ്യർ എന്നു പറയുന്നത്. അവർ നിരസിച്ചതു കൊണ്ട് ദൈവം തന്റെ പരിപാടി അവസാനിപ്പിച്ചേക്കാം എന്നു വിചാരിച്ചില്ല.
മത്തായി 21:43 “അതു കൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽ നിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” യിസ്രായേൽ ദൈവത്തിന്റെ ക്ഷണത്തെ നിരസിച്ചതിനാൽ ദൈവം അവരെ തള്ളി ജാതികളിലേക്ക് തിരിഞ്ഞു. അതിന്റെ ഫലമാണ് ഇന്ന് വിശ്വാസികളൊക്കേയും ദൈവസന്നിധിയിൽ ആയിരിക്കുന്നത്. ദൈവത്തിന്റെ മഹാകാരുണ്യം കൊണ്ട് ആ ക്ഷണം സ്വീകരിക്കുവാൻ ദൈവം നമ്മുട ഹൃദയങ്ങളെ ഒരുക്കി. അതിൽ ഏറ്റവും നന്ദിയുള്ളവരായി ദൈവത്തിന്റെ വാഴ്ചക്ക് നമ്മേത്തന്നെ വിധേയപ്പെടുത്താം. ഫലം പുറപ്പെടുവിക്കുന്നവരായി ഇരിക്കാം.
ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും സുവിശേഷത്തിലുടെ ഈ ക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. നല്ലവരോടും ചീത്ത ആളുകളോടും വർണ്ണ-വർഗ്ഗ ഭേദമെന്യേ, പണക്കാർ-പാവപ്പെട്ടവർ എന്നി ഭേദവ്യത്യാസമില്ലാതെ, തൊഴിലിന്റേയൊ, നിറത്തിന്റേയൊ, ആരോഗ്യത്തിന്റേയൊ, അനാരോഗ്യത്തിന്റേയൊ വ്യത്യാസമില്ലാതെ ആ ക്ഷണം ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. എന്നാൽ ക്ഷണം സ്വീകരിക്കുന്നവർ ആരുതന്നെയായാലും അവർ രക്ഷിക്കപ്പെടും. 1 കൊരി 6 9-11 ൽ “ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷ കാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ, എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” കൊരിന്തിലെ വിശ്വാസികളിൽ പലരും ആ തരക്കാരായിരുന്നു. നമ്മിൽ പലരും ആ തരക്കാരായിരുന്നു. എന്നാൽ ഇന്ന് നാം യേശുക്രിസ്തുവിന്റെ നാമത്തിലും ദൈവത്തിന്റെ ആത്മാവിനാലും ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു. അതു നാം ഓർക്കണം. പഴയജിവിതത്തിനു നമ്മുടെ ജീവിതത്തിൽ ഇനി ഒരു സ്ഥാനമില്ല. അതു നമ്മേ രക്ഷിച്ച ദൈവത്തോടുള്ള നമ്മുടെ ബഹുമാനമാണ്, നന്ദിയാണ്, സ്നേഹമാണ്.
ദൈവം നല്ലവരേയും ദുഷ്ടന്മാരേയും വിളിക്കുന്നു. ധാർമ്മികനേയും അധാർമ്മികനേയും വിളിക്കുന്നു, ക്രിമിനലിനേയും ക്രിമിനൽ അല്ലാത്തവനേയും വിളിക്കുന്നു. നിരസിക്കുന്നവർ ശിക്ഷ അനുഭവിക്കും. ദൈവത്തിന്റെ ക്ഷമക്കൊരു പരിധിയുണ്ട്, അവന്റെ ദീർഘക്ഷമക്കൊരു അന്തമുണ്ട്. പുത്രനെ എതിർക്കുന്നവരെ ഒരു ന്യായവിധിക്കായി ദൈവം സൂക്ഷിക്കുന്നു. പുത്രനെ നിരസിക്കുന്നവരെ ദൈവം നിരസിക്കും.
3. കർത്താവിന്റെ നീതിവസ്ത്രത്തോടെ അകത്തു കടക്കുക (Enter in the righteousness of the Lord).
ഇനി നമുക്ക് അവസാന സീനിലെക്കു കടക്കാം. അവിടെ അകത്തുകടന്നവരിൽ ഒരുവനെ കൈയ്യും കാലും കെട്ടി, പുറത്ത് അന്ധകാരത്തിലേക്ക് തള്ളിക്കളയുന്നതായി നാം കാണുന്നു. 22:11 “വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തു വന്നപ്പോൾ കല്യാണ വസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ നീ കല്യാണ വസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. രാജാവ് ശുശ്രൂഷകാരോടു കയ്യും കാലുംകെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.”
രാജാവ് വിരുന്നുകാരെ വീക്ഷിക്കുവാനായി വരുന്നു. എന്നാൽ അവരുടെ ഇടയിൽ ഒരുത്തൻ വിവാഹവസ്ത്രം ഇല്ലാതെ ഇരിക്കുന്നത് രാജാവിന്റെ ശ്രദ്ധയിൽ പെട്ടു.
ഇവൻ വിവാഹവസ്ത്രം ധരിക്കാതിരുന്നതാണോ, അതൊ വിവാഹം വസ്ത്രം ലഭിക്കാതിരുന്നതാണോ എന്നൊന്നും ഇവിടെ വ്യക്തമായി പറയുന്നില്ല. അവൻ വിവാഹം വസ്ത്രം ധരിച്ചിരുന്നില്ല എന്നു മാത്രമെ ഇവിടെ പറയുന്നുള്ളു. രാജാവിന്റെ അടുക്കൽ ചെന്ന് “സ്നേഹിതാ നീ കല്യാണ വസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു.” എന്നാൽ അവനു യാതൊരു മറുപടിയും പറയുവാൻ ഉണ്ടായിരുന്നില്ല. തനിക്കൊരു ഒഴികഴിവും പറയാനുണ്ടായിരുന്നില്ല. അവൻ ഉൾപ്പടെയുള്ള എല്ലാവർക്കും വിവാഹവസ്ത്രം ലഭിക്കുമായിരുന്നു. എന്നാൽ അവനതു സ്വീകരിക്കുവാൻ മനസ്സായില്ല എന്നതാണ് അവന്റെ പ്രശ്നം. ഒരു പക്ഷെ അവൻ തന്റെ തന്നെ മെറിട്ടിൽ അകത്തുകടക്കാമെന്ന് വിചാരിച്ചു കാണും. അവിടെ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച് ഒട്ടും ബോധവാനായില്ല. ആ വസ്ത്രമെന്താണ്? മത്തായി 5:20 ൽ ആ വസ്ത്രത്തെക്കുറിച്ചു പറയുന്നുണ്ട്; “നിങ്ങളുടെ നീതി ശാസ്ത്രിമരുടെയും പരിശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” അതു നിങ്ങളുടെ പ്രവൃത്തിയാൽ നിങ്ങൾക്ക് ലഭിക്കുന്ന നീതിയല്ല; അത് കർത്താവിൽ നിന്നു സ്വീകരിക്കപ്പെടുന്ന നീതിയാണ്. (ഹെബ്രാ 12;14, ഈയോബ് 29:14; യെശയ്യ 61:10). നമ്മുടെ ക്രിസ്തീയ പ്രവർത്തനം മൂലം നമുക്ക് ലഭിക്കുന്ന നീതിയല്ല. ഞാൻ ഒരു കഠിനാദ്ധ്വാനിയാണ്, ഞാൻ കുടുംബത്തിൽ നന്നായി പെരുമാറുന്നു, എന്റെ മക്കൾ മറ്റുള്ളവരുടെ മക്കളെക്കാൾ നല്ലവരാണ്, അതുകുടാതെ, ബുദ്ധി പരമായ നീതി, ലീഗലിസ്റ്റിക് നീതീ എന്നിവയാൽ ഞാൻ ആരേക്കാളും ഭക്തനായ/നീതിമാനായ വ്യക്തിയാണ് എന്നൊക്കെ നാം ചിന്തിച്ചു പോകാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ അതൊക്കേയും സ്വയ നീതിയാണ്.
സുവിശേഷത്തിൽ മാത്രം ആശ്രയം വക്കുക (Rely only on the gospel).
ദൈവം നിങ്ങളുടെ സ്വയ-നീതിയിൽ പ്രസാധിക്കുന്ന ദൈവമല്ല. മറിച്ച്, ക്രിസ്തുവിൽ വിശ്വസിച്ചതുമൂലം തന്റെ പേരിൽ കണക്കിട്ട നീതിയാണ് ദൈവം നിങ്ങളിൽ അന്വേഷിക്കുന്നത്. ക്രിസ്തുവിന്റെ പെർഫെക്ടായ ജീവിതവും മരണവും കൊണ്ട് നേടിയെടുത്ത നീതിയാണത്. ആ നീതി വിശ്വാസത്താൽ സ്വീകരിക്കുന്നവർക്കാണ് ദൈവം തന്റെ വസ്ത്രം നൽകുന്നത്. നമ്മുടെ ക്രിസ്തീയ ജിവിതത്തിൽ, ക്രിസ്തുവിൽ കൂടി ലഭിച്ചതല്ലാത്ത ഒരു നീതിയെ നാം ആശ്രയിക്കുന്നു എങ്കിൽ ആ മനുഷ്യന്റെ അവസ്ഥ ആയിരിക്കും നമ്മുടേയും അവസ്ഥ. അതുകൊണ്ട് നിങ്ങളുടെ ക്രിസ്തീയ ജീവിതത്തിൽ എപ്പോഴെങ്കിലും അവയെ ആശ്രയിച്ചിട്ടുണ്ടെങ്കിൽ അവയെ വിട്ടു തിരിഞ്ഞ് സുവിശേഷത്തിൽ വിശ്വസിക്കുക. ക്രിസ്തിയ ജീവിതം തുടർമാനമായി മാനസാന്തരത്തിന്റേയും സുവിശേഷം വിശ്വസിക്കയും ചെയ്യുന്ന ജീവിതമാണ്. ആകയാൽ ക്രിസ്തുവിന്റെ നൽകപ്പെട്ട നീതിയിൽ മാത്രം ആശയിച്ചുകൊണ്ട് ഫലം പുറപ്പെടുവിക്കുന്നവരായി വരാൻ പോകുന്ന ആ വലിയ വിരുന്നിലേക്ക് നമുക്കു നോക്കി പാർക്കാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ.
*******
Gospel & Acts Sermon Series_01