top of page
P M Mathew

13-.06-2025

A foundation that will never break !
ഒരിക്കലും തകരാത്ത അടിസ്ഥാനം!!!

മത്തായി സുവിശേഷം ഏഴാം അദ്ധ്യായം 24-29 വരെ വാക്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധയെ തിരിക്കാം.

മത്തായി 7:24-29

"24 ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. 25 വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. 26 എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു. 27 വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.” 28 ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു; 29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായി ട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു."

കേന്ദ്രാശയം

ക്രിസ്തുവിലും അവന്റെ വചനത്തിലും അടിസ്ഥാനമിട്ടുകൊണ്ട് ജ്ഞാനത്തോടെ പണിയുന്ന ജീവിതങ്ങൾ മാത്രമെ എന്നേക്കും നിലനിൽക്കയുള്ളു.

പശ്ചാത്തലം.

ഗിരിപ്രഭാഷണം എന്ന പേരിൽ അറിയപ്പെടുന്ന വളരെ പ്രസിദ്ധമായ വേദഭാഗമാണ് മത്തായി സുവിശേഷത്തിന്റെ 5 മുതൽ 7 വരെ അദ്ധ്യായങ്ങൾ. തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഏറ്റവും ദൈർഘ്യമേറിയ പഠിപ്പിക്കലിൽ ഒന്നാണിത്. യേശുവിന്റെ ഏറ്റവും പ്രശസ്തമായ ഈ വാക്കുകൾ ചരിത്രത്തിലുടനീളം കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. തിരുവെഴുത്തുകളിലെ ഏറ്റവും അറിയപ്പെടുന്ന ഭാഗങ്ങളിൽ ഒന്നാണെങ്കിലും, വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വേദഭാഗവും കൂടിയാണിത്.

അതുകൊണ്ട്, ഈ വേദഭാഗങ്ങൾ വ്യാഖ്യാനിക്കുമ്പോൾ കുറഞ്ഞത് മൂന്ന് കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം.

1) ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ സുവിശേഷ സന്ദേശത്തിന്റെ ഭാഗമാണിത്.

2) യഥാർത്ഥ നീതി ഹൃദയത്തിന്റെ കാര്യമാണ്. True righteousness is a matter of heart.

3) യേശുവിന്റെ ഒരു ശിഷ്യൻ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന കാര്യമാണ് യേശു
ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

നാം വായിച്ച വേദഭാഗം ഗിരിപ്രഭാഷണത്തിന്റെ ഒരു ഉപസംഹാരമാണ്.

ഈ വേദഭാഗത്തിന്റെ immediate context എന്നു പറയുന്നത് 7:13-29 വരെ വാക്യങ്ങളാണ്. വാസ്തവത്തിൽ 13 മുതൽ 29 വരെ വാക്യങ്ങളെ ഒരു Pericope അഥവാ ഒരു ചിന്തായൂണിറ്റെന്നു പറയുന്നത്. എന്നാൽ അതു മുഴുവൻ വിശദീകരിക്കുവാൻ കൂടുതൽ സമയമെടുക്കേണ്ടി വരുമെന്നതിനാലാണ് ഞാനിത് 6 വാക്യങ്ങളിലേക്ക് പരിമിതപ്പെടുത്തിയത്.

13-23 വരെ വേദഭാഗങ്ങളിൽ, രണ്ട് വ്യത്യസ്ത വഴികളിലേക്ക് നയിക്കുന്ന രണ്ട് വാതിലുകളെക്കുറിച്ചു യേശു പറയുന്നു. മത്തായി 7:13-14 ൽ നാം വായിക്കുന്നത്: "ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ" . വ്യത്യസ്ഥ വഴികളിലേക്ക് തുറക്കുന്ന രണ്ടു വാതിൽ. ഒന്ന് വിശാലമായ വാതിൽ; വിശാലമായ വഴിയിലേക്കു തുറക്കുന്നു. രണ്ട്, ഇടുങ്ങിയ വാതിൽ, വളരെ ഞെരുക്കമുള്ള വഴിയിലേക്കു തുറക്കുന്നു. രണ്ടിന്റേയും അന്ത്യം വളരെ വ്യത്യസ്ഥമാണ്.

രണ്ടാമതായി, രണ്ട് വ്യത്യസ്ത വിധികളിൽ കലാശിക്കുന്ന രണ്ട് തൊഴിലുകളെക്കുറിച്ചു പറയുന്നു. കള്ള പ്രവാചകവൃത്തി; നല്ല പ്രവാചകവൃത്തി. അവരുടെ ജോലി സമാനമായി തോന്നുമെങ്കിലും രണ്ടുപേരുടേയും ഭാവി തുലോം വ്യത്യസ്ഥമായിരിക്കും. മത്തായി 7:15 ൽ നാം വായിക്കുന്നത്: "കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു" .

പിന്നെ യേശു രണ്ടു വ്യത്യസ്ഥ ഫലങ്ങൾ ഉളവാക്കുന്ന രണ്ടു വൃക്ഷങ്ങളെക്കുറിച്ചു പറയുന്നു മത്തായി 7:17 ൽ നാം വായിക്കുന്നു: "നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു." നല്ല ഫലം കായിക്കുന്ന നല്ല വൃക്ഷം; ആകാത്ത ഫലം കായിക്കുന്ന മോശം വൃക്ഷം.

അതിനുശേഷമാണ് നാം ഇപ്പോൾ വായിച്ച വേദഭാഗം രേഖപ്പെടുത്തിയിരിക്കുന്നത്. "24 ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. ഇവിടെ "ആകയാൽ" അഥവാ Therefore എന്ന വാക്കാണ് ഇതിന്റെ മുന്നമെയുള്ള വേദഭാഗവുമായി ബന്ധിപ്പിക്കുന്നത്. ഈ വാക്ക് സൂചിപ്പിക്കുന്നത് ഈ പറഞ്ഞതിന്റെ implication എന്താണ് അഥവാ ഈ പറഞ്ഞുവന്നതിന്റെ സാരമെന്താണ് എന്നതാണ്.

ഈ വീടുകൾ തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും പരിശോധിച്ച് അവ നൽകുന്ന പാഠമെന്താണ് എന്നാണ് നാം പരിശോധിക്കുവാൻ പോകുന്നത്. ഒന്നാമതായി, ഈ വേദഭാഗത്തു നിന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം യേശുവിനെ കേൾക്കുക, യേശുവിന്റെ വാക്കുകൾക്ക് ചെവികൊടുക്കുക എന്നതാണ്.

1. യേശുവിനെ കേൾക്കുക, യേശുവിന്റെ വാക്കുകൾക്ക് ചെവികൊടുക്കുക.

നാം വായിച്ച ഈ വേദഭാഗത്ത്, രണ്ടു നിർമ്മാതാക്കളേയും അവർ പണിത വീടുകളുടേയും ചിത്രം നാം കാണുന്നു. രണ്ട് വ്യത്യസ്ഥ വീടുകൾ പണിയുന്ന രണ്ട് നിർമ്മാതാക്കൾ. കാഴ്ചയിൽ അവ ഒരുപോലെ തോന്നുമെങ്കിലും അവയുടെ നിലനിൽപ്പ് തികച്ചും വ്യത്യസ്ഥമാണ്. കുട്ടികളുടെ ചിത്രഗയിമുകൾ നാം കണ്ടിട്ടുണ്ടല്ലൊ? ഒരേ പോലെയിരിക്കുന്ന രണ്ടു ചിത്രങ്ങൾ നൽകിയിട്ട് അവ തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും കണ്ടു പിടിക്കുക. ഇവിടേയും അങ്ങനെ തന്നെയാണ്.

രണ്ടു നിർമ്മാതാക്കളെയും അവരുടെ വീടുകളെയും അടുത്തടുത്തായി സ്ഥാപിച്ചുകൊണ്ട്, രണ്ടിലും സാമ്യമുള്ളത് താരതമ്യം ചെയ്യാനും രണ്ടിലും കാണുന്ന വ്യത്യാസം തിരിച്ചറിയാനും യേശു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. കാഴ്ചയിൽ ഒരുപോലെയിരിക്കുന്ന രണ്ടു വീടുകൾ. രണ്ടും വിവരിക്കാൻ യേശു സമാനമായ വാക്യങ്ങളാണ് ഉപയോഗിക്കുന്നത്. അവയിലെ സമാനതകളും വ്യത്യാസങ്ങളും ഓരോന്നായി നമുക്കു പരിശോധിക്കാം.

രണ്ട് നിർമ്മാതാക്കളും അവരുടെ വീടുകളും തമ്മിലുള്ള മൂന്നു സമാനതകൾ ഇവിടെ കാണാം.

A) രണ്ടു നിർമ്മാതാക്കളും ക്രിസ്തുവിന്റെ വാക്കുകൾ കേട്ടു എന്നതാണ് ഒന്നാമത്തെ സമാനത.

അവർ ഇരുവരും ക്രിസ്തുവിന്റെ വാക്കുകൾ കേട്ടവരാണ്. ഓരോ നിർമ്മാതാവിനെയും വിവരിക്കുന്നതിനുള്ള യേശുവിന്റെ പ്രാരംഭ വാക്കുകൾ കൃത്യമായി ഒന്നുതന്നെയാണ്: "എന്റെ ഈ വചനങ്ങളെ കേട്ടു ..." (മത്തായി 7:24,26) "everyone who hears these words of mine...

ഇവിടെ ഒരു വാക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്: "everyone" എന്ന വാക്ക്. ഇത് universal application അഥവാ സാർവത്രിക പ്രായോഗികതയെ സൂചിപ്പിക്കുന്നു. അതായത്, ഇത് ഏവർക്കും ബാധകമായ കാര്യമാണ്. ആരേയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. "യേശുവിനെ കേൾക്കുന്ന ഏതൊരു വ്യക്തിയും" എന്നതാണ് ഇത് അർത്ഥമാക്കുന്നത്. ശിഷ്യന്മാരെ കൂടാതെ വലിയൊരു ജനം യേശുവിനെ കേൾക്കുവാൻ ആ കുന്നിൻ ചരുവിൽ തടിച്ചുകൂടിയിരുന്നുവെന്ന് നമുക്കറിയാം. അപ്പോൾ അതിൽ നിന്നും പറയുവാൻ കഴിയുന്ന കാര്യം, വിശ്വാസിയാലും അവിശ്വാസിയായാലും യേശുവിനെ കേൾക്കണം. മാറ്റാരെയെങ്കിലും കേട്ടിട്ടു കാര്യമില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം കേൾക്കണം.

ഇന്ന് ലോകത്ത് ഒത്തിരി ഉപദേഷ്ടാക്കന്മാരും മതനേതാക്കളുമുണ്ട്. അവർ പറയുന്ന തത്വചിന്തകളൊ മതചിന്തകളോ കേട്ടിട്ട് കാര്യമില്ല. അവർ പറയുന്ന ധാർമ്മിക ഉപദേശങ്ങൾ മനുഷ്യനെ രക്ഷിക്കുകയില്ല. മതം മനുഷ്യനെ രക്ഷിക്കുമായിരുന്നുവെങ്കിൽ ഇന്ന് ഈ ലോകം തിന്മയിലേക്ക് ഇത്ര കൂപ്പുകുത്തുകയില്ലായിരുന്നു. മനുഷ്യൻ നന്നാകണമെങ്കിൽ, മനുഷ്യൻ രക്ഷപ്രാപിക്കണമെങ്കിൽ യേശുവിനെക്കുറിച്ചുകേൾക്കണം. യേശുവിനെക്കുറിച്ചു ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്ന സത്യം കേൾക്കണം. അല്ലാതെ മറ്റെന്തിങ്കിലും കേട്ടിട്ട് കാര്യമില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം കേൾക്കണം. കേൾവി കൂടാതെ ആർക്കും ക്രിസ്തുവിൽ വിശ്വസിക്കുവാനൊ രക്ഷപ്രാപിപ്പാനൊ കഴിയുകയില്ല. അതുകൊണ്ട് ഏതൊരു വ്യക്തിയും ക്രിസ്തുവിനെക്കുറിച്ച് കേൾക്കണം. റോമർ 10:17 ഇ നാം ഇപ്രകാരം വായിക്കുന്നു: “17 ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” അതിനാൽ "കേൾവി" വിശ്വാസത്തിന് അത്യന്താപേക്ഷിതമാണ്.

രണ്ടാമതായി ഇവിടെ ശ്രദ്ധിക്കുവാനുള്ള കാര്യം, യേശുവിന്റെ വചനം നാം കേൾക്കണം. യേശുവിന്റെ വാക്കുകൾക്കു നാം ചെവികൊടുക്കണം. എബ്രായലേഖനത്തിൽ കേൾക്കുന്നതിനെക്കുറിച്ചു വളരെ വിശദമായി തന്നെ പറയുന്നുണ്ട്. ദൈവവചനം നാം കേൾക്കണം; യേശുവിന്റെ വാക്കുകൾ ശ്രദ്ധയോടെ നാം കേൾക്കണം. ഇവിടെ ഗിരിപ്രഭാഷണത്തിൽ ക്രിസ്തു എന്താണ് പറയുന്നതെന്ന് നാം കേൾക്കേണം. അതു ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ സുവിശേഷമാണ്. ദൈവരാജ്യത്തിൽ പ്രവേശിച്ച ഒരു ശിഷ്യൻ നിവൃത്തിക്കേണ്ട നീതിയെക്കുറിച്ചാണ് അവിടെ പറയുന്നത്. യഥാർത്ഥ നീതി ബാഹ്യമല്ല, ആന്തരികമാണ് എന്നു നാം മനസ്സിലാക്കണം. ഒരു വിശ്വാസി എങ്ങനെയാണ് ജീവിക്കേണ്ടത് എന്നാണത് വ്യക്തമാക്കുന്നത്. അതുകൊണ്ട് യേശുവിന്റെ വാക്കുകൾ നാം കേൾക്കണം. കാരണം അതു മാത്രമാണ് എന്നേക്കും നിലനിൽക്കുന്നത്.

അപ്പോൾ, രണ്ട് നിർമ്മാതാക്കളും അവരുടെ വീടുകളും തമ്മിലുള്ള ആദ്യത്തെ സാമ്യം അവർ ഇരുവരും ക്രിസ്തുവിന്റെ വാക്കുകൾ കേട്ടു എന്നതാണ്.

B) രണ്ടാമത്തെ സാമ്യം: അവർ രണ്ടുപേരും വീടുകൾ പണിതു എന്നതാണ്.

ഇരുവരും വീടുകൾ പണിതു. അവരിൽ ഒരാൾ പണിതു, മറ്റേയാൾ പണിതില്ല എന്നതല്ല ഇവിടുത്തെ വ്യത്യാസം. അവർ രണ്ടുപേരും വീടുകൾ പണിതു.

അത് പ്രധാനമാണ്, കാരണം നാമെല്ലാവരും എന്തെങ്കിലും പണിയുന്നു. നാമെല്ലാവരും ഒരു ജീവിതം പണിയുന്നു. പടിപടിയായി, കല്ലു കല്ലായി, നിമിഷം തോറും ഓരോ തീരുമാനങ്ങൾ എടുത്തും നാം ഒരു ജീവിതം കെട്ടിപ്പടുക്കുന്നു. ഇതുവരെയുള്ള നമ്മുടെ ജീവിതം പരിശോധിക്കുമ്പോൾ, നാം മനോഹരമായ, അർത്ഥവത്തായ, ഉൽപ്പാദനക്ഷമമായ (productive), നിലനിൽക്കുന്ന എന്തെങ്കിലും നിർമ്മിക്കുന്നുണ്ടോ? ഇനി, ഇത് ചെയ്യാൻ ഒരിക്കൽ മാത്രമേ നമുക്കു അവസരം ലഭിക്കു എന്നതും നാം ഓർക്കണം. അപ്പോൾ ഈ ജീവിതം പാഴാക്കി കളയുന്നത് എത്രയൊ ഭോഷത്വമാണ്.

അതുകൊണ്ടാണ് 1 കൊരിന്ത്യർ 3:11 "ഓരോരുത്തർ എങ്ങനെ പണിയുന്നു എന്ന് ശ്രദ്ധിക്കണം" എന്ന് അപ്പൊ. പൗലോസ് പറയുന്നത്. ഓരോ ദിവസത്തിന്റെയും അവസാനം, നിങ്ങൾക്ക് തിരികെ പോയി പുനർനിർമ്മിക്കാനുള്ള അവകാശമില്ല. നിങ്ങൾ ഇതിനകം ആരംഭിച്ചതിൽ മാത്രമേ നിങ്ങൾക്ക് പണിയാൻ കഴിയൂ. നിങ്ങളുടെ ജീവിതാവസാനം, നിങ്ങൾക്ക് തിരികെ പോയി പുനർനിർമ്മിൻ കഴിയുകയില്ല. ന്യായവിധി ദിവസത്തിൽ നിങ്ങളുടെ മുഴുവൻ ജീവിതവും ദൈവത്തിന് സമർപ്പിക്കണം, അത് എങ്ങനെയാണൊ അതുപോലെ തന്നെ ദൈവത്തിനു മുൻപിൽ സമർപ്പിക്കണം. ഈ കഥയിലെ രണ്ടുപേരും വീടുകൾ പണിതു. നാമും നമ്മുടെ ജീവിതം പണിതുകൊണ്ടിരിക്കുകയാണ്.

C) മൂന്നാമത്തെ സാമ്യം പരിശോധനയാണ്: രണ്ട് വീടുകളും പരീക്ഷിക്കപ്പെട്ടു.

രണ്ട് വീടുകളും test നു വിധേയമാക്കപ്പെടുന്നു/ പരിശോധനക്കു വിധേയമാക്കപ്പെടുന്നു. പരിശോധനയെ വിവരിക്കാൻ യേശു ഏതാണ്ട് സമാനമായ ഭാഷയാണ് ഉപയോഗിക്കുന്നത്. "25 വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു;" (മത്തായി 7:25,27) രണ്ടുപേരും ഓരൊ വീട് പണിതു, രണ്ടുപേരുടെയും വീടുകൾ മഴയിലും കൊടുങ്കാറ്റിലും പരീക്ഷിക്കപ്പെട്ടു.

നാമെല്ലാവരും നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള കൊടുങ്കാറ്റുകളെ നേരിടും എന്നതാണ് ഇവിടുത്തെ ആശയം. അത് ജോലി നഷ്ടമാകാം, ആരോഗ്യപ്രശ്നങ്ങൾ ആകാം, വിവാഹം നടക്കാത്തതാകാം, കുടുംബപ്രശ്നമാകാം അതല്ലെങ്കിൽ ഒരു കുട്ടിയുടെയോ പ്രിയപ്പെട്ടവരുടെയോ വേർപാട് ആകാം. എന്നാൽ ഇതുപോലുള്ള കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ, അത് നമ്മുടെ ജീവിതത്തിലെ ഒരു പരീക്ഷണ സമയമായി കാണണം. ജീവിതത്തിലെ പരീക്ഷണങ്ങൾ നിങ്ങളുടെ വിശ്വാസത്തെയോ വിശ്വാസക്കുറവിനെയോ വെളിപ്പെടുത്തും. പരീക്ഷയെക്കുറിച്ച് 1 പത്രോസ് 1:7-ൽ നാം വായിക്കുന്നു: "6 അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും." നിങ്ങളുടെ വിശ്വാസം ... യഥാർത്ഥമാണെന്ന് തെളിയിക്കപ്പെടാനും യേശുക്രിസ്തു വെളിപ്പെടുമ്പോൾ സ്തുതി, മഹത്വം, ബഹുമാനം എന്നിവയ്ക്ക് കാരണമാകാനും പരിശോധന നമ്മുടെ ജീവിതത്തിൽ ആവശ്യമാണ്.

ജീവിതത്തിലെ കൊടുങ്കാറ്റുകൾക്ക് മാത്രമല്ല, അന്തിമ ന്യായവിധിയുടെ പ്രതീകമായും ബൈബിൾ ഈ കൊടുങ്കാറ്റിന്റെ ചിത്രം ഉപയോഗിക്കുന്നു. കൊടുങ്കാറ്റ് അന്ത്യനായവിധിയുടേയും പ്രതീകമാണ്. നാം ഈ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകളോ പോരാട്ടങ്ങളോ ഇല്ലാതെ കടന്നുപോയാലും, ആ അവസാന ദിവസത്തിൽ നാമെല്ലാവരും പരിശോധിക്കപ്പെടും. ചാൾസ് സ്പർജ്ജൻ എഴുതിയതുപോലെ: “നിങ്ങളുടെ മതം സത്യമോ തെറ്റോ ആകട്ടെ, അത് പരിശോധിക്കപ്പെടും.” നാമെല്ലാവരും അന്തിമ ന്യായവിധിയുടെ കൊടുങ്കാറ്റിനെ നേരിടണം, ആ ദിവസം എല്ലാവരും പരിശോധിക്കപ്പെടും.

യേശുവിനെ അനുഗമിക്കുവാൻ ഇറങ്ങിപുറപ്പെട്ടപ്പോൾ ഇങ്ങനെയുള്ള വെല്ലുവിളികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാണൊ നാം ഇറങ്ങി പുറപ്പെട്ടത്? Prosperity gospel അഥവാ സമൃദ്ധിയുടെ സുവിശേഷം പ്രസംഗിക്കുന്നവർക്കു ഇങ്ങനെയൊരു കാര്യം ചിന്തിക്കാനെ കഴിയുകയില്ല. അതുകൊണ്ടു അവർ ജീവിതത്തിൽ പരിക്ഷകളെ നേരിടുമ്പോൾ അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോകുന്നതു സ്വാഭാവീകം.

അപ്പോൾ രണ്ട് നിർമ്മാതാക്കളും അവരുടെ വീടുകളും തമ്മിലുള്ള സമാനതകൾ ഇവയാണ്. ഇരുവരും ക്രിസ്തുവിന്റെ വാക്കുകൾ കേട്ടു. ഇരുവരും വീടുകൾ പണിതു. ഇരു വീടുകളും പരീക്ഷിക്കപ്പെട്ടു. അടുത്തതായി, രണ്ട് നിർമ്മാതാക്കളും അവരുടെ വീടുകളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്താണെന്ന് നോക്കാം.

2. യേശുവിന്റെ വാക്കുകൾ പ്രായോഗികമാക്കുക എന്നതാണ്.

രണ്ട് നിർമ്മാതാക്കളും അവരുടെ വീടുകളും തമ്മിലുള്ള വ്യത്യാസങ്ങളാണ് ഇനി നാം പരിശോധിക്കുവാൻ പോകുന്നത്. ഞാൻ മുന്നമെ സൂചിപ്പിച്ച ചിത്ര ഗെയിമിൽ, വ്യത്യാസങ്ങൾ സാധാരണയായി ചെറുതും അപ്രധാനവുമായ വിശദാംശങ്ങളാണ്, അവ കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ ഇവിടെ ഈ രണ്ട് നിർമ്മാതാക്കളെക്കുറിച്ചുള്ള യേശുവിന്റെ ചിത്രത്തിൽ വ്യത്യാസങ്ങൾ പ്രധാനമാണ്, വ്യക്തമാണ്, അവ വേറിട്ടുനിൽക്കാൻ ഉദ്ദേശിച്ചുള്ളതാണ്, അതാണ് കഥയുടെ പ്രധാന ഉദ്ദേശ്യംതന്നെ. ഇവിടെ നിന്നും നാലു വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

A. ഒരാൾ യേശുവിന്റെ വാക്കുകൾ പ്രയോഗത്തിൽ വരുത്തി / മറ്റെയാൾ അവ പ്രയോഗത്തിൽ വരുത്തിയില്ല.

രണ്ട് നിർമ്മാതാക്കളും തമ്മിലുള്ള ആദ്യത്തെ വ്യത്യാസം: അവരിൽ ഒരാൾ യേശുവിന്റെ വാക്കുകൾ പ്രയോഗത്തിൽ വരുത്തി, മറ്റെയാൾ അത് പ്രയോഗത്തിൽ വരുത്തിയില്ല എന്നതാണ്. 24 ഉം 26 ഉം വാക്യങ്ങൾ നോക്കുക. 24-ാം വാക്യത്തിൽ യേശു ആദ്യത്തെ നിർമ്മാതാവിനെ ഇങ്ങനെ വിവരിക്കുന്നു: ".... എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും" "26 എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും" (മത്തായി 7:24;26).

ഇവിടെ പ്രധാന വ്യത്യാസം ശ്രോതാക്കൾ കേട്ട കാര്യങ്ങൾ ഉപയോഗിച്ച് എന്താണ് ചെയ്യുന്നത് എന്നതാണ്. “കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവൻ” എന്നോ “കേൾക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നവൻ” എന്നോ യേശു പറയുന്നില്ല, രണ്ട് നിർമ്മാതാക്കളും ക്രിസ്തുവിന്റെ വാക്കുകൾ കേട്ടു. എന്നാൽ ആദ്യത്തെ നിർമ്മാതാവ് യേശുവിന്റെ വാക്കുകൾ പ്രയോഗത്തിൽ വരുത്തി, രണ്ടാമത്തേവൻ അങ്ങനെ ചെയ്തില്ല.

നമ്മൾ ഇതിനകം പറഞ്ഞതുപോലെ, കേൾക്കൽ പ്രധാനമാണ്, പക്ഷേ അത് മാത്രം പോരാ. ബൈബിൾ വായിക്കുക, പള്ളിയിൽ പോകുക, പ്രസംഗങ്ങൾ കേൾക്കുക - ഇതെല്ലാം അവയിൽത്തന്നെ നല്ലതാണ്, പക്ഷേ ഇതെല്ലാം ഉപയോഗിച്ച് നിങ്ങൾ എന്തു ചെയ്യുന്നു എന്നതാണ് ചോദ്യം. യേശുവിന്റെ കഥയിലെ വ്യത്യാസം കേൾക്കുന്നതും കേൾക്കാതിരിക്കുന്നതും തമ്മിലല്ല, മറിച്ച് കേൾക്കുന്നതും ചെയ്യുന്നതും തമ്മിലാണ്.

എന്നാൽ ഇവിടെ നിങ്ങൾ ഓർമ്മിക്കേണ്ട ഒരു കാര്യം, നിങ്ങൾ ചെയ്യുന്നതുകൊണ്ടല്ല നിങ്ങൾ രക്ഷിക്കപ്പെടുന്നത്. ഇതിനു തൊട്ടു മുൻപിലത്തെ വേദഭാഗത്ത് നാം കാണുന്നത്. "22കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. 23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും." അന്ത്യവിധി നാളിൽ ചിലർ എഴുന്നേറ്റ് “ഞങ്ങൾ ഇന്നയിന്ന കാര്യങ്ങൾ ചെയ്തില്ലേ!” എന്ന് ഒരുപക്ഷേ ചോദിച്ചേക്കാം. എന്നാൽ അതിനു കർത്താവു നൽകിയ മറുപടി ശ്രദ്ധിക്കുക: “ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞില്ല. ദുഷ്പ്രവൃത്തിക്കാരേ, എന്നെ വിട്ടുപോകൂ!” (മത്തായി 7:23). അതിൽ നിന്നും ഒരു കാര്യം വ്യക്തം നിങ്ങളുടെ സ്വന്തം പ്രവൃത്തികൾ ഒരിക്കലും നിങ്ങളെ സ്വർഗ്ഗത്തിൽ എത്തിക്കയില്ല.
പ്രവൃത്തികളാൽ ആരും രക്ഷിക്കപ്പെടുന്നില്ല, മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് ഒരുവൻ രക്ഷിക്കപ്പെടുന്നത്. അതേസമയം, യേശുക്രിസ്തുവിലുള്ള യഥാർത്ഥ വിശ്വാസം എല്ലായ്പ്പോഴും നല്ല പ്രവൃത്തികളിൽ കലാശിക്കും. 1 യോഹന്നാൻ 2-ൽ നാം വായിക്കുന്നു: “അവന്റെ കല്പനകൾ അനുസരിക്കുന്നുവെങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന് നമുക്കറിയാം. ‘ഞാൻ അവനെ അറിയുന്നു’ എന്ന് പറയുകയും അവൻ കല്പിക്കുന്നത് ചെയ്യാതിരിക്കുകയും ചെയ്യുന്നവൻ ഒരു കള്ളനാണ്, സത്യം അവനിൽ ഇല്ല” (1 യോഹന്നാൻ 2:3-4).

"യേശുവിനെ അനുഗമിക്കുക" എന്നത് നിങ്ങൾ "അവനെ യഥാർത്ഥത്തിൽ വിശ്വസിക്കുന്നു" എന്നതിന്റെ തെളിവുകളിൽ ഒന്നാണ്. യേശു ഇവിടെ പൂർണ്ണമായ അനുസരണം അഥവാ 100% അനുസരണം അർത്ഥമാക്കുന്നില്ല; നമ്മളാരും പൂർണ്ണരല്ല. പക്ഷേ നിങ്ങൾ യേശുവിനെ പിന്തുടരുകയാണോ? നിങ്ങൾ കേൾക്കുന്നത് ചെയ്യുന്നുണ്ടോ? രണ്ട് നിർമ്മാതാക്കൾ തമ്മിലുള്ള ആദ്യത്തെ വ്യത്യാസം അതാണ്. അവരിൽ ഒരാൾ യേശുവിന്റെ വാക്കുകൾ പ്രയോഗത്തിൽ വരുത്തി. മറ്റെയാൾ അത് പ്രയോഗത്തിൽ വരുത്തിയില്ല.

മൂന്നാമത്തെ പോയിന്റായി ഇവിടെ നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം, യേശുവിന്റേയും അവന്റെ വചനത്തിന്റേയും അടിസ്ഥാനത്തിൽ ജ്ഞാനത്തോടെ തന്റെ ജീവിതത്തെ പണിയുന്നവൻ എന്നേക്കും ജീവിക്കും എന്ന കാര്യമാണ്.

3. യേശുവിന്റേയും അവന്റെ വചനത്തിന്റേയും അടിസ്ഥാനത്തിൽ ജ്ഞാനത്തോടെ തന്റെ ജീവിതത്തെ പണിയുന്നവൻ എന്നേക്കും ജീവിക്കും.

ഈ നിർമ്മാതാക്കൾ തമ്മിലുള്ള രണ്ടാമത്തെ വ്യത്യാസം ഇതാണ്:

B. ഒരാൾ ജ്ഞാനിയായിരുന്നു / മറ്റെയാൾ ഭോഷനായിരുന്നു.

യേശു അവരിൽ ഒരാളെ ജ്ഞാനിയെന്നും മറ്റേയാളെ വിഡ്ഢിയെന്നും വിളിച്ചു. ഇതിനു മുന്നമേയുള്ള വേദഭാഗത്തും ഈ രണ്ടു ഗ്രൂപ്പുകാരെ കാണാൻ കഴിയും - ഇടുക്കു വഴിയിലൂടെ നടക്കുന്നവരും വിശാലമായ വഴിയിലൂടെ നടക്കുന്നവരും. ഇടുക്കു വഴി സ്വീകരിക്കുന്നവർ ജ്ഞാനിയും മറ്റേയാൾ ഭോഷനുമാണ്.

ഗിരിപ്രഭാഷണത്തിലെ പ്രമാണങ്ങൾക്കനുസൃതമായി ഒരാൾ ജീവിച്ചാൽ, ലോകം അവനെ വിഡ്ഢി എന്ന് വിളിക്കും; പക്ഷേ യേശു അവനെ ജ്ഞാനി എന്ന് വിളിക്കും. കാഴ്ചയിൽ ജീവിക്കുന്ന, വർത്തമാനകാലത്തിനായി ജീവിക്കുന്ന, സ്വാർത്ഥതയ്ക്കുവേണ്ടി ജീവിക്കുന്ന ഒരാളെയാണ് ലോകം ജ്ഞാനിയായി കണക്കാക്കുന്നത്; അത്തരമൊരു വ്യക്തിയെ യേശു വിഡ്ഢി എന്ന് വിളിക്കുന്നു.

ഇവിടെ ജ്ഞാനി യേശുവിന്റെ വാക്കുകൾ കേട്ട് അവ പ്രായോഗികമാക്കുന്നു. വിഡ്ഢി യേശുവിന്റെ വാക്കുകൾ കേൾക്കുന്നു, അവ പ്രായോഗികമാക്കുന്നില്ല.

അതിന്റെ ഫലം വിനാശകരമാണ്. സദൃശവാക്യങ്ങൾ 8-35-36 ൽ ജ്ഞാനം വിളിച്ചു പറയുന്നു: “എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. 35 എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. 36 എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു” (സദൃശവാക്യങ്ങൾ 8:35-36).

നാം എങ്ങനെയാണ്? ജ്ഞാനിയൊ, അതോ ഭോഷനോ? നമ്മുടെ ജീവിതം വിഡ്ഢിത്തമായും, പാഴായും, ക്രമരഹിതമായും നയിച്ചുകൊണ്ടിരിക്കുകയാണോ?

ജ്ഞാനത്തിന്റെ പാതയിലല്ല നാമിപ്പോൾ എങ്കിൽ ആ വ്യക്തിക്കു ചെയ്യുവാനുള്ള ആദ്യപടി ദൈവമുമ്പാകെ നിങ്ങളുടെ ഭോഷത്വം സമ്മതിക്കുകയും യേശുക്രിസ്തുവിലൂടെ അവന്റെ ജ്ഞാനം സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. ഇതുവരെ നിങ്ങൾ കർത്താവിന്റെ വചനപ്രകാരം നിങ്ങളുടെ ജീവിതങ്ങളെ പണിയാൻ ആരംഭിച്ചിട്ടില്ലെങ്കിൽ ഇന്നുമുതൽ അപ്രകാരം ചെയ്യുവാൻ ഒരു തീരുമാനം എടുക്കുക.

അപ്പോൾ അതാണ് രണ്ട് നിർമ്മാതാക്കൾ തമ്മിലുള്ള രണ്ടാമത്തെ വ്യത്യാസം. അവരിൽ ഒരാൾ ജ്ഞാനിയും മറ്റൊരാൾ വിഡ്ഢിയുമായിരുന്നു.

C. ഒരാൾ പാറയിൽ വീട് പണിതു / മറ്റെയാൾ മണലിൽ വീട് പണിതു.

മൂന്നാമത്തെ വ്യത്യാസം ഇതാണ്: ഒരാൾ പാറയിൽ വീട് പണിതു. മറ്റെയാൾ മണലിൽ വീട് പണിതു. ഇപ്പോൾ രണ്ട് വീടുകളും പുറത്തു നിന്ന് നോക്കുമ്പോൾ ഒരുപോലെ കാണപ്പെടുന്നു. അവ ഒരേ രീതിയിൽ നിർമ്മിച്ചതായിരുന്നു, ഒരേ രീതിയിൽ പെയിന്റ് ചെയ്തതായിരുന്നു, ഒരേ ഡിസൈൻ പിന്തുടർന്നു. എന്നാൽ മനുഷ്യന്റെ കണ്ണുകളിൽ നിന്ന് മറഞ്ഞിരിക്കുന്ന ഒരു പ്രധാന വ്യത്യാസം ഉണ്ടായിരുന്നു, അതാണ് അടിസ്ഥാനം.

വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടിത്തറ. വീടിന്റെ മറ്റു ഭാഗങ്ങൾ നിങ്ങൾ എത്ര നന്നായി ചെയ്യുന്നു എന്നത് പ്രശ്നമല്ല - നിങ്ങൾ ശ്രദ്ധാപൂർവ്വം അതു നിർമ്മിച്ചിരിക്കാം, നന്നായി അലങ്കരിച്ചിരിക്കാം, വളരെ വിശേഷപ്പെട്ട കാര്യങ്ങൾ അകത്ത് ശേഖരിച്ചിരിക്കാം. എന്നാൽ അടിത്തറ ശരിയായില്ലെങ്കിൽ, ബാക്കിയെല്ലാം വെറുതെയാണ്. ഒരിക്കൾ അത് തകർന്നുവീഴും.

ഒരു വീടിന് ശക്തമായ ഒരു അടിത്തറ ആവശ്യമാണ്, അതുപോലെ, നിങ്ങളുടെ ജീവിതത്തിനും ശക്തമായ ഒരു അടിത്തറ ആവശ്യമാണ്. നിങ്ങളുടെ ജീവിതം പുറമേയുള്ള മറ്റൊരാളുടേതുമായി വളരെ സാമ്യമുള്ളതായി തോന്നിയേക്കാം. എന്നാൽ നിങ്ങൾ എന്തിന് മുകളിലാണ് പണിയുന്നത്? നിങ്ങളുടെ അടിസ്ഥാനം എന്തിലാണ്? 1 കൊരിന്ത്യർ 3-ൽ അപ്പൊസ്തലനായ പൗലോസ് എഴുതി: “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നും ആർക്കും ഇടാൻ കഴിയില്ല” (1 കൊരിന്ത്യർ 3:11). നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ഉറച്ച അടിത്തറ യേശുവും ബൈബിളിൽ കാണപ്പെടുന്ന അവന്റെ വചനവുമാണ്. മറ്റെല്ലാ നിലങ്ങളും മാറുന്ന മണലാണ്.

നിങ്ങൾ പാറയിലാണൊ അതോ മണലിലാണോ നിങ്ങളുടെ വീട് പണിയുന്നത്. ഈ നിർമ്മാതാക്കൾ മറ്റൊരാളുടെ വീട് പണിയുകയായിരുന്നില്ല. അവർ ഓരോരുത്തരും സ്വന്തം വീട് പണിയുകയായിരുന്നു. ഈ പണിയിൽ contractor മാരില്ല. എല്ലാവരും സ്വന്തം വീടു പണിയുന്നു; എന്നാൽ സ്വന്തം വീട് തെറ്റായ അടിത്തറയിൽ പണിയുന്നത് എത്ര ഭോഷത്തമാണ്.

അപ്പോൾ മൂന്നാമത്തെ വ്യത്യാസം, ജ്ഞാനിയായ മനുഷ്യൻ പാറമേൽ തന്റെ വീട് പണിതു. ഭോഷൻ മണലിന്മേൽ തന്റെ വീട് പണിതു. ഇനി നാലാമത്തെ വ്യത്യാസം നോക്കാം.

D) ഒരു വീട് വീണില്ല / മറ്റേത് വീണു (സദൃശവാക്യങ്ങൾ 10:25; 2 കൊരിന്ത്യർ 4:8-9).

രണ്ടും തമ്മിലുള്ള അവസാനത്തെ വ്യത്യാസം: കൊടുങ്കാറ്റ് വന്നപ്പോൾ പാറമേൽ പണിത വീട് വീണില്ല, എന്നാൽ മണലിന്മേൽ പണിത വീട് വീണു. വീണു എന്നു മാത്രമല്ല, അതിന്റെ വീഴ്ച വലിയതായിരുന്നു.

യെരൂശലേം മലകളും താഴ്വാരങ്ങളും നിറഞ്ഞ പ്രദേശങ്ങളാണ്. താഴ്വാരങ്ങളിൽ തങ്ങളുടെ വീടു പണിയുന്നവർ പാറയിൽ അടിത്തറയിട്ട് പണിയുന്നില്ലെങ്കിൽ മഴവെള്ളപ്പാച്ചിലിൽ വീട് തകർന്നു പോകും. അതുകൊണ്ട് യേശുവിന്റെ കേൾവിക്കാർക്ക് ഈ ഉപമ മനസ്സിലാക്കാൻ വളരെ വിഷമമുണ്ടാവില്ല.

25-ാം വാക്യം നോക്കുക: "25 വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല" (മത്തായി 7:25). പാറമേൽ ജീവിതം കെട്ടിപ്പടുക്കുന്ന എല്ലാവർക്കും ഇത് വലിയ പ്രോത്സാഹന വാക്കുകളാണ്. കൊടുങ്കാറ്റ് വരുമ്പോൾ, നിങ്ങളുടെ ജീവൻ നിലനിൽക്കും. നിങ്ങളുടെ വീടിനെ അതു തകർക്കുകയില്ല.

ക്രിസ്തുവിന്റെയും അവന്റെ വാക്കുകളുടെയും ഉറച്ച പാറയുടെ അടിത്തറയിൽ നിങ്ങൾ നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുമ്പോൾ, നിങ്ങൾ ജീവിതത്തിന്റെ കൊടുങ്കാറ്റുകളെ ചെറുക്കും, ന്യായവിധിദിവസത്തിൽ നിങ്ങൾ ഉറച്ചുനിൽക്കും. ഇതാണ് ക്രിസ്ത്യാനിയുടെ വിധി. കൊടുങ്കാറ്റ് വരുമ്പോൾ, നിങ്ങളുടെ വീട് നിലനിൽക്കും. വിശ്വാസിക്ക് ഇത് വലിയ പ്രോത്സാഹനത്തിന്റെ ഒരു വാക്കാണ്.

എന്നാൽ മണലിന്മേൽ ജീവിതം കെട്ടിപ്പടുക്കുന്ന എല്ലാവർക്കും ഇത് വലിയ മുന്നറിയിപ്പിന്റെ ഒരു വാക്കുമാണ്. ഇത് ഓരേ സമയം പ്രോത്സാഹനവും മുന്നറിയിപ്പുമാണ്. 27-ാം വാക്യം നോക്കൂ: "27 വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു” (മത്തായി 7:27). ഇത് ഒരേ സമയം ഒരു മുന്നറിയിപ്പും പ്രോത്സാഹനവുമാണ്.

മഴക്കാലത്ത് ഇവിടേയും പല കെട്ടിടങ്ങളും തകർന്നു വീഴുന്നത് വാർത്തയാകാറുണ്ട്. എന്നാൽ തകർന്നു വീഴുന്ന കെട്ടിടങ്ങളുടെ പണി പലപ്പോഴും നിയമങ്ങൾ തെറ്റിച്ചുകൊണ്ടുള്ള പണിയായതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. ക്രിസ്തുവിന്റെയും അവന്റെ വാക്കുകളുടെയും ഉറച്ച അടിത്തറയിൽ പണിയാത്ത എല്ലാവർക്കും അതാണ് സംഭവിക്കുക.

സദൃശവാക്യങ്ങൾ 10:25 പറയുന്നു: "കൊടുങ്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടന്മാർ ഇല്ലാതാകും, എന്നാൽ നീതിമാന്മാർ എന്നേക്കും ഉറച്ചുനിൽക്കും" (സദൃശവാക്യങ്ങൾ 10:25).

ജീവിതത്തിലെ കൊടുങ്കാറ്റുകളെ നിങ്ങൾ നേരിടുമ്പോൾ, ക്രിസ്തുവിന്റെ വാക്കുകളെക്കുറിച്ചുള്ള നിങ്ങളുടെ ജ്ഞാനമോ നിങ്ങളുടെ ഭോഷത്വമോ പരീക്ഷിക്കപ്പെടും, നിങ്ങൾ എന്താണ് നിർമ്മിച്ചതെന്ന് നിങ്ങളുടെ ചുറ്റുമുള്ള എല്ലാവർക്കും വ്യക്തമാകും. ഒരു തകർച്ചയോടെയാണ് യേശു തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്. എങ്കിലും യഥാർത്ഥവിശ്വാസികൾക്ക് അതു വലിയ പ്രോത്സാഹനമാണ്. ഈ പ്രസംഗത്തിലെ യേശുവിനെയും അവന്റെ വാക്കുകളെയും അവഗണിക്കുന്ന ഏവർക്കും ഇത് ഒരു ഗൗരവമേറിയ മുന്നറിയിപ്പാണ്. നിങ്ങൾ ക്രിസ്തുവെന്ന അടിത്തറയിൽ ഉറച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ അന്ത്യം വിനാശകരമായിരിക്കും.

4. എന്തുകൊണ്ട് നാം യേശുവിന്റെ വാക്കുകൾ പ്രായോഗികമാക്കണം?
മത്തായി 7:28-29 വാക്യങ്ങൾ യേശുവിന്റെ പ്രസംഗത്തോടുള്ള ജനങ്ങളുടെ പ്രതികരണമാണ്.

യേശു മലമുകളിൽ കയറി ശിഷ്യന്മാരെ പഠിപ്പിക്കാൻ ഇരുന്നുകൊണ്ട് ഗിരിപ്രഭാഷണം ആരംഭിച്ചു. സിനായ് മലയെപ്പോലെ, ദൈവത്തിന്റെ സാന്നിദ്ധ്യത്തെ ഓർമ്മിപ്പിക്കുന്ന ഒരു മലമുകളിൽ വെച്ചാണ് യേശു ജനക്കൂട്ടത്തോടെ സംസാരിച്ചത്. ജനക്കൂട്ടം ചുറ്റും കൂടിവന്ന് ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവരുടെ പ്രതികരണം മത്തായി സുവിശേഷകൻ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്: 28-29 വാക്യങ്ങൾ: "28 ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു; 29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു." (മത്തായി 7:28-29). ജനക്കൂട്ടം അവന്റെ പഠിപ്പിക്കലിൽ അത്ഭുതപ്പെട്ടു.

ഇവിടെ "വിസ്മയിച്ചു" എന്ന് വിവർത്തനം ചെയ്തിരിക്കുന്ന വാക്കിന്റെ അർത്ഥം അക്ഷരാർത്ഥത്തിൽ "അവരുടെ ബോധം നഷ്ടപ്പെട്ടു", "സ്തബ്ധരായിപ്പോയി" എന്നാണ്. യേശു ഈ പ്രസംഗം പൂർത്തിയാക്കിയപ്പോൾ, ആളുകൾ അത്ഭുതത്താൽ ഞടുങ്ങി.

A) ജനക്കൂട്ടം അവന്റെ പഠിപ്പിക്കലിന്റെ ഉള്ളടക്കത്തിൽ അത്ഭുതപ്പെട്ടു.

ഗിരിപ്രഭാഷണത്തിനു വളരെ പ്രധാനപ്പെട്ട ഉള്ളടക്കമുണ്ട്. ക്രിസ്ത്യാനികളുടെ സ്വഭാവം എങ്ങനെയുള്ളതായിരിക്കണം എന്നതിനെക്കുറിച്ച് പഠിപ്പിച്ചുകൊണ്ടാണ് യേശു ആരംഭിച്ചത്, തുടർന്ന് ക്രിസ്ത്യാനിയുടെ സ്വാധീനം, ക്രിസ്ത്യാനിയുടെ നീതി, ക്രിസ്ത്യാനിയുടെ പ്രചോദനം, ക്രിസ്ത്യാനിയുടെ ബന്ധങ്ങൾ, ഒടുവിൽ ക്രിസ്ത്യാനിയുടെ വിധി എന്നിവയെക്കുറിച്ച് പഠിപ്പിച്ചു. സന്ദേശത്തിലുടനീളം യേശു രാജ്യത്തിന്റെ സുവിശേഷത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, യഥാർത്ഥ നീതി ഹൃദയത്തിന്റെ കാര്യമാണ്, യേശുക്രിസ്തുവിന്റെ ഒരു ശിഷ്യൻ എങ്ങനെ ജീവിക്കുന്നു എന്നതാണ് അടിസ്ഥാനപരമായി യേശു അവതരിപ്പിച്ചത്. യേശുവിന്റെ പഠിപ്പിക്കൽ അതിന്റെ വ്യാപ്തിയിൽ അതിശയിപ്പിക്കുന്നതും അതിന്റെ ബുദ്ധിമുട്ടിൽ ഞെട്ടിപ്പിക്കുന്നതും അതിന്റെ പ്രയോഗത്തിൽ മനോഹരവുമായിരുന്നു. യേശുവിന്റെ പഠിപ്പിക്കലിന്റെ ഉള്ളടക്കത്തിൽ ജനക്കൂട്ടം അത്ഭുതപ്പെട്ടു.

B) അദ്ദേഹത്തിന്റെ പഠിപ്പിച്ച രീതിയിൽ ജനക്കൂട്ടം അത്ഭുതപ്പെട്ടു.

യേശു പറഞ്ഞ കാര്യങ്ങളുടെ ഉള്ളടക്കത്തിൽ മാത്രമല്ല, പറഞ്ഞ രീതിയിലും അവർ അത്ഭുതപ്പെട്ടു.

i) അധികാരമുള്ളവനായിട്ടാണ് യേശു പഠിപ്പിച്ചത്.

മുഴുവൻ ഗിരിപ്രഭാഷണവും ദൈവപുത്രൻ എന്ന നിലയിൽ യേശുവിന്റെ അധികാരത്തെ ആശ്രയിച്ചിരിക്കുന്നു. മറ്റാർക്കാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുക? മറ്റാർക്കാണ് ഇങ്ങനെ പറവാൻ അവകാശമുള്ളത്? ഗിരിപ്രഭാഷണത്തിന്റെ കാര്യത്തിൽ പ്രസംഗകനും, വാക്കുകൾ പോലെ തന്നെ പ്രധാനമാണ്. ആ ലാവണ്യ വാക്കുകൾ സംസാരിച്ചവൻ എന്ന നിലയിൽ അവ പ്രധാനമാണ്.

ii) അവരുടെ നിയമജ്ഞരെപ്പോലെയല്ല അവൻ പഠിപ്പിച്ചത്

യേശു അവരുടെ നിയമജ്ഞരെപ്പോലെയല്ല പഠിപ്പിച്ചത്. അവരുടെ ഉപദേഷ്ടാക്കൾ എപ്പോഴും ഏതെങ്കിലും റബ്ബിയെയോ ഏതെങ്കിലും എഴുത്തുകാരേയൊ ഉദ്ധരിച്ചു സംസാരിച്ചു. മറ്റുള്ളവർ പറഞ്ഞ കാര്യങ്ങളെ ഉദ്ധരിച്ചുകൊണ്ട് അവർ തങ്ങൾ പറയുന്ന കാര്യങ്ങൾക്ക് ആധികാരികത വരുത്തി. എന്നാൽ യേശു അങ്ങനെയല്ല. അവൻ സ്വന്തം അധികാരത്തിൽ നിന്നു സംസാരിച്ചു. ദൈവത്തിന് മാത്രം നൽകാൻ കഴിയുന്ന അനുഗ്രഹങ്ങൾ അവൻ വാഗ്ദാനം ചെയ്തു. മറ്റ് ഉപദേഷ്ടാക്കൾ വിവിധ റബ്ബിമാരെ ഉദ്ധരിച്ചിടത്ത്, യേശു തന്നെത്തന്നെ ഉദ്ധരിച്ചു. പഴയനിയമ പ്രവാചകന്മാർ പോലും എപ്പോഴും "കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു" എന്ന് പറഞ്ഞുകൊണ്ടാണ് അവർ പറയുന്ന കാര്യങ്ങളുടെ ആധികാരികതയെ ഉറപ്പിച്ചിരുന്നത്. യേശു തന്റെ പഠിപ്പിക്കലുകൾക്ക് ആമുഖമായി പറഞ്ഞു, "എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു." (But I AM WHO I AM say to you!) ഞാനൊ നിങ്ങളോട് പറയുന്നു. നിയമജ്ഞരിൽ നിന്ന് വ്യത്യസ്തമായി, യേശു തന്റെ അധികാരം ഉപയോഗിച്ചു പഠിപ്പിച്ചു. തന്റെ വാക്കു കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ആളുകളുടെ ജീവിതം ഉയരുകയോ വീഴുകയോ ചെയ്യുമെന്ന് അവൻ പ്രഖ്യാപിച്ചു. "ജനക്കൂട്ടം വിസ്മയിച്ചു ... കാരണം യേശു അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണ് പഠിപ്പിച്ചത്" (മത്തായി 7:29).

iii) യേശുവിന്റെ പ്രസംഗത്തോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?

യേശുവിന്റെ പ്രസംഗത്തോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്? അത്ഭുതം ഒരു നല്ല തുടക്കമാണ്, പക്ഷേ അത് പോരാ. ജനക്കൂട്ടം അത്ഭുതപ്പെട്ടു. നിങ്ങൾ ഇപ്പോഴും വിശാലമായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ ഇടുക്കു വാതിലൂടെ അകത്തു കടക്കുക. വിശ്വാസത്തിലും അനുസരണത്തിലും യേശുവിനോട് പ്രതികരിച്ചുകൊണ്ട് അവർ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. ഇല്ലെങ്കിൽ തകർച്ച വളരെ വലുതായിരിക്കും എന്ന് ഓർക്കുക! യേശു എന്ന അടിസ്ഥാനത്തിന്മേൽ പണി ആരംഭിക്കുക. യേശുവിന്റെ വചനത്തെ അടിസ്ഥാനമാക്കി പണിയുക.

നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നത്? നിങ്ങളുടെ അടിസ്ഥാനം എന്തിലാണ് ഉറപ്പിച്ചിരിക്കുന്നത്? നിലനിൽക്കുന്ന എന്തെങ്കിലും പണിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഈ ജീവിതത്തിലെ കൊടുങ്കാറ്റുകളെയും വരാനിരിക്കുന്ന ന്യായവിധിയുടെ കൊടുങ്കാറ്റിനെയും ചെറുക്കുന്ന യേശുവിന്റെയും അവന്റെ വാക്കുകളുടെയും മേൽ നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയാണോ?

കേൾക്കുന്നത് നല്ലതാണ്, പക്ഷേ അത് പോരാ. ഗിരിപ്രഭാഷണത്തിലെ യേശുവിന്റെ വാക്കുകൾ നാം കേൾക്കുക മാത്രമല്ല; അവ നാം പ്രായോഗികമാക്കണം. "ഒരു ജീവിതമേയുള്ളു; അത് വേഗം കടന്നുപോകും; ക്രിസ്തുവിനുവേണ്ടി ചെയ്യുന്നത് മാത്രമേ നിലനിൽക്കൂ." ഇതെല്ലാം നിങ്ങൾ കേൾക്കുന്നത് ചെയ്യുന്നതിനെക്കുറിച്ചാണ്.

*******

Gospel & Acts Sermon Series_20

© 2020 by P M Mathew, Cochin

bottom of page