
നിത്യജീവൻ

P M Mathew
25-03-2018
Believe what Jesus said at face value.
യേശു പറഞ്ഞത് മുഖവിലക്കെടുത്തു വിശ്വസിക്കുക.
മത്തായി 26: 31-35
31 യേശു അവരോടു: “ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ. 32 എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും.” 33 അതിന്നു പത്രൊസ്; എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു. 34 യേശു അവനോടു: “ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു” എന്നു പറഞ്ഞു. 35 നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു”
1. യേശുക്രിസ്തു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും
യേശുക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന ഒരു അദ്ധ്യായമാണ് 26-ാം അദ്ധ്യായം. തന്റെ ഗത്ശമനയിലെ പ്രാർത്ഥന തന്റെ മനുഷ്യത്വത്തിന്റെ എറ്റവും വലിയ നിദർശനമാണെങ്കിൽ ഇവിടെയിതാ തന്റെ ദൈവത്വത്തിൽ അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് വളരെ വ്യക്തമായി ശിഷ്യന്മാരോട് പറയുന്നു. തന്റെ ആസന്നമായിരിക്കുന്ന മരണത്തെക്കുറിച്ചു ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ അതായത്, രണ്ടാം വാക്യത്തിൽ പറഞ്ഞു. അതൊന്നു വായിക്കാം: “രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യ പുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും” എന്നു പറഞ്ഞു." അതുകൂടാതെ മത്തായി 16 ന്റെ 21 ലും; 17ന്റെ 22-23 ലും താനതു ആവർത്തിച്ചിരുന്നു. (അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി (മത്തായി 16 : 21). ഇപ്പോൾ ആ നാഴിക ഇതാ അടുത്തെത്തിയിരിക്കുന്നു. ഈ രാത്രിയിൽ അതു സംഭവിക്കും. എന്നാൽ താൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിനുശേഷം ശിഷ്യന്മാരെ ഗലീലയിൽ കണ്ടുമുട്ടുമെന്ന് പറഞ്ഞു അവർക്കു പ്രത്യാശ നൽകുകയാണ് ഈ വേദഭാഗത്ത് താൻ ചെയ്യുന്നത്.
31-ാം വാക്യത്തിൽ, യേശു പറയുന്നു, “ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും." തന്റെ മരണത്തെക്കുറിച്ചു സഖരിയ പ്രവചനം 16:7 (7 വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകൾ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും.) ഉദ്ധരിക്കുകയാണ് താൻ ഇവിടെ.
2. യേശു പറഞ്ഞത് മുഖവിലക്കെടുത്തു വിശ്വസിക്കുക.
യേശു യാതൊരു വളച്ചുകെട്ടുമില്ലാതെ, യാതൊരു ഉപമയും കൂടാതെ, വളരെ പ്ലെയിനായിട്ടാണ്, തന്റെ മരണത്തെ ക്കുറിച്ചുപറഞ്ഞതെങ്കിലും യേശു മരിക്കുമെന്ന് വിശ്വസിക്കാൻ ശിഷ്യന്മാർക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അവർ അവങ്കൽ ഇടറും. അവർ അവനെ തള്ളിപ്പറയും, അവർ അവനെവിട്ട് ഓടിപ്പോകും. അങ്ങനെ അവർ അവനോടു അവിശ്വസ്തത കാണിക്കും. അവരുടെ വിശ്വാസവുമായി പൊരുത്തപ്പെടാത്ത കാര്യം അവർ ചെയ്യും. അവർ തങ്ങളുടെ വിശ്വാസത്തെ ത്യജിക്കയില്ലെങ്കിലും, ഭയത്താൽ അവർ യേശുവിനെ വിട്ട് ഓടിപ്പോകും. അതു ഇന്നു രാത്രി തന്നെ സംഭവിക്കും എന്ന് യേശു ഒരു പ്രവചനം പോലെ, ഒരു മുന്നറിയിപ്പെന്ന പോലെ അവരോടു പറയുന്നു.
സെഖര്യാ പ്രവചനം 13: 7-ന്റെ നിവൃത്തിയായി ഇത് സംഭവിക്കുമെന്ന് യേശു പറയുന്നു. ദൈവവചനം ഗ്രഹിക്കണമെങ്കിൽ ദൈവംതന്നെ നമ്മുടെ ഹൃദയത്തെ മൂടിയിരിക്കുന്ന മൂടുപടം നീക്കം ചെയ്യേണം. എങ്കിലെ ദൈവവചനം നമുക്കു ഗ്രഹിക്കുവാൻ കഴിയു. യേശു മനുഷ്യരുടെ കയ്യാൽ മരിക്കും; അവന്റെ കൊലപാതകത്തിന് മനുഷ്യർ ഉത്തരവാദികളായിരിക്കും. അതേസമയം പിതാവാണ് സ്വന്തം പുത്രനെ അടിക്കുന്നത് എന്ന് യെശയ്യാ പ്രവചനവും പറയുന്നു. യെശയ്യാവു 53:6 ൽ നാം ഇപ്രകാരം വായിക്കുന്നു: "എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേൽ ചുമത്തി". "അവനെ തകർത്തുകളവാൻ യഹോവക്കു പ്രസാദം തോന്നി" (53:10). “സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു വേണ്ടി ഏൽപ്പിച്ചുതന്നു” എന്നും റോമർ 8:32 ലും നാം വായിക്കുന്നു. അതായത്, ദൈവത്തിന്റെ പദ്ധതിയും മനുഷ്യന്റെ തിന്മയും സമന്വയിച്ച്, ദൈവത്തിന്റെ ആത്യന്തിക പദ്ധതി ദൈവം നിവൃത്തിപ്പാൻ പോകുന്നു.
ഇടയനായ യേശുവിനെ കൊല്ലേണ്ടതിനായി അവനെ വെട്ടും. അപ്പോൾ ആടുകൾ എല്ലാം ചിതറിപ്പോകും. എന്നാൽ അവരുടെ ചിതറിപ്പോക്ക് അധികസമയം നീണ്ടു നിൽക്കുകയില്ല. താൻ പുനരുത്ഥാനം ചെയ്തതിനു ശേഷം, അവർ അവനെ എവിടെയാണ് കണ്ടുമുട്ടേണ്ടതെന്ന് യേശു പ്രത്യേക നിർദ്ദേശം നൽകുകയാണ്. അവർക്കു താൻ പ്രത്യാശ നൽകുകയാണ്. “ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലിയിലേക്കു പോകും.”
ഇതൊക്കേയും യേശുവിന്റെ സർവജ്ഞാനത്തിന്റേയും ദൈവത്വത്തിന്റേയും വലിയ പ്രദർശനമാണ്. എന്നാൽ താനിതു പറയുമ്പോൾ ശിഷ്യന്മാരുടെ അതിനോടുള്ള പ്രതികരണം കൂടി വിലയിരുത്തുന്നത് ഉചിതമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ആദ്യം പത്രൊസ് പറയുന്നതു നോക്കാം: 33 "അതിന്നു പത്രൊസ്; എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു."
യേശുവിനെ തന്റെ വചനപ്രകാരം സ്വീകരിക്കാനും അവനോടു തർക്കിക്കാതിരിക്കാനും പത്രോസ് ഇപ്പോഴെങ്കിലും പഠിച്ചിരുന്നുവെങ്കിൽ എന്നു തോന്നിപ്പിക്കുന്ന ഒരു അവസരമായി ഇതിരിക്കുന്നു. പത്രോസിനു കർത്താവിന്റെ വാക്കുകളെ മുഖവിലക്കെടുത്തു വിശ്വസിപ്പാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല ഒരു വെല്ലുവിളി പോലെയുള്ളതായിരുന്നു പത്രോസിന്റെ മറുപടി. താൻ പറഞ്ഞതിന്റെ അർത്ഥം ഈ ഇരിക്കുന്ന 10 പേരും നിങ്കൽ ഇടറിയാലും ഈ ഞാൻ നിന്നിൽ ഒരുനാളും ഇടറുകില്ല" എന്നാണ്.
പത്രോസിന്റെ വാക്കുകളും വ്യാകരണ ശൈലിയും തന്റെ അവിശ്വാസത്തിന്റേയും തലക്കനത്തിന്റേയും മറ്റ് ശിഷ്യന്മാരോടുള്ള പുച്ഛത്തിന്റേയും ചുവയുള്ളതായിരുന്നു.
എന്നാൽ കർത്താവ് ഇപ്പോൾ പത്രോസിനെ ഒരു പ്രധാന പാഠം പഠിപ്പിക്കുകയാണ്. സർവജ്ഞനിയായ ഒരാളോട് തർക്കിക്കുന്നത് ബുദ്ധിയല്ല എന്ന പാഠമാണ് കർത്താവ് ഇതിലൂടെ പത്രോസിനെ പഠിപ്പിക്കുന്നത്. നിന്റെ വീരവാദം, ആത്മപ്രശംസ വെറുതെയാകുമെന്ന് യേശു പത്രോസിനോട് പറയുന്നു.
34-ാം വാക്യം: യേശു പത്രോസിനു നൽകുന്ന മറുപടിയാണ്: നീ ഒരുനാളും ഇടറുകില്ല എന്നല്ലേ പറഞ്ഞത് എന്നാൽ കേട്ടുകൊള്ളു, “ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു” എന്നു പറഞ്ഞു." ഞാൻ സത്യമായിട്ട്, അല്ലെങ്കിൽ അടിവരയിട്ട്, അതല്ലെങ്കിൽ ഏറ്റവും ഉറപ്പായിട്ട്, നിന്നോടു പറയുന്നു: “ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും." പത്രോസ് തന്നെ തള്ളിപ്പറയുമെന്ന് മാത്രമല്ല, മൂന്നു വട്ടം താനതു ആവർത്തിക്കും. ഇനിയും അത് എപ്പോൾ സംഭവിക്കുമെന്നും യേശു വ്യക്തമായി പറയുന്നു.
സാധാരണഗതിയിൽ കോഴി കൂവുന്ന സമയമെന്ന് പറയുന്നത് പുലർച്ചെ 3 നും 4 നും ഇടയ്ക്കാണ്. നാളെ സൂര്യനുദിക്കുന്നതിനുമുൻപ് നീയിതു ചെയ്തിരിക്കും. ഇതു യേശുവിന്റെ ദൈവത്വത്തിന്റെ എത്രയൊ വലിയ തെളിവാണ്. വചനം ഇത്രയൊക്കെ വ്യക്തമായി യേശുവിന്റെ ദൈവത്വത്തെക്കുറിച്ചു വെളിപ്പെടുത്തിയിട്ടും യേശുക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന അനേകർ ഇന്ന് ലോകത്തുണ്ട് എന്നത് എത്രയൊ സങ്കടകരമാണ്!
3. താഴ്മ ധരിക്കുക
പത്രോസിനേക്കാൾ നന്നായി യേശുവിനു, പത്രോസിന്റെ ഹൃദയത്തെ അറിയാമായിരുന്നു. അതേ നമ്മുടെ ഹൃദയത്തെ, നമ്മേക്കാൾ അധികം നമ്മുടെ കർത്താവ് അറിയുന്നു. നാം ചെയ്യാൻ പോകുന്ന എല്ലാ മഹത്തരമായ കാര്യങ്ങളെക്കുറിച്ചും നമുക്ക് ആഗ്രഹിക്കുന്നത്ര പ്രശംസിക്കാൻ കഴിയും; പക്ഷേ അത് നമ്മുടെ അവകാശവാദങ്ങൾക്ക് അനുസൃതമായി ചെയ്യുന്നതിൽ നാം പരാജയപ്പെടുമ്പോൾ, നാം എത്ര സ്വയം വഞ്ചിതരാണെന്ന് തെളിയിക്കാൻ മാത്രമേ ഈ അവകാശവാദങ്ങൾ ഉപകരിക്കു.
അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ, എന്നെ സഹായിക്കണം എന്നു പറയേണ്ടതിനു പകരം, പത്രോസ് തന്റെ വീരവാദം തുടരുന്നതാണ് 35-ാം വാക്യത്തിൽ നാം കാണുന്നത്. (വാക്യം 35) “നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു”.
യേശു തന്നോട് പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ പത്രോസിന്റെ ആത്മധൈര്യം സമ്മതിച്ചില്ല. താൻ ഒരിക്കൽ കൂടി തന്റെ വീരവാദം ആവർത്തിക്കുന്നു. ഇപ്പോൾ മറ്റുള്ളവരും അതിൽ പങ്കുചേരുന്നു. ഒരുപക്ഷെ തങ്ങളുടെ വിശ്വസ്തത പ്രകടിപ്പിക്കുന്നത് വളരെ നല്ലതാണെന്ന് അവർക്കു തോന്നിയിരിക്കണം. പത്രോസിനെ പോലെ തങ്ങളും വളരെ വിശ്വസ്താരാണെന്നു അവരും യേശുവിനോടു പറയുന്നു. തങ്ങൾ കൂടുതൽ പ്രതിബദ്ധതയുള്ള, ശക്തരായ, മികച്ച ധൈര്യമുള്ളവരാണെന്ന് കരുതി.
മുമ്പ് പലതവണ അവരുടെ ബലഹീനമായ സ്വഭാവസവിശേഷതകൾ പ്രകടിപ്പിച്ചതിനാൽ, അവർ എത്ര ദുർബലരും ഭയപ്പെടുന്നവരുമാണെന്ന് അവർ അറിഞ്ഞിരിക്കണം എന്ന് യേശു ആഗ്രഹിച്ചു. പക്ഷേ അവരുടെ സ്വയപ്രശംസ/ആത്മപ്രസംസ അത്തരമൊരു കാര്യത്തെ ഉൾക്കൊള്ളാൻ അവരെ അനുവദിച്ചില്ല. താഴ്‌മയുടെ മഹത്തായ പാഠം കഠിനമായി പഠിക്കുന്നതിനുമുമ്പ് യേശു അവരെ തിരുത്തിയതുമില്ല.
വാസ്തവത്തിൽ അവർ കർത്താവിനോടുള്ള ആത്മാർത്ഥതയിൽ തന്നെയാണ് ഇതു പറഞ്ഞത് എന്ന് എനിക്കുറപ്പുണ്ട്. എന്നാൽ അവരുടെ ആത്മാർത്ഥത പാപത്തിനു ഒരു ഒഴികഴിവല്ല. കർത്താവിനെക്കൂടാതെ, നാം തികച്ചും അശക്തരും ബലഹീനരുമാണ് എന്ന് സമ്മതിക്കാൻ നമുക്കു കഴിയണം. അതിനു വളരെ താഴ്മ നമുക്ക് വളരെ ആവശ്യമാണ്.
കർത്താവിന്റെ ദൈവത്വവും മനുഷ്യത്വവും വ്യക്തമായി വെളിപ്പെടുന്നത് ഈ വേദഭാഗത്ത് നാം ദർശിച്ചു. കർത്താവിന്റെ വാക്കുകളെ മുഖവിലക്കെടുത്തു വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയും നാം കണ്ടു. അതുകൂടാതെ നമ്മൂടെ ആശ്രയം നമ്മിലല്ല, കർത്താവിലാണ് വെക്കേണ്ടത് എന്ന കാര്യവും നാം ശ്രദ്ധിച്ചു. അതിനു നാം വളരെ താഴ്മ ധരിക്കേണ്ടത് ആവശ്യമാണ് എന്ന കാര്യവും നമുക്കു ഓർക്കാം.
*******
Gospel & Acts Sermon Series_10