
നിത്യജീവൻ

P M Mathew
SEP 26, 2024
Blessed are the justified, for theirs is the Kingdom of Heaven!
നീതീകരിക്കപ്പെട്ടവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്!
എന്നാൽ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പ്രകടനപത്രികയിൽ നിന്നും സ്വഭാവത്തിൽ തുലോം വ്യത്യസ്ഥവും അതേസമയം 100% ഗ്യാരന്റിയുമുള്ള ഒരു മാനിഫെസ്റ്റൊ ആണ് നാമിന്നു ഒരുമിച്ചു ചിന്തിക്കുവാൻ പോകുന്നത്. അതിനായി മത്തായി സുവിശേഷം 5:1-12 വായിക്കാം.
മത്തായി 5:1-12
"അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. 2 അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ: 3 “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. 4 ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും. 5 സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. 6 നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും. 7 കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. 8 ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. 9 സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും. 10 നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. 11 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. 12 സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ."
മത്തായി സുവിശേഷം 5-7 വരെ അദ്ധ്യായങ്ങൾ ഗിരിപ്രഭാഷണം എന്ന പേരിൽ അറിയപ്പെടുന്ന യേശുവിന്റെ വളരെ പ്രസിദ്ധമായ പഠിപ്പിക്കലുകളാണ്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹിപ്പൊയിലെ ബിഷപ്പായിരുന്ന വിശുദ്ധ ഓഗസ്റ്റീൻ (St. Augustine was the bishop of Hippo (in Roman North Africa) (now Annaba, Algeria) from 396 to 430.) ആണ് ഈ വേദഭാഗത്തിനു ഗിരിപ്രഭാഷണം എന്നു പേരു നൽകിയത്. യേശുവിന്റെ ഈ വളരെ പ്രസിദ്ധമായ പ്രഖ്യാപനങ്ങൾ ചരിത്രത്തിലുടനീളം കോടിക്കണക്കിനും ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക; മറ്റുള്ളവർ നിങ്ങൾക്കു ചെയ്യുവാൻ ഇച്ഛിക്കുന്നത് നിങ്ങൾ അവർക്കു ചെയ്യുക എന്നിങ്ങനെ ഒരു മതസ്ഥാപകനും പറയാത്ത പ്രസ്ഥാവനകളാണ് കർത്താവ് ഇവിടെ നടത്തിയിരിക്കുന്നത്.
ഈ മൂന്ന് അദ്ധ്യായങ്ങൾക്ക് വളരെ മനോഹരമായ ഒരു structure/ഘടനയുണ്ട്. മൂന്നു ഭാഗങ്ങളായി ഇതിനെ തരം തിരിക്കാം. ആമുഖം, ഒരു വലിയ പ്രധാനഭാഗം, പിന്നെ ഉപസംഹാരം.
ഈ മൂന്നു ഭാഗങ്ങൾ ഒരോന്നിനും വെവ്വേറെ മൂന്നു ഭാഗങ്ങൾ ഉണ്ട്. അങ്ങനെ മൊത്തം 9 ഭാഗങ്ങൾ അടങ്ങിയ ഒരു ഘടനയാണ് ഗിരിപ്രഭാഷണ ത്തിനുള്ളത്. ഇവയുടെ ഒക്കേയും മദ്ധ്യഭാഗത്താണ് യേശു തന്റെ അനുയായികളെ പഠിപ്പിച്ച പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്: നമുക്കെല്ലാവർക്കും സുപരിചിതമായ ആ പ്രാർത്ഥന: "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; 10 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ" (മത്തായി 6:9) എന്നതാണ്. അങ്ങനെ വളരെ മനോഹരമായ ഒരു രൂപഘടനയാണ് ഈ ഗിരിപ്രഭാഷണത്തിനുള്ളത്.
ഗിരിപ്രഭാഷണത്തിലെ ഒന്നാം ഭാഗമാണ് നാമിവിടെ വായിച്ചത്. ഇതിനെ ഗിരിപ്രഭാഷണത്തിന്റെ ആമുഖമെന്ന് പറയം(R). ഗിരിപ്രഭാഷണത്തിന്റെ ആമുഖം. ഇതിനെ പൊതുവേ "beatitudes-ഭാഗ്യാശംസകൾ" എന്നു വിളിക്കുന്നു. ഈ മൂന്നു അദ്ധ്യായങ്ങളിലെ മുഴുവൻ പ്രബോധനത്തിന്റെയും സാരാംശം സംഗ്രഹിക്കുന്ന ഹ്രസ്വ പ്രസ്താവനകളാണ് ഈ ഭാഗ്യാശംസകൾ. അതായത്, ഈ മൂന്നു അദ്ധ്യായങ്ങളിലായി പരന്നുകിടക്കുന്ന യേശുവിന്റെ ഉപദേശങ്ങൾ സംഗ്രഹരൂപത്തിൽ അഥവാ സാരാംശരൂപത്തിൽ വളരെ ലളിതമായ പ്രസ്താവനകളാക്കി അവതരിപ്പിക്കുകയാണ് യേശുക്രിസ്തു ഈ ആമുഖത്തിൽ. ഓരോ ഭാഗ്യാശംസകളും ഔപചാരികമായി ഒരു പ്രഖ്യാപനവാക്യമാണ്. ഈ ഓരോ പ്രഖ്യാപനവും പരോക്ഷമായി ഉത്സാഹം പകരുന്നതും, കേൾവിക്കാരുടെ പ്രതികരണം ആവശ്യപ്പെടുന്നതുമായ പ്രഖ്യാപനങ്ങളാണ്. അതായത്, ഇത് വെറുതെ കേട്ടാൽ പോരാ, അതിനോടു പോസിറ്റീവായി പ്രതികരിക്കുകയും വേണം എന്നുസാരം. വലിയ വിശദീകരണങ്ങളൊന്നുമില്ലാതെ കേവലം പ്രസ്താവനകളായിട്ടു മാത്രമാണ് ഇവ നൽകിയിരിക്കുന്നത് എന്നതിനാൽ മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള വേദഭാഗമാണിത്.
ഈ വേദഭാഗം പഠിക്കുന്ന രീതിയെക്കുറിച്ചു ചില കാര്യങ്ങൾ പറയാം.
ഇത് പഠിക്കുന്ന രീതിയിലും അല്പം വ്യത്യാസമുണ്ട്. ഒന്നാം നൂറ്റാണ്ടിലെ യഹൂദ സംസ്‌കാരത്തിന്റെയും വിശ്വാസങ്ങളുടെയും ചരിത്രപരമായ സന്ദർഭം മാത്രമല്ല, മലമുകളിലെ പ്രസംഗത്തിലെ അനുഗ്രഹങ്ങളുടെ മൊത്തം പശ്ചാത്തലത്തിലും ഈ ഭാഗ്യാശംസകൾ നാം ചിന്തിക്കണം. ഈ വിഭാഗത്തിന്റെ പഠനത്തിന് പ്രാഥമികമായി ആ സന്ദർഭങ്ങളിലെ വാക്കുകളുടെ അർത്ഥം കൈകാര്യം ചെയ്യേണ്ടതുണ്ട്, പ്രത്യേകിച്ചും അവരുടെ ഹീബ്രു, അരമായ ഭാഷകളിൽ നിന്ന് ഈ ആശയങ്ങൾ അറിയുന്ന സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ അതിനെ മനസ്സിലാക്കാൻ ശ്രമിക്കണം. അതായത്, ഇന്നത്തെ ഭാഷയുടേയൊ സംസ്ക്കാരത്തിന്റെയൊ അടിസ്ഥാനത്തിൽ അതിലെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചാൽ അതിന്റെ ആശയം പൂർണ്ണമായി നമുക്കു ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നുവരികയില്ല.
വാക്കുകളുടെ അർത്ഥം മനസ്സിലാക്കിക്കഴിഞ്ഞാൽ, ഉപവാക്യങ്ങൾ തമ്മിലുള്ള ബന്ധം, പ്രാഥമികമായി "അനുഗ്രഹ" വാക്യങ്ങളും "വാഗ്ദത്ത ഫലവും" തമ്മിലുള്ള ബന്ധങ്ങൾ നാം പരിഗണിക്കേണ്ടതുണ്ട്. കൂടാതെ പഴയനിയമത്തിലും പുതിയനിയമത്തിലും അവതരിപ്പിച്ചിരിക്കുന്ന സ്വർഗ്ഗരാജ്യത്തെ ക്കുറിച്ചുള്ള ബൈബിൾ ഗ്രാഹ്യവുമായി നാം അതിനെ ബന്ധിപ്പിക്കേണ്ടതുണ്ട്. അതായത്, ക്രിസ്തുവിന്റെ ആദ്യ വരവോടെ സ്വർഗ്ഗരാജ്യം ഉത്ഘാടനം ചെയ്യപ്പെട്ടുവെന്നും ആ രാജ്യം ക്രിസ്തുവിന്റെ രണ്ടാം വരവിലെ പൂർത്തിയാകുകയുള്ളു എന്നും നാം നാം കാണുന്നു. അതായത്, Already ... not yet എന്ന concept ൽ സ്വർഗ്ഗരാജ്യത്തെ നാ കാണണം. ആ നിലയിൽ വിശ്വാസികൾ ഇപ്പോൾ സ്വർഗ്ഗരാജ്യത്തിലാണ്; എന്നാൽ രണ്ടാം വരവിലെ ആ രാജ്യം പൂർത്തിയാകയുള്ളു. അതുകൊണ്ട് സ്വർഗ്ഗരാജ്യം എന്ന ആശയത്തിന്റെ രണ്ട് തലങ്ങളേയും ഉൾക്കൊള്ളുന്ന നിലയിൽവേണം ഇതിലെ ആശയങ്ങളെ മനസ്സിലാക്കേണ്ടത്.
എട്ട് സംഗ്രഹ ഭാഗ്യാശംസകളാണ് ഇവിടെ കാണുന്നത് എങ്കിലും അവയിലെല്ലാം കൂടി ഒമ്പത് "ഭാഗ്യവാന്മാർ" എന്ന പ്രയോഗം കാണാം. അതിനു കാരണം, പട്ടികയിലെ അവസാനത്തെ അഥവാ ഒൻപതാമത്തെ ചൊല്ല്, അതായത് 11-ാം വാക്യം വ്യത്യസ്തമാണ്: അത് മുൻ വാക്യങ്ങളെപോലെ വളരെ ഹൃസ്വമായ ഒരു ഭാഗ്യാശംസയല്ല, പ്രത്യുത ഒരു വിശദീകരണ മാതൃകയിലുള്ള ഒരു വാക്യമാണത്. പിന്നെ മറ്റൊരു വ്യത്യാസം അവിടെ നാം കാണുന്നത്, "അവർ ഭാഗ്യവാന്മാർ" എന്നല്ല, "നിങ്ങൾ ഭാഗ്യവാന്മാരാണ്" എന്നാണ്. “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു." അവർക്കുള്ളത്, അവർക്കുള്ളത് എന്ന് 8 തവണ ആവർത്തിക്കുമ്പോൾ ഒൻപതാമത്തെ തവണ നിങ്ങൾക്കുള്ളത് എന്നു പറയുന്നു. മാത്രവുമല്ല, 11-ാം വാക്യം എട്ടാമത്തെ ഭാഗ്യാശംസയുടെ ഒരു വിശദീകരണമായി നൽകുന്നതും അതു തന്റെ ശിഷ്യന്മാരെ പ്രത്യേകമായി ഉദ്ദേശിച്ചുള്ളതുമാണ്. ഇത്രയും കാര്യങ്ങളാണ് ഈ വേദഭാഗത്തെ നാം നന്നായി നിരീക്ഷിച്ചാൽ കാണാൻ കഴിയുന്നത്.
ഇനി ഇതിന്റെ പശ്ചാത്തലത്തെക്കുറിച്ച് അല്പമായി ചിന്തിക്കാം.
മത്തായി സുവിശേഷകൻ പഴയനിയമപ്രവചനങ്ങളുടെ നിവൃത്തി എന്ന നിലയിലാണ് യേശുവിനെ അവതരിപ്പിക്കുന്നത്. "സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ" (4:17) എന്ന പ്രഖ്യാപനത്തോടെയാണ് യേശു തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നത്. അപ്പോഴത്തെ യിസ്രായേലിന്റെ അവസ്ഥയെന്നത്, റോമാ ഭരണത്തിൻ കീഴിൽ അടിച്ചമർത്തലിൽ കഴിയുന്ന ജനം. പലരുടേയും ഭൂമി നഷ്ടപ്പെട്ടവർ, നാനാവ്യാദികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്ഥർ, തളർവാദരോഗികൾ, ദാരിദ്ര്യം അനുഭവിക്കുന്നവർ, അമിതമായ നികുതിഭാരം ചുമക്കുന്നവർ; അങ്ങനെ യാതൊരു പ്രതീക്ഷക്കും വകയില്ലാത്തവരാണവർ. തങ്ങളെ നയിക്കുന്ന മതനേതൃത്വമാകട്ടെ അവർക്കു ചുമക്കാൻ കഴിയാത്തനുകം ജനങ്ങളെമേൽ കെട്ടിവെച്ച് അധികാരത്തിനും പണത്തിനും പ്രശക്തിക്കുമായി നടക്കുന്നു. അങ്ങനെ എല്ലാ നിലയിലും ഒരു രക്ഷകനെ കാത്തിരിക്കുന്ന ഒരു സാധാരണ ജനത്തോടാണ് യേശു സംസാരിക്കുന്നത്. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം അവർക്കിത് വളരെ പ്രതീക്ഷ നൽകുന്ന വാക്കുകളാണിവ.
ഇനി നമുക്ക് നാം വായിച്ച വേദഭാഗത്തിന്റെ 1-3 വരെ വാക്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധയെ തിരിക്കാം:
"അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. 2 അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ: 3 “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു." (മത്തായി 5:1-3).
ഈ ഭാഗ്യാശംസയെ മൂന്നായി തിരിക്കാമെന്ന് ഞാൻ മുന്നമെ സൂചിപ്പിച്ചുവല്ലൊ. അതിലെ ഒന്നാം ഭാഗമാണിത്. ഈ ഭാഗത്തിനു ഞാൻ നൽകുവാൻ ഉദ്ദേശിക്കുന്ന തലക്കെട്ട് എന്നത്, "നീതീകരിക്കപ്പെട്ടവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്"
യേശു യോർദ്ദാൻ നദിയിലെ സ്നാനവും മരുഭൂമിയിലെ സാത്താന്റെ പരീക്ഷകൾക്കും ശേഷം ഗലീലയിൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിക്കുവാൻ തുടങ്ങി. അപ്പോഴാണ് യോഹന്നാൻ തടങ്കലിൽ ആയി എന്ന വിവരം തനിക്കു ലഭിക്കുന്നത്. തുടർന്ന്, കുറച്ചുകൂടി വിശാലമായ പ്രേക്ഷകരിലേക്ക് എത്താൻ, അവൻ നസ്രത്തിൽ നിന്ന് ഗലീല തടാകത്തിന്റെ വടക്കു പടിഞ്ഞാറെ തീരത്തുള്ള കഫർണഹൂമിലേക്ക് തന്റെ പ്രവർത്തനം മാറ്റുന്നു. അവിടെയുള്ള ഒരു മലയുടെ മുകളിലാണ് താനിപ്പോൾ ആയിരിക്കുന്നത്. അവിടെ വെച്ചാണ് യേശു ഈ സന്ദേശം നൽകിയത്. സാധാരണ റബ്ബിമാർ ചെയ്യുന്നതുപോലെ അവിടെയുള്ള ഒരു പാറമേൽ ഇരുന്നുകൊണ്ടാണ് തന്റെ പ്രഭാഷണം ആരംഭിക്കുന്നത്.
ദൈവത്തിന്റെ മഹാകാരുണ്യത്താൽ, ഞങ്ങൾക്കും ബാബുച്ചായനും സാലിസഹോദരിക്കുമൊക്കെ ഈ സ്ഥലം സന്ദർശിക്കുവാൻ അവസരം ലഭിച്ചു. അതോർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. വളരെ മനോഹരമായ ഒരു സ്ഥലമാണ്, മാത്രവുമല്ല, ബാബുച്ചായൻ അവിടെവെച്ച് ഒരു ചെറിയ സന്ദേശം നൽകുകയും ചെയ്തു. ആ സ്ഥലത്തിന്റെ പ്രത്യേകത എന്തെന്നാൽ മലമുകളിൽ നിന്നു ഒരാൾ സംസാരിച്ചാൽ താഴെയുള്ള അനേകർക്ക് അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ കഴിയുമെന്നതാണ്.
നാലാം അദ്ധ്യായത്തിന്റെ അവസാന വാക്യത്തിൽ യേശുവിന്റെ അടുക്കൽ തടിച്ചുകൂടിയ ജനത്തെക്കുറിച്ചു പറയുന്നുണ്ട്. അവർ "ഗലീല, ദെക്കെപ്പൊലി, യെരുശലേം, യെഹൂദ്യ, യോർദ്ദാന്നക്കരെയുള്ള ഇടങ്ങൾ" എന്നിവിടങ്ങളിൽ നിന്നു വന്നവരാണ് (4:26). ജാതികളുടെ ഗലീലി എന്ന് 3:14 ൽ പറഞ്ഞിരിക്കുന്നതിനാൽ അതിൽ യെഹൂദന്മാരെകുടാതെ ജാതികളും ഉണ്ടെന്ന് നമുക്ക് അനുമാനിക്കാം. കൂടാതെ തന്നോടു കൂടെ നടക്കുന്ന തന്റെ ശിഷ്യഗണവുമുണ്ട്. അങ്ങനെ സമ്മിശ്രമായ ഒരു ജനസമൂഹത്തോടാണ് യേശു സംസാരിക്കുന്നത്.
സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് യേശു തന്റെ പരസ്യശുശ്രുഷ ആരംഭിച്ചത് എന്നു ഞാൻ മുന്നമെ സൂചിപ്പിച്ചുവല്ലൊ. ആ രാജ്യം കൊണ്ടുവരുന്നത്ശു യേശുവാണ്. താനായിരിക്കും അതിലെ രാജാവ്. ഇന്നത്തെ ഏതൊരു ഭരണാധികാരിയും ജനത്തെ വോട്ടിനായി സമീപിക്കുമ്പോൾ പ്രകടന പത്രിക ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്നതുപോലെ, യേശുക്രിസ്തുവിന്റെ രാജ്യത്തിന്റെ പ്രത്യേകതകളെ വിവരിക്കുന്ന ഒരു പ്രകടന പത്രിക താൻ അവരുടെ മുൻപിൽ വെക്കുന്നു. ഇതിൽ യേശുവിന്റെ ഈ ഭൂമിയിലെ ഉദ്ദേശ്യങ്ങളും പ്രവർത്തനങ്ങളും എന്താണെന്ന് വിവരിക്കുന്നു. ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുന്നവരൂടെ സ്വഭാവത്തിലും മനോഭാവങ്ങളിലും വ്യതിയാനം വരുത്തിക്കൊണ്ട് അവരെ അനുഗ്രഹീതരാക്കുവാൻ പോകുകയാണ്. ആയതിനാൽ, ഒരു ക്രിസ്തുവിശ്വാസിയുടെ മനോഭാവത്തിൽ ഇത് ശ്രദ്ധകേന്ദ്രികരിക്കുന്നു. ആ മനോഭാവങ്ങളുള്ളവരായി ജീവിക്കുവാൻ യേശു അവരേയും അതുവഴി നമ്മേയും പ്രോത്സാഹിപ്പിക്കുന്നു.
തന്റെ രാജ്യത്തിലെ പ്രജകളുടെ ജീവിതത്തിന്റെ അടിത്തറ നീതിയോടെയുള്ള ഒരു ജീവിതം നയിക്കുക എന്നതാണ്. ദൈവത്തോടും മനുഷ്യരോടും ഉള്ള ശരിയായ ബന്ധത്തിൽ ജീവിക്കുന്നതിനേയാണ് ഇവിടെ നീതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതിന്റെ സ്വഭാവമെന്താണ് എന്നാണ് തുടർന്ന് താൻ വിശദീകരിക്കുന്നത്.
യേശുവിന്റെ അടുക്കലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ ഉദ്ദേശിച്ചായിരുന്നു പ്രഭാഷണമെങ്കിലും; അതിന്റെ പ്രാഥമിക ഊന്നൽ തന്റെ ശിഷ്യന്മാരാണ്. അവരാണ് "യഥാർത്ഥ ഇസ്രായേൽ" അഥവാ ആത്മീയ ഇസ്രായേൽ. അവർ ഇതിനോടകം സ്വർഗ്ഗരാജ്യത്തിൽ തങ്ങളുടെ ജീവിതം ആരംഭിച്ചവരാണ്; ശേഷിക്കുന്നവരിൽ ആരാണോ അനുതപിക്കുവാനും തങ്ങളുടെ രാജാവിനെ അനുഗമിക്കുവാനും പോകുന്നത്, അവരെ നമുക്കു ഭാവി "ഇസ്രായേൽ" ആയി കണക്കാക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യേശു എല്ലാ ആളുകളോടും ദൈവത്തിന്റെ യഥാർത്ഥ ഇഷ്ടം സംസാരിച്ചു. അവർ മാനസാന്തരപ്പെട്ട് അവന്റെ രാജ്യത്തിൽ പ്രവേശിച്ചാൽ എല്ലാവരും പ്രകടിപ്പിക്കേണ്ട നീതിയാണ് യേശു ഇവിടെ പ്രഖ്യാപിക്കുന്നത്, തന്റെ ശിഷ്യന്മാർ അത് ആരംഭിച്ചു കഴിഞ്ഞു. ദൈവരാജ്യത്തിലേക്കു പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നവർക്കു അതിലേക്കു പ്രവേശിക്കാം. ആ നിലയിൽ മുഴുവൻ പ്രസംഗവും എല്ലാവരേയും ഉദ്ദേശിച്ചുള്ളതാണ്. അതിന്റെ മുഖ്യപ്രമേയമെന്നു പറയുന്നത് നീതിയാണ്, അതിന്റെ സ്വഭാവമാണ് തന്റെ രാജ്യത്തിന്റെ നിലവാരം. നിലവാരത്തിൽ ഒട്ടും വെള്ളം ചേർക്കുന്ന പ്രശ്നമില്ല. നിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീശ്ചക്കും താൻ തയ്യാറല്ല.
മറ്റൊരു രീതിയിൽ ചിന്തിച്ചാൽ, ആളുകൾക്ക് രാജ്യത്തിൽ പ്രവേശിക്കാൻ അവർ എത്രമാത്രം നീതിയുള്ളവരായിരിക്കണമെന്നും, ആ നീതിനിഷ്‌ഠമായ ജീവിതം രാജ്യത്തിലെ പൗരന്മാർക്ക് എങ്ങനെകാണപ്പെടുന്നുവെന്നും ഈ പ്രഭാഷണം പറയുന്നു. എന്നാൽ ഈ നീതി എങ്ങനെ നേടാം എന്നതിന്റെ വിശദാംശങ്ങൾ ഒന്നും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ, രാജ്യത്തിന്റെ ഭാഗമായ, വാഗ്ദാനങ്ങളുടെ അവകാശിയായ ഒരു തികഞ്ഞ ക്രിസ്തുശിഷ്യന്റെ ചിത്രം ഈ ഭാഗ്യാശംസകൾ നമുക്കു നൽകുന്നു. എന്നാൽ ഒരു തികഞ്ഞ ശിഷ്യനായിത്തീരുന്നത് എങ്ങനെയെന്ന് യേശു ഈ വേദഭാഗത്തു പറയുന്നില്ല; അത് തുടർന്നുള്ള പഠിപ്പിക്കലുകളിലെ നമുക്കു കാണാൻ കഴിയു.
ഇനി നമുക്കു ഒന്നാമത്തെ ഭാഗ്യാശംസ എന്താണെന്ന് നോക്കാം; “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു."
ഈ മുന്നു വാക്യങ്ങളിൽ നിന്നും ഒന്നാമത്തെ പോയിന്റായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം "നാം ആത്മാവിൽ ദരിദ്രരൊ?" എന്നതാണ്.
1, "നാം ആത്മാവിൽ ദരിദ്രരൊ?"
"ആത്മാവിൽ ദരിദ്രർ" എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കു ഓടിയെത്തുന്നത് സമ്പത്തുമായൊ വസ്തുവകകളുമായൊ ബന്ധപ്പെട്ട ദാരിദ്ര്യമാണ്. അത് അതിന്റെ ഭാഗമാണ്, എന്നാൽ അതു പൂർണ്ണമല്ല, അതിനൊരു ആത്മീയ വശമുണ്ട്. അതു മനസ്സിലാകണമെങ്കിൽ അതിന്റെ പഴയനിയമ പശ്ചാത്തലം നാം നോക്കണം.
ഈ പ്രഭാഷണത്തിന്റെ തുടക്കത്തിലെ അനുഗ്രഹങ്ങളുടെ അർത്ഥത്തെക്കുറിച്ചുള്ള ഏറ്റവും ബോധ്യപ്പെടുത്തുന്ന വിവരണങ്ങളിലൊന്ന് യെശയ്യാവ് 61: 1-3 ഉണ്ട്. യേശയ്യാ eschatalogical ആയിട്ടാണ് അതു പറയുന്നത്. മത്തായി സുവിശേഷകന്റെ ആഖ്യാനരീതിയനുസരിച്ച് ഇതും അതിനോടു യോജിക്കും. അതിനാൽ, ഈ ഭാഗം പഠിക്കുമ്പോൾ, മിശിഹായും മിശിഹൈക രാജ്യവും എങ്ങനെയായിരിക്കുമെന്ന യെശയ്യാവിന്റെ പ്രവചനം നോക്കേണ്ടതുണ്ട്.
യെശയ്യാവ് 61:1-3 വരെ വാക്യങ്ങളിൽ നാം വായിക്കുന്നത്: "എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും 2 യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും 3 സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും." (The Spirit of the Lord God is upon me, because the Lord has anointed me to bring goodnews to the poor;) ഇങ്ങനെയുള്ള ദരിദ്ര്യരേയും മനസ്സുതകർന്നവരേയും, ബദ്ധന്മാരേയും, തടവുകാരേയും വിടുവിച്ച് സ്വതന്ത്രരും നീതിവൃക്ഷങ്ങളും ആക്കുവാനാണ് യേശു വന്നിരിക്കുന്നത്. "നീതിവൃക്ഷങ്ങൾ" എന്നാൽ ദൈവത്തോടും മനുഷ്യരോടും ശരിയായ ബന്ധത്തിലായിരിക്കുന്നവരാക്കുവാനാണ് താൻ വന്നിരിക്കുന്നത്. ലൂക്കോസ് 4-ൽ യേശു ആ ഭാഗം സിനഗോഗിൽ വായിക്കുകയും അത് അവരുടെ കേൾവിയിൽ നിവൃത്തിയായതായി പറയുകയും ചെയ്തത് ഓർക്കുക. “ദരിദ്ര്യരെ” കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന് ഈ ഭാഗം നമ്മെ സഹായിക്കും. യെശയ്യാവ് ഉപയോഗിക്കുന്ന ദർദ്രർ എന്നപദം പ്രവാസത്തിലേക്ക് കൊണ്ടുപോകപ്പെട്ട ആളുകളെ വിവരിക്കുന്നു. അവർ തീർച്ചയായും ദരിദ്രരാണ്, അവരുടെ ഭൂമിയും സ്വത്തുക്കളും അപഹരിക്കപ്പെട്ടവരാണ്; അവർ പീഡിതരും അടിച്ചമർത്തപ്പെട്ടവരും ആണ്, അവർ ശക്തിയില്ലാത്തവരും പ്രത്യാശയില്ലാത്തവരുമായിരുമാണ്; അവർ നിരാശരാണ്. അവരുടെ ആത്മാവിലെ ദാരിദ്ര്യം ശാരീരിക ദാരിദ്ര്യത്തെ തീവ്രമാക്കിയവരാണ്. ആത്മാവിൽ സമ്പന്നനായിരുന്നുവെങ്കിൽ ശാരീരിക ദാരിദ്ര്യം അവർക്ക് അത്ര കഠിനമായി തോന്നുകയില്ലായിരുന്നു. മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്, ദൈവത്തിന്റെ വായിൽ നിന്നും വരുന്ന വചനംകൊണ്ടും ജീവിക്കുന്നു.
ബൈബിളിലെ ദരിദ്രരെ വിവരിക്കുന്ന വാക്കുകളിൽ ഈ വശങ്ങൾ ഉൾപ്പെടുന്നു, കാരണം യേശുവിന്റെ നാളിലെ ദരിദ്രർക്ക് സ്വത്തുക്കൾ കുറവായിരുന്നു, പൊതുവേ അടിച്ചമർത്തപ്പെട്ടവരായിരുന്നു, ശക്തിയില്ലാത്തവരും പ്രതീക്ഷ നഷ്ടപ്പെട്ടവരുമായിരുന്നു. അവർക്ക് അതിജീവനത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നു. അവരോടാണ് യെശയ്യാവ് സുവാർത്ത അറിയിക്കുന്നത് - അവർ അടിമത്തത്തിൽ നിന്ന് വിടുവിക്കപ്പെടും. അന്ന് യെശയ്യാ പ്രവാചകൻ പറഞ്ഞ സുവാർത്തയുടെ വാഗ്ദത്തം ഇപ്പോൾ യേശുവിലൂടെ നിറവേറ്റപ്പെടുകയാണ്. യേശു ദൈവരാജ്യത്തിന്റെ “സുവിശേഷം" പ്രഘോഷിക്കുന്നു. എന്നാൽ യേശു അവർക്ക് ഇപ്പോൾ ഭൗതികമായ സമ്പത്തും അധികാരവും ഒന്നും നൽകാൻ പോവുകയല്ല. യേശു അവരെ ആത്മീകസമ്പത്തുള്ളവരാക്കി മാറ്റാൻ പോവുകയാണ്. അങ്ങനെ അവർ ആയിത്തീർന്നാൽ ബാക്കി കാര്യങ്ങൾ താനെ വ്യത്യാസപ്പെട്ടുകൊള്ളും. അതാണ് കർത്താവിന്റെ കാഴ്ചപ്പാട്. അവരെ പെട്ടെന്ന് ഭൗമിക സമ്പത്തിലും അധികാരത്തിലും സമ്പന്നരാക്കിയില്ലെങ്കിൽ കൂടി അവൻ അവരുടെ ഏറ്റവും വലിയ ആവശ്യം നിറവേറ്റുകയാണ്.
അപ്പോൾ “ആത്മാവിൽ ദരിദ്രരായവർ” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ദൈവമുമ്പാകെ താഴ്മയുള്ളവരാകുക. സ്വർഗ്ഗരാജ്യം പ്രാപിക്കുന്നതിന് തങ്ങൾക്ക് സംഭാവന ചെയ്യാൻ ഈ ജീവിതത്തിൽ ഒന്നുമില്ലെന്ന് മനസ്സിലാക്കുക. അവർ തങ്ങളെത്തന്നെ പീഡിപ്പിക്കുന്നവരാണ്; എങ്ങനെയെന്നാൽ, അവർ തങ്ങളുടെ പാപത്തെഓർത്ത് അഗാധമായ ദുഃഖത്തോടെ അനുതപിച്ചുകൊണ്ട് തങ്ങളെത്തന്നെ താഴ്ത്തുന്നു; അവർ നിസ്സഹായരും നിരാശിതരുമായ പാപികളായി രാജാവിന്റെ അടുക്കൽ വന്നിരിക്കുന്നു. അവരിൽ അഹങ്കാരം ഇല്ല, സ്വയ നീതിയില്ല, സ്വയം പര്യാപ്തതയില്ല. അവർ സ്വന്തം-ഭാവങ്ങളിൽ നിന്ന് സ്വതന്ത്രരാണ്, അതിനാൽ അവർ ദൈവത്തിന് വേണ്ടി സ്വതന്ത്രരാണ്. രാജ്യത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും "ആത്മീയമായി ദരിദ്രരായിരിക്കണം", കാരണം രക്ഷ ദൈവത്തിന്റെ ദാനമാണ്.
ഈ ലോകത്തിലെ യഥാർത്ഥ ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഇതൊരു സന്തോഷവാർത്തയാണ്. ദരിദ്രൻ അവന്റെ ദാരിദ്ര്യം കാരണം ദൈവരാജ്യത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല; ധനവാനെ അവന്റെ സമ്പത്ത് നിമിത്തം ദൈവം അംഗീകരിക്കുന്നുമില്ല. രാജ്യത്തിന്റെ ഭാഗമാകാൻ ഇരുവരും കർത്താവിന്റെ മുമ്പാകെ തങ്ങളെത്തന്നെ താഴ്ത്തണം. സമ്പന്നർക്ക് അത് ചെയ്യുന്നതിനേക്കാൾ പലപ്പോഴും ദരിദ്രർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അത് എളുപ്പമായിരിക്കുമെന്നു മാത്രം.
അവരുടെമേൽ യേശു ചൊരിയുന്ന ഭാഗ്യപ്രശംസ "സ്വർഗ്ഗരാജ്യം അവരുടേതാണ്." എന്നാൽ ഇത് തീർച്ചയായും എല്ലാ ദരിദ്രരും രാജ്യത്തിലാണെന്ന് അർത്ഥമാക്കുന്നില്ല. ധൂർത്തനായ പുത്രന്റെ സ്വയം നിർമ്മിത ദാരിദ്ര്യത്തെക്കുറിച്ച് നമുക്കറിയാം. അതവനെ രക്ഷിച്ചില്ല, പിതാവിന്റെ അടുക്കലേക്കുള്ള മടങ്ങിവരവാണ്, മാനസാന്തരമാണ് അവനെ രക്ഷിച്ചത്. ദാരിദ്ര്യം പ്രധാന കാര്യമല്ല, മറിച്ച് ആത്മാവിന്റെ അയോഗ്യതയെക്കുറിച്ചുള്ള ബോദ്ധ്യമാണ് പ്രധാനം. തങ്ങളെത്തന്നെ താഴ്ത്തി ദൈവത്തിൽ ആശ്രയിക്കുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്യുമ്പോൾ സ്വർഗ്ഗരാജ്യം അവരുടേതായി തീരുന്നു. വാസ്തവത്തിൽ, രാജ്യത്തിലുള്ള എല്ലാവർക്കും ആത്മാവിൽ ദരിദ്രരാകേണ്ടത് ആവശ്യമാണ്. അവരെല്ലാം തകർന്ന ഹൃദയത്തോടും പശ്ചാത്തപിച്ച ആത്മാവോടും കൂടിയാണ് രക്ഷകനെ തേടി വരുന്നത്.
പ്രായോഗികത:
1.ആരെങ്കിലും സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ ആത്മാവിൽ ദരിദ്രരാകണം എന്നതാണ് ഇവിടുത്തെ വ്യക്തമായ പാഠം. ഇതാണ് രാജ്യത്തിന്റെ സന്ദേശം; അത് മാനസാന്തരത്തിനുള്ള വിളിയാണ്. അവർ ദൈവമുമ്പാകെ തങ്ങളെത്തന്നെ താഴ്ത്തുകയും പ്രവേശനം നേടുന്നതിന് സ്വന്തം ശക്തിയൊ വസ്തുവകകളൊ യോഗ്യതയോ ഒന്നും മതിയാവില്ലെന്ന് അംഗീകരിക്കുകയും വേണം. ആത്മാർത്ഥമായി താഴ്മ കാണിക്കുകയും കർത്താവിന്റെ ആവശ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നവർക്ക് സ്വർഗ്ഗരാജ്യം ഉണ്ട്. ഇതിൽ അവർ സ്വർഗീയ സന്തോഷം കണ്ടെത്തുന്നു.
അപ്പോൾ എങ്ങനെയാണ് ഒരാൾ ആത്മാവിൽ ദരിദ്രനാകുന്നത്? ഇതിന് മുമ്പുള്ള സന്ദർഭത്തിൽ നിന്നുള്ള സൂചന, രാജ്യത്തിന്റെ സന്ദേശം കേൾക്കുകയും അത് എങ്ങനെയുള്ള രാജ്യമാണെന്നും അതിന്റെ നിലവാരം എത്ര ഉന്നതമണെന്നും ഗ്രഹിക്കണം. തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് ഏറ്റുപറയുകയും ദൈവത്തിന്റെ കൃപയിൽ ആശ്രയിക്കുകയും വേണം തന്റെ പാപത്തെ വിട്ടുതിരിഞ്ഞ് ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ദൈവഹിതത്തിന് വിധേയപ്പെടുക. ഇതാണ് ആദ്യപടി.
2. രാജ്യത്തിലുള്ള വിശ്വാസികളുടെ മനോഭാവത്തെ ചിത്രീകരിക്കാൻ കഴിയുംവിധം ഈ മനോഭാവം തങ്ങളിൽ വികസിപ്പിക്കുക എന്നതാണ് അടുത്ത പ്രായോഗികത. ദൈവരാജ്യത്തിൽ പ്രവേശിക്കാൻ മാത്രം ഈ മനോഭാവം കാണിക്കുകയും അതിനുശേഷം അവർ സ്വയം പര്യാപ്തരാകു കയും ചെയ്യുന്നില്ല. മരണം വരെ നാം പുലർത്തേണ്ട ഒരു മനോഭാവമാണിത്. സുവിശേഷം ആവശ്യമില്ലാത്ത ഒരു നിമിഷംപോലും ഒരു വിശ്വാസിയുടെ ജീവിതത്തിലില്ല. ചിലർ രക്ഷിക്കപ്പെട്ടതോടെ സുവിശേഷത്തിന്റെ ആവശ്യം കഴിഞ്ഞിരിക്കുന്നുവെന്ന് ചിന്തിക്കുന്നുണ്ടെങ്കിലും അതു ശരിയല്ല; അവർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് ജീവിതം നയിക്കണം. വിനയം, വിശ്വാസം, പ്രാർത്ഥന, അനുസരണം തുടങ്ങിയ വിഷയങ്ങളിലേക്ക് ഇത് പഠനത്തെ തുറക്കും.
രണ്ടാമത്തെ പോയിന്റായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ഭാഗ്യവാന്മാർ എന്നു പറഞ്ഞാലെന്താണ് എന്ന കാര്യമാണ്.
2. ഭാഗ്യവാന്മാർ എന്നു പറഞ്ഞാലെന്താണ്
"ഭാഗ്യവാന്മാർ" എന്നതിനു ഇംഗ്ലീഷ് പരിഭാഷകളിൽ “blessed/happy” എന്ന വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ വാക്ക് ഈ വാക്യത്തിൽ ഉദ്ദേശിക്കുന്നതെല്ലാം ഉൾക്കൊള്ളുന്നതായി തോന്നുന്നില്ല, പ്രാഥമികമായി "സന്തോഷം" എന്ന വാക്കിന്റെ ആധുനിക ഉപയോഗം അതിന്റെ മൂല്യം കുറച്ചിരിക്കുന്നു. 'മകാരിയൊസ്" എന്ന ഗ്രീക്ക് വാക്ക് അർത്ഥമാക്കുന്നത്, ദൈവവുമായി ശരിയായ ബന്ധത്തിലായിരിക്കുമ്പോൾ ലഭിക്കുന്ന ആന്തരിക സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആശ്ചര്യമാണ്. സന്തോഷം തീർച്ചയായും അതിന്റെ ഭാഗമാണ്; എന്നാൽ ഇത് നമുക്കും നമ്മുടെ ചുറ്റുപാടിലും സംഭവിക്കുന്നതിനെ മറികടക്കുന്ന ഒരു സന്തോഷമാണ്, ദൈവത്തിന്റെ പ്രീതിയിൽ നിന്ന് ആത്മാവിന് ലഭിക്കുന്ന സന്തോഷമാണിത്. A happiness that comes to the soul from being favored by God. അതുകൊണ്ടാണ് അതികഠിനമായ പീഡനത്തിൻ കീഴിൽ സന്തോഷിക്കാൻ ആഹ്വാനം ചെയ്യുവാൻ കഴിയുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, "അനുഗ്രഹിക്കപ്പെട്ടവൻ" എന്ന കർത്താവിന്റെ പ്രഖ്യാപനം നീതിമാന്മാരുടെ ആന്തരിക ആത്മീയ സ്വഭാവത്തിനുള്ള ദൈവിക പ്രതിഫലത്തിന്റെ പ്രതിജ്ഞയാണ്;
മത്തായി 5-ലെ യേശുവിന്റെ "ഭാഗ്യവാന്മാർ" എന്നതിന്റെ വിപരീത ആശയം മത്തായി 23-ൽ ശാസ്ത്രിമാർക്കും പരീശന്മാർക്കും എതിരായി ഉച്ചരിക്കുന്ന "നിങ്ങൾക്കു ഹാ കഷ്ടം" എന്നതാണ്. ദൈവഹിതം പൂർണ്ണമായി അംഗീകരിക്കാനും പ്രവർത്തിക്കാനും വിസമ്മതിക്കുന്ന അവിശ്വാസികളുടെ മേൽ ആ കഷ്ടതകൾ വിധിയായ് പുറപ്പെടുന്നു. "കഷ്ടമെന്നത്" അവരുടെ സ്വഭാവത്തിന്റേയും വിവരണമാണ്. അതു ദുഷ്ടതയും കപട്യവും നിറഞ്ഞ സ്വഭാവമാണ്; ആ ജീവിതങ്ങൾ മാനസാന്തരമില്ലാതെ ദുഷ്ടതയിൽ തുടരുകയാണെങ്കിൽ, കഷ്ടം അവരുടെമേലുള്ള ന്യായവിധിയുടെ ദൈവിക പ്രതിജ്ഞയാണ്.
അതിനാൽ, "അവർ ഭാഗ്യവാന്മാർ" എന്ന് യേശു പറയുമ്പോൾ, അവർ ദൈവവുമായി ശരിയായ നിലയിലായതിനാൽ, അവൻ അവരെ ആന്തരിക സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വികാരത്താൽ നിറയ്ക്കുന്നതായി വിവരിക്കുന്നുവെന്ന് മാത്രമല്ല, അവരുടെ സ്വഭാവത്തിന് അവരെ പ്രശംസിക്കുകയും അതിനായി ദൈവിക പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
കർത്താവ് വെറുക്കുന്ന ഏഴ് കാര്യങ്ങൾ പട്ടികപ്പെടുത്തുന്ന സദൃശവാക്യങ്ങൾ 6:16-19-ലെ ഭാഗമാണ് നല്ല അനുബന്ധ പഠനം നടത്താൻ സഹായിക്കുന്ന രസകരമായ ഒരു പഴയനിയമ ബന്ധം. "16 ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു: 17 ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും 18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും 19 ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ." കർത്താവിൽ നിന്ന് ഈ അനുഗ്രഹം സ്വീകരിക്കുന്ന നീതിമാന്മാർക്കു വിരുദ്ധമായാണ് ഇവ ഇരിക്കുന്നത്. ആദ്യത്തേത് "അഹങ്കാരമുള്ള കണ്ണുകൾ" അല്ലെങ്കിൽ അഹങ്കാരം ആണ്, അത് തീർച്ചയായും "ആത്മാവിൽ ദരിദ്രരുടെ" വിപരീതമാണ്. അവസാനത്തേത് "സഹോദരങ്ങൾക്കിടയിൽ ഭിന്നത ഇളക്കിവിടുന്നവൻ" ആണ്, ഇത് സമാധാന ഉണ്ടാക്കുന്നവനു വിരുദ്ധമാണ്. നുണ പറയുക, കൊല്ലുക, ദുഷ്‌പ്രവൃത്തികൾ ആസൂത്രണം ചെയ്യുക, തിന്മ ചെയ്യാൻ തിടുക്കം കൂട്ടുക, കള്ളസാക്ഷ്യം പറയുക തുടങ്ങിയവ സ്വഭാവ ദൂഷ്യങ്ങളിൽ പെടുന്നു. ഇവ കർത്താവ് ഇഷ്ടപ്പെടുന്ന ആത്മീയ സ്വഭാവങ്ങൾക്കു വിരുദ്ധമായിട്ടുള്ളതാണ്.
അപ്പോൾ ഞാൻ എന്റെ സന്ദേശം ഉപസംഹരിക്കുകയാണ്. നാം ദൈവരാജ്യത്തിലെ പൗരന്മാരൊ എന്ന് നമുക്കു നമ്മേ തന്നെ പരിശോധിക്കാം. ദൈവരാജ്യത്തിലെ നീതിയാണൊ നാം പിന്തുടരുന്നത്? ആ നീതിവെച്ചു നോക്കുമ്പോൾ ആത്മാവിലെ ദാരിദ്ര്യം നാം അനുഭവിക്കുന്നുവൊ? ക്രിസ്തുവിൽ ദൈവത്തോടു ശരിയായ ബന്ധത്തിലായതിന്റെ ആന്തരിക സന്തോഷത്തിന്റെയും സമാധാനത്തിന്റേയും ആശ്ചര്യം നമ്മിലുണ്ടോ? എങ്കിൽ നാം തികച്ചും ഭാഗ്യവാന്മാരാണ്.
*****
Gospel & Acts Sermon Series_16