
നിത്യജീവൻ

P M Mathew
17-07-2023
Why Should you control your anger?
എന്തുകൊണ്ട് നിങ്ങൾ കോപത്തെ നിയന്ത്രിക്കണം?
നമ്മുടെ കോപ വാക്കുകളിൽ കോപകരമായ ചിന്തകളിൽ, കോപകരമായ മനോഭാവങ്ങളിൽ വലിയ അപകടം പതിയിരിക്കുന്നു. പോലീസോ കോടതിയോ നിങ്ങളെ കുറ്റം വിധിക്കുകയില്ലെങ്കിലും ദൈവത്തിന്റെ കോടതിയിൽ നിങ്ങൾ കൊലപാതകം ചെയ്തവരാണ്.
കോപത്തെക്കുറിച്ചുള്ള നമ്മുടെ ആശയത്തെ, കാഴ്ചപ്പാടിനെ ഒരു പുനർവിചിന്തനം ചെയ്യുവാൻ കർത്താവ് നമ്മോട് ആഹ്വാനം ചെയ്യുന്ന ഒരു വേദഭാഗം നമുക്ക് വായിക്കാം:
മത്തായി 5:21-26
"കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിന് യോഗ്യനാകും. ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ച്, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നു കൊൾക; പിന്നെ വന്നു നിന്റെ വഴിപാട് കഴിക്ക. നിൻറെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കോൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏൽപ്പിച്ചിട്ട് നീ തടവിൽ ആയിപ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെ നിന്ന് പുറത്തു പോരികയില്ല എന്ന് ഞാൻ സത്യമായിട്ടും നിന്നോടു പറയുന്നു."
ഈ ആറ് വാക്യങ്ങളിൽ ആരോഗ്യകരമായ ബന്ധങ്ങൾക്ക് രണ്ടു പ്രബോധനങ്ങൾ കർത്താവു നൽകുന്നു. നിങ്ങളുടെ ബന്ധങ്ങളെ പരിപാലിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക. അതിൽ ഒന്നാമത്തെ പ്രധാന പ്രബോധനം എന്നത് :
1. അനീതി പരമായ കോപം കൊലപാതകമാണ് (5:21-22)
(Unrighteous anger is murder)
ഈ വേദഭാഗത്തിനു തൊട്ടുമുൻപുള്ള വാക്യത്തിൽ അതായത്, 5:20 ൽ കർത്താവ് തന്റെ ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കഴിയണമെന്ന്" അനേകർക്കും ഒരു പ്രശ്നമായിരിക്കുന്ന, അനേകരും പോരാട്ടം കഴിക്കുന്ന കോപം എന്ന വിഷയത്തെക്കുറിച്ച് കർത്താവ് സംസാരിക്കുന്നതിനു മുന്നോടിയായിട്ടാണ് താനിതു പറയുന്നത്. നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കഴിയണമെന്ന്"
5:21 ൽ യേശു പറയുന്നു കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധി യോഗ്യനാകും എന്ന് പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ" "നിങ്ങൾ കേട്ടിട്ടുണ്ടല്ലോ" കർത്താവ് പഴയനിയമത്തിലേക്കാണ് വിരൽചൂണ്ടുന്നത്. പുറപ്പാട് 20:13 ലെ കൊല്ലരുത് എന്ന ആറാമത്തെ കല്പന quote ചെയ്യുന്നു. എന്നിട്ട് അതിന്റെ ശിക്ഷയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു: നിങ്ങൾ ന്യായവിധി യോഗ്യനാകും. ഇതു കേട്ട തന്റെ കേൾവിക്കാർ ഓ, ഞങ്ങൾ കൊലപാതകം ചെയ്തിട്ടില്ല, ഞങ്ങൾ കുറ്റക്കാരല്ല. ഞങ്ങൾ ധാർമികമായും സദാചാരപരമായും നല്ല ആളുകൾ ആണ്. അതുകൊണ്ട് ഇത് എന്നെക്കുറിച്ചല്ല, മറ്റുള്ളവരെക്കുറിച്ച് ആണ്. അതുകൊണ്ട് പ്രസംഗിച്ചു കൊള്ളു. മറ്റുള്ളവരെക്കുറിച്ച് പ്രസംഗിച്ചു കേൾക്കുന്നത് സുഖകരമായ കാര്യമാണ്. ഞാൻ ആരെയും ശാരീരികമായി കൊന്നിട്ടില്ല. അതുകൊണ്ട് ഈ കല്പന എന്നെ ബാധിക്കുന്നില്ല എന്ന് കേൾവിക്കാർ ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ ഈ ചിന്തയെ അടിസ്ഥാനമാക്കി യേശുക്രിസ്തു ഒരു ബോംബ് അവരുടെ മധ്യത്തിൽ ഇടുകയാണ്.
5:22 ൽ യേശു പ്രസ്താവിക്കുന്നു, "ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്ന് പറഞ്ഞാലോ ന്യായാധിപ സഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും."
ആരെങ്കിലും സഹോദരനോട് കോപിച്ചാൽ കുറ്റക്കാരനായി കോടതി മുമ്പാകെ നിൽക്കേണ്ടിവരും. സഹോദരനെ നിസ്സാര എന്നു വിളിച്ചാലോ നിങ്ങൾ സുപ്രീം കോടതി മുൻപാകെ കുറ്റക്കാരനായി നിൽക്കേണ്ടി വരും. ഇനി മൂഢാ എന്നു വിളിച്ചാലോ അതുമതി നരകത്തിൽ പോകാൻ. ഞാനോ നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞാണ് ഇത് തുടങ്ങുന്നത്. താൻ പഴയനിയമത്തിലും ഉള്ളതെല്ലാം ഉറപ്പിക്കുന്നു എന്ന് മാത്രമല്ല അത് ഇപ്പോൾ പൂർത്തീകരിക്കുകയും ചെയ്യുന്നു എന്നണ്. അതായത്, പഴയനിയമ കല്പനകളിൽ അന്തർലീനമായി ഒളിഞ്ഞുകിടന്നന്ന കാര്യം കൂടുതൽ വ്യക്തമാക്കുന്നു, വെളിപ്പെടുത്തുന്നു എന്നാണ്. ദൈവം നിയമം നൽകിയതിന്റെ ഒറിജിനൽ പർപ്പസ് യഥാർത്ഥ ഉദ്ദേശ്യം വ്യക്തമാക്കുകയാണ്. കാരണം അന്നത്തെ മതനേതാക്കൾ അഥവാ അന്നത്തെ ഉപദേഷ്ടാക്കൾ അത് നൽകിയതിന്റെ ഉദ്ദേശ്യം നഷ്ടമാക്കിയിരിക്കുന്നു. അതുകൊണ്ട് ഞാൻ അതിന്റെ Heart of the Law, ന്യായപ്രമാണത്തിന്റെ ഹൃദയം തുറന്നു കാണിക്കുകയാണ്. അതിന്റെ അന്തർലീനമായ അർത്ഥം മനസ്സിലാക്കി എങ്ങനെ ജീവിക്കണം എന്ന് പറയുകയാണ്. കൊലപാതകം എന്ന ഫലത്തിന്റെ റൂട്ട് അഥവാ മൂലത്തിലേക്കു കിടക്കുകയാണ് യേശുക്രിസ്തു. അതിൻറെ റൂട്ട് അഥവാ മൂലം എന്നു പറയുന്നത് ഒരു ദുഷ്ട ഹൃദയം അല്ലെങ്കിൽ ദുഷ്ട മനോഭാവമാണ്.
യേശു അതിലൂടെ പറയുന്നത് എന്തെന്നാൽ നാമെല്ലാം കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെറ്റേണ്ടവരാണ് എന്നാണ്. കാരണം നാമെല്ലാം തന്നെ വാക്കുകളിലും ചിന്തയിലും മനോഭാവത്തിലും പ്രവർത്തിയിലും കോപം പ്രകടിപ്പിക്കുന്നവരാണ്. ആളെ ശാരീരികമായി കൊല്ലുന്നില്ല എന്നതിനാൽ ദൈവത്തെ പ്രസാദിപ്പിക്കുന്നു എന്ന് കരുതേണ്ട. അതിന് വിരുദ്ധമായി ദൈവം നമ്മുടെ ഹൃദയത്തെ നോക്കുന്നു. അതിനാൽ അനീതി പരമായ കോപം ദൈവത്തിന്റെ ന്യായവിധിക്കു യോഗ്യമായ ഒന്നാന്തരം കുറ്റമാണ്. കോടതിയും സുപ്രീം കോടതിയും എല്ലാം ദൈവത്തിന്റെ കോടതിയെയാണ് സൂചിപ്പിക്കുന്നത്. കാരണം മാനുഷിക കോടതികൾക്ക് മനുഷ്യന്റെ ആന്തരിക ചിന്തകളെ വച്ചുകൊണ്ട് ന്യായം വിധിക്കുവാൻ കഴിയില്ലല്ലോ. നിങ്ങൾ ആരോടെങ്കിലും കോപത്തോടെ ഒരു വാക്കോ ഒരു പ്രവർത്തിയോ ഒരു മനോഭാവമോ കാണിച്ചിട്ടുണ്ടോ? യേശുക്രിസ്തു പറയുന്നു നിങ്ങൾ നരകത്തെ യോഗ്യരാണ്.
ബാബുജോര്‍ജ്ജ് സഹോദരന്‍ ഇടയ്ക്ക് പറയാറുണ്ട്: ഹൈജമ്പ് ചാടാൻ കഴിയാത്തതിന്റെ പ്രധാന പ്രശ്നം അതിന്റെ ആ ബാർ അത്രയ്ക്ക് ഉയർത്തി വയ്ക്കുന്നു എന്നതാണ്. അല്പം താഴ്ത്തി വെച്ചാണ് ആളുകൾ ചാടുന്നത് എന്ന്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ആ ബാർ തന്നെ എനിക്ക് പ്രശ്നമാണ് ആ ബാർ നിലത്തു വെച്ചാൽ പോലും എനിക്ക് കടക്കാൻ കഴിയില്ല. ബാർ കാണുമ്പൊൾ ബിലെയാമിന്റെ കഴുതയെയാണ് എനിക്കു ഓർമ്മവരുന്നത്. പിന്നെ അവിടെ നിന്ന് ഒരടി മുന്നോട്ടു പോകാൻ കഴിയാതെ നിൽക്കേണ്ടി വരുന്ന അവസ്ഥ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്ക് അത് ചാടിക്കടക്കാൻ കഴിയണമെങ്കിൽ ആ ബാറിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ കർത്താവിന്റെ രക്തത്താൽ മുക്കിയ പരവതാനി കൊണ്ട് മൂടി എങ്കിൽ മാത്രമേ എനിക്ക് അതു കടക്കുവാൻ കഴിയൂ. എന്നെ അതു കടക്കുവാൻ കഴിയുമാറാക്കുന്നത് ദൈവത്തിന്റെ കൃപ ഒന്നു മാത്രമാണ്.
ഭാഗ്യവശാൽ കർത്താവിൽ വിശ്വസിക്കുന്ന ഏവർക്കും കർത്താവായ യേശുക്രിസ്തുവിന്റെ ബലിമരണം മൂലം നരകത്തിൽ നിന്ന് വിടുതൽ അഥവാ രക്ഷാ സാധ്യമാക്കിയിരിക്കുന്നു. യേശുക്രിസ്തു തന്റെമരണം മൂലം നമ്മുടെ പാപത്തിന്റെ കടം കൊടുത്തു വീട്ടിയിരിക്കുന്നു. ഇല്ലായിരുന്നുവെങ്കിൽ മനുഷ്യരെല്ലാം നിത്യനരകത്തിൽ തങ്ങളുടെ ഭാവി ചെലവിടേണ്ടി വരുമായിരുന്നു. അതു കൊലപാതകത്തിന് മാത്രമല്ല മറ്റുള്ളവരെ insult ചെയ്ത് അഥവാ അവരെ അപകീർത്തിപ്പെടുത്തി സംസാരിച്ചതിന് നാം നരകശിക്ഷ അനുഭവിക്കേണ്ടിവരുമായിരുന്നു. ആകയാൽ നമുക്ക് നമ്മുടെ ബന്ധങ്ങളെ പരിപോഷിപ്പിക്കാം, ആദരിക്കാം.
നമുക്ക് ഈ insult അഥവാ അപമാനം, നിന്ദ എന്നിവയെ ഒന്നു വിശകലനം ചെയ്യാം. "നിസ്സാര" എന്ന മലയാള പദം good for nothing എന്ന ഇംഗ്ലീഷ് വാക്കിന്റെ തർജ്ജമയാണ്. എന്നാൽ അതിന്റെ അരമായ പദം raca എന്നാണ്. ആ വാക്കു കേൾക്കുമ്പോൾ തന്നെ rascal എന്ന ധ്വനിയാണ് നൽകുന്നത്. raca എന്ന വാക്കിന്റെ അർത്ഥം idiot, empty-headed fool എന്നൊക്കെയാണ്. നിങ്ങൾക്ക് കോപം വരുമ്പോൾ raca എന്ന വാക്കിൻറെ വിവിധ രൂപങ്ങളിലുള്ള പദപ്രയോഗങ്ങൾ ആയിരിക്കും നടത്തുക. അങ്ങനെ ആ വ്യക്തിയുടെ മൂല്യത്തെയും ഡിഗ്നിറ്റിയേയും ആക്രമിക്കുന്നു. അവനെ മറ്റുള്ളവരുടെ മുമ്പിൽ താറടിച്ചു കാണിക്കുന്നു. അവനെ അപകീർത്തിപ്പെടുത്തുന്നു.
മൂഢാ (you fool) എന്ന വാക്ക് ഉപയോഗിക്കുമ്പോഴും ഇതുതന്നെയാണ് അർത്ഥമാക്കുന്നത്. ഫുൾ എന്ന വാക്കിൻറെ ഗ്രീക്ക് വാക്ക് 'moros' എന്നാണ്. യേശുവിന്റെ കാലത്ത് 'moros' എന്ന് ആരന്യെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ നുണയൻ, വിശ്വാസവഞ്ചകൻ എന്നൊക്കെ അർത്ഥമാക്കുന്നു. അത് ഒരുവന്റെ ധാർമ്മികതക്കൊ സ്വഭാവത്തിനൊ അപമാനം വരുത്തുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു ഒരുവന്റെ വ്യക്തിത്വത്തെ ഹനിക്കുന്ന പ്രയോഗങ്ങളാണ് ഇത്.
നമ്മുടെ കാലത്തേക്കാൾ യേശുവിന്റെ കാലം ദുഷ്പേരാൽ വിളിക്കപ്പെടുന്നത് വളരെ ഗൗരവമായി കണ്ടിരുന്നു. ബഹുമാനം -ലജ്ജ എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു സമൂഹമായിരുന്നു അവരുടേത്. അവരുടെ അഭിമാനത്തെ തൊട്ടുള്ള കളികൾ പരസ്യമായി ഒരുവനെ ചെറുതാക്കുന്നതാകയാൽ അതിനെ വളരെ ഗൗരവമായിട്ടാണ് ആ സമൂഹം കണ്ടിരുന്നത്. തന്റെ ബഹുമാനം നഷ്ടപ്പെടുന്നത് മരണത്തിനു തുല്യമായിരുന്നു. അതുകൊണ്ട് യേശു പറയുന്നത് അവരെ ചീത്ത വാക്ക് ഉപയോഗിച്ച് വിളിക്കുന്നത് അവന്റെ പേര് അഥവാ മാനം ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്, അല്ലെങ്കിൽ അവരെ കൊല്ലുന്നതിന് തുല്യമാണ്. ആകയാൽ സ്വഭാവഹത്യ ഒരു തലത്തിലുള്ള കൊലപാതകമാണ്.
കർത്താവ് ഈ വാക്കിനോട് 'സഹോദരനോട്' എന്ന കൂട്ടിച്ചേർത്തത് അതിശയകരമായി എനിക്ക് തോന്നുന്നു. സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും. നമ്മുടെ കോപം ജ്വലിക്കുന്നത് പലപ്പോഴും നമുക്ക് അടുത്തറിയാവുന്ന, നാമേറെ സ്നേഹിക്കുന്നവരോട് അല്ലേ? നമുക്ക് അറിയാൻ പാടില്ലാത്ത ആളുകളോട് കോപിക്കുവാൻ നമുക്കു വിഷമമാണ്. എന്നാൽ ഒരു സുഹൃത്തോ ബന്ധക്കാരനൊ നമുക്ക് ഇഷ്ടപ്പെടാത്ത വല്ലതും ചെയ്താൽ നമുക്ക് വലിയ കോപം വരും. നാം സ്നേഹിക്കുന്നവരോട് വളരെ കുറച്ചുക്ഷമയെ കാണിക്കാറുള്ളൂ. എന്നാൽ യേശുക്രിസ്തുവിനെ പ്രാഥമിക concern കർത്താവിൽ സഹോദരന്മാരും സഹോദരിമാരും ആളുകളോടുള്ള ബന്ധത്തിലാണ്. നാം നമ്മുടെ ഇണയോട്, കുട്ടികളോട് ചർച്ചക്കാരോറ്റു സഹ വിശ്വാസികളോട് എങ്ങനെ ഇടപെടുന്നു എന്നത് കർത്താവ് വളരെ ഗൗരവമായി വീക്ഷിക്കുന്നു.
1 കൊലൊസ്യർ 3:19 ൽ പറയുന്നു: "ഭർത്താക്കന്മാരെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോട് കൈപ്പായിരിക്കുകയുമരുത്." ഇത് ഭർത്താക്കന്മാരോടാണ് പറയുന്നതെങ്കിലും ഭാര്യമാർക്കും തിരിച്ചും അത് ബാധകമാണ്. നാം നമ്മുടെ ദുഷ്പേര് വിളി, കുറ്റപ്പെടുത്തൽ, കുത്തുവാക്ക് പ്രയോഗങ്ങൾ എന്നിവ അവസാനിപ്പിക്കണം.
1 പത്രോസ് 3;7 ഭർത്താക്കന്മാരോട് പത്രോസ് പറയുന്നത് നിങ്ങളുടെ ഇണയോട് സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഇടപെട്ടില്ലെങ്കിൽ നിങ്ങളുടെ പ്രാർത്ഥന മുടക്കം വരും എന്നാണ്.
എഫെ. 6:4 ൽ ൽ "പിതാക്കന്മാരെ നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പഥ്യോപ ദേശത്തിലും പോറ്റിവളർത്തുവിൻ." (cf Col 3:21). മാതാപിതാക്കൾ എന്ന നിലയിൽ ദൈവത്തിnte സ്നേഹവും അനുകമ്പയും നാം കുട്ടികളോട് കാണിക്കുന്നു എന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്.
1 തിമൊത്തി 2:8 ൽ പൗലോസ് പറയുന്നു, "ആകയാൽ പുരുഷന്മാർ എല്ലായിടവും കോപവും വാഗ്വാദവും വിട്ടകന്ന് വിശുദ്ധ കൈകളെ ഉയർത്തി പ്രാർത്ഥിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു." ഇവിടെ പൗലോസ് പറയുന്നത് ഭക്ഷിക്കു നിരക്കാത്ത കോപം ഉപേക്ഷിച്ചു വേണം പ്രാർത്ഥിക്കാൻ. നാം കോപത്തോടെ ഇരുന്നാൽ ദൈവവുമായുള്ള കൂട്ടായ്മയെ അത് ബാധിക്കും. അത് നമ്മുടെ പ്രാർത്ഥനയെ ബലഹീനമാക്കും.
ഇനി അടുത്ത തവണ നിങ്ങളുടെ കുട്ടികളോടൊ, ഭാര്യയോടൊ, സഹവിശ്വാസികളോടൊ കോപിക്കുന്നതിന് മുമ്പ് നിങ്ങൾ രണ്ടുവട്ടം അതെക്കുറിച്ച് ആലോചിക്കണം. നിങ്ങൾ നിങ്ങളുടെ കുട്ടികളോടും ഭാര്യയോടും ഒക്കെ അലറുകയും ആക്രോശിക്കുകയും ചെയ്യുന്നത് ഒരു നിസ്സാര കാര്യമാണ് എന്ന് ചിന്തിക്കരുത്.
അതു കൊണ്ട് കോപത്തിന്റെ എല്ലാ പ്രകടനങ്ങളും പാപം ആണെന്ന് അർത്ഥമാക്കുന്നില്ല. യേശുവും പൗലോസും fool എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും അപകീർത്തിപരമായ പേരായി വിളിച്ചതല്ല. യേശുവും പൗലോസും അവരെ fool എന്ന് വിളിച്ചത് അവരുടെ മതപരമായ ആചാരം കൊണ്ട് ദൈവത്തിന്റെ കല്പനയെ മറിച്ചു കളഞ്ഞതുകൊണ്ടാണ്. വാസ്തവമായ പ്രസ്താവനകളാണ് അവർ നടത്തിയത് അതുകൂടാതെ ദേവാലയ ശുദ്ധീകരണ വേളയിൽ യേശു കോപിച്ചതായി നാം സുവിശേഷങ്ങളിൽ കാണുന്നു (യോഹന്നാൻ 2:13-22). ശബ്ബത്തിൽ സൗഖ്യം നൽകിയതിനെ വിമർശിച്ച പരീശന്മാരോട് യേശു കോപിച്ചിട്ടുണ്ട് (മർക്കോസ് 3:5). എന്നാൽ ഇവിടെ ഒന്നും തന്നെ കോപം ഒരു വ്യക്തിപരമായ ആക്രമണം ആയിരുന്നില്ല. യേശു കോപിച്ചത് അനീതിക്കെതിരെയും പാപത്തിനെതിരെയും ആയിരുന്നു. യേശുവിന്റെ കോപം ന്യായമായ കോപമായിരുന്നു. യേശുക്രിസ്തുവിനെപോലെ നീതിയോടെ ഉള്ള കോപം നാം പ്രകടിപ്പിക്കേണ്ടവരാണ് (എഫെ. 4:26). അനീതിപരമായ ദൈവവചന വിരുദ്ധമായ ഗർഭം അലസിപ്പിക്കൽ മയക്കുമരുന്ന് ഉപയോഗം, പോർണ്ണോഗ്രാഫി, വർണ്ണവിവേചനം കുട്ടികളെ ദുരുപയോഗം ചെയ്യൽ, ഏകാധിപത്യ പ്രവണത എന്നിവയ്ക്കെതിരെ ശബ്ദമുയർത്തേണ്ടത് ആവശ്യമാണ്. എന്നാൽ ഇന്നത്തെ കാലത്ത് വൻമാഫിയകൾ ഇവയ്ക്ക് പിന്നിലുണ്ടെന്ന് കാര്യം മറന്നു കളയാതെ വളരെ വിവേകത്തോടെ ഇത് ചെയ്യണം. ഈ കാലത്ത് ഒരു കാരണം കാറിന്റെ ഡിക്കി അടഞ്ഞിട്ടില്ല എന്ന് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞത്. അവർ തങ്ങളെ ചീത്ത വിളിക്കുന്നു എന്ന് തെറ്റിദ്ധരിച്ചു കൊന്ന സംഭവം പേപ്പറിൽ നാം വായിക്കുകയുണ്ടായി. അതുകൊണ്ട് ഇത് വളരെ ശ്രദ്ധയോടെ, തടി കേടാകാതെ ചെയ്താൽ നന്ന്.
ഇന്ന് വിശ്വാസികളെ സംബന്ധിച്ചുള്ള പ്രശ്നം എന്നത് നീതിയോടെ ഉള്ള കോപം അല്ല മറിച്ച് അന്യായമായ കോപമാണ്. എങ്ങനെ നമുക്ക് നമ്മുടെ കോപത്തെ കടിഞ്ഞാണിടാൻ കഴിയും എന്നതിനെ സംബന്ധിച്ച് ചില പ്രായോഗിക നിർദ്ദേശങ്ങൾ നോക്കാം.
1. ദൈവത്തോടും നിങ്ങളോടും നിങ്ങൾക്ക് കോപത്തിന്റെ ഒരു പ്രശ്നം ഉണ്ട് എന്ന് സമ്മതിക്കുക. ഇതിൽ യാതൊരു ഒഴികഴിവും വിചാരിക്കരുത്. ഞങ്ങൾ കുടുംബക്കാരായി കോപിക്കുന്നവരാണ് എന്ന നിലയിൽ അതിനെ നിസാര വൽക്കരിക്കാൻ ശ്രമിക്കരുത്. ദൈവത്തോട് നിങ്ങളുടെ ഈ പാപസ്വഭാവത്തെ ഏറ്റുപറയും നിങ്ങളെ അടിമുടി മാറ്റുവാൻ ദൈവത്തോടു യാചിക്കുകയും ചെയ്യുക. ദൈവത്തിന്റെ പ്രവർത്തനം നിങ്ങളിൽ നടക്കേണ്ടതിനായി ക്ഷമയോടെ കാത്തിരിക്കുക. പെട്ടെന്നൊരു മാറ്റം നിങ്ങളിൽ ഉണ്ടാകും എന്ന് ചിന്തിക്കരുത്. ദൈവം അതിന്മേൽ വിജയം തരാൻ ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ എടുത്തു എന്നു വന്നേക്കാം. സ്വയനിയന്ത്രണത്തിനും ധാരാളം കൃപാ ലഭിക്കുന്നതിനുമായി പ്രാർത്ഥിക്കുക. യാക്കോബ് 1:19 "എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന് താമസവും ഉള്ളവൻ ആയിരിക്കട്ടെ." ഒരു ചെറിയ പേപ്പറിലൊ ഒരു കാർഡിലൊ ഈ വാക്യം എഴുതി നിങ്ങൾ എപ്പോഴും കാണുന്ന സ്ഥലത്ത് വെക്കുന്നത് നമ്മുടെ മനസ്സിൽ ആ വാക്യം പതിയുന്നതിന് സഹായിക്കും. അതുവെച്ച് പ്രാർത്ഥിക്കുവാനും കഴിയും. അത് മനപ്പാഠമാക്കുന്നതും ധ്യാനിക്കുന്നതും പ്രയോജനകരമാണ്.
2. കോപപ്രകടനങ്ങളുടെ പരിണതഫലങ്ങളെ തിരിച്ചറിയുക (Recognize the consequences of angry outbursts)
ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, ഞാൻ നിങ്ങളെ വെറുക്കുന്നു, ഞാൻ നിന്നെ ഉപേക്ഷിക്കുന്നു, നീയൊരു ഒരു ഫൂളാണ്, നീ വൃത്തികെട്ടവനാണ് നിങ്ങളുടെ സ്വഭാവം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഈ വിവാഹത്തിനു സമ്മതിക്കില്ലായിരുന്നു എന്നിത്യാദി വാക്കുകൾ ഉപയോഗിക്കാതിരിക്കുക. ഈ വാക്കുകൾ നിങ്ങളിൽ നിന്ന് പുറത്തു വന്നാൽ അതിന്റെ പരിണതഫലം വളരെ വലുതാണ് എന്ന് ഓർക്കുക. വാക്കുകൾ ഹൃദയത്തെ മുറിവേൽപ്പിക്കുന്നു. അവ പെട്ടെന്ന് മറന്നു പോകുന്നവയല്ല. വർഷങ്ങൾക്കു മുമ്പ് നിങ്ങൾ കോപത്തോടെ പറഞ്ഞ പല വാക്കുകളും മനസ്സിൽ നിന്നും മായാതെ നിൽക്കും എന്ന് ഓർക്കുക. നല്ല കാര്യങ്ങൾ പറയാനുണ്ടെങ്കിൽ അത് എഴുതി അറിയിക്കുക. മോശം കാര്യങ്ങൾ ആണ് പറയാനുള്ളത് എങ്കിൽ നേരിൽ കണ്ടു പറയുക; കഴിയുന്നതും മറ്റുള്ളവർ കേൾക്കെ ആകാതെ രഹസ്യമായി പറയുക.
എന്നാൽ ഇതിലെ വൈപരീദ്ധ്യങ്ങൾ ഞാൻ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. 1. വിശ്വാസികൾ തനിക്ക് മറ്റൊരാളോട് കോപം ഉണ്ട് എന്ന് പറയാൻ മൂന്നാമതൊരാളെ അന്വേഷിക്കാറുണ്ട്. അത് വാസ്തവത്തിൽ ഗോസിപ്പ് അഥവാ അപവാദം പറയാനുള്ള ഒരു ഉപാധി മാത്രമാണ്. 2. ഇതിനെ ഓർത്ത് പ്രാർത്ഥിക്കണം എന്ന പേരിൽ ആത്മീയ പരിവേഷം നൽകി ഈ അപവാദം ചെയ്യുന്നത് നാം ഒഴിവാക്കുക. കോപവാക്കുകൾക്ക് പരിണതഫലങ്ങൾ ഉണ്ട്. കാരണം നാം ദൈവമുമ്പാകെ നമ്മുടെ വായിൽനിന്നു വീഴുന്ന കോപ വാക്കുകൾ ഓരോന്നിനും കണക്ക് കൊടുക്കേണ്ടവരാണ് എന്ന യാഥാർത്ഥ്യം നാം വിസ്മരിച്ചു കളയരുത്. മത്തായി 12: 36 "എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും എന്ന് ഞാൻ നിങ്ങളോട് പറയുന്നു."
സങ്കീർത്തനം 52:2 "ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൗരക്കത്തി പോലെ നിന്റെ നാവ് ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു."
a) നമ്മുടെ മുഖത്തെ ഭാവം ശ്രദ്ധിക്കുക.
കോപം വരുമ്പോഴുള്ള നമ്മുടെ മുഖഭാവം നാം ഒന്നും പറയാതെ തന്നെ കാര്യം വെളിപ്പെടുത്തും. ചിലപ്പോൾ കൊല്ലാൻ പോകുന്ന മുഖഭാവമായിരിക്കും നാം പ്രകടിപ്പിക്കുക.
b) മറ്റൊരു കോപപ്രകടനമാർഗം നമ്മുടെ ശബ്ദത്തിന്റെ ടോൺ ആണ്.
90% സംഘർഷങ്ങൾക്കും കാരണം തെറ്റായ ടോണിൽ ഉള്ള സംസാരം മൂലമാണ് എന്നാണ് പറയപ്പെടുന്നത്. സദൃശ്യവാക്യങ്ങൾ 15:1 "മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കൊ കോപത്തെ ജ്വലിപ്പിക്കുന്നു." ആകയാൽ നിങ്ങളുടെ ടോൺ ശ്രദ്ധിക്കുക.
c) നിങ്ങളുടെ അംഗവിക്ഷേപങ്ങൾ ശ്രദ്ധിക്കുക
നിങ്ങൾ കോപിഷ്ടരാകുമ്പോൾ നിങ്ങളുടെ കൈകൾ പോക്കറ്റിൽ ഇടുക. അത് കോപത്തിൽ മുഷ്ടി ചുരുട്ടുന്നതിനൊ അടിക്കുകയോ ചെയ്യുന്നതിൽനിന്ന് നിങ്ങളെ തടയും. ദൈവം അങ്ങനെ സംഭവിക്കാതിരിക്കാൻ നിങ്ങളെ സഹായിക്കട്ടെ. കൈ പോക്കറ്റിലിട്ട് ആർക്കെങ്കിലും ഉപദ്രവം വരുത്തുവാൻ കഴിയുകയില്ല. അങ്ങനെ ശ്രമിച്ചാൽ തന്നെ അത് നിങ്ങളെ തന്നെ ഫൂൾ ആക്കുകയായിരിക്കും ഫലം. ഇനിയും നിങ്ങളുടെ നിയന്ത്രണം വിട്ടിരിക്കുന്നു എന്ന് തോന്നിയാൽ ഉടനെ സ്ഥലം കാലിയാക്കുക. യോസേഫ് ചെയ്തതുപോലെ ഓടി രക്ഷപ്പെടുക.
യേശുക്രിസ്തു പറയുന്നു അന്യായ കോപത്തിന്റെ അപകടം നിങ്ങൾ തിരിച്ചറിയണമെന്ന്. എന്തുകൊണ്ടാണ് ഇത് വളരെ പ്രാധാന്യമർഹിക്കുന്നത്? അന്യായകോപം കൊലപാതകത്തിന് സമാനമാണ്. ഈ വേദഭാഗത്തുനിന്നും കോപത്തെ സംബന്ധിച്ചു നൽകുന്ന രണ്ടാമത്തെ പ്രബോധനമെന്തെന്നാൽ:
3. നിങ്ങളോട് കോപിക്കുന്ന അവരുമായി നിരപ്പ് പ്രാപിക്കുക(5:23- 26) (Get even with those who are angry with you.)
യേശു രണ്ടു ഇല്ലസ്ട്രേഷനിനിലൂടെ കോപത്തിന്റെ ഗൗരവം തുറന്നു കാണിക്കുന്നു. ഒന്ന്, ആരാധനയോടെ ബന്ധത്തിലാണെങ്കിൽ(23-24) രണ്ടാമത്തേത്, ന്യായവിസ്താര സഭയോടുള്ള ബന്ധത്തിൽ ആണ് (25-26).
ഈ വാക്യങ്ങൾ ആരംഭിക്കുന്ന നിന്റെ എന്ന വാക്ക് ഉപയോഗിച്ചാണ്. അതിനുമുമ്പുള്ള വാക്യങ്ങളിൽ നിങ്ങളോട് എന്ന പ്രയോഗമാണ് കാണുന്നത്. അതായത് എല്ലാ വിശ്വാസികൾക്കും ഇത് നേരിട്ട് ബാധകമാണ് എന്ന നിലയിലാണ് നിന്റെ എന്ന വാക്കിന്റെ പ്രയോഗം.
ആദ്യത്തെ Illustration നിൽ നിരപ്പ് ആരാധനയ്ക്ക് മുന്നേ നടക്കേണ്ടതാണ് എന്നാണ് അർത്ഥമാക്കുന്നത്. "ആകയാൽ നിന്റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ വന്നാൽ നിന്റെ വഴിപാട് അവിടെ യാഗപീഠത്തിലെ മുൻപിൽ വെച്ചേച്ച്, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നു കൊള്ളുക; പിന്നെ വന്ന് നിന്റെ വഴിപാടു കഴിക്ക." ഒന്നാമത്, എന്നത് നിരപ്പിന് കർത്താവു നൽകുന്ന മുൻഗണനയെ കാണിക്കുന്നു. "നിരപ്പ്" ആരാധനയെ തടസ്സപ്പെടുത്താൻ കഴിയും വിധം പ്രാധാന്യമുള്ളതാണ്. സത്യാരാധന നടത്തുന്നതിന് മുന്നോടിയായി വിശ്വാസികൾ തമ്മിലുള്ള ബന്ധം നേരെ ആക്കണം. ഈ വാക്യത്തിൽ നാം ശ്രദ്ധിക്കേണ്ട ഒരു വസ്തുത എന്തെന്നാൽ നിനക്ക് സഹോദരനോട് എന്നല്ല മറിച്ച് സഹോദരന് നിന്നോട് എന്തെങ്കിലും ഉണ്ടെങ്കിൽ എന്നാണ്. നിനക്ക് സഹോദരന് എന്തെങ്കിലുമുണ്ടെങ്കിൽ അത് മറന്നേക്കാമായിരുന്നു. ആരെങ്കിലും നമ്മോട് എന്തെങ്കിലും ചെയ്തു നമ്മെ പ്രകോപിപ്പിച്ചാൽ അതു ക്ഷമിച്ചു സാരമില്ല എന്ന് വയ്ക്കാം. ദൈവമുൻപാകെ പ്രശ്നം പരിഹരിക്കാമായിരുന്നു. എന്നാൽ അതല്ല പ്രശ്നം. "സഹോദരനു നിന്റെ നെരെ വല്ലതും ഉണ്ടെങ്കിൽ." വല്ലതും എന്നാൽ എന്തെങ്കിലും ഒരു അവകാശവാദം ഉണ്ടെങ്കിൽ. അതായത് സഹോദരനാണ് ശത്രുത. യേശു നിരപ്പിനെക്കുറിച്ച് എന്താണ് പറയുന്നത്? നീ പോയി അവനോട് നിരപ്പ് പ്രാപിക്കുക.
ഇനി ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടു കൂടി നമുക്കൊന്നു നോക്കാം. യേശുക്രിസ്തു ഗലീലയിൽ വെച്ചു ശിഷ്യന്മാരോടാണ് ഇത് പറയുന്നത്. അവർക്ക് വഴിപാട് കഴിക്കണമെങ്കിൽ 80 മൈൽ അകലെയുള്ള യെരുശലേമിൽ പോകണം. യാഗം കഴിക്കാൻ ഇന്നത്തെപോലെ കയ്യുംവീശി പോയാൽ പോരാ ഒരു കാളയെ ആടിനെയൊ കൊണ്ടുപോകണമായിരുന്നു. ഇന്നത്തെപോലെ വണ്ടിയൊ യാത്രാസൗകര്യങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് 80 മൈൽ നടന്നുതന്നെ പോകണം. അതിനു കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരും. അങ്ങനെ അവിടെ എത്തിയപ്പോഴാണ് സഹോദരനു തന്നോട് എന്തോ പ്രശ്നമുണ്ട് വഴക്കുണ്ട്, നിരപ്പു പ്രാപിക്കാത്ത എന്തോ വിഷയമുണ്ട് എന്ന് ഓർമ്മ വന്നത്. കർത്താവ് പറയുന്നത് യാഗമൃഗത്തെ അവിടെവച്ചേച്ച് തിരിച്ച് ഗലീലയിൽ എത്തി കാര്യങ്ങളൊക്കെ രമ്യതയിൽ ആക്കി തിരികെവന്ന് യാഗം കഴിച്ചു കൊള്ളുക എന്നാണ്. വളരെ ബുദ്ധിമുട്ടേറിയ അല്ലെങ്കിൽ ആസാദ്ധ്യമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കാര്യമാണ് കർത്താവ് പറയുന്നത്. അതിൽ നിന്നും നാം മനസ്സിലാക്കേണ്ടതെന്തെന്നാൽ "വലിഞ്ഞുമുറുകിയ ബന്ധങ്ങൾ" വളരെ ഗൗരവമേറിയതാണ്. അവ നേരെ ആക്കേണ്ടതിന്റെ ആവശ്യകത എത്ര പ്രാധാന്യമർഹിക്കുന്നു എന്ന കാര്യമാണ്.
സാദൃശ്യവാക്യങ്ങൾ 19:11 "വിവേക ബുദ്ധിയാൽ മനുഷ്യനു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവനു ഭൂഷണം." ആകയാൽ, നമ്മുടെ ബന്ധങ്ങളെ നമുക്ക് പരിപോഷിപ്പിക്കാം, ആദരിക്കാം.
മറ്റൊരു വിശ്വാസി പാപകരവും ഗൗരവകരമായ ഒരു കാര്യം നിങ്ങളോട് മറ്റുള്ളവരോട് ചെയ്തു ഉപദ്രവമുണ്ടാക്കിയെങ്കിൽ മത്തായി 18:15-17 പറയുന്നത് പ്രാവർത്തികമാക്കാം. "നിന്റെ സഹോദര നിന്നോട് പിഴച്ചാൽ നീ ചെന്നു നീയും അവനും മാത്രമുള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകലകാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചൊല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയേയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്ക് പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ."
ഈയൊരു പശ്ചാത്തലത്തിൽ യേശു പറയുന്നത് അങ്ങനെ നിരക്ക് പ്രാപിക്കാത്തവർ ആരാധനയ്ക്കായി വരേണ്ടതില്ല എന്നാണ്. എന്നാൽ കോപം ഉള്ളിൽ വച്ചുകൊണ്ട് ആളുകൾ എല്ലാ ആഴ്ചയും പാട്ടുപാടുകയും പ്രസംഗം കേൾക്കുകയും കത്തൃമേശയിൽ പങ്കാളികളാക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. വിശ്വാസികൾ പരസ്പരവും തങ്ങളുടെ വാസികളോടും നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്നവരാലുള്ള ആരാധനയാണ് യഥാർത്ഥമായ ആരാധന. സമാധാനപരവും സ്വരച്ചേർച്ചയുമുള്ള ബന്ധങ്ങൾ പ്രത്യേകിച്ചു സഭാബന്ധങ്ങളിൽ അനിവാര്യമായ സംഗതിയായിരിക്കുന്നു.
രണ്ടാമത്തെ Illustration ബന്ധങ്ങൾ പെട്ടെന്ന് നേരെ ആക്കുന്നതിനു ഊന്നൽ നൽകുന്നു. ഒരു എതിരാളിയുമായി നിരപ്പു വരുത്തുന്നതിൽ ഒരു urgency/തിടുക്കം ആവശ്യമാണ്. ഇത് സഭയ്ക്ക് വെളിയിൽ ഉള്ളവരോട് ആയാലും ഇത് ബാധകമാണ്. 5: 25-26 "നിന്റെ പ്രതിയോഗിയോടു കൂടെ വഴിയിൽ ഉള്ളപ്പോൾ തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ ചേവകനും ഏൽപ്പിച്ചിട്ട് നീ തടവിൽ ആയിപ്പോകും. ഒടുവിലത്തെ കാശ് പോലും കൊടുത്തു തീരുവോളം നീ അവിടെ നിന്ന് പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു."
ഈ ഒരു Illustration ഒരു കടക്കാരനും ഉത്തമനും തമ്മിലുള്ള ഇടപാടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉത്തമൻ തനിക്ക് ലഭിക്കേണ്ട പണം കടക്കാരനിൽ നിന്ന് പ്രതീക്ഷിച്ച സമയത്ത് ലഭിക്കായ്കയാൽ, കടക്കാരനെതിരെ കോടതിയെ സമീപിക്കുന്ന ചിത്രമാണിത് നൽകുന്നത്. യേശു പറയുന്നത് ഈയൊരു സ്റ്റേജിൽ എത്തുന്നതുവരെ കടക്കാരൻ കാത്തിരിക്കരുത് എന്നാണ്. സംഗതി കോടതിയിൽ എത്തുന്നതിനു മുമ്പായി ഉത്തമനെ ചെന്നു കണ്ടു കടബാധ്യത എത്രയും പെട്ടെന്ന് തീർത്തുകൊള്ളാമെന്ന് അപേക്ഷിക്കണം. കാരണം സംഗതി കോടതിയിൽ എത്തിയാൽ ജഡ്ജിക്ക് ന്യായം പാലിക്കാതിരിക്കാൻ കഴിയില്ല. കടക്കാരനെ കടക്കാരെ ഇടുന്ന ജയിലുകളിലേക്ക് അയക്കേണ്ടതായി വരും. അവിടെ തനിക്ക് ജോലി ചെയ്യുവാനൊ പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കായ്കയാൽ തന്റെ കടം കൊടുത്തു വീട്ടുവാൻ യാതൊരു നിർവാഹമില്ലാത്ത അവസ്ഥയിൽ എത്തിച്ചേരും. അതായത്, അങ്ങനെ ജയിലിൽ പോകേണ്ടി വന്നാൽ കടബാധ്യത തീർക്കാൻ പറ്റാതെ തന്റെ ശേഷിക്കുന്ന ജീവകാലം ജയിലിൽതന്നെ കഴിക്കേണ്ടതായി വരും.
ആകയാൽ നിങ്ങൾ ആർക്കെങ്കിലും offence ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് നേരെയാക്കുവാൻ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് കർത്താവ് ആവശ്യപ്പെടുന്നത്. അതെങ്ങനെ എന്ന് ചോദിച്ചാൽ, നിങ്ങൾ എതിരാളിയെ കണ്ട്, ഞാൻ നിങ്ങളോട് വളരെ മോശമായി പെരുമാറി; എനിക്ക് തെറ്റിപ്പോയി എന്നോട് ക്ഷമിക്കുക. ഞാൻ കടം വാങ്ങി, കൃത്യസമയത്തു തന്നു തീർത്തില്ല, ഇപ്പോൾ കുറച്ചു പണം ഞാൻ കൊണ്ടു വന്നിരിക്കുന്നു. ബാക്കിയുള്ളതു ഇന്ന തീയതിക്കുള്ളിൽ ഞാൻ തന്നു കൊള്ളാം. ഞാൻ വാക്കു പാലിക്കാതിരുന്നതിൽ ഈയൊരു വട്ടം ക്ഷമിക്കുക. നിങ്ങൾ പാപം ചെയ്ത് മറ്റുള്ളവരെ വേദനിപ്പിച്ചെങ്കിൽ, അത് പരിഹരിക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾക്ക് തന്നെയാണ്.
യേശു ഒരു പ്രായോഗിക കാരണം ചൂണ്ടികാണിക്കുന്നത് നിങ്ങളെ ജയിലിൽ അടക്കാതിരിക്കാൻ ഇത് വേഗം ചെയ്യണം എന്നാണ്. കാര്യങ്ങൾ അത്രത്തോളം ചെന്നെത്തുന്നതുവരെ കാത്തിരിക്കരുത്. മറ്റുള്ളവരുമായി സമാധാനം ഉണ്ടാക്കാൻ, നാളത്തേക്കൊ അടുത്ത മാസത്തേക്കൊ അടുത്ത വർഷത്തേക്കൊ കർത്താവിന്റെ വരവുവരേയൊ നീട്ടിക്കൊണ്ടു പോകരുത്. കൈപ്പിന്റെ വേര് നിങ്ങളുടെ ഹൃദയത്തിലേക്കു കടന്നു വരും. നിങ്ങൾ എതിരല്ലിയുടെ പേരിൽ അനേക ആരോപണം കണ്ടെത്താൻ ശ്രമിക്കും. അത് നിങ്ങളെയൊ എതിരാളിയേയൊ വേദനിപ്പിക്കാൻ ഇടയാക്കും. സാത്താൻ നിങ്ങളുടെ ബന്ധം അടുക്കാൻ കഴിയാത്തവിധം അകലത്തിലേക്കു നയിക്കും.
ഈ രണ്ട് ഇല്ലസ്ട്രേഷനിൽ കൂടി യേശു അർത്ഥമാക്കുന്നത് സംഘർഷം ഉണ്ടാകും എന്നതാണ്. സംഘർഷം ഇല്ലാതിരിക്കുന്നു എന്നല്ല. ഉണ്ടായാൽ എത്രയും പെട്ടെന്ന് പരിഹരിക്കുക എന്നതാണ് അതിലെ പോയിൻറ്. ആകയാൽ നമ്മുടെ ബന്ധങ്ങളെ നമുക്ക് പരിപോഷിപ്പിക്കാം ആദരിക്കാം.
ഇത് പറയുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ വരുന്ന ചിന്ത ഞാൻ നിരപ്പ് പ്രാപിപ്പാൻ വളരെ ശ്രമിച്ചു; എന്നാൽ എന്റെ എതിരാളി അതിനു മനസ്സ് വയ്ക്കുന്നില്ല. നിങ്ങൾ നിരപ്പു പ്രാപിപ്പാൻ നിങ്ങൾക്കു കഴിയാവുന്ന പരമാവധി ശ്രമിച്ചു എങ്കിൽ നിങ്ങൾ ദൈവത്തെ മാനിച്ചിരിക്കുന്നു. റോമർ 12:18 ൽ പറയുന്നു, "കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ."
നിരപ്പു പ്രാപിപ്പാനുള്ള മനസ്സ് ഏതിർ പാർട്ടിയും കാണിക്കണം. നിങ്ങൾ നിങ്ങളെത്തന്നെ അതിൽ സമ്മർദ്ദത്തിലാക്കരുത്. എന്നാൽ നിങ്ങൾ ചെയ്യേണ്ടത് ശരിയായ നിലയിൽ ചെയ്തു എന്ന് ഉറപ്പാക്കുകയും നിങ്ങളുടെ കോപം നിങ്ങളുടെ സ്വയം നീതി എന്നിവ നീക്കി താഴ്മ ധരിച്ച് നിരപ്പിനായി ശ്രമിക്കണം. ചിലപ്പോൾ ആരെയെങ്കിലും നാം ആഴമായി വേദനിപ്പിച്ചുവെങ്കിൽ അത് നമ്മുടെ കുഴപ്പമാണ്. എന്നാൽ അപ്പോഴും നാം മുന്നോട്ടുതന്നെ പോകുകയും നിരപ്പ് യാഥാർഥ്യമാക്കി തീർക്കുകയും ചെയ്യുക.
വാസ്തവത്തിൽ ഈ നിരപ്പ് നിങ്ങളുടെ പ്രായോഗിക ജീവിതത്തിൽ യാഥാർത്ഥ്യമായി തീരണമെങ്കിൽ സുവിശേഷം നിങ്ങൾ നന്നായി മനസ്സിലാക്കണം. കർത്താവായ യേശു ക്രിസ്തു നിങ്ങൾക്ക് വേണ്ടി ചെയ്തത് നിങ്ങളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങണം. കർത്താവ് എങ്ങനെയുള്ള വ്യക്തിയായിരുന്നു? താൻ എത്രത്തോളം തന്നെ താഴ്ത്തി, അത് നിങ്ങളുടെ ഹൃദയത്തെ ആഴമായ സ്പർശിക്കണം. നമുക്ക് വളരെ സുപരിചിതമായ ഒരു വേദഭാഗം വായിച്ചു ഞാൻ ഇത് അവസാനിപ്പിക്കാം.
ഫിലിപ്പിയർ 2:2-8 നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ട് ഐകമത്യപ്പെട്ട് ഏക ഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ. ശാഠ്യത്താലൊ ദുരഭിമാനത്താലൊ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കണം. ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായിത്തീർന്നു."
നിങ്ങൾക്ക് നിങ്ങളുടെ എതിരാളിയോട്, നിങ്ങളുടെ ഭാര്യയോട് ഭർത്താവിനോട്, മകളോട്, അമ്മായിഅമ്മയോടു, അമ്മായി അപ്പനോട്, കൂട്ടുകാരോടു, സഹപ്രവർത്തകരോട്, അയൽക്കാരോട് സമാധാനപരമായ ബന്ധമാണ് നിലനിൽക്കുന്നത്? ആകയാൽ, ബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി, ദൈവത്തെ ആരാധിക്കുവാൻ ഇത് തടസ്സമാണ് എന്ന് അറിഞ്ഞ് നിങ്ങളുടെ ബന്ധങ്ങളെ പരിപോഷിപ്പിക്കുകയും ആദരിക്കുകയും ചെയ്യാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഈ സന്ദേശം സമാപിപ്പിക്കുന്നു.
*******
Gospel & Acts Sermon Series_14