top of page

The Law and the Gospel Series-04

God will judge everyone according to their deeds !!!
ദൈവം ഓരോരുത്തന്റേയും പ്രവൃത്തിക്കു തക്കവിധം ന്യായം വിധിക്കും !!!

മനുഷ്യൻ എത്രതന്നെ ഉന്നതനും ശ്രേഷടനുമെന്നു തന്നെക്കുറിച്ചു തന്നെ ചിന്തിച്ചാലും അവൻ ഒരു ദിവസം ന്യായവിധിക്കായി ദൈവമുൻപാകെ നില്ക്കേണ്ടതായ് വരും. അന്ന് അവൻ തന്റെ എല്ലാ ചെയ്തികൾക്കും ദൈവമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചും അതിന്റെ അടിസ്ഥാനത്തെക്കുറിച്ചും അതിൽ നിന്നെങ്ങനെ വിടുതൽ പ്രാപിക്കാമെന്നതിനെക്കുറിച്ചുമാണ് ഇന്നു നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. അതിനായി റോമാലേഖനം അതിന്റെ രണ്ടാം അദ്ധ്യായം 6-15 വരെ വാക്യങ്ങൾ നമുക്കു ശ്രദ്ധിക്കാം.

റോമർ 2: 6-15

“അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. 7. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും, 8. ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്ക് കോപവും ക്രോധവും കൊടുക്കും. 9. തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യഹൂദനും പിന്നെ യവനനും വരും. 10. നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യഹൂദനും പിന്നെ യവനനും ലഭിക്കും. 11. ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ. 12. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. 13. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നതു. 14. ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലു ള്ളത് സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണം ആകുന്നു. 15. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമക്കുകയോ പ്രതിപാദിക്കയൊ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു."

ദൈവാത്മാവിന്റെ കൃപയ്ക്കായി ഒരു നിമിഷം പ്രാർത്ഥിക്കാം….

പ്രധാന ആശയം

Douglas Moo എന്ന commentator ഈ വേദഭാഗത്തെ ഒരു ഖിയാസ്റ്റിക് രൂപത്തിൽ ചിത്രീകരിച്ചുകൊണ്ട് ഇതിന്റെ മുഖ്യആശയത്തിൽ എത്തിച്ചേർന്നിരിക്കുന്നത് നോക്കുക:

A. God will judge everyone according to his deeds (2:6).
...................B. Those who do good will attain eternal life (2:7).
.....................................C. Those who do evil will incur wrath (2:8).
.....................................C’. Those who do evil will suffer tribulation (2:9).
.......................B.’ Those who do good will receive glory (2:10).
A.’ God will judge everyone impartially (2:11).

ആറാം വാക്യവും പതിനൊന്നാം വാക്യവും ഒരേ കാര്യം തന്നെയാണ് പറയുന്നത്. അതിനുള്ളിൽ പറഞ്ഞിരിക്കുന്നത് കാര്യങ്ങൾ അതിന്റെ ഫലമായി എന്തു സംഭവിക്കും എന്ന കാര്യവും. അതായത്, “ദൈവം ഒരോ വ്യക്തിയേയും അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം ന്യായം വിധിക്കും” എന്നതാണ് ഈ വേദഭാഗത്തിന്റെ മുഖ്യ പ്രമേയം.

1. ദൈവം ഓരോ വ്യക്തിയെയും ന്യായം വിധിക്കും (God will judge every person)

ഈ വേദഭാഗത്തിന്റെ മെയിൻ പോയിന്റ് അതിന്റെ 6 ഉം 11 ഉം, വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നു, അത്, ദൈവം ഓരോ വ്യക്തിയെയും impartial ആയി ന്യായം വിധിക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സുവിശേഷം നിരസ്സിക്കുന്നവരുടെമേൽ ദൈവത്തിന്റെ ആത്യന്തിക ന്യായവിധിയുണ്ടാകും. സുവിശേഷം വിശ്വസിക്കാത്തവരുടെ ന്യായവിധി ആരംഭിച്ചു കഴിഞ്ഞു എന്നു നാം മുമ്പേ കണ്ടു. അതിന്റെ പരിസമാപ്തിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവിടേയും already not yet എന്ന തത്വം കാണുവാൻ കഴിയും.

ആദ്യമായി, ന്യായവിധിയെക്കുറിച്ച് ചില കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവം സ്നേഹമാണ്, അതുകൊണ്ട് ദൈവം ആരേയും ന്യായം വിധിച്ച് നരകത്തിലേക്ക് തള്ളിക്കളയുകയില്ല എന്ന് പറയുന്നവരുണ്ട്. ദൈവം സ്നേഹിക്കുന്ന ദൈവമായിരിക്കുമ്പോൾ തന്നെ അവൻ ന്യായം വിധിക്കുന്ന ദൈവവും കൂടിയാണ്. ന്യായവിധി എന്നത് ദൈവവചനത്തിലെ ഒരു പ്രധാനപ്പെട്ട വിഷയവും ദൈവ- സ്വഭാവത്തിന്റെ ഒരു ഭാഗവും കൂടിയാണ്. എല്ലാ വ്യക്തികളും ദൈവത്തിന്റെ മുൻപാകെ ഒരുനാൾ ന്യായവിധിക്കായി നിൽക്കേണ്ടതായ് വരും. ബൈബിളിൽ ന്യായവിധിയെക്കുറിച്ചു പറയുന്ന പ്രധാന വേദഭാഗങ്ങൾ Mt. 10:14, 15, Acts 17:31; Hebrews 9:27, 10:26-27; എന്നിവയാണ്. Luke 12:4-5 വാക്യങ്ങളിൽ, കർത്താവു തന്നേയും ന്യായവിധിയെക്കുറിച്ചു പരാമർശിച്ചിരിക്കുമ്പോൾ അതിനെ കണ്ടില്ലെന്നു നടിക്കാൻ ആർക്കും കഴിയുകയില്ലല്ലൊ. ദൈവത്തിന്റെ വചനത്തിൽ പറഞ്ഞിരിക്കുന്ന ന്യായവിധിയെക്കുറിച്ചു നാം പറയുന്നില്ലെങ്കിൽ അതു ദൈവവചനത്തെ പൂർണ്ണമായി തുറന്നു കാണിക്കുന്നില്ല.

ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചുള്ള അറിവ് ദൈവത്തോടുള്ള നമ്മുടെ സ്നേഹം വർദ്ധിക്കാൻ ഉപകരിക്കുന്നുവെങ്കിൽ അതൊരു നല്ല കാര്യമായി ഞാൻ കാണുന്നു. ദൈവത്തെ നമ്മുടെ സ്നേഹനിധിയായ പിതാവും അതേസമയം, നീതിമാനായ ന്യായാധിപതിയും ആണ് എന്ന് അറിഞ്ഞ് ദൈവത്തെ നമുക്കു സ്തുതിക്കുവാൻ കഴിയുന്നില്ലെങ്കിൽ, നമ്മുടെ വിശ്വാസത്തിൽ എന്തെങ്കിലും പ്രശ്നമുണ്ട്, നാം ബൈബിൾ വ്യക്തമാക്കുന്ന യഥാർത്ഥ ദൈവത്തെയല്ല ആരാധിക്കുന്നത് എന്നും നാം ഓർക്കേണ്ടിയിരിക്കുന്നു.

തങ്ങളുടെ നീതീകരണത്തിനായി, ദൈവത്തെ ആശ്രയിക്കാതെ തങ്ങളുടെ പ്രവൃത്തിയിലൊ, ആശയങ്ങളിലൊ ആശ്രയിക്കുന്നവരുടെമേൽ ദൈവത്തിന്റെ ന്യായവിധി എങ്ങനെ ആയിരിക്കുമെന്നാണ് ഈ വേദഭാഗം നമ്മോട് പറയുന്നത്.

5-നാം വാക്യം ദൈവം ആരെയാണ് ന്യായം വിധിക്കുന്നത് എന്നു പറയുമ്പോൾ 6-നാം വാക്യം ന്യായവിധിയുടെ അടിസ്ഥാനത്തെക്കുറിച്ചാണ് പറയുന്നത്. ആരെയാണ് ദൈവം ന്യായം വിധിക്കുന്നത് എന്ന ചോദ്യത്തിനു പൗലോസിന്റെ ലളിതമായ ഉത്തരം എല്ലാവരേയും ദൈവം ന്യായം വിധിക്കും എന്നാണ്. പൗലോസിന്റെ കാലത്ത് ഒരു കൂട്ടം ആളുകൾ, അതായത്, യെഹൂദർ ന്യായവിധിയിൽ നിന്ന് ഒഴിവുള്ളവർ ആയിരിക്കും എന്ന് ചിന്തിച്ചിരുന്നു. റോമർ 1:20-21 ൽ ന്യായപ്രമാണമില്ലാത്ത ജാതികൾ ദൈവത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും അവർ ദൈവത്തെ ദൈവമെന്ന് ഓർത്ത് മഹത്വീകരിക്കയൊ നന്ദികാണിക്കയൊ ചെയ്യാത്തതുകൊണ്ട് അവർക്ക് ന്യായവിധിയുണ്ടാകും എന്നു പറഞ്ഞു. 28-32 വാക്യങ്ങളിൽ ദൈവത്തെ അംഗീകരിക്കാത്ത ആളുകൾ ചെയ്യുന്ന കാര്യങ്ങൾ എന്താണ് എന്നും താൻ വിശദീകരിക്കുന്നു. എന്നാൽ തുടർന്നുള്ള വാക്യങ്ങളിൽ, ന്യായപ്രമാണം ലഭിക്കാത്ത ജാതികളെ പുച്ഛത്തോടെ കാണുകയും, അവരെ ന്യായം വിധിക്കുകയും ചെയ്യുന്ന മറ്റൊരുകൂട്ടരെക്കുറിച്ചു, പരീശന്മാരെക്കുറിച്ച് പറയുന്നു. തങ്ങൾ ന്യായവിധിയിൽ നിന്നു ഒഴിവുള്ളവരാണ് എന്ന മനോഭാവത്തോടെ മറ്റുള്ളവരെ വിധിക്കയും തങ്ങളെ നീതീമാന്മാരെന്നു എണ്ണുകയും ചെയ്യുന്നു. അവരും ന്യായവിധിക്കു അർഹരാണ് എന്നാണ് റോമർ 2 ന്റെ 1-3 വരെ വാക്യങ്ങളിൽ പൗലോസ് പറയുന്നത്. പൗലോസ് മാത്രമല്ല, യോഹന്നാൻ സ്നാപകനും അങ്ങനെയുള്ളവരെക്കുറിച്ച് പറയുന്നുണ്ട്: ലൂക്ക് 3:7-8 നമുക്കൊന്നു വായിക്കാം: “അവനാൽ സ്നാനം ഏൽപ്പാൻ വന്ന പുരുഷാരത്തോടു അവൻ പറഞ്ഞതു: സർപ്പ സന്തതികളെ വരുവാനുള്ള കോപത്തിൽ നിന്ന് ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്ക് ഉപദേശിച്ചു തന്നത് ആർ? മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപിൻ. അബ്രഹാം ഞങ്ങൾക്ക് പിതാവായിട്ടുണ്ട് എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; അബ്രഹാമിന്നു ഈ കല്ലുകളിൽ നിന്നും മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്ന് ഞാൻ നിങ്ങളോട് പറയുന്നു. ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു."

യിസ്രായേൽ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ട്, അവർക്കു ന്യായവിധി ഉണ്ടാവുകയില്ല എന്നൊരു ചിന്ത അവരുടെ ഇടയിൽ ഉണ്ടായിരുന്നു. എന്നാൽ യേശുവും അവരെ നോക്കി പറയുന്നത് നാം മത്തായി 11: 21-22 ൽ വായിക്കുന്നു: “കോരസിനേ, നിനക്ക് ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്ക് ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു." ഇവിടെ കോരസീനും ബേത്ത്സയിദയും യഹൂദാ പഠനങ്ങളാണ്. സോരും സീദോന്നും ജാതികളുടെ പട്ടണങ്ങളും. യെഹൂദന്മാർക്കുള്ള പ്രിവിലേജസ് (വിശേഷത) വലുതാകകൊണ്ട് അവരുടെ ന്യായവിധിയും വലുതായിരിക്കുമെന്നാണ് കർത്താവ് അവിടെ പറയുന്നത്. ഇതു തന്നെയാണ് പൗലോസ് റോമർ 2:9-11 വാക്യങ്ങളിൽ പറയുന്നത്: “തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യഹൂദനും പിന്നെ യവനനും വരും. നൻമ പ്രവർത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും ആദ്യം യഹൂദനും പിന്നെ യവവനും ലഭിക്കും. ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.”

a). ഓരോരുത്തന്റെ പ്രവൃത്തിക്കു അനുസരിച്ചായിരിക്കും ന്യായവിധി.

സൃഷ്ടാവായ ദൈവത്തിനു മുന്നിൽ നാം ന്യായവിധിക്കായി നിൽക്കുമ്പോൾ, എന്തായിരിക്കും ദൈവത്തിന്റെ ന്യായവിധിയുടെ മാനദണ്ഡം? അതിനുള്ള പൗലോസിന്റെ ഉത്തരം അതിശയകരമാണ്. അവിടെ നിങ്ങൾ പേരിൽ ഒരു വിശ്വാസിയാണോ എന്നു നോക്കിയല്ല, പിന്നെ എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും ന്യായവിധി? റോമർ 2:6 അതിനുള്ള ഉത്തരമാണ്: “അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.” അതായത്, ന്യായവിധി ഓരോരുത്തനുമുണ്ട്; അത് അവന്റെ പ്രവൃത്തിയുടെ അടിസ്ഥാനത്തിലായിരിക്കും.

ലിയോൻ മോറിസ് എന്ന കമന്റേറ്റർ അതിനെക്കുറിച്ചു പറയുന്നത്: “It is the invariable teaching of the Bible and not the peculiar viewpoint of any one writer or group of writers that judgment will be on the basis of works, though salvation is all of grace. Works are important. They are the outward expression of what the person is deep down. In the believer they are the expression of faith, in the unbeliever the expression of unbelief and that whether by way of legalism or antinomianism.” കൃപയാലാണ് രക്ഷ എന്നിരിക്കിലും, ന്യായവിധി എന്നത് ബൈബിളിലെ ഏതെങ്കിലും ഒരു എഴുത്തുകാരന്റേയൊ, ഒരുകൂട്ടം എഴുത്തുകാരുടെയൊ കാഴ്ചപ്പാടല്ല, മറിച്ച് ബൈബിളിന്റെ മാറ്റമില്ലാത്ത ഉപദേശമാണ്. പ്രവൃത്തി പ്രധാനമാണ്. അത് ഒരു വ്യക്തി തന്റെ ഹൃദയത്തിൽ എങ്ങനെ ആയിരിക്കുന്നു എന്നതിന്റെ ബാഹ്യമായ പ്രകടനമാണ്. വിശ്വാസിയിൽ, അത് തന്റെ വിശ്വാസത്തിന്റെ പ്രകടനവും, അവിശ്വാസിയിൽ അത് ലീഗലിസത്തിന്റേയൊ ആന്റീനോമിയനിസത്തിന്റേയൊ രൂപത്തിൽ തങ്ങളുടെ അവിശ്വാസത്തിന്റെ പ്രകടനവുമാണ്.

ആകയാൽ, “അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.” ഇതു നാം വായിക്കുമ്പോൾ, റോമർ 1:16-17 നു ശേഷം അപ്പോ. പൗലോസ് തന്റെ നിലപാടു മാറ്റിയൊ എന്നു നമുക്ക് തോന്നാം. അവിടെ പൗലോസ് പറഞ്ഞു: ദൈവത്തോട് ശരിയായ സ്റ്റാന്റിംഗ് വിശ്വാസത്താൽ ദൈവം നൽകുന്നു, അതു നാം നേടിയെടുത്തതല്ല എന്നും. എന്നാൽ ഇവിടെ പൗലോസ് ന്യായവിധി നാളിൽ ദൈവമുമ്പാകെ നിൽക്കുമ്പോൾ, വിശ്വാസത്തോടുകൂടെ പ്രവൃത്തിയും കൂട്ടിച്ചേർക്കുകയാണോ?

മാർട്ടിൻ ലൂഥറിനു 1:16-17 വാക്യങ്ങൾ, സകലപ്രതികൂലങ്ങളേയും അതിജീവിച്ച് മുന്നേറലായിരുന്നു എങ്കിൽ ഇവിടെ എത്തിയപ്പോൾ (2:6) താൻ ഒട്ടും മുന്നേറിയിട്ടില്ല എന്നാണോ കണ്ടെത്തിയത്? അതായത്, കൃപയാൽ വിശ്വാസം മൂലമാണ് താൻ രക്ഷിക്കപ്പെടുന്നത് എന്ന് 1:16-17 വാക്യങ്ങളിൽ മനസ്സിലാക്കിയ ലൂഥർ, പിന്നീടുള്ള 20 വാക്യങ്ങൾ വായിച്ച ശേഷം, അതായത്, 2:6 ലെത്തിയപ്പോൾ താൻ കൃപയാലല്ല, പ്രവൃത്തിയാലാണ് രക്ഷിക്കപ്പെടുന്നത് എന്നു കണ്ടെത്തുകയായിരുന്നൊ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഞാനിനി നിങ്ങളോടു പറയാൻ പോകുന്നത്.

b). വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ബന്ധം.

ഒന്നാമതായി, ഇവിടെ, പൗലോസിന്റെ ബുദ്ധിക്ക്, കുറച്ചു ബഹുമതി നൽകേണ്ടിയിരിക്കുന്നു. 20 വാക്യങ്ങൾക്കു മുൻപ് ന്യായപ്രമാണം കൂടാതെ നാം രക്ഷിക്കപ്പെട്ടു അഥവാ പ്രവൃത്തികൂടാതെ നാം രക്ഷിക്കപ്പെട്ടു എന്നോണൊ പൗലോസ് അർത്ഥമാക്കിയത്? ഇവിടെ പൗലോസ്, താൻ ആദ്യം-പറഞ്ഞതിനു വിരുദ്ധമായി പറയുകയല്ല എന്ന അനുമാനത്തിൽ നാം ആരംഭിക്കേണ്ടിയിരിക്കുന്നു. ബൈബിൾ വ്യാഖ്യാനിക്കുമ്പോൾ, ബൈബിൾ അതിൽതന്നെ contradictory അല്ല എന്ന അനുമാനത്തിലാണ് ഒരുവൻ കാര്യങ്ങളെ മനസ്സിലാക്കേണ്ടത്.

രണ്ടാമതായി, 2:6 ൽ പൗലോസ് സങ്കീ 62:12 ഉദ്ധരിക്കുകയാണ്. അവിടെ നാം ഇപ്രകാരം വായിക്കുന്നു: “നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നൽകുന്നു.” ഈ 62-നാം സങ്കീർത്തനത്തിൽ, ഈ വാക്യം എന്താണ് അർത്ഥമാക്കിയത് എന്നു നാം ആദ്യമായി മനസ്സിലാക്കണം. സങ്കി 62 ൽ ജനങ്ങൾ രക്ഷക്കായി എന്താണ് ചെയ്തത്? അതിന്റെ ഉത്തരം ഇതിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. സങ്കീർത്തനക്കാരനായ ദാവീദ് രണ്ടുതരം ആൾക്കാർ തമ്മിലുള്ള വ്യത്യാസം വിവരിക്കുകയാണ് ഈ സങ്കീർത്തനത്തിൽ. 3-4 വാക്യങ്ങളിൽ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട രാജാവിനെതിരെ ഗൂഡാലോചന ചെയ്യുന്ന ഒരു കൂട്ടരെ നാം കാണുന്നു. “നിങ്ങൾ എല്ലാവരും ചാഞ്ഞമതിലും ആടുന്നവേലിയും പോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും? അവന്റെ പദവിയിൽ നിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു; അവർ ഭോഷ്ക്കിൽ ഇഷ്ടപ്പെടുന്നു; വായ് കൊണ്ട് അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു.”

ഇവിടെ രാജാവിനേയും രാജാവിനെതിരെ ദോഷം പ്രവൃത്തിക്കുന്ന വേറൊരു കൂട്ടരേയും നമുക്കു കാണാം. അവർ വ്യാജം പ്രവർത്തിക്കുന്നു; അതായത്, വായ്കൊണ്ട് ഒരുകാര്യം പറയുകയും അതിനെതിരെ ഹൃദയത്തിൽ ചിന്തിക്കയും ചെയ്യുന്നു. ആളുകളുടെ മുൻപിൽ നല്ല വാക്കു പറയുകയും മാറിയിരുന്നു ഹൃദയത്തിൽ ദോഷം ചിന്തിക്കുകയും ചെയ്യുന്നവർ ഓർത്തുകൊള്ളുക അവർ വ്യാജം പ്രവർത്തിക്കുന്നു എന്ന്. അങ്ങനെയുള്ള ആളുകളെ കുറിച്ചാണ് റൊമർ 2:1-3 വാക്യങ്ങളിൽ പറയുന്നത്.

രണ്ടാമത്തെ ഗ്രൂപ്പ് ആളുകൾ, ദൈവത്തിൽ മാത്രം തങ്ങളുടെ സ്വസ്ഥത കണ്ടെത്തുന്നു. അവർ തങ്ങളുടെ രക്ഷ യഹോവയിൽ നിന്നു വരുന്നു എന്ന് അറിയുന്നു (62:1). വീണ്ടും ഏഴാം വാക്യത്തിൽ അവർ പറയുന്നു : “എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു” (62:7). അവർ ദൈവത്തിലാണ് തങ്ങളുടെ രക്ഷ കണ്ടെത്തുന്നത്. അവർ ദൈവത്തിലാണ് തങ്ങളുടെ മഹിമ കണ്ടെത്തുന്നത്. ദൈവം മാത്രം പോരാ, എനിക്കു അതുവേണം, ഇതുവേണം, അതില്ലെങ്കിൽ എന്റെ ജീവിതം ധന്യമാകയില്ല എന്ന് അവർ ചിന്തിക്കുന്നില്ല. തങ്ങളുടെ സന്തോഷവും സുരക്ഷിതത്വവും മറ്റുവസ്തുക്കളിലൊ വ്യക്തികളിലൊ അല്ല അവർ കണ്ടെത്തുന്നത്. വാസ്തവത്തിൽ, മനുഷ്യരുടെ സകല ആകുലതക്കും, അരക്ഷിതാവസ്ഥക്കും കാരണം ഇങ്ങനെയുള്ള ഒരു ശരിയായ മനോഭാവം ഇല്ലാത്തതല്ലെ?

ദാവീദ് തന്റെ ആത്മാവിനോട് പറയുന്നതെന്തെന്നാൽ, എനിക്ക് ഒരു കാര്യം മാത്രം മതി, അതുണ്ടെങ്കിൽ ഞാൻ സന്തുഷ്ടനാണ്, അത് എനിക്കുണ്ട്. എനിക്കു ദൈവത്തിന്റെ പിതൃ-സമാനമായ സ്നേഹവും കരുതലും ഉണ്ട്, അതുമാത്രമെ എനിക്കു ആവശ്യമായിട്ടുള്ളു. മറ്റെല്ലാ കാര്യങ്ങളും നശിച്ചുപോകുന്നതാണ്, നീങ്ങിപ്പോകുന്നതാണ്.

ഇനി ആദ്യത്തെ ഗ്രൂപ്പിലുള്ള ആളുകൾ ചെയ്ത കാര്യം- അവർ ചെയ്ത work എന്താണ്? അവർ ദൈവത്തിൽ തങ്ങളുടെ രക്ഷ കണ്ടെത്തി. അവർ ദൈവത്തിൽ അവരുടെ സ്വസ്ഥത കണ്ടെത്തി. ദൈവത്തെ തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമാക്കി. ഇതാണ് അവരുടെ works എന്നു പറയുന്നത്. ഈ മനോഭാവത്തിനാണ് ദൈവം നിശ്ചയമായും പ്രതിഫലം നൽകുമെന്ന് പറഞ്ഞത്. “നീ ഒരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നൽകുന്നു.” (സങ്കീ. 62:12).

പ്രായോഗികത: ദൈവത്തിൽ മാത്രം തങ്ങളുടെ സ്വസ്തത കണ്ടെത്തുന്നവർ മറ്റുള്ളവരെ ഉപദ്രവിക്കാൻ തയ്യാറാകുമോ? മറ്റുള്ളവരെക്കുറിച്ചു അപവാദം പറയുമോ? മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടുമോ? മറ്റുള്ളവർക്ക് ദോഷംവരുത്തി, തങ്ങൾ അവരെക്കാൾ നല്ലവരാണ് എന്ന് കാണിക്കാൻ ശ്രമിക്കുമൊ? അതല്ലെങ്കിൽ റൊമർ 1 ന്റെ 29-32 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലേക്കു അവർ തിരിയുമൊ? ആ വേദഭാഗം ഒന്നു വായിക്കാം: “അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല പിണക്കം, കപടം ദുശ്ശീലം എന്നിവ തിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കൽപ്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ. ഈ വക പ്രവർത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.”

അതുകൊണ്ട് റോമർ 2:6 ൽ പൗലോസ് പറയുന്നത്: മതഭക്തിയില്ലാത്തവരും, മതഭക്തരായ ആളുകളും തങ്ങൾ എന്തു ചെയ്തു, അതല്ലെങ്കിൽ എന്തു ചെയ്തില്ല എന്ന് നോക്കണം. ഭതഭക്തനും മതഭക്തനല്ലാത്തവനും ഒരുപോലെ മാനസാന്തരപ്പെടണം. അവർ, ദൈവത്തിന്റെ അർഹമായ കോപത്തിൽ നിന്നു രക്ഷ പ്രാപിപ്പാൻ, ദൈവത്തിന്റെ അനർഹമായ കൃപയിൽ തങ്ങളുടെ ആശ്രയം വെക്കണം. എന്നാൽ ഇവിടെ പറയുന്നത്, അവർ ഇരുവരും തങ്ങളിൽ തന്നെ മഹത്വം അന്വേഷിക്കുന്നു. ആകയാൽ അവർക്കു ദൈവത്തിന്റെ ശിക്ഷാവിധി വരും എന്നാണ്.

മുന്നാമതായി, പ്രവൃത്തിക്കു രക്ഷയുമായുള്ള ബന്ധം എന്താണ് എന്നു ഞാൻ പറയാം. “പ്രവൃത്തി” എന്നത് രക്ഷയുടെ അടിസ്ഥാനമല്ല, മറിച്ച്, രക്ഷയുടെ തെളിവാണ്. Works is the evidence of our salvation, not the basis. അതായത്, പൗലോസും യാക്കോബും പരസ്പരം contradictory ആയി സംസാരിക്കയല്ല.

പ്രവൃത്തി പരിഗണിക്കേണ്ട വിഷയം തന്നെ എന്ന് പൗലോസ് പറയുമ്പോഴും, അത് രക്ഷയുടെ അടിസ്ഥാനമെന്ന നിലയിലല്ല, മറിച്ച്, ഒരുവന് രക്ഷാകരവിശ്വാസം ഉണ്ട് എന്നതിനു തെളിവ്/ evidence എന്ന നിലയിലാണ്. സങ്കീ 62 ൽ ഒരു വ്യക്തിയുടെ ദൈവവുമായുള്ള ബന്ധമാണ് തന്നെ രക്ഷിക്കുന്നത്. ദൈവത്തെ തന്റെ സങ്കേതമായി, തങ്ങളുടെ പാറയായി, തങ്ങളുടെ രക്ഷയായി കാണുന്നതിലാണ് അടിസ്ഥാനപരമായി കാര്യമുള്ളത്. സങ്കീ 62:9-10 വാക്യങ്ങളിൽ നാം കാണുന്നതുപോലെ, ഇത് അവർ എങ്ങനെ മനസ്സിലാക്കുന്നു എന്നത്, അവരുടെ ജിവിതത്തിലുടെ വെളിപ്പെടും; നല്ല പ്രവൃത്തികൾ നമുക്ക് രക്ഷാകരവിശ്വാസമുണ്ട് എന്ന് കാണിക്കുന്നു. എന്നാൽ രക്ഷിക്കുന്ന വിശ്വാസത്തോടെ അത് യാതൊന്നും കൂട്ടിച്ചേർക്കുന്നില്ല.

അതിനെ വിശദീകരിക്കാൻ ഞാൻ ഒരു ഉദാഹരണം പറയാം. ആപ്പിൾ മരത്തിൽ ഉണ്ടായി കിടക്കുന്ന ആപ്പിൾ, ആ മരത്തിനു ജീവനുണ്ട് എന്ന് കാണിക്കുന്നു. എന്നാൽ ആപ്പിളല്ല, മരത്തിനു ജീവൻ നൽകുന്നത്. “ആപ്പിൾ”- മരത്തിന്റെ ജീവനു തെളിവാണ്. എന്നാൽ, മരത്തിന്റെ വേരുകളാണ് മരത്തിനാവശ്യമായ പോഷകഗുണങ്ങൾ വലിച്ചെടുത്ത് ആ മരത്തെ നിലനിർത്തുന്നത്. അതേപോലെ, ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് നമുക്ക് ജീവൻ നൽകുന്നത്. ക്രിസ്തു തന്റെ നീതി വിശ്വസിക്കുന്നവർക്കു നൽകുന്നു. എന്നാൽ നീതിയുടെതായ ഒരു വ്യത്യാസപ്പെട്ട ജീവിതം, വാസ്തവത്തിൽ നമുക്ക് ജീവനുണ്ട് എന്നു തെളിയിക്കുന്നു.

ന്യായവിധിനാളിൽ, ദൈവമുൻപാകെ നിൽക്കുവാൻ, പ്രവൃത്തി കൂടെ അതിനോടു കൂട്ടിച്ചേർക്കണം എന്നാണ് പൗലോസ് പറയുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. അതിനു സമാനമായി, കൃപയാലുള്ള രക്ഷയെക്കുറിച്ചുള്ള അറിവ് ഈയൊരു വെല്ലുവിളിയെ കുറച്ചുകാണാനും ഇടവരരുത്. നാം പരസ്യമായി പ്രഖ്യാപിക്കുന്ന വിശ്വാസം, നമ്മുടെ കൈകളുടെ പ്രവൃത്തിയെ വ്യതിയാനപ്പെടുത്തുന്നില്ല എങ്കിൽ, നാം ചോദിക്കേണ്ട ചോദ്യം എന്റെ വിശ്വാസം ഹൃദയത്തിൽ നിന്നുള്ളതും വാസ്തവവുമായ വിശ്വാസമാണോ എന്നതാണ്. അതു നമ്മുടെ രണ്ടാമത്തെ പോയിന്റിലേക്ക് നമ്മേ നയിക്കുന്നു.

2. നമ്മുടെ ഹൃദയം ദൈവത്തോട് ശരിയായ നിലയിലാണോ എന്ന് എങ്ങനെ അറിയാൻ കഴിയും? (How can we know if our heart is right with God?)
2:7-നാം വാക്യം : "നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും," നമ്മുടെ ഹൃദയം ദൈവത്തോട് ശരിയായ നിലയിലാണോ എന്ന് അറിയാൻ രണ്ടു ടെസ്റ്റുകൾ ഈ വാക്യം നൽകുന്നു.

ഒന്ന്, “നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത്” ഉള്ളവരാണോ നാം. അതായത്, ദൈവവഴിയിൽ ജീവിക്കുന്നതാണോ നമ്മുടെ തുടർമാനമായ ജീവിത രീതി എന്നു നമ്മേത്തന്നെ പരിശോധിക്കുക.

രണ്ട്, തേജസ്സും, മാനവും, അക്ഷയതയും അന്വേഷിക്കുന്നവരാണോ? ദൈവത്തോടുകൂടെയുള്ള ജീവിതത്തിന്റെ ഫലമായി, ദൈവത്തിൽ നിന്നുള്ള ജീവനിൽ മാത്രം കണ്ടെത്താൻ കഴിയുന്നതുമായ ഈ ഗുണങ്ങൾ, നാം അന്വേഷിക്കുന്നവരാണോ? ദൈവത്തോട് ശരിയായ ബന്ധമുള്ള വ്യക്തി തങ്ങളുടെ രക്ഷക്കുവേണ്ടി നന്മ ചെയ്യുകയല്ല. ദൈവത്തിന്റെ സ്വഭാവത്തോട് അനുരൂപപ്പെടാനാഗ്രഹിക്കുന്നതിനാൽ താൻ നന്മ പ്രവൃത്തിക്കുന്നു.

ഈ നാലു കാര്യങ്ങൾ, അതായത്, തേജസ്സ്, മാനം, അക്ഷയത കൂടാതെ 10-നാം വാക്യത്തിലെ സമാധാനം (2:10), അഥവാ നിത്യജീവൻ നാം അന്വേഷിക്കുന്നവരാണോ? പ്രശ്നം നമ്മുടെ ലക്ഷ്യത്തിലല്ല, മാർഗ്ഗത്തിലാണ്. ലക്ഷ്യം മാത്രം പോരാ, അതിനുള്ള മാർഗ്ഗവും ശരിയായിരിക്കണം. നാം അതിനായി, സൃഷ്ടാവിലേക്കാണ് നോക്കേണ്ടത്. സൃഷ്ടിക്കപ്പെട്ട വസ്തുവിലേക്കല്ല. ദൈവത്തിൽ ഇതൊക്കെ നാം കണ്ടെത്താൻ നാം നോക്കണം. കർത്താവായ യേശുക്രിസ്തു നമുക്കുവേണ്ടി സമ്പാദിച്ച തേജസ്സ്, മാനം, അക്ഷയത നാം അന്വേഷിക്കണം. അവന്റെ രൂപത്തോട് അനുരൂപപ്പെടാൻ വേണ്ടി പുനർസൃഷ്ടിക്കപ്പെട്ട നാം, അത് കർത്താവിൽ തന്നെയാണോ അന്വേഷിക്കുന്നത്? ദൈവത്തെ അറിയുന്നതിൽ, നാം ഇതൊക്കേയും അന്വേഷിച്ചാൽ, അതിന്റെ അന്ത്യം ദൈവം നൽകുന്ന നിത്യജീവൻ ആയിരിക്കും.

8-നാം വാക്യം ഈ കാര്യത്തെ നെഗറ്റീവായി വിശദീകരിക്കുന്നു. 7-8 വാക്യങ്ങൾ തമ്മിലുള്ള ബന്ധമെന്നു പറയുന്നത്, 7-നാം വാക്യം +വായി പറഞ്ഞിരിക്കുന്ന കാര്യം 8 ൽ - വായി പറഞ്ഞിരിക്കുന്നു. “ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്ക് കോപവും ക്രോധവും കൊടുക്കും.” ഒരു വ്യക്തി ദൈവത്തോട് ശരിയായ നിലയിലല്ല എങ്കിൽ അവൻ ശാഠ്യം പൂണ്ട് സത്യത്തെ നിഷേധിക്കും. സത്യത്തിനെതിരെ പുറം തിരിഞ്ഞു നിൽക്കും. ഒരു വ്യക്തി ദൈവത്തോട് ശരിയായ നിലയിലല്ല എന്നതിനു രണ്ടു സൂചനകൾ 8-നാം വാക്യം നൽകുന്നു.

1. അവൻ സ്വാർത്ഥം അന്വേഷിക്കുന്നു. സ്വാർത്ഥം അന്വേഷിക്കുക എന്നത് ദൈവത്തോട് ശരിയായ ബന്ധത്തിലല്ല എന്നതിന്റെ ഒരു അടയാളമാണ്. സ്വയ-ഇച്ഛയുടെ ഒരു ആത്മാവ് അതല്ലെങ്കിൽ സ്വന്ത- മഹത്വം അന്വേഷിക്കുന്നതും നമ്മെത്തന്നെ രക്ഷകനാക്കുന്നതാണ് അത്. നിയമരാഹിത്യ ജീവിതമൊ, മതഭക്തിയിലൂടെ സ്വയമായി രക്ഷനേടാനും അങ്ങനെ സ്വന്തമഹത്വം അന്വേഷിക്കാനും ഇടയാക്കുന്നതൊ ആണത്.

2. സത്യത്തെ ത്യജിച്ച് തിന്മയെ പിന്തുടരുന്നു. അതായത്, ദൈവത്തിന്റെ സത്യത്താൽ ഉപദേശിക്കപ്പെടാനൊ പഠിക്കാനൊ മനസ്സില്ലാതിരിക്കുക. അതല്ലെങ്കിൽ ദൈവവചനം പഠിക്കുവാൻ താത്പ്പര്യമില്ലാതിരിക്കുക, മുൻപെങ്ങോ ഉണ്ടായിരുന്ന തന്റെതന്നെ ബോദ്ധ്യത്തിനു വെളിയിലുള്ള കാര്യങ്ങൾക്ക്, വിധേയപ്പെടുന്നത് നിരസ്സിക്കുക. പരീശന്മാരുടെ ഏറ്റവും വലിയ പ്രശ്നമെന്ന് പറഞ്ഞത് ഇതായിരുന്നു.

ഒരുവൻ നിയമാനുഷ്ഠാനത്തിലുടെ നീതിമാനാകാൻ ആഗ്രഹിക്കുന്നു എങ്കിൽ, എങ്ങനെയാണ് ജിവിക്കേണ്ടത് എന്ന് അറിവാൻ, അവൻ ദൈവത്തിന്റെ കല്പനകൾക്ക് ചെവികൊടുക്കണം. എന്നാൽ ദൈവത്തിന്റെ വചനം നമ്മോടു പറയുന്നതെന്തെന്നാൽ, നാമത് വളരെ പെർഫെക്ടായി അനുസരിക്കണം എന്നാണ്. ദൈവം വെച്ചിരിക്കുന്ന നിലവാരത്തി നൊത്തവണ്ണം നാമത് പെർഫെക്ടായി ചെയ്യണം. എല്ലായ്പ്പോഴും 100% പെർഫെക്ഷൻ ആവശ്യമാണ്. എന്നാൽ പലരും ഈ സത്യം അവഗണിക്കുന്നു. അത് ഒരു മണിക്കൂറൊ, ഒരു ദിവസമൊ, ഒരു മാസമൊ, ഒരു വർഷമൊ പോരാ, ഒരുവന്റെ ജിവകാലം മുഴുവനും അവൻ അത് പെർഫെക്ടായി അനുസരിക്കണം. പക്ഷെ അത് അസാദ്ധ്യമെന്ന് എല്ലാവരും സമ്മതിക്കും. അങ്ങനെ, നമുക്കു നേടിയെടുക്കുവാൻ കഴിയാത്ത നീതി, നമുക്ക് ആവശ്യമായി വരുന്നു. നമുക്കു നമ്മെത്തന്നെ രക്ഷിക്കുവാൻ കഴിയുമെന്ന് നാം ചിന്തിച്ചാൽ, നാം സത്യത്തെ തള്ളിക്കളയുകയും നാം രക്ഷിക്കപ്പെടേണ്ട ആവശ്യമില്ല എന്ന നിലപാടിൽ നിൽക്കയും ചെയ്യുന്നു.

9-10 വാക്യങ്ങൾ 7-8 വാക്യങ്ങളിലെ പഠിപ്പിക്കൽ പൗലോസ് ആവർത്തിക്കുകയാണ്. “തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യഹൂദനും പിന്നെ യവനനും വരും.; നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യഹൂദനും പിന്നെ യവനനും ലഭിക്കും.” എന്നാൽ ഒരു ചെറിയ വ്യത്യാസം മാത്രം. ആദ്യം യെഹൂദനും പിന്നെ യവനനും എന്നത് രണ്ടു തവണ ആവർത്തിക്കുന്നു. അതായത്, ദൈവം ന്യായവിധിയിൽ മുഖപക്ഷം കാണിക്കുന്നില്ല (11) എന്നാണ് അത് അർത്ഥമാക്കുന്നത്. ന്യായവിധി, impartial ആയ, അഥവാ പക്ഷം പിടിക്കാതെയുള്ള ന്യായവിധിയാണ്. നാം ആരായിരിക്കുന്നു എന്നതല്ല കാര്യം, അതായത്, മതഭക്തനൊ, മതഭക്തിയില്ലാത്തവനൊ എന്ന വ്യത്യാസം കൂടാതെ, നാം എന്തു ചെയ്യുന്നു എന്നുള്ളതാണ് ന്യായവിധിയുടെ അടിസ്ഥാനം. നമ്മുടെ പശ്ചാത്തലം അതായത്, യെഹൂദ പശ്ചാത്തലമൊ, ക്രിസ്തീയ പശ്ചാത്തലമൊ, പള്ളിയിൽ പോകുന്നവരൊ, ബൈബിളുമായി യാതൊരു ബന്ധവുമില്ലാത്തവരൊ ആരുതന്നെ ആയിക്കൊള്ളട്ടെ, ദൈവത്തോട് എങ്ങനെയാണ് ബന്ധപ്പെടാൻ നാം തീരുമാനിച്ചിരിക്കുന്നത് എന്നതാണ് കാര്യം.
3. എല്ലാവരും ന്യായം വിധിക്കപ്പെടും, ന്യായമായി തന്നെ വിധിക്കപ്പെടും (All will be judged and will be judged justly).

12-15 വരെ വാക്യങ്ങൾ: “ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടു ന്നതു. ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലു ള്ളത് സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമക്കുകയോ പ്രതിപാദിക്കയൊ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു."

ന്യായവിധിയിൽ ദൈവം പക്ഷവാദം കാണിക്കുകയില്ല. എന്നതിന്റെ മറ്റൊരു വശംകൂടി ഈ വേദഭാഗത്തു കാണുവാൻ കഴിയും. ദൈവത്തിന്റെ കൽപ്പനകളെ അറിയുന്ന വ്യക്തി, അത് അനുസരിക്കാതിരിക്കുമ്പോൾ അവൻ ന്യായപ്രമാണപ്രകാരം വിധിക്കപ്പെടും.

ദൈവത്തിന്റെ ന്യായപ്രമാണം ലഭിക്കാത്ത ജാതികളെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ ന്യായപ്രമാണം അവരുടെ ഉള്ളിൽ എഴുതപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ജാതികൾ ചിലപ്പോൾ ന്യായപ്രമാണം ആവശ്യപ്പെടുന്ന കാര്യങ്ങൾ സ്വഭാവത്താൽ ചെയ്യാറുണ്ട് (14). എല്ലാ ആൾക്കാർക്കും അത്യാവശ്യം പെരുമാറ്റത്തെ സംബന്ധിച്ച തെറ്റും ശരിയും അറിയാം. അവരുടെ ഈ അടിസ്ഥാനം ഒരു വസ്തുനിഷ്ടമായ യാഥാർത്ഥ്യമാണ്. ആകയാൽ ആ നിലവാരം വെച്ച് ദൈവം അവരെ ന്യായം വിധിക്കും.

ന്യായപ്രമാണം അറിയുകയും അതേ സമയം അത് ചെയ്യാതിരിക്കയും ചെയ്യുന്നവരെയും ദൈവം ന്യായംവിധിക്കും. ജോൺ സ്റ്റോട്ടിന്റെ വാക്കുകളിൽ പറഞ്ഞാൽ : ന്യായപ്രമാണം കേൾക്കുന്നത് വളരെ അപകടം പിടിച്ച പണിയാണ്. എന്നാൽ “ന്യായപ്രമാണം അറിയുന്നത് ഒരു പ്രയോജനവും വരുത്തുകയില്ല എന്ന് ചിന്തിക്കരുത്. നീതീകരണത്തിലേക്കുള്ള ഏകവഴി, അത് പൂർണ്ണമായി അനുസരിക്കുക എന്നതാണ്. ന്യായപ്രമാണത്തിലേക്കു തിരിയുന്നതു വഴി, ഞാൻ ദൈവത്തിന്റെ എല്ലാ പ്രമാണങ്ങളും, എല്ലാ നിലയിലും അനുസരിക്കുന്നു എന്ന് അവകാശവാദം ഉന്നയിക്കുവാൻ പോകുകയാണ് അതിലൂടെ ചെയ്യുന്നത്.

ആകയാൽ, ദൈവത്തിന്റെ ന്യായം വിധി തികച്ചും നീതി പൂർവ്വമായിരിക്കും. അതായത്, ന്യായപ്രമാണം ബാഹ്യമായി ലഭിച്ചവരേയും അതു ലഭിക്കാത്തവരെയും ദൈവം ന്യായം വിധിക്കുന്നതു നീതിയായ കാര്യമാണ്. കാരണം ആന്തരീകമായി ന്യായപ്രമാണം അവരുടെ ഉള്ളിൽ എഴുതിയിരിക്കുന്നു എങ്കിലും അതിൻപ്രകാരം അവർ ജിവിക്കുന്നില്ല.

4. ദൈവകോപമൊ, ദൈവത്തിന്റെ ന്യായവിധിയൊ ഇല്ലെങ്കിൽ ക്രൂശുമില്ല (Without God's wrath or God's judgment, there is no cross).
"“ദൈവം യേശുക്രിസ്തുമുഖാന്തിരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.” (16).

ആ ന്യായവിധി ദൈവത്തിന്റെ ന്യായവിധി നാളിൽ നടക്കും. ആ ന്യായവിധി നീതിപൂർവ്വകവുമായിരിക്കും. മാത്രവുമല്ല, മനുഷ്യരുടെ രഹസ്യങ്ങളെ കണക്കിലെടുത്തും കൊണ്ടായിരിക്കും. ആ നാളിൽ മതപരമായ ആചാരങ്ങളുടെ അടിയിൽ നിങ്ങളുടെ ഹൃദയത്തിലെ വിഗ്രഹങ്ങളെ ഒളിപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ല. മറിച്ചും, ദൈവത്തിന്റെ നീതി താഴ്മയോടെ സ്വീകരിച്ചവരെ ശ്രദ്ധിക്കാതെയൊ, രക്ഷപ്രാപിക്കാതെ ഇരിക്കയൊ ചെയ്യുകയുമില്ല.

എന്തുകൊണ്ടാണ് എന്റെ സുവിശേഷപ്രകാരം എന്ന് പൗലോസ് പറഞ്ഞിരിക്കുന്നത്? എന്തെന്നാൽ ദൈവത്തിന്റെ പുത്രനെക്കുറിച്ചുള്ള പ്രഖ്യാപനം ദൈവത്തിന്റെ നീതിയുള്ള ന്യായവിധിക്ക് അടിസ്ഥാനമായിരിക്കുന്നതിനാലാണ്. ന്യായവിധിയില്ലെങ്കിൽ, രക്ഷക്ക് യാതൊരു അർത്ഥവുമില്ല. ദൈവത്തിന്റെ വർത്തമാനകാല കോപവും ഭാവികാല കോപവും ഇല്ലെങ്കിൽ, ക്രുശിന്റെ മഹത്വം ഇല്ലാതാകും. പൗലോസിന്റെ താത്പ്പര്യമെന്തെന്നാൽ, നാം നിൽക്കുന്ന അടിത്തറ- ജാതിയാകട്ടെ, യെഹൂദനാകട്ടെ, മതഭക്തനാകട്ടെ അല്ലാത്തവനാകട്ടെ, നിയമം അനുസരിക്കുന്നവരാകട്ടെ, നിയമം ലംഘിക്കുന്നവരാകട്ടെ, ഒരേ അടിത്തറയിലാണ്. എല്ലാവരും ന്യായവിധിയെ നേരിടുന്നു, എല്ലാവരും കോപത്തിനർഹരാണ്. ഈയൊരു അടിത്തറയിൽ നിന്നുവേണം നാം ക്രൂശീലേക്ക് നോക്കുവാനും അത് വ്യക്തമായി കാണുവാനും. നാം വാസ്തവത്തിൽ ആരാണ് എന്ന് അറിയാതെ, ക്രിസ്തുവിനെ വിലമതിക്കുവാൻ കഴിയുകയില്ല.

18-19 നൂറ്റാണ്ടിലെ പ്രശസ്തനായ പ്രാസംഗികനായിരുന്ന ചാൾസ് സൈമൺന്റെ വാക്കുകളിൽ പറഞ്ഞാൽ : “ഞാൻ എന്നേക്കും മനസ്സിലാക്കുവാൻ ആഗ്രഹിച്ചതിൽ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, എന്റെ തന്നെ നികൃഷ്ടതയാണ്, രണ്ടമത്തേത്, ദൈവത്തിന്റെ മഹത്വം യേശുക്രിസ്തുവിന്റെ മുഖത്ത് ദർശിക്കുന്നതാണ്. അവ ഒരുമിച്ചു കാണണമെന്ന് എല്ലായ്പ്പോഴും ഞാൻ ചിന്തിക്കുന്നു.

ആകയാൽ, സ്വസ്ഥത, പ്രത്യാശ മാനം എന്നിവ നിങ്ങളിൽ തന്നെ അന്വേഷിക്കാതെ, കാല്വരി ക്രൂശിൽ നമുക്കായി മരിച്ച്, അടക്കപ്പെട്ട്, ഉയർത്തെഴുനേറ്റ കർത്താവ്, നമുക്കായി നേടിയെടുത്ത തേജസ്സും, മാനവും അക്ഷയതയും സ്ഥിരതയോടെ അന്വേഷിക്കന്നവരായി തീരാം. അതിനു ദൈവം നമ്മേ ഓരോരുത്തരേയും സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു.

*******

© 2020 by P M Mathew, Cochin

bottom of page