top of page

The Law and the Gospel Series-03

Idolatry and Social Decline !
വിഗ്രഹാരാധനയും സാമൂഹികതകർച്ചയും !

ന്യായപ്രമാണവും സുവിശേഷവും എന്ന വിഷയത്തെക്കുറിച്ചാണ് ഞാൻ കഴിഞ്ഞ രണ്ട് അദ്ധ്യായങ്ങളിൽ പങ്കുവെച്ചത്. ന്യായപ്രമാണവും സുവിശേഷവും തമ്മിലുള്ള ബന്ധം പലർക്കും അറിഞ്ഞുകൂട. ന്യായപ്രമാണവും സുവിശേഷവും തമ്മിലുള്ള ബന്ധത്തെ തെറ്റിദ്ധരിക്കുന്നവർ, പരസ്പര വിരുദ്ധങ്ങളായ രണ്ടു തെറ്റുകളിലേക്ക് വഴുതി വീഴുന്നു. ആ നാശകരമായ രണ്ടു തെറ്റുകൾ എന്നു പറയുന്നത് ലീഗലിസവും ആന്റിനോമിയനിസവും ആണ്.

‘ലീഗലിസം’ –“ഞാൻ ചെയ്യുന്ന സൽപ്രവൃത്തികളാൽ ദൈവം എന്നെ അനുഗ്രഹിക്കുവാൻ ബാദ്ധ്യസ്ഥനായി തീരുന്നു എന്ന കാഴ്ചപ്പാടാണ്.’

‘ആന്റീനോമിയനിസം’ എന്നാൽ: “ദൈവത്തിന്റെ വചനത്തേയൊ കൽപ്പനകളേയൊ അനുസരിക്കാതതന്നെ ദൈവത്തോടു ബന്ധപ്പെടാൻ കഴിയും എന്ന കാഴ്ചപ്പാടാണ്.”

എന്നാൽ ദൈവത്തിന്റെ കൽപ്പനകളെ അവഗണിച്ചുകൊണ്ട് അഭക്തിയിലും അനീതിയിലും ജീവിക്കുന്നത് ദൈവത്തെ അംഗീകരിക്കാതെയും ഇരിക്കുന്നതാണ്. അത് ദൈവകോപത്തിനു കാരണമായി തീരുകയും അവരെ തങ്ങളുടെ ഇച്ഛക്കനുസരിച്ചു ജീവിക്കുവാൻ ദൈവം കൈവിട്ടു കളയും. അവർ ദൈവത്തിന്റെ സ്ഥാനത്ത് വിഗ്രഹങ്ങളെ ആരാധിക്കയും അതു സകലവിധ മ്ലേച്ചതകൾക്കും കാരണമായി തീരുകയും ചെയ്യുന്നു. ഈ കാര്യങ്ങളാണ് റോമാ ലേഖനം 1:18-25 വരെ വേദഭാഗങ്ങളിൽ നിന്നും പങ്കുവെച്ചത്. ഇന്ന് അതിന്റെ തുടർച്ച യായ വിഗ്രാരാധനയും അതിന്റെ പരിണതഫലങ്ങളും എന്ന വിഷയമാണ് അപ്പൊസ്തലനായ പൗലോസ് റോമാലേഖനം ഒന്നാം അദ്ധ്യായത്തിന്റെ 26-32 വരെ വാക്യങ്ങളിൽ പറയുന്നത്. ആ വേദഭാഗത്തിലേക്കു നമുക്കു കടക്കാം.

റോമാലേഖനം 1:26-32

26 “അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. 27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണ മായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. 29 അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, 30 കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പി ക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, 31 നിയമലംഘി കൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ. 32 ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.”

ദൈവാത്മാവിന്റെ കൃപയ്ക്കായി ഒരു നിമിഷം പ്രാർത്ഥിക്കാം….

“അതുകൊണ്ട്” എന്നു പറഞ്ഞാണ് ഈ വാക്യം ആരംഭിക്കുന്നത്. അതു കാണിക്കുന്നത് മുൻ വാക്യങ്ങളിൽ പറഞ്ഞ കാരണത്താൽ അവർക്കു എന്തു സംഭവിച്ചു എന്ന കാര്യമാണ് തുടർന്നു താൻ പറയാൻ പോകുന്നത്. ദൈവം തന്റെ സൃഷ്ടിയിലൂടെ തന്റെ അസ്തിത്വത്തെ വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ ദൈവത്തെ ദൈവമെന്ന് ഓർത്ത് മഹത്വീകരിക്കാതെ മനുഷ്യൻ സൃഷ്ടവസ്തുക്കളെ ആരാധിക്കുന്നു. അതിൽ നിന്നും മാനസാന്തരപ്പെടാൻ മനസ്സില്ലാതെ തങ്ങളുടെ പാപങ്ങളിൽ തുടരുന്നവരെ ദൈവം അവരുടെ ഇഷ്ടപ്രകാരം ജീവിക്കേണ്ടതിനു കൈവിട്ടു കളയുന്നു. ഉദാഹരണത്തിനു, ചില കുഞ്ഞുങ്ങൾ മാതാപിതാക്കൾ എത്ര പറഞ്ഞാലും തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുകയില്ല. അങ്ങനെ പലപ്രാവശ്യം ശിക്ഷിച്ചിട്ടും നേരെയാകാത്ത കുട്ടികളെ അവരുടെ വഴിക്കു പോകുവാൻ കൈവിട്ടു കളയുന്നതുപോലെ, മനുഷ്യൻ നേർവഴി നടക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ഒരു സമയം അവനെ കൈവിട്ടു കളയും. അതു ദൈവത്തിന്റെ ഒരു ശിക്ഷാവിധിയാണ്.

1. വിഗ്രഹാരാധന എന്നാൽ എന്ത്?

നാം ദൈവത്തിന്റെ സ്ഥാനത്ത് മറ്റുവസ്തുക്കളെ പ്രതിഷ്ഠിക്കു മ്പോൾ, ദൈവത്തെ നമ്മുടെ ജീവിതത്തിൽ നിന്നു നീക്കിക്കളയുന്നു. ദൈവത്തെ നമ്മുടെ ജീവിതത്തിൽനിന്നും നിഷ്ക്കാസനം ചെയ്യുന്നു. അതിനു പകരം മറ്റുവല്ലതും നമ്മുടെ ജീവിതത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. ഇതിനെയാണ് വിഗ്രഹാരാധന എന്നു പറയുന്നത്. വിഗ്രഹാരാധന ചെയ്യുന്നവർ ആ വിഗ്രഹത്താൽ ഭരിക്കപ്പെടുന്നു, അല്ലെങ്കിൽ നിയന്ത്രിക്കപ്പെടുന്നു. ആ വിഗ്രഹമാണ് ഒരുവൻ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത്.

a) വിഗ്രഹാരാധനയെക്കുറിച്ചു ദൈവത്തിന്റെ വചനം എന്താണ് പറയുന്നത് എന്നു നോക്കാം.

പുറപ്പാടു 20: 4-6 4 (cf. ആവർത്തനം 5:8-9) “4ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. 5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും 6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്ന വർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.”

ദൈവം ആത്മാവാകായാൽ, അരൂപിയാകയാൽ, ദൃശ്യമായ ഒരു രൂപമില്ല. അവൻ സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വസാന്നിദ്ധ്യമുള്ളവനുമായ ദൈവമാണ്. അവനു തുല്യൻ അവൻ മാത്രം. അവനോടു സദൃശ്യനായി ആരുമില്ല. ആകയാൽ ദൈവം പറയുന്നു ദൈവത്തിന്റെ പേരിൽ ഒരു വിഗ്രഹത്തെ നിർമ്മിക്കരുത്. അത് ആകാശത്തിനു കീഴെയു ള്ളതൊ, ഭൂമിക്കു മുകളിലുള്ളതൊ ഭൂമിക്കുതാഴെയുള്ളതൊ ആയ യാതൊന്നിന്റേയും പ്രതിമ നിങ്ങൾ ഉണ്ടാക്കരുത്. അവയെ നമസ്ക്കരിക്കയുമരുത്. ഇതു വളരെ പ്രധാനപ്പെട്ട ഒരു കല്പനയാണ്. ഇതു പലതവണ ബൈബിളിൽ ആവർത്തിച്ചിരിക്കുന്നതായി കാണാം.

ഉദാഹരണത്തിനു ആവർത്തനം പുസ്തകം 4:15-19 “ നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.16 അതുകൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,17 ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,18 ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു. 19 നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു;”

പ്രപഞ്ചത്തിലെ ഒരു വസ്തുവിന്റേയൊ ജീവജാലങ്ങളുടേയൊ മനുഷ്യന്റേയൊ പ്രതിമ അരുത്; അതു ആണിന്റെയൊ പെണ്ണിന്റെയൊ രൂപത്തിലുള്ള ഒന്നിന്റേയും പ്രതിമ ഉണ്ടാക്കരുത് എന്നു മാത്രമല്ല അവയെ നമിക്കയുമരുത് എന്ന് ദൈവം വളരെ വ്യക്തമായി മനുഷ്യനോടു കൽപ്പിച്ചിരിക്കുന്നു. ഇന്നു മനുഷ്യൻ കടന്നു ചെല്ലുന്ന എല്ലാ ആരാധനാലായ ങ്ങളിലും ഇങ്ങനെയുള്ള ഏതെങ്കിലും രൂപത്തിലുള്ള പ്രതിമകളെ കണ്ടെത്താൻ വിഷമമില്ല. മനുഷ്യൻ ഏറ്റവും അധികം ലംഘിച്ചിരിക്കുന്ന ഒരു കൽപ്പനയാണ് ഇത് എന്നതിൽ തർക്കമേതുമില്ല.

എന്നാൽ ദൈവത്തിന്റെ വചനം വിഗ്രഹാരാധനയെ കേവലം ചില തരത്തിലോ രൂപത്തിലൊ ഉള്ള വിഗ്രഹങ്ങളിലേക്കും മാത്രം ഒതുക്കി നിർത്തുന്നില്ല. ദൈവത്തേക്കാൾ അധികം നമ്മുടെ ജീവിതത്തിൽ മറ്റെന്തിനെയെങ്കിലും നാം കൂടുതൽ സ്നേഹിച്ചാൽ അതും വിഗ്രഹമാകും. അതു ജോലിയാകാം, ബിസിനസ് ആകാം, പ്രൊഫെഷൻ ആകാം, അധികാരം ആകാം, അത്യാഗ്രഹം ആകാം, കലാരൂപങ്ങൾ ആകാം, സ്ത്രീയൊ പുരുഷനൊ ആകാം. കുഞ്ഞുങ്ങളുടെ സ്കൂളിലെ പരീക്ഷകൾപോലും വിഗ്രഹമാകാം. നമ്മുടെ അമിതമായ ശ്രദ്ധ പിടിച്ചു പറ്റുന്നതെന്തും, നമ്മുടെ ഭാവനയൊ, സ്നേഹമൊ പിടിച്ചുപറ്റുന്നതെന്തും, നമ്മുടെ പ്രതീക്ഷകളുടെ അഭയസ്ഥാനമാകുന്നതെന്തും, നമ്മുടെ ഭയാശങ്കകൾക്ക് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നതെന്തും ഒരു വിഗ്രഹമാകും. ഇനി ക്രിസ്തീയ ജീവിതത്തിന്റെ മോട്ടിവേഷൻ ക്രിസ്തുവല്ലാതെ മറ്റെന്തെങ്കിലും ആണെങ്കിൽ അതും ഒരു വിഗ്രഹമാണ്.

അങ്ങനെ എന്തും ഒരു വിഗ്രഹമായി മാറാം. ആ വിഗ്രഹത്തിനു വേണ്ടി നാശകരമായ എന്തും- നമുക്കൊ മറ്റുള്ളവർക്കൊ എത്രതന്നെ നാശകരമായ കാര്യമാണെങ്കിൽ കൂടി, ചെയ്തുകൊണ്ട്, അതിനായി ജീവിക്കുന്നു. നാം ആഗ്രഹിച്ചതിനെ സ്വന്തമാക്കുവാൻ, അതിനെ കൂടുതലായി വർദ്ധിപ്പിക്കുവാൻ, അതിനെ എന്നന്നേക്കുമായി സൂക്ഷിക്കുവാൻ നം ശ്രമിക്കുന്നു. ഇതല്ലെ, ഇന്ന് പല സഭകളുടെയും നേതൃത്വങ്ങളിൽ കാണുന്ന ഭിന്നതക്കും ശത്രുതക്കും, വഴക്കിനുമൊക്കെ കാരണം.

b). വിഗ്രഹാരാധനയുടെ ഫലം

ദൈവത്തെ മാറ്റി പകരം ഒരു വിഗ്രഹത്തെ നാം ഹൃദയത്തിൽ പ്രതിഷ്ടിക്കുമ്പോൾ, horizontal ആയ തലത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചാണ് പൗലോസ് റോമർ 1:26-27 വാക്യങ്ങളിൽ പറയുന്നത്. “അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏൽപ്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞ്. അവ്വണ്ണം പുരുഷന്മാരും സ്വാഭാവിക സ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.”

‘അതുകൊണ്ട്’ എന്നു പറഞ്ഞാൽ ഏതുകൊണ്ട് എന്നൊരു ചോദ്യം സ്വാഭാവികമാണല്ലൊ? അതിന്റെ ഉത്തരം 25-ാ൦ വാക്യത്തിൽ ഉണ്ട്. “സൃഷ്ടിച്ചവനേക്കാൾ സൃഷ്ടിയെ ഭജിച്ചു, ആരാധിച്ചു.” അതല്ലെങ്കിൽ മനുഷ്യൻ ദൈവത്തെവിട്ട് സൃഷ്ടവസ്തുക്കളിലേക്ക് തിരിഞ്ഞു. അതുകൊണ്ട് "ദൈവം അവരെ കൈവിട്ടുകളഞ്ഞു”.

c). ലൈംഗികപാപങ്ങൾ

അങ്ങനെ മനുഷ്യൻ വിഗ്രഹാരാധനയിലേക്ക് തിരിഞ്ഞതിന്റെ ഫലമായി ദൈവം അവരെ സ്വഭാവവിരുദ്ധമായ പ്രവൃത്തികളിലേക്ക് തിരിയുവാൻ കൈവിട്ടു കളഞ്ഞു. സ്വഭാവവിരുദ്ധ മായ ബന്ധങ്ങൾ (Unnatural relations) എന്നു പറഞ്ഞാൽ നമ്മുടെ പ്രകൃതിക്കു വിരുദ്ധമായ (against nature) ബന്ധങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. അതിനു ഗ്രീക്കിൽ ‘paraphusin’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സൃഷ്ടിച്ച പ്രകൃതിക്കു വിരുദ്ധമായി പ്രവർത്തി ക്കുക. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിച്ചത് മനുഷ്യൻ ദൈവത്തിന്റെ സ്വഭാവത്തെ ലോകത്തിൽ പ്രതിബിംബിച്ചുകൊണ്ട് സകല സൃഷ്ടവസ്തുക്ക ളുടെ മേലും വാഴുക. അതിലൂടെ ദൈവത്തിനു മഹത്വമുണ്ടാകുക. എന്നാൽ അങ്ങനെ ദൈവത്തിനു മഹത്വം വരുത്താത്തെതെന്തും പാപമാണ്.

എന്നാൽ ദൈവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കു വിരുദ്ധമായി ദൈവിക ഇമേജിനു നിരക്കാത്ത കാര്യങ്ങൾ മനുഷ്യൻ ചെയ്യുന്നു; ചെയ്തുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കേണ്ടതിനു വിരുദ്ധമായ കാര്യങ്ങൾ അവൻ ചെയ്യുന്നു. അതിലൊന്നാണ് Homosexuality. റോമൻ പൗരനായ പൗലോസ്, റോമാസാമ്രാജ്യത്തിലുടനീളം സഞ്ചരിച്ച വ്യക്തിയാണ്. homosexual ജീവിതം നയിക്കുന്ന അനേകരെ കണ്ടു പരിചയിച്ച വ്യക്തിയാണ്. ആകയാൽ താൻ ഇതിനെ കേവലം, ഒരു പാപകരമായ പ്രവൃത്തി എന്നതിനേക്കാൾ, ദൈവത്തെ ഉപേക്ഷിച്ച്, വിഗ്രഹങ്ങളുടെ പിന്നാലെ- മോഹത്തിന്റെ പിന്നാലെ- over desire നു പിന്നാലെ മനുഷ്യൻ ഇറങ്ങിത്തിരിച്ചതിനാൽ, ദൈവം അവരെ തങ്ങളുടെ ആഗ്രഹനിവൃത്തിക്കായി കൈവിട്ടു കളഞ്ഞതിന്റെ ഫലമാണ് ഇവ എന്നാണ് പൗലോസ് പറയുന്നത്. അവരുടെ വിഭ്രമത്തിനു/തെറ്റിന് യോഗ്യമായ പ്രതിഫലം/reward/recompense തങ്ങളിൽ തന്നേ പ്രാപിച്ചതാണത്.

പഴയനിയമവും പുതിയ നിയമവും ഒരുപോലെ പറയുന്നതെന്തെന്നാൽ, homosexuality യിൽ നിന്നും വ്യഭിചാരത്തിൽ നിന്നുമൊക്കെ മാനസാന്തരപ്പെടാതെ, അതിൽ തന്നെ തുടരുന്നത്, ദൈവത്തിന്റെ അഥവാ യേശുക്രിസ്തുവിന്റെ കർത്തൃത്വത്തെ നിഷേധിക്കുന്നതാണ്. അങ്ങനെ യേശുക്രിസ്തുവിന്റെ കത്തൃത്വത്തെ നിഷേധിച്ചുകൊണ്ട് മുന്നോട്ടു പോകുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല. അതിനെക്കുറിച്ചാണ് 1 കൊരി 6:9-10 വാക്യങ്ങളിൽ പറയുന്നത്: “ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ വ്യഭിചാരികൾ സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ (reviler- using abusive words-ചീത്ത പറയുന്നർ) പടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കു കയില്ല” എന്ന്. അവരെ രക്ഷിക്കുവാൻ മോറലിസത്തിനു കഴിയുകയില്ല. അവരെ രക്ഷിക്കു വാൻ സുവിശേഷം തന്നെവേണം. അവർ സുവിശേഷം വിശ്വസിച്ച് രക്ഷിക്കപ്പെട്ടാൽ അവർക്കും ദൈവരാജ്യം സ്വന്തമാക്കാം. പൗലോസ് അവരേയും സുവിശേഷത്തിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തുന്നില്ല.

1:24 ൽ രണ്ടുതരം ലൈംഗികതയെക്കുറിച്ചു പറയുന്നു. ഒന്ന് വിവാഹത്തിനു വെളിയിലുള്ള സെക്സും(ദുർന്നടപ്പ്-fornication), രണ്ട് ഹോമോസെക്സും. ഇവരണ്ടും മോഹത്തിന്റെ ഫലമാണ്, രണ്ടും ഒരുപോലെ പാപമാണ്, രണ്ടും ദൈവം അവരുടെ മോഹത്തിനു തങ്ങളെ തന്നെ കൈവിടുന്നതിന്റെ ഫലമായി സംഭവിക്കുന്ന ദൈവകോപമാണ്. അതുപോലെ തന്നെ പാപകരമാണ് അത്യാഗ്രഹവും. കൊളൊ 3:5 ൽ നാം വായിക്കുന്നത് : “ആകയാൽ ദുർന്നടപ്പ്, അശുദ്ധി അതിരാഗം ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.” അതായത്, സ്ഥിരമായ ആഗ്രഹം- അധികമായി ലഭിക്കുന്നതിനുള്ള നാശകരമായ ആഗ്രഹം- അത് അധാർമ്മികത പോലെതന്നെ പാപമാണ്. അതു വിഗ്രഹാരാധനയാണ്.

homosexuality ഒരു പാപമായിരിക്കുമ്പോൾ, അതാണ് ഏറ്റവും മോശമായ പാപം, മറ്റെല്ലാം അതിനേക്കാൾ മെച്ചമായ പാപം എന്നു പറയാൻ കഴിയുകയില്ല. എല്ലാ ലൈംഗിക അധാർമ്മികതയും പാപകരമാണ് (1:24). ദൈവസന്നിധിയിൽ എല്ലാ പാപവും മ്ലേച്ചമാണ്, ഒന്ന് ഒന്നിനേക്കാൾ മെച്ചം എന്ന് പറയാൻ കഴിയുകയില്ല. അസൂയ കാണിക്കുന്നതും, അപവാദം പറയുന്നതും ദൈവസന്നിധിയിൽ homosexuality പോലെ പാപമാണ് എന്ന് വിശ്വാസികൾ ചിന്തിക്കാറില്ല. വിശ്വാസികളിൽ പലരും ഇത് അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ കൊണ്ടുനടക്കുന്നു. അതുകൂടാതെ വഞ്ചനയൊ, സ്വയത്തിൽ പുകഴുന്നതൊ ഒന്നും അത്ര തന്നെ പാപമല്ല എന്ന് ചിന്തിക്കുന്നവരുണ്ട്. ദൈവത്തെ സംബന്ധിച്ച സത്യം നിരസിച്ചുകൊണ്ട്, അതല്ലെങ്കിൽ ദൈവത്തിന്റെ സ്വഭാവത്തിനു നിരക്കാത്തതെന്തും, തിരശ്ചീനമായ ബന്ധത്തെ നശിപ്പിക്കുന്ന എല്ലാ പ്രവൃത്തികളും, ദൈവകോപം ക്ഷണിച്ചു വരുത്തുന്ന പാപങ്ങളാണ്.

d). മനുഷ്യന്റെ ധാർമ്മിക അധ:പ്പതനം

അതുകൊണ്ട് ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്വാൻ “നികൃഷ്ടബുദ്ധിയിൽ” ഏൽപ്പിച്ചു എന്നാണ് 28-നാം വാക്യത്തിൽ പറയുന്നത്. “നികൃഷ്ടബുദ്ധി അഥവാ “a depraved mind” എന്നാണ് ഇംഗ്ലീഷിൽ അതിനെ വിളിച്ചിരിക്കുന്നത്.

അതിന്റെ ഫലമായുള്ള പാപങ്ങളുടെ ഒരു ലിസ്റ്റ് ആണ് പൗലോസ് 29-31 വാക്യങ്ങളിൽ നിരത്തുന്നത്.

“അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം ദുശ്ശീലം എന്നിവ നിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ടന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പ്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ.”

ഈയൊരു ലിസ്റ്റിൽ നാമും, ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ, ഉൾപ്പെട്ടിരിക്കുന്നു. വിഗ്രഹാരാധനയുടെ ഫലമായുള്ള എല്ലാ പാപങ്ങളും ഉൾക്കൊള്ളുന്ന ഒരു ലിസ്റ്റല്ല ഇത്. ഇവിടെ പറഞ്ഞിരിക്കുന്ന പാപങ്ങളെ നാലു ഗ്രൂപ്പിൽ പെടുത്താൻ സാധിക്കും.

അത്യാഗ്രഹം : economic disorder-സാമ്പത്തിക ക്രമമില്ലായ്മയിൽ പെടുത്താം.
കൊല, പിണക്കം, കപടം, ദുശ്ശീലം : ഇവയെ social disorder- അഥവാ സാമൂഹിക ക്രമമില്ലായ്മ എന്ന ഗണത്തിൽ പെടുത്താം. സമൂഹത്തിനു ദോഷം വരുത്തുന്ന പാപങ്ങൾ.

മാതാപിതാക്കളെ അനുസരിക്കാതിരിക്കുക: family breakdown-അഥവാ കുടുംബത്തിലെ ക്രമമില്ലായ്മ. കുടുംബബന്ധത്തിലെ പാപങ്ങൾ.

ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ.” : relational breakdown-ബന്ധുത്വപരമായ ക്രമമില്ലായ്മയിൽ വരുന്നു. ഇത് എല്ലാത്തരം ബന്ധങ്ങളിലും വിള്ളലുണ്ടാക്കുന്നു.

ഇതിനെയാണ് വേദശാസ്ത്രികൾ സമ്പൂർണ്ണ ധാർമ്മിക അധഃപ്പതനമെന്ന് “total depravity” എന്നു വിശേഷിപ്പിക്കുന്നത്. മനുഷ്യനു ധാർമ്മികമായി സമ്പൂർണ്ണ അധഃപ്പതനം സംഭവിച്ചിരിക്കുന്നു. ദൈവത്തെ യാതൊരു നിലയിലും തന്റെ അദ്ധ്വാനത്താൽ പ്രസാദിപ്പിക്കുവാൻ കഴിയാത്ത വിധം അവന്റെ അധഃപ്പതനം എല്ലാ മേഖലയേയും ബാധിച്ചിരിക്കുന്നു. നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും എല്ലായ്പ്പോഴും പാപസമ്പൂർണ്ണമാണ് എന്ന് പറയാൻ കഴിയില്ലെങ്കിലും, പാപസ്പർശമില്ലാത്ത ഒന്നും തന്നെയില്ല എന്നു വേണം പറവാൻ.

e. സുവിശേഷം ശരിയാംവണ്ണം ഗ്രഹിക്കുക

ഒരുവനു സുവിശേഷം മനസ്സിലായി എന്നു പറയണമെങ്കിൽ അവന്റെ ഈ സമ്പൂർണ്ണ ധാർമ്മിക അധഃപ്പതനത്തെക്കുറിച്ച് അവൻ മനസ്സിലാക്കണം. സുവിശേഷത്തെ ഒരുവൻ നന്നായി മനസ്സിലാക്കി എന്നു പറയണമെങ്കിൽ, പൗലോസ് ചെയ്തതുപോലെ, ആ പാപികളിൽ ഞാൻ ഒന്നാമൻ എന്നു സ്വയം സമ്മതിക്കണം. അതല്ലെങ്കിൽ, സങ്കീ 40:12 ൽ സങ്കീർത്തനക്കാരനായ ദാവീദ് പറയുന്നതുപോലെ, “മേൽപ്പോട്ടൂ നോക്കുവാൻ കഴിയാതെ വണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തിർന്നിരിക്കുന്നു.” My inequities have overtaken me, so that I am not able to see; They are numerous than the hairs of my head, And my heart has failed me” ഈയൊരു മനോഭാവമായിരിക്കണം നമ്മേയും ഭരിക്കേണ്ടത്. ആ എനിക്കുവേണ്ടിയാണ് യേശുക്രിസ്തു മരിച്ചത് എന്നും താൻ വിശ്വസിക്കണം. ഇത് നമ്മേ സ്നേഹത്തിൽ ക്രിസ്തുവിനെ അനുസരിക്കുവാനും തന്റെ അയൽക്കാരനെ സ്നേഹിക്കുവാനും നമ്മേ സ്വതന്ത്രനാക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ന്യായപ്രമാണം സുവിശേഷത്തിലേക്കും, സുവിശേഷം ന്യായപ്രമാണം അനുസരിക്കാൻ തക്കവിധം സ്വാതന്ത്ര്യത്തിലേക്കും നമ്മേ നയിക്കുന്നു.

2. ദൈവത്തെ അനുസരിക്കുന്നത് ഒരു കടമ എന്ന നിലയിലല്ല, അതിനേക്കാൾ ഉപരി അതു നമ്മുടെ പ്രമോദമായിരിക്കണം
ദൈവത്തെ അനുസരിക്കുന്നത് രണ്ടു നിലയിൽ ആകാം. ഒരു duty അഥവാ കടമ എന്ന നിലയിൽ ദൈവത്തെ അനുസരിക്കാം. അതല്ലെങ്കിൽ അതൊരു പ്രമോദമായി, സന്തോഷമായി കാണാം. സങ്കീ 40:8 ൽ നാം വായിക്കുന്നത് ; “എന്റെ ദൈവമെ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” സങ്കീ 119:16 “ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കുകയുമില്ല.” (I will delight myself in thy statutes: I will not forget thy word.) സങ്കീ 112:1 “യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. സങ്കീ 119.:35 “നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നൽകേണമേ.”

നിന്റെ ന്യായപ്രമാണത്തിൽ ഞാൻ സന്തോഷിക്കുന്നു. നിന്റെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു എന്നിങ്ങനെയുള്ള പ്രസ്താവനകൾ വചനത്തിൽ നമുക്കു കാണുവാൻ കഴിയും. വാസ്തവത്തിൽ duty യും delight ഉം അഥവാ കടമയും പ്രമോദവും പരസ്പര വിരുദ്ധങ്ങളായ സംഗതികളാണ്. എന്നാൽ ഒരുവൻ ദൈവത്തിന്റെ ഉന്നതാവസ്ഥയും തന്റെ നീചമായ പാപാവസ്ഥയും മനസ്സിലാക്കി അതിനായി കർത്താവായ യേശുക്രിസ്തു എന്തു ചെയ്തു എന്നു അറിയുകയും, യേശുക്രിസ്തുവിന്റെ ജീവിതത്തിലും മരണത്തിലുമുള്ള അനുസരണമാണ് ദൈവം എന്റെ പേരിൽ കണക്കിട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ്, ദൈവത്തെ അനുസരിക്കുന്നത് നമ്മുടെ ഉത്തരവാദിത്വമെന്നതിനേക്കാൾ ഉപരി അതെന്റെ പ്രമോദമാണ് എന്നു പറയുവാൻ ഇടയായി തീരുന്നത്. അതിനു ദൈവത്തിന്റെ മനോഹാരിത നാം ദർശിക്കണം. ദൈവത്തിന്റെ സ്വഭാവം നാം മനസ്സിലാക്കണം. പരസ്പര വിരുദ്ധങ്ങളായ duty യെയും delight നെയും കുറിച്ചു ഒരു ദൈവദാസൻ പറഞ്ഞിരിക്കുന്നതിപ്രകാരമാണ് “Our pleasure and our duty, though opposite before, since we have seen his beauty, are joined to part no more.” അതായത്, നമ്മുടെ പ്രമോദവും, കടമയും ദൈവത്തിന്റെ മനോഹാരിത ദർശിക്കുന്നതിനുമുൻപ്, പരസ്പര വിരുദ്ധങ്ങളായിരുന്നു എങ്കിൽ, ദൈവത്തിന്റെ മനോഹാരിത ദർശിച്ചശേഷം അവ രണ്ടും വേർപെടുത്താൻ കഴിയാത്തവിധം ഒന്നായി തീർന്നീരിക്കുന്നു. ഇതാണ് ന്യായപ്രമാണവും സുവിശേഷവും തമ്മിലുള്ള ബന്ധമെന്നു പറയുന്നത്. അതായത്, സുവിശേഷം വിശ്വസിച്ച ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, ദൈവത്തെ അനുസരിക്കുന്നത്, അതല്ലെങ്കിൽ ദൈവത്തിന്റെ ന്യായപമാണം അനുസരിക്കുന്നത് അവന്റെ വലിയ സന്തോഷമാണ്, പ്രമോദമാണ്.

a) പാപം ചെയ്യുന്നവർ മരണയോഗ്യർ

32-നാം വാക്യത്തിന്റെ അവസാനത്തിൽ പൗലോസ് പറയുന്നത്: “ഈ വക പ്രവർത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു”എന്നാണ്. താനിവിടെ മനുഷ്യന്റെ മനസ്സാക്ഷിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എല്ലാ സമൂഹത്തിലു മുള്ള എല്ലാ മനുഷ്യരുടേയും ഉള്ളിൽ തെറ്റും ശരിയും ഉണ്ട് എന്നും ആ തെറ്റിനു ശിക്ഷയും ഉണ്ട് എന്നും അറിയുന്നു. എങ്കിലും മനുഷ്യർ ദുഷ്ടത പ്രവർത്തിക്കുന്നു എന്നു മാത്രമല്ല ദുഷ്ടത പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയും ചെയ്യുന്നു. മറ്റുള്ളവരെക്കുറിച്ച് ഇല്ലാത്തതു പറഞ്ഞ്, തങ്ങൾ അവരെക്കാൾ എത്രയൊ ശ്രേഷ്ടരാണ് എന്നു വരുത്തിത്തീർക്കു വാൻ ശ്രമിക്കുന്നവരെ നമുക്കു ചുറ്റും കാണാം. വാസ്തവത്തിൽ ഇത് അവരുടെ ധാർമ്മിക അധഃപ്പതനത്തെയല്ലേ കാണിക്കുന്നത്? നമ്മുടെ ചുറ്റുമിരുന്നു അപരാധം പറയുന്നവരോടു നാമും ചേർന്നു രസിക്കാറില്ലേ? ഇനി, മറ്റുള്ളവരിൽ പാപം കണ്ടെത്താൻ നമുക്ക് പെട്ടെന്ന് കഴിയും. എന്നാൽ നമ്മിൽ തന്നെ അതു കാണുവാൻ എത്ര പ്രയാസമായിരിക്കുന്നു.
3. മതഭക്തനും രക്ഷെക്കു സുവിശേഷം ആവശ്യമാണ്!

മതഭക്തിയിൽ ജീവിക്കുന്നവർക്കും ആവശ്യമായിരിക്കുന്നത് സുവിശേഷമാണ്. അതുകൊണ്ടാണ് പൗലോസ് റോമിലെ വിശ്വാസികളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരുന്നിട്ടുകൂടി (1:8), അവരോടു സുവിശേഷം പ്രസംഗിക്കുന്നത്. അവരുടെ ഇടയിലും താൻ ഒരു താൻ ഒരു കൊയ്ത്ത്/ ഫലം പ്രതീക്ഷിക്കുന്നത് (1:13). കൊരിന്ത്യാ വിശ്വാസികളുടെ ഇടയിലെ ഭിന്നതയും, അധാർമ്മികതയും, മറ്റു പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നത് അവരോട് സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ് എന്ന് നാം വളരെ ശ്രദ്ധിച്ചു വായിച്ചാൽ നമുക്കു മനസ്സിലാകും.

ഒന്നാം അദ്ധ്യായത്തിൽ, യെഹൂദന്മാരല്ലാത്ത ജാതികൾ അഥവാ ന്യായപ്രമാണമില്ലാത്തവർ ദൈവത്തെ നിരസിച്ചതിനാൽ അഭക്തിക്കും അവർ തെരഞ്ഞെടുത്ത ദുഷ്ടതയുടെ പാതയിലും സഞ്ചരിക്കുവാൻ, ദൈവകോപത്തിനു അവരെ കൈവിട്ടു എന്നു നാം കണ്ടു. എന്നാൽ ഇതു കേൾക്കുന്ന മതഭക്തനായ ഒരു യെഹൂദൻ, ജാതികൾ ദൈവത്തിന്റെ പ്രമാണങ്ങൾ അനുസരിക്കാതെ ജീവിക്കുന്നതിനാൽ അവർ തികച്ചും ന്യായവിധിക്കു യോഗ്യരാണ് എന്ന് പൗലോസിനോടു ചേർന്ന് പറയും. എന്നാൽ താൻ ന്യായപ്രമാണം അനുസരിക്കുന്നവനാകയാൽ, ജാതികൾക്കു വരുന്ന ഈ ന്യായവിധിയിൽ നിന്നു താൻ ഒഴിവുള്ളവനായിരിക്കും എന്നു അവൻ ചിന്തിക്കുന്നു. അധാർമ്മികതയിൽ ജീവിക്കുന്ന ജാതികൾക്ക് ദൈവത്തിന്റെ ശിക്ഷാവിധി ന്യായമാണ് എന്ന് അവൻ ചിന്തിക്കുന്നു. എന്നാൽ തങ്ങൾക്കൊരു ന്യായപ്രമാണ മുണ്ട്, തങ്ങൾ അതിൻപ്രകാരം ജീവിക്കുന്നു എന്ന് മതഭക്തനായ ഒരു വ്യക്തി പറഞ്ഞാൽ അവനു തെറ്റുപറ്റിയിരിക്കുന്നു എന്നാണ് രണ്ടാം അദ്ധ്യായത്തിൽ പൗലോസ് പറയുന്നത്.

ഈ രണ്ടാം അദ്ധ്യായത്തിൽ അപ്പോ. പൗലോസ് ലീഗലിസത്തെക്കുറിച്ചാണ് പറയുന്നത്. “Legalism” എന്നോ “neonomianism” എന്നോ അതിനെ വിളിക്കാം. ദൈവത്തിന്റെ ന്യായപ്രമാണം ആവശ്യപ്പെടുന്നത്, പരിപൂർണ്ണവും പെർഫെക്ടായ അനുസരണവുമാണ് (complete and perfect obedience). എന്നാൽ ന്യായപ്രമാണം ആവശ്യപ്പെടുന്ന അനുസരണം നൽകാതെ, അതിനു പകരം, അപുർണ്ണവും പെർഫെക്ട് അല്ലാത്തതുമായ അനുസരണം (incomplete and imperfect obedience) കൊണ്ട് ദൈവം പ്രസാദിക്കും എന്നു ചിലർ ചിന്തിക്കുന്നു. അതല്ലെങ്കിൽ, ദൈവം വെച്ചിരിക്കുന്ന നിലവാരത്തെ തനിക്കു അനുസരിക്കുവാൻ കഴിയുന്ന നിലവാരത്തിലേക്ക് താഴ്ത്തി ദൈവത്തെ പ്രസാദിപ്പിക്കുവാൻ അങ്ങനെയുള്ളവർ ശ്രമിക്കുന്നു. ഈ ചിന്താഗതിയുടെ വക്താക്കൾ എന്നു പറയുന്നത്. നാലാം നൂറ്റാണ്ടിലെ ‘പെലേജിയനും’ (354–420 or 440), 18-നാം നൂറ്റാണ്ടിലെ ‘ഇമ്മാനുവൽ കാന്തും’ 1724, (Konigsberg, Germany Died: 12 February 1804), 19-നാം നൂറ്റാണ്ടിലെ (1792, Warren, Connecticut, United States Died: 16 August 1875,) ‘ചാൾസ് ജി ഫിന്നി’ എന്നിവരുമാണ്.

‘പെലേജിയൻ പാഷാണ്ഡതയെ’ പൗലോസിനോട് ചേർന്ന് നാമും നിരസിക്കേണ്ടത് ആവശ്യമാണ്. പൗലോസ് ഗലാ. 2:21 ൽ പറയുന്നു: “ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല. ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.” പൗലോസ് ഈ അദ്ധ്യായത്തിൽ പറയുന്നത്, മതഭക്തരായ യെഹൂദന്മാർ അഥവാ ലീഗലിസ്റ്റുകൾ, ന്യായപ്രമാണപ്രകാരം ജീവിക്കുന്നില്ല എന്നുമാത്രമല്ല, തങ്ങൾ തന്നെ വെച്ച നിലവാരപ്രകാരം പോലും തങ്ങൾ ജീവിക്കുന്നില്ല എന്നാണ്. 2:1 ൽ നാം വായിക്കുന്നതിപ്രകാരമാണ് : “അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; നീ അതു തന്നേ പ്രവർത്തിക്കുന്നുവല്ലോ.”

ന്യായപ്രമാണമുള്ളവൻ ന്യായപ്രമാണമില്ലാത്ത ജാതികളെ വിധിക്കുന്നു എങ്കിൽ നിനക്കു പ്രതിവാധം പറവാൻ ഒന്നുമില്ല എന്നാണ് പൗലോസ് പറയുന്നത്. മറ്റുള്ളവരെ വിധിക്കുന്ന നിലവാരം വെച്ചു, തന്നെത്തന്നെ വിധിച്ചാൽ താനും, കുറ്റക്കാരനാണെന്ന് തെളിയുമെന്നാണ് പൗലോസ് ഇവിടെ മതഭക്തരെക്കുറിച്ച് താൻ പറയുന്നത്. 1:29-30 വാക്യങ്ങളിൽ പറയുന്ന പാപങ്ങൾ വാസ്തവത്തിൽ അവരുടെ പ്രവൃത്തിയെ നോക്കിയല്ല, മറിച്ച്, അവരുടെ മനോഭാവത്തെ നോക്കിയാണ്. അതായത്, ഒരുവൻ തന്റെ കൈകളുടെ വിശുദ്ധി നോക്കുന്ന തിനു മുൻപ് അവൻ തന്റെ ഹൃദയത്തിലേക്കാണ് നോക്കേണ്ടത്. പൗലോസ് യേശുക്രിസ്തു വിന്റെ മലയിലെ പ്രസംഗത്തിന്റെ ചുവടുപിടിച്ചാണ് ഇതു പറയുന്നത്. മത്തായി 5:21-22 ൽ നാം കാണുന്നത് : “കുല ചെയ്യരുത് എന്നും ആരെങ്കിലും കുലചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലൊ. ഞാനൊ നിങ്ങളോടു പറയുന്നുതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിന്നു യോഗ്യനാകും.”

കർത്താവിന്റെ വചനപ്രകാരം ഞാനിന്ന് ഒരുവനെ കൊന്നിട്ടില്ല എന്ന് ധൈര്യമായി പറയാൻ ആർക്കെങ്കിലും കഴിയുമൊ? ഞാൻ ആരോടും ഇന്ന് ദേഷ്യപ്പെട്ടു സംസാരിച്ചിട്ടില്ല, അതല്ലെങ്കിൽ, സ്നേഹിക്കാൻ യോഗ്യതയില്ലാത്തവൻ എന്ന നിലയിൽ ഒരുവനോട് പെരുമാറിയിട്ടില്ല എന്ന് സത്യസന്ധമായി ആർക്കെങ്കിലും കഴിയുമൊ? ദൈവം വിലയിരുത്തുന്നതു പോലെതന്നെ, കാര്യങ്ങളെ വിലയിരുത്തിയാണ് ഞാനും കാര്യങ്ങളെ ചെയ്യുന്നത് എന്ന് ഒരുവനു പറയാൻ കഴിയുമൊ? ആർക്കും അതിനു കഴിയുകയില്ല.

മറ്റുള്ളവരെ വിധിക്കുന്നകാര്യം തന്നെ എടുക്കുക. മറ്റൊരാൾ ചെയ്യുന്നത് ശരിയല്ല, അവൻ നഷ്ടപ്പെട്ടവനാണ്, അതേസമയം ഞാൻ അവനേക്കാൾ മെച്ചമാണ് എന്ന മനോഭാവം നാം സൂക്ഷിക്കയും ചെയ്യുന്നു എന്നതാണ് മറ്റുള്ളവരെ വിധിക്കുന്നതിലൂടെ ചെയ്യുന്നത്. ജോൺ സ്റ്റോട്ട് അതിനെക്കുറിച്ചു പറയുന്നതെന്തെന്നാൽ, മറ്റുള്ളവരെ നാം വളരെ കാർക്കശ്യ ത്തോടും……..പെട്ടെന്നും ന്യായം വിധിക്കുന്നു. എന്നാൽ നമ്മുടെ പാപത്തിന്റെ കാര്യം വരുമ്പോൾ നാം അതിനു അനേകം ന്യായീകരണങ്ങൾ നിരത്തുന്നു. അതായത്, എന്റെ കാര്യം വരുമ്പോൾ, ഞാൻ ക്ഷീണിച്ചിരുന്നതിനാലാണ്, അതെല്ലെങ്കിൽ എന്നെ പ്രകോപിപ്പിച്ചതു കൊണ്ടാണ്, അതല്ലെങ്കിൽ അതു ഒരു ചെറിയ കാര്യമല്ലെ എന്നൊക്കെ ഒഴികഴിവുകൾ നാം നിരത്തും. പൗലോസ് അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ നിങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ വിധിക്കുകയാണ് എന്നാണ്.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, അവസാനനാളിൽ നാം ദൈവസന്നിധിയിൽ ന്യായവിധിക്കായി നിൽക്കുമ്പോൾ, അങ്ങനെയുള്ളവരുടെ നേരേയുള്ള ദൈവത്തിന്റെ ന്യായവിധി സത്യാനുസാര മായിരിക്കും എന്നാണ് 2:2 ൽ നാം കാണുന്നത്. ദൈവത്തിന്റെ വിധി നീതിയുക്തമായ വിധി ആയിരിക്കും.

20 നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ അമേരിക്കൻ വേദശാസ്ത്രജ്ഞൻ ഫ്രാൻസിസ്ഷേഫർ അതിനെക്കുറിച്ചു പറയുന്നത്, ദൈവം നാം കാണാത്ത ഒരു ടേപ് റിക്കൊർഡർ, ഇന്നത്തെ നിലയിൽ പറഞ്ഞാൽ ഒരു MP3 Player നമ്മുടെ കഴുത്തിൽ കെട്ടിയിട്ടുണ്ട്. നാം മറ്റുള്ളവരോട് എങ്ങനെ ജീവിക്കണം എന്നു പറയുമ്പോൾ അത് അതേനിലയിൽ റിക്കോർഡ് ചെയ്യുകയും അവസാനവിധിനാളിൽ, ദൈവം ഈ റിക്കോർഡർ റീപ്ലേ ചെയ്ത് കേൾപ്പിച്ചിട്ട് നിങ്ങൾ ഇതുപോലെയാണൊ ജീവിച്ചത് എന്ന് ചോദിക്കും. പരസ്യമായും രഹസ്യമായും മറ്റുള്ളവരെ വിധിക്കുന്നവർ ഇതു മനസ്സിൽ കരുതിക്കൊള്ളുക. മറ്റുള്ളവരെ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ വെച്ചിരിക്കുന്ന നിലവാരം പോലും നിങ്ങൾ പാലിച്ചിട്ടു ണ്ടാവില്ല എന്ന് അന്ന് വെളിപ്പെടും. അതുകൊണ്ട് പൗലോസ് 2:3 ൽ പറയുന്നത് “മറ്റുള്ളവരെ വിധിക്കുന്ന മനുഷ്യാ നീ ദൈവത്തിന്റെ ന്യായവിധി ഒഴിഞ്ഞുപോകും എന്ന് ചിന്തിക്കുന്നുവൊ?

ആകയാൽ, സ്വയ-നീതിക്കാരായ മതഭക്തരും, ഒന്നാം അദ്ധ്യായത്തിലെ സ്വാർത്ഥനായ മനുഷ്യനെപോലെ ദൈവത്തെ തള്ളിക്കളയുന്നവരും, ദൈവത്തിന്റെ സ്വഭാവത്തെ തെറ്റായി മനസ്സിലാക്കിയവരുമാണ്. ഒരു നിരീശ്വരൻ, ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കയും ദൈവത്തിന്റെ ദാനങ്ങളെ തന്റെ സ്വാർത്ഥ നിവൃത്തിക്കായി ഉപയോഗിക്കയും എന്നാൽ ആ ദാനങ്ങളെ നൽകിയ ദൈവത്തിനു നന്ദി പറയുകയൊ മഹതീകരിക്കയൊ ചെയ്യാതിരിക്കയും ചെയ്യുന്നു. അതു ദൈവത്തിന്റെ ദയയെ തുച്ഛീകരിക്കുന്നതും ദൈവകോപത്തെ അവഹേളി ക്കുന്നതുമായ പരിപാടിയാണ്. അവൻ ദൈവത്തിന്റെ വർത്തമാനകാല കോപത്തേയൊ വരുവാനുള്ള അതിന്റെ പരിസമാപ്തിയേയൊ ഗണ്യമാക്കാതെ മുന്നോട്ട് പോകുന്ന വ്യക്തിയാണ്.

അവരെക്കുറിച്ച്, റോമർ 2:4 ൽ പൗലോസ് പറയുന്നത് : “അല്ല ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശര്യം നിരസിക്കുന്നുവോ?”

ഇതു തന്നെയാണ് ഒരു മതഭക്തനായ മനുഷ്യനോടും ദൈവത്തിനു പറയാനുള്ളത്. സ്വയ-നീതിക്കാരനായ ഒരു വ്യക്തി ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കുമെങ്കിലും, തനിക്ക് ആ ദൈവത്തെ ആവശ്യമില്ല എന്ന നിലപാട് അവൻ സ്വീകരിക്കുന്നു. അവൻ കാര്യങ്ങൾ എല്ലാം നന്നായി ചെയ്യുന്നതുകൊണ്ട് ദൈവത്തിന്റെ ആവശ്യം തനിക്കില്ല. അതുവഴി അവർ തന്നെ തങ്ങളുടെ രക്ഷകനായി തീരുകയാണ്. ആത്യന്തികമായി, ദൈവത്തിന്റെ മഹത്വം തങ്ങൾക്കു തന്നെവരുന്നു. മറ്റുള്ളവരുടെമേൽ ദൈവകോപം വരും എന്നു അവൻ ചിന്തിക്കയും, താൻ അതിൽ നിന്നു ഒഴിവുള്ളവരായിരിക്കും എന്ന മനോഭാവത്തോടെ അവർ ജീവിക്കയും ചെയ്യുന്നു. അവനെ സംബന്ധിച്ചിടത്തോളം മാനസാന്തരത്തിന്റെ ആവശ്യം അവനില്ല. അവനും ദൈവം തന്റെ ദയയിൽ കോപത്തെ പിടിച്ചു വെച്ചിരിക്കുന്നു, തങ്ങളെതന്നെ താഴ്ത്തുന്നതിനും കരുണക്കായി യാചിക്കുന്നതിനും ഒരവസരം കൂടി നൽകിയിരിക്കുന്നു എന്നു ചിന്തിക്കാതെ ദൈവത്തിന്റെ ദയയെ തുച്ഛീകരിക്കുന്നു.

റോമാലേഖനം ഒന്നും രണ്ടും അദ്ധ്യായങ്ങൾ, ലൂക്കോസിന്റെ സുവിശേഷം 15:11-32 വരെ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ധൂർത്ത പുത്രന്റേയും, അപ്പനെ എല്ലാകാര്യത്തിലും അനുസരിക്കുന്നു എന്നു പറയുന്ന അവന്റെ ജേഷ്ഠസഹോദരന്റേയും ചിത്രമാണ് നമുക്കു നൽകുന്നത്. ഇളയമകൻ, ലൈംഗികതയും വ്യഭിചാരവും, സ്വയാസ്കതികൾക്കുമായി പിതാവിന്റെ വസ്തുവകകൾ നശിപ്പിക്കുന്നു. അവൻ നിയമമില്ലാത്തവനും, സുഖലോലുപനും, പിതാവിനെ അനുസരിക്കാത്തവനുമായി ജീവിക്കുന്നു. എന്നാൽ അവന്റെ ജേഷ്ഠസഹോദരൻ, അനുസരണയുള്ളവനും, പിതാവിനെ എല്ലാകാര്യത്തിലും അനുസരിക്കുന്നവനുമായി കാണപ്പെടുന്നു. എന്നാൽ ഈ ഉപമയിലെ പോയിന്റ് എന്നു പറയുന്നതും ഈ രണ്ടുപേരും നഷ്ടപ്പെട്ടവരാണ് എന്ന യാഥാർത്ഥ്യമാണ്. രണ്ടു പേരും പിതാവിൽ നിന്ന് അകന്ന് ജീവിക്കുന്നു. അവർ പിതാവിനെ അല്ല സ്നേഹിച്ചത്, പിതാവിന്റെ വസ്തുവകകളെയാണ് അവർ സ്നേഹിച്ചത്. രണ്ടുപേരും ഒരുപോലെ രക്ഷ ആവശ്യമായ വ്യക്തികളായിരുന്നു. ഇവിടെ പൗലോസും ഇതെകാര്യം തന്നെയാണ് പറയുന്നത്.

റോമാലേഖനം ഒന്നാം അദ്ധ്യായത്തിലെ തന്നിഷ്ടപ്രകാരം ജീവിക്കുന്നവർ, പിതാവിന്റെ ദാനങ്ങളെ മുടിപ്പിച്ച് ജീവിച്ച ഇളയമകനെ പോലെയാണ്. അവരും നഷ്ടപ്പെട്ടവരാണ്. അവർ, ദൈവത്തെവിട്ട് മറ്റുവസ്തുക്കളെ ആരാധിക്കുന്നതിനാൽ വിഗ്രഹാരാധിയും ആകയാൽ ന്യായവിധിയെ നേരിടുന്നവരുമാണ്. റോമാലേഖനത്തിലെ ലീഗസിറ്റുകൾ കഥയിലെ ജേഷ്ഠസഹോദരനെ പോലെയാണ്. അവർ നന്നായി പരിശ്രമിച്ച്, കഠിനാദ്ധ്വാനം നടത്തി നല്ലവരായി തീരുവാൻ ശ്രമിക്കുന്നു. അതുവഴി ദൈവം അവർക്ക് കടക്കാരനാണ്, കാരണം താൻ മറ്റുള്ളവരെക്കാൾ എന്തുകൊണ്ടൂം മെച്ചപ്പെട്ടവനാണ്. അതുകൊണ്ട് ദൈവം എനിക്ക് നന്മചെയ്വാൻ കടപ്പെട്ടിരിക്കുന്നു. എന്നെ അനുഗ്രഹിക്കുവാൻ ദൈവം ബാദ്ധ്യസ്ഥനാണ് എന്നവൻ ചിന്തിക്കുന്നു. വാസ്തവത്തിൽ അവനും നഷ്ടപ്പെട്ടവൻ തന്നെയാണ്.

മതഭക്തരായ ആളുകളുടെ അനുസരണം ഭക്തിയാണെന്ന് തോന്നും; വാസ്തവത്തിൽ അത് വിഗ്രഹാരാധനയുടെ മറ്റൊരു രൂപമാണ്. മതഭക്തനായ വ്യക്തി, ബാഹ്യമായ എല്ലാ വിഗ്രഹങ്ങളെയും, അതായത് സമൂഹം വിഗ്രഹമായി വെച്ച് ആരാധിക്കുന്ന എല്ലാത്തേയും തിരസ്ക്കരിക്കുന്നു. അതായത്, പ്രതിമകൾ, വ്യഭിചാരം, ജോലി, ബിസിനസ് അങ്ങനെ എല്ലാം തന്നെ തിരസ്ക്കരിക്കുന്നു. എന്നാൽ അവൻ ഹൃദയത്തിൽ വിഗ്രഹമായി മറ്റു പലതിനേയും സൂക്ഷിക്കുന്നു. അവൻ ധാർമ്മികത അനുഷ്ഠിച്ചുകൊണ്ട് തന്റെ സ്വന്തം മൂല്യത്തെ ഉയർത്തിക്കാണുന്നു, തങ്ങൾ നിയമങ്ങൾ അനുസരിക്കുന്നു എന്നതാണ് തന്റെ രക്ഷക്ക് ആധാരമായിരിക്കുന്നത്. അവർ തങ്ങളുടെ നന്മയെ ആരാധിക്കുന്നു. കാരണം തങ്ങളുടെ നന്മ തങ്ങളെ രക്ഷിക്കുമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ പൗലോസ് പറയുന്നു; “നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചു വെക്കുന്നു” (2:5). (“You are storing up wrath against yourself for the day of God’s wrath”).

ഇതു കാണിക്കുന്നത് മതതത്പ്പരരായ ആളുകൾക്കും സുവിശേഷം ആവശ്യമാണ് എന്ന കാര്യമാണ്. അതായത്, നിയമമില്ലാത്തവർ എങ്ങനെയാണോ സുവിശേഷത്തിൽ നിന്നു ഓടി അകലുന്നത് അതുപോലെ തന്നെ, മതഭക്തരായ ആളുകളും സുവിശേഷത്തിൽ നിന്ന് ഓടി അകലുന്നു. എന്നാൽ സുവിശേഷത്തിന്റെ കാതൽ: “സുവിശേഷത്തിൽ ദൈവത്തിന്റെ നീതി വെളിപ്പെട്ടു വന്നിരിക്കുന്നു” അതു സ്വീകരിക്കുവാൻ കഴിയുംവിധം ഇപ്പോൾ വെളിപ്പെട്ടു വന്നിരിക്കുന്നു (1:16-17). നമ്മുടെ നീതീകരണത്തിനായി, യേശുക്രിസ്തുവിലല്ലാതെ മറ്റു വ്യക്തികളിലൊ വസ്തുക്കളിലൊ, നിയമാനുഷ്ഠാനങ്ങളിലൊ നീതീകരണത്തിനായി ആശ്രയിക്കുന്നു എങ്കിൽ നാം സുവിശേഷം സ്വീകരിക്കുവാൻ വിസമ്മതിക്കുകയാണ്. ദൈവത്തിന്റെ നിയമങ്ങളിൽ ആശ്രയം വെക്കുന്നത് സ്വയാശ്രയവും, ദൈവത്തിന്റെ നിയമങ്ങളെ അവഗണിക്കുന്നത് ദൈവത്തെ തന്നെ നിരസിക്കുന്നതുമാണ്.

ആകയാൽ ലീഗലിസം മുറുകെ പിടിക്കുന്ന മതഭക്തരും യാതൊരു നിയമവുമില്ലാതെ ആന്റീനോമിയനായി ജീവിക്കുന്നവരും വിശ്വാസത്താൽ മാത്രമുള്ള നീതികരണം എന്ന പ്രമാണത്തെ നിഷേധിക്കുന്നു. ദൈവത്താൽ നൽകപ്പെട്ട നീതി ആവശ്യമില്ല എന്ന് അങ്ങനെയുള്ളവർ ചിന്തിക്കുന്നു, കാരണം അവർക്ക് അവരുടേതായ നീതികരണമുണ്ട്. അവർ തങ്ങളുടെ works-righteousness ൽ വിശ്വസിക്കുന്നു. അവർക്ക് ദൈവത്തിന്റെ സുവിശേഷം ആവശ്യമില്ല, അങ്ങനെ സുവിശേഷം ആവശ്യമില്ലാത്തവർക്ക് സുവിശേഷം മനസ്സിലാകുകയുമില്ല. അവസാന നാളിൽ ദൈവം അവരെ ന്യായം വിധിക്കുമ്പോൾ അവർക്ക് പ്രതിവാദം പറവാൻ ഒന്നും തന്നെ ഉണ്ടാവുകയില്ല.

ഉപസംഹാരം
സ്വയനീതിയിൽ ആശ്രയിക്കുന്നവരുടെ കൂട്ടത്തിലാണോ നിങ്ങൾ എന്ന് നിങ്ങളെത്തന്നെ പരിശോധിക്കുക. അതു പരിശോധിക്കുവാൻ മുന്നു വഴികൾ പൗലോസ് പറഞ്ഞു തരുന്നുണ്ട്.

നിങ്ങൾ യാതൊരു പ്രതീക്ഷക്കും വകയില്ലാത്ത പാപിയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? നിങ്ങളുടെ ജീവിതവും ഹൃദയത്തിന്റെ അവസ്ഥയും മൂലം ദൈവത്തിനു നിങ്ങളെ തള്ളിക്കളയുവാനുള്ള പെർഫെക്ടായ, നീതിപൂർവ്വകമായ അവകാശം ഈ നിമിഷം ഉണ്ട് എന്നു നിങ്ങൾ വിശ്വസിക്കുന്നുവൊ?

1. മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു എന്ന് പരിഗണിച്ച് അവർക്കെതിരെ തലകുലുക്കി, നിങ്ങളുടെ ഹൃദയത്തിൽ അവരെ നിങ്ങൾ ന്യായം വിധിക്കുന്നുവൊ? അതല്ലെങ്കിൽ, എന്റെ ഹൃദയവും സ്വാഭാവികമായി അവരുടെ ഹൃദയം പോലെ ആയിരുന്നിട്ടും ഞാൻ അവരിൽ നിന്നോക്കേയും വ്യത്യസ്ഥനാണ് എന്നു നിങ്ങളെത്തന്നെ എണ്ണുന്നുവൊ?

2. നിങ്ങൾ തന്നെ സ്വീകരിച്ചിരിക്കുന്ന നിലവാരംവെച്ചു പോലും ദൈവസന്നിധിയിൽ നിങ്ങൾക്കൊരു ശരിയായ സ്റ്റാൻറ്റിംഗ് ഉണ്ടാവുകയില്ല, നിങ്ങൾക്കൊരിക്കലും പ്രാപിക്കാൻ സാധിക്കാത്ത നല്കപ്പെട്ട നീതി, ക്രിസ്തുവിന്റെ നീതി നിങ്ങൾക്ക് ആവശ്യമാണ് എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ?

ഈ ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരം എന്താണ് എന്നു നോക്കി ദൈവത്തോടു നിങ്ങൾ അതിനെക്കുറിച്ചു സംസാരിക്കുക. ദൈവം നിങ്ങളെ സഹായിക്കട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page