top of page

The Law and the Gospel Series-01

The Believer and the Law
വിശ്വാസിയും ന്യായപ്രമാണവും

ആമുഖം

ന്യായപ്രമാണവും (law) സുവിശേഷവും (gospel) തമ്മിലുള്ള ബന്ധം പലർക്കും അറിഞ്ഞു കൂട. ന്യായപ്രമാണവും സുവിശേഷവും തമ്മിലുള്ള ബന്ധത്തെ തെറ്റിദ്ധരിക്കുന്നവർ പരസ്പര വിരുദ്ധങ്ങളായ രണ്ടു തെറ്റുകളിലേക്കു വഴുതി വീഴുന്നു. നാശകരമായ ഈ രണ്ടു തെറ്റുകൾ ‘ലീഗലിസവും (legalism & antinomianism) ആൻറിനോമിനിസവും’ ആണ്. ലീഗലിസ്റ്റുകൾ ന്യായപ്രമാണത്തിൻ കീഴിൽ തുടർന്നുകൊണ്ട് തങ്ങളുടെ ശരിയായ പെരുമാറ്റത്താലാണ് ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നത് എന്നു വിശ്വസിക്കുന്നു. Antinomians അഥവാ ‘തന്നിഷ്ടപ്രകാരം നടക്കുന്നവർ’(licentious people) ദൈവത്തിന്റെ നിയമങ്ങളെ അവഗണിച്ചുകൊണ്ട് തങ്ങൾ കൃപയിൻ കീഴിൽ ആകയാൽ ദൈവത്തിന്റെ നിയമങ്ങൾക്ക് തങ്ങളിൽ യാതൊരു പ്രസക്തിയുമില്ല എന്നു വിശ്വസിക്കുന്നു. ഈ ഗുരുതരമായ രണ്ടു തെറ്റുകളും അപ്പൊസ്തലിക കാലംമുതലെ നിലനിൽക്കുന്ന ഒന്നാണ്.

ത്രിത്വം (Trinity) എന്ന പദം പോലെ, ലീഗലിസം (Lgalisam) എന്ന പദമൊ ആന്റീനോമിയനിസം (Antinomianism) എന്ന പദമോ ബൈബിളിൽ ഉപയോഗിച്ചിട്ടില്ല, പകരം ബൈബിളിൽ വ്യക്തമായി വിവരിച്ചിരിക്കുന്ന തത്ത്വങ്ങളെയാണ് ഈ വാക്കുകൾ കൊണ്ട് അർത്ഥമാക്കുന്നത്. അനേകം വേദപണ്ഡിതരും പ്രാസംഗികരും ഈ വിഷയത്തെക്കുറിച്ചു എഴുതിയിരിക്കുന്നതും അനവദി പ്രസംഗങ്ങൾ നടത്തിയിട്ടുള്ളതും ഇതിന്റെ ഗൗരവത്തെ എടുത്തുകാണിക്കുന്നു.

ഗലാത്യർ അഞ്ചാം അദ്ധ്യായത്തിലെ രണ്ട് സമാന്തര പ്രസ്താവനകളിലൂടെ പൗലോസ് ഈ രണ്ടു പാഷാണ്ഡതകൾക്കുമെതിരെ ശബ്ദമുയർത്തുന്നതായി കാണാം. ഗലാത്യാലേഖനം 1-4 വരെ അദ്ധ്യായങ്ങളിൽ വിശ്വാസത്താൽ നീതീകരിക്കപ്പെടുക എന്നതാണ് സുവിശേഷത്തിന്റെ അടിസ്ഥാനം എന്ന് പൗലോസ് വ്യക്തമാക്കുന്നു. തുടർന്ന് 5: 1-13 വാക്യങ്ങളിൽ അദ്ദേഹം ഇപ്രകാരം എഴുതുന്നു:

ഗലാത്യർ 5:1-13 “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.

2 നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൗലൊസായ ഞാൻ നിങ്ങളോടു പറയുന്നു.3 പരിച്ഛേദന ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ കടമ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.4 ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. 5 ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.6 ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.7 നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു? 8 ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.9 അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.10 നിങ്ങൾക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാൻ കർത്താവിൽ ഉറെച്ചിരിക്കുന്നു; എന്നാൽ നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും.11 ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നുവരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ.12 നിങ്ങളെ കലഹിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളായിരുന്നു.

13 സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. ”

ദൈവാത്മാവിന്റെ കൃപയ്ക്കായി ഒരു നിമിഷം പ്രാർത്ഥിക്കാം….

ഒന്നാം വാക്യം ഗലാത്യലേഖനം ഒന്നും രണ്ടും അദ്ധ്യായങ്ങളുടെ ഒരു സംഗ്രഹമാണ്. പൗലോസ് ഇവിടെ പറയുന്നത് ഒരു വിശ്വാസിക്കു ക്രിസ്തുവിൽ വളരെ ആഴമായ സ്വാതന്ത്ര്യമുണ്ട് എന്ന കാര്യമാണ്. എന്നാൽ ഈ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിക്കളയാം എന്ന ഒരു മുന്നറിയിപ്പും താൻ നൽകുന്നു. നീതീകരണത്തിനായി നാം ന്യായപ്രമാണത്തിന്റെ പ്രവൃത്തികളായ പരിച്ഛേദനയിലേക്കും ന്യായപ്രമാണത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലേക്കും തിരിയുന്നതുവഴിയാണ് ഇതു സംഭവിക്കുന്നത്. അതു നമ്മുടെ ആത്മീയ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നു. കാരണം ന്യായപ്രമാണത്തിലേക്കു തിരിയുന്നതുവഴി ന്യായപ്രമാണം മുഴുവൻ അനുസരിപ്പാൻ നാം ബാദ്ധ്യസ്ഥരായി തീരുന്നു. എന്നാൽ സുവിശേഷം പറയുന്നു: ദൈവം വിശുദ്ധനാണെന്നും ക്രിസ്തുവിനു മാത്രമെ നമ്മുടെ പാപത്തിന്റെ സമ്പൂർണ്ണ പാപക്കടം കൊടുത്തുവീട്ടുവാനും ക്രിസ്തുവിന്റെ പെർഫെക്ടായ നീതിക്കു മാത്രമെ ദൈവത്തെ പ്രിതിപ്പെടുത്താനും സാധിക്കു എന്ന്.

സുവിശേഷം വിശ്വസിച്ചതിലൂടെ ദൈവം നമ്മേ സ്നേഹപൂർവ്വം സ്വീകരിച്ചിരിക്കുന്നു എന്നതിനാൽ കുറ്റബോധത്തോടെ ജീവിതം നയിക്കേണ്ട ആവശ്യമില്ല, അതേ സമയം ദൈവം അതീവ വിശുദ്ധനാണ് എന്ന കാര്യം മറന്ന് നമ്മുടെ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട് തന്നിഷ്ടത്തിൽ ജീവിക്കുന്നതും നമ്മുടെ ക്രിസ്തീയ സ്വാതന്ത്യ്രത്തെ ഇല്ലായ്മ ചെയ്യുന്നു.

1. ക്രിസ്തീയ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന രണ്ടു തെറ്റുകളാണ് ലീഗലിസവും ആന്റീനോമിയനിസവും (Legalism and anti-nomianism are two errors that undermine Christian freedom)

"സുവിശേഷ സ്വാതന്ത്ര്യത്തിനോടുള്ള ബന്ധത്തിലാണ് അപ്പോസ്ഥലനായ പൗലോസ് ഇതു പറയുന്നത്. “ലീഗലിസ”ത്തിലേക്കും “ആന്റീനോമിയനിസ” ത്തിലേക്കും തിരിയുന്നതു വഴി നമുക്കു ലഭ്യമായ ആഴമായ ക്രിസ്തീയ സ്വാതന്ത്ര്യം നാം നഷ്ടമാക്കിക്കളയുന്നു. അങ്ങനെ നാം ഇവക്കു അടിമകളായി തീരുന്നു. നാലാം അദ്ധ്യായത്തിന്റെ ഒൻപതാം വാക്യത്തിൽ പൗലോസ് പറയുന്നു: “ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞു മിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ? 10 നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.” ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങൾ എന്നത് ന്യായപ്രമാണത്തിന്റെ ചട്ടങ്ങളും ആചാരങ്ങളുമാണ് ((rule-keeping). അതു ലീഗലിസമാണ്. അത് അടിമനുകമാണ്.

പതിമൂന്നാം വാക്യത്തിൽ ജഡത്തിന്റെ പ്രവൃത്തികളിലേക്കു തിരിയുന്നതിനെ പൗലോസ് എതിർക്കുന്നു. അതായത്, സുവിശേഷം വിശ്വസിച്ചതിലൂടെ ദൈവം നമ്മുടെ പാപങ്ങൾ ഒക്കേയും ക്ഷമിച്ചു തന്നു. അതുകൊണ്ട് എനിക്ക് എങ്ങനേയും ജീവിച്ചാലെന്ത് എന്ന നിലയിൽ യാതൊരു നിയമവുമില്ലാതെ (permissiveness) ജീവിക്കുന്നതാണിത്. ഒരോരുത്തർക്കും തോന്നിയതുപോലെ ജീവിക്കുന്നത് ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ്. സ്വാതന്ത്ര്യം എന്ന വാക്ക് ആളുകളെ തെറ്റായ ധാരണകളിലേക്കു നയിച്ചേക്കാം എന്ന് പൗലോസ് അറിയുന്നു. അതുകൊണ്ട് ന്യായപ്രമാണത്തിൽ നിന്നും നിങ്ങൾ സ്വതന്ത്രരാണ് എന്ന് പറയുമ്പോൾ അതിലൂടെ പൗലോസ് അർത്ഥമാക്കുന്നത്, നിങ്ങൾക്കുതന്നെ നിങ്ങളുടെ പെരുമാറ്റത്തിന്റെ നിലവാരത്തെ തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നല്ല. അതുകൊണ്ട് പൗലോസ് ഉടനെ പറയുന്നു. സുവിശേഷ സ്വാതന്ത്ര്യം പാപം ചെയ്യുവാനുള്ള സ്വാതന്ത്ര്യമല്ല. ആന്റീനോമിയൻ ആയി ജീവിക്കുവാനുള്ള സ്വാതന്ത്ര്യമല്ല. വിശ്വാസികൾ സത്യം അനുസരിക്കണം. സത്യം അനുസരിക്കാനുള്ള പ്രചോദനമാണ് സുവിശേഷം വിശ്വാസികൾക്കു നൽകുന്നത്. ആകയാൽ “ലീഗലിസ”ത്തിലേക്കു തിരിയുന്നതും “ആന്റീനോമിയനിസ”ത്തിലേക്കു തിരിയുന്നതും ഒരുപോലെ സുവിശേഷം വാഗ്ദത്തം ചെയ്ത സ്വാതന്ത്ര്യത്തിൽ നിന്നു വീണുപോകുന്നതാണ്.

2. ലീഗലിസം എന്നു പറഞ്ഞാൽ എന്താണ്? (what is legalism?)
"Thomas R Shreiner എന്ന വേദപണ്ഡിതൻ അതിനു നൽകിയിരിക്കുന്ന നിർവ്വചനം ഇപ്രകാരമാണ്. Legalism exists when people attempt to secure righteousness in God’s sight by good works. Legalists believe that they can earn or merit God’s approval by performing the requirements of the law,” അതായത് “സൽപ്രവൃത്തികളാൽ ആളുകൾ ദൈവസന്നിധിയിൽ നീതികരിക്കപ്പെടാൻ ശ്രമിക്കുമ്പോൾ നിയമവാദം നിലനിൽക്കുന്നു. നിയമത്തിന്റെ ആവശ്യകതകൾ നിറവേറ്റുന്ന തിലൂടെ അവർക്ക് ദൈവത്തിന്റെ അംഗീകാരം നേടാനോ യോഗ്യത നേടാനോ കഴിയുമെന്ന് നിയമവാദികൾ വിശ്വസിക്കുന്നു.” ദൈവവുമായുള്ള ബന്ധത്തേക്കാൾ കൂടുതൽ, ദൈവത്തിന്റെ നിയമങ്ങളിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദൈവത്തോട് യാതൊരു സമർപ്പണവുമുള്ള ഹൃദയമില്ലാതെ ബാഹ്യ നിയമങ്ങൾ പാലിച്ചുകൊണ്ട് ദൈവത്തിന്റെ പ്രീതി സമ്പാദിക്കുവാൻ സാധിക്കുമെന്ന് അവർ ചിന്തിക്കുന്നു. അതിനെക്കുറിച്ചു മനസ്സിലാക്കുവാൻ ഇനി പറയുന്ന വേദഭാഗങ്ങൾ സഹായിക്കും: ഹോശയ 6:6; യശയ്യാ 29:13; മത്തായി 6:1-2; മത്തായി 23:13; ലുക്കൊസ് 18:11-12; മർക്കൊസ് 7:9-13; റോമർ 9:31-32, റോമർ 3:20-24; ഗലാ 3:10-11; ഗലാ 2:16; ഫിലി. 3:4-6. തന്നെയുമല്ല മനുഷ്യനിയമങ്ങളെ ദൈവിക നിയമങ്ങളിൽ ചേർക്കുകയും അവയെ ദൈവികമായി കണക്കാക്കുകയും ചെയ്യുന്നു.

J. Stowell തന്റെ Fan the Flame എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ക്രിസ്തുവിന്റെ രണ്ടു കല്പനകളിൽ നിന്ന് വ്യത്യസ്തമായി, പരീശന്മാർ 613 നിയമങ്ങൾ, അതായത് 365 നെഗറ്റീവ് കമാൻഡുകളും 248 പോസിറ്റീവ് നിയമങ്ങളും ഉൾക്കൊള്ളുന്ന, ഒരു സംവിധാനം വികസിപ്പിച്ചെടുത്തിരുന്നു ... ക്രിസ്തു വരുമ്പോഴേക്കും അത് ഹൃദയമില്ലാത്ത, തണുത്ത, അഹങ്കാരിയായ നീതിയുടെ ബ്രാൻഡ് സൃഷ്ടിച്ചിരുന്നു.

അതുപോലെ, അതിൽ കുറഞ്ഞത് പത്ത് ദാരുണമായ കുറവുകളെങ്കിലും അടങ്ങിയിരിക്കുന്നു.

(1) പുതിയ സാഹചര്യങ്ങൾക്കായി പുതിയ നിയമങ്ങൾ നിരന്തരം കണ്ടുപിടിക്കേണ്ടതുണ്ട്.
(2) മനുഷ്യരോടുള്ള ഉത്തരവാദിത്തത്താൽ ദൈവത്തോടുള്ള ഉത്തരവാദിത്തത്തെ
മാറ്റിസ്ഥാപിക്കുന്നു.
(3) ഇത് വ്യക്തിപരമായി തിരിച്ചറിയാനുള്ള ഒരു വ്യക്തിയുടെ കഴിവ് കുറയ്ക്കുന്നു.
(4) അത് ഒരു ന്യായവിധി സൃഷ്ടിക്കുന്നു.
(5) പരീശന്മാർ വ്യക്തിപരമായ മുൻഗണനകളെ ദൈവിക നിയമവുമായി
ആശയക്കുഴപ്പത്തിലാക്കി.
(6) ഇത് പൊരുത്തക്കേടുകൾ ഉണ്ടാക്കുന്നു.
(7) അത് നീതിയുടെ തെറ്റായ നിലവാരം സൃഷ്ടിച്ചു.
(8) അത് യഹൂദന്മാർക്ക് ഒരു ഭാരമായിത്തീർന്നു.
(9) അത് കർശനമായി ബാഹ്യമായിരുന്നു.
(10) അത് ക്രിസ്തു നിരസിച്ചു.

മഹനായ ചാൾസ് സ്പർജ്ജൻ ഈ നിയമങ്ങളുടെ ആചരണത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു നോക്കുക: “എന്റെ ആത്മീയ ജീവിതത്തിൽ, ഞാൻ കൂടുതൽ നിയമങ്ങൾ വെച്ച് മുന്നോട്ടു പോകാൻ തുനിഞ്ഞപ്പോൾ, ഞാൻ കൂടുതൽ പാപങ്ങൾ ചെയ്യുന്നുവെന്ന് കണ്ടെത്തി. രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കുന്ന ശീലം ഒരു വിശ്വാസിയുടെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്, എന്നാൽ പ്രാർത്ഥനയുടെ ദൈർഘ്യം നിർദ്ദേശിക്കുന്നതും നിരവധി വ്യക്തികളുടെയും വിഷയങ്ങളുടെയും നിർബന്ധിത സ്മരണയും അടിമത്തത്തിലേക്ക് വ്യതിചലിക്കുന്നതും പ്രാർത്ഥനയെ സഹായിക്കുന്നതിനേക്കാൾ കഴുത്തു ഞെരിച്ച് കൊല്ലുകയും ചെയ്യും.

ജാക്ക് ഡീർ എന്ന ദൈവദാസൻ അതിനെ കുറിച്ചു പറഞ്ഞിരിക്കുന്നത്: “ദൈവത്തിൽ വിശ്വസിക്കുന്നതിനേക്കാൾ മതപരമായ പ്രവർത്തനങ്ങളിൽ ആശ്രയിക്കുക എന്നതാണ് നിയമവാദത്തിന്റെ സാരം. ഇത് ഒരു വ്യക്തിയിൽ എന്നതിലുപരി ഒരു നടപടിക്രമത്തിൽ നമ്മുടെ ആത്മവിശ്വാസം ചെലുത്തുന്നു. ഇത് വ്യക്തിയെക്കാൾ നടപടിക്രമത്തെ സ്നേഹിക്കുന്നതിലേക്കു നമ്മെ നയിക്കും.”

ലീഗലിസം എന്റെ സൽപ്രവർത്തികളാൽ എനിക്കു രക്ഷപ്രാപിക്കാൻ കഴിയും എന്ന ബോധപൂർവ്വമായ വിശ്വാസത്തിൽ നിന്നും വരുന്നതാണ്. ഇതാണ് ലീഗലിസത്തിന്റെ അടിസ്ഥാനം. നമ്മുടെ ഹൃദയവും സ്വഭാവവും ചേർന്ന് ഒരുക്കുന്ന ഒരു കെണിയാണിത്. ദൈവത്തിനു നമ്മോടുള്ള സ്നേഹം ഉപാധികളോടെയുള്ള/ വ്യവസ്ഥകളോടെയുള്ള സ്നേഹമാണെന്നും, ആ വ്യവസ്ഥ നമുക്കു ചെയ്യാൻ കഴിയുന്നതൊ, അതുമല്ലെങ്കിൽ ആയിത്തീരുവാൻ കഴിയുന്നതോ ആയ നിലവാരമാണ് എന്ന ചിന്തയുടെ ഫലമാണിത്. എനിക്കു ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്ന ചില കാര്യങ്ങൾ ദൈവത്തിനു മുൻപിൽ വെക്കുവാൻ കഴിയും എന്ന മനോഭാവമാണ് അതിനുപിന്നിൽ. എന്റെ ധാർമ്മികനന്മ മനപ്പൂർവമായ പാപത്തെ ഒഴിവാക്കുവാൻ എനിക്കുള്ള ആപേക്ഷികമായ കഴിവ്, ബൈബിളിനോടും സഭയോടുമുള്ള എന്റെ വിശ്വസ്തത എന്നിത്യാദികാര്യങ്ങളാൽ ക്രിസ്തുവിന്റെ പ്രവർത്തിയെ സപ്പോർട്ടു ചെയ്തുകൊണ്ട് ദൈവത്തിന്റെ പ്രീതി നേടുവാൻ എനിക്കു സാധിക്കും. അങ്ങനെയുള്ള ഒരു ലിഗലിസ്റ്റിക് ആത്മാവ് മാഹാമനസ്കത ഇല്ലാത്തതും പരുഷമായതും, വിമർശനത്തോടു കൂടുതൽ സെൻസിറ്റീവായി പ്രതികരിക്കുന്നതും ആഴമായ അരക്ഷിതാവസ്ഥ (insecurity) അനുഭവിക്കുന്നതും മറ്റുള്ളവരോട് അസൂയ പുലർത്തുന്നതുമായ പ്രകൃതമായിരിക്കും. അതിന്റെ കാരണം, തന്റെ ദൈവസന്നിധിയിലെ അംഗീകാരം ക്രിസ്തുവിലൊ അവന്റെ അനർഹമായ ദയയിലൊ അടിസ്ഥാനപെട്ടതല്ല മറിച്ച്, തന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള തന്റെ ബോധ്യവും, തന്റെ മൂല്യവും, തന്റെ പെർഫോമൻസും ഇഴചേർത്ത് നെയ്തെടുത്ത ഇമേജിനെ അടിസ്ഥാനത്തിലാണ് എന്നു താൻ ചിന്തിക്കുന്നു. താൻ മറ്റുള്ളവരേക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ട വ്യക്തിയാണ്, അതുകൊണ്ട് ദൈവം എന്നെ അനുഗ്രഹിക്കാൻ ബാധ്യസ്ഥനാണ് എന്ന തോന്നലാണ് അതിനു പിന്നിൽ.
2. ആൻറിനോമിനിസവും എന്നു പറഞ്ഞാൽ എന്താണ്? (What is Anti-nomianism?)

"ആന്റിനോമിയനിസം എന്ന വാക്ക് രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് വന്നത്, ‘anti’ (ആന്റി) എന്നാൽ ""എതിരെ"" എന്നർത്ഥം; nomos (“നോമോസ്”) എന്നാൽ ""നിയമം"" എന്നർത്ഥം. ‘ആന്റിനോമിയനിസം’ എന്നാൽ “നിയമത്തിന് എതിരെ” എന്നും. വേദശാസ്ത്രപരമായി, ക്രിസ്ത്യാനികൾ അനുസരിക്കുമെന്ന് ദൈവം പ്രതീക്ഷിക്കുന്ന ധാർമ്മിക നിയമങ്ങളില്ലെന്ന വിശ്വാസമാണ് ആന്റിനോമിയനിസം. യേശുക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ അവൻ പഴയനിയമ നിയമം നിവൃത്തിച്ചു (റോമർ 10: 4; ഗലാത്യർ 3: 23-25; എഫെസ്യർ 2:15). ആയതിനാൽ ക്രിസ്ത്യാനികൾ അനുസരിക്കുമെന്ന് ദൈവം പ്രതീക്ഷിക്കുന്ന ധാർമ്മിക നിയമങ്ങളൊന്നും അനുസരിക്കേണ്ട ആവശ്യമില്ല എന്ന നിഗമനത്തിൽ എത്തിച്ചേരുന്നതാണ് വചനവിരുദ്ധമായ ഈ ആശയം.

റോമർ 6: 1-2 ൽ ആന്റിനോമിയനിസം എന്ന വിഷയം അപ്പോസ്തലനായ പൗലോസ് കൈകാര്യം ചെയ്യുന്നത് നോക്കുക: “ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ.”

“കൃപയാൽ മാത്രം രക്ഷ” എന്ന സിദ്ധാന്തത്തിനെതിരായ ഏറ്റവും പതിവ് ആക്രമണം അത് പാപത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. “ഞാൻ കൃപയാൽ രക്ഷിക്കപ്പെടുകയും എന്റെ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടുകയും ചെയ്താൽ, ഞാൻ ആഗ്രഹിക്കുന്ന പാപം ചെയ്താലെന്താണ്?”എന്ന് ആളുകൾ ചിന്തിക്കുന്നു. ആ ചിന്ത യഥാർത്ഥ മാനസാന്തരത്തിന്റെ ഫലമല്ല, കാരണം ശരിയായ മാനസാന്തരം അനുസരിക്കാനുള്ള വലിയ ആഗ്രഹം നൽകുന്നു. ദൈവത്തിന്റെ ആഗ്രഹവും - അവന്റെ ആത്മാവിനാൽ പുനരുജ്ജീവിപ്പിക്കപ്പെട്ട നമ്മുടെ ആഗ്രഹവും- പാപം ചെയ്യാതിരിക്കാൻ ശ്രമിക്കുക എന്നതാണ്. അവിടുത്തെ കൃപയോടും ക്ഷമയോടും നന്ദിയുള്ളതിനാൽ നാം അവനെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നു.

ആൻറിനോമിയനിസം അടിസ്ഥാനപരമായി ദൈവത്തിന്റെ ന്യായപ്രമാണത്തെ അനുസരിക്കേണ്ട ആവശ്യമില്ല എന്ന വിശ്വാസത്തിൽ നിന്നുളവാകുന്നതാണ്. എന്റെ ജീവിതം എങ്ങനെയുള്ളത് ആയിക്കൊള്ളട്ടെ ദൈവം എന്നെ സ്നേഹിക്കും; ഞാൻ ധാർമ്മികമായി നല്ലവനായി ജീവിച്ചാലും മോശമായി ജീവിച്ചാലും ദൈവം എന്നെ സ്നേഹിക്കും എന്ന ചിന്തയാണ് ഇതിന് പിന്നിൽ. ഞാൻ ആയിരിക്കുന്നതുപോലെ ദൈവം എന്നെ സ്വീകരിച്ചിരിക്കുന്നു. ഞാൻ എന്തായിരുന്നു അതുപോലെ തന്നെ ഇരിപ്പാൻ ദൈവം ഇനിയും ആഗ്രഹിക്കുന്നു. പലപ്പോഴും ഈചിന്ത തന്റെ വിശ്വാസത്തിലേക്കു വ്യാപരിച്ച് ഒരു സ്വതന്ത്രവ്യക്തിയായി തീരണമെങ്കിൽ ദൈവത്തിലുള്ള വിശ്വാസവും കൈവെടിയണമെന്ന് അവസ്ഥയിലേക്കു അവനെ കൊണ്ടു ചെന്നെത്തിക്കുന്നു."

ഉപസംഹാരം
ഈ രണ്ടു ചിന്താധാരകളും അപ്പോസ്തോലിക കാലം മുതലേ ഉള്ള അബദ്ധധാരണകൾ ആണ്. മതാധിഷ്ടിതമായ ചട്ടങ്ങളുടെ അനുസരണത്താലും ആചരണങ്ങളാലും ഒരുവൻ ദൈവത്തിന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല. അതേ സമയം കൃപയാൽ യേശുക്രിസ്തുവിലുള്ള വിശ്വാസംമൂലം നീതീകരിക്കപ്പെട്ട വ്യക്തി യാതൊരു നിയമവുമില്ലാതെ പാപത്തിനു അടിമയായി ജീവിക്കുകയല്ല വേണ്ടത്. ഇവ രണ്ടും സുവിശേഷം നമുക്കു നൽകുന്ന സ്വാതന്ത്ര്യത്തിൽ നിന്നു വീണുപോകുവാൻ ഇടയാക്കുന്നു. എന്നാൽ സുവിശേഷം നമ്മേ ദൈവസന്നിധിയിൽ അംഗീകരിക്കപ്പെട്ടവരും സ്വീകരിക്കപ്പെട്ടവരും ആക്കി തീർക്കുന്നു. മാത്രവുമല്ല സത്യം അനുസരിക്കാനുള്ള പ്രചോദനമാണ് സുവിശേഷം വിശ്വാസികൾക്കു നൽകുന്നത്.

ഈ രണ്ടു തെറ്റായ ധാരണകളെക്കുറിച്ചു വളരെ വിശദമായി പ്രതിപാദിക്കുന്നത് റോമാലേഖനത്തിലാണ്. അതിനെക്കുറിച്ചു ഇതിന്റെ രണ്ടാം അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നത് ശ്രദ്ധിക്കുക.

*******

© 2020 by P M Mathew, Cochin

bottom of page