
നിത്യജീവൻ

The Law and the Gospel Series-05
Two thieves stealing the glory of the gospel
സുവിശേഷത്തിന്റെ മഹത്വം മോഷ്ടിക്കുന്ന രണ്ടു കള്ളന്മാർ.
സുവിശേഷത്തിന്റെ ministry അഥവാ ശുശ്രൂഷയ്ക്ക് എല്ലാകാലത്തും ഒരു ഭീഷണിയായി മാറിയിട്ടുള്ള രണ്ടു തെറ്റുകളാണ് ലീഗലിസവും ലിബറലിസവും. സുവിശേഷത്തിന്റെ മഹത്വത്തെ തുശ്ഛീകരിക്കുന്ന, അതിനെ ഇല്ലായ്മ ചെയ്യുന്ന, വലിയ രണ്ടു പാഷാണ്ഡതകൾ ആണിവ. അതുകൊണ്ട് സുവിശേഷം പ്രസംഗിക്കുന്ന ഇടത്ത് എതിർപ്പ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ ഒരു സീരീസ് തുടങ്ങിയതിനുശേഷം എന്റെ ജിവിതത്തിലും അനവധിയായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. പരസ്യമായും രഹസ്യമായും ഭീഷണിയുടെ രൂപത്തിലും അതെന്നെ വേട്ടയാടി. എന്നാൽ ദൈവത്തിന് എന്നെക്കുറിച്ചുള്ള ഹിതം നിറവേറട്ടെ എന്ന ഏകലക്ഷ്യം മാത്രമാണ് എനിക്കുള്ളത്.
സുവിശേഷത്തിന്റെ മഹത്വത്തെ ഇല്ലായ്മ ചെയ്യുന്ന ഈ ഒരു ആശയം അപ്പോസ്തലനായ പൗലോസിനു ശേഷം ഒരുപക്ഷേ ആദ്യമായി മുന്നോട്ടുവച്ചത് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവായ തെർത്തുല്യനാണ് എന്ന് ഞാൻ കരുതുന്നു. അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: “നമ്മുടെ കർത്താവ് ക്രൂശിക്കപ്പെട്ടത് രണ്ടു കള്ളന്മാർക്ക് മദ്ധ്യേയായിരുന്നു എന്നതുപോലെ നീതീകരണം എന്ന വലിയ ഉപദേശം തുടർമാനമായി പരസ്പര വിരുദ്ധങ്ങൾ ആയ രണ്ട് പാഷാണ്ഡതകൾക്കു നടുവേ ക്രൂശിക്കപ്പെട്ടിരിക്കുന്നു.”
ലീഗലിസത്തിനെതിരെ മറുമരുന്നായി കൊണ്ടുവന്നതാണ് ആന്റീനോമിയനിസം. എന്നാൽ ദൈവവചനത്തിൽ ഒരിടത്തും ലീഗലിസത്തിനു പ്രതിവിധിയായി ആന്റീനോമിയനിസത്തെ നിർദ്ദേശിക്കുന്നില്ല. മറിച്ച്, ക്രിസ്തുവിനോടുള്ള നമ്മുടെ ഐക്യത്തിൽ ക്രിസ്തുവിലുള്ള ദൈവകൃപയാണ് ഇരുവർക്കും ഉള്ള മറുമരുന്ന്. അതിനെ കാണിക്കുന്ന ഒരു വേദഭാഗം നമുക്കു നോക്കാം.
റോമർ 6: 14-15
"14. "നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. 15 എന്നാൽ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപക്കത്രെ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുതു."
ദൈവാത്മാവിന്റെ കൃപയ്ക്കായി ഒരു നിമിഷം പ്രാർത്ഥിക്കാം….
പൗലോസ് പറയുന്നത് ഒരു വിശ്വാസി ന്യായപ്രമാണത്തിനധീനല്ല എന്നാണ്. 12 ആം വാക്യത്തിൽ പാപം നിങ്ങളുടെ മേൽ വാഴരുത്, കാരണം പാപത്തിന്റെ നിങ്ങളുടെമേലുള്ള വാഴ്ച അവസാനിച്ചിരിക്കുന്നു. അല്ലെങ്കിൽ പാപത്തിന്റെ ശക്തിക്ക് ഇനി നിങ്ങളുടെ മേൽ വാഴ്ച ഇല്ല എന്നു പറയേണ്ടതിനു പകരം ഇനി ന്യായപ്രമാണത്തിനു നിങ്ങൾ അധീനരല്ല എന്നു പറയുകയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ന്യായപ്രമാണം രക്ഷക്കുള്ള ഒരു സംവിധാനം എന്ന നിലയിൽ നാമതിൽ നിന്നും സ്വതന്ത്രരാണ്. ക്രിസ്തുവിലുള്ള വിശ്വാസം മൂലം നാം ദൈവത്തിന്റെ സന്നിധിയിൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.
പക്ഷേ, അതിനർത്ഥം നമുക്ക് ഇനി എങ്ങനേയും ജീവിക്കാം എന്ന അർത്ഥത്തിലല്ല. അല്ലെങ്കിൽ വിശ്വാസിക്കു വിശുദ്ധജീവിതം ആവശ്യമില്ല എന്ന അർത്ഥത്തിലുമല്ല. റോമാലേഖനം 6 ന്റെ ഒന്നിൽ ‘ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തു കൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.” തുടർന്നു 2-14 വരെ വാക്യങ്ങളിൽ ഇതെങ്ങനെ സാദ്ധ്യമാകും എന്നു താൻ വിശദീകരിക്കുന്നു. യേശുക്രിസ്തുവിന്റെ ഉദ്ദേശ്യം നമ്മേ വിശുദ്ധീകരിക്കുവാൻ വേണ്ടിയാണ് എന്നു നാം നന്ദിയോടെ ഓർക്കുമ്പോൾ വിശുദ്ധ ജീവിതത്തിനുള്ള ഒരു പ്രചോദനം അതു നമുക്കു നൽകുന്നു.അതു ഭയത്തിൽ നിന്നോ ആത്മവിശ്വാസത്തിൽ നിന്നോ അല്ല കർത്താവിനോടുള്ള നന്ദിയിൽ നിന്നും സ്നേഹത്തിൽ നിന്നുമാണ്. അതാണ് പതിനാലാം വാക്യത്തിൽ പൗലോസ് പറയുന്നത് നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനർ എന്നു പറയുന്നത്.
1. ദൈവം വിശുദ്ധനായ ദൈവമായതുകൊണ്ട് പാപത്തെ ശിക്ഷിക്കും. താൻ കൃപാലുവായ ദൈവമായതുകൊണ്ട് ക്രിസ്തുവിലെ പാപത്തെ താൻ കൈകാര്യം ചെയ്യും.
സുവിശേഷം 2 സത്യങ്ങളെ ഒന്നിച്ചു നിർത്തുന്നു.
1. ദൈവം വിശുദ്ധനാണ് അതുകൊണ്ട് പാപത്തെ ദൈവം ശിക്ഷിക്കും. എന്നാൽ സുവിശേഷം നമ്മോട് പറയുന്നത് എന്തെന്നാൽ നിങ്ങൾ ചിന്തിക്കുന്നതും വിചാരിക്കുന്നതിലും അപ്പുറമായി നിങ്ങൾ പാപികളാണ് ഇതിനെ മറന്നു കളയുന്നത് ലൈസൻസ് തന്നിഷ്ട ത്തിലേക്ക് നയിക്കുന്നു ഇതിനെയാണ് ലിബറലിസം അഥവാ ആന്റീനോമിയനിസം എന്ന് പറയുന്നത്.
2. ദൈവം വളരെ കൃപാലുവായ ദൈവമാണ്; അതുകൊണ്ട് നമ്മുടെ പാപം ക്രിസ്തുവിൽ കൈകാര്യം ചെയ്യപ്പെടുന്നു. സുവിശേഷം നമ്മോട് പറയുന്നത് എന്തെന്നാൽ, നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ അധികം നിങ്ങൾ ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതല്ലെങ്കിൽ നിങ്ങൾ ഭയപ്പെടുന്നതിനേക്കാൾ അധികമായി ക്രിസ്തുവിൽ നിങ്ങൾ സ്വീകരിക്കപ്പെട്ടിരിക്കുന്നു. ഇതു മറന്നു കളയുന്നത് ലീഗലിസത്തിലേക്കൊ മോറലിസത്തിലേക്കൊ ഒരുവനെ നയിക്കുന്നു.
ഈ സത്യങ്ങളിൽ ഏതെങ്കിലുമൊന്ന് നിഷേധിച്ചാൽ നിങ്ങൾ ലീഗലിസത്തിലേക്കൊ ലിബലറലിസത്തിലേക്കൊ വീഴും. അങ്ങനെ സുവിശേഷത്തിന്റെ സന്തോഷവും സുവിശേഷം നൽകുന്ന സ്വാതന്ത്ര്യവും നിങ്ങൾ നഷ്ടമാക്കും. പാപത്തെ സംബന്ധിച്ച ആഴമായി അറിവ് അഥവാ ബോധം ഇല്ലെങ്കിൽ സുവിശേഷത്തിലൂടെയുള്ള ദൈവത്തിന്റെ വീണ്ടെടുപ്പ് വളരെ നിസ്സാരമായി തോന്നും. അങ്ങനെ വന്നാൽ അത് നിങ്ങളെ പ്രചോദിപ്പിക്കുകയൊ രൂപാന്തരപ്പെടുത്തുകയൊ ചെയ്യാതെ വരും. എന്നാൽ നമ്മുടെ പാപക്കടത്തെ കൊടുത്തു വീട്ടിക്കൊണ്ടുള്ള ക്രിസ്തുവിനെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള അറിവ് ഇല്ലെങ്കിൽ, പാപത്തെക്കുറിച്ച് ഉള്ള അറിവ് നമ്മെ തകർക്കും. അതല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ പാപത്തെ നിഷേധിക്കുകയോ അതിനെ അടിച്ചമർത്തുകയോ ചെയ്യും.
ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ കൃപയെ ദുഷിപ്പിച്ചുകൊണ്ട് ദൈവത്തിന്റെ മഹത്വത്തെ നശിപ്പിക്കുന്ന മനുഷ്യമനസ്സിന്റെ ഈ പ്രവണതയ്ക്കെതിരെ വിശ്വാസികൾ വളരെ ജാഗരൂകരായിരിക്കേണ്ടതാവശ്യമാണ്. ലീഗലിസ്റ്റ് ബോധപൂർവ്വമോ അല്ലാതെയോ ആന്റീനോമിയനിസത്തെ എതിർക്കുവാൻ ശ്രമിക്കുമ്പോൾ ആന്റീനോമിയൻസ് ബോധപൂർവ്വമോ അല്ലാതെയോ ലീഗലിസത്തെ എതിരിക്കുവാൻ ശ്രമിക്കുന്നു. ഇതിന് വിരുദ്ധമായി, ഒരു വിശ്വാസി എല്ലായിപ്പോഴും സുവിശേഷത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ ആയി ഈ കള്ളന്മാരെ കാണേണ്ടിയിരിക്കുന്നു.
ലീഗലിസം അതിന്റെ നിർവചനത്തിൽ തന്നെ, ദൈവത്തിനു ദൈവമുമ്പാകെ സ്വീകാര്യനായി തീരേണ്ടതിന്നു യേശുക്രിസ്തുവിന്റെ പൂർത്തീകരിക്കപ്പെട്ട പ്രവർത്തിയോടും മറ്റു കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു. ക്രിസ്തുവിന്റെ പൂർത്തീകരിക്കപ്പെട്ട പ്രവർത്തിയോടു എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ മറ്റെന്തെങ്കിലും കാര്യത്തിൽ തങ്ങളുടെ ആശ്രയം വെയ്ക്കുകയൊ ചെയ്യുന്നു.
ആൻറിനോമിനിയനാകട്ടെ കൃപയുടെ പേരിൽ, ബോധപൂർവ്വമോ അല്ലാതെയോ വിശ്വാസിയുടെ ജീവിതത്തിൽ നിന്ന് ന്യായപ്രമാണത്തെ അകറ്റിനിർത്തുന്നു. ലീഗലിസം മനുഷ്യന്റെ പാപവസ്ഥയെ കുറച്ചു കാണുകയും ഒരു വിശ്വാസിയുടെ ജീവിതത്തിൽ അധിവസിക്കുന്ന പാപം എന്ന യാഥാർത്ഥ്യത്തെ നിഷേധിക്കുകയും ചെയ്യുന്നു. ആൻന്റീ- നോമിയനിസം പാപത്തിന്റെ നിന്ദ്യമായ അവസ്ഥയെ കുറച്ചു കാണുകയും വിശ്വാസിയുടെ ജീവിതത്തിൽ അതിന്റെ നാശകരമായ സ്വഭാവത്തെ തുശ്ഛീകരിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന് അസൂയ എന്ന പാപത്തെ തന്നെ നമുക്ക് എടുക്കാം. ഓ! അതൊരു ഗൗരവതരമായ പാപം ആണോ എന്ന് ഒരു പക്ഷേ ചിലർ ചോദിച്ചു എന്ന് വന്നേക്കാം. വാസ്തവത്തിൽ ശൗൽ ദാവീദിന് നേരെ പലതവണ കുന്തം എറിഞ്ഞതും ദാവീദിനെ പലവട്ടം കൊല്ലാൻ ശ്രമിച്ചതിന്റേയും പിന്നിൽ ഈ അസൂയ എന്ന പാപമായിരുന്നില്ലേ? 1 ശമുവേൽ 18: 6-8 വാക്യങ്ങൾ നമുക്ക് ഒന്നു നോക്കാം:
6 "ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യ പട്ടണ ങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൌൽരാജാവിനെ എതിരേറ്റുചെന്നു. 7 സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി. 8 അപ്പോൾ ശൌൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവർ ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാൻ എന്തുള്ളു എന്നു അവൻ പറഞ്ഞു.” പിന്നീടുള്ള ശൗലിന്റെ ജീവിതം ദാവീദിനെ എങ്ങനെയും വരുത്തണം എന്ന ലക്ഷ്യത്തോടെയായിരുന്നു.
യേശുക്രിസ്തുവിനു തന്റെ പരസ്യ ശുശ്രൂഷവേളയിൽ ഏറ്റവുമധികം എതിർപ്പ് നേരിടേണ്ടി വന്നത് ചുങ്കക്കാരിൽനിന്നോ പാപികളിൽ നിന്നോ ആയിരുന്നില്ല മറിച്ച്, പരീശന്മാരിൽ നിന്നും ശാസ്ത്രിമാരിൽ നിന്നും മഹാപുരോഹിതന്മാരിൽ നിന്നൊക്കെയും ആയിരുന്നു. യേശു അവരെക്കുറിച്ച് പറഞ്ഞത് എന്തെന്നാൽ, അവർ എന്തു ചെയ്യുന്നു എന്നതിനെ അടിസ്ഥാനത്തിൽ തങ്ങളെത്തന്നെ നീതീകരിക്കുന്നു. ലൂക്കോസ് 16:15 നമുക്കൊന്ന് വായിക്കാം: “15 അവൻ അവരോടു പറഞ്ഞതു: “നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.”
അവർ മനുഷ്യരുടെ പുകഴ്ചയും അവരുടെ അംഗീകാരവുമാണ് ഏറെ ആഗ്രഹിച്ചത്. അതുകൊണ്ട് തങ്ങളെ തന്നെ മറ്റുള്ളവരുടെ മുൻപിൽ സ്വീകാര്യരാക്കി തീർക്കാനുള്ള ശ്രമം ആയിരുന്നു അവരുടെ ജീവിതത്തിൽ മുന്നിട്ടു നിന്നിരുന്നത്.
ലീഗലിസത്തിന്റെ മറ്റൊരുവശം എന്നത് തങ്ങൾ എതിർക്കുവാൻ ആഗ്രഹിക്കുന്ന ആൻറിനോമിത്തേക്കാൾ വളരെ മോശമായ അവസ്ഥയിലേക്ക് തങ്ങളെ കൊണ്ടുചെന്ന് എത്തിക്കുന്നു എന്നുള്ളതാണ്. മത്തായി 15: 3-6 വാക്യങ്ങളിൽ കർത്താവ് പരീശന്മാരോട് പറയുന്നു: “അവൻ അവരോടു ഉത്തരം പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?” 4 അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ. 5 നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ 6 അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബല മാക്കിയിരിക്കുന്നു.”
നിങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണത്തോടു തങ്ങളുടെ കൽപ്പനകൾ കൂട്ടിച്ചേർത്തതു വഴി ദൈവത്തിന്റെ ന്യായപ്രമാണം അതിയായതല്ല എന്ന് അവകാശപ്പെടുകയാണ് അവർ ചെയ്തത്. ദൈവത്തിന്റെ കല്പനകളെ മാറ്റിവെച്ചിട്ട് തങ്ങൾ ഉണ്ടാക്കിയ കല്പനകളുടെ ആചരണത്തിലൂടെ ദൈവത്തിന്റെ നീതി നിന്വേഷിക്കുകയാണ് ചെയ്തത്. നാം മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട സംഗതിയാണിത്. ലീഗലിസം എല്ലായിപ്പോഴും ആന്റിനോമിയനിസത്തിൽ ചെന്നവസാനിക്കുന്നു. അതുപോലെ ആൻറിനോമിയനിസം ലീഗിലിസത്തിലും ചെന്ന് അവസാനിക്കുന്നു. ഇത് രണ്ടും ഒരമ്മപെറ്റ ഇരട്ട മക്കളാണ്.
2. വിശ്വാസിയുടെ പാത (The path of the believer)
ഈ രണ്ട് അബദ്ധധാരണകളും ഒഴിവാക്കി എങ്ങനെയാണ് വിശ്വാസിക്ക് മുന്നോട്ടു പോകാൻ സാധിക്കുക? അതല്ലെങ്കിൽ ഒരു വിശ്വാസി ഏതു പാതയാണ് സ്വീകരിക്കേണ്ടത്?
ലീഗലിസത്തേയും ആന്റീനോമിയനിസത്തേയും വിശദീകരിക്കുവാനും അതു ഒഴിവാക്കി എങ്ങനെ നമുക്കു മുന്നോട്ടു പോകുവാൻ സാധിക്കും എന്നതിനെ സംബന്ധിച്ച് ബാബു ജോർജ്ജ് സഹോദരൻ ഒരു ഉദാഹരണം പറയാറുണ്ട്. അതിതാണ് ഡോക്ടർ ലൂയിസ് ജോൺസണെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഈ ഉദാഹരണം അവതരിപ്പിക്കാറ്. ആദ്യത്തെ illustration ഒരു നായയും അതിന്റെ യജമാനനും കൂടി യാത്ര പോകുന്നതാണ്.
യജമാനനും നായയും അങ്ങനെ യാത്രയ്ക്ക് ഇറങ്ങുന്നു. ഒന്നാമത്തെ കേസിൽ നായയുടെ കഴുത്തിൽ ഒരു തുടലുണ്ട്. അതിന്റെ മറ്റം യജമാനന്റെ കയ്യിൽ പിടിച്ചിരിക്കും. ആയതിനാൽ നായക്ക് യജമാനനെ വിട്ട് അധികദൂരം പോകാൻ സാധിക്കയില്ല. അത് ലീഗലിസത്തെ കാണിക്കുന്നു.
രണ്ടാമത്തെ കേസിൽ നായയുടെ കഴുത്തിൽ തുടൽ ഇല്ല. ആകയാൽ യജമാനന്റെ കരത്തിൽ തുടലിന്റെ മറ്റേ അറ്റവും ഉണ്ടാവുകയില്ല. എന്നാൽ ഈ നായ അല്പദൂരം ഒക്കെ യജമാനന്റെ കൂടെ നടന്ന ശേഷം പിന്നെ കണ്ട ഊടുവഴിയിലൂടെ ഒക്കെ പറഞ്ഞു പോകും. യജമാനനെ സംബന്ധിച്ചിടത്തോളം നായയുടെ മേൽയാതൊരു നിയന്ത്രണം ഉണ്ടാകയില്ല. നായ തനിക്കു തോന്നുന്ന വഴിയിലൂടെ ഒക്കെയും സഞ്ചരിക്കുന്നു. അതിനെ താൻ ആൻറി നോമിയനോട് ഉപമിക്കുന്നു.
മൂന്നാമത്തെ കേസിൽ, നായയുടെ കഴുത്തിൽ ചങ്ങലയൊ യജമാനന്റെ കയ്യിൽ ചങ്ങലയുടെ മറ്റേ അറ്റമൊ ഇല്ല. എന്നാൽ ഈ നായ സ്വതന്ത്രനാണ്. എങ്കിലും ഈ നായ യജമാനന്റെ കൂടെ തന്നെ നടക്കുന്നു. ഇടയ്ക്ക് കുറച്ചുദൂരം ഒക്കെ മാറിയാലും യജമാനൻ വിളിക്കുമ്പോൾ പെട്ടെന്ന് തിരികെ വന്നത് എൻറെ കൂടെ നടക്കാൻ തുടങ്ങുന്നു. അങ്ങനെ യജമാനനും നായയും തങ്ങളുടെ ലക്ഷ്യത്തിൽ എത്തുന്നു. ഈയൊരു കേസാണ് ഐഡിയലായിട്ടുള്ളത്. അല്ലെങ്കിൽ ശരിയായ നടപ്പ് എന്നത്.
ഈ ഐഡിയലായിട്ടുള്ള പാതയെ ബാബു ജോർജ് സഹോദരൻ ഒരു ക്ലോക്കിന്റെ പെൻഡുലത്തോടാണ് ഉപമിക്കുന്നത്. ആന്റിനോമിയൻ ആ പെൻഡുലത്തിന്റെ ഒരു extreme ആയിരിക്കുമ്പോൾ അതിന്റെ മറ്റേ extreme എന്ന് പറയുന്നത് ലീഗലിസമാണ്. എന്നാൽ ഒരു വിശ്വാസി പോകേണ്ടത് അതിന്റെ മിഡിൽ പാത്തിലൂടെ എന്ന് അദ്ദേഹം അതിനെക്കുറിച്ച് പറയാറുണ്ട് ശരിയായ ക്രിസ്ത്യൻ അടപ്പ് എപ്പോഴും ബാലൻസ്ഡ് ആയിരിക്കണം എന്ന്.
അതേ ആശയം തന്നെയാണ് സുവിശേഷ അധിഷ്ഠിത ജീവിതം കൊണ്ട് ഞാൻ അർത്ഥമാക്കുന്നത്. ഒരു ക്രിസ്ത്യാനിയുടെ നടപ്പ് സുവിശേഷാധിഷ്ഠിതം ആയിരിക്കണം. അല്ലെങ്കിൽ സുവിശേഷത്തിന് അനുസാരമായിരിക്കണം. അതിനെക്കുറിച്ച് അപ്പസ്തോലനായ പൗലോസ് പറയുന്നത് ശ്രദ്ധിക്കുക: “ അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു? (ഗലാത്യർ 2:14). യേശുക്രിസ്തുവിന്റെ മരണത്താൽ യഹൂദന്മാരും ജാതികളും ഒരുപോലെ ദൈവസന്നിധിയിൽ സ്വീകാര്യരായിത്തീർന്നിരി ക്കുന്നു എന്ന സത്യം നിഷേധിക്കുന്ന രീതിയിൽ ചില ആളുകൾ പ്രവർത്തിക്കുന്നത് കണ്ടപ്പോൾ പൗലോസ് അനുശാസിക്കുന്നത് ഇപ്രകാരമാണ് സുവിശേഷത്തിലെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല. അതായത് സുവിശേഷത്തിന് അതിന്റേതായ ഒരു നടപ്പുണ്ട്. അതനുസരിച്ച് നാം നടക്കണം.
ഫിലിപ്പ് 1:27ൽ വിശ്വാസികളോട് ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമാം വണ്ണം നടപ്പാൻ ആഹ്വാനം ചെയ്യുന്നതായി നമുക്ക് കാണാം. “ഞാൻ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങൾ ഏകാത്മാവിൽ നിലനിന്നു എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിനു യോഗ്യമാം വണ്ണം നടപ്പിൻ”. (Only let your manner of life be worthy of the gospel of Christ: that, whether I come and see you be absent, I may hear of your state, that ye stand fast in one spirit, with one soul striving for the faith of the gospel”). ക്രിസ്തുവിന്റെ ശരീരമായ സഭയിലെ ഓരോ വ്യക്തികളും ഒരു പൊതുവായ cause നുവേണ്ടി/വിശ്വാസത്തിനു വേണ്ടി നിലകൊള്ളുന്നവരാണ്. ആ പൊതുവായ വിശ്വാസമെന്നത് സുവിശേഷമാണ്. അതിനുവേണ്ടി ഏകമനസ്സോടുകൂടെ നിലകൊള്ളണം എന്നു മാത്രമല്ല, അതിനുവേണ്ടി പോരാട്ടം തന്നെ കഴിക്കണമെന്നാണ് അപ്പൊസ്തലൻ ഇവിടെ വിശ്വാസികളെ പ്രബോദിപ്പിക്കുന്നത്. (എഫെ. 4:1 “…നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം” നടക്കുക.)
ഈ സുവിശേഷ അധിഷ്ഠിത നടപ്പ് എങ്ങനെ ലീഗലിസത്തിൽ നിന്നും ആൻറി നോമിയനിസത്തിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും നോക്കാം. സുവിശേഷ അധിഷ്ഠിത ജീവിതം നയിക്കുന്നവർ ദൈവം വിശുദ്ധനാണെന്നും സ്നേഹവാനാണെന്നും, വീഴ്ച വന്ന ജഡം തങ്ങൾക്ക് ഉള്ളതിനാൽ, സ്വയം നീതിയാൽ അഥവാ ജഡത്തിന്റെ പ്രവൃത്തിയാൽ (റോമർ 3:20,28) ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ലെന്നും, രക്ഷയ്ക്കായി ദൈവത്തിന്റെ നീതി അന്വേഷിക്കുന്നവരും ആണ്. അവർ സുവിശേഷത്താൽ തങ്ങളുടെ ജീവിതം വ്യത്യാസപ്പെടുത്താൻ ശ്രമിക്കുന്നവരും തങ്ങളുടെ തെറ്റിനെക്കുറിച്ച് ബോദ്ധ്യമുള്ളവരെങ്കിലും, ക്രിസ്തുവിൽ സ്വസ്ഥത അനുഭവിക്കുന്നവരും ആയിരിക്കും. അങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണവും സുവിശേഷത്തിന്റെ തങ്ങളുടെ ജീവിതത്തിലെ പ്രാധാന്യവും ഗ്രഹിച്ചവരും ആയിരിക്കും.
ന്യായപ്രമാണവും സുവിശേഷവും തമ്മിലുള്ള ബന്ധത്തെ സംക്ഷിപ്തമായി പറഞ്ഞാൽ ന്യായപ്രമാണം സുവിശേഷത്തിലേക്കും സുവിശേഷം ന്യായപ്രമാണം അനുസരിക്കുവാൻ തക്കവിധം സ്വാതന്ത്ര്യത്തിലേക്കും നമ്മെ നയിക്കുന്നു.
ഞാൻ ഇത് ഞാൻ അല്പമായി വിശദീകരിക്കാം. ദൈവം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉന്നതമായ നിലവാരം നാം മനസ്സിലാക്കുമ്പോൾ, നാം നിരാശയിലേക്ക് വീഴാതെ ക്രിസ്തുവിലേക്ക് നയിക്കപ്പെടണമെന്ന് ദൈവം നമ്മെകുറിച്ച് ആഗ്രഹിക്കുന്നു. ഒരിക്കൽ നാം ക്രിസ്തുവിനോട് ചേർന്നുകഴിഞ്ഞാൽ നമ്മിൽ അധിവസിക്കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവ് ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പ്രമോദിക്കുവാൻ കാരണമായി ത്തീരുകയും അത് അനുസരിക്കുവാനുള്ള ശക്തി നമുക്ക് നൽകുകയും ചെയ്യുന്നു. റോമാ ലേഖനത്തിന്റെ കമന്ററിയിൽ മാർട്ടിൻ ലൂതർ ഇത് ഇവ്വണ്ണം സംഗ്രഹിച്ചിരിക്കുന്നു: ന്യായപ്രമാണം ശരിയായ നിലയിൽ മനസ്സിലാക്കി അതിനെ സമ്പൂർണമായി ഗ്രഹിച്ചാൽ നമ്മുടെ പാപത്തെ അത് ഓർമിപ്പിക്കുകയും അത് കൊല്ലുകയും നിത്യനരകത്തിനു കാരണമാക്കുകയും ചെയ്യുന്നു (എന്നല്ലാതെ എന്ത് ചെയ്യാൻ…). ന്യായപ്രമാണം മനുഷ്യന്റെ തന്നെ ശക്തിയാൽ നിവൃത്തിക്കുവാൻ സാധിക്കയില്ല. കർത്താവായ യേശുക്രിസ്തു നമ്മുടെ ഹൃദയത്തിൽ പകർന്ന പരിശുദ്ധാത്മാവിനാൽ മാത്രമേ അതിന് സാധിക്കു. ന്യായപ്രമാണം നിവൃത്തിക്കുക എന്നാൽ അതിന്റെ പ്രവർത്തികൾ സന്തോഷത്തോടും സ്നേഹത്തോടും കൂടി ചെയ്യുക… അതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയത്തിൽ തന്നിരിക്കുന്നു.
ന്യായപ്രമാണം നിവൃത്തിക്കുക എന്നാൽ അത് സ്നേഹത്തോടും സന്തോഷത്തോടും അതിന്റെ പ്രവർത്തികൾ ചെയ്യുക എന്നതാണ്. ദൈവം നമ്മിൽ നിന്നും ആവശ്യപ്പെടുന്നത് എന്താണെന്ന് അറിഞ്ഞാൽ മാത്രം പോരാ; ദൈവത്തെ നാം അനുസരിക്കണം. കാരണം അതാണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. സങ്കീർത്തനം 40: 8ൽ സങ്കീർത്തനക്കാരനായ ദാവീദു പറയുന്നു: “എന്റെ ദൈവമേ നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” (I delight to do your will, Oh my God; your law is within my heart”).
3. സുവിശേഷം എങ്ങനെ ന്യായപ്രമാണത്തിൽ പ്രമോദിക്കുവാൻ നമ്മേ സഹായിക്കുന്നു (How the gospel helps us to rejoice in the law).
ഇനി നമുക്ക് എങ്ങനെയാണ് ദൈവത്തെ സ്നേഹിക്കുന്നവരും ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പ്രമോദിക്കുന്നവരും ആയിത്തീരുവാൻ സുവിശേഷത്തിലൂടെ സാധിക്കുക എന്ന് നോക്കാം. അതിൽ മൂന്ന് കാര്യങ്ങൾ അടങ്ങിയിരിക്കുന്നു:
ഒന്നാമതായി, സുവിശേഷത്തിലൂടെ ആണ് ദൈവത്തിന്റെ നിയമങ്ങളെ ലംഘിക്കുന്നവരാണ് എന്ന് നാം അറിയുന്നത്. സുവിശേഷ യാത്രയുടെ ആദ്യത്തെ പഠി എന്നു പറയുന്നത് എന്ന് “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” റോമർ 3:23) എന്ന അവബോധം തമ്മിൽ ഉണ്ടാകുന്നതാണ്. ദൈവത്തിന്റെ ന്യായപ്രമാണ ത്തോടുള്ള അനുസരണ ക്കേട് അഥവാ പാപം നമ്മേ ദൈവകോപത്തിൻ കീഴിൽ അടച്ചുകളയുന്നു. “ന്യായപ്രമാണ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് ഒക്കെയും ചെയ്യുവാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നുവല്ലോ (ഗലാ. 3:10). അതായത്, ന്യായപ്രമാണത്തിലെ ചില കാര്യങ്ങൾ മാത്രം അനുസരിച്ചാൽ പോരാ എഴുതിയിരിക്കുന്നത് ഒക്കെയും അനുസരിക്കണം. ഞാൻ നാമധേയക്രിസ്ത്യാനികളോട് സംസാരിക്കുമ്പോൾ അവർ പറയുന്ന ഒരു കാര്യമുണ്ട്: ‘ഈ ബൈബിളിൽ പറയുന്നതു പോലെ ആർക്കാണ് ജീവിക്കാൻ സാധിക്കുക.’
രണ്ടാമതായി, ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്ന് നാം വിടുവിക്കപ്പെടുന്നത് സുവിശേഷത്തിലൂടെയാണ്. നാം യേശുക്രിസ്തുവിലേക്ക് തിരിഞ്ഞു നീതീകരിക്കപ്പെട്ടാൽ ദൈവം നമ്മോടു പാപങ്ങളെ ക്ഷമിച്ചു തരുന്നു എന്നതാണ് സുവിശേഷത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത. വിശ്വാസത്തിൽ നാം യേശുക്രിസ്തുവിലേക്കു തിരിയുമ്പോൾ ദൈവത്തിനു മുൻപിൽ നാം കുറ്റക്കാരനല്ല എന്ന് പ്രഖ്യാപിക്കപ്പെടുന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്ന് ക്രിസ്തു നമ്മെ വിലയ്ക്കുവാങ്ങി. എങ്ങനെയാണ് താൻ വിലയ്ക്ക് വാങ്ങിയത്? താൻ ന്യായപ്രമാണത്തിന്റെ ശാപം നമുക്ക് പകരക്കാരനായി ഏറ്റുവാങ്ങിയാണ് നമ്മേ ശാപത്തിൽ നിന്ന് വിടുവിച്ചത്. ഗലാ.3:13 “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നെഴുതിയിരിക്കുന്നത് പോലെ ക്രിസ്തു നമുക്ക് വേണ്ടി ശാപമായി തീർന്നു. ന്യായപ്രമാണ ത്തിന്റെ ശാപത്തിൽ നിന്ന് നമ്മെ വിലയ്ക്കുവാങ്ങി.” എന്തിനാണ് അവൻ നമ്മേ വിലയ്ക്കു വാങ്ങിയത്? 14-ആം വാക്യത്തിൽ അതിന്റെ ഉത്തരം ഉണ്ട്. വിശ്വാസത്താൽ യേശുക്രിസ്തു വിലൂടെ പരിശുദ്ധാത്മാവ് എന്ന ദാനം നമുക്ക് നൽകേണ്ടതിനാണ്. “അബ്രഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്ക് വരേണ്ടതിന്നു നാം ആത്മാവ് എന്ന വാഗ്ദത്ത വിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നെ” നമ്മുടെ അപൂർണ്ണതകൾക്ക് യേശുക്രിസ്തു പ്രായശ്ചിത്തമാ കയും യേശുക്രിസ്തുവിന്റെ ക്രൂശിലെ പ്രവർത്തിയാൽ പൂർണ്ണത പ്രാപിക്കുകയും ചെയ്തു. തല്ഫലമായി, ന്യായപ്രമാണം നമുക്കെതിരെ ഒരു ന്യായവിധിയു മായി നിൽക്കുന്നില്ല. പൗലോസിന്റെ വാക്കുകളിൽ പറഞ്ഞാൽ We are no longer “under the law” (റൊമർ 6:14). “നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളിൽ കത്തൃത്വം നടത്തുകയില്ലല്ലോ.” ന്യായപ്രമാണത്തിനു നാം അധീനരല്ല. ന്യായപ്രമാണത്തിൻ കീഴല്ല.
മൂന്നമതായി, സുവിശേഷത്തിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മിൽ വസിക്കേണ്ടതിനു നമ്മിലേക്ക് അയക്കുന്നതും പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തി ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കാൻ നമ്മെ പ്രാർത്ഥിപ്പെടുത്തു ന്നത്. വിശ്വാസത്താലുള്ള നീതീകരണത്തിന്റെ ഫലമായി ദൈവത്തിന്റെ പരിശുദ്ധാത്മാവി നാൽ ദൈവസ്നേഹം നമ്മുടെ ഹൃദയത്തിൽ പകർന്നു തന്നിരിക്കുന്നു. റോമർ 5:5 ൽ നാം ഇപ്രകാരം വായിക്കുന്നു: “ദൈവത്തിന്റെ സ്നേഹം നമുക്ക് നൽകപ്പെട്ട പരിശുദ്ധാത്മാ വിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.” ‘ദൈവത്തിന്റെ സ്നേഹം’ എന്നാൽ ദൈവത്തിനു നമ്മോടുള്ള സ്നേഹം എന്നാണ് പൊതുവേ കരുതുന്നത്. എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്നത് ‘ദൈവത്തിന്റെ സ്നേഹം’ എന്നാണ്. അതെന്താണെന്ന് ഞാൻ വിശദമാക്കാം. ദൈവം നമ്മേ സ്നേഹിച്ചതിനാൽ, ദൈവത്തെ സ്നേഹിക്കുന്നതിനും ദൈവത്തിൽ പ്രമോദിക്കുന്നതിനുള്ള ദൈവത്തിന്റെ തന്നെ സ്നേഹിക്കാനുള്ള കപ്പാസിറ്റി, നമ്മുടെ ഹൃദയത്തിൽ പകർന്നു തന്നിരിക്കുന്നു. പിതാവിനു പുത്രനോടുള്ള അതേ സ്നേഹം ശിഷ്യന്മാരിൽ ഉണ്ടാകേണ്ടതിനായി യേശുക്രിസ്തു പ്രാർത്ഥിച്ചതായി യോഹന്നാൻ 17:26 നാം വായിക്കുന്നു: “നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നാമം ആർക്ക് വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” പിതാവു പുത്രനെ സ്നേഹിക്കുന്നു അതേ സ്നേഹം തന്നെ ശിഷ്യന്മാരിൽ ഉണ്ടാകുവാനാണ് കർത്താവ് പ്രാർത്ഥിക്കുന്നത്. മാത്രവുമല്ല, ആ കർത്താവ് നമ്മിൽ ആകുവാനുമാണ് കർത്താവ് പ്രാർത്ഥിക്കുന്നത്. അതല്ലാതെ വ്യാജ സ്നേഹത്തിന്റെ പ്രകടനങ്ങൾ അവർ നടത്തണമെന്നല്ല കർത്താവ് അവരെകുറിച്ച് പ്രാർത്ഥിച്ചത്. ഉള്ളിൽ കൈപ്പുവെച്ചു കൊണ്ട് ചിരിച്ചു കാണിക്കുകയൊ കൈപിടിച്ചു കുലുക്കുകയൊ ചെയ്യുന്നതല്ല ആ സ്നേഹം. പിതാവു പുത്രനെ സ്നേഹിക്കുന്ന സ്നേഹം അങ്ങനെയുള്ളതായിയിരുന്നുവോ എന്ന് നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കുക. ആ സ്നേഹം പരിശുദ്ധാത്മാവിന്റെ “ഫലമായ” (fruit) സ്നേഹമാണ്. അതാണ് ഒരു വ്യക്തിയിൽ ഉണ്ടാകേണ്ടത്. യേശു തന്നെത്തന്നെ വെളിപ്പെടുത്തി തന്നത്, പിതാവു പുത്രനെ സ്നേഹിക്കുന്ന സ്നേഹം തന്നെതന്റെ ശിഷ്യന്മാരിൽ ഉണ്ടാകുവാനാണ്.
ഒരു ക്രിസ്തു ശരിയായ ക്രിസ്ത്യാനി ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കുന്നു എങ്കിൽ അവൻ അത് ഒരു കടപ്പാടിന്റെ പേരിലൊ ഒരു ഉത്തരവാദിത്തത്തിന്റെ പേരിലൊ അല്ല മറിച്ച്, ദൈവത്തോടുള്ള സ്നേഹത്തിൽ നിന്നാണ്. ഈ ഒരു പോയിൻറ് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഈയൊരു പോയിന്റ് എഫേസ്യാ ലേഖനത്തിന്റെ പഠനത്തിൽ ഞാൻ ആവർത്തിച്ചതായ കാര്യമാണ്. സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ് എന്ന് റോമർ 13:10ൽ നാം വായിക്കുന്നു: “സ്നേഹം കൂട്ടുകാരനു ദോഷം പ്രവർത്തിക്കുന്നില്ല; ആകയാൽ, സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.”
ലീഗലിസവും ആന്റീനോമിയനിസവും അടിസ്ഥാനപരമായി സ്വാർത്ഥ കേന്ദ്രീകൃതമാണ്. ഇവ രണ്ടും സ്വയത്തിൽ സന്തോഷിക്കുന്നതിന്റെ ഫലമാണ്, അല്ലാതെ ദൈവത്തെ സ്നേഹിക്കുന്നതു കൊണ്ടോ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പ്രമോദിക്കുന്നതുകൊണ്ടോ അല്ല. ലീഗലിസ്റ്റ് പറയുന്നു: “ഞാൻ നിയമം പാലിക്കുന്നു”. ആന്റീനോമിയൻ പറയുന്നു: “ഞാൻ നിയമം ലംഘിക്കുന്നു.” എന്നാൽ സുവിശേഷം നമ്മെക്കുറിച്ചുള്ള പരിഗണനയിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുന്നു. ‘ഞാൻ’ എന്ന പരിഗണനയിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുന്നു. അതു നമ്മെ, എന്നിൽ നിന്ന് പുറത്തേക്ക് എന്റെ പരിഗണനയെ തിരിക്കുന്നു. സുവിശേഷത്തിൽ, ദൈവത്തിന്റെ ന്യായപ്രമാണം ബന്ധനമായി തീരുകയില്ല, അത് സ്വതന്ത്രരാക്കുകയാണ്; യാക്കോബ് അപ്പൊസ്തലൻ അതിനെ Law of liberty (സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം) എന്നാണ് വിളിച്ചിരിക്കുന്നത് (യാക്കോബ് 1:25) ന്യായപ്രമാണം യേശുക്രിസ്തുവിലേകാണ് ഒരുവനെ നയിക്കുന്നത്.
റോമർ 10:4ൽ നാം പ്രകാരം വായിക്കുന്നു: “വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമാകുന്നു.” മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രമാണത്തിന് ഉന്നം അഥവാ ലക്ഷ്യം, നമ്മേ യേശുക്രിസ്തുവിലേക്കു നയിക്കുക എന്നതാണ്. ഈ വാക്യം എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കിയാൽ, വചനത്തിലെ കല്പനകൾ എല്ലാം തന്നെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ക്രിസ്തുവിലേക്ക് വിരൽ ചൂണ്ടുന്നു എന്നു കാണുവാൻ കഴിയും. ആ കല്പനകൾ എല്ലാം തന്നെ കൊടുത്തു നമുക്കു വേണ്ടിയും നമ്മിലും നിവൃത്തിച്ചിരിക്കുന്നു. അവൻ നമ്മുടെ നീതിയായി തീർന്നിരിക്കുന്നു. നാം ഇനിയൊരു നീതി നമുക്കായി ചെയ്തെടുക്കേണ്ട ആവശ്യമില്ല.
നമ്മോട് നിവൃത്തിക്കുവാൻ ആവശ്യപ്പെടുന്ന ന്യായപ്രമാണത്തിന്റെ കൽപ്പനകൾ നമുക്ക് നിവൃത്തിപ്പാൻ കഴിയുകയില്ല, എന്നാൽ നമുക്ക് വേണ്ടി യേശുക്രിസ്തു അവ നിവൃത്തിച്ചു. യേശുക്രിസ്തു തന്റെ ആത്മാവിനാൽ നമ്മിൽ വസിക്കുന്നതിനാൽ, നമുക്കത് ഒരു ഉത്തരവാദിത്വം എന്ന നിലയിലല്ല, സന്തോഷത്തോടെ നിർത്തിക്കുവാൻ നമ്മെ പ്രാർത്ഥിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എല്ലാ കല്പനകളും നമ്മുടെ അപര്യാപ്തതയിലേക്ക് വിരൽചൂണ്ടുന്നു. അതായത്, നമ്മിലുള്ള പാപത്തെക്കുറിച്ചുള്ള ബോദ്ധ്യം നമ്മിൽ വർദ്ധിപ്പിക്കുന്നു. ദൈവത്തിന്റെ നന്മയെയും പരിശുദ്ധിയെയും കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിച്ചു വരുന്നതിനാൽ അവ ക്രിസ്തുവിലേക്കു നോക്കുവാൻ കാരണമായിത്തീരുന്നു. എന്തുകൊണ്ടെന്നാൽ യേശു നമ്മുടെ അനുസരണക്കേട് നമ്മോടു ക്ഷമിക്കുകയും അനുസരിക്കുവാൻ നമ്മേ പ്രാർത്ഥിപ്പെടുത്തുകയും ചെയ്യുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ന്യായപ്രമാണം ക്രിസ്തുവിലേക്കും ക്രിസ്തു ന്യായപ്രമാണം അനുസരിക്കാൻ തക്കവിധം സ്വാതന്ത്ര്യത്തിലേക്കും നമ്മേ നയിക്കുന്നു.
സുവിശേഷം ഏകപരിഹാരം (The gospel is the only solution).
ആകയാൽ ക്രൂശാണ് ഈ രണ്ട് പാഷാണ്ഡതകൾക്കും ഉള്ള ഏകപരിഹാരം. യേശുക്രിസ്തുവിന്റെ മരണത്തിൽ പാപത്തിന്റെ ശക്തി തകർക്കപ്പെടുകയും നമ്മുടെ നീതി സ്ഥാപിക്കാനോ നിയമില്ലാതെ ജീവിക്കാനൊ ഉള്ള നമ്മുടെ ത്വര അവസാനിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തു നമുക്ക് വേണ്ടി ക്രൂശിക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴു ന്നേൽക്കയും ചെയ്തതു കാണുമ്പോൾ നമ്മുടെ സ്വയനീതിക്കുള്ള ആഗ്രഹത്തിനോടൊ തന്നിഷ്ടത്തിൽ ജീവിക്കാനുള്ള ആഗ്രഹത്തിനോടൊ നമുക്ക് കുറ്റബോധം തോന്നും. നാം നമ്മുടെ നോട്ടത്തെ ക്രിസ്തുവിൽ ഉറപ്പിച്ചാൽ നമ്മുടെ പെർഫോമൻസി ലൂടെയുള്ള നീതി സമ്പാദിക്കാ നുള്ള ശ്രമത്തിൽനിന്ന്, അത് നമ്മെ വിടുവിക്കും. നാം നമ്മുടെ കണ്ണ് ക്രിസ്തുവിൽ ഉറപ്പിച്ചാൽ, ലോകത്തിൽ നമ്മുടെ കണ്ണുകളെ മാറ്റി, പാപകരമായ അതിന്റെ സന്തോഷത്തിലും തന്റെതന്നെ ഇഷ്ടങ്ങൾക്കും വഴങ്ങിക്കൊടുക്കാതെ, ക്രിസ്തുവിൽ സന്തോഷിപ്പാൻ അതു നമ്മെ ഇടയാക്കി തീർക്കും. ക്രൂശ് ഒരേസമയം ദൈവത്തിന്റെ വിശുദ്ധിയെയും കൃപയെയും കാണിച്ചുതരും. യേശുക്രിസ്തുവിന്റെ മരണത്തിൽ നമുക്ക് നീതീകരണവും വിശദീകരണവും സാദ്ധ്യമായ് തീരും.
ലീഗലിസത്തിൽ നിന്നും ലിബറലിസത്തിലേക്ക് പോകുവാനാണ് നമ്മുടെ മനസ്സിന്റെ ചായ് വ്. അതു നാം അംഗീകരിക്കേണ്ടതും അതിനെതിരെ ജാഗരൂകരായി ഇരിക്കേണ്ടതും ആവശ്യമാണ്. എന്നാൽ ക്രൂശ് തുടർമാനമായി ലീഗലിസത്തിൽ നിന്നും ലിബറലിസത്തിൽ നിന്നും നമ്മെ രക്ഷിക്കും.
ഈ തെറ്റുകളെ ദൈവിക സത്യങ്ങളുടെ മാർഗ്ഗങ്ങളിലൂടെ നേരെയാക്കാൻ കൃപയുടെ സുവിശേഷത്തിനല്ലാതെ മറ്റൊന്നിനും കഴിയുകയില്ല എന്നു നാം തിരിച്ചറിയണം. ക്രിസ്തുവിന്റെ ഉപദേശത്തിൽ നാം കൂടുതലായി വസിക്കുമ്പോൾ, നമ്മുടെ എല്ലാ പാപങ്ങളേയും മറയ്ക്കുന്ന ദൈവകൃപയിൽ അത്യാനന്ദം കണ്ടെത്താൻ സാധിക്കും. കാരണം, അത് നമ്മുടെ സ്വയ നീതീകരണത്തിനു വെളിയിലുള്ള, നമ്മുടെ പാപത്തിന്റെ വാഴ്ചയിൽ നിന്നു നമ്മെ സ്വതന്ത്രരാക്കുന്ന, ദൈവത്തിന്റെ നൽകപ്പെട്ട നീതി നമുക്ക് നൽകുന്നു. അങ്ങനെ നാം വിശ്വാസത്താലും സ്നേഹത്താലും ദൈവത്തിന്റെ വിശുദ്ധിയെ പിൻപറ്റുന്നു. അപ്പോസ്തലനായ പൗലോസ് നിലവിളി പോലെ, നമ്മുടെ ഹൃദയത്തിന്റെ നിലവിളിയും ഇപ്രകാരം ആയിരിക്കട്ടെ: “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏൽപ്പിച്ചു കൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു. ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല. ന്യായപ്രമാണത്താൽ നീതി വരുന്നുവെങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ” (ഗലാ2:20-2). നമ്മുടെ ജീവിതത്തിൽ നിന്ന് ക്രിസ്തുവിന്റെ മഹത്വത്തെ മോഷ്ടിക്കുന്ന ഈ രണ്ടു കള്ളന്മാരിൽനിന്നു നമ്മുടെ ശ്രദ്ധയെ തിരിച്ച്, കർത്താവിന്റെ ക്രൂശിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നവർ ആയിരിപ്പാനുള്ള ദൈവത്തിന്റെ വലിയ കൃപ സർവ്വകൃപാലുവായ ദൈവം നമുക്ക് നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ.
*******