
നിത്യജീവൻ

Lord's Supper_02
Believe in God's promise and live
ദൈവത്തിന്റെ വാഗ്ദാനം വിശ്വസിച്ചു ജീവൻ പ്രാപിക്കുക
ഉൽപ്പത്തി 3:20-21
"20 മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ. 21 യഹോവയായ ദൈവം ആദാമിന്നും അവന്റെ ഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച ്ചു."
ആദം തന്റെ ഭാര്യയ്ക്ക് പുതിയ പേരു നൽകുന്നു
ആദിമാതാപിതാക്കൾ പാപം ചെയ്തതും അതിനെ തുടർന്നുണ്ടായ ദൈവത്തിന്റെ ന്യായവിധിയുടെയും ഒരു തുടർച്ചയാണ് ഈ വേദഭാഗം. 20-ാം വാക്യത്തിൽ ആദം തന്റെ ഭാര്യക്ക് വീണ്ടും ഒരു പേരിടുന്നതാണ് നാം കാണുന്നത്. ആദാമിന്റെ ഭാഗത്തുനിന്നുള്ള വിശ്വാസത്തിന്റെ പ്രവൃത്തിയായിട്ട് ഇതിനെ നമുക്കു കാണുവാൻ കഴിയും.
20. “മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലൊ.”
ദൈവം തന്റെ അസ്തിയിൽ നിന്ന് ഒരു സ്ത്രീയെ സൃഷ്ടിച്ച് മനുഷ്യന്റെ മുൻപിൽ കൊണ്ടുവന്നു നിർത്തിയപ്പോൾ അവളെ നരനിൽ നിന്നു എടുത്തിരിക്കയാൽ അവൾക്കു ‘നാരി’ എന്നു പേരിട്ടതാണ്. അതു നാം ഉൽപ്പത്തി 2:23 ൽ വായിക്കുന്നു. ‘നാരി’ എന്നാൽ ‘സ്ത്രീ’ എന്ന് അർത്ഥം. നരനിൽ നിന്ന് എടുത്തതുകൊണ്ടാണ് അവൾക്ക് ‘നാരി’ എന്ന് പേരിട്ടത്. എന്നാൽ ഇവിടെ വീണ്ടും ആദം തന്റെ ഭാര്യക്ക് ഹവ്വാ എന്നു പേരിടുന്നു. ഇങ്ങനെയൊരു പേരിടാൻ കാരണം എന്താണെന്ന് ആ വാക്യത്തിൽ തന്നെ പറയുന്നുണ്ട്. അവൾ ജീവനുള്ളവർക്കെല്ലാം മാതാവാകുന്നു എന്നതാണ് അതിനു കാരണം. ഇതു ആദാമിന്റെ ഭാഗത്തു നിന്നുള്ള വിശ്വാസത്തിന്റെ ആദ്യ പ്രവൃത്തിയാണ്. അതു നമുക്കു മനസ്സിലാകണമെങ്കിൽ ഈ വാക്യത്തെ 15-ാം വാക്യവുമായി ബന്ധപ്പെടുത്തി ചിന്തിക്കണം. അവിടെ സ്തീയെക്കുറിച്ചു സർപ്പത്തോട് ദൈവം പറഞ്ഞു : “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” അതായത്, സ്ത്രീയിലൂടെ ഒരു സന്തതി വരുമെന്നും അവൻ സർപ്പത്തിന്റെ തലയെ തകർക്കുമെന്നുമുള്ള വാഗ്ദാനത്തോടുള്ള ഒരു പ്രതികരണമായിട്ടാണ് താൻ സ്ത്രീയുടെ പേര് ‘ഹവ്വാ’ എന്നു മാറ്റുന്നത്. ‘ഹവ്വ’ എന്നാൽ ‘ജീവൻ’. അതായത്, ‘ജീവന്റെ പ്രതീക്ഷ’ അവരിൽ നാമ്പിട്ടതിന്റെ തെളിവാണത്. അതായത്, ദൈവത്തിന്റെ വാഗ്ദാനം അവർ വിശ്വസിച്ചു. ദൈവം അവരോട് മരിക്കുമെന്ന് പറഞ്ഞു. അതല്ലെങ്കിൽ 19-ാം വാക്യത്തിൽ കാണുന്നതുപോലെ “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും” എന്നു പറഞ്ഞു. തന്റെ പാപം മൂലം നശിച്ചുപോകുന്ന ഒരു ജനതതിയുടെ പിതാവാകാൻ മാത്രമെ തനിക്കു കഴിയുമായിരുന്നുള്ളു. എന്നാൽ അതിനപ്പുറമായി ഒരു ജീവൻ തങ്ങൾക്കുണ്ടാകുമെന്ന പ്രതീക്ഷയാണ് ആ പുതിയ പേരുമാറ്റം അർത്ഥമാക്കുന്നത്. കാരണം സ്ത്രീ ദൈവത്തിന്റെ വാഗ്ദത്തം കേൾക്കുകയും അവളതു വിശ്വസിക്കയും ചെയ്തു.
ദൈവത്തിന്റെ വാഗ്ദാനം വിശ്വസിച്ചാൽ ജീവൻ പ്രാപിക്കും (If we believe in God's promise, we will receive life)
അതേ കുറ്റവാളിയായ ഒരു മനുഷ്യൻ ദൈവത്തിന്റെ വാഗ്ദാനം സത്യമായി വിശ്വസിക്കുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ മരണത്തിൽ നിന്ന് ഉടനടി ജീവനിലേക്ക് കടക്കുന്നു.
ആ ഒരു മാറ്റത്തെക്കുറിച്ചുള്ള തിരിച്ചറിവിൽ നിന്നാണ് ആദം തന്റെ ഭാര്യക്ക് ഹവ്വ എന്ന് പേരുവിളിക്കുന്നത്. അതായത് അവൾ മരണത്തിൽ നിന്നും ജീവനിലേക്ക് കടന്നിരിക്കുന്നു. അവളിനി കേവലം മർത്ത്യരായ ഒരു ജനതതിയുടെ മാതാവല്ല, അവളിനി ക്രിസ്തുവിൽ കൂടി ജീവൻ പ്രാപിക്കുന്ന ഒരു ജനതതിയുടെ മാതാവായി തീരും എന്നാണ്. അതുകൊണ്ട് (Therefore), അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലൊ. അതായത്, മരണത്തിൽ നിന്ന് ജീവനിലേക്ക് കടന്നുപോകുന്നവരുടെ ഒരു നീണ്ട നിരയിൽ ആദ്യത്തേത് എന്ന് അതിനെ കരുതാം. സ്ത്രീയുടെ സന്തതിയെക്കുറിച്ചുള്ള വാഗ്ദാനവുമായി ഇത് കൃത്യമായി ബന്ധപ്പെട്ടിരിക്കുന്നു, ആ സന്തതി ആത്യന്തികമായി വരും, അവൻ സർപ്പത്തിന്റെ തലയെ തകർക്കും. ക്രിസ്തുവിനോട് ബന്ധപ്പെട്ടു നിൽക്കുന്നവർ, വീണ്ടെടുക്കപ്പെട്ട മനുഷ്യവർഗ്ഗത്തിന്റെ ഭാഗമായിരിക്കുകയും അതിൽ സ്ത്രീ ആ ലൈനിന്റെ ആദ്യമായിരിക്കയും ചെയ്യും.
ഇതുപോലെ അനേകപേരു മാറ്റങ്ങൾ തുടർന്നങ്ങോട്ട് ബൈബിളിൽ നമുക്കു കാണുവാൻ കഴിയും. ദൈവം, അബ്രാമിനെ അബ്രാഹവും, ‘സാറായി’യെ ‘സാറാ’ എന്നും പേരുമാറ്റുന്നു. അബ്രാഹം എന്ന വാക്കിന്റെ അർത്ഥം ബഹുജാതികൾക്ക് പിതാവ് എന്നാണ്. അപ്പൊൾ സാറാ- ബഹുജാതികൾക്ക് മാതാവായി തീരും. യാക്കോബിനെ യിസ്രായേൽ എന്ന് ദൈവം നാമകരണം ചെയ്യുന്നു. യാക്കോബ് എന്നാൽ ‘ഉപായി’ എന്നർത്ഥം; എന്നാൽ യിസ്രായേൽ എന്നത് a prince with God-ദൈവത്തോടൊപ്പം ഒരു പ്രഭു എന്ന് അർത്ഥാം. ശിമയോനെ പത്രോസ് എന്നും ശൗലിനെ പൗലോസ് എന്നും വിളിക്കുന്നു. പത്രോസ് എന്നാ പാറ എന്നും, പൗലൊസ് എന്നാൽ ഏറ്റവും ചെറിയവൻ എന്നും അർത്ഥം വരുന്നു. അതു കാണിക്കുന്നത്, അവരുടെ ഉള്ളിൽ എന്തൊ മാറ്റം സംഭവിച്ചു, അവരുടെ പ്രകൃതിക്ക്, അവരുടെ സ്വഭാവത്തിനു മാറ്റം വന്നിരിക്കുന്നു. ആ മാറ്റം തന്റെ വ്യക്തിത്വത്തെ മുഴുവനായും മാറ്റി മറിക്കുന്നു എന്ന കാര്യമാണ് ഈ പേരുമാറ്റത്തിലൂടെ അർത്ഥമാക്കുന്നത്.
കർത്താവിന്റെ വാഗ്ദത്തം സ്വീകരിച്ച നമ്മുടെ വ്യക്തിത്വത്തിനു ഈ നിലയിൽ എന്തെങ്കിലും രൂപാന്തരം വന്നിട്ടുണ്ടോ. അതോ നാം ആ പഴയ മനുഷ്യനായി ഇന്നും തുടരുകയാണോ എന്ന് നമ്മേത്തന്നെ പരിശോധിക്കുന്നതു നന്നായിരിക്കും.
ദൈവം ആദാമിനും അവന്റെ ഭാര്യക്കും വസ്ത്രം നൽകുന്നു(God provides clothing for Adam and his wife)
പിന്നെ ദൈവം ആദാമിനും അവന്റെ ഭാര്യക്കും വസ്ത്രം നൽകുന്നതാണ് നാം കാണുന്നത്. “യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യക്കും തോൽകൊണ്ടൂ ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.”
അവർക്കു ദൈവം വസ്ത്രം നൽകിയതിൽ നമ്മേ സംബന്ധിച്ചുള്ള പ്രാധാന്യം എന്താണ്? ദൈവം എന്തുകൊണ്ടാണ് അവർക്കു വേണ്ടി ഒരു വസ്ത്രം ഉണ്ടാക്കിയത്? എന്തുകൊണ്ടാണ് അതു മൃഗത്തിന്റെ തോൽകൊണ്ടുള്ള വസ്ത്രമാക്കിയത്?
ദൈവം ആദത്തെയും ഹവ്വായേയും മൃഗത്തിന്റെ തോൽ കൊണ്ടുള്ള ഒരു ഉടുപ്പ് ധരിപ്പിക്കുന്നു. ഇതു ദൈവത്തിന്റെ വീണ്ടെടുപ്പു പ്രവർത്തനത്തിന്റെ ഒരു അടയാളമാണ്. മറ്റൊന്നിന്റെ ജീവൻ എടുത്തുകൊണ്ടുള്ള യാഗത്തിലൂടെ ആദാമിനേയും ഹവ്വയേയും ദൈവം വസ്ത്രം ധരിപ്പിക്കുന്നു.
കർത്താവായ യേശുക്രിസ്തു കാൽ വരി ക്രൂശിൽ നമുക്കു വേണ്ടി യാഗമായി തീർന്നുകൊണ്ടാണ് നമ്മേ പാപത്തിന്റെ ശിക്ഷയിൽ നിന്നും നമ്മേ വീണ്ടെടുക്കുന്നത്. പാപംകൊണ്ടു കളങ്കമായ നമ്മുടെ മലിന വസ്ത്രം നീക്കി കർത്താവിന്റെ നീതിയുടെ വസ്ത്രം നമ്മെ ധരിപ്പിക്കുന്നത്. എഫേസ്യാലേഖനം 1:6 ൽ കാണുന്നതുപോലെ “പ്രീയനായവനിൽ നമുക്കു സൗജന്യമായി നൽകിയ” സ്വികരണത്തിന്റെ ചിത്രമാണിതു നൽകുന്നത്. അതേ ദൈവത്തിന്റെ കൃപയുടെ പ്രദർശനം നമുക്കവിടെ കാണാൻ കഴിയും. നാം ക്രിസ്തുവിന്റെ നീതിയാൽ ചുറ്റപ്പെടുന്നു. പിതാവിന്റെ സന്നിധിയിൽ നമുക്കൊരു സ്റ്റാന്റിംഗ് ലഭിച്ചിരിക്കുന്നു. ഇതെല്ലാം ഈയൊരു വേദഭാഗത്ത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
ആദത്തിനും ഹവ്വയ്ക്കും ഒരു വസ്ത്രം ആവശ്യമാണ്. അതു ദൈവത്തിന്റെ ഗുണത്തിനുവേണ്ടിയല്ല, കാരണം ദൈവത്തിന്റെ മുൻപിൽ സകലതും തുറന്നതും മലർന്നതുമായി ഇരിക്കുന്നു. അതുപോലെ ആദത്തിനു ഹവ്വയ്ക്കും വേണ്ടിയാണ്, അതിനേക്കാൾ ഉപരി മറ്റുള്ളവർക്കു വേണ്ടിയാണിത് നലകപ്പെട്ടത്. തങ്ങൾ നഗ്നരാണ് എന്ന തോന്നൽ അവർക്കു തമ്മിൽ തമ്മിൽ ഉണ്ട്. മാത്രവുമല്ല, മറ്റുള്ളവർ തങ്ങളെ നല്ല നിലയിൽ കാണുകയും വേണം. ദൈവത്തിന്റെ സ്വീകരണത്തിന്റെ ഈ അടയാളം അവർ ലോകത്തിനു മുൻപാകെ പ്രദർശിപ്പിക്കണം. അതുകൊണ്ടാണ് ആദത്തേയും ഹവ്വയേയും ഈ നിലയിൽ വസ്ത്രം ധരിപ്പിച്ചത്. അതാണ് ഇതിന്റെ പ്രാഥമികമായ ലക്ഷ്യം.
നാം പലപ്പോഴും നമ്മുടെ വസ്ത്രത്തെ കുറിച്ച് ബേജാറാകാറുണ്ട്. നമുക്കുതന്നെ നമ്മേക്കുറിച്ചു നന്നായി തോന്നണം, മറ്റുള്ളവരും അത് അങ്ങനെ തന്നെ ഗ്രഹിക്കണം. സുവിശേഷങ്ങളിൽ കർത്താവ് ഒരു ഉപമ പറയുന്നുണ്ട്. നമുക്കെല്ലാവർക്കും പരിചിതമായ മുടിയൻ പുത്രന്റെ ഉപമയാണത്. മടങ്ങിവന്ന മുടിയൻ പുത്രനെ പിതാവ് ആദ്യം നല്ല വസ്ത്രങ്ങൾ ധരിപ്പിക്കുന്നതാണ് നാം കാണുന്നത്. കാരണം അത് സമൂഹത്തിന്റെ മുന്നിൽ പിതാവിന്റെ സ്വീകരണത്തിന്റെ ഒരു വലിയ അടയാളമാണ്. ആ പുത്രൻ പിതാവിനാൽ അംഗികരിക്കപ്പെട്ടവനായി, സ്വീകരിക്കപ്പെട്ടവനായി തീർന്നിരിക്കുന്നു.
ആദാമിന്റെ സന്തതിയായി ജനിച്ച നാം മരിച്ചവരായി ജനിക്കുന്നു. കോപപാത്രങ്ങളായി ജീവിക്കുന്നു. മനസ്സ് അന്ധകാരം പൂരിതമാകുന്നു. നമ്മുടെ ഹിതം അടിമപ്പെടുന്നു. നമ്മുടെ ഹൃദയം സൃഷ്ടാവാം ദൈവത്തൊട് കല്ലുപോലെ കഠിപ്പിച്ചവരായി തീരുന്നു.
നാം ഈ മേശയോട് അടുക്കുമ്പോൾ ആദ്യമായി നാം ഓർക്കേണ്ടുന്ന സംഗതി നാമെല്ലാവരും മരിച്ചവരായിരുന്നു എന്നതാണ്. എന്നാൽ ആദവും ഹവ്വയും പാപം ചെയ്ത്, ദൈവത്തെപോലെ നന്മ തിന്മകളെ തിരിച്ചറിയുന്നവർ ആയപ്പോൾ അവർ എന്താണ് കണ്ടത്? അവർ എന്താണ് ചെയ്തത്? “അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി” അവരുടെ വസ്ത്രം എത്ര നേരത്തേക്കുണ്ടാകും? എപ്പോഴൊക്കെ അവർക്ക് അങ്ങനെ വസ്ത്രമുണ്ടാക്കേണ്ടിവരും? ദിവസത്തിൽ ഒരു പ്രാവശ്യം, അല്ലെങ്കിൽ രണ്ടു ദിവസം കൂടുംബം ഒരെണ്ണം, ഏറിവന്നാൽ ആഴ്ചയിൽ ഒരെണ്ണമെങ്കിലും ഉണ്ടാക്കണം. അങ്ങനെയുള്ള ഒരു ചുറ്റുപാടിൽ ഒരു കാര്യം വ്യക്തം നമ്മേത്തന്നെ സഹായിക്കുവാനൊ രക്ഷിക്കുവാനൊ നമുക്കു കഴിയുമായിരുന്നില്ല. എന്നാൽ ദൈവം തന്റെ കൃപയിൽ എന്തു ചെയ്തു എന്നാണ് നാം കാണുന്നത് ? ദൈവം എന്താണ് ചെയ്തത് എന്ന് നാം 21-ാം വാക്യത്തിൽ കണ്ടു. “യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു”
ദൈവം അവരുടെ നഗ്നത, കുറ്റബോധം, ലജ്ജ എന്നിവ അകറ്റുവാൻ ദൈവത്തിന്റെ കൃപാപൂർവ്വമായ വസ്ത്രം അവരെ ധരിപ്പിക്കുന്നു. ഇനി ആ വസ്ത്രം എങ്ങനെ ആയിരിക്കും ഉണ്ടാക്കിയത്. അതിനുവേണ്ടീ ഒരു മൃഗം ബലിയാടാക്കപ്പെട്ടു. അത് ആടാണോ, പശുവാണോ, ചെമ്മരിയാടാണൊ, എന്നൊന്നും ഇവിടെ പറയുന്നില്ല. ഏന്തായാലും ഒരു മൃഗം മനുഷ്യനുവേണ്ടി ബലിയാടാക്കപ്പെട്ടു. ഇതല്ലേ വാസ്തവത്തിൽ ക്രുശിൽ സംഭവിച്ചത്? നമ്മേ നീതിയുടെ വസ്ത്രം ധരിപ്പിപ്പാൻ, തന്റെ പുത്രനെ ദൈവം ബലിയായി നൽകി. അതിനോടുള്ള ബന്ധത്തിൽ ചില വാക്യങ്ങൾ നമുക്ക് വായിക്കാം;
യെശയ്യ 61:10 “ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.”
നാം ഈ മേശയിൽ നിന്നും പങ്കാളികൾ ആകുമ്പോൾ നാം ഓർക്കേണ്ടുന്ന കാര്യം “നാം ദരിദ്രരും, നഗ്നരും, ലജ്ജിതരും, ആത്മീയമായി മരിച്ചവരും ആയിരുന്നു. നമുക്ക് ദൈവത്തിന്റെ കൃപാപൂർവ്വമായ ഒരു വസ്ത്രം ആവശ്യമായിരുന്നു. കുഞ്ഞാടിന്റെ രക്തത്താൽ കഴുകപ്പെട്ട ഒരു അങ്കി നമുക്ക് ആവശ്യമായിരുന്നു. ആ ഒരു അങ്കി നമുക്ക് നൽകാൻ വേണ്ടിയാണ് അവിടുന്നു കാല്വരിയിൽ മരിച്ചത്. അതിന്റെ ഓർമ്മായാണ് ഈ മേശ നമുക്കു നൽകുന്നത്. ജീവന്റെ പ്രത്യാശയിൽ ജീവിക്കുന്നവർ ആ ജീവന്റെ പുതുക്കത്തിൽ തന്നെയാണോ ജീവിക്കുന്നത് എന്ന് നമുക്ക് നമ്മേത്തന്നെ പരിശോധിക്കാം. ഈ ചിന്തകളാൽ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു.