top of page

Lord's Supper_10

The key to spiritual success!
Exodus 13:21-22
പുറപ്പാട് 13:21-22

"അവർ പകലും രാവും യാത്രചെയ്വാ്ൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽ നിന്നു മാറിയതുമില്ല."
1. ദൈവസാന്നിദ്ധ്യം തിരിച്ചറിയുക

ദൈവം ഇസ്രായേല്യരെ ഈജിപ്തിന്റെ അടിമത്തത്തിൽ നിന്ന് പകൽ മേഘസ്തംഭത്തിലൂടെയും രാത്രി അഗ്നിസ്തംഭത്തിലൂടെയും അത്ഭുതകരമായി നടത്തിയ കാര്യമാണിത് പറയുന്നത്. 400 വർഷത്തെ അടിമത്തത്തിനുശേഷം, പുതുതായി മോചിതരായ ആളുകൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന് ദൈവികമായ മാർഗ്ഗനിർദേശം, സംരക്ഷണം, നിരന്തരമായ ദൈവിക സാന്നിധ്യം എന്നിവയെ ഇത് പ്രതീകപ്പെടുത്തുന്നു. മേഘസ്തംഭം ദൈവ സാന്നിധ്യത്തിന്റെ യഥാർത്ഥവും ഭൗതികവും അമാനുഷികവുമായ ഒരു പ്രകടനമായിരുന്നു. അതിന്റെ ഉദ്ദേശ്യം അവരെ സുരക്ഷിതമായ പാതയിലൂടെ ലക്ഷ്യത്തിലേക്കു നയിക്കുക. ആ സ്തംഭം ഒരിക്കലും ജനങ്ങളുടെ മുമ്പിൽ നിന്ന് നിങ്ങിപോയില്ല, അങ്ങനെ ദൈവത്തിന്റെ നിരന്തരമായ സാന്നിദ്ധ്യവും അവരുടെ യാത്രയിലുടനീളം തുടർച്ചയായ മാർഗ്ഗനിർദേശവും സംരക്ഷണവും അത് ഉറപ്പാക്കി. യാഹ്വേ direct ആയി നേതൃത്വം നൽകുന്നതിന്റെയും Indirect ആയി ക്രിസ്തുവിനെ തന്റെ ജനത്തിന്റെ വെളിച്ചവും ഇടയനുമായി നൽകുന്നതിന്റേയും സൂചകവുമാണിത്. പെസഹാ പെരുന്നാളിനും ആദ്യജാതന്മാരുടെ പ്രതിഷ്ഠയ്ക്കും തൊട്ടുപിന്നാലെയാണ് ഈ സംഭവം വിവരിക്കുന്നത് എന്നതും ഇവിടെ ശ്രദ്ദേയമാണ് (പുറപ്പാട് 13:1-20), ഇതിനെ തുടർന്നാണ് ചെങ്കടലിലേക്കുള്ള അവരുടെ യാത്ര ആരംഭിക്കുന്നത്.

2. മരുഭൂമിയുടെ അനുഭവം ദൈവത്തെ വിശ്വസിക്കുവാനായി നമ്മേ ഒരുക്കുന്നു.

മനുഷ്യചരിത്രം നാം പരിശോധിച്ചാൽ അതു മരുഭൂമിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണുവാൻ കഴിയും. ബൈബിളിന്റെ കഥ ആരംഭിക്കുന്നത് നിർജീവവും ശൂന്യവുമായ ഒരു മരുഭൂമിയിലാണ്. എന്നാൽ, ദൈവത്തിന്റെ ജീവൻ വരണ്ട നിലത്ത് ഒരു നീരുറവയായി ഒഴുകുന്നു. ആ ഉറവയോടു ചേർന്ന് ദൈവം ഒരു തോട്ടം ഉണ്ടാക്കുന്നു. ദൈവത്തിന്റെ സ്വന്തം ജീവൻ നിറഞ്ഞ ഒരു തോട്ടം. തുടർന്ന്, പൂന്തോട്ടത്തിന് വെളിയിൽ ദൈവം മരുഭൂമിയിലെ പൊടിയിൽ നിന്ന് മനുഷ്യനെ രൂപപ്പെടുത്തുന്നു. എന്നിട്ട് ദൈവം മനുഷ്യനെ ഈ ഏദന്തോട്ടത്തിൽ കൊണ്ടുചെന്നാക്കുന്നു. അതിലൂടെ മനുഷ്യനു ദൈവത്തിന്റെ ജീവനുമായി ബന്ധപ്പെടാൻ കഴിയും. എന്നിരുന്നാലും, ദൈവത്തിന്റെ ജീവനോട് അടുത്തുനിൽക്കാൻ, മനുഷ്യർ ദൈവത്തിന്റെ ശബ്ദം കേട്ട് ജീവിക്കേണ്ട ആവശ്യമുണ്ട്. ദൈവത്തിന്റെ വചനം അനുസരിച്ചുകൊണ്ടു മാത്രമെ വിജയകരമായ ജീവിതം നയിക്കാൻ അവർക്ക് ആവുകയുള്ളു.

എന്നാൽ തോട്ടത്തിൽ മറ്റൊരു ശബ്ദം അതായത്, ഒരു വഞ്ചകന്റെ ശബ്ദം അവർ കേൾക്കുന്നു, "ദൈവത്തെ വിശ്വസിക്കാൻ കഴിയില്ല. വാസ്തവത്തിൽ, ദൈവം നിങ്ങളെ ജീവനിൽ നിന്നു തടഞ്ഞു നിർത്തുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം നിബന്ധനകളിൽ ജീവൻ നേടാനാകും" എന്നതായിരുന്നു ആ ശബ്ദം.

മനുഷ്യർ ആ ശബ്ദം ശ്രദ്ധിക്കുന്നു. അതിന്റെ ഫലമായി, ഏദനിൽ നിന്ന് പുറത്താക്കപ്പെടുകയും അവരുടെ ജീവിതം മരുഭൂമിയിൽ അവസാനിക്കുകയും ചെയ്യുന്നു. മരുഭൂമി ദൈവത്തിന്റെ ജീവനിൽ നിന്ന് അകറ്റിനിർത്തപ്പെടുന്നുവെന്ന ദുരന്തത്തെ പ്രതിനിധീകരിക്കുന്നു. മരുഭൂമി എപ്പോഴും ഒരു ദുരന്തത്തിന്റെ അനുഭവമാണ്. ബൈബിളിലെ വിവരണ കഥകൾ അതിനുദാഹരണങ്ങളാണ്. ബൈബിളിലുടനീളം, വ്യത്യസ്ത കഥാപാത്രങ്ങൾ വ്യത്യസ്ത കാരണങ്ങളാൽ മരുഭൂമിയിൽ എത്തപ്പെടുന്നതായി നാം കാണുന്നു. ചിലപ്പോൾ അത് അവരുടെ സ്വന്തം തീരുമാനങ്ങളുടെ ഫലമാണ്. ഉദാഹരണമായി മോശ. ഒരു ഈജിപ്തുകാരനെ കൊന്നതിന്റെപേരിൽ മോശെക്ക് മരുഭൂമിയിലേക്ക് ഓടിപ്പോകേണ്ടി വന്നു. എന്നാൽ മരുഭൂമി ഹാഗറിനെപ്പോലെ, മറ്റുള്ളവരുടെ മോശം തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമായിരിക്കാം. ഹഗാർ പീഡിപ്പിക്കപ്പെട്ടപ്പോൾ അതിൽ നിന്നു രക്ഷപ്പെടാൻ മരുഭൂമിയിലേക്ക് ഓടിപ്പോകുന്നു. എന്നാൽ ഈ രണ്ട് കഥകളിലും, ദൈവം മരുഭൂമിയിൽ അവരെ കണ്ടുമുട്ടാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും തയ്യാറാകുന്നു. ദൈവം ഹാഗാറിനെ ഒരു നീരുറവയായി കണ്ടുമുട്ടുകയും അവളുടെ കുടുംബത്തിന് തലമുറകളോളം നിലനിൽക്കുന്ന ഒരു അനുഗ്രഹം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അതുപോലെ, ദൈവം മരുഭൂമിയിൽ മോശയെ കണ്ടുമുട്ടുകയും തന്റെ ജനത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ അവനെ ഒരുക്കുകയും ചെയ്യുന്നു.

മോശ ഇസ്രായേലിനെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുമ്പോൾ, വാഗ്ദത്ത ദേശത്തേക്ക് നേരെ പോകുന്നതിനുപകരം അവരെ മരുഭൂമിയിലൂടെയാണ് നയിച്ചത്? അതുകൊണ്ട്, മരുഭൂമി മനുഷ്യരെ ദൈവത്തിനായി ഒരുക്കുന്ന സ്ഥലമാണ്. ഇസ്രായേൽ മിസ്രയിമിന്റെ അടിമത്വത്തിൽ നിന്നു വിടുവിക്കപ്പെട്ടെങ്കിലും, ഇതുവരെ ദൈവത്തെ അവരുടെ ജീവിതത്തിൽ വിശ്വസിക്കാൻ പഠിച്ചിരുന്നില്ല, അതിനാൽ അവർ ഒരുക്കപ്പെടേണ്ടതിനായി ദൈവം അവരെ മരുഭൂമിയിലേക്ക് നയിച്ചു.

മരുഭൂമി ശരിക്കും കഠിനമാണ്. അതുകൊണ്ട് ദൈവം അവരോടൊപ്പം പോയി, അവർക്ക് ആവശ്യമുള്ളത് നൽകി, ഓരോ ദിവസത്തിനും മതിയായത് നൽകി. എന്തുകൊണ്ടാണ് അവർക്ക് ഒരോ ദിവസത്തേക്കും വേണ്ടതു മാത്രം നൽകിയത്? ദൈവം എല്ലാ ദിവസവും അവർക്കായി പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിക്കാൻ അവരെ പഠിപ്പിക്കുകയായിരുന്നു അതിലൂടെ. അവന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കാനും അവന്റെ ജീവിതവുമായി ബന്ധം നിലനിർത്താനും അവൻ അവരെ പരിശീലിപ്പിക്കുകയായിരുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം. മരുഭൂമിയെ അതിജീവിക്കാനും പൂന്തോട്ടത്തിൽ വിജയിക്കാനുള്ള താക്കോൽ ഒന്നുതന്നെയാണ് എന്നകാര്യമാണ് (R). മരുഭൂമിയെ അതിജീവിക്കാനും പൂന്തോട്ടത്തിൽ വിജയിക്കാനുള്ള താക്കോൽ ഒന്നുതന്നെയാണ്. അത്, ദൈവത്തിന്റെ സ്വരം ശ്രവിക്കുക എന്നതാണ്. ദൈവത്തിന്റെ വചനം ശ്രവിക്കുക. അതുകൊണ്ട് മരുഭൂമി എപ്പോഴും, ഏദന്തോട്ട നിവാസികളായിരിക്കാൻ പരിശീലിക്കാനുള്ള ഒരു സ്ഥലമാണ്.

എന്നാൽ മരുഭൂമിയുടെ അവസ്ഥ ഇസ്രായേൽ ഇഷ്ടപ്പെട്ടില്ല. അവരിൽ ഭൂരിഭാഗവും ദൈവത്തെ ശ്രദ്ധിച്ചില്ല. ചിലർ അടിമത്തത്തിലേക്ക് മടങ്ങാൻ പോലും ആഗ്രഹിച്ചു. എന്നാലവർ മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ടു. അതിനാൽ, മരുഭൂമിയിൽ വളർത്തപ്പെട്ടതും രൂപപ്പെടുത്തിയതുമായ യുവതലമുറയായിരുന്നു കനാൻദേശത്ത് പ്രവേശിച്ചത്.
അവർ ആദ്യം കനാൻദേശത്ത് പ്രവേശിച്ചപ്പോൾ, ദൈവത്തിലുള്ള അവരുടെ വിശ്വാസം ശക്തമായിരുന്നു. പക്ഷേ അത് നീണ്ടുനിന്നില്ല. താമസിയാതെ, ദേശത്തിന്റെ നന്മ അവരുടെ സ്വന്തം ജ്ഞാനത്തിൽ നിന്നും ശക്തിയിൽ നിന്നും അല്ലെങ്കിൽ മറ്റ് ദൈവങ്ങളിൽ നിന്നുള്ള ഒരു സമ്മാനമായി ലഭിച്ചതാണെന്ന് ഇസ്രായേല്യർ ചിന്തിക്കാൻ തുടങ്ങി. എല്ലാം നൽകി പുലർത്തിയ സത്യദൈവത്തെ അവർ മറന്നു. ഇത് വിഗ്രഹാരാധനയിലേക്കും അനീതിയിലേക്കും ഒടുവിൽ, പ്രവാസത്തിലേക്കും അവരെ നയിച്ചു.

അപ്പോൾ ബൈബിൾ കഥ വളരെ നിരാശാജനകമായി നമുക്ക് തോന്നാം. മനുഷ്യർ ഏദനിലും പിന്നീട് കനാനിലും പരാജയപ്പെടുന്നു.

3. മരുഭൂമിയിൽ നിന്നും പറുദീസയിലേക്ക്

എന്നാൽ മനുഷ്യരാശിയെ ഏദനിലേക്ക് അഥവാ പറുദീസയിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന തന്റെ ഉദ്ദേശ്യത്തിൽ ദൈവം പ്രതിജ്ഞാബദ്ധനാണ്. അങ്ങനെ ദൈവം വീണ്ടും മരുഭൂമിയിൽ നമ്മെ കണ്ടുമുട്ടുന്നു, പക്ഷേ ഇത്തവണ, ഒരു പുതിയ രീതിയിലാണ് ആ കണ്ടുമുട്ടൽ, യേശുവെന്ന വ്യക്തിയിലൂടെയായിരുന്നു ആ കണ്ടുമുട്ടൽ. യേശുവിന്റെ ജീവിതത്തിന്റെ തുടക്കത്തിൽ, അവൻ 40 ദിവസം മരുഭൂമിയിൽ ഉപവസിക്കുന്നു. അവിടെ, അവൻ തന്റെ ജനത്തിന്റെ അലഞ്ഞുതിരിയലുകൾ അനുഭവപരമാക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്നത് നിർത്താനും സ്വന്തം നിബന്ധനകൾക്ക് അനുസൃതമായി ജീവനും ശക്തിയും പിടിച്ചെടുക്കാനും വഞ്ചകനാൽ അവൻ പ്രലോഭിപ്പിക്കപ്പെട്ടു. എന്നാൽ ഇസ്രായേലും എല്ലാ മനുഷ്യരാശിയും പരാജയപ്പെട്ട ഇടത്ത്, യേശു തന്റെ പിതാവിനെ വിശ്വസിച്ച് ദൈവത്തിന്റെ ശബ്ദം മാത്രം കേട്ടുകൊണ്ട് വിജയിച്ചു. തുടർന്ന്, ദൈവരാജ്യത്തിന്റെയും ജീവന്റെയും വരവ് പ്രഖ്യാപിച്ചുകൊണ്ട് യേശു ചുറ്റിനടന്നു, മരുഭൂമിയിലുള്ള ആളുകൾക്ക് അവരുടെ ആവശ്യങ്ങൾക്കൊത്ത സമ്മാനങ്ങൾ നൽകി. അതെ, അവൻ ആളുകളെ സുഖപ്പെടുത്തുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു, ചിലപ്പോൾ മരുഭൂമിപോലെ വിജനമായ ഇടങ്ങളിൽ പോലും അവൻ അവർക്കു ആഹാരം നൽകി.

തന്നെ അനുഗമിക്കാനും തന്റെ ശബ്ദം കേൾക്കാനും തന്റെ ഉദ്യാന സമ്മാനങ്ങൾ മറ്റുള്ളവരുമായി പങ്കിടാനും അവൻ ആളുകളെ വിളിച്ചു. തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം, ഭാവിയിലെ ഉദ്യാനഭൂമിയിലേക്കുള്ള വഴി തുറന്നുകൊണ്ട് യേശു നമുക്കെല്ലാവർക്കും മുമ്പായി പോയി.

എന്നാൽ നാം ഇതുവരെ ആ നാട്ടിൽ എത്തിയിട്ടില്ല. ഒരർത്ഥത്തിൽ, നമ്മൾ ഇപ്പോൾ ഇസ്രായേലിനെപ്പോലെയാണ്, മരുഭൂമിയിലൂടെ അലഞ്ഞുതിരിയുകയാണ്. മരുഭൂമിയിലെ ഈ ജീവിതത്തിൽ വിജയിയാകാനുള്ള ഏകവഴി അവന്റെ സ്വരം ശ്രവിക്കുക എന്നതാണ്. ഏദെനിലാണെങ്കിലും കനാനിലാണെങ്കിലും, ദൈവരാജ്യത്തിലായാലും വിജയിയാകാനുള്ള താക്കോൽ അവന്റെ വചനത്തിനു ചെവികൊടുക്കുക എന്നതാണ്. അവന്റെ മാർഗ്ഗനിർദ്ദേശത്തിനു വിധേയപ്പെടുക. അവൻ നമുക്ക് വഴി കാട്ടുവാൻ പകൽ മേഘസ്തംഭമായും രാത്രി അഗ്നിത്തൂണുമായും നമ്മോടൊപ്പമുണ്ട്. അവന്റെ മാർഗ്ഗനിർദ്ദേശം നാം സ്വീകരിക്കുമൊ അതോ അന്യശബ്ദങ്ങൾക്കു നാം ചെവി കൊടുക്കുമൊ എന്നതാണു ചോദ്യം. നമ്മുടെ ഈ മരുഭൂപ്രയാണത്തിൽ ദൈവത്തിന്റെ സ്വരം ശ്രവിച്ചുകൊണ്ട് നമ്മുടെ കർത്താവിനെ നമുക്ക് അനുഗമിക്കാം. ഈ മേശ പങ്കിടുമ്പോൾ അതിനുള്ള ഒരു സമർപ്പണം നമുക്കെടുക്കാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ.

******

© 2020 by P M Mathew, Cochin

bottom of page