
നിത്യജീവൻ

Bibile Books Overview-NT_04
Colossians
കൊലൊസ്സ്യലേഖനം
(1-4 അദ്ധ്യായങ്ങൾ)
താൻ ആരംഭിക്കാത്ത ഒരു സഭാ സമൂഹത്തേയും (1:7) താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടം വിശ്വാസികളെയുമാണ് (2:1) ഈ കത്ത് അഭിസംബോധന ചെയ്യുന്നത്. കൊലോസ്യയിലെ ഈ സഭ, യഥാർത്ഥത്തിൽ ആ നഗരത്തിൽ നിന്നുള്ള, പൗലോസിന്റെ സഹപ്രവർത്തകനായ എപ്പഫ്രാദിത്തോസിനാൽ സ്ഥാപിക്കപ്പെട്ടതാണ്. തടവിലായിരുന്ന പൗലോസിനെ എപ്പഫ്രാസ് സന്ദർശിക്കുകയും കൊലൊസ്സ്യ സഭ എങ്ങനെ മുന്നോട്ടു പോകുന്നു എന്നതിനെ സംബന്ധിച്ചു വിശദമായ ഒരു വിവരണം നൽകുകയും ചെയ്തു. കൊലോസ്യ വിശ്വാസികളെക്കുറിച്ചു പറഞ്ഞ നല്ല കാരൃങ്ങൾക്കൊപ്പം ചില മോശം കാരൃങ്ങളും താൻ പൗലോസിനെ ധരിപ്പിച്ചു. അവരെക്കുറിച്ചു പറഞ്ഞ നല്ല കാര്യങ്ങൾ അവരുടെ വിശ്വാസവും സകല വിശുദ്ധന്മാരോടും അവർക്കുള്ള സ്നേഹവുമാണ്. ഇത് അവരിൽ ഉളവാക്കിയത് തങ്ങളുടെ ഭാവി പ്രത്യാശയാണ്. ആ സഭ നേരിടുന്ന ഒരു വലിയ പ്രതിസന്ധി എന്നത് സുവിശേഷത്തിൽ നിന്ന് വ്യതിചലിപ്പിക്കാൻ അവരെ ഇടയാക്കിയ ചില സാംസ്കാരിക സമ്മർദ്ദങ്ങളും ന്യായപ്രമാണ സംബന്ധമായ ചില ആചാരാനുഷ്ഠാനങ്ങളുമാണ്. ആകയാൽ, കൊലോസ്സ്യരെ പ്രോത്സാഹിപ്പിക്കാനും എപ്പഫ്രാസ് ഉന്നയിച്ച അവിടുത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും, യേശുവിലേയ്ക്കും അവൻറെ സുവിശേഷത്തിലേക്കും അവരെ മടക്കി ക്കൊണ്ടുവരുവാനും വേണ്ടിയാണ് പൗലോസ് ഈ കത്ത് എഴുതിയത്.
എഴുത്തിന്റെ രൂപകൽപ്പനയും ചിന്തയുടെ ഒഴുക്കും പിന്തുടരാൻ വളരെ എളുപ്പമാണ്. പ്രാരംഭ വിഭാഗം യേശുവിനെ ഉന്നതമായ മിശിഹായായി ചിത്രീകരിക്കുന്നു. ജയിലിലെ തന്റെ കഷ്ടപ്പാടുകൾ ഉന്നതനായ യേശുവിനെ പ്രതിയാണ് എന്ന് പൗലോസ് അവരെ ഓർമ്മിപ്പിക്കുന്നു. പിന്നീട് യേശുവിൽ നിന്ന് പിന്തിരിയാൻ കൊലോസ്യരെ പ്രലോഭിപ്പിക്കുന്ന സമ്മർദ്ദങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യുന്നു. അതിനുശേഷം, യേശുവിന്റെ പുനരുത്ഥാനം അവർക്കായി തുറന്നിട്ട പുതിയ ജീവിതരീതി അവൻ പര്യവേക്ഷണം ചെയ്യുന്നു.
രണ്ട് പ്രാർത്ഥനകളോടെയാണ് കത്ത് ആരംഭിക്കുന്നത്. കൊലൊസ്സ്യ വിശ്വാസികൾ യേശുവിനോട് പൂർണ്ണമായും വിശ്വസ്തരായിരുന്നുവെന്നും ദൈവത്തോടും അയൽക്കാരോടും അവർ നല്ല സ്‌നേഹം പ്രകടമാക്കുന്നുവെന്നും പൗലോസ് എപ്പാഫ്രാസിൽ നിന്നും മനസ്സിലാക്കിയതിന്റെ വെളിച്ചത്തിൽ ആദ്യം ദൈവത്തിന് നന്ദി പറയുന്നു. യേശുവിന്റെ പുതിയ സൃഷ്ടിയിൽ അവർക്കുള്ള പ്രത്യാശ നിമിത്തമാണ് ഇത് അവരിൽ ഇതു സാദ്ധൃമായത്. അതിനാൽ, യേശുവിനെക്കുറിച്ചുള്ള അവരുടെ ജ്ഞാനത്തിലും വിവേകത്തിലും അവർ വളരണമെന്ന് താൻ പ്രാർത്ഥിക്കുന്നു.
യേശുവിന്റെ പ്രഥമസ്ഥാനീയത്വം (Pre-eminence of Jesus)
ഒന്നാം അദ്ധ്യായത്തിന്റെ കേന്ദ്രഭാഗത്തായി പൗലോസ് ഒരു കവിത ഉൾക്കൊള്ളിക്കുന്നു. ഈ കവിത കൊലോസ്യരെയും അതുവഴി നമ്മേയും യേശുവിനെക്കുറിച്ചുള്ള ജ്ഞാനത്തിലും വിവേകത്തിലും വളരാൻ സഹായിക്കുന്നു. ഇത് ഒന്നാം അദ്ധ്യായത്തിന്റെ കേന്ദ്രബിന്ദുവാണ്. ക്രൂശിക്കപ്പെട്ടതും ഉയർത്തപ്പെട്ടതുമായ മിശിഹായെക്കുറിച്ചുള്ളതാണ് ഈ കവിത. ഇതിന് രണ്ട് സമാന്തര ചരണങ്ങളുണ്ട്. ഉല്പത്തി- പുറപ്പാടു പുസ്തകത്തിൽ നിന്നും അതുപോലെ സങ്കീർത്തന- സദൃശവാക്യ പുസ്തകങ്ങളിൽ നിന്നുള്ള ഭാഷയും ചിത്രങ്ങളും കൊണ്ട് ഈ കവിത തിങ്ങിനിറഞ്ഞിരിക്കുന്നു.
ഒന്നാമത്തെ ചരണത്തിൽ, യേശു ദൈവത്തിന്റെ യഥാർത്ഥ പ്രതിച്ഛായയാണെന്ന് പൗലോസ് വ്യക്തമാക്കുന്നു. ദൈവത്തിന്റെ പൂർണ്ണസ്വഭാവവും ഉദ്ദേശ്യവും യേശു എന്ന വൃക്തിയിൽ കുടികൊള്ളുന്നു. പഴയനിയമ പുസ്തകത്തിലെ ആദ്യജാതനായിട്ടാണ് യേശുവിന്റെ രാജകീയ പദവിയെ താൻ ചിത്രീകരിച്ചിരിക്കുന്നത്. യഥാർത്ഥ സൃഷ്ടാവായ ഏകദൈവത്തിന്റെ സത്വത്തിൽ (essence) യേശു പങ്കുകൊള്ളുന്നു. സകലപ്രപഞ്ചവും, ആത്മീയവും മാനുഷികവുമായ എല്ലാ വാഴ്ചകളും അധികാരങ്ങളും, അവനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടാവിനേയും രാജാവിനെയും നാം കണ്ടെത്തുന്നത് ഈ മിശിഹായിലാണ്.
രണ്ടാമത്തെ ചരണത്തിൽ, ഒരു പുതിയ സൃഷ്ടി അഥവാ ഒരു പുതിയസമൂഹത്തെ കൊണ്ടുവരുന്നത് യേശുവാണെന്ന് പൗലോസ് പറയുന്നു. അവൻ ഈ പുതിയ ശരീരം അഥവാ സഭയുടെ തലയാണ്. അവന്റെ സ്വന്തം പുനരുത്ഥാന അസ്തിത്വത്തിന്റെ ഒരു പ്രോട്ടോടൈപ്പാണ് ഈ പുതിയ സഭാസമൂഹം. അവനിൽ ദൈവത്തിന്റെ മഹത്വമുള്ള ദേവാലയസാന്നിധ്യം കുടികൊള്ളുന്നു. അതിനാൽ, യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയുമാണ് മനുഷ്യരാശിയെ തന്നോടു അനുരഞ്ജനം ചെയ്യുന്നത്.
സുവിശേഷത്തിന്റെ രൂപാന്തരശക്തി (Transforming power of the Gospel)
ഇതൊരു ശ്രദ്ധേയമായ കവിതയാണ്. ലേഖനം തുടരുമ്പോൾ പൗലോസ് ഈ വിഷയങ്ങളുടെ ഒരു വികാസം നമുക്കു കാണുവാൻ കഴിയും. ഈ കവിതയുടെ സത്യം എങ്ങനെ രൂപാന്തരപ്പെടുത്തുന്നുവെന്ന് തന്റെതന്നെ ഉദാഹരണത്തിലൂടെ ആദ്യം കാണിക്കുന്നു. തന്റെ ജയിൽവാസവും കഷ്ടതകളും ഈയൊരു സത്യത്തിനുവേണ്ടിയാണ്. പുനരുത്ഥാനം പ്രാപിച്ച യേശു, എല്ലാവരുടെയും കർത്താവും രാജാവുമാണെന്ന് റോമൻ ലോകത്തെ ഗ്രീക്കുകാരോട് പ്രഖ്യാപിച്ചതിനാണ് താൻ ഈ കഷ്ടതകളൊക്കേയും അനുഭവിക്കുന്നത്. അതിനാൽ പൗലോസിന്റെ കഷ്ടപ്പാടുകൾ തോൽവിയുടെ ലക്ഷണമല്ലെന്ന് അദ്ദേഹം കരുതുന്നു. മാത്രവുമല്ല, യേശുവിൻറെ കഷ്ടതയിൽ പങ്കുകാരനാകുവാൻ കഴിയുന്നതിനാൽ താൻ സന്തോഷത്തോടെ ഇത് സഹിക്കുന്നു. അത് മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തിന്റെ ഒരു പ്രവൃത്തിയായി താനിത് ചെയ്യുന്നു. ഇസ്രായേലിന്റെ ഉയിർത്തെഴുന്നേറ്റ മിശിഹാ ഒരു പുതിയ ബഹു-വംശീയ കുടുംബത്തെ സൃഷ്ടിക്കുന്നു എന്ന ആശ്ചര്യകരമായ വാർത്ത പ്രഘോഷിച്ചതിനാണ് താൻ തടവിലാക്കപ്പെട്ടത്. ദൈവിക മഹത്വം യേശുവിൽ വസിച്ചിരുന്നതുപോലെ, അവന്റെ അന്തർദേശീയ കുടുംബത്തിലും അവരുടെ ഇടയിലും യേശു വസിക്കുന്നു. അല്ലെങ്കിൽ പൗലോസ് പറയുന്നതുപോലെ, മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ വാസം ചെയ്യുന്നു.
കൊലൊസ്സ്യസഭയിലെ പ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗവും (Problems of the Colossian's church and the solution )
അതിനെ തുടർന്ന് പൗലോസ് കൊലൊസ്സ്യർ യേശുവിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ച സാംസ്കാരിക സമ്മർദ്ദങ്ങളെ അഭിസംബോധന ചെയ്യുന്നു. തോറയുടെ നിയമങ്ങൾ പാലിക്കാനുള്ള സമ്മർദ്ദവും മിസ്റ്റിക്കലായ ബഹുദൈവങ്ങളുടെ സംയോജനവുമായിരുന്നു അവരെ ക്രിസ്തുവിൽ നിന്നു വ്യതിചലിപ്പിക്കാൻ പ്രേരിപ്പിച്ചത്. മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളെ ഭരിക്കുന്ന വിവിധ ഗ്രീക്ക്, റോമൻ ദൈവങ്ങളെ ആരാധിച്ചു വളർന്നവരായിരുന്നു കൊലോസ്യയിലെ ബഹുഭൂരിപക്ഷം വിശ്വാസികളും. ആയതിനാൽ അവരിൽ പലരും തങ്ങൾക്ക് ആരാധിക്കാൻ കഴിയുന്ന മറ്റൊരു ദൈവമായി യേശുവിനെ കാണാൻ തുടങ്ങി. എന്നാൽ യേശുക്രിസ്തു മാത്രമാണ് ഏകസതൃദൈവം. തന്നേയുമല്ല, തോറയിൽ കാണുന്ന എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടു മാത്രമെ, ഈ യഹൂദരല്ലാത്ത വിശ്വാസികൾക്ക് തങ്ങളുടെ പ്രതിബദ്ധത പൂർത്തിയാക്കാൻ സാധിക്കു എന്ന ചില യഹൂദ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്ന് വന്നവരുടെ വലിയ സമ്മർദ്ദവും അവിടെ ഉണ്ടായിരുന്നു. ഈ നിയമങ്ങൾ എന്നത്, യെഹൂദന്മാരുടെ കോഷർ ഭക്ഷണം കഴിക്കുക, ദിവസങ്ങൾ ആചരിക്കുക, നോയമ്പുകൾ നോക്കുക പരിച്ഛേദന കഴിക്കുക എന്നിവയായിരുന്നു. ഈ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ മാത്രമെ ദൈവവുമായി കൂടുതൽ അടുപ്പം നേടുവാൻ അവർക്കു കഴിയു എന്നവർ പഠിപ്പിച്ചു. ഗലാത്യർക്കുള്ള കത്തിൽ പൗലോസ് അഭിസംബോധന ചെയ്ത പ്രശ്നവുമായി ഇതിനു വളരെ സാമ്യമുണ്ട്.
അപ്പൊ. പൗലോസ് ഈ പ്രലോഭനങ്ങളിൽ ഒന്നിന് വഴങ്ങുന്നത് വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യപ്പെടലാണെന്ന് അവകാശപ്പെട്ടു. യേശു യഥാർത്ഥത്തിൽ ആരാണെന്നും അവർക്കുവേണ്ടി അവൻ എന്തു ചെയ്തുവെന്നും മനസ്സിലാക്കുന്നതിൽ വന്ന പരാജയത്തിന്റെ ഫലമാണിത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സുവിശേഷം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാത്തതിന്റെ ഫലമാണിത്. കൊലൊസ്സ്യർ ആത്മീയ ശക്തികളെയും മൂലകാത്മാക്കളെയും (elemental spirits- അന്ധകാരശക്തികൾ) ഭയപ്പെട്ടു ജീവിച്ചിരുന്ന കാലമുണ്ടായിരുന്നു, എന്നാൽ യേശുവിന്റെ മരണ-പുനരുത്ഥാനത്തിലൂടെ ഇവയുടെ മേൽ വിജയം നേടി. അന്ധകാരശക്തികളോടുള്ള ഏതൊരു കടപ്പാടിൽ നിന്നും വിശ്വാസികൾ മോചിതരാണ്. അന്യദൈവങ്ങളെ ആരാധിച്ചു ജീവിച്ചിരുന്ന അവർ അതിൽ നിന്നും വിട്ടു പോന്നതിനാൽ അവയുടെ കോപം തങ്ങൾക്കു ദോഷം ചെയ്യും എന്നു ഭയപ്പെടേണ്ട ആവശ്യം ഒരു ക്രിസ്തുവിശ്വാസിക്കില്ല.
മാത്രവുമല്ല, സ്വാർത്ഥ ഹൃദയത്തെ എങ്ങനെയും രൂപാന്തരപ്പെടുത്താൻ ഒരിക്കലും ശക്തിയില്ലാത്ത തോറയുടെ എല്ലാ നിയമങ്ങളും യേശു നമുക്കുവേണ്ടി തന്നിൽ നിറവേറ്റി. അതിനാൽ യേശു തന്റെ ജീവിതത്തിലും മരണത്തിലും പുനരുത്ഥാനത്തിലും കുടെ നേടിയെടുത്ത രക്ഷ ഒന്നിനും കുറവില്ലാത്ത രക്ഷയാണ്. അതല്ലെങ്കിൽ, സുവിശേഷം നമ്മുടെ സമ്പൂർണ്ണ രക്ഷയെ ലാക്കാക്കിയുള്ളതാണ്. ന്യായപ്രമാണനിയമങ്ങളുടെ അനുസരണം സുവിശേഷത്തോടു അനുബന്ധമായി ചേർക്കേണ്ട ആവശ്യമില്ല. തോറയിലെ എല്ലാ നിയമങ്ങളും ചൂണ്ടിക്കാണിക്കുന്ന യാഥാർത്ഥ്യമാണ് യേശുക്രിസ്തു. തോറയിലെ നിയമങ്ങൾക്ക് പകരം, യേശുവിന്റെ അനുയായികൾക്ക് അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയുണ്ട്.
സുവിശേഷം എങ്ങനെയാണ് ഒരുവനെ രൂപാന്തരപ്പെടുത്തുന്നത് എന്ന കാര്യമാണ് തുടർന്ന് പൗലോസ് പര്യവേക്ഷണം ചെയ്യുന്നത്. യേശുവിനെ അനുഗമിക്കുക എന്നതിനർത്ഥം അവന്റെ പുതിയ മാനവികതയിൽ പങ്കുചേരുക എന്നതാണ്. കാരണം, അവരുടെ ജീവിതം ഇപ്പോൾ ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ജീവിതവുമായി ഒത്തുചേർന്നിരിക്കുന്നു. അതുകൊണ്ടാണ് പൗലോസ് ഉയരത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ക്രിസ്തുവിന്റെ നിയമങ്ങൾക്കായി തങ്ങളുടെ മനസ്സ് കേന്ദ്രീകരിക്കാൻ കൊലോസ്യരെ വെല്ലുവിളിക്കുന്നത്. പൗലോസ് 3:1 ൽ ഇപ്രകാരം പറയുന്നു: "ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയർത്തെഴുനേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ." അൽപ്പം കൂടി ലളിതമായി പറഞ്ഞാൽ, നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയർത്തെഴുനേറ്റിരിക്കുന്നതുകൊണ്ട്, ക്രിസ്തു ഇരിക്കുന്ന ദൈവസന്നിധിയിലെ സമ്പന്നവും നിത്യവുമായ സമ്പത്തിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിപ്പിൻ എന്നാണ്.
ഒരു ദിവസം നിങ്ങൾ ഭൂമി വിട്ടു സ്വർഗ്ഗത്തിലേക്കു എങ്ങനെ പോകുമെന്നു ചിന്തിക്കണമെന്നല്ല പൗലോസ് ഇവിടെ അർത്ഥമാക്കുന്നത്. പകരം, യേശു ഇപ്പോൾ സൃഷ്ടിയുടെ മേൽ ഭരിക്കുന്ന അതിമനോഹരമായ സ്ഥലമാണ് സ്വർഗ്ഗം, അവിടെ നിന്ന് ഒരു ദിവസം എല്ലാം രൂപാന്തരപ്പെടുത്തുന്നതിനായി അവൻ ഇവിടെ തിരിച്ചെത്തും, അതല്ലെങ്കിൽ പൗലൊസ് പറയുന്നതുപോലെ, നിങ്ങളുടെ ജീവനായ മിശിഹാ വെളിപ്പെടുമ്പോൾ, നിങ്ങളും അവനോടൊപ്പം മഹത്വത്തിൽ വെളിപ്പെടും. അതുകൊണ്ട് ഒരു ദിവസം അവർ ആയിത്തീരുന്ന തരത്തിലുള്ള പുതിയ മനുഷ്യരായി വർത്തമാനകാലത്ത് ജീവിക്കാൻ പൗലോസ് അവരെ വെല്ലുവിളിക്കുന്നു.
ക്രിസ്തുവിലെ പുതിയ മാനവികത (The new humanity in Christ)
വിനാശകരമായ സംസാരത്താലും വികലമായ ലൈംഗികതയാലും നയിക്കപ്പെടുന്ന അവരുടെ പഴയ സ്വഭാവം അവരിൽ നിന്നു നീങ്ങിപ്പോകണം. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, ആ പഴയ മനുഷ്യൻ യേശുവിനോടൊപ്പം മരിച്ചു. ഇപ്പോൾ അവർ യേശുക്രിസ്തുവിന്റെ സ്വഭാവമുള്ള പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നു; ആ പുതിയ മനുഷ്യന്റെ സവിശേഷതകൾ കരുണയും ഔദാര്യവും, ക്ഷമയും സ്നേഹവും ഒക്കെയാണ്. ഈ പുതിയ മാനവികത ഈ ലോകത്തിന്റെ വംശീയവും സാമൂഹികവുമായ അതിർവരമ്പുകളെ മറികടക്കുന്നു, പൗലോസിന്റെ വാക്കുകളിൽ പറഞ്ഞാൽ, അവിട യഹൂദനെന്നോ, യവനെന്നൊ വ്യത്യാസമില്ല. പരിച്ഛേദനയോ അഗ്രചർമ്മമോ അവിടെയില്ല, അടിമയെന്നൊ സ്വതന്ത്രനെന്നൊ വ്യത്യാസമില്ലാത്ത ഒരു ജനത. എന്നാൽ മിശിഹാ ഈ പറഞ്ഞ എല്ലാ വിശ്വാസികളിലും ഉണ്ട്.
ഇതു പ്രായോഗിക ജീവിതത്തിൽ എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് പൗലോസ്. ഒന്നാം നൂറ്റാണ്ടിലെ ഒരു റോമൻ കുടുംബത്തിൽ ഈ പുതിയ മാനവികത എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം കൊലൊസ്യർക്ക് വരച്ചുകാണിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ഒരു റോമൻ കുടുംബമെന്നത്, ഉയർന്ന ഏകാധിപത്യ സ്ഥാപനമായിരുന്നു. അവിടെ ഗോത്രപിതാവായ പുരുഷൻ, തന്റെ ഭാര്യയുടെയും മക്കളുടെയും അടിമകളുടെയും മേൽ ജീവന്റെയും മരണത്തിന്റെയും അധികാരം വഹിച്ചിരുന്നു. അതായത്, അവരെ തന്റെ ഇഷ്ടത്തിനു അനുസരിച്ച്, പീഡിപ്പിക്കുന്നതിനൊ കൊല്ലുന്നതിനൊ തനിക്കു അവകാശവും അധികാരവും ഉണ്ടായിരുന്നു. എന്നാൽ, ഒരു ക്രിസ്ത്യൻ കുടുംബത്തിൽ അങ്ങനെ ആയിരിക്കരുത്. ഇവിടെ ഉത്ഥിതനായ യേശുവാണ് യഥാർത്ഥ കുടുംബനായകൻ. അതിനാൽ കർത്താവിൽ, ഭാര്യ തന്റെ ഭർത്താവിനെ തനിക്ക് ഉത്തരവാദിയാകാൻ അനുവദിക്കുന്നു. ഭാര്യയെ സ്‌നേഹിച്ചുകൊണ്ടും അവളുടെ ക്ഷേമം തന്റെ സ്വന്ത ഇഷ്ടത്തിനുമേലായി വെച്ചുകൊണ്ടും ഭർത്താവ് യേശുവിന് കീഴടങ്ങുന്നു.
യേശു കർത്താവായിരിക്കുന്ന ഒരു ഭവനത്തിൽ, കുട്ടികൾ കേവലം വസ്തുക്കളല്ല, മറിച്ച് പക്വതയിലേക്കും ആദരവിലേക്കും വിളിക്കപ്പെടുന്നു. രക്ഷിതാക്കൾ മക്കളെ ക്ഷമയോടെയും വിവേകത്തോടെയും വളർത്തണം. അടിമകളായ ക്രിസ്ത്യാനികൾ, തങ്ങളുടെ മനുഷ്യ യജമാനന്മാരെ കൃത്യമായി ബഹുമാനിക്കണം, കാരണം ഭൗമിക യജമാനനല്ല അവരുടെ യജമാനൻ, മറിച്ച് യേശുവാണ് അവരുടെ യഥാർത്ഥ യജമാനൻ. അടിമകളുള്ള ക്രിസ്ത്യാനികൾ, ഈ അടിമകൾ തങ്ങളുടെ സ്വത്തല്ലെന്ന് മനസ്സിലാക്കണം. പകരം, ബഹുമാനിക്കപ്പെടാനും സ്‌നേഹത്തിൽ ആലിംഗനം ചെയ്യപ്പെടാനുമുള്ള യേശുവിന്റെ ഭവനത്തിലെ ഒരു സഹ അംഗമാണ്.
പൗലോസ് വളരെ നല്ല പാതയിലൂടെയാണ് നടക്കുന്നത്. ഇവിടെ അവൻ യേശുവിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും അടിസ്ഥാനപരമായ റോമൻ സ്ഥാപനത്തെ പുനർനിർമ്മിക്കുകയാണ്; അവൻ സ്വയം ഭരിക്കുകയും സ്നേഹം നൽകുകയും ചെയ്യുന്നു. അതിനാൽ അദ്ദേഹം റോമൻ ഗാർഹിക ഘടനയെ പൂർണ്ണമായും നിർത്തലാക്കുന്നില്ലെങ്കിലും, കൊലോസ്യയിൽ താമസിക്കുന്ന ഏതൊരു റോമനും തിരിച്ചറിയാൻ കഴിയുംവിധം, തങ്ങളുടെ ഭവനം രൂപാന്തരപ്പെടുത്തണമെന്ന് ഉന്നതനായ മിശിഹാ ആവശ്യപ്പെടുന്നു.
കത്തിന്റെ ഉപസംഹാരത്തിൽ നിങ്ങൾക്ക് ഇത് വളരെ വ്യക്തമായി കാണാൻ കഴിയും. പ്രാർത്ഥനയ്ക്കുള്ള അഭ്യർത്ഥനയ്ക്ക് ശേഷം, ക്രിസ്ത്യൻ അടിമകളെയും യജമാനന്മാരെയും കുറിച്ചുള്ള ഈ നിർദ്ദേശങ്ങൾ പൗലോസ് പ്രയോഗിക്കുന്നു. കൊലോസിയക്കാർക്കുള്ള ഈ കത്ത് കൊണ്ടുപോകുന്നതും വായിക്കുന്നതും ടൈക്കിക്കസ് ആണെന്ന് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
ഫിലേമോൻ എന്ന ക്രിസ്ത്യാനിയുടെ ഒരു മുൻഅടിമയായിരുന്ന ഒനേസിമസ് ടൈക്കിക്കസിനോടൊപ്പമുണ്ട്. ഫിലേമോനെ അഭിസംബോധന ചെയ്യുന്ന മറ്റൊരു കത്തിൽ നിന്ന് ഒനേസിമസ്, തന്റെ യജമാനനിൽ നിന്ന് ഒളിച്ചോടിപ്പോയ വ്യക്തിയാണെന്ന് നമുക്ക് ഫിലെമോന്റെ ലേഖനത്തിൽ നിന്നും മനസ്സിലാക്കാം. അന്നത്തെ കാലത്ത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ഒനേസിമൊസിന്റേത്. എന്നാൽ, കർത്താവിൽ വിശ്വസ്തനും പ്രിയങ്കരനുമായ ഒരു സഹോദരൻ എന്ന നിലയിൽ ഒനേസിമോസിനെ മുഴുവൻ സഭയും സ്വീകരിക്കണമെന്ന് പൗലോസ് ആവശ്യപ്പെടുന്നു. തുടർന്ന് ഫിലേമോനുള്ള കത്തിൽ പൗലോസ് പറയുന്നത് ഒനേസിമസ് ഇനി അടിമയായിട്ടല്ല, സഹോദരനായിട്ടാണ് സ്വീകരിക്കേണ്ടത് എന്ന പഞ്ചോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.
അതുകൊണ്ട് കൊലൊസ്സ്യർക്കുള്ള കത്ത്, ഉയിർത്തെഴുന്നേറ്റ യേശുവിന്റെ സ്‌നേഹവും വിമോചകവുമായ ഭരണത്താൽ മനുഷ്യന്റെ അസ്‌തിത്വത്തിന്റെ എല്ലാഭാഗവും സ്‌പർശിക്കപ്പെടുന്ന ഒന്നായി നിലകൊള്ളുന്നുവെന്ന് കാണാൻ പൗലോസ് നമ്മെ ക്ഷണിക്കുന്നു. നമ്മുടെ കഷ്ടപ്പാടുകൾ, സുവിശേഷത്തോടു വിട്ടുവീഴ്ച ചെയ്യാനുള്ള നമ്മുടെ പ്രലോഭനം, നമ്മുടെ ധാർമ്മിക സ്വഭാവം, നമ്മുടെ വീടുകളിലെ അധികാരത്തിന്റെ ചലനാത്മകത, എല്ലാം പുനഃപരിശോധിക്കുകയും രൂപാന്തരപ്പെടുത്തുകയും വേണം. യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റപ്പോൾ, പുതിയ സൃഷ്ടി യഥാർത്ഥത്തിൽ വന്നതുപോലെ വർത്തമാനകാലത്ത് ജീവിക്കാൻ, ഇതു നമ്മെ ക്ഷണിക്കുന്നു. കൊലോസ്യർക്കുള്ള കത്ത് അതാണ്.