
നിത്യജീവൻ

Bibile Books Overview-NT_03
Gospel According to Mark
മർക്കോസിന്റെ സുവിശേഷം
(1-16 അദ്ധ്യായങ്ങൾ)
ആമുഖം
ബൈബിൾ നാം നോക്കിയാൽ അതിൽ നാലു സുവിശേഷങ്ങൾ കാണാം. ഈ നാലു സുവിശേഷങ്ങളും നാലു വ്യത്യസ്ത വീക്ഷണകോണുകളിലൂടെ, യേശുക്രിസ്തുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവ വീണ്ടും ചിത്രീകരിച്ചു കാണിക്കുന്നതാണ്. യേശുക്രിസ്തുവിന്റെ ജീവിതം, മരണം, പുനരുദ്ധാനം എന്നിവയെ കുറിച്ച് ആധികാരികമായി എഴുതപ്പെട്ട ആദ്യത്തെ സുവിശേഷം മാർക്കോസിന്റേതാണ്. മറ്റു സുവിശേഷങ്ങളെ അപേക്ഷിച്ചു വളരെ ചുരുങ്ങിയ വാക്കുകളിൽ യെഹുദന്മാരല്ലാത്ത ജാതികൾക്കുവേണ്ടി എഴുതപ്പെട്ട ഒരു സുവിശേഷമാണ്. മാത്രവുമല്ല അനേകം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടതുമായ ഒരു പുസ്തകമാണിത്.
മർക്കോസിന്റെ സുവിശേഷം പഠിക്കുമ്പോൾ ആ പുസ്തകത്തിന്റെ അവലോകനം മനസ്സിൽ സൂക്ഷിക്കുന്നത് ഈ പുസ്തക പഠനത്തിൽ നിങ്ങളെ ഏറെ സഹായിക്കും. ഓരോ സുവിശേഷകൻമാരും ഓരോ പ്രമേയത്തിനു ഊന്നൽ നൽകി, എങ്ങനെയാണ് ഇസ്രയേലിന്റെ ദൈവം യേശുക്രിസ്തു എന്ന വ്യക്തിയിലൂടെ തന്റെ ജനതയോടൊപ്പം വസിക്കുവാൻ വന്നത് എന്ന കാര്യമാണ് നമ്മോട് പറയുന്നത്.
പുസ്തകത്തിന്റെ പ്രമേയം
ഇസ്രയേൽ കാത്തിരുന്ന യഥാർത്ഥ മശിഹാ യേശുക്രിസ്തുവാണോ എന്ന ചോദ്യമാണ് മർക്കോസിന്റെ സുവിശേഷത്തിലെ മുഖ്യപ്രമേയം. യേശു കഷ്ടത സഹിക്കുകയും മരിക്കുകയും ചെയ്തു എങ്കിൽ താൻ എങ്ങനെയുള്ള മശിഹയാണ് എന്നാണ് മർക്കോസ് ഈ സുവിശേഷത്തിലൂടെ നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത്. യോഹന്നാൻ എന്ന മറുപേരുള്ള മർക്കോസ് ആണ് ഇതെഴുതുന്നത്. താൻ കേവലം യേശു ചെയ്ത ചില കാര്യങ്ങൾ/അത്ഭുതങ്ങൾ അവിടുന്നും ഇവിടുന്നും എടുത്ത് എഴുതുക ആയിരുന്നില്ല; തനിക്ക് അതിനൊരു പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു. ആ ഉദ്ദേശ്യം എന്നത് ഇസ്രയേൽ കാത്തിരുന്ന യഥാർത്ഥ മശിഹാ യേശു ക്രിസ്തുവാണ്. യേശു കഷ്ടം സഹിക്ക മരിക്കുകയും ചെയ്തു എങ്കിൽ തന്റെ ദൗത്യം ആ നിലയിലുള്ള ഒന്നായിരുന്നു; ആ ലക്ഷ്യത്തിലേക്കു നിങ്ങളെ നയിക്കുക എന്നതാണ് മർക്കോസ് ഈ സുവിശേഷത്തിലൂടെ ചെയ്യുന്നത്.
ഇസ്രായേൽ റോമിന്റെ അധീനതയിൽ കിടന്ന സമയത്താണ് യേശുവിന്റെ വരവ്. ദൈവത്തിന്റെ പുത്രൻ എന്നൊക്കെ വിളിക്കപ്പെടുന്ന യേശു, അവരെ റോമാ അധികാരത്തിൽ നിന്ന് രക്ഷിക്കുകയും തൻറെ രാജ്യം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ മശിഹയാണെന്ന് അനേകം യഹൂദന്മാരും വിചാരിച്ചു. ആകയാൽ റോമാസാമ്രാജ്യത്തിന്റെ ആധിപത്യത്തെ നീക്കി യേശു തങ്ങൾക്ക് രാജ്യം സ്ഥാപിച്ചു തരും എന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ അവർ കണ്ട മശിഹ കൊല്ലപ്പെടുകയാണ് ചെയ്തത്.
പുസ്തകത്തിന്റെ രൂപകല്പന
ഈ സുവിശേഷത്തിലെ ആദ്യഭാഗം അതായത് ആദ്യത്തെ എട്ട് അദ്ധ്യായങ്ങൾ ആരാണ് യേശു ക്രിസ്തു, അവൻ വാസ്തവത്തിൽ മശിഹയാണോ എന്ന ചോദ്യമാണ് മർക്കോസ് ചോദിക്കുന്നത്. രണ്ടാമത്തെ ഭാഗത്ത്, അതായത് 11 മുതൽ 16 വരെ അദ്ധ്യായങ്ങളിൽ എങ്ങനെയാണ് യേശു മശിഹൈക രാജാവായത് എന്ന കാര്യമാണ് വിവരിക്കുന്നത്. അതിന്റെ രണ്ടിന്റേയും മദ്ധ്യത്തിൽ അതായത് 9-10 അദ്ധ്യായങ്ങളിൽ ഈ രണ്ടു ഭാഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുകയും ഈ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നു. ഇതാണ് ഈ പുസ്തകത്തിന്റെ രൂപഘടന.
യേശു ദൈവപുത്രനായ ക്രിസ്തു (Jesus Christ, the Son of God)
ഈ സുവിശേഷത്തിന്റെ പ്രാരംഭ വാക്യങ്ങളിൽ തന്നെ യേശു ആരാണെന്ന് പറയുന്നുണ്ട്- ദൈവപുത്രനായ ക്രിസ്തു. "ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം" (മർക്കൊസ് 1:1). The beginning of the good news about Jesus the Messiah, the Son of God. ഇതിലെ രണ്ടു വാക്കുകൾ പ്രധാന്യമർഹിക്കുന്നു. 'മശിഹ' എന്നതും 'ദൈവപുത്രൻ' എന്നതും. 'മശിഹ' എന്ന എബ്രായപദത്തിന്റെ അർത്ഥം 'അഭിഷിക്തൻ' എന്നാണ്. പുതിയ നിയമത്തിൽ മശിഹായ്ക്ക് പകരം ഉപയോഗിച്ചിരിക്കുന്ന വാക്ക് ക്രിസ്തു (ഗ്രീക്ക്) എന്നതാണ്. പ്രവാചകന്മാർ പ്രവചിച്ചതും യിസ്രായേൽ ജനം കാത്തിരുന്നതുമായ രക്ഷകൻ. രണ്ടാമത്തെ വാക്ക് ദൈവപുത്രൻ എന്നതാണ്. ദൈവത്തോടു സമനായ വ്യക്തി. സാക്ഷാൽ ദൈവം. ചുരുക്കി പറഞ്ഞാൽ 100% ദൈവവും 100% മനുഷ്യനും ആയ ദൈവ-മനുഷ്യനാണ് യേശു.
ഒന്നാം അദ്ധ്യായത്തിൽ യേശുക്രിസ്തുവിന്റെ സ്നാനമാണ് നാം കാണുന്നത്. "ആ കാലത്തു യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം കഴിഞ്ഞു.10 വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേൽ വരുന്നതും കണ്ടു:11 നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി." (മർക്കോസ് 1: 9-11). യേശുക്രിസ്തു വാസ്തവത്തിൽ ആരാണ് എന്നതിന്റെ സ്വർഗ്ഗത്തിന്റെ സർട്ടിഫിക്കറ്റ് ആണിത്. മറുരൂപ മലയിൽ യേശു ശിഷ്യന്മാരുടെ മുൻപാകെ രൂപാന്തരപ്പെട്ടപ്പോഴും സ്വർഗ്ഗം ഈ സർട്ടിഫിക്കറ്റ് ആവർത്തിക്കുന്നുണ്ട്.
മർക്കോസിന്റെ ശേഷിക്കുന്ന അദ്ധ്യായങ്ങൾ നാം വായിക്കുമ്പോൾ വളരെ അതിശയകരമായ കാര്യങ്ങളാണ് നാം കാണുന്നത്. താൻ അനേകം രോഗികൾക്കു സൗഖ്യം നൽകുന്നു. 1: 24-25 അശുദ്ധാത്മാവു ബാധിച്ച മനുഷ്യനെ സൗഖ്യമാക്കിക്കൊണ്ട് താൻ പിശാചുക്കളുടെമേൽ അധികാരമുള്ളവനെന്ന് തെളിയിക്കുന്നു. ആ വാക്യങ്ങൾ നമുക്കൊന്നു ശ്രദ്ധിക്കാം: "നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.25 യേശു അതിനെ ശാസിച്ചു: “ മിണ്ടരുതു; അവനെ വിട്ടുപോ ” എന്നു പറഞ്ഞു.26 അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി."
യേശുക്രിസ്തു ആരാണെന്ന ചോദ്യവും അവന്റെ ദൗത്യത്തിന്റെ സ്വഭാവവും (The question of who Jesus Christ is and the nature of his mission).
എട്ടാം അദ്ധ്യായത്തിന്റെ 27-30 വാക്യങ്ങളിൽ യേശു ആരാണെന്ന് താൻ ശിഷ്യന്മാരോട് ചോദിക്കുന്നു. " അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യക്കു അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോടു: “ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു ”എന്നു ചോദിച്ചു. 28 യോഹന്നാൻ സ്നാപകനെന്നു ചിലർ, ഏലീയാവെന്നു ചിലർ, പ്രവാചകന്മാരിൽ ഒരുത്തൻ എന്നു മറ്റു ചിലർ എന്നു അവർ ഉത്തരം പറഞ്ഞു.29 അവൻ അവരോടു: “എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു" (മർക്കൊസ് 8:27-29).
എന്നിട്ട് താൻ എങ്ങനെയാണ് അവരുടെ 'മശിഹ' ആകാൻ പോകുന്നത് എന്നാണ് എട്ടിന്റെ 31 ൽ നാം വായിക്കുന്നത് : " 31 മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി."
ജനങ്ങൾ യേശുക്രിസ്തു യഥാർത്ഥത്തിൽ ആരാണ് എങ്ങനെയുള്ള മശിഹയാണെന്ന് ശിഷ്യന്മാർ മനസ്സിലാക്കണം എന്ന് യേശു ആഗ്രഹിച്ചു. 29 ൽ പ്രതോസ് "നീ ക്രിസ്തു ആകുന്നു എന്നു മറുപടി നൽകുന്നുണ്ട് എങ്കിലും അപ്പോഴും ജനങ്ങൾ പല ആശയക്കുഴപ്പങ്ങളിൽ തുടരുകയാണുണ്ടായത്.
യിസ്രായേലിന്റെ മശിഹൈകരാജാവിന്റെ ക്രൂശീകരണവും ഉയർത്തെഴുനേൽപ്പും (The crucifixion and resurrection of the Messianic King of Israel)
ഇനി നമുക്ക് ഇതിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കാം. അവിടെ താൻ എങ്ങനെയാണ് യേശു അവർക്കു മശിഹൈക രാജാവായി തീരുന്നത് എന്ന് മർക്കോസ് പറയുന്നു. 11-16 വരെ അദ്ധ്യായങ്ങൾ അതിനെ കുറിച്ചാണ് പറയുന്നത്. തന്റെ ഈ ഭൂമിയിലെ അവസാനത്തെ ആഴ്ചയിൽ ഒരു കഴുത കുട്ടിയുടെ പുറത്ത് യെരുശലേം നഗരത്തിലേക്ക് യേശു പ്രവേശിക്കുന്നു. അപ്പോൾ ജനങ്ങൾ 'ഞങ്ങളെ രക്ഷിക്ക' എന്ന് അർത്ഥം വരുന്ന ഹോശന്ന പാടി എതിരേൽക്കുന്നു. എന്നാൽ അധികദിവസം കഴിയുന്മുമ്പേ യിസ്രായേൽ മതനേതൃത്വം അയച്ച പടയാളികൾ യേശുവിനെ അറസ്റ്റ് ചെയ്യുന്നു. പിന്നീട് പ്രഹസനമായി ഒരു ന്യായവിസ്താരം നടത്തുകയും അന്യായമായി നിഷ്ക്കളങ്കനായ യേശുവിനെ കൊല്ലുവാൻ വിധി സമ്പാദിക്കയും ചെയ്യുന്നു. അവർ അവനെ അടിക്കുകയും പീഡിപ്പിക്കുകയും കയ്യിൽ ചെങ്കോൽ കൊടുക്കുകയും തലയിൽ മുൾമുടികൊണ്ടുള്ള കിരീടം ചൂടി അവനെ പരിഹസിക്കുകയും, കയ്യിൽ നിന്നു ചെങ്കോൽ വാങ്ങി തലയിൽ വച്ചിരിക്കുന്ന മുൾമുടിയിൽ അടിക്കുകയും ചെയ്യുന്നു. അതിന്റെ ശേഷം തന്നെ അർദ്ധനഗ്നനാക്കി ക്രുശിൽ തറെച്ച് കൊല്ലുന്നു.
എന്നാൽ യേശുവിന്റെ മരണത്തിങ്കൽ, ഉച്ചസമയത്ത് സൂര്യൻ ഇരുളുകയും ആ ദേശമൊക്കേയും അന്ധകാരം മൂടുകയും, ഭൂമി കുലുങ്ങുകയും, പാറകൾ പിളരുകയും, കല്ലറകൾ തുറക്കപ്പെടുകയും മൃതന്മാർ പലരും ഉയർത്തെഴുനേൽക്കയും ചെയ്തു. ഇത് കണ്ടു നിന്ന ഒരു ശതാധിപൻ അതായത്, യേശുവിന്റെ ക്രൂശികരണത്തിനു നേതൃത്വം നൽകിയ വ്യക്തി ഒരു പുതിയ മനുഷ്യൻ ആയിത്തീരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക : "ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു." അദ്ദേഹത്തിന്റെ പ്രതികരണം കാണിക്കുന്നത് ഇസ്രായേലിന്റെ മശിഹൈക രാജാവ് ഈ ക്രൂശിക്കപ്പെട്ട യേശു തന്നെ എന്നാണ്.
യേശു മരണത്തെ പരാജയപ്പെടുത്തി ഉയർത്തെഴുനേൽക്കുന്നു
യേശുവിന്റെ മരണത്തോടെ മർക്കോസ് തന്റെ പുസ്തകം അവസാനിപ്പിക്കുന്നില്ല. മൂന്നാം ദിവസം ചില സ്ത്രീകൾ യേശുവിന്റെ മൃതശരീരം വച്ചിരുന്ന കല്ലറയിലേക്ക് ചെല്ലുന്നു. എന്നാൽ അവർക്ക് അവിടെ യേശുവിന്റെ മൃതശരീരം കാണുവാൻ കഴിഞ്ഞില്ല. അവർ അതിനുപകരം ഒരു ദൂതനെ ആണ് കാണുന്നത്. ആ ദൂതൻ അവരോട് നിങ്ങൾ പോയി യേശു മരിച്ചവരിൽനിന്നു ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്ന സുവിശേഷം അവന്റെ ശിഷ്യന്മാരോടും പത്രോസിനോടും അറിയിക്കുവിൻ എന്നു പറഞ്ഞു. എന്നാൽ അവർ ഭയവും സന്തോഷവും നിറഞ്ഞവരായി അവിടെ നിന്നും പോയതിനാലാവാം, ആ വിവരം ആരോടും പറഞ്ഞില്ല. 16 :8 ൽ മർക്കോസ് തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് "8 അവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല" എന്ന നിലയിലാണ്.