top of page

Bible Books Overview-NT_21

The Book of 1 Peter
പത്രൊസിന്റെ ഒന്നാം ലേഖനം
(1-5 അദ്ധ്യായങ്ങൾ)

ലേഖനകാരൻ

പത്രൊസ് എഴുതിയ ഒന്നാം ലേഖനം. ഈ ലേഖനം എ ഡി 64-65 ൽ 'ബാബിലോൺ' എന്ന് പത്രൊസ് വിശേഷിപ്പിച്ച (5:13) റോമിൽ നിന്ന് എഴുതി. റോമാസാമ്രാജ്യത്തിന്റെ അടിച്ചമർത്തലാകാം സകല ദുഷ്ടതയുടേയും പ്രതീകമായി പഴയനിയമ പ്രവാചകന്മാർ കണ്ടിരുന്ന 'ബാബിലോണിന്റെ' പ്രതീകമായി റോമിനെ കാണാൻ പത്രൊസിനെ പ്രേരിപ്പിച്ചത്. യേശുവിന്റെ അനുയായി ആകുന്നതിനു മുന്നമെ ശീമോൻ എന്നായിരുന്നു തന്റെ പേര്. യേശു മിശിഹായാണെന്ന് ഏറ്റുപറഞ്ഞപ്പോൾ, യേശു അദ്ദേഹത്തിന്റെ പേര് 'കെഫാസ്' എന്നാക്കി മാറ്റി. 'കേഫാസ്' എന്ന അരാമിക് വാക്കിന്റെ അർത്ഥം 'പാറക്കഷണം' എന്നാണ്. അത് പിന്നീട് ഗ്രീക്കിലേക്ക് 'പെട്രോസ്' എന്നും ഇംഗ്ലീഷിൽ 'Peter' എന്നും വിവർത്തനം ചെയ്യപ്പെട്ടു. പത്രൊസ് യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ inner circle ന്റെ ഭാഗമായിരുന്നു. അപ്പോസ്തലന്മാരുടെ ഒരു വക്താവായി സുവിശേഷങ്ങളിലും അപ്പൊസ്തലപ്രവൃത്തികളിലും പത്രൊസിനെ കാണാം. ഇസ്രായേലിന്റെ അതിരുകൾക്കപ്പുറത്തേക്ക് യേശുവിന്റെ സുവിശേഷം എത്തിക്കുവാൻ വിളിക്കപ്പെട്ട വൃക്തിയാണ് പത്രൊസ്. ഒടുവിൽ, വിശാലമായ റോമൻ ലോകത്ത് ആ ദൗത്യം നിവൃത്തിക്കുകയും ആ സഭകളെ വിശ്വാസത്തിൽ ഉറപ്പിക്കുവാൻ ഈ കത്ത് എഴുതുകയും ചെയ്തു.

സന്ദർഭം

ഏഷ്യാമൈനറിന്റെ റോമൻ പ്രവിശ്യയിലെ (ഇന്നത്തെ തുർക്കി) ഒന്നിലധികം സഭാ സമൂഹങ്ങൾക്ക് അയച്ച ഒരു സർക്കുലർ കത്തായിരുന്നു ഇത്. അവിടെയുള്ള യഹൂദേതര ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടതായി പത്രൊസ് മനസ്സിലാക്കുന്നു. കൂടെക്കൂടെയുള്ള പഴയനിയമ വാക്കുകളുടെ പ്രയോഗം ഇവരിലേറെയും യെഹൂദമതാനുസാരികളിൽ നിന്നു രക്ഷിക്കപ്പെട്ട ക്രിസ്ത്യാനികൾ ആകാമെന്ന വാദത്തിനു ആക്കം കൂട്ടുന്നു. ഗ്രീക്ക്, റോമൻ അയൽക്കാരിൽ നിന്ന് അവർക്കു ശത്രുതയും ഉപദ്രവവും നേരിട്ടു. അവരുടെ കഷ്ടപ്പാടുകൾക്കിടയിൽ അവരെ പ്രോത്സാഹിപ്പിക്കാൻ പത്രൊസ് ഇത് എഴുതി. പത്രൊസിന്റെ സഹപ്രവർത്തകനായിരുന്ന സിൽവാനാസ് (5:12) ആകാം പത്രൊസിനുവേണ്ടി ഈ കത്ത് എഴുതിയത് എന്ന് പൊതുവേ കരുതപ്പെടുന്നു.

എഴുത്തിന്റെ രൂപകൽപ്പന

ആശംസകളോടെ ആരംഭിക്കുന്ന ഈ കത്ത്, തുടർന്ന് ദൈവത്തെ സ്തുതിക്കുന്ന ഒരു കാവ്യാത്മക ഗാനത്തിലേക്ക് (doxology) നീങ്ങുന്നു. ഈ കവിത ലേഖനത്തിന്റെ ഉള്ളടക്കത്തിൽ വിചിന്തനം ചെയ്തിരിക്കുന്ന പ്രധാന തീമുകൾ അവതരിപ്പിക്കുന്നു. അവിടെ പീഡിപ്പിക്കപ്പെടുന്ന ഈ ക്രിസ്ത്യാനികൾ കർത്താവിന്റെ ഭവനത്തിലെ അംഗങ്ങളാണെന്ന യാഥാർത്ഥ്യം പത്രൊസ് ആദ്യംതന്നെ സ്ഥിരീകരിക്കുന്നു. ഇതു പീഡനങ്ങളെ നേരിടാനുള്ള ഉൾക്കാഴ്ച നൽകുമെന്ന് മാത്രമല്ല, യേശുവിന് സാക്ഷ്യം വഹിക്കാൻ അനിവാര്യവുമാണ് എന്ന സൂചന നൽകുന്നു. യേശുവിന്റെ മടങ്ങിവരവിൽ അവരുടെ ഭാവി പ്രതീക്ഷകൾ കേന്ദ്രീകരിക്കുന്നതിനും ഈ പ്രാർത്ഥന ഊന്നൽ നൽകുന്നു. കഷ്ടത സഹിക്കേണ്ടി വരുമ്പോൾ ഭാവി പ്രത്യാശയെ ഓർത്തു സന്തോഷിക്കുക. സഹനത്തിലൂടെ ക്രിസ്തുവിന്റെ ഔദാര്യമായ സ്നേഹത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് ലോകത്തിനു യേശുവിനെ വെളിപ്പെടുത്തിക്കൊടുക്കുക. ഇത് യാഥാർത്ഥ്യമാക്കുവാൻ ദൈവത്തിന്റെ ശക്തിക്കായി പ്രാർത്ഥിച്ചും വിശ്വാസികൾക്ക് ആശംസകൾ അർപ്പിച്ചും ലേഖനം അവസ്സാനിപ്പിക്കുന്നു. ഈ ഭാഗങ്ങളെല്ലാം എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് നമുക്കു നോക്കാം.

ആമുഖം

ആരാണിത് എഴുതുന്നത്, ആർക്കാണിത് എഴുതുന്നത് അവർക്കുള്ള ആശംസ എന്നിവയോടെ കത്ത് ആരംഭിക്കുന്നു. ക്രിസ്തുവിന്റെ അപ്പൊസ്തലൻ എന്ന നിലയിലുള്ള തന്റെ ആധികാരികതയും അത് ഉൾക്കൊള്ളുന്നു. തന്റെ വായനക്കാരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും, യേശുക്രിസ്തുവിലുള്ള അവരുടെ ഐഡന്റിറ്റിയും അവർക്കു ദൈവത്തിൽ നിന്നും കൃപയും സമാധാനവും ഉണ്ടാകട്ടെ എന്ന ആശംസയും ഉൾക്കൊള്ളുന്നതാണ് ആമുഖം.

കഷ്ടത -കുടുംബ സ്വത്വം (Suffering- Family Identity)

ജാതീയനും പ്രവാസിയുമായിരുന്ന അബ്രാഹമിന്റെ കുടുംബത്തെ ദൈവം തെരഞ്ഞെടുത്തു തന്റെ പിൻഗാമികളായ യിസ്രയേലിനെ തന്റെ കുടുംബമാക്കിയതുപോലെ ഇപ്പോൾ ഇവരും യേശുകിസ്തുവിലൂടെ ദൈവത്തിന്റെ കുടുംബമായി തീർന്നിരിക്കുന്നു. ഈ നിലയിലുള്ള ഒരു സമാനത അവരുടെ കഷ്ടതകൾക്ക് ഒരു പുതിയ മാനം നൽകുന്നു. അവരെപ്പോലെ ഇവരും തെറ്റിദ്ധരിക്കപ്പെട്ടവരും പീഡനങ്ങൾ സഹിക്കുന്നവരും വാഗ്ദത്ത നാട്ടിൽ തങ്ങളുടെ യഥാർത്ഥ ഭവനം തേടുന്നവരുമാണ്.

അതുകൊണ്ട് ഈജിപ്ത് വിട്ടുപോയ ഇസ്രായേല്യരെപ്പോലെ അരകെട്ടി മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ദൈവത്തിന്റെ ഉടമ്പടി ജനമാണ് (യെശയ്യ 10, യിരമ്യാവ് 31) ഇവർ. ആത്യന്തിക കുഞ്ഞാടായ യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർ. പുറപ്പാട് 19:6 ൽ പറയുന്നതുപോലെ അവരിപ്പോൾ "ഒരു പുരോഹിതരാജത്വവും വിശുദ്ധജനവുമാണ്." അവർക്കിപ്പോൾ മുന്നോട്ടുപോകുവാൻ ദൈവത്തിന്റെ വചനമുണ്ട്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവരെ നയിക്കുവാൻ അവരുടെ ഹൃദയങ്ങളിൽ വാസം ചെയ്യുന്നു. ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ് അവർ.

കഷ്ടതയിൽ സഹിഷ്ണുത (Perseverance in Suffering)

2:11 മുതൽ 4:11 വരെ വാക്യങ്ങളിൽ കഷ്ടതയെ ക്രിസ്തുവിന്റെ സാക്ഷ്യമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പത്രൊസ് വിശദീകരിക്കുന്നു.

അപ്പൊ. പത്രൊസ് ആദ്യം അവരെ റോമൻ ഭരണത്തിന്, അത് അടിച്ചമർത്തലാണെങ്കിൽ കൂടി, വിധേയപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ പീഡനവും കഷ്ടപ്പാടുകളും അന്യായമാണ് എന്ന് പത്രൊസ് സമ്മതിക്കുന്നു. എന്നാൽ അക്രമാസക്തമായ പ്രതിരോധം ഒന്നിനും പരിഹാരമാകുന്നില്ല. ശത്രുക്കളെ കൊല്ലുന്നതിനുപകരം അവരെ സ്‌നേഹിച്ച യേശുവിന്റെ പഠിപ്പിക്കലുകൾക്കു വിരുദ്ധമാണത്. കഷ്ടത സഹിക്കുന്നതിൽ ക്രിസ്തുവിന്റെ മാതൃക പിൻപറ്റുക എന്നതാണ് അപ്പൊ. പത്രോസിന്റെ ആഹ്വാനം.

ഒരു രാഷ്ട്രത്തിൽ ഭരണത്തലവന്മാരോടുള്ള ക്രിസ്ത്യാനികളുടെ പ്രതികരണം എങ്ങനെ ആയിരിക്കണമെന്ന് പറഞ്ഞശേഷം പത്രൊസ് patriarchal society യിലേക്കു തന്റെ ശ്രദ്ധയെ തിരിക്കുന്നു. ആ പദം സൂചിപ്പിക്കുന്നതു പോലെ, പുരുഷ മേധാവിത്വം സമൂഹത്തിൽ നിലനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. എല്ലാ അധികാരങ്ങളും പിതാമഹനിൽ നിക്ഷിപ്തമായിരുന്നു.

ആയതിനാൽ, സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ ഭവനത്തിൽ എങ്ങനെയാണ് കാര്യങ്ങൾ നടക്കേണ്ടത് എന്ന് പത്രൊസ് പ്രബോധിപ്പിക്കുന്നു.

അന്നത്തെ ഒരു കുടുംബമെന്നു പറയുന്നത് ഇന്നത്തെപോലെ അണുകുടുംബമായിരുന്നില്ല, മറിച്ച്, ഭാര്യയും മക്കളും അടിമകളും എല്ലാം ഉൾപ്പെടുന്ന ഒന്നായിരുന്നു. കുടുംബത്തലവൻ ക്രിസ്തുവിനെ അനുഗമിക്കാത്ത ഒരു വ്യക്തിയാണെങ്കിൽ അങ്ങനെയുള്ള ഒരു കുടുംബത്തിൽ ഭാര്യയും മക്കളും അടിമകളും വലിയ കഷ്ടതകളെ അഭിമുഖികരിച്ചിരുന്നു. പിതാമഹൻ പിൻപറ്റുന്ന ദേവന്മാരെ കുടുംബാംഗങ്ങളും ആരാധിക്കണം എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ആയതിനാൽ ക്രിസ്തുവിനോടു കൂറു പലർത്തുന്നത് സംശയത്തിനും പീഡനത്തിനും കാരണമായി തീരുമെന്ന് പത്രോസിനറിയാം.

എന്നാൽ ക്രിസ്ത്യാനികളായ ഭാര്യമാരും അടിമകളും യേശുവിനാൽ പൂർണ്ണമായി സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു എന്ന് പത്രോസ് പറയുന്നു. എന്നാൽ അവർ ആ സ്വാതന്ത്ര്യം പ്രകടിപ്പിക്കേണ്ടത് കലാപത്തിലൂടെയല്ല, മറിച്ച്, തിന്മയെ ചെറുത്തുകൊണ്ട്, യേശു ചെയ്തതുപോലെ, തങ്ങളുടെ ശത്രുക്കളോട് സ്നേഹവും ഔദാര്യവും കാണിച്ചുകൊണ്ടാണ്. ഭർത്താവും ക്രിസ്ത്യാനിയായ വീടുകളിൽ ഇത് വേറെ കഥയാണ്. അവർ തങ്ങളുടെ ഭാര്യമാരോട് റോമൻ അയൽക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തമായി അവരെ ബഹുമാനത്തിനും ആദരവിനും യോഗ്യരായി ദൈവമുമ്പാകെ തുല്യരായി കണക്കാക്കണം. അതുപോലെ അടിമകളെ ക്രിസ്തുവിൽ സഹോദരന്മാർ എന്ന നിലയിൽ കാണണം. ഒനേസിമോസിനെ എങ്ങനെ കാണണം എന്ന് പൌലോസ് ഫിലേമോനോട് ആവശ്യപ്പെട്ടതുപോലെ.

കഷ്ടതയിൽ ക്രിസ്തുവിനോടു താദാത്മ്യം പ്രാപിക്കുക (Identify with Christ in suffering)

ക്രിസ്തു പീഡനം സഹിക്കുകയും കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ അവൻ നീതീകരിക്കപ്പെടുകയും ഉയർത്തെഴുന്നേൽക്കയും ചെയ്തു. അതിനു സമാനമായി ക്രിസ്തുവിൽ വിശ്വസിച്ചവർ സ്നാനത്തിലൂടെ ക്രിസ്തുവിന്റെ മരണത്തോടും ഉയർത്തെഴുന്നേൽപ്പിനോടും താദാത്മ്യം പ്രാപിച്ചിരിക്കുന്നു. കർത്താവു പറഞ്ഞു : "എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ" (മത്തായി 5:11).

യേശുവിന്റെ സ്നേഹത്തിന്റെയും തലകീഴായ രാജ്യത്തിന്റെയും അനുകരണം ദൈവത്തിന്റെ കരുണയ്ക്ക് സാക്ഷ്യം വഹിക്കുകയും യേശുവിന്റെ വഴിയെക്കുറിച്ചുള്ള മനോഹരമായ സത്യം ആളുകളെ ജീവിച്ചു കാണിക്കുകയും ചെയ്യുമ്പോൾ അവരുടെ വാക്കുകൾക്ക് ശക്തി നൽകുമെന്നതാണ് പത്രോസിന്റെ പ്രതീക്ഷ. 1 പത്രൊസ് 2:22-23 വാക്യങ്ങളിൽ താൻ ഇപ്രകാരം പറയുന്നു: "അവൻ (യേശു) പാപം ചെയ്തിട്ടില്ല. അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. തന്നെ ശകാരിച്ചിട്ട് പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ട് ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേൽപ്പിക്കയത്രേ വേണ്ടത്."

നമ്മുടെ കഷ്ടതകൾ വിശ്വാസത്തെ ആഴത്തിലാക്കുന്ന അഗ്നിയാണ്. കർത്താവായ യേശുവിനെ സാക്ഷീകരിച്ചുകൊണ്ട് തങ്ങളുടെ യാത്ര തുടരുക.

സഭാ നേതൃത്വവും കഷ്ടതയും (church leadership and suffering)

ദൈവരാജ്യത്തിൽ ആരാണു വലിയവൻ എന്ന് മറ്റുള്ളവരുമായി തർക്കിച്ചതിനു ശകാരം ഏറ്റുവാങ്ങിയ പത്രോസിന്റെ ഈ വാക്കുകൾ കർത്താവിന്റെ നേതൃത്വത്തെ സംബന്ധിച്ച കാഴ്ചപ്പാടിലേക്ക് എത്ര മാറിയിരിക്കുന്നു എന്ന കാര്യമാണ് ഇതു നമ്മേ ഓർമ്മിപ്പിക്കുന്നത്. സഭയിൽ നേതൃത്വം വഹിക്കുന്നവർ ആടുകളുടെ മേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, മറിച്ച്, കർത്താവിനെ പോലെ താഴ്മ ധരിച്ച്, സേവന മനോഭാവത്തോടെ ഭരിക്കണം. യവ്വനക്കാർ സഭാനേതൃത്വത്തിനു വിധേയപ്പെടുക. താഴ്മയുടെ ആത്മാവിനാൽ സഭാനേതൃത്വവും ആടുകളും നയിക്കപ്പെടണം. സഭാനേതൃത്വം സ്നേഹത്തോടും ത്യാഗപരമായും സഭയെ നയിക്കുമ്പോൾ, ആടുകൾ കൃപയോടെ നേതൃത്വത്തിനു വിധേയപ്പെട്ട് സഭാനേതൃത്വത്തിനു വേണ്ട പിൻബലം നൽകുക.

*******

© 2020 by P M Mathew, Cochin

bottom of page