top of page

Bible Books Overview-NT_28

The Book of Jude
യൂദായുടെ ലേഖനം
1 അദ്ധ്യായം

ആമുഖം

യേശുവിന്റെ നാലു അർദ്ധ സഹോദരന്മാരിൽ ഒരാളായിരുന്ന യൂദായാണ് ഈ ലേഖനത്തിന്റെ എഴുത്തുകാരൻ. ഈ സഹോദരന്മാരാരും യേശുവിന്റെ മരണത്തിനുമുമ്പ് യേശുവിനെ മിശിഹായി കണ്ട് അവനെ അനുഗമിച്ചില്ല. എന്നാൽ യേശുവിനെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുനേറ്റവനായ് കണ്ടതോടെ അവന്റെ ശിഷ്യന്മാരായി. പിന്നീട് ഈ സഹോദരന്മാരെല്ലാം ആദ്യകാല യഹൂദ- ക്രിസ്ത്യൻ സമൂഹങ്ങളിൽ നേതാക്കളായി. യൂദാ ഒരു സഞ്ചാര അദ്ധ്യാപകനും മിഷനറിയും ആയിരുന്നു. AD 66-67 കാലഘട്ടത്തിൽ ഇതെഴുതപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു (Daneil B. Wallace). ഏതു സഭാ സമൂഹത്തിനാണ് ഇതെഴുതിയത് എന്ന് വ്യക്തമല്ല; ഒരുപക്ഷേ അത് മിക്കവാറും മെസിയാനിക് ജൂതന്മാർക്കായിരിക്കാം. എബ്രായ പഴയനിയമഗ്രന്ഥങ്ങളെക്കുറിച്ചും മറ്റ് ജനപ്രിയ യഹൂദ സാഹിത്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവുണ്ടെന്ന് അദ്ദേഹത്തിന്റെ എഴുത്തുരീതി വെച്ച് മനസ്സിലാക്കാം. ഈ സഭ നേരിടുന്ന ഒരു പ്രതിസന്ധിയെക്കുറിച്ച് യൂദാ മനസ്സിലാക്കി. അതിനാൽ ഈ സഭയെ സ്വാധീനിച്ച ദുരുപദേഷ്ട്ടാക്കന്മാരായ അദ്ധ്യാപകർക്കെതിരെ ഒരു നീണ്ട മുന്നറിയിപ്പോടും തുടർന്ന് ആരോപണത്തോടും കൂടെ ആരംഭിക്കുന്നു. ഈ സഭ എന്തുചെയ്യണമെന്നുപദേശിച്ചുകൊണ്ട് യൂദാ തന്റെ ആരോപണം പൂർത്തിയാക്കി അവസാനിപ്പിക്കുന്നു. യഥാർത്ഥ ക്രിസ്തീയ വിശ്വാസത്തിനായി, സുവിശേഷത്തിനായി പോരാടാൻ ഈ സഭയെ യൂദാ ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്കുള്ള ആശംസ

ആരാണിതു എഴുതുന്നത്, ആർക്കാണിതു എഴുതുന്നത് അവർക്കുള്ള ആശംസയോറ്റെ ഈ ലേഖനം ആരംഭിക്കുന്നു. യേശുവിന്റെ അർദ്ധ സഹോദരനായ യൂദാ ഒരു വിശ്വാസ സമൂഹത്തിനാണിത് എഴുതുന്നത്. അവരെ താൻ വിശേഷിപ്പിക്കുന്നത് ദൈവത്താൽ 'തെരഞ്ഞെടുക്കപ്പെട്ടവരും' 'സ്നേഹിക്കപ്പെട്ടവരും' 'സൂക്ഷിക്കപ്പെടുന്ന'വരുമായണ്. അവർക്കു ദൈവത്തിൽ നിന്നുള്ള "കരുണയും സമാധാനവും സ്നേഹവും" ഉണ്ടാകട്ടെ എന്ന് താൻ അവരെ ആശംസിക്കുന്നു. ഈ കാര്യങ്ങളെല്ലാം തന്നെ സുവിശേഷത്തിന്റെ അഥവാ അവരുടെ വിശ്വാസത്തിന്റെ സവിശേഷതകളാണ്.

മൂന്ന് എന്ന സംഖ്യ യൂദായുടെ എഴുത്തിന്റെ ഒരു പ്രത്യേകതയാണ്. മൂന്നു കാര്യങ്ങൾ, മൂന്നു രൂപകങ്ങൾ, മൂന്നു തിന്മകൾ എന്നിങ്ങനെ മൂന്നിന്റെ കൂട്ടമായിട്ടാണ് താൻ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എഴുത്തിന്റെ ഉദ്ദേശ്യം

പെട്ടെന്നുതന്നെ തന്റെ എഴുത്തിന്റെ ഉദ്ദേശ്യത്തിലേക്കു കടക്കുന്നു. മിശിഹായിലൂടെ നാം പങ്കിട്ട രക്ഷയെ പര്യവേക്ഷണം ചെയ്യുന്ന ഒരു നീണ്ട ലേഖനം എഴുതുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ ആ പ്രോജക്റ്റ് കാലതാമസം നേരിടുമെന്നതിനാൽ, സഭയെക്കുറിച്ചുള്ള അടിയന്തിര വാർത്തകൾ കേട്ടപ്പോൾ വളരെ ചിന്തനീയവും എന്നാൽ ഹ്രസ്വവുമായ ഈ കത്ത് എഴുതുവാൻ പ്രേരിതനായിത്തീരുകയാണുണ്ടായത്. സഭയിൽ നുഴഞ്ഞുകയറിയ ദുരൂപദേഷ്ടാക്കന്മാരായ അദ്ധ്യാപകരാണ് ഇതിനു കാരണം. വിശ്വാസികൾ എങ്ങനെയാണ് അവരുടെ വിശ്വസത്തിനായി പോരാടേണ്ടത് എന്നല്ല എന്തുകൊണ്ട് അവർ പോരാടണം എന്നാണ് യുദാ പറയുന്നത്. ദുരുപദേഷ്ടാക്കന്മാരുടെ ഉപദേശത്തേക്കാൾ ഉപരി അവരുടെ ജീവിതരീതിയാണ് തന്റെ പോരാട്ടത്തിന്റെ ലക്ഷ്യമായിരിക്കുന്നത്. അവരുടെ ധാർമ്മിക വിട്ടുവീഴ്ചയാണ്, മോശമായ ജീവിതമാണ് അവരുടെ തെറ്റായ വേദശാസ്ത്രത്തിനു ആധാരമായിരിക്കുന്നത്.

ഒന്നാമതായി, പാപത്തിനുള്ള ലൈസൻസായി അവർ ദൈവകൃപയെ വളച്ചൊടിച്ചു. തങ്ങൾ ക്ഷമിക്കപ്പെട്ടുകിട്ടിയവരെന്നും അവർക്ക് ദൈവാത്മാവുണ്ടെന്നും അവർ കരുതുന്നു, അതിനാൽ ഇപ്പോൾ അവർക്ക് എങ്ങനേയും ജീവിക്കാം (licentious living) എന്നവർ കരുതുന്നു; പ്രത്യേകിച്ചും പണവും ലൈംഗികതയും സംബന്ധിച്ച കാര്യങ്ങളിൽ. അതിനാൽ, യേശുവിന്റെ അധികാരവും ഉപദേശങ്ങളും നിരസിച്ചുകൊണ്ട് അവർ അവനെ ഒറ്റിക്കൊടുക്കുന്നുവെന്ന് യൂദാ പറയുന്നു. അവരിൽ നിന്ന് വിശ്വാസികൾ വിട്ടുനിൽക്കാനുള്ള ഒരു നീണ്ട മുന്നറിയിപ്പിലേക്ക് തുടർന്നു താൻ കടക്കുന്നു.

ദുരൂപദേഷ്ടാക്കന്മാരുടെ തിന്മകളും അവർക്കുള്ള മുന്നറിയിപ്പും

ഇത്തരത്തിലുള്ള ദുരൂപദേഷ്ടാക്കൾ പുതിയതല്ലെന്ന് യൂദാ ചൂണ്ടിക്കാണിക്കുന്നു. അതിനായി താൻ 3-4 വാക്യങ്ങളെ 5-7 വാക്യങ്ങളുമായി ബന്ധിപ്പിക്കുന്നു; അവരുടെ സ്വഭാവം പഴയനിയമത്തിൽ നിന്നു തുറന്നുകാണിച്ച് അതിനെ അപലപിക്കുന്ന മൂന്ന് ഉദാഹരണങ്ങളുടെ രണ്ടു സെറ്റുകൾ താൻ മുന്നോട്ടു വെയ്ക്കുന്നു. ആദ്യത്തെ മൂവരും പണ്ട് ദൈവിക നീതിയെ നേരിട്ട വിമതമ്മാരാണ്. ഒന്നാമത്തെ വിഭാഗം യിസ്രായേലിനെ ദൈവം മിസ്രയിമിന്റെ അടിമത്വത്തിൽ നിന്ന് വിടുവിച്ച് കനാൻ ദേശത്തേക്കു കൊണ്ടുപോകുന്ന വഴിയിൽ മരുഭൂമിയിൽ ദൈവത്തിനെതിരെ മത്സരിച്ച ഇസ്രായേല്യരാണ്. അവർ ദൈവത്തിനെതിരെ മത്സരിച്ചുകൊണ്ട് ദൈവത്തെ അവിശ്വസിച്ചതിനാൽ അവരുടെ മത്സരത്തിനു തക്കവണ്ണം പ്രാപിച്ചു. അവർ ഒരിടത്തും എത്താതെ മരുഭൂമിയിൽ മരിച്ചു. രണ്ടാമത്തെ വിഭാഗം, ദൈവത്തിന്റെ നീതിയെ അഭിമുഖീകരിക്കുന്നതുവരെ മത്സരത്തിനായി തടവിലാക്കപ്പെട്ട ദൂതന്മാരെക്കുറിച്ചാണ്. ആദ്യ കൂട്ടരുടെ പ്രശ്നം അവിശ്വാസമായിരുന്നെങ്കിൽ രണ്ടാമത്തെ കൂട്ടരുടെ പ്രശ്നം അഹങ്കാരമാണ്. ഹാനോക്ക് 1 എന്ന പ്രസിദ്ധമായ യഹൂദ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഉല്‌പത്തി 6-ലെ കഥയുടെ വ്യാഖ്യാനത്തെയാണ് യൂദാ പരാമർശിക്കുന്നത്. അവിടെ ദൈവപുത്രന്മാർ ദൈവത്തിനെതിരെ മത്സരിക്കുകയും മനുഷ്യസ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു എന്നു നാം വായിക്കുന്നു. അവിടെ 'ദൈവപുത്രന്മാരെന്ന്' വിശേഷിപ്പിച്ചിരിക്കുന്നത് വീണുപോയ ദൂതന്മാരെയാണ് കുറിക്കുന്നത് എന്ന് ഹാനോക്ക് ഒന്ന് എന്ന പുസ്തകത്തിൽ പരാമർശിക്കുന്നു. അവർ ആരുതന്നെ ആയാലും തങ്ങളുടെ നടപ്പിന്നൊത്തവണ്ണം ന്യായംവിധിക്കായി തടവിലാക്കപ്പെടുകയും ചെയ്തു എന്ന് യൂദാ പറയുന്നു.

ലോത്തിന്റെ ഭവനത്തിലെത്തിയ ദൈവദൂതന്മാരെ, അവിടുത്തെ അക്രമാസക്തരായ പുരുഷന്മാർ സ്വവർഗ്ഗഭോഗത്തിനായി ശ്രമിച്ച ഉല്‌പത്തിയിലെ മൂന്നാമത്തെ കഥയുമായി ഇതിനെ ബന്ധിപ്പിക്കുന്നു. ആ കാലഘട്ടത്തിലെ ജനത്തിന്റെ സ്വവർഗ്ഗസംഭോഗമാണ് സൊദോമിന്റെയും ഗൊമോറയുടെയും നാശത്തിനിടയാക്കിയത്. ഇവിടുത്തെ പ്രശ്നം ജനത്തിന്റെ ധാർമ്മിക അശുദ്ധിയാണ്. ഈ രണ്ട് കഥകളും ദൈവത്തിന്റെ ക്രമത്തിനെതിരെ ലൈംഗിക അധാർമ്മികതയിലേക്ക് നയിച്ച മത്സരത്തെക്കുറിച്ചുള്ളതാണ്. ദുരൂപദേഷ്ട്ടാക്കന്മാരായ അദ്ധ്യാപകർ ഇത്തരത്തിലുള്ള അവിശ്വാസവും, അഹങ്കാരവും അശുദ്ധിയും നിറഞ്ഞവരാണ് എന്ന് യൂദാ പറയുന്നു.

പിന്നീട് "മോശെയുടെ നിയമം" (Testament of Moses) എന്നറിയപ്പെടുന്ന ഒരു യഹൂദ ഗ്രന്ഥത്തിൽ നിന്ന് യൂദാ മറ്റൊരു ഉദാഹരണം കൂടി നൽകുന്നു. ഹാനോക്കിനെപ്പോലെ, ഈ പുസ്തകവും പഴയനിയമഗ്രന്ഥങ്ങളുടെ ഭാഗമായിരുന്നില്ല. " മോശെയുടെ നിയമം " എന്ന പുസ്തകം ആവർത്തന പുസ്തകത്തെ അടിസ്ഥാനമാക്കി മോശെയുടെ അവസാന ദിവസങ്ങളെയും വാക്കുകളെയും ക്രിയാത്മകമായി പുനർവിചിന്തനം ചെയ്യുന്നതാണ്. യൂദാ ഉദ്ധരിച്ച ഈ വിഭാഗത്തിൽ, മോശെ മരിച്ചു, മോശെക്കെതിരായ പിശാചിന്റെ ആരോപണങ്ങളെ നിരാകരിക്കുന്ന ഒരു നല്ല ദൂതൻ ഉണ്ട്, ആ ദൂതന്റെ പേര് മീഖായേൽ എന്നാണ്. മീഖായേൽ ഈ പിശാചിനെതിരെ ഏതെങ്കിലും നിലയിലുള്ള ഒരു ദൂഷണവിധി ഉച്ചരിക്കാതെ ദൈവം പിശാചിനെ ശാസിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് അന്തിമവിധി നൽകാൻ അവൻ ദൈവത്തിന്റെ തീരുമാനത്തിനു വിടുന്നു. ഈ കഥകൾ നിങ്ങൾക്ക് വിചിത്രമായി തോന്നാം, എന്നാൽ ഈ സാഹിത്യകൃതികൾ വായിച്ചു വളർന്നുവന്ന യഹൂദർക്ക്, യൂദയുടെ മുന്നറിയിപ്പുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.

ഇവിടെ പറയുന്ന ദുരൂപദേഷ്ടാക്കൾ ചെയ്യുന്ന മൂന്നു തിന്മകൾ യൂദാ ചൂണ്ടിക്കാണിക്കുന്നു. അവർ "സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു (8)." ദുരൂപദേഷ്ടാക്കന്മാരായ ഈ അദ്ധ്യാപകരുടെ ഇങ്ങനെയുള്ള പെരുമാറ്റത്തിന് പുരാതന വേരുകളുണ്ട്: ദൈവത്തിന്റെ അധികാരത്തിനെതിരായ മത്സരം, ലൈംഗിക അധാർമ്മികത, ദൈവദൂതന്മാരെ നിരസിക്കൽ എന്നിവ അതിനു വേരുകളാണ്.

ഇത് ഉദാഹരണങ്ങളുടെ രണ്ടാമത്തെ ത്രയങ്ങളുമായി (trio) ബന്ധിപ്പിക്കുന്നു. മറ്റുള്ളവരെ ദുഷിപ്പിക്കാൻ പോയ വിമതരെക്കുറിച്ചാണ് ഈ രണ്ടാമാത്തെ സെറ്റ്. കയീൻ തന്റെ സഹോദരനായ ഹാബേലിനെ കൊന്നു, പിന്നീട് "അവൻ ഒരു പട്ടണം പണിതു, ഹാനോൿ എന്നു തന്റെ മകന്റെ പേരിട്ടു" (ഉല്പ്ത്തി 4:17). മന്ത്രവാദിയായ ബിലെയാം, ഇസ്രായേലിനെ ശപിക്കാൻ എത്തി; എന്നാൽ അവനു അതു കഴിഞ്ഞില്ല, അതിനാൽ വിഗ്രഹാരാധനയിലേക്കും ലൈംഗിക അഴിമതിയിലേക്കും അവൻ യിസ്രായേലിനെ ആകർഷിച്ചു. ലേവ്യനായ കോരഹ് മോശെക്കെതിരെ ഒരു കലാപം നയിച്ചു. ഇങ്ങനെ അധികാരങ്ങളോടു മത്സരിച്ചു. ഈ കൂട്ടരോടാണ് യൂദാ ഈ ദുരൂപദേഷ്ടാക്കന്മാരെ ഉപമിക്കുന്നത്.

പിന്നീട് യൂദാ ഈ അദ്ധ്യാപകരെ വിവരിക്കുന്നതിനായി പഴയനിയമത്തിൽ നിന്നുതന്നെയുള്ള മറ്റൊരു മൂവരുടെ വാഗ്മയചിത്രം നൽകുന്നു. അവർ യെഹെസ്‌കേൽ പുസ്തകത്തിലെ "സ്വാർത്ഥ ഇടയന്മാരെപ്പോലെയും", സദൃശ്യവാക്യങ്ങളിലെ "മഴയില്ലാത്ത മേഘങ്ങളെപ്പോലെയും", യെശയ്യാവിൽ നിന്നുള്ള "അസ്വസ്ഥമായ തിരമാലകളെപ്പോലെ"യുമാണ്. അവരുടെ സ്വാർത്ഥപൂർണ്ണമായ ജീവിതം യേശുവിനെ അനുഗമിക്കുന്നു എന്ന അവരുടെ അവകാശവാദത്തെ നിഷേധിക്കുന്നു. അവർ എവിടെ പോയാലും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു.

അവർക്ക് മുന്നറിയിപ്പുകളുടെ (warnings) രണ്ടു ത്രയങ്ങൾ മുന്നോട്ടു വെയ്ക്കുന്നു. ഒന്ന് പുരാതനകാലത്തേതും, രണ്ട് സമീപകാലത്തേതും. ആദ്യത്തെ മുന്നറിയിപ്പ് എടുത്തിരിക്കുന്നത് ഹാനോക്ക് ഒന്നാം പുസ്‌തകത്തിൽ നിന്നു തന്നെയാണ്. പുരാതന വ്യക്തിത്വമായ ഉല്‌പത്തി പുസ്തകത്തിലെ ഹാനോക്കിന്റെ ദർശനങ്ങളാണ് ഇവ എന്ന് അവകാശപ്പെടുന്നു. മനുഷ്യരുടെ തിന്മയെക്കെതിരെ കർത്താവിന്റെ നീതിയുടെ "അവസാന നാളിനെ" ക്കുറിച്ചുള്ള അര ഡസനോളം പഴയനിയമവാക്യങ്ങൾ ഹാനോക്കിന്റെ പ്രാരംഭ അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ നിന്നാണ് യൂദാ ഇക്കാര്യങ്ങൾ ഉദ്ധരിക്കുന്നത്. ഹാനോക്കിന്റെ പുരാതന മുന്നറിയിപ്പുകൾ അപ്പോസ്തലന്മാരുടെ മുന്നറിയിപ്പുമായി പൊരുത്തപ്പെടുന്നവയാണ്. പത്രോസ്, യോഹന്നാൻ, പൗലോസ് എന്നിവരെല്ലാം പ്രവചിച്ചത് അഴിമതിക്കാരായ അദ്ധ്യാപകർ യേശുവിനെക്കുറിച്ചുള്ള സുവിശേഷം വളച്ചൊടിക്കുകയൊ വികലമാക്കുകയൊ ചെയ്യുമെന്ന് മുന്നറിയിക്കുന്നു. വാസ്തവത്തിൽ, അതേ കാര്യത്തെക്കുറിച്ചുള്ള യേശുവിന്റെ പരസ്യജീവിതകാലത്തെ മുന്നറിയിപ്പിനെ അവർ പ്രതിധ്വനിക്കുകയായിരുന്നു. അതിനാൽ സഭ ഈ ദുരൂപദേഷ്ടാക്കന്മാരെ കൈകാര്യം ചെയ്യണം.

വിശ്വാസത്തിനുവേണ്ടി പോരാടുക

പിന്നീട് യൂദാ തന്റെ സമാപന ചുമതലയിലേക്ക് നീങ്ങുന്നു. വിശ്വാസത്തിനുവേണ്ടി പോരാടുന്നതിനെക്കുറിച്ചുള്ള തന്റെ പ്രാരംഭ വാക്യം അദ്ദേഹം എടുക്കുന്നു, കൂടാതെ രസകരമായ ഒരു കൂട്ടം രൂപകങ്ങൾ ഉപയോഗിച്ചാണ് അത് എങ്ങനെ ചെയ്യാമെന്ന് അദ്ദേഹം തുറന്നു കാണിക്കുന്നത്. യേശുവിന്റെ സമൂഹത്തെ ദൈവത്തിന്റെ പുതിയ ആലയം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. അതിനാൽ അവർ തങ്ങളുടെ ജീവിതം പവിത്രമായ വിശ്വാസത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുക്കണം; അതായത്, യേശുവിന്റെ ജീവിതം, മരണം, തങ്ങളുടെ പാപങ്ങൾക്കായുള്ള പുനരുത്ഥാനം എന്നിങ്ങനെ സുവിശേഷത്തിന്റെ കേന്ദ്ര സന്ദേശത്തെ ആധാരമാക്കി അവരുടെ വിശ്വാസജീവിതം പണിയപ്പെടണം. ഈ ഒരു അടിസ്ഥാനത്തിൽ നിന്നുകൊണ്ട്, പരിശുദ്ധാത്മാവിൽ പ്രാർത്ഥനയ്ക്കായ് സ്വയം സമർപ്പിച്ചും, ദൈവസ്നേഹത്തിൽ സൂക്ഷിച്ചും, നിത്യജീവനായി കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നുംകൊണ്ട് നിങ്ങളെത്തന്നെ സൂക്ഷിക്കുവാൻ യൂദാ ആഹ്വാനം ചെയ്യുന്നു. ഇത് ചെയ്യുന്നതിലൂടെ, യേശുവിനോട് വിശ്വസ്തത പുലർത്താൻ ഒരോരുത്തരും പരസ്പരം സഹായിക്കുക. തന്റെ ജനത്തെ സംരക്ഷിക്കുകയും തന്റെ കൃപയിൽ നിന്ന് വ്യതിചലിക്കാതിരിക്കയും ചെയ്യുന്ന ദൈവത്തെ സ്തുതിച്ചുകൊണ്ട് യൂദാ തന്റെ ലേഖനം അവസാനിക്കുന്നു.

നിശബ്ദകാല സാഹിത്യരചനകളുടെ സ്വാധീനം
യഹൂദയുടെ ഹ്രസ്വമായ കത്ത് പല ആധുനിക വായനക്കാരേയും അമ്പരപ്പിക്കുന്നു. 'ഹാനോക്ക് ഒന്ന്' അല്ലെങ്കിൽ 'Testament of Moses' പോലെ എബ്രായ ബൈബിളിന്റെ ഭാഗമായി കണക്കാക്കപ്പെടാത്ത പുസ്തകങ്ങളിൽ നിന്ന് അദ്ദേഹം ഉദ്ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുന്നു. ഈ കാലഘട്ടത്തിൽ ഇതുപോലെയുള്ള മതഗ്രന്ഥങ്ങളിൽ യഹൂദ സംസ്കാരം മുഴുകിയിരുന്നു എന്ന് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. യേശുവിന്റെ കുടുംബവും, ആദ്യകാല യഹൂദ ക്രിസ്ത്യാനികളുമൊക്കെ, എബ്രായ ബൈബിൾ വായിക്കുന്നതിനൊപ്പം തിരുവെഴുത്തുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ പിൽക്കാലത്തെ പുസ്തകങ്ങളുമൊക്കെ വായിച്ചിരുന്നു. Intertestamental കാലഘട്ടങ്ങളിൽ എഴുതിയ ഇത്തരം പുസ്തകങ്ങളെ തിരുവെഴുത്തുകളായി കാണണോ വേണ്ടയോ എന്നതിനെക്കുറിച്ച് വളരെ സംവാദങ്ങൾ നടന്നതായി നമുക്കറിയാം. എന്നാൽ ഇവ പരിഗണിക്കപ്പെടുന്നത് യൂദായുടെ പുസ്തക പഠനത്തിൽ വളരെ സഹായകരമാണ്.

അപ്പോക്രിഫ ഗ്രന്ഥങ്ങളും (deutero cannon) pseudipigrapha ഗ്രന്ഥങ്ങളും അന്നത്തെ സംസ്ക്കാരം മനസ്സിലാക്കുവാൻ വളരെ ഉപകരിക്കുന്ന ഗ്രന്ഥങ്ങളാണ്. ഇവയെല്ലാം ജൂത-ക്രിസ്ത്യൻ സമുദായങ്ങളിൽ സംരക്ഷിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തുപോന്നിരുന്നു. എന്നാൽ അവ യഥാർത്ഥത്തിൽ എബ്രായ ബൈബിളിന്റെ ഭാഗമായാണ് രൂപകൽപ്പന ചെയ്തതെന്ന് ഇതിനർത്ഥമില്ല, പക്ഷേ അവ ബൈബിൾ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഒന്ന് ഹാനോക്കിൽ നിന്നുള്ള വാക്കുകൾ തന്റെ വായനക്കാർ വിലമതിക്കുമെന്ന് അറിഞ്ഞുകൊണ്ട്, തന്റെ സന്ദേശം ആശയവിനിമയം നടത്താൻ യൂദാ അവയെ ഉപയോഗിച്ചു.
യേശുവിലൂടെയുള്ള ദൈവകൃപ നമ്മുടെ ബൗദ്ധിക സമ്മതം മാത്രമല്ല നമ്മിൽ നിന്നു ആവശ്യപ്പെടുന്നത് പിന്നെയൊ ഒരു ജീവിത പ്രതികരണം കൂടിയാണ് നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. യൂദാ വ്യാജ അദ്ധ്യാപകരുടെ ദൈവശാസ്ത്രത്തെ വിമർശിക്കുകയോ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നില്ല, മറിച്ച് അവരുടെ അധാർമിക ജീവിതരീതിയെയാണ് താൻ വിമർശിക്കുന്നത്; കാരണം അത് യേശുവിനെ നിഷേധിക്കുന്നു. അതിനാൽ യേശു തന്റെ ശിഷ്യന്മാരോട് ആദ്യം പറഞ്ഞ കാര്യങ്ങൾ യഹൂദ ഇവിടെ പ്രയോഗിക്കുന്നു: "നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കൽപ്പനകളെ പ്രമാണിക്കും." ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നതാണ് നിങ്ങൾ യഥാർത്ഥത്തിൽ എന്താണ് വിശ്വസിക്കുന്നത് എന്നതിന്റെ അടയാളമായിരിക്കുന്നത്. യൂദയുടെ ലേഖനത്തിന്റെ ഒരു വിഹഗവീക്ഷണം ഇതാണ്.
*******

© 2020 by P M Mathew, Cochin

bottom of page