
നിത്യജീവൻ

O T Overview_Exodus-04
(19-40 വരെ അദ്ധ്യായങ്ങൾ)
The Book of Exodus (Party 2)
പുറപ്പാടു പുസ്തകം (ഭാഗം 2)
പുസ്തകത്തിന്റെ രൂപകല്പന
19-40 വരെ അദ്ധ്യായങ്ങളാണ് ഈ ഭാഗത്തുള്ളത്. 19-24വരെ അദ്ധ്യായങ്ങളിൽ ദൈവം യിസ്രായേലുമായി ബന്ധപ്പെടുന്നതിനെ സംബന്ധിച്ച ഉടമ്പടി വ്യവസ്ഥകളാണ്. 25-31വരെ അദ്ധ്യായങ്ങൾ ദൈവം വസിക്കുവാൻ ഇഛിക്കുന്ന സാക്ഷ്യകൂടാരത്തിന്റെ വിശദാംശങ്ങൾ വിവരിക്കുന്നു. 35-40 വരെ അദ്ധ്യായങ്ങൾ മോശെ സാക്ഷ്യകൂടാരം നിർമ്മിക്കതിനെ സംബന്ധിച്ചും ദൈവത്തിന്റെ സാന്നിദ്ധ്യം അതിന്മേൽ ഇറങ്ങിവരുന്നതിനെ സംബന്ധിച്ചും എന്നാൽ മോശെയ്ക്ക് ആ കൂടാരത്തിൽ പ്രവേശിക്കുവാൻ കഴിയാതെപോയതുമായ കാര്യങ്ങൾ വിവരിക്കുന്നു.
1. യിസ്രായേലുമായുള്ള ദൈവത്തിന്റെ ഉടമ്പടി ബന്ധം (Covenant relationship of God with Israel).
ഉടമ്പടിയിലെ നിബന്ധനകൾ ഇസ്രായേൽ അനുസരിക്കുന്നുവെങ്കിൽ, അവർ ദൈവത്തിന്റെ നിയമങ്ങളും പഠിപ്പിക്കലും നീതിയും കൊണ്ട് രൂപപ്പെടുകയും അവർ ദൈവത്തിനു പുരോഹിതരാജ്യമായി മാറുകയും ചെയ്യും. അതായത്, അവർ ദൈവത്തിന്റെ പ്രതിനിധികളായിത്തീരുകയും മറ്റുജനതകൾക്കു ദൈവം വാസ്തവത്തിൽ എങ്ങനെയുള്ള വ്യക്തിയാണെന്ന് കാണിക്കുകയും ചെയ്യും. ഇതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. ഇസ്രായേൽ ജനത ഈ ഓഫർ ആകാംക്ഷയോടെ സ്വീകരിക്കുന്നു, അതിനാൽ ദൈവത്തിന്റെ സാന്നിദ്ധ്യം സീനായി പർവതത്തിന് മുകളിൽ മേഘത്തിന്റെയും മിന്നലിന്റെയും ഇടിമുഴക്കത്തിന്റെയും രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. മോശെ അവരുടെ പ്രതിനിധിയായി പർവ്വതത്തിനു മുകളിലേക്കു പോവുകയും ഉടമ്പടിയുടെ അടിസ്ഥാന നിബന്ധനകളായ പ്രസിദ്ധമായ പത്തു കൽപ്പനകൾ, ദൈവത്തിൽ നിന്നു സ്വീകരിക്കുകയും ചെയ്യുന്നു. ഇവ ഇസ്രായേല്യരും ദൈവവും, എങ്ങനെ പരസ്പരം ബന്ധപ്പെടാൻ പോകുന്നു എന്ന ഒരു ഉടമ്പടിയുടെ അടിസ്ഥാന നിബന്ധനകൾ പോലെയാണ്. ഇതിനുശേഷം ആദ്യത്തെ 10 കൽപ്പനകൾ നിവൃത്തിക്കുന്നതിനോടുള്ള ബന്ധത്തിൽ കൂടുതൽ വിശദമായ കൽപ്പനകളുടെ മറ്റൊരു ശേഖരം നൽകുന്നു. ഇസ്രായേലിന്റെ ആരാധനയെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും അവർ എങ്ങനെ ഒരുമിച്ച് ജീവിക്കണം എന്നതിനെക്കുറിച്ചും ഉള്ള നിയമങ്ങൾ അതിലുണ്ട്; ഇവയെല്ലാം ഇസ്രായേലിനെ മറ്റ് ജാതികളിൽ നിന്ന് വ്യത്യസ്തമായ നീതിയുടെയും ഔദാര്യത്തിന്റെയും രാഷ്ട്രമായി രൂപപ്പെടുത്തുന്നു. അതിനാൽ മോശെ ഈ നിയമങ്ങളെല്ലാം എഴുതുകയും അവ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു, അവർ ദൈവവുമായുള്ള ഈ ഉടമ്പടിയിൽ പ്രവേശിക്കാൻ വീണ്ടും ആകാംക്ഷയോടെ സമ്മതിക്കുന്നു. അവർ അങ്ങനെ ദൈവത്തിന്റെ പ്രമാണങ്ങളെ അനുസരിച്ചു മുന്നോട്ടുപോയാൽ, ദൈവം ആ ബന്ധത്തെ മറ്റൊരു പടിയിലേക്കുയർത്തും. ദൈവത്തിന്റെ വിശുദ്ധവും ദിവ്യവും നല്ലതുമായ സാന്നിദ്ധ്യം യിസ്രായേലിന്റെ മദ്ധ്യേ വസിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് ദൈവം മോശെയോടു പറയുന്നു. അതു ദൈവത്തിന്റെ ഉടമ്പടി വാഗ്ദത്തത്തിന്റെ മറ്റൊരു വശമാണ്. ഏദന്തോട്ടത്തിൽ വെച്ചുള്ള മനുഷ്യന്റെ മത്സരത്തിനുശേഷം ദൈവസാന്നിദ്ധ്യത്തിലേക്കുള്ള മനുഷ്യന്റെ പ്രവേശനം നഷ്ടമായി എന്നു നാം ഇത്തരുണത്തിൽ ഓർക്കുക. എന്നാൽ ഇപ്പോൾ അബ്രഹാമിന്റെ കുടുംബത്തിലൂടെ ദൈവത്തിന്റെ ഉടമ്പടി ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഇതാ വീണ്ടും ദൈവിക സാന്നിദ്ധ്യം പ്രാപ്യമാകാൻ പോകുന്നു. ആദ്യം ഇസ്രായേലിനൊപ്പവും അതിനു ശേഷം, പിന്നീടൊരിക്കൽ മറ്റുള്ള എല്ലാ ജനതകളിലേക്കും അത് വ്യാപിക്കും.
2. സമാപനകൂടാരം ദൈവിക സാന്നിദ്ധ്യത്തെ ഉറപ്പിക്കുന്നു (The Tabernacle confirms God's presence)
അതിനാൽ, ദൈവിക സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന സമാപനകൂടാരത്തിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് തുടർന്നുള്ള ഏഴ് അധ്യായങ്ങളിൽ നാം കാണുന്നത്. ഒരു പ്രാകാരം അതിനകത്ത് ഒരു യാഗപീഠം, അതിന്റെ മദ്ധ്യഭാഗത്ത് കൂടാരം അതിനോടു ചേർന്ന്, ഒരു ബാഹ്യമുറിയും പിന്നെ ഒരു ആന്തരിക മുറിയും: ഈ ആന്തരീകമുറിക്കു അതി വിശുദ്ധ സ്ഥലം എന്ന് പേർ, അതിനുള്ളിൽ ദൈവത്തിന്റെ ഉടമ്പടി വ്യവസ്ഥയായ പത്തു കൽപ്പന വെച്ചിരിക്കുന്ന ഒരു സ്വർണ്ണപ്പെട്ടി. അതിനു മുകളിൽ കെരൂബുകൾ ചിറകു വിടർത്തിനില്ക്കുന്നു. ഇവിടെയാണ് വാസ്തവത്തിൽ ദൈവിക സാന്നിധ്യത്തിന്റെ ഹോട്ട് സ്പോട്ട്. ഇപ്പോൾ, ഈ അധ്യായങ്ങളിൽ ധാരാളം വിശദാംശങ്ങൾ നൽകുന്നുണ്ട്, അവയ്ക്ക് ഓരോന്നിനും ഓരോ പ്രതീകാത്മക മൂല്യവുമുണ്ടെന്ന് നാം അറിഞ്ഞിരിക്കുക. കൊത്തുപണിയായി ഉണ്ടാക്കിയിട്ടുള്ള എല്ലാ പുഷ്പങ്ങളും, മാലാഖമാരും, സ്വർണ്ണവും, ആഭരണങ്ങളും - എല്ലാം പ്രതിധ്വനിപ്പിക്കുന്നത് ഏദെൻതോട്ടത്തിലേക്കാണ്; അവിടെയായിരുന്നുവല്ലോ ആദ്യം ദൈവവും മനുഷ്യരും വളരെ ആഴമായ ബന്ധത്തിൽ ഒന്നിച്ചു വസിച്ചത്. കൂടാരം, എടുത്തുകൊണ്ട് നടക്കാൻ കഴിയുന്ന ഒരു ഏദെൻ പോലെയാണ് എന്നു പറയാം. താത്വികമായി പറഞ്ഞാൽ, ദൈവത്തിനും ഇസ്രായേലിനും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന സ്ഥലമാണ് ഇത്; കാരണം ഇവിടെവെച്ചാണല്ലൊ ആ ഒരു ബന്ധത്തിനു ഹാനി സംഭവിച്ചത്. മോശെ കൂടാരത്തിന്റെ ബ്ലൂപ്രിന്റുകൾ ദൈവത്തിൽ സ്വീകരിക്കുമ്പോൾ, താഴെ നിന്നിരുന്ന യിസ്രായേൽജനം അക്ഷമരായിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് അവർ മൊശെയുടെ സഹോദരനായ അഹറോനോട് തങ്ങളെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നു രക്ഷിച്ച ദൈവത്തെ ആരാധിക്കേണ്ടതിന് സ്വർണ്ണംകൊണ്ടുള്ള ഒരു കാളക്കുട്ടിയെ-ഒരുവിഗ്രഹം- ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ, ഓർക്കുക ഇതേസമയം ദൈവത്തിന്റെ സാന്നിധ്യം അവിടെത്തന്നെ പർവതത്തിന് മുകളിലുണ്ട്; അതവർക്കു കാണാനും കഴിയും. എന്നാൽ ഇവിടെ അവർ സമ്മതിച്ച ഉടമ്പടിയുടെ ആദ്യ രണ്ട് കൽപ്പനകൾ- യഹോവയല്ലാതെ മറ്റൊരു ദൈവമുണ്ടാകരുത്, ഒരു വിഗ്രഹം ഉണ്ടാക്കരുത് - ലംഘിക്കുന്നു. ഇനി നടക്കുന്ന കാര്യങ്ങൾ ശരിക്കും പ്രധാനപ്പെട്ടതാണ്. ചുവടെ സംഭവിക്കുന്നതെന്താണെന്ന് ദൈവത്തിനറിയാം. അതിനാൽ അവൻ ആദ്യം മോശെയെ സ്വന്തം കോപവും വേദനയും അറിയിക്കുന്നു. താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മോശയോട് പറയുന്നു, അതായത്, താൻ ഇസ്രായേലിനെ തുടച്ചുനീക്കാൻ പോകുന്നു. എന്നാൽ മോശെ ദൈവത്തിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ യിസ്രായേൽ ജനത്തിനുവേണ്ടി മദ്ധ്യസ്ഥത കഴിക്കുന്നു. മോശെ പറഞ്ഞു: ഒന്നാമതായി, ഇസ്രായേലിനെ നശിപ്പിച്ചാൽ അബ്രഹാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടി വാഗ്ദാനങ്ങളിൽ നിന്നു താൻ പിന്മാറി എന്നു വരും. രണ്ടാമതായി, ദൈവത്തിന്റെ നാമത്തിന്റെ പ്രശസ്തി ജാതികൾക്കിടയിൽ ദുഷിക്കപ്പെടും. ദൈവം തന്റെ സ്വന്തം ജനത്തെ നശിപ്പിക്കുന്നത് ജാതികൾ കണ്ടാൽ അവർ എന്ത് ചിന്തിക്കും? അതുകൊണ്ടു തന്റെ ജനത്തെ നശിപ്പിക്കരുത് എന്ന് മോശെ അപേക്ഷിക്കുന്നു. ഏതായാലും ദൈവം മോശെയുടെ മധ്യസ്ഥത സ്വീകരിച്ചു. വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിച്ചവരുടെ മേൽ ദൈവം ന്യായവിധി നടത്തുകയും, ശേഷിക്കുന്ന ജനതയോടു മൊത്തത്തിൽ താൻ ക്ഷമിക്കുകയും, തന്റെ ഉടമ്പടി പുതുക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
3. യഹോവയായ ദൈവം എങ്ങനെയുള്ളവൻ (What is Jehovah God like?)
കഥയിലെ ഈ ഘട്ടത്തിലാണ് ദൈവം ആദ്യമായി മോശെയോട് സ്വന്തം സ്വഭാവം വിവരിക്കുന്നത്. ദൈവം പറയുന്നു, “യഹോവയായ ദൈവം കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിനു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെവിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമെലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.” അതിനാൽ നമുക്ക് ഇവിടെ ഒരു ടെൻഷൻ അഥവാ പിരിമുറുക്കമുണ്ട്: ദൈവം കരുണ നിറഞ്ഞവനാണ് എങ്കിൽ അവൻ തിന്മയെ നേരിടണം എങ്കിൽ മാത്രമെ ദൈവം നല്ലവൻ എന്നു പറയാൻ കഴിയു. എല്ലാറ്റിനുമുപരിയായി, ദൈവം തന്റെ വാഗ്ദാനങ്ങളോട് വിശ്വസ്തനാണ്, അതിനർത്ഥം, തികച്ചും വിശ്വസ്തതയില്ലാത്ത ഒരു ജനതക്കുവേണ്ടി, ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നുവെന്നാണ് താൻ പറയുന്നത്. ഇതു മൊശെ അറിയണം. അതിനാൽ, ഇസ്രായേലുമായുള്ള തന്റെ ഉടമ്പടി പുതുക്കിയ ശേഷം, മുന്നോട്ട് പോയി കൂടാരം പണിയാൻ ദൈവം മോശെയെ നിയോഗിക്കുന്നു.