
നിത്യജീവൻ

O T Overview_Genesis 01
(1-11 വരെ അദ്ധ്യായങ്ങൾ)
The Book of Genesis (Part 1)
ഉൽപ്പത്തി പുസ്തകം (ഭാഗം 1)
പുസ്തകത്തിന്റെ എഴുത്തുകാരനും എഴുതിയ കാലഘട്ടവും
മോശയാണ് ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളുടെ രചയിതാവ്. സൃഷ്ടിപ്പിനെക്കുറിച്ചും തുടർന്നുള്ള മനുഷ്യകുലത്തിന്റെ ഗതിവിഗതികളെക്കുറിച്ചുമുള്ള വെളിപ്പാട് മോശെ ഏകനായി ദൈവത്തോടൊപ്പം ചിലവഴിച്ച സമയങ്ങളിൽ പ്രാപിച്ചു എന്നു വിശ്വസിക്കാം.
മുൻകാല നിത്യതയാണ് ആരംഭവാക്യങ്ങളുടെ പശ്ചാത്തലം. ദൈവിക വചനത്താലും സൃഷ്ടിപ്പിൻ പ്രവൃത്തിയാലും ദൈവം സകലത്തേയും ഉളവാക്കി. ഉൽപ്പത്തിയിലെ ആരംഭ സംഭവങ്ങളുടെ പശ്ചാത്തലം മെസൊപൊത്ത്യാമ്യയാണ്. സൃഷ്ടിപ്പ് മുതൽ BC 2090 വരെ മെസൊപൊത്ത്യാമ്യയിലും, BC 2090 മുതൽ BC 1897 വരെ വാഗ്ദത്തനാട്ടിലും, BC 1897 മുതൽ BC 1840 വരെ മിസ്രയിമിലും നടന്ന കാര്യങ്ങളാണ് ഉൽപ്പത്തി പുസ്തകത്തിൽ മൊത്തം രേഖപ്പെടുത്തിയിരിക്കുന്നത്.
പുസ്തകത്തിന്റെ രൂപകല്പന
1-11 വരെ അദ്ധ്യായങ്ങളാണ് ഈ ഭാഗത്തുള്ളത് 1-2 അദ്ധ്യായങ്ങൾ ദൈവത്തിന്റെ സൃഷ്ടിയെക്കുറിച്ചും മനുഷ്യന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. 4-9 വരെ അദ്ധ്യായങ്ങളിൽ മനുഷ്യന്റെ തിന്മ പതിന്മടങ്ങായി വർദ്ധിക്കുന്നതും ജലപ്രളയത്താൽ ദൈവം അതിനെ നശിപ്പിച്ച് നോഹയെ പുതിയ ആദാമായി തെരഞ്ഞെടുത്തുകൊണ്ട് പുതിയ തുടക്കം കുറിക്കുന്നു. 10-11 ദൈവത്തോടുള്ള മത്സരത്തിന്റെ അടയാളമായി ബാബേൽ ഗോപുരം നിർമ്മിക്കുന്നതും ജനങ്ങൾ ഭാഷാകലക്കത്തെ തുടർന്ന് ചിതറിപോകുന്നതും വിവരിക്കുന്നു.
1. ദൈവം സൃഷ്ടി നടത്തുന്നു (God creates)
ദൈവം ഉണ്ട് എന്നും ദൈവമാണ് സൃഷ്ടി നടത്തിയത് എന്ന അനുമാനത്തിലാണ് ഒന്നാം വാക്യം ആരംഭിക്കുന്നത്. "1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. “2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു” (1:1-2). ഒന്നാം അദ്ധ്യായത്തിന്റെ രണ്ടാം വാക്യത്തിൽ വിവരിച്ചിരിക്കുന്ന അന്ധകാരത്തിനും ക്രമമില്ലാത്ത (പാഴായ) അവസ്ഥയ്ക്കും ദൈവം വ്യത്യാസം വരുത്തി അതിനും ക്രമവും സൗന്ദര്യവും വരുത്തിക്കൊണ്ടാണ് സൃഷ്ടി ആരംഭിക്കുന്നത്. അതായത്, പാഴും ശൂന്യവുമായ അവസ്ഥയിൽ നിന്ന് ജീവൻ തഴച്ചുവളരാൻ കഴിയുന്ന ഒരു നല്ല ലോകത്തെ ദൈവം സൃഷ്ടിക്കുന്നു. പിന്നെ ദൈവം തന്റെ “സ്വരൂപത്തിലും സാദൃശ്യത്തിലും” മനുഷ്യനെ സൃഷ്ടിക്കുന്നു. ദൈവം അവരെ “ആദാം” എന്ന് വിളിച്ചു, ആദാം എന്ന എബ്രായ വാക്കിന്റെ അർത്ഥം “മനുഷ്യൻ” എന്നാണ്. ദൈവം ‘അവരെ’ തന്റെ 'സ്വരൂപ'ത്തിലാണ് സൃഷ്ടിച്ചത് എന്നത് അത്യന്തം പ്രാധാന്യമർഹിക്കുന്നു. അത് ദൈവത്തിന്റെ വകയായ ലോകത്ത്, അവർക്കുള്ള ധർമ്മവും ലക്ഷ്യവുമായി അവരെ ബന്ധിപ്പിക്കുന്നു.
2. ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കുന്നു (God creates man in his own image)
ദൈവം മനുഷ്യരെ തന്റെ സ്വരൂപത്തിൽ (image) സൃഷ്ടിച്ചത്, ദൈവത്തിന്റെ സ്വഭാവത്തെ ലോകത്തു പ്രതിഫലിപ്പിക്കുന്ന തിനാണ്. ദൈവത്തിനുവേണ്ടി അവന്റെ പ്രതിനിധികളായി ദൈവത്തിന്റെ ലോകത്തെ ഭരിക്കുന്നതിനായി അവർ നിയമിക്കപ്പെടുന്നു. അതിന്റെ അർത്ഥം ലോകത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുക, അതിനെ പരിപാലിക്കുക, ജീവിതം കൂടുതൽ തഴച്ചുവളരാൻ കഴിയുന്ന ഒരു സ്ഥലമാക്കുക. ദൈവം ഈ നിലയിൽ മനുഷ്യരെ അനുഗ്രഹിക്കുന്നു. ‘അനുഗ്രഹം’ (blessing) എന്നത് ഉൽപ്പത്തി പുസ്തകത്തിലെ ഒരു താക്കോൽ വാക്കാണ്. “Blessed is the man who trusts in the Lord, whose trust is the Lord. He is like a tree planted by water, that sends out its roots by the stream, and does not fear when heat comes, for its leaves remain green, and is not anxious in the year of drought, for it does not cease to bear fruit” (Jer. 17:7-8). ദൈവം അവരെ വളരെ മനോഹരമായ തോട്ടത്തിൽ ആക്കുന്നു. ഈ പുതിയ ലോകത്തെ പണിയുവാൻ ദൈവം അവിടെയാണ് അവരെ ആക്കിവെച്ചത്.
പുതിയലോകം കെട്ടിപ്പടുക്കുന്നതിനുവേണ്ടി, അവർ എങ്ങനെ മുന്നോട്ടു പോകണം എന്നതിനെ സംബന്ധിച്ച് ഒരു തെരഞ്ഞെടുപ്പു ആവശ്യമായിരുന്നു. ഇതു വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്, അത് നന്മ-തിന്മകളുടെ അറിവിന്റെ വൃക്ഷത്താൽ പ്രതിനിധീകരിക്കപ്പെടുന്നു. ഈയൊരു പോയിന്റുവരെ, ദൈവമാണ് "നന്മയും തിന്മയും" നിർവചിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ദൈവം മനുഷ്യർക്ക് മാന്യതയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നു. അവർ നന്മ-തിന്മയെ കുറിച്ചുള്ള ദൈവത്തിന്റെ നിർവചനത്തെ വിശ്വസിക്കുമൊ അതോ സ്വയം-ഭരണാധികാരം പിടിച്ചെടുത്ത്, തങ്ങൾതന്നെ നന്മയും തിന്മയും നിർവചിക്കുമോ? നഷ്ടസാദ്ധ്യത അഥവാ അപകട സാദ്ധ്യത ഏറെയുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. സ്വയം-ഭരണാവകാശം പിടിച്ചെടുക്കുക എന്നാൽ ദൈവത്തിനെതിരെ മത്സരിക്കുക എന്നാണ്. അതായത്, ദൈവത്തെ ആശ്രയിക്കാതെ, ദൈവത്തെ അനുസരിക്കാതെ കുറച്ചുകൂടി സ്പെസിഫിക്കായി പറഞ്ഞാൽ ദൈവത്തെ വിശ്വസിക്കാതെ 'നന്മ-തിന്മകളെ സ്വയം തീരുമാനിക്കുക'. ദൈവത്തോടു ഈ നിലയിൽ മത്സരിക്കുക എന്നാൽ മരണത്തെ സ്വീകരിക്കുക എന്നതാണ്, കാരണം അവർ ജീവൻ നൽകുന്നവനിൽ നിന്നുതന്നെ അകന്നുപോകുന്നു. ഇതാണ് ഏദൻ തോട്ടത്തിലെ ജീവ-വൃക്ഷം പ്രതിനിധീകരിച്ചത്.
മൂന്നാം അധ്യായത്തിൽ, ഒരു നിഗൂഡജീവി പാമ്പിന്റെ രൂപത്തിൽ കഥയിൽ പ്രവേശിക്കുന്നു. ദൈവം സൃഷ്ടിച്ച ഒരു സൃഷ്ടിയെന്നല്ലാതെ ഈ ജീവിയെക്കുറിച്ച് മറ്റു വിശദീകരണങ്ങളൊന്നും ഇവിടെ നൽകിയിട്ടില്ല. ഇത്, ദൈവത്തിനെതിരെ മത്സരിക്കുന്ന ഒരു സൃഷ്ടിയാണെന്നും മനുഷ്യരെ മത്സരത്തിലേക്കും മരണത്തിലേക്കും നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാവുന്നു. വൃക്ഷത്തെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചും പാമ്പ് വ്യത്യസ്തമായ ഒരു കഥ മനുഷ്യരോടു പറയുന്നു. നന്മയുടെയും തിന്മയുടെയും അറിവ് പിടിച്ചെടുത്താൽ നിങ്ങൾ മരിക്കയില്ലെന്നും മറിച്ച്, അതു യഥാർത്ഥത്തിൽ ജീവനിലേക്കുള്ള വഴിയായി അവർ ദൈവത്തെപ്പോലെ ആകും എന്ന് അവൻ അവരെ ധരിപ്പിക്കുന്നു.
എന്നാൽ ഇതിന്റെ പരിണതഫലം വളരെ ദാരുണമാണ്; കാരണം മനുഷ്യനെ ദൈവത്തിന്റെ "സാദൃശ്യത്തിലും സ്വരൂപ"ത്തിലാണ് സൃഷ്ടിച്ചത്. ആ നിലയിൽ അവർ ദൈവത്തെ പോലെയാണെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. പക്ഷേ പാമ്പ് അവരുടെ ഹൃദയത്തിൽ സംശയം ജനിപ്പിക്കയും ദൈവം അവരിൽ നിന്നും നന്മയെ പിടിച്ചുവെച്ചിരിക്കുന്നു എന്ന ധാരണ ഹൃദയത്തിൽ നൽകയും ചെയ്യുന്നു.
ഈ തന്ത്രം തന്നെയാണ് സാത്താൻ യേശുക്രിസ്തുവിനു നേരേയും പ്രയോഗിച്ചത്. നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായ്തീരുവാൻ കല്പ്പിക്ക.” (മത്തായി 4:3). വീണ്ടും ആറാം വാക്യത്തിൽ സാത്താനിതു ആവർത്തിക്കുന്നു: “ നീ ദൈവപുത്രനെങ്കിൽ താഴത്തോട്ടു ചാടുക;” (മത്തായി 4:6) ഒന്നാം ആദം വീണ സ്ഥാനത്ത് രണ്ടാം ആദമായ യേശു സാത്താന്റെ പ്രലോഭനത്തിൽ വീണില്ല. “സാത്താനെ, എന്നെ വിട്ടു പോക;” എന്ന മറുപടിയാണ് യേശു സാത്താനു നൽകിയത്. എന്നാൽ ഇവിടെ ആദാം ദൈവത്തെ വിശ്വസിക്കുന്നതിനുപകരം, പാമ്പിന്റെ വാക്ക് വിശ്വസിച്ചു. അവൻ ദൈവം തിന്നരുതെന്ന് കല്പിച്ച വൃക്ഷഫലം തിന്നുവാൻ തീരുമാനിച്ചുകൊണ്ട് സ്വയം-ഭരണാധികാരത്തെ കൈവശമാക്കുന്നു. നന്മയുടെയും തിന്മയുടെയും അറിവ് അവർ സ്വയം എറ്റെടുക്കുന്നു, തൽക്ഷണം മുഴുവൻ കഥയും നിയന്ത്രണാതീതമായി തലകീഴ്മേൽ മറിയുന്നു.
അതിന്റെ ഒന്നാമത്തെ അപകടം ദൃശ്യമായത് മനുഷ്യബന്ധങ്ങളിലാണ്. അവർ എത്രമാത്രം ദുർബലരാണെന്ന് പുരുഷനും സ്ത്രീയും പെട്ടെന്ന് മനസ്സിലാക്കുന്നു. അവർ നഗ്നരാണെന്ന് തിരിച്ചറിയുന്നു. ഇപ്പോൾ അവർക്ക് പരസ്പരം വിശ്വസിക്കാൻ പോലും കഴിയുന്നില്ല. അങ്ങനെ അവർ വസ്ത്രങ്ങൾ ഉണ്ടാക്കുകയും പരസ്പരം തങ്ങളുടെ നഗ്നത മറയ്ക്കുകയും ചെയ്യുന്നു. രണ്ടാമതായി, ദൈവവും മനുഷ്യരും തമ്മിലുള്ള അടുപ്പം നഷ്ടപ്പെട്ടു. അതുകൊണ്ട് ദൈവം തോട്ടത്തിലേക്കു ഇറങ്ങിവന്നപ്പോൾ, അവർ പോയി വൃക്ഷത്തിന്റെ മറവിൽ ഒളിച്ചു. അങ്ങനെ അവർക്കു ദൈവവുമായി ഉണ്ടായിരുന്ന അടുപ്പത്തിനു കോട്ടം സംഭവിക്കുന്നു. മൂന്നാമതായി, ദൈവം അവരെ കണ്ടെത്തുമ്പോൾ, ആരാണ് ആദ്യം മത്സരിച്ചത് എന്നതിനെ ക്കുറിച്ചുള്ള കുറ്റപ്പെടുത്തൽ-മത്സരം അവർ നടത്തുകയാണ് ചെയ്യുന്നത്. ആദത്തോട് നീ വൃക്ഷഫലം തിന്നുവോ എന്നു ദൈവം ചോദിച്ചപ്പോൾ അവൻ സ്ത്രീയെ പഴിക്കുന്നു. സ്ത്രീയോട് നീ ചെയ്തത് എന്ത് എന്നു ചോദിക്കുമ്പോൾ അവൾ ദൈവത്തിന്റെ സൃഷ്ടിയായ പാമ്പിനെ കുറ്റപ്പെടുത്തുന്നു. വാസ്തവത്തിൽ, അവർ പരസ്പരം പഴി ചാരിയപ്പോൾ അവയെ ഒക്കെയും സൃഷ്ടിച്ച ദൈവത്തിനു നേരെ വിരൽ ചൂണ്ടുകയായിരുന്നു.
തുടർന്ന് എഴുത്തുകാരൻ ഇവിടെ തന്റെ വിവരണശൈലി അവസാനിപ്പിച്ച്, കാവ്യരൂപത്തിൽ അഥവാ പദ്യരൂപത്തിൽ, ദൈവം പാമ്പിനോടും തുടർന്ന് മനുഷ്യരോടും അവരുടെ പ്രവൃത്തികളുടെ ദാരുണമായ പ്രത്യാഘാതങ്ങൾ പ്രഖ്യാപിക്കുന്നു.
3. ദൈവം മനുഷ്യനോടു കരുണകാണിക്കുന്നു (God Shows mercy to Man)
മനുഷ്യർ ദൈവത്തോടു മത്സരിച്ചു. പക്ഷേ, ദൈവം എന്താണ് ചെയ്യുന്നത്? അവരെ രക്ഷിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇത് മനുഷ്യരുടെ തീരുമാനത്തിന്റെ അനന്തരഫലങ്ങൾ ഒഴിവാക്കുന്നില്ല. അവരുടെ മത്സരംമുലം ജീവിതത്തിൽ ദുഃഖവും വേദനയും ഉണ്ടാകും, അതു വീട്ടിലായാലും വയലിലായാലും അതുണ്ടായിരിക്കുമെന്ന് മാത്രമല്ല, ആത്യന്തികമായി അതവരെ മരണത്തിലേക്കു നയിക്കുമെന്ന് ദൈവം അവരെ അറിയിക്കുന്നു. ഈയൊരു സമയം മുതൽ, താഴേക്ക് കൂപ്പുകുത്തുന്ന മനുഷ്യന്റെ കഥയാണ് നമുക്കു കാണാൻ കഴിയുന്നത്. 3 മുതൽ 11 വരെയുള്ള അധ്യായങ്ങളിൽ, മത്സരത്തിന്റെ വ്യാപകമായ പരിണത ഫലങ്ങളുടെ അലയടികൾ നാം ദർശിക്കുന്നു. മനുഷ്യബന്ധങ്ങളിൽ വ്യാപകമായ നാശം വിതച്ചുകൊണ്ട്, കഷ്ടതയും, വേദനയും, കൊലപാതകവും, വ്യഭിചാരവും, മരണവും അവരുടെ ഇടയിൽ നടമാടുന്നു.
തുടർന്നു നാം കാണുന്നത്, ആദത്തിന്റെ ഹവ്വയുടേയും സന്തതികളായ കയീന്റേയും ഹാബേലിന്റേയും കഥയാണ്. കയീന് സഹോദരനോട് അസൂയ തോന്നുകയും അവനെ കൊല്ലാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ പ്രലോഭനങ്ങൾക്ക് വഴങ്ങരുതെന്ന് അഥവാ തിന്മക്കു മുതിരരുതെന്ന് ദൈവം അവനു മുന്നറിയിപ്പ് നൽകുന്നു. ദൈവത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് അവൻ തന്റെ സഹോദരനെ വയലിൽ വച്ച് കൊല്ലുന്നു. അങ്ങനെ കയേൻ അക്രമവും അടിച്ചമർത്തലും വാഴുന്ന ഒരു നഗരം പണിയുന്നു. തുടർന്ന് കയീന്റെ ഏഴാമത്തെ തലമുറയിലെ ലാമെക്കിലെത്തുമ്പോൾ ഇതെല്ലാം അതിന്റെ പരിസമാപ്തിയി ലെത്തുന്നു. ഒന്നിൽ കൂടുതൽ ഭാര്യമാരെ സ്വീകരിക്കുന്ന ബൈബിളിലെ ആദ്യ മനുഷ്യനാണ് ലാമേക്ക്. അവൻ അവരെ സ്വത്തുപോലെ സമ്പാദിച്ചു കൂട്ടുന്നു. കയീനെക്കാൾ അക്രമാസക്തനും പ്രതികാരിയുമായ ഈ വ്യക്തിയുടെ പ്രവൃത്തികളെക്കുറിച്ച് എഴുത്തുകാരൻ ഒരു ചെറിയ ഗാനം ആലപിക്കുന്നു. ലാമേക്ക് തന്റെ ഭാര്യമാരോടു പറഞ്ഞത്:
“ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ;
ലാമെക്കിൻ ഭാര്യമാരെ, എന്റെ വചനത്തിനു ചെവി തരുവിൻ!
എന്റെ മുറിവിനു പകരം ഞാൻ ഒരു പുരുഷനെയും,
എന്റെ പരിക്കിനു പകരം ഒരു യുവാവിനേയും കൊന്നു.
കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ
ലാമെക്കിനുവേണ്ടി എഴുപത്തേഴ് ഇരട്ടി പകരം ചെയ്യും.”
ഈ വാക്യങ്ങളിലെല്ലാം ‘എന്റെ’ എന്ന വാക്ക് നിരവധിതവണ ആവർത്തിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. ദൈവത്തേയും തന്റെ നിയമങ്ങളേയും തള്ളിക്കളഞ്ഞ് സ്വന്തസന്തോഷത്തിനും ഭോഗാസക്തികൾക്കുമായി ജീവിക്കുന്ന ഒരു സമൂഹം. തന്റെ ദുഷ്ടതയെക്കുറിച്ചു താൻ വീമ്പിളക്കുന്നു അഥവാ പുകഴുന്നു.
ഇതിനുശേഷം “ദൈവപുത്രന്മാരെ” കുറിച്ച് വിചിത്രമായ ഒരു കഥ വിവരിക്കുന്നു. ദൈവപുത്രന്മാർ വീണുപോയ ദൂതന്മാരേയൊ അതല്ലെങ്കിൽ ദേവന്മാരിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന പുരാതന രാജാക്കന്മാരെയൊ പരാമർശിക്കുന്നു. ലാമെക്കിനെപ്പോലെ, അവർ ആഗ്രഹിക്കുന്നത്ര ഭാര്യമാരെ സ്വന്തമാക്കി, പുരാതന കാലത്തെ മഹായോദ്ധാക്കളായ ‘നെഫിലിമു’കളെ സൃഷ്ടിക്കുന്നു. ഇതിൽ ഏതു കാഴ്ചപ്പാടു സ്വീകരിച്ചാലും, അവർ ആരാണ് എന്നതിനല്ല ഇവിടെ പ്രസക്തി മറിച്ച്, ദൈവത്തിന്റെ ലോകത്ത്, അക്രമവും അതിലേറെ അഴിമതികളും നിറഞ്ഞ രാജ്യങ്ങൾ(kingdoms) അവർ പണിയുന്നു. അതിനോടുള്ള ദൈവത്തിന്റെ പ്രതികരണം, ദൈവം അതീവ ദു:ഖിതനായി എന്നാണ്. മനുഷ്യർ അവന്റെ നല്ല ലോകത്തെ നശിപ്പിക്കുന്നു; അവർ പരസ്പരവും നശിപ്പിക്കുന്നു. അതിനാൽ, തന്റെ ലോകത്തിന്റെ നന്മയെ സംരക്ഷിക്കാനുള്ള അഭിനിവേശത്തിൽ, ദൈവം ഒരു വലിയ ജലപ്രളയത്തിലൂടെ മനുഷ്യരാശിയുടെ തിന്മയെ കഴുകി വൃത്തിയാക്കുന്നു. അവിടെ അവൻ കുറ്റമില്ലാത്ത ഒരു മനുഷ്യനെ സംരക്ഷിക്കുന്നു; അവന്റെ പേരാണ് നോഹ. അവനേയും അവന്റെ കുടുംബത്തേയും, ജലപ്രളയത്തിൽനിന്നു ഒരു പെട്ടകത്തിലൂടെ ദൈവം രക്ഷിക്കുന്നു. ദൈവം നോഹയെ ഒരു പുതിയ ആദാമായി നിയോഗിക്കുന്നു. ദൈവം ആദാമിനു നൽകിയ അതേ വാഗ്ദത്തം അഥവാ അനുഗ്രഹം നോഹക്കും നൽകി, ലോകത്തിൽ ദൈവത്തിന്റെ നന്മയെ പ്രതിഫലിപ്പിക്കുവാൻ നിയമിച്ചാക്കുന്നു.
ഇവിടെ നമ്മുടെ പ്രതീക്ഷകൾ വളരെ ഉയർന്നതാണ്, കാരണം പഴയതെല്ലാം നീക്കി ഒരുപുതിയ തുടക്കം ദൈവം കുറിച്ചിരിക്കുന്നു. എന്നാൽ നോഹയും മറ്റൊരു തോട്ടത്തിൽ വെച്ച് തന്റെ ദൗത്യത്തിൽ പരാജയപ്പെടുന്നു. അവൻ പോയി ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നു. അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ച് തന്റെ കൂടാരത്തിൽ പഴയആദത്തെ പോലെ നഗ്നനായി, ലജ്ജിതനായി കിടക്കുന്നു. അവന്റെ പുത്രന്മാരിൽ ഒരുവനായ ഹാം അവന്റെ നഗ്നത ദർശിക്കുകയും അവൻ ശപിക്കപ്പെടുകയും ചെയ്യുന്നു. വീണ്ടും മനുഷ്യന്റെ താഴോട്ടുള്ള പതനം ആവർത്തിക്കുന്നു. ഇതെല്ലാം ബാബിലോൺ എന്ന പട്ടണത്തിന്റെ അടിത്തറയിടുന്ന തിലേക്ക് നയിക്കുന്നു. പുരാതന മെസൊപ്പൊട്ടോമിയയിലെ ജനങ്ങൾ ഒന്നിച്ചുചേർന്ന്, ‘ഇഷ്ടിക ചുട്ടെടുക്കുക’ എന്ന പുതിയ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി, മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തതിനേക്കാൾ വേഗത്തിൽ, നഗരങ്ങളും ഗോപുരങ്ങളും പണിതു. ഉയരത്തിലെ ദേവന്മാരിലേക്ക് എത്തുന്ന ഒരു പുതിയതരം ഗോപുരം നിർമ്മിക്കാനും അതുവഴി തങ്ങൾക്കുതന്നെ ഒരു വലിയ പേര് ഉണ്ടാക്കാനും ഒരിടത്തുതന്നെ കുടിയിരിക്കാനും അവർ ആഗ്രഹിച്ചു. ഇതും മനുഷ്യന്റെ മത്സരത്തിന്റെയും അഹങ്കാരത്തിന്റെയും ചിത്രമാണ്. ഇത് പൂന്തോട്ടത്തിലെ മത്സരത്തിന്റെ മറ്റൊരു രൂപമെന്നുമാത്രം. അതിനാൽ ദൈവം അവരുടെ അഹങ്കാരത്തെ താഴ്ത്തുകയും അവരുടെ ഏകഭാഷയെ കലക്കുകയും ചിതറിക്കപ്പെടുകയും ചെയ്യുന്നു.
ഇതൊക്കേയും വൈവിധ്യമാർന്ന കഥകളാണ്, എന്നാൽ അവയെല്ലാം ഒരു അടിസ്ഥാന പ്രമാണത്തിലേക്കു വിരൽ ചൂണ്ടുന്നു. ദൈവം തന്റെ ലോകത്ത് നന്മയായ കാര്യങ്ങൾ ചെയ്യാനും അതിനെ പരിരക്ഷിക്കുവാനും മനുഷ്യർക്ക് അവസരം നൽകി. എന്നാൽ മനുഷ്യർ അത് നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു നല്ല ലോകത്തിലാണ് ദൈവം മനുഷ്യനെ ആക്കിവെച്ചത്, എന്നാൽ അവർ അതിനെ മോശമാക്കി. അതിന്റെ കാരണമെന്തെന്നാൽ, നന്മതും തിന്മയും നിർവചിക്കാനുള്ള സ്വയംഭരണാവകാശം അവർ തിരഞ്ഞെടുത്തു എന്നതാണ്. അതുകൊണ്ട് നാമെല്ലാവരും കലാപവും അക്രമവും അതിന്റെ ആത്യന്തികമായി മരണത്തിലേക്കും നയിക്കുന്ന, തകർന്ന ബന്ധങ്ങളുടെ ലോകത്തെ സംഭാവന ചെയ്യുന്നതിനു പങ്കുവഹിക്കുന്നു.