top of page

OT Overview_Genesis-02

(12-50 വരെ അദ്ധ്യായങ്ങൾ)
The Book of Genesis (Part 2)
ഉല്‌പത്തിപുസ്തകം (ഭാഗം 2)

പുസ്തകത്തിന്റെ രൂപകല്പന

ഉല്‌പത്തി പുസ്തകം അതിന്റെ 1 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങളുടെ അടിസ്ഥാന കഥാതന്തു എങ്ങനെ സജ്ജമാക്കുന്നുവെന്ന് ഒന്നാം ഭാഗത്തു നാം കണ്ടു. ബൈബിളിന്റെ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു; താൻ സൃഷ്ടിച്ച ഈ ലോകത്തു തനിക്കുവേണ്ടി ഭരണം നടത്താൻ മനുഷ്യരെ തന്റെ സ്വരൂപത്തിൽ താൻ സൃഷ്ടിച്ചു. പക്ഷെ, മനുഷ്യർ ദൈവത്തോടു മത്സരവും പാപവും തിരഞ്ഞെടുത്തു; അതിനാൽ ലോകം നിയന്ത്രണാതീതമായി അക്രമത്തിലേക്കും മരണത്തിലേക്കും നിപതിച്ചു. അവസാനം അതെല്ലാം ബാബിലോണിലെ ജനങ്ങളുടെ കലാപത്തിലേക്കും ചിതറിപ്പോക്കിലേക്കും നയിച്ചു.

1. ദൈവം അബ്രാമിനെ തെരഞ്ഞെടുത്ത് അനുഗ്രഹിക്കുന്നു (God chooses and blesses Abram).

11-ാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് ബാബേൽ ഗോപുരത്തിന്റെ അഥവാ ബാബിലോൺ പട്ടണത്തിന്റെ നിർമ്മാണവും തുടർന്നുള്ള ചിതറിപ്പോക്കുമാണ് നാം കാണുന്നത്. അവർ അഹങ്കാരത്തോടെ തങ്ങൾക്കു ഒരു വലിയ പേര് ഉണ്ടാക്കാൻ ശ്രമിച്ചു, പക്ഷെ, അത് നന്നായി പര്യവാസാനിച്ചില്ല. എന്നാൽ ദൈവം തന്റെ ഔദാര്യം യാതൊരു പേരുമില്ലാതിരുന്ന, അബ്രാം എന്ന മനുഷ്യനു നൽകാൻ തീരുമാനിച്ചു. അബ്രാമിനെ ബഹുജാതികൾക്ക് പിതാവ് എന്ന അർത്ഥം വരുന്ന “അബ്രഹാം” എന്ന ഒരു വലിയ പേരു നൽകാൻ പോകുന്നു. അബ്രഹാമിന്റെ ദൈവാനുഗ്രഹം, അത് മനുഷ്യവർഗ്ഗത്തിനു (ആദാമിനു) ദൈവം ആദ്യം നൽകിയ യഥാർത്ഥ അനുഗ്രഹത്തെ അനുസ്മരിപ്പിക്കുന്നു. അതിനാൽ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ദൈവം അബ്രഹാമിനെയും അവന്റെ കുടുംബത്തേയും അനുഗ്രഹിക്കാൻ പോകുന്നത്? ദൈവത്തിന്റെ വാഗ്ദാനത്തിന്റെ അവസാന വരി ഇത് വ്യക്തമാക്കുന്നു: “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉൽപ്പത്തി 12:3). വേദപുസ്തക കഥയുടെ ബാക്കി ഭാഗം മനസ്സിലാക്കുന്നതിനുള്ള പ്രധാന ഘടകമാണിത്.

അബ്രഹാമിന്റെ കുടുംബത്തിലൂടെ, തനിക്കെതിരെ നിൽക്കുന്ന വിമത ലോകത്തെ രക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുക എന്നതാണ് ദൈവത്തിന്റെ പദ്ധതി, അതുകൊണ്ടാണ് പഴയനിയമ കഥയുടെ ബാക്കി മുഴുവൻഭാഗവും ഈ ഒരു കുടുംബത്തിൽ, ഇസ്രായേൽ ജനത എന്ന് പിന്നീട് വിളിക്കപ്പെടുന്ന ഒരു രാജ്യത്ത്, ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്. അതുകൊണ്ടാണ് ഇസ്രായേലിനെ പിന്നീട് സീനായി പർവതത്തിൽ വെച്ച് പുരോഹിതരാജ്യം എന്ന് വിളിക്കുന്നത്. മറ്റെല്ലാ ജനതകളെയും താൻ എങ്ങനെയുള്ളതാണെന്ന് കാണിക്കാൻ, ദൈവം അവരെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു, ആത്യന്തികമായി ഇത് ഇസ്രായേലിന്റെ മിശിഹൈക രാജാവിലൂടെ പൂർത്തീകരിക്കപ്പെടുമെന്ന്, ഈ വാഗ്ദാനം മുറുകെ പിടിച്ചിരുന്ന പിൽക്കാലത്തെ ബൈബിൾ പ്രവാചകന്മാരും കവികളും (ജ്ഞാനപുസ്തകരചയിതാക്കൾ) പറയുന്നു. ആ മശീഹൈക രാജാവിന്റെ ഭരണം നീതിയും ഒപ്പം എല്ലാ രാഷ്ട്രങ്ങൾക്കും സമാധാനവും ഉറപ്പുവരുത്തും.

ഇപ്പോൾ കഥയുടെ ഈ ഘട്ടത്തിൽ, അതൊന്നും വ്യക്തമല്ല. നാം വായന തുടരുകയും വാഗ്ദാനം വികസിപ്പിക്കുന്നത് കാണുകയും ചെയ്യുമ്പോൾ അതിൽ കുടുതൽ വ്യക്തത നമുക്കു ലഭിക്കും. അതിനാൽ പുസ്തകത്തിന്റെ ബാക്കി ഭാഗങ്ങൾ അബ്രഹാമിനെയും കുടുംബത്തെയും കേന്ദ്രീകരിക്കുന്നു. ആദ്യം അബ്രഹാമും പിന്നെ മകൻ യിസ്ഹാക്കും പിന്നെ മകൻ യാക്കോബും പിന്നെ യാക്കോബിന്റെ പന്ത്രണ്ടു പുത്രന്മാരും, കൂടാതെ ജനതകളെക്കുറിച്ചുള്ള കഥകളും രണ്ട് പ്രധാന പ്രമേയങ്ങളാൽ ഏകീകരിക്കപ്പെടുന്നു. അതിനാൽ ആദ്യം, അബ്രഹാമിന്റെ കുടുംബത്തിലെ ഓരോ തലമുറയുടേയും ആവർത്തിച്ചുള്ള പരാജയത്തെ അടയാളപ്പെടുത്തുന്നു. അവർ വളരെ മോശമായ തീരുമാനങ്ങൾ എടുക്കുന്നത് അവരുടെ ജീവിതത്തെ താറുമാറാക്കുകയും ദൈവത്തിന്റെ വാഗ്ദാനം അപകടത്തിലാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ദൈവം അവരോട് വിശ്വസ്തനായി തുടരുന്നു. അവൻ അവരെ തങ്ങളിൽ നിന്നുതന്നെ രക്ഷിക്കുകയും, അവരുടെ പരാജയങ്ങൾക്കിടയിലും, അവരെയും ജാതികളേയും അനുഗ്രഹിക്കുവാനുള്ള തന്റെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.

ദൈവം അബ്രഹാമിന് ഒരു വലിയ കുടുംബത്തിന്റെ വാഗ്‌ദാനം നൽകിയിരുന്നു - എന്നാൽ രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ, മറ്റ് പുരുഷന്മാർ തന്റെ ഭാര്യയിൽ ആകൃഷ്ടരായപ്പോൾ, സ്വന്ത ജീവനെ ഭയന്ന്, അവൾ തന്റെ സഹോദരിയാണെന്നു പറയുന്നു; അതായത്, യഥാർത്ഥത്തിൽ അവൾ തന്റെ ഭാര്യയാണെന്ന വിവരം അവരിൽ നിന്നു താൻ മറെച്ചു വെക്കുന്നു. അത് വളരെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മാത്രവുമല്ല, അബ്രഹാമിനും ഭാര്യ സാറയ്ക്കും കുട്ടികളുണ്ടാകില്ല എന്നു കണ്ട്, സാറാ അബ്രഹാമിനെ അവരുടെ ഒരു ദാസിയായ പെൺകുട്ടിയുമായി ശയിക്കാൻ ക്രമീകരണം നടത്തുന്നു. ഇതും ആ കുടുംബത്തിൽ വലിയ പ്രശ്‌നങ്ങൾക്കു കാരണമായി തീരുന്നു. എന്നാൽ ഓരോ തവണയും ദൈവം അബ്രഹാമിനെ ജാമ്യത്തിലിറക്കുകയും ചെയ്യുന്നു.

2. ദൈവം അബ്രാഹവുമായി ഉടമ്പടി വെയ്ക്കുന്നു (God makes a covenant with Abraham).

ഉല്പത്തി 15, 17 അധ്യായങ്ങളിൽ ദൈവം അബ്രഹാമിനോടുള്ള വാഗ്ദാനം ഒരു ഉടമ്പടിയിലുടെ ഔപചാരികമാക്കുകയും ചെയ്യുന്നു. ഇതൊരു ക്ലാസിക് രംഗമാണ്. രാത്രി നക്ഷത്രങ്ങളെ നോക്കാനും അവയെ എണ്ണാനും ദൈവം അബ്രഹാമിനെ ക്ഷണിക്കുന്നു, നിന്റെ കുടുംബവും ഇവ്വണ്ണം എണ്ണാൻ കഴിയാത്ത നിലയിൽ വർദ്ധിക്കുമെന്ന് ദൈവം പറയുന്നു. എല്ലാവിധ പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും, അതായത് കുട്ടികളില്ലാത്തതും ഇനി ഒരു കുടിയുണ്ടാകുവാൻ സാദ്ധ്യതയുമില്ലാതെയിരുന്നിട്ടും, അബ്രഹാം ആകാശത്തേക്ക് നോക്കുകയും ദൈവത്തിന്റെ വാഗ്ദാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. അബ്രഹാമുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടുകൊണ്ട് ദൈവം പ്രതികരിക്കുന്നു, അവൻ അനേകം ജനതകളുടെ പിതാവാകുമെന്ന് വാഗ്ദാനം ചെയ്തു, അങ്ങനെ ദൈവത്തിന്റെ അനുഗ്രഹം ലോകമെമ്പാടും വരട്ടെ. തന്റെ കുടുംബത്തെ, ഉടമ്പടിയുടെ അടയാളമായ പരിച്ഛേദന സ്വീകരിക്കുവാൻ ദൈവം അബ്രഹാമിനോട് ആവശ്യപ്പെട്ടു: കുടുംബത്തിലെ എല്ലാ ആൺകുട്ടികളെയും പരിച്ഛേദന ചെയ്യുക. അവരുടെ കുടുംബത്തിന്റെ ഫലപ്രാപ്തി ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണെന്ന് അവരെ ഓർമ്മിപ്പിക്കുന്നതിനുള്ള പ്രതീകമാണിത്. അങ്ങനെ അബ്രഹാമിന്‌ ധാരാളം കുട്ടികൾ ലഭിക്കുന്നു, നല്ല വാർദ്ധക്യത്തിൽ അവൻ മരിക്കുന്നു.

a). അബ്രാഹമിൽ നിന്നു അവന്റെ സന്തതികളിലേക്ക് ദൈവം തന്റെ ഉടമ്പടിഅനുഗ്രഹം കൈമാറ്റം ചെയ്യുന്ന (God transfers His covenant blessing from Abraham to his descendants).

അബ്രഹാമിന്റെ സന്തതിയായ, യിസഹാക്കിന്റെ സന്തതിയായ യാക്കോബിന്റെ കഥകൾ ഈ പ്രമേയങ്ങൾക്ക് കൂടുതൽ നാടകീയത പകരുന്നു. ജനനം മുതൽ യാക്കോബ് തന്റെ പേരിനെ അന്വർത്ഥമാക്കുംവിധം “ഉപായി”യായി അഥവാ വഞ്ചകനായി ജീവിക്കുന്നു. അവൻ തന്റെ സഹോദരനായ ഏശാവിനെ, തന്റെ അവകാശത്തിൽ നിന്നും അനുഗ്രഹത്തിൽ നിന്നും വഞ്ചിക്കുന്നു, അന്ധനായ തന്റെ പിതാവിനെ വഞ്ചിച്ചുകൊണ്ട് അവൻ അത് ചെയ്യുന്നു, എന്നിട്ട് യാക്കോബ് ആ ദേശം വിട്ടോടുന്നു. റാഹേലിനെ മാത്രമെ സ്നേഹിക്കുന്നുള്ളുവെങ്കിലും, താൻ നാല് ഭാര്യമാരെ എടുക്കുന്നു; ഇത് ഈ കുടുംബത്തിൽ എതിരാളികളെ സൃഷ്ടിക്കുന്നു. യാക്കോബിനെ വിനയാന്വിതമാക്കുന്ന ഒരേയൊരു കാര്യം അവന്റെ അമ്മാവനും പിന്നീട് അമ്മയിയപ്പനുമായി തീർന്ന ലാബാനാൽ താൻ അനേകവർഷങ്ങൾ വഞ്ചിക്കപ്പെടുന്നതാണ്. പിന്നീടു കാര്യങ്ങൾ തിരിയുന്നു. അതുകൊണ്ട് താഴ്മ്മവന്ന യാക്കോബ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. വളരെ വിചിത്രമായ ഒരു കഥയിൽ, ദൈവവും യാക്കോബും തമ്മിൽ മല്ലുപിടിക്കുന്നതും, തുടർന്ന് തന്നെ അനുഗ്രഹിക്കണമെന്ന ആവശ്യത്തിന്മേൽ യാക്കോബ്, ദൈവവുമായി ഗുസ്തി അവസാനിപ്പിക്കുകയും ചെയ്യുന്നു. അതു കാണിക്കുന്നത് ഇപ്പോഴും ചില കാര്യങ്ങൾ തന്നിൽ നിലനിൽക്കുന്നു എന്നതാണ്. എന്നിരുന്നാലും, ദൈവം അവന്റെ ദൃഡ നിശ്ചയത്തെ മാനിക്കുകയും അബ്രഹാമിന്റെ അനുഗ്രഹം അവനു കൈമാറുകയും യാക്കോബിനെ “ഇസ്രായേൽ” എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്യുന്നു, അതിനർത്ഥം “മനുഷ്യനും ദൈവവുമായി മല്ലുപിടിച്ചു ജയിച്ചു” എന്നാണ്.

പുസ്തകത്തിന്റെ അവസാന ഭാഗം യാക്കോബിന്റെ മക്കളുടെ കഥയാണ്. യാക്കോബ് തനിക്കു റാഹേലിൽ ജനിച്ച പതിനൊന്നാമത്തെ മകനായ യോസേഫിനെ, മറ്റെല്ലാ മക്കളെക്കാൾ അധികം സ്നേഹിച്ചു; അതിന്റെ തെളിവായി യോസേഫിന് ഒരു നിലയങ്കി (വിശേഷവസ്ത്രം) നൽകുകയും ചെയ്യുന്നു. മൂത്ത 10 സഹോദരങ്ങൾ യോസേഫിനെ വെറുക്കാൻ ഇതു കാരണമായിത്തീരുന്നു. അതിനാൽ അവർ അവനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ പദ്ധതിയിട്ടു, എങ്കിലും അവരിൽ മൂത്തവനായ രൂബേന്റെ ഇടപെടൽ മൂലം, യോസേഫിനെ ഈജിപ്തിന്റെ അടിമത്തത്തിലേക്ക് വിൽക്കുന്നു. അവിടെ അവൻ ജയിലിൽ അടക്കപ്പെടുന്നു. ഇതു ആ കുടുംബത്തിന്റെ പരാജയത്തെയാണ് വിളിച്ചറിയിക്കുന്നത്. എന്നാൽ ദൈവം യോസേഫിനോടൂ കൂടെയിരുന്നു. അവനെ ജയിലിൽ നിന്ന് മോചിപ്പിച്ച്, ഈജിപ്തിലെ ഫറവോന്റെ സൈന്യത്തിനുമേൽ അധികാരമുള്ള രണ്ടാം സ്ഥാനത്തേക്ക് ഉയത്തപ്പെടുന്നു. ക്ഷാമകാലത്ത് യോസേഫ് ഈജിപ്ത് ജനതയെ രക്ഷിക്കുന്നു. പട്ടിണിയിൽ നിന്ന് സഹോദരന്മാരെയും കുടുംബത്തെയും മരണം വരെ യോസെഫ് പരിരക്ഷിക്കുന്നു.

3. ദൈവത്തിന്റെ വിശ്വസ്തത (God's faithfulness).

ഒരിക്കൽ കൂടി അബ്രഹാമിന്റെ കുടുംബത്തിലെ വിഡ്ഢിത്തത്തേയും പാപത്തേയും ദൈവത്തിന്റെ വിശ്വസ്തതകൊണ്ട് നേരിടുന്നത് നമുക്ക് ഇവിടെ കാണാം. ദൈവം സഹോദരങ്ങളുടെ തിന്മയെപ്പോലും ജീവൻ രക്ഷിക്കാനുള്ള അവസരമായി മാറ്റുന്നു. പുസ്തകത്തിന്റെ അവസാനത്തിൽ യോസേഫ് തന്റെ സഹോദരന്മാരോട് പറയുന്നു, “നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമൊ ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കി തീർത്തു.” ഇവിടെ എഴുത്തുകാരൻ ഈ വാക്കുകൾ വളരെ തന്ത്രപരമായി പുസ്തകത്തിന്റെ അവസാനത്തിൽ രേഖപ്പെടുത്തുന്നു, കാരണം അവ യോസേഫിന്റെയും സഹോദരന്മാരുടെയും കഥ മാത്രമല്ല, പുസ്തകത്തെ മൊത്തത്തിൽ ഇതു സംഗ്രഹിക്കുന്നു.

4. സ്ത്രീയുടെ സന്തതിയായ മശിഹയിലേക്കുള്ള പ്രതീക്ഷ (Hope for the Messiah, the seed of the woman).
ഉല്‌പത്തി 3 മുതൽ‌, മനുഷ്യർ‌ സ്വാർത്ഥതയോടെ പ്രവർത്തിക്കുകയും തിന്മ ചെയ്യുകയും ചെയ്യുന്നു, എന്നാൽ ഈ ദൈവം തന്റെ ലോകത്തെ അതിന്റെ തന്ത്രങ്ങളിലേക്ക് വിടാൻ ഉദ്ദേശിച്ചിട്ടില്ല. പരാജയങ്ങൾക്കിടയിലും ആളുകളെ അനുഗ്രഹിക്കാൻ ദൈവം വിശ്വസ്തനും ദൃഡനിശ്ചയമുള്ളവനുമാണ്. സ്ത്രീയുടെ പിൻഗാമിയെക്കുറിച്ചുള്ള നിഗൂഡമായ വാഗ്ദാനം പുസ്തകത്തിലുടനീളം എങ്ങനെ വികസിക്കുന്നുവെന്ന് നിങ്ങൾക്ക് ഇതിൽ കാണുവാൻ കഴിയും. മുറിവേൽക്കുന്ന ഒരു വിജയി വന്ന്‌ പാമ്പിനെ തകർക്കുകയും അതിന്റെ ഉറവിടത്തിൽതന്നെ തിന്മയെ പരാജയപ്പെടുത്തുകയും ചെയ്യുമെന്ന് ദൈവം വാഗ്ദാനം ചെയ്തു എന്ന ഉല്‌പത്തി 3 ലെ വാഗ്ദാനം ഓർക്കുക. രചയിതാവ് ഈ വാഗ്ദാനത്തെ അബ്രഹാമിന്റെ വരിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ദൈവം തന്റെ അനുഗ്രഹം ജനതകളിലേക്ക് എത്തിക്കാൻ പോകുന്നതിന്റെ ഭാഗമാണിത്. ഇപ്പോൾ അബ്രഹാമിൽ നിന്ന് ഈ വാഗ്ദാനം യാക്കോബിന്റെ നാലാമത്തെ പുത്രനായ യഹൂദയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഇങ്ങനെയാണ്. 49-ആം അധ്യായത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കവിതയിൽ, പ്രായമായ ജേക്കബ് മരണാസന്നനായി ഇരിക്കുമ്പോൾ, തന്റെ 12 ആൺമക്കളെ അനുഗ്രഹിക്കാൻ അവൻ തയ്യാറാകുന്നു. യഹൂദയിലെത്തുമ്പോൾ, യഹൂദഗോത്രം ഇസ്രായേലിന്റെ രാജകീയ നേതാക്കളുടെ ഗോത്രമായി മാറുമെന്നും, അതിൽ നിന്നും ഒരു ദിവസം ഒരു രാജാവ് വരുകയും, അവൻ എല്ലാ ജനതകളൊടും അനുസരണം കൽപിക്കുകയും ലോകത്തെല്ലായിടത്തും ഏദന്തോട്ട-അനുഗ്രഹം പുനഃസ്ഥാപിക്കുകയും ചെയ്യും; അങ്ങനെ ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റപ്പെടുമെന്ന് അനുഗ്രഹിക്കുന്നു. അതിനെതുടർന്ന്, യാക്കോബ് മരിക്കുന്നു; പിന്നീട് ജോസഫും മരിക്കുന്നു. അതിനാൽ വളർന്നുവരുന്ന കുടുംബം ഈജിപ്തിൽ തന്നെ തുടരുന്നു; അങ്ങനെ ഉല്‌പത്തി പുസ്തകം ഈ ഭാവി പ്രതീക്ഷകളോടെ എന്നാൽ, വാഗ്ദത്തം പൂർണ്ണവികാസം പ്രാപിക്കാതെ അവസാനിക്കുകയും ചെയ്യുന്നു. ഇതെല്ലാം എങ്ങനെ മാറുമെന്ന് കാണാൻ പേജുകൾ ഇനിയും മറിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ ഇതാണ് ഉല്‌പത്തി പുസ്തകം.
*******

© 2020 by P M Mathew, Cochin

bottom of page