top of page

O T Overview_Judges-09

(1-3 അദ്ധ്യായങ്ങൾ)
The Book of Judges (1)
ന്യായാധിപന്മാരുടെ പുസ്തകം

ആമുഖം

യോശുവയ്ക്കു ശേഷം, അതായത് ബി.സി 1398 മുതൽ ബി.സി 1043 ൽ രാജഭരണം ആരംഭിക്കുന്നതുവരെയുള്ള 350 വർഷങ്ങളാണ് ന്യായാധിപന്മാരുടെ കാലം. യോശുവയും കാലേബുമാണ്, ദൈവത്തിന്റെ വാഗ്ദത്തത്തോടു വിശ്വസ്തത പുലർത്തി, യിസ്രായേൽ മക്കൾക്കു മരുഭൂമിയിൽ നേരിട്ട ന്യായവിധിയെ അതിജീവിച്ച്, ശേഷിച്ച ജനത്തെ കനാൻ ദേശത്ത് എത്തിച്ചത്. ഇസ്രായേൽ ഗോത്രങ്ങളെ വാഗ്ദത്ത ദേശത്തേക്ക് നയിച്ചതിനുശേഷം, ന്യായപ്രമാണത്തിന്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ട് ദൈവവുമായുള്ള ഉടമ്പടിയിൽ വിശ്വസ്തരായിരിക്കാൻ യോശുവ അവരോടു ആഹ്വാനം ചെയ്തു. അവർ ദൈവത്തോട് വിശ്വസ്തതപുലർത്തി ജീവിച്ചാൽ, മറ്റെല്ലാ ജാതികൾക്കും യഹോവ എങ്ങനെയുള്ളവൻ എന്ന് അവർക്കു കാണിച്ചുകൊടുക്കുവാൻ സാധിക്കും. ജോഷ്വയുടെ മരണത്തോടെ ആരംഭിക്കുന്ന ന്യായാധിപന്മാരുടെ പുസ്തകം, അടിസ്ഥാനപരമായി ഇസ്രായേലിന്റെ മൊത്തം പരാജയത്തിന്റെ കഥയാണ് പറയുന്നത്.

പുസ്തകത്തിന്റെ രൂപകൽപ്പന

ഈ പുസ്തകത്തിനു രണ്ടു ആമുഖവും രണ്ടു അനുബന്ധവും ഉണ്ട്. 1:1 മുതൽ 2:5 വരെയാണ് ഒന്നാമത്തെ ആമുഖം. തുടർന്ന് 2:6 മുതൽ 3:6 വരെ രണ്ടാം ആമുഖം. 17-18 അദ്ധ്യായങ്ങൾ ഒന്നാം അനുബന്ധം. 19-20 അദ്ധ്യായങ്ങൾ ഇതിന്റെ രണ്ടാം അനുബന്ധം. അവസാനത്തെ ന്യായാധിപൻ ശിംശോനാണ്. തന്റെ മരണത്തോടെ കാലനുക്രമപ്രകാരമുള്ള ന്യായാധിപന്മാർ അവസാനിക്കുന്നു; പക്ഷെ അപ്പോഴും യിസ്രായേലിന്റെ രക്ഷ അപൂർണ്ണമായി അവശേഷിക്കുന്നു. എന്നാൽ അതിനു ശേഷവും അഞ്ച് അദ്ധ്യായങ്ങൾ ഈ പുസ്തകത്തിനുണ്ട്. ഈ അദ്ധ്യായങ്ങൾ മുന്നദ്ധ്യായങ്ങളുടെ വിവരണരീതിയിൽ നിന്നു വ്യതിചലിച്ച്, ആ കാലഘട്ടത്തിൽ യിസ്രായേൽ ജനം എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നതിന്റെ ചിത്രം നൽകുന്നു: "ഇങ്ങനെ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു" (3:7, 12;4:1;6:1;10:6;13:1). 3:7 മുതൽ 16 വരെയുള്ള അദ്ധ്യായങ്ങൾ എങ്ങനെയാണ് യഹോവ ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ച് യിസ്രായേൽജനത്തെ ശത്രുക്കളിൽ നിന്നു രക്ഷിച്ചത് എന്നു പറയുമ്പോൾ, യിസ്രായേലിന്റെ ആത്മീയ അവസ്ഥയെ കാണിക്കുന്ന രണ്ടു ഉദാഹരണങ്ങൾ ചൂണ്ടുക്കാട്ടുകയാണ് 17-20 വരെ അദ്ധ്യായങ്ങളിൽ. അതുകൊണ്ടാണ് യഹോവയെക്കുറിച്ച് അവസാന അദ്ധ്യായങ്ങളിൽ പരാമർശിച്ചു കാണാത്തത്. ദൈവമില്ലാത്ത മനുഷ്യവർഗ്ഗത്തിന്റെ പരമദയനീയമായ അവസ്ഥയെയാണ് ഇതു കാണിക്കുന്നത്.

ദൈവജനം തങ്ങളുടെ ഐഡന്റിറ്റി അഥവാ വിശുദ്ധി സൂക്ഷിക്കണം (God's people must maintain their identity or holiness)

പ്രാരംഭ വിഭാഗം ആരംഭിക്കുന്നത് വാഗ്ദത്ത ദേശത്തുള്ള ഇസ്രായേൽ ഗോത്രങ്ങളും അവർ ആ ദേശത്തുനിന്നും നീക്കം ചെയ്യാത്ത കാനാന്യരുടേയും അവരുടെ പട്ടണങ്ങളുടേയും ലിസ്റ്റ് നിരത്തിക്കൊണ്ടാണ്. കനാന്യരെ പുറത്താക്കുന്നതിന്റെ ദൈവികഉദ്ദേശ്യമെന്തെന്നാൽ അവരുടെ അധാർമ്മികതയും, ശിശുബലിയിലൂടെ അവരുടെ ദേവന്മാരെ ആരാധിക്കുന്ന രീതിയും ഒഴിവാക്കുക എന്നതായിരുന്നു. ദൈവം ഇസ്രായേലിനെ ഒരു വിശുദ്ധ ജനമായി വിളിച്ചിരിക്കുന്നു, എന്നാൽ അവർക്കു ആ വേർപാട് നിലനിർത്തുവാൻ, ദൈവവുമായുള്ള അവരുടെ ഉടമ്പടി കാത്തുസൂക്ഷിക്കുവാൻ അവർക്കു സാധിച്ചില്ല.

കനാന്യർക്കൊപ്പം ഇസ്രായേൽ എങ്ങനെയാണ് ദേശത്ത് വസിച്ചത് എന്ന് രണ്ടാം ആമുഖത്തിൽ വിവരിക്കുന്നു. കനാന്യരോടു ഇഴുകിച്ചേർന്ന് ജീവിച്ചതിനാൽ അവരുടെ സാംസ്കാരികവും മതപരവുമായ എല്ലാ ആചാരങ്ങളും രിതികളും യിസ്രായേലും അവലംബിച്ചു. ഇവിടെ എഴുത്തുകാരൻ ഏതാണ്ട് ഒരു അദ്ധ്യായത്തിലുടനീളം, പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളുടെയും ആമുഖം നൽകുന്നു. ഇസ്രായേലിന്റെ ചരിത്രത്തിന്റെ ഈ ഭാഗം, താഴേയ്ക്ക് നിപതിക്കുന്ന പരിക്രമങ്ങളുടെ (cycle) ഒരു പരമ്പരയാകുന്നുവെന്ന് ആഖ്യാതാവ് പറയുന്നു. ഇസ്രായേൽ കനാന്യരെപ്പോലെയാകുകയും, അവർ ദൈവത്തിനെതിരെ പാപം ചെയ്കയും ചെയ്തതിനാൽ, കനാന്യർ അവരെ കീഴടക്കുവാനും പീഡിപ്പിക്കുവാനും ദൈവം അവരെ അനുവദിക്കും; ഒടുവിൽ ഇസ്രായേല്യർ തങ്ങളുടെ ദൈവത്തെ വിളിച്ചപേക്ഷിക്കും. അപ്പോൾ ദൈവം ഇസ്രായേലിൽ ഒരു ന്യായാധിപനെ എഴുന്നേൽപ്പിക്കും, അവൻ ശത്രുവിനെ പരാജയപ്പെടുത്തി സമാധാനത്തിന്റെ ഒരു കാലഘട്ടം കൊണ്ടുവരും. എന്നാൽ ഈ സമാധാനം അധികം നീണ്ടു നിൽക്കുകയില്ല; കാരണം ഇസ്രായേൽ വീണ്ടും പാപം ചെയ്യും, അപ്പോൾ ദൈവം മറ്റൊരു ന്യായാധിപനെ എഴുന്നേൽപ്പിക്കും, അങ്ങനെ ആ പരിക്രമം (Cycle) തുടരും. ഈ Cycle അഥവാ പരിക്രമം പുസ്തകത്തിന്റെ സാഹിത്യ രൂപകൽപ്പനക്കും അടുത്ത പ്രധാന വിഭാഗത്തിലേക്കുള്ള നീക്കത്തിനും വഴി ഒരുക്കുന്നു.

ഇവിടെ പറയുന്ന ആറ് പ്രധാന ന്യായാധിപന്മാരുടെ കഥയിലും, ഈ പരിക്രമം ആവർത്തിക്കുന്നു. ആദ്യത്തെ മൂന്ന് ജഡ്ജിമാരായ ഒത്നിയേൽ, എഹൂദ്, ഡെബോറ എന്നിവരുടെ കഥകൾ, വളരെ സാഹസികതകൾ നിറഞ്ഞവയാണ്. അവ അങ്ങേയറ്റം രക്തരൂക്ഷിതമായ കഥകളാണ്. അടുത്ത മൂന്ന് ജഡ്ജിമാരെക്കുറിച്ചുള്ള കഥകൾ ദൈർഘ്യമേറിയതാണ്. അവരുടെ മോശം സ്വഭാവ ദൂഷ്യങ്ങളിൽ കഥ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ദൈവത്തിന്റെ വിശുദ്ധിയും ദൈവത്തിന്റെ വിശ്വസ്തതയും (God's holiness and God's faithfulness)

നീണ്ട ഇരട്ട ആമുഖങ്ങളിലൂടെ എഴുത്തുകാരൻ നമ്മേ കാണിച്ചു തരുന്നതെന്തെന്നാൽ, യിസ്രായേൽ തങ്ങൾക്ക് അവകാശമായി കിട്ടിയ ദേശത്തു നിന്നും വിഗ്രഹങ്ങളെ നീക്കിക്കളയാത്തതുമൂലം ദൈവത്തിന്റെ വിശുദ്ധകൽപ്പനകളും തന്റെ സ്നേഹ പൂർവ്വവും വിശ്വസ്തവുമായ വാഗ്ദത്തങ്ങളും തമ്മിലുള്ള നാടകീയമായ ടെൻഷൻ ആണ്. ദൈവം അനുസരണം ആവശ്യപ്പെടുന്നു, എന്നാൽ താൻ തന്റെ ജനത്തെ രക്ഷിക്കുമെന്ന് വാഗ്ദത്തം ചെയ്യുകയും ചെയ്തിരിക്കുന്നു. ഈ സംഘർഷം, യിസ്രായേൽ ജനം വിഗ്രഹാരാധനയിലൂടെ കഷ്ടതയിലേക്ക് നിപതിക്കുന്നതും അപ്പോൾ അവർ ദൈവത്തോടു നിലവിളിക്കുന്നതും ദൈവം തന്റെ കരുണയിൽ അവരെ രക്ഷിക്കുന്നതുമായ ഒരു പരിക്രമം സൃഷ്ടിക്കുന്നു. ദൈവം അവരെ ഒരിക്കലും കൈവിട്ടുകളയാതെ, തുടർമാനമായും കൃപയോടെ അവരുടെ വളർച്ചക്കായും പ്രവർത്തിക്കുന്നു.

മൂന്നാം അദ്ധ്യായം 7-ാം വാക്യത്തിൽ " ഇങ്ങനെ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു" എന്നു നാം കാണുന്നു. തിന്മ എന്നത് രണ്ടു തീരുമാനങ്ങളുടെ ഫലമാണ് ദൈവത്തെ മറന്ന്, വ്യാജ ദൈവങ്ങളെ, ചെറിയ കർത്താക്കന്മാരെ സേവിക്കുക. ഇവിടെ ഇത് 'ബാൽ' എന്ന ദേവനും 'അഷേര' എന്ന 'fertility goddess' വുമാണ്. ദൈവത്തിന്റെ വലിയ സ്നേഹവും കരുണയും മറക്കുക. ഇതു നമുക്കും സംഭവിക്കാവുന്ന ആത്മീയ പ്രശ്നമാണിത്. നമ്മുടെ ബുദ്ധിയിൽ അറിയുന്ന കാര്യങ്ങൾ ഹൃദയത്തിൽ യാഥാർത്ഥ്യമാകാതിരിക്കുക. ബുദ്ധിപരമായി ദൈവത്തെ സംബന്ധിച്ച സത്യങ്ങൾ യാഥാർത്ഥ്യമാണ് എന്നു നാം സമ്മതിക്കും, എന്നാൽ ആ സത്യം നമ്മുടെ നമ്മുടെ ഹൃദയത്തെ അഥവാ ജീവിതത്തെ യാതൊരു നിലയിലും നിയന്ത്രിക്കുവാൻ അനുവദിക്കാതിരിക്കുക എന്നതാണിത്. ദൈവത്തെ കാണാനൊ, അനുഭവിച്ചറിയാനൊ രുചിച്ചറിയാനൊ കഴിയാതെ പോകുക.

ദൈവം യിസ്രായേലിന്റെ ഈ പാപത്തോട് എങ്ങനെയാണ് പ്രതികരിച്ചത് എന്ന് നോക്കുക: "അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശൻ രീശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേൽമക്കൾ കൂശൻ രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു." (വാക്യം 8). അവർ സേവിച്ചിരുന്ന ദേവന്മാരുടെ രാജാക്കന്മാർക്കുതന്നെ ദൈവം അവരെ ഏൽപ്പിച്ചുകൊടുത്തു. തങ്ങളെ ന്യായം വിധിച്ചതിലൂടെ ദൈവം അവരോടു കരുണകാണിക്കുകയായിരുന്നു; അവർക്കു ദൈവം കഷ്ടതയും ബുദ്ധിമുട്ടും വരുത്തിയില്ലായിരുന്നു എങ്കിൽ അവരുടെ യഥാർത്ഥ പദവി എന്താണെന്നു അവർ മനസ്സിലാക്കുകയില്ലായിരുന്നു. അവർ ആത്മീയമായി എത്ര അടിമപ്പെട്ടിരിക്കുന്നു, എന്ന് അവരുടെ ഭൗതികമായ അടിമത്വത്തിലൂടെ അവർ ഗ്രഹിക്കണം. അങ്ങനെ എട്ടു വർഷത്തെ അടിച്ചമർത്തലിനുശേഷം അവർ അവസാനം "ദൈവത്തോടു നിലവിളിച്ചു." അപ്പോൾ ദൈവം അവർക്കു ഒരു രക്ഷകനെ അഥവാ ന്യായാധിപനെ എഴുന്നേൽപ്പിച്ചു (9). യിസ്രായേൽ തങ്ങളുടെ രക്ഷക്കായി ചെയ്ത ഏകകാര്യം ദൈവത്തോട് നിലവിളിച്ചു എന്നതാണ്. അത് അർത്ഥമാക്കുന്നതെന്തെന്നാൽ അവർ നേരത്തെ വിഗ്രഹത്തോടു കാണിച്ച കൂറു വിട്ട് ദൈവത്തിലേക്കു തിരിഞ്ഞു. മറ്റൊരു രീതിയിൽ പറഞ്ഞാൽ അവർക്കു മാനസാന്തരം ഉണ്ടായി. യഥാസ്ഥാനത്വത്തിനും പുതുക്കത്തിനും മാനസാന്തരം ആവശ്യമാണ്. ദൈവം അവർക്കു കഷ്ടത വരുത്തിയ ശേഷം അവർക്കു ആത്മീയ നേതാവിനേയും നൽകി; ആ നേതാവാണ് ഒത്നിയേൽ.

ഒത്നിയേൽ

യിസ്രായേലിന്റെ ഒന്നാമത്തെ ന്യായാധിപനായ ഒത്നിയേൽ ദൈവത്തോടു വളരെ വിശ്വസ്തത പുലർത്തിയ.വ്യക്തിയാണ്. ഒത്നിയേലിന്റെ ന്യായപാലനം വളരെ ഉത്തമമായ ഒന്നായിരുന്നു. ദൈവം തന്റെ ജനത്തിനു വേണ്ടി തെരഞ്ഞെടുത്ത നാം പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു നേതാവായിരുന്നു ഒത്നിയേൽ. യോശുവയെ കൂടാതെ ന്യായാധിപന്മാരുടെ പുസ്തകത്തിലെ ഓർമ്മിക്കുവാൻ കൊള്ളാവുന്ന അധികം വീഴ്ചകൾ ഇല്ലാതിരുന്ന ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ അവസാനമായി പറയുന്നതിപ്രകാരമാണ് "അവൻ അവരെ രക്ഷിച്ചു" (ന്യായ.3:9). അവൻ എന്നത് ദൈവമൊ ഒത്നിയേലൊ എന്നത് വ്യക്തമല്ല, അതു നമ്മേ ഓർമ്മിപ്പിക്കുന്നത് ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ട നായകനിലൂടെ, അവർ ഇരുവരും ചേർന്ന് അവർക്കു രക്ഷ വരുത്തി എന്ന് ചിന്തിക്കുന്നതാകും ഉത്തമം. 10-ാം വാക്യം "അവന്റെ മേൽ യഹോവയുടെ ആത്മാവു വന്നു; അവൻ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശൻ രിശാഥയീമിനെ അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ കൂശൻ രീശാഥയീമിനെ ജയിച്ചു. 11 ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി." ദൈവം തന്റെ പരിശുദ്ധാത്മാവിനെ ഒരു നേതാവിനു മേൽ അയച്ചു അതു വലിയ ഉണർവ്വിനു കാരണമായി. ഇത് അപ്പോസ്തലപ്രവൃത്തികളെ ഉണർവ്വിൽ നിന്നും വ്യത്യസ്ഥമായിരിക്കുന്നത് അവിടെ എല്ലാവരുടേയും മേൽ, സഭയുടെ മേൽ ദൈവത്തിന്റെ പരിശുദ്ധാന്മാവിനെ അയക്കുന്നു. അതു വലിയ ഉണർവ്വിനു കാരണമായിത്തീർന്നു എന്നു നാം വായിക്കുന്നു (അപ്പൊ. 4:31).

രക്ഷ ദൈവത്തിൽ നിന്നു വരുന്നു.

ദൈവം തന്റെ ജനത്തിനുമേൽ കഷ്ടത അയക്കുന്നു, അതിനു പിന്നാലെ നേതൃത്വത്തേയും ദൈവത്തിന്റെ ആത്മാവിനെയും അയയ്ക്കുന്നു; അത് ജനത്തിന്റെ യഥാസ്ഥാനത്വത്തിനു കാരണമായി തീരുന്നു. അങ്ങനെ ദേശത്തിനു നാൽപ്പതു സംവത്സരം സ്വസ്ഥത ഉണ്ടായി. ആദ്യ പരിക്രമത്തെ നാലു വാക്യാംശങ്ങളാൽ വിശദീകാരിക്കാം: യിസ്രായേൽ വിഗ്രഹങ്ങളെ സേവിക്കുന്നു (വാക്യം 7), ദൈവം അവരെ ശത്രുവിനു വിറ്റുകളഞ്ഞു, അവൻ അവരെ ഞെരുക്കി (വാക്യം 8), ദൈവം ഒരു രക്ഷകനെ എഴുന്നേൽപ്പിച്ചു (വാക്യം 9), അവൻ അവരുടെ ന്യായാധിപനായി ( വാക്യം 10). ദൈവം ശത്രു രാജാവിനെ ആ ന്യായാധിപന്റെ കയ്യിൽ ഏൽപ്പിച്ചു, വിഗ്രഹാരാധനയും അടിച്ചമർത്തലിനും വിധേയമായ യിസ്രായേൽ ജനം അവസാനം 40 വർഷത്തോളം "സമാധാനം ആചരിച്ചു." വ്യാജ ദൈവങ്ങളെ ആരാധിക്കുന്നതുമൂലമുള്ള കഷ്ടത മാറി ദൈവത്തെ സേവിക്കുന്നതുമുലം ഉണ്ടാകുന്ന സമാധാനം സാദ്ധ്യമാകുന്നതു ദൈവത്തിന്റെ പ്രവൃത്തിമൂലമാണ്. നമുക്കത് പ്രാവർത്തികമാക്കാനൊ സ്വന്തമായി സമാധാനമുണ്ടാക്കാനൊ സാധിക്കയില്ല, മറിച്ച് ദൈവത്തോടു നിലവിളിക്കുക എന്ന കാര്യമാണ് നമുക്കു ചെയ്യാൻ കഴിയുന്ന ഏക കാര്യം.

ഈ കഥ അവസാനിക്കുന്നത് ഒത്നിയേലിന്റെ മരണത്തോടെയാണ്, തന്റെ മരണം വരെ കാര്യങ്ങൾ നന്നായി പോയി. രക്ഷയും സമാധാനവും ദൈവത്തിന്റെ രക്ഷകനായ നേതാവിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ അതു അധികം നീണ്ടു നിൽക്കുകയില്ല, കാരണം ആ നേതാവ് എല്ലാക്കാലവും ജീവിക്കുകയില്ല. അത് താത്ക്കാലികമാണ്. അതുപോലെതന്നെയാണ് സഭാചരിത്രത്തിലേയും ഉണർവ്വ്.

നിലനിൽക്കുന്ന സമാധാനത്തിനായി ക്രിസ്തുവിലേക്ക് നോക്കുക (Look to Christ for lasting peace)
സ്ഥിരമായ, ഒരിക്കലും അവസാനിക്കാത്ത സമാധാനവും ദൈവസേവയും നിലനിൽക്കുന്നതിനു മരണമില്ലാത്ത ഒരു നായകനെയാണ് ആവശ്യം. 12-ാം വാക്യം അതാണ് നമ്മേ ഓർപ്പിക്കുന്നത് : "കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു;" എത്രതന്നെ ആത്മാവിനാൽ ശക്തീകരിക്കപ്പെട്ട വ്യക്തി ആയാലും മാനുഷിക നേതാവിന്റെ പ്രശ്നമെന്തെന്നാൽ അവർ എല്ലാക്കാലവും നിലനിൽക്കയില്ല, എല്ലാ കാലവും നിലനില്ക്കുന്നതിനു നാം നോക്കേണ്ട വ്യക്തി വെളിപ്പാട് 1:18 ൽ പറയുന്ന കർത്താവായ യേശുക്രിസ്തുവാണ്; അവിടുന്നു ഇപ്രകാരം പറയുന്നു: "ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു;". തന്റെ മരണത്തിനു മുന്നമെ ഒത്നിയേൽ കൊണ്ടുവന്ന 40 വർഷത്തെ സമാധാനം കർത്താവായ യേശുക്രിസ്തുവിനെ സ്തുതുക്കുന്നതിലേക്കാണ് നമ്മേ നയിക്കുന്നത്, കാരണം യേശുക്രിസ്തുവിന്റെ വരവോടെ ആരംഭിച്ച സമാധാനം തന്റെ മരണത്തോടെ അവസാനിക്കുകയില്ല, മരണത്തിനപ്പുറമായി നിത്യമായി നിലനിൽക്കുന്നതാണ്.
*****

© 2020 by P M Mathew, Cochin

bottom of page