top of page

O T Overview_Judges-11

(10-16 വരെ അദ്ധ്യായങ്ങൾ)
The Book of Judges (3)
ന്യായാധിപന്മാരുടെ പുസ്തകം

യിഫ്താഹ് (Jephthah)

അടുത്ത പ്രധാന ന്യായാധിപൻ യിഫ്താഹാണ്. അവൻ ഒരു വേശ്യയുടെ മകനായിരുന്നു എന്നു മാത്രമല്ല, തന്റെ അർദ്ധസഹോദരങ്ങളാൽ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടവനും. അതായത്, ഒരു തകർന്ന കുടുംബത്തിൽ ജനിച്ച വളർന്ന ഒരു തെമ്മാടിയൊ അധോലോക നായകനെപോലെയുള്ള ഒരു വ്യക്തിയൊ ആയിരുന്നു. ഇസ്രായേലിൽ കാര്യങ്ങൾ വളരെ മോശമായപ്പോൾ മൂപ്പന്മാർ അവന്റെ സഹായത്തിനായി യാചിക്കുന്നു. എന്നാൽ യിഫ്താഹ് അവരുടെ ക്ഷണം പെട്ടെന്ന് സ്വീകരിക്കുവാൻ തയ്യാറായില്ല, അവൻ ചില ഉപാദികൾ വെച്ചു. അതായത് താൻ അമ്മോന്യരോടു യുദ്ധത്തിൽ ജയിച്ചാൽ തന്നെ തലവനാക്കുമൊ, തന്നെ അവരുടെ ന്യായാധിപതിയാക്കുമൊ എന്നതായിരുന്നു തന്റെ ഉപദികൾ. ഗിലെയാദിലെ മൂപ്പന്മാർ അവന്റെ ആവശ്യം അംഗീകരിച്ചു. അവൻ അമ്മോന്യർക്കെതിരെയുള്ള യുദ്ധത്തിൽ വിജയിച്ചു. പക്ഷേ, ഇസ്രായേലിന്റെ ദൈവവുമായി അയാൾക്ക് അത്ര പരിചയമില്ലായിരുന്നു, അവൻ യിസ്രായേലിന്റെ ദൈവത്തെ ഒരു കനാന്യ ദേവനെപ്പോലെയാണ് കണ്ടത്- യുദ്ധത്തിൽ വിജയിച്ചാൽ എന്തായാലും തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിനെ ബലിയർപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. അവൻ നേർന്നതുപോലെ തന്റെ ഏകമകളെ യഹോവയ്ക്കു ബലിയർപ്പിച്ചു. അതിനെക്കുറിച്ചു 17:39 ൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: "രണ്ടു മാസം കഴിഞ്ഞിട്ടു അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല." ആവർത്തനപുസ്തകം 12:31 ൽ യഹോവ മനുഷ്യരെ യാഗമർപ്പിക്കുന്നത് വെറുക്കുന്നു എന്നു നാം വായിക്കുന്നു. യിഫ്താഹിനെ നീതീകരിക്കുവാൻ ശ്രമിക്കുന്നവർ യിഫ്താഹ് മകളെ യാഗം കഴിച്ചില്ല എന്ന് പറയാറുണ്ട്. ന്യായാധിപന്മാരെയും റൂത്തിനെയും കുറിച്ചുള്ള ന്യൂ അമേരിക്കൻ കമന്ററി എഴുതിയ ഡാനിയൽ ബ്ലോക്ക് വിശ്വസിക്കുന്നത് ജെഫ്താ തന്റെ മകളെ മനുഷ്യബലിയായി അർപ്പിച്ചു എന്നാണ്. അതേ, ജാതീയദേവന്മാരുടെ ആരാധനരീതികളും യാഗങ്ങളും കണ്ടുവളർന്ന യിഫ്താഹ് അവരുടെ വിശ്വാസവും യഹോവയിലുള്ള വിശ്വാസവും ഒരുമിച്ചു കൊണ്ടുപോകുകയായിരുന്നു.

ശിംശോൻ (Samson)

അവസാനത്തെ ന്യായാധിപനായ ശിംശോൻ മാതാപിതാക്കളെ അനുസരിക്കാത്തവനും സ്ത്രീലംബടനും അക്രമാസക്തനും, എടുത്തുചാട്ടക്കാരനും പക്വതയില്ലാത്തവനും സ്വാർത്ഥനും വർത്തമാന സിനിമയിലെ ഒരു Action-hero യെ പോലെയുമുള്ള വ്യക്തിയായിരുന്നു. എന്നാൽ ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ മുഴുവൻ വിവരണത്തിന്റെ ഒരു ഭാഗമായി അതിനെ വായിക്കുമ്പോൾ അതു ആശയക്കുഴപ്പമൊ അലോസരപ്പെടുത്തുന്നതൊ ആയി തോന്നുകയില്ല. യിസ്രായേലിന്റെ ആത്മീയ അവസ്ഥ കുടുതൽ കൂടുതൽ വഷളായി വരുന്നതിനാൽ ഒരു മെച്ചപ്പെട്ട ഉന്നതനായ ഒരു രാജാവിലേക്ക് ജനം നോക്കണം എന്ന പ്രത്യാശ ഇത് ഉളവാക്കുന്നു.

അവന്റെ ജീവിതം ദൈവത്തിന്റെ വാഗ്ദാനത്തോടെ ആരംഭിക്കുന്നു. എന്നാൽ അതിനു മുന്നമെ വന്ന ന്യായാധിപന്മാരേക്കാൾ മോശം സ്വഭാവത്തെ താൻ പ്രതിഫലിപ്പിക്കുന്നു. യിസ്രായേലിനെ അടിമപ്പെടുത്തിയിരുന്ന ഫിലിസ്ത്യരിൽ നിന്നു യിസ്രായേൽ ജനത്തെ രക്ഷിക്കുവാനാണ് അവനെ ദൈവം എഴുന്നേൽപ്പിച്ചത് എന്നിരിക്കിലും മാതാപിതാക്കളുടെ വിലക്കുകളെ അവഗണിച്ച് അവൻ ഒരു ഫിലിസ്ത്യയുവതിയെ വിവാഹം കഴിക്കുന്നു. ഇസ്രായേലിന്റെ ദൈവത്തെ പരിഗണിക്കാതെ ഉടമ്പടി ജനത്തിനു വെളിയിൽ നിന്നും താൻ വിവാഹം കഴിക്കുന്നു. അതിലുടെ ദൈവത്തിന്റെ കണ്ണിൽ ശരിയായതെന്ത് എന്നു നോക്കാതെ തന്റെ കണ്ണിന്മുൻപാകെ ശരിയെന്നു തോന്നിയതു താൻ ചെയ്യുന്നു. വാസ്തവത്തിൽ യിസ്രായേലിന്റെ അപ്പോഴത്തെ ആത്മീയ അവസ്ഥയെയാണ് താൻ അതിലൂടെ പ്രതിഫലിച്ചത്. അതായത്, "ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു, ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു" (17:6, 21:25).

ദൈവം മനുഷ്യന്റെ ബലഹീനതകളേയും ഉപയോഗിക്കുന്നു ! (God also uses man's weaknesses too!)

ഇവിടെ 14:4 വളരെ ശ്രദ്ധേയമാണ്: "ഇതു യഹോവയാൽ ഉണ്ടായതു എന്നു അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവൻ ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നതു." ജനം ജാതികളോടു ഇടപഴകി ജീവിച്ചതിന്റെ ഫലമായി അവരുടെ സംസ്ക്കാരം അവരെ വാണു. Michael Wilcock എന്ന ദൈവദാസൻ ഈ വാക്യത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു നോക്കുക: "രണ്ടു സംസ്ക്കാരങ്ങളും അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവരെ വേർപെടുത്താൻ ദൈവത്തിനുപോലും ഒന്നും കണ്ടെത്താനായില്ല. അതിനാൽ ശിംശോന്റെ ബലഹീനതകളെ ഉപയോഗിക്കുവാൻ ദൈവം തീരുമാനിച്ചു. ഇതാണ് വാക്യം 14:4 ന്റെ ഊന്നൽ," ആകയാൽ ദൈവം ശിംശോന്റെ ബലഹീനതയോടു ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുവാൻ അവസരമൊരുക്കുന്നു. എന്നാൽ ആ വ്യക്തിക്ക് തന്റെ സ്വഭാവദൂഷ്യത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞിരിപ്പാൻ കഴിയുകയില്ല. അവൻ ചെയ്യുന്ന എല്ലാ തിന്മകളുടേയും ഉത്തരവാദിത്വം അവന്റെമേലുണ്ടാകും. ദൈവം ഇതെല്ലാം ഉപയോഗിച്ച് രണ്ടു രാജ്യങ്ങളും തമ്മിൽ വേർപെടുവാൻ ഇടയാക്കുകയും അതുവഴി യിസ്രായേലിന്റെ വ്യതിരിക്തത നഷ്ടപ്പെടാതെ സംരക്ഷിച്ചു. ദൈവം തന്റെ ഉടമ്പടി വിശ്വസ്തത സൂക്ഷിക്കുവാൻ നിരുപാദികം പ്രതിജ്ഞാബദ്ധനായിരിക്കുന്നു എന്നാണിതു കാണിക്കുന്നത്. അവരുടെ പാപങ്ങൾ ഉണ്ടായിരുന്നിട്ടും ദൈവം തന്റെ വാഗ്ദത്തങ്ങളോടു വിശ്വസ്തനാണ് എന്നു മാത്രമല്ല, അവരുടെ പാപങ്ങളെ തന്നെ ഉപയോഗിച്ച് അവർക്കു വിടുതൽ ഒരുക്കുകയാണ് ഇതിലൂടെ താൻ ചെയ്തത്.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കർത്താവായ യേശുക്രിസ്തുവിന്റെ കാല്വരിയിലെ മരണം. അപ്പൊ. പ്രവൃത്തികൾ 2:23 ൽ നാം വായിക്കുന്നതുപോലെ, "ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;" യേശുവിനെ ആളുകൾ തങ്ങളുടെ ദുഷ്ടതയുടെ ഫലമായി ക്രൂശിൽ തറച്ചുകൊന്നുവെങ്കിലും, ദൈവം അവരുടെ ദുഷ്ടതയെ തന്റെ രക്ഷാപദ്ധതിയുടെ നിവൃത്തിക്കായി ക്രമീകരിച്ചുകൊണ്ട് ദൈവം ലോകത്തെ രക്ഷിച്ചു.

ശിംശോന്റെ മരണം (Death of Samson)

ശിംശോന്റെ ജീവിതം അവസാനിക്കുന്നത് കൂട്ടക്കൊലയോടെയാണ്. അതിനെക്കുറിച്ചു വിവരിച്ചിരിക്കുന്നതു നോക്കുക: "ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ചു അവയോടു ചാരി: 30 ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്തുകൊന്നവർ ജീവകാലത്തു കൊന്നവരെക്കാൾ അധികമായിരുന്നു" (ന്യായ. 16:29-30). ശിംശോന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷമെന്നു പറയുന്നത് തന്റെ മരണമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വിജയകരമായ സംഭവവും മരണമാണ്, കാരണം തന്റെ ജീവിതത്തിന്റെ അവസാനത്തിൽ, ദൂതൻ ശിംശോന്റെ അത്ഭുതകരമായ ജനനത്തോടുള്ള ബന്ധത്തിൽ തന്റെ അമ്മയോടു അരുളിച്ചെയ്തതുപോലെ (13:5) ദൈവജനത്തെ അവരുടെ ശത്രുക്കളിൽ നിന്നു രക്ഷിക്കുന്നതിനു ആരംഭം കുറിക്കുന്ന ഒരു പ്രവൃത്തിയായിരുന്നു.

ശിംശോന്റെ മരണം യേശുക്രിസ്തുവിന്റെ മരണത്തിൽ നിന്നും രണ്ടു നിർണ്ണായക വ്യത്യാസം ഉൾക്കൊള്ളുന്നതായിരുന്നു. ദൈവത്തിന്റെ ഭരണത്തിനും ദൈവത്തിന്റെ മഹത്വത്തിനും കീഴ്പ്പെടാൻ തനിക്കു കഴിയാതിരുന്നതിനാൽ ദാഗോന്റെ ക്ഷേത്രത്തിൽ വെച്ചായിരുന്നു തന്റെ അന്ത്യം. തന്റെ അനുസരണക്കേടാണ് തന്റെ വീഴ്ചക്ക് കാരണമായി തീർന്നത്. എന്നാൽ യേശുക്രിസ്തു, പിതാവിനോടുള്ള അനുസരണത്തിലും പിതാവിന്റെ മഹത്വത്തിനുമായി ജിവിക്കുകയും മറ്റുള്ളവർക്കു വേണ്ടി തന്റെ ജീവനെ ബലിയായി നൽകയും ചെയ്തു. രണ്ടാമതായി, ശിംശോന്റെ മരണം നിവൃത്തിച്ചത് ദൈവം ശിംശോൻ നിവൃർത്തിക്കുന്നതിനായി ആഗ്രഹിച്ച ദൗത്യത്തിന്റെ ഒരു ചെറിയ ഭാഗം- അതായത് യിസ്രായേലിന്റെ വിടുതലിനു ആരംഭം കുറിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ യേശുക്രിസ്തുവിന്റെ മരണം ഒരിക്കലായും എന്നേക്കുമായുള്ള വിടുതൽ നേടിത്തന്നു (1 പത്രൊസ് 3:18; ഹെബ്രായർ 10:10).

എന്നാൽ മറ്റനവധി രിതികളിൽ ശിംശോന്റെ മരണം യേശുവിന്റെ മരണത്തിന്റെ നിഴലായിരുന്നു. ശിംശോൻ തന്റെ ഭാര്യ ദലീലയാൽ വഞ്ചിക്കപ്പെട്ടപ്പോൾ യേശു തന്റെ ശിഷ്യനായിരുന്ന യൂദാസിനാൽ ഒറ്റിക്കൊടുക്കപ്പെടുന്നു. രണ്ടു പേരും സ്വജനത്താൽ ജാതികൾക്ക് ഏൽപ്പിച്ചുകൊടുക്കപ്പെടുന്നു. രണ്ടു പേരും ബന്ധിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും പരസ്യമായി അപമാനിപ്പിക്കപ്പെടുകയും ചെയ്തു. രണ്ടു പേരും അത്ഭുതം കാണിക്കുവാൻ വെല്ലുവിളിക്കപ്പെടുന്നു; ശിംശോൻ വെല്ലുവിളി ഏറ്റെടുത്തപ്പോൾ യേശു അതു നിഷേധിക്കുകയും രണ്ടു പേരും കൈകൾ വിരിച്ച് മരിക്കുകയും ചെയ്യുന്നു.

പുസ്തകത്തിന്റെ പ്രധാന വിഭാഗത്തിൽ ആവർത്തിച്ചുള്ള ഒരു പ്രമേയം നിങ്ങൾ ശ്രദ്ധിക്കും. പ്രധാന നിമിഷങ്ങളിൽ ദൈവത്തിന്റെ ആത്മാവ് ഈ നേതാക്കളിൽ ഓരോരുത്തരെയും മഹത്തായ വിടുതൽ പ്രവൃത്തികൾ ചെയ്യാൻ പ്രാപ്തരാക്കുന്നു. ദൈവം ശരിക്കും മോശമായ ആളുകളെ ഉപയോഗിക്കുന്നു എന്നതിന്റെ അർത്ഥം, അവൻ അവരുടെ എല്ലാ തീരുമാനങ്ങളെയും അംഗീകരിക്കുന്നുവെന്നല്ല. തന്റെ ജനത്തെ രക്ഷിക്കുന്നതിൽ ദൈവം പ്രതിജ്ഞാബദ്ധനാണ്, മോശമായ നേതാക്കളെ ഉപയോഗിച്ചാണെങ്കിലും ദൈവം തന്റെ ജനത്തെ രക്ഷിക്കുന്നു; അവരോടൊപ്പം ദൈവം പ്രവർത്തിക്കുന്നു. ഈ മുഴുവൻ ഭാഗവും രൂപകൽപ്പന ചെയ്തിരിക്കുന്നത് -ഇത്ര മോശമായ കാര്യങ്ങൾ സംഭവിച്ചത് കാണിക്കുന്നത്- യിസ്രായേല്യരും കനാന്യരും വ്യത്യസ്ഥരാണ് എന്നു പറയാൻ കഴിയുകയില്ല, അവരെപോലെതന്നെ അവരുടെ നേതാക്കളും മോശം ആളുകൾ തന്നെയായിരുന്നു.

*****

© 2020 by P M Mathew, Cochin

bottom of page