
നിത്യജീവൻ

O T Overview_Judges-12
(17-20 വരെ അദ്ധ്യായങ്ങൾ)
The Book of Judges (4)
ന്യായാധിപന്മാരുടെ പുസ്തകം
അനുബന്ധം 1
അവസാന വിഭാഗം, ഇസ്രായേലിന്റെ മൊത്തത്തിലുള്ള അധഃപ്പതനത്തെ കാണിക്കുന്ന രണ്ട് ദാരുണ കഥകൾ ആണ്; അവ ഹൃദയഭേദകമായ സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. വിഗ്രഹത്തിനായി ഒരു സ്വകാര്യ മന്ദിരം പണിത മീഖാ എന്ന എഫ്രയിം ഗോത്രക്കാരനെക്കുറിച്ചുള്ളതാണ് അതിൽ ആദ്യത്തേത്. അയാൾ അമ്മയുടെ 1100 ഷെക്കൽ വെള്ളി മോഷ്ടിക്കുന്നു; എന്നാൽ മോഷ്ടാവിനുമേൽ ശാപവാക്ക് ഉരുവിട്ടതുകേട്ടപ്പോൾ താൻ ആ പണം തിരികെ നൽകുന്നു. താനൊരു നല്ല മനുഷ്യനൊ എന്നാൽ തീരെ മോശം മനുഷ്യനൊ അല്ല, നല്ലവനായിരുന്നു എങ്കിൽ താൻ മോഷ്ടിക്കുകയില്ല്ലായിരുന്നു, തീരെ മോശം വ്യക്തിയായിരുന്നു എങ്കിൽ മോഷ്ടിച്ച പണം തിരികെ നൽകയില്ലായിരുന്നു. അവൾ തനിക്കു തിരികെ ലഭിച്ച പണത്തിൽ നിന്നും 200 ഷെക്കൽ തിരികെ തന്റെ മകനു നൽകുന്നു. അതുകൊണ്ട് അവൻ ഒരു വിഗ്രഹം ഉണ്ടാക്കി അതിനെ താനുണ്ടാക്കിയ ദേവമന്ദിരത്തിൽ പ്രതിഷ്ഠിച്ച് വിഗ്രഹാരാധനയും (പുറപ്പാട് 20:4-5) തന്റെ മകനെ കരപൂരണം ചെയ്ത് ഒരു പുരോഹിതനാക്കി പൗരോഹിത്യനിയമങ്ങളും ലംഘിക്കുന്നു. ചുരുക്കി പറഞ്ഞാൽ, ദൈവത്തെ ആരാധിക്കേണ്ടതുപോലെ ആരാധിക്കാതെ, തങ്ങൾക്കു ബോധിച്ചതുപോലെ ആരാധിക്കുന്നു.
അനുബന്ധം 2
പുസ്തകത്തിന്റെ രണ്ടാമത്തെ അനുബന്ധം ഇതിലും മോശമാണ്. ഇസ്രായേലിന്റെ ആദ്യ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുന്ന ലൈംഗിക ചൂഷണത്തിന്റെയും അക്രമത്തിന്റെയും ഞെട്ടിക്കുന്ന കഥപറയുന്നു. ഇതുവരെ വായിച്ച കഥകളേക്കാൾ സങ്കടകരവും ലജ്ജാകരവും ഭയാനകവുമാണ്. ഇതിന്റെ പ്രമേയം രക്ഷിക്കുന്ന ഒരു രാജാവ് എത്രയൊ ആവശ്യമായിരിക്കുന്നു എന്ന കാര്യമാണ്.
19:1 ആരംഭിക്കുന്നത് "ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു, ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു" എന്ന കുറിപ്പോടെയാണ്. അതായത്, ഓരോരുത്തന്റെ കണ്ണിൽ നല്ലത് എന്നു തോന്നുന്നത് എന്നാൽ യഹോവയുടെ കണ്ണിൽ തിന്മയായത് ചെയ്തു ജീവിക്കുക. അതല്ലെങ്കിൽ ഉൽപ്പത്തി പുസ്തകത്തിന്റെ ആരംഭത്തിൽ കാണുന്നതു പോലെ നന്മ-തിന്മകളെ സ്വയം നിർവചിച്ച് അതിൻപ്രകാരം ജീവിക്കുക.
17-18 അദ്ധ്യായങ്ങളിൽ പറഞ്ഞ ലേവ്യന്റേത് സ്വയാഭിവൃത്തിയുടെ ഒരു മതമായിരുന്നുവെങ്കിൽ 19-ാം അദ്ധ്യായത്തിൽ പറയുന്ന ലേവ്യൻ ഒരു വെപ്പാട്ടിയുമായിട്ടാണ് അരങ്ങത്ത് പ്രത്യക്ഷപ്പെടുന്നത്. ഉൽപ്പത്തി 2:24 ൽ യഹോവ മനുഷ്യനു നിയമിച്ചത് ഏകഭാര്യയെ ആയിരുന്നു. എന്നാൽ മനുഷ്യൻ തനിക്കു നല്ലത് എന്നു തോന്നിയതു തെരഞ്ഞെടുത്തതിന്റെ ഫലമായി ഒന്നിലധികം സ്ത്രികളെ ഭാര്യമാരായി സ്വീകരിക്കുന്നു. കയിന്റെ സന്തതിയായ ലാമേക്ക് ഇതിനു തുടക്കം കുറിക്കുന്നു. തുടർന്ന് അനവധിയായി ആവർത്തിക്കുന്നതു ഇതു ബൈബിൾ പേജുകളിൽ കാണാം. അബ്രാഹം പോലും ഇതിൽ നിന്നു വിഭിന്നനായിരുന്നില്ല എന്നു നമുക്കു കാണാം. ഈ ലേവ്യൻ തന്റെ ഒരു property എന്ന നിലയിൽ സ്ത്രീത്വത്തിനു നൽകേണ്ട ബഹുമാനം നൽകാതെ ജീവിച്ച വ്യക്തിയായിരുന്നു. യഹോവയുടെ പുരോഹിതനാകുവാൻ വിളിക്കപ്പെട്ട ഈ ലേവ്യൻ കനാന്യസംസ്കാരവുമായി ഇഴുകിച്ചേർന്നിരുന്നു എന്നതിന്റെ തെളിവാണ് തന്റെ ഈ വെപ്പാട്ടി. ഇവരുടെ കുടുംബജീവിതവും കനാന്യസംസ്കാരത്തിൽ നിന്നും ഒട്ടും ഭിന്നമായിരുന്നില്ല. ഈ സ്ത്രീ വ്യഭിചാരത്തിൽ ഏർപ്പെടുകയും തന്റെ ഭർത്താവിനെ വിട്ട് തന്റെ പിതാവിന്റെ ഭവനമായ ബേത്ലേഹമിൽ പോയി പാർക്കുകയും ചെയ്യുന്നു. നാലു മാസത്തെ കാത്തിരിപ്പിനു ശേഷം ഈ ലേവ്യൻ തന്റെ ഭാര്യയെ തേടി ബേത്ലേഹമിൽ എത്തുന്നു. അവിടെ ആ സ്ത്രീയുടെ പിതാവ് വളരെ ഊഷ്മളമായ സ്വീകരണം നൽകി നാലു ദിവസം തന്റെ ഭവനത്തിൽ അവനെ കൈക്കൊണ്ട് തിന്നുകുടിപ്പിച്ച് സന്തോഷിപ്പിക്കുന്നു. അഞ്ചാം ദിവസം താൻ പോകാനൊരുങ്ങിയപ്പോൾ പിതാവ് അവനെ വീണ്ടും നിർബന്ധിച്ച് അന്നു രാത്രികൂടെ അവിടെ പാർക്കണം എന്ന് ആവശ്യപ്പെട്ടു. എങ്കിലും ആ രാത്രി അവിടെ പാർക്കാതെ തന്റെ വെപ്പാട്ടിയേയും ദാസനെയും കൂട്ടി താൻ തന്റെ ഭവനത്തിലേക്കു യാത്ര പുറപ്പെട്ടു.
ഈ വേദഭാഗങ്ങളിൽ ഈ പുരുഷനും സ്ത്രീയും തമ്മിൽ യാതൊരു സംസാരവും നടക്കുന്നതായി രേഖപ്പെടുത്തി കാണുന്നില്ല. അതിന്റെ അർത്ഥം ഈ ലേവ്യനും സ്ത്രീയുടെ അപ്പനും തമ്മിലാണ് ഇടപാടുകൾ മുഴുവൻ നടന്നത് എന്നും സ്ത്രീ കേവലം ഒരു property എന്ന നിലയിൽ ഇവരുടെ തീരുമാനങ്ങൾക്ക് വശംവദയാകുകയായിരുന്നു എന്നും അനുമാനിക്കാം. ഇതെല്ലാം കാണിക്കുന്നത് സ്ത്രീയും, സ്ത്രീയുടെ പിതാവും, ലേവ്യനുമൊക്കെ ഒരു Type ആയി യിസ്രായേലിന്റെ അന്ധകാരപുർണ്ണമായ ജീവിതത്തിന്റെ ഒരു ചിത്രം നമുക്കു നൽകുന്നു.
സോദോമിനെ ഓർമ്മിപ്പിക്കുന്നു (It Remembers Sodom)
ലേവ്യനും, വെപ്പാട്ടിയും ദാസനും യാത്ര ചെയ്ത് സന്ധ്യയോടെ യെബൂസ് എന്ന ജാതികൾ പാർക്കുന്ന പട്ടണത്തിൽ എത്തുന്നു. അവിടെ രാപ്പാർക്കാൻ ദാസൻ പറഞ്ഞെങ്കിലും അതു യിസ്രായേൽ പാർക്കാത്ത നഗരമായതിനാൽ അവിടെ രാത്രി പാർക്കുന്നതു സുരക്ഷിതമല്ലെന്ന് പറഞ്ഞ് ലേവ്യൻ തന്റെ യാത്ര തുടരുന്നു. അങ്ങനെ അവർ അവിടെനിന്നും യാത്ര ചെയ്ത് ബെന്യാമീന്യർ പാർക്കുന്ന ഗിബയയിൽ എത്തി; അവിടെ നഗരവീധിയിൽ ഇരുന്നു. എന്നാൽ വളരെ സമയം കഴിഞ്ഞിട്ടും തങ്ങളെ സ്വീകരിക്കുവാൻ ഒരു ബന്യാമീന്യനും തയ്യാറായില്ല. പിന്നീട് വേലകഴിഞ്ഞ് മടങ്ങിവന്ന ഒരു എഫ്രയിം മലനാട്ടുകാരനായ ഒരു വൃദ്ധനാണ് ഇവർ ഈ നഗരവീഥിയിൽ പാർക്കുന്നത് സുരക്ഷിതമല്ല എന്നു പറഞ്ഞ് അവരെ തന്റെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടു പോയത്. ഇതു ഒരു കനാന്യ പട്ടണമല്ല, മറിച്ച്, യിസ്രായേലിലെ ബന്യാമീൻ ഗോത്രം പാർക്കുന്ന നഗരമാണ് എന്ന കാര്യം നാം ഓർക്കണം. എന്നാൽ അന്നു രാത്രി പട്ടണത്തിലെ ചില ദുഷ്ടന്മാരായ ആളുകൾ വന്ന്, അവിടെ വന്ന പുരുഷന്മാരെ ഭോഗിക്കേണ്ടതിനായി ബഹളമുണ്ടാക്കി. എന്നാൽ ഈ വീട്ടുടയവൻ തന്റെ അഥിധിയായ് പാർക്കുന്ന ആളെ സ്വവർഗ്ഗരതിക്കായ് ഏൽപ്പിക്കുന്നതു അപമാനകരമെന്നും അവർക്കു സംരക്ഷണം നൽകുവാൻ കടപ്പെട്ടവനുമാകയാൽ തന്റെ മകളേയും ലേവ്യന്റെ വെപ്പാട്ടിയേയും അവർക്കു നൽകാം എന്നു പറഞ്ഞു. എന്തിനു വേണ്ടി? അവർ പുരുഷനെ ആണ് ആവശ്യപ്പെട്ടതെങ്കിലും എന്തുകൊണ്ട് ലേവ്യന്റെ ദാസനെ നൽകാൻ തയ്യാറായില്ല? അതേ ഈ എഫ്രയിമ്യ വൃദ്ധനും, ലേവ്യനും, സ്ത്രീയുടെ പിതാവുമൊക്കെ സ്ത്രീകളെ ആർക്കും ഉപയോഗിക്കുവാനുള്ള ഒരു വസ്തുവായി കണ്ടതുകൊണ്ടല്ലേ ആ നിലയിൽ പ്രവർത്തിച്ചത്. എന്നാൽ ദൈവം സ്ത്രീയേയും പുരുഷനേയും സൃഷ്ടിച്ചത് ദൈവത്തിന്റെ സാദൃശ്യത്തിലും ഇരുവർക്കും തുല്യമൂല്യമുള്ളവരുമായിട്ടാണ് എന്നത് അവർ വിസ്മ്മരിച്ചു. മറ്റൊരു കാര്യം, ഒരുപക്ഷെ കനാന്യർ പാർത്തിരുന്ന യെബൂസിൽ ഇതിനേക്കാൾ മോശം പെരുമാറ്റം ലഭിക്കുമായിരുന്നൊ എന്നത് ഒരു സന്ദേഹമായിരിക്കുന്നു.
ഗിബയയിൽ സംഭവിച്ചത് സോദോമിൽ (ഉൽപ്പത്തി 19:1-11) സംഭവിച്ചതിൽ എന്തു വ്യത്യാസമാണുള്ളത്? അവിടെ ലോത്തിന്റെ അഥിധിയായി പാർത്ത ദൈവദൂതന്മാരെ ഭോഗീക്കേണ്ടതിനു ആ ദേശത്തെ ആബാലവൃദ്ധം ആളുകൾ തിങ്ങിക്കൂടിയതു പോലെയുള്ള ഒരു സംഭവമല്ലേ? സോദോം ഗോമോറയെ ദൈവം അഗ്നിയും ഗന്ധകവും ഇറക്കി ന്യായം വിധിച്ചു. യിസ്രായേലിന്റെ അപ്പോഴത്തെ ആത്മീയ അവസ്ഥയെ വരെച്ചു കാണിക്കുന്ന ഒരു സംഭവമല്ലേ വാസ്തവത്തിൽ ഇത്. യിസ്രായേൽ ദൈവത്തിന്റെ ജനം, അബ്രാഹത്തിലൂടേയും മൊശെയിലൂടെയും ദൈവത്തോടു ഉടമ്പടി വെച്ച ജനം, സാക്ഷ്യകുടാരവും ദൈവത്തിന്റെ നേതൃത്വത്തിൽ പുറപ്പാടും നടത്തിയവർ; ഇപ്പോൾ ഇതാ അവസാനമായി പല ന്യായാധിപന്മാരെ രക്ഷകരായി പ്രാപിച്ചവർ. അവരിപ്പോൾ ഈ നന്മകളൊന്നും പ്രാപിക്കാത്ത കനാന്യജാതികളേക്കാൾ ഒട്ടും വ്യത്യസ്ഥരല്ല എന്ന് തെളിയിച്ചിരിക്കുന്നു. അവർ സോദോമ്യരെ പോലെ ആയി തീർന്നിരിക്കുന്നു. എത്രയോ ശോചനീയമായ അവസ്ഥ എന്നു ചിന്തിക്കുക.
ആഭ്യന്തരയുദ്ധം
അവസാനം ലേവ്യൻ സ്വന്ത രക്ഷക്കു വേണ്ടി തന്റെ വെപ്പാട്ടിയെ ആ വേട്ടനായ്ക്കൾക്ക് എറിഞ്ഞുകൊടുത്തുകൊണ്ട് സുഖമായി ഉറങ്ങി. നേരം വെളുത്തതിനുശേഷമാണ് താൻ വെപ്പാട്ടിയെ അന്വേഷിക്കുന്നത്, എന്തിനുവേണ്ടി? ഒന്നും സംഭവിക്കാത്തതുപോലെ, വീട്ടു പടിക്കൽ ചത്തുകിടക്കുന്ന തന്റെ ഭാര്യയെ നടത്തിക്കൊണ്ട് തന്റെ വീട്ടിലേക്കു കൊണ്ടുപോകാനാണ് താൻ ശ്രമിച്ചത്. ഒരു മൃഗത്തോടെന്നപോലെയല്ലേ തന്റെ ഇടപെടൽ എന്നു നോക്കുക.
അതിനു ശേഷം സംഭവിച്ചത് അതിനേക്കാൾ ക്രൂരവും ഗിബയയിലെ ജനങ്ങളോടുള്ള പ്രതികാരം തീർക്കലുമായിരുന്നു. ക്രുരബലത്സംഗത്തിനുശേഷം കൊല്ലപ്പെട്ട തന്റെ വെപ്പാട്ടിയെ വെട്ടിനുരുക്കി, യിസ്രായേലിന്റെ വിവിധ ദിക്കുകളിലേക്കു കൊടുത്തയക്കുന്നു. അവളെ സംരക്ഷിക്കേണ്ട ചുമതലയുള്ളവൻ അവളെ വേട്ടനായ്ക്കൾക്കെറിഞ്ഞു കൊടുത്തശേഷം, ഗിബയക്കാർ തന്നെ കൊല്ലാൻ ശ്രമിക്കയും അവളെ ബലാൽസംഘം ചെയ്തു കൊന്നു എന്നും മറ്റുള്ളവരെ ധരിപ്പിക്കുന്നു. ഗിബയയിലെ ചില ദുഷ്ടന്മാരാണ് ഈ ദുഷ്ടകർമ്മം ചെയ്തതെങ്കിലും ഗിബയക്കാരെ മൊത്തത്തിൽ താനിതിനു കുറ്റക്കാരാക്കി. അതിനു ബദലായി, അവരെ പിടിച്ചു ശിക്ഷ നടത്താൻ തുനിയാതെ, വർഗ്ഗസ്നേഹത്തിന്റെ പേരിൽ യിസ്രായേലിനെതിരെ ഒരു ആഭ്യന്തരയുദ്ധത്തിനു തയ്യാറാകുകയാണു ബന്യാമീന്യർ ചെയ്തത്. യുദ്ധത്തിന്റെ ആരംഭത്തിൽ യിസ്രായേലിനു കനത്ത ആൾനാശം സംഭവിച്ചു എന്നാൽ പിന്നീട് ബന്യാമീന്യർ പരാജയപ്പെടുകയും കേവലം 600 മാത്രം ഒഴിച്ചു ബാക്കിയുള്ള ബന്യാമീന്യരുടെ ഭാര്യമാരും മക്കളും മൃഗങ്ങളും വാളിന് ഇരയായി തീരുകയും പട്ടണം തീയിട്ട് ചുട്ട് നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ യിസ്രായേലിലെ ഒരു ഗോത്രം നാമാവശേഷമായി പോകുന്ന നിലയിലേക്ക് കാര്യങ്ങൾ നിങ്ങി.
ഒരു ലേവ്യന്റെ കഠിനഹൃദയവും ഒരു കൂട്ടം തെമ്മാടികളായ ഗിബയക്കാരുടെ ഭോഗാസക്തിയും, ബന്യാമീന്യരുടെ അഹങ്കാരവും യിസ്രായേലിനെ ഒരു വലിയ ആഭ്യന്തര യുദ്ധത്തിലേക്കു നയിക്കുകയും ഒരു ഗോത്രം തന്നെ നശിച്ചുപോകുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു. പിന്നീടു ബന്യാമീൻ ഗോത്രത്തെ എങ്ങനെയും നിലനിർത്താനുള്ള ശ്രമത്തിൽ പല ഭോഷത്വപരമായ പ്രതിജ്ഞകളും കുതന്ത്രങ്ങളും നടത്തുന്നു. യിസ്രായേൽ എടുത്ത പ്രതിജ്ഞയിൽ സംബന്ധിക്കാതിരുന്ന യാബേഷ് ഗിലയാദ് നിവാസികളെ ആക്രമിച്ച് അവരിലെ അനേകം പുരുഷന്മാരേയും അവരുടെ ഭാര്യമാരേയും കൊന്നൊടുക്കി 400 കന്യകമാരെ പിടിച്ചുകൊണ്ടു വന്നു ബന്യാമീനിൽ അവശേഷിച്ച 400 പേർക്കു ഭാര്യമാരെ കൊടുത്തു. ശേഷിച്ച 200 ഓളം പുരുഷന്മാർക്കു ഭാര്യമാരെ ലഭിക്കേണ്ടതിന്ന് യഹോവയുടെ വാർഷിക ഉത്സവത്തിനു പോയ സ്ത്രീകളെ തട്ടിക്കൊണ്ടുപോകാൻ ബന്യാമീന്യരെ യിസ്രായേൽ നേതൃത്വം ഉപദേശിക്കുകയും അവർ അപ്രകാരം ചെയ്യുകയുമാണുണ്ടായത്.
ഗിബയയിലെ ചില ദുഷ്ടന്മാർ ചേർന്ന് ഒരു സ്ത്രീയെ ബലാത്സംഗത്തിലൂടെ കൊലചെയ്തതിനു നീതി നടപ്പാക്കാൻ കൂടിയ ന്യായാധിപസംഘം ഒരു പട്ടണങ്ങളിലെ പുരുഷന്മാരേയു സ്ത്രീകളേയും കൊന്നോടുക്കുകയും അവിടെ കന്യകമാരായിരുന്ന സ്തീകളെ ബലമായി പടിച്ചുകൊണ്ടു പോരുകയും യഹോവയ്ക്കു ഉത്സവം ആചരിക്കാൻ പോയ മറ്റൊരു പട്ടണത്തിലെ സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബന്യാമിന്യർക്കു ഭാര്യമാരായി നൽകയും ചെയ്യുന്നു. എത്രയൊ ഹീനമായ പ്രവൃത്തിയാണ് ഇത് എന്ന് ഓർക്കുക. "ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു, ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു" എന്ന പ്രസ്താവന എത്രയൊ അർത്ഥവത്തായിരിക്കുന്നു എന്നു ചിന്തിക്കുക. യഹോവയുടെ ഹിതം മാറ്റിവെച്ച്, ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ, തന്റെ ഹിതത്തിൽ ശരിയെന്നു തോന്നയത് ചെയ്തതിന്റെ ഭയാനക ചിത്രമാണ് ഇത് നൽകുന്നത്. റോമാലേഖനം 3:10-12 വാക്യങ്ങളിൽ പറയുന്നതുപോലെ, “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. 11 ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. 12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല." ഈ കഥകളിൽ ഒരുത്തൻ പോലും നീതിമാനായി കാണപ്പെടുന്നില്ല. ലോകത്തിൽ ആരുംതന്നെ നീതിമാന്മാരായിട്ടില്ല എന്ന ബൈബിളിന്റെ പ്രസ്താവന എത്ര അന്വർത്ഥമായിരിക്കുന്നു.
ന്യായാധിപന്മാരുടെ പുസ്തകം കാണിക്കുന്നത് പ്രശ്നം മനുഷ്യന്റേതാണ്, അവന്റെ പ്രശ്നം പരിഹരിക്കുവാൻ അവനു സ്വയമായി സാധിക്കുകയില്ല. അവനാവശ്യമായിരിക്കുന്നത് ഒരു രക്ഷകനായ രാജാവിനെയാണ്. ചില കമന്റേറ്റേഴ്സ് ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ എഴുത്തുകാരൻ ദാവീദു രാജാവിന്റെ വാഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് പറയുന്നു. എന്നാൽ ലേഖനകാരൻ ഇവിടെ ചൂണ്ടിക്കാണിക്കുന്നത് മാനുഷിക പ്രകൃതിയുടെ അപര്യാപ്തയിലേക്കാണ്. നമുക്കാവശ്യം നിത്യനായ രാജാവാണ്. അദ്ദേഹം ദാവീദ് രാജാവിനെ പ്രോത്സാഹിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത് എന്നത് ശരിയായിരിക്കാം അല്ലെങ്കിൽ തെറ്റായിരിക്കാം, എന്നാൽ മനുഷ്യ പ്രകൃതിയുടെ അപര്യാപ്തതയ്ക്ക് ശക്തമായ ഒരു തെളിവ് നൽകുകയാണ് ഈ പുസ്തത്തിലൂടെ ചെയ്യുന്നത്. ന്യായാധിപന്മാരുടെ പുസ്തകം നന്മകളുടെ ഒരു പുസ്തകമല്ല, അതല്ലെങ്കിൽ നല്ല ധാർമ്മിക നേതൃത്വത്തിന്റെ കുറെ മാതൃകകളെ നൽകുകയല്ല. ന്യായാധിപന്മാർ വിശ്വാസത്തിന്റെ നായകന്മാർ (ഹെബ്രായർ 11:32-34) മാത്രമാണ്- ദൈവം തന്റെ കൃപയിൽ അവരെ ഉപയോഗിച്ചുകൊണ്ട്, അയോഗ്യരായ തന്റെ ജനത്തെ രക്ഷിക്കാൻ ദൈവത്തിനുവേണ്ടിയും അവരിലൂടേയും പ്രവർത്തിക്കാമെന്ന് അവർ വിശ്വസിക്കുന്ന വിധത്തിൽ മാത്രമാണ് അവരുടെ വീരത്വം നിലനിൽക്കുന്നത്.