top of page

O T Overview_Judges-10

(4-9 വരെ അദ്ധ്യായങ്ങൾ)
The Book of Judges (2)
ന്യായാധിപന്മാരുടെ പുസ്തകം (ഭാഗം 2)

ആമുഖം

ദെബോറയും ബാരാക്കും.

നാലാം അദ്ധ്യായം ആരംഭിക്കുന്നത്: "ഏഹൂദ് മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു" എന്നു രേഖപ്പെടുത്തിക്കൊണ്ടാണ്. അപ്പോൾ ദൈവം യിസ്രായേലിനെ കനാന്യരാജാവായ യാബിനു വിറ്റുകളഞ്ഞു. യാബീന്റെ സേനാപതി വളരെ ദുഷ്ടനായ സിസേരയായിരുന്നു. അവനു 900 ഇരുമ്പുരഥങ്ങൾ ഉണ്ടായിരുന്നു. കൂശൻ രിഷാഥയിമിനേയും എഗ്ലോനേയുംകാൾ കഠിനമായിരുന്നു ഇവരുടെ അടിച്ചമർത്തൽ. വീണ്ടും ജനം ദൈവത്തെ വിളിച്ചുകരഞ്ഞപ്പോൾ ദൈവം ഒരു പ്രവാചകിയേയാണ് ആദ്യം എഴുനേൽപ്പിച്ചത്. അവൾ യിസ്രായേലിനെ ദൈവത്തിന്റെ വചനം പഠിപ്പിക്കയും ഉപദേശിക്കയും ചെയ്തു. ജനങ്ങൾ അവളുടെ അടുക്കൽ വരികയും തങ്ങളുടെ സാമൂഹികവും നിയമപരവും ബന്ധുത്വപരവുമായ പ്രശ്നങ്ങൾക്കു പരിഹാരം നേടുകയും ചെയ്തു. അവൾ തന്റെ കായികബലത്താലല്ല, ജ്ഞാനത്താലും സ്വഭാവവൈശിഷ്ട്യത്താലും യിസ്രായേലിനു ന്യായപാലനം ചെയ്തു. അവൾ യുദ്ധത്തിലുടെയല്ലാതെ ദൈവവചനത്തിലൂടെ യിസ്രായേലിനെ ന്യായപാലനം ചെയ്തു. ഈ കാര്യത്തിൽ അവൾ "അത്ഭുതമന്ത്രിയും സമാധാനപ്രഭുവും" ആയിരുന്ന യേശുവിലേയ്ക്കു വിരൽ ചൂണ്ടുന്നു.

ദെബോറ ഒരു നല്ല ഭരണാധികാരി ആയിരുന്നെങ്കിൽ ദൈവം എഴുന്നേൽപ്പിച്ച ബാരാക്ക് അവരുടെ രക്ഷകനായി യുദ്ധം നടത്തി. ബാരാക്ക് ഒരു ഭീരു ആയിരുന്നതിനാൽ, ദൈവം അവരുടെ പ്രധാന ശത്രുവായ സിസേരയെ കൊല്ലുവാൻ ഒരു യായേൽ എന്ന സ്ത്രീയെ ഉപയോഗിച്ചു. ഒത്നിയേൽ മുതൽ ശിംശോൻ വരെ ഒരു 'ഹീറോ" ആണ് ഉണ്ടായിരുന്നതെങ്കിൽ ഇവിടെ മൂന്നു പേരാണ് "ഹീറോ" സ്ഥാനത്ത്. അതുകൊണ്ട് അഞ്ചാം അദ്ധ്യായത്തിൽ, തന്റെ പദ്ധതിക്കായി ദൈവം ഉപയോഗിച്ച ഒന്നോ രണ്ടോ മൂന്നോ വ്യക്തികൾക്കല്ല (അവർക്ക് അതൊരു പ്രത്യേക പദവിയും അനുഗ്രഹവുമാണ് എന്നത് യാഥാർത്ഥ്യമായിരിക്കുമ്പോൾ തന്നെ) അതിന്റെ മുഴുവൻ ബഹുമാനം പോകുന്നത് കർത്താവിനു തന്നെയാണ് എന്നു കാണാൻ കഴിയും. ബാരാക്ക് വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു ഹീറോ ആണെന്നു 14-ാം വാക്യത്തിലും തുടർന്നങ്ങോട്ടും പറയുന്നുണ്ട്. ദെബോറാ തന്നോടൊപ്പം യുദ്ധത്തിനു പോരണം എന്ന് അവൻ നിർബന്ധം പിടിച്ചെങ്കിലും അത് അനുസരണക്കേടായി കാണുവാൻ കഴിയുകയില്ല; മറിച്ച്, ദബോറ ഒരു ഭക്തിയുള്ള സ്ത്രീയെന്നും അവൾ ദൈവത്തിന്റെ വചനമാണ് സംസാരിക്കുന്നതെന്നും താൻ അംഗീകരിച്ചു എന്നതിന്റെ തെളിവാണത്. അതുകൊണ്ട്, ഒന്നാമതായി, ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും സാഹചര്യങ്ങളിലും ദൈവത്തിന്റെ വചനത്തിനു ചെവികൊടുക്കുക എന്നതാണ് വിശ്വാസം. രണ്ടാമതായി, മാനുഷികമായി അസാദ്ധ്യമായ കാര്യങ്ങളിൽ ധൈര്യസമേതം, 900 ഇരുമ്പുരഥങ്ങളുള്ള സിസേരയുടെ പടക്കൂട്ടത്തിനു നേരെ 10000 പേരെ അണിനിരത്തി യുദ്ധത്തിനു തുനിഞ്ഞു. മൂന്നാമതായി, യുദ്ധത്തിന്റെ ബഹുമതി മറ്റൊരാൾക്കു ആകുമെന്ന് അറിഞ്ഞിട്ടും അവൻ ദൈവത്തെ അനുസരിക്കുകയും ആളൂകളെയും കൊണ്ട് യുദ്ധത്തിനായി താബോർ പർവ്വതത്തിലേക്കു പോകുകയും ചെയ്തു. അങ്ങനെ താൻ വിശ്വാസത്തിൽ ക്ഷീണിച്ചുപോകാതെ, വരാനിരിക്കുന്ന മശിഹയുടെ ഒരു നിഴലായി.

ബാരാക്ക് ജനങ്ങളേയും കൂട്ടി താബോർ പർവതത്തിൽ പാളയമിറങ്ങി എന്ന് കേട്ടപ്പോൾ സിസെര തന്റെ 900 രഥങ്ങളും പടക്കൂട്ടവുമായി വന്ന് കീശോൻ തോട്ടിന്നരികെ പാളയമിറങ്ങി. അപ്പോൾ ദബോറ ബാരാക്കിനോടു അവരുടെ നേരെ പുറപ്പെട്ടു ചെല്ലുക, യഹോവ സിസെരയെ നിന്റെ കയ്യിൽ ഏൽപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. യഹോവ സിസെരയേയും സൈന്യത്തേയും ബാരാക്കിന്റെ മുൻപിൽ വാളിൻ വായ്ത്തലയാൽ തോൽപ്പിച്ചു. സിസെര രഥത്തിൽ നിന്നു ഇറങ്ങി ഓടി. ബാരാക്ക് മറ്റുള്ള സൈന്യത്തെ മുഴുവനും വാളിന്റെ വായ്ത്തലയാൽ വീഴുമാറാക്കി.

സിസെര ഓടി കേന്യനായ ഹെബരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിൽ ഓടിക്കയറി. യുദ്ധസ്ഥലത്തിനടുത്തായിരുന്നു കേന്യനായ ഹേബരിന്റെയും തന്റെ ഭാര്യ യായേലിന്റേയും കുടാരം. മോശയുടെ അളിയനായ ഹോബാബിന്റെ മക്കളാണ് കേന്യർ. അവരെ വിട്ടു പിരിഞ്ഞ് കേദേശിനരികെ താൻ കൂടാരം അടിച്ചു പാർക്കുകയായിരുന്നു. ഹേബരിനു ഇതിൽ വലിയ പങ്ക് ഇല്ലെങ്കിലും തന്റെ ഭാര്യ ഈ കഥയിലെ ഒരു പ്രധാന കഥാപാത്രമായി തീരുന്നു. അക്കാലത്ത്, കൂടാരം അടിക്കുന്ന പണി സ്ത്രീകളാണ് ചെയ്തിരുന്നത് എന്നതിനാൽ യായേലിന് കുറ്റിയടിക്കുന്നതും ടെൻട് കെട്ടുന്നതുമൊക്കെ പരിചിതമായ സംഗതിയായിരുന്നു. അതു സിസെരയുടെ ചെന്നിയിൽ കുറ്റി അടിച്ചു കയറ്റുന്നതിൽ സഹായകരമായി. അങ്ങനെ ബാരാക്ക് ഓടി യായേലിന്റെ കൂടാരത്തിലെത്തിയപ്പോൾ താൻ അന്വേഷിച്ച് ചെന്ന വ്യക്തി അവിടെ മരിച്ചു കിടക്കുന്നതും യായേൽ തന്നെ എതിരേൽക്കുവാൻ നിൽക്കുന്നതുമാണ് തനിക്കു കാണാൻ ഇടയായത്. അങ്ങനെ ദബോറയുടെ വാക്കുകൾ യാഥാർത്ഥ്യമായി തീർന്നു. മാനുഷികമായി പറഞ്ഞാൽ സിസെരയെ കൊന്നതിന്റെ ക്രെഡിറ്റ് പങ്കുവെക്കപ്പെടുകയാണുണ്ടായത്. ദെബോറയിലൂടെ യഹോവ സംസാരിച്ചു, ബാരാക്കിനു മുൻപായി യെഹോവാ പുറപ്പെട്ട് യുദ്ധത്തിൽ വിജയം നൽകി, അവസാനം യഹോവ സിസെരയെ യായേലിന്റെ കയ്യിൽ ഏൽപ്പിക്കുകയും യായേൽ സിസെരയെ വധിക്കയും ചെയ്തു. 4:23-ാം വാക്യം ശ്രദ്ധേയമാണ് : "ഇങ്ങനെ ദൈവം അന്നു കനാന്യ രാജാവായ യാബീനെ യിസ്രായേൽമക്കൾക്കു കീഴടക്കി." ദൈവമാണ് രക്ഷകൻ, താൻ തന്റെ ഹിതപ്രകാരം കാര്യങ്ങളെ ചെയ്തു, ജനത്തിന്റെ എന്തെങ്കിലും മെറിറ്റ് താൻ നോക്കിയില്ല, അതുകൊണ്ട് മഹത്വം ദൈവത്തിനു തന്നെയാണ്. ദൈവം അവരിലൂടെ പ്രവർത്തിച്ചു എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു പദവിയാണ്; എന്നാൽ അവർ പുകഴ്ച സമ്പാദിക്കുന്നില്ല, രക്ഷ ദൈവത്തിന്റെ പ്രവൃത്തിയാണ്, അതുകൊണ്ട് "അവന്നു എന്നന്നേക്കും മഹത്വം; ആമേൻ (ഗലത്യർ 1 : 5) എന്ന് ആത്മാർത്ഥമായും പറയാൻ കഴിയും.

ഗിദെയോൻ

ഗിദെയോൻ ഒരു നല്ല ആരംഭം കുറിക്കുന്നു, പക്ഷെ, അവനൊരു ഭീരുവാണ്. എങ്കിലും ദൈവം തന്നിലുടെ യിസ്രായേലിനെ രക്ഷിക്കുമെന്ന് താൻ വിശ്വസിച്ചു. അങ്ങനെ അവൻ 300 പേരോടും കൂടെ, മൺകലത്തിൽ തീപ്പന്തങ്ങളും കാഹളങ്ങളുമായി, മീദ്യാന്യരുടെ ഒരു വലിയ സൈന്യത്തിനു നേരെ ചെല്ലുന്നു. ദൈവം മീദിയാന്യരെ ഇവരുടെ കയ്യിൽ ഏൽപ്പിക്കുന്നു. അങ്ങനെ അവർ ആ വലിയ സൈന്യത്തെ പരാജയപ്പെടുത്തുന്നു. എന്നാൽ ഗിദെയോൻ ഒരു മുൻകോപിയായിരുന്നു; യുദ്ധത്തിൽ തന്നെ സഹായിക്കാത്തതിന്റെ പേരിൽ ഒരു കൂട്ടം ഇസ്രായേല്യരെ ഗിദയോൻ കൊലപ്പെടുത്തുന്നു. ആ കൂട്ടർ എന്നു പറയുന്നത് സുക്കോത്തിൽ താമസിച്ചിരുന്ന ദാൻ ഗോത്രക്കാരും, പെനുവേൽ നിവാസികളുമാണ്. 8:18-19 വാക്യങ്ങൾ ചില പുതിയ അറിവുകൾ നമുക്കു പകർന്നു നൽകുന്നു. മീദിയാന്യ രാജാക്കന്മാർ ഗിദയോന്റെ സ്വന്തം സഹോദരങ്ങളെ കൊന്നതിന്റെ പ്രതികാരമായിട്ടാണ് സേബഹിനെയും സൽമുന്നയേയും കൊന്നത്. യിസ്രായേലിനെ രക്ഷിക്കുക എന്നതിലുപരി തന്റെ വ്യക്തിപരമായ പ്രതികാരം നടത്തുന്നതിനും തന്റെ കുടുംബത്തിന്റെ മഹിമയും താൻ അതിലൂടെ ആഗ്രഹിച്ചു.

ഗിദയോൻ തങ്ങളുടെ രാജാവായി തീരണമെന്ന് ജനം ആവശ്യപ്പെട്ടെങ്കിലും യഹോവ നിങ്ങൾക്കു രാജാവായിരിക്കട്ടെ എന്നു പറഞ്ഞ് താൻ ആ ആവശ്യം നിരസിച്ചു. എന്നാൽ, താൻ മനസ്സിൽ അവരുടെ രാജാവായി, യിസ്രായേലിനെ മീദിയാന്യരിൽ നിന്നും രക്ഷിച്ചതിനുള്ള ഒരു സാമ്പത്തിക പ്രതിഫലം അവരിൽ നിന്നും ചോദിച്ചുവാങ്ങി. തനിക്കു കിട്ടിയ സ്വർണ്ണംകൊണ്ട് താനൊരു "എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിനു ഒരു കെണിയായി തീർന്നു" (8:27). ജനത്തിന്റെ മദ്ധ്യെ ദൈവസാന്നിദ്ധ്യമുള്ള ശീലോവിലെ സാക്ഷ്യകൂടാരത്തിൽ, മഹാപുരോഹിതൻ ധരിക്കുന്ന വസ്ത്രമാണ് എഫോദ്. അതിന്റെ മുൻഭാഗത്തായി ഉറീമും തുമ്മീമും അങ്ങനെ രണ്ടു രത്നക്കല്ലുകൾ പതിച്ചതും ദൈവത്തിൽ നിന്നും "yes" or "no" ഉത്തരം ലഭിക്കുവാൻ ഉപയോഗിക്കുന്ന ഒരു മുഖാന്തിരവും കൂടിയാണ്. (ഒരു പക്ഷെ രണ്ടു നാണയങ്ങൾ പോലെ, മുകളിലേക്ക് എറിഞ്ഞ് അതു താഴെ പതിക്കുമ്പോൾ രണ്ടു നാണയങ്ങളും ഒരേ വശം കാണിച്ചാൽ "yes" or "no" ഉത്തരം പ്രാപിക്കുവാൻ സാധിക്കുമെന്ന് ഞാൻ അതിനെക്കുറിച്ചു ചിന്തിക്കുന്നു) എഫോദ് ദൈവസാന്നിദ്ധ്യത്തെ വിളിച്ചറിയിക്കുന്നതും പ്രതികൂലസാഹചര്യങ്ങളിൽ ദൈവത്തിന്റെ ഹിതം ആരായുന്നതിനുമുള്ള മുഖാന്തിരമാണ്. അങ്ങനെ തന്റെ ഭവനം ആരാധനയ്ക്കുള്ള ഒരു വിപരീതസ്ഥലമാക്കി മാറ്റുന്നു. അതുവഴി ജനങ്ങളെ തന്റെ അടുക്കൽ വരുന്നതിനും മാർഗ്ഗനിർദ്ദേശം ആരായുന്നതിനും, അങ്ങനെ ദൈവത്തെ കണ്ടെത്താൻ കഴിയുന്ന ഒരു സ്ഥലമാക്കി അതിനെ ഉയർത്തുന്നതിനും ഇടയാക്കി. ദൈവത്തെ സേവിക്കുന്നതിനും മറ്റുള്ളവരെ സേവിക്കുന്നതിനും എതിരായി ദൈവത്തെ ഉപയോഗിച്ച് തന്റെ സ്ഥാനം സ്ഥിരപ്പെടുത്തുന്നതിനാണ് ഗിദയോൻ അതുവഴി തുനിഞ്ഞത്. ആയതിനാൽ ജനങ്ങൾ അവിടെ വന്ന് ദൈവത്തെ ആരാധിക്കുകയും അതുവഴി വിഗ്രഹാരാധന ചെയ്യുകയും ചെയ്തു. ഒരു ന്യായാധിപൻ ജനങ്ങളെ ദൈവത്തോടുള്ള അവിശ്വസ്തതയിൽ നിന്നു വിടുവിച്ച് സത്യാരധനയിലേക്കു നയിക്കേണ്ട വ്യക്തിയാണ്. എന്നാൽ ഗിദയോൻ ആളുകളെ സത്യദൈവത്തിൽ നിന്നു വ്യതിചലിപ്പിക്കുകയാണുണ്ടായത്.

ഗിദയോന്റെ നിഴലായി വന്ന യേശു എങ്ങനെ തന്റെ സ്ഥാനം ഉപയോഗിച്ചു എന്ന് നോക്കുക. താൻ യഥാർത്ഥ രാജാവായിരുന്നു എങ്കിലും ഒരു രാജാവിന്റേതായ എല്ലാ ശുശ്രൂഷകൾക്കും താൻ അർഹനായിരുന്നു; ഗിദയോൻ സാക്ഷ്യകൂടാരമായിരുന്നില്ല, എന്നാൽ യേശു സാക്ഷ്യകൂടാരമായിരുന്നു; ദൈവത്തിന്റെ ഭൂമിയിലെ സഹവാസമായിരുന്നു. എന്നാൽ ജാതികളുടെമേൽ അധികാരം നൽകാമെന്ന പിശാചിന്റെ പ്രലോഭനത്തെ എതിർത്തു നിന്നു; കാരണം താൻ ശുശ്രൂഷ സ്വീകരിക്കുവാനല്ല, ശുശ്രൂഷിക്കുവാനും മറ്റുള്ളവർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി നൽകുകയാണുണ്ടായത്. ഗിദയോനെപ്പോലെ ഏഫോദ് സ്വയമുണ്ടാക്കേണ്ട ആവശ്യം തനിക്കുണ്ടായിരുന്നില്ല, തന്റെ അടുക്കൽ ആളുകൾ ആരാധനയൊടെ സമീപിക്കേണ്ട ഏകവ്യക്തിയായിരുന്നു യേശുക്രിസ്തു.

അബിമെലേക്ക്

ഗിദയോന്റെ മരണത്തെ തുടർന്ന് ഇസ്രായേൽ ഈ വിഗ്രഹത്തെ ആരാധിക്കുകയും അങ്ങനെ യിസ്രായേലിന്റെ ധാർമ്മിക അധഃപ്പതനത്തിന്റെ സൈക്കിൾ ആരംഭിക്കുകയും ചെയ്യുന്നു. ഗിദയോനു ശേഷം തനിക്കു വെപ്പാട്ടിയിൽ ജനിച്ച അബിമെലെക്ക് സ്വയം ന്യായാധിപനായി തന്നെത്തന്നെ അവരോധിക്കുന്നു. താൻ അധികാരത്തിലേക്കുയർന്നത് ദൈവത്തോടുള്ള അനുസരണത്തിലല്ല, മറിച്ച്, ശേഖേം നിവാസികൾ ബാൽ ബെരീത്തിന്റെ ക്ഷേത്രത്തിൽ നിന്നും കൊടുത്ത 70 ഷെക്കൽ വെള്ളി ഉപയോഗിച്ച് "തുമ്പുകെട്ടവരും നിസ്സാരന്മാരുമായ" ആളുകളെ കൂലിക്കുവാങ്ങി തന്റെ അനുയായികളാക്കിക്കൊണ്ടാണ്. ബൈബിളിൽ വില്ലന്മാരായി പ്രവർത്തിക്കുന്ന ആളുകളുടെ തന്ത്രങ്ങളും രീതികളും അവലംഭിക്കുന്ന പല നേതാക്കളും സഭയിലുണ്ട് എന്നുള്ളത് വളരെ സങ്കടകരമായ സംഗതിയാണ്.

അബിമെലേക്ക് ആദ്യം ചെയ്ത കാര്യം തന്റെ അപ്പന്റെ 70 പുത്രന്മാരെ ഒരു കല്ലിന്മേൽ വെച്ചുകൊന്നു എന്നതാണ്. ഗിദയോൻ സഹ യിസ്രായേല്യരെ- സുക്കോത്ത് പെനിയേൽ നിവാസികളെ -കൊന്നെങ്കിൽ, അബിമെലേക്ക് സ്വന്തം അപ്പന്റെ മക്കളെ കൊന്നു. യിസ്രായേൽ ജനത്തെ തങ്ങളുടെ ശത്രുക്കളിൽ നിന്നു രക്ഷിക്കുവാനാണ് ദൈവം ന്യായാധിപന്മാരെ എഴുനേൽപ്പിച്ചത്; എന്നാൽ അവർ തങ്ങളുടെ ദൈവത്തെ അറിയാത്ത, സ്വന്തജനത്തെ കൊല്ലുന്ന നേതാക്കളായി മാറി എന്നത് എത്രയൊ ദുഃഖകരമായിരിക്കുന്നു.

തോല
പിന്നീടു യിസ്സാഖാർ ഗോത്രത്തിലെ തോല യിസ്രയേലിനെ രക്ഷിപ്പാൻ എഴുനേറ്റു; തോല എഴുനേറ്റത് യിസ്രായേലിനെ സ്വന്ത ജനത്തിൽ നിന്നു രക്ഷിക്കുന്നതിനായിരുന്നു. അവരുടെ ഹൃദയത്തിന്റെ സ്വന്ത അഭീഷ്ടങ്ങളിൽ നിന്നും, അനൈക്യതയിൽ നിന്നും പരസ്പരമുള്ള മത്സരത്തിൽ നിന്നും രക്ഷിക്കുന്നതിനായിരുന്നു. ഇന്നത്തെ സഭയുടെ മുഖ്യ ശത്രു സഭതന്നെയാണ്; സഭയിലെ ഭിന്നതയും അനൈക്യതയും മത്സരവുമാണ് ഈ ശത്രുക്കൾ. അതുകൊണ്ട് ഇന്നത്തെ സഭകൾക്ക് ആവശ്യം താഴ്മയുള്ള. ദൈവഭയമുള്ള, സുവിശേഷ ഐക്യത കാത്തുസൂക്ഷിക്കുന്ന നല്ല നേതൃത്വമാണ്. ഗിദയോനെപോലെയൊ അബിമെലേക്കിനൊ പോലെയൊ ഉള്ള നേതാക്കളെയല്ല, നീതിയും സമാധാനവും സ്നേഹവും പിന്തുടരുന്ന നേതാക്കളെയാണ്. തോല 23 വർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു.

യായിർ

അതിനുശേഷം ഗിലെയാദ്യനായ യായിർ 22 സംവത്സരം യിസ്രായേലിനു ന്യായപാലനം ചെയ്തു. യായിർ മരിച്ചശേഷം യിസ്രായേൽ ബാൽ വിഗ്രഹങ്ങളെയും അസ്തരോത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മൊവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും സേവിച്ച്, യഹോവയ്ക്ക് അനിഷ്ടമായതു പ്രവർത്തിച്ചു.

"ബാലും അസ്തരോത്തും" കനാന്യദേവന്മാരായിരുന്നു. യിസ്രായേൽ ജനം തങ്ങളുടെയിടയിൽനിന്നും നീക്കിക്കളയാതിരുന്ന ഈ കനാന്യദേവാന്മാരെ ആരാധിക്കുകയായിരുന്നു. അരാം യിസ്രായേലിനു വടക്കു-പടിഞ്ഞാറെ അതിർത്തി പങ്കിട്ടിരുന്ന ദേശത്തിന്റെ ദേവനായിരുന്നു എങ്കിൽ "സീദോൻ" യിസ്രായേലിനു വടക്കുള്ള ദേശമായിരുന്നു. അമ്മൊന്യരും മൊവാബ്യരും യിസ്രായേലിനു കിഴക്കുള്ള ദേവന്മാരും ഫിലിസ്ത്യർ തെക്കുള്ള ദേശത്തിന്റെ ദേവനുമായിരുന്നു. യിസ്രായേൽ അന്യദേവന്മാരെ എപ്പോഴൊക്കെ ആരാധിച്ചുവൊ അപ്പോഴൊക്കെ ആ രാജ്യക്കാർ യിസ്രായേലിനെ അടിച്ചമർത്തി. ഒത്നിയേൽ അരാമിനെ പരാജയപ്പെടുത്തി അവരുടെ അടിച്ചമർത്തലിൽ നിന്നും യിസ്രായേലിനെ വിടുവിച്ചു. എഹൂദ് അമ്മൊന്ന്യ-മൊവാബ്യ ദേശക്കാരിൽ നിന്നും യിസ്രായേലിനെ രക്ഷിച്ചു. ശങ്കർ ഫിലിസ്ത്യരുടെ കയ്യിൽ നിന്നും ദെബോറ കനാന്യരിൽ നിന്നും യിസ്രായേലിനെ രക്ഷിച്ചു. വിഗ്രഹാരാധന എന്നു പറയുന്നത് യഹോവയെക്കാൾ അധികം മറ്റെന്തിനെയെങ്കിലും ആഗ്രഹിക്കുന്നതാണ്. അതു പണമാകാം, ബിസിനസ് ആകാം, ജോലിയാകാം, പ്രൊഫെഷൻ ആകാം, കരിയർ ആകാം, പ്രശസ്തിയാകാം. കലയാകാം, സൗന്ദര്യമാകാം. നാം ഇവയിൽ ആകൃഷ്ടരായി തീർന്നാൽ അവയാൽ നാം ഭരിക്കപ്പെടും; അവക്കു നാം അടിമകളായി തീരും. അബിമെലേക് വിഗ്രഹാരാധന ചെയ്തിരുന്ന സ്വന്തജനത്തെ അടിച്ചമർത്തി. തോലയും യായിറും യിസ്രായേലിനെ തങ്ങളുടെ ജനത്തിന്റെതന്നെ അടിച്ചമർത്തലിൽ നിന്നും ജനത്തെ രക്ഷിച്ചു.
*****

© 2020 by P M Mathew, Cochin

bottom of page